യഥാർഥനീതി—എപ്പോൾ, എങ്ങനെ?
നിരപരാധി യഥാർഥ നീതിയെ തെല്ലും ഭയപ്പെടേണ്ടതില്ല. തീർച്ചയായും, നീതി ഉറപ്പുവരുത്താൻ ശ്രമിക്കുന്ന ഒരു നിയമ വ്യവസ്ഥ രാജ്യത്ത് ഉണ്ടെങ്കിൽ പൗരന്മാർക്കു കൃതജ്ഞതയുള്ളവർ ആയിരിക്കാൻ കാരണമുണ്ട്. നിയമങ്ങളുടെ ചട്ടക്കൂട്, അവ നടപ്പാക്കാനുള്ള പൊലീസ് സേന, നീതി നിർവഹണത്തിനുള്ള കോടതികൾ എന്നിവയൊക്കെ അത്തരമൊരു വ്യവസ്ഥയിൽ ഉൾപ്പെടുന്നു. ‘ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങാ’നുള്ള ബൈബിൾ ഉദ്ബോധനത്തിനു ചേർച്ചയിൽ സത്യ ക്രിസ്ത്യാനികൾ തങ്ങൾ ജീവിക്കുന്നിടത്തെ നിയമ വ്യവസ്ഥയെ ആദരിക്കുന്നു.—റോമർ 13:1-7.
എന്നാൽ അനേകം രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകൾ ദോഷകരവും വ്യാകുലപ്പെടുത്തുന്നതുമായ പിഴവുകൾ വരുത്തിയിട്ടുണ്ട്.a കുറ്റക്കാരനെ ശിക്ഷിക്കുകയും നിരപരാധിയെ സംരക്ഷിക്കുകയും ചെയ്യുന്നതിനു പകരം ചില അവസരങ്ങളിൽ ചെയ്യാത്ത കുറ്റത്തിന് നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ വർഷങ്ങളോളം ജയിലിൽ കിടന്ന ശേഷം ശിക്ഷ പൂർത്തിയാകുന്നതിനു മുമ്പ് മോചിതരായിട്ടുണ്ട്. അവർ കുറ്റക്കാരായിരുന്നോ എന്നും അവരെ കുറ്റക്കാരായി പ്രഖ്യാപിച്ചതു കാര്യകാരണസഹിതമാണോ എന്നുമുള്ള ശക്തമായ സംശയം ബാക്കിനിൽക്കെയാണ് അപ്രകാരം ചെയ്തിട്ടുള്ളത്. അതുകൊണ്ട് അനേകരും ചോദിക്കുന്നു, എല്ലാവർക്കും യഥാർഥ നീതി ലഭിക്കുന്ന കാലം എന്നെങ്കിലും വരുമോ? വരുമെങ്കിൽ എപ്പോൾ, എങ്ങനെ? നിരപരാധികളുടെ സംരക്ഷണത്തിനായി നമുക്ക് ആരെ ആശ്രയിക്കാൻ കഴിയും? അനീതിക്ക് ഇരയായവർക്ക് എന്തു പ്രത്യാശയാണുള്ളത്?
തെറ്റായിപ്പോയ നീതിനിർവഹണം
“യുദ്ധാനന്തര കാലഘട്ടത്തെ ഏറ്റവും ഉദ്വേഗജനകമായ നിയമ നടപടികളിൽ ഒന്നിന്” 1980-കളിൽ ജർമനി സാക്ഷ്യം വഹിച്ചു. ആ കേസിൽ, രണ്ടു പുത്രിമാരെ കൊന്നതിന് അവരുടെ അമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാൽ അവർക്ക് എതിരായ തെളിവുകൾ വർഷങ്ങൾക്കു ശേഷം പുനഃപരിശോധിക്കുകയും പുതിയ വിചാരണയുടെ കാലയളവിൽ അവരെ മോചിപ്പിക്കുകയും ചെയ്തു. ആദ്യത്തെ വിധി “ഒരു നീതിന്യായ പിഴവാണെന്നു തെളിഞ്ഞേക്കാം” എന്ന് 1995-ൽ ഡി റ്റ്സൈറ്റ് റിപ്പോർട്ടു ചെയ്തു. ഇത് എഴുതുന്ന സമയത്ത്, കുറ്റക്കാരിയാണോ അല്ലയോ എന്ന സംശയത്താൽ ചുറ്റപ്പെട്ട് ആ സ്ത്രീ ഒമ്പതു വർഷം ജയിലിൽ കഴിഞ്ഞിരുന്നു.
1974 നവംബർ മാസത്തിലെ ഒരു സായാഹ്നത്തിൽ ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാം നഗരഹൃദയത്തെ കിടിലം കൊള്ളിച്ച രണ്ടു ബോംബു സ്ഫോടനങ്ങളിലായി 21 പേർ മരണമടഞ്ഞു. അത് “ബിർമിംഗ്ഹാമിലുള്ള ആരും ഒരിക്കലും മറക്കുകയില്ലാത്ത” ഒരു സംഭവമായിരുന്നു എന്ന് പാർലമെന്റ് അംഗമായ ക്രിസ് മുളൻ എഴുതി. പിന്നീട്, “നിരപരാധികളായ ആറു പുരുഷന്മാരെ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകത്തിന് കുറ്റക്കാരായി വിധിച്ചു.” അവർക്കെതിരായ വിധി പിന്നീടു റദ്ദാക്കപ്പെട്ടു—എന്നാൽ അവർ 16 വർഷം ജയിലിൽ കിടന്നശേഷമാണ് അതു സംഭവിച്ചത്!
“ഓസ്ട്രേലിയൻ നിയമ ചരിത്രത്തിൽ ഏറ്റവും അധികം പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ” ഒരു കേസിനെ കുറിച്ച് നിയമ ഉപദേഷ്ടാവായ കെൻ ക്രിസ്പിൻ റിപ്പോർട്ടു ചെയ്തു. ഒരു കുടുംബം അയേർസ് റോക്കിനു സമീപം തമ്പടിച്ചിരിക്കെ അവരുടെ കുട്ടി അപ്രത്യക്ഷനായി. പിന്നീട് ഒരിക്കലും കുട്ടിയെ കണ്ടുകിട്ടിയതുമില്ല. അമ്മയുടെമേൽ കൊലപാതക കുറ്റം ചുമത്തപ്പെട്ടു. അവരെ കുറ്റക്കാരിയായി പ്രഖ്യാപിച്ച് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 1987-ൽ, അവർ മൂന്നിലധികം വർഷം ജയിലിൽ കഴിഞ്ഞ ശേഷം, അവർക്ക് എതിരായ തെളിവ് കുറ്റം സ്ഥാപിക്കാൻ മതിയായതല്ലെന്ന് ഒരു ഔദ്യോഗിക അന്വേഷണം കണ്ടെത്തി. അവരെ മോചിപ്പിക്കുകയും കുറ്റവിമുക്തയായി പ്രഖ്യാപിക്കുകയും ചെയ്തു.
തെക്കൻ ഐക്യനാടുകളിൽ ജീവിച്ചിരുന്ന ഒരു 18 വയസ്സുകാരി 1986-ൽ കൊല്ലപ്പെട്ടു. ഒരു മധ്യവയസ്കന്റെമേൽ കുറ്റം ചുമത്തപ്പെട്ടു. അയാളെ കുറ്റക്കാരനായി പ്രഖ്യാപിച്ച് വധശിക്ഷയ്ക്കു വിധിച്ചു. അയാൾക്ക് ആ കുറ്റകൃത്യത്തിൽ യാതൊരു പങ്കുമില്ലെന്നു സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് അയാൾ ആറു വർഷം വധശിക്ഷയ്ക്കു വിധിച്ചവർക്കുള്ള തടവറയിൽ കിടന്നു.
നീതിന്യായ പിഴവുകളുടെ അപൂർവം ചില ദൃഷ്ടാന്തങ്ങളാണോ ഇവ? പെൻസിൽവേനിയ ലോ സ്കൂൾ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് റുഡോഫ്സ്കി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഏകദേശം 25 വർഷമായി ഞാൻ ഈ രംഗത്താണ്. അനേകം കേസുകൾ കണ്ടിട്ടുമുണ്ട്. കുറ്റക്കാരെന്നു വിധിക്കപ്പെടുന്നവരിൽ അഞ്ചു മുതൽ 10 വരെ ശതമാനം വാസ്തവത്തിൽ നിരപരാധികൾ ആണെന്നാണ് എന്റെ അഭിപ്രായം.” ക്രിസ്പിൻ അലോസരപ്പെടുത്തുന്ന ഈ ചോദ്യം ചോദിക്കുന്നു: “ജയിലറകളിൽ മറ്റു നിരപരാധികൾ മനസ്സു തളർന്നിരിപ്പുണ്ടോ?” അത്തരം ദാരുണമായ പിഴവുകൾ സംഭവിക്കുന്നത് എങ്ങനെ?
മാനുഷ നീതിന്യായ വ്യവസ്ഥകൾ—മാനുഷ ദൗർബല്യങ്ങളുള്ളത്
“ഒരു മാനുഷ വ്യവസ്ഥയിൽനിന്നും പൂർണത പ്രതീക്ഷിക്കാനാവില്ല” എന്ന് 1991-ൽ ബ്രിട്ടീഷ് അപ്പീൽ കോടതി ഊന്നിപ്പറഞ്ഞു. ഒരു നീതിന്യായ വ്യവസ്ഥയ്ക്ക് അതു രൂപകൽപ്പന ചെയ്യുകയും നിയമ നിർവഹണം നടത്തുകയും ചെയ്യുന്ന ആളുകൾക്ക് ഉള്ള അത്രയും നീതിനിഷ്ഠയും ആശ്രയയോഗ്യതയുമേ ഉണ്ടായിരിക്കാൻ കഴിയൂ. ആളുകൾക്ക് പിഴവു പറ്റാവുന്നതാണ്, അവർ സത്യസന്ധതയില്ലായ്മയും മുൻവിധിയും കാട്ടാൻ ചായ്വുള്ളവരുമാണ്. അതുകൊണ്ട് മനുഷ്യന്റെ നീതിന്യായ വ്യവസ്ഥകൾ ഇതേ ന്യൂനതകൾ പ്രകടമാക്കുന്നതിൽ അതിശയിക്കാനില്ല. പിൻവരുന്നവ പരിചിന്തിക്കുക.
ജർമനിയിലെ ജസ്റ്റിസ് റോൾഫ് ബെൻഡർ പറയുന്നതനുസരിച്ച് 95 ശതമാനം കുറ്റകൃത്യ കേസുകളിലും സാക്ഷികളുടെ പ്രസ്താവനകൾ നിർണായക തെളിവുകളാണ്. എന്നാൽ കോടതി മുമ്പാകെ വരുന്ന സാക്ഷികൾ എല്ലായ്പോഴും വിശ്വാസയോഗ്യരാണോ? ജസ്റ്റിസ് ബെൻഡർ അങ്ങനെ കരുതുന്നില്ല. അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ അനുസരിച്ച് അവരിൽ പകുതിപ്പേരും അസത്യമാണ് പറയുന്നത്. ജർമനിയിലെ മ്യൂണിക്ക് യൂണിവേഴ്സിറ്റിയിലെ കുറ്റകൃത്യ നിയമ വിഭാഗത്തിലെ അംഗീകൃത പ്രൊഫസറായ ബെൻഡ് ഷുനെമാൻ സമാനമായ നിരീക്ഷണം നടത്തി. സാക്ഷികളുടെ പ്രസ്താവനകൾ—ആശ്രയയോഗ്യം അല്ലെങ്കിൽപ്പോലും—മുഖ്യ തെളിവാണെന്ന് ഡി റ്റ്സൈറ്റുമായുള്ള ഒരു അഭിമുഖത്തിൽ ഷുനെമാൻ സ്ഥിരീകരിച്ചു. “നീതിന്യായത്തിലെ പിഴവുകളുടെ അടിസ്ഥാന കാരണം ന്യായാധിപന്മാർ സാക്ഷികളുടെ ആശ്രയയോഗ്യമല്ലാത്ത പ്രസ്താവനകളെ ആശ്രയിക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം.”
സാക്ഷികൾക്കു തെറ്റുപറ്റാവുന്നതാണ്; പൊലീസിന്റെ കാര്യവും അങ്ങനെതന്നെ. വിശേഷിച്ചും പൊതുജന രോഷത്തിന് ഇടയാക്കുന്ന കുറ്റകൃത്യങ്ങളിൽ പൊലീസ് ആരെയെങ്കിലും അറസ്റ്റു ചെയ്യാനുള്ള സമ്മർദത്തിൻ കീഴിലായിത്തീരുന്നു. അത്തരം സാഹചര്യങ്ങളിൽ, തെളിവുകൾ കെട്ടിച്ചമയ്ക്കാനോ സംശയിക്കപ്പെടുന്ന വ്യക്തിയെ നിർബന്ധിച്ചു കുറ്റം സമ്മതിപ്പിക്കാനോ ഉള്ള പ്രലോഭനത്തിനു പൊലീസുകാർ വഴിപ്പെട്ടേക്കാം. ബ്രിമിംഗ്ഹാം ബോംബ് സ്ഫോടനത്തിൽ കുറ്റക്കാരായി വിധിക്കപ്പെട്ട ആറുപേർ മോചിതരായപ്പോൾ ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻറൻറിൽ പിൻവരുന്ന ശീർഷകം പ്രത്യക്ഷപ്പെട്ടു: “ആറുപേരുടെ കുറ്റവിധിക്ക് അഴിമതി നിറഞ്ഞ പൊലീസ് കുറ്റക്കാർ.” ദ ടൈംസ് പറയുന്നതനുസരിച്ച്, “പൊലീസ് നുണപറയുകയും ഗൂഢാലോചന നടത്തുകയും വഞ്ചിക്കുകയും ചെയ്തു.”
ചില കേസുകളിൽ, മുൻവിധി നിമിത്തം പൊലീസും പൊതുജനങ്ങളും ചില വർഗത്തിലോ മതത്തിലോ ദേശീയതയിലോപെട്ട വ്യക്തികളെ സംശയിച്ചേക്കാം. യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് അഭിപ്രായപ്പെടുന്നതുപോലെ, കുറ്റകൃത്യം പരിഹരിക്കുന്നതിന്റെ അടിസ്ഥാനം അപ്പോൾ “കാരണത്തെക്കാൾ അധികം ഒരു വർഗീയതയുടെ ഒരു സംഗതിയാ”യി തരംതാഴ്ന്നേക്കാം.
കേസ് കോടതിയിൽ എത്തുമ്പോൾ, സാക്ഷികൾ പറയുന്നതു മാത്രമല്ല ശാസ്ത്രീയ തെളിവുകളും തീരുമാനങ്ങളെ ബാധിക്കും. വളരെയേറെ സങ്കീർണമായ ഫോറെൻസിക് മണ്ഡലത്തിൽ, ക്ഷേപണായുധ വിജ്ഞാനത്തിന്റെയോ (ballistics) വിരലടയാളം, കയ്യക്ഷരം, രക്ഷ ഗ്രൂപ്പ്, മുടിയുടെ നിറം, തുണിനൂലുകൾ, ഡിഎൻഎ സാമ്പിളുകൾ എന്നിവയുടെ തിരിച്ചറിയലിന്റെയോ അടിസ്ഥാനത്തിൽ ന്യായാധിപനോ ന്യായാധിപ സംഘത്തിനോ ഒരുവനെ കുറ്റക്കാരനോ നിരപരാധിയോ ആയി വിധിക്കേണ്ടി വന്നേക്കാം. “സങ്കീർണമായ നടപടിക്രമങ്ങൾ വിവരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ ഒരു നിരയെത്തന്നെ” കോടതികൾ അഭിമുഖീകരിക്കുന്നുവെന്ന് ഒരു അഭിഭാഷകൻ അഭിപ്രായപ്പെട്ടു.
അതിനു പുറമേ, ഫോറെൻസിക് തെളിവുകളുടെ വ്യാഖ്യാനത്തിന്റെ കാര്യത്തിൽ എല്ലാ ശാസ്ത്രജ്ഞന്മാരും യോജിക്കുന്നില്ലെന്ന് പ്രകൃതം (ഇംഗ്ലീഷ്) എന്ന മാസിക പറയുന്നു. “ഫോറെൻസിക് ശാസ്ത്രജ്ഞന്മാർക്ക് ഇടയിൽ ആത്മാർഥമായ വിയോജിപ്പ് ഉണ്ടായേക്കാവുന്നതാണ്.” ദുഃഖകരമെന്നു പറയട്ടെ, “തെറ്റായ ഫോറെൻസിക് തെളിവുകൾ ഇപ്പോൾത്തന്നെ അനേകം തെറ്റായ കുറ്റവിധികൾക്കു കാരണമായിട്ടുണ്ട്.”
നാം ജീവിക്കുന്നത് എവിടെയായിരുന്നാലും, ഇന്നു പ്രവർത്തനത്തിലിരിക്കുന്ന എല്ലാ നീതിന്യായ വ്യവസ്ഥകളും മാനുഷ പിഴവുകൾ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് നിരപരാധികളുടെ സംരക്ഷണത്തിനായി നമുക്ക് ആരെ ആശ്രയിക്കാൻ കഴിയും? എന്നെങ്കിലും യഥാർഥ നീതി നടപ്പാകുമെന്നു നമുക്കു പ്രത്യാശിക്കാൻ കഴിയുമോ? നീതിന്യായ പിഴവുകളുടെ ഇരകൾക്ക് എന്തു പ്രത്യാശയാണ് ഉള്ളത്?
“യഹോവയായ ഞാൻ നീതിയെ ഇഷ്ടപ്പെടുന്നു”
നിങ്ങളോ നിങ്ങളുടെ കുടുംബാംഗമോ നീതിന്യായ പിഴവിന്റെ ഇരയാണെങ്കിൽ, നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുവും മനസ്സിലാക്കുന്നു. എക്കാലത്തും വെച്ച് ഏറ്റവും ഭീകരമായ അനീതി നടന്നത് ക്രിസ്തു ദണ്ഡന സ്തംഭത്തിൽ വധിക്കപ്പെട്ടപ്പോൾ ആയിരുന്നു. യേശു “പാപം ചെയ്തിട്ടില്ല” എന്ന് പത്രൊസ് അപ്പോസ്തലൻ നമ്മോടു പറയുന്നു. എന്നിട്ടും, കള്ളസാക്ഷികളാൽ അവൻ കുറ്റം ചുമത്തപ്പെടുകയും കുറ്റക്കാരനെന്ന് കാണപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.—1 പത്രൊസ് 2:22; മത്തായി 26:3, 4, 59-62.
തന്റെ പുത്രനു നേരേയുള്ള ആ ദുഷ്പെരുമാറ്റം സംബന്ധിച്ച് യഹോവയ്ക്ക് എന്തു തോന്നിയിരിക്കണം എന്നു സങ്കൽപ്പിച്ചു നോക്കൂ! നീതി യഹോവയുടെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്. ബൈബിൾ നമ്മോടു പറയുന്നു: “അവന്റെ വഴികൾ ഒക്കെയും ന്യായം [“നീതിയാകുന്നു,” NW].”—ആവർത്തനപുസ്തകം 32:4; സങ്കീർത്തനം 33:5.
യഹോവ ഇസ്രായേലിന് വിശിഷ്ടമായൊരു നീതിന്യായ വ്യവസ്ഥ നൽകി. പരിഹാരം കാണാനാകാത്ത കൊലപാതക കേസിൽ മരണത്തിന് യാഗത്താൽ പാപപരിഹാരം വരുത്തിയിരുന്നു. ഒരു നിരപരാധിയെ പോലും കുറ്റക്കാരനായി പ്രഖ്യാപിച്ചുകൊണ്ട് എല്ലാ കുറ്റകൃത്യത്തിനും പരിഹാരം കണ്ടെത്താനുള്ള സമ്മർദം ഉണ്ടായിരുന്നില്ല. സാഹചര്യപരമോ ശാസ്ത്രീയമോ ആയ തെളിവുകളുടെ മാത്രം ബലത്തിൽ ആരെയും കുറ്റക്കാരായി പ്രഖ്യാപിക്കാനും കഴിയുമായിരുന്നില്ല, കുറഞ്ഞത് രണ്ടു സാക്ഷികളെങ്കിലും വേണമായിരുന്നു. (ആവർത്തനപുസ്തകം 17:6; 21:1-9) യഹോവയ്ക്ക് ഉന്നത നിലവാരങ്ങൾ ഉണ്ടെന്നും നീതി ഉചിതമായി നിർവഹിക്കപ്പെടണം എന്ന കാര്യത്തിൽ താത്പര്യം ഉണ്ടെന്നും ഈ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു. സത്യമായും, അവൻ പറയുന്നു: ‘യഹോവയായ ഞാൻ ന്യായത്തെ [“നീതിയെ,” NW] ഇഷ്ടപ്പെടുന്നു.’—യെശയ്യാവു 61:8.
തീർച്ചയായും, നമ്മേപ്പോലെതന്നെ ന്യൂനതകളുള്ള മനുഷ്യരുടെ കൈകളിലായിരുന്നു ഇസ്രായേലിലെ നീതിന്യായ വ്യവസ്ഥ. നിയമം തെറ്റായി ബാധകമാക്കിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ശലോമോൻ രാജാവ് എഴുതി: “ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു.”—സഭാപ്രസംഗി 5:8.
തന്റെ പുത്രനോടു ചെയ്ത അനീതി തിരുത്താൻ യഹോവയ്ക്കു കഴിയുമായിരുന്നു. അതു സംബന്ധിച്ച ഉറപ്പ്, “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു . . . ക്രൂശിനെ സഹി”ക്കാൻ യേശുവിനെ ശക്തീകരിച്ചു. സമാനമായി, മിശിഹായുടെ ഭരണത്തിൻ കീഴിൽ യഥാർഥ നീതി കളിയാടുന്ന പറുദീസാ ഭൂമിയിൽ ജീവിക്കാമെന്ന സന്തോഷകരമായ പ്രതീക്ഷ ഈ പഴയ വ്യവസ്ഥിതിയിൽ അനീതിയെക്കുറിച്ച് കേൾക്കുകയോ അത് അനുഭവിക്കുകപോലുമോ ചെയ്യുമ്പോൾ സഹിച്ചുനിൽക്കാൻ നമ്മെ ശക്തീകരിക്കും. യഹോവയ്ക്കു തന്റെ നിശ്ചിത സമയത്തു പരിഹരിക്കാൻ കഴിയാത്ത യാതൊരു ദ്രോഹമോ അനീതിയോ ഇല്ല. നീതിന്യായപരമായ പിഴവു നിമിത്തം ജീവൻ നഷ്ടപ്പെട്ടാൽപ്പോലും അവർ പുനരുത്ഥാനം പ്രാപിച്ചേക്കാം.—എബ്രായർ 12:2; പ്രവൃത്തികൾ 24:15.
അനീതിയുടെ ഇരകളെന്ന നിലയിൽ നാം കഷ്ടപ്പെടുന്നെങ്കിൽ, സാഹചര്യം ശരിയാക്കാൻ നമ്മെ സഹായിച്ചേക്കാവുന്ന നിയമപരമായ മാധ്യമങ്ങൾ മിക്ക നിയമ വ്യവസ്ഥകൾക്കും ഉണ്ടെന്നുള്ളതിൽ നമുക്ക് കൃതജ്ഞരായിരിക്കാം. ക്രിസ്ത്യാനികൾ അത്തരം സരണികൾ ഉപയോഗപ്പെടുത്തിയേക്കാം. എന്നിരുന്നാലും അവർ ഈ വസ്തുത മനസ്സിൽ പിടിക്കുന്നു: സമൂല പരിവർത്തനം ആവശ്യമായ ഒരു മാനുഷ സമുദായത്തിന്റെ പ്രതിഫലനമാണ് അപൂർണ നിയമ വ്യവസ്ഥകൾ. അതു താമസിയാതെ സംഭവിക്കും—ദൈവത്തിന്റെ കൈകളാൽ.
യഹോവ ഉടൻതന്നെ ഈ അനീതി നിറഞ്ഞ വ്യവസ്ഥിതി നീക്കം ചെയ്തിട്ട് “നീതി വസിക്കുന്ന” ഒരു പുതിയ വ്യവസ്ഥിതി തൽസ്ഥാനത്തു കൊണ്ടുവരും. തന്റെ മിശിഹൈക രാജാവായ യേശുക്രിസ്തുവിലൂടെ നമ്മുടെ സ്രഷ്ടാവ് അന്ന് നീതി നടപ്പാക്കുമെന്ന് നമുക്കു പരിപൂർണ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. സകലർക്കും യഥാർഥ നീതി ആസന്നമാണ്! ഈ പ്രതീക്ഷയെപ്രതി നാം എത്ര നന്ദിയുള്ളവരാണ്.—2 പത്രൊസ് 3:13.
[അടിക്കുറിപ്പ്]
a ഇവിടെ പരാമർശിച്ചിരിക്കുന്ന കേസുകളിൽ, ഏതെങ്കിലും വ്യക്തി കുറ്റക്കാരനോ നിരപരാധിയോ ആണെന്നു വീക്ഷാഗോപുരം സൂചിപ്പിക്കുന്നില്ല. ഒരു രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ മറ്റൊരു രാജ്യത്തിലേതിനെക്കാൾ മെച്ചപ്പെട്ടതായി ഉയർത്തിക്കാട്ടുന്നുമില്ല. കൂടാതെ, ഈ മാസിക ഒരു ശിക്ഷാരീതിയെ മറ്റൊന്നിനെക്കാൾ ഉപരിയായി പിന്താങ്ങുന്നില്ല. ഈ ലേഖനം, ഇത് എഴുതുന്ന സമയത്ത് അറിവായ വസ്തുതകൾ പ്രസ്താവിക്കുക മാത്രമാണ് ചെയ്യുന്നത്.
[27-ാം പേജിലെ ആകർഷകവാക്യം]
സമൂലമായ പരിവർത്തനം ആവശ്യമായ ഒരു മാനുഷ സമുദായത്തിന്റെ പ്രതിഫലനമാണ് അപൂർണ നിയമ വ്യവസ്ഥകൾ—അഴിമതി നിറഞ്ഞ ഭരണകൂടം, അധഃപതിച്ച മതം, തത്ത്വദീക്ഷയില്ലാത്ത വ്യവസായം എന്നിവയെപ്പോലെ തന്നെ
[28-ാം പേജിലെ ചതുരം]
വിശുദ്ധ തിരുവെഴുത്തുകളിൽനിന്ന് ആശ്വാസം
1952 നവംബറിൽ ഇംഗ്ലണ്ടിലെ ലണ്ടനടുത്തുള്ള ക്രോയിഡണിലെ ഒരു പാണ്ടികശാലയിൽ ഡെറിക് ബെന്റ്ലിയും ക്രിസ്റ്റഫർ ക്രേഗും മോഷണാർഥം അതിക്രമിച്ചു കടന്നു. ബെന്റ്ലിക്ക് 19-ഉം ക്രേഗിന് 16-ഉം വയസ്സുണ്ടായിരുന്നു. പൊലീസിനെ വിളിക്കുകയും ക്രേഗ് ഒരു പൊലീസുകാരനെ വെടിവെച്ചു കൊല്ലുകയും ചെയ്തു. ക്രേഗ് ഒമ്പതു വർഷം ജയിലിൽ കഴിഞ്ഞുകൂടി. അതേസമയം 1953 ജനുവരിയിൽ ബെന്റ്ലിയെ കൊലപാതകത്തിന് തൂക്കിലേറ്റി.
ചെയ്യാത്ത കൊലക്കുറ്റം നിമിത്തം ബെന്റ്ലിയുടെ പേരിനുണ്ടായ കളങ്കം നീക്കം ചെയ്യാനായി അവന്റെ സഹോദരി ഐറിസ് 40 വർഷം പ്രചരണം നടത്തി. 1993-ൽ, ബെന്റ്ലി ഒരിക്കലും തൂക്കിലേറ്റപ്പെടരുതായിരുന്നു എന്നു സമ്മതിച്ചുകൊണ്ട് രാജസിംഹാസനം അവന്റെ വിധി സംബന്ധിച്ച് അവനെ കുറ്റവിമുക്തനാക്കിക്കൊണ്ട് പ്രഖ്യാപനം പുറപ്പെടുവിച്ചു. അവന് നീതി ലഭിക്കട്ടെ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഐറിസ് ബെന്റ്ലി ആ കേസിനെക്കുറിച്ച് ഇങ്ങനെ എഴുതി:
“ആ വെടിവെപ്പിന് ഏകദേശം ഒരു വർഷം മുമ്പ് തെരുവിൽ അവൻ യഹോവയുടെ സാക്ഷികളിൽ ഒരാളെ കണ്ടുമുട്ടി. . . . ഞങ്ങളിൽനിന്ന് വളരെ അകലത്തിലല്ലാത്ത ഫെയർവ്യൂ റോഡിലാണ് ലെയ്ൻ സഹോദരി താമസിച്ചിരുന്നത്. ബൈബിൾ കഥകൾ കേൾക്കാനായി വീട്ടിൽ വരാൻ അവർ ഡെറിക്കിനെ ക്ഷണിച്ചു. . . . ലെയ്ൻ സഹോദരിക്ക് റെക്കോർഡ് ചെയ്ത ബൈബിൾ കഥകൾ ഉണ്ടായിരുന്നത് സഹായകമായിരുന്നു. [ഡെറിക്ക് ഒരു നല്ല വായനക്കാരൻ അല്ലാതിരുന്നതിനാൽ] അവർ അത് അവന് കടം കൊടുത്തു. . . . മരിച്ചശേഷം നാമെല്ലാം വീണ്ടും തിരിച്ചുവരും എന്നിങ്ങനെ, അവർ അവനോടു പറഞ്ഞ കാര്യങ്ങൾ അവൻ വീട്ടിൽവന്ന് എന്നോടു പറയുമായിരുന്നു.”
തന്റെ സഹോദരന്റെ വധനിർവഹണത്തിനു മുമ്പ് വധശിക്ഷയ്ക്കു വിധിച്ചവർക്കുള്ള തടവറയിൽ ഐറിസ് ബെന്റ്ലി അവനെ സന്ദർശിച്ചു. അവന്റെ വികാരം എന്തായിരുന്നു? “ലെയ്ൻ സഹോദരി അവനോടു പറഞ്ഞ ആ കാര്യങ്ങൾ അവസാന ദിവസങ്ങളെ നേരിടാൻ അവനെ സഹായിച്ചു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
നീതിന്യായപരമായ ഒരു പിഴവിന്റെ ഫലമായുള്ള യാതനകൾ നിങ്ങൾ അനുഭവിക്കുന്നെങ്കിൽ ബൈബിൾ സത്യങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. അതു നിങ്ങൾക്ക് വളരെയേറെ ആശ്വാസം നൽകും. കാരണം യഹോവയാം ദൈവം ‘മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമാണ്. നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു.’—2 കൊരിന്ത്യർ 1:3, 4.
[29-ാം പേജിലെ ചിത്രം]
യേശു വധിക്കപ്പെട്ടപ്പോൾ നടന്നത് ഭീകരമായ അനീതിയാണ്