നിങ്ങളുടെ കുട്ടികളോടൊപ്പം വായിക്കുക
നല്ല വായനാശീലം ഉള്ളവരുടെ മക്കൾ വീട്ടിൽ അത്തരമൊരു മാതൃകയില്ലാത്ത കുട്ടികളെ അപേക്ഷിച്ച് പുസ്തകങ്ങളോടു പ്രിയം വളർത്തി എടുക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ബ്രസീലിയൻ മാസികയായ വേഴ അഭിപ്രായപ്പെടുന്നു. “ഒരുമിച്ചുള്ള വായന മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അടുപ്പം വർധിപ്പിക്കുകയും പുസ്തകത്തിന്റെ ഉള്ളടക്കം മെച്ചമായി ഗ്രഹിക്കാൻ കുട്ടിയെ സഹായിക്കുകയും ചെയ്യുന്നു” എന്ന് ശിശുക്കളുടെ വളർച്ച സംബന്ധിച്ച വിഷയത്തിൽ വിദഗ്ധയായ മാർത്താ ഹോപ്പി പറയുന്നു.
കുട്ടികളെ ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കുന്നത് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള അവസരവും നിങ്ങൾക്കു പ്രദാനം ചെയ്യുന്നു. പാഠത്തോട് ഒപ്പമുള്ള ചിത്രങ്ങളെ കുറിച്ചു നിങ്ങൾക്കു ചർച്ചചെയ്യാവുന്നതാണ്. “ഒരു കുട്ടി തന്റെ ജിജ്ഞാസ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുമ്പോൾ, അവൻ പുസ്തകങ്ങളുടെ ഉള്ളടക്കവുമായി എത്ര മാത്രം പരിചിതനാണോ അത്ര മാത്രം അവയിൽ വിവരങ്ങൾക്കായി പരതാൻ പ്രേരിതനാകും” എന്ന് ഹോപ്പി അഭിപ്രായപ്പെടുന്നു.
യഹോവയുടെ സാക്ഷികളായ അനേകം മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടൊത്തു വായിക്കുന്നത് ആസ്വദിക്കുന്നു. എന്റെ ബൈബിൾ കഥാ പുസ്തകം, മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾa അവർ വായിച്ചേക്കാം. ഇത്തരം പുസ്തകങ്ങൾ കുട്ടികളെ നല്ല വായനക്കാർ ആയിത്തീരാൻ സഹായിക്കുന്നതിനു പുറമേ ലോകത്തിൽ ഏറ്റവും അധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകത്തിൽ—വിശുദ്ധ ബൈബിളിൽ—ഉള്ള അവരുടെ താത്പര്യം വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, ഉത്സാഹപൂർവം ദൈവവചനം വായിച്ചുകൊണ്ട് നിങ്ങളുടെ കുട്ടികൾക്കു മാതൃക വെക്കുക. (യോശുവ 1:7, 8) നിശ്ചയമായും, അവരെ വായിച്ചുകേൾപ്പിക്കാൻ സമയമെടുക്കുക!
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.