വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇത്ഥായി—വിശ്വസ്‌തതയ്‌ക്കൊരു മാതൃക
    വീക്ഷാഗോപുരം—2009 | മേയ്‌ 15
    • ദൈവം ഉൾപ്പെടുത്തിയിട്ടുണ്ട്‌. അതിലൊന്നാണ്‌ ഗിത്യനായ ഇത്ഥായിയുടേത്‌.

      ‘പരദേശിയും സ്വദേശഭ്രഷ്ടനും’

      പേരുകേട്ട ഫെലിസ്‌ത്യനഗരമായ ഗത്തിലെ നിവാസിയായിരുന്നിരിക്കണം ഇത്ഥായി. മല്ലനായ ഗോലിയാത്തിന്റെയും ഇസ്രായേലിന്റെ ശക്തരായ മറ്റ്‌ എതിരാളികളുടെയും ദേശമായിരുന്നു ഗത്ത്‌. ദാവീദുരാജാവിനെതിരെ അബ്‌ശാലോം മത്സരിച്ചതിനെക്കുറിച്ചു വായിക്കുമ്പോഴാണ്‌ ഇത്ഥായിയെ നാം ആദ്യമായി പരിചയപ്പെടുന്നത്‌. പരിചയസമ്പന്നനായ ഒരു യോദ്ധാവായിരുന്നു അവൻ. ഇത്ഥായിയും അനുയായികളായ 600 ഫെലിസ്‌ത്യ പുരുഷന്മാരും അപ്പോൾ യെരൂശലേമിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രവാസികളായി കഴിയുകയായിരുന്നു.

      ഇത്ഥായിയുടെയും കൂട്ടരുടെയും അവസ്ഥകണ്ട ദാവീദ്‌ താൻ പണ്ട്‌ ഫെലിസ്‌ത്യദേശത്ത്‌ പ്രവാസിയായിക്കഴിഞ്ഞ കാലത്തെക്കുറിച്ച്‌ ഓർമിച്ചിരിക്കണം. അന്ന്‌ അവൻ 600 ഇസ്രായേല്യ യോദ്ധാക്കളുമായി ഗത്ത്‌ രാജാവായ ആഖീശിന്റെ അടുക്കൽച്ചെന്ന്‌ പാർക്കുകയുണ്ടായി. (1 ശമൂ. 27:2, 3) ദാവീദ്‌ അബ്‌ശാലോമിന്റെ പ്രക്ഷോഭത്തെ നേരിടുന്ന ഈ സാഹചര്യത്തിൽ ഇത്ഥായിയും കൂടെയുള്ളവരും എന്തു നിലപാടു സ്വീകരിക്കും? അവർ അബ്‌ശാലോമിന്റെ പക്ഷം ചേരുമോ, അതോ നിഷ്‌പക്ഷരായി നിൽക്കുമോ? അതുമല്ലെങ്കിൽ, ദാവീദിനോടു കൂറുപ്രഖ്യാപിക്കുമോ?

      ദാവീദ്‌ യെരൂശലേമിൽനിന്ന്‌ പലായനം ചെയ്‌ത ആ രംഗമൊന്നു വിഭാവന ചെയ്യുക. അവനും സംഘവും “വിദൂര ഭവനം” എന്നർഥം വരുന്ന ബേത്ത്‌-മെർഹാകിൽ എത്തുന്നു. യെരൂശലേമിൽനിന്ന്‌ ഒലിവുമലയ്‌ക്കുള്ള ദിശയിൽ കിദ്രോൻ താഴ്‌വരയ്‌ക്കു മുമ്പുള്ള അവസാനത്തെ വീടായിരിക്കണം ഇത്‌. (2 ശമൂ. 15:17) ഇവിടെവെച്ച്‌ ദാവീദ്‌ തന്റെ ‘അരികത്തുകൂടി കടന്നുപോകുന്ന’ സൈന്യത്തെ പരിശോധിക്കുന്നു. വിശ്വസ്‌തരായ ഇസ്രായേല്യർ മാത്രമല്ല എല്ലാ ക്രേത്യരും എല്ലാ പ്ലേത്യരും തന്നോടൊപ്പം പോന്നതായി അവൻ മനസ്സിലാക്കുന്നു. മറ്റൊരു കൂട്ടരും അവന്റെ ശ്രദ്ധയിൽപ്പെടുന്നു: ഇത്ഥായിയും അവന്റെ അനുയായികളായ 600 യോദ്ധാക്കളും.—2 ശമൂ. 15:18.

      ഇത്ഥായിയെയും സംഘത്തെയും കണ്ട്‌ മനസ്സലിഞ്ഞ ദാവീദ്‌ ഇത്ഥായിയോട്‌ ഇങ്ങനെ പറഞ്ഞു: “നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ [സാധ്യതയനുസരിച്ച്‌ അബ്‌ശാലോം] പാർക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്‌ക്കൊൾക; നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്‌തതയും നിന്നോടുകൂടെ ഇരിക്കട്ടെ.”—2 ശമൂ. 15:19, 20.

      പക്ഷേ, ദാവീദിനോട്‌ അചഞ്ചലമായ വിശ്വസ്‌തത പുലർത്തിയ ഇത്ഥായിയുടെ മറുപടി ഇങ്ങനെയായിരുന്നു: “യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും.” (2 ശമൂ. 15:21) ഇതു കേട്ടപ്പോൾ തന്റെ പിതാവിന്റെ വലിയമ്മയായ രൂത്തിന്റെ വാക്കുകൾ ദാവീദിന്റെ ഓർമയിൽ വന്നിരിക്കാം. (രൂത്ത്‌ 1:16, 17) ഇത്ഥായിയുടെ വാക്കുകൾ ദാവീദിന്റെ ഹൃദയത്തെ സ്‌പർശിച്ചു; “കൂടെപോരിക,” അവൻ ഇത്ഥായിയോടു പറഞ്ഞു. “അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും” കിദ്രോൻ തോടു കടന്നു.—2 ശമൂ. 15:22.

      “നമ്മുടെ ഉപദേശത്തിന്നായി”

      “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, . . . എഴുതിയിരിക്കുന്നു” എന്ന്‌ റോമർ 15:4 പറയുന്നു. ഇത്ഥായിയുടെ ദൃഷ്ടാന്തത്തിൽനിന്ന്‌ നമുക്കെന്തു പഠിക്കാനാകും? ദാവീദിനോടു വിശ്വസ്‌തനായിരിക്കാൻ അവനെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ നമുക്കൊന്നു നോക്കാം. ഒരു പരദേശിയും ഫെലിസ്‌ത്യയിൽനിന്നുള്ള പ്രവാസിയും ആയിരുന്നെങ്കിലും യഹോവയെ ജീവനുള്ള ദൈവമായും ദാവീദിനെ അവന്റെ അഭിഷിക്തനായും അവൻ അംഗീകരിച്ചിരുന്നു. ഫെലിസ്‌ത്യരും ഇസ്രായേല്യരും തമ്മിലുള്ള ശത്രുത അതിന്‌ ഒരു തടസ്സമായില്ല. മല്ലനായ ഗോലിയാത്തിനെയും മറ്റു ഫെലിസ്‌ത്യരെയും കൊന്നൊടുക്കിയ ഒരു വ്യക്തിയായിട്ടല്ല ഇത്ഥായി ദാവീദിനെ വീക്ഷിച്ചത്‌. യഹോവയെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയായിട്ടാണ്‌ അവൻ ദാവീദിനെ കണ്ടത്‌. (1 ശമൂ. 18:6, 7) മാത്രവുമല്ല, ദാവീദിന്റെ നല്ല ഗുണങ്ങളും അവന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കണം. ദാവീദിനും ഇത്ഥായിയെക്കുറിച്ച്‌ വളരെ മതിപ്പായിരുന്നു. അബ്‌ശാലോമിനെതിരായ ആ നിർണായ യുദ്ധത്തിൽ തന്റെ സൈന്യത്തിന്റെ മൂന്നിലൊന്നിനെ ഇത്ഥായിയുടെ ‘കൈക്കീഴെ’ അയച്ചതിൽനിന്ന്‌ ഇതു വ്യക്തമാണ്‌.—2 ശമൂ. 18:2.

