-
ബൈബിൾസത്യം മറനീക്കിയെടുത്തത് എങ്ങനെ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 3
ബൈബിൾസത്യം മറനീക്കിയെടുത്തത് എങ്ങനെ?
ബൈബിൾവിദ്യാർഥികൾ, 1870-കളിൽ
വീക്ഷാഗോപുരത്തിന്റെ ഒന്നാം ലക്കം, 1879
വീക്ഷാഗോപുരം ഇന്ന്
ക്രിസ്തുവിന്റെ മരണശേഷം ആദിമക്രിസ്ത്യാനികളുടെ ഇടയിൽനിന്ന് വ്യാജോപദേഷ്ടാക്കൾ എഴുന്നേൽക്കുമെന്നും അവർ ബൈബിൾസത്യത്തെ ദുഷിപ്പിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (പ്രവൃത്തികൾ 20:29, 30) ക്രമേണ, അതുതന്നെയാണു സംഭവിച്ചതും. അവർ യേശുവിന്റെ ഉപദേശങ്ങളെ മറ്റു മതങ്ങളുടെ പഠിപ്പിക്കലുകളുമായി കൂട്ടിക്കുഴച്ചു. അങ്ങനെ വ്യാജക്രിസ്ത്യാനിത്വം ഉടലെടുത്തു. (2 തിമൊഥെയൊസ് 4:3, 4) ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്നു നമ്മൾ മനസ്സിലാക്കിയിരിക്കുന്നതെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം?
സത്യം വെളിപ്പെടുത്താനുള്ള യഹോവയുടെ സമയം വന്നു. ‘അവസാനകാലത്ത്’ സത്യത്തെക്കുറിച്ചുള്ള “ശരിയായ അറിവ് സമൃദ്ധമാകും” എന്നു ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ദാനിയേൽ 12:4) ക്രൈസ്തവസഭ പഠിപ്പിക്കുന്ന പലതും ബൈബിളിലുള്ളതല്ലെന്ന് 1870-ൽ സത്യാന്വേഷികളുടെ ഒരു ചെറിയ കൂട്ടം തിരിച്ചറിഞ്ഞു. അതുകൊണ്ട് ബൈബിൾ ശരിക്കും എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ അവർ അന്വേഷണം ആരംഭിച്ചു; അതിന് യഹോവ അവരെ സഹായിക്കുകയും ചെയ്തു.
ആത്മാർഥഹൃദയമുള്ളവർ ശ്രദ്ധയോടെ ബൈബിൾ പഠിച്ചു. ഞങ്ങളുടെ മുൻഗാമികളായ ആ ബൈബിൾവിദ്യാർഥികളുടെ അതേ പഠനരീതിയാണ് ഇന്നു ഞങ്ങളും പിൻപറ്റിപ്പോരുന്നത്. ഉത്സാഹികളായ അവർ ബൈബിൾ വിഷയംവിഷയമായി ചർച്ച ചെയ്തു. ഏതെങ്കിലും ബൈബിൾഭാഗം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി കണ്ടാൽ, അതെക്കുറിച്ച് വിശദീകരിക്കുന്ന മറ്റു ബൈബിൾഭാഗങ്ങൾ അവർ പരിശോധിക്കും. ബൈബിളിന്റെ മറ്റു ഭാഗങ്ങളുമായി യോജിക്കുന്ന ഒരു നിഗമനത്തിൽ എത്തിച്ചേരുമ്പോൾ അതു കുറിച്ചുവെക്കും. ഇങ്ങനെ, ബൈബിളിനെ വ്യാഖ്യാനിക്കാൻ ബൈബിളിനെത്തന്നെ അനുവദിക്കുകവഴി ദൈവത്തിന്റെ പേര്, ദൈവരാജ്യം, മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാനപ്രത്യാശ എന്നിവയെക്കുറിച്ചുള്ള സത്യം അവർ മറനീക്കിയെടുത്തു. അവരുടെ ഈ അന്വേഷണം പല വ്യാജവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിടിയിൽനിന്ന് അവരെ സ്വതന്ത്രരാക്കി.—യോഹന്നാൻ 8:31, 32.
ബൈബിളിലെ സത്യം ലോകമെങ്ങും അറിയിക്കേണ്ട സമയമായെന്ന് 1879 ആയപ്പോഴേക്കും ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കി. അതുകൊണ്ട് അവർ ആ വർഷം വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി; അത് ഇന്നോളം ഞങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. 240 ദേശങ്ങളിലും 750-ലധികം ഭാഷകളിലും ആയി ഞങ്ങൾ ഇന്നു ബൈബിൾസത്യം മറ്റുള്ളവരെ അറിയിക്കുന്നു. സത്യത്തെക്കുറിച്ചുള്ള അറിവ് ഇത്ര സമൃദ്ധമായി മുമ്പ് ഒരിക്കലും ലഭ്യമായിരുന്നിട്ടില്ല.
ക്രിസ്തുവിന്റെ മരണശേഷം ബൈബിൾസത്യത്തിന് എന്തു സംഭവിച്ചു?
ദൈവവചനത്തിലെ സത്യം മറനീക്കിയെടുക്കാൻ ഞങ്ങൾക്കു സാധിച്ചത് എങ്ങനെ?
-
-
ഞങ്ങൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 4
ഞങ്ങൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട്?
കോംഗോ (കിൻഷാസ)
റുവാണ്ട
സങ്കീർത്തനം 69:31-ൽ ദൈവത്തിന്റെ പേരുള്ള സിമ്മാക്കസ് ശകലം (എ.ഡി. മൂന്നോ നാലോ നൂറ്റാണ്ട്)
യഹോവയുടെ സാക്ഷികൾ വർഷങ്ങളോളം പല ബൈബിൾഭാഷാന്തരങ്ങൾ ഉപയോഗിക്കുകയും അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ‘സത്യത്തിന്റെ ശരിയായ അറിവിൽ’ എത്തിച്ചേരാൻ ആളുകളെ കുറെക്കൂടി നന്നായി സഹായിക്കുന്നതിന് ഒരു പുതിയ ബൈബിൾഭാഷാന്തരം പുറത്തിറക്കേണ്ടതുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി; എല്ലാ തരം ആളുകളും സത്യത്തിന്റെ ശരിയായ അറിവ് നേടണം എന്നതാണല്ലോ ദൈവത്തിന്റെ ഇഷ്ടം. (1 തിമൊഥെയൊസ് 2:3, 4) അങ്ങനെ 1950-ൽ ഞങ്ങൾ ആധുനിക ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം പല ഭാഗങ്ങളായി പുറത്തിറക്കാൻതുടങ്ങി. ഈ ബൈബിൾ കൃത്യതയോടെ വിശ്വസ്തമായി 130-ലധികം ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
എളുപ്പം വായിച്ച് മനസ്സിലാക്കാവുന്ന ഒരു ബൈബിൾ വേണ്ടിയിരുന്നു. കാലം കഴിയുന്തോറും ഭാഷകൾക്കു മാറ്റം വരും. പല ബൈബിൾപരിഭാഷകളിലെയും അവ്യക്തമായ പഴയ പദപ്രയോഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. കൂടാതെ, മൂലപാഠത്തോടു കൂടുതൽ പറ്റിനിൽക്കുന്ന, ഏറെ കൃത്യതയുള്ള പുരാതനകൈയെഴുത്തുപ്രതികൾ കണ്ടെത്തുകയും ചെയ്തു. ബൈബിൾക്കാലങ്ങളിലെ എബ്രായ, അരമായ, ഗ്രീക്ക് എന്നീ ഭാഷകൾ മെച്ചമായി മനസ്സിലാക്കാൻ അതു സഹായിച്ചു.
ദൈവത്തിന്റെ മൊഴികളോടു വിശ്വസ്തത പുലർത്തുന്ന ഒരു പരിഭാഷ വേണമായിരുന്നു. ദൈവപ്രചോദിതമായി എഴുതിയ വചനങ്ങളിൽ ബൈബിൾപരിഭാഷകർ കൈകടത്താൻ പാടില്ല. അവർ ബൈബിളിന്റെ മൂലപാഠത്തോടു വിശ്വസ്തമായി പറ്റിനിൽക്കേണ്ടതുണ്ട്. എന്നാൽ വിശുദ്ധ തിരുവെഴുത്തുകളുടെ മിക്ക ഭാഷാന്തരങ്ങളിലും യഹോവ എന്ന ദിവ്യനാമം ഉപയോഗിച്ചിട്ടില്ല.
ബൈബിളിന്റെ ഗ്രന്ഥകർത്താവിനു ബഹുമതി നൽകുന്ന ഒരു പരിഭാഷ വേണമായിരുന്നു. (2 ശമൂവേൽ 23:2) താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, ബൈബിളിന്റെ ഏറ്റവും പുരാതനകൈയെഴുത്തുപ്രതികളിൽ 7,000-ത്തോളം തവണ യഹോവയുടെ പേര് കാണാം. പുതിയ ലോക ഭാഷാന്തരത്തിൽ അതേ സ്ഥാനങ്ങളിൽ ദൈവത്തിന്റെ പേര് ഉപയോഗിച്ചിട്ടുണ്ട്. (സങ്കീർത്തനം 83:18) വർഷങ്ങളോളം ശ്രദ്ധാപൂർവം ഗവേഷണം നടത്തി തയ്യാറാക്കിയ ഈ ബൈബിളിൽ ദൈവത്തിന്റെ ചിന്തകൾ അതേപടി പകർത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതു വായിക്കാൻ രസമാണ്. നിങ്ങളുടെ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം ഉണ്ടെങ്കിലും ഇല്ലെങ്കിലും യഹോവയുടെ വചനം ദിവസവും വായിക്കുന്നതു ശീലമാക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—യോശുവ 1:8; സങ്കീർത്തനം 1:2, 3.
ഒരു പുതിയ ബൈബിൾഭാഷാന്തരം ആവശ്യമാണെന്നു ഞങ്ങൾ ചിന്തിക്കാൻ കാരണം എന്താണ്?
ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഏതു ശീലമുണ്ടായിരിക്കണം?
-