നിങ്ങൾ ഒരു “കൂത്തുകാഴ്ച”യാണ്!
1 അപ്പൊസ്തലനായ പൗലൊസ് എഴുതി: ‘ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കുന്നു.’ (1 കൊരി. 4:9) അതിന്റെ അർഥമെന്താണ്, ഇന്നു നമ്മുടെ ശുശ്രൂഷയെ അത് എങ്ങനെ ബാധിക്കണം?
2 “കൂത്തുകാഴ്ച” എന്ന പ്രയോഗം കേൾക്കുമ്പോൾ ഒരു കൊരിന്തുകാരന്റെ മനസ്സിലേക്കു വരുന്നത് വിനോദാർഥം റോമാക്കാർ സംഘടിപ്പിച്ച ദ്വന്ദ്വയുദ്ധത്തിന്റെയോ മൃഗങ്ങളുമായുള്ള മൽപ്പിടുത്തത്തിന്റെയോ അവസാനഘട്ടത്തിൽ, പരാജയപ്പെടുന്നവരെ ക്രൂരമായി വധിക്കുന്നതിനു മുമ്പ് ആയിരക്കണക്കിനു കാണികളുടെ മുമ്പിലൂടെ നടത്തുന്ന സംഭവമായിരിക്കും. സമാനമായി, ദൈവരാജ്യത്തിനുവേണ്ടി സാക്ഷ്യം വഹിച്ചതിന്റെ പേരിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ സഹിച്ച കഷ്ടപ്പാടുകൾ മനുഷ്യരും ദൂതന്മാരും അടങ്ങുന്ന ഒരു വലിയ സദസ്സ് നിരീക്ഷിച്ചു. (എബ്രാ. 10:32, 33) അവരുടെ നിർമലതാപാലന ഗതി അനേകരുടെമേൽ സ്വാധീനം ചെലുത്തി, ആധുനികകാല അടർക്കളത്തിലെ നമ്മുടെ സഹിഷ്ണുതയുടെ കാര്യത്തിലും അതു സത്യമാണ്. നാം ആർക്കാണ് ഒരു കൂത്തുകാഴ്ച ആയിരിക്കുന്നത്?
3 ലോകത്തിനും മനുഷ്യർക്കും: യഹോവയുടെ ജനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ചിലപ്പോൾ മാധ്യമങ്ങളിൽ വരാറുണ്ട്. നമ്മുടെ വേലയെ സംബന്ധിച്ച വസ്തുനിഷ്ഠവും പക്ഷപാതരഹിതവുമായ സത്കീർത്തികൾ നാം വിലമതിക്കുന്നു. അതേസമയം ഇടയ്ക്കിടെ ഉപജാപകർ നമ്മെ കുറിച്ച് ദുഷ്കീർത്തികൾ പ്രചരിപ്പിക്കുമെന്നും നമുക്കറിയാം. എന്നിരുന്നാലും, “ദുഷ്കീർത്തി” ഉണ്ടായാലും “സല്ക്കീർത്തി” ഉണ്ടായാലും നാം ദൈവത്തിന്റെ ശുശ്രൂഷകരാണ് എന്നത് സ്വയം തെളിയിക്കണം. (2 കൊരി. 6:4, 8) അപ്പോൾ യേശുക്രിസ്തുവിന്റെ യഥാർഥ ശിഷ്യരാണ് നാമെന്ന് ആത്മാർഥഹൃദയരായ നിരീക്ഷകർക്കു വ്യക്തമായിത്തീരും.
4 ദൂതന്മാർക്ക്: ആത്മജീവികളും നമ്മെ നിരീക്ഷിക്കുന്നുണ്ട്. പിശാചും അവന്റെ ഭൂതങ്ങളും നിരീക്ഷിക്കുന്നു—എന്നാൽ “യേശുവിന്റെ സാക്ഷ്യം ഉള്ളവരു”ടെ വേലയെ തടസ്സപ്പെടുത്താൻ “മഹാക്രോധത്തോടെ” ശ്രമിച്ചുകൊണ്ടാണെന്നു മാത്രം. (വെളി. 12:9, 12, 17) ഒരു പാപിയെങ്കിലും അനുതപിക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്ത ദൂതന്മാർ അതു നിരീക്ഷിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. (ലൂക്കൊ. 15:10) ഇന്നു ഭൂമിയിൽ ചെയ്യപ്പെടുന്നതിൽ ഏറ്റവും അടിയന്തിരവും പ്രയോജനകരവുമായ വേലയായി നമ്മുടെ ശുശ്രൂഷയെ ദൂതന്മാർ കണക്കാക്കുന്നു എന്നത് നമ്മെ ശക്തിപ്പെടുത്തണം!—വെളി. 14:6, 7.
5 എതിർപ്പു നേരിടുമ്പോഴോ ശുശ്രൂഷയ്ക്കു ഫലം ലഭിക്കുന്നില്ലെന്ന് തോന്നുമ്പോഴോ ഒരു സംഗതി മനസ്സിൽ പിടിക്കുക—മുഴു അഖിലാണ്ഡത്തിന്റെയും ശ്രദ്ധ നിങ്ങളിലാണ്. നിങ്ങളുടെ വിശ്വസ്തമായ സഹിഷ്ണുത നിങ്ങളുടെ നിർമലതയെ കുറിച്ച് വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നു. കാലക്രമത്തിൽ, ‘വിശ്വാസത്തിനു വേണ്ടിയുള്ള നിങ്ങളുടെ നല്ല പോരാട്ടം നിത്യജീവന്റെമേൽ ദൃഢമായ പിടി ഉണ്ടായിരിക്കാൻ’ നിങ്ങളെ സഹായിക്കും.—1 തിമൊ. 6:12, NW.