-
യോഗങ്ങൾക്കുവേണ്ടി ഞങ്ങൾ ഇത്ര നന്നായി വസ്ത്രധാരണം ചെയ്യുന്നത് എന്തുകൊണ്ടാണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 8
യോഗങ്ങൾക്കുവേണ്ടി ഞങ്ങൾ ഇത്ര നന്നായി വസ്ത്രധാരണം ചെയ്യുന്നത് എന്തുകൊണ്ടാണ്?
ഐസ്ലാൻഡ്
മെക്സിക്കോ
ഗിനി-ബിസോ
ഫിലിപ്പീൻസ്
സഭായോഗങ്ങൾക്കു വരുമ്പോൾ യഹോവയുടെ സാക്ഷികൾ എങ്ങനെയുള്ള വസ്ത്രമാണു ധരിക്കുന്നതെന്ന് ഈ പത്രികയിലെ ചിത്രങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചോ? ഏതു തരം വസ്ത്രം ധരിക്കുന്നു, എങ്ങനെ ഒരുങ്ങുന്നു എന്നതിനെല്ലാം ഞങ്ങൾ ഇത്ര ശ്രദ്ധ കൊടുക്കുന്നത് എന്തുകൊണ്ടാണ്?
ഞങ്ങളുടെ ദൈവത്തെ ആദരിക്കുന്നതിനായി. കാഴ്ചയ്ക്ക് എങ്ങനെയാണെന്നു നോക്കിയല്ല ദൈവം നമ്മളെ വിലയിരുത്തുന്നത് എന്നതു ശരിയാണ്. (1 ശമൂവേൽ 16:7) പക്ഷേ, ആരാധനയ്ക്കു കൂടിവരുമ്പോൾ ദൈവത്തോടും സഹാരാധകരോടും ആദരവ് കാണിക്കാൻ ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സഭായോഗങ്ങൾക്കു വരുമ്പോൾ ഞങ്ങൾ നന്നായി വസ്ത്രധാരണം ചെയ്യുന്നത്. ഒരു ഉദാഹരണം ചിന്തിക്കുക. കോടതിയിൽ ഒരു ന്യായാധിപന്റെ മുമ്പാകെ ഹാജരാകേണ്ട സാഹചര്യം നമുക്കു വരുന്നെന്നിരിക്കട്ടെ. അദ്ദേഹത്തിന്റെ സ്ഥാനത്തെ ആദരിക്കുന്നതുകൊണ്ടുതന്നെ, അലസമോ മാന്യമല്ലാത്തതോ ആയ വസ്ത്രം ധരിച്ചുകൊണ്ട് ഒരിക്കലും നമ്മൾ അവിടെ ചെല്ലില്ല. അതുപോലെ ‘സർവഭൂമിയുടെയും ന്യായാധിപനായ’ യഹോവയോടും ദൈവത്തെ ആരാധിക്കാൻ കൂടിവരുന്ന സ്ഥലത്തോടും ഉള്ള ആദരവ്, വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നല്ല ശ്രദ്ധയുള്ളവരായിരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.—ഉൽപത്തി 18:25.