      സംസ്‌കാരം, വർഗം, വംശം ഇതിന്റെയൊക്കെ പേരിൽ എന്തെങ്കിലും ശത്രുതയോ മുൻവിധിയോ മനസ്സിലുണ്ടെങ്കിൽ അതൊക്കെ മറികടന്ന്‌ നാം മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ അംഗീകരിക്കാൻ ശ്രമിക്കണം. നാം യഹോവയെ അറിഞ്ഞ്‌ അവനെ സ്‌നേഹിക്കുന്നെങ്കിൽ മേൽപ്പറഞ്ഞതുപോലുള്ള പ്രതിബന്ധങ്ങൾ തരണംചെയ്യാൻ നമുക്കാകുമെന്നാണ്‌ ദാവീദിന്റെയും ഇത്ഥായിയുടെയും സ്‌നേഹബന്ധം തെളിയിക്കുന്നത്‌.

      ഇത്ഥായിയുടെ ആ നല്ല മാതൃക മനസ്സിൽപ്പിടിച്ചുകൊണ്ട്‌ നമുക്കിങ്ങനെ ചോദിക്കാം: ‘വലിയ ദാവീദായ ക്രിസ്‌തുയേശുവിനോട്‌ എനിക്ക്‌ സമാനമായ കൂറും വിശ്വസ്‌തതയും ഉണ്ടോ? പ്രസംഗ-ശിഷ്യരാക്കൽവേലയിൽ തീക്ഷ്‌ണതയോടെ പങ്കുപറ്റിക്കൊണ്ട്‌ ഞാൻ എന്റെ വിശ്വസ്‌തത പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നുണ്ടോ?’ (മത്താ. 24:14; 28:19, 20) ‘എന്റെ വിശ്വസ്‌തത തെളിയിക്കാൻ ഞാൻ ഏതളവോളം സഹിച്ചുനിൽക്കും?’

      ഇത്ഥായിയുടെ വിശ്വസ്‌തതയിൽനിന്ന്‌ കുടുംബനാഥന്മാർക്കും പഠിക്കാനുണ്ട്‌. ദാവീദിനോടുള്ള അവന്റെ വിശ്വസ്‌തതയും ദൈവത്തിന്റെ അഭിഷിക്തരാജാവിനോടൊപ്പം പോകാനുള്ള അവന്റെ തീരുമാനവും കൂടെയുള്ളവർക്ക്‌ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാക്കി. അതുപോലെ, സത്യാരാധനയ്‌ക്കുവേണ്ടി കുടുംബനാഥന്മാരെടുക്കുന്ന ചില തീരുമാനങ്ങൾ അവരുടെ കുടുംബത്തിന്‌ ചില താത്‌കാലിക ബുദ്ധിമുട്ടുകൾ വരുത്തിയേക്കാം. പക്ഷേ നമുക്ക്‌ ഇങ്ങനെയൊരു ഉറപ്പു ലഭിച്ചിട്ടുണ്ട്‌: ‘വിശ്വസ്‌തനോട്‌ [യഹോവ] വിശ്വസ്‌തത പുലർത്തുന്നു.’—സങ്കീ. 18:25, പി.ഒ.സി.ബൈബിൾ.

      അബ്‌ശാലോമിനെതിരെയുള്ള ദാവീദിന്റെ യുദ്ധത്തിനുശേഷം ഇത്ഥായിയെക്കുറിച്ച്‌ യാതൊരു പരാമർശവും തിരുവെഴുത്തുകളിലില്ല. എന്നിരുന്നാലും ദാവീദിന്റെ ജീവിതത്തിലെ വിഷമഘട്ടത്തിൽ രംഗത്തുവരുന്ന ഇത്ഥായിയെന്ന മനുഷ്യനെക്കുറിച്ചുള്ള ആ ലഘുപരാമർശം അവന്റെ സ്വഭാവത്തിന്റെ ഉള്ളറകളിലേക്ക്‌ വെളിച്ചംവീശുന്നു. ഇത്ഥായിയുടേതുപോലുള്ള വിശ്വസ്‌തത യഹോവ കണക്കിടുകയും അതിനു തക്ക പ്രതിഫലം കൊടുക്കുകയും ചെയ്യും എന്നതിന്റെ തെളിവാണ്‌ നിശ്വസ്‌തരേഖയിൽ അവനെക്കുറിച്ചു കാണുന്ന ആ ലഘുപരാമർശം.—എബ്രാ. 6:10.

  • ക്രിസ്‌തുവിനെ അനുഗമിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—2009 | മേയ്‌ 15
    • ക്രിസ്‌തുവിനെ അനുഗമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

      “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും . . . എന്നെ അനുഗമിക്കട്ടെ.”—ലൂക്കൊ. 9:23.

      1, 2. ക്രിസ്‌തുവിനെ അനുഗമിക്കേണ്ടതിന്റെ കാരണങ്ങൾ പരിചിന്തിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

      പുതുതായി ബൈബിൾ പഠിക്കുന്ന ഒരാളാണോ നിങ്ങൾ? അല്ലെങ്കിൽ, യഹോവയുടെ ജനത്തോടൊപ്പം സഹവസിക്കുന്ന യുവപ്രായക്കാരിൽ ഒരാൾ? തന്റെ ആരാധകരുടെ കൂട്ടത്തിൽ നിങ്ങളെ കാണുന്നത്‌ യഹോവയ്‌ക്ക്‌ എത്ര സന്തോഷമാണെന്നോ! തുടർന്നും ബൈബിൾ പഠിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി പങ്കെടുക്കുകയും അങ്ങനെ ദൈവവചനത്തിലെ ജീവരക്ഷാകരമായ സത്യം ഇനിയുമധികം സ്വാംശീകരിക്കുകയും ചെയ്യവെ യേശുവിന്റെ പിൻവരുന്ന ക്ഷണം എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടായിരിക്കണം: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ്‌ എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.” (ലൂക്കൊ. 9:23) സ്വയം ത്യജിച്ച്‌ തന്നെ അനുഗമിക്കണമെന്നാണ്‌ യേശു ഇവിടെ പറയുന്നത്‌. അങ്ങനെയെങ്കിൽ നാം ക്രിസ്‌തുവിനെ അനുഗമിക്കേണ്ടത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാക്കുന്നത്‌ നന്നായിരിക്കില്ലേ?—മത്താ. 16:13-16.

      2 ഇപ്പോൾത്തന്നെ യേശുക്രിസ്‌തുവിന്റെ പദാനുഗാമികളായിരിക്കുന്നവരെ സംബന്ധിച്ചോ? ‘ഇനിയും അധികം വർദ്ധിച്ചുവരേണം’ എന്നാണ്‌ അവർക്കുള്ള ഉദ്‌ബോധനം. (1 തെസ്സ. 4:1, 2) നാം സത്യാരാധകരായിത്തീർന്നത്‌ അടുത്തകാലത്തോ ദശകങ്ങൾക്കു മുമ്പോ ആയിക്കൊള്ളട്ടെ, ക്രിസ്‌തുവിനെ അനുഗമിക്കേണ്ടതിന്റെ കാരണങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്‌ എപ്പോഴും ഉചിതമാണ്‌. എന്തുകൊണ്ട്‌? പൗലൊസിന്റെ മേൽപ്പറഞ്ഞ ഉദ്‌ബോധനം പിൻപറ്റാനും നമ്മുടെ അനുദിനജീവിതത്തിൽ ക്രിസ്‌തുവിനെ കൂടുതൽ അടുത്ത്‌ അനുഗമിക്കാനും അതു നമ്മെ സഹായിക്കും. ക്രിസ്‌തുവിനെ അനുഗമിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന അഞ്ചുകാരണങ്ങൾ നമുക്ക്‌ പരിശോധിക്കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക