യഹോവയുടെ സാക്ഷികളിൽ രക്തരഹിത ശസ്ത്രക്രിയയുടെ വികാസത്തിനു വഴിതെളിക്കുന്നു
യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ചകൾ സ്വീകരിക്കാത്തതുനിമിത്തം സമീപവർഷങ്ങളിൽ അവർ കൂടെക്കൂടെ വാർത്താതലക്കെട്ടുകൾ പിടിച്ചുപററിയിട്ടുണ്ട്. അവരുടെ നിരസനത്തിന്റെ കാരണം തിരുവെഴുത്തുപരമാണെങ്കിലും, തിരിച്ചറിയപ്പെട്ടിട്ടുള്ള ശാരീരിക അപകടങ്ങളുമുണ്ട്. (ഉൽപത്തി 9:3, 4; ലേവ്യപുസ്തകം 17:10-12; പ്രവൃത്തികൾ 15:28, 29) അവരുടെ നിലപാടു ഡോക്ടർമാരുമായും ആശുപത്രികളുമായും കോടതികളുമായും ഏററുമുട്ടലുകളിൽ കലാശിച്ചിരിക്കുന്നു. പ്രായപൂർത്തിയായ സാക്ഷികൾ പകർച്ചകൾ നിരസിച്ചതുനിമിത്തം അവർക്കു ശസ്ത്രക്രിയാനടപടികൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്; അവരുടെ കുട്ടികൾ കോടതിവിധിയുടെ പിൻബലത്തോടെ വഴങ്ങാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.
രക്തപ്പകർച്ചകൾ സംബന്ധിച്ച നിലപാടുകൾക്ക് ഇപ്പോൾ കുറെ മാററമുണ്ടായിട്ടുണ്ട്. നൽകപ്പെടുന്ന രക്തം മിക്കപ്പോഴും രോഗാണുബാധിതമാണ്. പകർച്ചകളിലൂടെ രോഗങ്ങൾ പകരുന്നു—അവയിൽ ചിലതു മാരകമാണ്. രക്തം വൻ ബിസിനസ്സായിത്തീരുകയും അതിന്റെ പതിവായ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യവേ അത്യാഗ്രഹം ഒരു വലിയ ഘടകമായിത്തീർന്നിരിക്കുന്നുa—ശസ്ത്രക്രിയക്ക് കൂടുതലായി അനാവശ്യമായ അപകടം വരുത്തിക്കൂട്ടിക്കൊണ്ടുതന്നെ. ഈ കാരണങ്ങളാലും മററുകാരണങ്ങളാലും യഹോവയുടെ സാക്ഷികളെക്കൂടാതെ അനേകർ പതിവായി രക്തപ്പകർച്ചകൾ സ്വീകരിക്കുന്ന കാര്യം പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിലെല്ലാം യഹോവയുടെ സാക്ഷികൾ ഒരു പങ്കു വഹിച്ചിരിക്കുന്നു. അവരിൽ ആയിരങ്ങൾക്ക് ഓപ്പറേഷൻ നടത്തിയിട്ടുണ്ട്, അനേകം കേസുകളിൽ രക്തം സ്വീകരിച്ച ആളുകളേക്കാൾ കൂടുതൽ വേഗത്തിൽ പോലും സുഖം പ്രാപിച്ചിട്ടുമുണ്ട്. ശസ്ത്രക്രിയാവിദഗ്ദ്ധർക്കു വളരെ കുറഞ്ഞ രക്തനഷ്ടത്തോടെ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്നും ചില സന്ദർഭങ്ങളിൽ രക്തത്തിന്റെ അളവു മുൻപ് സുരക്ഷിതമാണെന്നു കരുതിയിരുന്ന അളവിനേക്കാൾ കൂടുതൽ കുറയാൻ കഴിയുമെന്നും സാക്ഷികളുടെ അനുഭവം പ്രകടമാക്കുന്നു. മാത്രവുമല്ല, അവരുടെ കേസുകൾ മററു തരത്തിലുള്ള അനേകം ചികിത്സകൾ ഇപ്പോൾ ലഭ്യമാണെന്നും കാണിച്ചിരിക്കുന്നു, ഇപ്രകാരം രക്തപ്പകർച്ചകളുടെ ചെലവും അപകടസാദ്ധ്യതയും ഇല്ലാതാക്കുന്നു. അവരുടെ കോടതിവിജയങ്ങൾ ചില ചികിത്സാനടപടികൾ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അവകാശം രോഗികൾക്കു മടക്കിക്കൊടുത്തിട്ടുമുണ്ട്.
ഇതിൽ അധികവും യഹോവയുടെ സാക്ഷികൾ നേടിയത് ഡോക്ടർമാരുമായും ആശുപത്രികളുമായും സഹകരിച്ചു പ്രവർത്തിച്ചതുകൊണ്ടാണ്. സമീപവർഷങ്ങളിൽ അവർ തങ്ങളുടെ ലോക ആസ്ഥാനത്തു ഹോസ്പിററൽ ഇൻഫർമേഷൻ സർവീസസ് (HIS) എന്നു വിളിക്കപ്പെടുന്ന ഒരു വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഈ വകുപ്പിന്റെ പ്രതിനിധികൾ വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചാഫീസുകളിൽ ചിലതിൽ സെമിനാറുകൾ നടത്തിക്കൊണ്ടും ആവശ്യം നേരിടുമ്പോൾ ആശുപത്രികളുമായും ഡോക്ടർമാരുമായും ബന്ധപ്പെടുന്നതിനു ഹോസ്പിററൽ ലെയ്സൻ കമ്മിററികൾ രൂപീകരിച്ചുകൊണ്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാജ്യങ്ങളിൽ പര്യടനം നടത്തിയിരിക്കുന്നു. വലിയ ബ്രാഞ്ചാഫീസുകൾ സന്ദർശിക്കുമ്പോൾ എച്ച് ഐ എസ് പ്രതിനിധികൾ തങ്ങൾ പോയതിനുശേഷം വേല തുടരാൻ ഒരു ഹോസ്പിററൽ ഇൻഫർമേഷൻ സർവീസസ് ഡെസ്ക്ക് സ്ഥാപിക്കുകയും ചെയ്യുന്നു.
രക്തപ്പകർച്ചകൾക്കു പകരമുള്ള അനുയോജ്യമായ മരുന്നുകളേക്കുറിച്ചു ചർച്ച നടത്തിക്കൊണ്ടും സൂക്ഷ്മശ്രദ്ധയോടെയുള്ള ശസ്ത്രക്രിയാവൈദഗ്ദ്ധ്യത്തിനു രക്തനഷ്ടം വളരെയധികം കുറയ്ക്കാൻ കഴിയുമെന്നു വിശദീകരിച്ചുകൊണ്ടും ഡോക്ടർമാരോടും ആശുപത്രിയധികൃതരോടും സംസാരിക്കാൻ ഈ സെമിനാറുകൾ ഈ കമ്മിററികളെ പരിശീലിപ്പിക്കുന്നു. അന്തിമമായി, എച്ച് ഐ എസ്സിലെ സന്ദർശകാംഗങ്ങൾ ഡോക്ടർമാരോടും ആശുപത്രിയധികൃതരോടും സംസാരിക്കാൻ അവരുടെ അടുത്തേക്കു ഈ പുതിയ ലെയ്സൻ കമ്മിററികളെ കൊണ്ടുപോകുന്നതിനാൽ അവർക്കു പ്രവർത്തനരംഗത്തെ പരിശീലനം കൊടുക്കുന്നു.
ഒരു തുടക്കമെന്നനിലയിൽ ഐക്യനാടുകളിൽ 18 സെമിനാറുകൾ നടത്തി. അതിനുശേഷം, ആസ്ട്രേലിയായിലും ജപ്പാനിലും ഫിലിപ്പൈൻസിലും ഹവായിയിലും ഓരോന്നുവീതം, പസഫിക് പ്രദേശത്തു നാലെണ്ണം നടത്തപ്പെട്ടു, ആ പ്രദേശങ്ങളിലെ വാച്ച്ററവർ സൊസൈററിയുടെ എട്ടു ബ്രാഞ്ചാഫീസുകളെ സേവിച്ചുകൊണ്ടുതന്നെ.b ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ് നവംബറിലും ഡിസംബറിലും എച്ച് ഐ എസ്സിലെ മൂന്ന് അംഗങ്ങൾ യൂറോപ്പിലും ലാററിൻ അമേരിക്കയിലും കരീബിയനിലും പത്തു സെമിനാറുകൾക്കൂടി നടത്തി. ആ സെമിനാറുകളുടെ ഫലങ്ങളേക്കുറിച്ചുള്ള ഒരു റിപ്പോർട്ടാണു തുടർന്നുവരുന്നത്.
യൂറോപ്പിൽ അഞ്ചെണ്ണം നടത്തപ്പെട്ടു—ഇംഗ്ലണ്ടിലും സ്വീഡനിലും ഫ്രാൻസിലും ജർമ്മനിയിലും സ്പെയിനിലും ഓരോന്നുവീതം. ഈ സെമിനാറുകൾ വാച്ച്ററവർ സൊസൈററിയുടെ 20 ബ്രാഞ്ചാഫീസുകളെ സേവിക്കുകയും ഹോസ്പിററൽ ലെയ്സൻ കമ്മിററി പ്രവർത്തനത്തിനായി 1,700-ൽപരം മൂപ്പൻമാരെ പരിശീലിപ്പിക്കുകയും ചെയ്തു.
രക്തം സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ ഉറച്ച നിലപാടു നിമിത്തം രക്തരഹിതശസ്ത്രക്രിയയുടെ മണ്ഡലത്തിൽ പുരോഗതി നേടുന്നതിന് അവർ വൈദ്യശാസ്ത്രതൊഴിൽരംഗത്തെ സഹായിച്ചിരിക്കുന്നുവെന്ന് ഒരു ഫ്രെഞ്ച് വൈദ്യശാസ്ത്രജ്ഞൻ സമ്മതിച്ചുപറഞ്ഞു. പ്രയാസകരമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനു മററു യാതൊരു മതവും ഇത്രത്തോളം ശ്രമംചെലുത്തിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
സ്പെയിനിലെ മഡ്രിഡിലുള്ള ഏററവും പുരോഗമിച്ച ആശുപത്രി ഈ പ്രശ്നത്തിൽ യഹോവയുടെ സാക്ഷികളോടു തികച്ചും എതിരായിരുന്നു. നട്ടെല്ലിലെ ശസ്ത്രക്രിയ ആവശ്യമായിരുന്ന ഒരു സാക്ഷിക്ക് ഒരു രക്തപ്പകർച്ച നിരസിച്ചതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ടു. അവൾ ആശുപത്രി വിട്ടുപോകാൻ വിസമ്മതിച്ചപ്പോൾ ഭക്ഷണവും പാനീയവും കൊടുക്കാതിരുന്നുകൊണ്ട് അവളെ ഇറങ്ങിപ്പോകാൻ നിർബന്ധിതയാക്കി. എന്നിരുന്നാലും, എച്ച് ഐ എസ്സിലെ അംഗങ്ങൾ സംഭാഷണാനുമതി നേടി, അവർ ആശുപത്രിയുടെ ഡയറക്ടറുമായും ശസ്ത്രക്രിയാ വിഭാഗത്തിന്റെ തലവനുമായും രണ്ടു മണിക്കൂർ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഫലമെന്തായിരുന്നു? അവർ ശസ്ത്രക്രിയ നടത്താൻ സമ്മതിക്കുകയും ഇറക്കിവിട്ട സാക്ഷിയെ ഓപ്പറേഷനുവേണ്ടി ഫോണിൽ തിരികെവിളിക്കുകയും ചെയ്തു.
ഇററലിയിൽ സെമിനാർകഴിഞ്ഞു മടങ്ങിവന്ന സാക്ഷികൾ ഒരു അകാലജാതശിശുവിൽ രക്തപ്പകർച്ച അടിച്ചേൽപ്പിക്കാനുള്ള ഒരു ശ്രമത്തെ പെട്ടെന്നുതന്നെ അഭിമുഖീകരിച്ചു. അവർ ഇങ്ങനെ പറഞ്ഞു: “സെമിനാറിൽനിന്നു ഞങ്ങൾക്കു ലഭിച്ച വിവരങ്ങൾകൊണ്ട് ആ സാഹചര്യത്തിന്റെ സംഘർഷം കുറയ്ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു, കുട്ടിയെ രക്തമില്ലാതെ വിജയകരമായി ചികിത്സിച്ചു.”
ലാററിൻ അമേരിക്കയിലേക്കും കരീബിയനിലേക്കും
അടുത്ത അഞ്ചു സെമിനാറുകൾ മെക്സിക്കോയിലും അർജ്ജൻറീനയിലും ബ്രസ്സീലിലും ഇക്വഡോറിലും പ്യൂർട്ടോറിക്കോയിലും നടത്തപ്പെട്ടു. ഈ അഞ്ചു സെമിനാറുകൾ വാച്ച്ററവർ സൊസൈററിയുടെ മുപ്പത്തിരണ്ടു ബ്രാഞ്ചാഫീസുകളെ സേവിച്ചു.
യഹോവയുടെ സാക്ഷികൾ രക്തരഹിതശസ്ത്രക്രിയയ്ക്കു നേതൃത്വം കൊടുത്തുവെന്നും ആ പ്രാരംഭമുന്നേററശ്രമങ്ങളിൽനിന്നു മററുള്ളവർക്കും പ്രയോജനം നേടാൻ കഴിയത്തക്കവണ്ണം ആ മേഖലയിൽ ഇപ്പോൾത്തന്നെ വേണ്ടത്ര വൈദഗ്ദ്ധ്യം ഉണ്ടെന്നും മെക്സിക്കോനഗരരക്തബാങ്കിന്റെ ഡയറക്ടർ പറഞ്ഞു. രക്തസ്രാവത്തിന്റെ കേസുകളിൽ ചികിത്സിക്കുന്നതിനുള്ള പകരംമരുന്നുകളുടെ പട്ടികകൊടുക്കുന്ന എച്ച് ഐ എസ്സ് ഷീററ് അദ്ദേഹം നോക്കി.c എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘മെക്സിക്കോ നഗരത്തിലെ എല്ലാ ആശുപത്രികളിലെയും രോഗവിവര പത്രങ്ങൾക്കുവേണ്ടി ഇതിന്റെ പകർപ്പുകൾ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ അറിവിനായി അതിന്റെ പകർപ്പെടുക്കാൻ ഞാൻ ഡോക്ടർമാരോട് ആവശ്യപ്പെടും. അതിനുശേഷം ഭാവിയിൽ രക്തത്തിനുവേണ്ടി അവർ ഈ രക്തബാങ്ക് സന്ദർശിക്കുമ്പോൾ ഈ ഷീററ് പുറത്തെടുക്കാൻ ആദ്യംതന്നെ അവരോട് ആവശ്യപ്പെട്ടശേഷം ഞങ്ങൾ ഇങ്ങനെ ചോദിക്കും, “നിങ്ങൾ ഇത് ഉപയോഗിച്ചോ? നിങ്ങൾ അത് പരീക്ഷിച്ചുനോക്കിയോ?” ഈ പകരംമരുന്നുകൾ അവർ ഉപയോഗിച്ചുനോക്കിയിട്ടില്ലെങ്കിൽ, അവരതു ചെയ്യുന്നതുവരെ ഞങ്ങളിൽനിന്ന് അവർക്ക് രക്തം ലഭിക്കുകയില്ല!’
ഉത്തര അർജ്ജൻറീനയിലെ രക്തബാങ്കിന്റെ ഡയറക്ടറും സഹായമനസ്ക്കനായിരുന്നു. ആ പ്രദേശത്തു ഗവൺമെൻറാശുപത്രിയിൽ വരുന്ന ഏതൊരാളും ബന്ധുക്കളെയോ സ്നേഹിതരെയോ കുറഞ്ഞതു രണ്ടു യൂണിററു രക്തമെങ്കിലും മുൻകൂർ ദാനം ചെയ്യാൻ ക്രമീകരണം ചെയ്തിരിക്കണം എന്നൊരു നയമുണ്ട്, അല്ലാത്തപക്ഷം അയാൾക്കു ചികിത്സ നിഷേധിക്കപ്പെടുന്നു. ഇപ്രകാരം, സാക്ഷികൾക്ക് അത് അനുസരിക്കാൻ കഴിഞ്ഞില്ല, അവർക്കു ചികിത്സ നിഷേധിക്കപ്പെട്ടു. രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച ഞങ്ങളുടെ ആത്മാർത്ഥമായ ബോധ്യം ഞങ്ങൾ വിശദീകരിച്ചുകഴിഞ്ഞപ്പോൾ, അടുത്തപ്രാവശ്യം വീണ്ടും എഴുതുമ്പോൾ ഈ നയത്തിൽ ഒരു മാററം വരുത്താൻ അദ്ദേഹം ക്രമീകരണം ചെയ്തു. ഇതിനിടയിൽ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ മുൻകൂട്ടിയുള്ള മെഡിക്കൽ നിർദ്ദേശ കാർഡു കാണിക്കുന്ന സാക്ഷികൾ രക്തം ദാനം ചെയ്യണം എന്നുള്ള വ്യവസ്ഥയിൽനിന്ന് ഒഴിവുള്ളവരായിരിക്കും.
ഇക്വഡോറിൽ സാക്ഷികളിലും സാക്ഷികളല്ലാത്തവരിലും രക്തം ഉപയോഗിക്കാതെ 2,500 ശസ്ത്രക്രിയകൾ നടത്തിയ പ്രമുഖനും സ്വാധീനമുള്ളവനുമായ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധൻ ഉണ്ട്. രക്തശേഖരത്തിൽനിന്ന് അനേകം അപകടങ്ങൾ രോഗിക്ക് ഉണ്ടാകുന്നതിനാൽ ആ ദേശത്തു രക്തരഹിതശസ്ത്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രചാരണം തുടങ്ങാൻ താൻ ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഇക്വഡോറിലെ സെമിനാറിനെ തുടർന്ന് ആ പരിപാടിയിൽ സംബന്ധിച്ച ഒരു ശസ്ത്രക്രിയാവിദഗ്ദ്ധൻ ഇപ്രകാരം പറഞ്ഞു: “ഈ ആളുകൾ വൈദ്യശാസ്ത്രത്തിൽ ഇത്ര മികവുററ ഗവേഷണപ്രാപ്തിയുള്ളവരാണെങ്കിൽ, അത് അവരുടെ ബൈബിൾ പഠനത്തേക്കുറിച്ചു ചിലതു സൂചിപ്പിക്കുന്നു. അവരുടെ മതം പരിശോധിക്കാൻതക്ക മൂല്യമുള്ളതാണെന്ന് എനിക്കു തോന്നുന്നു.”
പ്യൂർട്ടോറിക്കോയിൽ മനോഭാവത്തിലെ സ്വാഗതാർഹമായ ഒരു മാററം കാണപ്പെട്ടു. കഴിഞ്ഞകാലത്ത്, പ്രായപൂർത്തിയായ സാക്ഷികളെ ചിലപ്പോൾ കെട്ടിയിട്ട് അവർക്ക് ബലമായി രക്തം കൊടുത്തിട്ടുണ്ട്; അവരിൽ ചിലർ പിന്നീടു മരിച്ചു. എച്ച് ഐ എസ്സ് പ്രതിനിധികൾ പ്യൂർട്ടോറിക്കോ ഹോസ്പിററൽ അസോസിയേഷന്റെ വൈസ് പ്രസിഡൻറിനെയും നിയമോപദേശം കൊടുക്കുന്ന വക്കീലിനെയും കണ്ടു; ഒടുവിൽ പറഞ്ഞ മാന്യദേഹവും ഒരു ആശുപത്രി ഭരണാധികാരിയായിരുന്നു. ഔപചാരിക പരിചയപ്പെടുത്തലുകൾ കഴിഞ്ഞ ഉടനെയും എച്ച് ഐ എസ്സ് പ്രതിപാദനം തുടങ്ങുന്നതിനു മുമ്പു തനിക്ക് ചിലതു പറയാനുണ്ടെന്നു വക്കീൽ പറഞ്ഞു. സാക്ഷികളെ അതിശയിപ്പിച്ചുകൊണ്ട്, അയാൾ ആ ദ്വീപിലെ ആശുപത്രികളിൽ രോഗികളുടെ അവകാശങ്ങളെ മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതിയുടെ വർണ്ണന തുടങ്ങി, പ്രതിപാദനരേഖയിലെ മുഖ്യപോയിൻറുകൾ അതിൽ ഉൾപ്പെട്ടിരുന്നു! അയാൾക്കു കൊടുത്ത ചില വിവരങ്ങളുടെ പകർപ്പെടുക്കാനുള്ള അനുവാദവും അയാൾ ചോദിച്ചു; ഹോസ്പിററൽ അസോസിയേഷൻമാസികയ്ക്കായി തയ്യാറാക്കുന്ന ഒരു ലേഖനത്തിൽ അത് ഉൾപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു.
ഐക്യനാടുകളിൽ ലഭിച്ച ഫലങ്ങൾ
ഒരു ഡോക്ടർ—തന്റെ ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗത്തിന്റെ ചെയർമാനായ ജെയിംസ് ജെ റൈലി—പ്രാദേശിക ലെയ്സൻ കമ്മിററിയോട് ഒരു സാർത്ഥകമായ പ്രസ്താവന നടത്തി: “നിങ്ങൾ രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച വൈദ്യശാസ്ത്രപരവും നിയമപരവുമായ വിവരങ്ങളുടെ മുൻനിരയിൽ നിൽക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു.”
വാഷിംഗ്ടൺ ഡി. സി. പ്രദേശത്തെ ഒരു വലിയ ആശുപത്രിയിൽ ഹോസ്പിററൽ ലെയ്സൻ കമ്മിററി ഭരണരംഗത്തിലെയും വൈദ്യശാസ്ത്രരംഗത്തിലെയും ഭാരവാഹികളുടെ ഒരു കൂട്ടവുമായി കൂടിക്കാഴ്ച നടത്തി. അവർ പിൻതുണ വാഗ്ദാനം ചെയ്യുകയും “ഇതുപോലെയുള്ള ഒരു പിൻതുണക്രമീകരണത്തോടെ ഒരു അടിയന്തിരസമയത്ത് സ്വന്തം ആളുകളെ സഹായിക്കാനുള്ള വാച്ച്ററവറിന്റെ പ്രതിബദ്ധതയോടു” വിശേഷാൽ വിലമതിപ്പ് പ്രകടമാക്കുകയും ചെയ്തു.
വിസ്കോൺസിനിലെ ഒരു ആശുപത്രിയിലുള്ള ഒരു രോഗീപരിപാലനവിഭാഗത്തിന്റെ മേധാവി യഹോവയുടെ സാക്ഷികളെ സംബന്ധിച്ചു താൻ എത്ര തെററിദ്ധരിച്ചിരുന്നുവെന്നു പ്രസ്താവിച്ചു. “സകല വൈദ്യശാസ്ത്രനിയമനിർമ്മിതാക്കളിലും ഈ സന്ദേശം എത്തിക്കുന്നതിൽ മുന്നേറാൻ” അവർ ഹോസ്പിററൽ ലെയ്സൻ കമ്മിററിയെ പ്രോത്സാഹിപ്പിച്ചു.
എച്ച് ഐ എസ്സിന്റെ പ്രവർത്തനത്തിന്റെ ഒരു വശം വൈദ്യശാസ്ത്രപരവും നിയമപരവും ആയ പുതിയ വിവരങ്ങൾ നിർദ്ദിഷ്ട ഡോക്ടർമാർക്കും, ആശുപത്രികൾക്കും, ആശുപത്രി-വൈദ്യശാസ്ത്ര സംഘടനകൾക്കും അയച്ചുകൊടുക്കുകയാണ്. മേരിലാൻറിലുള്ള ബാൾട്ടിമോറിലെ ഒരു ആശുപത്രിയിലുള്ള ഒരു റിസ്ക് മാനേജരിൽനിന്നുള്ള മറുപടി ഇപ്രകാരം പ്രസ്താവിച്ചു: “രക്തപ്പകർച്ചകളേക്കുറിച്ചും യഹോവയുടെ സാക്ഷികളേക്കുറിച്ചും എന്റെ ശ്രദ്ധയിലേക്കു വരുത്തപ്പെട്ട വിശദമായ വിവരങ്ങൾക്കു നന്ദി. യഹോവയുടെ സാക്ഷികളെ ചികിത്സിക്കുന്നതു സംബന്ധിച്ച ഞങ്ങളുടെ നയങ്ങൾക്കു ഭേദഗതി വരുത്തുന്നതിനു ഞങ്ങളുടെ ആശുപത്രിയെ പിൻതുണയ്ക്കുന്നതിൽ ഈ വിവരങ്ങൾ വളരെ സഹായകരമായിരിക്കും.”
ഐക്യനാടുകളിൽമാത്രം, യഹോവയുടെ സാക്ഷികളിൽ രക്തരഹിതശസ്ത്രക്രിയ നടത്താൻ സന്നദ്ധരായവരുടെ പട്ടികയിൽ 10,000-ത്തോളം ഡോക്ടർമാരുണ്ട്.
ഇന്നോളം നടത്തപ്പെട്ടിട്ടുള്ള 32 സെമിനാറുകൾ മുഖാന്തരം ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള യഹോവയുടെ സാക്ഷികളുടെ ആവശ്യങ്ങളെ നേരിടുന്നതിന് 62 ബ്രാഞ്ചാഫീസുകളിൽ ലെയ്സൻ കമ്മിററികൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവ ഇപ്പോൾ ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളെ പരിപാലിക്കുന്നതിനു സജ്ജമാണ്. എച്ച് ഐ എസ്സിന്റെ പ്രവർത്തനങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കുന്നുവെന്നു ഫലങ്ങൾ പ്രകടമാക്കുന്നു. (g91 11/22)
[അടിക്കുറിപ്പുകൾ]
a വിശദാംശങ്ങൾക്കായി 1991 ഒക്ടോബർ 8-ലെ ഉണരുക!യുടെ 2-15 വരെയുള്ള പേജുകൾ കാണുക.
b ഈ രാജ്യങ്ങളെ സംബന്ധിച്ച ഒരു റിപ്പോർട്ടിനുവേണ്ടി 1990 നവംബർ 22-ലെ ഉണരുക! (ഇംഗ്ലീഷ്) കാണുക, “ഡോക്ടർമാരും സാക്ഷികളായ രോഗികളും തമ്മിലുള്ള വിടവുനികത്തൽ” എന്ന തലക്കെട്ടോടുകൂടിയ ലേഖനം.
c ഈ ഷീററിന്റെ പകർപ്പ് ഈ മാസികയുടെ 10-ാം പേജിൽ കൊടുത്തിരിക്കുന്നു.
[10-ാം പേജിലെ ചതുരം]
രക്തപ്പർച്ച കൂടാതെ രക്തസ്രാവത്തെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യൽ
1. ശസ്ത്രക്രിയാസംബന്ധമായ ഉപകരണങ്ങൾ:
ഏ. ഇലക്ട്രോകോട്ടെറി
ബി. ലേസർ ശസ്ത്രക്രിയ
സി. ആർഗോൺ ബീം കോഗുലേററർ
ഡി. ഗാമ നൈഫ് റേഡിയോസർജറി
2. ആന്തരികരക്തവാർച്ച കണ്ടുപിടിക്കാനും തടയാനും ഉള്ള ഉപകരണങ്ങളും സാങ്കേതികമാർഗ്ഗങ്ങളും
ഏ. ആന്തരിക രക്തവാർച്ചയുടെ സ്ഥാനം കണ്ടുപിടിക്കുന്നതിനുള്ള എൻഡോസ്കോപ്പി
ബി. ഫെക്ല്സിബിൾ സക്ഷൻ കോവാഗുലേററർ ഇലക്ട്രോഡ് (പാപ്പ്, ജെ. പി., JAMA, 1976 നവംബർ 1, പേജുകൾ 2076-9)
സി. ആർട്ടീരിയൽ എംബൊളൈസേഷൻ (JAMA, 1974 നവംബർ 18, പേജുകൾ 952-3)
ഡി. താഴ്ന്ന നിയന്ത്രിതരക്തമർദ്ദം (രക്തവാർച്ച നിർത്താൻ കഴിയുന്നതുവരെ)
ഈ. കലാസംയോജിനികൾ (ഡോ. എസ്. ഈ സിൽവാസ്, MWN, 1977 സെപ്ററംബർ 5)
3. ഓപ്പറേഷനും ബോധം കെടുത്തുന്നതിനുമുള്ള സാങ്കേതികവിദ്യകൾ
ഏ. ഹൈപ്പോടെൻസീവ് അനസ്തേഷ്യ (രക്തസമ്മർദ്ദം കുറയ്ക്കൽ)
ബി. ഹൈപ്പോതെർമിയ (ശരീരത്തിന്റെ താപനില കുറയ്ക്കൽ)
സി. ഇൻട്രാഓപ്പറേററിവ് ഹീമോഡയല്യൂഷൻ
ഡി. ഇൻട്രാഓപ്പേറേററിവ് ബഡ്ള് സാൽവേജ് മെഷീൻസ്, ഉദാ., “സെൽ-സേവർ”
ഈ. മെററിക്കുലസ് ഹീമോസ്ററാസിസ് ആൻഡ് ഓപ്പറേററിവ് ടെക്നിക്
എഫ്. ഓപ്പറേഷൻ ചെയ്യുന്ന സമയം കുറയ്ക്കുന്നതിന് ശസ്ത്രക്രിയാടീമിൽ കൂടുതൽ അംഗങ്ങൾ
4. നിരീക്ഷണോപകരണങ്ങൾ:
ഏ. ട്രാൻക്യൂട്ടേനിയസ് ഓക്സിജൻ മോണിററർ
ബി. ഓക്സീമീററർ
5. വ്യാപ്തവർദ്ധിനികൾ:
ഏ. ക്രിസ്ററലോയ്ഡ്സ്
(1) റിംഗേഴ്സ് ലാക്റേറട് (എയ്ക്നെർ, ഈ. ആർ., സർജറി ആനുവൽ, 1982 ജനുവരി, 85-99 വരെയുള്ള പേജുകൾ)
(2) നോർമൽ സലൈൻ
ബി. കൊളോയ്ഡ്സ്
(1) ഡെക്സ്ട്രാൻ
(2) ജെലാററിൻ (ഹോവെൽ, പീ. ജെ., അനസ്തേഷ്യ, ജനുവരി 1987, 44-8 വരെയുള്ള പേജുകൾ)
(3) ഹെററാസ്ററാർച്ച്
6. കെമിക്കൽ ഹിമോസ്ററാററ്സ്:
ഏ. അവിടീൻ
ബി. ജെൽഫോം
സി. ഓക്സിസെൽ
ഡി. സർജിസെൽ
ഈ. മററനേകവും
7. താഴ്ന്ന ഹീമോഗ്ലോബിനുള്ള ചികിത്സകൾ:
ഏ. ഓക്സിജൻ
ബി. ഹൈപ്പെർബെറിക് ഓക്സിജൻ അറ (ഹാർട്ട്, ജി. ബി, JAMA, 1974 മെയ് 20, 1028-9 വരെയുള്ള പേജുകൾ)
സി. അയൺ ഡെക്സ്ട്രാൻ (ഡഡ്റിക്, എസ്സ്. ജെ., ആർക്കൈവ്സ് ഓഫ് സർജറി, 1985 ജൂൺ, 721-7 വരെയുള്ള പേജുകൾ)
ഡി. ഫോളിക് ആസിഡ്
ഈ. എരിത്രോപോയററിൻ—രക്തം ഉത്പാദിപ്പിക്കാൻ അസ്ഥിമജ്ജയെ ഉത്തേജിപ്പിക്കുന്നു
എഫ്. അനാബോളിക് സ്ററീറോയിഡുകൾ, ഉദാ., ഡെക്കാഡ്യൂറാബോലിൻ അഥവാ കൃത്രിമ വളർച്ചാഹോർമോൺ
ജി. വൈററമിൻ ബി-12 ഇൻട്രാമസ്കുലർ ഇൻജക്ഷൻ
എച്ച്. വൈററമിൻ സി
ഐ. വൈററമിൻ ഈ (വിശേഷാൽ നവജാതരിൽ)
8. ബാഹ്യനടപടികൾ:
ഏ. രക്തവാർച്ചയ്ക്ക്:
(1) നേരിട്ടു പ്രയോഗിക്കുന്ന മർദ്ദം
(2) ഐസ് പായ്ക്ക്സ്
(3) ശരീരത്തിന്റെ നിലനിർണ്ണയിക്കൽ (ഉദാ., രക്തവാർച്ച കുറക്കു ന്നതിന് മുറിവേററ ഭാഗം ഉയർത്തിവയ്ക്കൽ)
ബി. ഷോക്കിന്:
(1) കാലുകളിൽ പ്രഷർകഫുകൾ വെക്കുക
(2) ഷോക്കുവിരുദ്ധ ട്രൗസറുകൾ
(3) രക്തമർദ്ദം നിലനിർത്തുന്നതിന് ഇരുകാലുകളും ഉയർത്തൽ
9. രക്തപ്രശ്നങ്ങൾ ഉള്ള രോഗികൾക്കുള്ള മരുന്നുകൾ:
ഏ. DDAVP, ഡെസ്മോപ്രെസ്സിൻ (കോബ്രിൻസ്കി, N. L., ലൻസെററ്, 1984 മെയ് 26, 1145-8 വരെയുള്ള പേജുകൾ)
ബി. ഈ-അമിനോകാപ്രോയ്ക് ആസിഡ് (ഷ്വാർട്സ്, S.I., സമകാലീന ശസ്ത്രക്രിയ, 1977 മെയ്, 37-40 വരെയുള്ള പേജുകൾ)
സി. വൈററമിൻ K
ഡി. ബൈയോഫ്ളെവനോയ്ഡ്സ് (ഫിസിഷ്യൻസ് ഡെസ്ക് റെഫെറെൻസ്)
ഈ. കാർബാസോക്രോം സലിസൈലേററ്
എഫ്. ട്രാനെക്സാമിക് ആസിഡ് (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ടോപ്പിയോ അപ്ഡേററ്, 1989 മെയ്)
ജി. ഡെനാസോൾ
10. മററു പോയിൻറുകൾ:
ഏ. മെർക്കുറിയിൽ 90-100 മി.മി ആയി രക്തമർദ്ദം മിതമായി കുറയുന്നതു മുറിഞ്ഞ ഒരു ധമനിയിൽ സ്വാഭാവികമായി രക്തം കട്ടപിടിച്ചുകൊണ്ടു രക്തസ്രാവം നിലയ്ക്കാൻ സഹായിച്ചേക്കാം
ബി. ശസ്ത്രക്രിയക്ക് ഏററവും കുറഞ്ഞത് 10 ഗ്രാം ഹീമോഗ്ലോബിൻ വേണമെന്നുള്ള നിയമത്തിന് സാധുവായ യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല
സി. ശസ്ത്രക്രിയാരോഗികൾ 1.8 വരെ താഴെയുള്ള ഹീമോഗ്ലോബിൻ കൊണ്ട് അതിജീവിച്ചിട്ടുണ്ട് (അനസ്തേഷ്യ, 1987, വാല്യം 42, പേജുകൾ 44-8 വരെ)
ഡി. ഹീമോഗ്ലോബിന്റെ താഴ്ന്ന അളവു താഴ്ന്ന രക്തശ്യാനതയിൽ കലാശിക്കുന്നു, ക്രമത്തിൽ ഹൃദയത്തിൻമേലുള്ള ഭാരം കുറയുന്നതിനും കലകളിലെ രക്തപ്രവാഹവും ജാരണവും മെച്ചപ്പെടുന്നതിനും ഇടയാക്കുന്നു