ഞങ്ങളെ നയിക്കുന്ന മൂല്യങ്ങൾക്കു തെളിവ് നൽകാനായി. “മാന്യമായി, സുബോധത്തോടെ” വസ്ത്രം ധരിക്കാൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 2:9, 10) “മാന്യമായി” വസ്ത്രം ധരിക്കുക എന്നാൽ എന്താണ് അർഥം? പകിട്ടേറിയതോ മറ്റുള്ളവരിൽ അനുചിതമായ വികാരങ്ങൾ ഉണർത്തുന്നതോ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ആയ വേഷം ധരിച്ചുകൊണ്ട് ആളുകളുടെ ശ്രദ്ധ ആകർഷിക്കാതിരിക്കുക എന്നാണ്. “സുബോധത്തോടെ” വസ്ത്രധാരണം ചെയ്യുക എന്നതിന്റെ അർഥമോ? അലസമോ അതിരുകടന്നതോ ആയ വേഷവിധാനങ്ങൾക്കു പകരം മാന്യമായി വസ്ത്രം ധരിക്കുക എന്നാണ്. മേൽപ്പറഞ്ഞ തത്ത്വങ്ങൾ അനുസരിക്കുമ്പോൾത്തന്നെ ഓരോരുത്തർക്കും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ആകർഷകവും ഇണങ്ങുന്നതും ആയ വിവിധ തരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനാകും. ഈ വിധത്തിലുള്ള മാന്യമായ വസ്ത്രധാരണം, “നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പഠിപ്പിക്കലിന് എല്ലാ വിധത്തിലും ഒരു അലങ്കാരമാ”കുകയും “ദൈവത്തെ മഹത്ത്വപ്പെടുത്തുകയും” ചെയ്യും. (തീത്തൊസ് 2:10; 1 പത്രോസ് 2:12) യോഗങ്ങൾക്കു ഞങ്ങൾ ഇങ്ങനെ നന്നായി വസ്ത്രധാരണം ചെയ്ത് വരുന്നത് യഹോവയുടെ സത്യാരാധനയെ മറ്റുള്ളവർ മതിപ്പോടെ വീക്ഷിക്കാൻ ഇടയാക്കുന്നു.
ധരിക്കാൻ നല്ല വസ്ത്രമൊന്നും ഇല്ലല്ലോ എന്നോർത്ത് യോഗങ്ങൾക്കു വരാതിരിക്കേണ്ടാ. നമ്മുടെ വസ്ത്രങ്ങൾ വിലകൂടിയതോ മോടിയേറിയതോ ആയിരിക്കണമെന്നില്ല; മാന്യവും വൃത്തിയുള്ളതും ആയിരുന്നാൽ മതി.
ആരാധനയ്ക്കു കൂടിവരുമ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്യേണ്ടത് എന്തുകൊണ്ട്?
ഏതു തരം വസ്ത്രം ധരിക്കുന്നു, എങ്ങനെ ഒരുങ്ങുന്നു തുടങ്ങിയ കാര്യങ്ങളിൽ നമ്മളെ നയിക്കേണ്ട തത്ത്വങ്ങൾ ഏവ?
-
-
യോഗങ്ങൾക്കുവേണ്ടി എങ്ങനെ തയ്യാറാകാം?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 9
യോഗങ്ങൾക്കുവേണ്ടി എങ്ങനെ തയ്യാറാകാം?
കമ്പോഡിയ
യുക്രെയിൻ
യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ ഒരുപക്ഷേ പഠിക്കാനുള്ള ഭാഗം നിങ്ങൾ നേരത്തേതന്നെ പഠിച്ചുവെക്കും. യോഗങ്ങൾക്കു പോകുന്നതിനു മുമ്പും ഇതുപോലെ പഠിക്കുന്നതു നല്ലതാണ്. ഇങ്ങനെ ഒരു ശീലം വളർത്തിയെടുക്കുന്നതുകൊണ്ട് ഒരുപാടു പ്രയോജനങ്ങളുണ്ട്.
എപ്പോൾ, എവിടെവെച്ചു പഠിക്കണമെന്നു തീരുമാനിക്കുക. നിങ്ങളുടെ മനസ്സ് ഏകാഗ്രമായിരിക്കുന്നത് എപ്പോഴാണ്? അതിരാവിലെ ജോലിയൊക്കെ തുടങ്ങുന്നതിനു മുമ്പോ അതോ രാത്രി കുട്ടികൾ ഉറങ്ങിയതിനു ശേഷമോ? ഒരുപാടു സമയം പഠിക്കാൻവേണ്ടി മാറ്റിവെക്കാൻ നിങ്ങൾക്കു കഴിയില്ലായിരിക്കും. പക്ഷേ, അതിനുവേണ്ടി കുറച്ച് സമയമെങ്കിലും മാറ്റിവെക്കുക. ആ സമയത്ത് മറ്റൊന്നും ചെയ്യരുത്. ശാന്തമായ ഒരിടമാണു പഠനത്തിനു നല്ലത്. ശ്രദ്ധ പതറാതിരിക്കാൻ റേഡിയോയും ടിവിയും മൊബൈൽ ഫോണും എല്ലാം ഓഫ് ചെയ്യുക. പഠിക്കുന്നതിനു മുമ്പ് പ്രാർഥിക്കുക. അപ്പോൾ ഉത്കണ്ഠകളൊന്നും ഇല്ലാതെ മനസ്സ് ശാന്തമാകും; ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.—ഫിലിപ്പിയർ 4:6, 7.
മുഖ്യാശയങ്ങൾ അടയാളപ്പെടുത്തുക, ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാകുക. പഠനഭാഗം മൊത്തത്തിൽ ഏതു വിഷയത്തെക്കുറിച്ചാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ലേഖനത്തിന്റെ അല്ലെങ്കിൽ അധ്യായത്തിന്റെ തലക്കെട്ടിനെക്കുറിച്ച് ചിന്തിക്കുക; ഓരോ ഉപതലക്കെട്ടും പ്രധാനവിഷയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക; ചിത്രങ്ങളും മുഖ്യാശയങ്ങൾ എടുത്തുകാണിക്കുന്ന അവലോകനചോദ്യങ്ങളും പരിശോധിക്കുക. അതിനു ശേഷം ഓരോ ഖണ്ഡികയും വായിച്ച്, കൊടുത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. ഉദ്ധരിച്ചിട്ടില്ലാത്ത ബൈബിൾവാക്യങ്ങൾ എടുത്തുനോക്കി അവ വിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു ചിന്തിക്കുക. (പ്രവൃത്തികൾ 17:11) ഉത്തരം കണ്ടുപിടിച്ചുകഴിഞ്ഞാൽ പ്രധാന വാക്കോ വാക്കുകളോ അടയാളപ്പെടുത്തുക. പിന്നീട് ഉത്തരങ്ങൾ ഓർത്തെടുക്കാൻ ഇതു സഹായിക്കും. തുടർന്ന് സഭായോഗത്തിന്റെ സമയത്ത്, ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് കൈ പൊക്കി ഉത്തരം പറയാവുന്നതാണ്. സ്വന്തം വാചകത്തിൽ, ചെറിയ ഉത്തരങ്ങൾ പറയുന്നതായിരിക്കും നല്ലത്.
യോഗങ്ങളിൽ ചർച്ച ചെയ്യുന്ന വ്യത്യസ്തവിഷയങ്ങൾ ഓരോ ആഴ്ചയും ഇങ്ങനെ പഠിക്കുന്നെങ്കിൽ, ബൈബിളിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വർധിക്കും. അങ്ങനെ ‘അമൂല്യവസ്തുക്കളുടെ ശേഖരത്തിലേക്ക്’ പുതിയ ചില ആശയങ്ങൾകൂടി ചേർക്കാൻ നിങ്ങൾക്കു കഴിയും.—മത്തായി 13:51, 52.
യോഗങ്ങൾക്കുവേണ്ടി പഠിക്കുന്ന ശീലം വളർത്തിയെടുക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയാൻ എങ്ങനെ ഒരുങ്ങാം?
-
-
എന്താണ് കുടുംബാരാധന?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 10
എന്താണ് കുടുംബാരാധന?
ദക്ഷിണ കൊറിയ
ബ്രസീൽ
ഓസ്ട്രേലിയ
ഗിനി
കുടുംബത്തിന്റെ ആത്മീയത ശക്തമാക്കാനും കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാനും വേണ്ടി കുടുംബം ഒരുമിച്ചു സമയം ചെലവഴിക്കണമെന്നു പുരാതനകാലം മുതലേ യഹോവ ആഗ്രഹിച്ചിരുന്നു. (ആവർത്തനം 6:6, 7) അതുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ ആഴ്ചയിൽ ഒരിക്കൽ ഒരു നിശ്ചിതസമയം കുടുംബം ഒത്തൊരുമിച്ചുള്ള ആരാധനയ്ക്കുവേണ്ടി നീക്കിവെക്കുന്നത്. അങ്ങനെ ഓരോ കുടുംബാംഗത്തിന്റെയും പ്രശ്നങ്ങൾ വിലയിരുത്തി ദൈവവചനത്തിൽനിന്നുള്ള പ്രായോഗികമായ പോംവഴികൾ, പിരിമുറുക്കമില്ലാത്ത ഒരു അന്തരീക്ഷത്തിൽ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാനാകുന്നു. നിങ്ങൾ ഒറ്റയ്ക്കാണു താമസിക്കുന്നതെങ്കിൽപ്പോലും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച് ബൈബിളിനെ അടിസ്ഥാനമാക്കി പഠിച്ചുകൊണ്ട് ദൈവത്തോടൊത്ത് സമയം ചെലവഴിക്കാൻ നിങ്ങൾക്കു കഴിയും.
