ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഏപ്രിൽ 13-19
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 31
“യാക്കോബും ലാബാനും ഒരു സമാധാനയുടമ്പടി ഉണ്ടാക്കി”
it-1-E 883 ¶1
ഗലേദ്
യാക്കോബും ലാബാനും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായി. അവർ അതു സമാധാനപരമായി പരിഹരിക്കുകയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുകയും ചെയ്തു. അതിന്റെ ഭാഗമായി യാക്കോബ് ഒരു കല്ല് എടുത്ത് തൂണായി നാട്ടി. എന്നിട്ട് “ബന്ധുക്കളോട്,” കല്ലുകൾ എടുത്ത് കൂമ്പാരമായി കൂട്ടാൻ ആവശ്യപ്പെട്ടു. ഉടമ്പടിയോടു ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്നതിന് ഒരു മേശയുടെ ആകൃതിയിലായിരിക്കാം അവർ ആ കല്ലുകൾ കൂട്ടിവെച്ചത്. അതുകൊണ്ട്, ലാബാൻ ആ സ്ഥലത്തിന് അരമായയിൽ (സിറിയൻ ഭാഷ) “യഗർ-സാഹദൂഥ” എന്ന് പേരിട്ടു. എന്നാൽ യാക്കോബ് അതിന്റെ എബ്രായ പദമായ “ഗലേദ്” എന്നാണ് ആ സ്ഥലത്തിനു പേരിട്ടത്. അപ്പോൾ ലാബാൻ പറഞ്ഞു: “ഈ കൽക്കൂമ്പാരം (എബ്രായയിൽ, ഗാൽ) ഇന്ന് എനിക്കും നിനക്കും മധ്യേ സാക്ഷിയായിരിക്കട്ടെ (എബ്രായയിൽ, ഏദ്).” (ഉൽ 31:44-48) ആ കൽക്കൂമ്പാരവും (കല്ലുകൊണ്ടുള്ള തൂണും) വഴിപോക്കർക്ക് ഒരു സാക്ഷ്യമായിരുന്നു. 49-ാം വാക്യം പറയുന്നതുപോലെ അത് ഒരു “കാവൽഗോപുരം (എബ്രായയിൽ, മിസ്പാ)” ആയിരുന്നു. അതു യാക്കോബും ലാബാനും തമ്മിലും അവരുടെ കുടുംബങ്ങൾ തമ്മിലും സമാധാനം പാലിക്കും എന്നതിനുള്ള ഒരു ഉറപ്പായിരുന്നു. (ഉൽ 31:50-53) പിന്നീട് പലപ്പോഴും ഇതുപോലെ, കല്ലുകൾ സാക്ഷ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട്.—യോശ 4:4-7; 24:25-27.
it-2-E 1172
കാവൽഗോപുരം
യാക്കോബ് കല്ലുകൾ ഒരു കൂമ്പാരമായി കൂട്ടി, അതിനെ “ഗലേദ്” (“സാക്ഷ്യത്തിന്റെ കൂമ്പാരം” എന്ന് അർഥം) എന്നും “കാവൽഗോപുരം” എന്നും വിളിച്ചു. അപ്പോൾ ലാബാൻ പറഞ്ഞു: “ഞാനും നീയും പരസ്പരം അകന്നിരിക്കുമ്പോൾ യഹോവ നിനക്കും എനിക്കും മധ്യേ കാവൽ നിൽക്കട്ടെ.” (ഉൽ 31:45-49) യാക്കോബും ലാബാനും അവർ തമ്മിൽ ചെയ്ത സമാധാനത്തിന്റെ ഉടമ്പടിക്കു ചേർച്ചയിൽ പ്രവർത്തിക്കണമായിരുന്നു. യഹോവ അക്കാര്യം നിരീക്ഷിക്കുന്നുണ്ട് എന്നതിനുള്ള ഒരു സാക്ഷ്യമായി ആ കൽക്കൂമ്പാരം നിന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 1087-1088
കുലദൈവം
മെസൊപ്പൊത്താമ്യയിലും അടുത്തുള്ള സ്ഥലങ്ങളിലും നിന്ന് പുരാവസ്തുഗവേഷകർ കണ്ടെത്തിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് കുലദൈവപ്രതിമകൾ കൈവശമുള്ള ആളിനായിരിക്കും കുടുംബസ്വത്തിന്റെ അവകാശം ലഭിക്കുക എന്നാണ്. ഒരു വീട്ടിലെ മകളുടെ ഭർത്താവിന്റെ കൈവശം ആ വീട്ടിലെ കുലദൈവങ്ങളുണ്ടെങ്കിൽ, അയാൾക്ക് മരിച്ചുപോയ അമ്മായിയപ്പന്റെ സ്വത്തിനുവേണ്ടി കോടതിയിൽ പോയി അവകാശം ഉന്നയിക്കാൻ കഴിയുമായിരുന്നു എന്നാണ് നൂസി എന്ന സ്ഥലത്തുനിന്ന് കിട്ടിയ ഒരു കളിമൺഫലകത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. [പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ (ഇംഗ്ലീഷ്)] ഭർത്താവായ യാക്കോബിനോടു വഞ്ചനയോടെ ഇടപെട്ട തന്റെ പിതാവിന്റെ കുലദൈവപ്രതിമകൾ എടുക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു റാഹേൽ ന്യായവാദം ചെയ്തത് ഒരുപക്ഷേ ഇക്കാര്യം അറിയാമായിരുന്നതുകൊണ്ടായിരിക്കാം. (ഉൽ 31:14-16 താരതമ്യം ചെയ്യുക.) കുലദൈവങ്ങൾ നഷ്ടപ്പെട്ടപ്പോൾ അത് എങ്ങനെയും വീണ്ടെടുക്കണമെന്നു ലാബാനു തോന്നി. അതിനുവേണ്ടി യാക്കോബിനെ കണ്ടെത്താൻ സഹോദരങ്ങളെയുംകൂട്ടി ഏഴു ദിവസം യാത്ര ചെയ്യുകപോലും ചെയ്തു. സ്വത്തവകാശത്തിന്റെ കാര്യത്തിൽ കുലദൈവപ്രതിമകൾക്കുള്ള പ്രാധാന്യമാണ് ഇതു കാണിക്കുന്നത്. (ഉൽ 31:19-30) റാഹേൽ അതു മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞതേ ഇല്ലായിരുന്നു. (ഉൽ 31:32) ലാബാന്റെ മക്കളുടെ അവകാശം കൈയേറാൻ യാക്കോബ് ആ പ്രതിമകൾ ഉപയോഗിച്ചതിന്റെ ഒരു സൂചനയുമില്ല. വിഗ്രഹങ്ങളുമായി യാക്കോബിനു യാതൊരു ബന്ധവുമില്ലായിരുന്നു. ആ കുലദൈവപ്രതിമകൾക്ക് എന്തു സംഭവിച്ചു? പിന്നീട് യാക്കോബിന്റെ വീട്ടിലുള്ളവരെല്ലാം അവരുടെ കൈയിലുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങളെല്ലാം യാക്കോബിനെ ഏൽപ്പിച്ചു. യാക്കോബ് അവയെല്ലാം ശെഖേമിന് അടുത്തുള്ള വലിയ മരത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. കുലദൈവപ്രതിമകൾ അക്കാലംവരെ അവരുടെ കൈയിലുണ്ടായിരുന്നെങ്കിൽ കുഴിച്ചിട്ടതിന്റെ കൂട്ടത്തിൽ അവയും കാണും.—ഉൽ 35:1-4.
ഏപ്രിൽ 20-26
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 32–33
“നിങ്ങൾ അനുഗ്രഹത്തിനായി മല്പിടിത്തം നടത്തുന്നുണ്ടോ?”
it-2-E 190
മുടന്തൻ, മുടന്ത്
യാക്കോബിന്റെ മുടന്ത്. ഏകദേശം 97 വയസ്സായപ്പോൾ, മനുഷ്യശരീരമെടുത്ത ഒരു ദൈവദൂതനുമായി യാക്കോബ് രാത്രി മുഴുവൻ മല്ലു പിടിച്ചു. ദൂതൻ ഒരു അനുഗ്രഹം കൊടുക്കുന്നതുവരെ ദൂതനെ പിടിച്ചുനിറുത്താൻ യാക്കോബിനു കഴിഞ്ഞു. മല്പിടിത്തത്തിനിടെ ദൂതൻ യാക്കോബിന്റെ ഇടുപ്പെല്ലിൽ തൊട്ടു, അങ്ങനെ ഇടുപ്പ് ഉളുക്കിപ്പോയി. അതിനു ശേഷം യാക്കോബ് മുടന്തിയാണു നടന്നിരുന്നത്. (ഉൽ 32:24-32; ഹോശ 12:2-4) യാക്കോബ് ‘ദൈവത്തോടും (ദൈവദൂതനോട്) മനുഷ്യരോടും പൊരുതി ജയിച്ചെന്ന്’ ദൂതൻ പറഞ്ഞു. പക്ഷേ താൻ ദൈവത്തിന്റെ ശക്തനായ ദൂതനെ തോൽപ്പിച്ചിട്ടില്ല എന്ന കാര്യം ആ മുടന്ത് യാക്കോബിനെ എപ്പോഴും ഓർമിപ്പിച്ചു. ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നതുകൊണ്ടും ദൈവം അനുവദിച്ചതുകൊണ്ടും മാത്രമാണു യാക്കോബിനു ദൂതനോടു മല്ലു പിടിക്കാൻ കഴിഞ്ഞത്. ദൈവത്തിന്റെ അനുഗ്രഹം യാക്കോബ് എത്രയധികം വിലമതിച്ചിരുന്നു എന്നു തെളിയിക്കാൻ ഒരു അവസരം കൊടുക്കുകയായിരുന്നു ദൈവം.
it-1-E 1228
ഇസ്രായേൽ
യാക്കോബിന് ഏതാണ്ട് 97 വയസ്സുള്ളപ്പോൾ ദൈവം യാക്കോബിനു കൊടുത്ത പേരാണ് ഇത്. സഹോദരനായ ഏശാവിനെ കാണാനായി യബ്ബോക്ക് നീർച്ചാൽ കുറുകെ കടന്ന രാത്രിയിലാണ് യാക്കോബിന് ഈ പേര് കിട്ടിയത്. ആ രാത്രിയിൽ യാക്കോബ് ഒരാളുമായി മല്പിടിത്തം നടത്തി. അത് ഒരു ദൂതനായിരുന്നു. മടുത്തുപോകാതെ മല്പിടിത്തം നടത്തിയതുകൊണ്ട് ദൈവാംഗീകാരത്തിന്റെ സൂചനയായി ദൂതൻ യാക്കോബിന്റെ പേര് ഇസ്രായേൽ എന്നു മാറ്റി. ഈ സംഭവങ്ങളുടെ ഓർമയ്ക്ക് യാക്കോബ് ആ സ്ഥലത്തിനു പെനീയേൽ അല്ലെങ്കിൽ പെനുവേൽ എന്നു പേരിട്ടു. (ഉൽ 32:22-31) പിന്നീട് ബഥേൽ എന്ന സ്ഥലത്തുവെച്ച് ദൈവം ഇസ്രായേൽ എന്ന ആ പേര് ഉറപ്പിച്ചു. അന്നുമുതൽ ജീവിതാവസാനംവരെ ഈ പേരിലാണ് യാക്കോബ് കൂടുതലും അറിയപ്പെട്ടിരുന്നത്. (ഉൽ 35:10, 15; 50:2; 1ദിന 1:34) ഇസ്രായേൽ എന്ന പേര് ബൈബിളിൽ 2,500-ലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മിക്കതും ഒരു ജനതയെന്ന നിലയിൽ യാക്കോബിന്റെ പിന്മുറക്കാരെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.—പുറ 5:1, 2.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 980
ദൈവം, ഇസ്രായേലിന്റെ ദൈവം
പെനീയേലിൽ വെച്ച് യഹോവയുടെ ദൂതനുമായി മല്പിടിത്തം നടത്തിയതിന്റെ ഫലമായി യാക്കോബിനു ഇസ്രായേൽ എന്ന പേര് കിട്ടി. സഹോദരനായ ഏശാവുമായി കണ്ട് സമാധാനത്തോടെ പിരിഞ്ഞ യാക്കോബ് ആദ്യം സുക്കോത്തിലും പിന്നെ ശെഖേമിലും താമസിച്ചു. ശെഖേമിൽവെച്ച് യാക്കോബ് ഹാമോറിന്റെ മക്കളുടെ കൈയിൽനിന്ന് കുറച്ച് സ്ഥലം വാങ്ങി അവിടെ കൂടാരം അടിച്ചു. (ഉൽ 32:24-30; 33:1-4, 17-19) “യാക്കോബ് അവിടെ ഒരു യാഗപീഠം പണിത് അതിനെ ദൈവം, ഇസ്രായേലിന്റെ ദൈവം എന്നു വിളിച്ചു.” (ഉൽ 33:20) ഈ പ്രയോഗം ബൈബിളിൽ ഇവിടെ മാത്രമേ ഉള്ളൂ. തനിക്കു പുതുതായി കിട്ടിയ പേര് യാഗപീഠത്തിനും ഇട്ടുകൊണ്ട് താൻ ആ പേര് സ്വീകരിച്ചെന്നും വാഗ്ദത്തനാട്ടിലേക്ക് സുരക്ഷിതനായി തന്നെ വഴിനയിച്ചതിനെ വിലമതിക്കുന്നെന്നും യാക്കോബ് സൂചിപ്പിച്ചു.
ഏപ്രിൽ 27–മെയ് 3
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 34–35
“ചീത്ത കൂട്ടുകെട്ടിന്റെ ദാരുണഫലങ്ങൾ”
w09-E 9/1 21 ¶1-2
നിങ്ങളെ ആരെങ്കിലും വിഷമിപ്പിച്ചാൽ
പലപ്പോഴും ആളുകൾ പകരം വീട്ടാൻ ശ്രമിക്കുന്നത്, തങ്ങളോടു ചെയ്ത തെറ്റിന്റെ മാനസികബുദ്ധിമുട്ടു കുറയ്ക്കാനാണ്. ഉദാഹരണത്തിന്, പെങ്ങളായ ദീനയെ കനാന്യനായ ശെഖേം മാനഭംഗപ്പെടുത്തിയെന്ന് അറിഞ്ഞപ്പോൾ, യാക്കോബിന്റെ പുത്രന്മാർക്കു “ദേഷ്യവും അമർഷവും തോന്നി.” (ഉൽപത്തി 34:1-7) തങ്ങളുടെ പെങ്ങളോടു ചെയ്ത തെറ്റിനു പ്രതികാരം ചെയ്യാൻ യാക്കോബിന്റെ രണ്ടു പുത്രന്മാർ ശെഖേമിനും വീട്ടുകാർക്കും എതിരെ ഒരു പദ്ധതി ആസൂത്രണം ചെയ്തു. ചതിയിലൂടെ അവർ കനാന്യനഗരത്തിൽ പ്രവേശിച്ച് ശെഖേം ഉൾപ്പെടെ അവിടെയുള്ള എല്ലാ ആണുങ്ങളെയും കൊന്നു.—ഉൽപത്തി 34:13-27.
അത്രയും പേരെ കൊന്നതുകൊണ്ട് പ്രശ്നം പരിഹരിച്ചോ? മക്കളുടെ പ്രവൃത്തികളെക്കുറിച്ച് അറിഞ്ഞപ്പോൾ അവരെ ശാസിച്ചുകൊണ്ട് യാക്കോബ് ഇങ്ങനെ പറഞ്ഞു: “ഈ ദേശക്കാരായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ച് വലിയ കുഴപ്പത്തിലാക്കിയിരിക്കുന്നു. . . . അവർ സംഘം ചേർന്ന് എന്നെ ആക്രമിച്ച് എന്നെയും എന്റെ കുടുംബത്തെയും പൂർണമായി നശിപ്പിക്കുമെന്ന് ഉറപ്പാണ്.” (ഉൽപത്തി 34:30) അവരുടെ പ്രവൃത്തികൾ പ്രശ്നം പരിഹരിച്ചില്ല. പകരം അതു കൂടുതൽ വഷളാക്കുകയാണു ചെയ്തത്. കോപാകുലരായ നാട്ടുകാരിൽനിന്നുള്ള പ്രത്യാക്രമണം ഏതു നിമിഷവും യാക്കോബിന്റെ കുടുംബം പ്രതീക്ഷിക്കേണ്ടിവന്നു. അങ്ങനെയൊരു അപകടം ഉണ്ടാകാതിരിക്കാനായിരിക്കണം, ദൈവം യാക്കോബിനോടു ആ ദേശം വിട്ട് കുടുംബത്തെയും കൂട്ടി ബഥേലിലേക്കു പോകാൻ പറഞ്ഞത്.—ഉൽപത്തി 35:1, 5.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 600 ¶4
ദബോര
റിബെക്കയുടെ പരിചാരിക. അപ്പനായ ബഥൂവേലിന്റെ വീട്ടിൽനിന്ന് യിസ്ഹാക്കിനെ കല്ല്യാണം കഴിക്കാൻ റിബെക്ക പലസ്തീനിലേക്കു പോന്നപ്പോൾ ദബോരയും റിബെക്കയുടെകൂടെ പോന്നു. (ഉൽ 24:59) വർഷങ്ങളോളം യിസ്ഹാക്കിന്റെ ഭവനത്തിൽ സേവനം ചെയ്തശേഷം, ദബോര യാക്കോബിന്റെ കുടുംബത്തിന്റെ ഭാഗമായി. ഒരുപക്ഷേ റിബെക്കയുടെ മരണത്തിനു ശേഷമായിരിക്കും അത്. തെളിവനുസരിച്ച് റിബെക്ക യിസ്ഹാക്കിനെ വിവാഹം കഴിച്ച് 125 വർഷത്തിനു ശേഷം ദബോര മരിച്ചു. ദബോരയെ ബഥേലിലെ ഒരു വലിയ മരത്തിന്റെ ചുവട്ടിൽ അടക്കം ചെയ്തു. “വിലാപത്തിന്റെ ഓക്ക് മരം” എന്ന് അർഥം വരുന്ന അല്ലോൻ ബാഖൂത്ത് എന്നാണ് ആ മരത്തിനു നൽകിയ പേര്. യാക്കോബിനും കുടുംബത്തിനും ദബോര എത്ര പ്രിയപ്പെട്ടവളായിരുന്നു എന്നാണ് അതു കാണിക്കുന്നത്.—ഉൽ 35:8.