ആർഎച്ച് ഘടകവും നിങ്ങളും
താഴെ മാതാവിന്റെ കരങ്ങളിൽ ശാന്തനായി കിടന്നുറങ്ങുന്ന തന്റെ നവജാതശിശുവിനെ പിതാവ് അഭിമാനത്തോടും സന്തോഷത്തോടും കൂടെ നോക്കിനിൽക്കുന്നു. അത് പ്രസവമുറിയിലെ ഒരു നീണ്ടരാത്രിയായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം കഴിഞ്ഞുപോയിരിക്കുന്നു. തന്റെ രോഗികളെ പരിശോധിക്കാനും എല്ലാവരെയും അനുമോദിക്കാനുമായി അപ്പോഴായിരുന്നു ഡോക്ടറിന്റെ വരവ്. “ഒരു കാര്യമുണ്ട്, സാധാരണ പതിവുള്ള ഒന്നാണ്,” അദ്ദേഹം പറയുന്നു.
മാതാവിന്റെ രക്തം ആർഎച്ച്-നെഗററീവ് ആണ്. എന്നാൽ ഒരു പരിശോധന കാണിക്കുന്നത് കുഞ്ഞിന്റേത് ആർഎച്ച്-പോസിററീവ് ആണെന്നും. അതുകൊണ്ട് മാതാവിന് ഒരു പ്രതിരോധ കുത്തിവയ്പ് നൽകേണ്ടത് ആവശ്യമാണ്. “ഭാവി ഗർഭധാരണങ്ങളോടു ബന്ധപ്പെട്ട കുഴപ്പങ്ങൾ തടയുന്നതിന് മനുഷ്യ ആൻറിബോഡികൾ (പ്രതിവസ്തുക്കൾ) കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു ചെറിയ കുത്തിവയ്പു മാത്രമാണത്, പക്ഷേ വളരെ പ്രധാനവും,” ഡോക്ടർ അവർക്ക് ഉറപ്പുനൽകുന്നു.
ഡോക്ടർ അത് സാധാരണമായിട്ടാണു കണക്കാക്കുന്നതെങ്കിലും അതിനെക്കുറിച്ചുള്ള പരാമർശനവും സാധ്യമായിരിക്കുന്ന ‘കുഴപ്പങ്ങളും’ ആ മാതാപിതാക്കളുടെ മനസ്സുകളിൽ ഒരു പററം ചോദ്യങ്ങൾ ഉയർത്തുന്നു. ഈ കുത്തിവയ്പ് യഥാർഥത്തിൽ എന്താണു ചെയ്യുന്നത്? അത് എത്രമാത്രം ആവശ്യമാണ്? മാതാപിതാക്കൾ അതാഗ്രഹിക്കുന്നില്ലെങ്കിൽ എന്തു സംഭവിക്കും? ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മറെറാരു ചോദ്യം തലപൊക്കുന്നു. ‘രക്തം വർജിക്കാൻ’ ബൈബിൾ പറയുന്ന സ്ഥിതിക്ക് മററാരുടെയെങ്കിലും രക്തത്തിൽനിന്നുള്ള മനുഷ്യ ആൻറിബോഡികൾ അടങ്ങിയിട്ടുള്ള ഈ കുത്തിവയ്പ് ഒരു ക്രിസ്ത്യാനിക്ക് ശുദ്ധ മനസ്സാക്ഷിയോടെ സ്വീകരിക്കാനാവുമോ?—പ്രവൃത്തികൾ 15:20, 29.
ആർഎച്ച് പ്രശ്നത്തിന്റെ ചരിത്രം
ഓരോരുത്തരുടെയും രക്തത്തെ അനന്യമാക്കിത്തീർക്കുന്ന അനേകം ഘടകങ്ങൾ അഥവാ ആൻറിജനുകൾ (പ്രതിരക്ഷോത്തേജകവസ്തുക്കൾ) മനുഷ്യരക്തത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പതിററാണ്ടുകൾക്കു മുമ്പ് ശാസ്ത്രജ്ഞൻമാർ കണ്ടുപിടിച്ചു. ഒരാളുടെ രക്തം മറെറാരാളുടെ രക്തവുമായി സമ്പർക്കത്തിൽ വരുന്ന പക്ഷം ചുവന്ന രക്താണുക്കളിലെ രണ്ട് ആൻറിജൻ വ്യവസ്ഥകൾ മിക്ക വൈദ്യപ്രശ്നങ്ങൾക്കും വഴിതെളിക്കുന്നുവെന്നു കാലക്രമേണ അവർ മനസ്സിലാക്കി. ഈ ആൻറിജനുകളിൽ ഒരെണ്ണത്തെ “എബിഒ” എന്നും മറേറതിനെ “ആർഎച്ച്” എന്നും വിളിക്കുന്നു. ഈ മാതാപിതാക്കൾക്കുള്ളതും നിങ്ങൾ തന്നെ പലപ്പോഴും അത്ഭുതപ്പെട്ടിരിക്കാവുന്നതുമായ പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ആർഎച്ച് വ്യവസ്ഥയുടെ ഒരു ഹ്രസ്വമായ പുനരവലോകനം നമ്മെ സഹായിക്കും.
ഗർഭാവസ്ഥയിൽ വെച്ച് തന്റെ രണ്ടാമത്തെ കുഞ്ഞ് മരിച്ചുപോയ ഒരു 25 വയസ്സുകാരിയുടെ കുഴപ്പിക്കുന്ന കേസ് 1939-ൽ ഡോക്ടർമാർ പ്രസിദ്ധീകരിച്ചു. മരിച്ച കുഞ്ഞിനെ പ്രസവിച്ചശേഷം ഈ സ്ത്രീക്ക് രക്തപ്പകർച്ചകൾ നടത്തിയപ്പോൾ ഗുരുതരമായ പ്രതിപ്രവർത്തനങ്ങൾ ഉണ്ടായി. രക്തം അവളുടെ ഭർത്താവിൽ നിന്നുള്ളതും എബിഒ ആൻറിജനുകൾ അടങ്ങിയിരുന്ന അത് അവളുടേതുമായി പ്രത്യക്ഷത്തിൽ പൊരുത്തത്തിലുമായിരുന്നു. എന്നിട്ടാണ് ഇതു സംഭവിച്ചത്. അവളുടെ ആദ്യത്തെ കുഞ്ഞിന്റെ രക്തത്തിൽനിന്നുള്ള ഏതോ അജ്ഞാത ഘടകം അവളുടെ രക്തത്തിൽ ചേർന്ന് അതിനെ “സംവേദകത്വമുള്ളതാക്കി”ത്തീർത്തുവെന്നും അത് അവളുടെ ഭർത്താവിന്റെ രക്തത്തോടുള്ള പ്രതിപ്രവർത്തനത്തിലേക്കും അവളുടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിലേക്കും നയിച്ചുവെന്നും ഡോക്ടർമാർ പിന്നീട് ഊഹിച്ചെടുത്തു.