യഹോവയോടു കൂടുതൽ അടുക്കാനുള്ള ഒരു സമയം. “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 4:8) യഹോവയുടെ വ്യക്തിത്വത്തെയും പ്രവൃത്തികളെയും കുറിച്ചുള്ള വിശദാംശങ്ങൾ ബൈബിളിൽനിന്ന് മനസ്സിലാക്കുമ്പോൾ ആ ദൈവത്തെ അടുത്ത് അറിയാൻ നമുക്കു കഴിയും. ഒരുമിച്ചിരുന്ന് ബൈബിൾ വായിച്ചുകൊണ്ട് കുടുംബാരാധന തുടങ്ങാവുന്നതാണ്. ജീവിത-സേവന യോഗത്തിനുവേണ്ടി ഓരോ ആഴ്ചയും വായിക്കാൻ തന്നിരിക്കുന്ന ബൈബിൾഭാഗം വായിക്കാവുന്നതാണ്. വായിക്കാനുള്ള ഭാഗം കുടുംബത്തിലെ ഓരോ അംഗത്തിനും വീതിച്ച് കൊടുക്കാം. തുടർന്ന്, ആ ഭാഗത്തുനിന്ന് പഠിച്ച കാര്യങ്ങൾ എല്ലാവർക്കുംകൂടി ചർച്ച ചെയ്യാം.
കുടുംബാംഗങ്ങൾ തമ്മിൽ കൂടുതൽ അടുക്കാനുള്ള ഒരു സമയം. കുടുംബം ഒരുമിച്ച് ബൈബിൾ പഠിക്കുമ്പോൾ ഭാര്യാഭർത്താക്കന്മാർ തമ്മിലും മാതാപിതാക്കളും കുട്ടികളും തമ്മിലും ഉള്ള ബന്ധം കൂടുതൽ ശക്തമാകും. കുടുംബാംഗങ്ങളെല്ലാം ആകാംക്ഷയോടെ നോക്കിയിരിക്കുന്ന, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വേളയായിരിക്കണം അത്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പ്രായോഗികമായ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വീക്ഷാഗോപുരത്തിലെയോ ഉണരുക!-യിലെയോ പംക്തികളോ jw.org വെബ്സൈറ്റിൽനിന്നുള്ള വിവരങ്ങളോ അതിനുവേണ്ടി ഉപയോഗിക്കാം. സ്കൂളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ JW പ്രക്ഷേപണത്തിൽ (tv.jw.org) വന്ന ഏതെങ്കിലും പരിപാടി കാണാം. യോഗങ്ങളിൽ പാടാനുള്ള പാട്ട് പാടി പരിശീലിക്കുന്നതും കുടുംബാരാധന കൂടുതൽ രസകരമാക്കും. കുടുംബാരാധനയ്ക്കു ശേഷം അൽപ്പം ലഘുഭക്ഷണവുമാകാം.
യഹോവയെ ആരാധിക്കാൻ എല്ലാ ആഴ്ചയും കുടുംബം ഒരുമിച്ച് ഇങ്ങനെ സമയം ചെലവഴിക്കുമ്പോൾ, ദൈവവചനം വായിക്കുന്നതും പഠിക്കുന്നതും ആനന്ദം പകരുന്ന ഒരു അനുഭവമായിത്തീരും. നിങ്ങളുടെ ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും.—സങ്കീർത്തനം 1:1-3.
യഹോവയുടെ സാക്ഷികൾ കുടുംബാരാധനയ്ക്കുവേണ്ടി സമയം നീക്കിവെക്കുന്നത് എന്തുകൊണ്ടാണ്?
കുടുംബാരാധന എല്ലാവരും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?
-