വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 53 പേ. 268-പേ. 271 ഖ. 2
  • സദസ്യരെ പ്രോത്സാഹിപ്പിക്കൽ, ബലപ്പെടുത്തൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സദസ്യരെ പ്രോത്സാഹിപ്പിക്കൽ, ബലപ്പെടുത്തൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ഓരോ ദിവസവും പരസ്‌പരം പ്രോത്സാഹിപ്പിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • പ്രോത്സാഹനം കൊടുക്കുന്നതിൽ യഹോവയെ അനുകരിക്കാം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • യഹോവ നിങ്ങൾക്കു ശക്തി തരും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ”പരസ്‌പരം . . . ബലപ്പെ​ടു​ത്തുക”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 53 പേ. 268-പേ. 271 ഖ. 2

പാഠം 53

സദസ്യരെ പ്രോത്സാഹിപ്പിക്കൽ, ബലപ്പെടുത്തൽ

നിങ്ങൾ എന്താണ്‌ ചെയ്യേണ്ടത്‌?

സദസ്സിന്‌ പ്രത്യാശ അല്ലെങ്കിൽ ധൈര്യം പകരുക. അവർക്കു കരുത്തേകുക, അവരെ ബലപ്പെടുത്തുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ആളുകൾ ലോകത്തിൽനിന്നുള്ള കടുത്ത സമ്മർദം അനുഭവിക്കുന്നവരാണ്‌. പലരും നിരുത്സാഹിതരായിത്തീരുന്നു. ഒരു പ്രസംഗകൻ പറയുന്ന കാര്യങ്ങൾക്കും അതുപോലെ അദ്ദേഹം അതു പറയുന്ന വിധത്തിനും സദസ്സിനെ ആഴമായി സ്വാധീനിക്കാൻ കഴിയും.

ദൈവദാസന്മാർ എന്തെല്ലാം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാലും ക്രിസ്‌തീയ സഭയിൽനിന്ന്‌ അവർക്കു പ്രോത്സാഹനം ലഭിക്കണം. അതു സാധ്യമാകുന്നതിന്‌ പ്രത്യേകിച്ചും മൂപ്പന്മാർ തങ്ങളുടെ പ്രസംഗങ്ങളും ബുദ്ധിയുപദേശവും പ്രോത്സാഹനം പകരുന്നവയാണെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. മൂപ്പന്മാർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും” ആണെന്നു തെളിയണം.​—യെശ. 32:⁠2.

നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ നിങ്ങളുടെ പ്രസംഗങ്ങൾ നവോന്മേഷവും സാന്ത്വനവും നൽകുന്നവയാണോ? യഹോവയെ വിശ്വസ്‌തമായി സേവിക്കാൻ പ്രയത്‌നിക്കുന്നവർക്ക്‌ അവ കരുത്തു പകരുന്നുവോ? ആളുകളിൽ ഭൂരിപക്ഷത്തിന്റെയും നിർവികാരതയോ എതിർപ്പോ ഗണ്യമാക്കാതെ ദൈവഹിതം ചെയ്യുന്നതിൽ തുടരുന്നതിനാവശ്യമായ ശക്തി അവയിൽ നിന്നു ലഭിക്കുന്നുവോ? നിങ്ങളുടെ സദസ്യരിൽ ചിലർ വിഷാദമഗ്നരോ കടുത്ത സാമ്പത്തിക സമ്മർദങ്ങളാൽ ഭാരപ്പെടുന്നവരോ നിലവിൽ പ്രതിവിധി ഇല്ലാത്ത ഗുരുതരമായ ഒരു രോഗവുമായി മല്ലിടുന്നവരോ ആണെങ്കിലോ? നിങ്ങൾക്കു ‘വായ്‌കൊണ്ടു നിങ്ങളുടെ സഹോദരങ്ങളെ ധൈര്യപ്പെടുത്താൻ [“ബലപ്പെടുത്താൻ,” NW]’ കഴിയും.​—ഇയ്യോ. 16:⁠5.

യഹോവയിൽനിന്നും അവൻ ചെയ്‌തിരിക്കുന്ന കരുതലുകളിൽനിന്നും പ്രത്യാശയും ശക്തിയും നേടുന്നതിന്‌ സഹോദരങ്ങളെ സഹായിക്കാൻ പ്രസംഗകൻ എന്ന നിലയിൽ ലഭിക്കുന്ന അവസരം ഉപയോഗിക്കുക.​—റോമ. 15:13; എഫെ. 6:⁠10.

യഹോവ ചെയ്‌തിരിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ സദസ്സിനെ ഓർമപ്പെടുത്തുക. ധൈര്യം പകരാനുള്ള ഒരു പ്രധാനപ്പെട്ട വിധം കഴിഞ്ഞ കാലങ്ങളിൽ യഹോവ തന്റെ ജനത്തെ കഷ്ടതകളിൽ സഹായിച്ചത്‌ എങ്ങനെയാണെന്നു കാണിച്ചുകൊടുക്കുന്നതാണ്‌.​—റോമ. 15:⁠4.

ഇസ്രായേൽ വാഗ്‌ദത്ത ദേശത്ത്‌​—അന്ന്‌ ശത്രുജനതകൾ അവിടെ വസിച്ചിരുന്നു​—പ്രവേശിക്കുന്നതിനു മുമ്പ്‌, യോശുവയെ ‘ധൈര്യപ്പെടുത്തി ഉറപ്പിക്കാൻ’ യഹോവ മോശെയോടു പറഞ്ഞു. എങ്ങനെയാണ്‌ അവൻ അതു ചെയ്‌തത്‌? യോശുവ കേൾക്കെ മോശെ, ഇസ്രായേൽ ജനം ഈജിപ്‌ത്‌ വിട്ടുപോരവേ യഹോവ അവർക്കായി ചെയ്‌ത കാര്യങ്ങളെ കുറിച്ച്‌ ആ മുഴു ജനതയെയും ഓർമപ്പെടുത്തി. (ആവ. 3:28; 7:​18, 19) യഹോവ അമോര്യരുടെ മേൽ അവർക്കു നൽകിയ വിജയങ്ങളെ കുറിച്ചും അവൻ വിവരിച്ചു. എന്നിട്ട്‌, “ബലവും ധൈര്യവുമുള്ളവനായിരിക്ക” എന്ന്‌ അവൻ യോശുവയെ ഉദ്‌ബോധിപ്പിച്ചു. (ആവ. 31:1-8) നിങ്ങളുടെ സഹോദരങ്ങളെ ധൈര്യപ്പെടുത്താൻ ശ്രമിക്കവേ, യഹോവ അവർക്കുവേണ്ടി ഇപ്പോൾത്തന്നെ ചെയ്‌തിരിക്കുന്ന കാര്യങ്ങൾ ഓർമിച്ചുകൊണ്ടു കരുത്ത്‌ ആർജിക്കാൻ നിങ്ങൾ അവരെ സഹായിക്കുന്നുവോ?

പ്രശ്‌നങ്ങളാൽ അങ്ങേയറ്റം വീർപ്പുമുട്ടുന്നതു നിമിത്തം തങ്ങളുടെ കാര്യത്തിൽ രാജ്യാനുഗ്രഹങ്ങൾ എന്നെങ്കിലും ഒരു യാഥാർഥ്യമാകുമോ എന്നു ചിലപ്പോൾ ആളുകൾ ചിന്തിക്കാറുണ്ട്‌. യഹോവയുടെ വാഗ്‌ദാനങ്ങളുടെ ആശ്രയയോഗ്യതയെ കുറിച്ച്‌ അവരെ ഓർമപ്പെടുത്തുക.​—യോശു. 23:⁠14.

ചില ദേശങ്ങളിൽ നമ്മുടെ സഹോദരങ്ങൾക്കു സുവാർത്താ പ്രസംഗവേലയെ നിരോധിക്കുന്ന ഗവൺമെന്റ്‌ ഉത്തരവുകളെ നേരിടേണ്ടി വന്നിരിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ, യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടെ അനുഭവങ്ങളിൽനിന്നു കരുത്താർജിക്കാൻ സ്‌നേഹസമ്പന്നരായ മൂപ്പന്മാർക്കു സഹവിശ്വാസികളെ സഹായിക്കാൻ കഴിയും. (പ്രവൃ. 4:1-5:42) തന്റെ ഉദ്ദേശ്യം നിവർത്തിക്കുമാറ്‌ യഹോവ സംഭവങ്ങളുടെ ഗതി തിരിച്ചുവിട്ട വിധത്തെ കുറിച്ച്‌ എസ്ഥേർ എന്ന ബൈബിൾ പുസ്‌തകം പറയുന്നത്‌ എടുത്തുകാട്ടുന്നത്‌ തീർച്ചയായും സഹോദരങ്ങൾക്കു ധൈര്യം പകരും.

ചില വ്യക്തികൾ സഭായോഗങ്ങളിൽ ഹാജരാകുന്നെങ്കിലും കൂടുതലായ പുരോഗതിയൊന്നും വരുത്താറില്ല. മുമ്പു വളരെ മോശമായ ജീവിതം നയിച്ചതു നിമിത്തം ദൈവത്തിനു തങ്ങളോട്‌ ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന്‌ അവർ കരുതുന്നുണ്ടാകാം. യഹോവ മനശ്ശെ രാജാവിനോട്‌ ഇടപെട്ട വിധത്തെ കുറിച്ച്‌ നിങ്ങൾക്ക്‌ ഒരുപക്ഷേ അവരോടു പറയാൻ കഴിഞ്ഞേക്കും. (2 ദിന. 33:1-16) അല്ലെങ്കിൽ ജീവിതരീതിക്കു മാറ്റം വരുത്തിക്കൊണ്ട്‌ ക്രിസ്‌ത്യാനികളായിത്തീരുകയും ദൈവത്താൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‌ത പുരാതന കൊരിന്തിലെ ആളുകളെ കുറിച്ച്‌ നിങ്ങൾക്കു പറയാവുന്നതാണ്‌.​—1 കൊരി. 6:9-11.

തങ്ങൾക്കു പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്‌ ദൈവപ്രീതി നഷ്ടമായതുകൊണ്ടാണെന്നു ചിലർ കരുതുന്നുണ്ടോ? ഇയ്യോബിന്‌ അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങളെ കുറിച്ചും യഹോവയോടുള്ള തന്റെ ദൃഢ വിശ്വസ്‌തത മുറുകെ പിടിച്ചതു നിമിത്തം അവൻ ആസ്വദിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ കുറിച്ചും നിങ്ങൾക്ക്‌ അവരെ ഓർമപ്പെടുത്താൻ കഴിഞ്ഞേക്കും. (ഇയ്യോ. 1:1-22; 10:1; 42:12, 13; സങ്കീ. 34:19) ഇയ്യോബ്‌ എന്തെങ്കിലും പാപം ചെയ്‌തിരിക്കാമെന്ന്‌ അവന്റെ വ്യാജ ആശ്വാസകർ തെറ്റായി വാദിക്കുകയുണ്ടായി. (ഇയ്യോ. 4:7, 8; 8:5, 6) നേരെ മറിച്ച്‌, ശിഷ്യന്മാരെ ബലപ്പെടുത്തുകയും “വിശ്വാസത്തിൽ നിലനിൽക്കാൻ അവരെ പ്രോത്സാഹിപ്പി”ക്കുകയും ചെയ്യവേ, പൗലൊസും ബർന്നബാസും “നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു” എന്നു പറഞ്ഞു. (പ്രവൃ. 14:21, 22, NW) സമാനമായി ഇന്ന്‌, കഷ്ടങ്ങളിൻ മധ്യേ സഹിച്ചുനിൽക്കാൻ ക്രിസ്‌ത്യാനികൾ എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നുവെന്നും അങ്ങനെ ചെയ്യുന്നതിനു ദൈവദൃഷ്ടിയിൽ വലിയ വിലയുണ്ടെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട്‌ പരിശോധനകളിൻ കീഴിൽ ആയിരിക്കുന്നവരെ നിങ്ങൾക്കു ബലപ്പെടുത്താൻ കഴിയും.​—സദൃ. 27:11; മത്താ. 24:13; റോമ. 5:3, 4; 2 തിമൊ. 3:⁠12.

നിങ്ങളുടെ ശ്രോതാക്കളെ, അവരുടെ സ്വന്തം ജീവിതത്തിൽത്തന്നെ യഹോവ തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിച്ചു കൊടുത്തിരിക്കുന്ന വിധങ്ങളെ കുറിച്ചു ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക. നിങ്ങൾ ഓർമിപ്പിക്കുന്നപക്ഷം, യഹോവ ഇപ്പോൾത്തന്നെ തന്റെ വാഗ്‌ദത്ത പ്രകാരം തങ്ങളോടു വ്യക്തിപരമായി ഇടപെട്ടിരിക്കുന്നത്‌ എങ്ങനെയെന്ന്‌ അവർ തിരിച്ചറിഞ്ഞേക്കാം. സങ്കീർത്തനം 32:​8-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” യഹോവ തങ്ങളെ വഴിനയിക്കുകയോ ബലപ്പെടുത്തുകയോ ചെയ്‌തിരിക്കുന്നത്‌ എങ്ങനെയെന്ന്‌ ഓർമിക്കാൻ ശ്രോതാക്കളെ സഹായിക്കുന്നതിലൂടെ, തങ്ങൾക്കായി യഹോവ കരുതുന്നുവെന്നും ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏതൊരു പരിശോധനയിലും പിടിച്ചുനിൽക്കാൻ അവൻ തങ്ങളെ തീർച്ചയായും സഹായിക്കുമെന്നും തികച്ചും വ്യക്തിപരമായ ഒരു വിധത്തിൽ അവർ മനസ്സിലാക്കാൻ നിങ്ങൾ ഇടയാക്കും.​—യെശ. 41:10, 13; 1 പത്രൊ. 5:⁠7.

