പ്രായംചെന്നവരോടു ക്രിസ്തീയസ്നേഹം പ്രകടമാക്കൽ
പതിനെട്ടാം നൂററാണ്ടിലെ ഒരു എഴുത്തുകാരനായ സാമുവൽ ജോൺസൺ, സുഹൃത്തുക്കളെ സന്ദർശിക്കുന്നവേളയിൽ തന്റെ തൊപ്പി എവിടെവെച്ചുവെന്നു മറന്നുപോകാറുള്ള ഒരു യുവാവിന്റെ കഥ പറഞ്ഞു. അയാളുടെ അശ്രദ്ധ ആരും കണക്കിലെടുത്തില്ല. “എന്നാൽ അതേ അശ്രദ്ധ ഒരു പ്രായംചെന്ന മനുഷ്യനിലാണു കണ്ടെത്തുന്നതെങ്കിൽ ആളുകൾ പറയും ‘അയാളുടെ ഓർമശക്തി കുറഞ്ഞുവരികയാണ്’” എന്നു ജോൺസൺ തുടർന്നു പറഞ്ഞു.
പ്രായംചെന്നവർ, ഒരുപക്ഷേ മററു ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെപ്പോലെ അന്യായമായ വിധങ്ങളിൽ ചിത്രീകരിക്കപ്പെടുന്നു എന്ന് ജോൺസന്റെ കഥ പ്രകടമാക്കുന്നു. പ്രായംചെന്നവരെ പരിരക്ഷിക്കുന്നതിൽ കഠിനശ്രമം ഉൾപ്പെട്ടിരിക്കുന്നുവെങ്കിലും അതിൽ ഏർപ്പെടുന്ന സകലരും അതിൽനിന്നു പ്രയോജനമനുഭവിക്കുന്നു. വെല്ലുവിളികളും പ്രതിഫലങ്ങളും ഏവ, ഈ വിഷയം കൂടുതൽ കൂടുതൽ ആളുകളെ ബാധിക്കുന്നത് എന്തുകൊണ്ട്?
സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ലോക ജനസംഖ്യയുടെ 6 ശതമാനം 65 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ളവരാണ്. വികസിത രാജ്യങ്ങളിലാണെങ്കിൽ അതിന്റെ ശതമാനം ഇരട്ടിയും. 1993-നെ “പ്രായംചെന്നവരുടെയും തലമുറ ഐക്യത്തിന്റെയും യൂറോപ്യൻ വർഷം” എന്നു പേർവിളിച്ച യൂറോപ്യൻ സമുദായത്തിലെ ആളുകളിൽ 3-ൽ 1 പേർ 50-നുമേൽ പ്രായമുള്ളവരാണ്. മററു വ്യവസായവത്കൃത നാടുകളിലെന്നപോലെ അവിടെയും കുറഞ്ഞുവരുന്ന ജനന നിരക്കും വർധിച്ചുവരുന്ന ആയുർദൈർഘ്യവും കാരണം ജനസംഖ്യയുടെ ഭൂരിഭാഗവും മധ്യവയസ്സിനുമേൽ പ്രായമുള്ളവരാണ്. അത്തരം ചുററുപാടുകളിൽ പ്രായാധിക്യം ചെന്നവരെ സംരക്ഷിക്കുന്നത് സ്പഷ്ടമായും ബൃഹത്തായ ഒരു വേലയാണ്. പുരാതനകാലങ്ങളിൽ പൗരസ്ത്യനാടുകളിലെ സ്ഥിതിഗതികൾ എത്ര വ്യത്യസ്തമായിരുന്നു!
“അറിവിന്റെ ഭണ്ഡാരം”
Handwörterbuch des Biblischen Altertums für gebildete Bibelleser (അഭ്യസ്തവിദ്യരായ ബൈബിൾ വായനക്കാർക്കുവേണ്ടിയുള്ള ബൈബിളിനെ സംബന്ധിച്ച പുരാണേതിഹാസങ്ങൾ അടങ്ങിയ ചെറുപുസ്തകം) സൂചിപ്പിക്കുന്ന പ്രകാരം, പൗരാണിക കാലത്ത് “പ്രായംചെന്നവർ ജ്ഞാനത്തിന്റെയും മികച്ച അറിവിന്റെയും പാരമ്പര്യ മൂല്യങ്ങളുടെ സംരക്ഷകരായി അറിയപ്പെട്ടിരുന്നു. അക്കാരണത്താൽ അവരുടെ സഹവാസം തേടാനും അവരിൽനിന്നു പഠിക്കാനും ചെറുപ്പക്കാർ അനുശാസിക്കപ്പെട്ടിരുന്നു.” സ്മിത്തിന്റെ ബൈബിൾ നിഘണ്ടു ഇങ്ങനെ വിശദീകരിക്കുന്നു: “സ്വകാര്യ ജീവിതത്തിൽ [പ്രായംചെന്നവർ] അറിവിന്റെ ഭണ്ഡാരമായി കരുതപ്പെട്ടിരുന്നു . . . ആദ്യം അഭിപ്രായം രേഖപ്പെടുത്തുന്നതിനു [ചെറുപ്പക്കാർ] അവരെ അനുവദിച്ചിരുന്നു.”
പ്രായംചെന്നവരോടുള്ള ആദരവ് മോശൈക ന്യായപ്രമാണത്തിൽ, ലേവ്യപുസ്തകം 19:32-ൽ പ്രതിഫലിച്ചിരുന്നു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം.” അങ്ങനെ, പ്രായംചെന്നവർ സമൂഹത്തിൽ ഒരു നല്ല സ്ഥാനം വഹിക്കുകയും മുതൽക്കൂട്ടായി കരുതപ്പെടുകയും ചെയ്തിരുന്നു. മോവാബ്യ സ്ത്രീയായിരുന്ന രൂത്ത് ഇസ്രായേൽക്കാരിയായ തന്റെ അമ്മായിയമ്മയെ ഇപ്രകാരമാണു കരുതിയിരുന്നത് എന്നതു സ്പഷ്ടമാണ്.
നവോമിയോടൊപ്പം മോവാബിൽനിന്ന് ഇസ്രായേലിലേക്കു പോകുന്നതിനും തദനന്തരം നവോമിയുടെ ഉപദേശം സസൂക്ഷ്മം ശ്രദ്ധിക്കുന്നതിനും രൂത്ത് ദൃഢനിശ്ചയം ചെയ്തു. ഒരിക്കൽ അവർ ബേത്ലഹേമിൽ എത്തിയശേഷം യഹോവയുടെ കരങ്ങളാണു കാര്യാദികളെ നിയന്ത്രിക്കുന്നതെന്നു നിരീക്ഷിച്ചതും എങ്ങനെ പെരുമാറണം എന്നു രൂത്തിനോടു നിർദേശിച്ചതും നവോമി ആയിരുന്നു. (രൂത്ത് 2:20; 3:3, 4, 18) അനുഭവസമ്പന്നയായ നവോമിയിൽനിന്നു പഠിച്ചതനുസരിച്ച് രൂത്തിന്റെ ജീവിതം ദിവ്യാധിപത്യപരമായ രീതിയിൽ രൂപപ്പെട്ടു. അവളുടെ അമ്മായിയമ്മ അറിവിന്റെ ഭണ്ഡാരമാണെന്നു തെളിയുകയുണ്ടായി.
സമാനമായി, ഇന്ന്, പ്രായംചെന്ന സ്ത്രീകളോടു സഹവസിച്ചുകൊണ്ട് ചെറുപ്പക്കാരായ സ്ത്രീകൾക്കു പ്രയോജനമനുഭവിക്കാൻ കഴിയും. ഒരുപക്ഷേ ഒരു സഹോദരി വിവാഹം കഴിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരിക്കാം, അതല്ലെങ്കിൽ പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തിപരമായ പ്രശ്നത്താൽ വലയുകയായിരിക്കാം. ഇക്കാര്യങ്ങളിൽ അനുഭവപരിചയമുള്ള, പക്വതയുള്ള, പ്രായംചെന്ന ഒരു സഹോദരിയുടെ ബുദ്ധ്യുപദേശവും പിന്തുണയും തേടുന്നത് എത്ര ജ്ഞാനമായിരിക്കും!
കൂടാതെ, മൂപ്പൻമാരുടെ സംഘത്തിന് തങ്ങൾക്കിടയിലെ പ്രായംചെന്നവരുടെ അനുഭവം ഉപയുക്തമാക്കിക്കൊണ്ട് പ്രയോജനമനുഭവിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിൽ പരാജയമടഞ്ഞ ലോത്തിന്റെ അനുഭവത്തിൽനിന്നു നമുക്കു പഠിക്കാനാകും. അബ്രഹാമിന്റെ കന്നുകാലികളുടെ ഇടയൻമാരും ലോത്തിന്റെ കന്നുകാലികളുടെ ഇടയൻമാരും തമ്മിലുണ്ടായ ശണ്ഠ കാരണം സകലരെയും ബാധിക്കുന്ന ഒരു തീരുമാനമെടുക്കേണ്ടിവന്നു. ലോത്ത് വിവേകശൂന്യമായ ഒരു തീരുമാനമെടുത്തു. ആദ്യമേതന്നെ അബ്രഹാമിന്റെ ബുദ്ധ്യുപദേശം തേടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! പക്വതയുള്ള ഒരു മാർഗനിർദേശം ലഭിക്കുന്നതിനും പെട്ടെന്നെടുത്ത തീരുമാനത്തിന്റെ ഫലമായി സംഭവിച്ച ദുരന്തത്തിൽനിന്നു തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനും ലോത്തിനു കഴിയുമായിരുന്നു. (ഉല്പത്തി 13:7-13; 14:12; 19:4, 5, 9, 26, 29) ഒരു ചോദ്യം സംബന്ധിച്ച് നിങ്ങളുടേതായ ഒരു തീരുമാനത്തിൽ എത്തുന്നതിനുമുമ്പ് പക്വതയുള്ള മൂപ്പൻമാർ പറയുന്നതെന്താണെന്നു നിങ്ങൾ ശ്രദ്ധാപൂർവം കേൾക്കാറുണ്ടോ?
ആദിമനൂററാണ്ടിൽ ജീവിച്ചിരുന്ന ശിമയോന്റെയും ഹന്നായുടെയും കാര്യത്തിലെന്നപോലെ യഹോവയുടെ വേലയിൽ ദീർഘകാലമായി തീക്ഷ്ണത പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന അസംഖ്യം പ്രായംചെന്നവരുണ്ട്. (ലൂക്കൊസ് 2:25, 36, 37) പ്രായംചെന്നവരെ അവരുടെ പ്രാപ്തിയനുസരിച്ചു വാർധക്യത്തിലും സഭയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുകയെന്നത് അവരെ ആദരിക്കുന്നുവെന്നതിന്റെ അടയാളവും അവരോടുള്ള കരുതൽ മനോഭാവത്തിന്റെ പ്രതിഫലനവുമാണ്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നിയമനത്തിനുവേണ്ടി തയ്യാറാകുന്നതിന് ഒരു യുവ വ്യക്തിക്ക് സഹായം വേണ്ടിവന്നേക്കാം. ഇതിനു പററിയ ഉപദേഷ്ടാവ് സഭയിലെ പക്വമതിയായ, ഔദാര്യമനോഭാവമുള്ള, ചെലവിടാൻ സമയമുള്ള പ്രായംചെന്ന ഒരംഗമാണ് എന്നു സൂക്ഷ്മബുദ്ധിയുള്ള ഒരു മൂപ്പൻ തീരുമാനിച്ചേക്കാം.
എന്നിരുന്നാലും, പ്രായംചെന്നവരുടെ പ്രത്യേക ആവശ്യങ്ങൾ നിവർത്തിക്കുന്നതിൽ ഇനിയും കൂടുതൽ കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. ഏകാന്തത, കുററകൃത്യം നിമിത്തമുള്ള ഭയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയാൽ അനേകരും പ്രയാസമനുഭവിക്കുന്നു. അതിനുപുറമേ, പ്രായംചെന്നവർ ദുർബലരായിത്തീരുന്നതോടെ ആരോഗ്യം ക്ഷയിക്കുന്നു, ഓജസ്സു കുറയുന്നുവെന്ന നിരാശയും ഉണ്ടാകുന്നു. അപ്പോൾ അവർക്കു വളരെ കൂടുതൽ ശ്രദ്ധ ആവശ്യമായിവരുന്നു. വ്യക്തികളും സഭ മൊത്തത്തിലും എങ്ങനെയാണു പ്രതികരിക്കേണ്ടത്?
‘ദൈവികഭക്തി ആചരിക്കുക’
ആദിമനൂററാണ്ടിൽ പൗലോസ് നിശ്വസ്തനായി 1 തിമൊഥെയൊസ് 5:4, 16-ൽ ഇങ്ങനെ എഴുതി: “വല്ല വിധവെക്കും പുത്രപൌത്രൻമാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പൻമാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.” പ്രായംചെന്നവരെ പരിരക്ഷിക്കുകയെന്നതു കുടുംബ കാര്യമായിരുന്നു. സഭയിലെ പ്രായംചെന്ന ഒരംഗത്തെ സഹായിക്കാൻ അയാളുടെ കുടുംബത്തിനു ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞശേഷം പിന്നെയും സഹായം ആവശ്യമായിവരുന്നെങ്കിൽ അതിനുള്ള ഉത്തരവാദിത്വം സഭയുടെമേൽ വരുന്നു. ഈ തത്ത്വങ്ങൾക്കു മാററംവന്നിട്ടില്ല.
തങ്ങളുടെ കുടുംബങ്ങളിൽ ദൈവികഭക്തി ആചരിച്ചുകൊണ്ട് പ്രായംചെന്നവരോടു സ്നേഹം കാണിക്കുന്നതിനു ക്രിസ്ത്യാനികളെ എന്താണു സഹായിച്ചിരിക്കുന്നത്? പ്രായാധിക്യംചെന്നവരെ സംരക്ഷിക്കുന്നതിൽ കുറെ അനുഭവമുള്ള ചില സാക്ഷികളുടെ പിൻവരുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കുക.
ആത്മീയ ആവശ്യങ്ങൾക്കു നിരന്തര ശ്രദ്ധ
“ഒരുമിച്ച് ദിനവാക്യം പരിചിന്തിക്കുന്നത് വളരെ വിലയേറിയ സഹായമായിരുന്നു” എന്ന് ഭാര്യയുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് അവളെ സഹായിച്ച ഫെലിക്സ് അനുസ്മരിക്കുന്നു. “ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങളും അഭിലാഷങ്ങളും യഹോവയുടെ തത്ത്വങ്ങളാൽ കോർത്തിണക്കിയതായിരുന്നു.” പ്രായംചെന്ന ബന്ധുക്കളെ സംരക്ഷിക്കുക എന്ന വെല്ലുവിളി ഏറെറടുക്കുന്നതിലെ ഒരു പ്രധാന സംഗതി അവരുടെ ആത്മീയാഭിവൃദ്ധിയിൽ ശ്രദ്ധ ചെലുത്തുന്നതാണ്. ഇത് മത്തായി 5:3-ലെ [NW] യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ വീക്ഷണത്തിൽ ന്യായയുക്തമാണ്: “തങ്ങളുടെ ആത്മീയാവശ്യങ്ങൾ സംബന്ധിച്ചു ബോധവാൻമാരായവർ സന്തുഷ്ടർ.” ദിനവാക്യ പരിചിന്തനത്തോടൊപ്പം ഒരു ബൈബിൾവായനാ പരിപാടി, ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെ ചർച്ച, പ്രാർഥന എന്നിവ നടത്താവുന്നതാണ്. “പ്രായംചെന്നവർ ഒരു പരിധിവരെയുള്ള കൃത്യനിഷ്ഠ ഇഷ്ടപ്പെടുന്നതായി തോന്നുന്നു” എന്ന് പീററർ അഭിപ്രായപ്പെടുന്നു.
അതേ, ആത്മീയകാര്യങ്ങളിൽ കൃത്യനിഷ്ഠ ഒഴിച്ചുകൂടാനാവാത്തതാണ്. ആത്മീയ കാര്യങ്ങളിൽ മാത്രമല്ല, ദൈനംദിന ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രായമേറിയവർ കൃത്യനിഷ്ഠ വിലമതിക്കുന്നു. ചെറുതായി ശക്തിക്ഷയം സംഭവിച്ചവരെപ്പോലും “കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നതിനും ദിവസവും ഉചിതമായി വസ്ത്രം ധരിക്കുന്നതിനും” ഊഷ്മളമായി പ്രോത്സാഹിപ്പിക്കാവുന്നതാണ് എന്ന് ഉർസൂല പറയുന്നു. എന്നാൽ, തങ്ങളോട് ആജ്ഞാപിക്കുന്നു എന്നു പ്രായംചെന്നവർക്കു തോന്നാൻ ഒരിക്കലും ഇടവരുത്തരുത്. സദുദ്ദേശ്യത്തോടെയുള്ള തന്റെ ശ്രമങ്ങളെല്ലാം മിക്കപ്പോഴും ദയനീയമാംവിധം പരാജയപ്പെട്ടതായി ഡോറിസ് സമ്മതിച്ചുപറയുന്നു. “ഞാൻ പലപ്പോഴും അബദ്ധങ്ങൾ കാട്ടി. ദിവസവും ഷർട്ട് മാറാൻ ഒരിക്കൽ ഞാൻ എന്റെ പിതാവിനോട് ആവശ്യപ്പെട്ടു. എന്റെ അമ്മ അപ്പോൾ എന്നെ ഓർമപ്പെടുത്തിയതെന്താണെന്നോ: ‘അദ്ദേഹം ഇപ്പോഴും എന്റെ ഭർത്താവു തന്നെയാണുകേട്ടോ’ എന്ന്.”
പ്രായംചെന്നവർ ഒരിക്കൽ ചെറുപ്പമായിരുന്നു. എന്നാൽ, പ്രായംചെന്നവരുടെ സ്ഥാനത്തു നിന്നുകൊണ്ടു ചിന്തിക്കുക എന്നത് ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരമായ ദൗത്യമാണ്. എന്നാൽ അതുതന്നെയാണ് അവരുടെ പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിയുന്നതിനുള്ള താക്കോലും. പ്രായാധിക്യത്തോടൊപ്പം അസ്വസ്ഥതയും ഉടലെടുക്കുന്നു. “എന്റെ അമ്മായിയപ്പന്, താൻ സാധാരണമായി ചെയ്തുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയാതെവന്നപ്പോൾ തന്നോടുതന്നെ മുഷിപ്പുതോന്നി എന്ന് ഗാർഹാർട്ട് വിശദീകരിക്കുന്നു. അദ്ദേഹത്തിനു തന്റെ അവസ്ഥയെക്കുറിച്ച് ഓർക്കുന്നതുതന്നെ വളരെ വേദനാജനകമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വം മാറിപ്പോയിരിക്കുന്നു.”
സാഹചര്യങ്ങൾ മാറുമ്പോൾ ഒരു പ്രായമേറിയ വ്യക്തി മററുള്ളവരെ, വിശേഷിച്ചും തന്നെ സംരക്ഷിക്കുന്നവരെ, വിമർശിച്ചുകൊണ്ടു തന്റെ കോപം അഴിച്ചുവിടുന്നത് അസാധാരണമല്ല. കാരണം ലളിതമാണ്. അവരുടെ ദയാപുരസ്സരമായ കരുതൽ കാണുമ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന തന്റെ ഓജസ്സിനെക്കുറിച്ചാണ് അയാൾക്ക് ഓർമവരുന്നത്. അനുചിതമായ ഈ വിമർശനത്തോട് അഥവാ പരാതിയോട് നിങ്ങൾ എങ്ങനെ പ്രതികരിക്കണം?
അത്തരം നിഷേധാത്മകമായ തോന്നലുകൾ നിങ്ങളുടെ ശ്രമത്തിനുമേലുള്ള യഹോവയുടെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നത് ഓർക്കുക. നല്ലതു ചെയ്യുന്നതിൽ തുടരുക, ചിലപ്പോഴെല്ലാം നീതിരഹിതമായ അഭിപ്രായങ്ങൾ കേൾക്കേണ്ടിവരുന്നുവെങ്കിൽപ്പോലും ശുദ്ധമായ മനസ്സാക്ഷി നിലനിർത്തുക. (താരതമ്യം ചെയ്യുക: 1 പത്രൊസ് 2:19.) പ്രാദേശിക സഭയ്ക്ക് നല്ല പിന്തുണ നൽകുന്നതിനു കഴിയും.
സഭയ്ക്കു ചെയ്യാൻ കഴിയുന്നത്
പ്രായംചെന്ന നമ്മുടെ സഹോദരീസഹോദരൻമാരുടെ മുൻകാല ശ്രമങ്ങളെ മുൻനിർത്തി അനേകം സഭകൾക്കും ആഴമായി നന്ദിയുള്ളവരായിരിക്കുന്നതിനു കാരണമുണ്ട്. ഒരുപക്ഷേ ദശകങ്ങൾക്കു മുമ്പ് ഏതാനും ചില പ്രസാധകരോടൊപ്പം അവരായിരിക്കാം സഭയ്ക്കു തുടക്കം കുറിച്ചത്. തീക്ഷ്ണതാപൂർവമുള്ള അവരുടെ മുൻകാല പ്രവർത്തനങ്ങളും ഇപ്പോഴത്തെ സാമ്പത്തിക സംഭാവനയും ഇല്ലായിരുന്നെങ്കിൽ സഭ എങ്ങനെ ഉണ്ടാകുമായിരുന്നു?
