ഉത്സവകാലങ്ങൾ യഹോവയെ ബഹുമാനിക്കാൻ ഉപയോഗിക്കുക
1 കാലവർഷം അവസാനിക്കുന്നതോടെ ഭാരതീയ ഉത്സവങ്ങളുടെ കാലം തുടങ്ങുകയായി. ആഗസ്റ്റ് മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ദീപാവലി, ദസറ, ഗണപതി പൂജ, ഓണം, പൊങ്കൽ തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവങ്ങൾ കൊണ്ടാടുന്നവർക്ക് അതു സന്തോഷത്തിന്റെ സമയമാണ്. അല്ലാത്തവർക്കും അതു സന്തോഷം കൈവരുത്തുന്നു, ഈ ആഘോഷങ്ങളോടു ബന്ധപ്പെട്ട് കൂടുതലായ അവധി ദിവസങ്ങൾ ലഭിക്കുന്നു എന്നതിനാൽ. ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതലായി കിട്ടുന്ന അവധി ദിവസങ്ങൾ എങ്ങനെ ഉപയോഗിക്കാനാണു നിങ്ങളുടെ പരിപാടി?
2 കൂടുതലായ അവധി ദിവസങ്ങൾ ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക: ഈ സമയത്ത് നമ്മിൽ മിക്കവർക്കും ലൗകിക ജോലിയിൽനിന്ന് അവധി ലഭിക്കും. മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതിനെക്കാൾ മെച്ചമായ ഏതു വിധത്തിലാണ് ആ സമയത്തിൽ കുറെ നമുക്കു ചെലവഴിക്കാനാകുക? എല്ലാവരും വീട്ടിൽ കാണുന്ന സമയമാണത്, മാത്രമല്ല ആളുകൾ പൊതുവേ ആഹ്ലാദഭരിതരും ആയിരിക്കും. അതുകൊണ്ട് അത്തരം അവധിദിവസ സാക്ഷീകരണം ഫലപ്രദവും ആസ്വാദ്യവുമാണെന്നു തെളിഞ്ഞേക്കാം.
3 ഈ അവധി ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പ്രത്യേക വയൽ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ സഭാമൂപ്പന്മാർക്കു കഴിയുന്നതാണ്. തങ്ങളുടെ മുഴു കുടുംബത്തോടുമൊപ്പം അവധിദിവസ സാക്ഷീകരണ ക്രമീകരണത്തെ പിന്തുണയ്ക്കുന്നതിനു കുടുംബനാഥന്മാർക്കു പരിപാടിയിടാവുന്നതാണ്. കൂടുതലായി അൽപ്പം ശ്രമം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒരു സഹായ പയനിയറായി പോലും സേവിക്കാൻ കഴിഞ്ഞേക്കും. അത്തരം പ്രസംഗപ്രവർത്തനം നല്ല ആഹാരംപോലെ തന്നെ നവോന്മേഷദായകമാണെന്ന് ക്ഷീണിതനായിരുന്നപ്പോൾ പോലും യേശു കണ്ടെത്തി. (യോഹ. 4:34) നമ്മുടെ വ്യക്തിപരമായ സമയം മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുമ്പോൾ നമ്മുടെ അനുഭവവും അതുതന്നെ ആയിരിക്കും എന്നതിനു സംശയമില്ല.
4 പരിഗണന കാണിക്കുക, വിവേചന ഉപയോഗിക്കുക: മറ്റുള്ളവരോടുള്ള സ്നേഹം അവരുടെ സാഹചര്യം അറിഞ്ഞു പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഉത്സവദിനങ്ങളിൽ ആളുകൾ പൊതുവേ വിരുന്നുകാരെ സത്കരിക്കുന്നതിന്റെയും വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നതിന്റെയും തിരക്കിലായിരിക്കും. അതു തിരിച്ചറിഞ്ഞ് നമ്മുടെ അവതരണം ഹ്രസ്വമാക്കി നിറുത്താൻ ക്രിസ്തീയ മര്യാദ നമ്മെ പ്രേരിപ്പിക്കണം. എന്നാൽ മറ്റു ചിലർ അധികം തിരക്കില്ലാത്തവരും ആത്മീയ കാര്യങ്ങളെ കുറിച്ചു സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരും ആണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. സാഹചര്യത്തിന് അനുസൃതമായി സംഭാഷണത്തിന്റെ ദൈർഘ്യം നിശ്ചയിക്കാൻ നിങ്ങളുടെ ഭാഗത്തെ നല്ല ന്യായബോധം സഹായിക്കും. ദീർഘമായി സംസാരിക്കാനാകുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെങ്കിൽ, നിങ്ങൾക്ക് ഒരുപക്ഷേ ഇപ്രകാരം പറയാവുന്നതാണ്:
◼“ഇന്ന് അവധിയായതിനാൽ എല്ലാവരും വലിയ സന്തോഷത്തിലായിരിക്കുന്നതായി കാണാൻ കഴിയുന്നു! ചിലർക്ക് ഉത്സവത്തിന്റെ സന്തോഷം, മറ്റു ചിലർക്ക് ജോലിയിൽനിന്ന് ഒഴിവു കിട്ടിയതിന്റെ സന്തോഷം. ഇങ്ങനെയൊരു ദിവസം പൊതുവേ ആളുകൾക്ക് പിരിമുറുക്കമൊന്നും കാണില്ല, വീട്ടിലുള്ള എല്ലാവരും ഐക്യത്തിൽ ഒത്തൊരുമിച്ച് ജോലികൾ ചെയ്യുന്നു. ഇതുപോലെ ഉത്കണ്ഠകളൊന്നും ഇല്ലാതെ എങ്ങും സന്തോഷം അലതല്ലുന്ന ഒരു അവസ്ഥ എന്നും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ അല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] നീതിമാന്മാരായ ആളുകൾക്കു വേണ്ടി അതുതന്നെയാണ് ദൈവം ചെയ്യാൻ പോകുന്നത് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ?” മറുപടി പറയാൻ അനുവദിക്കുക. വീട്ടുകാരന്റെ പ്രതികരണം കേട്ട ശേഷം നിങ്ങൾക്ക് സങ്കീർത്തനം 37:11, 29 വായിക്കാവുന്നതാണ്, എന്നിട്ട് പറയുക: “ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും എന്നും സന്തോഷം ആസ്വദിക്കാൻ കഴിയുന്ന സമയത്തെ കുറിച്ച് കൂടുതലായി ചിന്തിക്കാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ്.” പരിജ്ഞാനം പുസ്തകത്തിന്റെ 4-ഉം 5-ഉം പേജുകളിലെ ചിത്രം കാണിക്കുക. 1-ാം അധ്യായത്തിലെ ആശയങ്ങൾ ചർച്ച ചെയ്യാനായി വീണ്ടും വരാമെന്നു പറയുക.
5 വീട്ടുകാർ നമുക്ക് ഉത്സവാശംസകൾ നേരുമെന്നുള്ളത് ഉറപ്പാണ്. നാം മനസ്സിൽ പിടിക്കേണ്ട അടിസ്ഥാന തത്ത്വം ഇതാണ്: ലൗകിക മതോത്സവങ്ങളിലോ ആഘോഷങ്ങളിലോ നാം പങ്കെടുക്കുകയില്ല, അതിനോടു ബന്ധപ്പെട്ട ആശംസകളൊന്നും പറയുകയുമില്ല. (2 കൊരി. 6:14-18) എന്നിരുന്നാലും, സദുദ്ദേശ്യമുള്ള ഒരു വീട്ടുകാരനെ അനാവശ്യമായി മുറിപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആശംസകൾ നേരുമ്പോൾ “നന്ദി” എന്നോ അല്ലെങ്കിൽ കൈകൾ കൂപ്പി ഊഷ്മളമായ ഒരു പുഞ്ചിരിയോടെ “നമസ്കാരം” എന്നു പോലുമോ തിരിച്ചു പറയാവുന്നതാണ്. അത്തരം സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള മറ്റൊരു വിധം, നമ്മെ ശ്രദ്ധിക്കാൻ അവർ കാണിക്കുന്ന മനസ്കതയ്ക്കു നന്ദി പറയുക എന്നതാണ്. അങ്ങനെ നമുക്ക് മതപരമായ ഏതെങ്കിലും പ്രയോഗങ്ങൾ ഉപയോഗിക്കുന്നതും നമ്മുടെ ഭാഗത്തുനിന്ന് അനുരഞ്ജനത്തിന്റെ ഒരു ധാരണ ഉളവാക്കുന്നതും ഒഴിവാക്കാൻ കഴിയും. അതേസമയം നമ്മോടുള്ള അവരുടെ സൗഹൃദഭാവം നിലനിറുത്താനും കഴിയും.
6 അവർ നമുക്ക് പ്രസാദം തരുന്നെങ്കിലോ? നാം അതിനെ ‘വിഗ്രഹത്തിന് അർപ്പിച്ച ആഹാരം’ കഴിക്കുന്നതുപോലെ മാത്രം വീക്ഷിക്കുകയും അതുകൊണ്ട് വ്യക്തിപരമായ മനസ്സാക്ഷി അനുസരിച്ച് തീരുമാനിക്കേണ്ട ഒരു സംഗതിയായി കണക്കാക്കുകയും ചെയ്യാമോ? (1 കൊരി. 10:25-30) പാടില്ല. സാധാരണഗതിയിൽ അന്നേദിവസം ചെയ്യപ്പെടുന്ന പൂജയുടെ ഭാഗമായിട്ടാണ് അതിഥികൾക്കും സന്ദർശകർക്കും പ്രസാദം നൽകുന്നത്, അതു കഴിക്കുന്നതിലൂടെ അവരും ആ ആരാധനയിൽ പങ്കുപറ്റുന്നു. കാര്യങ്ങൾ അങ്ങനെയാണെന്ന് മനസ്സിലായാൽ പിൻവരുന്നപ്രകാരം വ്യക്തമായി പറഞ്ഞുകൊണ്ട് നമുക്കു നയപരമായി പ്രതികരിക്കാൻ കഴിയും: “നന്ദി. നിങ്ങൾ എന്നോടു കാണിച്ച താത്പര്യത്തെ ഞാൻ വളരെ വിലമതിക്കുന്നു. പക്ഷേ ഞാൻ പ്രസാദം സ്വീകരിക്കാറില്ല.” (പ്രവൃ. 15:28, 29) എന്നിരുന്നാലും, ഉത്സവകാലത്ത് വീട്ടിൽ വരുന്ന എല്ലാവർക്കും മധുര പലഹാരങ്ങളും മറ്റും കൊടുക്കുന്ന ആചാരം വീട്ടുകാർക്ക് ഉണ്ടായിരുന്നേക്കാം. അത്തരം ആചാരങ്ങൾ പൂജയുമായി നേരിട്ടു ബന്ധപ്പെട്ടതല്ലാത്തതിനാൽ ഒരു ശുദ്ധ മനസ്സാക്ഷിയോടെ അതു സ്വീകരിക്കാൻ പലരും തയ്യാറാകുന്നു.
7 ഈ സമയത്ത് യഹോവയുടെ സാക്ഷികൾ മാത്രമല്ല വീടുതോറും പോകുന്നത്. പ്രാദേശികമായ ഏതെങ്കിലും മതാഘോഷത്തിനോ പൂജയ്ക്കോ സംഭാവന പിരിക്കാനായി മറ്റാളുകളും വീടുതോറും പോകാറുണ്ട്. സ്കൂളിലും ജോലി സ്ഥലത്തും സമാനമായ പിരിവുകൾ ഉണ്ടായിരുന്നേക്കാം. അത്തരം കാര്യങ്ങൾക്കു സംഭാവന നൽകുന്നതിലൂടെ നാം ആ ആരാധനയ്ക്കു പിന്തുണ നൽകുന്നവർ ആയിത്തീർന്നേക്കാം. അതുകൊണ്ട് ഈ കാര്യം സംബന്ധിച്ച നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കും എന്ന് മുൻകൂട്ടി നിർണയിക്കാൻ നാം ആഗ്രഹിക്കുന്നു. വീണ്ടും, ധീരവും അതേസമയം നയപരവും ആയ പ്രതികരണം നല്ല ഫലം കൈവരിക്കും. ഇങ്ങനെ സംഭാവന നൽകുന്നതിനെ ആരാധനയിൽ വിട്ടുവീഴ്ച ചെയ്യുന്നതായും ഞങ്ങളുടെ ദൈവത്തോടുള്ള വഞ്ചനയായും ആണ് നാം കണക്കാക്കുന്നത് എന്നും അതുകൊണ്ട് അങ്ങനെ ഒരു കാര്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ലെന്നും നയപരമായ വാക്കുകൾ ഉപയോഗിച്ച് നമുക്കു വ്യക്തമായി പറയാൻ കഴിയും.
8 ഉത്സവങ്ങൾ കൊണ്ടാടുന്ന പലരുടെയും വിശ്വാസം, ഇത് വർഷത്തിലെ ശേഷിച്ച സമയത്ത് സമൃദ്ധി കൈവരുത്തും എന്നാണ്. അക്കാരണത്താൽ തങ്ങളുടെ പുതുവർഷം ദയാപരമായ വാക്കുകളാലും സത്പ്രവൃത്തികളാലും തുടങ്ങാൻ അവർ വളരെ ഉത്സാഹമുള്ളവരാണ്. അത്തരം സമയങ്ങളിൽ നാം ആളുകളോടു സംസാരിക്കുമ്പോൾ “മരണം,” “രോഗം,” “വേദന” തുടങ്ങിയ പദങ്ങൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. പകരം എല്ലാവർക്കും സന്തോഷം പകരുന്ന “നല്ല ആരോഗ്യം,” “ഒരു പുതിയ ലോകത്തിലെ നിലനിൽക്കുന്ന സമാധാനസമൃദ്ധി” എന്നിവ പോലുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഈ സമയത്ത് അത്തരം നല്ല കാര്യങ്ങളെ കുറിച്ചു സംസാരിക്കാൻ മിക്കവർക്കും സന്തോഷമായിരിക്കും.
9 യഹോവയെ ബഹുമാനിക്കാനുള്ള ആഗ്രഹം, ഉത്സവകാലങ്ങളിൽ കൂടുതൽ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുമാറാകട്ടെ. ആളുകൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതുകൊണ്ട് നയമുള്ളവർ ആയിരിക്കുക. എന്നാൽ നമ്മുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും നാം ദൃഢചിത്തരായിരിക്കണം. വരാനിരിക്കുന്ന പുതിയ ലോകത്തിൽ യഹോവ നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യ സന്തോഷത്തിന്റെ ഉത്സവത്തിലേക്ക് നമ്മുടെ അയൽക്കാരെ നമുക്കു നയിക്കാം.—സെഖ. 14:16.