വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w05 4/1 പേ. 25-28
  • യഹോവയെ നിങ്ങളുടെ ദൈവമാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ നിങ്ങളുടെ ദൈവമാക്കുക
  • 2005 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു”
  • അബ്രാഹാമിന്റേതുപോലുള്ള വിശ്വാസം ഇന്ന്‌
  • യഹോവയുടെ ഹൃദയത്തിനു ബോധിച്ച ഒരു പുരുഷൻ
  • തെറ്റുചെയ്യുമ്പോൾ
  • ‘നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യൻ’
  • നമ്മുടെയുള്ളിലെ വൈകാരിക സംഘട്ടനം
  • യഹോവയെ നമ്മുടെ ദൈവമാക്കുക
  • അവൻ തന്റെ ദൈവത്തിൽ ആശ്വാസം കണ്ടെത്തി
    2012 വീക്ഷാഗോപുരം
  • അവൻ തന്റെ ദൈവത്തിൽനിന്ന്‌ ആശ്വാസം കൈക്കൊണ്ടു
    അവരുടെ വിശ്വാസം അനുകരിക്കുക
  • നിങ്ങൾ ഏലീയാവിനെപ്പോലെ വിശ്വസ്‌തനായിരിക്കുമോ?
    വീക്ഷാഗോപുരം—1997
  • ആരും കൂട്ടിനില്ല എന്നോർത്ത്‌ പേടി തോന്നിയിട്ടുണ്ടോ?
    മക്കളെ പഠിപ്പിക്കുക
കൂടുതൽ കാണുക
2005 വീക്ഷാഗോപുരം
w05 4/1 പേ. 25-28

യഹോവയെ നിങ്ങളുടെ ദൈവമാക്കുക

ബൈബിൾ കാലങ്ങളിലെ ചില വ്യക്തികൾ യഹോവയുമായി വളരെ അടുത്ത ഒരു ബന്ധം ആസ്വദിച്ചിരുന്നു. അതിനാൽ അവൻ അവരുടെ ദൈവം എന്നു വിളിക്കപ്പെട്ടു. ഉദാഹരണത്തിന്‌, തിരുവെഴുത്തുകൾ യഹോവയെ ‘അബ്രാഹാമിന്റെ ദൈവം,’ ‘ദാവീദിന്റെ ദൈവം,’ ‘ഏലീയാവിന്റെ ദൈവം’ എന്നെല്ലാം വിളിച്ചിരിക്കുന്നു.​—⁠ഉല്‌പത്തി 31:42; 2 രാജാക്കന്മാർ 2:14; 20:⁠5.

ഈ പുരുഷന്മാരിൽ ഓരോരുത്തരും ദൈവവുമായി ഇത്ര അഗാധമായ സ്‌നേഹബന്ധം വളർത്തിയെടുത്തത്‌ എങ്ങനെയാണ്‌? സ്രഷ്ടാവുമായി ശക്തമായ ഒരു ബന്ധം സ്ഥാപിക്കാനും നിലനിറുത്താനും കഴിയേണ്ടതിന്‌ ഇവരുടെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ ഓരോരുത്തർക്കും എന്തു പഠിക്കാനാകും?

അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു”

യഹോവയിൽ വിശ്വസിച്ച ഒരു വ്യക്തിയെക്കുറിച്ചു ബൈബിൾ ആദ്യം പറയുന്നത്‌ അബ്രാഹാമിനെക്കുറിച്ചാണ്‌. അബ്രാഹാമിന്‌ ദൈവാംഗീകാരം നേടിക്കൊടുത്ത പ്രമുഖഗുണം അവന്റെ വിശ്വാസമായിരുന്നു. പിന്നീട്‌ ഒരവസരത്തിൽ ദൈവം മോശെക്കു തന്നെത്തന്നെ, “അബ്രാഹാമിന്റെ ദൈവവും” അവന്റെ പുത്രനായ യിസ്‌ഹാക്കിന്റെയും പൗത്രനായ യാക്കോബിന്റെയും ദൈവവും എന്ന നിലയിൽ വെളിപ്പെടുത്തിക്കൊടുത്തു എന്ന വസ്‌തുത അബ്രാഹാം എത്രമാത്രം ദൈവപ്രീതി ആസ്വദിച്ചിരുന്നു എന്നു കാണിക്കുന്നു.​—⁠ഉല്‌പത്തി 15:6; പുറപ്പാടു 3:⁠6.

