യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് നമുക്കു ചെയ്യാൻ കഴിയും
1 യഹോവയുടെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിലുള്ള ഒരു ജീവിതമാണ് ഇന്നു നയിക്കാൻ കഴിയുന്നതിൽവെച്ച് ഏറ്റവും മെച്ചമായത്. ഒരു നിത്യഭാവിക്കായി നല്ലൊരു അടിസ്ഥാനം ഇടാനും അതു നമ്മെ സഹായിക്കുന്നു. (സങ്കീ. 19:7-11; 1 തിമൊ. 6:19) എന്നിരുന്നാലും, സാത്താന്റെ ലോകം നമ്മെ അത്യധികം സമ്മർദത്തിനു വിധേയമാക്കുന്നു. നമ്മുടെതന്നെ അപൂർണ ജഡം വെല്ലുവിളി വീണ്ടും വർധിപ്പിക്കുന്നു. തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ശ്രമിക്കവേ, ചിലപ്പോഴൊക്കെ തളർന്നുപോകുന്നതായി നമുക്കു തോന്നിയേക്കാം. (സങ്കീ. 40:12; 55:1-8) യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നതെല്ലാം നമുക്കു ചെയ്യാൻ കഴിയുമോ എന്നുപോലും നമുക്കു തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ആത്മീയ സമനില കാത്തുസൂക്ഷിക്കാൻ എന്തിനു നമ്മെ സഹായിക്കാൻ കഴിയും?
2 യഹോവയുടെ കൽപ്പനകൾ ഭാരപ്പെടുത്തുന്നവയല്ല: ന്യായമല്ലാത്ത നിബന്ധനകൾ യഹോവ ഒരിക്കലും നമ്മുടെമേൽ വെക്കുന്നില്ല. അവന്റെ കൽപ്പനകൾ ഭാരപ്പെടുത്തുന്നവയല്ല, മറിച്ച് അവ നമ്മുടെ പ്രയോജനത്തിനുള്ളവയാണ്. (ആവ. 10:12, 13; 1 യോഹ. 5:3) ‘നാം പൊടി എന്നു ഓർത്തുകൊണ്ട്’ അവൻ നമ്മുടെ മാനുഷ ബലഹീനതകൾ കണക്കിലെടുക്കുന്നു. (സങ്കീ. 103:13, 14) നമ്മുടെ സാഹചര്യങ്ങൾ എത്രതന്നെ പരിമിതപ്പെടുത്തുന്നവ ആയിരുന്നാലും, ദൈവത്തെ ആരാധിക്കാനുള്ള നമ്മുടെ കഠിന ശ്രമം അവൻ കരുണാപൂർവം വിലമതിക്കുന്നു. (ലേവ്യ. 5:7, 11; മർക്കൊ. 14:8) നമ്മുടെ ഭാരങ്ങൾ അവന്റെമേൽ വെച്ചുകൊള്ളാൻ അവൻ നമ്മെ ക്ഷണിക്കുന്നു. വിശ്വസ്തരായി നിലനിൽക്കാൻ അവൻ നമ്മെ സഹായിക്കുമെന്ന് ഉറപ്പുനൽകുന്നു.—സങ്കീ. 55:22; 1 കൊരി. 10:13.
3 സഹിഷ്ണുതയുടെ ആവശ്യം: ഏലീയാവ്, യിരെമ്യാവ്, പൗലൊസ് മുതലായ നിർമലതാ പാലകരെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ സഹിഷ്ണുതയുടെ ആവശ്യം എടുത്തു കാണിക്കുന്നു. (എബ്രാ. 10:36) പ്രതികൂല സാഹചര്യങ്ങളിലും നിരുത്സാഹം തോന്നിയപ്പോഴും യഹോവ അവരെ പുലർത്തി. (1 രാജാ. 19:14-18; യിരെ. 20:7-11; 2 കൊരി. 1:8-11) കൂടാതെ, ആധുനിക നാളുകളിലെ നമ്മുടെ സഹോദരങ്ങളുടെ വിശ്വസ്തതയും നമുക്ക് ആവേശം പകരുന്നു. (1 പത്രൊ. 5:9) അത്തരം മാതൃകകളെ കുറിച്ചു ധ്യാനിക്കുന്നത് നിരുത്സാഹിതരായി പിന്മാറാതിരിക്കാൻ നമ്മെ സഹായിക്കും.
4 യഹോവയുടെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ പ്രത്യാശ “ആത്മാവിന്റെ ഒരു നങ്കൂരം” തന്നെയാണ്. (എബ്രാ. 6:19) സ്വന്തം വീടുവിട്ട് ‘വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്നു പാർക്കാനുള്ള’ യഹോവയുടെ നിർദേശം സ്വീകരിക്കാൻ അത്തരം പ്രത്യാശ അബ്രാഹാമിനെയും സാറായെയും പ്രചോദിപ്പിച്ചു. സത്യാരാധനയ്ക്കു വേണ്ടി നിർഭയമായ ഒരു നിലപാടു സ്വീകരിക്കാൻ അത് മോശെയെ ശക്തനാക്കി. സ്തംഭത്തിലെ കഷ്ടപ്പാടും മരണവും സഹിക്കാൻ അത് യേശുവിനു ശക്തിപകർന്നു. (എബ്രാ. 11:8-10, 13, 24-26; 12:2, 3) അതുപോലെ, നീതിയുള്ള പുതിയ ലോകത്തെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം നമ്മുടെ ഹൃദയങ്ങളിൽ ജ്വലിപ്പിച്ചുനിറുത്തുന്നത് അചഞ്ചലരായി നിലകൊള്ളാൻ നമ്മെയും സഹായിക്കും.—2 പത്രൊ. 3:11-13.
5 നമ്മുടെതന്നെ വിശ്വസ്തതയുടെ മുൻകാല പ്രവൃത്തികൾ, ആത്മത്യാഗം, ധൈര്യം എന്നിവയെ കുറിച്ച് അയവിറക്കുന്നതും സേവനത്തിൽ നമ്മെ ശക്തീകരിക്കും. (എബ്രാ. 10:32-34) യഹോവ ആവശ്യപ്പെടുന്നത്—മുഴുദേഹിയോടെയുള്ള ഭക്തി—നാം അവനു നൽകുമ്പോൾ ആസ്വദിക്കാനാകുന്ന സന്തോഷത്തെ കുറിച്ച് അതു നമ്മെ ഓർമിപ്പിക്കുന്നു.—മത്താ. 22:37, NW.
[അധ്യയന ചോദ്യങ്ങൾ]
1. ചിലപ്പോഴൊക്കെ ഏതുതരം വികാരങ്ങളുമായി നമുക്കു പോരാടേണ്ടി വന്നേക്കാം, എന്തുകൊണ്ട്?
2. യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ന്യായയുക്തത പ്രകടമാക്കുന്നത് എങ്ങനെ?
3. സഹിച്ചുനിൽക്കാൻ യഹോവ നമ്മെ ശക്തീകരിക്കുന്നത് എങ്ങനെ?
4. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ മനസ്സു കേന്ദ്രീകരിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5. നമ്മുടെതന്നെ വിശ്വസ്തതയുടെ മുൻകാല പ്രവൃത്തികളെ കുറിച്ച് ഓർക്കുന്നത് പ്രോത്സാഹജനകമായിരിക്കുന്നത് എന്തുകൊണ്ട്?