ജീവിതത്തിലെ പരമപ്രധാന പ്രവർത്തനങ്ങൾക്കായി നമ്മെ സജ്ജരാക്കുന്ന ഒരു സ്കൂൾ
1 ജീവിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ തങ്ങളെ സഹായിക്കുന്നതരം വിദ്യാഭ്യാസം നേടാനാണ് ആളുകൾ വിദ്യാലയങ്ങളിൽ പോകുന്നത്. എന്നിരുന്നാലും, ജീവദാതാവിനു സ്തുതി കരേറ്റുകയും അവന്റെ ഉദ്ദേശ്യങ്ങളെയും വഴികളെയും കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തെക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റെന്താണുള്ളത്? യാതൊന്നുമില്ല. നമ്മുടെ വിശ്വാസത്തെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മെ സജ്ജരാക്കുക എന്നതാണ് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ ഉദ്ദേശ്യം. തന്മൂലം, ഓരോ ആഴ്ചയും ഈ സ്കൂളിൽ സംബന്ധിക്കവേ, ജീവിതത്തിലെ പരമപ്രധാന പ്രവർത്തനങ്ങൾക്കായി നമ്മെ സജ്ജരാക്കുന്ന വൈദഗ്ധ്യങ്ങൾ നാം നേടുന്നു.
2 നമ്മുടെ രാജ്യ ശുശ്രൂഷയുടെ കഴിഞ്ഞ ലക്കത്തിൽ “2003-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക” നൽകിയിരുന്നു. സ്കൂൾ നടത്തപ്പെടുന്ന വിധം സംബന്ധിച്ച വിവരങ്ങളും ആ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകത്തിന്റെ വ്യക്തിപരമായ പ്രതിയിൽ തന്നെ ഈ പട്ടിക സൂക്ഷിക്കുന്നത് പ്രയോജനകരമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ഓരോ വാരത്തിലും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന് ഈ പാഠപുസ്തകം കൊണ്ടുവരണം. 2003-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ ചില സവിശേഷതകൾ പരിചിന്തിക്കുക.
3 പ്രസംഗ ഗുണം: ഒരു പ്രസംഗ ഗുണം അല്ലെങ്കിൽ വായന, പഠനം, പഠിപ്പിക്കൽ എന്നിവയുടെ ഒരു വശത്തെ കുറിച്ചുള്ള 5 മിനിട്ട് നേരത്തെ പ്രസംഗത്തോടെ ആയിരിക്കും ജനുവരി മുതൽ സ്കൂൾ ആരംഭിക്കുന്നത്. സ്കൂൾ മേൽവിചാരകനായിരിക്കും ഈ പ്രാരംഭ പ്രസംഗം നടത്തുന്നത്. അല്ലെങ്കിൽ യോഗ്യതയുള്ള മറ്റൊരു മൂപ്പനെ ഈ പ്രസംഗം നടത്താൻ അദ്ദേഹം നിയമിച്ചേക്കാം. പ്രസംഗ ഗുണത്തിന്റെ നിർവചനവും പ്രാധാന്യവും പ്രസംഗകനു വിശകലനം ചെയ്യാവുന്നതാണ്. തുടർന്ന്, തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പരിചിന്തിച്ചുകൊണ്ടും പ്രസ്തുത ഗുണം എങ്ങനെ ബാധകമാക്കാം എന്നു പ്രകടമാക്കിക്കൊണ്ടും അദ്ദേഹം വിഷയം വികസിപ്പിക്കണം. ആ ഗുണം ബാധകമാക്കുന്നത് നമ്മുടെ വയൽശുശ്രൂഷയെ എങ്ങനെ മെച്ചപ്പെടുത്തും എന്നതിൽ വിശേഷാൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
4 1-ാം നമ്പർ നിയമനം: “അവതരിപ്പിക്കുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കു”ന്നതിന് പ്രബോധന പ്രസംഗം നടത്താൻ നിയമനം ലഭിക്കുന്ന സഹോദരന്മാരെ വീണ്ടും ഉദ്ബോധിപ്പിക്കുകയാണ്. ഈ വിവരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു സഭയ്ക്കു കാണിച്ചുകൊടുക്കുക എന്നാണ് ഇതിന്റെ അർഥം. നിങ്ങൾക്ക് ഈ നിയമനം കിട്ടിയാൽ, തയ്യാറാകേണ്ട വിധം സംബന്ധിച്ച നിർദേശങ്ങൾക്കായി ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 48-9 പേജുകൾ പരിശോധിക്കുക. കൂടാതെ അതിന്റെ സൂചികയിലെ, “പ്രായോഗികമായി എങ്ങനെ ബാധകമാകുന്നു എന്നു വ്യക്തമാക്കൽ” എന്നതിനു കീഴിൽ നൽകിയിരിക്കുന്ന പരാമർശങ്ങളും ഒത്തുനോക്കി പഠിക്കുക.
5 ബൈബിൾ വായനാ പട്ടിക: കഴിഞ്ഞ കാലത്ത്, പ്രതിവാര ബൈബിൾ വായനയോടു പറ്റിനിൽക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിൽ ഈ വർഷം അതിനായി എന്തുകൊണ്ടു ദൃഢനിശ്ചയം ചെയ്തുകൂടാ? അപ്രകാരം ചെയ്യുന്നവർ വർഷാവസാനത്തോടെ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ വായന പൂർത്തിയാക്കും. ബൈബിൾ വായനാപരിപാടിയിൽ ആദ്യം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ വായിച്ചു തുടങ്ങുന്നതിന്റെ പ്രയോജനങ്ങൾ ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 10-ാം പേജ്, 5-ാം ഖണ്ഡികയിൽ പറയുന്നുണ്ട്.
6 ബൈബിൾ വായനയിൽ നിന്നുള്ള വിശേഷാശയങ്ങൾ: നടപ്പുവാരത്തിലെ വായനയിൽനിന്ന് സദസ്സിന് അഭിപ്രായങ്ങൾ പറയത്തക്കവിധം ഈ ഭാഗം പത്തു മിനിട്ട് ആക്കിയിട്ടുണ്ട്. നിയമനം ലഭിക്കുന്നവർ അനുവദിച്ചിരിക്കുന്ന സമയത്തോടു പറ്റിനിൽക്കണം. വാചാ പുനരവലോകനം നടത്തുന്ന വാരം ഉൾപ്പെടെ എല്ലാ വാരത്തിലും ഇതുണ്ടായിരിക്കും. നിയമിത അധ്യായങ്ങൾ വായിക്കുമ്പോൾ, നിങ്ങളുടെ കുടുംബ അധ്യയനത്തിലും ശുശ്രൂഷയിലും ജീവിതരീതിയിലും പ്രയോജനം ചെയ്യുന്ന ആശയങ്ങൾക്കായി നോക്കുക. ജനതകളോടും രാഷ്ട്രങ്ങളോടും ഇടപെട്ടപ്പോൾ യഹോവ ഏതെല്ലാം ഗുണങ്ങൾ പ്രകടമാക്കി? നിങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും യഹോവയോടുള്ള വിലമതിപ്പു വർധിപ്പിക്കുകയും ചെയ്ത എന്തെല്ലാമാണു നിങ്ങൾക്കു പഠിക്കാൻ കഴിഞ്ഞത്? നിയമിത അധ്യായങ്ങളിലെ ഏതൊരു ആശയത്തെ കുറിച്ചും, രണ്ടാം നമ്പർ പ്രസംഗത്തിൽ വായിക്കാനിരിക്കുന്ന വാക്യങ്ങളിൽ നിന്നുപോലും, നിങ്ങൾക്ക് അഭിപ്രായം പറയാവുന്നതാണ്. കാരണം, വായന നിർവഹിക്കുന്ന സഹോദരൻ വാക്യങ്ങളെ കുറിച്ച് അഭിപ്രായങ്ങളൊന്നും പറയുന്നതല്ല.
7 2-ാം നമ്പർ നിയമനം: ഓരോ വാരത്തിലെയും ആദ്യത്തെ വിദ്യാർഥി പ്രസംഗം പരസ്യവായനയുടെ ഒരു പരിശീലനം ആയിരിക്കും. മാസത്തിന്റെ അവസാന വാരത്തിലേത് ഒഴികെയുള്ള വായന ബൈബിൾ വായനാ ഭാഗത്തുനിന്നുള്ളതായിരിക്കും. മാസത്തിന്റെ അവസാന വാരത്തിലെ വായന വീക്ഷാഗോപുരത്തിൽ നിന്നുള്ള ഒരു ഭാഗമായിരിക്കും. മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിത ഭാഗം വായിക്കണം. ഈ വിധത്തിൽ, വിദ്യാർഥിക്കു തന്റെ വായനാ പ്രാപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.—1 തിമൊ. 4:13.
8 3-ാം നമ്പർ, 4-ാം നമ്പർ നിയമനങ്ങൾ: ഈ നിയമനങ്ങളിൽ ചിലതിന് മറ്റുള്ളവയെ അപേക്ഷിച്ച് ന്യായവാദം പുസ്തകത്തിൽ നിന്നുള്ള കൂടുതൽ ഉറവിട വിവരങ്ങൾ ഉണ്ട്; ചിലതിനാകട്ടെ ഒരു വിഷയം മാത്രമേ കാണൂ. ഉറവിട വിവരങ്ങൾ പരിമിതമാണെങ്കിൽ, അല്ലെങ്കിൽ വിഷയം മാത്രമേ നൽകിയിട്ടുള്ളുവെങ്കിൽ നിയമനം ലഭിച്ച വിദ്യാർഥിക്കു നമ്മുടെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ട് അവതരണങ്ങൾ വികസിപ്പിക്കാനാകും. സഹായിക്ക് ഇണങ്ങും വിധം വിവരങ്ങൾ അവതരിപ്പിക്കാൻ ഇതു സഹോദരിമാരെ സഹായിച്ചേക്കാം.
9 രംഗവിധാനങ്ങൾ: ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 45-ാം പേജിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം സ്കൂൾ മേൽവിചാരകൻ ഒരു രംഗവിധാനം നിയമിച്ചു കൊടുത്തേക്കാം. അദ്ദേഹം അങ്ങനെ ചെയ്യാത്തപക്ഷം, 82-ാം പേജിലെ പട്ടികയിൽ നിന്ന് സഹോദരിമാർക്കുതന്നെ ഒരു രംഗവിധാനം തിരഞ്ഞെടുക്കാവുന്നതാണ്. ഒരു സഹോദരി രണ്ടു മാസത്തിൽ ഒരിക്കൽ വീതം പ്രസംഗം നടത്തുന്നെങ്കിൽത്തന്നെ, അഞ്ചു വർഷത്തേക്ക് 30 വ്യത്യസ്ത രംഗവിധാനങ്ങൾ അതിൽ കണ്ടെത്താവുന്നതാണ്. “നിങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ മറ്റൊരു രംഗവിധാനം” എന്ന 30-ാം നമ്പർ തിരഞ്ഞെടുക്കുന്ന സഹോദരിമാർ നിയമന സ്ലിപ്പിന്റെ (S-89) താഴെയോ മറുവശത്തോ രംഗവിധാനം കുറിച്ചു നൽകണം. വിദ്യാർഥിനിയുടെ പാഠപുസ്തകത്തിന്റെ 82-ാം പേജിൽ, ഉപയോഗിച്ച രംഗവിധാനത്തിനു നേരെ സ്കൂൾ മേൽവിചാരകൻ വിദ്യാർഥി പ്രസംഗത്തിന്റെ തീയതി കുറിക്കും. വിദ്യാർഥിയുടെ ബുദ്ധിയുപദേശ ഫാറത്തിൽ അടയാളപ്പെടുത്തുമ്പോൾത്തന്നെ അദ്ദേഹത്തിന് ഇതും ചെയ്യാവുന്നതാണ്.
10 ബുദ്ധിയുപദേശ ഫാറം: ബുദ്ധിയുപദേശ ഫാറം നിങ്ങളുടെ പാഠപുസ്തകത്തിൽ തന്നെ അച്ചടിച്ചിരിക്കുകയാണ്. 79-81 പേജുകളിൽ അതു കാണാം. ആയതിനാൽ, നിങ്ങളുടെ ഓരോ പ്രസംഗത്തിനു ശേഷവും സ്വന്തം പുസ്തകം നിങ്ങൾ സ്കൂൾ മേൽവിചാരകന്റെ അടുക്കൽ കൊണ്ടുചെല്ലേണ്ടതാണ്. വിദ്യാർഥികൾ മെച്ചപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിയുപദേശ പോയിന്റുകളുടെ ഒരു രേഖ സ്കൂൾ മേൽവിചാരകൻ സൂക്ഷിക്കേണ്ടതുണ്ടായിരിക്കും.
11 വാചാ പുനരവലോകനം: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം വാചാ പുനരവലോകനം ആയി നടത്തപ്പെടും. 30 മിനിട്ടു ദൈർഘ്യമുള്ള ഇത് രണ്ടു മാസത്തിൽ ഒരിക്കലായിരിക്കും നടത്തപ്പെടുക. പുനരവലോകനത്തിനുള്ള ചോദ്യങ്ങൾ നമ്മുടെ രാജ്യശുശ്രൂഷയിൽ തുടർന്നും പ്രത്യക്ഷപ്പെടും. വാചാ പുനരവലോകനം പട്ടികപ്പെടുത്തിയിരിക്കുന്ന ദിവസം സർക്കിട്ട് സമ്മേളനമോ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ വന്നാൽ, പിറ്റേ ആഴ്ചത്തേക്കു പട്ടികപ്പെടുത്തിയിരിക്കുന്ന സ്കൂൾ പരിപാടികൾ അന്നു നടത്തിക്കൊണ്ട് വാചാ പുനരവലോകനം പിറ്റേ ആഴ്ച നടത്തണം.
12 അനുബന്ധ ക്ലാസ്സുകൾ: സ്കൂളിൽ പേർ ചാർത്തിയിരിക്കുന്നവരുടെ എണ്ണം 50-ൽ കൂടുതലാണെങ്കിൽ അത്തരം സഭകളിൽ മൂപ്പന്മാർ അനുബന്ധ ക്ലാസ്സുകൾ നടത്തുന്നതിനെ കുറിച്ചു പരിചിന്തിച്ചേക്കാം. “വിദ്യാർഥികൾ നടത്തുന്ന എല്ലാ പരിപാടികൾക്കുമായോ അവസാനത്തെ രണ്ടെണ്ണത്തിനു മാത്രമായോ ഈ ക്രമീകരണം ഉപയോഗപ്പെടുത്താവുന്നതാണ്.” (ശുശ്രൂഷാസ്കൂൾ, പേ. 285) ധാരാളം സഹോദരിമാരുള്ള എന്നാൽ വായനാ നിയമനങ്ങൾ നടത്താൻ ആവശ്യത്തിനു സഹോദരന്മാരില്ലാത്ത സഭകളെ പരിഗണിച്ചാണ് രണ്ടാമത്തെ നിർദേശം. ഈ ക്ലാസ്സുകൾ നടത്താൻ യോഗ്യതയുള്ള സഹോദരന്മാരെ മൂപ്പന്മാർ തിരഞ്ഞെടുക്കണം.
13 ഉപ ബുദ്ധിയുപദേശകൻ: ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പട്ടികയിൽ സൂചിപ്പിച്ചതു പോലെ, പ്രബോധന പ്രസംഗവും ബൈബിൾ വിശേഷാശയങ്ങളും അവതരിപ്പിക്കുന്ന മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ആവശ്യമായിരിക്കുന്ന പക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കാൻ ഒരു ഉപ ബുദ്ധിയുപദേശകനെ മൂപ്പന്മാരുടെ സംഘം തിരഞ്ഞെടുക്കണം. നൽകുന്ന ബുദ്ധിയുപദേശത്തെ മറ്റു മൂപ്പന്മാർ മാനിക്കാൻ തക്കവണ്ണം അനുഭവപരിചയമുള്ള ഒരു സഹോദരനെ ആയിരിക്കണം ഇതിനായി നിയമിക്കേണ്ടത്. നല്ല പ്രസംഗ, പഠിപ്പിക്കൽ രീതികളെ അനുമോദിക്കുകയും മെച്ചപ്പെടാനുള്ള ഒന്നോ രണ്ടോ വശങ്ങൾ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തുകൊണ്ട് കെട്ടുപണി ചെയ്യുന്ന വിധത്തിലായിരിക്കണം അദ്ദേഹം ബുദ്ധിയുപദേശിക്കേണ്ടത്. കൂടെക്കൂടെ പ്രസംഗങ്ങൾ നടത്തുന്ന ഒരു സഹോദരന് ഓരോ പ്രസംഗത്തിനു ശേഷവും അദ്ദേഹം ബുദ്ധിയുപദേശം നൽകേണ്ട ആവശ്യമില്ല. എന്നിരുന്നാലും, പരസ്യപ്രസംഗങ്ങൾ നടത്തുന്ന സഹോദരനെ പോലും കൂടുതൽ പുരോഗമിക്കുന്നതിനു സഹായിക്കാനാകും എന്ന സംഗതി ബുദ്ധിയുപദേശം നൽകാൻ നിയമിതനായ സഹോദരൻ മനസ്സിലാക്കണം. ഇക്കാര്യത്തിൽ വിവേചന ഉപയോഗിക്കുക.—1 തിമൊ. 4:15.
14 ബുദ്ധിയുപദേശകൻ നിരീക്ഷിക്കേണ്ട കാര്യങ്ങൾ: ഒരു അവതരണം വിശകലനം ചെയ്യുന്നതിൽ ബുദ്ധിയുപദേശകനെ സഹായിക്കാൻ എന്തിനു കഴിയും? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ അക്കമിട്ട 53 അധ്യായങ്ങളിൽ മിക്കതിന്റെയും മൂന്നാം ചതുരത്തിൽ ബുദ്ധിയുപദേശകൻ നോക്കേണ്ട കാര്യങ്ങളുടെ സംക്ഷിപ്തം ഉണ്ട്. അവതരണത്തിന്റെ ഫലപ്രദത്വവും പരസ്പര ബന്ധത്തോടെ അതു വികസിപ്പിച്ചിരിക്കുന്ന വിധവും വിലയിരുത്താൻ സഹായിക്കുന്ന, പുസ്തകത്തിലെ മറ്റ് ഓർമിപ്പിക്കലുകളും നിർദേശങ്ങളും കൂടെ സ്കൂൾ മേൽവിചാരകൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, 55-ാം പേജിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ പരമ്പരയും 163-ാം പേജിലെ അവസാന ഖണ്ഡികയിൽ നൽകിയിരിക്കുന്ന ആശയങ്ങളും ശ്രദ്ധിക്കുക.
15 പൂരിപ്പിക്കാനുള്ള ഭാഗങ്ങൾ: വീതിയുള്ള മാർജിനു പുറമേ, വ്യക്തിപരമായി പഠിക്കുമ്പോഴും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പങ്കെടുക്കുമ്പോഴും കുറിപ്പെഴുതാനുള്ള ഭാഗങ്ങളും ശുശ്രൂഷാസ്കൂൾ പുസ്തകത്തിൽ ഉണ്ട്. (77, 92, 165, 243, 246, 250 പേജുകൾ കാണുക.) എല്ലാ വാരത്തിലും പുസ്തകം കൊണ്ടുവരുന്നുവെന്ന് ഉറപ്പുവരുത്തുക. പ്രാരംഭ പ്രസംഗത്തിന്റെ സമയത്ത് അത് തുറന്നുനോക്കുക. സ്കൂളിലെ ശേഷിച്ച പരിപാടികളുടെ സമയത്തും പുസ്തകം തുറന്നുതന്നെ വെക്കുക. സ്കൂൾ മേൽവിചാരകൻ നൽകുന്ന നിർദേശങ്ങൾ കുറിച്ചെടുക്കുക. പ്രസംഗകർ ഉപയോഗിക്കുന്ന പഠിപ്പിക്കൽ രീതികൾ, ചോദ്യങ്ങൾ, ദൃഷ്ടാന്തങ്ങൾ, ആലങ്കാരിക പ്രയോഗങ്ങൾ, ഉപമകൾ, ദൃശ്യസഹായികൾ, വിപരീത താരതമ്യങ്ങൾ എന്നിവയ്ക്ക് അടുത്ത ശ്രദ്ധ നൽകുക. നല്ല കുറിപ്പുകൾ എടുക്കുകവഴി, സ്കൂളിൽ നിന്നു പലപ്പോഴായി ശേഖരിച്ച വിലപ്പെട്ട വിവരങ്ങൾ നിങ്ങൾക്ക് പിന്നീട് ഓർമയിൽ കൊണ്ടുവരാനും ഉപയോഗിക്കാനും സാധിക്കും.
16 രാജ്യ സുവാർത്താ ഘോഷണമാണ് ലഭിക്കാവുന്നതിലേക്കും ഏറ്റവും ഉത്കൃഷ്ടമായ പദവി എന്ന് യേശുവിന് അറിയാമായിരുന്നു. അവന്റെ മുഖ്യ നിയോഗംതന്നെ അതായിരുന്നു. (മർക്കൊ. 1:38) “ഞാൻ . . .ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്ന് അവൻ പറഞ്ഞു. (ലൂക്കൊ. 4:43) അവനെ അനുഗമിക്കാനുള്ള ക്ഷണം സ്വീകരിച്ചിരിക്കുന്നവർ എന്ന നിലയിൽ, നാമും സുവാർത്ത പ്രസംഗിക്കുന്നതിൽ തീവ്രമായി മുഴുകിയിരിക്കുകയാണ്. നമ്മുടെ “സ്തോത്രയാഗ”ത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ നാം എല്ലായ്പോഴും കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു. (എബ്രാ. 13:15) ആ ലക്ഷ്യത്തിൽ, ജീവിതത്തിലെ പരമപ്രധാന പ്രവർത്തനങ്ങൾക്കായി ഒരുങ്ങാൻ നമ്മെ സഹായിക്കുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നിരന്തരം പങ്കെടുക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.