വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഹിച്ചുനിൽക്കാൻ പ്രസംഗവേല നമ്മെ സഹായിക്കുന്നു
    രാജ്യ ശുശ്രൂഷ—2005 | ജൂൺ
    • സഹിച്ചുനിൽക്കാൻ പ്രസംഗവേല നമ്മെ സഹായിക്കുന്നു

      1 ‘നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ [“സഹിഷ്‌ണുതയോടെ,” NW] ഓടാൻ’ ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രാ. 12:⁠1) മത്സരത്തിൽ വിജയിക്കാൻ ഒരു ഓട്ടക്കാരനു സഹിഷ്‌ണുത ആവശ്യമായിരിക്കുന്നതുപോലെ, നിത്യജീവനാകുന്ന സമ്മാനം പ്രാപിക്കാൻ നമുക്കും സഹിഷ്‌ണുത ആവശ്യമാണ്‌. (എബ്രാ. 10:⁠36) അവസാനത്തോളം വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കാൻ ക്രിസ്‌തീയ ശുശ്രൂഷ നമ്മെ എങ്ങനെ സഹായിക്കും?​—⁠മത്താ. 24:⁠13.

      2 ആത്മീയമായി ബലിഷ്‌ഠരാക്കപ്പെടുന്നു: നീതി വസിക്കുന്ന പുതിയ ഭൂമിയെക്കുറിച്ചുള്ള വിസ്‌മയാവഹമായ ബൈബിൾവാഗ്‌ദാനം ഘോഷിക്കുന്നത്‌ നമ്മുടെതന്നെ പ്രത്യാശയെ ജ്വലിപ്പിച്ചുനിറുത്താൻ സഹായിക്കുന്നു. (1 തെസ്സ. 5:⁠8) നാം ക്രമമായി വയൽശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ ബൈബിൾസത്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ നമുക്ക്‌ അവസരം ലഭിക്കുന്നു. കൂടാതെ നമ്മുടെ വിശ്വാസത്തിനുവേണ്ടി പ്രതിവാദിക്കാൻ നമുക്കു കഴിയുന്നു, അതാകട്ടെ നമ്മെ ആത്മീയമായി ബലിഷ്‌ഠരാക്കുകയും ചെയ്യുന്നു.

      3 മറ്റുള്ളവരെ ഫലപ്രദമായി പഠിപ്പിക്കണമെങ്കിൽ, ബൈബിൾസത്യങ്ങൾ നാംതന്നെ നന്നായി ഗ്രഹിച്ചിരിക്കണം. പ്രസ്‌തുത വിവരങ്ങൾ സംബന്ധിച്ചു നാം ഗവേഷണം നടത്തുകയും ധ്യാനിക്കുകയും വേണം. ഇത്തരം ആത്മാർഥ ശ്രമങ്ങൾ നമ്മുടെ ജ്ഞാനത്തെ വർധിപ്പിക്കുകയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ആത്മീയമായി നമ്മെ ഉണർവുള്ളവരാക്കുകയും ചെയ്യുന്നു. (സദൃ. 2:⁠3-5) അങ്ങനെ, മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ നാം നമ്മെത്തന്നെ ശക്തിപ്പെടുത്തുന്നു.​—⁠1 തിമൊ. 4:⁠15, 16.

      4 പിശാചിനോടും ഭൂതങ്ങളോടും എതിർത്തുനിൽക്കാൻ നമുക്ക്‌ “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” ആവശ്യമാണ്‌. അതിലെ ഒരു അതിപ്രധാന ഘടകമാണ്‌ ശുശ്രൂഷയിലെ തീക്ഷ്‌ണമായ പങ്കുപറ്റൽ. (എഫെ. 6:⁠10-13, 15) വിശുദ്ധസേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നത്‌ കെട്ടുപണി ചെയ്യുന്ന കാര്യങ്ങളിൽ മനസ്സു പതിപ്പിക്കാനും സാത്താന്റെ ലോകത്താൽ ദുഷിപ്പിക്കപ്പെടാതിരിക്കാനും നമ്മെ സഹായിക്കും. (കൊലൊ. 3:⁠2) യഹോവയുടെ വഴികളെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ സ്വന്തം നടത്ത ശുദ്ധിയുള്ളതായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു നാം നിരന്തരം ഓർമിപ്പിക്കപ്പെടുന്നു.​—⁠1 പത്രൊ. 2:⁠12.

      5 ദൈവത്താൽ ശക്തീകരിക്കപ്പെടുന്നു: ഒടുവിലായി, സുവിശേഷവേലയിൽ പങ്കുപറ്റുന്നത്‌ യഹോവയിൽ ആശ്രയിക്കാൻ നമ്മെ പഠിപ്പിക്കുന്നു. (2 കൊരി. 4:⁠1, 7) എത്ര വലിയ അനുഗ്രഹമാണ്‌ അത്‌! അത്തരം ആശ്രയബോധം വളർത്തിയെടുക്കുന്നത്‌ ശുശ്രൂഷ നിർവഹിക്കാൻ മാത്രമല്ല, ഏതൊരു ജീവിതസാഹചര്യത്തെയും വിജയകരമായി നേരിടാനും നമ്മെ സജ്ജരാക്കുന്നു. (ഫിലി. 4:⁠11-13) തീർച്ചയായും, യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പഠിക്കുന്നതാണ്‌ സഹിച്ചുനിൽക്കാൻ നമ്മെ പ്രാപ്‌തരാക്കുന്ന സുപ്രധാന ഘടകം. (സങ്കീ. 55:⁠22) അതേ, സഹിച്ചുനിൽക്കാൻ പ്രസംഗവേല പല വിധങ്ങളിലും നമ്മെ സഹായിക്കുന്നു.

  • പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
    രാജ്യ ശുശ്രൂഷ—2005 | ജൂൺ
    • പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ

      ഭാഗം 10: വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കായി ബൈബിൾ വിദ്യാർഥികളെ പരിശീലിപ്പിക്കൽ

      1 ഒരു ബൈബിൾ വിദ്യാർഥി, സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായിരിക്കാൻ യോഗ്യത പ്രാപിച്ചിരിക്കുന്നെന്ന്‌ മൂപ്പന്മാർക്കു ബോധ്യമായിക്കഴിഞ്ഞാൽ അദ്ദേഹത്തിനു സഭയോടൊത്തു പ്രസംഗവേലയിൽ പങ്കുപറ്റിത്തുടങ്ങാവുന്നതാണ്‌. (യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ, പേ. 79-81 കാണുക.) വീടുതോറും പ്രസംഗിക്കുന്നതിലെ വെല്ലുവിളി നേരിടാൻ നമുക്കു വിദ്യാർഥിയെ എങ്ങനെ സഹായിക്കാം?

      2 ഒരുമിച്ചു തയ്യാറാകൽ: ശുശ്രൂഷയ്‌ക്കായി നല്ലവണ്ണം തയ്യാറാകേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നും ന്യായവാദം പുസ്‌തകത്തിൽനിന്നും അവതരണങ്ങൾ എങ്ങനെ കണ്ടെത്താമെന്നു വിദ്യാർഥിക്കു കാണിച്ചുകൊടുക്കുക, പ്രദേശത്തിനു യോജിച്ച ഒരു അവതരണം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ സഹായിക്കുക. ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കാൻ തുടക്കത്തിൽത്തന്നെ പ്രോത്സാഹിപ്പിക്കുക.​—⁠2 തിമൊ. 4:⁠2.

      3 സുവാർത്ത അവതരിപ്പിക്കുന്ന വിധം മുൻകൂട്ടി പരിശീലിച്ചുനോക്കുന്നത്‌ ഒരു പുതിയ പ്രസാധകനു വളരെ പ്രയോജനം ചെയ്യും. പ്രദേശത്തു സാധാരണമായി നേരിടാറുള്ള പ്രതികരണങ്ങൾ നയപൂർവം കൈകാര്യം ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ ഇങ്ങനെയുള്ള പരിശീലന വേളകളിൽ അദ്ദേഹത്തിനു കാണിച്ചുകൊടുക്കുക. (കൊലൊ. 4:⁠6) വീട്ടുകാരൻ ചോദിച്ചേക്കാവുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ക്രിസ്‌തീയ ശുശ്രൂഷകർ അറിഞ്ഞിരിക്കണമെന്നില്ലെന്നു പറയുക. മിക്കപ്പോഴും, അത്തരം ചോദ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം അവയെക്കുറിച്ചു ഗവേഷണം നടത്തിയശേഷം തിരിച്ചുവന്നു ചർച്ച ചെയ്യാമെന്നു പറയുന്നതാണ്‌.​—⁠സദൃ. 15:⁠28.

      4 ഒരുമിച്ചു പ്രസംഗവേലയിൽ ഏർപ്പെടുക: വിദ്യാർഥി ആദ്യമായി വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ, നിങ്ങൾ ഇരുവരും ചേർന്നു തയ്യാറായ അവതരണം നിങ്ങൾ അവതരിപ്പിക്കുന്നത്‌ എങ്ങനെയെന്ന്‌ അദ്ദേഹം നിരീക്ഷിക്കട്ടെ. അടുത്തതായി അദ്ദേഹത്തെക്കൂടെ ഉൾപ്പെടുത്തുക. ചില സാഹചര്യങ്ങളിൽ, പുതിയ പ്രസാധകനെക്കൊണ്ട്‌ അവതരണം മുഴുവനായി പറയിക്കുന്നതിനു പകരം ഒരു തിരുവെഴുത്തു വായിക്കാനോ ആ വാക്യത്തെക്കുറിച്ച്‌ അഭിപ്രായം പറയാനോ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാവുന്നതാണ്‌. വിദ്യാർഥിയുടെ പ്രകൃതവും പ്രാപ്‌തികളും കണക്കിലെടുക്കുക. (ഫിലി. 4:⁠5, NW) പ്രസംഗവേലയുടെ വിവിധ വശങ്ങളിൽ പടിപടിയായി പരിശീലനം നൽകവേ, വിദ്യാർഥി നടത്തുന്ന ശ്രമങ്ങൾക്ക്‌ അദ്ദേഹത്തെ അകമഴിഞ്ഞ്‌ അഭിനന്ദിക്കുക.

      5 ശുശ്രൂഷയിൽ ക്രമമായി​—⁠സാധ്യമെങ്കിൽ വാരംതോറും​—⁠പങ്കെടുക്കുന്നതിനായി ഒരു പട്ടിക ഉണ്ടാക്കാൻ പുതിയ പ്രസാധകനെ സഹായിക്കേണ്ടതു പ്രധാനമാണ്‌. (ഫിലി. 3:⁠16, NW) ഒരുമിച്ച്‌ സേവനത്തിൽ ഏർപ്പെടാൻ ക്രമീകരണങ്ങൾ ചെയ്യുക, തീക്ഷ്‌ണതയുള്ള മറ്റു പ്രസാധകരോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. അവരുടെ മാതൃകയും സഹവാസവും വീടുതോറും പ്രസംഗിക്കാനുള്ള പ്രാപ്‌തി വികസിപ്പിക്കാനും ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താനും അദ്ദേഹത്തെ സഹായിക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക