നിങ്ങൾക്ക് എപ്പോഴും ആശയം മനസ്സിലാകുന്നുണ്ടോ?
മൂത്ത സഹോദരൻ ഉഗ്രമായി കോപിഷ്ഠനായിരുന്നു. അവന്റെ കോപത്തിന്റെ ലക്ഷ്യം അവന്റെ ഇളയ സഹോദരനായിരുന്നു. അതിന്റെ കാരണമോ? അയാൾക്കു ലഭിക്കാതിരുന്ന അംഗീകാരം അയാളുടെ സഹോദരൻ നേടിയിരുന്നു. അയാളുടെ കോപം വളർന്നപ്പോൾ, ഒരു ജ്ഞാനിയായ സുഹൃത്ത് തന്റെ മുറിപ്പെട്ടവികാരങ്ങളെ നിയന്ത്രിക്കുന്നതിനു ബുദ്ധിയുപദേശം നൽകി. അല്ലെങ്കിൽ മോശമായ ചിലതു സംഭവിക്കും. എന്നാൽ ആ മനുഷ്യൻ ആ നല്ല ഉപദേശത്തെ അവഗണിച്ചു. പകരം, ദാരുണമായി, അയാൾ തന്റെ ഇളയ സഹോദരനെ കൊന്നുകളഞ്ഞു.
ആ മനുഷ്യൻ നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും മൂത്ത പുത്രനായ കായേൻ ആയിരുന്നു. യഹോവ ഹാബേലിന്റെ ബലി അംഗീകരിക്കയും കായേന്റേത് തിരസ്കരിക്കയും ചെയ്തപ്പോൾ കായേൻ തന്റെ ഇളയ സഹോദരനായ ഹാബേലിനെ വധിച്ചു. ജ്ഞാനിയായ സുഹൃത്ത് യഹോവയാം ദൈവമല്ലാതെ മററാരുമായിരുന്നില്ല, അവൻ നൽകിയ സ്നേഹപൂർവ്വകമായ ബുദ്ധിയുപദേശം കായേൻ തള്ളിക്കളഞ്ഞു. അതിന്റെ ഫലമായി അനുഭവ പരിചയം കുറഞ്ഞ മനുഷ്യസമുദായത്തെ കൊലപാതകം പിടിച്ചടക്കുകയും കായേൻ തന്റെ ശേഷിച്ച നീണ്ട ആയുഷ്ക്കാലം ഭ്രഷ്ടനാക്കപ്പെട്ടവൻ എന്നപോലെ ജീവിക്കുന്നതിന് വിധിക്കപ്പെടുകയും ചെയ്തു. ബുദ്ധിയുപദേശത്തിന്റെ ആശയം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ എത്ര ഖേദകരമായ ഫലം!—ഉല്പത്തി 4:3-16.
കായേനുശേഷം അനേക നൂററാണ്ടുകൾ കഴിഞ്ഞ് യിസ്രായേൽ രാജാവായ ദാവീദ് ഹിത്യനായ ഊരിയാവിന്റെ ഭാര്യ ബത്ത്ശേബായുമായി പരസംഗത്തിലേർപ്പെടുകയും ആ സ്ത്രീ ഗർഭിണിയായിത്തീരുകയും ചെയ്തു. ദാവീദ് ഊരിയാവിനെ തന്റെ ഭാര്യയുടെ അടുക്കൽ പോകാൻ നിർബന്ധിച്ചുകൊണ്ട് പ്രശ്നം കൈകാര്യം ചെയ്യാൻ ശ്രമിച്ചു. അയാൾ അതു തിരസ്ക്കരിച്ചപ്പോൾ ദാവീദ്, ഊരിയാവ് യുദ്ധക്കളത്തിൽ മരിക്കുന്നതിനു ക്രമീകരിക്കയും പിന്നീട് ബേത്ത്ശേബ ഒരു വ്യഭിചാരിണിയേപ്പോലെ മരിക്കുന്നതിൽനിന്ന് രക്ഷപ്പെടുത്താനായി അവളെ വിവാഹം ചെയ്യുകയും ചെയ്തു. ദൈവത്തിന്റെ ഒരു പ്രവാചകൻ ദാവീദിന്റെ അടുക്കൽ ചെല്ലുകയും അവൻ ചെയ്തതിന്റെ ഗൗരവം ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. ദാവീദ് പെട്ടെന്ന് ബുദ്ധിയുപദേശത്തിന്റെ ആശയം മനസ്സിലാക്കി. അങ്ങനെ, അവന്റെ ശേഷിച്ച ജീവിതകാലത്ത് ആ കുററകൃത്യത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചെങ്കിലും, യഹോവ അവന്റെ ഹൃദയംഗമമായ അനുതാപത്തെ അംഗീകരിച്ചു.—2 ശമുവേൽ 11:1-12:14.
ഈ രണ്ടു ചരിത്ര ദൃഷ്ടാന്തങ്ങളും ബുദ്ധിയുപദേശം ശ്രദ്ധിക്കുന്നതിന്റെ പ്രാധാന്യം കാണിക്കുന്നു. ഇതിന് വിജയത്തിന്റെയും പരാജയത്തിന്റെയും സന്തോഷത്തിന്റെയും സന്താപത്തിന്റെയും ജീവന്റെയും മരണത്തിന്റെയും പോലും വ്യത്യാസം കാണിക്കാൻ കഴിയും. “മൂഢന്റെ വഴി തന്റെ സ്വന്തം ദൃഷ്ടിയിൽ ശരിയെന്നു തോന്നുന്നു, എന്നാൽ ബുദ്ധിയുപദേശം ശ്രദ്ധിക്കുന്നവൻ ജ്ഞാനിയാണ്,” എന്നു ബൈബിൾ പറയുന്നത് അതിശയമല്ല. (സദൃശവാക്യങ്ങൾ 12:15) എന്നിരുന്നാലും, ബുദ്ധിയുപദേശം ശ്രദ്ധിക്കുന്നത് എളുപ്പമല്ല. ഇത് എന്തുകൊണ്ടാണ്? നമുക്ക് ഈ സംഗതിയിൽ ദാവീദ് രാജാവിന്റെ നല്ല മനോഭാവം വികസിപ്പിച്ചെടുക്കുന്നതിനും കായേന്റെ ചീത്ത ദൃഷ്ടാന്തം ഒഴിവാക്കുന്നതിനും എങ്ങനെ കഴിയും?
താഴ്മ സഹായകരം
ഒട്ടു മിക്കപ്പോഴും ആളുകൾക്ക് സഹായം ആവശ്യമുണ്ടെന്ന വസ്തുത അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് ബുദ്ധിയുപദേശം ശ്രദ്ധിക്കുന്നത് പ്രയാസകരമെന്നു കണ്ടെത്തുന്നു. അഥവാ അവർ അംഗീകരിക്കുന്നെങ്കിൽ തന്നെ, തങ്ങൾ ഈ ആളിൽനിന്ന് ബുദ്ധിയുപദേശം സ്വീകരിക്കേണ്ടതെന്തുകൊണ്ട് എന്ന് കാണാൻ കഴിയുന്നില്ല. യഥാർത്ഥത്തിൽ, ഇത് അഹങ്കാരമാണ്, ഒരു ചെറിയ ന്യായവാദത്തിന് ഇതിനെ തരണം ചെയ്യാൻ സഹായിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന് പൗലോസ് പറഞ്ഞു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സിൽ കുറവുള്ളവരായിത്തീർന്നിരിക്കുന്നു.” (റോമർ 3:23) സമയാസമയങ്ങളിൽ ഓരോരുത്തർക്കും ബുദ്ധിയുപദേശം ആവശ്യമുണ്ടെന്ന് അത് നമ്മോട് പറയുന്നു. നമുക്ക് ബുദ്ധിയുപദേശം നൽകുന്നവർക്കും കുറവുകൾ ഉണ്ടെന്നും അതു നമ്മോടു പറയുന്നു. ഒരുത്തരും ഒഴിവാക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് മറെറയാളിൽ കാണുന്ന കുറവുകൾ, അയാൾ നിങ്ങൾക്കു നൽകാവുന്ന സ്ഥാനത്തുനിന്നു നൽകുന്ന യാതൊരു സഹായവും സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയരുത്.
യേശു തന്റെ അനുഗാമികളോട് ഇപ്രകാരം പറഞ്ഞപ്പോൾ അഹങ്കാരത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യം അവൻ ഊന്നിപ്പറഞ്ഞു: “നിങ്ങൾ തിരിഞ്ഞുവന്ന് കൊച്ചുകുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ, ഒരു കാരണവശാലും നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല.” (മത്തായി 18:3) കൊച്ചുകുട്ടികളെ തങ്ങളുടെ മാതാപിതാക്കൻമാർ ബുദ്ധിയുപദേശിക്കയും വഴിനടത്തുകയും ചെയ്യുമ്പോൾ അവർക്ക് ഒരു സുരക്ഷിതത്വബോധം അനുഭവപ്പെടും. ആരെങ്കിലും നിങ്ങളെ ബുദ്ധിയുപദേശിക്കുമ്പോൾ, അത്തരം ബുദ്ധിയുപദേശങ്ങൾ ഒരുവനു നിങ്ങളോടുള്ള സ്നേഹവും പരിഗണനയും തെളിയിക്കുന്നു എന്നു തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങൾ അങ്ങനെതന്നെ വിചാരിക്കുന്നുവോ? (എബ്രായർ 12:6) ദാവീദു രാജാവിന്റെ ബുദ്ധിയുപദേശം സ്വീകരിക്കുന്നതിനുള്ള താഴ്മയോടുകൂടിയ മനസ്സൊരുക്കം അവന്റെ അനുതാപം സ്വീകരിക്കുന്നതിന് യഹോവയ്ക്കു വഴി തുറന്നുകൊടുത്തു. അത് ദാവീദ് ഇപ്രകാരം എഴുതുന്നതിനു പ്രേരിപ്പിക്കപ്പെട്ടു: “നീതിമാൻ എന്നെ അടിക്കട്ടെ, അതു ഒരു സ്നേഹദയയായിരിക്കും; അവൻ എന്നെ ശാസിക്കയും ചെയ്യട്ടെ, അത് എന്റെ തലയ്ക്ക് എണ്ണയായിരിക്കും.”—സങ്കീർത്തനം 141:5.
നമുക്കു ലഭിക്കുന്ന ബുദ്ധിയുപദേശങ്ങൾ, എഴുതപ്പെട്ട നിയമങ്ങൾ ഇല്ലാത്ത തലങ്ങളെ സ്പർശിക്കുമ്പോൾ അത്തരം എളിയ മനസ്ഥിതിക്ക് നമ്മെ സഹായിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, നമ്മുടെ തലമുടിയുടെ സ്റൈറലോ വസ്ത്രധാരണ രീതിയോ സഭയിലെ ആരെയെങ്കിലും ഇടറാനിടയാക്കുന്നു എന്ന് നമ്മെ ബുദ്ധിയുപദേശിച്ചാൽ, ആശയം ഗ്രഹിക്കുന്നതിന് യഥാർത്ഥ താഴ്മ ആവശ്യമാണ്. എന്നിരുന്നാലും, അപ്രകാരം ചെയ്യുന്നത് പൗലോസിന്റെ താഴെക്കൊടുക്കുന്ന ഉപദേശം പിൻപററലായിരിക്കും: “ഓരോരുത്തൻ സ്വന്തം പ്രയോജനമല്ല, മറെറയാളുടേത് അന്വേഷിച്ചുകൊണ്ടിരിക്കുക.”—1 കൊരിന്ത്യർ 10:24.
യഹോവ അത്യുത്തമ ബുദ്ധിയുപദേശം കൊണ്ടു നിറഞ്ഞിരിക്കുന്ന ബൈബിൾ പ്രദാനം ചെയ്തിട്ടുണ്ട് എന്നത് സന്തോഷകരമാണ്. യഥാർത്ഥത്തിൽ, അതിൽ “ബുദ്ധിയുപദേശം” എന്ന വാക്കിന്റെ വിവിധ രൂപങ്ങൾ 170-ൽ പരം പ്രാവശ്യം കാണപ്പെടുന്നു. കൂടാതെ, ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽ നമ്മെ സഹായിക്കാൻ അവൻ സ്നേഹമുള്ള ഇടയൻമാരെ പ്രദാനം ചെയ്കയും ചെയ്യുന്നു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ബോധവാൻമാരായ മാതാപിതാക്കൻമാരിൽ നിന്നുള്ള ബുദ്ധിയുപദേശത്താൽ സ്നേഹപൂർവ്വകമായ സഹായം നൽകുന്നതിനുള്ള കുടുംബ ക്രമീകരണം യഹോവയിൽ നിന്നുള്ള മറെറാരു ദാനമാണ്. നമുക്ക് എല്ലായ്പ്പോഴും അത്തരം ബുദ്ധിയുപദേശത്തിനു താഴ്മയോടുകൂടിയ ശ്രദ്ധ നൽകാം.
“കേൾക്കാൻ വേഗതയുള്ളവരായിരിക്ക”
യാക്കോബ് 1:19 ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “ഓരോ മനുഷ്യനും കേൾക്കാൻ വേഗതയുള്ളവനും പറയാൻ താമസവും കോപത്തിനു താമസവും ഉള്ളവനായിരിക്ക.” നമുക്ക് ബുദ്ധിയുപദേശം ലഭിക്കുമ്പോൾ ഇതു പ്രത്യേകിച്ചും സത്യമാണ്. എന്തുകൊണ്ട്? ഒരു സംഗതി, നാം നമ്മുടെതന്നെ കുറവുകൾ സംബന്ധിച്ച് മിക്കപ്പോഴും ബോധവാൻമാരായിരിക്കയും ഒരു ബന്ധപ്പെട്ട സ്നേഹിതൻ അവ ചൂണ്ടിക്കാണിക്കയും ബുദ്ധിയുപദേശിക്കയും ചെയ്യുമ്പോൾ അത് പൂർണ്ണമായും അപ്രതീക്ഷിത സംഗതിയായി വരുന്നില്ല എന്നതും സത്യമല്ലയോ? അയാൾ പറയാൻ ശ്രമിക്കുന്നത് എന്തെന്ന് നാം പെട്ടെന്ന് തിരിച്ചറിയുകയും സ്നേഹപൂർവ്വകമായ സഹായം താഴ്മയോടെ സ്വീകരിക്കയും ചെയ്യുന്നെങ്കിൽ അത് ബന്ധപ്പെട്ട എല്ലാവർക്കും എളുപ്പമാക്കിത്തീർക്കും.
ഒരു സ്നേഹിതൻ നമ്മെ ബുദ്ധിയുപദേശവുമായി സമീപിക്കുമ്പോൾ അയാൾ അല്ലെങ്കിൽ അവൾ തികച്ചും ആശങ്കാകുലനായിരുന്നേക്കാമെന്ന് നാം ഓർമ്മിക്കണം. ബുദ്ധിയുപദേശം നൽകുന്നത് എളുപ്പമല്ല. ഒരുപക്ഷേ ഉപദേഷ്ടാവായിരിക്കുന്നയാൾ ഉപയോഗിക്കേണ്ട വാക്കുകൾക്കും സമീപനരീതിക്കും വളരെ ചിന്തകൊടുത്തിരിക്കാം. ഒരു മൂപ്പൻ, നാം നന്നായി പ്രവർത്തിച്ചിരുന്ന ക്രിസ്തീയ സേവനത്തിന്റെ ചില വശങ്ങൾക്ക് നമ്മെ പ്രശംസിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചേക്കാം. എന്നാൽ അത് അയാൾ തുടർന്ന് ബുദ്ധിയുപദേശം നൽകുമ്പോൾ നാം അയാളുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാൻ ഇടയാക്കരുത്. ബുദ്ധിയുപദേശം നൽകുന്നയാൾ നയമില്ലാത്തവനോ പരുക്കനോ ആകാതിരിക്കാൻ ശ്രമിച്ചുകൊണ്ട്, ആദ്യം പരോക്തമായ ഒരു വിധത്തിൽ സംസാരിച്ചേക്കാം. നമുക്ക് ആശയം പെട്ടെന്നു ഗ്രഹിക്കാൻ തക്കവണ്ണം വിവേചനയുണ്ടെങ്കിൽ ഉപദേഷ്ടാവിന് ജോലി എളുപ്പമാകാൻ സഹായിക്കും, ഒരുപക്ഷേ നമുക്ക് മുറിപ്പെട്ട വികാരങ്ങൾ അവശേഷിപ്പിക്കയും ചെയ്തേക്കാം.
ചിലപ്പോൾ ഉപദേഷ്ടാവ്, നമുക്ക് ആശയം ഗ്രഹിക്കാൻ സഹായകമായ ഒരു ദൃഷ്ടാന്തമോ ഉപമയോ ഉപയോഗിച്ചേക്കാം. ഒരു ചെറുപ്പക്കാരൻ ഒരു ഗൗരവമുള്ള കുററക്കാരൻ ആയിത്തീർന്നിരുന്നില്ല; എന്നാൽ അയാൾ ഒരു തെററായ ഗതിയിലായിരുന്നു. അയാളുമായി ന്യായവാദം ചെയ്യുന്നതിന് ഒരു പ്രായമുള്ള ക്രിസ്തീയ പുരുഷൻ ഡസ്ക്കിൽ കിടന്ന ഒരു സ്കെയിൽ എടുത്ത് വളച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു: “ഒരു സ്കെയിൽ ഇപ്രകാരം വളച്ചുകൊണ്ട് എനിക്ക് ഒരു ഋജുരേഖ അതുകൊണ്ട് അളക്കാൻ കഴിയുമോ?” ചെറുപ്പക്കാരന് കാര്യം പിടികിട്ടി. അയാൾ തന്റെ സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് നിയമങ്ങൾ വളയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു. ആ ദൃഷ്ടാന്തം അയാളെ സദൃശവാക്യങ്ങൾ 19:20-ലെ, “ബുദ്ധിയുപദേശം ശ്രദ്ധിക്കയും ശിക്ഷണം സ്വീകരിക്കയും ചെയ്യുക” എന്ന ജ്ഞാനപൂർവ്വകമായ ഉപദേശം പിൻപററാൻ സഹായിച്ചു.
പരോക്തമായ ബുദ്ധിയുപദേശം തിരിച്ചറിയുക
അത്തരത്തിലുള്ള തിരിച്ചറിവ് മററാരുടെയെങ്കിലും ഇടപെടൽ കൂടാതെപോലും പരോക്തമായ ബുദ്ധിയുപദേശത്തിൽനിന്നുള്ള പ്രയോജനമനുഭവിക്കുന്നതിനു നമ്മെ സഹായിച്ചേക്കാം. പോർട്ടുഗലിൽ ഉള്ള ഒരു ചെറുപ്പക്കാരന്റെ കാര്യത്തിൽ ഇതു സംഭവിച്ചു. അയാൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കയായിരുന്നു, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകത്തിന്റെ ഒരു പ്രതി ലഭിക്കയും ചെയ്തു. കേവലം കുറച്ചു ദിവസങ്ങൾക്കുശേഷം അയാൾ ആ പുസ്തകം മൂന്നു പ്രാവശ്യം വായിച്ചുതീർത്തു എന്നും അതിൽ നിന്നു പ്രയോജനം അനുഭവിച്ചു എന്നും അയാൾ വെളിപ്പെടുത്തി. ഏതുവിധത്തിൽ? ആ ചെറുപ്പക്കാരൻ പറഞ്ഞത് ഇപ്രകാരമാണ്?
“എനിക്ക് ഭാവിയെ സംബന്ധിച്ച് യഥാർത്ഥ പ്രത്യാശയില്ലായിരുന്നു, എന്നാൽ 2-ാമത്തെ അദ്ധ്യായം [“നിങ്ങൾക്കു ഭാവിയിലേക്ക് ആത്മധൈര്യത്തോടെ നോക്കാൻ കഴിയുന്നതെന്തുകൊണ്ട്?”] എന്റെ ജീവിതത്തിനു അർത്ഥം നൽകി. കൂടാതെ ഞാൻ ഇപ്പോൾ ഏതാനും വർഷങ്ങളായി സ്വയംഭോഗം ചെയ്തിരുന്നു; ഇത് ദൈവത്തിന് അപ്രീതികരമാണെന്നോ എനിക്കു ഹാനികരമാണെന്നോ ആരും ഒരിക്കലും എന്നോടു പറഞ്ഞിരുന്നില്ല. അഞ്ചാം അദ്ധ്യായം [“സ്വയം ഭോഗവും സ്വവർഗ്ഗഭോഗവും”] വായിച്ചശേഷം ഞാൻ ഈ പ്രവർത്തനം നിർത്താൻ തീരുമാനിച്ചു. 7-ാം അദ്ധ്യായം [“നിങ്ങളുടെ വേഷവിധാനം നിങ്ങളെ വിളിച്ചറിയിക്കുന്നു”] എന്റെ വ്യക്തിപരമായ ആകാരത്തെ സംബന്ധിച്ച് വിലയിരുത്തുന്നതിന് എന്നെ സഹായിക്കയും, നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, എന്റെ മുടിവെട്ടിക്കുന്നതിന് ഇടയാക്കയും ചെയ്തു.”
അയാൾ ഇങ്ങനെ തുടർന്നു: “വർഷങ്ങളായി ഞാൻ പുകവലിച്ചിരുന്നു. 15-ാം അദ്ധ്യായം [“മയക്കുമരുന്നുകൾ—ജീവിതാസ്വാദനത്തിന്റെ താക്കോലോ?”] എന്നെ അതിൽനിന്ന് പുറത്തുകൊണ്ടുവന്നു. ഞാൻ യഹോവയോട് പ്രാർത്ഥിച്ചു, ഞായറാഴ്ചക്കുശേഷം ഞാൻ മറെറാരു സിഗറററ് വലിച്ചിട്ടുമില്ല. കുറച്ചുനാളായി എന്റെ കൂട്ടുകാരിയുമായി ഞാൻ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നു, എന്നാൽ 18-ാം അദ്ധ്യായം [“ലൈംഗിക സദാചാരം അർത്ഥമുള്ളതോ?”] ഈ വിഷയം സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം എന്റെ ശ്രദ്ധയിലേക്ക് വരുത്തി. ഈ വിഷയം സംബന്ധിച്ച് ഞാൻ അവളുമായി സംസാരിക്കയും ഞങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ അവൾ തീരുമാനിക്കയും ചെയ്തു.”
ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഇത്ര ചുരുങ്ങിയ ഒരു സമയത്തിനുള്ളിൽ അത്തരം മാററങ്ങൾ ദർശിക്കുന്നത് എത്ര സന്തോഷകരമാണ്! അതു സാദ്ധ്യമാക്കിത്തീർത്തതെന്താണ്? അയാൾ വായിച്ചത് അയാൾക്ക് വ്യക്തിപരമായി ബാധകമാകുന്ന ബുദ്ധിയുപദേശമായിരുന്നു എന്നു അയാൾ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് വസ്തുത.
ബുദ്ധിയുപദേശം അനുസരിക്കുന്നത് പ്രയോജനം കൈവരുത്തുന്നു
ബുദ്ധിയുപദേശം—നമ്മിലേക്ക് അത് ബൈബിളിൽക്കൂടിയോ ബൈബിൾ സാഹിത്യത്തിൽ ക്കൂടിയോ പരോക്തമായി വന്നാലും, ഒരു സ്നേഹിതനിൽനിന്ന് നേരിട്ട് വന്നാലും—പ്രയോജനപ്രദമായിരിക്കാൻ കഴിയും. ഇത്, തന്റെ 18 വയസ്സുള്ള പുത്രൻ തന്റെ ശിക്ഷണയത്നങ്ങൾക്ക് പ്രതികരിക്കാഞ്ഞതിനാൽ തന്റെ സഭയിലെ ആത്മീയമായി പ്രായമുള്ള പുരുഷൻമാരുടെ സഹായം തേടിയ ഒരു പിതാവിന്റെ അനുഭവത്തിൽ കാണപ്പെടുന്നു. ആ ക്രിസ്തീയ മൂപ്പൻമാർ, ദൈവത്തെ സേവിക്കുന്നതിൽ തീക്ഷ്ണതയുള്ളവനായിരുന്നെങ്കിലും തന്റെ കുടുംബവുമായുള്ള ബന്ധത്തിൽ പ്രത്യക്ഷമായും കൂടുതൽ സമനില ആവശ്യമായിരുന്ന ആ പിതാവിനോട് സ്നേഹപൂർവ്വം ന്യായവാദം ചെയ്തു.
പൗലോസിന്റെ വാക്കുകൾ അയാളെ വായിച്ചുകേൾപ്പിച്ചു: “പിതാക്കൻമാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും മാനസ്സിക ക്രമവൽക്കരണത്തിലും വളർത്തുന്നതിൽ തുടരുക.” (എഫേസ്യർ 6:4) പിതാവിനോട് താഴെ പറയുന്ന ചോദ്യങ്ങൾക്കുള്ള പ്രതികരണം ആവശ്യപ്പെട്ടു: അയാൾ തന്റെ പുത്രനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചവിധം തനിക്കു നല്ല അർത്ഥവത്തായി തോന്നിയിരുന്നെങ്കിലും, യഥാർത്ഥത്തിൽ കുട്ടിയെ പ്രകോപിപ്പിക്കുന്ന വിധത്തിലായിരുന്നോ? പുത്രൻ ക്രിസ്തീയ മീററിംഗുകൾക്കും സേവനത്തിനും പിതാവിന്റെ അതേവിധത്തിലുള്ള തീക്ഷ്ണത പ്രകടമാക്കണമെന്ന്, അത്തരം കാര്യങ്ങൾക്കുള്ള ഒരു സ്നേഹം തന്റെ ഹൃദയത്തിൽ നടുന്നതിനു ശ്രമിക്കാതെ, പ്രതീക്ഷിച്ച ഒരു സംഗതിയായിരുന്നോ അത്? അയാൾ തന്റെ പുത്രൻ, ‘തന്റെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുന്നതിന് സഹായിച്ചോ?—ആവർത്തനം 31:12, 13.
ആ പിതാവ് ബുദ്ധിയുപദേശം ശ്രദ്ധിക്കുകയും ബാധകമാക്കുകയും ചെയ്തു. ഫലമോ? തന്റെ 18 വയസ്സുള്ള മകൻ ഇപ്പോൾ ക്രിസ്തീയ മീററിംഗുകൾക്കു ഹാജരാകയും, പിതാവ് അയാളോടൊത്ത് ഒരു പ്രതിവാര ബൈബിൾ അദ്ധ്യയനം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. പിതാവു പറഞ്ഞതുപോലെ, “ഞങ്ങൾക്കിപ്പോൾ ഒരു മെച്ചപ്പെട്ട പിതൃ—പുത്ര ബന്ധമുണ്ട്.” ഉവ്വ്, പിതാവും പുത്രനും ബുദ്ധിയുപദേശത്തിന്റെ ആശയം ഗ്രഹിച്ചു.
നാം എല്ലാം തെററുകൾ വരുത്തുന്നു എന്നതിനും സമയാസമയങ്ങളിൽ ബുദ്ധിയുപദേശം ആവശ്യമുണ്ടെന്നും ഉള്ളതിനു സംശയമില്ല. (സദൃശവാക്യങ്ങൾ 24:6) നമുക്ക് ആശയം മനസ്സിലാകയും ജ്ഞാനപൂർവ്വകമായ ബുദ്ധിയുപദേശം അനുസരിക്കയും ചെയ്യുന്നെങ്കിൽ നാം അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കും. അവയിൽ ഏററവും വിലയേറിയ ഈ അനുഗ്രഹം ഉണ്ടായിരിക്കും: നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവായ യഹോവയോട് ഒരു അർത്ഥവത്തായ വ്യക്തിപരമായ ബന്ധം നട്ടുവളർത്തുകയും കാത്തുസൂക്ഷിക്കയും ചെയ്യുക. അപ്രകാരം നാം ദാവീദു രാജാവിന്റെ ഈ വാക്കുകൾ പ്രതിധ്വനിപ്പിക്കും: “എനിക്കു ഉപദേശം നൽകിയ യഹോവയെ ഞാൻ അനുഗ്രഹിക്കും.”—സങ്കീർത്തനം 16:7. (w87 4/1)