-
അത്തി മരം ഉപയോഗിച്ച് വിശ്വാസത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 105
അത്തി മരം ഉപയോഗിച്ച് വിശ്വാസത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കുന്നു
മത്തായി 21:19-27; മർക്കോസ് 11:19-33; ലൂക്കോസ് 20:1-8
ഉണങ്ങിപ്പോയ അത്തി മരം—വിശ്വാസത്തെക്കുറിച്ചുള്ള ഒരു പാഠം
യേശുവിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നു
തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോഴേക്കും യേശു യരുശലേമിൽനിന്ന് പോകുന്നു. ഒലിവുമലയുടെ കിഴക്കൻ ചെരിവിലൂടെ ബഥാന്യ ലക്ഷ്യമാക്കിയാണ് യേശുവിന്റെ യാത്ര. തന്റെ സുഹൃത്തുക്കളായ മാർത്തയുടെയും ലാസറിന്റെയും മറിയയുടെയും വീട്ടിലായിരിക്കാം യേശു ആ രാത്രി ചെലവഴിച്ചത്.
നീസാൻ 11. നേരം പുലർന്നു. യേശുവും ശിഷ്യന്മാരും യരുശലേമിലേക്കു വീണ്ടും യാത്രയായി. ദേവാലയത്തിൽ യേശുവിന്റെ അവസാനദിവസമാണ് ഇത്. മാത്രമല്ല പെസഹയ്ക്കും മരണത്തെ ഓർമിക്കുന്ന സ്മാരകം ഏർപ്പെടുത്തുന്നതിനും വിചാരണ ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നതിനും മുമ്പുള്ള യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനദിനം.
ഒലിവുമലയിലൂടെ ബഥാന്യയിൽനിന്ന് യരുശലേമിലേക്കുള്ള യാത്രയിൽ, തലേ ദിവസം രാവിലെ യേശു ശപിച്ച അത്തി മരം പത്രോസ് കാണുന്നു. പത്രോസ് ഇങ്ങനെ പറയുന്നു: “റബ്ബീ കണ്ടോ, അങ്ങ് ശപിച്ച ആ അത്തി ഉണങ്ങിപ്പോയി.”—മർക്കോസ് 11:21.
ആ മരം ഉണങ്ങിപ്പോകാൻ യേശു ഇടയാക്കിയത് എന്തുകൊണ്ട്? അതിന്റെ കാരണം യേശുതന്നെ പറയുന്നു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ വിശ്വാസമുള്ളവരും സംശയിക്കാത്തവരും ആണെങ്കിൽ ഞാൻ ഈ അത്തി മരത്തോടു ചെയ്തതു മാത്രമല്ല അതിലപ്പുറവും നിങ്ങൾ ചെയ്യും. നിങ്ങൾ ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതുപോലും സംഭവിക്കും. വിശ്വാസത്തോടെ നിങ്ങൾ പ്രാർഥനയിൽ ചോദിക്കുന്നതെല്ലാം നിങ്ങൾക്കു കിട്ടും.” (മത്തായി 21:21, 22) ഒരു മലയെ നീക്കിക്കളയാൻപോലും വിശ്വാസത്തിനു കഴിയുമെന്നു യേശു നേരത്തെ പറഞ്ഞ കാര്യം യേശു ഒന്നുകൂടി ആവർത്തിച്ചു.—മത്തായി 17:20.
ആ മരം ഉണങ്ങിപ്പോകാൻ ഇടയാക്കിക്കൊണ്ട്, ദൈവത്തിൽ വിശ്വാസം ഉണ്ടായിരിക്കണം എന്ന പ്രധാനപ്പെട്ട ഒരു പാഠം യേശു പഠിപ്പിച്ചു. യേശു പറയുന്നു: “നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞെന്നു വിശ്വസിക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചിരിക്കും.” (മർക്കോസ് 11:24) യേശുവിന്റെ എല്ലാ അനുഗാമികൾക്കുമുള്ള എത്ര പ്രധാനപ്പെട്ട ഒരു പാഠം! അപ്പോസ്തലന്മാർ ഉടൻതന്നെ ബുദ്ധിമുട്ടേറിയ പരിശോധനകൾ നേരിടാൻ പോകുകയായിരുന്നതുകൊണ്ട് യേശു പഠിപ്പിച്ച ഈ പാഠം അവർക്ക് തികച്ചും യോജിച്ചതായിരുന്നു. എന്നാൽ അത്തി മരം ഉണങ്ങിപ്പോയതും വിശ്വാസം എന്ന ഗുണവും തമ്മിൽ മറ്റൊരു ബന്ധവും കൂടിയുണ്ടായിരുന്നു.
ഈ അത്തി മരത്തെപ്പോലെ ഇസ്രായേൽ ജനതയ്ക്കും ഒരു കപടഭാവമാണുള്ളത്. ഈ ജനത്തിന് ദൈവവുമായി ഒരു ഉടമ്പടി ബന്ധമുണ്ട്. പുറമേ നോക്കിയാൽ നിയമം അനുസരിക്കുന്ന ഒരു കൂട്ടമാണെന്നേ തോന്നൂ. എന്നാൽ ഒരു ജനതയെന്ന നിലയിൽ അവർക്ക് വിശ്വാസമില്ലായിരുന്നു. നല്ല ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടു. ദൈവത്തിന്റെ സ്വന്തം പുത്രനെപ്പോലും ഉപേക്ഷിച്ചു! ഫലം തരാതിരുന്ന അത്തി മരം ഉണങ്ങിപ്പോകാൻ ഇടയാക്കിയതിലൂടെ ഫലശൂന്യരും വിശ്വാസമില്ലാത്തവരും ആയ ഇസ്രായേൽ ജനതയുടെ അവസാനം എന്തായിത്തീരുമെന്ന് യേശു കാണിക്കുകയായിരുന്നു.
അധികം വൈകാതെ യേശുവും ശിഷ്യന്മാരും യരുശലേമിൽ എത്തി. പതിവുപോലെ യേശു ദേവാലയത്തിൽ എത്തി പഠിപ്പിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം യേശു നാണയമാറ്റക്കാരോട് ചെയ്ത കാര്യങ്ങളൊക്കെ മുഖ്യപുരോഹിതന്മാരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ട് അവർ യേശുവിനോട് ധിക്കാരത്തോടെ ഇങ്ങനെ ചോദിക്കുന്നു: “നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”—മർക്കോസ് 11:28.
യേശു അതിനു മറുപടി പറയുന്നു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും. അതിന് ഉത്തരം പറഞ്ഞാൽ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം. യോഹന്നാനാലുള്ള സ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? പറയൂ.” ചോദ്യം ഇപ്പോൾ ശത്രുക്കൾക്കു നേരെയായി. പുരോഹിതന്മാരും മൂപ്പന്മാരും എന്ത് ഉത്തരം പറയണമെന്നു പരസ്പരം കൂടിയാലോചിക്കുന്നു: “‘സ്വർഗത്തിൽനിന്ന് ’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’ എന്ന് അവൻ ചോദിക്കും. ‘മനുഷ്യരിൽനിന്ന് ’ എന്നു പറയാമെന്നുവെച്ചാൽ എന്താകും നമ്മുടെ സ്ഥിതി?” യോഹന്നാനെ ഒരു പ്രവാചകനായി ജനം കണക്കാക്കിയിരുന്നതുകൊണ്ട് അവർക്ക് അവരെ പേടിയായിരുന്നു.”—മർക്കോസ് 11:29-32.
ഉചിതമായ ഒരു ഉത്തരം കൊടുക്കാൻ യേശുവിനെ എതിർത്തവർക്ക് കഴിഞ്ഞില്ല. അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോട്, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല” എന്നു പറഞ്ഞു.—മർക്കോസ് 11:33.
-
-
മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള രണ്ട് ദൃഷ്ടാന്തങ്ങൾയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 106
മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള രണ്ട് ദൃഷ്ടാന്തങ്ങൾ
മത്തായി 21:28-46; മർക്കോസ് 12:1-12; ലൂക്കോസ് 20:9-19
രണ്ട് മക്കളെക്കുറിച്ചുള്ള ദൃഷ്ടാന്തം
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ദൃഷ്ടാന്തം
ദേവാലയത്തിൽ യേശു ചെയ്ത കാര്യങ്ങൾ എന്ത് അധികാരത്തിലാണെന്ന് മുഖ്യപുരോഹിതന്മാരും ജനത്തിലെ മൂപ്പന്മാരും ചോദിച്ചപ്പോൾ യേശു അതിനു വിദഗ്ധമായി മറുപടി നൽകി. യേശുവിന്റെ ഉത്തരം അവരെ നിശ്ശബ്ദരാക്കി. അവർ യഥാർഥത്തിൽ എങ്ങനെയുള്ളവരാണെന്ന് വെളിപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തം യേശു പറയുന്നു:
“ഒരു മനുഷ്യനു രണ്ടു മക്കളുണ്ടായിരുന്നു. അയാൾ മൂത്ത മകന്റെ അടുത്ത് ചെന്ന് അവനോട്, ‘മോനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി ജോലി ചെയ്യ് ’ എന്നു പറഞ്ഞു. ‘എനിക്കു പറ്റില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും പിന്നീടു കുറ്റബോധം തോന്നി അവൻ പോയി. അയാൾ ഇളയ മകന്റെ അടുത്ത് ചെന്ന് അങ്ങനെതന്നെ പറഞ്ഞു. ‘ഞാൻ പോകാം അപ്പാ’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. ഈ രണ്ടു പേരിൽ ആരാണ് അപ്പന്റെ ഇഷ്ടംപോലെ ചെയ്തത്?” (മത്തായി 21:28-31) ഉത്തരം വ്യക്തമാണ്. ഒടുവിൽ അപ്പന്റെ ഇഷ്ടം ചെയ്തത് മൂത്ത മകനാണ്.
അതുകൊണ്ട് യേശു തന്നെ എതിർക്കാൻ വന്നവരോട് ഇങ്ങനെ പറയുന്നു: “നികുതിപിരിവുകാരും വേശ്യകളും നിങ്ങൾക്കു മുമ്പേ ദൈവരാജ്യത്തിലേക്കു പോകുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” നികുതിപിരിവുകാരും വേശ്യകളും ദൈവത്തെ സേവിക്കുന്നവരല്ലായിരുന്നു. എന്നാൽ അവർ മൂത്ത മകനെപ്പോലെ പിന്നീട് മാനസാന്തരപ്പെട്ട് ദൈവത്തെ സേവിക്കുന്നു. എന്നാൽ അതിനു വിപരീതമായി, രണ്ടാമത്തെ മകനെപ്പോലെ മതനേതാക്കന്മാർ ദൈവത്തെ സേവിക്കുന്നെന്ന് അവകാശപ്പെടുന്നെങ്കിലും യഥാർഥത്തിൽ അവർ അങ്ങനെയല്ല ചെയ്യുന്നത്. യേശു പറയുന്നു: “(സ്നാപക) യോഹന്നാൻ നീതിയുടെ വഴിയേ നിങ്ങളുടെ അടുത്ത് വന്നു. പക്ഷേ നിങ്ങൾ യോഹന്നാനെ വിശ്വസിച്ചില്ല. എന്നാൽ നികുതിപിരിവുകാരും വേശ്യകളും യോഹന്നാനെ വിശ്വസിച്ചു. അതു കണ്ടിട്ടും നിങ്ങൾ പശ്ചാത്തപിച്ചില്ല, യോഹന്നാനിൽ വിശ്വസിച്ചില്ല.”—മത്തായി 21:31, 32.
ഇതോടൊപ്പം യേശു മറ്റൊരു ദൃഷ്ടാന്തവും പറയുന്നു. മതനേതാക്കന്മാർ ദൈവത്തെ സേവിക്കുന്നില്ലെന്നു മാത്രമല്ല, അതിലും മോശമായ ചിലത് ചെയ്തിരിക്കുന്നു. വാസ്തവത്തിൽ അവർ ദുഷ്ടരാണ്. യേശു പറയുന്നു: “ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്കു സ്ഥാപിച്ച് വീഞ്ഞുസംഭരണി കുഴിച്ചുണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു. എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി. വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാൽ അവർ അയാളെ പിടിച്ച് തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു. വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക് അയച്ചു. അവർ അയാളുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. അദ്ദേഹം മറ്റൊരാളെയും അയച്ചു. അവർ അയാളെ കൊന്നുകളഞ്ഞു. മറ്റു പലരെയും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു.”—മർക്കോസ് 12:1-5.
യേശുവിന്റെ ദൃഷ്ടാന്തം അവിടെ കൂടിനിന്നവർക്ക് മനസ്സിലായിക്കാണുമോ? ഒരുപക്ഷേ, യശയ്യയുടെ വാക്കുകൾ അവർ ഓർത്തിരിക്കാം: “ഇസ്രായേൽഗൃഹം, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുന്തിരിത്തോട്ടം! യഹൂദാപുരുഷന്മാർ ദൈവത്തിന്റെ പ്രിയപ്പെട്ട തോട്ടം. നീതിയുള്ള വിധികൾക്കായി ദൈവം കാത്തിരുന്നു, എന്നാൽ ഇതാ അനീതി!” (യശയ്യ 5:7) യേശുവിന്റെ ദൃഷ്ടാന്തവും അതിനു സമാനമാണ്. ഇതിൽ കൃഷിയിടത്തിന്റെ ഉടമ യഹോവയാണ്. മുന്തിരിത്തോട്ടം ഇസ്രായേൽ ജനതയും. ദൈവനിയമംകൊണ്ട് അവരെ വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. മാത്രമല്ല, തന്റെ ജനത്തെ പഠിപ്പിക്കാനും നല്ല ഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള പരിശീലനത്തിനും ആയി യഹോവ പ്രവാചകന്മാരെ അവരുടെ ഇടയിലേക്ക് അയയ്ക്കുകയും ചെയ്തു.
എന്നാൽ “കൃഷിക്കാർ” ഈ “അടിമകളെ” ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു. യേശു വിശദീകരിക്കുന്നു: “(മുന്തിരിത്തോട്ടത്തിന്റെ ഉടമയ്ക്ക്) അയയ്ക്കാൻ ഇനി ഒരാൾക്കൂടെയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൻ! ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് ഒടുവിൽ മകനെയും അയച്ചു. എന്നാൽ ആ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി. വരൂ, നമുക്ക് ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’ അങ്ങനെ, അവർ അവനെ പിടിച്ച് കൊന്നു.”—മർക്കോസ് 12:6-8.
ഇപ്പോൾ യേശു ചോദിക്കുന്നു: “മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും?” (മർക്കോസ് 12:9) മതനേതാക്കന്മാർ ഇങ്ങനെ ഉത്തരം പറയുന്നു: “അവർ ദുഷ്ടന്മാരായതുകൊണ്ട് അയാൾ അവരെ കൊന്നുകളയും. എന്നിട്ട് കൃത്യസമയത്ത് തന്റെ ഓഹരി തരുന്ന മറ്റു കൃഷിക്കാർക്കു മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുക്കും.”—മത്തായി 21:41.
അങ്ങനെ അവർതന്നെ അവരുടെ ന്യായവിധി ഉച്ചരിക്കുന്നു. യഹോവയുടെ ‘മുന്തിരിത്തോട്ടത്തിലെ’ “കൃഷിക്കാരിൽ” ചിലർ ഈ മതനേതാക്കന്മാരാണ്. ആ കൃഷിക്കാരിൽനിന്ന് യഹോവ പ്രതീക്ഷിച്ചിരുന്ന ഫലം, തന്റെ പുത്രനിലുള്ള, അതായത് മിശിഹയിലുള്ള, വിശ്വാസമായിരുന്നു. യേശു മതനേതാക്കന്മാരുടെ നേരെ നോക്കി ഇങ്ങനെ പറയുന്നു: “നിങ്ങൾ ഈ തിരുവെഴുത്ത് ഇതുവരെ വായിച്ചിട്ടില്ലേ? ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു. ഇതിനു പിന്നിൽ യഹോവയാണ്; നമുക്ക് ഇതൊരു അതിശയംതന്നെ.’” (മർക്കോസ് 12:10, 11) ഇപ്പോൾ താൻ പറയാൻ പോകുന്ന കാര്യം യേശു വ്യക്തമാക്കുന്നു: “അതുകൊണ്ട് ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം കായ്ക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.”—മത്തായി 21:43.
യേശു “തങ്ങളെ ഉദ്ദേശിച്ചാണ് ഈ ദൃഷ്ടാന്തം പറഞ്ഞതെന്നു” ശാസ്ത്രിമാരും മുഖ്യപുരോഹിതന്മാരും മനസ്സിലാക്കി. (ലൂക്കോസ് 20:19) അവർക്ക് ഇപ്പോൾ എന്തായാലും ‘അവകാശിയായ’ യേശുവിനെ കൊല്ലണമെന്നായി. എന്നാൽ അവർ ജനക്കൂട്ടത്തെ ഭയന്നു. കാരണം ജനം യേശുവിനെ ഒരു പ്രവാചകനായി വീക്ഷിച്ചിരുന്നു. അതുകൊണ്ട് അപ്പോൾത്തന്നെ യേശുവിനെ കൊല്ലാൻ അവർ മുതിർന്നില്ല.
-
-
രാജാവ് വിവാഹവിരുന്നിനു ക്ഷണിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 107
രാജാവ് വിവാഹവിരുന്നിനു ക്ഷണിക്കുന്നു
വിവാഹവിരുന്നിനെക്കുറിച്ചുള്ള ദൃഷ്ടാന്തം
യേശുവിന്റെ ശുശ്രൂഷ അവസാനിക്കുന്ന സാഹചര്യത്തിലും, ശാസ്ത്രിമാരുടെയും പുരോഹിതന്മാരുടെയും കപടത തുറന്നുകാട്ടുന്ന ദൃഷ്ടാന്തങ്ങൾ യേശു ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ അവർ യേശുവിനെ കൊല്ലാൻ ആഗ്രഹിക്കുന്നു. (ലൂക്കോസ് 20:19) യേശു ആകട്ടെ അവരുടെ കാപട്യം തുറന്നുകാട്ടുന്ന മറ്റൊരു ദൃഷ്ടാന്തം പറയുകയാണ്:
“സ്വർഗരാജ്യം, തന്റെ മകനുവേണ്ടി വിവാഹവിരുന്ന് ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണ്. വിവാഹവിരുന്നിനു ക്ഷണിച്ചവരെ കൂട്ടിക്കൊണ്ടുവരാൻ രാജാവ് തന്റെ അടിമകളെ അയച്ചു; എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല.” (മത്തായി 22:2, 3) ‘സ്വർഗരാജ്യത്തെക്കുറിച്ച് ’ പറഞ്ഞുകൊണ്ടാണ് യേശു ഈ ദൃഷ്ടാന്തം തുടങ്ങുന്നത്. അതുകൊണ്ട് ഈ “രാജാവ് ” ദൈവമായ യഹോവയായിരിക്കാനാണു സാധ്യത. അപ്പോൾ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവർ ആരായിരിക്കും? ആരാണ് രാജാവിന്റെ മകൻ? രാജാവ് യഹോവയാണെങ്കിൽ രാജാവിന്റെ മകൻ യേശുവാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഭാവിയിൽ സ്വർഗരാജ്യത്തിൽ മകനോടൊപ്പം ആയിരിക്കുന്നവരാണ് ക്ഷണിക്കപ്പെട്ടവർ.
ഈ വിവാഹവിരുന്നിന് ആദ്യം ക്ഷണിച്ചത് ആരെയാണ്? ഇതു മനസ്സിലാക്കാൻ സ്വർഗരാജ്യത്തെക്കുറിച്ച് യേശുവും അപ്പോസ്തലന്മാരും ആരോടായിരുന്നു പ്രസംഗിച്ചുകൊണ്ടിരുന്നത് എന്നു ചിന്തിക്കുക. അവർ പ്രസംഗിച്ചതു ജൂതന്മാരോടായിരുന്നു. (മത്തായി 10:6, 7; 15:24) ആ ജനത ബി.സി. 1513-ൽ നിയമ ഉടമ്പടി സ്വീകരിച്ചു. അങ്ങനെ ‘രാജ-പുരോഹിതന്മാരുടെ’ ആദ്യത്തെ നിരയിലേക്കു വന്നത് അവരായിരുന്നു. (പുറപ്പാട് 19:5-8) എന്നാൽ, അവരെ “വിവാഹവിരുന്നിനു” ക്ഷണിച്ചത് എപ്പോഴാണ്? ആ ക്ഷണം അവർക്കു ലഭിച്ചത് എ.ഡി. 29-ൽ യേശു സ്വർഗരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങിയപ്പോഴായിരുന്നു.
ആ ക്ഷണത്തോട് മിക്ക ഇസ്രായേല്യരും പ്രതികരിച്ചത് എങ്ങനെയാണ്? യേശു പറഞ്ഞതുപോലെ “അവർ വരാൻ കൂട്ടാക്കിയില്ല.” ഭൂരിഭാഗം മതനേതാക്കന്മാരും ജനവും യേശുവിനെ ദൈവത്തിന്റെ നിയമിത രാജാവായും മിശിഹയായും സ്വീകരിച്ചില്ല.
ജൂതന്മാർക്ക് മറ്റൊരു അവസരംകൂടി ലഭിക്കുമെന്ന് യേശു സൂചിപ്പിച്ചു: “രാജാവ് വീണ്ടും മറ്റ് അടിമകളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ പോയി ഞാൻ ക്ഷണിച്ചവരോട് ഇങ്ങനെ പറയണം: “ഇതാ, ഞാൻ സദ്യ ഒരുക്കിക്കഴിഞ്ഞു. എന്റെ കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിരിക്കുന്നു. എല്ലാം തയ്യാറായിക്കഴിഞ്ഞു. വിവാഹവിരുന്നിനു വരൂ.”’ എന്നാൽ ക്ഷണം കിട്ടിയവർ അതു ഗൗനിക്കാതെ ഒരാൾ തന്റെ വയലിലേക്കും മറ്റൊരാൾ കച്ചവടത്തിനും പൊയ്ക്കളഞ്ഞു. ബാക്കിയുള്ളവർ രാജാവിന്റെ അടിമകളെ പിടിച്ച് അപമാനിച്ച് കൊന്നുകളഞ്ഞു.” (മത്തായി 22:4-6) ഇത്, പിന്നീട് ക്രിസ്തീയസഭ സ്ഥാപിതമാകുമ്പോൾ സംഭവിക്കുമായിരുന്നതിനു ചേർച്ചയിലാണ്. അപ്പോഴും സ്വർഗരാജ്യത്തിന്റെ ഭാഗമായിരിക്കാനുള്ള അവസരം ജൂതന്മാർക്കുണ്ടായിരുന്നു. എന്നാൽ മിക്കവരും ആ ക്ഷണം നിരസിച്ചു. ‘രാജാവിന്റെ അടിമകളെ’ ഉപദ്രവിക്കുകപോലും ചെയ്തു.—പ്രവൃത്തികൾ 4:13-18; 7:54, 58.
അതുകൊണ്ട് ഈ ജനതയ്ക്ക് എന്തു സംഭവിക്കുമായിരുന്നു? യേശു പറയുന്നു: “അപ്പോൾ രോഷാകുലനായ രാജാവ് തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ കൊന്ന് അവരുടെ നഗരം ചുട്ടുചാമ്പലാക്കി.” (മത്തായി 22:7) എ.ഡി. 70-ൽ റോമാക്കാർ ജൂതന്മാരുടെ “നഗരം” ആയ യരുശേലം നശിപ്പിച്ചപ്പോഴാണ് ഇക്കാര്യം സംഭവിച്ചത്.
രാജാവിന്റെ ക്ഷണം ഇവർ നിരസിച്ചെന്നു കരുതി വേറെയാരെയും ക്ഷണിക്കില്ലെന്ന് അതിന് അർഥമുണ്ടോ? യേശുവിന്റെ ദൃഷ്ടാന്തം അനുസരിച്ച് അങ്ങനെയാകില്ല. യേശു തുടരുന്നു: “പിന്നെ (രാജാവ്) അടിമകളോടു പറഞ്ഞു: ‘വിവാഹവിരുന്നു തയ്യാറാണ്. പക്ഷേ ക്ഷണം കിട്ടിയവർക്ക് അതിന് അർഹതയില്ലാതെപോയി. അതുകൊണ്ട് നിങ്ങൾ നഗരത്തിനു പുറത്തേക്കുള്ള വഴികളിൽ ചെന്ന് ആരെ കണ്ടാലും അവരെ വിവാഹവിരുന്നിനു ക്ഷണിക്കുക.’ അങ്ങനെ, ആ അടിമകൾ ചെന്ന് ദുഷ്ടന്മാരും നല്ലവരും ഉൾപ്പെടെ വഴിയിൽ കണ്ടവരെയെല്ലാം കൂട്ടിക്കൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.”—മത്തായി 22:8-10.
പിൽക്കാലത്ത്, അപ്പോസ്തലനായ പത്രോസ് ജനതകളെ, അതായത് പരിവർത്തനത്താലോ ജനനത്താലോ ജൂതന്മാർ അല്ലാത്തവരെ, സത്യക്രിസ്ത്യാനികളാകാൻ സഹായിക്കുമായിരുന്നു. എ.ഡി. 36-ൽ റോമൻ സൈനികോദ്യോഗസ്ഥനായ കൊർന്നേല്യൊസിനും കുടംബത്തിനും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ലഭിച്ചു. അങ്ങനെ അവർ യേശു പറഞ്ഞ സ്വർഗരാജ്യത്തിന്റെ ഭാഗമായിരിക്കുന്നവരുടെ നിരയിലേക്കു വന്നു.—പ്രവൃത്തികൾ 10:1, 34-48.
വിവാഹവിരുന്നിനു വരുന്ന എല്ലാവരെയും ‘രാജാവ് ’ സ്വീകരിക്കും എന്ന് യേശു സൂചിപ്പിച്ചില്ല. യേശു പറയുന്നു: “രാജാവ് അതിഥികളെ കാണാൻ അകത്ത് ചെന്നപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ കണ്ടു. രാജാവ് അയാളോട്, ‘സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ താങ്കൾ എങ്ങനെ അകത്ത് കടന്നു’ എന്നു ചോദിച്ചു. അയാൾക്ക് ഉത്തരം മുട്ടിപ്പോയി. അപ്പോൾ രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: ‘ഇവനെ കൈയും കാലും കെട്ടി പുറത്തെ ഇരുട്ടിലേക്ക് എറിയുക. അവിടെ കിടന്ന് അവൻ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.’ ‘ക്ഷണം കിട്ടിയവർ അനേകരുണ്ട്; പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമാണ്.’”—മത്തായി 22:11-14.
യേശു പറഞ്ഞ ദൃഷ്ടാന്തംകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നോ അതിന്റെ അർഥമെന്താണെന്നോ പൂർണമായി മനസ്സിലാക്കാൻ ഒരുപക്ഷേ അവർക്കു കഴിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും തങ്ങളെ ഈ വിധത്തിൽ അപമാനിച്ച യേശുവിനോട് അവർക്ക് കടുത്ത അനിഷ്ടം തോന്നി. മുമ്പെന്നത്തേക്കാളും വാശിയോടെ യേശുവിനെ എങ്ങനെയും വകവരുത്താൻ അവർ തീരുമാനിച്ചുറച്ചു.
-
-
തന്നെ കുടുക്കാനുള്ള ശ്രമങ്ങൾ യേശു വിഫലമാക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 108
തന്നെ കുടുക്കാനുള്ള ശ്രമങ്ങൾ യേശു വിഫലമാക്കുന്നു
മത്തായി 22:15-40; മർക്കോസ് 12:13-34; ലൂക്കോസ് 20:20-40
സീസർക്കുള്ളതു സീസർക്ക്
പുനരുത്ഥാനത്തിനു ശേഷമുള്ള വിവാഹം
ഏറ്റവും വലിയ കല്പനകൾ
യേശുവിന്റെ ശത്രുക്കൾ ആകെ അസ്വസ്ഥരാണ്. കാരണം, അവരുടെ ദുഷ്ടത തുറന്നുകാട്ടാൻ യേശു ഇപ്പോൾ ഏതാനും ദൃഷ്ടാന്തങ്ങൾ പറഞ്ഞുകഴിഞ്ഞതേ ഉള്ളൂ. അതുകൊണ്ടുതന്നെ യേശുവിനെ എങ്ങനെയും കുടുക്കാൻ പരീശന്മാർ കൂടിയാലോചിക്കുന്നു. റോമൻ ഗവർണറിന് എതിരെ എന്തെങ്കിലും യേശുവിനെക്കൊണ്ട് പറയിപ്പിക്കാൻ അവർ സകല ശ്രമവും ചെയ്യുന്നു. കൂടാതെ യേശുവിനെ കുടുക്കാൻ അവരുടെ ശിഷ്യന്മാരിൽ ചിലർക്ക് പണവും കൊടുക്കുന്നു.—ലൂക്കോസ് 6:7.
അവർ യേശുവിനോട്: “ഗുരുവേ, അങ്ങ് ശരിയായതു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നയാളാണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് പക്ഷപാതം കാണിക്കാത്തയാളുമാണ്. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി പഠിപ്പിക്കുന്നെന്നും ഞങ്ങൾക്ക് അറിയാം. സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ അല്ലയോ?” (ലൂക്കോസ് 20:21, 22) അവരുടെ മുഖസ്തുതി യേശുവിന്റെ അടുത്ത് വിലപ്പോയില്ല. ആ ചോദ്യത്തിനു പിന്നിലെ കുടിലമായ കപടത യേശു മനസ്സിലാക്കി. ‘ഈ കരം അടയ്ക്കേണ്ടതില്ല’ എന്ന് യേശു പറഞ്ഞിരുന്നെങ്കിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് യേശുവിനെ കുടുക്കാമായിരുന്നു. ഇനി ‘ഈ കരം അടയ്ക്കണം’ എന്നാണ് യേശു പറയുന്നതെങ്കിൽ റോമിന് കീഴടങ്ങിയിരിക്കാൻ വിസ്സമതിക്കുന്ന ആളുകൾ ഒരുപക്ഷേ യേശുവിന് എതിരെ തിരിഞ്ഞേനേ. യേശു ഈ ചോദ്യത്തിന് എങ്ങനെയാണ് ഉത്തരം പറയുന്നത്?
യേശു ഇങ്ങനെ പറയുന്നു: “കപടഭക്തരേ, നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? കരം കൊടുക്കാനുള്ള നാണയം കാണിക്കൂ.” അവർ ഒരു ദിനാറെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരോട്, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ് ” എന്നു ചോദിച്ചു. “സീസറിന്റേത് ” എന്ന് അവർ പറഞ്ഞു. അപ്പോൾ യേശു അതിവിദഗ്ധമായി അവർക്ക് ഉത്തരം കൊടുക്കുന്നു, “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”—മത്തായി 22:18-21.
യേശുവിന്റെ ഉത്തരം കേട്ട് ആളുകൾ അതിശയിച്ചുപോയി. അതിവിദഗ്ധമായ യേശുവിന്റെ മറുപടി പരീശന്മാരുടെ വായടപ്പിച്ചു. അവർ യേശുവിനെ വിട്ട് പോയി. എന്നാൽ യേശുവിനെ കുടുക്കാനുള്ള ശ്രമങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല. പരീശന്മാരുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മറ്റൊരു മതവിഭാഗത്തിലെ നേതാക്കന്മാർ യേശുവിനെ സമീപിക്കുന്നു.
പുനരുത്ഥാനം ഇല്ലെന്നു പറയുന്നവരായിരുന്നു സദൂക്യർ. അവർ ഇപ്പോൾ പുനരുത്ഥാനത്തോടും ഭർത്തൃസഹോദരനുമായുള്ള വിവാഹത്തോടും ബന്ധപ്പെട്ട ഒരു ചോദ്യവുമായിട്ടാണ് യേശുവിന്റെ അടുത്ത് എത്തിയിരിക്കുന്നത്. അവർ ചോദിക്കുന്നു: “ഗുരുവേ, ‘ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ വിവാഹം കഴിച്ച് സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണ് ’ എന്നു മോശ പറഞ്ഞല്ലോ. ഞങ്ങൾക്കിടയിൽ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തശേഷം മരിച്ചു. മക്കളില്ലാത്തതുകൊണ്ട് അയാളുടെ ഭാര്യയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ചു. രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും ഇതുതന്നെ സംഭവിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ ആ സ്ത്രീ ഈ ഏഴു പേരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്ത്രീ അവർ എല്ലാവരുടെയും ഭാര്യയായിരുന്നല്ലോ.”—മത്തായി 22:24-28.
സദൂക്യർ വിശ്വസിച്ചിരുന്ന മോശയുടെ ലിഖിതത്തിന്റെ അടിസ്ഥാനത്തിൽ യേശു അവരോടു പറയുന്നു: “തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്? അവർ മരിച്ചവരിൽനിന്ന് ഉയിർക്കുമ്പോൾ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്ത്രീകളെ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും. മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നതിനെക്കുറിച്ചോ, മോശയുടെ പുസ്തകത്തിലെ മുൾച്ചെടിയുടെ വിവരണത്തിൽ ദൈവം മോശയോട്, ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ് ’ എന്നു പറഞ്ഞതായി നിങ്ങൾ വായിച്ചിട്ടില്ലേ? ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.” (മർക്കോസ് 12:24-27; പുറപ്പാട് 3:1-6) ആ ചോദ്യത്തിന് യേശു കൊടുത്ത ഉത്തരം കേട്ടപ്പോൾ ജനക്കൂട്ടം അമ്പരന്നുപോയി.
യേശു അങ്ങനെ പരീശന്മാരെയും സദൂക്യരെയും നിശ്ശബ്ദരാക്കി. ഇപ്പോൾ ഇതാ ഈ രണ്ടു കൂട്ടരുംകൂടെ കൂടി യേശുവിനെ പരീക്ഷിക്കാൻ വീണ്ടും എത്തുന്നു. ഒരു ശാസ്ത്രി, “ഗുരുവേ, നിയമത്തിലെ ഏറ്റവും വലിയ കല്പന ഏതാണ് ” എന്നു ചോദിച്ചു.—മത്തായി 22:36.
യേശു മറുപടി പറയുന്നു: “ഒന്നാമത്തേത് ഇതാണ്: ‘ഇസ്രായേലേ കേൾക്കുക, യഹോവ—നമ്മുടെ ദൈവമായ യഹോവ—ഒരുവനേ ഉള്ളൂ; നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.’ രണ്ടാമത്തേത്, ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’ എന്നതും. ഇവയെക്കാൾ വലിയ മറ്റൊരു കല്പനയുമില്ല.”—മർക്കോസ് 12:29-31.
ഉത്തരം കേട്ട ശാസ്ത്രി ഇങ്ങനെ മറുപടി പറയുന്നു: “ഗുരുവേ, കൊള്ളാം, അങ്ങ് പറഞ്ഞതു സത്യമാണ്: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവവുമില്ല.’ ദൈവത്തെ മുഴുഹൃദയത്തോടും മുഴുചിന്താശേഷിയോടും മുഴുശക്തിയോടും കൂടെ സ്നേഹിക്കുന്നതും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുന്നതും ആണ് സമ്പൂർണദഹനയാഗങ്ങളെക്കാളും ബലികളെക്കാളും ഏറെ മൂല്യമുള്ളത്.” ശാസ്ത്രി ബുദ്ധിപൂർവം ഉത്തരം പറഞ്ഞെന്നു മനസ്സിലാക്കി യേശു, “താങ്കൾ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു.—മർക്കോസ് 12:32-34.
മൂന്നു ദിവസമായി (നീസാൻ 9, 10, 11) യേശു ദേവാലയത്തിൽത്തന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ശാസ്ത്രിയെപ്പോലുള്ള ചിലയാളുകൾ വളരെ സന്തോഷത്തോടെ യേശുവിനെ ശ്രദ്ധിച്ചു. എന്നാൽ മതനേതാക്കന്മാർ അതിനു നിന്നില്ല. കാരണം, ‘യേശുവിനോട് ഒന്നും ചോദിക്കാൻ അവർക്കാർക്കും ധൈര്യം വന്നില്ല.’
-
-
എതിരാളികളെ വിമർശിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 109
എതിരാളികളെ വിമർശിക്കുന്നു
മത്തായി 22:41–23:24; മർക്കോസ് 12:35-40; ലൂക്കോസ് 20:41-47
ക്രിസ്തു ആരുടെ മകനാണ്?
എതിരാളികളുടെ കാപട്യം യേശു തുറന്നുകാണിക്കുന്നു
യേശുവിനെ അപകീർത്തിപ്പെടുത്താനും വാക്കിൽ കുടുക്കി റോമാക്കാർക്ക് ഏൽപ്പിച്ചുകൊടുക്കാനും ഉള്ള എതിരാളികളുടെ ശ്രമം അമ്പേ പരാജയപ്പെട്ടു. (ലൂക്കോസ് 20:20) നീസാൻ 11-ാം തീയതിയായി. യേശു ഇപ്പോഴും ആലയത്തിൽത്തന്നെയാണ്. താൻ യഥാർഥത്തിൽ ആരാണെന്ന് കാണിക്കാൻ യേശു ഇപ്പോൾ അവരോടു ചില ചോദ്യങ്ങൾ ചോദിക്കുന്നു: “ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ക്രിസ്തു ആരുടെ മകനാണ്?” (മത്തായി 22:42) ക്രിസ്തു അല്ലെങ്കിൽ മിശിഹാ ദാവീദിന്റെ വംശപരമ്പരയിൽ വരുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഈ ഉത്തരംതന്നെയാണ് അവർ നൽകിയതും. (മത്തായി 9:27; 12:23; യോഹന്നാൻ 7:42)
യേശു അവരോട് വീണ്ടും ചോദിക്കുന്നു: “പിന്നെ എങ്ങനെയാണു ദാവീദ് ദൈവാത്മാവിന്റെ പ്രചോദനത്താൽ ക്രിസ്തുവിനെ കർത്താവ് എന്നു വിളിക്കുന്നത്? “‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ എന്റെ കർത്താവിനോടു പറഞ്ഞു’ എന്നു ദാവീദ് പറഞ്ഞല്ലോ. ദാവീദ് ക്രിസ്തുവിനെ ‘കർത്താവ് ’ എന്നു വിളിക്കുന്നെങ്കിൽ ക്രിസ്തു എങ്ങനെ ദാവീദിന്റെ മകനാകും?”—മത്തായി 22:43-45.
പരീശന്മാർ നിശ്ശബ്ദരായിപ്പോയി. കാരണം, ദാവീദിന്റെ വംശപരമ്പരയിൽ വരുന്ന ഒരാൾ, തങ്ങളെ റോമൻ ആധിപത്യത്തിൽനിന്ന് സ്വതന്ത്രരാക്കും എന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ സങ്കീർത്തനം 110: 1, 2-ലെ ദാവീദിന്റെ വാക്കുകളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുകൊണ്ട് മിശിഹ വെറുമൊരു മനുഷ്യഭരണാധികാരിയല്ല എന്ന കാര്യം യേശു സ്ഥാപിക്കുന്നു. യേശുവാണ് ദാവീദിന്റെ കർത്താവ്. ദൈവത്തിന്റെ വലതുവശത്ത് ഇരുന്നശേഷം യേശു തന്റെ അധികാരം പ്രയോഗിക്കും. യേശുവിന്റെ മറുപടി എതിരാളികളെ നിശ്ശബ്ദരാക്കുന്നു.
ശിഷ്യന്മാരും മറ്റു ചിലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പരീശന്മാരെയും ശാസ്ത്രിമാരെയും സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് യേശു അവർക്കു കൊടുക്കുന്നു. ദൈവത്തിന്റെ നിയമം പഠിപ്പിക്കാൻ അവർ “മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു.” അതുകൊണ്ട് “അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാൽ അവർ ചെയ്യുന്നതുപോലെ ചെയ്യരുത്. കാരണം അവർ പറയുന്നെങ്കിലും അതുപോലെ പ്രവർത്തിക്കുന്നില്ല.”—മത്തായി 23:2, 3.
അവരുടെ കാപട്യം തുറന്നുകാണിക്കുന്ന ഉദാഹരണങ്ങൾ യേശു നൽകുന്നു: ‘അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടുന്നു.’ മോശയ്ക്കു കൊടുത്ത നിയമത്തിലെ ചില ഭാഗങ്ങൾ അടങ്ങിയ ചെറിയ ചെപ്പുകൾ ചില ജൂതന്മാർ നെറ്റിയിലോ കൈയിലോ ചുറ്റിക്കൊണ്ട് നടന്നിരുന്നു. എന്നാൽ പരീശന്മാർ തങ്ങൾക്കു മോശയുടെ നിയമം സംബന്ധിച്ച് വലിയ തീക്ഷ്ണതയുണ്ടെന്ന് കാണിക്കാൻ വലുപ്പം കൂടിയ വേദവാക്യചെപ്പുകൾ കെട്ടിക്കൊണ്ട് നടന്നിരുന്നു. കൂടാതെ അവർ “വസ്ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും” ചെയ്തിരുന്നു. ഇസ്രായേൽ ജനത അവരുടെ വസ്ത്രങ്ങളിൽ തൊങ്ങൽ പിടിപ്പിക്കണമായിരുന്നു. എന്നാൽ പരീശന്മാർ ആ തൊങ്ങലുകളുടെ വലുപ്പം മനഃപൂർവം കൂട്ടിയിരുന്നു. (സംഖ്യ 15:38-40) അവർ ഇതെല്ലാം ചെയ്തത് “മനുഷ്യരെ കാണിക്കാനാണ്.”—മത്തായി 23:5.
പ്രാമുഖ്യതയ്ക്കുവേണ്ടിയുള്ള ആഗ്രഹം യേശുവിന്റെ ശിഷ്യന്മാരെപ്പോലും ബാധിച്ചേനേ. അതുകൊണ്ട് യേശു അവരെ ഇങ്ങനെ ഉപദേശിക്കുന്നു: “നിങ്ങളോ, ആരും നിങ്ങളെ റബ്ബി എന്നു വിളിക്കാൻ സമ്മതിക്കരുത്. കാരണം ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു, നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ പിതാവ്; സ്വർഗസ്ഥൻതന്നെ. ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്; അതു ക്രിസ്തുവാണ്.” അപ്പോൾ ശിഷ്യന്മാർ എങ്ങനെ പ്രവർത്തിക്കണമായിരുന്നു? അവർ സ്വയം എങ്ങനെ വീക്ഷിക്കണമായിരുന്നു? യേശു അവരോട് പറയുന്നു: “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനാകണം. തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.”—മത്തായി 23:8-12.
അടുത്തതായി, യേശു കപടഭക്തിക്കാരായ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ശോചനീയമായ അവസ്ഥയെക്കുറിച്ച് പറയുന്നു: “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങളോ കടക്കുന്നില്ല, കടക്കാൻ ശ്രമിക്കുന്നവരെ അതിനു സമ്മതിക്കുന്നുമില്ല.”—മത്തായി 23:13.
യേശു അവരെ കുറ്റം വിധിക്കുന്നു. കാരണം, യഹോവയുടെ വീക്ഷണത്തിൽ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾക്കു പരീശന്മാർ യാതൊരു വിലയും കല്പിക്കുന്നില്ല. അർഥശൂന്യമായ അവരുടെ ന്യായവാദങ്ങൾ അതാണ് കാണിക്കുന്നത്. ഉദാഹരണത്തിന്, “ആരെങ്കിലും ദേവാലയത്തെക്കൊണ്ട് സത്യം ചെയ്താൽ സാരമില്ല എന്നും ദേവാലയത്തിലെ സ്വർണത്തെക്കൊണ്ട് സത്യം ചെയ്താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ” എന്നും പരീശന്മാർ പഠിപ്പിച്ചിരുന്നു. അങ്ങനെ, അവരുടെ വികലമായ ചിന്താരീതികൾ അവർ വെളിപ്പെടുത്തുന്നു. കാരണം യഹോവയെ ആരാധിക്കാനുള്ള ദേവാലയത്തെക്കാളും അവർ പ്രാധാന്യം കൊടുത്തത് അവിടത്തെ സ്വർണത്തിനാണ് . ‘ന്യായം, കരുണ, വിശ്വസ്തത എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ അവർ അവഗണിച്ചിരിക്കുന്നു.’—മത്തായി 23:16, 23; ലൂക്കോസ് 11:42.
“അന്ധരായ വഴികാട്ടികളേ” എന്ന് യേശു പരീശന്മാരെ വിളിക്കുന്നു. “നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുന്നു. പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു!” എന്ന് യേശു പറയുന്നു. (മത്തായി 23:24) കൊതുകിനെ അശുദ്ധജീവിയായി കണക്കാക്കിയിരുന്നതുകൊണ്ട് പരീശന്മാർ വീഞ്ഞിൽനിന്ന് അതിനെ അരിച്ചെടുക്കുന്നു. എന്നാൽ ഒട്ടകവും അശുദ്ധജീവികളുടെ ഗണത്തിലാണ് പെടുന്നത്. പക്ഷേ പരീശന്മാർ ആ വലിയ ജീവിയെ വിഴുങ്ങുന്നു! അതായത്, മോശയ്ക്കു കൊടുത്ത നിയമത്തിലെ ചെറിയ കാര്യങ്ങൾ അവർ അനുസരിക്കുകയും ഗൗരവമേറിയ കാര്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു.—ലേവ്യ 11:4, 21-24.
-
-
ദേവാലയത്തിലെ അവസാനദിവസംയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 110
ദേവാലയത്തിലെ അവസാനദിവസം
മത്തായി 23:25–24:2; മർക്കോസ് 12:41–13:2; ലൂക്കോസ് 21:1-6
മതനേതാക്കന്മാരെ യേശു വീണ്ടും കുറ്റപ്പെടുത്തുന്നു
ദേവാലയം നശിപ്പിക്കപ്പെടും
ദരിദ്രയായ ഒരു വിധവ രണ്ടു ചെറുതുട്ടുകൾ സംഭാവന ഇടുന്നു
ദേവാലയത്തിൽ യേശു അവസാനമായി വന്ന സമയത്തും ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കാപട്യം പരസ്യമായി തുറന്നുകാട്ടാൻ യേശു മടിച്ചില്ല. അവരെ പരസ്യമായിത്തന്നെ കപടഭക്തർ എന്നു വിളിച്ചു. ആലങ്കാരികഭാഷയിൽ യേശു അവരോടു പറയുന്നു: “നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു. അവയുടെ അകം നിറയെ അത്യാഗ്രഹവും സ്വാർഥതയും ആണ്. അന്ധനായ പരീശാ, പാനപാത്രത്തിന്റെയും തളികയുടെയും അകം ആദ്യം വൃത്തിയാക്കുക. അപ്പോൾ പുറവും വൃത്തിയായിക്കൊള്ളും.” (മത്തായി 23:25, 26) പരീശന്മാർ ആചാരപരമായ ശുദ്ധിയുടെ കാര്യത്തിലും പുറമെയുള്ള ആകാരത്തിന്റെ കാര്യത്തിലും ആവശ്യത്തിലധികം ശ്രദ്ധകൊടുത്തിരുന്നു. എന്നാൽ അവരുടെ ആന്തരികവ്യക്തിത്വത്തെ അവർ അവഗണിക്കുന്നു, അവരുടെ ആലങ്കാരികഹൃദയത്തെ ശുദ്ധീകരിക്കാൻ കൂട്ടാക്കുന്നില്ല.
പ്രവാചകന്മാർക്കുവേണ്ടി പരീശന്മാർ കല്ലറകൾ പണിയുന്നതും അത് അലങ്കരിക്കുന്നതും വെറും കപടതയാണ്. കാരണം യേശു അവരെ ‘പ്രവാചകന്മാരെ കൊന്നവരുടെ പുത്രന്മാർ’ എന്നാണ് വിളിക്കുന്നത്. (മത്തായി 23:31) അതു ശരി വെക്കുന്നതാണ് യേശുവിനെ കൊല്ലാനുള്ള അവരുടെ ശ്രമങ്ങൾ.—യോഹന്നാൻ 5:18; 7:1, 25.
ഈ മതനേതാക്കന്മാർ പശ്ചാത്തപിച്ചില്ലെങ്കിൽ അവർക്ക് സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞത് ഇങ്ങനെയാണ്: “സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന് എങ്ങനെ രക്ഷപ്പെടും?” (മത്തായി 23:33) അവിടെ അടുത്തുള്ള ഹിന്നോം താഴ്വരയെയാണ് ഗീഹെന്ന കുറിക്കുന്നത്. ഈ താഴ്വര മാലിന്യം കത്തിക്കുന്ന ഒരിടമാണ്. ദുഷ്ടരായവർക്കു സംഭവിക്കാനിരിക്കുന്ന നിത്യനാശത്തെ സൂചിപ്പിക്കുന്ന ഒരു ചിത്രീകരണമാണ് ഈ താഴ്വര. ദുഷ്ടരായ ശാസ്ത്രിമാരെയും പരീശന്മാരെയും കാത്തിരിക്കുന്നത് അതാണ്.
‘പ്രവാചകന്മാരും ജ്ഞാനികളും ഉപദേഷ്ടാക്കളും’ എന്ന നിലയിൽ ശിഷ്യന്മാരെ അവരുടെ അടുക്കലേക്ക് അയയ്ക്കുമെന്നു യേശു പറയുന്നു. എന്തായിരിക്കും ഫലം? മതനേതാക്കന്മാരോടായി യേശു ഇങ്ങനെ പറഞ്ഞു: “അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും സ്തംഭത്തിലേറ്റുകയും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച് ചാട്ടയ്ക്ക് അടിക്കുകയും നഗരംതോറും വേട്ടയാടുകയും ചെയ്യും. അങ്ങനെ, നീതിമാനായ ഹാബേലിന്റെ രക്തംമുതൽ . . . നിങ്ങൾ കൊന്നുകളഞ്ഞ ബരെഖ്യയുടെ മകനായ സെഖര്യയുടെ രക്തംവരെ, ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം മുഴുവൻ നിങ്ങളുടെ മേൽ വരും.” യേശു ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഇതെല്ലാം ഈ തലമുറയുടെ മേൽ വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മത്തായി 23:34-36) എ.ഡി. 70-ൽ റോമൻ സൈന്യം യരുശലേം നശിപ്പിക്കുകയും അനേകം ജൂതന്മാർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ ആ വാക്കുകൾ സത്യമായി ഭവിച്ചു.
ഭയാനകമായ ഈ നാശത്തെക്കുറിച്ച് ചിന്തിച്ച യേശു ദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “യരുശലേമേ, യരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒന്നിച്ചുകൂട്ടുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുകൂട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹിച്ചു! പക്ഷേ നിങ്ങൾക്ക് അത് ഇഷ്ടമല്ലായിരുന്നു. നിങ്ങളുടെ ഈ ഭവനത്തെ ഇതാ, ഉപേക്ഷിച്ചിരിക്കുന്നു!” (മത്തായി 23:37, 38) യേശു ഏതു “ഭവനത്തെ” കുറിച്ചായിരിക്കും പറഞ്ഞത്? ദൈവത്തിന്റെ സംരക്ഷണത്തിലാണെന്നു കരുതിയ യരുശലേമിലെ ഘനഗംഭീരമായ ദേവാലയത്തെക്കുറിച്ച് ആയിരിക്കുമോ യേശു പറഞ്ഞതെന്ന് ചിലർ ചിന്തിച്ചിട്ടുണ്ടാകണം.
യേശു കൂട്ടിച്ചേർക്കുന്നു: “‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ’ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 23:39) സങ്കീർത്തനം 118:26-ലെ പ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു പറയുന്നു: “യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; യഹോവയുടെ ഭവനത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.” ഈ ദേവാലയം നശിപ്പിക്കപ്പെട്ടുകഴിയുമ്പോൾ ദൈവത്തെ ആരാധിക്കാനായി പിന്നെ ആരും അങ്ങോട്ടു വരില്ല എന്നതു വ്യക്തം.
യേശു ഇപ്പോൾ ദേവാലയത്തിന്റെ സംഭാവനപ്പെട്ടികൾ വെച്ചിരിക്കുന്ന ഇടത്തേക്കു നീങ്ങുന്നു. ആ പെട്ടിയുടെ മുകളിലുള്ള ചെറിയ ദ്വാരത്തിലൂടെ ആളുകൾക്ക് സംഭാവന ഇടാം. പല ജൂതന്മാരും അതിൽ സംഭാവന ഇടുന്നത് യേശു കാണുന്നു. സമ്പന്നരായവർ “ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു.” ഇതിനിടെ ദരിദ്രയായ ഒരു വിധവ വന്ന് “തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” ഇട്ടു. (മർക്കോസ് 12:41, 42) ആ സംഭാവന ദൈവം എന്തുമാത്രം വിലമതിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ യേശുവിന് ഒരു സംശയവുമില്ല.
ഇപ്പോൾ യേശു ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: സംഭാവനപ്പെട്ടികളിൽ മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതലാണു ദരിദ്രയായ ഈ വിധവ ഇട്ടത്.” അത് എങ്ങനെയാണ്? യേശു വിശദീകരിക്കുന്നു: “അവരെല്ലാം ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന് തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, ഇട്ടു.” (മർക്കോസ് 12:43, 44) മതനേതാക്കന്മാരിൽനിന്ന് എത്ര വ്യത്യസ്തമാണ് ഈ വിധവയുടെ ചിന്തയും പ്രവൃത്തിയും!
നീസാൻ 11 കഴിയുന്നതിനു മുമ്പേ യേശു ദേവാലയം വിട്ട് പോകുന്നു. ഇനി യേശു ഇവിടേക്കു വരില്ല. ശിഷ്യന്മാരിൽ ഒരാൾ, “ഗുരുവേ, എത്ര മനോഹരമായ കെട്ടിടങ്ങളും കല്ലുകളും!” എന്നു പറഞ്ഞു. (മർക്കോസ് 13:1) ദേവാലയത്തിന്റെ മതിൽ പണിതിരിക്കുന്ന ചില കല്ലുകൾക്ക് അസാമാന്യ വലുപ്പമാണ്. ദേവാലയത്തിന്റെ ശക്തമായ നിർമിതിയെയും ഈടിനെയും വിളിച്ചോതുന്നതാണ് ഈ കല്ലുകൾ. എന്നാൽ യേശു ഇപ്പോൾ വളരെ വിചിത്രമായ ഒരു കാര്യം പറയുന്നു: “ഈ വലിയ കെട്ടിടങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും.”—മർക്കോസ് 13:2.
ഈ കാര്യങ്ങളൊക്കെ പറഞ്ഞതിനു ശേഷം യേശുവും അപ്പോസ്തലന്മാരും കിദ്രോൻ താഴ്വര കടന്ന് ഒലിവുമലയിലേക്കു പോകുന്നു. അവിടെ ഒരിടത്ത് പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോടൊപ്പം യേശു ഇരിക്കുകയാണ്. അവിടെനിന്ന് നോക്കിയാൽ മനോഹരമായ ദേവാലയം കാണാം.
-
-
അപ്പോസ്തലന്മാർ അടയാളത്തെക്കുറിച്ച് ചോദിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 111
അപ്പോസ്തലന്മാർ അടയാളത്തെക്കുറിച്ച് ചോദിക്കുന്നു
മത്തായി 24:3-51; മർക്കോസ് 13:3-37; ലൂക്കോസ് 21:7-38
നാല് ശിഷ്യന്മാർ അടയാളത്തെക്കുറിച്ച് ചോദിക്കുന്നു
ഒന്നാം നൂറ്റാണ്ടിലും അതിനു ശേഷവും ഉള്ള നിവൃത്തികൾ
നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു. നീസാൻ 11 അവസാനിക്കാറായി. യേശുവിന്റെ സജീവമായ പ്രവർത്തനവും അവസാനിക്കാൻപോകുകയാണ്. പകൽസമയത്ത് യേശു ദേവാലയത്തിൽ പഠിപ്പിക്കുകയും രാത്രി നഗരത്തിനു പുറത്തുപോയി താമസിക്കുകയും ചെയ്യും. ആളുകൾക്ക് യേശുവിന്റെ പഠിപ്പിക്കൽ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് അവർ “അതിരാവിലെതന്നെ യേശു പറയുന്നതു കേൾക്കാൻ ദേവാലയത്തിലേക്കു വരുമായിരുന്നു.” (ലൂക്കോസ് 21:37, 38) അതെല്ലാം കഴിഞ്ഞുപോയ കഥകൾ. ഇപ്പോൾ യേശുവിനോടുകൂടെ അപ്പോസ്തലന്മാരായ പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവർ ഒലിവുമലയിൽ ഇരിക്കുന്നു.
ഇവർ നാലു പേർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നിരിക്കുകയാണ്. ദേവാലയത്തെക്കുറിച്ച് കേട്ട കാര്യം അവരെ ആശങ്കപ്പെടുത്തുന്നു. കാരണം ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ആലയത്തെ ഇടിച്ചുതകർക്കുമെന്ന് യേശു തൊട്ടുമുമ്പ് പറഞ്ഞതേ ഉള്ളൂ. എന്നാൽ മറ്റു പല കാര്യങ്ങളും അവരുടെ മനസ്സിനെ അലട്ടുന്നു. യേശു നേരത്തേ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചിരുന്നു: “മനുഷ്യപുത്രൻ വരുന്നതും നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. അതുകൊണ്ട് നിങ്ങൾ ഒരുങ്ങിയിരിക്കണം.” (ലൂക്കോസ് 12:40) കൂടാതെ ‘മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിനെക്കുറിച്ചും’ യേശു പറഞ്ഞിരുന്നു. (ലൂക്കോസ് 17:30) യേശു ഈ പറഞ്ഞ കാര്യങ്ങൾക്ക് ദേവാലയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? അപ്പോസ്തലന്മാർക്ക് ആകാംക്ഷയായി. “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?” എന്ന് അവർ യേശുവിനോടു ചോദിക്കുന്നു.—മത്തായി 24:3.
അവരുടെ കൺവെട്ടത്തുതന്നെയുള്ള ദേവാലയത്തിന്റെ നാശത്തെക്കുറിച്ചായിരിക്കുമോ യേശു പറഞ്ഞതെന്ന് അവർ ചിന്തിച്ചുകാണും. കൂടാതെ മനുഷ്യപുത്രന്റെ സാന്നിധ്യത്തെക്കുറിച്ചും അവർ ചോദിക്കുന്നു. ഈ സന്ദർഭത്തിൽ “കുലീനനായ ഒരു മനുഷ്യൻ” ‘രാജാധികാരം നേടിയിട്ട് വരാൻ യാത്രയായി’ എന്നു യേശു പറഞ്ഞ ദൃഷ്ടാന്തത്തെക്കുറിച്ചും അവർ ചിന്തിച്ചിരിക്കാം. (ലൂക്കോസ് 19:11, 12) എന്നാൽ ഏറ്റവും പ്രധാനമായി അവരെ അമ്പരപ്പിച്ചിരിക്കാൻ സാധ്യതയുള്ളത് ‘വ്യവസ്ഥിതിയുടെ അവസാനത്തിൽ’ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന കാര്യമായിരിക്കും.
അന്ന് നിലവിലിരുന്ന ജൂതവ്യവസ്ഥിതിയും അവിടത്തെ ദേവാലയവും എപ്പോഴായിരിക്കും നശിപ്പിക്കപ്പെടുക എന്നത് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു അടയാളം യേശു തന്റെ മറുപടിയിൽ നൽകുന്നു. എന്നാൽ ഈ അടയാളത്തിൽ മറ്റു ചില വിവരങ്ങളും യേശു കൊടുക്കുന്നുണ്ട്. ഈ വിവരങ്ങൾ, എപ്പോഴായിരിക്കും യേശുവിന്റെ ‘സാന്നിധ്യമെന്നും’ വ്യവസ്ഥിതിയുടെ അവസാനമെന്നും മനസ്സിലാക്കാൻ ഭാവിയിൽ ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുമായിരുന്നു.
വർഷങ്ങൾ കടന്നുപോയപ്പോൾ, യേശുവിന്റെ പ്രവചനം നിറവേറുന്നത് അപ്പോസ്തലന്മാർ നിരീക്ഷിച്ചു. യേശു പറഞ്ഞ പല കാര്യങ്ങളും അവരുടെ കാലത്തുതന്നെ സംഭവിക്കാൻതുടങ്ങി. അതുകൊണ്ട് 37 വർഷം കഴിഞ്ഞ്, അതായത് എ.ഡി. 70-ൽ ജൂതവ്യവസ്ഥിതിയുടെയും അവരുടെ ദേവാലയത്തിന്റെയും നാശം അടുത്തുവന്നപ്പോൾ അന്ന് ജീവിച്ചിരുന്ന ജാഗ്രതയുള്ള ക്രിസ്ത്യാനികൾക്ക് ഒരുങ്ങിയിരിക്കാനായി. എന്നാൽ യേശു മുൻകൂട്ടിപ്പറഞ്ഞ എല്ലാ കാര്യങ്ങളും ആ കാലത്ത് സംഭവിച്ചില്ല. അപ്പോൾ, ദൈവരാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയിൽ യേശുവിന്റെ സാന്നിധ്യം തിരിച്ചറിയിക്കുന്ന അടയാളം എന്തായിരിക്കും? യേശു അപ്പോസ്തലന്മാർക്ക് അതിന്റെ ഉത്തരം വെളിപ്പെടുത്തുന്നു.
“യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും” കേൾക്കുമെന്നും “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും” എന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:6, 7) കൂടാതെ, “വലിയ ഭൂകമ്പങ്ങളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും മാരകമായ പകർച്ചവ്യാധികളും ഉണ്ടാകും” എന്നും യേശു പറഞ്ഞു. (ലൂക്കോസ് 21:11) ‘ആളുകൾ നിങ്ങളെ പിടിച്ച് ഉപദ്രവിക്കും’ എന്ന മുന്നറിയിപ്പും യേശു ശിഷ്യന്മാർക്ക് കൊടുക്കുന്നു. (ലൂക്കോസ് 21:12) കള്ളപ്രവാചകന്മാർ എഴുന്നേറ്റ് പലരെയും വഴിതെറ്റിക്കും, നിയമലംഘനം വർധിക്കും, പലരുടെയും സ്നേഹം തണുത്തുപോകും എന്നിങ്ങനെയുള്ള കാര്യങ്ങളും യേശു പറഞ്ഞു. കൂടാതെ “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും” എന്ന കാര്യവും യേശു പറഞ്ഞു.—മത്തായി 24:14.
റോമാക്കാർ യരുശലേമിനെ നശിപ്പിച്ച സമയത്തും അതിനു മുമ്പും യേശുവിന്റെ പ്രവചനം ചെറിയ തോതിൽ നിറവേറിയെങ്കിലും ആ പ്രവചനത്തിന്റെ വലിയൊരു നിവൃത്തി പിന്നീടുണ്ടാകുമെന്ന് യേശു ഉദ്ദേശിച്ചിരുന്നോ? യേശു പറഞ്ഞ അതീവപ്രാധാന്യമുള്ള പ്രവചനത്തിന്റെ വലിയ നിവൃത്തി ഈ ആധുനികനാളുകളിൽ നടക്കുന്നത് നിങ്ങൾക്ക് കാണാനാകുന്നുണ്ടോ?
തന്റെ സാന്നിധ്യത്തിന്റെ അടയാളമായി യേശു പറഞ്ഞ ഒരു കാര്യം “നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തു” വിശുദ്ധസ്ഥലത്ത് നിൽക്കും എന്നാണ്. (മത്തായി 24:15) എ.ഡി. 66-ൽ ‘മ്ലേച്ഛവസ്തുവായ’ റോമൻ സൈന്യം യരുശലേമിൽ പാളയമടിച്ചു. വിഗ്രഹാരാധനാപരമായ പതാകകളുമായിട്ടാണ് അവർ അവിടെ എത്തിയത്. അവർ യരുശലേമിനെ വളഞ്ഞ് മതിലുകൾ ഇടിച്ചുതകർക്കാനുള്ള ശ്രമം തുടങ്ങി. (ലൂക്കോസ് 21:20) ജൂതന്മാർ യരുശലേമിനെ ‘വിശുദ്ധസ്ഥലമായി’ കണക്കാക്കിയിരുന്നു. അവിടെയാണ് ഇപ്പോൾ ഈ “മ്ലേച്ഛവസ്തു” വന്നു നിൽക്കുന്നത്.
യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ മഹാകഷ്ടത അന്ന് ഉണ്ടാകും.” എ.ഡി. 70-ൽ റോമാക്കാർ യരുശലേം നശിപ്പിച്ചു. ദേവാലയം ഉൾപ്പെടുന്ന ജൂതന്മാരുടെ ‘വിശുദ്ധനഗരത്തെ’ പിടിച്ചടക്കി, അനേകായിരങ്ങൾ കൊല്ലപ്പെട്ടു. അത് ഒരു മഹാകഷ്ടതയായിരുന്നു. (മത്തായി 4:5; 24:21) ആ നഗരത്തിനും ജൂതജനതയ്ക്കും ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഒരു നാശമായിരുന്നു അത്. നൂറ്റാണ്ടുകളായി ജൂതന്മാർ പിൻപറ്റിപ്പോന്ന സംഘടിതമായ ആരാധന അതോടെ അവസാനിച്ചു. യേശുവിന്റെ വാക്കുകളുടെ വലിയ നിവൃത്തി എത്ര പേടിപ്പെടുത്തുന്ന ഒന്നായിരിക്കും!
മുൻകൂട്ടിപ്പറഞ്ഞ നാളുകളിൽ ധൈര്യത്തോടെ
രാജ്യാധികാരത്തിലുള്ള യേശുവിന്റെ സാന്നിധ്യത്തിന്റെയും ഈ വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളത്തെക്കുറിച്ചുള്ള യേശുവിന്റെ ചർച്ച അവസാനിച്ചിട്ടില്ല. യേശു ഇപ്പോൾ അപ്പോസ്തലന്മാർക്ക് ‘കള്ളക്രിസ്തുക്കളെയും കള്ളപ്രവാചകന്മാരെയും’ കുറിച്ചുള്ള മുന്നറിയിപ്പ് കൊടുക്കുന്നു. “കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും” അവർ “വഴിതെറ്റിക്കാൻ” ശ്രമിക്കുമെന്ന് യേശു പറയുന്നു. (മത്തായി 24:24) എന്നാൽ അവർ വഴിതെറ്റിക്കപ്പെടില്ല. കാരണം കള്ളക്രിസ്തുക്കൾ കാണാൻ പറ്റുന്ന രീതിയിലായിരിക്കും വരുന്നത്. എന്നാൽ അതിനു വിപരീതമായി യേശുവിന്റെ സാന്നിധ്യം അദൃശ്യമായിരിക്കും.
ഈ വ്യവസ്ഥിതിയുടെ അവസാനത്തിൽ പൊട്ടിപ്പുറപ്പെടാൻ പോകുന്ന മഹാകഷ്ടതയെ പരാമർശിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും.” (മത്തായി 24:29) എന്താണ് കൃത്യമായി സംഭവിക്കാൻ പോകുന്നതെന്ന് അപ്പോസ്തലന്മാർക്ക് ശരിക്കും മനസ്സിലായില്ല. പക്ഷേ യേശുവിന്റെ വാക്കുകൾ അവരെ ഭയപ്പെടുത്തി.
ഈ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ മാനവകുടുംബത്തെ എങ്ങനെ ബാധിക്കും? യേശു പറയുന്നു: “ആകാശത്തിലെ ശക്തികൾ ആടിയുലയുന്നതുകൊണ്ട് ഭൂലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച് ബോധംകെടും.” (ലൂക്കോസ് 21:26) അതെ, മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ സമയമായിട്ടാണ് യേശു അതിനെ വരച്ചുകാട്ടിയിരിക്കുന്നത്.
എന്നാൽ “മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും” വരുന്നത് കാണുന്ന എല്ലാവരും വിലപിക്കില്ലെന്ന് യേശു തന്റെ അപ്പോസ്തലന്മാർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. (മത്തായി 24:30) “തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി” ദൈവം ഇടപെടുമെന്ന് യേശു ഇതിനോടകംതന്നെ സൂചിപ്പിച്ചിരുന്നു. (മത്തായി 24:22) യേശു പറഞ്ഞ ഞെട്ടിക്കുന്ന സംഭവവികാസങ്ങളോട് ആ വിശ്വസ്തശിഷ്യന്മാർ എങ്ങനെ പ്രതികരിക്കണമായിരുന്നു? യേശു തന്റെ അനുഗാമികളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ഇതെല്ലാം സംഭവിച്ചുതുടങ്ങുമ്പോൾ, നിങ്ങളുടെ മോചനം അടുത്തുവരുന്നതുകൊണ്ട് നിവർന്നുനിൽക്കുക, നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക.”—ലൂക്കോസ് 21:28.
യേശു മുൻകൂട്ടിപ്പറഞ്ഞ ആ നാളുകളിൽ ജീവിക്കുന്ന ശിഷ്യന്മാർക്ക് എങ്ങനെയാണ് അന്ത്യം അടുത്തിരിക്കുന്നെന്ന് മനസ്സിലാക്കാൻ കഴിയുക? അത്തി മരത്തെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തം യേശു പറയുന്നു: “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക: അതിന്റെ ഇളങ്കൊമ്പു തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ. അതുപോലെ, ഇതെല്ലാം കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് എത്തിയെന്ന്, അവൻ വാതിൽക്കലുണ്ടെന്ന്, മനസ്സിലാക്കിക്കൊള്ളുക. ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 24:32-34.
യേശു പറഞ്ഞ അടയാളത്തിന്റെ വ്യത്യസ്തസവിശേഷതകൾ നിറവേറുന്നത് കാണുമ്പോൾ അവസാനം അടുത്തിരിക്കുന്നെന്ന കാര്യം യേശുവിന്റെ ശിഷ്യന്മാർ തിരിച്ചറിയണമായിരുന്നു. ആ നിർണായകനാളുകളിൽ ജീവിക്കുന്ന തന്റെ ശിഷ്യന്മാർക്ക് യേശു ഈ ഉദ്ബോധനം നൽകുന്നു:
“ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല. നോഹയുടെ നാളുകൾപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും. ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ അവർ ശ്രദ്ധ കൊടുത്തതേ ഇല്ല. മനുഷ്യപുത്രന്റെ സാന്നിധ്യവും അങ്ങനെതന്നെയായിരിക്കും.” (മത്തായി 24:36-39) ഈ സംഭവത്തെ നോഹയുടെ നാളിൽ നടന്ന ആഗോളപ്രളയം എന്ന ചരിത്രസംഭവവുമായിട്ടാണ് യേശു താരതമ്യപ്പെടുത്തിയത്.
യേശുവിനെ ശ്രദ്ധിച്ചുകൊണ്ട് ഒലിവുമലയിൽ ഇരുന്ന അപ്പോസ്തലന്മാർ ജാഗ്രതയോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കിയിട്ടുണ്ടാകണം. യേശു പറയുന്നു: “നിങ്ങളുടെ ഹൃദയം അമിതമായ തീറ്റിയും കുടിയും ജീവിതത്തിലെ ഉത്കണ്ഠകളും കാരണം ഭാരപ്പെട്ടിട്ട്, പ്രതീക്ഷിക്കാത്ത നേരത്ത് ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെ മേൽ വരാതിരിക്കാൻ സൂക്ഷിക്കണം. കാരണം അതു ഭൂമുഖത്തുള്ള എല്ലാവരുടെ മേലും വരും. അതുകൊണ്ട് സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുന്നിൽ നിൽക്കാനും കഴിയേണ്ടതിന് എപ്പോഴും ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് ഉണർന്നിരിക്കുക.”—ലൂക്കോസ് 21:34-36.
താൻ മുൻകൂട്ടിപ്പറയുന്ന കാര്യങ്ങൾക്ക് വിശാലമായ അർഥമുണ്ടെന്ന കാര്യം യേശു ഒരിക്കൽക്കൂടി കാണിച്ചുകൊടുക്കുന്നു. ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ യരുശലേം നഗരത്തിനും ജൂതജനതയ്ക്കും മാത്രം സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചല്ല യേശു മുൻകൂട്ടിപ്പറയുന്നത്. അത് “ഭൂമുഖത്തുള്ള എല്ലാവരുടെ മേലും വരും” എന്നാണ് യേശു പറയുന്നത്.
ജാഗ്രതയോടെ ഉണർന്നിരിക്കാനും തയ്യാറായിരിക്കാനും യേശു ശിഷ്യന്മാരോട് പറയുന്നു. മറ്റൊരു ദൃഷ്ടാന്തത്തിലൂടെ യേശു ഇതേകാര്യം വീണ്ടും എടുത്തുപറയുന്നു: “ഒരു കാര്യം ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടുകാരന് അറിയാമായിരുന്നെങ്കിൽ അയാൾ ഉണർന്നിരുന്ന് കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ നോക്കില്ലായിരുന്നോ? അതുപോലെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.”—മത്തായി 24:43, 44.
പ്രതീക്ഷയോടിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ യേശു ശിഷ്യന്മാരോടു പറയുന്നു. താൻ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ നിറവേറുന്ന സമയത്ത് ജാഗ്രതയും ഉത്സാഹവും ഉള്ള ഒരു “അടിമ” ഉണ്ടായിരിക്കുമെന്നു യേശു അവർക്ക് ഉറപ്പ് കൊടുക്കുന്നു. അപ്പോസ്തലന്മാർക്കു പെട്ടെന്നു മനസ്സിലാകുന്ന ഒരു കാര്യം യേശു ഇപ്പോൾ പറയുന്നു: “വീട്ടുജോലിക്കാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്? ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്ക്കു സന്തോഷിക്കാം! യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” എന്നാൽ ആ “അടിമ” ഒരു ദുഷ്ടനായിത്തീരുകയും മറ്റുള്ളവരോടു മോശമായി പെരുമാറുകയും ചെയ്യുന്നെങ്കിൽ യജമാനൻ വന്ന് ‘അയാളെ കഠിനമായി ശിക്ഷിക്കും.’—മത്തായി 24:45-51; ലൂക്കോസ് 12:45, 46 താരതമ്യം ചെയ്യുക.
തന്റെ അനുഗാമികളിൽ കുറെപ്പേർ ഒരു ദുഷ്ടമനോഭാവം വളർത്തിയെടുക്കുമെന്നല്ല യേശു പറഞ്ഞതിന്റെ അർഥം. പിന്നെ എന്തു കാര്യമാണ് തന്റെ ശിഷ്യന്മാർ മനസ്സിലാക്കാൻ യേശു ആഗ്രഹിച്ചത്? അവർ ജാഗ്രതയോടെയും ശ്രദ്ധയോടും ഇരിക്കണമെന്ന കാര്യം. ഇത് യേശു മറ്റൊരു ദൃഷ്ടാന്തത്തിൽ വ്യക്തമാക്കുന്നു.
-
-
ജാഗ്രതയെക്കുറിച്ചുള്ള ഒരു പാഠം—കന്യകമാർയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 112
ജാഗ്രതയെക്കുറിച്ചുള്ള ഒരു പാഠം—കന്യകമാർ
യേശു പത്തു കന്യകമാരെക്കുറിച്ചുള്ള ദൃഷ്ടാന്തം പറയുന്നു
തന്റെ സാന്നിധ്യത്തെക്കുറിച്ചും വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചും ഉള്ള അപ്പോസ്തലന്മാരുടെ ചോദ്യങ്ങൾക്ക് യേശു ഉത്തരം കൊടുക്കുകയായിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിൽ യേശു ഇപ്പോൾ മറ്റൊരു ദൃഷ്ടാന്തം പറയുന്നു. അതിൽ ജ്ഞാനപൂർവകമായ ഒരു ഉപദേശം അടങ്ങിയിരിക്കുന്നു. ഈ ദൃഷ്ടാന്തത്തിന്റെ നിവൃത്തി കാണാൻ കഴിയുന്നത് യേശുവിന്റെ സാന്നിധ്യകാലത്ത് ജീവിച്ചിരിക്കുന്നവർക്കായിരിക്കും.
ഇങ്ങനെ പറഞ്ഞുകൊണ്ട് യേശു തന്റെ ദൃഷ്ടാന്തം തുടങ്ങുന്നു: “സ്വർഗരാജ്യം, മണവാളനെ വരവേൽക്കാൻ വിളക്കുകളുമായി പുറപ്പെട്ട പത്തു കന്യകമാരെപ്പോലെയാണ്. അവരിൽ അഞ്ചു പേർ വിവേകമില്ലാത്തവരും അഞ്ചു പേർ വിവേകമതികളും ആയിരുന്നു.”—മത്തായി 25:1, 2.
സ്വർഗരാജ്യം അവകാശമാക്കാൻപോകുന്ന തന്റെ ശിഷ്യന്മാരിൽ പകുതിപ്പേർ വിവേകമുള്ളവരും പകുതിപ്പേർ വിവേകമില്ലാത്തവരും ആയിരിക്കും എന്നല്ല യേശു അർഥമാക്കിയത്. പിന്നെയോ, ദൈവരാജ്യത്തിന്റെ കാര്യത്തിൽ ജാഗ്രതയോടിരിക്കണോ വേണ്ടയോ എന്ന് ഓരോ ശിഷ്യനുമാണ് തീരുമാനിക്കേണ്ടത് എന്ന കാര്യമാണ് യേശു സൂചിപ്പിച്ചത്. തന്റെ എല്ലാ ദാസന്മാർക്കും വിശ്വസ്തരായിരിക്കാനും പിതാവിന്റെ അനുഗ്രഹങ്ങൾ നേടാനും കഴിയും എന്ന കാര്യത്തിൽ യേശുവിന് ഒരു സംശയവുമില്ല.
ദൃഷ്ടാന്തത്തിലെ പത്തു കന്യകമാർ മണവാളനെ വരവേൽക്കാനും ആ ഘോഷയാത്രയിൽ പങ്കെടുക്കാനും പോകുന്നു. മണവാളൻ മണവാട്ടിയെയുംകൊണ്ട് അവൾക്കായി ഒരുക്കിയിരിക്കുന്ന വീട്ടിലേക്കു പോകുമ്പോൾ ആദരവോടെ, വിളക്ക് കത്തിച്ച് വഴി കാണിക്കാനാണ് ഈ കന്യകമാർ പോകുന്നത്. എന്നാൽ എന്തു സംഭവിക്കുന്നു?
യേശു വിശദീകരിക്കുന്നു: “വിവേകമില്ലാത്തവർ വിളക്കുകൾ എടുത്തെങ്കിലും എണ്ണ എടുത്തില്ല. എന്നാൽ വിവേകമതികൾ വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തു. മണവാളൻ വരാൻ വൈകിയപ്പോൾ എല്ലാവർക്കും മയക്കം വന്നു; അവർ ഉറങ്ങിപ്പോയി.” (മത്തായി 25:3-5) പ്രതീക്ഷിച്ച സമയത്ത് മണവാളൻ എത്തുന്നില്ല. മണവാളൻ വരാൻ വൈകുന്നതായി തോന്നുന്നതുകൊണ്ട് കന്യകമാർ ഉറങ്ങിപ്പോകുന്നു. ഇതു പറഞ്ഞപ്പോൾ അപ്പോസ്തലന്മാർ യേശു പറഞ്ഞ മറ്റൊരു ദൃഷ്ടാന്തം ഓർത്തുകാണും. കുലീനനായ ഒരു മനുഷ്യൻ രാജാധികാരം നേടാൻ പോയതും “ഒടുവിൽ അദ്ദേഹം രാജാധികാരം നേടി മടങ്ങി” വന്നതും.—ലൂക്കോസ് 19:11-15.
പത്തു കന്യകമാരെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിലെ മണവാളൻ ഒടുവിൽ എത്തുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് യേശു വിശദീകരിക്കുന്നു: “അർധരാത്രിയായപ്പോൾ ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടു: ‘ഇതാ, മണവാളൻ വരുന്നു! വരവേൽക്കാൻ പുറപ്പെടൂ!’” (മത്തായി 25:6) മണവാളനെ പ്രതീക്ഷിച്ച് കന്യകമാർ ഒരുങ്ങിയിരുന്നോ, ജാഗ്രതയോടിരുന്നോ?
യേശു തുടരുന്നു: “അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കുകൾ ഒരുക്കി. വിവേകമില്ലാത്തവർ വിവേകമതികളോട്, ‘ഞങ്ങളുടെ വിളക്കുകൾ കെട്ടുപോകാറായി; നിങ്ങളുടെ എണ്ണയിൽ കുറച്ച് ഞങ്ങൾക്കും തരൂ’ എന്നു പറഞ്ഞു. അപ്പോൾ വിവേകമതികൾ അവരോടു പറഞ്ഞു: ‘അങ്ങനെ ചെയ്താൽ രണ്ടു കൂട്ടർക്കും തികയാതെ വന്നേക്കാം; അതുകൊണ്ട് നിങ്ങൾ പോയി വിൽക്കുന്നവരുടെ അടുത്തുനിന്ന് വേണ്ടതു വാങ്ങിക്കൊള്ളൂ.’”—മത്തായി 25:7-9.
അഞ്ചു കന്യകമാർ മണവാളന്റെ വരവിനായി ഒരുങ്ങിയിട്ടില്ലായിരുന്നു, അവർ ജാഗ്രത കൈവെടിഞ്ഞു. അതുകൊണ്ട് അവരുടെ വിളക്കുകളിൽ ആവശ്യത്തിനുള്ള എണ്ണ ഉണ്ടായിരുന്നില്ല. ഇപ്പോൾ അവർ എണ്ണ കണ്ടെത്തേണ്ടതുണ്ട്. യേശു പറയുന്നു: “അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ എത്തി. ഒരുങ്ങിയിരുന്ന കന്യകമാർ വിവാഹവിരുന്നിന് അദ്ദേഹത്തോടൊപ്പം അകത്ത് പ്രവേശിച്ചു; അതോടെ വാതിലും അടച്ചു. കുറെ കഴിഞ്ഞപ്പോൾ മറ്റേ കന്യകമാരും വന്ന്, ‘യജമാനനേ, യജമാനനേ, വാതിൽ തുറന്നുതരണേ’ എന്ന് അപേക്ഷിച്ചു. അപ്പോൾ അദ്ദേഹം അവരോട്, ‘സത്യമായും എനിക്കു നിങ്ങളെ അറിയില്ല’ എന്നു പറഞ്ഞു.” (മത്തായി 25:10-12) ജാഗ്രതയോടെ, ഒരുങ്ങിയിരിക്കാതെ ഇരുന്നതുകൊണ്ട് അവരുടെ കാര്യം എത്ര കഷ്ടമായിപ്പോയി!
ദൃഷ്ടാന്തത്തിലെ മണവാളൻ യേശുതന്നെയാണെന്ന് അപ്പോസ്തലന്മാർ തിരിച്ചറിഞ്ഞു. കാരണം ഇതിനു മുമ്പും യേശു തന്നെത്തന്നെ ഒരു മണവാളനോട് ഉപമിച്ചിട്ടുണ്ട്. (ലൂക്കോസ് 5:34, 35) അങ്ങനെയെങ്കിൽ ബുദ്ധിയുള്ള കന്യകമാർ ആരാണ്? ദൈവരാജ്യം അവകാശമാക്കാൻപോകുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങൾ വസ്ത്രം ധരിച്ച് തയ്യാറായിരിക്കുക. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിനിൽക്കട്ടെ.” (ലൂക്കോസ് 12:32, 35) അതുകൊണ്ട് യേശുവിന്റെ ദൃഷ്ടാന്തത്തിലെ കന്യകമാർ ചെറിയ ആട്ടിൻകൂട്ടത്തിന്റെ ഭാഗമായ തങ്ങളും മറ്റു ശിഷ്യന്മാരും ആണെന്ന കാര്യം അപ്പോസ്തലന്മാർ ഗ്രഹിച്ചു. ഈ ദൃഷ്ടാന്തത്തിലൂടെ എന്തു പാഠം പഠിപ്പിക്കാനാണ് യേശു ആഗ്രഹിച്ചത്?
ദൃഷ്ടാന്തത്തെക്കുറിച്ച് ഒരു സംശയവും ബാക്കിവെക്കാതെ യേശു ഇങ്ങനെ ഉപസംഹരിക്കുന്നു: “അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കുക. കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക് അറിയില്ലല്ലോ.”—മത്തായി 25:13.
തന്റെ സാന്നിധ്യകാലത്ത് ‘ഉണർന്നിരിക്കാൻ’ വിശ്വസ്തരായ അനുഗാമികളെ യേശു ഉപദേശിക്കുന്നു. അവർ വിവേകമതികളായ ആ അഞ്ചു കന്യകമാരെപ്പോലെ ആകണമായിരുന്നു. തങ്ങൾക്കുള്ള അമൂല്യമായ പ്രത്യാശയും മറ്റ് അനുഗ്രഹങ്ങളും നഷ്ടപ്പെടുത്തിക്കളയാതെ യേശു വരുമ്പോൾ അവർ ജാഗ്രതയോടെ, ഒരുങ്ങി ഇരിക്കണമായിരുന്നു.
-
-
ഉത്സാഹത്തെക്കുറിച്ചുള്ള ഒരു പാഠം—താലന്തുകൾയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 113
ഉത്സാഹത്തെക്കുറിച്ചുള്ള ഒരു പാഠം—താലന്തുകൾ
യേശു താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തം പറയുന്നു
തന്റെ നാല് അപ്പോസ്തലന്മാരോടൊപ്പം ഒലിവുമലയിൽ ആയിരിക്കുമ്പോൾ യേശു മറ്റൊരു ദൃഷ്ടാന്തം പറയുന്നു. ദൈവരാജ്യം കുറെ കാലത്തിനു ശേഷമേ വരൂ എന്നു പറയാനായി യേശു ഏതാനും ദിവസങ്ങൾക്കു മുമ്പ് യരീഹൊയിൽവെച്ച് മിനയുടെ ദൃഷ്ടാന്തം പറഞ്ഞിരുന്നു. ഇപ്പോൾ യേശു പറയുന്ന ഈ ദൃഷ്ടാന്തത്തിന് അതുപോലെതന്നെയുള്ള പല പ്രത്യേകതകളുണ്ട്. തന്റെ സാന്നിധ്യത്തെയും വ്യവസ്ഥിതിയുടെ അവസാനത്തെയും കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരവും കൂടിയായിരുന്നു അത്. ശിഷ്യന്മാരെ യേശു വിശ്വസിച്ച് ഏൽപ്പിക്കുന്ന കാര്യം അവർ എത്ര ഉത്സാഹത്തോടെ ചെയ്യണമെന്നും ഈ ദൃഷ്ടാന്തം ഊന്നിപ്പറയുന്നു.
യേശു പറയുന്നു: “സ്വർഗരാജ്യം, അന്യദേശത്തേക്കു യാത്ര പോകാനിരിക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ്. പോകുന്നതിനു മുമ്പ് അയാൾ അടിമകളെ വിളിച്ച് വസ്തുവകകളെല്ലാം അവരെ ഏൽപ്പിച്ചു.” (മത്തായി 25:14) “രാജാധികാരം നേടിയിട്ട് ” വരാൻ ഒരു ദൂരദേശത്തേക്കു യാത്ര പോയ ഒരു മനുഷ്യനോടാണ് യേശു തന്നെത്തന്നെ താരതമ്യപ്പെടുത്തിയത്. ആ “മനുഷ്യൻ” യേശുവാണെന്ന് അപ്പോസ്തലന്മാർക്ക് പെട്ടെന്നുതന്നെ മനസ്സിലായി.—ലൂക്കോസ് 19:12.
തന്റെ വിലയേറിയ വസ്തുവകകൾ അടിമകളെ ഏൽപ്പിച്ചിട്ടാണ് ദൃഷ്ടാന്തത്തിലെ ആ മനുഷ്യൻ ദൂരദേശത്തേക്കു പോകുന്നത്. മൂന്നര വർഷത്തെ ശുശ്രൂഷക്കാലത്ത് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പഠിപ്പിക്കുന്നതിൽ യേശു ശ്രദ്ധിച്ചു. മാത്രമല്ല, തന്റെ ശിഷ്യന്മാരെ ഈ പ്രസംഗപ്രവർത്തനത്തിൽ പരിശീലിപ്പിക്കുകയും ചെയ്തു. അവരെ പഠിപ്പിച്ചതുപോലെ അവർ കാര്യങ്ങൾ ചെയ്യുമെന്ന ഉറപ്പോടെ യേശു പോകുന്നു.—മത്തായി 10:7; ലൂക്കോസ് 10:1, 8, 9; യോഹന്നാൻ 4:38-ഉം 14:12-ഉം താരതമ്യം ചെയ്യുക.
ദൃഷ്ടാന്തത്തിലെ മനുഷ്യൻ തന്റെ വസ്തുവകകൾ എങ്ങനെയാണ് വീതിക്കുന്നത്? യേശു പറയുന്നു: “ഓരോരുത്തർക്കും അവരുടെ പ്രാപ്തിയനുസരിച്ചാണു കൊടുത്തത്; ഒരാൾക്ക് അഞ്ചു താലന്തും മറ്റൊരാൾക്കു രണ്ടും വേറൊരാൾക്ക് ഒന്നും. എന്നിട്ട് അയാൾ യാത്ര പോയി.” (മത്തായി 25:15) വിശ്വസിച്ച് ഏൽപ്പിച്ച ആ വസ്തുവകകൾ അവർ എങ്ങനെ ഉപയോഗിക്കുമായിരുന്നു? യജമാനന്റെ ഇഷ്ടമനുസരിച്ച് ഉത്സാഹത്തോടെ അവർ പ്രവർത്തിക്കുമായിരുന്നോ? യേശു അപ്പോസ്തലന്മാരോടു പറയുന്നു:
“അഞ്ചു താലന്തു കിട്ടിയവൻ ഉടനെ പോയി അതുകൊണ്ട് വ്യാപാരം ചെയ്ത് അഞ്ചുകൂടെ സമ്പാദിച്ചു. അതുപോലെതന്നെ, രണ്ടു താലന്തു കിട്ടിയവൻ രണ്ടുകൂടെ സമ്പാദിച്ചു. എന്നാൽ ഒരു താലന്തു കിട്ടിയവൻ പോയി യജമാനന്റെ പണം നിലത്ത് കുഴിച്ചിട്ടു.” (മത്തായി 25:16-18) യജമാനൻ തിരിച്ചുവരുമ്പോൾ എന്തു സംഭവിക്കും?