യഹോവ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ആഹ്ലാദം പ്രകടിപ്പിക്കുക. നിങ്ങളുടെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കവേ, യഹോവ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. ഈ സംഗതികൾ നിങ്ങളെ ആഹ്ലാദിപ്പിക്കുന്നു എന്നു പ്രകടമാക്കുന്ന വിധത്തിൽ അവയെ കുറിച്ചു സംസാരിക്കുന്നത്‌ നിങ്ങളുടെ ശ്രോതാക്കളുടെ ഹൃദയങ്ങളിൽ സമാനമായ വികാരങ്ങൾ ഉണർത്തും.

ജീവിത സമ്മർദങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാൻ യഹോവ നമ്മെ സഹായിക്കുന്ന വിധം പരിചിന്തിക്കുക. ഏറ്റവും നല്ല ജീവിതഗതി അവൻ നമുക്കു കാട്ടിത്തരുന്നു. (യെശ. 30:21) കുറ്റകൃത്യം, അനീതി, ദാരിദ്ര്യം, രോഗം, മരണം എന്നിവയുടെ കാരണങ്ങൾ വിശദീകരിച്ചു തരുകയും താൻ ഇവയ്‌ക്കെല്ലാം അറുതി വരുത്താൻ പോകുന്നത്‌ എങ്ങനെയെന്നു നമ്മോടു പറയുകയും ചെയ്യുന്നു. സ്‌നേഹമുള്ള ഒരു സഹോദരവർഗത്തെ നൽകി അവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. പ്രാർഥനയെന്ന അമൂല്യ പദവി അവൻ നമുക്കു നൽകുന്നു. തന്റെ സാക്ഷികൾ ആയിരിക്കുന്നതിനുള്ള പദവിയും നമ്മെ ഭരമേൽപ്പിക്കുന്നു. ക്രിസ്‌തു സ്വർഗത്തിൽ സിംഹാസനസ്ഥനാക്കപ്പെട്ടു കഴിഞ്ഞെന്നും ഈ പഴയ വ്യവസ്ഥിതിയുടെ അന്ത്യനാളുകൾ അതിവേഗം സമാപിച്ചുകൊണ്ടിരിക്കുകയാണെന്നും അവൻ നമുക്കു വെളിപ്പെടുത്തിത്തരുന്നു.​—വെളി. 12:​1-12.

ഈ അനുഗ്രഹങ്ങൾക്കെല്ലാം പുറമേയാണ്‌ സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവ നമുക്കുള്ളത്‌. ഈ കരുതലുകളെ യഥാർഥമായി വിലമതിക്കുന്ന ഒരു വിധത്തിൽ അവയെ കുറിച്ചു സംസാരിക്കുമ്പോൾ, സഹോദരങ്ങളോടൊപ്പം മുടങ്ങാതെ കൂടിവരുന്നതിനുള്ള മറ്റുള്ളവരുടെ ദൃഢനിശ്ചയത്തെ നിങ്ങൾ ബലപ്പെടുത്തും.​—എബ്രാ. 10:​23-25.

വയൽശുശ്രൂഷയിലെ നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നു എന്നു തെളിയിക്കുന്ന റിപ്പോർട്ടുകളും ശക്തിയുടെ ഒരു ഉറവാണ്‌. ഒന്നാം നൂറ്റാണ്ടിൽ പൗലൊസും ബർന്നബാസും, യെരൂശലേമിലേക്കു പോകുന്ന വഴിക്ക്‌ ജാതികളുടെ മാനസാന്തര വിവരം അറിയിച്ചുകൊണ്ട്‌ “സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി.” (പ്രവൃ. 15:3) സഹോദരങ്ങളുമായി പ്രോത്സാഹജനകമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്‌ അവർക്കു സന്തോഷം പകരാൻ നിങ്ങൾക്കും സാധിക്കും.

തങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ മൂല്യം മനസ്സിലാക്കാൻ വ്യക്തികളെ സഹായിക്കുന്നത്‌ അവർക്കു കൂടുതലായ പ്രോത്സാഹനം പകരും. ക്രിസ്‌തീയ ശുശ്രൂഷയിൽ അവർ വഹിക്കുന്ന പങ്കിന്‌ അവരെ പ്രശംസിക്കുക. പ്രായാധിക്യം, രോഗം എന്നിവ നിമിത്തം പ്രവർത്തനം വളരെയേറെ പരിമിതപ്പെട്ടിട്ടും വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുന്നവരെ അഭിനന്ദിക്കുക. അവർ യഹോവയുടെ നാമത്തോടു കാണിച്ചിരിക്കുന്ന സ്‌നേഹം അവൻ മറക്കുന്നില്ലെന്ന കാര്യം അവരെ ഓർമിപ്പിക്കുക. (എബ്രാ. 6:10) പരിശോധനയിലൂടെ മാറ്റു തെളിഞ്ഞ വിശ്വാസം അമൂല്യമായ ഒരു സ്വത്താണ്‌. (1 പത്രൊ. 1:6, 7) ഇതു സംബന്ധിച്ചു നമ്മുടെ സഹോദരങ്ങളെ ഓർമപ്പെടുത്തേണ്ടതുണ്ട്‌.

മുന്നിലുള്ള പ്രത്യാശയെ കുറിച്ചു വികാരഭാവത്തോടുകൂടി സംസാരിക്കുക. വരാൻ പോകുന്ന സംഗതികളെ പറ്റിയുള്ള നിശ്വസ്‌ത വാഗ്‌ദാനങ്ങൾ ദൈവസ്‌നേഹികളായ എല്ലാവർക്കും പ്രോത്സാഹനത്തിന്റെ ഒരു വലിയ ഉറവാണ്‌. ഒരുപക്ഷേ, നിങ്ങളുടെ സദസ്സിലിരിക്കുന്നവരിൽ മിക്കവരും ഇവ പലയാവർത്തി കേട്ടിട്ടുള്ളവരായിരിക്കും. എന്നാൽ വിലമതിപ്പോടെ ഈ വാഗ്‌ദാനങ്ങളെ കുറിച്ചു സംസാരിക്കുന്നതിനാൽ നിങ്ങൾക്ക്‌ അവയെ ജീവസ്സുറ്റതാക്കാൻ കഴിയും. മാത്രമല്ല അങ്ങനെ ചെയ്യുന്നതിലൂടെ അവയുടെ നിവൃത്തിയിൽ ദൃഢവിശ്വാസം ഉൾനടാനും ഹൃദയങ്ങൾ നന്ദികൊണ്ട്‌ നിറഞ്ഞു തുളുമ്പുന്നതിന്‌ ഇടയാക്കാനും ആയേക്കും. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പഠിച്ച കാര്യങ്ങൾ ബാധകമാക്കുന്നത്‌ അതിനു നിങ്ങളെ സഹായിക്കും.

തന്റെ ജനത്തിനു പ്രോത്സാഹനവും ബലവും നൽകുന്ന വലിയ ഉറവ്‌ യഹോവ തന്നെയാണ്‌. എന്നാൽ ഈ അനുഗ്രഹങ്ങൾ ലഭ്യമാക്കുന്നതിൽ നിങ്ങൾക്ക്‌ അവനോടു സഹകരിച്ചു പ്രവർത്തിക്കാനാകും. സഭയോടു സംസാരിക്കുന്ന സമയത്ത്‌, അതിനുള്ള അവസരം നന്നായി ഉപയോഗപ്പെടുത്തുക.

അത്‌ ചെയ്യാവുന്ന വിധം

  • പ്രസംഗം തയ്യാറാകുമ്പോൾ, സദസ്സിലിരിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ ഓർമിക്കാൻ ശ്രമിക്കുക. അവർക്ക്‌ എങ്ങനെ പ്രോത്സാഹനവും ബലവും പകരാനാകുമെന്ന്‌ ശ്രദ്ധാപൂർവം പരിചിന്തിക്കുക.

  • ദൈവവചനം നന്നായി ഉപയോഗപ്പെടുത്തുക. അതു പറയുന്ന കാര്യങ്ങൾ നമ്മൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണിച്ചുകൊടുക്കുക.

  • ആത്മാർഥമായ വികാരഭാവത്തോടെ സംസാരിക്കുക.

അഭ്യാസം: ഈ ആഴ്‌ച ബൈബിൾ വായനയോ വ്യക്തിപരമായ പഠനമോ നടത്തുന്ന സമയത്ത്‌ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഉപയോഗിക്കാൻ കഴിയുന്നതെന്നു നിങ്ങൾക്കു തോന്നുന്ന ഒരു ഭാഗം തിരഞ്ഞെടുക്കുക. സഭയിൽ ആരെങ്കിലുമായി അതു പങ്കുവെക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക