ലോകവ്യാപകമായി കുടുംബങ്ങൾ വളർത്തൽ—സ്നേഹത്തോടും ശിക്ഷണത്തോടും മാതൃകയോടും ആത്മീയ മൂല്യങ്ങളോടും കൂടെ മാതാപിതാക്കളായി വർത്തിച്ചുകൊണ്ടുതന്നെ
അനേകം രാജ്യങ്ങളിൽ നിന്നുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ശൈശവം മുതൽ കൗമാരപ്രായം വരെ വിജയപ്രദമായി വളർത്തിക്കൊണ്ടുവന്നതിനെപ്പററി റിപ്പോർട്ടുകൾ അയച്ചിരിക്കുന്നു. അവരെല്ലാം യഹോവയുടെ സാക്ഷികളാണ്, അതുകൊണ്ട് അവരുടെ റിപ്പോർട്ടുകൾ മുകളിലെ തലക്കെട്ടിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നാലു മണ്ഡലങ്ങളിൽ ശ്രദ്ധകൊടുക്കുന്നതിന് ഊന്നൽ നൽകുന്നു. ഇവിടെ ഹാജരാക്കിയിരിക്കുന്ന ഉദ്ധരണികൾ അവർ പിൻപററിയ കുടുംബപരിശീലനത്തിലെ ഏതാനും ചില വ്യത്യസ്ത വശങ്ങളെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു.
ഹവായിയിൽ നിന്ന്
“ബൈബിൾ പറയുന്നതുപോലെ സ്നേഹമാണ് ‘ഏററവും വലിയ’ ഗുണം. സ്നേഹം അതിന്റെ സകല അമൂല്യ വശങ്ങളിലും ഭവനത്തിലും കുടുംബത്തിലും പ്രസരിക്കണം. ഞാനും കാരളും ഈ ദിവ്യഗുണം ഞങ്ങളുടെ വിവാഹത്തിൽ പങ്കുവച്ചിരിക്കുന്നു. ഞങ്ങൾ യോജിപ്പിലാണ്. ഞങ്ങൾ ഒന്നിച്ചായിരിക്കാൻ ആഗ്രഹിക്കുന്നു. വിജയപ്രദമായ കുട്ടികളെ വളർത്തലിന്റെ മുഖ്യ താക്കോൽ സന്തുഷ്ടരായ വിവാഹദമ്പതികളാണെന്ന എന്റെ ബോധ്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാവുകയില്ല.
“ഞങ്ങളുടെ ആദ്യശിശു ജനിച്ചതിനുശേഷമുള്ള ദിവസങ്ങളിലും ആഴ്ചകളിലും എന്റെ മനസ്സിൽ നിറഞ്ഞ ശക്തമായ അനുഭൂതികൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒരു പുതിയ ജീവിയുടെ ആരംഭത്തേപ്പററി അതിശയിച്ചിരുന്നു. റേച്ചൽകുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കവെ കാരൾ വളരെ സന്തുഷ്ടയും സംതൃപ്തയുമായി കാണപ്പെട്ടതു ഞാൻ ഓർമ്മിക്കുന്നു. അവളെക്കുറിച്ച് ഞാൻ സന്തുഷ്ടനായിരുന്നു, എന്നാൽ എനിക്കൊരല്പം നീരസവും തോന്നി, ഒരല്പം അസൂയ. കാരൾ റേച്ചലുമായി സ്നേഹബന്ധത്തിലാവുകയായിരുന്നു, എന്നാൽ ഞാനോ? ഞാൻ ഞങ്ങളുടെ കുടുംബകേന്ദ്രത്തിനുപുറത്തു തള്ളപ്പെട്ടതുപോലെ—വളരെ മയത്തിൽ, എന്നുവരികിലും തള്ളപ്പെട്ടുവെന്ന്—എനിക്കു തോന്നി. യഹോവയുടെ സഹായത്താൽ എനിക്ക് എന്റെ വികാരങ്ങളും ചിന്തകളും കാരളിനെ ധരിപ്പിക്കാൻ കഴിഞ്ഞു, അവൾ എന്നോടു വളരെ സഹതാപവും പിന്തുണയും പ്രകടിപ്പിക്കുകയും ചെയ്തു.
“അതിനുശേഷം കുഞ്ഞിനോടു ബന്ധപ്പെട്ട അനിഷ്ടകരമായ ചില ജോലികളുൾപ്പെടെ സകല ഗൃഹജോലികളിലും സഹായിച്ചുകൊണ്ടു ഞങ്ങളുടെ നവജാതശിശുവുമായി കൂടുതൽ അടുക്കാൻ എനിക്കു കഴിഞ്ഞു—ചുരുക്കിപ്പറഞ്ഞാൽ, കുഞ്ഞിന്റെ മലംപുരണ്ട ഉടുതുണി കഴുകുന്നത് ഒരപൂർവ്വ അനുഭവമാണ്! റേച്ചലിനുശേഷം ഞങ്ങൾക്കു അഞ്ചു കുട്ടികൾകൂടി ഉണ്ടായി. ഇപ്പോൾ എട്ടു വയസ്സുള്ള റിബേക്കയാണ് ഏററവും ഒടുവിലത്തേത്. ഞങ്ങളുടെ കുട്ടികളിൽ ഓരോരുത്തരുമായി ഞങ്ങൾ വ്യക്തിപരമായ ബൈബിളദ്ധ്യയനം നടത്തിയിരിക്കുന്നു.
“ആദ്യഘട്ടത്തിലെ ശിശുവളർത്തലിനെക്കുറിച്ച് ഒരു കാര്യം കൂടി. ഞാനും കാരളും ഞങ്ങളുടെ കുട്ടികളുമായി അവർ ജനിച്ചപ്പോൾ മുതൽ തന്നെ സംസാരിക്കുന്നതിൽ ആസ്വാദനം കണ്ടെത്തി. സകലവിധ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു. ചിലപ്പോൾ ഞങ്ങൾ യഹോവയെക്കുറിച്ചും അവന്റെ മനോഹരവും അത്ഭുതകരവുമായ പ്രവൃത്തികളെക്കുറിച്ചും സംസാരിച്ചു. ചിലപ്പോൾ ഞങ്ങൾ നിസ്സാരമായ, കളിമട്ടിലുള്ള, വിചിത്രമായ, കാര്യങ്ങൾ സംസാരിച്ചു. തീർച്ചയായും, ഞങ്ങൾ അവരെ എന്തെങ്കിലും പഠിപ്പിക്കാൻ ശ്രമിക്കയായിരുന്നു, എന്നാൽ അതിലുപരി ഞങ്ങൾ ഒന്നിച്ചുള്ള സുഖകരമായ, വിശ്രമദായകവും നിഷ്കളങ്കവുമായ ഒരവസരം ആസ്വദിക്കുകയായിരുന്നു. മാതാപിതാക്കളും കുട്ടികളുമായുള്ള സ്നേഹബന്ധത്തിന് ഇത്തരം സംഭാഷണങ്ങൾ വളരെയധികം സംഭാവന ചെയ്തിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നിട്ടുള്ള നല്ല ആശയവിനിമയത്തിന് അവ സഹായിച്ചുവെന്നതിനു സംശയമില്ല.
“ഞങ്ങളെത്തന്നെ ലഭ്യമാക്കുന്നതിന്റെ, ആത്മീയ കാര്യങ്ങളുടെ, വർദ്ധിച്ച മൂല്യം യഹോവ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. എനിക്കും കാരളിനും ധാരാളം ഭൗതിക വസ്തുക്കൾ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല, എന്നാൽ ഞങ്ങൾ വാസ്തവത്തിൽ ഒരിക്കലും അവ തേടുകയോ അവയുടെ കുറവു അനുഭവിക്കുകയോ ചെയ്തിട്ടില്ല. സമ്പത്തിനുവേണ്ടി പണിയെടുത്തുകൊണ്ടു ഞങ്ങൾ ഞങ്ങളുടെ സമയം ചെലവഴിച്ചിരുന്നെങ്കിൽ യഹോവക്കും ഞങ്ങളുടെ കുടുംബത്തിനുംവേണ്ടി നീക്കിവെക്കാൻ ആവശ്യത്തിനു സമയം ഞങ്ങൾക്കുണ്ടാകുമായിരുന്നില്ല. ഞങ്ങൾ ശരിയായ തെരഞ്ഞെടുപ്പ് നടത്തി.” (ഇനി കാരളിന്റെ അഭിപ്രായങ്ങൾ.)
“അമ്മമാരോടുള്ള കുഞ്ഞുങ്ങളുടെ സ്നേഹബന്ധത്തിനു അവരെ മുലയൂട്ടുന്നതു വലിയ അളവിൽ സഹായിക്കുമെന്നു ഞാൻ വിചാരിക്കുന്നു. ഓമനിച്ചും ചുമന്നും കുഞ്ഞുങ്ങളുമായി വളരെ സമയം ചെലവഴിക്കുന്നതിനാൽ നിങ്ങൾക്ക് അവരോടു അടുക്കാതിരിക്കാൻ കഴിയില്ല. തന്റെ കുഞ്ഞിന്റെ സമീപത്തു നിന്ന് ഒരമ്മക്കു രണ്ടു മുതൽ നാലു വരെ മണിക്കൂറിൽ കൂടുതൽ സമയം മാറിനിൽക്കാൻ ഒരിക്കലും സാദ്ധ്യമല്ല. കൂട്ടിരുപ്പുകാരോടൊപ്പം ഞങ്ങളുടെ കുഞ്ഞുങ്ങളെ വിട്ടേച്ചു പോകാതിരിക്കുന്നതിൽ എഡും ഞാനും എല്ലായ്പോഴും വളരെ നിഷ്ഠയുള്ളവർ ആയിരുന്നു. ഞാൻ എല്ലായ്പോഴും എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ കഴിയുന്നതിനും അവർ വളരുന്നതു കാണുന്നതിനും ആഗ്രഹിച്ചു. അതുകൊണ്ട്, അവർ ചെറുതായിരുന്നപ്പോൾ വീടിനു വെളിയിലുള്ള ഒരു ലൗകിക ജോലി ഞാൻ സ്വീകരിച്ചില്ല. അവർ ഞങ്ങൾക്ക് എത്ര പ്രധാനപ്പെട്ടവരാണെന്നു മനസ്സിലാക്കാൻ ഇത് അവരെ സഹായിച്ചുവെന്നു ഞാൻ കരുതുന്നു. കുട്ടികളോട് അടുക്കാനുള്ള പ്രധാന മാർഗ്ഗം അവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. മറെറാന്നും നിങ്ങൾ ശാരീരികമായി കുടുംബത്തിലുണ്ടായിരിക്കുന്നതിനു പകരമാവില്ല. യാതൊരു ഭൗതികവസ്തുവും നിങ്ങൾക്കു പകരമാവില്ല.
“കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കുന്നതിനോടു പൊരുത്തപ്പെടേണ്ടിയിരുന്നതുകൊണ്ടു മാത്രമാണ് അവരുടെ കൗമാരപ്രായത്തിലെ വർഷങ്ങൾ ബുദ്ധിമുട്ടുള്ളതായിരുന്നത്. മുമ്പത്തേതുപോലെ അവർക്ക് എന്നെ ആവശ്യമില്ലായിരുന്നുവെന്നും അവർ സ്വതന്ത്രരാവുകയായിരുന്നെന്നും മനസ്സിലാക്കിയപ്പോൾ അതെനിക്ക് സഹിക്കുക വളരെ ദുഷ്കരമായിരുന്നു. അതു ഭീതിദമായ ഒരു സമയമാണ്, കൂടാതെ നിങ്ങൾ ചെയ്തിട്ടുള്ള പഠിപ്പിക്കൽ, ശിക്ഷിക്കൽ, കരുപ്പിടിപ്പിക്കൽ എന്നിവയെ അതു പരിശോധിക്കുകയും ചെയ്യുന്നു. അവർ കൗമാരപ്രായത്തിലായിരിക്കുമ്പോൾ തുടങ്ങുന്നതിനു വളരെ വൈകിപ്പോയിരിക്കും. ധാർമ്മികത, മനുഷ്യവർഗ്ഗത്തോടും പ്രത്യേകിച്ച് യഹോവയോടും ഉള്ള സ്നേഹം എന്നിവ പഠിപ്പിക്കുന്നതിനു വളരെ വൈകിപ്പോയിരിക്കും. ഇക്കാര്യങ്ങൾ ജനനം മുതലേ മനസ്സിൽ പതിപ്പിക്കേണ്ടതാണ്.
“ആ നിർണ്ണായക കൗമാരപ്രായത്തിനു മുമ്പു നിങ്ങളുടെ ജോലി ചെയ്തുതീർക്കുന്നതിനു നിങ്ങൾക്കു 12 വർഷങ്ങളുണ്ട്. ബൈബിൾതത്വങ്ങൾ ബാധകമാക്കാൻ നിങ്ങൾ കഠിന ശ്രമം ചെയ്തിട്ടുണ്ടെങ്കിൽ അവർ യഹോവയെ ഹൃദയപൂർവ്വം സേവിക്കാൻ തീരുമാനിക്കുമ്പോൾ അതു സന്തോഷവും സമാധാനവും കൊയ്യാനുള്ള സമയമാണ്.”—എഡ്വേർഡും കാരൾ ഓവെൻസും.
സിമ്പാബ്വേയിൽ നിന്ന്
“മക്കൾ ‘യഹോവ നൽകുന്ന അവകാശമാണ്.’ സങ്കീർത്തനം 127:3-ൽ ബൈബിൾ അങ്ങനെ പറയുന്നു. ഇതു മനസ്സിൽ പിടിച്ചത് ഈ അവകാശത്തിനുവേണ്ടി കരുതുന്നതിനു മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്കു കഴിയാവുന്നതെല്ലാം ചെയ്യാൻ ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ കുടുംബത്തിലെ പ്രധാന ശ്രമങ്ങളിൽ ഒന്നു കാര്യങ്ങൾ ഒന്നിച്ചു ചെയ്യുക—ഒന്നിച്ചു പ്രാർത്ഥിക്കുക, ഒന്നിച്ചു ബൈബിൾ പഠിക്കുക, ഒന്നിച്ചാരാധിക്കുക, ഒന്നിച്ചു വേല ചെയ്യുക, ഒന്നിച്ചു സുഹൃത്തുക്കളെ സന്ദർശിക്കുക, ഒന്നിച്ചു കളിക്കുക—എന്നതായിരുന്നു.
“ചിലപ്പോഴൊക്കെ ശിക്ഷണം ആവശ്യമായിരുന്നു. ഒരിക്കൽ, കൗമാരപ്രായത്തിന്റെ തുടക്കത്തിലായിരുന്നപ്പോൾ, ഞങ്ങളുടെ മകൻ വീട്ടിൽ വരാൻ വൈകി. ഞങ്ങൾ ആശങ്കാകുലരായി. അവൻ സൂത്രത്തിൽ ഒഴിഞ്ഞുമാറുകയായിരുന്നു. എന്തോ കുഴപ്പമുണ്ടെന്നു ഞങ്ങൾക്കു തോന്നി, എങ്കിലും കാര്യം പിറേറന്നു രാവിലെ വരെ മാററിവെക്കാൻ ഞങ്ങൾ തീരുമാനിച്ചു. അർദ്ധരാത്രിയോടടുത്ത് ഞങ്ങളുടെ കിടപ്പുമുറിയുടെ വാതിലിൽ ഒരു മുട്ടു കേട്ടു. അതു ഞങ്ങളുടെ മകനായിരുന്നു, നിറകണ്ണുകളോടെ.
“‘അച്ഛാ, അമ്മേ, കഴിഞ്ഞ നാലു മണിക്കൂറായി എനിക്കു ഉറങ്ങാൻ കഴിഞ്ഞിട്ടില്ല, എല്ലാം നിങ്ങൾ ചീത്ത സഹവാസത്തെക്കുറിച്ചു ബൈബിളിൽ നിന്ന് എന്നെ ഉപദേശിച്ചപ്പോൾ ഞാൻ ശ്രദ്ധിക്കാഞ്ഞതിനാലായിരുന്നു. ഇന്നു സ്കൂൾ കഴിഞ്ഞു ചില കുട്ടികൾ തങ്ങളോടൊപ്പം നീന്താൻ പോകാൻ എന്നെ പ്രേരിപ്പിച്ചു, ഒരുത്തൻ എന്നെ വെള്ളത്തിനടിയിലേക്കു വലിച്ചു. മറെറാരു കുട്ടി എന്നെ സഹായിച്ചില്ലായിരുന്നെങ്കിൽ ഞാൻ മുങ്ങിമരിച്ചേനെ. അവർ എന്നെ കളിയാക്കുകയും ഭീരു എന്നു വിളിക്കുകയും ചെയ്തു. ഞാൻ നേരെ വീട്ടിലേക്കു വന്നു, എന്നാൽ എനിക്കു കുററബോധം തോന്നിയതു കൊണ്ടു ഞാൻ വീടിനു വെളിയിൽ തങ്ങി. ബൈബിളിൽ കാണിച്ചുതന്നിട്ടുള്ളതുപോലെ ചീത്ത സഹവാസത്തെക്കുറിച്ചു നിങ്ങൾ എനിക്കു മുന്നറിയിപ്പു നൽകിയപ്പോൾ ഞാൻ അനുസരിക്കാഞ്ഞതിൽ എന്നോടു ക്ഷമിക്കണം.—1 കൊരിന്ത്യർ 15:33.
“അവൻ കരഞ്ഞു, ഞങ്ങളും. അവൻ ഒരു പാഠം പഠിച്ചുവെന്നതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു, എന്നാൽ കുറേക്കൂടെ ആഴമായ ഒരു ധാരണ ഉണ്ടാകാൻ ഞങ്ങൾ അവനെ ശാസിച്ചു. യഹോവ കരുണയുള്ളവനാണെന്നും തെററു ക്ഷമിക്കുന്നുവെന്നും പുറപ്പാടു 34:6, 7 കാണിക്കുന്നു, എങ്കിലും ‘യാതൊരു പ്രകാരത്തിലും അവൻ ശിക്ഷയിൽ നിന്ന് ഒഴിവു നൽകുകയില്ല.’”—ഡേവിഡും ബെററി മപ്പ്ഫറീർവായും.
ബ്രസീലിൽ നിന്ന്
“എന്റെ മകനെ ഒററക്കു വളർത്തേണ്ട ഒരു വിധവയാണ് ഞാൻ. അതേസമയം, ഞാൻ ഒരദ്ധ്യാപികയായി ജോലി നോക്കുകയും ചെയ്യുന്നു. കുട്ടികളെ പ്രബോധിപ്പിക്കുന്നതും അവർക്കു ശിക്ഷണം കൊടുക്കുന്നതും എളുപ്പമല്ല. യുക്തിയുക്തമായ പ്രബോധനവും സമതുലിതമായ ശിക്ഷണവും മാതാപിതാക്കളുടെ ഭാഗത്തെ നല്ല മാതൃകയുമാണ് വേണ്ടത്. ദൃഢതയും അതേസമയം സഹതാപവുമുള്ളവളായിരിക്കുന്നതും എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ശ്രദ്ധിക്കൽ കല ഞാൻ വികസിപ്പിക്കേണ്ടിയിരുന്നു, പ്രത്യേകിച്ചും എന്റെ ഹൃദയം കൊണ്ടു ശ്രദ്ധിക്കുന്നത്. ആശയവിനിയമം ചെയ്യുന്നതു പ്രധാനമാണ്, വെറുതെ സംസാരിക്കുന്നതല്ല, കുട്ടിയെ ഉൾപ്പെടുത്തുന്നതും വൈകാരികമായി അവനെക്കൊണ്ടു പ്രതികരിപ്പിക്കുന്നതും. കുടുംബബജററിൽ ഉൾപ്പെടുത്തുക വഴി കുടുംബത്തിലെ ഒരു ഭാഗമാണ് താൻ എന്ന ധാരണ അവനിൽ ഉളവാക്കാൻ ഞാൻ ശ്രമിച്ചു. ലൈററിന്റെ ബില്ലോ വെള്ളത്തിന്റെ ബില്ലോ വന്നപ്പോൾ അല്ലെങ്കിൽ വസ്ത്രങ്ങളുടെയോ ഷൂസിന്റെയോ വില വർദ്ധിച്ചപ്പോൾ ഇക്കാര്യങ്ങൾ ഞങ്ങൾ ഒന്നിച്ചു ചർച്ച ചെയ്തു.
“നന്നായി ചെയ്ത കാര്യങ്ങൾക്ക് ആത്മാർത്ഥമായി അഭിനന്ദനം നൽകുന്നതു പ്രധാനമാണ്. അവസരങ്ങളുണ്ടാകുമ്പോൾ ദൈവത്തിന്റെ നിയമങ്ങളും തത്വങ്ങളും അനുസരിക്കുന്നതിന്റെ മൂല്യം ഞാൻ അവനു കാട്ടിക്കൊടുക്കുമായിരുന്നു. ഒരിക്കൽ, പലപ്രാവശ്യം അവനെ ബുദ്ധിയുപദേശിച്ചശേഷം, എനിക്കു അക്ഷരീയ വടിതന്നെ ഉപയോഗിക്കേണ്ടി വന്നു. എനിക്കതെന്തു ബുദ്ധിമുട്ടായിരുന്നു, എങ്കിലും ഹാ, എന്തനുഗൃഹീത ഫലങ്ങൾ! കൗമാരകാലഘട്ടത്തിൽ ഞങ്ങൾക്ക് അനുകൂലവും പ്രതികൂലവുമായ സമയങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രബോധനത്തിന്റെയും ശിക്ഷണത്തിന്റെയും മൂല്യം ഞങ്ങൾക്കു കാണാൻ കഴിയുന്നു. അവൻ തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ എന്നോടു പറയുകയും വികാരങ്ങൾ പ്രകടമാക്കുകയും ചെയ്യാറുണ്ട്.
“നല്ല ആശയവിനിയമം നിലനിർത്താൻ ഞാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് എന്റെ മകനോടൊത്തു സമയം ചെലവഴിക്കേണ്ടതിനു ഞാൻ എന്റെ ലൗകിക ജോലിയിൽ അധികം ഉൾപ്പെട്ടുപോകാതിരിക്കാൻ ശ്രമിക്കുന്നു. ഞങ്ങൾക്കു പ്രശ്നങ്ങളുണ്ടാകുമ്പോൾ ഞാൻ വളരെ ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കുകയും യഹോവയുടെ സഹായത്താൽ ഞങ്ങൾ അവയെ തരണം ചെയ്യുകയും ചെയ്യുന്നു. ഞാനും തെററുകൾ ചെയ്യുന്നു എന്നു ഞാൻ അവനെ അറിയിക്കുന്നു. ഒരിക്കൽ ഞാൻ വളരെ കുപിതയായിരുന്നപ്പോൾ അവനോടു ‘മിണ്ടാതിരിക്കാൻ’ പറഞ്ഞു. ഒരുവനോടു മിണ്ടാതിരിക്കാൻ പറയുന്നതു സ്നേഹത്തിന്റെ അഭാവമാണു പ്രകടമാക്കുന്നത് എന്ന് അവൻ എന്നോടു പറഞ്ഞു. അവൻ പറഞ്ഞതു ശരിയായിരുന്നു. ആ വൈകുന്നേരം ഞങ്ങൾ യഥാർത്ഥത്തിൽ ഒരു നീണ്ട സംഭാഷണത്തിൽ ഏർപ്പെട്ടു.”—യോലാണ്ടാ മൊറേസ്.
കൊറിയൻ റിപ്പബ്ലിക്കിൽ നിന്ന്
“ഞാൻ ഉത്സാഹപൂർവ്വം ഞങ്ങളുടെ കുടുംബജീവിതത്തിൽ ബൈബിൾതത്വങ്ങൾ ബാധകമാക്കി. പ്രത്യേകിച്ചും ആവർത്തനം 6:6-9 എന്റെ ഹൃദയത്തിൽ തറച്ചിരുന്നു. അതുകൊണ്ട് എന്റെ കുട്ടികളോടടുക്കുന്നതിനും ദൈവവചനത്തിലെ തത്വങ്ങൾ അവരുടെ മനസ്സിലും ഹൃദയത്തിലും നിവേശിപ്പിക്കുന്നതിനും അവരോടൊപ്പമുണ്ടായിരിക്കാൻ ഞാൻ കഴിയുന്നടത്തോളം ശ്രമിച്ചു. എന്റെ കുട്ടികൾക്കു മുഴുസമയസേവനത്തേക്കുറിച്ച് ഒരു ധാരണ ഉളവാക്കുന്നതിനു ഞാൻ മുഴുസമയ മിഷ്യനറിമാരെയും ബെഥേൽ കുടുംബത്തിലെ അംഗങ്ങളേയും എന്റെ കുടുംബത്തിലേക്കു ക്ഷണിക്കുകയും ചെയ്തു.
“കുട്ടികൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ മാതാപിതാക്കൾ ചെയ്യേണ്ട ആദ്യ സംഗതി ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുക എന്നതാണ്. കുട്ടികളോടു കയർക്കുന്നതും കുപിതരാകുന്നതും എളുപ്പമാണ്. എന്നാൽ മാതാപിതാക്കളായ നാം സഹിഷ്ണുത കാട്ടുകയും മാതൃകായോഗ്യമായ നടത്ത പ്രകടമാക്കുകയും വേണം. കുട്ടികളെ ആദരിക്കുന്നതും സാഹചര്യം വിശദീകരിക്കുന്നതിനുള്ള അവസരം അവർക്കു നൽകുന്നതും പ്രധാനമാണ്. തെററായ പ്രവൃത്തിയുടെ വ്യക്തമായ തെളിവില്ലെങ്കിൽ അവരിൽ വിശ്വസിക്കുകയും എല്ലായ്പോഴും അവരെ കെട്ടുപണി ചെയ്യുകയും ചെയ്യുക. ഒരു കുട്ടിക്കു ശിക്ഷണം കൊടുക്കേണ്ടിവരുമ്പോൾ ആദ്യം അവനുമായി ന്യായവാദം ചെയ്യുക, അവൻ എന്തു തെററു ചെയ്തെന്നു കാണിച്ചുകൊടുക്കുക, കൂടാതെ അവന്റെ പ്രവൃത്തി യഹോവക്കും അവന്റെ മാതാപിതാക്കൾക്കും എത്ര അപ്രീതികരമായിരുന്നെന്നു ചൂണ്ടിക്കാട്ടുകയും ചെയ്യുക. അതിനുശേഷം മാത്രം ശിക്ഷണം കൊടുക്കുക. ശിക്ഷണത്തിനുശേഷം മിക്കപ്പോഴും എന്റെ പുത്രൻമാർ ഇങ്ങനെ പറയുമായിരുന്നു: ‘ഡാഡീ, ഞാൻ മത്സരിയായിരുന്നതെന്തുകൊണ്ടെന്നു എനിക്കുതന്നെ മനസ്സിലാകുന്നില്ല. ഞാൻ എന്തു വിഡ്ഢിയായിരുന്നു.’ തങ്ങൾക്കു ശിക്ഷണം നൽകാൻതക്ക കരുതലുള്ള മാതാപിതാക്കളെ അവർ വിലമതിക്കുന്നു.
“മോശമായ നടത്തയുടെ ആരംഭം തിരിച്ചറിയാൻ തക്കവണ്ണം മാതാപിതാക്കൾ ജാഗ്രതയുള്ളവരായിരിക്കണം. എന്റെ മൂത്ത മകൻ 9-ാം ക്ലാസ്സിലായിരുന്നപ്പോൾ അവന്റെ മുറിയിൽ നിന്ന് ഉച്ചത്തിലുള്ള ‘റോക്ക്’ സംഗീതം കേട്ടു. അവൻ ഉപദേശക ടീമിൽ (മററു വിദ്യാർത്ഥികളെ ബുദ്ധിയുപദേശിക്കുന്ന മാതൃകായോഗ്യരായ മുതിർന്ന വിദ്യാർത്ഥികളുടെ കൂട്ടം) ചേർന്നുവെന്നു ഞാൻ മനസ്സിലാക്കി. അവൻ ലോകത്തിന്റെ സ്വാധീനത്തിനു വിധേയനായിത്തീർന്നിരുന്നു. ടീമംഗങ്ങളുടെ തുടർച്ചയായ സമ്മർദ്ദവും അവന്റെ ജിജ്ഞാസയും മൂലം അവൻ പുകവലിച്ചുവെന്നു ഞാൻ മനസ്സിലാക്കി. പുകവലിയുടെ അപകടങ്ങളെപ്പററി ഞങ്ങൾ ഒന്നിച്ചിരുന്നു ന്യായവാദം ചെയ്യുകയും ടീമിൽ നിന്നു വിരമിക്കണമെന്നു അവൻ സ്വയം തീരുമാനിക്കുകയും ചെയ്തു. അവൻ അതു ചെയ്തു. ആക്ഷേപാർഹമായ സ്കൂൾ പ്രവർത്തനങ്ങൾ വിട്ടതിനാൽ ഉണ്ടായ ആ ശൂന്യത അകററാൻ സഭാംഗങ്ങളോടും കുടുംബത്തോടുമൊപ്പം ആരോഗ്യാവഹമായ വിനോദങ്ങൾക്കായി ഞങ്ങൾ ക്രമീകരണം ചെയ്തു.
“അന്തിമമായി, മാതാപിതാക്കൾ നല്ല മാതൃക വെക്കുന്നതാണ് ഏററവും പ്രധാനമായ സംഗതി എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സുവാർത്ത പ്രസംഗിച്ചുകൊണ്ടു ഞാൻ ഒരു മുഴുസമയ ശുശ്രൂഷകനായിരിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് എല്ലായ്പോഴും ഞാൻ എന്റെ രണ്ടാൺകുട്ടികളോടും പറഞ്ഞിരുന്നു. എന്റെ രണ്ടാമത്തെ കുട്ടി സ്കൂൾ പൂർത്തീകരിച്ചപ്പോൾ ഒരു സിൽക്കു ഫാക്റററിയിലായിരുന്ന എന്റെ ജോലിയിൽ നിന്നു വിരമിക്കുന്നതിനും ഒരു മുഴുസമയ ശുശ്രൂഷകനാകുന്നതിനും എനിക്കു സാധിച്ചു. രണ്ടു കുട്ടികളും എന്റെ ദൃഢതീരുമാനം കാണുകയും എന്റെ മാതൃക അനുകരിക്കുകയും ചെയ്തു. നിഷ്പക്ഷതാ പ്രശ്നം കാരണം ജയിലിൽ കഴിഞ്ഞതിനു ശേഷം രണ്ടുപേരും മുഴുസമയസേവനത്തിൽ പ്രവേശിച്ചു, അതിൽ ഇന്നേവരെ തുടരുകയും ചെയ്യുന്നു.”—ഷിം യൂ കീ.
സ്വീഡനിൽ നിന്ന്
“അഞ്ചാണും രണ്ടു പെണ്ണുമായി ഏഴു കുട്ടികളെ ഞങ്ങൾ വളർത്തി. ഇപ്പോൾ, വളർന്നുകഴിഞ്ഞ അവർ ദൈവരാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ വളരെ ഉത്സാഹമുള്ളവരാണ്. ചെറുപ്രായം മുതൽ കുട്ടികൾ സഭായോഗങ്ങളിൽ പങ്കെടുക്കുകയും ഞങ്ങളോടൊപ്പം വയൽസേവനത്തിനു വരികയും ചെയ്തിരുന്നു. പടിപടിയായി അവർ പ്രസംഗവേല നടത്താൻ പഠിച്ചു—ഡോർബെൽ അടിക്കുക, ഹലോ എന്നു പറയുക, തങ്ങളുടെ പേർ പറയുക, ഒരു നോട്ടീസോ ലഘുലേഖയോ മാസികയോ സമർപ്പിക്കുക. ചെറുപ്പത്തിൽതന്നെ അവർ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ പ്രസംഗങ്ങൾ നടത്തി.
“ചിലപ്പോഴൊക്കെ ഗുരുതരമായ പ്രശ്നങ്ങൾക്കു പ്രത്യേക ശ്രദ്ധ ആവശ്യമായി വന്നു. അപ്പോൾ സ്നേഹവും സഹിഷ്ണുതയും പ്രകടമാക്കുന്നതു പ്രധാനമാണ്—ഒച്ചവെക്കലോ, വഴക്കുപിടിത്തമോ പാടില്ല. കാര്യങ്ങൾ ന്യായവാദം ചെയ്തും യഹോവയുടെ വീക്ഷണങ്ങൾക്ക് ഊന്നൽ നൽകിയും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. പണകാര്യങ്ങളിൽ ഞങ്ങൾ അവരെ പരിശീലിപ്പിച്ചു. മുതിർന്നപ്പോൾ അവർ പത്രം വിതരണം ചെയ്തും പുൽമണൽക്കട്ടകൾ ശേഖരിച്ചും പൂന്തോട്ടം വളർത്തിയും മററും ജോലി ചെയ്തു. വീട്ടിൽ നിന്നു വളരെ അകലെയുള്ള വല്യച്ഛനെയും വല്യമ്മയെയും ഉള്ള സന്ദർശനം പ്രായമായവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അവരോടു സഹാനുഭൂതിയുള്ളവരാകുന്നതിനും അവരെ സഹായിച്ചു.
“ഞങ്ങളുടെ 30-ാമതു വിവാഹവാർഷികത്തിനു ഞങ്ങൾക്കു പിൻവരുന്ന കത്തു ലഭിച്ചു:
“‘ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനും അമ്മക്കും:
“‘എല്ലാററിനും നന്ദി! ഞങ്ങളുടെ മേൽ കോരിച്ചൊരിഞ്ഞ ഊഷ്മളമായ സ്നേഹം, ഞങ്ങളിൽ നിവേശിപ്പിച്ച ആത്മവിശ്വാസം, ഞങ്ങൾക്കു നൽകിയിരിക്കുന്ന അത്ഭുതകരമായ പ്രത്യാശ—ഇതൊന്നും വാക്കുകളിലോ പണത്തിലോ മൂല്യനിർണ്ണയം നടത്താൻ കഴിയുന്നതല്ല. എന്നിരുന്നാലും ഈ സ്മാരകക്കുറിപ്പിലൂടെ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനേയും അമ്മയേയും കുറിച്ച് ഞങ്ങൾക്ക് എത്രമാത്രം വിചാരമുണ്ടെന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. [ഒപ്പ്] എന്നു സ്വന്തം കുട്ടികൾ.’