യേശു തുടരുന്നു: “കാലം കുറെ കടന്നുപോയി. ഒടുവിൽ ആ അടിമകളുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു.” (മത്തായി 25:19) ആദ്യത്തെ രണ്ടു പേരും ‘അവരുടെ പ്രാപ്തിയനുസരിച്ച് ’ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. തങ്ങളെ ഏൽപ്പിച്ച കാര്യത്തിൽ ആ രണ്ട് അടിമകളും ഉത്സാഹമുള്ളവരും അധ്വാനിക്കാൻ മനസ്സുള്ളവരുമായിരുന്നു. അഞ്ചു താലന്തു കിട്ടിയയാൾ അത് ഇരട്ടിയാക്കി. രണ്ടു കിട്ടിയയാളും ഇരട്ടിയാക്കി. (അന്നത്തെ കാലത്ത് ഒരു താലന്ത് സമ്പാദിക്കണമെങ്കിൽ ഒരാൾ ഏകദേശം 19 വർഷം ജോലി ചെയ്യണമായിരുന്നു.) യജമാനൻ രണ്ടു പേരെയും ഒരുപോലെ അഭിനന്ദിച്ചു: “കൊള്ളാം! നീ വിശ്വസ്തനായ ഒരു നല്ല അടിമയാണ്. കുറച്ച് കാര്യങ്ങളിൽ നീ വിശ്വസ്തത തെളിയിച്ചതുകൊണ്ട് ഞാൻ നിന്നെ കൂടുതൽ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.”—മത്തായി 25:21.
എന്നാൽ ഒരു താലന്ത് കിട്ടിയ അടിമ അങ്ങനെയല്ലായിരുന്നു. ആ അടിമ പറയുന്നു: “യജമാനനേ, അങ്ങ് വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനും അധ്വാനിച്ചുണ്ടാക്കാത്തതു ശേഖരിക്കുന്നവനും ആയ കഠിനഹൃദയനാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഞാൻ പേടിച്ച് ആ താലന്തു നിലത്ത് കുഴിച്ചിട്ടു. ഇതാ അങ്ങയുടെ താലന്ത്, ഇത് എടുത്തോ.” (മത്തായി 25:24, 25) തന്റെ യജമാനന് കുറച്ചെങ്കിലും ലാഭമുണ്ടാകാനായി അയാൾ പണമിടപാടുകാരുടെ പക്കൽപ്പോലും പണം നിക്ഷേപിച്ചില്ല. വാസ്തവത്തിൽ അയാൾ യജമാനന്റെ ഇഷ്ടത്തിനു വിരുദ്ധമായിട്ടാണു കാര്യങ്ങൾ ചെയ്തത്.
അയാളെ “ദുഷ്ടനായ മടിയാ” എന്നാണ് യജമാനൻ വിളിക്കുന്നത്. അയാളുടെ പക്കലുണ്ടായിരുന്നതുകൂടി എടുത്ത് കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള അടിമയ്ക്കു കൊടുക്കുന്നു. യജമാനൻ തന്റെ നിലപാട് വ്യക്തമാക്കുന്നു: “ഉള്ളവനു കൂടുതൽ കൊടുക്കും. അവനു സമൃദ്ധിയുണ്ടാകും. ഇല്ലാത്തവന്റെ കൈയിൽനിന്നോ ഉള്ളതുംകൂടെ എടുത്തുകളയും.”—മത്തായി 25:26, 29.
യേശു പറഞ്ഞ ഈ ദൃഷ്ടാന്തത്തിൽനിന്നും ശിഷ്യന്മാർക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. ആളുകളെ ശിഷ്യരാക്കുക എന്ന അമൂല്യമായ നിയമനമായിരുന്നു യേശു അവരെ ഏൽപ്പിച്ചത്. അത് എത്ര ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണെന്ന് അവർക്കു മനസ്സിലായി. അവർ ഇത് ഉത്സാഹത്തോടെ ചെയ്യണമെന്നും യേശു പ്രതീക്ഷിക്കുന്നു. എല്ലാവരും അവരെ ഏൽപ്പിച്ച സുവിശേഷപ്രവർത്തനം ഒരേ അളവിൽ ചെയ്യാൻ യേശു പ്രതീക്ഷിച്ചില്ല. എന്നാൽ, തന്റെ കഴിവനുസരിച്ച് പ്രവർത്തിക്കാത്ത, ‘മടിയനായ’ ഒരാളിൽ യേശു പ്രസാദിക്കും എന്ന് അതിന് അർഥമില്ല. ഓരോരുത്തരും ‘അവരുടെ പ്രാപ്തിയനുസരിച്ച്,’ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനാണ് ഈ ദൃഷ്ടാന്തത്തിലൂടെ യേശു പറയുന്നത്.
“ഉള്ളവനു കൂടുതൽ കൊടുക്കും” എന്ന ഉറപ്പു കേട്ടപ്പോൾ അപ്പോസ്തലന്മാർക്ക് എത്ര സന്തോഷം തോന്നിക്കാണും!
-
-
ചെമ്മരിയാടുകളെയും കോലാടുകളെയും ന്യായം വിധിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 114
ചെമ്മരിയാടുകളെയും കോലാടുകളെയും ന്യായം വിധിക്കുന്നു
യേശു ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ദൃഷ്ടാന്തം പറയുന്നു
യേശു ഇപ്പോൾ ഒലിവുമലയിലാണ്. തന്റെ സാന്നിധ്യത്തിന്റെയും ഈ വ്യവസ്ഥിതിയുടെ അവസാനത്തിന്റെയും അടയാളത്തെക്കുറിച്ചുള്ള അപ്പോസ്തലന്മാരുടെ ചോദ്യത്തിനു വിശദീകരണം നൽകുകയാണ്. പത്തു കന്യകമാരെക്കുറിച്ചും താലന്തുകളെക്കുറിച്ചും ഉള്ള ദൃഷ്ടാന്തം യേശു ഇപ്പോൾ പറഞ്ഞുകഴിഞ്ഞു. അവസാനമായി ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഒരു ദൃഷ്ടാന്തവും പറയുന്നു.
ഈ ദൃഷ്ടാന്തത്തിനു മുന്നോടിയായി യേശു ഇങ്ങനെ പറയുന്നു: “മനുഷ്യപുത്രൻ സകല ദൂതന്മാരോടുമൊപ്പം മഹിമയോടെ വരുമ്പോൾ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കും.” (മത്തായി 25:31) ഈ ദൃഷ്ടാന്തത്തിലെ പ്രധാനകഥാപാത്രം താൻതന്നെയാണെന്ന് ശിഷ്യന്മാർക്ക് ഉറപ്പേകുന്ന വിധത്തിലാണ് യേശു സംസാരിക്കുന്നത്. കാരണം യേശു തന്നെത്തന്നെ മിക്കപ്പോഴും “മനുഷ്യപുത്രൻ” എന്ന് പരാമർശിച്ചിട്ടുണ്ട്.—മത്തായി 8:20; 9:6; 20:18, 28.
ഈ ദൃഷ്ടാന്തം നിറവേറുന്നത് എന്നായിരിക്കും? യേശു തന്റെ ദൂതന്മാരോടൊപ്പം ‘മഹിമയോടെ വന്ന് തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ ആയിരിക്കും’ അത് നിറവേറുന്നത്. തന്റെ ദൂതന്മാരോടൊപ്പം “മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും ആകാശമേഘങ്ങളിൽ” വരുന്നതിനെക്കുറിച്ച് യേശു തൊട്ടുമുമ്പ് പറഞ്ഞു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അത് എപ്പോഴായിരിക്കും? “കഷ്ടത കഴിയുന്ന ഉടനെ.” (മത്തായി 24:29-31; മർക്കോസ് 13:26, 27; ലൂക്കോസ് 21:27) അതുകൊണ്ട് ഭാവിയിൽ യേശു മഹത്ത്വത്തോടെ വരുമ്പോഴായിരിക്കും ഈ ദൃഷ്ടാന്തം നിറവേറുന്നത്. അപ്പോൾ യേശു എന്തു ചെയ്യും?
യേശു വിശദീകരിക്കുന്നു: “മനുഷ്യപുത്രൻ . . . വരുമ്പോൾ . . . എല്ലാ ജനതകളെയും അവന്റെ മുന്നിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.”—മത്തായി 25:31-33.
തന്റെ അംഗീകാരമുള്ള ചെമ്മരിയാടുകളെക്കുറിച്ച് യേശു പറയുന്നു: “പിന്നെ രാജാവ് വലത്തുള്ളവരോടു പറയും: ‘എന്റെ പിതാവിന്റെ അനുഗ്രഹം കിട്ടിയവരേ, വരൂ! ലോകാരംഭംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളൂ!’” (മത്തായി 25:34) ചെമ്മരിയാടുകൾക്ക് രാജാവിന്റെ പ്രീതി ലഭിച്ചത് എന്തുകൊണ്ടാണ്?
രാജാവ് വിശദീകരിക്കുന്നു: “എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നു; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നു. ഞാൻ അപരിചിതനായിരുന്നിട്ടും എന്നെ അതിഥിയായി സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നപ്പോൾ നിങ്ങൾ എന്നെ ഉടുപ്പിച്ചു. രോഗിയായിരുന്നപ്പോൾ നിങ്ങൾ എന്നെ ശുശ്രൂഷിച്ചു. ജയിലിലായിരുന്നപ്പോൾ നിങ്ങൾ എന്നെ കാണാൻ വന്നു.” ‘നീതിമാന്മാരായ’ ഈ ചെമ്മരിയാടുകൾ തങ്ങൾ ഈ നല്ല കാര്യങ്ങൾ ചെയ്തത് എപ്പോഴാണെന്നു ചോദിച്ചപ്പോൾ രാജാവ് പറയുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്തത്.” (മത്തായി 25:35, 36, 40, 46) സ്വർഗത്തിൽ ഉള്ളവർക്കുവേണ്ടിയല്ല അവർ ഈ നല്ല കാര്യങ്ങൾ ചെയ്തത്. കാരണം സ്വർഗത്തിൽ രോഗികളോ വിശക്കുന്നവരോ ഇല്ല. എന്നാൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ സഹോദരന്മാർക്കാണ് അവർ ഈ നല്ല കാര്യങ്ങൾ ചെയ്തത്.
എന്നാൽ ഇടതുവശത്തുള്ള കോലാടുകളുടെ കാര്യമോ? യേശു പറയുന്നു: “പിന്നെ രാജാവ് ഇടത്തുള്ളവരോടു പറയും: ‘ശപിക്കപ്പെട്ടവരേ, എന്റെ അടുത്തുനിന്ന് പോകൂ! പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന ഒരിക്കലും കെടാത്ത തീ നിങ്ങളെ കാത്തിരിക്കുന്നു. കാരണം എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നില്ല; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നില്ല. ഞാൻ അപരിചിതനായിരുന്നു; നിങ്ങൾ എന്നെ അതിഥിയായി സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. ഞാൻ രോഗിയും തടവുകാരനും ആയിരുന്നു; നിങ്ങൾ എന്നെ ശുശ്രൂഷിച്ചില്ല.’” (മത്തായി 25:41-43) ഭൂമിയിൽ ജീവിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ സഹോദരന്മാരോട് കോലാടുകൾ ദയയോടെ ഇടപെടേണ്ടതായിരുന്നു. അതിൽ പരാജയപ്പെട്ടതുകൊണ്ടാണ് അവരെ ഇങ്ങനെ ന്യായം വിധിച്ചത്.
ഭാവിയിൽ നടക്കാനിരിക്കുന്ന ഈ ന്യായവിധിക്ക് സ്ഥിരമായ, എന്നേക്കും നിലനിൽക്കുന്ന അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് അപ്പോസ്തലന്മാർ മനസ്സിലാക്കുന്നു. യേശു കോലാടുകളോട് ഇങ്ങനെ പറയുന്നു: “അപ്പോൾ (രാജാവ്) അവരോടു പറയും: ‘സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്യാതിരുന്നതെല്ലാം നിങ്ങൾ എനിക്കാണു ചെയ്യാതിരുന്നത്.’ ഇവരെ എന്നേക്കുമായി നിഗ്രഹിച്ചുകളയും; നീതിമാന്മാർ നിത്യജീവനിലേക്കും കടക്കും.”—മത്തായി 25:45, 46.
അപ്പോസ്തലന്മാരുടെ ചോദ്യത്തിനുള്ള ഈ മറുപടിയിൽനിന്ന് യേശുവിന്റെ അനുഗാമികൾക്ക് പല പ്രയോജനങ്ങളും ലഭിക്കുന്നു. തങ്ങളുടെ മനോഭാവങ്ങളും പ്രവർത്തനങ്ങളും വിലയിരുത്താൻ യേശുവിന്റെ മറുപടി അവരെ സഹായിക്കുന്നു.
-