കുട്ടികളെ സന്മാർഗികളായി വളർത്തൽ—അതിപ്പോഴും സാധ്യമോ?
“നാമിപ്പോൾ ജീവിക്കുന്നത് വളരെ സങ്കീർണമായ ഒരു സമൂഹത്തിലാണ്, ധാർമികസംഹിതകൾ തമ്മിൽ സമാനതയില്ലാത്ത വളരെ വൈവിധ്യമാർന്ന സംസ്കാരത്തിലാണ്,” കാനഡയിലെ ഒട്ടാവയിലുള്ള, വാന്യേ കുടുംബക്ഷേമ ഇൻസ്റ്റിറ്റ്യൂട്ടിലെ റോബർട്ട് ഗ്ലൊസ്സപ് അഭിപ്രായപ്പെടുന്നു. അതിന്റെ ഫലമോ? ദ ടൊറന്റോ സ്റ്റാർ പത്രം പറയുന്നു: “കൗമാരപ്രായക്കാരുടെ ഗർഭധാരണങ്ങൾ, യുവാക്കളുടെ അക്രമപ്രവർത്തനങ്ങൾ, കൗമാരപ്രായക്കാരുടെ ആത്മഹത്യ തുടങ്ങിയവ വർധിച്ചുകൊണ്ടേയിരിക്കുന്നു.”
ഇതു വടക്കേ അമേരിക്കയുടെ മാത്രം പ്രശ്നമല്ല. യു.എസ്.എ-യിലെ റൂഡി ഐലൻറിലുള്ള ബ്രൗൺ സർവകലാശാലയിലെ മാനവവികസന കേന്ദ്രത്തിന്റെ ഡയറക്ടറായ ബിൽ ഡാമൻ ഈ പ്രശ്നങ്ങളെക്കുറിച്ച് ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കൂടാതെ ഓസ്ട്രേലിയ, ഇസ്രായേൽ, ജപ്പാൻ എന്നിവിടങ്ങളിലും പഠനങ്ങൾ നടത്തുകയുണ്ടായി. യുവജനങ്ങൾക്കു മാർഗനിർദേശം പ്രദാനം ചെയ്യുന്നതിൽ സഭകളും സ്കൂളുകളും മറ്റു സ്ഥാപനങ്ങളും പിന്നോക്കം പോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “സത്സ്വഭാവവും കാര്യക്ഷമതയും നേടിയെടുക്കുന്നതിനു കുട്ടികൾക്കെന്ത് ആവശ്യമാണോ അത്” നമ്മുടെ സംസ്കാരം “തിരിച്ചറിയുന്നില്ലെ”ന്ന് അദ്ദേഹം വിശ്വസിക്കുന്നു. ശിശുപരിപാലന വിദഗ്ധരുടെ, “ശിക്ഷണം കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമാണ്” എന്നതുപോലുള്ള പരാമർശങ്ങൾ എടുത്തുകാണിച്ചുകൊണ്ട് ഡാമൻ പറയുന്നു: ഇത് “കരുതിക്കൂട്ടി അനുസരണക്കേടു കാട്ടുന്ന കുട്ടികളെ വളർത്തിയെടുക്കുന്ന ഒരു സൂത്രവാക്യ”മാണ്.
ഇന്നത്തെ യുവജനങ്ങൾക്ക് ആവശ്യമായിരിക്കുന്നതെന്താണ്? അവർക്കു മനസ്സിനെയും ഹൃദയത്തെയും നേരേയാക്കുന്ന സ്നേഹപുരസ്സരമായ പരിശീലനം നിരന്തരം ആവശ്യമാണ്. വ്യത്യസ്ത യുവജനങ്ങൾക്കു വ്യത്യസ്തതരം ശിക്ഷണമാണു വേണ്ടത്. സ്നേഹത്താൽ പ്രചോദിതരാക്കപ്പെടുമ്പോൾ, പലപ്പോഴും ന്യായവാദത്തിലൂടെതന്നെ ശിക്ഷണം നൽകാൻ കഴിയും. അതുകൊണ്ടാണ് “ശിക്ഷണത്തിനു ചെവികൊടുക്കാൻ” സദൃശവാക്യങ്ങൾ 8:33-ൽ [NW] നമ്മോടു പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും, ചിലർക്കു ‘തിരുത്തൽ വരുത്താൻ’ ‘വാക്കുകൾ മാത്രം’ പോരാ. അവർക്ക്, അനുസരണക്കേടിന് ഒത്തവണ്ണം ഉചിതമായ ശിക്ഷ നൽകുന്നത് ആവശ്യമായിരുന്നേക്കാം. (സദൃശവാക്യങ്ങൾ 17:10; 23:13, 14; 29:19, NW) ഈ ശുപാർശവെക്കുന്നതുവഴി, കുട്ടിക്കു ചതവോ പരിക്കോ ഏൽപ്പിക്കാവുന്ന ദേഷ്യത്തിലുള്ള അടിയോ കനത്ത പ്രഹരമോ കൊടുക്കാമെന്നല്ല ബൈബിൾ പറയുന്നത്. (സദൃശവാക്യങ്ങൾ 16:32) മറിച്ച്, തനിക്കു തിരുത്തൽ ലഭിക്കുന്നതെന്തിനാണെന്നും അതു മാതാവിനോ പിതാവിനോ തന്നിൽ താത്പര്യമുള്ളതുകൊണ്ടാണെന്നും കുട്ടി മനസ്സിലാക്കണം.—എബ്രായർ 12:6, 11 താരതമ്യം ചെയ്യുക.
അത്തരം പ്രായോഗികവും ഉചിതവുമായ ബൈബിൾ ബുദ്ധ്യുപദേശം കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിൽ പ്രദീപ്തമാക്കിയിരിക്കുന്നു.