പ്രായംചെന്ന പ്രസാധകർക്കു കൂടുതൽ സംരക്ഷണത്തിന്റെ ആവശ്യമുള്ളപ്പോൾ ബന്ധുക്കൾ തനിയെ ആ ഉത്തരവാദിത്വം ഏറെറടുക്കേണ്ടതില്ല. സന്ദേശവാഹകനായി വർത്തിക്കുക, ഭക്ഷണം പാകം ചെയ്യുക, വൃത്തിയാക്കുക, പ്രായംചെന്നയാളെ നടക്കാൻ കൂട്ടിക്കൊണ്ടുപോവുക, ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കാനായി യാത്രാസൗകര്യം ക്രമീകരിക്കുക, അല്ലെങ്കിൽ രാജ്യഹാളിൽവെച്ച് വെറുതെ അദ്ദേഹവുമായി സംഭാഷണത്തിൽ ഏർപ്പെടുക എന്നിങ്ങനെ അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് മററുള്ളവർക്കു സഹായിക്കാനാകും. ശ്രമങ്ങൾ ഏകോപിപ്പിക്കുമ്പോഴാണു കാര്യക്ഷമതയും കൃത്യനിഷ്ഠയും കൈവരുന്നത്. എന്നാൽ സകലർക്കും അതിൽ പങ്കുപററാവുന്നതാണ്.
ഇടയസന്ദർശനങ്ങൾക്കായി ക്രമീകരിക്കുമ്പോൾ ഏകോപനത്തെക്കുറിച്ചു മൂപ്പൻമാർക്കു മനസ്സിൽ പിടിക്കാവുന്നതാണ്. ചില സഭകൾ ഇക്കാര്യത്തിൽ മികച്ച ദൃഷ്ടാന്തമാണ്. അവിടത്തെ മൂപ്പൻമാർ പ്രായംചെന്നവരെയും ദുർബലരെയുംമാത്രമല്ല കുടുംബാംഗങ്ങളുടെ നല്ല സംരക്ഷണത്തിൽ കഴിയുന്നവരെപ്പോലും നിരന്തരമായി ഇടയസന്ദർശനം നടത്തുന്നതിനു ക്രമീകരണം ചെയ്യുന്നു. എന്നിരുന്നാലും മററു സഭകൾ പ്രായംചെന്നവരോടുള്ള തങ്ങളുടെ ഈ കർത്തവ്യത്തെക്കുറിച്ചു കുറേക്കൂടെ ജാഗ്രതയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയുള്ളതായി തോന്നുന്നു.
80-കളുടെ സായാഹ്നത്തിൽ ആയിരിക്കുന്ന ഒരു വിശ്വസ്ത സഹോദരൻ തന്റെ മകന്റെയും മരുമകളുടെയും സംരക്ഷണയിലായിരുന്നു. അതിനുവേണ്ടി അവർ ബെഥേൽ സേവനംവരെ ഉപേക്ഷിച്ചുപോന്നതാണ്. എന്നുവരികിലും സഭയിലെ മററ് അംഗങ്ങളുടെ സന്ദർശനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അപ്പോഴും പ്രധാനപ്പെട്ടതായിരുന്നു. “ഞാൻ രോഗികളെ സന്ദർശിക്കുമ്പോൾ അവരോടൊപ്പം പ്രാർഥിക്കുക പതിവായിരുന്നു. എന്നാൽ എന്നോടൊപ്പം ഇതുവരെ ആരും പ്രാർഥിച്ചിട്ടില്ല” എന്നു സഹോദരൻ ഖേദത്തോടെ പറയുകയുണ്ടായി. ബന്ധുക്കളുടെ സ്നേഹപുരസ്സമായ പരിരക്ഷണം മൂപ്പൻമാരെ ‘ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ’ എന്ന കർത്തവ്യത്തിൽനിന്ന് ഒഴിവുള്ളവരാക്കുന്നില്ല. (1 പത്രൊസ് 5:2) അതിനുപുറമേ, പ്രായംചെന്നവരെ സംരക്ഷിക്കുന്നവരെ അവരുടെ നല്ലവേലയിൽ തുടരുന്നതിന് കെട്ടുപണിചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ട്.
‘വയോധികരും കാലസമ്പൂർണ്ണരും’
19-ാം നൂററാണ്ടിലെ ഒരു ജർമൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ വോൺ ഹംബോൾട്ടിനു പ്രായാധിക്യം ചെന്നിരിക്കെ ഒരു ചെറുപ്പക്കാരി അദ്ദേഹത്തോട് വാർധക്യം പ്രാപിക്കുന്നത് അദ്ദേഹത്തിനു ദുഷ്കരമായിത്തോന്നിയിട്ടില്ലേ എന്നു ചോദിച്ചു. “നീ പറഞ്ഞതു തികച്ചും വാസ്തവമാണ്, എന്നാൽ ദീർഘനാൾ ജീവിച്ചിരിക്കുന്നതിന് ഇതല്ലാതെ മാർഗമൊന്നുമില്ല” എന്ന് ആ ജ്ഞാനി പറയുകയുണ്ടായി. സമാനമായി, അനേകം സഹോദരീസഹോദരൻമാർ ദീർഘകാലം ജീവിക്കുന്നതിനുവേണ്ടി വാർധക്യത്തിന്റെ കഷ്ടപ്പാടുകൾ സ്വീകരിക്കുന്നതിൽ നല്ല മാതൃക വെക്കുന്നു. ‘വയോധികരും കാലസമ്പൂർണരു’മായ അബ്രാഹം, ഇസഹാക്ക്, ദാവീദ്, ഇയ്യോബ് എന്നിവരുടെ മനോഭാവം അവർ പ്രകടമാക്കുന്നു.—ഉല്പത്തി 25:8; 35:29; 1 ദിനവൃത്താന്തം 23:1; ഇയ്യോബ് 42:17.
പ്രായാധിക്യം ചെല്ലുന്തോറും സഹായം സദയം സ്വീകരിക്കുന്നതും കൃതാർഥത ആത്മാർഥമായി പ്രകടിപ്പിക്കുന്നതും വളരെ പ്രയാസകരമായിത്തീരുന്നു. ഓരോരുത്തരും തങ്ങളുടെ ആരോഗ്യത്തിൽ വന്നുപോയിരിക്കുന്ന പരിമിതി തിരിച്ചറിയുകയെന്നതു ബുദ്ധിയാണ്. എന്നിരുന്നാലും, പ്രായാധിക്യം ഒരുവനെ നിഷ്ക്രിയാവസ്ഥയിലേക്കു തള്ളിവിടുന്നില്ല. മരിയയ്ക്ക് ഇപ്പോൾ 90 വയസ്സിൽ കൂടുതലുണ്ട്, എങ്കിലും അവർ സഭായോഗങ്ങൾക്കു ഹാജരാകുകയും അഭിപ്രായം പറയുകയും ചെയ്യുന്നു. അവർ അത് എങ്ങനെയാണു ചെയ്യുന്നത്? “എനിക്കിപ്പോൾ വായിക്കാനുള്ള പ്രാപ്തിയില്ല. എന്നാൽ വീക്ഷാഗോപുരത്തിന്റെ കാസെററുകൾ ഞാൻ കേൾക്കുന്നുണ്ട്. പലതും ഞാൻ മറന്നുപോകുമെങ്കിലും ഒരു അഭിപ്രായമെങ്കിലും പറയാൻ എനിക്കു കഴിയാറുണ്ട്.” മരിയയെപ്പോലെ, കെട്ടുപണിചെയ്യുന്ന കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നത് പ്രവർത്തനനിരതനായിരിക്കുന്നതിനും ക്രിസ്തീയ വ്യക്തിത്വം നിലനിർത്തുന്നതിനും ഒരു വ്യക്തിയെ സഹായിക്കുന്നു.
