സത്യം നമ്മെ സ്വതന്ത്രരാക്കുന്ന വിധം
1 തന്നിൽ വിശ്വാസം അർപ്പിച്ച യഹൂദന്മാരോട് യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹ. 8:32) സമ്പന്നരോ ദരിദ്രരോ, വിദ്യാഭ്യാസം ഉള്ളവരോ ഇല്ലാത്തവരോ എന്ന വ്യത്യാസമില്ലാതെ സകലർക്കും ലഭ്യമായിരിക്കുന്ന, പൗരസ്വാതന്ത്ര്യത്തെക്കാൾ ശ്രേഷ്ഠമായ ഒരു സ്വാതന്ത്ര്യത്തെ കുറിച്ചാണ് അവൻ സംസാരിച്ചത്. പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു സ്വാതന്ത്ര്യം കൈവരുത്തുന്ന സത്യമാണ് യേശു പഠിപ്പിച്ചത്. യേശു വിശദീകരിച്ചതനുസരിച്ച്, ‘പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആണ്.’ (യോഹ. 8:34) അനുസരണമുള്ള മനുഷ്യർ ‘ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കുന്ന’ സമയത്തിനായി നാം എത്ര ആകാംക്ഷയോടെയാണ് നോക്കിപ്പാർത്തിരിക്കുന്നത്!—റോമ. 8:20.
2 യേശുവിനെയും ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ അവനുള്ള പങ്കിനെയും സംബന്ധിച്ച സത്യം അത്തരത്തിലുള്ള സ്വാതന്ത്ര്യം കൈവരുത്തുന്നു. അവൻ നമുക്കുവേണ്ടി നൽകിയ മറുവിലയാഗത്തെ കുറിച്ചുള്ള പരിജ്ഞാനം അതിൽ ഉൾപ്പെടും. (റോമർ 3:24, NW) ബൈബിൾ സത്യം സ്വീകരിക്കുന്നതും അനുസരണയോടെ അതിനു കീഴ്പെടുന്നതും ഇപ്പോൾത്തന്നെ ഭയം, നിരാശ, ഹാനികരമായ ശീലങ്ങൾ എന്നിവയിൽനിന്നുള്ള സ്വാതന്ത്ര്യം നമുക്കു നേടിത്തരുന്നു.
3 ഭയത്തിൽനിന്നും നിരാശയിൽനിന്നുമുള്ള സ്വാതന്ത്ര്യം: ലോകാവസ്ഥകളെ പ്രതി നാം നിരാശരാകേണ്ടതില്ല. കാരണം, ദുഷ്ടത നിലനിൽക്കുന്നത് എന്തുകൊണ്ടെന്നു നാം മനസ്സിലാക്കുന്നു, അതു ഭൂമിയിൽനിന്ന് താമസിയാതെ തുടച്ചുനീക്കപ്പെടുമെന്നും നമുക്ക് അറിയാം. (സങ്കീ. 37:10, 11; 2 തിമൊ. 3:1; വെളി. 12:12) അതു മാത്രമല്ല, മരിച്ചവരുടെ അവസ്ഥയെ സംബന്ധിച്ച വ്യാജോപദേശങ്ങളിൽനിന്നും സത്യം നമ്മെ സ്വതന്ത്രരാക്കുന്നു. മരിച്ചവർക്കു നമ്മെ ഉപദ്രവിക്കാനാവില്ലെന്നും അവർ നിത്യദണ്ഡനം അനുഭവിക്കുന്നില്ലെന്നും ആത്മമണ്ഡലത്തിൽ തന്നോടൊപ്പം ആയിരിക്കാനായി മനുഷ്യർ മരിക്കാൻ ദൈവം ഇടയാക്കുന്നില്ലെന്നും നമുക്കു ബോധ്യമുണ്ട്.—സഭാ. 9:5; പ്രവൃ. 24:15.
4 അത്തരം സത്യങ്ങൾ, തങ്ങളുടെ കുട്ടിയെ ഒരു അപകടത്തിൽ നഷ്ടമായപ്പോൾ പിടിച്ചുനിൽക്കാനുള്ള ശക്തി ഒരു പിതാവിനും മാതാവിനും പ്രദാനം ചെയ്തു. “ഞങ്ങളുടെ മകൻ പുനരുത്ഥാനത്തിൽ വന്ന് അവനെ വീണ്ടും കാണുന്നതുവരെ നികത്താനാവാത്ത ഒരു ശൂന്യത ഞങ്ങളുടെ ജീവിതത്തിലുണ്ട്. എങ്കിലും ഞങ്ങളുടെ ഈ വേദന താത്കാലികമാണെന്നു ഞങ്ങൾക്കറിയാം,” എന്ന് ആ മാതാവ് പറഞ്ഞു.
5 ഹാനികരമായ ശീലങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം: ബൈബിൾ സത്യത്തിന് വ്യക്തികളുടെ ചിന്തയ്ക്കും വ്യക്തിത്വത്തിനും മാറ്റംവരുത്താൻ കഴിയും. അത് ഒഴിവാക്കാവുന്ന പ്രശ്നങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യത്തിൽ കലാശിക്കുന്നു. (എഫെ. 4:20-24) സത്യസന്ധതയും അധ്വാനശീലവും ദാരിദ്ര്യത്തിൽനിന്ന് ആശ്വാസം നൽകും. (സദൃ. 13:4) ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കുന്നത് മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്നു. (കൊലൊ. 3:13, 14) ക്രിസ്തീയ ശിരഃസ്ഥാനത്തോടുള്ള ആദരവ് കുടുംബപ്രശ്നങ്ങൾ പരമാവധി കുറയ്ക്കാൻ സഹായിക്കുന്നു. (എഫെ. 5:33-6:1) മദ്യാസക്തി, ലൈംഗിക അധാർമികത, പുകയില, മയക്കുമരുന്നാസക്തി എന്നിവ ഒഴിവാക്കുന്നത് നല്ല ആരോഗ്യത്തിനു സംഭാവന ചെയ്യുന്നു.—സദൃ. 7:21-23; 23:29, 30; 2 കൊരി. 7:1.
6 ഒമ്പതു വർഷമായി മയക്കുമരുന്നിന് അടിമയായിരുന്ന ഒരു ചെറുപ്പക്കാരന് ആ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രസാധകനെ അയാൾ കണ്ടുമുട്ടി. അയാൾ സാഹിത്യം സ്വീകരിച്ചു. ആ പ്രസാധകൻ ചെറുപ്പക്കാരനെ വീട്ടിൽ ചെന്ന് സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. തുടർന്ന് ഒരു ബൈബിളധ്യയനം ആരംഭിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോൾ അയാൾ മയക്കുമരുന്ന് പാടേ ഉപേക്ഷിച്ചു, എട്ടു മാസത്തെ പഠനത്തിനുശേഷം സ്നാപനവുമേറ്റു. അയാൾ മയക്കുമരുന്നുശീലം ഉപേക്ഷിച്ചതു കണ്ടപ്പോൾ ജ്യേഷ്ഠനും ഭാര്യയും ബൈബിൾ പഠിച്ചുതുടങ്ങി.
7 സ്വതന്ത്രരാകാൻ മറ്റുള്ളവരെ സഹായിക്കുക: ജീവിതകാലം മുഴുവനും വ്യാജോപദേശങ്ങളുടെ ബന്ധനത്തിൽ കഴിഞ്ഞിട്ടുള്ളവർക്ക് ദൈവവചനം പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യം ഗ്രഹിക്കുക ബുദ്ധിമുട്ടായിരിക്കാം. അവരുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിന് അധ്യാപകരുടെ ഭാഗത്ത് അസാധാരണമായ ശുഷ്കാന്തിയും നല്ല തയ്യാറാകലും ആവശ്യമായിരുന്നേക്കാം. (2 തിമൊ. 4:2, 5) ‘തടവുകാർക്കു വിടുതൽ അറിയിക്കുന്ന’ നമ്മുടെ വേലയിൽ മന്ദീഭവിക്കാനുള്ള സമയമല്ല ഇത്. (യെശ. 61:1) ക്രിസ്തീയ സ്വാതന്ത്ര്യം വളരെ വിലപ്പെട്ടതാണ്. അതു നേടുന്നത് നിത്യജീവനെ അർഥമാക്കുന്നു.—1 തിമൊ. 4:16.