ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂൺ 3-9
ദൈവവചനത്തിലെ നിധികൾ | ഗലാത്യർ 4–6
“നമ്മുടെ കാര്യത്തിലും പ്രസക്തിയുള്ള ‘ആലങ്കാരികമായ അർഥമുള്ള ഒരു നാടകം’”
it-1-E 1018 ¶2
ഹാഗാർ
ഹാഗാർ കഥാപാത്രമായ ആലങ്കാരികമായ ഒരു നാടകത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. ആ നാടകത്തിൽ ഹാഗാർ പ്രതീകപ്പെടുത്തിയത് ഇസ്രായേൽ ജനതയെയാണ്. സീനായ് പർവതത്തിൽവെച്ച് നിലവിൽ വന്ന നിയമയുടമ്പടിയിലെ വ്യവസ്ഥകൾ പാലിച്ചുകൊള്ളാമെന്ന് ഇസ്രായേൽ വാക്കു കൊടുത്തുകൊണ്ട് യഹോവയുമായി ഒരു ബന്ധത്തിലേക്കു വന്നു. ആ ഉടമ്പടി ‘അടിമകളെ പ്രസവിക്കുന്നു.’ ആളുകളുടെ പാപപൂർണമായ അവസ്ഥ കാരണം ഇസ്രായേൽ ജനതയ്ക്ക് ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിഞ്ഞില്ല. ആ ഉടമ്പടിയുടെ കീഴിൽ ഇസ്രായേല്യർ ഒരു സ്വതന്ത്രജനതയായില്ല. പകരം മരണത്തിനു യോഗ്യരായ പാപികളായി ഇസ്രായേല്യരെ അതു കുറ്റം വിധിച്ചു. അതുകൊണ്ട് അവർ അടിമകളായിരുന്നു. (യോഹ 8:34; റോമ 8:1-3) പൗലോസിന്റെ കാലത്തെ യരുശലേം ഹാഗാറിനു തുല്യയായിരുന്നു. കാരണം സ്വാഭാവിക ഇസ്രായേലിനെ പ്രതിനിധാനം ചെയ്ത, അതിന്റെ തലസ്ഥാനമായ യരുശലേം, മക്കളുമായി അടിമത്തത്തിലായിരുന്നു. എന്നാൽ ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ ‘മീതെയുള്ള യരുശലേമിന്റെ,’ ദൈവത്തിന്റെ പ്രതീകാത്മക സ്ത്രീയുടെ മക്കളാണ്. ഈ യരുശലേമിന്, സ്വതന്ത്രയായിരുന്ന സാറയെപ്പോലെ, ഒരിക്കലും അടിമത്തത്തിൽ കഴിയേണ്ടിവന്നിട്ടില്ല. പക്ഷേ യിശ്മായേൽ യിസ്ഹാക്കിനെ ഉപദ്രവിച്ചതുപോലെ, പുത്രൻ മോചിപ്പിച്ച, ‘മീതെയുള്ള യരുശലേമിന്റെ’ മക്കളെ അടിമത്തത്തിലായിരുന്ന യരുശലേമിന്റെ മക്കൾ ഉപദ്രവിച്ചു. എന്നാൽ ഹാഗാറിനെയും മകനെയും പുറത്താക്കിയെന്നു നമ്മൾ വായിക്കുന്നു. സ്വാഭാവിക ഇസ്രായേലിനെ ഒരു ജനതയെന്ന നിലയിൽ യഹോവ തള്ളിക്കളഞ്ഞതിനെയാണ് അതു പ്രതീകപ്പെടുത്തിയത്.—ഗല 4:21-31; യോഹ 8:31-40-ഉം കൂടെ കാണുക.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w10-E 11/1 15
നിങ്ങൾക്ക് അറിയാമോ?
“യേശുവിന്റെ അടിമയാണെന്നു കാണിക്കുന്ന അടയാളങ്ങൾ ശരീരത്തിൽ വഹിക്കുന്നയാളാണു ഞാൻ” എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്?—ഗലാത്യർ 6:17.
പൗലോസിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ മനസ്സിൽ പല ചിത്രങ്ങൾ വന്നിരിക്കാം. ഉദാഹരണത്തിന്, പുരാതനനാളുകളിൽ ഒരു യുദ്ധതടവുകാരനെയോ ക്ഷേത്രങ്ങൾ കവർച്ച ചെയ്യുന്നവരെയോ അടിമകളെയോ തിരിച്ചറിയാൻ ചുട്ടുപഴുത്ത ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിരുന്നു. മനുഷ്യരിൽ കാണുന്ന ഇത്തരം അടയാളങ്ങൾ നിന്ദ്യമായി കണക്കാക്കിയിരുന്നു.
എന്നാൽ, എല്ലായ്പോഴും ഇത്തരം അടയാളങ്ങൾ മോശമായി കണ്ടിരുന്നില്ല. പലയാളുകളും തങ്ങൾ ഒരു പ്രത്യേക കുലത്തിലെയോ മതത്തിലെയോ അംഗമാണെന്നു സൂചിപ്പിക്കാൻ ഇത്തരം അടയാളങ്ങൾ ഉപയോഗിച്ചിരുന്നു. പുതിയ നിയമത്തിന്റെ ദൈവശാസ്ത്രനിഘണ്ടു ഇങ്ങനെ പറയുന്നു: “സിറിയക്കാർ ഹദദ് ദേവനും ആതാർഗിസ് ദേവിക്കും തങ്ങളെത്തന്നെ അർപ്പിച്ചതിന്റെ പ്രതീകമായി കഴുത്തിലോ കൈത്തണ്ടയിലോ അടയാളങ്ങൾ വരുത്തിയിരുന്നു. . . . വള്ളിപ്പന്നച്ചെടിയുടെ ഇലയുടെ അടയാളം ഡയോനൈസസിന്റെ ആരാധകർ ഉപയോഗിച്ചിരുന്നു.”
തന്റെ മിഷനറി ജീവിതത്തിനിടെ അനുഭവിക്കേണ്ടിവന്ന ശാരീരിക ഉപദ്രവങ്ങളേൽപ്പിച്ച മുറിപ്പാടുകളായിരിക്കാം പൗലോസിന്റെ മനസ്സിലുണ്ടായിരുന്നതെന്നു പല ആധുനിക എഴുത്തുകാരും കരുതുന്നു. (2 കൊരിന്ത്യർ 11:23-27) ഒരുപക്ഷേ, ശരീരത്തിലെ പാടുകളല്ല, പകരം തന്റെ ജീവിതരീതി തന്നെ ഒരു ക്രിസ്ത്യാനിയായി തിരിച്ചറിയിച്ചെന്നു പൗലോസ് പറയുകയായിരുന്നു.
ജൂൺ 10-16
ദൈവവചനത്തിലെ നിധികൾ | എഫെസ്യർ 1–3
“യഹോവയുടെ ഭരണനിർവഹണവും അതിന്റെ പ്രവർത്തനവിധവും”
it-2-E 837 ¶4
പാവനരഹസ്യം
മിശിഹൈകരാജ്യം. പൗലോസ് തന്റെ ലേഖനത്തിൽ യേശുവിനെക്കുറിച്ചുള്ള പാവനരഹസ്യം സംബന്ധിച്ച ഒരു മുഴുചിത്രം നമുക്കു നൽകുന്നു. എഫെസ്യർ 1:9-11-ൽ തന്റെ ഇഷ്ടത്തെക്കുറിച്ചുള്ള പാവനരഹസ്യം ദൈവം വെളിപ്പെടുത്തിത്തരുന്നതിനെക്കുറിച്ച് പൗലോസ് പറയുന്നു. പൗലോസ് ഇങ്ങനെ എഴുതി: “ദൈവത്തിന്റെ ഇഷ്ടമനുസരിച്ചുള്ളതും ദൈവം മനസ്സിൽ തീരുമാനിച്ചതും ആയ ഈ രഹസ്യത്തിൽ, നിശ്ചയിച്ച കാലം തികയുമ്പോൾ നടക്കുന്ന ഒരു ഭരണനിർവഹണം ഉൾപ്പെട്ടിട്ടുണ്ട്. സ്വർഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം ക്രിസ്തുവിൽ ഒന്നിച്ചുചേർക്കുക എന്നതാണ് അത്. ക്രിസ്തുവിനോടു യോജിപ്പിലായ ഞങ്ങളെ ക്രിസ്തുവിൽ അവകാശികളുമാക്കിയിരിക്കുന്നു. താൻ തീരുമാനിക്കുന്നതുപോലെ, തന്റെ ഇഷ്ടമനുസരിച്ച് എല്ലാം ചെയ്യുന്ന ദൈവം തന്റെ ഉദ്ദേശ്യപ്രകാരം നേരത്തേതന്നെ ഞങ്ങളെ ഇതിനുവേണ്ടി നിശ്ചയിച്ചിരുന്നു.” ഈ ‘പാവനരഹസ്യത്തിൽ’ ഒരു രാജ്യം അഥവാ ഒരു ഭരണകൂടം ഉൾപ്പെടുന്നു, ദൈവത്തിന്റെ മിശിഹൈകരാജ്യം ആണ് അത്. ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനിരിക്കുന്നവരെയാണു ‘സ്വർഗത്തിലുള്ളത്’ എന്നു പരാമർശിക്കുന്നത്. ‘ഭൂമിയിലുള്ളത്’ എന്നത് ആ ഭരണത്തിന്റെ ഭൂമിയിലെ പ്രജകളെയാണ് അർഥമാക്കുന്നത്. പാവനരഹസ്യം ദൈവരാജ്യവുമായി ബന്ധപ്പെട്ട ഒന്നാണെന്ന് യേശു തന്റെ ശിഷ്യന്മാരോടു സൂചിപ്പിച്ചു: “ദൈവരാജ്യത്തെക്കുറിച്ചുള്ള പാവനരഹസ്യം മനസ്സിലാക്കാൻ അനുഗ്രഹം ലഭിച്ചതു നിങ്ങൾക്കാണ്.”—മർ 4:11.
ജൂൺ 17-23
ദൈവവചനത്തിലെ നിധികൾ | എഫെസ്യർ 4-6
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1128 ¶3
വിശുദ്ധി
പരിശുദ്ധാത്മാവ്. യഹോവയുടെ ആത്മാവ് അഥവാ ചലനാത്മകശക്തി യഹോവയുടെ നിയന്ത്രണത്തിലുള്ളതാണ്. അത് എല്ലായ്പോഴും യഹോവയുടെ ഉദ്ദേശ്യം നിറവേറ്റുന്നു. അതു ശുദ്ധവും പാവനവും ദൈവത്തിന്റെ ഉപയോഗത്തിനുവേണ്ടി വേർതിരിച്ചിരിക്കുന്നതും ആണ്. അതുകൊണ്ടാണ് അതിനെ ‘പരിശുദ്ധാത്മാവ്’ എന്നു വിളിക്കുന്നത്. (സങ്ക 51:11; ലൂക്ക 11:13; റോമ 1:4; എഫ 1:13) പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ പ്രവർത്തിക്കുമ്പോൾ അത് അയാളെ വിശുദ്ധിയിലേക്കു നയിക്കുന്ന ഒരു പ്രേരകശക്തിയാണ്. അശുദ്ധമായ അല്ലെങ്കിൽ തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അതു പരിശുദ്ധാത്മാവിനെ എതിർക്കുന്നതുപോലെ, അല്ലെങ്കിൽ ‘ദുഃഖിപ്പിക്കുന്നതുപോലെ’ ആയിരിക്കും. (എഫ 4:30) പരിശുദ്ധാത്മാവിന്റെ പ്രവർത്തനം നമ്മുടെ സ്വർഗീയപിതാവിന്റെ ഇഷ്ടത്തിനും ആ ദൈവത്തിന്റെ വ്യക്തിത്വത്തിനും ചേർച്ചയിലായതിനാൽ, അതിന്റെ പ്രവർത്തനത്തെ എതിർക്കുന്നതു ദൈവേഷ്ടത്തിന് എതിരെ പ്രവർത്തിക്കുന്നതുപോലെയായിരിക്കും. ദൈവാത്മാവിനെ, അഥവാ ദൈവത്തിന്റെ പരിശുദ്ധമായ ശക്തിയെ, ദുഃഖിപ്പിക്കുക എന്നത് ആലങ്കാരികമായ ഒരു പ്രയോഗമാണ്. ദൈവത്തെത്തന്നെ ദുഃഖിപ്പിക്കും എന്നതാണ് അതിന്റെ അർഥം. ദുഷ്പ്രവൃത്തി ചെയ്യുന്നയാൾ ‘ദൈവാത്മാവിന്റെ തീ കെടുത്തിക്കളഞ്ഞേക്കാം.’ (1തെസ്സ 5:19) ഒരാൾ അത്തരം ഒരു പ്രവൃത്തിയിൽ തുടരുന്നെങ്കിൽ, അയാൾ ഒരർഥത്തിൽ ദൈവത്തിന്റെ ‘പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചേക്കാം.’ അങ്ങനെ ദൈവം ധിക്കാരിയായ ആ വ്യക്തിയുടെ ശത്രുവായിത്തീരുകയും ചെയ്തേക്കാം. (യശ 63:10) ദൈവാത്മാവിനെ ദുഃഖിപ്പിക്കുന്ന ഒരു വ്യക്തി അതിനെ നിന്ദിക്കുന്ന അളവോളം പോയേക്കാം. അത്തരമൊരു പാപം ഈ വ്യവസ്ഥിതിയിലും വരാനുള്ള വ്യവസ്ഥിതിയിലും അയാളോടു ക്ഷമിക്കില്ലെന്നു യേശു പറഞ്ഞു.—മത്ത 12:31, 32; മർ 3:28-30.
it-1-E 1006 ¶2
അത്യാഗ്രഹം
പ്രവൃത്തികളിൽ ദൃശ്യമാകുന്നു. ഒരു വ്യക്തിയുടെ തെറ്റായ, അനുചിതമായ ആഗ്രഹം അയാളുടെ പ്രവൃത്തിയിലൂടെ പുറത്തുവരും. തെറ്റായ മോഹങ്ങൾ ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു എന്നു ബൈബിളെഴുത്തുകാരനായ യാക്കോബ് നമ്മളോടു പറയുന്നു. (യാക്ക 1:14, 15) അതുകൊണ്ട് അത്യാഗ്രഹിയായ ഒരു വ്യക്തിയെ അയാളുടെ പ്രവൃത്തികളിൽനിന്ന് മനസ്സിലാകും. അത്യാഗ്രഹിയായിരിക്കുന്ന ഒരാൾ വിഗ്രഹാരാധകനുമാണെന്നു പൗലോസ് പറഞ്ഞു. (എഫ 5:5) അയാൾ അതിയായി ആഗ്രഹിക്കുന്ന കാര്യം അയാളുടെ ദൈവമാകുകയാണ്. അയാൾ ജീവിതത്തിൽ സ്രഷ്ടാവിനുള്ള ആരാധനയെക്കാളും സേവനത്തെക്കാളും പ്രാധാന്യം കൊടുക്കുന്നത് ഇക്കാര്യത്തിനായിരിക്കും.—റോമ 1:24, 25.
ജൂൺ 24-30
ദൈവവചനത്തിലെ നിധികൾ | ഫിലിപ്പിയർ 1-4
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 528 ¶5
യാഗങ്ങൾ
പാനീയയാഗങ്ങൾ. പാനീയയാഗങ്ങൾ മിക്ക യാഗങ്ങളുടെയും ഒപ്പം അർപ്പിച്ചിരുന്നു, പ്രത്യേകിച്ച് ഇസ്രായേല്യർ വാഗ്ദത്തദേശത്ത് താമസമാക്കിയതിനു ശേഷം. (സംഖ 15:2, 5, 8-10) ഇതിൽ വീഞ്ഞ് (“ലഹരിപാനീയം”) ഉൾപ്പെട്ടിരുന്നു. അതു യാഗപീഠത്തിൽ ഒഴിച്ചിരുന്നു. (സംഖ 28:7, 14; പുറ 30:9-ഉം സംഖ 15:10-ഉം താരതമ്യം ചെയ്യുക.) പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്ക് എഴുതി: “നിങ്ങൾ ചെയ്യുന്ന വിശുദ്ധസേവനത്തിന്മേലും നിങ്ങൾ അർപ്പിക്കുന്ന ബലിയുടെ മേലും ഞാൻ എന്നെ ഒരു പാനീയയാഗമായി ചൊരിയുകയാണ്. എങ്കിൽപ്പോലും എനിക്കു സന്തോഷമേ ഉള്ളൂ.” ഇവിടെ പാനീയയാഗം എന്നത് ഒരു അലങ്കാരമായിട്ടാണു പൗലോസ് ഉപയോഗിച്ചത്. സഹക്രിസ്ത്യാനികൾക്കുവേണ്ടി തന്നെത്തന്നെ വിട്ടുകൊടുക്കാനുള്ള മനസ്സൊരുക്കം അതിലൂടെ അദ്ദേഹം കാണിക്കുകയായിരുന്നു. (ഫിലി 2:17) മരിക്കുന്നതിനു മുമ്പായി അദ്ദേഹം തിമൊഥെയൊസിന് ഇങ്ങനെ എഴുതി: “എന്നെ ഇപ്പോൾത്തന്നെ ഒരു പാനീയയാഗമായി ചൊരിയുകയാണ്. എന്റെ മോചനത്തിന്റെ സമയം അടുത്തു.”—2തിമ 4:6.