അബ്രാഹാമിനു ദൈവത്തിൽ ഇത്ര ശക്തമായ വിശ്വാസം ഉണ്ടായത്‌ എങ്ങനെയാണ്‌? അബ്രാഹാമിന്റെ വിശ്വാസത്തിന്‌ ഈടുറ്റ അടിസ്ഥാനം ഉണ്ടായിരുന്നു എന്നതാണ്‌ പ്രഥമസംഗതി. നോഹയുടെ പുത്രനും യഹോവയിൽനിന്നുള്ള വിടുതലിന്റെ ഒരു ദൃക്‌സാക്ഷിയും ആയിരുന്ന ശേം യഹോവയുടെ വഴികളെക്കുറിച്ച്‌ അബ്രാഹാമിനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നിരിക്കാം. ദൈവം “ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലി”ച്ചതിന്റെ ജീവിക്കുന്ന തെളിവായിരുന്നു ശേം. (2 പത്രൊസ്‌ 2:5) യഹോവ എന്തെങ്കിലും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിൽ അതിന്റെ നിവൃത്തി സുനിശ്ചിതമാണ്‌ എന്ന വസ്‌തുത അബ്രാഹാം ശേമിൽനിന്നു മനസ്സിലാക്കിയിട്ടുണ്ടാവണം. എന്തായിരുന്നാലും, അബ്രാഹാമിന്‌ ദൈവത്തിൽനിന്ന്‌ ഒരു വാഗ്‌ദാനം ലഭിച്ചപ്പോൾ അവൻ അതിൽ അങ്ങേയറ്റം സന്തോഷിച്ചു, അതു നിറവേറും എന്ന ഉറച്ചബോധ്യത്തിന്മേൽ തന്റെ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്‌തു.

അതേ, ഈടുറ്റ അടിസ്ഥാനം ഉള്ളതായിരുന്നു അബ്രാഹാമിന്റെ വിശ്വാസം. ആ വിശ്വാസത്തെ അവൻ തന്റെ പ്രവൃത്തികളിലൂടെ കൂടുതൽ ശക്തമാക്കി. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.” (എബ്രായർ 11:8) അനുസരണത്തിന്റെ ആ പ്രവൃത്തി അബ്രാഹാമിന്റെ വിശ്വാസത്തിന്റെ മാറ്റുകൂട്ടി. അതിനെക്കുറിച്ച്‌ ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.”​—⁠യാക്കോബ്‌ 2:22.

കൂടാതെ, അവന്റെ വിശ്വാസം കൂടുതൽ ബലിഷ്‌ഠമാകുന്നതിന്‌ അതു പരീക്ഷിക്കപ്പെടാൻ യഹോവ അനുവദിച്ചു. പൗലൊസ്‌ കൂടുതലായി ഇങ്ങനെ പറഞ്ഞു: “വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്‌ഹാക്കിനെ യാഗം അർപ്പിച്ചു.” പരീക്ഷിക്കപ്പെടുമ്പോൾ വിശ്വാസം സ്‌ഫുടം ചെയ്യപ്പെടുകയും ബലിഷ്‌ഠമാകുകയും ചെയ്യുന്നു, അങ്ങനെ അതു ‘പൊന്നിനെക്കാൾ വിലയേറിയത്‌’ ആയിത്തീരുന്നു.​—⁠എബ്രായർ 11:17; 1 പത്രൊസ്‌ 1:⁠7.

ദൈവം തന്നോടു ചെയ്‌ത എല്ലാ വാഗ്‌ദാനങ്ങളുടെയും നിവൃത്തി കാണാൻ അബ്രാഹാം ജീവിച്ചിരുന്നില്ലെങ്കിലും തന്റെ മാതൃക മറ്റുള്ളവർ പിൻപറ്റുന്നതു കാണുന്നതിന്റെ സന്തോഷം അവനുണ്ടായിരുന്നു. അവന്റെ ഭാര്യ സാറായെയും യിസ്‌ഹാക്ക്‌, യാക്കോബ്‌, യോസേഫ്‌ എന്നിങ്ങനെ കുടുംബത്തിലെ മറ്റ്‌ മൂന്നംഗങ്ങളെയും വിശ്വാസത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളായി ബൈബിൾ അവതരിപ്പിക്കുന്നു.​—⁠എബ്രായർ 11:11, 20-22.

അബ്രാഹാമിന്റേതുപോലുള്ള വിശ്വാസം ഇന്ന്‌

യഹോവയെ തന്റെ ദൈവമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌ വിശ്വാസം. “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല” എന്ന്‌ പൗലൊസ്‌ എഴുതി. (എബ്രായർ 11:6) ഇന്നത്തെ ഒരു ദൈവദാസന്‌ അബ്രാഹാമിന്റേതുപോലെ ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ എങ്ങനെ കഴിയും?

അബ്രാഹാമിന്റെ കാര്യത്തിലേതുപോലെ, നമ്മുടെ വിശ്വാസത്തിനും ഈടുറ്റ അടിസ്ഥാനം ഉണ്ടായിരിക്കണം. ബൈബിളിന്റെയും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളുടെയും ക്രമമായ പഠനമാണ്‌ അത്തരമൊരു അടിസ്ഥാനം ഇടുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗം. ബൈബിൾ വായിക്കുകയും വായിച്ച കാര്യങ്ങൾ ധ്യാനിക്കുകയും ചെയ്യുന്നത്‌ ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ നിറവേറും എന്ന ഉറച്ച ബോധ്യം നമുക്കു പ്രദാനം ചെയ്യും. അപ്പോൾ, ആ ഉറപ്പാക്കപ്പെട്ട പ്രത്യാശയെ അടിസ്ഥാനപ്പെടുത്തി ജീവിതം കെട്ടിപ്പടുക്കാൻ നാം പ്രേരിതരാകും. ഇനി, നമ്മുടെ വിശ്വാസത്തിന്റെ മാറ്റു കൂട്ടാൻ അനുസരണത്തിന്റെ പ്രവൃത്തികൾക്കു കഴിയും, അതിൽ പരസ്യശുശ്രൂഷയിൽ പങ്കെടുക്കുന്നതും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതും ഉൾപ്പെടുന്നു.​—⁠മത്തായി 24:14; 28:19, 20; എബ്രായർ 10:24, 25.

നമ്മുടെ വിശ്വാസം തീർച്ചയായും പരീക്ഷിക്കപ്പെടും. എതിർപ്പ്‌, ഗുരുതരമായ രോഗം, പ്രിയപ്പെട്ട ആരുടെയെങ്കിലും മരണം, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ആയിരിക്കാം അത്‌. പരിശോധനകളിൻകീഴിലും യഹോവയോടുള്ള വിശ്വസ്‌തതയിൽ തുടരുമ്പോൾ നമ്മുടെ വിശ്വാസം ബലിഷ്‌ഠമാകും, അതു സ്വർണത്തെക്കാൾ മൂല്യവത്തായിത്തീരും. ദൈവത്തിന്റെ സകല വാഗ്‌ദാനങ്ങളും നിറവേറുന്നതു കാണാൻ നാം ജീവിച്ചിരുന്നാലും ഇല്ലെങ്കിലും യഹോവയോടു കൂടുതൽ അടുത്തുചെല്ലാൻ നമ്മുടെ വിശ്വാസം നമ്മെ സഹായിക്കും. കൂടാതെ, നാം വെക്കുന്ന ദൃഷ്ടാന്തം, നമ്മുടെ വിശ്വാസം അനുകരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കും. (എബ്രായർ 13:7) റാൽഫിന്റെ കാര്യത്തിൽ ഇതു സത്യമായിരുന്നു. തന്റെ മാതാപിതാക്കളുടെ വിശ്വാസം ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്‌ത റാൽഫ്‌ പറയുന്നു:

“വീട്ടിലായിരുന്നപ്പോൾ, കുടുംബം ഒത്തൊരുമിച്ചു ബൈബിൾ വായിക്കാൻ മാതാപിതാക്കൾ എല്ലാവരെയും അതിരാവിലെ എഴുന്നേൽപ്പിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്ന്‌ ബൈബിൾ മുഴുവനും വായിച്ചുതീർത്തു.” ഇന്നും റാൽഫ്‌ എല്ലാ ദിവസവും രാവിലെ ബൈബിൾ വായിക്കുന്നു, അതു ദിവസത്തിന്‌ നല്ലൊരു തുടക്കം നൽകുന്നു. എല്ലാ ആഴ്‌ചയും റാൽഫ്‌ പിതാവിനോടൊപ്പം പരസ്യശുശ്രൂഷയ്‌ക്കു പോകുമായിരുന്നു. “അങ്ങനെയാണ്‌ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്താൻ ഞാൻ പഠിച്ചത്‌,” റാൽഫ്‌ പറയുന്നു. ഇന്ന്‌ റാൽഫ്‌ യഹോവയുടെ സാക്ഷികളുടെ യൂറോപ്പിലെ ബ്രാഞ്ച്‌ ഓഫീസുകളിലൊന്നിൽ സ്വമേധയാ സേവനം ചെയ്യുകയാണ്‌. അവന്റെ മാതാപിതാക്കളുടെ വിശ്വാസത്തിന്‌ എത്ര നല്ല പ്രതിഫലമാണു ലഭിച്ചത്‌!

യഹോവയുടെ ഹൃദയത്തിനു ബോധിച്ച ഒരു പുരുഷൻ

അബ്രാഹാമിന്റെ കാലത്തിന്‌ ഏകദേശം 900 വർഷം കഴിഞ്ഞാണ്‌ ദാവീദ്‌ ജനിക്കുന്നത്‌. തിരുവെഴുത്തുകളിൽ പരാമർശിച്ചിട്ടുള്ള പ്രമുഖ ദൈവദാസരിൽ ഒരാളാണ്‌ അവൻ. ഭാവിരാജാവെന്ന നിലയിൽ യഹോവ ദാവീദിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച്‌ ശമൂവേൽ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ട്‌.” പിൽക്കാലത്ത്‌, “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ” എന്ന്‌ യെശയ്യാപ്രവാചകൻ ഹിസ്‌കീയാ രാജാവിനോടു പറയുകയുണ്ടായി, യഹോവയും ദാവീദും തമ്മിലുള്ള ആത്മബന്ധം അത്രയ്‌ക്കുണ്ടായിരുന്നു.​—⁠1 ശമൂവേൽ 13:14; 2 രാജാക്കന്മാർ 20:5; യെശയ്യാവു 38:⁠5.

ദാവീദ്‌ യഹോവയുടെ ഹൃദയത്തിനു ബോധിച്ച ഒരുവനായിരുന്നെങ്കിലും സ്വന്തം ഹൃദയാഭിലാഷങ്ങൾക്കു പിന്നാലെ പോയ സന്ദർഭങ്ങൾ അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്‌. ഗുരുതരമായ മൂന്നു തെറ്റുകൾ അവൻ ചെയ്‌തു: നിയമപെട്ടകം അനുചിതമായ രീതിയിൽ യെരൂശലേമിലേക്കു കൊണ്ടുവന്നു; ബത്ത്‌-ശേബയുമായി വ്യഭിചാരം ചെയ്യുകയും അവളുടെ ഭർത്താവായ ഊരിയാവിന്റെ മരണത്തിനു കളമൊരുക്കുകയും ചെയ്‌തു; യഹോവയുടെ കൽപ്പന കൂടാതെ അവൻ ഇസ്രായേലിലെയും യഹൂദയിലെയും ജനത്തിന്റെ എണ്ണമെടുക്കാൻ ഉത്തരവിട്ടു. ഈ ഓരോ സന്ദർഭത്തിലും ദാവീദ്‌ ദൈവനിയമം ലംഘിച്ചു.​—⁠2 ശമൂവേൽ 6:2-10; 11:2-27; 24:1-9.

എന്നിരുന്നാലും, ചെയ്‌ത പാപങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവൻ മറ്റാരുടെയുംമേൽ പഴിചാരാതെ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. “നാം അവനെ [“യഹോവയെ,” NW] നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു” എന്നു പറഞ്ഞുകൊണ്ട്‌ നിയമപെട്ടകം കൊണ്ടുവന്നത്‌ അതിനുള്ള ചട്ടങ്ങൾ അനുസരിച്ചായിരുന്നില്ല എന്ന്‌ അവൻ സമ്മതിച്ചു. നാഥാൻ പ്രവാചകൻ ദാവീദിന്റെ വ്യഭിചാരം മറനീക്കിക്കാട്ടിയപ്പോൾ ദാവീദിന്റെ മറുപടി ഇതായിരുന്നു: “ഞാൻ യഹോവയോടു പാപം ചെയ്‌തിരിക്കുന്നു.” ജനത്തെ എണ്ണിയതിന്റെ മൗഢ്യം തിരിച്ചറിഞ്ഞപ്പോൾ ദാവീദ്‌ “ഞാൻ ഈ ചെയ്‌തതു മഹാപാപം” എന്നു പറഞ്ഞു. ദാവീദ്‌ ഈ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചു, അങ്ങനെ അവൻ യഹോവയുമായുള്ള അടുത്തബന്ധം നിലനിറുത്തി.​—⁠1 ദിനവൃത്താന്തം 15:13; 2 ശമൂവേൽ 12:13; 24:10.

തെറ്റുചെയ്യുമ്പോൾ

യഹോവയെ നമ്മുടെ ദൈവമാക്കാൻ ശ്രമിക്കുമ്പോൾ ദാവീദിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുന്നത്‌ പ്രോത്സാഹജനകമാണ്‌. യഹോവയുടെ ഹൃദയത്തിനു ബോധിച്ച ഒരു പുരുഷൻ ആയിരുന്നിട്ടുകൂടി ദാവീദ്‌ ഗുരുതരമായ പാപങ്ങൾ ചെയ്‌തു. അപ്പോൾ, നമ്മുടെ തീവ്രശ്രമത്തിനിടയിലും ഇടയ്‌ക്കൊക്കെ നാം പിഴവുകളോ ഗുരുതരമായ പാപങ്ങൾപോലുമോ ചെയ്‌തുപോകുന്നെങ്കിൽ നിരാശപ്പെടേണ്ടതില്ല. (സഭാപ്രസംഗി 7:20) ദാവീദ്‌ അനുതപിച്ചപ്പോൾ അവന്റെ പാപങ്ങൾക്കു ക്ഷമ ലഭിച്ചു എന്ന അറിവിൽ നമുക്ക്‌ ആശ്വാസം കണ്ടെത്താം. ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ഊവെയുടെa കാര്യത്തിൽ അതാണു സംഭവിച്ചത്‌.

ഊവെ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ മൂപ്പനായി സേവിക്കുകയായിരുന്നു. ഒരു സന്ദർഭത്തിൽ അദ്ദേഹം തെറ്റായ മോഹങ്ങൾക്കു വഴിപ്പെടുകയും അധാർമികതയിൽ ഏർപ്പെടുകയും ചെയ്‌തു. ആദ്യമൊക്കെ ദാവീദു രാജാവിനെപ്പോലെ അദ്ദേഹം അതു മറച്ചുവെക്കാൻ ശ്രമിച്ചു. യഹോവ തന്റെ തെറ്റിനുനേരെ കണ്ണടയ്‌ക്കുമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു. എന്നാൽ പിന്നീട്‌ മനസ്സാക്ഷിക്കുത്ത്‌ അസഹ്യമായിത്തീർന്നപ്പോൾ അദ്ദേഹം ഒരു സഹമൂപ്പനോട്‌ കാര്യം തുറന്നു പറഞ്ഞു. അദ്ദേഹത്തെ ആത്മീയ നാശത്തിൽനിന്നു കരകയറ്റാനുള്ള നടപടികൾ സ്വീകരിച്ചു.

ഊവെ തന്റെ പാപങ്ങളെക്കുറിച്ച്‌ അനുതപിച്ചു. യഹോവയിൽനിന്നും സഭയിൽനിന്നും അദ്ദേഹം തന്നെത്തന്നെ അകറ്റിയില്ല. തനിക്കു ലഭിച്ച സഹായത്തെപ്രതി അദ്ദേഹം അകമഴിഞ്ഞ നന്ദിയുള്ളവനായിരുന്നു. ഏതാനും ആഴ്‌ചകൾക്കു ശേഷം തന്റെ ആത്മാർഥമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം മൂപ്പന്മാർക്ക്‌ ഇങ്ങനെ എഴുതി: “യഹോവയുടെ നാമത്തിന്മേൽവന്ന നിന്ദ നീക്കംചെയ്യാൻ നിങ്ങൾ എന്നെ സഹായിച്ചു.” യഹോവയുമായുള്ള ബന്ധം നിലനിറുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. കാലാന്തരത്തിൽ അദ്ദേഹം അതേ സഭയിലെ മൂപ്പനായി നിയമിതനാകുകയും ചെയ്‌തു.

‘നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യൻ’

ദാവീദിന്റെ കാലത്തിനുശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞാണ്‌ ഇസ്രായേലിലെ അഗ്രഗണ്യരായ പ്രവാചകന്മാരിൽ ഒരാളായ ഏലീയാവ്‌ ജീവിച്ചിരുന്നത്‌. അഴിമതിയും അധാർമികതയും നടമാടിയിരുന്ന ഒരു സമയത്ത്‌ ഏലീയാവ്‌ സത്യാരാധനയുടെ പക്ഷത്ത്‌ നിലകൊണ്ടു, യഹോവയോടുള്ള തന്റെ ഭക്തിയിൽനിന്ന്‌ അവൻ തെല്ലും വ്യതിചലിച്ചില്ല. അവന്റെ പിൻഗാമിയായ എലീശാ ഒരിക്കൽ ദൈവത്തെ “ഏലീയാവിന്റെ ദൈവമായ യഹോവ” എന്നു വിളിച്ചതിൽ അതിശയിക്കാനൊന്നുമില്ല!​—⁠2 രാജാക്കന്മാർ 2:14.

എന്നിരുന്നാലും, ഏലീയാവ്‌ അമാനുഷ പ്രാപ്‌തികളുള്ള ഒരുവനായിരുന്നില്ല. യാക്കോബ്‌ ഇപ്രകാരം എഴുതി: “ഏലീയാവു നമുക്കു സമസ്വഭാവമുള്ള [“നമ്മുടേതുപോലുള്ള വികാരങ്ങളുള്ള,” NW] മനുഷ്യൻ ആയിരുന്നു.” (യാക്കോബ്‌ 5:17) ഉദാഹരണത്തിന്‌, ഒരിക്കൽ ഇസ്രായേലിലെ ബാൽ ആരാധകരെ സംഹരിച്ചപ്പോൾ ഇസബെൽ രാജ്ഞി അവനെ കൊന്നുകളയുമെന്ന്‌ ഭീഷണി മുഴക്കി. അവൻ പ്രതികരിച്ചത്‌ എങ്ങനെയാണ്‌? അവൻ ഭയന്ന്‌ മരുഭൂമിയിലേക്ക്‌ ഓടിപ്പോയി. അവിടെ ഒരു ചൂരച്ചെടിയുടെ ചുവട്ടിൽ ഇരുന്ന്‌ അവൻ ഇപ്രകാരം വിലപിച്ചു: “മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ.” ഒരു പ്രവാചകനായി തുടരുന്നതിനു പകരം അവൻ മരിക്കാൻ ആഗ്രഹിച്ചു.​—⁠1 രാജാക്കന്മാർ 19:⁠4.

എന്നാൽ, യഹോവ ഏലീയാവിന്റെ വികാരങ്ങൾ നന്നായി മനസ്സിലാക്കി. ദൈവം അവനെ ശക്തീകരിച്ചു. സത്യാരാധനയിൽ ശേഷിച്ചിരിക്കുന്നത്‌ അവൻ മാത്രമല്ല, വിശ്വസ്‌തരായ വേറെയും ആളുകളുണ്ടെന്ന്‌ ഏലീയാവിനു ദൈവം ഉറപ്പുകൊടുത്തു. യഹോവയ്‌ക്ക്‌ അവനിലുള്ള വിശ്വാസത്തിന്‌ ഒരു കുറവും സംഭവിച്ചില്ല, പിന്നെയും ദൈവം അവനു പല നിയോഗങ്ങളും നൽകി.​—⁠1 രാജാക്കന്മാർ 19:5-18.

ഏലീയാവിന്റെ ഉള്ളിലെ വൈകാരിക സംഘട്ടനം അവനു ദൈവപ്രീതി നഷ്ടമായി എന്നതിന്റെ അടയാളമല്ലായിരുന്നു. ഏകദേശം 1,000 വർഷങ്ങൾക്കു ശേഷം പത്രൊസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവരുടെ മുമ്പാകെ ക്രിസ്‌തുയേശു രൂപാന്തരപ്പെട്ട ദർശനത്തിൽ യേശുവിനോടൊപ്പം നിൽക്കുന്നതായി യഹോവ കാണിച്ചത്‌ ആരെയാണ്‌? മോശെയെയും ഏലീയാവിനെയും. (മത്തായി 17:1-9) യഹോവ ഏലീയാവിനെ മാതൃകായോഗ്യനായ ഒരു പ്രവാചകനായിട്ടാണ്‌ കരുതിയതെന്ന്‌ ഇതു വ്യക്തമാക്കുന്നു. ഏലീയാവ്‌ “നമ്മുടേതുപോലുള്ള വികാരങ്ങളുള്ള” ഒരു മനുഷ്യൻ ആയിരുന്നെങ്കിലും സത്യാരാധന പുനഃസ്ഥാപിക്കാനും തന്റെ നാമം വിശുദ്ധീകരിക്കാനും അവൻ ചെയ്‌ത കഠിനാധ്വാനത്തെ ദൈവം നിശ്ചയമായും വിലമതിച്ചു.

നമ്മുടെയുള്ളിലെ വൈകാരിക സംഘട്ടനം

യഹോവയുടെ ഇന്നത്തെ ദാസന്മാർക്ക്‌ ചിലപ്പോഴൊക്കെ നിരുത്സാഹവും ഉത്‌കണ്‌ഠയും തോന്നിയേക്കാം. ഏലീയാവിനും അത്തരം വികാരങ്ങൾ അനുഭവപ്പെട്ടു എന്നറിയുന്നത്‌ എത്ര ആശ്വാസം പകരുന്നു! ഏലീയാവിന്റെ വികാരങ്ങളെ യഹോവ മനസ്സിലാക്കിയതുപോലെതന്നെ നമ്മുടെ ഉള്ളിൽ നടക്കുന്ന സംഘട്ടനവും അവൻ മനസ്സിലാക്കും എന്നത്‌ നമുക്ക്‌ വളരെയേറെ ധൈര്യംപകരുന്നു.​—⁠സങ്കീർത്തനം 103:14.

നാം ദൈവത്തെയും സഹമനുഷ്യരെയും സ്‌നേഹിക്കുന്നു. യഹോവ ഏൽപ്പിച്ചിരിക്കുന്ന, രാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുകയെന്ന നിയോഗം നിവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ അതേസമയം, നമ്മുടെ പ്രസംഗപ്രവർത്തനത്തോട്‌ ആളുകൾ നന്നായി പ്രതികരിക്കാതെ വരുമ്പോൾ നമുക്കു നിരാശ തോന്നിയേക്കാം, അല്ലെങ്കിൽ സത്യാരാധനയുടെ എതിരാളികളിൽനിന്നുള്ള ഭീഷണിയെപ്രതി നാം ഉത്‌കണ്‌ഠയുള്ളവരായിരിക്കാം. എന്നിരുന്നാലും, ഏൽപ്പിച്ച വേലയിൽ തുടരാൻ യഹോവ ഏലീയാവിനെ സജ്ജനാക്കിയതുപോലെ തന്റെ ഇന്നത്തെ ദാസന്മാരെയും അവൻ സജ്ജരാക്കുന്നു. ഉദാഹരണത്തിന്‌, ഹെർബെർട്ടിന്റെയും ഗെർട്രൂഡിന്റെയും കാര്യമെടുക്കുക.

ഹെർബെർട്ടും ഗെർട്രൂഡും 1952-ൽ മുൻ ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ലീപ്‌സിഗിൽവെച്ച്‌ സ്‌നാപനമേറ്റ്‌ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നവരാണ്‌. പരസ്യശുശ്രൂഷ നിരോധിച്ചിരുന്നതിനാൽ ദൈവദാസന്മാരെ സംബന്ധിച്ചിടത്തോളം ജീവിതം അന്ന്‌ വളരെ ദുഷ്‌കരമായിരുന്നു. വീടുതോറുമുള്ള പ്രസംഗവേലയെക്കുറിച്ച്‌ ഹെർബെർട്ടിന്‌ എന്താണു തോന്നിയത്‌?

“ചിലപ്പോഴൊക്കെ ഞങ്ങൾക്ക്‌ വലിയ ഉത്‌കണ്‌ഠ തോന്നിയിരുന്നു. ഞങ്ങൾ വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കെ അധികാരികൾ പെട്ടെന്നു ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമോ ഞങ്ങളെ അറസ്റ്റുചെയ്‌തു കൊണ്ടുപോകുമോ എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു.” ഭയം തരണംചെയ്യാൻ ഹെർബെർട്ടിനെയും മറ്റുള്ളവരെയും സഹായിച്ചത്‌ എന്താണ്‌? “വ്യക്തിപരമായ ബൈബിൾ പഠനത്തിൽ ഞങ്ങൾ ഉറ്റിരുന്നു. ഞങ്ങളുടെ പ്രസംഗവേല തുടർന്നുകൊണ്ടുപോകാനുള്ള ശക്തി യഹോവ ഞങ്ങൾക്കുതന്നു.” തന്നെ ശക്തീകരിച്ച, രസകരം പോലുമായി തോന്നിയ നിരവധി അനുഭവങ്ങൾ പരസ്യശുശ്രൂഷയ്‌ക്കിടെ ഹെർബെർട്ടിന്‌ ഉണ്ടായിട്ടുണ്ട്‌.

ഒരിക്കൽ ബൈബിളിൽ താത്‌പര്യമുള്ള മധ്യവയസ്‌കയായ ഒരു സ്‌ത്രീയെ ഹെർബെർട്ട്‌ കണ്ടുമുട്ടി. ഏതാനും ദിവസങ്ങൾക്കു ശേഷം ഹെർബെർട്ട്‌ അവരുടെ വീട്ടിൽ ചെന്നപ്പോൾ ഒരു ചെറുപ്പക്കാരൻ അവിടെയുണ്ടായിരുന്നു, അയാൾ ഇവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഏതാനും മിനിട്ട്‌ കഴിഞ്ഞപ്പോഴാണ്‌ ഹെർബെർട്ട്‌ ഞെട്ടിക്കുന്ന ഒരു കാഴ്‌ച കണ്ടത്‌. മുറിയുടെ മൂലയ്‌ക്കിട്ടിരുന്ന ഒരു കസേരയിൽ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ തൊപ്പി. അത്‌ ആ ചെറുപ്പക്കാരന്റേത്‌ ആയിരുന്നു, ഒരു പോലീസുകാരനായിരുന്ന അയാൾ ഹെർബെർട്ടിനെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചിരുന്നു.

“താൻ യഹോവയുടെ സാക്ഷിയാണല്ലേ!” ആ ചെറുപ്പക്കാരൻ ക്രോധത്തോടെ ചോദിച്ചു. “തന്റെ തിരിച്ചറിയൽ കാർഡ്‌ ഒന്നു കാണട്ടെ.” ഹെർബെർട്ട്‌ കാർഡ്‌ അയാളുടെ കൈയിൽ കൊടുത്തു. അപ്പോൾ അപ്രതീക്ഷിതമായ ഒന്നു സംഭവിച്ചു. ആ വീട്ടുകാരി പോലീസുകാരന്റെ നേരെ തിരിഞ്ഞ്‌ ഇങ്ങനെ മുന്നറിയിപ്പുനൽകി: “ദൈവത്തിന്റെ ഈ മനുഷ്യന്‌ എന്തെങ്കിലും സംഭവിച്ചാൽ നിനക്ക്‌ മേലാൽ ഈ വീട്ടിൽ പ്രവേശനം ഉണ്ടായിരിക്കില്ല.”

ചെറുപ്പക്കാരൻ ഒരു നിമിഷം നിന്നിട്ട്‌ കാർഡ്‌ തിരിച്ചുനൽകി, ഹെർബെർട്ടിനെ വെറുതെവിട്ടു. ആ പോലീസുകാരൻ ആ സ്‌ത്രീയുടെ മകളുമായി കോർട്ടിങ്‌ നടത്തുന്നുണ്ടായിരുന്നുവെന്ന്‌ പിന്നീട്‌ ഹെർബെർട്ടിനു മനസ്സിലായി. ഹെർബെർട്ടിനെ അറസ്റ്റു ചെയ്യുന്നതിനെക്കാൾ ആ പെൺകുട്ടിയുമായുള്ള കോർട്ടിങ്‌ തുടർന്നുകൊണ്ടുപോകുന്നതാണ്‌ തനിക്കു നല്ലതെന്ന്‌ അയാൾക്കു തോന്നിയിരിക്കണം.

യഹോവയെ നമ്മുടെ ദൈവമാക്കുക

ഈ സംഭവങ്ങളിൽനിന്ന്‌ നമുക്കെന്തു പഠിക്കാൻ കഴിയും? അബ്രാഹാമിനെപ്പോലെ നമുക്കും യഹോവയുടെ വാഗ്‌ദാനങ്ങളിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരിക്കണം. തെറ്റുചെയ്യുമ്പോഴെല്ലാം നാം ദാവീദിനെപ്പോലെ ആത്മാർഥമായി അനുതപിച്ച്‌ യഹോവയിലേക്കു തിരിയണം. ഉത്‌കണ്‌ഠ നിറഞ്ഞ സമയങ്ങളിൽ ഏലീയാവിനെപ്പോലെ നാം യഹോവയെ നമ്മുടെ ആശ്രയമാക്കണം. ഇങ്ങനെ ചെയ്‌തുകൊണ്ട്‌ നമുക്ക്‌ ഇപ്പോഴും നിത്യതയിലും യഹോവയെ നമ്മുടെ ദൈവമാക്കാനാകും. കാരണം, അവൻ “സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവ”മാണ്‌.​—⁠1 തിമൊഥെയൊസ്‌ 4:10.

[അടിക്കുറിപ്പ്‌]

a പേരിനു മാറ്റം വരുത്തിയിരിക്കുന്നു.

[25-ാം പേജിലെ ചിത്രങ്ങൾ]

അനുസരണത്തിന്റെ പ്രവൃത്തികൾ അബ്രാഹാമിന്റെ വിശ്വാസത്തിന്റെ മാറ്റുകൂട്ടി

[26-ാം പേജിലെ ചിത്രം]

പാപംചെയ്യുമ്പോൾ ദാവീദിനെപ്പോലെ നാം അനുതപിക്കണം

[28-ാം പേജിലെ ചിത്രം]

യഹോവ ഏലീയാവിന്റെ വികാരങ്ങൾ മനസ്സിലാക്കിയതുപോലെ നമ്മുടേതും മനസ്സിലാക്കുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക