ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഒക്ടോബർ 1-7
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 9-10
“യേശു തന്റെ ആടുകൾക്കായി കരുതുന്നു”
ചിത്രം, nwtsty
ആട്ടിൻതൊഴുത്ത്
കള്ളന്മാരിൽനിന്നും ഇരപിടിയന്മാരായ മൃഗങ്ങളിൽനിന്നും ആടുകളെ സംരക്ഷിക്കാനായി കെട്ടിത്തിരിച്ചുണ്ടാക്കിയ സ്ഥലമായിരുന്നു ആട്ടിൻതൊഴുത്ത്. രാത്രിയിൽ ആടുകൾക്ക് ആപത്തൊന്നും വരാതിരിക്കാൻ ഇടയന്മാർ അവയെ ഇത്തരം തൊഴുത്തുകളിലാക്കുമായിരുന്നു. ബൈബിൾക്കാലങ്ങളിൽ ആട്ടിൻതൊഴുത്തുകൾക്കു മേൽക്കൂരയുണ്ടായിരുന്നില്ല. പൊതുവേ കല്ലുകൊണ്ടാണ് അവ ഉണ്ടാക്കിയിരുന്നത്. പല രൂപത്തിലും വലുപ്പത്തിലും നിർമിച്ചിരുന്ന ഇത്തരം തൊഴുത്തുകൾക്കു സാധാരണയായി ഒറ്റ വാതിലേ ഉണ്ടായിരുന്നുള്ളൂ. (സംഖ 32:16; 1ശമു 24:3; സെഫ 2:6) ആട്ടിൻതൊഴുത്തിലേക്കു പ്രവേശിക്കാനുള്ള ഒരു ‘വാതിലിനെക്കുറിച്ചും’ അതിനു കാവൽ നിൽക്കുന്ന ‘വാതിൽക്കാവൽക്കാരനെക്കുറിച്ചും’ യോഹന്നാൻ പറയുന്നുണ്ട്. (യോഹ 10:1, 3) ചില സ്ഥലങ്ങളിൽ പലരുടെ ആട്ടിൻകൂട്ടങ്ങളെ ഒരുമിച്ച് സൂക്ഷിക്കുന്ന തരം ആട്ടിൻതൊഴുത്തുകളുണ്ടായിരുന്നു. രാത്രിയിൽ ആടുകൾക്ക് ആപത്തൊന്നും വരാതെ നോക്കാൻ അവിടെ ഒരു വാതിൽക്കാവൽക്കാരനും കാണും. രാവിലെയാകുമ്പോൾ അയാൾ ഇടയന്മാർക്കു വാതിൽ തുറന്നുകൊടുക്കും. ആ ആടുകളുടെ ഇടയിൽനിന്ന് സ്വന്തം ആട്ടിൻപറ്റത്തെ വേർതിരിക്കാനായി ഓരോ ഇടയനും അവയെ ഉറക്കെ വിളിക്കും. തന്റെ ഇടയന്റെ ശബ്ദം തിരിച്ചറിഞ്ഞ് ആടുകൾ അതിനോടു പ്രതികരിക്കുകയും ചെയ്യും. (യോഹ 10:3-5) ഈ രീതിയെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചതിലൂടെ തന്റെ ശിഷ്യന്മാരെക്കുറിച്ച് തനിക്ക് എത്രമാത്രം ചിന്തയുണ്ടെന്നു സൂചിപ്പിക്കുകയായിരുന്നു യേശു.—യോഹ 10:7-14.
യോഹ 10:16-ന്റെ പഠനക്കുറിപ്പ്, nwtsty
അകത്ത് കൊണ്ടുവരേണ്ടതാണ്: അഥവാ “വഴികാട്ടേണ്ടതാണ്.” ഇവിടെ കാണുന്ന ആഗൊ എന്ന ഗ്രീക്കുക്രിയയെ സന്ദർഭമനുസരിച്ച് “(അകത്ത്) കൊണ്ടുവരുക” എന്നോ “വഴികാട്ടുക” എന്നോ പരിഭാഷപ്പെടുത്താം. ആ പദത്തോടു ബന്ധമുള്ള സിനാഗൊ എന്ന ഗ്രീക്കുപദമാണ്, എ.ഡി. 200-ന് അടുത്ത് തയ്യാറാക്കിയതെന്നു കരുതപ്പെടുന്ന ഒരു ഗ്രീക്കു കൈയെഴുത്തുപ്രതിയിൽ ഇവിടെ കാണുന്നത്. ആ പദത്തെ പൊതുവേ “ഒരുമിച്ചുകൂട്ടുക” എന്നാണു പരിഭാഷപ്പെടുത്താറുള്ളത്. നല്ല ഇടയനായ യേശു ഈ തൊഴുത്തിൽപ്പെട്ട ആടുകളെയും (ലൂക്ക 12:32-ൽ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നും വിളിച്ചിരിക്കുന്നു.) തന്റെ വേറെ ആടുകളെയും ഒരുമിച്ചുകൂട്ടുകയും വഴികാട്ടുകയും സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്നു. അവ ‘ഒറ്റ ഇടയന്റെ’ കീഴിലുള്ള ‘ഒറ്റ ആട്ടിൻകൂട്ടം’ ആയിത്തീരുമായിരുന്നു. യേശുവിന്റെ അനുഗാമികൾക്കിടയിലെ ഐക്യത്തെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഒരു വാങ്മയചിത്രമാണ് ഇത്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 9:38-ന്റെ പഠനക്കുറിപ്പ്, nwtsty
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനെ സാഷ്ടാംഗം പ്രണമിച്ചു; യേശുവിനോട് ആദരവ് കാണിച്ചു.” ഒരു ദൈവത്തെയോ ദേവനെയോ ആരാധിക്കുക എന്ന് അർഥം വരുന്നിടത്ത് പ്രൊസ്കിനിയോ എന്ന ഗ്രീക്കുക്രിയ “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (മത്ത 4:10; ലൂക്ക 4:8) എന്നാൽ ഇവിടെ, ജന്മനാ അന്ധനായ മനുഷ്യനു കാഴ്ച കിട്ടിയപ്പോൾ, അയാൾ യേശുവിനെ ദൈവത്തിന്റെ പ്രതിനിധിയായി അംഗീകരിച്ച് വണങ്ങുക മാത്രമായിരുന്നു. അയാൾ യേശുവിനെ കണ്ടതു ദൈവമായോ ദേവനായോ അല്ല, മറിച്ച് മുൻകൂട്ടിപ്പറഞ്ഞിരുന്ന ‘മനുഷ്യപുത്രനായിട്ടാണ്.’ യേശു ദൈവത്തിൽനിന്ന് അധികാരം കിട്ടിയ മിശിഹയാണെന്ന് അയാൾക്കു മനസ്സിലായി. (യോഹ 9:35) എബ്രായതിരുവെഴുത്തുകളിൽ ചിലർ പ്രവാചകന്മാരെയോ രാജാക്കന്മാരെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളെയോ കണ്ടപ്പോൾ വണങ്ങിയതായി രേഖയുണ്ട്. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) കാഴ്ച കിട്ടിയ ആ മനുഷ്യൻ യേശുവിന്റെ മുന്നിൽ ചെയ്തതും അതുപോലൊരു കാര്യമായിരിക്കാം. പല സന്ദർഭങ്ങളിലും ആളുകൾ യേശുവിനെ വണങ്ങിയത്, ദൈവത്തിൽനിന്ന് ഒരു സന്ദേശം വെളിപ്പെടുത്തിക്കിട്ടിയപ്പോഴോ ദൈവാംഗീകാരത്തിന്റെ ഒരു തെളിവ് നേരിൽ കണ്ടപ്പോഴോ അതിനു നന്ദി പ്രകടിപ്പിക്കാനായിരുന്നു.—മത്ത 2:2; 8:2; 14:33; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യോഹ 10:22-ന്റെ പഠനക്കുറിപ്പ്, nwtsty
സമർപ്പണോത്സവം: ഈ ഉത്സവത്തിന്റെ എബ്രായപേര് ഹനൂക്കാഹ് (ചനൂക്കാഹ്) എന്നാണ്. “ഉദ്ഘാടനം; സമർപ്പണം” എന്നൊക്കെയാണ് ആ പേരിന്റെ അർഥം. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവമായിരുന്നു ഇത്. മകരസംക്രാന്തിയോട് അടുത്ത്, കിസ്ലേവ് മാസം 25-ാം തീയതി (ഈ വാക്യത്തിലെ തണുപ്പുകാലം എന്നതിന്റെ പഠനക്കുറിപ്പും അനു. ബി15-ഉം കാണുക.) തുടങ്ങുന്ന ഈ ഉത്സവം ബി.സി. 165-ൽ യരുശലേമിലെ ദേവാലയം പുനഃസമർപ്പണം നടത്തിയതിന്റെ ഓർമയ്ക്കു കൊണ്ടാടുന്നതായിരുന്നു. ഒരിക്കൽ, സിറിയൻ രാജാവായ അന്തിയോക്കസ് നാലാമൻ എപ്പിഫാനസ്, ജൂതന്മാരുടെ ദൈവമായ യഹോവയെ നിന്ദിക്കാനായി യഹോവയുടെ ആലയം അശുദ്ധമാക്കി. ഉദാഹരണത്തിന്, യഹോവയുടെ ആലയത്തിൽ ദിവസവും ദഹനയാഗം അർപ്പിച്ചിരുന്ന മഹായാഗപീഠത്തിനു മുകളിൽ അദ്ദേഹം മറ്റൊരു യാഗപീഠം പണിതു. ബി.സി. 168 കിസ്ലേവ് മാസം 25-ാം തീയതി യഹോവയുടെ ആലയം തീർത്തും അശുദ്ധമാക്കാൻ അന്തിയോക്കസ് ആ യാഗപീഠത്തിൽ പന്നിയെ ബലി അർപ്പിക്കുകയും അതിന്റെ ഇറച്ചി വേവിച്ച വെള്ളം ദേവാലയം മുഴുവനും തളിക്കുകയും ചെയ്തു. ദേവാലയകവാടങ്ങൾ ചുട്ടുകരിക്കുകയും പുരോഹിതന്മാർക്കുള്ള മുറികൾ ഇടിച്ചുതകർക്കുകയും ചെയ്ത അദ്ദേഹം സ്വർണയാഗപീഠവും കാഴ്ചയപ്പത്തിന്റെ മേശയും സ്വർണംകൊണ്ടുള്ള തണ്ടുവിളക്കും എടുത്തുകൊണ്ടുപോകുകയും ചെയ്തു. എന്നിട്ട് യഹോവയുടെ ആലയം ഒളിമ്പസിലെ സീയൂസ് ദേവനു പുനഃസമർപ്പണം നടത്തി. എന്നാൽ രണ്ടു വർഷത്തിനു ശേഷം ജൂഡസ് മക്കബീസ് ആ നഗരവും ദേവാലയവും തിരിച്ചുപിടിച്ചു. തുടർന്ന് ആലയത്തിന്റെ ശുദ്ധീകരണവും നടത്തി. ഒടുവിൽ, അന്തിയോക്കസ് രാജാവ് സീയൂസ് ദേവനു മ്ലേച്ഛമായ ആ ബലി അർപ്പിച്ചിട്ട് മൂന്നു കൊല്ലം തികഞ്ഞ അതേ ദിവസം, അതായത് ബി.സി. 165 കിസ്ലേവ് 25-ന് ആലയത്തിന്റെ പുനഃസമർപ്പണം നടന്നു. യഹോവയ്ക്കു ദിവസേന അർപ്പിക്കേണ്ടിയിരുന്ന ദഹനയാഗങ്ങൾ അങ്ങനെ അവിടെ വീണ്ടും അർപ്പിക്കാൻതുടങ്ങി. ജൂഡസ് മക്കബീസിനു വിജയം നൽകിയതും ദേവാലയത്തിലെ കാര്യങ്ങളെല്ലാം പഴയപടിയാക്കാൻ അദ്ദേഹത്തെ നയിച്ചതും യഹോവയാണെന്നു ദൈവപ്രചോദിതമായ തിരുവെഴുത്തുകളിൽ ഒരിടത്തും നേരിട്ട് പറഞ്ഞിട്ടില്ല. എന്നാൽ തന്റെ ആരാധനയുമായി ബന്ധപ്പെട്ട് താൻ മനസ്സിൽക്കണ്ട ചില കാര്യങ്ങൾ നടപ്പിലാക്കാൻ യഹോവ മുമ്പ് മറ്റു ജനതകളിൽപ്പെട്ടവരെയും ഉപയോഗിച്ചിട്ടുണ്ടെന്ന് ഓർക്കുക. പേർഷ്യയിലെ കോരെശ് അതിന് ഉദാഹരണമാണ്. (യശ 45:1) ആ സ്ഥിതിക്ക്, തന്റെ ഇഷ്ടം നടപ്പാക്കാൻ തന്റെ സമർപ്പിത ജനതയിലെ ഒരു അംഗത്തെത്തന്നെ യഹോവ ഉപയോഗിച്ചിരിക്കാം എന്നു നിഗമനം ചെയ്യുന്നതിൽ തെറ്റില്ല. മിശിഹയെക്കുറിച്ചും മിശിഹയുടെ ശുശ്രൂഷ, ബലി എന്നിവയെക്കുറിച്ചും ഉള്ള പ്രവചനങ്ങൾ നിറവേറണമെങ്കിൽ മിശിഹ വരുമ്പോൾ ദേവാലയവും അതിലെ ആരാധനയും നിലവിലുണ്ടായിരിക്കണം എന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ മിശിഹ തന്റെ ജീവൻ എല്ലാ മനുഷ്യർക്കുംവേണ്ടി മഹത്ത്വമേറിയ ഒരു ബലിയായി അർപ്പിക്കുന്ന സമയംവരെ ലേവ്യപുരോഹിതന്മാർ മൃഗബലികൾ അർപ്പിക്കേണ്ടതുമുണ്ടായിരുന്നു. (ദാനി 9:27; യോഹ 2:17; എബ്ര 9:11-14) സമർപ്പണോത്സവം ആചരിക്കാൻ ക്രിസ്തുവിന്റെ അനുഗാമികളോടു കല്പിച്ചിരുന്നില്ല. (കൊലോ 2:16, 17) എന്നാൽ ഈ ഉത്സവം ആചരിക്കുന്നതിനെ ക്രിസ്തുവോ ശിഷ്യന്മാരോ കുറ്റം വിധിച്ചതായും എവിടെയും കാണുന്നില്ല.
ഒക്ടോബർ 8-14
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 12-12
“യേശുവിന്റെ അനുകമ്പ അനുകരിക്കുക”
യോഹ 11:24,25-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം: യേശു പറഞ്ഞത് അവസാനനാളിൽ സംഭവിക്കാനിരുന്ന ഒരു ഭാവിപുനരുത്ഥാനത്തെക്കുറിച്ചാണെന്നാണു മാർത്ത വിചാരിച്ചത്. (യോഹ 6:39-ന്റെ പഠനക്കുറിപ്പു കാണുക.) എങ്കിലും മാർത്തയ്ക്ക് ആ ഉപദേശത്തിലുണ്ടായിരുന്ന വിശ്വാസം വളരെ ശ്രദ്ധേയമാണ്. പുനരുത്ഥാനത്തെക്കുറിച്ച് ദൈവപ്രചോദിതമായ തിരുവെഴുത്തുകൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ടെങ്കിലും സദൂക്യർ എന്ന് അറിയപ്പെട്ട അന്നത്തെ ചില മതനേതാക്കന്മാർ പുനരുത്ഥാനമുണ്ടാകില്ല എന്നാണു വാദിച്ചിരുന്നത്. (ദാനി 12:13; മർ 12:18) അതേസമയം ദേഹി അമർത്യമാണെന്ന പക്ഷക്കാരായിരുന്നു പരീശന്മാർ. എന്നാൽ യേശു പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് പഠിപ്പിച്ചിരുന്നെന്നും മരിച്ചുപോയ ചിലരെ ഉയിർപ്പിച്ചിട്ടുണ്ടെന്നുപോലും മാർത്തയ്ക്ക് അറിയാമായിരുന്നു. പക്ഷേ ലാസറിനെപ്പോലെ മരിച്ചിട്ട് ഇത്രയും നേരമായ ഒരാളെ യേശു ഉയിർപ്പിച്ചതിനെക്കുറിച്ച് മാർത്ത കേട്ടിട്ടില്ലായിരുന്നു.
ഞാനാണു പുനരുത്ഥാനവും ജീവനും: യേശുവിന്റെതന്നെ മരണവും പുനരുത്ഥാനവും ആണ് മരിച്ചവർക്കു ജീവനിലേക്കു മടങ്ങിവരാനുള്ള വഴി തുറന്നത്. പുനരുത്ഥാനത്തിനു ശേഷം യേശുവിന്, മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തിക്കു പുറമേ ആളുകൾക്കു നിത്യജീവൻ നൽകാനുള്ള അധികാരവും യഹോവ നൽകി. (യോഹ 5:26-ന്റെ പഠനക്കുറിപ്പു കാണുക.) വെളി 1:18-ൽ യേശു തന്നെത്തന്നെ, ‘ജീവിക്കുന്നവൻ’ എന്നും “മരണത്തിന്റെയും ശവക്കുഴിയുടെയും താക്കോലുകൾ” കൈയിലുള്ളവൻ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പ്രത്യാശാകേന്ദ്രമാണു യേശു. താൻ കല്ലറകൾ തുറന്ന്, മരിച്ചവർക്കു ജീവൻ നൽകുമെന്നു യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിൽ ചിലർ സ്വർഗത്തിൽ യേശുവിന്റെ സഹഭരണാധികാരികളായി വാഴും. മറ്റുള്ളവർ ആ സ്വർഗീയഗവൺമെന്റിന്റെ ഭരണപ്രദേശമായ പുതിയ ഭൂമിയിൽ ജീവിക്കും.—യോഹ 5:28, 29; 2പത്ര 3:13.
യോഹ 11:33-35-ന്റെ പഠനക്കുറിപ്പുകൾ, nwtsty
കരയുന്നത്: “കരയുന്നത്” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, ശബ്ദം പുറത്ത് വരുന്ന രീതിയിൽ കരയുന്നതിനെയാണു പൊതുവേ കുറിക്കുന്നത്. യരുശലേമിനു വരാൻപോകുന്ന നാശത്തെക്കുറിച്ച് പറഞ്ഞപ്പോൾ യേശു കരഞ്ഞതായി പറയുന്നിടത്ത് ഉപയോഗിച്ചിരിക്കുന്നതും ഇതേ ക്രിയയാണ്.—ലൂക്ക 19:41.
മനസ്സു നൊന്ത് . . . വല്ലാതെ അസ്വസ്ഥനായി: മൂലഭാഷയിൽ ഈ രണ്ടു പദപ്രയോഗങ്ങൾ ഒന്നിച്ച് ഉപയോഗിച്ചിരിക്കുന്നത്, യേശുവിന്റെ മനസ്സിലെ വികാരവിക്ഷോഭം അപ്പോൾ എത്ര ശക്തമായിരുന്നു എന്നാണു സൂചിപ്പിക്കുന്നത്. ഇവിടെ “മനസ്സു നൊന്ത്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയ (എംബ്രിമായോമയ്) പൊതുവേ ഉപയോഗിക്കുന്നത് ഒരാളുടെ മാനസികവികാരങ്ങൾ എത്ര ശക്തമാണെന്നു കാണിക്കാനാണ്. എന്നാൽ ഈ വാക്യത്തിൽ ആ പദം നൽകുന്ന സൂചന, യേശുവിന്റെ മനസ്സിനു തോന്നിയ വിഷമം വളരെ ശക്തമായിത്തീർന്നിട്ട് യേശു ഞരങ്ങുകപോലും ചെയ്തുകാണും എന്നാണ്. ഇനി, “വല്ലാതെ അസ്വസ്ഥനായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (ടറാസ്സോ) അക്ഷരാർഥം “കലങ്ങുക” എന്നാണെങ്കിലും, ഇവിടെ ആ പദത്തിന്റെ അർഥം “മനസ്സ് ഇളകിമറിയുക; വളരെയധികം വേദനയോ സങ്കടമോ തോന്നുക” എന്നൊക്കെയാണെന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെടുന്നു. യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നു ചിന്തിച്ചപ്പോഴത്തെ യേശുവിന്റെ മനോവികാരം വർണിക്കാൻ യോഹ 13:21-ൽ ഉപയോഗിച്ചിരിക്കുന്നതും ഇതേ ക്രിയയാണ്.—യോഹ 11:35-ന്റെ പഠനക്കുറിപ്പു കാണുക.
മനസ്സ്: അക്ഷ. “ആത്മാവ്.” സാധ്യതയനുസരിച്ച് ഇവിടെ ന്യൂമ എന്ന ഗ്രീക്കുപദം, ഒരാളെക്കൊണ്ട് എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ തോന്നിപ്പിക്കുന്ന പ്രേരകശക്തിയെ ആണ് കുറിക്കുന്നത്. അയാളുടെ ആലങ്കാരികഹൃദയമാണ് അതിന്റെ ഉറവിടം.—പദാവലിയിൽ “ആത്മാവ്” കാണുക.
കണ്ണു നിറഞ്ഞൊഴുകി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡാക്രിയോ എന്ന ഗ്രീക്കുപദം, ലൂക്ക 7:38; പ്രവൃ 20:19, 31; എബ്ര 5:7; വെളി 7:17; 21:4 എന്നതുപോലുള്ള തിരുവെഴുത്തുകളിൽ “കണ്ണീർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുനാമത്തിന്റെ ക്രിയാരൂപമാണ്. കരയുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെക്കാൾ സാധ്യതയനുസരിച്ച് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നതു കണ്ണു നിറഞ്ഞൊഴുകുന്നതിനാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കുക്രിയ കാണുന്നുള്ളൂ. എന്നാൽ മറിയയും ജൂതന്മാരും കരയുന്നതായി പറയുന്ന യോഹ 11:33-ൽ (പഠനക്കുറിപ്പു കാണുക.) മറ്റൊരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. താൻ ലാസറിനെ ഉയിർപ്പിക്കാൻപോകുകയാണെന്നു യേശുവിന് അറിയാമായിരുന്നെങ്കിലും തന്റെ പ്രിയസ്നേഹിതരുടെ ദുഃഖം കണ്ടപ്പോൾ യേശുവിന് ആകെ സങ്കടമായി. തന്റെ സുഹൃത്തുക്കളോട് ആഴമായ സ്നേഹവും അനുകമ്പയും തോന്നിയിട്ട് യേശു എല്ലാവരുടെയും മുന്നിൽവെച്ച് കണ്ണീരൊഴുക്കി. ഈ വിവരണം ഒരു കാര്യം വ്യക്തമാക്കുന്നു: ആദാമിൽനിന്ന് കൈമാറിക്കിട്ടിയ മരണം നമ്മുടെ പ്രിയപ്പെട്ടവരെ കവർന്നെടുക്കുമ്പോൾ നമുക്ക് എത്രത്തോളം ദുഃഖം തോന്നുന്നുണ്ടെന്നു യേശുവിനു നന്നായി മനസ്സിലാകും.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 11:49-ന്റെ പഠനക്കുറിപ്പ്, nwtsty
മഹാപുരോഹിതൻ: ഇസ്രായേൽ ഒരു സ്വതന്ത്രജനതയായിരുന്നപ്പോൾ മഹാപുരോഹിതൻ ജീവിതാവസാനംവരെ ആ സ്ഥാനത്ത് തുടർന്നിരുന്നു. (സംഖ 35:25) എന്നാൽ ഇസ്രായേൽ റോമൻ അധീനതയിലായപ്പോൾ അതിനു മാറ്റംവന്നു. റോമാക്കാർ നിയമിച്ച ഭരണാധികാരികൾക്കു മഹാപുരോഹിതനെ നിയമിക്കാനും നീക്കാനും അധികാരമുണ്ടായിരുന്നു. (പദാവലിയിൽ “മഹാപുരോഹിതൻ” കാണുക.) ഇത്തരത്തിൽ റോമാക്കാർ നിയമിച്ച മഹാപുരോഹിതനായിരുന്നു കയ്യഫ. വിദഗ്ധനായ ഒരു നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം, തൊട്ടുമുമ്പുണ്ടായിരുന്ന മഹാപുരോഹിതന്മാരെക്കാളെല്ലാം കൂടുതൽ കാലം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമിതനായ അദ്ദേഹം ഏതാണ്ട് എ.ഡി. 36 വരെ ആ സ്ഥാനത്ത് തുടർന്നു. എന്നാൽ കയ്യഫ ആ വർഷത്തെ മഹാപുരോഹിതനായിരുന്നു എന്നു യോഹന്നാൻ പറഞ്ഞത് എന്തുകൊണ്ടാണ്? കയ്യഫ മഹാപുരോഹിതനായിരുന്ന സമയത്ത് നടന്ന വളരെ ശ്രദ്ധേയമായ ഒരു സംഭവം ആയിരുന്നു, ‘ആ വർഷം’ (അതായത് എ.ഡി. 33-ൽ) നടന്ന യേശുവിന്റെ മരണം. അതു വളരെയധികം ശ്രദ്ധേയമായ ഒരു വർഷമായതുകൊണ്ടാകാം യോഹന്നാൻ കയ്യഫയെ അത്തരത്തിൽ വിശേഷിപ്പിച്ചത്.—കയ്യഫയുടെ വീടു സ്ഥിതിചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.
യോഹ 12:42-ന്റെ പഠനക്കുറിപ്പുകൾ, nwtsty
പ്രമാണിമാർ: ഇവിടെ “പ്രമാണിമാർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനിലെ അംഗങ്ങളെയാകാം കുറിക്കുന്നത്. ആ കോടതിയിലെ ഒരു അംഗമായിരുന്ന നിക്കോദേമൊസിനെക്കുറിച്ച് പറയുന്ന യോഹ 3:1-ലും ഇതേ പദം കാണുന്നുണ്ട്.—യോഹ 3:1-ന്റെ പഠനക്കുറിപ്പു കാണുക.
സിനഗോഗിൽനിന്ന് പുറത്താക്കുക: അഥവാ “ഭ്രഷ്ട് കല്പിക്കുക; സിനഗോഗിൽ വരുന്നതു വിലക്കുക.” ഗ്രീക്കിലെ ഒരു വിശേഷണപദമായ അപൊസുനഗോഗൊസ് ഇവിടെയും യോഹ 12:42; 16:2 എന്നീ വാക്യങ്ങളിലും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ സിനഗോഗിൽനിന്ന് പുറത്താക്കുന്ന ഒരാളെ സമൂഹം ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇവരെ പൊതുവേ പുച്ഛത്തോടെയാണ് ആളുകൾ കണ്ടിരുന്നത്. മറ്റു ജൂതന്മാരുമായുള്ള ബന്ധം ഇത്തരത്തിൽ വിച്ഛേദിക്കപ്പെടുന്നത് ആ കുടുംബത്തിന്മേൽ ഗുരുതരമായ സാമ്പത്തികപ്രത്യാഘാതങ്ങൾ വരുത്തിവെക്കുമായിരുന്നു. സിനഗോഗുകൾ പ്രധാനമായും ആളുകളെ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിലും ചിലപ്പോഴൊക്കെ അതു പ്രാദേശികകോടതികൾ സമ്മേളിക്കാനുള്ള സ്ഥലമായും ഉപയോഗിച്ചിരുന്നു. ആളുകൾക്കു ചാട്ടയടിയും ഭ്രഷ്ടും ഒക്കെ ശിക്ഷയായി വിധിക്കാൻ അധികാരമുള്ള കോടതികളായിരുന്നു അവ.— മത്ത 10:17-ന്റെ പഠനക്കുറിപ്പു കാണുക.
ഒക്ടോബർ 15-21
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 13-14
“ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നു”
യോഹ 13:5-ന്റെ പഠനക്കുറിപ്പ്, nwtsty
ശിഷ്യന്മാരുടെ കാലു കഴുകി: പണ്ട് ഇസ്രായേലിൽ ആളുകൾ പൊതുവേ പാദരക്ഷയായി അണിഞ്ഞിരുന്നതു വള്ളിച്ചെരിപ്പുകളാണ്. അത്തരം ചെരിപ്പുകൾക്കു പ്രധാനമായും ഒരു അടിത്തോലും (sole) അതു പാദത്തിലും കാൽക്കുഴയിലും ബന്ധിപ്പിച്ചുനിറുത്താനുള്ള വള്ളികളും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യാത്ര കഴിഞ്ഞ് എത്തുമ്പോഴേക്കും വഴിയിലെയും പറമ്പിലെയും പൊടിയും ചെളിയും ഒക്കെ പറ്റി കാൽ ആകെ അഴുക്കായിട്ടുണ്ടാകും. ഇക്കാരണത്താൽ ആളുകൾ സാധാരണയായി ചെരിപ്പ് ഊരി, കാൽ കഴുകിയിട്ടാണു വീട്ടിൽ കയറിയിരുന്നത്. നല്ലൊരു ആതിഥേയൻ അതിഥികളുടെ കാലു കഴുകാൻ വേണ്ട ക്രമീകരണം ചെയ്യുമായിരുന്നു. ഈ സമ്പ്രദായത്തെക്കുറിച്ച് ബൈബിളിൽ പലയിടത്തും പറയുന്നുണ്ട്. (ഉൽ 18:4, 5; 24:32; 1ശമു 25:41; ലൂക്ക 7:37, 38, 44) ശിഷ്യന്മാരുടെ കാലു കഴുകിയപ്പോൾ യേശു അവരെ താഴ്മ കാണിക്കേണ്ടതിന്റെയും പരസ്പരം സേവനങ്ങൾ ചെയ്തുകൊടുക്കേണ്ടതിന്റെയും പ്രാധാന്യം പഠിപ്പിക്കുകയായിരുന്നു.
യോഹ 13:12-14-ന്റെ പഠനക്കുറിപ്പ്, nwtsty
കഴുകണം: അഥവാ “കഴുകാൻ ബാധ്യസ്ഥരാണ്.” ഇവിടെ ബാധ്യസ്ഥതയെ സൂചിപ്പിക്കുന്ന ഗ്രീക്കുക്രിയ, സാമ്പത്തികകാര്യങ്ങളോടു ബന്ധപ്പെട്ടാണു പലപ്പോഴും ഉപയോഗിക്കാറുള്ളത്. അതിന്റെ അടിസ്ഥാനാർഥം “ഒരാൾക്കു കടം കൊടുത്തുതീർക്കാനുണ്ടായിരിക്കുക; ഒരാൾക്ക് എന്തെങ്കിലും കടപ്പെട്ടിരിക്കുക” എന്നൊക്കെയാണ്. (മത്ത 18:28, 30, 34; ലൂക്ക 16:5, 7) എന്നാൽ ഇവിടെയും മറ്റു ചില വാക്യങ്ങളിലും അതു കുറെക്കൂടെ വിശാലമായ അർഥത്തിൽ ബാധ്യസ്ഥതയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.—1യോഹ 3:16; 4:11; 3യോഹ 8.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 14:6-ന്റെ പഠനക്കുറിപ്പ്, nwtsty
ഞാൻതന്നെയാണു വഴിയും സത്യവും ജീവനും: യേശുവാണു വഴി എന്നു പറയാനുള്ള ഒരു കാരണം യേശുവിലൂടെ മാത്രമേ നമുക്കു ദൈവത്തോടു പ്രാർഥിക്കാൻ കഴിയൂ എന്നതാണ്. ഇനി, മനുഷ്യർക്കു ദൈവവുമായി അനുരഞ്ജനത്തിലാകാനുള്ള ‘വഴിയും’ യേശുവാണ്. (യോഹ 16:23; റോമ 5:8) യേശുവാണു സത്യം എന്നു പറയാനുള്ള ഒരു കാരണം യേശുവിന്റെ സംസാരവും ജീവിതവും സത്യത്തിനു ചേർച്ചയിലായിരുന്നു എന്നതാണ്. ഇനി, ദൈവോദ്ദേശ്യം നടപ്പാകുന്നതിൽ യേശുവിന് അതുല്യസ്ഥാനമുണ്ടെന്നു തെളിയിക്കുന്ന ധാരാളം പ്രവചനങ്ങൾ യേശുവിൽ നിറവേറുകയും ചെയ്തു. (യോഹ 1:14; വെളി 19:10) അതെ, ആ പ്രവചനങ്ങളെല്ലാം ‘“ഉവ്വ്” എന്നായിരിക്കുന്നതു (അഥവാ, നിറവേറിയിരിക്കുന്നത്) യേശുവിലൂടെയാണ്.’ (2കൊ 1:20) യേശുവാണു ജീവൻ എന്നു പറയാനുള്ള കാരണം മാനവകുലത്തിന് ‘യഥാർഥജീവൻ,’ അതായത് ‘നിത്യജീവൻ’ ലഭിക്കാൻ വഴി തുറന്നതു യേശു നൽകിയ മോചനവിലയായിരുന്നു എന്നതാണ്. (1തിമ 6:12, 19; എഫ 1:7; 1യോഹ 1:7) പറുദീസാഭൂമിയിൽ എന്നെന്നും ജീവിക്കാനുള്ള പ്രത്യാശയോടെ പുനരുത്ഥാനപ്പെടുന്ന ദശലക്ഷങ്ങൾക്കും യേശു ‘ജീവനാണെന്നു’ തെളിയും.—യോഹ 5:28, 29.
യോഹ 14:12-ന്റെ പഠനക്കുറിപ്പ്, nwtsty
അതിലും വലിയതും: തന്റെ ശിഷ്യന്മാർ താൻ ചെയ്തതിനെക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്നല്ല യേശു ഇവിടെ ഉദ്ദേശിച്ചത്. മറിച്ച് താൻ ചെയ്തതിനെക്കാൾ വിപുലമായി അവർ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമെന്നു താഴ്മയോടെ അംഗീകരിക്കുകയായിരുന്നു യേശു. യേശുവിന്റെ അനുഗാമികൾ യേശുവിനെക്കാൾ കൂടുതൽ പ്രദേശം പ്രവർത്തിച്ചുതീർക്കുകയും കൂടുതൽ ആളുകളോടു സംസാരിക്കുകയും കൂടുതൽ കാലം പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു. താൻ തുടങ്ങിവെച്ച പ്രവർത്തനം ശിഷ്യന്മാർ തുടർന്നും ചെയ്യാൻ യേശു പ്രതീക്ഷിച്ചിരുന്നെന്നാണ് ആ വാക്കുകൾ തെളിയിക്കുന്നത്.
ഒക്ടോബർ 22-28
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 15-17
“നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല”
യോഹ 15:19-ന്റെ പഠനക്കുറിപ്പ്, nwtsty
ലോകം: കോസ്മൊസ് എന്ന ഗ്രീക്കുപദം ഇവിടെ അർഥമാക്കുന്നതു ദൈവസേവകർ ഒഴിച്ചുള്ള മനുഷ്യവർഗലോകത്തെയാണ്. ദൈവത്തിൽനിന്ന് അകന്ന, നീതികെട്ട മനുഷ്യസമൂഹമാണ് അത്. തന്റെ ശിഷ്യന്മാർ ലോകത്തിന്റെ ഭാഗമല്ല അഥവാ ഈ ലോകത്തിന്റെ സ്വന്തമല്ല എന്നു യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ യോഹന്നാനാണ്. വിശ്വസ്തരായ അപ്പോസ്തലന്മാരോടൊപ്പം യേശു നടത്തിയ അവസാനത്തെ പ്രാർഥനയിലും ഇതേ കാര്യം രണ്ടു തവണ പറഞ്ഞിരിക്കുന്നതായി കാണാം.—യോഹ 17:14, 16.
യോഹ 15:21-ന്റെ പഠനക്കുറിപ്പ്, nwtsty
എന്റെ പേര് നിമിത്തം: ബൈബിളിൽ, “പേര്” എന്ന പദം ചിലപ്പോൾ ആ വ്യക്തിയെത്തന്നെയോ സമൂഹത്തിൽ അയാൾക്കുള്ള പേരിനെയോ കുറിക്കുന്നു. ഇനി ആ പദത്തിന്, ആ വ്യക്തി എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നോ അതിനെയും കുറിക്കാനാകും. (മത്ത 6:9-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ യേശുവിന്റെ കാര്യത്തിൽ ആ പേര് പിതാവിൽനിന്ന് യേശുവിനു ലഭിച്ച അധികാരത്തെയും സ്ഥാനത്തെയും കൂടെ കുറിക്കുന്നു. (മത്ത 28:18; ഫിലി 2:9, 10; എബ്ര 1:3, 4) ലോകത്തിലെ ആളുകൾ തന്റെ അനുഗാമികൾക്കെതിരായി പ്രവർത്തിക്കുമെന്നു പറയാനുള്ള കാരണവും യേശുതന്നെ ഇവിടെ വിശദീകരിക്കുന്നുണ്ട്. അതു സംഭവിക്കുന്നത്, തന്നെ അയച്ച വ്യക്തിയെ അവർക്ക് അറിയാത്തതുകൊണ്ടാണെന്നു യേശു പറഞ്ഞു. അവർക്കു ദൈവത്തെ അറിയാമായിരുന്നെങ്കിൽ യേശുവിന്റെ പേര് എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നെന്ന് അവർ മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്തേനേ. (പ്രവൃ 4:12) യഥാർഥത്തിൽ, ദൈവത്തിന്റെ നിയമിതഭരണാധികാരിയും രാജാക്കന്മാരുടെ രാജാവും ആണ് യേശു, ജീവൻ നേടാൻ എല്ലാവരും കീഴ്പെട്ട് വണങ്ങേണ്ട ഒരാൾ!—യോഹ 17:3; വെളി 19:11-16; സങ്ക 2:7-12 താരതമ്യം ചെയ്യുക.
it-1-E 516
ധൈര്യം
യഹോവയാം ദൈവത്തോടു ശത്രുതയുള്ള ഒരു ലോകത്തിന്റെ മനോഭാവത്താലും പ്രവൃത്തിയാലും കളങ്കപ്പെടാതെ നിലകൊള്ളാനും ലോകത്തിന്റെ വെറുപ്പിനു പാത്രമാകുമ്പോഴും വിശ്വസ്തനായി തുടരാനും ഒരു ക്രിസ്ത്യാനിക്കു ധൈര്യം ആവശ്യമാണ്. യേശുക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞു: “ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.” (യോഹ 16:33) ദൈവപുത്രൻ ഒരിക്കലും ലോകത്തിന്റെ സ്വാധീനത്തിനു വഴങ്ങിക്കൊടുത്തില്ല. പകരം ഒരുതരത്തിലും ലോകത്തെപ്പോലെയാകാതിരുന്നുകൊണ്ട് ലോകത്തെ കീഴടക്കി. യേശുക്രിസ്തുവിന്റെ ആ മാതൃകയും യേശുവിന്റെ പിഴവറ്റ ജീവിതത്തിന്റെ നല്ല ഫലങ്ങളും ലോകത്തിൽനിന്ന് വേർപെട്ടിരുന്നുകൊണ്ട് ലോകത്തിന്റെ കളങ്കം പറ്റാതെ നിലകൊള്ളാൻ ആവശ്യമായ ധൈര്യം ഒരു വ്യക്തിക്കു തരും.—യോഹ 17:16.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 17:21-23-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ഒന്നായിരിക്കാൻ: അഥവാ “ഐക്യത്തിലായിരിക്കാൻ.” താനും പിതാവും “ഒന്നായിരിക്കുന്നതുപോലെ” തന്റെ യഥാർഥാനുഗാമികൾ ‘ഒന്നായിരിക്കണം’ എന്നു പ്രാർഥിച്ചപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? (യോഹ 17:22) യേശുവും പിതാവും ഒരേ മനസ്സോടെയും സഹകരണത്തോടെയും കാര്യങ്ങൾ ചെയ്യുന്നതുപോലെ തന്റെ അനുഗാമികളും ഒരേ ലക്ഷ്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരായിരിക്കാൻ ഇടയാകേണമേ എന്നാണു യേശു അപേക്ഷിച്ചത്. ക്രിസ്തീയശുശ്രൂഷകർ മറ്റു ക്രിസ്തീയശുശ്രൂഷകരോടും ദൈവത്തോടും ചേർന്ന് പ്രവർത്തിക്കുമ്പോൾ അവർക്കിടയിൽ ഇത്തരമൊരു ഐക്യബന്ധമുണ്ടായിരിക്കുമെന്ന് 1കൊ 3:6-9-ൽ പൗലോസ് പറയുന്നുണ്ട്.—1കൊ 3:8-ഉം യോഹ 10:30; 17:11 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.
ഒന്നായിത്തീരും: അഥവാ “സമ്പൂർണമായി യോജിപ്പിലാകും.” തന്റെ അനുഗാമികളുടെ ഇടയിലെ സമ്പൂർണമായ ഐക്യത്തെ, പിതാവിന് അവരോടുള്ള സ്നേഹവുമായി യേശു ബന്ധിപ്പിച്ചിരിക്കുന്നു. സ്നേഹത്തിന് ‘ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുണ്ട്’ എന്നു പറയുന്ന കൊലോ 3:14-ലും ഇതേ ആശയമാണു കാണുന്നത്. എന്നാൽ സമ്പൂർണമായ ഈ ഐക്യം ആപേക്ഷികമാണെന്ന് ഓർക്കുക. കാരണം ആളുകളുടെ പ്രാപ്തികളും ശീലങ്ങളും മനസ്സാക്ഷിയും ഒക്കെ വ്യത്യസ്തമായതുകൊണ്ട് എല്ലാവരുടെയും വ്യക്തിത്വങ്ങൾ ഒരുപോലെയായിരിക്കില്ല. അപ്പോൾപ്പിന്നെ ആ വാക്കുകളുടെ അർഥം എന്താണ്? യേശുവിന്റെ അനുഗാമികൾക്ക് അവരുടെ പ്രവർത്തനങ്ങളിലും വിശ്വാസങ്ങളിലും ഒരുമ കാണുമെന്നും അവർ പഠിപ്പിക്കുന്നത് ഒരേ കാര്യങ്ങളായിരിക്കുമെന്നും ആണ് അതു സൂചിപ്പിച്ചത്.—റോമ 15:5, 6; 1കൊ 1:10; എഫ 4:3; ഫിലി 1:27.
യോഹ 17:24-ന്റെ പഠനക്കുറിപ്പ്, nwtsty
ലോകാരംഭം: ഇവിടെ കാണുന്ന ‘ആരംഭം’ എന്നതിന്റെ ഗ്രീക്കുപദം എബ്ര 11:11-ൽ “ഗർഭിണിയാകുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ ‘ആരംഭം’ എന്ന പദം, ആദാമിനും ഹവ്വയ്ക്കും മക്കൾ ജനിച്ചതിനെയാണു കുറിക്കുന്നത്. യേശു ‘ലോകാരംഭത്തെ’ ഹാബേലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സാധ്യതയനുസരിച്ച് വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗലോകത്തിലെ ആദ്യമനുഷ്യനും ‘ലോകാരംഭംമുതൽ ജീവന്റെ പുസ്തകത്തിൽ പേര് എഴുതപ്പെട്ടവരിൽ’ ആദ്യത്തെയാളും ആണ് ഹാബേൽ. (ലൂക്ക 11:50, 51; വെളി 17:8) യേശു പ്രാർഥനയിൽ പിതാവിനോടു പറഞ്ഞ ഈ വാക്കുകൾ മറ്റൊരു കാര്യവും തെളിയിക്കുന്നു: ദൈവത്തിനു തന്റെ ഏകജാതനായ മകനുമായുള്ള സ്നേഹബന്ധം കാലങ്ങൾക്കു മുമ്പേ, അതായത് ആദാമിനും ഹവ്വയ്ക്കും മക്കൾ ജനിക്കുന്നതിനും മുമ്പേ, തുടങ്ങിയതാണ്.
ഒക്ടോബർ 29–നവംബർ 4
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 18-19
“യേശു സത്യത്തിനു സാക്ഷിയായി നിന്നു”
യോഹ 18:37-ന്റെ പഠനക്കുറിപ്പുകൾ, nwtsty
സാക്ഷിയായി നിൽക്കാൻ: “സാക്ഷി നിൽക്കുക,” (മാർട്ടുറേഓ) “സാക്ഷ്യം; സാക്ഷി” (മാർട്ടുറീയ; മാർട്ടുസ്) എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദങ്ങൾ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ വിശാലമായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു പദങ്ങളുടെയും അടിസ്ഥാനാർഥം, നേരിട്ട് അറിയാവുന്ന വസ്തുതകളെപ്പറ്റി സാക്ഷി പറയുക എന്നാണെങ്കിലും ആ പദങ്ങൾക്ക് “ഒരു കാര്യം പരസ്യമായി അറിയിക്കുക; സ്ഥിരീകരിക്കുക; എന്തിനെയെങ്കിലും കുറിച്ച് നല്ലതു പറയുക” എന്നീ അർഥങ്ങളും വരാം. അങ്ങനെതന്നെ യേശുവും, തനിക്കു ബോധ്യമുണ്ടായിരുന്ന സത്യങ്ങളെക്കുറിച്ച് സാക്ഷി പറയുകയും അതു മറ്റുള്ളവരെ അറിയിക്കുകയും ചെയ്തതിനു പുറമേ തന്റെ പിതാവിന്റെ പ്രാവചനികവചനവും വാഗ്ദാനങ്ങളും സത്യമാണെന്നു തെളിയിക്കുന്ന രീതിയിൽ ജീവിക്കുകയും ചെയ്തു. (2കൊ 1:20) ദൈവരാജ്യത്തെക്കുറിച്ചും അതിന്റെ മിശിഹൈകഭരണാധികാരിയെക്കുറിച്ചും ഉള്ള തന്റെ ഉദ്ദേശ്യം എന്താണെന്നു ദൈവം വളരെ വിശദമായിത്തന്നെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. യേശുവിന്റെ ഭൗമികജീവിതവും ഒടുവിൽ യേശു വരിച്ച ബലിമരണവും മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം നിറവേറ്റി. നിയമയുടമ്പടിയിൽ മിശിഹയെ മുൻനിഴലാക്കിയ എല്ലാ മാതൃകകളും അതിൽ ഉൾപ്പെടുമായിരുന്നു. (കൊലോ 2:16, 17; എബ്ര 10:1) ചുരുക്കത്തിൽ, തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശു ‘സത്യത്തിനു സാക്ഷിയായി നിന്നു’ എന്നു പറയാം.
സത്യത്തിന്: യേശു ഇവിടെ പറഞ്ഞതു പൊതുവിലുള്ള സത്യത്തെക്കുറിച്ചല്ല, മറിച്ച് ദൈവത്തിന്റെ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ട സത്യത്തെക്കുറിച്ചാണ്. ദൈവോദ്ദേശ്യത്തിന്റെ ഒരു പ്രധാനഘടകംതന്നെ “ദാവീദിന്റെ മകനായ” യേശു മഹാപുരോഹിതനായും ദൈവരാജ്യത്തിന്റെ ഭരണാധികാരിയായും സേവിക്കുക എന്നുള്ളതായിരുന്നു. (മത്ത 1:1) താൻ ഭൂമിയിൽ മനുഷ്യരുടെ ഇടയിലേക്കു വന്ന്, ഇവിടെ ജീവിച്ച്, ശുശ്രൂഷ നടത്തിയതിന്റെ ഒരു പ്രധാനകാരണം ആ രാജ്യത്തെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ അറിയിക്കുക എന്നതായിരുന്നെന്നു യേശുതന്നെ വിശദീകരിച്ചിട്ടുണ്ട്. ദാവീദിന്റെ ജന്മനഗരമായ യഹൂദ്യയിലെ ബേത്ത്ലെഹെമിൽ യേശു പിറന്നപ്പോഴും അതിനു മുമ്പും ദൈവദൂതന്മാർ ഇതുപോലൊരു സന്ദേശം അറിയിച്ചതായി നമ്മൾ വായിക്കുന്നു.—ലൂക്ക 1:32, 33; 2:10-14.
യോഹ 18:38എ-യുടെ പഠനക്കുറിപ്പ്, nwtsty
എന്താണു സത്യം: സാധ്യതയനുസരിച്ച് പീലാത്തൊസിന്റെ ഈ ചോദ്യം പൊതുവിലുള്ള സത്യത്തെക്കുറിച്ചായിരുന്നു അല്ലാതെ തൊട്ടുമുമ്പ് യേശു സംസാരിച്ച ‘സത്യത്തെക്കുറിച്ചായിരുന്നില്ല.’ (യോഹ 18:37) പീലാത്തൊസിന്റെ ചോദ്യം ആത്മാർഥമായിരുന്നെങ്കിൽ യേശു തീർച്ചയായും അതിന് ഉത്തരം കൊടുത്തേനേ. എന്നാൽ പീലാത്തൊസിന്റേതു പുച്ഛവും സംശയവും കലർന്ന ഒരു ചോദ്യമായിരുന്നിരിക്കാനാണു സാധ്യത. മറ്റു വാക്കുകളിൽ പറഞ്ഞാൽ പീലാത്തൊസിന്റെ ചോദ്യം ഇങ്ങനെയായിരുന്നു: “സത്യമോ? എന്താണത്? അങ്ങനെയൊരു കാര്യമേ ഇല്ല!” പീലാത്തൊസ് അതിന് ഉത്തരവും പ്രതീക്ഷിച്ചുകാണില്ല. കാരണം ഒരു മറുപടിക്കുപോലും കാത്തുനിൽക്കാതെ അദ്ദേഹം പുറത്ത് ജൂതന്മാരുടെ അടുത്തേക്കു പോകുന്നതായാണു നമ്മൾ വായിക്കുന്നത്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 19:30-ന്റെ പഠനക്കുറിപ്പ്, nwtsty
ജീവൻ വെടിഞ്ഞു: അക്ഷ. “ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാഷയിലെ “ആത്മാവ്” എന്ന പദത്തിന് (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസത്തെയോ” “ജീവശക്തിയെയോ” കുറിക്കാനാകും. സമാന്തരവിവരണങ്ങളായ മർ 15:37-ലും ലൂക്ക 23:46-ലും എക്പ്നിയോ (അക്ഷ. “ശ്വാസം പുറത്തേക്കുവിടുക.”) എന്ന ഗ്രീക്കുക്രിയ ഉപയോഗിച്ചിരിക്കുന്നത് ഈ വാദത്തെ പിന്താങ്ങുന്നു. (ആ വാക്യങ്ങളിൽ ഈ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അവയുടെ പഠനക്കുറിപ്പുകളിൽ കാണുന്നതുപോലെ “അന്ത്യശ്വാസം വലിച്ചു” എന്നാണ്.) സംഭവിക്കേണ്ടതെല്ലാം പൂർത്തിയായതുകൊണ്ട് ജീവൻ നിലനിറുത്താനുള്ള പരിശ്രമം യേശു മനഃപൂർവം അവസാനിപ്പിച്ചു എന്ന അർഥത്തിലാകാം മൂലഭാഷയിൽ “ഏൽപ്പിച്ചുകൊടുത്തു” എന്നു പറഞ്ഞിരിക്കുന്നത് എന്നാണു ചിലരുടെ അഭിപ്രായം. അതെ, യേശു മനസ്സോടെ ‘മരണത്തോളം തന്റെ ജീവൻ ചൊരിഞ്ഞു.’—യശ 53:12; യോഹ 10:11.
യോഹ 19:31-ന്റെ പഠനക്കുറിപ്പ്, nwtsty
അതു വലിയ ശബത്തായിരുന്നു: പെസഹയുടെ പിറ്റേ ദിവസമായ നീസാൻ 15, ആഴ്ചയുടെ ഏതു ദിവസമായാലും ശരി, ഒരു ശബത്തായിരുന്നു. (ലേവ 23:5-7) ഈ പ്രത്യേകശബത്തും പതിവ് ശബത്തും (ജൂതന്മാരുടെ കലണ്ടറനുസരിച്ച് ആഴ്ചയുടെ ഏഴാം ദിവസം ആചരിച്ചിരുന്ന ഈ ശബത്ത്, വെള്ളിയാഴ്ച സൂര്യാസ്തമയംമുതൽ ശനിയാഴ്ച സൂര്യാസ്തമയംവരെ ആയിരുന്നു.) ഒരേ ദിവസം വരുമ്പോഴാണ് അതിനെ ‘വലിയ ശബത്ത്’ എന്നു വിളിക്കുന്നത്. യേശു മരിച്ച വെള്ളിയാഴ്ചയുടെ പിറ്റേ ദിവസം അത്തരമൊരു വലിയ ശബത്തായിരുന്നു. എ.ഡി. 29 മുതൽ എ.ഡി. 35 വരെയുള്ള കാലത്ത് നീസാൻ 14 ഒരു വെള്ളിയാഴ്ചയായിരുന്ന ഒരേ ഒരു വർഷം എ.ഡി. 33 ആണ്. യേശു മരിച്ചത് എ.ഡി. 33-ലെ നീസാൻ 14-ാം തീയതി തന്നെയാണെന്ന നിഗമനത്തെ ശക്തമായി പിന്താങ്ങുന്ന ഒരു തെളിവാണ് ഇത്.