ദൈവരാജ്യത്തിൽ വാർധക്യം ഉണ്ടായിരിക്കുകയില്ല. ഈ വ്യവസ്ഥിതിയിൽ വാർധക്യം പ്രാപിക്കുകയും മരിക്കുകപോലും ചെയ്തവർക്ക് തങ്ങൾക്കു ലഭിച്ച സംരക്ഷണത്തെയും ശ്രദ്ധയെയും കുറിച്ച് ആ കാലത്ത് മധുര സ്മരണകൾ ഉണ്ടായിരിക്കും. പ്രായംചെന്ന അത്തരം ആളുകൾ ജീവനും ഊർജസ്വലതയും നേടിയെടുക്കുന്നതിനൊപ്പം അവർക്ക് യഹോവയുമായി ഗാഢമായ സ്നേഹവും പ്രയാസകരമായ സാഹചര്യത്തിൽ തങ്ങളോടൊപ്പം പററിനിന്നവരോട് അഗാധമായ കൃതജ്ഞതയും തോന്നും.—താരതമ്യം ചെയ്യുക: ലൂക്കൊസ് 22:28.
പ്രായംചെന്നവരെ ഇപ്പോൾ സംരക്ഷിച്ചുകൊണ്ടിരിക്കുന്നവരെ സംബന്ധിച്ചോ? വളരെ പെട്ടെന്ന് രാജ്യം ഭൂമിയുടെമേൽ മുഴു നിയന്ത്രണവും ഏറെറടുക്കുമ്പോൾ അവർ സന്തോഷത്തോടും സമാധാനത്തോടുംകൂടെ പിന്തിരിഞ്ഞുനോക്കും. കാരണം അവർ തങ്ങളുടെ കടമകളിൽനിന്നു വ്യതിചലിക്കാതെ പ്രായംചെന്നവരോടു ക്രിസ്തീയ സ്നേഹം കാണിച്ചുകൊണ്ടു ദൈവികഭക്തി ആചരിച്ചിരിക്കുന്നു.—1 തിമൊഥെയൊസ് 5:4.
[30-ാം പേജിലെ ചതുരം]
പ്രായംചെന്നവർ നിങ്ങളുടെ സന്ദർശനങ്ങളെ വിലമതിക്കും
പ്രായംചെന്ന ഒരാളെ സന്ദർശിക്കുന്നതിന്, ഒരുപക്ഷേ പ്രസംഗ പ്രവർത്തനത്തിനുശേഷം ഏതാണ്ട് 15 മിനിററു മാററിവെക്കുന്നതുകൊണ്ടു വളരെ പ്രയോജനങ്ങളുണ്ട്. എന്നാൽ അത്തരം സന്ദർശനങ്ങൾ നടത്താൻ ഒരവസരത്തിനായി കാത്തിരിക്കാതിരിക്കുന്നതാണു നല്ലത്. അതുതന്നെയാണ് പിൻവരുന്ന അനുഭവം കാണിക്കുന്നത്.
ഒരുമിച്ചു പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്ന ബ്രിജിററും ഹാനെലോറും പ്രായംചെന്ന ഒരാളുടെ വാതിൽക്കൽ അദ്ദേഹവുമായി സംഭാഷണത്തിലേർപ്പെട്ടു. ഈ സഹോദരിമാർ അഞ്ചുമിനിററ് അദ്ദേഹവുമായി സംസാരിച്ചശേഷം മാത്രമാണ് അദ്ദേഹം ഒരു സാക്ഷിയാണെന്നും ഒരേ സഭയിലെ അംഗമാണെന്നുമുള്ള വസ്തുത തിരിച്ചറിഞ്ഞത്. എത്ര ലജ്ജാകരം! എന്നാൽ ആ അനുഭവം നൻമയിൽ കലാശിച്ചു. ആ സഹോദരനെ സന്ദർശിക്കുന്നതിനും സഭായോഗങ്ങളിൽ പങ്കുപററുന്നതിന് അദ്ദേഹത്തെ സഹായിക്കുന്നതിനും ഹാനെലോർ വേണ്ട ക്രമീകരണങ്ങളെല്ലാം ഉടനടി ചെയ്തു.
നിങ്ങളുടെ പ്രദേശത്തു താമസിക്കുന്ന പ്രായമേറിയ ഓരോ പ്രസാധകന്റെയും പേരും മേൽവിലാസവും നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്ക് ഒരു ഹ്രസ്വ സന്ദർശനത്തിനുള്ള ക്രമീകരണം ചെയ്യാമോ? അതു വളരെ വിലമതിച്ചെന്നുവരാം.