ബൈബിൾ—മനസ്സിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു പുസ്തകം
ബൈബിൾ വ്യക്തമായ ദൈവവചനമാണെന്നും അക്ഷരാർഥത്തിൽ അതിനെ പിൻപററണമെന്നും ചിലയാളുകൾ വിശ്വസിക്കുന്നു. മററുചിലർക്ക്, “ബൈബിളിലെ സന്ദേശം വളരെയധികം അവ്യക്തമാണ്”. കാനഡയിലെ ഏററവും വലിയ പ്രൊട്ടസ്ററൻറ് വിഭാഗത്തിന്റെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച 12 അംഗ സമിതി അപ്രകാരം പറയുന്നു. ചിലർക്കു “ബൈബിൾ ദുർഗ്രഹവും അമൂർത്തവും അപ്രസക്തവും ആയിത്തീരുന്നു”, എന്ന് യുണൈററഡ് സഭയിലെ വൈദികനായ ക്ലിഫോർഡ് എലിയട്ട് കരുതുന്നു.
അത്തരം വീക്ഷണങ്ങൾ ഉത്തരം അർഹിക്കുന്ന പ്രസക്ത ചോദ്യങ്ങൾ ഉയർത്തുന്നു. പിൻവരുന്നവ അവയിൽ പ്രധാനപ്പെട്ടവയാണ്, ബൈബിൾ എഴുതപ്പെട്ടതെന്തുകൊണ്ട്? അതു മനസ്സിലാക്കാൻ കഴിയാത്തവണ്ണം വളരെ കുഴഞ്ഞതും സങ്കീർണവുമാണോ? സാധാരണക്കാരന് അതു മനസ്സിലാക്കാൻ കഴിയുമോ? തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ ഒരുവന് എന്തു സഹായം ആവശ്യമാണ്? ഈ പ്രക്ഷുബ്ധ കാലങ്ങളിൽ ബൈബിളിന്റെ സൂക്ഷ്മപരിജ്ഞാനം അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ എഴുതപ്പെട്ടതെന്തുകൊണ്ട്?
അത്യുന്നത ദൈവമായ യഹോവയുടെ പ്രീതിയും അംഗീകാരവും നേടാൻ ആഗ്രഹിക്കുന്നവർക്കു ദൈവവചനത്തിന്റെ പഠനം എന്നും ഒരു മുൻഉപാധി ആയിരുന്നിട്ടുണ്ട്. രാജാക്കൻമാരും പുരോഹിതൻമാരും മാതാപിതാക്കളും സ്ത്രീകളും കുട്ടികളും—ധനികരും ദരിദ്രരും ഒരുപോലെ—അനുദിന ജീവിത കാര്യാദികളിൽനിന്നു സമയമെടുത്ത്, രേഖപ്പെടുത്തപ്പെട്ട ദൈവവചനം ഗൗരവപൂർവവും പ്രാർഥനാപൂർവവും പരിചിന്തിക്കാൻ പ്രബോധിപ്പിക്കപ്പെട്ടു.—ആവർത്തനപുസ്തകം 6:6, 7; 17:18-20; 31:9-12; നെഹെമ്യാവു 8:8; സങ്കീർത്തനം 1:1, 2; 119:7-11, 72, 98-100, 104, 142; സദൃശവാക്യങ്ങൾ 3:13-18.
ദൃഷ്ടാന്തമായി, യോശുവയോട് ഇപ്രകാരം നിർദേശിച്ചു: “നിന്റെ ആരാധനയിൽ എപ്പോഴും ന്യായപ്രമാണ പുസ്തകം വായിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അതു രാവും പകലും പഠിക്കുക, അതിൽ എഴുതിയിരിക്കുന്ന സകലതും നീ അനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. അപ്പോൾ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയിക്കുകയും ചെയ്യും.” (യോശുവ 1:8, ററുഡേസ് ഇംഗ്ലീഷ് വേർഷൻ) ദൈവവചനത്തിന്റെ അത്തരം ശ്രദ്ധാപൂർവകമായ പഠനവും ബാധകമാക്കലും വിജയത്തിലും സന്തുഷ്ടിയിലും കലാശിക്കും. “സകലതരം മനുഷ്യരും” തന്റെ വചനമായ ബൈബിൾ മനസ്സിലാക്കാൻ മാത്രമല്ല, പിന്നെയോ ജീവന്റെ സമ്മാനം ലഭിക്കാനുള്ള പ്രതീക്ഷയോടെ അത് അനുസരിക്കാനും യഹോവ ഉദ്ദേശിച്ചു.—1 തിമൊഥെയൊസ് 2:3, 4, NW; യോഹന്നാൻ 17:3.
