ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഡിസംബർ 3-9
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 9-11
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
പ്രവൃ 10:6-ന്റെ പഠനക്കുറിപ്പ്, nwtsty
ശിമോൻ എന്ന തോൽപ്പണിക്കാരൻ: തോൽപ്പണിക്കാരന്റെ ജോലിയിൽ പല കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ആദ്യം അയാൾ ചുണ്ണാമ്പുലായനി ഉപയോഗിച്ച് മൃഗത്തോലിൽനിന്ന് രോമവും മാംസത്തിന്റെയോ കൊഴുപ്പിന്റെയോ അവശിഷ്ടങ്ങളും നീക്കംചെയ്യും. എന്നിട്ട് വീര്യം കൂടിയ ഒരു ദ്രാവകം ഉപയോഗിച്ച് തോൽ സംസ്കരിച്ചിട്ടാണു തുകലുത്പന്നങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇത്തരത്തിൽ മൃഗത്തോൽ സംസ്കരിക്കുമ്പോൾ വല്ലാത്ത ദുർഗന്ധം ഉണ്ടാകും. ഈ പ്രക്രിയയ്ക്കു ധാരാളം വെള്ളവും ആവശ്യമായിരുന്നിരിക്കാം. സാധ്യതയനുസരിച്ച് അതുകൊണ്ടാണു ശിമോൻ കടൽത്തീരത്ത് താമസിച്ചിരുന്നത്. യോപ്പയുടെ അതിർത്തിപ്രദേശത്തായിരുന്നിരിക്കാം ആ സ്ഥലം. മൃഗങ്ങളുടെ ജഡവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നവർ മോശയുടെ നിയമമനുസരിച്ച് ആചാരപരമായി അശുദ്ധരായിരുന്നു. (ലേവ 5:2; 11:39) അതുകൊണ്ടുതന്നെ പല ജൂതന്മാരും തോൽപ്പണിക്കാരെ അവജ്ഞയോടെയാണു കണ്ടിരുന്നത്. അവരുടെകൂടെ താമസിക്കാനും പൊതുവേ ജൂതന്മാർക്കു മടിയായിരുന്നു. വാസ്തവത്തിൽ മൃഗങ്ങളുടെ വിസർജ്യം ശേഖരിക്കുന്നതിനെക്കാൾ താഴ്ന്ന ജോലിയായിട്ടാണു പിൽക്കാലത്ത് താൽമൂദ് തോൽപ്പണിയെ വിശേഷിപ്പിച്ചത്. എന്നാൽ പത്രോസ് അത്തരം മുൻവിധിയൊന്നുമില്ലാതെ ശിമോന്റെകൂടെ താമസിച്ചു. പത്രോസിന്റെ ഈ വിശാലമനസ്കത അദ്ദേഹത്തിന് അടുത്തതായി ലഭിക്കാനിരുന്ന നിയമനത്തിലേക്കുള്ള ഒരു ചുവടുവെപ്പായിരുന്നെന്നു പറയാം. കാരണം ജൂതനല്ലാത്ത ഒരാളെ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്ന് കാണുക എന്നതായിരുന്നു ആ നിയമനം. ‘തോൽപ്പണിക്കാരൻ’ എന്നതിന്റെ ഗ്രീക്കുപദം (ബുർസെയൂസ്) ശിമോന്റെ വിളിപ്പേരായിരുന്നെന്നും ചില പണ്ഡിതന്മാർ കരുതുന്നു.
ഡിസംബർ 10-16
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 12-14
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
പ്രവൃ 13:9-ന്റെ പഠനക്കുറിപ്പ്, nwtsty
പൗലോസ് എന്നു പേരുള്ള ശൗൽ: ഇവിടംമുതൽ ശൗലിനെ പൗലോസ് എന്നാണു വിളിച്ചിരിക്കുന്നത്. ഒരു എബ്രായനായിരുന്ന ഈ അപ്പോസ്തലൻ ജനിച്ചതുതന്നെ റോമൻ പൗരനായിട്ടാണ്. (പ്രവൃ 22:27, 28; ഫിലി 3:5) അതുകൊണ്ടുതന്നെ കുട്ടിക്കാലംമുതലേ അദ്ദേഹത്തിനു ശൗൽ എന്ന എബ്രായപേരും പൗലോസ് എന്ന റോമൻപേരും ഉണ്ടായിരുന്നിരിക്കാം. അക്കാലത്ത് ജൂതന്മാർക്ക്, പ്രത്യേകിച്ച് ഇസ്രായേലിനു വെളിയിൽ താമസിച്ചിരുന്നവർക്ക്, രണ്ടു പേരുണ്ടായിരിക്കുന്നതു സർവസാധാരണമായിരുന്നു. (പ്രവൃ 12:12; 13:1) പൗലോസിന്റെ ചില ബന്ധുക്കൾക്കും എബ്രായപേരിനു പുറമേ റോമൻ, ഗ്രീക്കു പേരുകൾ ഉണ്ടായിരുന്നു. (റോമ 16:7, 21) ജൂതന്മാരല്ലാത്തവരോടു സന്തോഷവാർത്ത അറിയിക്കുക എന്നതായിരുന്നു ‘ജനതകളുടെ അപ്പോസ്തലനായ’ പൗലോസിന്റെ ദൗത്യം. (റോമ 11:13) തന്റെ റോമൻ പേര് ഉപയോഗിക്കാൻ പൗലോസുതന്നെ തീരുമാനിച്ചതായിരിക്കാം. അത് ആളുകൾക്കു കൂടുതൽ സ്വീകാര്യമായിരിക്കുമെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. (പ്രവൃ 9:15; ഗല 2:7, 8) അദ്ദേഹം റോമൻ പേര് സ്വീകരിച്ചതു സെർഗ്യൊസ് പൗലോസിനോടുള്ള ആദരസൂചകമായിട്ടാണെന്നു ചിലർ പറയുന്നു. പക്ഷേ അതിനു സാധ്യതയില്ല. കാരണം സൈപ്രസ് വിട്ടതിനു ശേഷവും പൗലോസ് ആ പേര് നിലനിറുത്തി. ഇനി പൗലോസിന്റെ എബ്രായപേരിന്റെ ഗ്രീക്ക് ഉച്ചാരണത്തിന്, അഹംഭാവത്തോടെ ഞെളിഞ്ഞുനടക്കുന്ന ഒരു വ്യക്തിയെ (അല്ലെങ്കിൽ ഒരു മൃഗത്തെ) കുറിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഗ്രീക്കുപദത്തോടു സാമ്യമുള്ളതുകൊണ്ടാണ് പൗലോസ് ആ പേര് ഉപയോഗിക്കാതിരുന്നതെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു.—പ്രവൃ 7:58-ന്റെ പഠനക്കുറിപ്പു കാണുക.
പൗലോസ്: ഗ്രീക്കിലെ പൗലൊസ് എന്ന പേര് “ചെറിയ” എന്ന് അർഥമുള്ള പോളസ് എന്ന ലത്തീൻ പേരിൽനിന്ന് വന്നതാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ മലയാളപരിഭാഷയിൽ പൗലോസ് എന്ന പദം, അപ്പോസ്തലനായ പൗലോസിനെ കുറിക്കാൻ 300 പ്രാവശ്യവും സൈപ്രസിലെ നാടുവാഴിയായ സെർഗ്യൊസ് പൗലോസിനെ കുറിക്കാൻ രണ്ടു പ്രാവശ്യവും ഉപയോഗിച്ചിരിക്കുന്നു.—പ്രവൃ 13:7.
ഡിസംബർ 17-23
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 15-16
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
പ്രവൃ 16:37-ന്റെ പഠനക്കുറിപ്പ്, nwtsty
റോമാക്കാരായ ഞങ്ങൾ: അവർ റോമൻ പൗരന്മാരാണ് എന്നാണ് ഈ വാക്കുകൾ സൂചിപ്പിച്ചത്. പൗലോസും സാധ്യതയനുസരിച്ച് ശീലാസും റോമൻ പൗരന്മാരായിരുന്നു. ഒരു റോമൻ പൗരന് എപ്പോഴും ന്യായമായ വിചാരണ ലഭിക്കാൻ അർഹതയുണ്ടെന്നും അയാളുടെ കുറ്റം തെളിയിക്കപ്പെടാതെ അയാളെ ഒരിക്കലും പരസ്യമായി ശിക്ഷിക്കരുതെന്നും റോമൻ നിയമം വ്യവസ്ഥ ചെയ്തിരുന്നു. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ആ സാമ്രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലെയും നഗരങ്ങൾക്ക് അവയുടേതായ നിയമങ്ങളുണ്ടായിരുന്നെങ്കിലും ഒരു റോമൻ പൗരൻ എപ്പോഴും റോമൻ നിയമത്തിന്റെ കീഴിലായിരുന്നു. തനിക്ക് എതിരെ ഒരു ആരോപണമുണ്ടായാൽ, പ്രാദേശികനിയമമനുസരിച്ചുള്ള വിചാരണയ്ക്കു വിധേയനാകണോ വേണ്ടയോ എന്ന് അയാൾക്കു തീരുമാനിക്കാമായിരുന്നു. അങ്ങനെ വിചാരണ ചെയ്യപ്പെട്ടാൽപ്പോലും അയാൾക്ക് ഒരു റോമൻ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടായിരുന്നു. വധശിക്ഷ കിട്ടിയേക്കാവുന്ന കേസുകളിൽ അയാൾക്കു വേണമെങ്കിൽ റോമൻ ചക്രവർത്തിയുടെ മുമ്പാകെ അപ്പീലിനു പോകാനും അനുവാദമുണ്ടായിരുന്നു. റോമൻ സാമ്രാജ്യത്തിൽ അങ്ങോളമിങ്ങോളം പ്രസംഗപ്രവർത്തനം നടത്തിയ ആളായിരുന്നു അപ്പോസ്തലനായ പൗലോസ്. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ ആദ്യത്തേതാണു ഫിലിപ്പിയിൽവെച്ച് നടന്ന ഈ സംഭവം. തന്നെ അടിപ്പിച്ചതിലൂടെ ഫിലിപ്പിയിലെ മജിസ്റ്റ്രേട്ടുമാർ തന്റെ അവകാശങ്ങളിൽ കൈകടത്തിയെന്ന് അവരെ അറിയിച്ചുകൊണ്ട് ആ സന്ദർഭത്തിൽ പൗലോസ് തന്റെ അവകാശം ഉപയോഗിച്ചു.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 22:25; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഡിസംബർ 24-30
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 17-18
“പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ പൗലോസ് അപ്പോസ്തലനെ അനുകരിക്കുക”
പ്രവൃ 17:2, 3-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ന്യായവാദം ചെയ്തു: പൗലോസ് അവരോടു സന്തോഷവാർത്ത വെറുതേ അറിയിച്ചിട്ട് പോരാതെ അതു വിശദീകരിച്ചുകൊടുക്കുകയും തിരുവെഴുത്തുകളിൽനിന്ന് തെളിവുകൾ നിരത്തുകയും ചെയ്തു. ദൈവപ്രചോദിതമായ എബ്രായതിരുവെഴുത്തുകളാണ് അതിനായി അദ്ദേഹം ഉപയോഗിച്ചത്. തിരുവെഴുത്തുകൾ വായിച്ചതിനു പുറമേ അദ്ദേഹം അതിൽനിന്ന് ന്യായവാദം ചെയ്തു. തന്റെ കേൾവിക്കാർക്കു യോജിച്ച രീതിയിൽ ആ വാദമുഖങ്ങൾക്കു വേണ്ട മാറ്റങ്ങളും വരുത്തി. ഈ വാക്യത്തിൽ കാണുന്ന ഡിയാലേഗൊമായ് എന്ന ഗ്രീക്കുക്രിയയെ നിർവചിച്ചിരിക്കുന്നത് “പരസ്പരം ആശയവിനിമയം ചെയ്യുക; തമ്മിൽത്തമ്മിൽ സംസാരിക്കുക; ചർച്ച ചെയ്യുക” എന്നൊക്കെയാണ്. ആളുകളോടു സംസാരിക്കുന്നതും അവർക്കു പറയാനുള്ളതു കേൾക്കുന്നതും ആണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ഗ്രീക്കുപദം പ്രവൃ 17:17; 18:4, 19; 19:8, 9; 20:7, 9 എന്നീ വാക്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.
തിരുവെഴുത്തുകൾ ഉപയോഗിച്ച് തെളിയിക്കുക: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “അരികിൽ (ഒപ്പം) വെക്കുക” എന്നാണ്. സാധ്യതയനുസരിച്ച് ഇതു സൂചിപ്പിക്കുന്നത്, എബ്രായതിരുവെഴുത്തുകളിലെ മിശിഹൈകപ്രവചനങ്ങളെ യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളുമായി പൗലോസ് ശ്രദ്ധാപൂർവം താരതമ്യം ചെയ്തുകാണിച്ചെന്നാണ്. മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിറവേറിയത് എങ്ങനെയെന്ന് കേൾവിക്കാർക്ക് അപ്പോൾ വ്യക്തമായിക്കാണും.
പ്രവൃ 17:17-ന്റെ പഠനക്കുറിപ്പ്, nwtsty
ചന്തസ്ഥലം: ആതൻസിലെ ചന്തസ്ഥലമായിരുന്നു (ഗ്രീക്കിൽ, അഗോറ) ഇത്. അക്രോപോളിസിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഈ ചന്തസ്ഥലത്തിന്റെ വിസ്തീർണം ഏതാണ്ട് 12 ഏക്കർ വരുമായിരുന്നു. ഇത് ഒരു കച്ചവടസ്ഥലം മാത്രമായിരുന്നില്ല. ആ നഗരത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക സിരാകേന്ദ്രമായിരുന്ന ഈ സ്ഥലത്തെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാനമായും ആതൻസുകാരുടെ ജീവിതം. അവിടെ ഒരുമിച്ചുകൂടി, ഗഹനമായ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നത് ആതൻസുകാർക്ക് ഒരു ഹരമായിരുന്നു.
പ്രവൃ 17:22, 23-ന്റെ പഠനക്കുറിപ്പ്, nwtsty
അജ്ഞാതദൈവത്തിന്: ഇവിടെ കാണുന്ന അഗ്നോസ്റ്റോയ് തെയോയ് എന്ന ഗ്രീക്കുപദപ്രയോഗം, ആതൻസിലെ ഒരു ബലിപീഠത്തിൽ ആലേഖനം ചെയ്തിരുന്നതാണ്. ദേവീദേവന്മാരോടുള്ള ഭയഭക്തി കാരണം ആതൻസുകാർ ധാരാളം ക്ഷേത്രങ്ങളും ബലിപീഠങ്ങളും പണികഴിപ്പിച്ചിരുന്നു. പ്രശസ്തി, എളിമ, ഊർജം, പ്രേരണാശക്തി, അലിവ് എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പോലും ദേവതകളായി സങ്കൽപ്പിച്ച് അവർ ബലിപീഠങ്ങൾ നിർമിച്ചിരുന്നു. തങ്ങൾ അറിയാതെ ഏതെങ്കിലും ദേവന്റെ കാര്യം വിട്ടുപോയിട്ട് ആ ദേവൻ കോപിച്ചേക്കുമോ എന്ന ഭയം കാരണം അവർ ‘അജ്ഞാതനായ ദൈവത്തിനുവേണ്ടിപ്പോലും’ ഒരു ബലിപീഠം നീക്കിവെച്ചു. വാസ്തവത്തിൽ ഈ ബലിപീഠം പണിതതിലൂടെ, തങ്ങൾ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു ദൈവമുണ്ടെന്ന് അവർ അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യം വളരെ വിദഗ്ധമായി ഉപയോഗിച്ച പൗലോസ് ആ ബലിപീഠത്തെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ട് അവരോടു പ്രസംഗിച്ചു. അങ്ങനെ അന്നുവരെ അവർക്ക് അജ്ഞാതനായിരുന്ന സത്യദൈവത്തെ പൗലോസ് അവർക്കു പരിചയപ്പെടുത്തി.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
പ്രവൃ 18:21-ന്റെ പഠനക്കുറിപ്പ്, nwtsty
യഹോവയുടെ ഇഷ്ടമെങ്കിൽ: എന്തെങ്കിലും ചെയ്യുമ്പോഴോ ചെയ്യാൻ പദ്ധതിയിടുമ്പോഴോ ദൈവത്തിന്റെ ഇഷ്ടംകൂടെ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യം എടുത്തുകാട്ടുന്ന പദപ്രയോഗം. ഈ തത്ത്വം എപ്പോഴും ഓർത്തിരുന്ന ആളായിരുന്നു അപ്പോസ്തലനായ പൗലോസ്. (1കൊ 4:19; 16:7; എബ്ര 6:3) “യഹോവയ്ക്ക് ഇഷ്ടമെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും” എന്നു പറയാൻ ശിഷ്യനായ യാക്കോബും പ്രോത്സാഹിപ്പിച്ചു. (യാക്ക 4:15) ഒരിക്കലും ഇത്തരം കാര്യങ്ങൾ വെറുംവാക്കായി പറയരുത്. “യഹോവയുടെ ഇഷ്ടമെങ്കിൽ” എന്നൊരാൾ പറയുന്നത് ആത്മാർഥമായിട്ടാണെങ്കിൽ അയാൾ യഹോവയുടെ ഇഷ്ടമനുസരിച്ച് കാര്യങ്ങൾ ചെയ്യാനും ശ്രമിക്കണം. ഇത് എപ്പോഴും മറ്റുള്ളവർ കേൾക്കെ പറയണമെന്നില്ല; മിക്കപ്പോഴും ഇക്കാര്യം മനസ്സിൽ പറഞ്ഞാൽ മതിയാകും.—പ്രവൃ 21:14; 1കൊ 4:19; യാക്ക 4:15 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.