സ്നേഹം—ഫലപ്രദമായ ശുശ്രൂഷയുടെ താക്കോൽ
1 “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” (മത്താ. 11:28) യേശുവിന് ആളുകളോടുണ്ടായിരുന്ന ആഴമായ സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു ഹൃദ്യമായ അത്തരം വാക്കുകൾ. ക്രിസ്തീയ ശുശ്രൂഷകരെന്ന നിലയിൽ അവനെ അനുകരിക്കുന്ന നാം, സ്നേഹശൂന്യമായ ഈ ലോകത്തിലെ തിക്താനുഭവങ്ങളാൽ തളർന്നിരിക്കുന്നവരോടു സ്നേഹം പ്രകടമാക്കാൻ ആഗ്രഹിക്കുന്നു. സുവാർത്ത ഘോഷിക്കവേ, നമുക്ക് അത് എങ്ങനെ ചെയ്യാനാകും?
2 വാക്കിൽ: സാധ്യമായ എല്ലാ അവസരങ്ങളിലും സുവാർത്ത പങ്കുവെക്കാൻ ആളുകളോടുള്ള സ്നേഹം യേശുവിനെ പ്രചോദിപ്പിച്ചു. (യോഹ. 4:7-14) അനൗപചാരികമായി സാക്ഷീകരിക്കാനുള്ള സങ്കോചം മറികടക്കാൻ അത്തരം സ്നേഹം നമ്മെ സഹായിക്കും. ഒരിക്കൽ, ഡോക്ടറെ കാണാൻ കാത്തിരിക്കവേ ഒരു ആറു വയസ്സുകാരി, അടുത്തിരുന്ന സ്ത്രീക്ക് നല്ലൊരു സാക്ഷ്യം നൽകുകയുണ്ടായി. അതിന് അവളെ പ്രേരിപ്പിച്ചത് എന്തായിരുന്നു? “ആ സ്ത്രീയുടെ മുഖം കണ്ടപ്പോൾ അവർ യഹോവയെ അറിയേണ്ടതുണ്ടെന്ന് എനിക്കു തോന്നി,” ആ കുട്ടി പറഞ്ഞു.
3 ആത്മാർഥവും ഊഷ്മളവുമായി പുഞ്ചിരിച്ചുകൊണ്ടും ഹൃദ്യമായി സംസാരിച്ചുകൊണ്ടും നമുക്ക് ആളുകളിലുള്ള താത്പര്യം പ്രകടിപ്പിക്കാനാകും. അതുപോലെതന്നെ, അവരുടെ അഭിപ്രായങ്ങൾക്കു ശ്രദ്ധകൊടുക്കുന്നതും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതും ആത്മാർഥമായ താത്പര്യം പ്രകടമാക്കുന്നതും നമ്മുടെ സ്നേഹത്തിനു തെളിവു നൽകും. (സദൃ. 15:23) യേശു ചെയ്തതുപോലെ, പ്രോത്സാഹജനകമായ രാജ്യസന്ദേശത്തിനും ആളുകളോടുള്ള യഹോവയുടെ സ്നേഹനിർഭരമായ അനുകമ്പയ്ക്കും ഊന്നൽ കൊടുത്തു വേണം നാം സംസാരിക്കാൻ.—മത്താ. 24:14; ലൂക്കൊ. 4:18.
4 പ്രവൃത്തിയിൽ: മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രകടവും പ്രായോഗികവുമായ വിധങ്ങളിൽ യേശു സത്വരം പ്രതികരിച്ചു. (മത്താ. 15:32) ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കേ, അത്തരം സ്നേഹദയ പ്രകടമാക്കാൻ നമുക്കും അവസരം ലഭിച്ചേക്കാം. ഒരിക്കൽ ഒരു സ്ത്രീക്ക് പ്രധാനപ്പെട്ട ഒരു ഫോൺകോൾ ലഭിച്ചു. എന്നാൽ അതു മറ്റൊരു ഭാഷയിലായിരുന്നതിനാൽ, എന്താണു പറയുന്നതെന്നു മനസ്സിലാക്കാനാവാതെ അവർ വിഷമിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന നമ്മുടെ ഒരു സഹോദരി അവരെ സഹായിക്കാൻ മനസ്സു കാണിച്ചു; ഫോണിലൂടെ കേട്ട കാര്യങ്ങളെല്ലാം അവർ ആ സ്ത്രീക്കു പരിഭാഷപ്പെടുത്തിക്കൊടുത്തു. സ്നേഹനിർഭരമായ ഈ പ്രവൃത്തി ഒരു തിരുവെഴുത്തു ചർച്ചയ്ക്കു വഴിതുറക്കുകയും ബൈബിളധ്യയനം സ്വീകരിക്കാൻ അവരെ സഹായിക്കുകയും ചെയ്തു. മറ്റൊരനുഭവം ശ്രദ്ധിക്കുക. ഒരു സഹോദരൻ മടക്കസന്ദർശനത്തിനു ചെന്നപ്പോൾ, വാതിൽക്കൽ കുടുങ്ങിപ്പോയ ഭാരമുള്ള ഒരു സോഫ നീക്കാനാകാതെ വീട്ടുകാരൻ കഷ്ടപ്പെടുന്ന രംഗമാണു കണ്ടത്. ഉടൻതന്നെ സഹോദരൻ അദ്ദേഹത്തെ സഹായിച്ചു. വീട്ടുകാരൻ അതു വിലമതിക്കുകയും ചെയ്തു. അതേ സോഫയിലിരുന്ന് സഹോദരൻ അദ്ദേഹവുമായി ബൈബിളധ്യയനവും നടത്തി.
5 ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നാം ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം പ്രകടമാക്കുകയാണു ചെയ്യുന്നത്. (മത്താ. 22:36-40) നമ്മുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കുന്ന ആ സ്നേഹം സത്യം നമ്മുടെ പക്കലുണ്ടെന്നു തിരിച്ചറിയാൻ ആത്മാർഥഹൃദയരെ സഹായിക്കും.