മനസ്സിലാക്കാൻ കഴിയാത്തവണ്ണം സങ്കീർണമോ?
യേശുവിന്റെ സ്വർഗാരോഹണത്തിനു മുമ്പ്, ഭൂവ്യാപകമായി ഒരു വലിയ ബൈബിൾ വിദ്യാഭ്യാസ പരിപാടി തുടർന്നുനടത്താൻ താൻ ആഗ്രഹിക്കുന്നതായി അവൻ വ്യക്തമാക്കി. (പ്രവൃത്തികൾ 1:8) ബൈബിൾ മനസ്സിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് അവൻ അറിഞ്ഞിരുന്നു. യഹോവ തനിക്കു സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും നൽകിയിട്ടുണ്ടെന്നു വിശദീകരിച്ചശേഷം അവൻ നേരിട്ട് ഈ കൽപ്പന നൽകി: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ [അല്ലെങ്കിൽ, പഠിതാക്കളാക്കിക്കൊൾവിൻ].”—മത്തായി 28:19, 20.
സ്നാപനത്തിനുമുമ്പ്, യഹോവയെക്കുറിച്ചും അവന്റെ പുത്രനെക്കുറിച്ചും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ചും പുതിയ ശിഷ്യരെ പഠിപ്പിക്കേണ്ടതുണ്ട്. കൂടുതലായി, അവരെ ക്രിസ്തീയ വ്യവസ്ഥാക്രമത്തിലെ നിയമം പഠിപ്പിക്കേണ്ടതുണ്ട്. (1 കൊരിന്ത്യർ 9:21; ഗലാത്യർ 6:2) ഈ ഫലം സിദ്ധിക്കുന്നതിന്, അർഹതയുള്ളവർ ഒന്നാമതു ബൈബിൾ യഹോവയിൽനിന്നുള്ളതാണെന്നും രണ്ടാമത് അതു മനസ്സിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും വിശ്വസിക്കേണ്ട ആവശ്യമുണ്ട്.—മത്തായി 10:11-13.
ബൈബിൾ മനസ്സിലാക്കാൻ നിങ്ങളുടെ ഭാഗത്ത് എന്താവശ്യമാണ്? ദൈവത്തിന്റെ പുത്രൻ തിരുവെഴുത്തുകൾ വിശദീകരിക്കുന്നതിന് ഒരു പ്രത്യേക ശ്രമം നടത്തി. വിശുദ്ധ എഴുത്തുകൾ സത്യമാണെന്നും അവയിൽ യഹോവയുടെ പ്രസ്താവിത ഇഷ്ടം അടങ്ങുന്നുവെന്നും അവൻ അറിഞ്ഞിരുന്നു. (യോഹന്നാൻ 17:17) തന്റെ പ്രവർത്തന നിയോഗത്തെ സംബന്ധിച്ച് യേശുക്രിസ്തു പറഞ്ഞു: “ഈ ഒരു ഉദ്ദേശ്യത്തിനുവേണ്ടി ഞാൻ ജനിച്ചു ലോകത്തിൽ വന്നുമിരിക്കുന്നു, സത്യത്തെക്കുറിച്ചു സംസാരിക്കുന്നതിനു തന്നേ. സത്യത്തിന്റെ പക്ഷത്തുള്ള ഏതൊരാളും എന്നെ ശ്രദ്ധിക്കുന്നു.” (യോഹന്നാൻ 18:37, TEV; ലൂക്കൊസ് 4:43) സ്വീകാര്യക്ഷമമായ ഹൃദയവും മനസ്സുമുള്ളവരെ പഠിപ്പിക്കുന്നതിൽനിന്ന് യേശു പിൻമാറിനിന്നില്ല. ലൂക്കോസ് 24:45-ൽ [NW] നമ്മോട് ഇങ്ങനെ പറയുന്നു: “പിന്നീട് അവൻ [ക്രിസ്തു യേശു] തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കേണ്ടതിന് അവരുടെ മനസ്സു പൂർണ്ണമായി തുറന്നു.”
യേശുവിന്റെ ശുശ്രൂഷക്കാലത്ത് അവൻ “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും” ഉള്ള തിരുവെഴുത്തുകൾ പരാമർശിച്ചുകൊണ്ടും വിശദീകരിച്ചുകൊണ്ടും എഴുതപ്പെട്ട വചനത്തിൽനിന്നു യഥേഷ്ടം ഉദ്ധരിച്ചു. (ലൂക്കൊസ് 24:27, 44) അവന്റെ തിരുവെഴുത്തു വിശദീകരണങ്ങൾ കേട്ടവർ അവന്റെ ഗ്രാഹ്യത്തിന്റെ വ്യക്തതയാലും അതുപോലെതന്നെ പഠിപ്പിക്കാനുള്ള അവന്റെ പ്രാപ്തിയാലും വളരെയധികം പ്രചോദിതരായി. (മത്തായി 7:28, 29; മർക്കൊസ് 1:12; ലൂക്കൊസ് 4:32; 24:32) അവനെ സംബന്ധിച്ചടത്തോളം തിരുവെഴുത്തുകൾ ഒരു തുറന്ന പുസ്തകമായിരുന്നു.
ബൈബിളും യേശുവിന്റെ അനുഗാമികളും
യേശുക്രിസ്തുവിന്റെ ഒരു അനുകാരിയായിരുന്ന അപ്പോസ്തലനായ പൗലോസ്, തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്നതു മററുള്ളവരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞു. അവ മനസ്സിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് അവനും അറിഞ്ഞിരുന്നു. അതുകൊണ്ടാണ് അവൻ പരസ്യമായി പഠിപ്പിക്കുകയും തിരുവെഴുത്തുകൾ മനസ്സിലാക്കാൻ ആഗ്രഹിച്ചവരുടെ ഭവനങ്ങളിൽവെച്ച് അവ സംശയരഹിതമായി വിശദീകരിക്കുകയും ചെയ്തത്. ഇപ്രകാരം പറഞ്ഞപ്പോൾ പൗലോസ് തന്റെ നിലപാടു വ്യക്തമാക്കി: “ഞാൻ പരസ്യമായും നിങ്ങളുടെ ഭവനങ്ങളിലും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോൾ നിങ്ങൾക്കു സഹായകരമായിരിക്കാവുന്ന യാതൊന്നും ഞാൻ പിടിച്ചുവെച്ചില്ലെന്നു നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃത്തികൾ 20:20, TEV) അവന്റെ ചർച്ചകളിൽ അവൻ പരാമർശനങ്ങളോടെ തന്റെ ആശയങ്ങൾ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ടു തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്തു. (പ്രവൃത്തികൾ 17:2, 3) തിരുവെഴുത്തുകളുടെ അർഥം മനസ്സിലാക്കാൻ മററുള്ളവരെ സഹായിക്കുന്നതിൽ അവൻ തത്പരനായിരുന്നു.
യേശുവും അവന്റെ ശിഷ്യൻമാരും പഠിപ്പിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്കു വാഞ്ഛയുണ്ടോ? (1 പത്രൊസ് 2:2) പുരാതന ബെരോവയിലെ നിവാസികൾക്ക് അത്തരം ഒരാഗ്രഹമുണ്ടായിരുന്നു, ക്രിസ്തുവിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് അവരെ പഠിപ്പിച്ചതു വിശ്വസിക്കാൻ അവർ ആകാംക്ഷയുള്ളവർ ആയിരുന്നു. അതുകൊണ്ട്, തിരുവെഴുത്തുകൾ അനുദിനം പഠിച്ച്, അങ്ങനെ തങ്ങൾ കേട്ട സുവാർത്ത സത്യംതന്നെയാണെന്ന് ഉറപ്പുവരുത്താൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു. അവരുടെ മനസ്സു സ്വീകാര്യക്ഷമമായിരുന്നതുകൊണ്ട് “അവരിൽ പലരും . . . വിശ്വസിച്ചു.”—പ്രവൃത്തികൾ 17:11, 12.
ബൈബിൾ മനസ്സിലാക്കുന്നതിന്, ഒരുവനു ശരിയായ ഹൃദയനിലയും അറിയാനുള്ള ആത്മാർഥമായ ആഗ്രഹവും ‘ഒരുവന്റെ ആത്മീയ ആവശ്യം സംബന്ധിച്ച ബോധവും’ ഉണ്ടായിരിക്കേണ്ടതുണ്ട്. (മത്തായി 5:3, NW) ‘അവരോടു ഉപമകളായി സംസാരിക്കുന്നതു എന്ത്?’ എന്ന് യേശുവിനോടു ചോദിച്ചപ്പോൾ അവൻ ഇപ്രകാരം ഉത്തരം നൽകി: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.” അവൻ ‘ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കുമെന്നും ഗൂഢമായതു ഉച്ചരിക്കുമെന്നും’ മുൻകൂട്ടി പറഞ്ഞിരുന്നു. (മത്തായി 13:10, 11, 35) അതുകൊണ്ട് ആത്മാർഥതയുള്ള അന്വേഷകനിൽനിന്ന് ഉദാസീനനും വെറും ജിജ്ഞാസുവുമായ കേൾവിക്കാരനെ വേർതിരിക്കാൻ യേശു ഉപമകളിലൂടെ സംസാരിച്ചു. യേശുവിന്റെ ശിഷ്യൻമാർ ഒരവസരത്തിൽ അവനോടുകൂടെ ഒരു വീട്ടിൽ ചെന്ന്, “വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം” എന്നു പറഞ്ഞപ്പോൾ തങ്ങളുടെ ആത്മാർഥത പ്രകടമാക്കി.—മത്തായി 13:36.
ബൈബിൾ മനസ്സിലാക്കണമെങ്കിൽ നമുക്കു സഹായമാവശ്യമാണെന്നുള്ളതു സ്പഷ്ടമാണ്. യുണൈററഡ് സഭയുടെ ദൈവശാസ്ത്രം, വിശ്വാസം, സഭൈക്യം എന്നിവയുടെ സെക്രട്ടറിയായ ഹാൽ ലെവ്ലിൻ എന്ന വൈദികൻ പറഞ്ഞു: “ബൈബിൾ നമ്മെ സംബന്ധിച്ച് എന്തർഥമാക്കുന്നുവെന്നു വ്യക്തമാക്കുന്നതും അതെങ്ങനെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുവെന്നതും വളരെ പ്രധാനമാണ്.” എന്നാൽ എല്ലാവരും തിരിച്ചറിയുന്നില്ലെങ്കിൽപോലും, ബൈബിൾ നമുക്കു സ്വന്തമായി മനസ്സിലാക്കാൻ കഴിയുകയില്ലെന്നുള്ളതാണു വസ്തുത. നമുക്കു സഹായം ആവശ്യമാണ്.
എന്തു സഹായം ലഭ്യമാണ്?
ബൈബിളിൽ അന്ധാളിപ്പിക്കുന്ന ചില വചനങ്ങളും കുഴയ്ക്കുന്ന ചോദ്യങ്ങളും ചുരുളഴിക്കൽ ആവശ്യമുള്ള നിഗൂഢമായ പ്രസ്താവനകളും ഉണ്ട്. എഴുതിയ സമയത്തു മനസ്സിലാക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത അർഥവത്തായ സാദൃശ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവ ഉദ്ദേശ്യപൂർവം ദുരൂഹമാക്കിയതാകാം. എന്നാൽ അവയിൽ തീർച്ചയായും യഹോവയുടെ ഉദ്ദേശ്യങ്ങൾ അടങ്ങിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, “മൃഗത്തിന്റെ സംഖ്യ” “അറുനൂറററുപത്താറു” ആകുന്നുവെന്നു വെളിപ്പാടു 13:18 പറയുന്നു. “ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം” എന്നു വാക്യം പറയുമ്പോൾ അത് ആ സംഖ്യയുടെ പ്രാധാന്യം വിശദീകരിക്കുന്നില്ല. എന്നിരുന്നാലും, യഹോവ തന്റെ സ്ഥാപനത്തിലൂടെ ഇന്ന് അതിന്റെ അർഥം മനസ്സിലാക്കാൻ തന്റെ വിശ്വസ്ത ദാസൻമാരെ അനുവദിച്ചിരിക്കുന്നു. (“ബൈബിൾ മനസ്സിലാക്കുന്നതിനുള്ള സരണി” എന്ന ചതുരം കാണുക.) “സത്യത്തിന്റെ വചനത്തെ ശരിയായി കൈകാര്യം” ചെയ്യുന്നതിൽ പരിചയസമ്പന്നരായവരുടെ സഹായത്തോടെ നിങ്ങൾക്കും ഈ ഗ്രാഹ്യം നേടാൻ കഴിയും.—2 തിമൊഥെയൊസ് 2:2, 15, 23-25; 4:2-5, NW; സദൃശവാക്യങ്ങൾ 2:1-5.
രാജ്യദൂതിനോടുള്ള പ്രതികരണമോ പ്രതികരണത്തിന്റെ അഭാവമോ പ്രകടമാക്കാൻ യേശു ചിലപ്പോഴെല്ലാം ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. സ്നേഹിതരിൽനിന്നോ ബന്ധുക്കളിൽനിന്നോ ഉള്ള എതിർപ്പിനാൽ നിരുത്സാഹിതരായി ചിലർ പുരോഗതി നേടുകയില്ലെന്ന് അവൻ സൂചിപ്പിച്ചു. മററുചിലർ രാജ്യദൂതിനോടുള്ള തങ്ങളുടെ വിലമതിപ്പിനെ നശിപ്പിക്കാൻ “ഞെരുക്കത്തെയോ ഉപദ്രവത്തെയോ’ അനുവദിക്കും. ഇനിയും മററുചിലർ തങ്ങൾക്കു സുവാർത്തയോടുണ്ടായിരുന്നേക്കാവുന്ന ഏതു സ്നേഹത്തെയും ഞെരുക്കിക്കളയാൻ “ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും” ആകുന്ന അനുദിന ജീവിത കാര്യാദികളെ അനുവദിക്കും. നേരേമറിച്ച്, സന്തോഷത്തോടെ പ്രതികരിക്കുന്നവരും വിലപ്പെട്ട വചനം കേൾക്കാനും അതിന്റെ അർഥം ഗ്രഹിക്കാനും മനസ്സുള്ളവരുമായ ആളുകളുണ്ട്. അവർ ക്രൈസ്തവലോകത്തിൽ യേശുവിന്റെ നാമത്തിൽ എന്ന വ്യാജേന “നടക്കുന്ന സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന”വരാണ്. അത്തരക്കാർ യഹോവയുടെ വഴിയിൽ പ്രബോധിപ്പിക്കപ്പെടാനും തന്നിമിത്തം അവർ ബൈബിളിൽനിന്നു വായിക്കുന്നതു മനസ്സിലാക്കാനും ആകാംക്ഷയുള്ളവരാണ്.—മത്തായി 13:3-9, 18-23; യെഹെസ്കേൽ 9:4; യെശയ്യാവു 2:2-4.
വ്യക്തിപരമായ അടിസ്ഥാനത്തിൽ യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച് ഉൾക്കാഴ്ച നേടാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ യഹോവക്കു കഴിയും. ദൃഷ്ടാന്തീകരിക്കുന്നതിന്, യെരുശലേമിൽനിന്നു തിരിച്ചുപോകുമ്പോൾ യെശയ്യാവിന്റെ ബൈബിൾ പുസ്തകം പരിചിന്തിച്ചുകൊണ്ടിരുന്ന ഒരു എത്യോപ്യക്കാരനെ സഹായിക്കാൻ യഹോവയുടെ ആത്മാവ് സുവിശേഷകനായ ഫിലിപ്പോസിനെ നയിച്ചതായി ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. തന്റെ വീട്ടിലേക്കുള്ള മടക്കയാത്രയിൽ അയാൾ തേരിലിരുന്ന് അതു വായിക്കുകയായിരുന്നു. യഹോവയുടെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനോടുള്ള അനുസരണത്തിൽ ഫിലിപ്പോസ് രഥത്തിനരികെ ഓടിയെത്തി ‘നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ?’ എന്നു ചോദിച്ചു. അയാൾ തനിക്കു സഹായം ആവശ്യമാണെന്നു സമ്മതിക്കാൻ മതിയായ താഴ്മയും സത്യസന്ധതയും ഉള്ളവനായിരുന്നു. ആത്മീയ വിശപ്പുണ്ടായിരുന്നവനും പഠിപ്പിക്കാവുന്നവനുമായിരുന്ന ഈ വ്യക്തിയെ ഫിലിപ്പോസ് സന്തോഷത്തോടെ പ്രബോധിപ്പിച്ചു. ആ പ്രബോധനം തിരുവെഴുത്തുകൾ മനസ്സിലാക്കാൻ അയാളെ സഹായിച്ചു. നിത്യജീവൻ നേടുന്നതിനുവേണ്ടി യഹോവയുമായി പ്രീതിയുള്ള ഒരു ബന്ധം ആസ്വദിക്കുന്നതിനു താൻ ഇപ്പോൾ എന്തു ചെയ്യണമെന്ന് അയാൾ പഠിച്ചു. അയാൾ ദൈവത്തിനു പ്രസാദകരമായ ഒരു ജീവിതം നയിക്കുന്ന, യഹോവയുടെ സ്നാപനമേററ ഒരു സന്തുഷ്ട ദാസൻ ആയിത്തീർന്നു.—പ്രവൃത്തികൾ 8:26-39.
നിങ്ങൾക്കു നിങ്ങളുടെ ഭവനത്തിൽ ഒരു ബൈബിൾ ഉണ്ടായിരുന്നേക്കാം, നിങ്ങൾ അതു പല പ്രാവശ്യം വായിച്ചിട്ടുമുണ്ടായിരിക്കാം. ആത്മാർഥതയും താഴ്മയുമുള്ള ആ എത്യോപ്യന് അനുഭവപ്പെട്ടതുപോലെ അതേ പ്രശ്നം നിങ്ങൾക്കും അനുഭവപ്പെട്ടിരിക്കാൻ വളരെ സാധ്യതയുണ്ട്. അയാൾക്കു താൻ വായിച്ചതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അയാൾക്കു സഹായം ആവശ്യമായിരുന്നു, യഹോവയാം ദൈവം സന്തോഷപൂർവം പ്രദാനം ചെയ്ത സഹായം സ്വീകരിക്കാൻ അയാൾ വിസമ്മതിച്ചുമില്ല. തന്റെ വചനമായ ബൈബിളിൽ എഴുതിയിരിക്കുന്ന ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിനു ഫിലിപ്പോസിനെപ്പോലെ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. യഹോവ ബൈബിൾ പ്രദാനം ചെയ്തിരിക്കുന്നതായും അതു മനസ്സിലാക്കപ്പെടാൻ ഉദ്ദേശിക്കുന്നതായും അവർക്കറിയാം.—1 കൊരിന്ത്യർ 2:10; എഫെസ്യർ 3:18; 2 പത്രൊസ് 3:16.
ബൈബിൾ അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
നാം മനുഷ്യചരിത്രത്തിൽ ഏററവും അടിയന്തിരമായ കാലത്താണു ജീവിക്കുന്നത്. ബൈബിൾ ഇതിനെ “വ്യവസ്ഥിതിയുടെ സമാപനം” എന്ന നിലയിൽ പരാമർശിക്കുന്നു. (മത്തായി 24:3, NW) ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി 1914 എന്ന വർഷം മുതൽ നടന്നുകൊണ്ടിരിക്കുന്ന അനേകം സംഭവങ്ങൾ, വളരെ പെട്ടെന്നുതന്നെ ദൈവത്തിന്റെ സ്വർഗീയരാജ്യം ‘ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കും’ എന്നു പ്രകടമാക്കുന്നു.—ദാനീയേൽ 2:44.
മത്തായി 24-ാം അധ്യായത്തിലും മർക്കൊസ് 13-ാം അധ്യായത്തിലും ലൂക്കൊസ് 21-ാം അധ്യായത്തിലും ബൈബിളിൽ എന്തു മുൻകൂട്ടി പറയുന്നുവെന്നു നിങ്ങൾതന്നെ വായിച്ചു നോക്കുക. വർണിച്ചിരിക്കുന്ന സംഭവങ്ങൾ ആഗോള താത്പര്യമുള്ളവയാണെന്നു നിങ്ങൾ നിരീക്ഷിക്കും. അവയിൽ മറെറല്ലാ യുദ്ധങ്ങളിൽനിന്നും വ്യത്യസ്തമായ ലോകയുദ്ധങ്ങൾ ഉൾപ്പെടുന്നു. മുൻകൂട്ടിപറയപ്പെട്ട ഭക്ഷ്യദൗർലഭ്യങ്ങളും ഭൂകമ്പങ്ങളും അസാധാരണമായ നിയമരാഹിത്യത്തിന്റെ ഒരു കാലവും ഒന്നാം ലോകമഹായുദ്ധം മുതൽ നാം കണ്ടിരിക്കുന്നു. ഇപ്പോൾ ജനതകൾ, ലോകനാശം ആസന്നമാണെന്നുള്ളതിന്റെ തെററുപററാത്ത ഒരു അടയാളം പ്രദാനം ചെയ്യുന്ന ഒരു പ്രഖ്യാപനം നടത്തുന്നതിന്റെ വക്കിൽ എത്തിയിരിക്കുന്നതായി തോന്നുന്നു. ഇതിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് എഴുതി: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു . . . അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ . . . അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററിയൊഴിയാവതുമല്ല.” (1 തെസ്സലൊനീക്യർ 5:2, 3) തെററിയൊഴിയാത്തവർ ആരാണ്? പൗലോസ് വിശദീകരിക്കുന്നു: ‘ദൈവത്തെ അറിയാത്തവരും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരും’. (2 തെസ്സലൊനീക്യർ 1:7-9) സംയുക്ത അടയാളത്തിന്റെ ഒരു ഭാഗം, മത്തായി 24:14-ൽ നൽകിയിരിക്കുന്ന “രാജ്യത്തിന്റെ ഈ സുവിശേഷം . . . ഭൂലോകത്തിൽ ഒക്കെയും” പ്രസംഗിക്കാനുള്ള കൽപ്പന അനുസരിക്കുന്നവരാൽ നിറവേററപ്പെടണം.
ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ 231 രാജ്യങ്ങളിലും സമുദ്ര ദ്വീപുകളിലും ഈ കൽപ്പന നിറവേററിക്കൊണ്ടിരിക്കുന്നു. അവർ ആളുകളുടെ ഭവനങ്ങൾ സന്ദർശിച്ച് യഹോവയുടെ രാജ്യഗവൺമെൻറിനെക്കുറിച്ചു പഠിക്കാൻ വ്യക്തിപരമായി അവരെ ക്ഷണിക്കുന്നു. ഈ വ്യവസ്ഥിതിയുടെ അതിജീവകരോടുകൂടെ ആയിരിക്കാനും വിലാപമോ മുറവിളിയോ വേദനയോ മരണമോ ഇല്ലാത്ത ഒരു പറുദീസാഭൂമിയിൽ ജീവിക്കാനും ഒരാൾ സ്വീകരിക്കേണ്ട പ്രവർത്തനഗതി അവർ ദയാപുരസരം ചൂണ്ടിക്കാണിക്കുന്നു.—വെളിപ്പാടു 21:3, 4.
ഈ ദുഷ്ടലോകത്തിന്റെ സമയം അതിവേഗം തീരുകയാണ്. ഈ ലോകത്തിന്റെ അവസാനത്തെ അതിജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ‘സുവിശേഷം അനുസരിക്കുന്നതിലും’ അങ്ങനെ നാശത്തിൽനിന്നു രക്ഷപെടുന്നതിലും എന്തുൾപ്പെട്ടിരിക്കുന്നുവെന്നു പഠിക്കുന്നത് അത്യാവശ്യമാണ്. അടുത്ത പ്രാവശ്യം യഹോവയുടെ സാക്ഷികൾ നിങ്ങളുടെ ഭവനം സന്ദർശിക്കുമ്പോൾ ഒരു പ്രതിവാര ബൈബിളദ്ധ്യയനത്തിനുള്ള ക്ഷണം എന്തുകൊണ്ടു സ്വീകരിച്ചുകൂടാ? അതിലും മെച്ചമായി, നിങ്ങൾ ബൈബിൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടൊത്തു ബൈബിൾ പഠിക്കാൻ എന്തുകൊണ്ട് അവരോട് ആവശ്യപ്പെട്ടുകൂടാ?
[8-ാം പേജിലെ ചതുരം]
ബൈബിൾ മനസ്സിലാക്കുന്നതിനുള്ള സരണി
തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം തന്റെ ആശയവിനിമയ സരണിയായി സേവിക്കുന്ന ഒരു “വിശ്വസ്തനും വിവേകിയുമായ അടിമ”യെ എഴുന്നേൽപ്പിക്കുമെന്ന് യേശു ഉറപ്പുനൽകി. (മത്തായി 24:45-47, NW) “ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്വരുന്നു” എന്നെഴുതിയപ്പോൾ അപ്പോസ്തലനായ പൗലോസ് എഫേസ്യക്രിസ്ത്യാനികളെ ഈ സരണി ഏതെന്ന് അറിയിച്ചു. (എഫെസ്യർ 3:10, 11) പൊ.യു. [പൊതുയുഗം] 33-ലെ പെന്തക്കോസ്തിൽ ജനിച്ച അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയെ ആയിരുന്നു ‘വെളിപ്പെട്ട കാര്യങ്ങൾ’ ഭരമേൽപ്പിച്ചത്. (ആവർത്തനപുസ്തകം 29:29) ഒരു സംഘമെന്നനിലയിൽ അഭിഷിക്ത ക്രിസ്ത്യാനികൾ വിശ്വസ്തനും വിവേകിയുമായ അടിമയായി സേവിക്കുന്നു. (ലൂക്കൊസ് 12:42-44) ദൈവത്തിൽനിന്നുള്ള അവരുടെ നിയമിത നിയോഗം ‘വെളിപ്പെട്ട കാര്യങ്ങൾ’ സംബന്ധിച്ച ആത്മീയ ഗ്രാഹ്യം പ്രദാനം ചെയ്യുക എന്നതാണ്.
ബൈബിൾ പ്രവചനം മിശിഹയിലേക്കു വിരൽചൂണ്ടിയതുപോലെ, അത് ഇപ്പോൾ വിശ്വസ്തനും വിവേകിയുമായ അടിമയായി സേവിക്കുന്ന അഭിഷിക്ത ക്രിസ്തീയ സാക്ഷികളുടെ ഒററക്കെട്ടായ കൂട്ടത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്നു.a അത് ദൈവത്തിന്റെ വചനം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ബൈബിൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും “ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം” വിശ്വസ്തനും വിവേകിയുമായ അടിമയാകുന്ന യഹോവയുടെ ആശയവിനിമയ സരണിയിലൂടെ മാത്രമേ വെളിപ്പെടുന്നുള്ളൂ എന്നു വിലമതിക്കണം.—യോഹന്നാൻ 6:68.
[അടിക്കുറിപ്പ്]
a ദ വാച്ച്ടവർ മാർച്ച് 1, 1981, പേജ് 24-30 കാണുക.