“ഈ ‘20-വർഷ’ പദ്ധതികളിലേക്കെല്ലാം തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങളോട് അങ്ങേയററം കരുണാർദ്രനായിരുന്ന നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയോടു ഞങ്ങൾക്കു അഗാധമായ കൃതജ്ഞത തോന്നുന്നു.”—ബേർട്ടിലും ബ്രിട്ടാ ഓസ്ററ്ബെറിയും.
മാതാപിതാക്കളിൽനിന്നുള്ള പലവിധ നുറുങ്ങുകൾ
“മുലയൂട്ടുന്ന അമ്മ, കുഞ്ഞിനെ ശാരീരികമായി അമ്മയോടടുപ്പിക്കുന്നതിനുള്ള യഹോവയുടെ മാർഗ്ഗമാണ്. എന്നാൽ ഒരു പിതാവിനു തൊട്ടിലാട്ടിക്കൊണ്ട് അതിന് അനുപൂരകമായിരിക്കാൻ കഴിയും. ഞങ്ങളുടെ കുഞ്ഞുങ്ങളെ എന്റെ കൈകളിലിട്ട് ആട്ടുന്നതിനും മിക്കവാറും എല്ലാ രാത്രികളിലും അവരെ ആട്ടിയുറക്കുന്നതിനും ഞാൻ വ്യക്തിപരമായ താൽപര്യമെടുത്തു.”
“അവരുടെ പിതാവെന്ന നിലയിൽ ഞങ്ങളുടെ കുട്ടികളെ മുലയൂട്ടുന്നതിനു ഞാൻ ശാരീരികമായി സജ്ജനാക്കപ്പെട്ടില്ല, എന്നാൽ അവരെ രാത്രിയിൽ കുളിപ്പിച്ചുകൊണ്ട് എനിക്ക് അവരുമായി അടുത്ത ശാരീരികബന്ധം ലഭിക്കുക തന്നെ ചെയ്തു. എനിക്കും അവർക്കും അതൊരു രസകരമായ സമയമായിരുന്നു!”
“കൂടെക്കൂടെ ഞങ്ങളുടെ കുട്ടികളോരോരുത്തരേയും വെവ്വേറെ എന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനു ഞാൻ വെളിയിൽ കൊണ്ടുപോകുമായിരുന്നു. ഡാഡിയുമായി ഒററക്കുള്ള ഈ സമയം അവർ ഇഷ്ടപ്പെടുന്നു.”
“വർഷങ്ങൾ കടന്നുപോയതനുസരിച്ച് അല്പാല്പമായി ഞങ്ങൾ കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും അവരെ ഭരമേല്പിച്ചു. ഒരുവന്റെ കൈയിലമർത്തപ്പെട്ട ഒരു സ്പ്രിംഗ് അനിയന്ത്രിതമായി തെറിച്ചുപോകാതിരിക്കേണ്ടതിനു സാവധാനമാണു അയച്ചുവിടേണ്ടത്.”
“ധാരാളം വാത്സല്യം പ്രകടമാക്കുക. ആശ്ലേഷത്താലും ചുംബനത്താലും ഒരു കുഞ്ഞും ഒരു കാലത്തും മരണപ്പെട്ടിട്ടില്ല—എന്നാൽ അവയുടെ അഭാവത്താൽ അവരുടെ വികാരങ്ങൾക്കു മരിക്കാൻ കഴിയും.”
“ക്ഷമയുള്ളവനായിരിക്ക, അവരുടെ ആവേശം കെടുത്തരുത്. അവരെ എപ്പോഴും ശകാരിച്ചുകൊണ്ടിരിക്കരുത്. അവർ സ്വാഭിമാനം വളർത്തിയെടുക്കട്ടെ. നിങ്ങളുടെ ഓരോ വിമർശനത്തിനും നാലു പ്രശംസ വീതം നൽകുക!”
അവരെ പരമാവധി നല്ലവരാക്കുന്നതിന് അവർക്കുവേണ്ടി നിങ്ങളുടെ പരമാവധി ശ്രമം ചെലുത്തുക.” (g91 9⁄22)
[9-ാം പേജിലെ ചിത്രം]
റിബേക്കയേപ്പോലുള്ള കൊച്ചു കുട്ടികൾക്കു നിഷ്കളങ്കമായ വാത്സല്യത്തിന്റെ ആവശ്യമുണ്ട്
[10-ാം പേജിലെ ചിത്രം]
ഒന്നിച്ചു കാര്യങ്ങൾ ചെയ്യുന്നതിനു സമയമെടുക്കുന്നതു കെട്ടുറപ്പുള്ള കുടുംബബന്ധത്തിനു സംഭാവന നൽകും