ഞങ്ങളുടെ സ്വദേശത്തെ മിഷനറി വയൽ സന്ദർശിക്കൽ
പോർട്ടുഗൽമുതൽ ചൈനവരെയുള്ള ക്രിസ്തീയ സഭാകൂട്ടങ്ങളാണു ഞാൻ സന്ദർശിക്കുന്നത്—അല്ലെങ്കിൽ അങ്ങനെയാണു തോന്നുന്നത്. അതേസമയം ഞാനും ഭാര്യ ഒലിവും ബ്രിട്ടൻ വിട്ടൊരിടത്തും പോകുന്നുമില്ല.
യഹോവയുടെ സാക്ഷികളുടെ വിദേശഭാഷാ സഭകളാണു ഞങ്ങൾ സന്ദർശിക്കുന്നത്. രാജ്യത്തുടനീളം ചിതറിക്കിടക്കുന്ന അത്തരം സഭകളുടെ എണ്ണം കൂടിക്കൂടിവരുകയാണ്. ഫ്രാൻസിന്റെ നോർമൻഡി തീരത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെ, ഒരു പോർച്ചുഗീസ് കൂട്ടമുള്ള ജേഴ്സി ദ്വീപുമുതൽ ഇംഗ്ലണ്ടിന്റെ വടക്ക്, ചൈനീസ് ഭാഷ സംസാരിക്കുന്ന താത്പര്യക്കാരുള്ള സൻഡർലൻഡ് പട്ടണംവരെയാണു ഞങ്ങൾ സന്ദർശിക്കുന്നത്. അങ്ങനെ തഴച്ചുവളരുന്ന, ആത്മീയമായി അഭിവൃദ്ധിയുള്ള ബഹുഭാഷാ വയലിലാണ് ഞങ്ങളുടെ സേവനം. ഞങ്ങൾക്കെങ്ങനെയാണ് ഈ അസാധാരണ നിയമനം ലഭിച്ചത്? ഞങ്ങളുടെ സ്വദേശത്തെ മിഷനറി വയലിൽ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഞാനതു വിശദമാക്കാം.
വാരംതോറും ഒരു സഭ എന്ന കണക്കിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള സഞ്ചാരവേലയിൽ ഞാനും ഒലിവും ഏതാണ്ട് 20 വർഷം സേവിച്ചിരിക്കുന്നു. വടക്കുനിന്നു തെക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും അങ്ങനെ ബ്രിട്ടനിലുടനീളം ഞങ്ങൾ യാത്ര ചെയ്യണമായിരുന്നു. ഈയിടെ മധ്യധരണ്യാഴിയിലുള്ള ദ്വീപായ മാൾട്ടയിലെ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളുടെ അടുക്കലും പോകേണ്ടതുണ്ടായിരുന്നു. അവിടെ അവർ ഞങ്ങളോടു കാണിച്ച ക്രിസ്തീയ ആതിഥ്യം എടുത്തുപറയേണ്ടതുതന്നെ. (പ്രവൃത്തികൾ 28:1, 2 താരതമ്യം ചെയ്യുക.) മാൾട്ടയിൽ മൂന്നു വർഷം പിന്നിട്ട ഞങ്ങൾ അടുത്ത നിയമനം എങ്ങോട്ടായിരിക്കും എന്ന ചിന്തയിലായിരുന്നു. മിക്കവാറും ഒരു ഗ്രാമീണ ഇംഗ്ലീഷ് മേഖലയാകാനാണു സാധ്യതയെന്നു മനസ്സിൽ വിചാരിച്ച് ഞങ്ങൾ ആ ചിന്തയുമായി പൊരുത്തപ്പെടാൻ തുടങ്ങി. എന്നാൽ നിയമനം ലഭിച്ചപ്പോൾ ഞങ്ങൾ വിസ്മയിച്ചുപോയി. 23 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന സഭകളും കൂട്ടങ്ങളുമടങ്ങുന്ന ഒരു പുതിയ സർക്കിട്ടിൽ സേവിക്കാനായിരുന്നു നിയമനം!
