-
ഇന്നു ഭരണസംഘം പ്രവർത്തിക്കുന്നത് എങ്ങനെയാണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 20
ഇന്നു ഭരണസംഘം പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം
ഭരണസംഘത്തിന്റെ കത്ത് വായിക്കുന്നു
ഒന്നാം നൂറ്റാണ്ടിൽ, യരുശലേമിലുള്ള “അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും” ഒരു ചെറിയ കൂട്ടമാണു ഭരണസംഘമായി സേവിച്ചിരുന്നത്; അഭിഷിക്തക്രിസ്ത്യാനികളുടെ മുഴുവൻ സഭയ്ക്കുംവേണ്ടി പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നത് ഈ സംഘമാണ്. (പ്രവൃത്തികൾ 15:2) തിരുവെഴുത്തുകൾ എന്തു പറയുന്നെന്നു പരിശോധിക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്പെടുകയും ചെയ്തുകൊണ്ടാണ് അവർ തീരുമാനങ്ങളെടുത്തിരുന്നത്. (പ്രവൃത്തികൾ 15:25, 26) ക്രിസ്തീയസഭയിൽ ഇന്നും അതേ മാതൃകയാണു പിന്തുടർന്നുപോരുന്നത്.
തന്റെ ഇഷ്ടം ചെയ്യാൻ ദൈവം അവരെ ഉപയോഗിക്കുന്നു. ഇന്നു ഭരണസംഘമായി വർത്തിക്കുന്ന അഭിഷിക്തസഹോദരന്മാർ ദൈവവചനത്തെ ആഴമായി സ്നേഹിക്കുന്നവരാണ്. പ്രസംഗപ്രവർത്തനത്തോടു ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിലും ആത്മീയവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും നല്ല അനുഭവപരിചയമുള്ളവരാണ് അവർ. ലോകമെങ്ങുമുള്ള സാക്ഷികളുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ എല്ലാ ആഴ്ചയും കൂടിവരുന്നു. ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ, കത്തുകളിലൂടെയും സഞ്ചാരമേൽവിചാരകന്മാരിലൂടെയും മറ്റും ആണ് അവർ ഞങ്ങൾക്കു ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഓരോരോ നിർദേശങ്ങൾ തരുന്നത്; ഇതു ചിന്തയിലും പ്രവൃത്തിയിലും ഐക്യമുള്ളവരായിരിക്കാൻ ദൈവജനത്തെ സഹായിക്കുന്നു. (പ്രവൃത്തികൾ 16:4, 5) പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നതിനു പുറമേ, ആത്മീയാഹാരം തയ്യാറാക്കുന്നതിനും ഉത്തരവാദിത്വസ്ഥാനങ്ങളിൽ സഹോദരന്മാരെ നിയമിക്കുന്നതിനും ഇവർ മേൽനോട്ടം വഹിക്കുന്നു.
ദൈവാത്മാവ് വഴിനയിക്കുമ്പോൾ അവർ കീഴ്പെടുന്നു. മാർഗദർശനത്തിനായി ഭരണസംഘം ആശ്രയിക്കുന്നത് എല്ലാത്തിന്റെയും പരമാധികാരിയായ യഹോവയെയും സഭയുടെ തലയായ യേശുവിനെയും ആണ്. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:23) ഭരണസംഘത്തിലെ അംഗങ്ങൾ ദൈവജനത്തിന്റെ നേതാക്കന്മാരായി തങ്ങളെത്തന്നെ വീക്ഷിക്കുന്നില്ല. മറ്റ് അഭിഷിക്തക്രിസ്ത്യാനികളോടൊപ്പം അവരും “കുഞ്ഞാട് (യേശു) എവിടെ പോയാലും . . . അനുഗമിക്കുന്നു.” (വെളിപാട് 14:4) ഭരണസംഘത്തിനുവേണ്ടി നമ്മൾ പ്രാർഥിക്കുന്നത് അവർ വളരെ വിലമതിക്കുന്നു.
ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിൽ ഉണ്ടായിരുന്നത് ആരാണ്?
ഭരണസംഘം ഇന്നു ദൈവത്തിന്റെ നിർദേശം തേടുന്നത് എങ്ങനെ?
-
-
എന്താണു ബഥേൽ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 21
എന്താണു ബഥേൽ?
ആർട്ട് ഡിപ്പാർട്ടുമെന്റ്, യു.എസ്.എ.
ജർമനി
കെനിയ
കൊളംബിയ
എബ്രായ ഭാഷയിൽ ബഥേൽ എന്ന പദത്തിന്റെ അർഥം “ദൈവത്തിന്റെ ഭവനം” എന്നാണ്. (ഉല്പത്തി 28:17, 19, അടിക്കുറിപ്പ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഹോവയുടെ സാക്ഷികൾ പണിതീർത്തിരിക്കുന്ന കെട്ടിടസമുച്ചയങ്ങൾക്ക് ഈ പേര് നന്നായി യോജിക്കുന്നു. കാരണം പ്രസംഗപ്രവർത്തനത്തിനു നേതൃത്വം നൽകുന്നതും അതിനെ പിന്തുണയ്ക്കുന്നതും ഇവിടെനിന്നാണ്. ഐക്യനാടുകളിലെ ന്യൂയോർക്കിലാണ് യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം. അവിടെനിന്നാണു ഭരണസംഘം ലോകത്തെങ്ങുമുള്ള ബ്രാഞ്ചോഫീസുകളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നത്. ബ്രാഞ്ചോഫീസുകളിൽ സേവിക്കുന്നവരെ ബഥേൽ കുടുംബാംഗങ്ങൾ എന്നാണു വിളിക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ അവർ ഒരേ സ്ഥലത്ത് താമസിക്കുന്നു, ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു; ഒരുമയോടെ ജോലി ചെയ്യുകയും ബൈബിൾ പഠിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 133:1.
ത്യാഗം ചെയ്യാൻ മനസ്സുള്ള ഒരു കൂട്ടം ആളുകൾ ഒരുമയോടെ സേവിക്കുന്ന ഇടം. ദൈവത്തിന്റെ ഇഷ്ടം ചെയ്യാനും ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങളെ പിന്തുണയ്ക്കാനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ഒരു കൂട്ടം ക്രിസ്തീയസ്ത്രീപുരുഷന്മാരാണ് ഓരോ ബഥേലിലുമുള്ളത്. (മത്തായി 6:33) അവർക്ക് അവിടെ താമസസൗകര്യവും ആഹാരവും കിട്ടുന്നു. അവിടെ ചെയ്യുന്ന സേവനത്തിന് അവർ ശമ്പളം വാങ്ങുന്നില്ല; എന്നാൽ, വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി ഒരു ചെറിയ തുക അലവൻസായി അവർക്കു കിട്ടുന്നുണ്ട്. ബഥേലിലെ ഓരോ അംഗത്തിനും ഓരോ നിയമനമുണ്ട്; ചിലർ ഓഫീസിലോ അടുക്കളയിലോ ഭക്ഷണമുറിയിലോ സേവിക്കുന്നു. മറ്റു ചിലർ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിലും ബയന്റ് ചെയ്യുന്നതിലും സഹായിക്കുന്നു. മുറികൾ വൃത്തിയാക്കുക, തുണി അലക്കുക, അറ്റകുറ്റപ്പണികൾ തീർക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നവരുമുണ്ട്.
പ്രസംഗപ്രവർത്തനത്തെ പിന്തുണയ്ക്കാൻ സേവകർ തിരക്കിട്ട് പ്രവർത്തിക്കുന്ന ഇടം. ബൈബിളിലെ സത്യങ്ങൾ പരമാവധി ആളുകളുടെ അടുത്ത് എത്തിക്കുക എന്നതാണു ബഥേലുകളുടെ പ്രധാനലക്ഷ്യം. ഈ പത്രിക തയ്യാറാക്കിയിരിക്കുന്നതും ആ ലക്ഷ്യത്തിൽത്തന്നെയാണ്. ഇതു ഭരണസംഘത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കി, ലോകത്തെങ്ങുമുള്ള പരിഭാഷാവിഭാഗങ്ങൾക്കു കമ്പ്യൂട്ടർ വഴി അയച്ചുകൊടുക്കുകയായിരുന്നു. പരിഭാഷയ്ക്കു ശേഷം അതു വിവിധ ബഥേലുകളിലെ ഹൈ-സ്പീഡ് പ്രസ്സുകളിൽ അച്ചടിച്ച് 1,18,000-ത്തിലേറെ സഭകൾക്ക് അയച്ചുകൊടുത്തു. ഈ ഓരോ ഘട്ടത്തിലും, ബഥേൽ കുടുംബാംഗങ്ങൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഇങ്ങനെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയെന്ന, വളരെ അടിയന്തിരമായി ചെയ്യേണ്ട പ്രവർത്തനത്തെ അവർ പിന്തുണയ്ക്കുന്നു.—മർക്കോസ് 13:10.
എങ്ങനെയുള്ളവരാണു ബഥേലിൽ സേവിക്കുന്നത്, അവരുടെ ആവശ്യങ്ങൾ നടക്കുന്നത് എങ്ങനെ?
അടിയന്തിരമായി ചെയ്യേണ്ട ഏതു പ്രവർത്തനത്തെയാണ് ഓരോ ബഥേലും പിന്തുണയ്ക്കുന്നത്?
-
-
ബ്രാഞ്ചോഫീസിന്റെ ചുമതലകൾ എന്തെല്ലാം?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 22
ബ്രാഞ്ചോഫീസിന്റെ ചുമതലകൾ എന്തെല്ലാം?
സോളമൻ ദ്വീപുകൾ
കാനഡ
സൗത്ത് ആഫ്രിക്ക
ഒന്നോ അതിലധികമോ രാജ്യങ്ങളിലെ പ്രസംഗപ്രവർത്തനത്തെ പിന്തുണച്ചുകൊണ്ട് ബഥേൽ കുടുംബാംഗങ്ങൾ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ സേവിക്കുന്നു. ചിലർ പരിഭാഷാവിഭാഗത്തിൽ സേവിക്കുമ്പോൾ മറ്റു ചിലർ മാസികകളുടെ അച്ചടി, പുസ്തകങ്ങളുടെ ബയന്റിങ്, ഓഡിയോ-വീഡിയോ നിർമാണം, പ്രസിദ്ധീകരണങ്ങളുടെ വിതരണം തുടങ്ങിയ നിയമനങ്ങൾ കൈകാര്യം ചെയ്യുന്നു.
പ്രവർത്തനങ്ങൾക്കു ബ്രാഞ്ച് കമ്മിറ്റി മേൽനോട്ടം വഹിക്കുന്നു. ഓരോ ബ്രാഞ്ചോഫീസിന്റെയും പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ഭരണസംഘം ചുമതലപ്പെടുത്തിയിരിക്കുന്നതു ബ്രാഞ്ച് കമ്മിറ്റിയെയാണ്. ആത്മീയയോഗ്യതയുള്ള, മൂന്നോ അതിലധികമോ മൂപ്പന്മാർ ചേർന്നതാണ് ഒരു ബ്രാഞ്ച് കമ്മിറ്റി. തങ്ങളുടെ പരിധിയിൽ വരുന്ന രാജ്യത്തെ പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ചും അതുപോലെ അവിടത്തെ പ്രശ്നങ്ങളെക്കുറിച്ചും ബ്രാഞ്ച് കമ്മിറ്റി ഭരണസംഘത്തെ അറിയിച്ചുകൊണ്ടിരിക്കുന്നു. യോഗങ്ങളിലും സമ്മേളനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഏതെല്ലാം വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാൻ അത്തരം റിപ്പോർട്ടുകൾ ഭരണസംഘത്തെ സഹായിക്കുന്നു. ഭരണസംഘത്തിന്റെ പ്രതിനിധികൾ ക്രമമായി ബ്രാഞ്ചുകൾ സന്ദർശിച്ച്, ഉത്തരവാദിത്വങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ ആവശ്യമായ മാർഗനിർദേശം ബ്രാഞ്ച് കമ്മിറ്റിക്കു കൊടുക്കുന്നു. (സുഭാഷിതങ്ങൾ 11:14) സന്ദർശനത്തിന്റെ ഭാഗമായി, ബ്രാഞ്ചിന്റെ പ്രദേശത്ത് താമസിക്കുന്ന സഹോദരീസഹോദരന്മാർക്കു പ്രോത്സാഹനം പകരുന്നതിനുവേണ്ടി ലോകാസ്ഥാനപ്രതിനിധി ഒരു പ്രസംഗം നടത്താറുണ്ട്.
പ്രാദേശിക സഭകൾക്കു പിന്തുണ കൊടുക്കുന്നു. പുതിയ സഭകൾ രൂപീകരിക്കുന്നതു ബ്രാഞ്ചോഫീസിലെ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരാണ്. ബ്രാഞ്ചിന്റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശങ്ങളിലെ മുൻനിരസേവകരുടെയും മിഷനറിമാരുടെയും സർക്കിട്ട് മേൽവിചാരകന്മാരുടെയും പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതും ഇവർതന്നെ. സമ്മേളനങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കുന്നതും പുതിയ രാജ്യഹാളുകളുടെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സഭകൾക്ക് ആവശ്യമായ സാഹിത്യങ്ങൾ എത്തിക്കുന്നതും ബ്രാഞ്ചോഫീസാണ്. ബ്രാഞ്ചോഫീസുകളിലെ പ്രവർത്തനങ്ങളാണ് അതതു ദേശങ്ങളിൽ പ്രസംഗപ്രവർത്തനം ചിട്ടയോടെ, ക്രമീകൃതമായി നടക്കാൻ സഹായിക്കുന്നത്.—1 കൊരിന്ത്യർ 14:33, 40.
ബ്രാഞ്ച് കമ്മിറ്റികൾ ഭരണസംഘത്തെ പിന്തുണയ്ക്കുന്നത് എങ്ങനെ?
ഒരു ബ്രാഞ്ചോഫീസ് എന്തെല്ലാം കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു?
-