അധ്യായം നാല്
‘ഇതാ, യഹൂദാഗോത്രത്തിലെ സിംഹം’
“അതു ഞാനാണ്”
1-3. (എ) യേശു എന്ത് അപകടം നേരിടുന്നു? (ബി) യേശു അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
വാളും വടിയുമായി ഒരു കൂട്ടം ആളുകൾ യേശുവിനെ പിടികൂടാൻ പോവുകയാണ്! അക്കൂട്ടത്തിൽ ചില പടയാളികളുമുണ്ട്. യരുശലേമിന്റെ ഇരുണ്ട വീഥികളിലൂടെ നടന്ന് അവർ കിദ്രോൻ താഴ്വരയിലെത്തുന്നു; പിന്നെ അവർ ഒലിവുമല ലക്ഷ്യമാക്കി നീങ്ങുന്നു. നല്ല നിലാവെളിച്ചമുണ്ടെങ്കിലും അവരുടെ കൈയിൽ പന്തങ്ങളും വിളക്കുകളും ഉണ്ട്. തങ്ങൾ അന്വേഷിക്കുന്ന ആൾ ഇരുട്ടിൽ ഒളിച്ചിരിക്കുകയാണെന്നാണോ അവരുടെ വിചാരം? ആണെങ്കിൽ അവർ യേശുവിനെ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് അർഥം.
2 അടുത്തെത്തിയിരിക്കുന്ന അപകടത്തെപ്പറ്റി യേശുവിന് അറിയാം. എന്നിട്ടും യേശു ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നില്ല. ഒടുവിൽ ആ ജനക്കൂട്ടം അവിടെ എത്തുന്നു. ഒരുകാലത്ത് യേശുവിന്റെ വിശ്വസ്ത സുഹൃത്തായിരുന്ന യൂദാസാണ് അവരെ അവിടേക്കു നയിച്ചുകൊണ്ടുവന്നിരിക്കുന്നത്. യാതൊരു സങ്കോചവും കൂടാതെ ഒരു ചുംബനത്തിലൂടെ യൂദാസ് തന്റെ ഗുരുവിനെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുന്നു. യേശു പക്ഷേ സമചിത്തത കൈവിടുന്നില്ല. യേശു മുമ്പോട്ടുവന്ന് “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്” എന്ന് ചോദിക്കുന്നു. “നസറെത്തുകാരനായ യേശുവിനെ” എന്ന് അവർ മറുപടി പറയുന്നു.
3 ആയുധസജ്ജരായ അത്ര വലിയൊരു സംഘത്തെ കണ്ടാൽ സാധാരണഗതിയിൽ ആരുമൊന്ന് നടുങ്ങും. യേശുവും അങ്ങനെ പേടിച്ചുപോകുമെന്നായിരുന്നു അവർ പ്രതീക്ഷിച്ചത്. എന്നാൽ യേശു ചകിതനാകുന്നില്ല, ഓടിരക്ഷപ്പെടാനോ എന്തെങ്കിലും നുണ പറഞ്ഞ് തടിതപ്പാനോ ശ്രമിക്കുന്നതുമില്ല. “അതു ഞാനാണ്” എന്ന് യേശു പറയുന്നു. യേശുവിന്റെ പ്രശാന്തതയും ധൈര്യവും ആളുകളെ അമ്പരപ്പിക്കുന്നു. അവർ പിൻവലിഞ്ഞ് പുറകോട്ടു വീണുപോകുന്നു.—യോഹന്നാൻ 18:1-6; മത്തായി 26:45-50; മർക്കോസ് 14:41-46.
4-6. (എ) യേശുവിനെ എന്തിനോട് ഉപമിച്ചിരിക്കുന്നു, എന്തുകൊണ്ട്? (ബി) യേശു ഏത് മൂന്നു വിധങ്ങളിൽ ധൈര്യം കാണിച്ചു?
4 ഇത്ര വലിയൊരു ആപത്സന്ധിയിലും യേശുവിന് പ്രശാന്തത കൈവിടാതിരിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്? യേശുവിന്റെ ധൈര്യം ഒന്നുകൊണ്ടുതന്നെ. ഒരു നേതാവിന് അവശ്യം വേണ്ടതായി നാമേവരും കരുതുന്ന ഗുണങ്ങളിലൊന്നല്ലേ അത്? ഇക്കാര്യത്തിൽ യേശുവിനെ വെല്ലാൻ മറ്റാരുംതന്നെയില്ല. യേശുവിന്റെ താഴ്മയെയും സൗമ്യതയെയും കുറിച്ച് കഴിഞ്ഞ അധ്യായത്തിൽ നാം പഠിച്ചു. ആ വിവരങ്ങളുടെ വെളിച്ചത്തിൽ “കുഞ്ഞാട്” എന്ന വിശേഷണം യേശുവിന് എന്തുകൊണ്ടും ചേരും. (യോഹന്നാൻ 1:29) എന്നാൽ യേശു കാണിച്ച ധൈര്യം മറ്റൊരു പേരിനും യേശുവിനെ യോഗ്യനാക്കുന്നു. ‘യഹൂദാഗോത്രത്തിലെ സിംഹം’ എന്ന് ബൈബിൾ യേശുവിനെ വിശേഷിപ്പിക്കുന്നു.—വെളിപാട് 5:5.
5 സിംഹത്തെ മിക്കപ്പോഴും ധൈര്യത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കാറുണ്ട്. പൂർണ വളർച്ചയെത്തിയ ഒരു ആൺസിംഹത്തെ നിങ്ങൾ എപ്പോഴെങ്കിലും അടുത്തുകണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ കൂട്ടിലടച്ച സിംഹത്തെയായിരിക്കാം. എങ്കിൽപ്പോലും അതിന്റെ തുറിച്ചുനോട്ടം നിങ്ങളെ ഭയപ്പെടുത്തിയിരിക്കാം. ശക്തനായ ആ മൃഗം എന്തിനെയെങ്കിലും കണ്ട് ഭയന്നോടുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ‘ആരുടെയും മുന്നിൽനിന്ന് ഭയന്നോടാത്തത്’ എന്നും ‘മൃഗങ്ങളിൽ ഏറ്റവും കരുത്തൻ’ എന്നും ബൈബിൾ സിംഹത്തെ വിശേഷിപ്പിച്ചതിൽ അതിശയിക്കാനില്ല. (സുഭാഷിതങ്ങൾ 30:30) അതെ, ക്രിസ്തുവിന് അത്തരം ധൈര്യമാണുള്ളത്.
6 യേശു സിംഹത്തെപ്പോലെ ധൈര്യം കാണിച്ച മൂന്നു വിധങ്ങളാണ് നാം ഇപ്പോൾ കാണാൻപോകുന്നത്: യേശു സത്യത്തിനുവേണ്ടി നിലകൊണ്ടു; നീതിയും ന്യായവും ഉയർത്തിപ്പിടിച്ചു; എതിർപ്പുകളെ സധൈര്യം നേരിട്ടു. നാം ധൈര്യശാലികളാണെങ്കിലും അല്ലെങ്കിലും യേശുവിന്റെ ധൈര്യം എങ്ങനെ പകർത്താമെന്നും നമുക്കു നോക്കാം.
യേശു സത്യത്തിനുവേണ്ടി നിലകൊണ്ടു
7-9. (എ) യേശുവിന് 12 വയസ്സുള്ളപ്പോൾ എന്തു സംഭവിച്ചു? (ബി) അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങളായിരുന്നെങ്കിൽ എന്തു തോന്നുമായിരുന്നു? (സി) ആലയത്തിലെ ഗുരുക്കന്മാരോട് സംസാരിച്ചപ്പോൾ യേശു ധൈര്യം കാണിച്ചതെങ്ങനെ?
7 ‘നുണയുടെ അപ്പനായ’ സാത്താൻ ഭരിക്കുന്ന ഈ ലോകത്ത് സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാൻ ധൈര്യം ആവശ്യമാണ്. (യോഹന്നാൻ 8:44; 14:30) എന്നാൽ നന്നേ ചെറുപ്പമായിരിക്കെത്തന്നെ യേശു അത്തരമൊരു നിലപാടു കൈക്കൊണ്ടു. യേശുവിനു 12 വയസ്സുള്ളപ്പോഴായിരുന്നു സംഭവം. പെസഹാപ്പെരുന്നാൾ കൊണ്ടാടാൻ യരുശലേമിലേക്കു പോയതായിരുന്നു യേശുവും മാതാപിതാക്കളും. പെരുന്നാൾ കഴിഞ്ഞ് എല്ലാവരും മടങ്ങിയെങ്കിലും യേശു ആലയത്തിൽ തങ്ങി. യേശു തങ്ങളോടൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞ മറിയയും യോസേഫും പരിഭ്രാന്തരായി മൂന്നുദിവസം യേശുവിനെ അന്വേഷിച്ചുനടന്നു. അവസാനം അവർ യേശുവിനെ ദേവാലയത്തിൽ കണ്ടെത്തി. യേശു അവിടെ എന്തു ചെയ്യുകയായിരുന്നു? “യേശു ഉപദേഷ്ടാക്കളുടെ നടുവിൽ ഇരുന്ന് അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ആയിരുന്നു.” (ലൂക്കോസ് 2:41-50) അങ്ങനെയൊരു ചർച്ചയ്ക്കു വേദിയൊരുങ്ങിയത് എങ്ങനെയായിരുന്നെന്നു നോക്കാം.
8 പെരുന്നാൾ കഴിഞ്ഞ് പ്രമുഖരായ മതനേതാക്കന്മാർ ആലയത്തിന്റെ വിസ്തൃതമായ മണ്ഡപങ്ങളിൽ ഇരുന്ന് ജനത്തെ പഠിപ്പിക്കുക പതിവായിരുന്നെന്ന് ചരിത്രകാരന്മാർ പറയുന്നു. ജനം അവരുടെ കാൽക്കീഴിരുന്ന് അവർ പറയുന്നതു ശ്രദ്ധിക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുമായിരുന്നു. വളരെ അറിവുള്ളവരായിരുന്നു ഈ ഗുരുക്കന്മാർ. മോശയുടെ നിയമത്തിലും അതുപോലെതന്നെ സങ്കീർണമായ മനുഷ്യനിർമിത നിയമങ്ങളിലും പാരമ്പര്യങ്ങളിലും അവർക്ക് നല്ല അവഗാഹമുണ്ടായിരുന്നു. ആ സദസ്സിൽ നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? പരിഭ്രമം തോന്നുമായിരുന്നോ? സ്വാഭാവികമായും. നിങ്ങൾക്ക് വെറും 12 വയസ്സേ ഉള്ളൂവെങ്കിലോ? മറ്റുള്ളവരുടെ ശ്രദ്ധാപാത്രമാകുന്നത് കുട്ടികൾക്ക് പലപ്പോഴും സങ്കോചമുള്ള കാര്യമാണ്. (യിരെമ്യ 1:6) സ്കൂളിൽ ടീച്ചർമാരുടെ ശ്രദ്ധയിൽപ്പെടാതെ കഴിഞ്ഞുകൂടാൻ ചില കുട്ടികൾ പെടുന്ന പാട് കുറച്ചൊന്നുമല്ല. തങ്ങളോട് എന്തെങ്കിലും ചോദിക്കുമോ, എന്തെങ്കിലും ചെയ്യാൻ പറയുമോ, കളിയാക്കുമോ എന്നൊക്കെയാണ് അവരുടെ പേടി.
9 എന്നാൽ യേശു ഇവിടെ പണ്ഡിതന്മാരുടെ ഇടയിലിരുന്ന് അവരോട് ധൈര്യപൂർവം കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുകയാണ്. “യേശുവിന്റെ സംസാരം കേട്ടവരെല്ലാം യേശുവിന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്മയിച്ചു” എന്ന് വിവരണം പറയുന്നു. (ലൂക്കോസ് 2:47) യേശു ആ സന്ദർഭത്തിൽ എന്താണു പറഞ്ഞതെന്ന് ബൈബിൾ വ്യക്തമാക്കുന്നില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്: അന്നത്തെ മതോപദേഷ്ടാക്കൾ പഠിപ്പിച്ച വ്യാജോപദേശങ്ങളൊന്നും യേശു ഏറ്റുപാടിയില്ല. (1 പത്രോസ് 2:22) യേശു ദൈവവചനത്തിലെ സത്യമാണ് ഉയർത്തിപ്പിടിച്ചത്. വെറും 12 വയസ്സുള്ള ആ ബാലന് ഇത്ര ഗ്രാഹ്യവും ധൈര്യവും ഉള്ളത് എങ്ങനെയെന്ന് അവരെല്ലാം അതിശയിച്ചിരിക്കണം.
യുവപ്രായക്കാരായ പല ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം ധൈര്യത്തോടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നു
10. യുവക്രിസ്ത്യാനികൾ യേശുവിന്റെ ധൈര്യം പകർത്തുന്നത് എങ്ങനെ?
10 ഇന്ന്, യേശുവിന്റെ കാൽച്ചുവടുകൾ പിൻപറ്റുന്ന അനേകം യുവക്രിസ്ത്യാനികളുണ്ട്. അവരാരും യേശുവിനെപ്പോലെ പൂർണരല്ല. എന്നിരുന്നാലും നന്നേ ചെറുപ്പത്തിൽത്തന്നെ അവർ സത്യത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കുന്നു. അധ്യാപകരോടും സഹപാഠികളോടും അയൽക്കാരോടും ഈ കുട്ടികൾ ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്നു; തുടർന്ന് ആദരവോടെ അവരുമായി സത്യം പങ്കുവെക്കുന്നു. (1 പത്രോസ് 3:15) അവരിൽ പലരും തങ്ങളുടെ സഹപാഠികളെയും അധ്യാപകരെയും അയൽക്കാരെയും ക്രിസ്തുവിന്റെ അനുകാരികളാകാൻ സഹായിച്ചിട്ടുണ്ട്. യഹോവയെ ഇത് എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ടാകണം! അസംഖ്യംവരുന്ന യുവജനങ്ങളെ ദൈവവചനം മഞ്ഞുതുള്ളികളോട് ഉപമിക്കുന്നു; അതെ, അവർ മറ്റുള്ളവർക്ക് ഉന്മേഷവും ആനന്ദവും പകരുന്നു.—സങ്കീർത്തനം 110:3.
11, 12. മുതിർന്നശേഷം യേശു സത്യത്തിനുവേണ്ടി ധൈര്യപൂർവം നിലകൊണ്ടത് എങ്ങനെ?
11 മുതിർന്നശേഷവും യേശു പലപ്പോഴും ധൈര്യത്തോടെ സത്യത്തിനുവേണ്ടി സംസാരിച്ചു. തന്റെ ശുശ്രൂഷയുടെ തുടക്കത്തിൽത്തന്നെ യേശുവിന് യഹോവയുടെ എതിരാളികളിൽ ഏറ്റവും അപകടകാരിയും ശക്തനുമായ സാത്താനെ നേരിടേണ്ടിവന്നു! ശക്തനായ മുഖ്യദൂതനായിട്ടല്ല, കേവലം ഒരു മനുഷ്യനായിട്ടാണ് യേശു സാത്താനെ നേരിട്ടത്. യേശു സാത്താന്റെ വാദമുഖങ്ങളെ ശക്തമായി ഖണ്ഡിക്കുകയും തിരുവെഴുത്തുകൾ വളച്ചൊടിക്കാനുള്ള അവന്റെ ശ്രമത്തെ ചെറുക്കുകയും ചെയ്തു. “സാത്താനേ, ദൂരെ പോ” എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് യേശു ആ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.—മത്തായി 4:2-11.
12 പിന്നീട്, തന്റെ ശുശ്രൂഷയിലുടനീളം യേശു അങ്ങനെതന്നെ ചെയ്തു. തന്റെ പിതാവിന്റെ വചനം വളച്ചൊടിക്കാനും ദുർവ്യാഖ്യാനം ചെയ്യാനും ഉള്ള മതനേതാക്കന്മാരുടെ ശ്രമങ്ങളെ യേശു സധൈര്യം ചെറുത്തു. ഇന്നത്തെപോലെ അന്നും മതപരമായ കപടത സർവസാധാരണമായിരുന്നു. “പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് നിങ്ങൾ ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു” എന്ന് അന്നത്തെ മതനേതാക്കന്മാരോട് യേശു പറഞ്ഞു. (മർക്കോസ് 7:13) ജനത്തിൽ പലരും അവരെ വന്ദ്യരായിa വീക്ഷിച്ചിരുന്നെങ്കിലും അന്ധരായ വഴികാട്ടികളെന്നും കപടഭക്തരെന്നും അവരെ വിളിച്ചുകൊണ്ട് യേശു നിർഭയം അവരുടെ കാപട്യം തുറന്നുകാട്ടി. (മത്തായി 23:13, 16) യേശുവിന്റെ ഈ ധൈര്യം നമുക്ക് എങ്ങനെ പകർത്താം?
13. (എ) യേശുവിനെ അനുകരിക്കുമ്പോൾ നാം എന്തു മനസ്സിൽപ്പിടിക്കണം? (ബി) നമുക്ക് എന്തു പദവിയുണ്ട്?
13 യേശുവിനെപ്പോലെ ആളുകളുടെ ഹൃദയത്തിലുള്ളത് അറിയാനുള്ള കഴിവോ മറ്റുള്ളവരെ വിധിക്കാനുള്ള അധികാരമോ നമുക്കില്ല എന്ന വസ്തുത നാം മനസ്സിലാക്കുന്നു. എന്നിരുന്നാലും ധൈര്യത്തോടെ സത്യത്തിനായി നിലകൊള്ളുന്ന കാര്യത്തിൽ നമുക്ക് യേശുവിനെ അനുകരിക്കാനാകും. ഉദാഹരണത്തിന്, ദൈവത്തെയും ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും ദൈവത്തിന്റെ വചനത്തെയും കുറിച്ച് മതങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജോപദേശങ്ങൾ തുറന്നുകാട്ടാനും അങ്ങനെ സാത്താൻ അന്ധകാരത്തിലാക്കിവെച്ചിരിക്കുന്ന ഈ ലോകത്തിൽ വെളിച്ചംവീശാനും നമുക്കാകും. (മത്തായി 5:14; വെളിപാട് 12:9, 10) അതു ചെയ്യവെ, ആളുകളുടെ ഹൃദയങ്ങളിൽ ഭീതി നിറയ്ക്കുകയും ദൈവവുമായുള്ള അവരുടെ ബന്ധത്തെ അപകടത്തിലാക്കുകയും ചെയ്യുന്ന വ്യാജോപദേശങ്ങളുടെ ബന്ധനത്തിൽനിന്ന് മോചിതരാകാൻ അവരെ സഹായിക്കുകയാകും നാം. ഈ വിധത്തിൽ ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന യേശുവിന്റെ വാഗ്ദാനം നിറവേറുന്നതു നേരിട്ടു കാണാനാകുന്നത് എത്ര വലിയ പദവിയാണ്!—യോഹന്നാൻ 8:32.
യേശു നീതിയും ന്യായവും ഉയർത്തിപ്പിടിച്ചു
14, 15. (എ) യേശു ‘നീതി അറിയിച്ച’ ഒരു വിധം ഏത്? (ബി) ഏതു മുൻവിധികൾ വകവെക്കാതെയാണ് യേശു ശമര്യസ്ത്രീയോടു സംസാരിച്ചത്?
14 മിശിഹ ‘നീതി എന്താണെന്ന് ജനതകളെ അറിയിക്കും’ എന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്തായി 12:18; യശയ്യ 42:1) യേശു ഭൂമിയിലായിരുന്നപ്പോൾ അതുതന്നെയാണു ചെയ്തത്. യേശു മുഖപക്ഷമില്ലാതെ ആളുകളോട് ഇടപെട്ടു, എല്ലായ്പോഴും ന്യായം പ്രവർത്തിച്ചു. അതിനെല്ലാം നല്ല ധൈര്യം ആവശ്യമായിരുന്നു. അന്ന് പ്രബലമായിരുന്ന തിരുവെഴുത്തുവിരുദ്ധമായ മുൻവിധികളും അസഹിഷ്ണുതയും യേശുവിനെ തെല്ലും സ്വാധീനിച്ചില്ല.
15 ഒരിക്കൽ, സുഖാറിലെ കിണറ്റിൻകരയിൽവെച്ച് ഒരു ശമര്യസ്ത്രീയോട് യേശു സംസാരിക്കുന്നതു കണ്ട് ശിഷ്യന്മാർ അമ്പരന്നുപോയി. കാരണം, ജൂതന്മാർക്ക് പൊതുവേ ശമര്യക്കാരെ വെറുപ്പായിരുന്നു. വർഷങ്ങൾക്കു മുമ്പ് തുടങ്ങിയതായിരുന്നു ഈ വിദ്വേഷം. (എസ്ര 4:4) കൂടാതെ ചില റബ്ബിമാർ സ്ത്രീകളെ തരംതാണവരായിട്ടാണ് വീക്ഷിച്ചിരുന്നത്. പുരുഷന്മാർ സ്ത്രീകളോടു സംസാരിക്കുന്നതിനെ വിലക്കുന്ന നിയമങ്ങൾ റബ്ബിമാർ കൊണ്ടുവന്നിരുന്നു. ദൈവത്തിന്റെ നിയമം പഠിക്കാനുള്ള അർഹത സ്ത്രീകൾക്കില്ലെന്നും ആ നിയമങ്ങൾ സൂചിപ്പിച്ചു. അവരുടെ ദൃഷ്ടിയിൽ സ്ത്രീകൾ അശുദ്ധരായിരുന്നു, പ്രത്യേകിച്ചും ശമര്യ സ്ത്രീകൾ. അത്തരം മുൻവിധികളൊന്നും യേശുവിനെ ബാധിച്ചിരുന്നില്ല. അധാർമിക ജീവിതം നയിച്ചിരുന്ന ആ ശമര്യ സ്ത്രീയോട് യേശു പരസ്യമായി സംസാരിച്ചു; താൻ മിശിഹയാണെന്ന വസ്തുത ആ സ്ത്രീക്കു വെളിപ്പെടുത്തിക്കൊടുക്കുകപോലും ചെയ്തു.—യോഹന്നാൻ 4:5-27.
16. മുൻവിധി കാണിക്കാതിരിക്കാനുള്ള ധൈര്യം ക്രിസ്ത്യാനികൾ ആർജിച്ചെടുക്കേണ്ടത് എന്തുകൊണ്ട്?
16 കടുത്ത മുൻവിധി വെച്ചുപുലർത്തുന്നവരെ നിങ്ങൾക്ക് അറിയാമോ? വേറെ വർഗക്കാരോ ദേശക്കാരോ ആയ ആളുകളെ അവർ കളിയാക്കുന്നതു നിങ്ങൾ കേട്ടിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ അവർ എതിർലിംഗത്തിൽപ്പെട്ടവരെ തരംതാഴ്ത്തി സംസാരിക്കുന്നതോ സാമ്പത്തികമായും സാമൂഹികമായും താഴെക്കിടയിലുള്ളവരെ പുച്ഛിക്കുന്നതോ നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. എന്നാൽ ക്രിസ്തുവിന്റെ അനുഗാമികൾ അത്തരം മനോഭാവം വെച്ചുപുലർത്തുന്നില്ല. തങ്ങളുടെ ഹൃദയത്തിൽനിന്ന് മുൻവിധിയുടെ എല്ലാ കണികകളും തുടച്ചുനീക്കാൻ അവർ കഠിനശ്രമം ചെയ്യുന്നു. (പ്രവൃത്തികൾ 10:34) മുൻവിധിയോ മുഖപക്ഷമോ കൂടാതെ നീതിയും ന്യായവും പ്രവർത്തിക്കാനുള്ള ധൈര്യം നാമോരോരുത്തരും ആർജിച്ചെടുക്കണം.
17. യേശു ആലയത്തിൽ എന്തു നടപടി സ്വീകരിച്ചു, എന്തുകൊണ്ട്?
17 ദൈവജനത്തിന്റെയും സത്യാരാധനയുടെയും വിശുദ്ധി കാത്തുസൂക്ഷിക്കാൻ യേശു ശക്തമായ നടപടികൾ സ്വീകരിച്ചു. തന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ യേശു യരുശലേമിലെ ആലയത്തിൽ പ്രവേശിച്ചപ്പോൾ വ്യാപാരികളും നാണയം മാറ്റിക്കൊടുക്കുന്നവരും അവിടെ ഇടപാടുകൾ നടത്തുന്നതാണ് യേശു കണ്ടത്. അതിൽ രോഷംപൂണ്ട് യേശു ആ മനുഷ്യരെയും അവരുടെ ആടുമാടുകളെയും അവിടെനിന്ന് തുരത്തിയോടിച്ചു; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പീഠങ്ങളും യേശു മറിച്ചിട്ടു. (യോഹന്നാൻ 2:13-17) ശുശ്രൂഷയുടെ അവസാനത്തിലും യേശു സമാനമായ ഒരു നടപടി സ്വീകരിച്ചു. (മർക്കോസ് 11:15-18) ഈ പ്രവൃത്തിമൂലം അന്നത്തെ പ്രമുഖരായ പലരും യേശുവിന്റെ ശത്രുക്കളായി. പക്ഷേ അതൊന്നും യേശുവിനെ പിന്തിരിപ്പിച്ചില്ല. എന്തുകൊണ്ട്? കുട്ടിയായിരുന്നപ്പോൾമുതൽ ആ ആലയത്തെ തന്റെ പിതാവിന്റെ ഭവനം എന്നാണ് യേശു വിളിച്ചത്. അത് യേശുവിന് അങ്ങനെതന്നെയായിരുന്നു. (ലൂക്കോസ് 2:49) അതുകൊണ്ട്, ദേവാലയത്തിലെ സത്യാരാധനയെ അവ്വിധം മലിനമാക്കുന്നത് യേശുവിനു കണ്ടുനിൽക്കാനാകുമായിരുന്നില്ല. സത്യാരാധനയോടുള്ള തീക്ഷ്ണത, ആ അനീതിക്കെതിരെ പോരാടാനുള്ള ധൈര്യം യേശുവിനു നൽകി.
18. സഭയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ക്രിസ്ത്യാനികൾക്ക് ധൈര്യം കാണിക്കാനാകുന്നത് എങ്ങനെ?
18 ദൈവജനത്തിന്റെയും സത്യാരാധനയുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് ഇന്ന് യേശുവിന്റെ അനുഗാമികളും അതേ പ്രാധാന്യം നൽകുന്നു. സഹക്രിസ്ത്യാനികളിൽ ആരെങ്കിലും ഗൗരവമേറിയ ഒരു തെറ്റ് ചെയ്യുന്നതു കണ്ടാൽ അവർക്കത് കണ്ടില്ലെന്നു നടിക്കാനാവില്ല. ധൈര്യപൂർവം ആ വ്യക്തിയോട് അവർ അതെക്കുറിച്ച് സംസാരിക്കും; സഭയിലെ മൂപ്പന്മാർ അത് അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. (1 കൊരിന്ത്യർ 1:11) അങ്ങനെയാകുമ്പോൾ, ആത്മീയമായി രോഗാവസ്ഥയിലുള്ളവരെ സഹായിക്കാനും ക്രിസ്തീയ സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കാനും മൂപ്പന്മാർക്കു കഴിയും.—യാക്കോബ് 5:14, 15.
19, 20. (എ) യേശുവിന്റെ നാളിൽ ഏതെല്ലാം അനീതികൾ നിലവിലുണ്ടായിരുന്നു? (ബി) യേശുവിന് എന്ത് സമ്മർദം ഉണ്ടായി? (സി) ക്രിസ്തുവിന്റെ അനുഗാമികൾ രാഷ്ട്രീയത്തിലും അക്രമപ്രവർത്തനങ്ങളിലും ഉൾപ്പെടാത്തത് എന്തുകൊണ്ട്? (ഡി) ഇക്കാരണത്താൽ അവർ എങ്ങനെയുള്ള ഒരു ഖ്യാതി നേടിയിരിക്കുന്നു?
19 അന്ന് സമൂഹത്തിലുണ്ടായിരുന്ന എല്ലാ അനീതിക്കുമെതിരെ യേശു പോരാടിയെന്നാണോ? പല തരത്തിലുള്ള അനീതികൾ അന്ന് നിലനിന്നിരുന്നു. യേശുവിന്റെ മാതൃദേശം ഒരു വിദേശ ശക്തിയുടെ അധീനതയിലായിരുന്നു. റോമാക്കാർ ജൂതന്മാരെ പല വിധത്തിൽ അടിച്ചമർത്തി: അവരുടെ നാട്ടിൽ സൈന്യത്തെ വിന്യസിച്ചു, ഭാരിച്ച നികുതി അവരുടെമേൽ ചുമത്തി, എന്തിന് ജൂതന്മാരുടെ മതപരമായ ആചാരങ്ങളിൽപ്പോലും അവർ കൈകടത്തി. അന്നത്തെ രാഷ്ട്രീയകാര്യങ്ങളിൽ യേശു ഇടപെടാൻ ആളുകൾ ആഗ്രഹിച്ചതിൽ അത്ഭുതപ്പെടാനുണ്ടോ? (യോഹന്നാൻ 6:14, 15) ആ സമ്മർദത്തെ ചെറുക്കാനും യേശുവിന് ധൈര്യം ആവശ്യമായിരുന്നു.
20 തന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ലെന്ന് യേശു വ്യക്തമാക്കി. അന്നത്തെ രാഷ്ട്രീയ പോരാട്ടങ്ങളിൽനിന്നു വിട്ടുനിൽക്കാനും പകരം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തം മാതൃകയിലൂടെ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (യോഹന്നാൻ 17:16; 18:36) ജനക്കൂട്ടം തന്നെ പിടികൂടാൻ വന്ന അവസരത്തിൽ, നിഷ്പക്ഷരായിരിക്കേണ്ടതിന്റെ പ്രാധാന്യം യേശു തന്റെ അനുഗാമികൾക്ക് വ്യക്തമാക്കിക്കൊടുത്തു. ആ സന്ദർഭത്തിൽ പത്രോസ് രോഷാകുലനായി തന്റെ വാളെടുത്ത് ജനക്കൂട്ടത്തിൽ ഒരാളെ വെട്ടി. പത്രോസ് ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന് പലർക്കും തോന്നിയേക്കാം. രക്തച്ചൊരിച്ചിലിന് ഒരു ന്യായീകരണമുണ്ടെങ്കിൽത്തന്നെ അത് ഈ സാഹചര്യത്തിലല്ലെങ്കിൽപ്പിന്നെ മറ്റെപ്പോഴാണ്? യാതൊരു തെറ്റും ചെയ്യാത്ത ദൈവപുത്രനാണ് ആക്രമിക്കപ്പെടുന്നത്! എന്നാൽ യേശുവിന്റെ വീക്ഷണം എന്തായിരുന്നു? “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും” എന്നാണ് യേശു പറഞ്ഞത്. (മത്തായി 26:51-54) എക്കാലത്തും ക്രിസ്ത്യാനികൾ അനുവർത്തിക്കേണ്ട ഒരു തത്ത്വമാണ് യേശു ഇവിടെ സ്പഷ്ടമാക്കിയത്. യേശുവിന്റെ ആദ്യകാല അനുഗാമികളെ സംബന്ധിച്ചിടത്തോളം, അന്നത്തെ അവസ്ഥയിൽ സമാധാനപരമായൊരു നിലപാട് കൈക്കൊള്ളുന്നതിന് ധൈര്യം ആവശ്യമായിരുന്നു. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. യുദ്ധങ്ങളുടെയും കൂട്ടക്കുരുതികളുടെയും കലാപങ്ങളുടെയും സമയങ്ങളിൽ ക്രിസ്തീയ നിഷ്പക്ഷത കാത്തുസൂക്ഷിച്ചതിനാൽ ദൈവജനത്തിന്റെ കൈകളിൽ രക്തക്കറ പുരണ്ടിട്ടില്ലെന്ന് ഏവരും സമ്മതിക്കും. ഇത് അവരുടെ ധീരതയ്ക്കുള്ള ഒരു സാക്ഷ്യപത്രമാണ്.
യേശു ധീരതയോടെ എതിർപ്പുകളെ നേരിട്ടു
21, 22. (എ) ജീവിതത്തിലെ ഏറ്റവും കഠിനമായ പരിശോധന നേരിടുന്നതിനുമുമ്പ് യേശുവിന് എന്തു സഹായം ലഭിച്ചു? (ബി) അവസാനംവരെ യേശു ധൈര്യം കാത്തുസൂക്ഷിച്ചത് എങ്ങനെ?
21 ഭൂമിയിൽ തനിക്ക് കടുത്ത എതിർപ്പുകൾ നേരിടേണ്ടിവരുമെന്ന് യഹോവയുടെ പുത്രന് നേരത്തേതന്നെ അറിയാമായിരുന്നു. (യശയ്യ 50:4-7) പലപ്പോഴും യേശുവിന്റെ ജീവനു ഭീഷണി നേരിട്ടു. അതിൽ അവസാനത്തേതാണ് ഈ അധ്യായത്തിന്റെ തുടക്കത്തിൽ വിവരിച്ചത്. അത്തരം സാഹചര്യങ്ങളിൽ ധൈര്യം കൈവിടാതിരിക്കാൻ യേശുവിനു കഴിഞ്ഞത് എങ്ങനെയാണ്? തന്നെ പിടികൂടാൻ ജനക്കൂട്ടം എത്തുന്നതിനുമുമ്പ് യേശു എന്തു ചെയ്യുകയായിരുന്നെന്നു ചിന്തിക്കുക. യേശു യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുകയായിരുന്നു. യേശുവിന്റെ ആ പ്രാർഥന “ദൈവം കേട്ടു.” (എബ്രായർ 5:7) ഏതു വിധത്തിൽ? ധീരനായ തന്റെ പുത്രനെ ശക്തിപ്പെടുത്താൻ യഹോവ തന്റെ ദൂതനെ സ്വർഗത്തിൽനിന്ന് അയച്ചു.—ലൂക്കോസ് 22:42, 43.
22 കുറച്ചുകഴിഞ്ഞപ്പോൾത്തന്നെ യേശു അപ്പോസ്തലന്മാരോട്, “എഴുന്നേൽക്ക്, നമുക്കു പോകാം” എന്നു പറഞ്ഞു. (മത്തായി 26:46) ആ വാക്കുകളിൽ നിഴലിക്കുന്ന ധൈര്യത്തെക്കുറിച്ച് ചിന്തിക്കുക. “നമുക്കു പോകാം” എന്ന് യേശു പറഞ്ഞപ്പോൾ തന്റെ സുഹൃത്തുക്കളെ വിട്ടയയ്ക്കാൻ ജനക്കൂട്ടത്തോടു താൻ പറയുമെന്നും തന്റെ ആ സുഹൃത്തുക്കളെല്ലാം തന്നെ ഉപേക്ഷിച്ചുപോകുമെന്നും തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ആ പരിശോധന തനിക്ക് ഒറ്റയ്ക്കു നേരിടേണ്ടിവരുമെന്നുമെല്ലാം യേശുവിന് അറിയാമായിരുന്നു. അതെ, അന്യായമായ വിചാരണയും പരിഹാസവും പീഡനവും വേദനാകരമായ മരണവും യേശു തനിയെ നേരിട്ടു. എന്നാൽ ഈ അവസരങ്ങളിലൊന്നും യേശുവിന്റെ ധൈര്യം ചോർന്നുപോയില്ല.
23. യേശു പ്രശ്നങ്ങളിലേക്ക് എടുത്തുചാടുകയായിരുന്നില്ല എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
23 യേശു പ്രശ്നങ്ങളിലേക്ക് എടുത്തുചാടുകയായിരുന്നോ? ഒരിക്കലുമല്ല! പ്രശ്നങ്ങളിലേക്ക് എടുത്തുചാടുന്നത് ധൈര്യത്തിന്റെ തെളിവാണെന്ന് പറയാനാവില്ല. വാസ്തവത്തിൽ ജാഗ്രതയുള്ളവരായിരിക്കാനും അപകടസൂചന ലഭിച്ചാൽ അവിടെനിന്ന് ഒഴിഞ്ഞുമാറാനുമാണ് യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. (മത്തായി 4:12; 10:16) അങ്ങനെയാകുമ്പോൾ ദൈവസേവനത്തിൽ തുടരാൻ അവർക്കു കഴിയുമായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ യേശുവിന് ഒഴിഞ്ഞുമാറാനാകുമായിരുന്നില്ല. ദൈവഹിതം എന്താണെന്ന് യേശുവിന് നന്നായി അറിയാമായിരുന്നു. നിർമലത കൈവിടാതിരിക്കാൻ യേശു ദൃഢചിത്തനായിരുന്നു. അതിനാൽ പരിശോധന നേരിട്ടുകൊണ്ട് മുമ്പോട്ടുപോകുക മാത്രമായിരുന്നു യേശുവിന്റെ മുമ്പിലുണ്ടായിരുന്ന വഴി.
യഹോവയുടെ സാക്ഷികൾ ധൈര്യത്തോടെ പീഡനങ്ങൾ നേരിട്ടിരിക്കുന്നു
24. ഏതു പരിശോധനയെയും നമുക്ക് ധൈര്യസമേതം നേരിടാനാകും എന്നു പറയുന്നത് എന്തുകൊണ്ട്?
24 യേശുവിന്റെ അനുഗാമികൾ ധൈര്യസമേതം യേശുവിന്റെ കാൽച്ചുവടുകൾ പിൻചെന്നിരിക്കുന്നു! അവരിൽ പലരും പരിഹാസം, പീഡനം, അറസ്റ്റ്, ജയിൽശിക്ഷ, ഉപദ്രവം എന്നുവേണ്ട മരണംപോലും സധൈര്യം നേരിട്ടിട്ടുണ്ട്. അപൂർണ മനുഷ്യർക്ക് ഈ ധൈര്യം ലഭിച്ചത് എവിടെനിന്നാണ്? അവർക്ക് അത് തനിയെ ഉണ്ടായതല്ല. യേശുവിനു ലഭിച്ചതുപോലെ ദൈവത്തിൽനിന്നാണ് അവർക്ക് ആ ധൈര്യം ലഭിച്ചിട്ടുള്ളത്. (ഫിലിപ്പിയർ 4:13) അതുകൊണ്ട് ഭാവിയെക്കുറിച്ച് നാം ഭയപ്പെടേണ്ടതില്ല. നിർമലത കൈവിടാതിരിക്കാൻ ദൃഢചിത്തരായിരിക്കുക; ആവശ്യമായ ധൈര്യം യഹോവ തന്നുകൊള്ളും. “ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്നു പറഞ്ഞ നമ്മുടെ നായകനായ യേശുവിന്റെ മാതൃകയിൽനിന്ന് നമുക്ക് ധൈര്യം ആർജിക്കാം.—യോഹന്നാൻ 16:33
a പ്രവാചകന്മാരുടെയും ഗോത്രപിതാക്കന്മാരുടെയും ശവകുടീരങ്ങൾപോലെതന്നെ ആളുകൾ റബ്ബിമാരുടെ കല്ലറകളും പൂജനീയമായി കരുതിയിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.