പിന്നീട് റിസസ് (rhesus) കുരങ്ങുകളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ഈ അജ്ഞാത ഘടകത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ട് അതിന് “ആർഎച്ച് ഘടകം” എന്ന് പേരിട്ടു. കുഞ്ഞുങ്ങളിലുണ്ടാകുന്ന ഏതാണ്ട് സാധാരണവും പലപ്പോഴും മാരകവുമായ ഭ്രൂണരക്താണു കോരകത (erythroblastosis fetalis) എന്ന രോഗത്തിനു കാരണമിതാണെന്ന് കണ്ടുപിടിക്കപ്പെട്ടതുകൊണ്ട് ഈ രക്തഘടകം 1960-കളിലുടനീളം വർധിച്ച വൈദ്യ താത്പര്യത്തിനു വിഷയമായിരുന്നു. ആർഎച്ച് ഘടകത്തെയും രോഗത്തെയും പററി ഡോക്ടർമാർ പഠനം നടത്തിയതോടെ ഹൃദയാപഹാരിയായ ഒരു വൈദ്യ കഥ ചുരുളഴിഞ്ഞു.
ആർഎച്ചും ജനിതകവും രോഗികളായ കുഞ്ഞുങ്ങളും
ഒരു നവജാതശിശുവിന് ഗുരുതരമായ രോഗം പിടിപെടുകയോ മരിക്കുകയോ ചെയ്യുമ്പോൾ മിക്കയാളുകളെയും അതു സ്പർശിക്കുന്നു. ഒരു കുഞ്ഞ് രോഗത്തിലോ വിഷമത്തിലോ ആയിരിക്കുന്നതു കാണുന്നതുപോലും പലർക്കും വല്ലാത്ത ബുദ്ധിമുട്ടാണ്. ഡോക്ടർമാരും ഒട്ടും വ്യത്യസ്തരല്ല. ശിശു-കൊലയാളിയായ ഈ ആർഎച്ച് ഘടകത്തെ ഡോക്ടർമാരുടെ പ്രത്യേക ശ്രദ്ധയ്ക്കു പാത്രമാക്കിയ മററു രണ്ടു കാരണങ്ങൾ കൂടിയുണ്ട്.
ഒന്നാമത്തേത്, ഡോക്ടർമാർക്ക് രോഗത്തിന്റെ ഒരു രൂപരേഖ കിട്ടിത്തുടങ്ങുകയും രോഗത്തിലും മരണത്തിലും ആർഎച്ച് ഘടകം ഉൾപ്പെട്ടിരിക്കുന്ന വിധം മനസ്സിലാകുകയും ചെയ്തുവെന്നതാണ്. സ്ത്രീപുരുഷൻമാരിൽ ഏതാണ്ട് 85 മുതൽ 95 വരെ ശതമാനം പേരുടെ ചുവന്നരക്താണുക്കളിൽ ആർഎച്ച് ഘടകം അടങ്ങിയിട്ടുണ്ട്. അവരെ “ആർഎച്ച്-പോസിററീവ്” എന്നു വിളിക്കുന്നു. അതില്ലാത്ത 5 മുതൽ 15 വരെ ശതമാനം പേർക്ക് “ആർഎച്ച്-നെഗററീവ്” എന്ന ലേബൽ നൽകിയിരിക്കുന്നു. ഒരു ആർഎച്ച്-നെഗററീവ് വ്യക്തി ഒരു ആർഎച്ച്-പോസിററീവ് വ്യക്തിയുടെ രക്തവുമായി സമ്പർക്കത്തിൽ വരുന്നെങ്കിൽ ആർഎച്ച്-പോസിററീവ് രക്തത്തെ നശിപ്പിക്കുന്ന ആൻറിബോഡികൾ എന്നു പറയുന്ന തൻമാത്രകൾ അവനിലോ അവളിലോ രൂപീകൃതമാകുന്നു.
സത്യത്തിൽ ഇത് അന്യ ആക്രമണകാരികളോടു പൊരുതാനുള്ള ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയുടെ സാധാരണവും സ്വാഭാവികവുമായ ഒരു പ്രതികരണമാണ്. പിതാവിൽനിന്നു പാരമ്പര്യമായി ആർഎച്ച്-പോസിററീവ് രക്തം ലഭിക്കുന്ന ഒരു കുഞ്ഞ്, ഒരു ആർഎച്ച്-നെഗററീവ് മാതാവിന് ഉണ്ടായേക്കാമെന്നതാണു പ്രശ്നം. മറുപിള്ളയുടെ (placenta) പ്രവർത്തനം പൂർണമായ രീതിയിൽ നടക്കുകയും കുഞ്ഞിന്റെ രക്തം മാതാവിന്റെ രക്തവുമായി കലരാതിരിക്കുകയും ചെയ്യുമ്പോൾ ഇത് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. (താരതമ്യം ചെയ്യുക: സങ്കീർത്തനം 139:13.) എന്നാൽ നമ്മുടെ ശരീരം അപൂർണമായതുകൊണ്ട് ചിലപ്പോൾ കുഞ്ഞിന്റെ രക്തത്തിന്റെ ഒരു ചെറിയ അളവ് ചോർന്നിറങ്ങി മാതാവിന്റെ രക്തവുമായി സമ്പർക്കത്തിൽ വന്നേക്കാം. ചിലപ്പോൾ ജരായൂദ്രവശേഖരണം (amniocentesis) (വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ആവരണം ചെയ്തുള്ള സഞ്ചിയിലെ ദ്രാവകത്തിന്റെ സാമ്പിൾ വലിച്ചെടുക്കൽ) പോലെയുള്ള ചില വൈദ്യ നടപടികൾ നിമിത്തം ഇതു സംഭവിക്കുന്നു. അല്ലെങ്കിൽ പ്രസവസമയത്ത് കുഞ്ഞിന്റെ രക്തത്തിൽ കുറച്ച് മാതാവിന്റെ രക്തവുമായി കൂടിക്കലർന്നേക്കാം. കാരണമെന്തായാലും, മാതാവിനു ശാരീരിക സംവേദകത്വമുണ്ടായിട്ട് അവളുടെ ശരീരം ആർഎച്ച്-പോസിററീവ് രക്തത്തിനെതിരെ ആൻറിബോഡികൾ നിർമിച്ചേക്കാം.
ഉണ്ടാകുന്ന പ്രശ്നത്തെക്കുറിച്ചു സങ്കൽപ്പിക്കുക: മാതാവിന്റെ രക്തത്തിൽ അത്തരം ആൻറിബോഡികൾ ഉണ്ടായിക്കഴിഞ്ഞാൽ, പിന്നെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് അപകടസാധ്യതയുണ്ട്—അവർ പിതാവിൽനിന്ന് ആർഎച്ച്-പോസിററീവ് രക്തം അവകാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ. ഇത് ഇപ്പോൾ മാതാവിന്റെ ശരീരത്തിൽ ആർഎച്ച്-പോസിററീവ് രക്തത്തിനെതിരെ ആൻറിബോഡികൾ ഉള്ളതുകൊണ്ടാണ്.
ചില ആൻറിബോഡികൾ സ്വാഭാവികമായും മറുപിള്ള വഴി കടന്നുപോകുന്നു. ഇതൊരു നല്ല സംഗതിയാണ്, എന്തുകൊണ്ടെന്നാൽ എല്ലാ കുഞ്ഞുങ്ങൾക്കും തങ്ങളുടെ മാതാക്കളിൽനിന്നു തത്കാലത്തേക്ക് ഒരളവിൽ സ്വാഭാവിക പ്രതിരോധശക്തി ആർജിച്ച് ജനിക്കാൻ കഴിയുന്നു. എന്നാൽ ആർഎച്ച് രോഗമുണ്ടെങ്കിൽ സംവേദകത്വം പ്രാപിച്ച മാതാവിന്റെ ആർഎച്ച് ആൻറിബോഡികൾ മറുപിള്ള വഴി കടന്നുചെന്ന് കുഞ്ഞിന്റെ ആർഎച്ച്-പോസിററീവ് രക്തത്തെ ആക്രമിക്കുന്നു. ഇത് ആദ്യത്തെ കുഞ്ഞിനെ അപൂർവമായേ ബാധിക്കുന്നുള്ളൂ. എന്നാൽ ഇതു പിന്നീടുണ്ടാകുന്ന ഏതൊരു കുഞ്ഞിനെയും ബാധിക്കാൻ സാധ്യത കൂടുതലാണ്. ഇത് നവജാത ശിശുക്കൾക്കുണ്ടാകുന്ന ആർഎച്ച് ഹിമൊലിററിക് എന്ന രോഗം (ഗുരുതരമായ തകരാറാണെങ്കിൽ എറിത്രോബ്ലാസ്റേറാസിസ് ഫെററാലിസ്) ഉണ്ടാകാൻ ഇടയാക്കുന്നു.
നാം കാണാൻ പോകുന്നതുപോലെ പലപ്പോഴും വിജയം പരിമിതമാണെങ്കിലും ഈ രോഗത്തെ കൈകാര്യം ചെയ്യാൻ പല മാർഗങ്ങളുണ്ട്. നമുക്കിപ്പോൾ പ്രശ്നത്തിന്റെ ചികിത്സാസംബന്ധമായ ഒരു വശത്തേക്ക്—സാധ്യമായ ഒരു പ്രതിരോധമാർഗത്തിലേക്ക്—ശ്രദ്ധ കേന്ദ്രീകരിക്കാം.
പ്രതിരോധരംഗത്തെ ഒരു മുന്നേററം
ഈ രോഗം ഡോക്ടർമാർക്കു വളരെയധികം ആവേശജനകമായി തോന്നാൻ രണ്ടു കാരണങ്ങളുണ്ടെന്നതു നിങ്ങൾ ഓർമിക്കുന്നുണ്ടായിരിക്കും. ഒന്നാമത്തേത് രോഗത്തിന്റെ പ്രവർത്തനവിധം അറിയാനിടയായി എന്നുള്ളതാണ്. രണ്ടാമത്തെ കാരണമെന്തായിരുന്നു?
അത് 1968-ൽ വെളിച്ചത്തുവന്നു. പരിമിതമായ വിജയത്തിൽ കലാശിച്ച, ഡോക്ടർമാരുടെ വർഷങ്ങളിലെ ഗവേഷണത്തിനും തികച്ചും രോഗബാധിതരായ ഈ കുഞ്ഞുങ്ങളെ ചികിത്സിക്കാനുള്ള വിഫല ശ്രമങ്ങൾക്കും ശേഷം “ആർഎച്ച് കുഞ്ഞുങ്ങ”ളുടെ പ്രശ്നം തടയുന്നതിൽ ഫലപ്രദമായ ഒരു പ്രതിരോധവൽക്കരണം വികാസം പ്രാപിച്ചു. ഇതൊരു സുവാർത്തയായിരുന്നു. എന്നാൽ അതിന്റെ പ്രവർത്തനം എങ്ങനെയായിരുന്നു?
ആദ്യത്തെ ആർഎച്ച്-പോസിററീവ് കുഞ്ഞിന്റെ രക്തം ആർഎച്ച്-നെഗററീവ് മാതാവിന്റെ രക്തപ്രവാഹത്തിലേക്ക് “ചോർന്നിറങ്ങുക”യും അതിന്റെ ഫലമായി മാതാവിന്റെ ശരീരത്തിൽ ആൻറിബോഡികൾ ഉണ്ടാകുകയും ചെയ്യുമ്പോഴാണ് (പിന്നീടുണ്ടാകുന്ന ആർഎച്ച്-പോസിററീവ് കുഞ്ഞുങ്ങൾക്ക്) ആർഎച്ച് പ്രശ്നം ഉണ്ടാകുന്നതെന്ന് ഓർമിക്കുക. മാതാവിന്റെ രക്തവ്യവസ്ഥയിലേക്കു കടന്ന കുഞ്ഞിന്റെ ചുവന്ന രക്താണുക്കൾ മാതാവിനെ സംവേദകത്വമുള്ളവളാക്കിത്തീർക്കുന്നതിനുമുമ്പ് അവയെ പിടിച്ചെടുത്തു നശിപ്പിക്കാൻ വല്ല മാർഗവുമുണ്ടോ?
മററു രാജ്യങ്ങളിൽ റോഗം, റെസോനെററിവ് എന്നീ വ്യാപാരനാമങ്ങളിൽ അറിയപ്പെടുന്ന ആർഎച്ച് പ്രതിരോധ ഗ്ലോബുലിൻ അഥവാ ആർഎച്ച്ഐജി എന്നറിയപ്പെടുന്ന ഒരു പ്രതിരോധ കുത്തിവയ്പ് മാതാവിനു കൊടുക്കുകയെന്നതായിരുന്നു കണ്ടുപിടിക്കപ്പെട്ട മാർഗം. അത് ആർഎച്ച്-പോസിററീവ് ആൻറിജനെതിരെയുള്ള ആൻറിബോഡികൾ കൊണ്ടുണ്ടാക്കിയതാണ്. അതിന്റെ കൃത്യമായ പ്രവർത്തനവിധം സങ്കീർണവും അവ്യക്തം പോലുമാണ്. എന്നാലും അതിന്റെ അടിസ്ഥാനപ്രവർത്തനം പിൻവരുന്ന പ്രകാരമാണെന്നു കാണപ്പെടുന്നു:
ഒരു ആർഎച്ച്-പോസിററീവ് കുഞ്ഞിനെ പ്രസവിച്ചതിനു ശേഷമോ മറേറാ ഒരു ആർഎച്ച്-നെഗററീവ് മാതാവ് ആർഎച്ച്-പോസിററീവ് രക്തവുമായി സമ്പർക്കത്തിൽ വന്നതായി സംശയിക്കപ്പെടുന്ന പക്ഷം അവൾക്ക് ആർഎച്ച്ഐജി കുത്തിവയ്പ് നൽകുന്നു. ഈ ആൻറിബോഡികൾ, കുഞ്ഞിൽനിന്നും ചോർന്നിറങ്ങിയ ഏത് ആർഎച്ച്-പോസിററീവ് ചുവന്ന രക്താണുവും മാതാവിനെ സംവേദകത്വമുള്ളവളാക്കിത്തീർക്കുന്നതിനു മുമ്പ് അവയെ വേഗത്തിൽ ആക്രമിച്ചു നശിപ്പിക്കുന്നു. അങ്ങനെ ആർഎച്ച്-പോസിററീവ് രക്തത്തിനെതിരെ മാതാവിന്റെ ശരീരത്തിൽ ആൻറിബോഡികളൊന്നും ഉത്പാദിതമായിട്ടില്ലാത്തതിനാൽ അടുത്ത കുഞ്ഞിനുണ്ടാകുന്ന അപകടത്തെ ഇത് ഫലപ്രദമായി നീക്കംചെയ്യുന്നു. രോഗം വികാസം പ്രാപിച്ചു കഴിഞ്ഞ് അതിനെ ചികിത്സിക്കുന്നതിനുപകരം ഇത് രോഗത്തെ തടയുന്നു എന്നതാണ് ഡോക്ടർമാർ ഇതു സംബന്ധിച്ചു കാണുന്ന യഥാർഥ നേട്ടം.
സിദ്ധാന്തം കേട്ടിട്ട് നല്ലതുതന്നെ. എന്നാൽ ഇതു ഫലിച്ചിട്ടുണ്ടോ? ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ, ഉണ്ട്. ഒരു രാജ്യത്തിന്റെ കാര്യമെടുത്താൽ, ഐക്യനാടുകളിൽ ആർഎച്ച് ഹിമൊലിററിക് രോഗത്തിന് 1970-കളിൽ 65 ശതമാനം കുറവു സംഭവിച്ചു. പല സംഗതികൾ ഇതിനു സംഭാവന ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ 60 മുതൽ 70 വരെ ശതമാനത്തിനു കാരണം ആർഎച്ച്ഐജിയുടെ ഉപയോഗമാണ്. കാനഡയിലെ ഒരു പ്രവിശ്യയിൽ ആർഎച്ച് ഹിമൊലിററിക് രോഗത്താൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 1964-ൽ 29 ആയിരുന്നത് 1974-നും 1975-നും മധ്യേ 1 ആയി കുറഞ്ഞു. “ഒരൗൺസ് പ്രതിരോധം ഒരു പൗണ്ട് ഔഷധത്തിനുതക്ക മൂല്യമുള്ളതാണ്” എന്ന തത്ത്വത്തിന്റെ സമർഥിക്കലായി വൈദ്യസമൂഹം ഇതിനെ കണ്ടു. ഈ അടിസ്ഥാന പശ്ചാത്തലത്തിന്റെ വെളിച്ചത്തിൽ ആർഎച്ച് രോഗവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയർന്നുവരുന്ന ചില പ്രത്യേക ചോദ്യങ്ങൾ നമുക്കു പരിചിന്തിക്കാൻ കഴിയും.
ഗർഭകാലത്ത് എനിക്ക് ആർഎച്ച് രോഗവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉണ്ടാകുന്നതിനുള്ള സാധ്യതകൾ എന്തെല്ലാമാണ്?
ലളിതമായ ഒരു രക്തപരിശോധനകൊണ്ട് പിതാവിന്റെയും മാതാവിന്റെയും ആർഎച്ച് രക്തയിനങ്ങൾ നിർണയിക്കാൻ കഴിയും. 7 വിവാഹങ്ങളിൽ ഏതാണ്ട് 1 ഒരു ആർഎച്ച്-നെഗററീവ് സ്ത്രീയും ഒരു ആർഎച്ച്-പോസിററീവ് പുരുഷനും തമ്മിലുള്ളതാണ്. പിതാവിന്റെ ജനിതക രൂപഘടനയുടെ വശങ്ങൾ മൊത്തം അപകടസാധ്യത ഏതാണ്ട് 10 ശതമാനമാക്കി കുറയ്ക്കുന്നു.a
എങ്കിലും, അവ പൊതുവായുള്ള ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകളാണ്. നിങ്ങൾ ഒരു ആർഎച്ച്-പോസിററീവ് പുരുഷന് വിവാഹിതയായിട്ടുള്ള ഒരു ആർഎച്ച്-നെഗററീവ് സ്ത്രീയാണെങ്കിൽ ഒരു ആർഎച്ച്-പോസിററീവ് കുഞ്ഞിന് ജൻമം നൽകാനുള്ള നിങ്ങളുടെ സാധ്യത 50-ഓ 100-ഓ ശതമാനമാണ്, ഇത് നിങ്ങളുടെ ഭർത്താവിന്റെ ജനിതക രൂപഘടനയെ ആശ്രയിച്ചിരിക്കുന്നു.b (ഭർത്താവിന്റെ ജനിതകം നിർണയിക്കാൻ നിശ്ചിത മാർഗമൊന്നുമില്ല. അതുപോലെതന്നെ ഗർഭാശയത്തിലുള്ള കുഞ്ഞ് ആർഎച്ച്-പോസിററീവ് ആണോ എന്നു നിർണയിക്കാനും ലളിതമായ മാർഗമൊന്നുമില്ല.)
ഒരു ആർഎച്ച്-പോസിററീവ് കുഞ്ഞുള്ള ആർഎച്ച്-നെഗററീവ് മാതാവിന്, ഓരോ ഗർഭധാരണത്തിങ്കലും സംവേദകത്വം പ്രാപിക്കുന്നതിന് 16 ശതമാനം സാധ്യതയുണ്ട്. തൻമൂലം ഭാവി ഗർഭധാരണങ്ങൾക്ക് അപകടസാധ്യതയുണ്ട്. തീർച്ചയായും, അതൊരു ശരാശരി മാത്രമാണ്. മുമ്പ്, മാതാവിനു രക്തപ്പകർച്ച നൽകുകയോ രക്തവുമായി മറേറതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടാകുകയോ ചെയ്തിട്ടില്ലെങ്കിൽ ഒരു വിവാഹത്തിൽ ആദ്യം ഉണ്ടാകുന്ന കുഞ്ഞ് ആർഎച്ച്-രോഗത്തിന്റെ അപകടത്തിൽനിന്നു സാധാരണമായി സ്വതന്ത്രമാണ്. ആദ്യത്തെ കുഞ്ഞിന്റെ ജനനശേഷം പിന്നെ നടക്കുന്ന ഏതൊരു ഗർഭധാരണത്തിന്റെയും അപകടസാധ്യത യഥാർഥത്തിൽ പ്രവചിക്കാൻ ഏറെക്കുറെ പ്രയാസമാണ്. ഒരു സ്ത്രീ ചിലപ്പോൾ തന്റെ ഏററവും ആദ്യത്തെ ആർഎച്ച്-പോസിററീവ് കുഞ്ഞിനാൽ സംവേദകത്വം പ്രാപിച്ചേക്കാം. മറെറാരു സ്ത്രീക്ക് അഞ്ചോ അതിലധികമോ ആർഎച്ച്-പോസിററീവ് കുഞ്ഞുങ്ങൾ ഉണ്ടെങ്കിലും ഒരിക്കലും സംവേദകത്വമുണ്ടാകാതിരുന്നേക്കാം. ഒരു മാതാവ് സംവേദകത്വമുള്ളവളായിത്തീരുന്നെങ്കിൽ പിന്നെയുണ്ടാകുന്ന ഓരോ ആർഎച്ച്-പോസിററീവ് ഭ്രൂണവും നശിക്കാനുള്ള സാധ്യത 30 ശതമാനമാണ്. ഗർഭധാരണങ്ങൾക്കിടയിലെ ഇടവേളകൾ ഇതിന് യാതൊരു മാററവും വരുത്തുന്നില്ല. അതുകൊണ്ട് ഇത് നിസ്സാരമായി എടുക്കേണ്ട സംഗതിയല്ല.
വളർച്ചപ്രാപിച്ചുകൊണ്ടിരിക്കുന്ന എന്റെ കുഞ്ഞ് അപകടത്തിലാണോ എന്ന് ലബോറട്ടറി പരിശോധനയ്ക്ക് പറയാൻ കഴിയുമോ?
ഉവ്വ്, ഒരു പരിധിവരെ കഴിയും. കുഞ്ഞിന്റെ രക്തത്തിനെതിരെയുള്ള ആൻറിബോഡികൾ മാതാവിന്റെ രക്തത്തിലുണ്ടാകുന്നുണ്ടോയെന്ന് അറിയാൻ ഗർഭകാലത്ത് മാതാവിന്റെ രക്തത്തിലെ ആൻറിബോഡിയുടെ അളവ് നോക്കാവുന്നതാണ്. കൂടാതെ, കുഞ്ഞിന്റെ രക്തത്തിനു കുഴപ്പം സംഭവിച്ച് കുഞ്ഞ് അപകടത്തിലാണോ എന്ന് ജരായൂദ്രവശേഖരണത്തിനു പറയാൻ കഴിയും. എന്നാൽ ജരായൂദ്രവശേഖരണത്തിനു ചിലപ്പോൾ അതിന്റേതായ സങ്കീർണതകളുണ്ട്. അതുകൊണ്ട് അതിനു വിധേയമാകുന്നതു സൂക്ഷിച്ചുവേണം.
ആർഎച്ച്ഐജി കുത്തിവയ്പിന് പാർശ്വഫലങ്ങളുണ്ടോ?
ഇത് വളർച്ചപ്രാപിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തിന്റെ പ്രതിരോധശക്തിയിൽ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് ഗർഭകാലത്തെ അതിന്റെ ഉപയോഗം ഇപ്പോഴും വിവാദവിഷയമാണ്. എന്നാൽ, മാതാവിനും അവളുടെ വളർന്നുകൊണ്ടിരിക്കുന്ന കുഞ്ഞിനും പ്രതിരോധവൽക്കരണം താരതമ്യേന സുരക്ഷിതമാണെന്നു മിക്ക വിദഗ്ധരും നിഗമനം ചെയ്യുന്നു.
ഞാൻ എത്ര കൂടെക്കൂടെ കുത്തിവയ്പ് എടുക്കണമെന്നാണു ഡോക്ടർമാർ പറയുന്നത്?
ആർഎച്ച്-പോസിററീവ് രക്തം ഒരു ആർഎച്ച്-നെഗററീവ് സ്ത്രീയുടെ രക്തപ്രവാഹത്തിൽ കടക്കാനിടയാക്കുന്ന ഏതൊരു സംഭവവും നടന്നയുടൻതന്നെ കുത്തിവയ്പു നൽകേണ്ടതാണെന്ന് അധികാരികൾ പറയുന്നു. അതുകൊണ്ട്, കുഞ്ഞിന്റെ രക്തം ആർഎച്ച്-പോസിററീവ് ആണെന്നു കണ്ടുപിടിക്കുന്നപക്ഷം പ്രസവശേഷം 72 മണിക്കൂറിനുള്ളിൽ കുത്തിവയ്പ് നൽകാൻ ഇപ്പോൾ ശുപാർശചെയ്യുന്നു. ജരായൂദ്രവശേഖരണമോ ചാപിള്ള ജനനമോ നടന്നാലും ഇതുതന്നെ ശുപാർശചെയ്യുന്നു.
കൂടാതെ, സാധാരണ ഗർഭകാലത്തുപോലും കുഞ്ഞിന്റെ രക്തത്തിന്റെ ഒരു ചെറിയ അംശം മാതാവിന്റെ രക്തപ്രവാഹത്തിലേക്കു കടന്നേക്കാമെന്ന് പഠനങ്ങൾ പ്രകടമാക്കിയതുകൊണ്ട് സംവേദകത്വം പ്രാപിക്കുന്നതു തടയാൻ 28 ആഴ്ച ഗർഭമാകുമ്പോൾ മാതാവിനു കുത്തിവയ്പു നൽകാൻ ചില ഡോക്ടർമാർ ശുപാർശചെയ്യുന്നു. അത്തരമൊരു കേസിൽ കുഞ്ഞിന്റെ ജനനശേഷവും കുത്തിവയ്പു നൽകാൻ ശുപാർശചെയ്യപ്പെടുന്നു.
കുഞ്ഞിന് ആർഎച്ച് രോഗം പിടിപെട്ടു കഴിഞ്ഞാൽപ്പിന്നെ എന്തെങ്കിലും ചികിത്സയുണ്ടോ?
ഉണ്ട്. നവജാതശിശുവിന്റെ ഹിമൊലിററിക് രോഗം ഗുരുതരമായ ഒന്നാണെങ്കിലും കുഞ്ഞിന് എക്സ്ചേഞ്ച് രക്തപ്പകർച്ചകൾ കൊടുക്കാതുള്ള ചികിത്സകളെ പിന്തുണയ്ക്കുന്ന നല്ല തെളിവുകളുണ്ട്. ഈ രോഗത്തിന്റെ ഏററവും ഭീതിദമായ കുഴപ്പം ചുവന്നരക്താണുക്കളുടെ വിഘടനത്തിന്റെ ഫലമായുണ്ടാകുന്ന ബിലിറൂബിൻ എന്ന രാസവസ്തുവിന്റെ രൂപീകരണമാണ്. ഇത് മഞ്ഞപ്പിത്തമുണ്ടാക്കുകയും ചിലപ്പോൾ കുഞ്ഞിന്റെ അവയവങ്ങൾക്കു കേടുവരുത്തുകയും ചെയ്യുന്നു. (സന്ദർഭവശാൽ, മാതാവിന്റെയും കുഞ്ഞിന്റെയും രക്തം തമ്മിൽ ഒരു എബിഒ പൊരുത്തക്കേട് ഉണ്ടാകുമ്പോൾ കുഞ്ഞിനു ചെറിയ തോതിൽ മഞ്ഞപ്പിത്തം ഉണ്ടായേക്കാം. എന്നാൽ ഇതു സാധാരണമായി അത്ര ഗുരുതരമല്ല.)
മഞ്ഞപ്പിത്തം ഒരു പ്രത്യേക അളവിലുള്ളത് കുഞ്ഞുങ്ങൾക്ക് എക്സ്ചേഞ്ച് രക്തപ്പകർച്ച നടത്തേണ്ടതാണെന്നുള്ളതിന്റെ സൂചനയാണെന്നു ഡോക്ടർമാർ കുറേ കാലത്തേക്കു വിചാരിച്ചിരുന്നു. എന്നാൽ കൂടുതലായ ഗവേഷണം വിവിധ പകര ചികിത്സാരീതികൾ വെളിച്ചത്തുകൊണ്ടുവന്നു. മാസം തികയാതെയുള്ള പ്രസവമോ സിസേറിയനോ പ്രകാശചികിത്സ (നീല വെളിച്ചം) എന്നിവയും ഫീനോബാർബററൽ, ആക്ററിവേററഡ് ചാർക്കോൾ തുടങ്ങിയ ഔഷധങ്ങളും മററു ചികിത്സകളും സഹായകരമെന്നു തെളിയുകയും രക്തപ്പകർച്ചയിലേക്കു തിരിയാനുള്ള പ്രചോദനം ശ്രദ്ധേയമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ അടുത്തകാലത്തെ ചില റിപ്പോർട്ടുകൾ ആർഎച്ച് രോഗമുള്ള കുഞ്ഞുങ്ങളിൽ നടത്തുന്ന എക്സ്ചേഞ്ച് രക്തപ്പകർച്ചകളുടെ വ്യർഥതയെയും അപകടത്തെപ്പോലും എടുത്തുകാട്ടുകയുണ്ടായി.—26-ാം പേജിലെ ബോക്സ് കാണുക.
എന്നിരുന്നാലും, എക്സ്ചേഞ്ച് രക്തപ്പകർച്ചയാണ് സ്വീകാര്യമായ ഒരേ ഒരു ചികിത്സ എന്ന് ഡോക്ടർമാർ തറപ്പിച്ചുപറയുന്ന അങ്ങേയററത്തെ കേസുകളുമുണ്ട്. അതുകൊണ്ട്, ഈ രോഗവും അതോടൊപ്പം മഞ്ഞപ്പിത്തവും തടയുന്ന ഒരു കുത്തിവയ്പ് എടുത്ത് ഇക്കണ്ട പ്രശ്നങ്ങളെല്ലാം ഒഴിവാക്കുന്നതല്ലേ ഭേദം എന്നു ചില മാതാപിതാക്കൾ വിചാരിക്കുന്നു.
ആർഎച്ച്ഐജി കുത്തിവയ്പ് രക്തത്തിൽനിന്ന് ഉണ്ടാക്കിയതാണോ?
അതേ, കുത്തിവയ്പിലടങ്ങിയിരിക്കുന്ന ആൻറിബോഡികൾ ആർഎച്ച് ഘടകത്തോടു പ്രതിരോധവത്ക്കരിക്കപ്പെടുകയോ സംവേദകത്വം പ്രാപിക്കുകയോ ചെയ്ത വ്യക്തികളുടെ രക്തത്തിൽനിന്ന് എടുത്തിട്ടുള്ളതാണ്. രക്തത്തിൽനിന്നല്ലാതെ ജനിതക നിർമിതിവഴി വികസിപ്പിച്ചെടുത്തിട്ടുള്ള ആർഎച്ച്ഐജി ഭാവിയിൽ ലഭ്യമായിത്തീർന്നേക്കാം.
ഒരു ക്രിസ്ത്യാനിക്ക് ആർഎച്ച്ഐജി മനസ്സാക്ഷിപൂർവം സ്വീകരിക്കാനാവുമോ?
ഉൾപ്പെട്ടിരിക്കുന്ന പ്രശ്നം രക്തത്തിന്റെ ദുരുപയോഗ സാധ്യതയാണ്. രക്തത്തിന്റെ ഭക്ഷിക്കലിനെയോ മറേറതെങ്കിലും തരത്തിലുള്ള ദുരുപയോഗത്തെയോ തിരുവെഴുത്തുകൾ തികച്ചും ശക്തമായി തടയുന്നു. (ലേവ്യപുസ്തകം 17:11, 12; പ്രവൃത്തികൾ 15:28, 29) ആർഎച്ച്ഐജി രക്തത്തിൽനിന്ന് ഉണ്ടാക്കപ്പെടുന്നതുകൊണ്ട് ഒരു ക്രിസ്തീയ സ്ത്രീക്ക് കുത്തിവയ്പു സ്വീകരിക്കേണ്ടി വരുന്നെങ്കിൽ അത് രക്തം വർജിക്കാനുള്ള ബൈബിൾ കൽപ്പനയുടെ ലംഘനം ആയിരിക്കുമോ?
ഈ മാസികയ്ക്കും ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിനും ഈ വിഷയത്തെപ്പററി ഏകാഭിപ്രായമാണ് ഉണ്ടായിരുന്നിട്ടുള്ളത്.c എല്ലാ ഗർഭധാരണങ്ങളിലും ആൻറിബോഡികൾ അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള മറുപിള്ളയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടെന്ന് നാം കണ്ടു. അങ്ങനെ പ്രകൃത്യാ നടക്കുന്നതിനോട് തത്ത്വത്തിൽ സമാനമായതിനാൽ ആർഎച്ച്ഐജി പോലുള്ള ആൻറിബോഡികൾ അടങ്ങിയിരിക്കുന്ന ഒരു കുത്തിവയ്പ് എടുക്കുന്നതു ബൈബിൾ നിയമത്തിന്റെ ലംഘനമായി തങ്ങൾക്കു തോന്നുന്നില്ലെന്ന് ചില ക്രിസ്ത്യാനികൾ നിഗമനം ചെയ്തിരിക്കുന്നു.
എന്നിരുന്നാലും, ആർഎച്ച്ഐജി സ്വീകരിക്കണമോ വേണ്ടയോ എന്നത് ഓരോ ക്രിസ്തീയ ദമ്പതികളും മനസ്സാക്ഷിപൂർവം തീരുമാനിക്കേണ്ട സംഗതിയാണ്. എന്നാൽ ആർഎച്ച് പ്രശ്നത്തെ അഭിമുഖീകരിക്കുന്ന ഭാര്യാഭർത്താക്കൻമാർ, ചികിത്സ എന്നനിലയിൽ ആർഎച്ച്ഐജി നിർദേശിക്കപ്പെടുകയും അതു സ്വീകരിക്കേണ്ട എന്നു വെക്കുകയും ചെയ്യുമ്പോൾ സാധ്യതയനുസരിച്ചു തടയാമായിരുന്ന ഒരു രോഗത്താൽ ഗുരുതരമായി ബാധിക്കപ്പെട്ട ഒരു ഭാവി കുട്ടി ഉണ്ടായിരിക്കുന്നതിന്റെ അപകടം സ്വീകരിക്കാൻ തയ്യാറായിരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, കൂടുതൽ കുട്ടികളുണ്ടായി, സാധ്യതയുള്ള ഇത്തരമൊരു ദുരന്തത്തിനു തങ്ങളെത്തന്നെ വിധേയരാക്കുന്നത് ഒഴിവാക്കാൻ കൂടുതലായ പ്രതിരോധനടപടികൾ എടുക്കുന്നതാണു ജ്ഞാനമാർഗമെന്നുപോലും അവർ തീരുമാനിച്ചേക്കാം. ഇത്തരം ഭാരിച്ച തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട ക്രിസ്തീയ മാതാപിതാക്കൾ എല്ലാ വശങ്ങളും പ്രാർഥനാപൂർവം പരിചിന്തിക്കേണ്ടതുണ്ട്.
[അടിക്കുറിപ്പുകൾ]
a ഈ സ്ഥിതിവിവരക്കണക്കുകൾ വർഗങ്ങൾ തോറും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. വെള്ളക്കാരിൽ പലർക്കും ആർഎച്ച്-നെഗററിവിററിക്കുള്ള സാധ്യത 15 ശതമാനമാണ്; അമേരിക്കയിലെ കറുത്തവർഗക്കാരിൽ 7 മുതൽ 8 വരെ ശതമാനം; ഇൻഡോ-യുറേഷ്യൻമാരിൽ ഏതാണ്ട് 2 ശതമാനം; ജപ്പാൻകാരുടെയും ഏഷ്യയിൽനിന്നുള്ള ചൈനാക്കാരുടെയുമിടയിൽ ഒട്ടുംതന്നെയില്ല.—രക്തപ്പകർച്ചാ വൈദ്യ പുനരവലോകനങ്ങൾ (ഇംഗ്ലീഷ്), സെപ്ററംബർ 1988, പേജ് 130.
b ഈ സാഹചര്യത്തിലുള്ള ചില സ്ത്രീകൾക്കു ജനിച്ചിട്ടുള്ള എല്ലാ കുട്ടികളും ആർഎച്ച്-നെഗററീവ് ആയിരുന്നിട്ടുണ്ട്. അതുകൊണ്ട് മാതാവിനു ശാരീരിക സംവേദകത്വമുണ്ടായില്ല. എന്നാൽ മററുചില കേസുകളിൽ ഉണ്ടായ ഏററവും ആദ്യത്തെ കുട്ടിതന്നെ ആർഎച്ച്-പോസിററീവ് ആയിരുന്നിട്ടുണ്ട്, മാതാവ് സംവേദകത്വം പ്രാപിക്കുകയും ചെയ്തു.
c 1990, ജൂൺ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 30, 31 പേജുകളും 1978, ജൂൺ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 30, 31 പേജുകളും വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രികയും കാണുക.
[26-ാം പേജിലെ ചതുരം]
ബിലിറൂബിൻ വർധനവ്—രക്തപ്പകർച്ചയ്ക്കുള്ള കാരണമോ?
ബിലിറൂബിന്റെ അളവ് ഉയരാൻ തുടങ്ങുമ്പോൾ—പ്രത്യേകിച്ച് 100 മില്ലിലിറററിന് 20 മില്ലിഗ്രാം എന്ന അളവിലേക്ക്—“തലച്ചോറിനു ക്ഷതമേൽക്കുന്നതു (kernicterus) തടയാനായി” പലപ്പോഴും എക്സ്ചേഞ്ച് രക്തപ്പകർച്ചയ്ക്കു നിർബന്ധിക്കത്തക്കവണ്ണം കുഞ്ഞുങ്ങളിലെ ബിലിറൂബിൻ വർധനവിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ഡോക്ടർമാർ ദീർഘനാളായി ഭയമുള്ളവരാണ്. ഈ ഭയത്തെയും രക്തപ്പകർച്ചയുടെ മൂല്യത്തെയും നീതീകരിക്കാനാവുമോ?
ഡോ. ആൻറണി ഡിക്സൻ ഇപ്രകാരം പറയുന്നു: “100 മില്ലിക്ക് 18-നും 51-നും മധ്യേ എന്ന നിരക്കിൽ ബിലിറൂബിൻ അളവുള്ളപ്പോൾ ഉണ്ടാകുന്ന താത്കാലികവും നിലനിൽക്കുന്നതുമായ ഭവിഷ്യത്തുകൾ നിർണയിക്കാൻ ഈ കുഞ്ഞുങ്ങളെ സംബന്ധിച്ചു നടത്തിയ അനേകം പഠനങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഡോ. ഡിക്സൻ “20-ന്റെ ഭയമായ വിജിൻറിഫോബിയ”യെക്കുറിച്ചുള്ള ചർച്ച തുടരുന്നു. ഈ വർധിച്ച അളവുകളിലുള്ള ബിലിറൂബിനെ ചികിത്സിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളതായി തെളിഞ്ഞിട്ടില്ലെങ്കിലും ഡോ. ഡിക്സൻ ഇപ്രകാരം നിഗമനം ചെയ്യുന്നു: “വിഷമസ്ഥിതി വ്യക്തമാണ്. നിണനീരിലെ (serum) വർധിച്ച അളവുകളിലുള്ള ബിലിറൂബിനെ തീവ്രമായി ചികിത്സിക്കുന്നത് ഇക്കാലത്തെ ഒരു സർവസാധാരണമായ നടപടിയാണ്. തെററാണെന്നു തെളിയിക്കപ്പെടുന്നതുവരെ വ്യാപകമായി നടന്നുവരുന്ന ഒരു നടപടിയെ വെല്ലുവിളിക്കാൻ പാടില്ല. ഇനിയും, അത് തെററാണെന്നു പ്രകടിപ്പിച്ചു കാണിക്കാനുള്ള ഏതൊരു ശ്രമവും അനീതിയുമാണ്!”—കനേഡിയൻ ഫാമിലി ഫിസിഷ്യൻ, ഒക്ടോബർ 1984, പേജ് 1981.
അതേസമയം, ബിലിറൂബിന്റെ ഒരു സംരക്ഷണാത്മകമായ പങ്കിനെക്കുറിച്ചും “നിണനീരിലെ ബിലിറൂബിന്റെ അളവ് അനുചിതമാംവിധം താണുപോയാൽ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിതമായ ആപത്തുകളെ”ക്കുറിച്ചും ഇററലിയിലെ ഒരു പ്രാമാണികയായ ഡോ. എർസില്യ ഗാർബാന്യാററി എഴുതിയിട്ടുണ്ട്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ശിശുശാസ്ത്രം, മാർച്ച് 1990, പേജ് 380) ഒരു പടികൂടി മുന്നോട്ടു പൊയ്ക്കൊണ്ട് ഡോ. ജോൺ ഹോജ്മൻ വെസ്റേറൺ ജേർണൽ ഓഫ് മെഡിസിനിൽ ഇപ്രകാരം എഴുതുന്നു: “ബിലിറൂബിൻ താണ അളവിലായിരിക്കുമ്പോൾ എക്സ്ചേഞ്ച് രക്തപ്പകർച്ച ബിലിറൂബിൻ തലച്ചോറിനുണ്ടാക്കുന്ന നിറംമാററത്തെ തടയില്ല. മാത്രമല്ല മുകളിൽ ഉദ്ധരിച്ച പരീക്ഷണ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അത് യഥാർഥത്തിൽ അപകടകരവുമായിരുന്നേക്കാം.”—ജൂൺ 1984, പേജ് 933.