ദൈവത്തെ സത്യത്തിൽ ആരാധിക്കൽ
ആരാധന ദൈവത്തിനു സ്വീകാര്യം ആയിരിക്കണം എങ്കിൽ അത് സത്യത്തിൽ അധിഷ്ഠിതം ആയിരിക്കണം. (യോഹന്നാൻ 4:23) “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭ”യിൽ പെട്ടവരായിട്ടാണ് ബൈബിൾ സത്യാരാധകരെ തിരിച്ചറിയിക്കുന്നത്. (1 തിമൊഥെയൊസ് 3:15) ദൈവത്തിന്റെ സഭയിൽ പെട്ടവർ ദൈവവചനത്തിലെ സത്യം വിശ്വസിക്കുക മാത്രമല്ല മറിച്ച് അതിനോടുള്ള യോജിപ്പിൽ ജീവിക്കുകയും ഭൂമിയിൽ ഉടനീളം അത് അറിയിച്ചുകൊണ്ട് അതിനെക്കുറിച്ചു പ്രതിവാദം പറയുകയും ചെയ്യുന്നു.—മത്തായി 24:14; റോമർ 10:9-15.
യഹോവയുടെ സാക്ഷികൾ അവരുടെ ബൈബിൾ വിദ്യാഭ്യാസ വേലയുടെ കാര്യത്തിൽ പ്രസിദ്ധരാണ്. 200-ലധികം രാജ്യങ്ങളിൽ അത് ഇപ്പോൾ ചെയ്യപ്പെടുന്നു. സത്യം എന്ന നിലയിൽ അവർ ബൈബിൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു, മാനുഷ തത്ത്വശാസ്ത്രങ്ങളുടെ ദുർബലീകരിക്കുന്ന സ്വാധീനം ഉൾപ്പെടുത്താതെതന്നെ. അവരുടെ ബൈബിൾ അധിഷ്ഠിത പഠിപ്പിക്കലുകൾ നിങ്ങൾക്കു പരിചിതമാണോ? യഹോവയുടെ സാക്ഷികൾക്ക് എതിരെയുള്ള ദുഷ്പ്രചരണങ്ങൾ നിമിത്തം അവരെ ശ്രദ്ധിക്കാൻ അനേകർ മടിക്കുന്നു. സാക്ഷികൾ പഠിപ്പിക്കുന്നത് സത്യമാണോ അല്ലയോ എന്ന് സ്വയം നിർണയിക്കാൻ ആത്മാർഥ ഹൃദയരായവർ ക്ഷണിക്കപ്പെടുന്നു. അത്തരം ഒരു സുപ്രധാന നിർണയം കേട്ടുകേഴ്വിയിൽ അധിഷ്ഠിതം ആയിരിക്കരുത്. യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളെ കുറിച്ച് വ്യക്തിപരമായി അന്വേഷണം നടത്തിയിട്ടുള്ള അനേകർ വലിയ പ്രയോജനം ആസ്വദിച്ചിരിക്കുന്നു.
