നിങ്ങൾക്കു ബൈബിളിൽ ആശ്രയിക്കാമോ?
നിങ്ങൾ ഒരു ബൈബിൾ എടുത്താൽ ഒരു നാണയം കാണുവാൻ പ്രതീക്ഷിക്കുമോ? ഈ പുരാതന വെള്ളിനാണയത്തെപ്പററി എന്ത്?
അനേകരും ബൈബിളിനെ ആകർഷകമായ കഥകളും പ്രശംസനീയമായ സാൻമാർഗിക ഉപദേശങ്ങളും നൽകുന്ന ഒരു പഴയ ഗ്രന്ഥമായി കരുതുന്നു. എങ്കിലും ബൈബിൾ വിവരണങ്ങൾ കൃത്യതയുള്ള ചരിത്രമാണെന്ന് അവർ വിശ്വസിക്കുന്നില്ല, അതുകൊണ്ട് അതു ദൈവവചനം ആയിരിക്കുന്നു എന്നത് അവർ നിഷേധിക്കുന്നു. എന്നാൽ ബൈബിളിന്റെ കൃത്യതയ്ക്കു മതിയായ തെളിവുണ്ട്. ഈ നാണയം (വലുതാക്കിയ ദൃശ്യം) ഒരു നല്ല ദൃഷ്ടാന്തമാണ്. അതിലെ എഴുത്തുകൾ എന്തുപറയുന്നു?
ഈ നാണയം ഉണ്ടാക്കിയത് ഇന്നത്തെ തുർക്കിയുടെ ദക്ഷിണപൂർവഭാഗത്തുള്ള ഒരു പട്ടണമായ തർസൂസിലാണ്. പൊ.യു.മു. നാലാം നൂററാണ്ടിൽ പാർസി ദേശാധിപതിയായ മാസാവുസിന്റെ ഭരണകാലത്താണ് ഈ നാണയം നിർമിച്ചത്. ഈ നാണയം അദ്ദേഹത്തെ “നദിക്ക് ഇക്കരെയുള്ള” പ്രവിശ്യയുടെ ദേശാധിപതി എന്നു തിരിച്ചറിയിക്കുന്നു, അതായത് യൂഫ്രട്ടീസ് നദി.
എന്നാൽ എന്തുകൊണ്ടാണ് ആ പ്രയോഗം രസകരമായിരിക്കുന്നത്? എന്തുകൊണ്ടെന്നാൽ നിങ്ങൾ നിങ്ങളുടെ ബൈബിളിൽ അതേ ഉദ്യോഗപേരു കാണും. പാർസിരാജാവായ ദാര്യവേശും ദേശാധിപതിയായ തത്നായിയും തമ്മിലുള്ള കത്തിടപാടിനെക്കുറിച്ചു എസ്രാ 5:6–6:13 എടുത്തുകാണിക്കുന്നു. യഹൂദൻമാർ യെരൂശലേമിലുള്ള തങ്ങളുടെ ആലയം പുതുക്കിപ്പണിയുന്നതായിരുന്നു വിവാദവിഷയം. എസ്രാ ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ ഒരു പ്രഗത്ഭനായ പകർപ്പെഴുത്തുകാരനായിരുന്നു, അദ്ദേഹം തന്റെ വിവരണങ്ങളിൽ സൂക്ഷ്മതയും കൃത്യതയും ഉള്ളവനായിരിക്കാൻ നിങ്ങൾ പ്രതീക്ഷിക്കും. എസ്രാ 5:6-ലും 6:13-ലും എസ്രാ തത്നായിയെ “നദിക്കു ഇക്കരെയുള്ള ദേശാധിപതി” എന്നു നാമകരണം ചെയ്തിരിക്കുന്നതു നിങ്ങൾ കാണും.
ഈ നാണയം ഉണ്ടാക്കുന്നതിന് ഏതാണ്ട് 100 വർഷം മുമ്പ്, പൊ.യു.മു. 460-ലാണ് എസ്രാ അതു രേഖപ്പെടുത്തിയത്. ഒരു പുരാതന ഉദ്യോഗസ്ഥന്റെ ഉദ്യോഗപ്പേര് ഒരു നിസ്സാര വിശദാംശമായി ചില ആളുകൾക്കു തോന്നിയേക്കാം. എന്നാൽ ഇപ്രകാരമുള്ള ചെറിയ വിശദാംശങ്ങളിൽപ്പോലും നിങ്ങൾക്കു ബൈബിൾ എഴുത്തുകാരിൽ ആശ്രയിക്കാമെങ്കിൽ അത് അവർ എഴുതിയ മറേറതുകാര്യങ്ങളിലുമുള്ള നിങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കേണ്ടതല്ലേ?
അപ്രകാരമുള്ള വിശ്വാസത്തിന് കൂടുതൽ ന്യായങ്ങൾ ഈ ലക്കത്തിലെ ആദ്യത്തെ രണ്ടുലേഖനങ്ങളിൽ നിങ്ങൾ കണ്ടെത്തും.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Collection of Israel Dept. of Antiquities Exhibited & photographed Israel Museum