ദൈവരാജ്യ വാഗ്ദാനങ്ങൾ നിറവേറിക്കാണാൻ നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടോ?
ഭാഗം 7
ദൈവരാജ്യത്തിന്റെ വാഗ്ദാനങ്ങൾ—എല്ലാം പുതിയതാക്കുന്നു
ചുവന്നുതുടുത്ത ആ ആപ്പിൾ നിങ്ങൾ പറിച്ചെടുക്കുന്നു. അതിന്റെ മണം ആവോളം ആസ്വദിച്ചിട്ടു നിങ്ങൾ അതു കുട്ടയിലെ ആപ്പിൾക്കൂമ്പാരത്തിലേക്ക് ഇടുന്നു. പണി തുടങ്ങിയിട്ടു മണിക്കൂറുകളായെങ്കിലും അത്ര ക്ഷീണം തോന്നുന്നില്ല. വേണമെങ്കിൽ കുറച്ച് സമയം കൂടെ ജോലി ചെയ്യാം. അടുത്തുതന്നെയുള്ള ഒരു മരച്ചുവട്ടിൽ നിങ്ങളുടെ അമ്മയുമുണ്ട്. സന്തോഷത്തോടെ മറ്റു കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും കൂടെ ആപ്പിൾ പറിച്ചുകൂട്ടുന്ന തിരക്കിലാണ്. അമ്മ ഇപ്പോൾ എത്ര ചെറുപ്പമാണ്! കുട്ടിക്കാലത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓർമകളിലെ അമ്മയുടെ അതേ രൂപം! പോയിമറഞ്ഞ ആ ലോകത്തിൽ ഈ അമ്മയാണോ വാർധക്യത്തിലേക്കു കാലൂന്നുന്നതായി നിങ്ങൾ കണ്ടത്? രോഗം വന്ന് അമ്മയുടെ ആരോഗ്യം ക്ഷയിച്ചതും മരണക്കിടക്കയിൽ അമ്മയുടെ കൈപിടിച്ച് ഇരുന്നതും അമ്മയുടെ കല്ലറയ്ക്കൽ ഇരുന്ന് പൊട്ടിക്കരഞ്ഞതും ഇപ്പോഴും നിങ്ങൾ ഓർക്കുന്നു. എങ്കിലും ഇപ്പോൾ അമ്മ ഇതാ, പൂർണാരോഗ്യത്തോടെ ഇവിടെ നിൽക്കുന്നു. അതുപോലെ എത്രയെത്ര ആളുകൾ!
ആ കാലം തീർച്ചയായും വരും. നമുക്ക് അത് ഉറപ്പാണ്. എന്തുകൊണ്ട്? കാരണം, യഹോവയുടെ വാഗ്ദാനങ്ങൾ തീർച്ചയായും നിറവേറും. ദൈവരാജ്യത്തിന്റെ ചില വാഗ്ദാനങ്ങൾ സമീപഭാവിയിൽത്തന്നെ എങ്ങനെ നിറവേറുമെന്നും അത് അർമഗെദോൻ യുദ്ധത്തിലേക്കു നയിക്കുന്നത് എങ്ങനെയെന്നും ഈ ഭാഗത്ത് നമ്മൾ കാണും. അതിനു ശേഷം നിറവേറാനിരിക്കുന്ന ആവേശകരമായ ചില വാഗ്ദാനങ്ങളുമുണ്ട്. അവയെക്കുറിച്ചും നമ്മൾ പഠിക്കും. ഈ ഭൂമിയെ മുഴുവൻ ദൈവരാജ്യം ഭരിക്കുന്ന ഒരു സമയം വരും. അന്നു ദൈവരാജ്യം എല്ലാം പുതിയതാക്കും. അതിനു സാക്ഷ്യം വഹിക്കുമ്പോൾ നമുക്കെല്ലാം എത്ര സന്തോഷമായിരിക്കുമെന്നോ!