-
ഞങ്ങൾ സമ്മേളനങ്ങൾ നടത്തുന്നത് എന്തുകൊണ്ട്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 11
ഞങ്ങൾ സമ്മേളനങ്ങൾ നടത്തുന്നത് എന്തുകൊണ്ട്?
മെക്സിക്കോ
ജർമനി
ബോട്സ്വാന
നിക്കരാഗ്വ
ഇറ്റലി
ഈ ആളുകൾ ഇത്ര സന്തോഷമുള്ളവരായിരിക്കുന്നത് എന്തുകൊണ്ടാണ്? ഞങ്ങളുടെ ഒരു സമ്മേളനത്തിൽ പരിപാടികൾ ആസ്വദിക്കുകയാണ് ഇവർ. വർഷത്തിൽ മൂന്നു തവണ വലിയ കൂട്ടങ്ങളായി കൂടിവരാൻ പുരാതന കാലത്തെ തന്റെ ജനത്തോടു ദൈവം ആവശ്യപ്പെട്ടിരുന്നു. (ആവർത്തനം 16:16) അവരെപ്പോലെ വലിയ കൂട്ടങ്ങളായി ഒന്നിച്ചുകൂടാൻ ഞങ്ങളും താത്പര്യത്തോടെ കാത്തിരിക്കുന്നു. ഓരോ വർഷവും ഞങ്ങൾക്ക് മൂന്നു സമ്മേളനമുണ്ട്: ഓരോ ദിവസം വീതമുള്ള രണ്ടു സർക്കിട്ട് സമ്മേളനവും, മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേഖലാ കൺവെൻഷനും. ഈ സമ്മേളനങ്ങളിൽനിന്ന് ഞങ്ങൾക്കു ലഭിക്കുന്ന പ്രയോജനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?
ഞങ്ങളുടെ ക്രിസ്തീയസാഹോദര്യം ബലിഷ്ഠമാക്കുന്നു. “സമ്മേളനങ്ങളിൽ” യഹോവയെ സ്തുതിക്കുന്നത് ഇസ്രായേല്യർക്കു സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു; ഞങ്ങൾക്കും അത് അങ്ങനെതന്നെയാണ്. (സങ്കീർത്തനം 26:12, അടിക്കുറിപ്പ്; 111:1) മറ്റു സഭകളിൽനിന്നു മാത്രമല്ല, മറ്റു ദേശങ്ങളിൽനിന്നുപോലുമുള്ള യഹോവയുടെ സാക്ഷികളെ കാണാനും അവരോടു സഹവസിക്കാനും ഉള്ള നല്ല അവസരങ്ങളാണ് ഈ സമ്മേളനങ്ങൾ. ഉച്ചയ്ക്ക് സഹവിശ്വാസികളുടെകൂടെ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും ഒരു സന്തോഷമാണ്; അതു സമ്മേളനങ്ങളിലെ സന്തോഷം ഒന്നുകൂടി കൂട്ടുന്നു. (പ്രവൃത്തികൾ 2:42) ലോകമെമ്പാടുമുള്ള ഞങ്ങളുടെ “സഹോദരസമൂഹത്തെ” ഒറ്റക്കെട്ടാക്കി നിറുത്തുന്ന ക്രിസ്തീയസ്നേഹം നേരിട്ട് അനുഭവിച്ചറിയാനുള്ള ഒരു അവസരംകൂടെയാണ് ഈ സമ്മേളനങ്ങൾ.—1 പത്രോസ് 2:17.
ആത്മീയമായി പുരോഗമിക്കാൻ ഞങ്ങളെ സഹായിക്കുന്നു. വിശദീകരിച്ചുകൊടുത്ത തിരുവെഴുത്തുകൾ “ജനത്തിനു മനസ്സിലായതുകൊണ്ട്” അവർക്കു പ്രയോജനം ചെയ്തു. (നെഹമ്യ 8:8, 12) സമ്മേളനങ്ങളിലൂടെ കിട്ടുന്ന, തിരുവെഴുത്തുനിർദേശങ്ങൾ ഞങ്ങളും വിലമതിക്കുന്നു. സമ്മേളനത്തിലെ ഓരോ പരിപാടിയും ഒരു തിരുവെഴുത്തു വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ നടക്കുന്ന പ്രസംഗങ്ങളിലൂടെയും സിമ്പോസിയങ്ങളിലൂടെയും പുനരവതരണങ്ങളിലൂടെയും ദൈവത്തിന്റെ ഇഷ്ടം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് എങ്ങനെയെന്നു ഞങ്ങൾ പഠിക്കുന്നു. ഈ ദുഷ്കരനാളുകളിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ളവരുടെ അനുഭവങ്ങൾ കേൾക്കുന്നതും ഞങ്ങൾക്കു പ്രോത്സാഹനം പകരുന്നു. ബൈബിൾ വിവരണങ്ങളെ ജീവസ്സുറ്റതാക്കുന്ന നാടകങ്ങൾ ഞങ്ങളുടെ മേഖലാ കൺവെൻഷനുകളിലെ പ്രധാനസവിശേഷതയാണ്. പ്രായോഗികമായ പല പാഠങ്ങളും ഈ നാടകങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്നാനപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും എല്ലാ സമ്മേളനങ്ങളിലുമുണ്ട്.
സമ്മേളനങ്ങൾ സന്തോഷത്തിന്റെ വേളകളായിരിക്കുന്നത് എന്തുകൊണ്ട്?
സമ്മേളനത്തിൽ പങ്കെടുക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടും?
-
-
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്നത് എങ്ങനെ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 12
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്നത് എങ്ങനെ?
സ്പെയിൻ
ബെലറൂസ്
ഹോങ്കോങ്
പെറു
തന്റെ മരണത്തിന് ഏതാനും ദിവസം മുമ്പ് യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) പക്ഷേ ഈ പ്രസംഗപ്രവർത്തനം ലോകവ്യാപകമായി എങ്ങനെ നിർവഹിക്കും? യേശു ഭൂമിയിലായിരിക്കെ കാണിച്ചുതന്ന അതേ മാതൃകയിൽ!—ലൂക്കോസ് 8:1.
ആളുകളെ അവരുടെ വീട്ടിൽ ചെന്ന് കാണുന്നു. വീടുതോറും ചെന്ന് ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാൻ യേശു ശിഷ്യന്മാരെ പരിശീലിപ്പിച്ചു. (മത്തായി 10:11-13; പ്രവൃത്തികൾ 5:42; 20:20) പ്രസംഗപ്രവർത്തനത്തിനുവേണ്ടി ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്ത്യാനികൾക്കു ചില പ്രദേശങ്ങളും നിയമിച്ചുകൊടുത്തു. (മത്തായി 10:5, 6; 2 കൊരിന്ത്യർ 10:13) ഇന്നു ഞങ്ങളുടെ പ്രസംഗപ്രവർത്തനവും വളരെ സംഘടിതമായിട്ടാണു നടത്തുന്നത്. സന്തോഷവാർത്ത പ്രസംഗിക്കാൻ ഞങ്ങളുടെ ഓരോ സഭയ്ക്കും പ്രദേശം നിയമിച്ചുതന്നിട്ടുണ്ട്. അങ്ങനെ, “സമഗ്രമായി സാക്ഷീകരിക്കാനും ജനത്തോടു പ്രസംഗിക്കാനും” ഉള്ള യേശുവിന്റെ കല്പന അനുസരിക്കാൻ ഞങ്ങൾക്കു കഴിയുന്നു.—പ്രവൃത്തികൾ 10:42.
ആളുകളെ കണ്ടെത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം സാക്ഷീകരിക്കുന്നു. പൊതുസ്ഥലങ്ങളിൽ സന്തോഷവാർത്ത പ്രസംഗിക്കുന്നതിലും യേശു നല്ലൊരു മാതൃകയായിരുന്നു. കടൽത്തീരത്തും കിണറ്റിൻകരയിലും ഒക്കെ യേശു ആളുകളോടു പ്രസംഗിച്ചു. (മർക്കോസ് 4:1; യോഹന്നാൻ 4:5-15) ഞങ്ങളും ആളുകളെ കണ്ടുമുട്ടാനിടയുള്ള എല്ലായിടത്തും—തെരുവുകളിലും കടകളിലും പാർക്കുകളിലും—ബൈബിൾവിഷയങ്ങൾ സംസാരിക്കാറുണ്ട്. ടെലിഫോണിലൂടെയും ഞങ്ങൾ സാക്ഷീകരിക്കുന്നു. അയൽക്കാർ, സഹപ്രവർത്തകർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരോടു സാക്ഷീകരിക്കാൻ ലഭിക്കുന്ന അവസരങ്ങളും ഞങ്ങൾ പാഴാക്കാറില്ല. ‘രക്ഷയുടെ സന്തോഷവാർത്ത’ ലക്ഷക്കണക്കിന് ആളുകളുടെ അടുത്ത് എത്തിക്കാൻ ഇതുവഴി ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.—സങ്കീർത്തനം 96:2.
ദൈവരാജ്യത്തെപ്പറ്റിയുള്ള സന്തോഷവാർത്ത ആരുമായി പങ്കുവെക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്? അത് ആ വ്യക്തിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്നാണു നിങ്ങൾ കരുതുന്നത്? പ്രത്യാശ പകരുന്ന ഈ സന്ദേശം നിങ്ങളിൽ മാത്രമായി ഒതുക്കിവെക്കരുത്. എത്രയും പെട്ടെന്ന് മറ്റുള്ളവരോട് അതെക്കുറിച്ച് പറയുക!
എന്തിനെപ്പറ്റിയുള്ള “സന്തോഷവാർത്ത”യാണു നമ്മൾ അറിയിക്കേണ്ടത്?
യഹോവയുടെ സാക്ഷികൾ യേശുവിന്റെ പ്രസംഗരീതി അനുകരിക്കുന്നത് എങ്ങനെ?
-
-
മുൻനിരസേവകർ ആരാണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 13
മുൻനിരസേവകർ ആരാണ്?
കാനഡ
വീടുതോറും പ്രസംഗിക്കുന്നു
ബൈബിൾപഠനം
വ്യക്തിപരമായ പഠനം
“മുൻനിരസേവകർ” എന്ന പദം സൂചിപ്പിക്കുന്നതുപോലെതന്നെ ഇവർ മുൻനിരയിൽ നിന്ന് സേവിക്കുന്നവരാണ്. മറ്റുള്ളവർക്കു വഴി തെളിച്ചുകൊണ്ട് ഇവർ മുന്നിൽ പോകുന്നു. ഒരർഥത്തിൽ, യേശുവും ഒരു മുൻനിരസേവകനായിരുന്നു. യേശു ഭൂമിയിൽ വന്ന് രക്ഷയിലേക്കുള്ള വഴി ആളുകൾക്കു കാണിച്ചുകൊടുത്തു. ജീവൻ നേടാൻ ആളുകളെ സഹായിക്കുന്ന ഒരു ശുശ്രൂഷയായിരുന്നു അത്. (മത്തായി 20:28) ഇന്ന്, ആളുകളെ ‘ശിഷ്യരാക്കാൻ’ കഴിയുന്നത്ര സമയം ചെലവഴിച്ചുകൊണ്ട് യേശുവിന്റെ അനുഗാമികളും ആ മാതൃക പിൻപറ്റുന്നു. (മത്തായി 28:19, 20) അവരിൽ ചിലർക്കു മുൻനിരസേവനത്തിലേക്കു വരാൻപോലും കഴിഞ്ഞിരിക്കുന്നു.
മുൻനിരസേവകർ മുഴുസമയ സുവിശേഷകരാണ്. യഹോവയുടെ സാക്ഷികളെല്ലാം സന്തോഷവാർത്ത ഘോഷിക്കുന്നു. എന്നാൽ അവരിൽ ചിലർ സാധാരണ മുൻനിരസേവകർ ആയി സേവിക്കുകയെന്ന ലക്ഷ്യത്തിൽ തങ്ങളുടെ ജീവിതം ക്രമപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ, മാസം 70 മണിക്കൂർ പ്രസംഗപ്രവർത്തനത്തിനുവേണ്ടി ചെലവിടാൻ അവർക്കു കഴിയുന്നു. മുഴുസമയ ജോലിക്കു പകരം പാർട്ട്-ടൈം ജോലി തിരഞ്ഞെടുത്തുകൊണ്ടാണു പലരും ഇതിനു സമയം കണ്ടെത്തുന്നത്. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ കൂടുതൽ ആളുകളെ ആവശ്യമുള്ള ഇടങ്ങളിൽ സേവിക്കാൻ ചിലരെ പ്രത്യേക മുൻനിരസേവകർ ആയി നിയമിച്ചിരിക്കുന്നു. മാസം 130-ഓ അതിൽ കൂടുതലോ മണിക്കൂർ പ്രസംഗപ്രവർത്തനത്തിനുവേണ്ടി നീക്കിവെക്കുന്നവരാണ് ഇവർ. ലളിതമായ ജീവിതം നയിക്കുന്ന ഈ മുൻനിരസേവകർക്ക് യഹോവ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്ന ഉറച്ച ബോധ്യമുണ്ട്. (മത്തായി 6:31-33; 1 തിമൊഥെയൊസ് 6:6-8) മുഴുസമയ മുൻനിരസേവകരാകാൻ കഴിയാത്തവർ, സാധിക്കുന്ന മാസങ്ങളിൽ 30-ഓ 50-ഓ മണിക്കൂർ പ്രസംഗപ്രവർത്തനത്തിനുവേണ്ടി ചെലവഴിച്ചുകൊണ്ട് സഹായ മുൻനിരസേവകർ ആയി സേവിക്കുന്നു.
മുൻനിരസേവകരുടെ പ്രചോദകശക്തി ദൈവത്തോടും സഹമനുഷ്യരോടും ഉള്ള സ്നേഹമാണ്. ആത്മീയമായി വഴികാട്ടാൻ ആരുമില്ലാതെ ആളുകൾ വളരെ ദയനീയമായ അവസ്ഥയിലാണെന്ന് യേശുവിനെപ്പോലെ ഞങ്ങളും മനസ്സിലാക്കുന്നു. (മർക്കോസ് 6:34) അവർക്കു പ്രയോജനം ചെയ്യുന്ന അറിവ് ഞങ്ങളുടെ പക്കലുണ്ട്. ഭാവി സംബന്ധിച്ച് ഉറപ്പുള്ള ഒരു പ്രത്യാശ നൽകിക്കൊണ്ട് അത് അവരുടെ ജീവിതത്തിന് അർഥം പകരുന്നു. മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിനു സമയവും ഊർജവും ചെലവഴിക്കാൻ മുൻനിരസേവനത്തിലുള്ള ഒരാളെ പ്രേരിപ്പിക്കുന്നത് അവരോടുള്ള സ്നേഹമാണ്. (മത്തായി 22:39; 1 തെസ്സലോനിക്യർ 2:8) അങ്ങനെ അദ്ദേഹത്തിന്റെ വിശ്വാസം ശക്തിപ്പെടുന്നു, അദ്ദേഹം ദൈവത്തോടു കൂടുതൽ അടുക്കുന്നു, അദ്ദേഹത്തിനു കൂടുതൽ സന്തോഷവും അനുഭവിക്കാനാകുന്നു.—പ്രവൃത്തികൾ 20:35.
മുൻനിരസേവകർ ആരാണ്?
മുൻനിരസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത് എന്താണ്?
-