അതെങ്ങനെ നിർവഹിക്കുമെന്ന സംശയമുണ്ടായിരുന്നു ഞങ്ങൾക്ക്. മാൾട്ടയിലെ അനുഭവമൊഴിച്ചാൽ, വ്യത്യസ്ത പശ്ചാത്തലത്തിലും സംസ്കാരത്തിലുംപെട്ട ആളുകളുമായി ഞങ്ങളൊരിക്കലും അത്രകണ്ട് അടുത്തു പ്രവർത്തിച്ചിട്ടില്ല. ഇംഗ്ലീഷ് കാര്യമായി വശമില്ലാത്തവരെ പ്രോത്സാഹിപ്പിക്കാൻ വാസ്തവത്തിൽ ഞങ്ങൾക്കാകുമോ? മറ്റു ഭാഷകൾ അറിയാതെ എങ്ങനെ ആശയവിനിയമം നടത്തും? ഭക്ഷണത്തിന്റെയും മറ്റുള്ളവരുടെ നാനാവിധ ആചാരങ്ങളുടെയും കാര്യമോ? ഞങ്ങൾക്കു വേണ്ടവിധം പൊരുത്തപ്പെടാനാകുമോ? മാസിഡോണിയയിലേക്കുള്ള ഈ ക്ഷണത്തോടു പ്രതികരിക്കുന്നതിനെക്കുറിച്ചു പ്രാർഥനാപൂർവം പരിചിന്തിക്കവേ ഇതുപോലുള്ള ചോദ്യങ്ങൾ ഞങ്ങളുടെ മനസ്സിനെ മഥിച്ചു.—പ്രവൃത്തികൾ 16:9, 10; 1 കൊരിന്ത്യർ 9:19-22.
ഭാഷാപ്രതിബന്ധം തരണംചെയ്യൽ
“ഭാഷയറിയാത്തതിനാൽ എനിക്കതിനാവില്ലെന്നാണ് ആദ്യം തോന്നിയത്,” ഒലിവ് പറയുന്നു. “സഹോദരിമാരെ എങ്ങനെ സഹായിക്കാനാകുമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോൾ, ഞങ്ങൾക്ക് ആദ്യമായി ബൈബിൾ അധ്യയനം എടുത്ത ദമ്പതികൾ പറഞ്ഞതു ഞാൻ ഓർത്തു, ഒരിക്കലും ഒരു നിയമനവും വേണ്ടെന്നുവെക്കരുത്. നമ്മളെക്കൊണ്ടു പറ്റാത്ത യാതൊന്നും യഹോവ ഒരിക്കലും നമ്മോടു ചെയ്യാൻ ആവശ്യപ്പെടുകയില്ലെന്ന് അവർ ഞങ്ങളെ പഠിപ്പിച്ചിരുന്നു.” അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും പ്രസ്തുത നിയമനം സ്വമനസ്സാലെ സ്വീകരിച്ചു.
പിന്തിരിഞ്ഞു നോക്കുമ്പോൾ, മറ്റൊരു ഭാഷ അറിയാതിരുന്നത് എല്ലാവരോടും ഒരുപോലെ, നിഷ്പക്ഷമായി ഇടപെടാൻ ഞങ്ങളെ സഹായിച്ചുവെന്നു ഞങ്ങൾക്കു കാണാനാകുന്നു. ഉദാഹരണത്തിന്, വാരംതോറും വ്യത്യസ്ത ഭാഷയിൽ നടത്തപ്പെടുന്ന യോഗങ്ങളിൽ സംബന്ധിച്ചത്, കേൾക്കുന്നതെല്ലാം കാര്യമായി മനസ്സിലാകാതെ ഇംഗ്ലീഷ്ഭാഷാ യോഗങ്ങളിൽ ഇരിക്കേണ്ടിവരുന്ന സഹോദരങ്ങളുടെ അനുഭവം മനസ്സിലാക്കാൻ സഹായകമായി. യോഗങ്ങൾക്കായി നല്ലവണ്ണം തയ്യാറായാലേ അവതരിപ്പിക്കപ്പെടുന്ന സംഗതികൾ ഞങ്ങൾക്കു പിടികിട്ടുമായിരുന്നുള്ളൂ. യോഗങ്ങളിൽ ഒലിവ് എല്ലായ്പോഴും ഒരു ഉത്തരം പറയും. അവൾ ഇംഗ്ലീഷിൽ ഉത്തരം തയ്യാറാക്കിയിട്ട് ഒരു സഹോദരിയെക്കൊണ്ട് പരിഭാഷപ്പെടുത്തി ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിച്ച് അത് എഴുതിയെടുക്കും. കുറച്ചൊക്കെ വൈക്ലബ്യത്തോടെയാണ് ഉത്തരം പറയാൻ താൻ കൈ ഉയർത്തുന്നതെന്ന് അവൾ സമ്മതിക്കുന്നു. ചിലപ്പോഴൊക്കെ അവളുടെ ശ്രമം മറ്റുള്ളവരിൽ ചിരിയുണർത്തും. എന്നാൽ ഇത് അവളെ നിരുത്സാഹപ്പെടുത്തുന്നില്ല. അവൾ പറയുന്നു: “എന്റെ ശ്രമത്തെ സഹോദരങ്ങൾ വിലമതിക്കുന്നുണ്ടെന്ന് എനിക്കറിയാം. വാസ്തവത്തിൽ, ഞാൻ ഉത്തരം പറയുന്നത് ഭാഷ നന്നായി അറിയാവുന്നവരെ യോഗങ്ങളിൽ കൂടുതൽ ഉത്തരം പറയാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.”
എനിക്കാണെങ്കിൽ, പ്രസംഗങ്ങൾ സാധാരണമട്ടിൽ നടത്താനാകുമായിരുന്നില്ല. ഓരോ വാക്യത്തിനുശേഷവും പരിഭാഷയ്ക്കു സമയം കൊടുക്കേണ്ടതിനാൽ പെട്ടെന്ന് ചിന്താധാരയ്ക്കു കോട്ടംതട്ടാം. കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വിവരങ്ങൾ കാര്യമായി വെട്ടിച്ചുരുക്കുകയും ചെയ്യേണ്ടിവരുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. എങ്കിലും ഞാനത് ആസ്വദിക്കുന്നുണ്ട്.
ഞങ്ങളുടെ വൈവിധ്യമാർന്ന ശുശ്രൂഷ
ബ്രിട്ടനിലെ അനേകം പട്ടണപ്രദേശങ്ങളിലും, വിദേശഭാഷകൾ സംസാരിക്കുന്ന ആളുകൾ ചിതറിപ്പാർക്കുന്നുണ്ട്. ചിലപ്പോൾ ഒരു തെരുവിൽ രണ്ടുപേർ ഉണ്ടാകും. മറ്റുള്ളവരെ കാണണമെങ്കിൽ ചിലപ്പോൾ കുറച്ചു ദൂരം പോകേണ്ടിവരും. എന്നാൽ അവരുടെ മാതൃഭാഷയിൽ അഭിവാദ്യം ചെയ്യുമ്പോഴത്തെ അവരുടെ പ്രതികരണം കാണുമ്പോൾ, ശ്രമത്തിനുതക്ക മൂല്യമുണ്ടെന്നു തോന്നും. എന്റെ കൂടെയുള്ള സഹോദരൻ വീട്ടുകാരന്റെ ഭാഷയിൽ രാജ്യസന്ദേശം അവതരിപ്പിക്കുമ്പോൾ, പലപ്പോഴും പ്രതികരണം അത്യന്തം ആഹ്ലാദജനകമായിരിക്കും.
തീർച്ചയായും, വിദേശഭാഷാ വയലിലെ ശുശ്രൂഷ ഞങ്ങളുടെ 40 വർഷ രാജ്യസേവനത്തിൽ ഞങ്ങൾക്കുണ്ടായിട്ടുള്ള ഏറ്റവും രസകരമായ അനുഭവങ്ങളിലൊന്നാണ്. വളർച്ചയ്ക്കുള്ള സാധ്യത ഏറെയാണ്. മാതൃഭാഷയിൽ പഠിപ്പിക്കപ്പെടുമ്പോൾ അനേകരും വേഗത്തിൽ പഠിക്കുന്നുവെന്നുമാത്രമല്ല, കൂടുതൽ ആഴമായ വിലമതിപ്പു കാണിക്കുകയും ചെയ്യുന്നുവെന്നതിൽ സംശയമില്ല. (പ്രവൃത്തികൾ 2:8, 14, 41) യോഗം അവസാനിക്കുന്നേരം, ആദ്യമായി മാതൃഭാഷയിൽ മുഴുപരിപാടിയും കേട്ടു ഗ്രഹിക്കാൻ സാധിച്ചതിനാൽ ചില സഹോദരീസഹോദരന്മാർ സന്തോഷാശ്രുക്കൾ പൊഴിക്കുന്നതു കാണുന്നത് വൈകാരികമായി വളരെ പ്രചോദനാത്മകമാണ്.
വീടുതോറും പ്രസംഗിക്കുമ്പോൾ, മുഖവുരയെങ്കിലും വീട്ടുകാരന്റെ ഭാഷയിലാക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. ഇതു ചിലപ്പോഴൊക്കെ ചില നിസ്സാര പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നിരിക്കും. ഉദാഹരണത്തിന്, ഒരു ഗുജറാത്തി വീട്ടുകാരനെ കാണുമ്പോൾ സാധാരണമായി പറയാറുള്ള ഒരു അഭിവാദ്യമാണ് കെംച്ചോ എന്നത്, “ഹലോ” എന്നേ അതിനർഥമുള്ളൂ. എന്നാൽ ഒരിക്കൽ എന്റെ ഉച്ചാരണത്തിൽ ഒരു നിസ്സാര പിശകു പറ്റിയപ്പോൾ, ഞാനൊരു പ്രശസ്ത കാപ്പി കമ്പനി പ്രചാരകനാണെന്ന് അവർ ധരിച്ചു. എന്നാൽ മറ്റൊരിടത്ത് ഞാൻ ഗുജറാത്തിയിൽ അഭിവാദ്യം ചെയ്തപ്പോൾ വീട്ടുകാരനും ഭാര്യയും പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളെ ഉടനെ അകത്തേക്കു ക്ഷണിച്ച് ദയാപുരസ്സരം കാപ്പി തന്നു—തെറ്റായി ഉച്ചരിച്ചതുകൊണ്ടല്ല. ഞങ്ങൾ സന്ദർശിക്കുന്ന കൂട്ടത്തിലെ യഹോവയുടെ സാക്ഷികളിൽ ചിലർ അവരുടെ ബന്ധുക്കളായിരുന്നു എന്നതായിരുന്നു കാരണം. അവർ സത്യത്തിൽ യഥാർഥ താത്പര്യം പ്രകടമാക്കി.
ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സഹോദരി ചൈനീസ് ഭാഷക്കാരിയായ ഒരു സ്ത്രീക്കു കൂടെക്കൂടെ മാസികകൾ കൊടുക്കുമായിരുന്നു. വർഷങ്ങളോളം ഈ പതിവു തുടർന്നു. സൗജന്യ ബൈബിളധ്യയനത്തെക്കുറിച്ചു പലപ്പോഴും പറഞ്ഞെങ്കിലും ആ സ്ത്രീ അതിനു തയ്യാറായില്ല. എന്നാൽ ഒരു ദിവസം, ചൈനീസ് ഭാഷ പഠിക്കുന്ന ഒരു സഹോദരിയും കൂടെ പോയി. അവൾ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ചൈനിസ് പതിപ്പ് ആ സ്ത്രീക്കു കൊടുത്തു.a വീട്ടുകാരിക്ക് അതിൽ താത്പര്യം തോന്നി ഉടൻ സ്വീകരിച്ചു. ഇപ്പോൾ മാതൃ ഭാഷയിൽ പുസ്തകം ലഭിച്ചതോടെ അവൾ ബൈബിളധ്യയനത്തിനു സമ്മതിച്ചു. ആ സ്ത്രീയുടെ മാതൃ ഭാഷയിൽ സംസാരിച്ച ഏതാനും വാക്കുകളായിരുന്നു ഇത്രമാത്രം ഫലമുളവാക്കിയത്.
വൈവിധ്യമാർന്ന സംസ്കാരങ്ങൾ
ചില സംസ്കാരങ്ങളിൽ രാത്രിസമയത്ത് സ്ത്രീകൾ തനിച്ചു പോകുന്നത് പുരുഷന്മാർക്കിഷ്ടമല്ലെന്നു ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല. ഇതുനിമിത്തം സായാഹ്നങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ സംബന്ധിക്കാൻ അനേകം സഹോദരിമാർക്കും വളരെ ബുദ്ധിമുട്ടുണ്ട്. യുവതികൾ വിവാഹം കഴിക്കാതെ വീട്ടിൽ പാർക്കാൻ തീരുമാനിക്കുന്നത് കുടുംബത്തിന് അപമാനമാണെന്നു ചില ഏഷ്യൻ സമുദായങ്ങൾ വിശ്വസിക്കുന്നു. വീട്ടുകാർ തിരഞ്ഞെടുത്ത പുരുഷനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ ഒരു സഹോദരിയുടെ പിതാവ് വിഷംകഴിച്ച് ആത്മഹത്യക്കൊരുങ്ങി. അതേ, അത്തരം സഹോദരിമാരുടെ സഹനം എടുത്തുപറയേണ്ടതുതന്നെ! എന്നിരുന്നാലും, കുടുംബജീവിതത്തിന്മേൽ സത്യത്തിനുള്ള സ്വാധീനവും സഹോദരിമാർ യഹോവയോടു പ്രകടമാക്കുന്ന വിശ്വസ്തത മാതാപിതാക്കളിൽ മതിപ്പുളവാക്കുന്ന വിധവും കാണുമ്പോൾ, അതു ശരിക്കും വിസ്മയാവഹംതന്നെ.
ഈ നിയമനം സ്വീകരിക്കുന്നതിനു ഞങ്ങൾക്കു ചില പൊരുത്തപ്പെടുത്തലുകൾ വേണ്ടിവന്നു. സഞ്ചാരവേല തുടങ്ങുന്നതിനുമുമ്പ്, എനിക്കു പരമ്പരാഗത ഇംഗ്ലീഷ് പാചകരീതി നിർബന്ധമായിരുന്നു, എന്നാൽ ഇപ്പോൾ എത്രമാത്രം മസാല ചേർക്കുന്നോ അത്രയും നന്ന് എന്നു തോന്നുന്നു. വർഷങ്ങളോളം ഇതു കഴിക്കാതിരുന്നതിൽ ദുഃഖം തോന്നുന്നു. പച്ചമീൻ മുതൽ കറികൾവരെയുള്ള വൈവിധ്യമാർന്ന പാചകങ്ങൾ ഇപ്പോഴല്ലേ ആസ്വദിക്കാൻ തുടങ്ങിയുള്ളൂ.
ശോഭനമായ സാധ്യതകൾ
അനേകം സ്ഥലങ്ങളിലും വിദേശഭാഷാവയലുകൾ പൂത്തുലയാനുള്ള സമയമായി എന്നു തോന്നുന്നു. വ്യത്യസ്ത ഭാഷകളിൽ ഇപ്പോൾ അധികമധികം പുസ്തകങ്ങൾ ലഭ്യമാണ്. പുതിയ സഭകൾ രൂപംകൊള്ളുമ്പോൾ നിങ്ങൾക്ക് യഹോവയുടെ അനുഗ്രഹം ദർശിക്കാനാകും. മറ്റു ഭാഷകൾ വശമുള്ള സഹോദരങ്ങൾ അകലെയുള്ള സഭകളിൽനിന്നു സഹായത്തിനെത്തുന്നുണ്ട്.
ഫ്രാൻസിലെ രാജ്യസുവാർത്താ പ്രസംഗത്തിനു ലഭിച്ച പ്രതികരണം ഒരു ശ്രദ്ധേയമായ ഉദാഹരണമാണ്. സയറിൽനിന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഫ്രഞ്ചു സംസാരിക്കുന്നവരായ അനേകം അഭയാർഥികൾ ഈയിടെ ബ്രിട്ടനിൽ വന്നിട്ടുണ്ട്. ലണ്ടനിൽ ഫ്രഞ്ചു സംസാരിക്കുന്നവരുടെ ആദ്യത്തെ സഭ രൂപീകൃതമായപ്പോൾ, ഏതാണ്ട് 65 രാജ്യപ്രസാധകർ സഹവസിച്ചിരുന്നു. ഒരു വർഷത്തിനുശേഷം ആ സംഖ്യ 117 ആയി കുതിച്ചുയർന്നു, ഇവരിൽ 48 പേർ നിരന്തര പയനിയർമാരായി മുഴുസമയം സേവിച്ചു. വർധിച്ചുവരുന്ന താത്പര്യക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഏറെ താമസിയാതെ രണ്ടാമത്തെ സഭ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ താത്പര്യക്കാർക്കു കൂടുതൽ ശ്രദ്ധ കൊടുക്കാനാകുന്നുണ്ട്. അവരിൽ 345 പേർ 1995-ലെ സ്മാരകാഘോഷത്തിൽ പങ്കെടുത്തു. ബെനിൻ, ഐവറി കോസ്റ്റ്, മൊറോക്കോ, സയർ എന്നിവിടങ്ങളിൽ സേവിച്ചിരുന്ന മുൻ ഗിലെയാദ് ബിരുദധാരികളുടെ അനുഭവസമ്പത്ത് വളരുന്ന ഈ വയലിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുകയാണിപ്പോൾ. വിസ്മയാവഹമായ പ്രതികരണമാണു ലഭിക്കുന്നത്.
ഒരു ഫ്രഞ്ച് സഭ സന്ദർശിച്ച അവസരത്തിൽ, ഒരു ആഫ്രിക്കൻ യുവതിയുമായുള്ള ബൈബിളധ്യയനത്തിനു ഞാനും കൂടെ പോയി. ഞങ്ങൾ പിരിയാൻ നേരത്ത്, ആ യുവതി കേണപേക്ഷിച്ചു: “ദയവായി പോകരുതേ, കുറെക്കൂടി കഴിഞ്ഞു പോകാം.” അവൾക്കു പിന്നെയും അറിയണമായിരുന്നു. അപ്പോൾ ഞങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ലുദിയയെക്കുറിച്ച് ഓർത്തുപോയി.—പ്രവൃത്തികൾ 16:14, 15.
ഞങ്ങളുടെ പ്രാരംഭവേല ചെറിയ വിദേശഭാഷാ കൂട്ടങ്ങളെ സഭകളായിത്തീരാൻ സഹായിക്കുക എന്നതായിരുന്നു. സഹോദരങ്ങൾ വാരംതോറും സഭാപുസ്തകാധ്യയനം നടത്തിയിരുന്നയിടങ്ങളിൽ, ഞങ്ങൾ മാസത്തിലൊരിക്കൽ ഹ്രസ്വമായ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ഏർപ്പെടുത്തി. ഇതു വയൽ ശുശ്രൂഷയിൽ നല്ല അവതരണം നടത്താൻ അവരെ സഹായിക്കുന്നു. പിന്നെ അവർ ക്രമേണ വാരംതോറും അഞ്ചു സഭായോഗങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിച്ചുകൊള്ളും. ചൈനീസ് (കന്റൊനിസ്), ഫ്രഞ്ച്, ഗുജറാത്തി, ജാപ്പനീസ്, പോർച്ചുഗീസ്, പഞ്ചാബി, തമിഴ്, വെൽഷ് എന്നീ ഭാഷകൾ സംസാരിക്കുന്ന പുതിയ സഭകൾ ഇതിനോടകംതന്നെ രൂപീകൃതമായിട്ടുണ്ട്.
ബധിരരായ സഹോദരങ്ങളുടെ യോഗങ്ങളിൽ പങ്കുപറ്റുന്നതിനുള്ള പദവിയും ഞങ്ങൾക്കു ലഭിച്ചു. സഹോദരങ്ങൾ കൈകളുപയോഗിച്ചു പാടുന്നതു കാണുന്നത് തികച്ചും പ്രചോദനാത്മകംതന്നെ. ശുശ്രൂഷയിൽ അവർ ആംഗ്യഭാഷയിലാണു സംസാരിക്കുന്നതെന്നു തിരിച്ചറിഞ്ഞ് രാജ്യവേലയിൽ പങ്കെടുക്കാനുള്ള അവരുടെ ഉത്കൃഷ്ടമായ ശ്രമങ്ങളിൽ എനിക്കു വലിയ മതിപ്പുതോന്നി. ബധിരരും അന്ധരുമായവർക്കുവേണ്ടി കാര്യങ്ങൾ വിവരിക്കാനും ആളുകളുണ്ട്. ആരും അവഗണിക്കപ്പെടുന്നില്ലെന്ന് യഹോവ ഉറപ്പാക്കുന്നതുപോലെ തോന്നുന്നു.
ഞങ്ങളൊരു പ്രത്യേക ആവശ്യം ഉന്നയിക്കേണ്ടതുണ്ടെങ്കിൽ, അത് യേശുവിന്റേതുപോലുള്ള ഒന്നായിരിക്കും: “കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്തായി 9:38) നമ്മുടെ സഹോദരങ്ങളിൽ അനേകരും തങ്ങളുടെ സഭാപ്രദേശത്തെ വംശീയ കൂട്ടങ്ങളുടെ ഭാഷ പഠിച്ചെടുക്കുന്ന ദുഷ്കരമായ വേല ഏറ്റെടുക്കുന്നുണ്ട്. ഞങ്ങൾക്കു പല ഭാഷകൾ സംസാരിക്കുന്നതിനുള്ള അത്ഭുതവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, യഹോവ ഞങ്ങളുടെ സ്വദേശത്തെ മിഷനറി വയലിലെ—കൊയ്ത്തിനു പാകമായിരിക്കുന്ന ഒരു വയലിലെ—ശുശ്രൂഷയ്ക്കു വഴി തുറന്നിരിക്കുകയാണ്. (യോഹന്നാൻ 4:35, 36)—കോളിൻ സീമർ പറഞ്ഞപ്രകാരം.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.