സത്യം സംബന്ധിച്ച പരിജ്ഞാനം ഭയത്തെ ദൂരീകരിക്കുന്നു
ദൃഷ്ടാന്തത്തിന്, അയൂഗനിയായുടെ കാര്യമെടുക്കുക. ഒരു അടിയുറച്ച കത്തോലിക്കാ കുടുംബത്തിലാണ് അവൾ വളർന്നത്. പാപ്പായുടെ 1979-ലെ മെക്സിക്കോ സന്ദർശനത്തിന്റെ സംഘാടകരിൽ ഒരാൾ ആയിരുന്നു അവളുടെ പിതാവ്. സുഹൃത്തുക്കളെ സന്ദർശിക്കവേ, അയൂഗനിയാ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നു. അവരുടെ സഹായത്തോടെ അവൾ ബൈബിൾ പറയുന്ന കാര്യങ്ങൾ അവധാനപൂർവം വിശകലനം ചെയ്യാൻ തുടങ്ങി. അവൾ ഓർമിക്കുന്നു: “ആദ്യം, മനസ്സിൽ ഭയം ഉരുണ്ടുകൂടാൻ തുടങ്ങി. ഞാൻ സത്യം കണ്ടെത്തിയിരുന്നു! എന്നാൽ, എന്റെ മുൻ വിശ്വാസങ്ങൾ മിക്കവയും തെറ്റായിരുന്നു എന്നതായിരുന്നു അതിന്റെ സാരം. എന്റെ കുടുംബത്തിന്റെ, സുഹൃത്തുക്കളുടെ, ഞാൻ ഇഷ്ടപ്പെട്ടിരുന്നവരുടെ, അതേ അവരുടെ എല്ലാം വിശ്വാസം തെറ്റായിരുന്നു. ഞാൻ ആകെ അസ്വസ്ഥയായി. ഞാൻ പുതുതായി മനസ്സിലാക്കിയ കാര്യങ്ങളോടു കുടുംബത്തിൽ ഉള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. കാലം കടന്നുപോയതോടെ, വിഷമിപ്പിക്കുന്ന ആ ചിന്തയോട് യഹോവയുടെ സഹായത്താൽ ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി. ദൈവശാസ്ത്ര പ്രൊഫസറായ ഒരു കുടുംബ സുഹൃത്തിനോട് ഒരു ദിവസം കാര്യങ്ങൾ തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. സത്യം കണ്ടെത്താനുള്ള എന്റെ ആഗ്രഹത്തെ കുറിച്ചെല്ലാം ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘സത്യം അറിയണമെങ്കിൽ യഹോവയുടെ സാക്ഷികളെ തേടിപ്പിടിക്കൂ.’
അയൂഗനിയാ ഭയപ്പെട്ടതുപോലെതന്നെ, കുടുംബാംഗങ്ങൾ അവളെ വീട്ടിൽനിന്നു പുറത്താക്കി. എന്നാൽ സാക്ഷികൾ അവൾക്ക് ആത്മീയ സഹായം നൽകുന്നതു തുടർന്നു. അവൾ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സത്യത്തിനുവേണ്ടി ഒരു നിലപാടു സ്വീകരിക്കാൻ ഞാൻ ശക്തയാക്കപ്പെട്ടു. അതിനായി പോരാടാൻ തക്ക മൂല്യമുള്ള ഒന്നാണ് അതെന്ന് ഞാൻ തിരിച്ചറിഞ്ഞു. യഹോവയുടെ സാക്ഷികളിൽനിന്നു ലഭിച്ച സ്വീകരണം മർമപ്രധാനം ആയിരുന്നു. ക്രിസ്തീയ സഭയ്ക്കുള്ളിൽ ഞാൻ സ്നേഹിക്കപ്പെടുന്നതായി എനിക്കു തോന്നി. ഒറ്റയ്ക്കു നിൽക്കുന്നതിന്റെ ഭയം തരണം ചെയ്യാൻ യഹോവയുടെ സംഘടനയോട് അടുത്തുവന്നത് എന്നെ സഹായിച്ചു.”
മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. സബ്രിന ബൈബിളിനെ കുറിച്ചുള്ള പതിവായ കുടുംബ ചർച്ചകൾ പരിചയിച്ചാണു വളർന്നുവന്നത്. വാസ്തവത്തിൽ അവർ ഒരുതരം ‘കുടുംബ മതം’ വളർത്തിയെടുത്തു. വിവിധ മതാംഗങ്ങളുമായി സഹവസിച്ച് അവരുടെ മതങ്ങളിലെ തെറ്റുകൾ വെളിച്ചത്തു കൊണ്ടുവരുന്നത് അവൾ ഒരു പതിവാക്കിയിരുന്നു. ഒരു യഹോവയുടെ സാക്ഷി അവൾക്കു ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്തപ്പോൾ, സാക്ഷികളുടെ വിശ്വാസങ്ങൾ തെറ്റാണെന്നു തെളിയിക്കാനുള്ള ലക്ഷ്യത്തോടെ അവൾ ആ വാഗ്ദാനം ഉടനടി സ്വീകരിച്ചു. അവൾ അനുസ്മരിക്കുന്നു: “ഒരു വർഷത്തിൽ അധികം പഠിച്ചു കഴിഞ്ഞപ്പോൾ ‘എന്റെ സത്യം’ എനിക്കു നഷ്ടപ്പെടുമോ എന്നു ഞാൻ ഭയപ്പെട്ടു. ഞാൻ ബന്ധപ്പെട്ടിട്ടുള്ള മിക്ക മതങ്ങളുടെയും കാപട്യം തുറന്നു കാട്ടുക എളുപ്പമായിരുന്നെങ്കിലും സാക്ഷികളുടെ കാര്യത്തിൽ സംഗതി വ്യത്യസ്തമായിരുന്നു.”
ഭയം നിമിത്തം സബ്രിന യഹോവയുടെ സാക്ഷികളുമൊത്തുള്ള ബൈബിൾ പഠനം നിർത്തി. അപ്പോൾ അവൾക്ക് ആത്മീയമായി ഒരു ശൂന്യതാ ബോധം അനുഭവപ്പെട്ടു. പഠനം പുനരാരംഭിക്കാൻ അവൾ തീരുമാനിച്ചു. ഒടുവിൽ, പുതുതായി കണ്ടെത്തിയ ആ സത്യം അവൾ സ്വീകരിച്ചു തുടങ്ങി. താൻ പഠിക്കുന്നതു മറ്റുള്ളവരുമായി പങ്കുവെക്കാൻ തോന്നുന്ന ഘട്ടത്തോളം സബ്രിന പുരോഗമിച്ചു. സാക്ഷികളുടെ വീടുതോറുമുള്ള ശുശ്രൂഷയിൽ അവരെ അനുഗമിക്കാൻ അവൾ അനുവാദം ചോദിക്കുക പോലും ചെയ്തു. സബ്രിന വിശദീകരിക്കുന്നു: “യഹോവയുടെ സാക്ഷികളോട് ഒത്തു പ്രസംഗിക്കാൻ അനുവാദം കിട്ടുന്നതിനു മുമ്പ് എന്നോട് ഇങ്ങനെ ചോദിച്ചു: ‘യഹോവയുടെ സാക്ഷികളിൽ ഒരുവൾ ആയിരിക്കാൻ നീ വാസ്തവമായും ആഗ്രഹിക്കുന്നുവോ?’ ‘ഇല്ല!’ ഞാൻ പ്രതിവചിച്ചു. വീണ്ടും ഭയം എന്നിൽ ഉരുണ്ടുകൂടി.” ഒടുവിൽ, എല്ലാ യോഗങ്ങൾക്കും തുടർന്നു ഹാജരാകുകയും ദൈവജനത്തെയും അവർ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്ന വിധത്തെയും നിരീക്ഷിക്കുകയും ചെയ്തപ്പോൾ അതാണ് യഥാർഥത്തിൽ സത്യം എന്ന നിഗമനത്തിൽ സബ്രിന എത്തിച്ചേർന്നു. സ്നാപനമേറ്റ അവൾ ഇന്ന് ഒരു മുഴുസമയ സുവിശേഷ പ്രവർത്തകയാണ്.
ഇത്ര വ്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
ചിലർ ചോദിച്ചേക്കാം, ‘യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ മറ്റു മതങ്ങളുടേതിൽനിന്നു വളരെ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?’ സാക്ഷികളുടെ വിശ്വാസത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ അവർ ആത്മാർഥരായ ക്രിസ്ത്യാനികൾ, മനസ്സാക്ഷിപൂർവം പ്രവർത്തിക്കുന്ന ബൈബിൾ വിദ്യാർഥികൾ ആണെന്നു മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കും. മുകളിൽ കൊടുത്തിരിക്കുന്ന, അവരുടെ അടിസ്ഥാന വിശ്വാസങ്ങളുടെ സംക്ഷിപ്ത വിവരണത്തിലെ വാക്യങ്ങൾ നിങ്ങളുടെ സ്വന്തം ബൈബിളിൽനിന്നു നോക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നുവെന്നും ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളോട് അവർ എങ്ങനെ പറ്റിനിൽക്കുന്നുവെന്നും അടുത്തു നിരീക്ഷിക്കുന്നതിനാൽ, സത്യം പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യത്താൽ നിങ്ങൾക്ക് അനുഗൃഹീതരാകാൻ കഴിയും. (യോഹന്നാൻ 17:17) സത്യത്തെ ഭയപ്പെടേണ്ട കാര്യമില്ല. യേശുവിന്റെ വാഗ്ദാനം ഓർമിക്കുക: “[നിങ്ങൾ] സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:32.
[6-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികളുടെ ചില അടിസ്ഥാന വിശ്വാസങ്ങൾ
◯ യഹോവ സർവശക്തനായ ദൈവമാണ്. ബൈബിളിന്റെ ഏറ്റവും ആദിമ കയ്യെഴുത്തു പ്രതികളിൽ അവന്റെ വ്യക്തിപരമായ നാമം 7,000-ത്തിലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു.—സങ്കീർത്തനം 83:18.
◯ മനുഷ്യവർഗത്തിനു വേണ്ടി തന്റെ ജീവൻ നൽകാൻ ഭൂമിയിലേക്കു വന്ന ദൈവപുത്രനാണ് യേശുക്രിസ്തു. (യോഹന്നാൻ 3:16, 17) സുവിശേഷങ്ങളിൽ കാണപ്പെടുന്ന പ്രകാരമുള്ള യേശുവിന്റെ പഠിപ്പിക്കലുകൾ യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നു.
◯ യഹോവയുടെ സാക്ഷികൾ എന്ന പേര് യെശയ്യാവു 43:10-ൽ അധിഷ്ഠിതമാണ്. അത് ഇപ്രകാരം പറയുന്നു: ‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.’
◯ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർഥനയിൽ ആളുകൾ പ്രാർഥിക്കുന്ന രാജ്യം ഒരു സ്വർഗീയ ഗവൺമെന്റാണ്, ബൈബിൾ വാഗ്ദാനം ചെയ്യുന്ന പറുദീസയ്ക്കു വഴി ഒരുക്കാനായി അത് ലോകത്തിലെ സകല ദുരിതവും വേദനയും പെട്ടെന്നുതന്നെ നീക്കം ചെയ്യും.—യെശയ്യാവു 9:6, 7; ദാനീയേൽ 2:44; മത്തായി 6:9, 10; വെളിപ്പാടു 21:3, 4.
◯ ദൈവേഷ്ടം ചെയ്യുന്ന എല്ലാവർക്കും രാജ്യ അനുഗ്രഹങ്ങൾ നിത്യമായി ആസ്വദിക്കാനുള്ള അവസരമുണ്ട്.—യോഹന്നാൻ 17:3; 1 യോഹന്നാൻ 2:17.
◯ ക്രിസ്ത്യാനികൾ ബൈബിൾ പറയുന്ന കാര്യങ്ങൾക്ക് അനുസൃതമായി തങ്ങളുടെ സ്വഭാവത്തെ രൂപപ്പെടുത്തണം. സത്യസന്ധർ ആയിരിക്കാനും ശുദ്ധവും സദാചാര നിഷ്ഠവുമായ ഒരു ജീവിതം നയിക്കാനും അയൽക്കാരോട് സ്നേഹം പ്രകടമാക്കാനും അവർ പരിശ്രമിക്കണം.—മത്തായി 22:39; യോഹന്നാൻ 13:35; 1 കൊരിന്ത്യർ 6:9, 10.
[5-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ 200-ലധികം രാജ്യങ്ങളിൽ ആളുകളെ ബൈബിൾ സത്യം അറിയിക്കുന്നു