-
താഴ്മയെക്കുറിച്ച് പഠിപ്പിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 116
താഴ്മയെക്കുറിച്ച് പഠിപ്പിക്കുന്നു
മത്തായി 26:20; മർക്കോസ് 14:17; ലൂക്കോസ് 22:14-18; യോഹന്നാൻ 13:1-17
യേശു അപ്പോസ്തലന്മാരോടൊപ്പം അവസാനത്തെ പെസഹ ഭക്ഷിക്കുന്നു
അപ്പോസ്തലന്മാരുടെ കാലുകൾ കഴുകിക്കൊണ്ട് യേശു ഒരു പാഠം പഠിപ്പിക്കുന്നു
യേശുവിന്റെ നിർദേശപ്രകാരം, പെസഹയ്ക്കുവേണ്ട ഒരുക്കങ്ങൾ നടത്താനായി പത്രോസും യോഹന്നാനും യരുശലേമിൽ എത്തി. പിന്നീട് യേശുവും പത്ത് അപ്പോസ്തലന്മാരും യരുശലേമിലേക്കു പോകുന്നു. ഉച്ചകഴിഞ്ഞ സമയം. സൂര്യൻ പടിഞ്ഞാറൻ ചക്രവാളം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. യേശുവും ശിഷ്യന്മാരും ഒലിവുമല ഇറങ്ങുകയാണ്. അവിടെനിന്ന് കാണാൻ കഴിയുന്ന പകൽസമയത്തെ മനോഹരമായ ദൃശ്യങ്ങൾ, യേശു പിന്നെ കാണുന്നത് പുനരുത്ഥാനത്തിനു ശേഷമാണ്.
പെട്ടെന്നുതന്നെ യേശുവും കൂട്ടരും നഗരത്തിലെത്തുന്നു. പെസഹ ഒരുക്കിയിരിക്കുന്ന വീട്ടിലേക്ക് അവർ പോകുന്നു. മുകളിലത്തെ ആ വലിയ മുറിയിലേക്കുള്ള ഗോവണിപ്പടികൾ കയറിച്ചെല്ലുമ്പോൾ എല്ലാം ഒരുക്കിവെച്ചിരിക്കുന്നത് അവർ കാണുന്നു. യേശുവിനും അപ്പോസ്തലന്മാർക്കുംവേണ്ടി മാത്രമാണ് ഈ ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഈ അവസരത്തിനായി യേശു കാത്തിരിക്കുകയായിരുന്നു. യേശു ഇങ്ങനെ പറയുന്നു: “കഷ്ടത അനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടൊപ്പം ഈ പെസഹ കഴിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു.”—ലൂക്കോസ് 22:15.
പെസഹ ആചരണത്തിനിടെ വീഞ്ഞുപാത്രങ്ങൾ കൈമാറുന്ന ഒരു രീതി പണ്ടുമുതലേ ഉള്ളതാണ്. ഇപ്പോൾ യേശു ഒരു പാനപാത്രം വാങ്ങി നന്ദി പറഞ്ഞിട്ട് ഇങ്ങനെ പറയുന്നു: “ഇതു വാങ്ങി നിങ്ങൾ ഓരോരുത്തരും അടുത്തയാൾക്കു കൈമാറുക. ഇനി ദൈവരാജ്യം വരുന്നതുവരെ മുന്തിരിവള്ളിയുടെ ഈ ഉത്പന്നം ഞാൻ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 22:17, 18) യേശുവിന്റെ മരണം അടുത്തെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
പെസഹ ആചരണത്തിനിടെ അസാധാരണമായ ഒരു കാര്യം യേശു ചെയ്യുന്നു. തന്റെ പുറങ്കുപ്പായം അഴിച്ചുവെച്ച് ഒരു തോർത്ത് എടുത്ത് അരയിൽ ചുറ്റുന്നു. എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം എടുക്കുന്നു. വിരുന്നുകാരുടെ കാലുകൾ കഴുകി സ്വീകരിക്കുന്ന ഒരു രീതി അന്നുണ്ടായിരുന്നു. ഒരുപക്ഷേ വേലക്കാരനായിരിക്കും അതു ചെയ്യുന്നത്. (ലൂക്കോസ് 7:44) എന്നാൽ ഇവിടെ ഇപ്പോൾ ഒരു ആതിഥേയൻ ഇല്ല. അതുകൊണ്ട് ഈ സേവനം യേശുതന്നെ ചെയ്യുന്നു. അപ്പോസ്തലന്മാരിൽ ആർക്കുവേണമെങ്കിലും ഇതു ചെയ്യാമായിരുന്നു. പക്ഷേ ആരും ഇതു ചെയ്യുന്നില്ല. ശിഷ്യന്മാർക്ക് ഇടയിൽ എന്തെങ്കിലും ശത്രുതയുള്ളതുകൊണ്ടാണോ? കാര്യം എന്തായാലും, യേശു അവരുടെ കാലുകൾ കഴുകാൻ തുടങ്ങിയപ്പോൾ അവർക്കു നാണക്കേടു തോന്നി.
യേശു പത്രോസിന്റെ അടുത്ത് വന്നപ്പോൾ യേശുവിനെ തടഞ്ഞുകൊണ്ട് “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല” എന്നു പത്രോസ് പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതിക്കുന്നില്ലെങ്കിൽ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവുമില്ല” എന്നു പറഞ്ഞു. ഇതു കേട്ട പത്രോസ് വികാരഭരിതനായി യേശുവിനോട് “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകിക്കോ” എന്നു പറഞ്ഞു. “കുളി കഴിഞ്ഞയാളുടെ കാലു മാത്രം കഴുകിയാൽ മതി. അയാൾ മുഴുവനും ശുദ്ധിയുള്ളയാളാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്. എന്നാൽ എല്ലാവരുമല്ല” എന്ന് യേശു പറഞ്ഞു. ഈ മറുപടി കേട്ട് പത്രോസ് അതിശയിച്ചിട്ടുണ്ടാകില്ലേ?—യോഹന്നാൻ 13:8-10.
യേശു യൂദാസ് ഈസ്കര്യോത്ത് ഉൾപ്പെടെ 12 ശിഷ്യന്മാരുടെയും കാലുകൾ കഴുകുന്നു. പുറങ്കുപ്പായം ഇട്ട് വീണ്ടും മേശയ്ക്കരികിൽ ഇരിക്കുന്ന യേശു അവരോടു ചോദിക്കുന്നു: “ഞാൻ എന്താണു ചെയ്തതെന്നു നിങ്ങൾക്കു മനസ്സിലായോ? നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ് ’ എന്നും വിളിക്കുന്നുണ്ടല്ലോ. അതു ശരിയാണ്. കാരണം ഞാൻ നിങ്ങളുടെ ഗുരുവും കർത്താവും ആണ്. കർത്താവും ഗുരുവും ആയ ഞാൻ നിങ്ങളുടെ കാലു കഴുകിയെങ്കിൽ നിങ്ങളും തമ്മിൽത്തമ്മിൽ കാലു കഴുകണം. ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അടിമ യജമാനനെക്കാൾ വലിയവനല്ല. അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാൾ വലിയവനുമല്ല. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുകകൂടെ ചെയ്താൽ സന്തോഷമുള്ളവരായിരിക്കും.”—യോഹന്നാൻ 13:12-17.
എളിയ സേവനത്തിന്റെ എത്ര മനോഹരമായ പാഠം! യേശുവിന്റെ അനുഗാമികൾ തങ്ങൾ പ്രാധാന്യമുള്ളവരാണെന്നും മറ്റുള്ളവർ തങ്ങളെ പരിചരിക്കേണ്ടവരാണെന്നും ചിന്തിച്ചുകൊണ്ട് ഒന്നാമനാകാൻ ആഗ്രഹിക്കരുത്. പകരം യേശുവിന്റെ മാതൃക അവർ അനുകരിക്കണം. അത് കാലു കഴുകിക്കൊണ്ടല്ല, മറിച്ച് താഴ്മയോടെ, പക്ഷപാതം കൂടാതെ മറ്റുള്ളവർക്കുവേണ്ടി മനസ്സോടെ സേവനം ചെയ്തുകൊണ്ടായിരിക്കണം.
-
-
കർത്താവിന്റെ സന്ധ്യാഭക്ഷണംയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 117
കർത്താവിന്റെ സന്ധ്യാഭക്ഷണം
മത്തായി 26:21-29; മർക്കോസ് 14:18-25; ലൂക്കോസ് 22:19-23; യോഹന്നാൻ 13:18-30
യൂദാസിനെ ഒരു വഞ്ചകനായി തിരിച്ചറിയിക്കുന്നു
യേശു സ്മാരകാചരണം ഏർപ്പെടുത്തുന്നു
അന്നു വൈകുന്നേരം യേശു അപ്പോസ്തലന്മാരെ അവരുടെ കാലുകൾ കഴുകിക്കൊണ്ട് താഴ്മയെക്കുറിച്ചുള്ള ഒരു പാഠം പഠിപ്പിച്ചിരുന്നു. ഇപ്പോൾ പെസഹാഭക്ഷണം കഴിഞ്ഞിരിക്കണം. യേശു ദാവീദിന്റെ ഈ വാക്കുകൾ ഉദ്ധരിക്കുന്നു: “എന്നോടു സമാധാനത്തിലായിരുന്ന, ഞാൻ വിശ്വസിച്ച, എന്റെ അപ്പം തിന്നിരുന്ന മനുഷ്യൻ . . . എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.” എന്നിട്ട് യേശു ഇങ്ങനെ വ്യക്തമായി പറയുന്നു: “നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”—സങ്കീർത്തനം 41:9; യോഹന്നാൻ 13:18, 21.
അപ്പോസ്തലന്മാർ പരസ്പരം നോക്കിയിട്ട് “കർത്താവേ, അതു ഞാനല്ലല്ലോ, അല്ലേ” എന്നു ചോദിക്കാൻതുടങ്ങി. യൂദാസ് ഈസ്കര്യോത്തുപോലും അങ്ങനെ ചോദിച്ചു. അത് ആരാണെന്ന് ചോദിച്ച് മനസ്സിലാക്കാൻ യേശുവിന്റെ അടുത്തിരുന്ന യോഹന്നാനോട് പത്രോസ് പറയുന്നു. അപ്പോൾ യോഹന്നാൻ യേശുവിന്റെ അടുക്കലേക്കു ചാഞ്ഞ്, “കർത്താവേ, അത് ആരാണ് ” എന്നു ചോദിച്ചു.—മത്തായി 26:22; യോഹന്നാൻ 13:25.
യേശു പറയുന്നു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നോ, അവൻതന്നെ.” മേശപ്പുറത്തിരിക്കുന്ന പാത്രത്തിൽ അപ്പക്കഷണം മുക്കി യേശു യൂദാസിനു കൊടുത്തിട്ട് പറയുന്നു: “എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം! ജനിക്കാതിരിക്കുന്നതായിരുന്നു ആ മനുഷ്യനു നല്ലത്.” (യോഹന്നാൻ 13:26; മത്തായി 26:24) സാത്താൻ യൂദാസിൽ കടന്നു. യൂദാസിൽ മുമ്പേതന്നെ നേരില്ലായിരുന്നു. ഇപ്പോൾ പിശാചിന്റെ ഇഷ്ടം ചെയ്യാൻ തന്നെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് ‘നാശപുത്രനായിത്തീർന്നിരിക്കുന്നു.’—യോഹന്നാൻ 6:64, 70; 12:4; 17:12.
യേശു യൂദാസിനോടു പറയുന്നു: “നീ ചെയ്യുന്നതു കുറച്ചുകൂടെ പെട്ടെന്നു ചെയ്തുതീർക്കുക.” പണപ്പെട്ടി യൂദാസിന്റെ കൈയിലായിരുന്നതുകൊണ്ട്, “‘ഉത്സവത്തിനു വേണ്ടതു വാങ്ങുക’ എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കണം എന്നോ മറ്റോ ആയിരിക്കും” യേശു പറഞ്ഞതെന്നാണു മറ്റ് അപ്പോസ്തലന്മാർ വിചാരിച്ചത്. (യോഹന്നാൻ 13:27-30) എന്നാൽ യൂദാസ് പോയതോ യേശുവിനെ ഒറ്റിക്കൊടുക്കാൻ!
പെസഹാഭക്ഷണം കഴിച്ച ആ വൈകുന്നേരംതന്നെ യേശു തികച്ചും വ്യത്യസ്തമായ പുതിയൊരു ആചരണം ഏർപ്പെടുത്തുന്നു. യേശു ഒരു അപ്പം എടുത്ത് നന്ദി പറഞ്ഞശേഷം നുറുക്കി അവർക്കു കഴിക്കാനായി കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നൽകാനിരിക്കുന്ന എന്റെ ശരീരത്തിന്റെ പ്രതീകമാണ്. എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”(ലൂക്കോസ് 22:19) അപ്പോസ്തലന്മാർ അത് കഴിച്ചു.
യേശു പാനപാത്രം എടുത്ത് നന്ദി പറഞ്ഞതിനു ശേഷം അപ്പോസ്തലന്മാർക്കു കൈമാറി. അവർ ഓരോരുത്തരും അതിൽനിന്ന് കുടിച്ചു. അപ്പോൾ യേശു പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയാൻപോകുന്ന എന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടിയുടെ പ്രതീകമാണ്.”—ലൂക്കോസ് 22:20.
അങ്ങനെ നീസാൻ 14-ാം തീയതി തന്റെ മരണത്തെ ഓർമിക്കാനുള്ള ആചരണം യേശു ഏർപ്പെടുത്തി. എല്ലാ വർഷവും അതേ തീയതിയിൽ തന്റെ അനുഗാമികൾ അത് ആചരിക്കാൻ യേശു പ്രതീക്ഷിച്ചു. യേശുവും പിതാവായ ദൈവവും വിശ്വസ്തരായ മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാനായി ചെയ്ത ക്രമീകരണങ്ങളെ ഈ ആചരണം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു. ജൂതന്മാർ ആചരിച്ചിരുന്ന പെസഹയെക്കാൾ വിശേഷപ്പെട്ട ഒന്നാണ് ഈ ആചരണം. വിശ്വസ്തരായ മനുഷ്യർക്ക് ഇത് യഥാർഥവിടുതൽ നൽകും.
യേശു തന്റെ രക്തത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന” രക്തമാണ്. അത്തരം പാപമോചനം നേടുന്നത് തന്റെ വിശ്വസ്തരായ അപ്പോസ്തലന്മാരും മറ്റു ശിഷ്യന്മാരും ആണ്. അവരായിരിക്കും പിതാവിന്റെ രാജ്യത്തിൽ യേശുവിനോടൊപ്പം ഉണ്ടായിരിക്കുന്നത്.—മത്തായി 26:28, 29.
-
-
ആരാണ് വലിയവൻ എന്നതിനെച്ചൊല്ലിയുള്ള തർക്കംയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 118
ആരാണ് വലിയവൻ എന്നതിനെച്ചൊല്ലിയുള്ള തർക്കം
മത്തായി 26:31-35; മർക്കോസ് 14:27-31; ലൂക്കോസ് 22:24-38; യോഹന്നാൻ 13:31-38
സ്ഥാനമാനങ്ങളെക്കുറിച്ച് യേശു ഉപദേശം നൽകുന്നു
പത്രോസ് തന്നെ തള്ളിപ്പറയുമെന്നു യേശു മുൻകൂട്ടിപ്പറയുന്നു
സ്നേഹം എന്ന ഗുണം യേശുവിന്റെ അനുഗാമികളെ തിരിച്ചറിയിക്കുന്നു
അപ്പോസ്തലന്മാരും ഒത്തുള്ള അവസാനത്തെ രാത്രിയിൽ അവരുടെ കാലുകൾ കഴുകിക്കൊണ്ട് എളിയ സേവനത്തിന്റെ ഒരു നല്ല പാഠം യേശു അവരെ പഠിപ്പിച്ചു. അത് ആവശ്യമായിരുന്നത് എന്തുകൊണ്ടാണ്? അവരുടെ ബലഹീനതയായിരുന്നു അതിനു കാരണം. അവർ ദൈവത്തിന് അർപ്പിതരായിരുന്നു. എങ്കിലും, ആരാണ് വലിയവൻ എന്ന വിഷയം അവരെ അലട്ടിക്കൊണ്ടിരുന്നു. (മർക്കോസ് 9:33, 34; 10:35-37) ആ പ്രശ്നം വീണ്ടും തലപൊക്കുന്നു.
‘ആരാണു വലിയവൻ എന്നതിനെപ്പറ്റി ചൂടുപിടിച്ച ഒരു തർക്കം അപ്പോസ്തലന്മാർക്കിടയിൽ ഉണ്ടായി.’ (ലൂക്കോസ് 22:24) അവർ കൂടെക്കൂടെ ഇതെക്കുറിച്ച് ഇങ്ങനെ തർക്കിക്കുന്നത് യേശുവിനെ എന്തുമാത്രം വിഷമിപ്പിച്ചിരിക്കും! യേശു ഇപ്പോൾ എന്തു ചെയ്യുന്നു?
അപ്പോസ്തലന്മാരുടെ പെരുമാറ്റത്തെയും മനോഭാവത്തെയും കുറിച്ച് വഴക്കു പറയുന്നതിനു പകരം യേശു ക്ഷമയോടെ അവരോടു ന്യായവാദം ചെയ്യുന്നു: “ജനതകളുടെ മേൽ അവരുടെ രാജാക്കന്മാർ ആധിപത്യം നടത്തുന്നു. അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നവർ സാമൂഹ്യസേവകർ എന്നു പേരെടുക്കുന്നു. നിങ്ങളോ അങ്ങനെയായിരിക്കരുത്. . . . ആരാണു വലിയവൻ? ഭക്ഷണത്തിന് ഇരിക്കുന്നവനോ വിളമ്പിക്കൊടുക്കാൻ നിൽക്കുന്നവനോ?” എന്നിട്ട് യേശു വെച്ച മാതൃക ഓർമിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ വിളമ്പിക്കൊടുക്കുന്നവനെപ്പോലെയാണ്.”—ലൂക്കോസ് 22:25-27.
ഇങ്ങനെ അവർക്ക് കുറെ കുറവുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ബുദ്ധിമുട്ടേറിയ പല സാഹചര്യങ്ങളിലും യേശുവിനോടൊപ്പം അപ്പോസ്തലന്മാർ നിന്നിട്ടുണ്ട്. അതുകൊണ്ട് യേശു ഇങ്ങനെ പറയുന്നു: “എന്റെ പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തിരിക്കുന്നതുപോലെ ഞാനും നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യത്തിനായുള്ള ഒരു ഉടമ്പടി.” (ലൂക്കോസ് 22:29) അവരെല്ലാം യേശുവിന്റെ വിശ്വസ്തരായ അനുഗാമികളാണ്. യേശുവും അവരും തമ്മിലുള്ള ഒരു ഉടമ്പടിയിലൂടെ ദൈവരാജ്യത്തിൽ രാജാക്കന്മാരായി ഭരിക്കാനുള്ള പദവി അവർക്കും ഉണ്ടായിരിക്കുമെന്നു യേശു ഉറപ്പു കൊടുക്കുന്നു.
അപ്പോസ്തലന്മാർക്ക് ഈ അവിസ്മരണീയമായ അനുഗ്രഹമുണ്ടെങ്കിലും അവർ ഇപ്പോഴും മാംസശരീരമുള്ളവരാണ്, കുറവുകളും ഉള്ളവരാണ്. യേശു അവരോടു പറയുന്നു: “സാത്താൻ നിങ്ങളെയെല്ലാം ഗോതമ്പു പാറ്റുന്നതുപോലെ പാറ്റാൻ അനുവാദം ചോദിച്ചിരിക്കുന്നു.” (ലൂക്കോസ് 22:31) യേശു അവർക്ക് ഇങ്ങനെയും മുന്നറിയിപ്പു കൊടുക്കുന്നു: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും. കാരണം, ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.”—മത്തായി 26:31; സെഖര്യ 13:7.
പത്രോസ് വളരെ ആത്മവിശ്വാസത്തോടെ യേശുവിനോട് ഇങ്ങനെ പറയുന്നു: “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഒരിക്കലും ഞാൻ അങ്ങയെ ഉപേക്ഷിക്കില്ല.” (മത്തായി 26:33) ഒരു കോഴി ആ രാത്രി രണ്ടു പ്രാവശ്യം കൂകുന്നതിനു മുമ്പ് പത്രോസ് തന്നെ തള്ളിപ്പറയുമെന്ന് യേശു പറയുന്നു. എന്നാലും യേശു ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ട്. നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരങ്ങളെ ബലപ്പെടുത്തണം.” (ലൂക്കോസ് 22:32) എന്നാൽ പത്രോസ് പിന്നെയും ഉറച്ച ബോധ്യത്തോടെ ഇങ്ങനെ പറയുന്നു, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ശരി ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയില്ല.” (മത്തായി 26:35) മറ്റ് അപ്പോസ്തലന്മാരും അതുതന്നെ പറയുന്നു.
യേശു തന്റെ ശിഷ്യന്മാരോടു പറയുന്നു: “ഞാൻ ഇനി അൽപ്പസമയം മാത്രമേ നിങ്ങളുടെകൂടെയുണ്ടായിരിക്കൂ. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്നു ഞാൻ ജൂതന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹന്നാൻ 13:33-35.
താൻ ഇനി അൽപ്പസമയം മാത്രമേ അവരുടെകൂടെയുണ്ടായിരിക്കൂ എന്നു യേശു പറയുന്നത് കേട്ട പത്രോസ്, “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത് ” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ പോകുന്നിടത്തേക്ക് എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.” കാര്യം പിടികിട്ടാതെ പത്രോസ് യേശുവിനോടു ചോദിക്കുന്നു: “കർത്താവേ, ഇപ്പോൾ എനിക്ക് അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത് എന്താണ്? അങ്ങയ്ക്കുവേണ്ടി ഞാൻ എന്റെ ജീവൻപോലും കൊടുക്കും.”—യോഹന്നാൻ 13:36, 37.
തന്റെ അപ്പോസ്തലന്മാരെ ഗലീലയിൽ സുവിശേഷഘോഷണത്തിനു വിട്ടപ്പോൾ പണസ്സഞ്ചിയോ ഭക്ഷണസഞ്ചിയോ എടുക്കാതെ പോകണം എന്ന് യേശു പറഞ്ഞിരുന്നു. ആ കാര്യത്തെക്കുറിച്ച് വീണ്ടും യേശു ഇപ്പോൾ പരാമർശിക്കുന്നു. (മത്തായി 10:5, 9, 10) യേശു അവരോട്, “നിങ്ങൾക്കു വല്ല കുറവും വന്നോ” എന്നു ചോദിച്ചു. “ഇല്ല” എന്ന് അവർ പറഞ്ഞു. എന്നാൽ ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ അവർ എന്തു ചെയ്യണം? യേശു അവർക്ക് ഇങ്ങനെ നിർദേശം കൊടുക്കുന്നു: “പണസ്സഞ്ചിയുള്ളവൻ അത് എടുക്കട്ടെ. ഭക്ഷണസഞ്ചിയുള്ളവൻ അതും എടുക്കട്ടെ. വാളില്ലാത്തവൻ പുറങ്കുപ്പായം വിറ്റ് ഒരെണ്ണം വാങ്ങട്ടെ. കാരണം, ഞാൻ നിങ്ങളോടു പറയുന്നു, ‘അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി’ എന്ന് എഴുതിയിരിക്കുന്നത് എന്നിൽ നിറവേറണം. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്പോൾ സംഭവിക്കുകയാണ്.”—ലൂക്കോസ് 22:35-37.
താൻ ദുഷ്പ്രവൃത്തിക്കാരോടും നിയമലംഘകരോടും ഒപ്പം സ്തംഭത്തിൽ തറയ്ക്കപ്പെടുന്ന സമയത്തെക്കുറിച്ച് യേശു പറയുന്നു. അതിനു ശേഷം തന്റെ അനുഗാമികൾ കടുത്ത ഉപദ്രവം നേരിടും എന്നും യേശു പറയുന്നു. എന്നാൽ അതൊക്കെ നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ശിഷ്യന്മാർക്കു തോന്നി. അതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്: “കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്.” “അതു മതി” എന്നു യേശു പറയുന്നു. (ലൂക്കോസ് 22:38) രണ്ടു വാൾ അവരുടെ കൈയിലുണ്ടായിരുന്നത് മറ്റൊരു പ്രധാനപ്പെട്ട പാഠം അവരെ പഠിപ്പിക്കാനുള്ള അവസരം യേശുവിനു നൽകുന്നു.
-
-
യേശു—വഴിയും സത്യവും ജീവനുംയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 119
യേശു—വഴിയും സത്യവും ജീവനും
യേശു സ്ഥലം ഒരുക്കാനായി പോകുന്നു
തന്റെ അനുഗാമികൾക്ക് യേശു ഒരു സഹായിയെ വാഗ്ദാനം ചെയ്യുന്നു
യേശുവിനെക്കാൾ വലിയവനാണ് പിതാവ്
സ്മാരകാചരണത്തിനു ശേഷം യേശുവും അപ്പോസ്തലന്മാരും ഇപ്പോഴും മുകളിലത്തെ മുറിയിൽത്തന്നെയാണ്. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്. ദൈവത്തിൽ വിശ്വസിക്കുക. എന്നിലും വിശ്വസിക്കുക” എന്നു പറഞ്ഞ് യേശു അവരെ ധൈര്യപ്പെടുത്തുന്നു.—യോഹന്നാൻ 13:36; 14:1.
താൻ പോകുന്നതിൽ അസ്വസ്ഥരാകാതിരിക്കാൻ വിശ്വസ്തരായ അപ്പോസ്തലന്മാരോട് യേശു ഇങ്ങനെ പറയുന്നു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം താമസസ്ഥലങ്ങളുണ്ട് . . . ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാനാണു പോകുന്നത്. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയിട്ട് വീണ്ടും വരുകയും ഞാനുള്ളിടത്ത് നിങ്ങളുമുണ്ടായിരിക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീകരിക്കുകയും ചെയ്യും.” യേശു സ്വർഗത്തിൽ പോകുന്നതിനെക്കുറിച്ചാണ് സംസാരിച്ചത് എന്ന കാര്യം അപ്പോസ്തലന്മാർ ഗ്രഹിക്കുന്നില്ല. ഇപ്പോൾ തോമസ് ചോദിക്കുന്നു: “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നതെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ എങ്ങനെ വഴി അറിയും?”—യോഹന്നാൻ 14:2-5.
“ഞാൻതന്നെയാണു വഴിയും സത്യവും ജീവനും” എന്ന് യേശു പറയുന്നു. യേശുവിനെ സ്വീകരിക്കുകയും യേശുവിന്റെ പഠിപ്പിക്കലും ജീവിതഗതിയും പിൻപറ്റുകയും ചെയ്താൽ മാത്രമേ ഒരാൾക്കു പിതാവിന്റെ സ്വർഗീയഭവനത്തിൽ പ്രവേശിക്കാൻ കഴിയൂ. യേശു പറയുന്നു: “എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.”—യോഹന്നാൻ 14:6.
ശ്രദ്ധയോടെ കേട്ടിരുന്ന ഫിലിപ്പോസ് ഇങ്ങനെ അപേക്ഷിക്കുന്നു: “കർത്താവേ, ഞങ്ങൾക്കു പിതാവിനെ കാണിച്ചുതരണേ. അതു മാത്രം മതി.” മോശ, ഏലിയ, യശയ്യ എന്നിവർക്കു ലഭിച്ച ദർശനങ്ങളിൽ അവർ ദൈവത്തെ കണ്ടതുപോലെ സാധ്യതയനുസരിച്ച് ഫിലിപ്പോസും ഇപ്പോൾ ദൈവത്തെ കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ അപ്പോസ്തലന്മാർക്ക് അതിലും മെച്ചമായതുണ്ട്. ഈ കാര്യം എടുത്തുപറഞ്ഞുകൊണ്ട് യേശു പറയുന്നു: “ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെയുണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക് എന്നെ അറിയില്ലേ? എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.” തന്റെ പിതാവിന്റെ വ്യക്തിത്വം യേശു പൂർണമായി പ്രതിഫലിപ്പിക്കുന്നു. യേശുവിനെ നിരീക്ഷിക്കുകയും യേശുവിന്റെകൂടെ ജീവിക്കുകയും ചെയ്യുന്നത് പിതാവിനെ കാണുന്നതുപോലെതന്നെയാണ്. തീർച്ചയായും പിതാവ് പുത്രനെക്കാൾ വലിയവനാണ്. യേശു ഇങ്ങനെ പറയുന്നു: “ഞാൻ നിങ്ങളോടു സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമായി പറയുന്നതല്ല.” (യോഹന്നാൻ 14:8-10) യേശു തന്റെ പഠിപ്പിക്കലിന്റെ എല്ലാ മഹത്ത്വവും തന്റെ പിതാവിനു കൊടുക്കുന്നത് അപ്പോസ്തലന്മാർക്ക് കാണാൻ കഴിയുമായിരുന്നു.
യേശു അത്ഭുതകരമായ പ്രവൃത്തികൾ ചെയ്യുന്നതും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നതും അപ്പോസ്തലന്മാർ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ യേശു അവരോട് ഇങ്ങനെ പറയുന്നു: “എന്നെ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. . . . അതിലും വലിയതും അവൻ ചെയ്യും.” (യോഹന്നാൻ 14:12) യേശു ചെയ്തതിനെക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്നല്ല യേശു പറയുന്നത്. പകരം അവർ കൂടുതൽ സമയം ശുശ്രൂഷ ചെയ്യും, വളരെ വിസ്തൃതമായ പ്രദേശം പ്രവർത്തിച്ചുതീർക്കും, കൂടുതൽ ആളുകളുടെ അടുത്ത് സുവിശേഷം എത്തിക്കും എന്നാണ് യേശു ഉദ്ദേശിച്ചത്.
യേശു പോയതിനു ശേഷം അവർ ഒറ്റയ്ക്കാകുമായിരുന്നില്ല. കാരണം യേശു ഇങ്ങനെ വാഗ്ദാനം ചെയ്തിരുന്നു: “നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നത് എന്തും ഞാൻ ചെയ്തുതരും. ഞാൻ പിതാവിനോട് അപേക്ഷിക്കുമ്പോൾ പിതാവ് മറ്റൊരു സഹായിയെ നിങ്ങൾക്കു തരും. അത് എന്നും നിങ്ങളുടെകൂടെയുണ്ടായിരിക്കും. ആ സഹായി സത്യത്തിന്റെ ആത്മാവാണ്.” (യോഹന്നാൻ 14:14, 16, 17) പരിശുദ്ധാത്മാവ് എന്ന സഹായിയെ അവർക്കു ലഭിക്കുമെന്ന് യേശു ഉറപ്പു കൊടുക്കുന്നു. പെന്തിക്കോസ്ത് ദിവസം അവർക്ക് ആ സഹായം ലഭിക്കുന്നു.
യേശു പറയുന്നു: “അൽപ്പംകൂടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും. കാരണം, ഞാൻ ജീവിക്കുന്നതുകൊണ്ട് നിങ്ങളും ജീവിക്കും.” (യോഹന്നാൻ 14:19) പുനരുത്ഥാനത്തിനു ശേഷം യേശു സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ് ശിഷ്യന്മാർ യേശുവിനെ കാണും. പിന്നീട് ശിഷ്യന്മാരും യേശുവിനോടൊപ്പം സ്വർഗത്തിലായിരിക്കും.
ഇപ്പോൾ യേശു ലളിതമായ ഒരു സത്യം പറയുന്നു: “എന്റെ കല്പനകൾ സ്വീകരിച്ച് അവ അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവൻ. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിച്ച് എന്നെ അവനു വ്യക്തമായി കാണിച്ചുകൊടുക്കും.” ഈ സമയത്ത് തദ്ദായി എന്നുകൂടി അറിയപ്പെടുന്ന അപ്പോസ്തലനായ യൂദാസ് ചോദിക്കുന്നു: “കർത്താവേ, അങ്ങ് ലോകത്തിനല്ല മറിച്ച് ഞങ്ങൾക്ക് അങ്ങയെ വ്യക്തമായി കാണിച്ചുതരാൻ ഉദ്ദേശിക്കുന്നത് എന്തുകൊണ്ടാണ്?” യേശു മറുപടി പറഞ്ഞത്: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും. എന്റെ പിതാവ് അവനെ സ്നേഹിക്കും. . . . എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം അനുസരിക്കില്ല.” (യോഹന്നാൻ 14:21-24) തന്റെ അനുഗാമികളിൽനിന്ന് വ്യത്യസ്തമായി യേശുവാണു വഴിയും സത്യവും ജീവനും എന്ന കാര്യം ലോകത്തിലുള്ളവർ തിരിച്ചറിയുന്നില്ല.
യേശു ഇപ്പോൾ പോകുകയാണ്. അപ്പോൾ എങ്ങനെയാണു യേശുവിന്റെ ശിഷ്യന്മാർക്കു യേശു പഠിപ്പിച്ച കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ കഴിയുന്നത്? യേശു വിശദീകരിക്കുന്നു: “പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന സഹായി നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.” പരിശുദ്ധാത്മാവിന് എത്ര ശക്തമായി പ്രവർത്തിക്കാൻ കഴിയുമെന്ന കാര്യം അപ്പോസ്തലന്മാർ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ ഉറപ്പ് അവർക്കു വലിയൊരു ആശ്വാസമാണ്. യേശു കൂട്ടിച്ചേർക്കുന്നു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. . . . നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്, ഭയപ്പെടുകയുമരുത്.” (യോഹന്നാൻ 14:26, 27) ശിഷ്യന്മാർ അസ്വസ്ഥരാകരുതെന്ന കാര്യവും യേശു അവരോടു പറയുന്നു. അവർക്ക് യേശുവിന്റെ പിതാവിൽനിന്ന് വേണ്ട നിർദേശവും സംരക്ഷണവും ലഭിക്കും.
ദൈവത്തിന്റെ സംരക്ഷണത്തിന്റെ തെളിവുകൾ അവർക്കു പെട്ടെന്നുതന്നെ കാണാൻ കഴിയും. യേശു പറയുന്നു: “ഈ ലോകത്തിന്റെ ഭരണാധികാരി വരുന്നു. അയാൾക്ക് എന്റെ മേൽ ഒരു അധികാരവുമില്ല.” (യോഹന്നാൻ 14:30) പിശാചിന് യൂദാസിൽ കടക്കാനും യൂദാസിനെ സ്വാധീനിക്കാനും സാധിച്ചു. എന്നാൽ യേശുവിന്റെ കാര്യത്തിലാകട്ടെ, ദൈവത്തിനെതിരെ തിരിക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു ബലഹീനത യേശുവിൽ കണ്ടെത്താൻ സാത്താനു കഴിഞ്ഞില്ല. യേശുവിനെ മരണത്തിന്റെ പിടിയിൽ ഒതുക്കിനിറുത്താനും സാത്താനു കഴിയുമായിരുന്നില്ല. എന്തുകൊണ്ട്? കാരണം യേശു പറയുന്നു, “പിതാവ് എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്.” തന്റെ പിതാവ് തന്നെ ഉയിർപ്പിക്കുമെന്നു യേശുവിന് ഉറച്ച ബോധ്യമുണ്ട്.—യോഹന്നാൻ 14:31.
-
-
ഫലം കായ്ക്കുന്ന ശാഖകളും യേശുവിന്റെ സ്നേഹിതരുംയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 120
ഫലം കായ്ക്കുന്ന ശാഖകളും യേശുവിന്റെ സ്നേഹിതരും
ശരിക്കുള്ള മുന്തിരിച്ചെടിയും ശാഖകളും
യേശുവിന്റെ സ്നേഹത്തിൽ എങ്ങനെ നിലനിൽക്കാം
ഹൃദയം തുറന്ന് സംസാരിക്കാൻ വിശ്വസ്തരായ അപ്പോസ്തലന്മാരെ യേശു പ്രോത്സാഹിപ്പിക്കുന്നു. സമയം അർധരാത്രി കഴിഞ്ഞിട്ടുണ്ടാകണം. യേശു ഇപ്പോൾ പ്രചോദനാത്മകമായ ഒരു ദൃഷ്ടാന്തം പറയുന്നു:
“ഞാൻ ശരിക്കുള്ള മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനും ആണ് ” എന്നു പറഞ്ഞുകൊണ്ട് യേശു തുടങ്ങുന്നു. (യോഹന്നാൻ 15:1) ഈ ദൃഷ്ടാന്തം ഒരു കാര്യം നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു, ഇസ്രായേൽ ജനതയെ നൂറ്റാണ്ടുകൾക്കു മുമ്പ് യഹോവയുടെ മുന്തിരിച്ചെടി എന്നു വിളിച്ചത്. (യിരെമ്യ 2:21; ഹോശേയ 10:1, 2) എന്നാൽ യഹോവ ആ ജനത്തെ ഉപേക്ഷിച്ചു. (മത്തായി 23:37, 38) അതുകൊണ്ട്, യേശു ഇവിടെ മറ്റൊരു കാര്യമാണു പറയുന്നത്. പിതാവ് നട്ടുവളർത്തുന്ന ഒരു മുന്തിരിച്ചെടിയോട് യേശു തന്നെത്തന്നെ ഉപമിക്കുന്നു. എ.ഡി. 29-ൽ പരിശുദ്ധാത്മാവിനാൽ യേശുവിനെ അഭിഷേകം ചെയ്തപ്പോൾ പിതാവ് ആ മുന്തിരിച്ചെടി നട്ടു. എന്നാൽ ഈ മുന്തിരിച്ചെടി തന്നെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത് എന്ന് യേശു പറയുന്നു.
“എന്നിലുള്ള കായ്ക്കാത്ത ശാഖകളെല്ലാം (എന്റെ) പിതാവ് മുറിച്ചുകളയുന്നു. കായ്ക്കുന്നവയൊക്കെ കൂടുതൽ ഫലം കായ്ക്കാൻ വെട്ടിവെടിപ്പാക്കി നിറുത്തുന്നു. . . . മുന്തിരിച്ചെടിയിൽനിന്ന് വേർപെട്ട ശാഖകൾക്കു ഫലം കായ്ക്കാൻ കഴിയില്ല. അതുപോലെ, എന്നോടു യോജിപ്പിലല്ലെങ്കിൽ നിങ്ങൾക്കും ഫലം കായ്ക്കാൻ കഴിയില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളും ആണ്.”—യോഹന്നാൻ 15:2-5.
താൻ പോയശേഷം ഒരു സഹായിയെ, അതായത് പരിശുദ്ധാത്മാവിനെ, വിശ്വസ്തരായ ശിഷ്യന്മാർക്കു കൊടുക്കുമെന്നു യേശു ഉറപ്പു നൽകിയിരുന്നു. 51 ദിവസത്തിനു ശേഷം അപ്പോസ്തലന്മാർക്കും മറ്റുള്ളവർക്കും പരിശുദ്ധാത്മാവു ലഭിക്കുമ്പോൾ അവർ മുന്തിരിച്ചെടിയുടെ ശാഖകളായിത്തീരും. “ശാഖകളെല്ലാം” യേശുവിനോടു യോജിച്ചുനിൽക്കണമായിരുന്നു. അത് എന്തിനാണ്?
“ഒരാൾ എന്നോടും ഞാൻ അയാളോടും യോജിപ്പിലാണെങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും. കാരണം എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് യേശു പറയുന്നു. ഈ ‘ശാഖകൾ,’ അതായത് വിശ്വസ്തരായ അനുഗാമികൾ, ധാരാളം ഫലം കായ്ക്കുന്നു. യേശുവിന്റെ ഗുണങ്ങൾ പകർത്തിക്കൊണ്ടും ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു സജീവമായി സംസാരിച്ചുകൊണ്ടും ആണ് അവർ അത് ചെയ്യുന്നത്. അതിലൂടെ കൂടുതൽ പേരെ അവർക്ക് ശിഷ്യരാക്കാനും കഴിയുന്നു. എന്നാൽ ഒരാൾ യേശുവിനോടു യോജിച്ചുനിൽക്കാതിരിക്കുകയും ഫലം കായ്ക്കാതിരിക്കുകയും ചെയ്താലോ? യേശു വിശദീകരിക്കുന്നു: “എന്നോടു യോജിച്ചുനിൽക്കാത്തയാൾ, മുറിച്ചുമാറ്റിയ ശാഖപോലെ ഉണങ്ങിപ്പോകും.” എന്നാൽ മറ്റൊരു കാര്യംകൂടി യേശു പറയുന്നു: “നിങ്ങൾ എന്നോടു യോജിപ്പിലായിരിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളുക. അതു നിങ്ങൾക്കു കിട്ടും.”—യോഹന്നാൻ 15:5-7.
തന്റെ കല്പനകൾ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു മുമ്പ് രണ്ടു തവണ പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും യേശു അതെക്കുറിച്ച് സംസാരിക്കുന്നു. (യോഹന്നാൻ 14:15, 21) “ഞാൻ പിതാവിന്റെ കല്പനകൾ അനുസരിച്ച് പിതാവിന്റെ സ്നേഹത്തിൽ നിലനിൽക്കുന്നു. അതുപോലെ, നിങ്ങളും എന്റെ കല്പനകൾ അനുസരിക്കുന്നെങ്കിൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും” എന്ന് യേശു പറയുന്നു. എന്നാൽ ദൈവമായ യഹോവയെയും പുത്രനെയും സ്നേഹിക്കുന്നതിലും അധികം കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നുണ്ട്. അതിൽ മറ്റുള്ളവരെ സ്നേഹിക്കുന്നതും ഉൾപ്പെടുന്നു—അവർക്കുവേണ്ടി ജീവൻ കൊടുക്കാൻപോലും തയ്യാറാകുന്ന വിധത്തിൽ സ്നേഹിക്കുന്നത്. യേശു പറയുന്നു: “ഇതാണ് എന്റെ കല്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല. ഞാൻ കല്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.”—യോഹന്നാൻ 15:10-14.
തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി തന്റെ ജീവൻ കൊടുത്തുകൊണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ യേശു ഈ രീതിയിലുള്ള സ്നേഹം കാണിക്കും. യേശുവിന്റെ ആ മാതൃക തന്റെ അനുഗാമികളെ അത്തരം ആത്മത്യാഗസ്നേഹം തമ്മിൽത്തമ്മിൽ കാണിക്കാൻ പ്രചോദിപ്പിക്കണമായിരുന്നു. യേശു മുമ്പു പറഞ്ഞതുപോലെ അത്തരം സ്നേഹം അവരെ തിരിച്ചറിയിക്കും. “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
യേശു അവരെ “സ്നേഹിതർ” എന്നു വിളിച്ച കാര്യം അപ്പോസ്തലന്മാർ ശ്രദ്ധിച്ചുകാണുമോ? അങ്ങനെ വിളിച്ചതിന്റെ കാരണം യേശു വിശദീകരിക്കുന്നു: “ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന് കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.” യേശുവിന്റെ ഉറ്റ സ്നേഹിതരാകാനും പിതാവ് യേശുവിനോടു പറഞ്ഞ കാര്യങ്ങൾ അറിയാനും അപ്പോസ്തലന്മാർക്കു കഴിയുന്നു. എത്ര അമൂല്യമായ ഒരു ബന്ധമാണ് അവർക്കുള്ളത്! ഇത്തരത്തിലുള്ള ഒരു ബന്ധം ആസ്വദിക്കാൻ അവർ ‘ഫലം കായ്ക്കണമായിരുന്നു.’ അങ്ങനെ ചെയ്താൽ, “എന്റെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു നിങ്ങൾക്കു തരും” എന്ന് യേശു പറയുന്നു.—യോഹന്നാൻ 15:15, 16.
വരാൻപോകുന്ന പ്രതിസന്ധികൾ സഹിച്ചുനിൽക്കാൻ ഈ ‘ശാഖകളെ,’ അതായത് യേശുവിന്റെ ശിഷ്യന്മാരെ, സഹായിക്കുന്നത് അവർക്കിടയിലെ സ്നേഹബന്ധമായിരുന്നു. ലോകം അവരെ വെറുക്കും എന്ന മുന്നറിയിപ്പും യേശു അവർക്കു നൽകുന്നു. എന്നിരുന്നാലും ഇങ്ങനെ ആശ്വസിപ്പിച്ചുകൊണ്ട് യേശു പറയുന്നു: “ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറുത്തെന്ന് ഓർത്തുകൊള്ളുക. നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ . . . നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല. അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു.”—യോഹന്നാൻ 15:18, 19.
ലോകം ശിഷ്യന്മാരെ വെറുക്കുന്നതിന്റെ കാരണത്തെക്കുറിച്ച് യേശു കൂടുതലായി വിശദീകരിക്കുന്നു: “എന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ട് അവർ എന്റെ പേര് നിമിത്തം ഇതൊക്കെ നിങ്ങളോടു ചെയ്യും.” യേശുവിന്റെ അത്ഭുതകരമായ പ്രവൃത്തികൾ ഒരർഥത്തിൽ യേശുവിനെ വെറുക്കുന്നവരെ കുറ്റക്കാരാക്കുന്നു എന്നു യേശു പറയുന്നു: “മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്തില്ലായിരുന്നെങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു.” വാസ്തവത്തിൽ അവർ കാണിച്ച വെറുപ്പിലൂടെ പ്രവചനം നിവൃത്തിയേറുകയായിരുന്നു.—യോഹന്നാൻ 15:21, 24, 25; സങ്കീർത്തനം 35:19; 69:4.
പരിശുദ്ധാത്മാവ് എന്ന സഹായിയെ അയയ്ക്കുമെന്ന ഉറപ്പ് യേശു അവർക്കു വീണ്ടും കൊടുക്കുന്നു. തന്റെ അനുഗാമികൾക്കെല്ലാം ദൈവത്തിൽനിന്നുള്ള ഈ ശക്തി ലഭിക്കും. ഫലം കായ്ക്കാനും യേശുവിനുവേണ്ടി ‘സാക്ഷി പറയാനും’ അത് അവരെ പ്രാപ്തരാക്കും.—യോഹന്നാൻ 15:27.
-
-
“ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു”യേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 121
“ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു”
കുറച്ച് കഴിഞ്ഞാൽ പിന്നെ അപ്പോസ്തലന്മാർ യേശുവിനെ കാണില്ല
അപ്പോസ്തലന്മാരുടെ ദുഃഖം ആനന്ദമായി മാറും
യേശുവും അപ്പോസ്തലന്മാരും പെസഹ ആഘോഷിച്ച ആ മുറിയിൽനിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങുകയാണ്. പ്രധാനപ്പെട്ട ചില മുന്നറിയിപ്പുകൾ കൊടുത്തശേഷം യേശു ഇങ്ങനെയും പറയുന്നു: “നിങ്ങൾ വീണുപോകാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങളോടു പറഞ്ഞത്.” അത്തരം ഒരു മുന്നറിയിപ്പ് ഉചിതമായിരുന്നത് എന്തുകൊണ്ട്? യേശു അവരോടു പറയുന്നു: “ആളുകൾ നിങ്ങളെ സിനഗോഗിൽനിന്ന് പുറത്താക്കും. നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിനുവേണ്ടി ഒരു പുണ്യപ്രവൃത്തി ചെയ്യുകയാണെന്നു കരുതുന്ന സമയം വരുന്നു.”—യോഹന്നാൻ 16:1, 2.
യേശുവിന്റെ ഈ വാക്കുകൾ അപ്പോസ്തലന്മാരെ അസ്വസ്ഥരാക്കിയിട്ടുണ്ടാകും. ലോകം അവരെ വെറുക്കുമെന്നു യേശു പറഞ്ഞിരുന്നു. എന്നിരുന്നാലും അവർ കൊല്ലപ്പെടുമെന്നു യേശു അവരോടു നേരിട്ടു പറഞ്ഞിരുന്നില്ല. എന്തുകൊണ്ട്? യേശു പറയുന്നു: “ഞാൻ നിങ്ങളുടെകൂടെയുണ്ടായിരുന്നതുകൊണ്ടാണു തുടക്കത്തിൽ ഈ കാര്യങ്ങൾ നിങ്ങളോടു പറയാതിരുന്നത്.” (യോഹന്നാൻ 16:4) എന്നാൽ ഇപ്പോൾ പോകുന്നതിനു മുമ്പ് ചില മുന്നറിയിപ്പുകൾകൂടി യേശു കൊടുക്കുകയായിരുന്നു. പിന്നീട് വീണുപോകാതിരിക്കാൻ ഇത് അവരെ സഹായിക്കുമായിരുന്നു.
യേശു തുടരുന്നു: “ഇപ്പോൾ ഞാൻ എന്നെ അയച്ച വ്യക്തിയുടെ അടുത്തേക്കു പോകുന്നു. പക്ഷേ നിങ്ങൾ ആരും എന്നോട്, ‘അങ്ങ് എവിടേക്കു പോകുന്നു’ എന്നു ചോദിക്കുന്നില്ല.” എന്നാൽ യേശു എവിടേക്കാണു പോകുന്നതെന്ന് അന്നു വൈകുന്നേരം അവർ ചോദിച്ചിരുന്നു. (യോഹന്നാൻ 13:36; 14:5; 16:5) പക്ഷേ ഇപ്പോൾ, അവർ നേരിടാൻപോകുന്ന ഉപദ്രവത്തെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങളാണ് അവരുടെ മനസ്സിൽ. ഇതെക്കുറിച്ച് ഓർത്ത് അവർ ആകെ വിഷമിച്ചിരിക്കുകയാണ്. അതുകൊണ്ട് യേശുവിനു ലഭിക്കാനിരിക്കുന്ന മഹത്ത്വത്തെക്കുറിച്ചോ സത്യാരാധകർക്കുണ്ടാകുന്ന പ്രയോജനത്തെക്കുറിച്ചോ കൂടുതലൊന്നും അവർക്കു ചോദിക്കാനാകുന്നില്ല. അതു മനസ്സിലാക്കിയ യേശു പറയുന്നു: “ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.”—യോഹന്നാൻ 16:6.
അപ്പോൾ യേശു വിശദീകരിക്കുന്നു: “നിങ്ങളുടെ പ്രയോജനത്തിനാണു ഞാൻ പോകുന്നത്. ഞാൻ പോയില്ലെങ്കിൽ സഹായി നിങ്ങളുടെ അടുത്ത് വരില്ല. പോയാലോ ഞാൻ സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും.” (യോഹന്നാൻ 16:7) യേശു മരിച്ച് സ്വർഗത്തിലേക്കു പോയാൽ മാത്രമേ യേശുവിന്റെ ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവ് ലഭിക്കുകയുള്ളൂ. ഭൂമിയിൽ എവിടെയും ഉള്ള തന്റെ ജനത്തിനു പരിശുദ്ധാത്മാവിനെ നൽകി യേശുവിന് അവരെ സഹായിക്കാനാകും.
പരിശുദ്ധാത്മാവ് “പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.” (യോഹന്നാൻ 16:8) അതെ, ദൈവപുത്രനിൽ വിശ്വസിക്കാൻ പരാജയപ്പെട്ട ലോകത്തെ അതു തുറന്നുകാട്ടും. യേശു ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്കു പോകുന്നതു യേശു നീതിമാനാണെന്ന കാര്യത്തിനു ശക്തമായ ഒരു തെളിവായിരിക്കും. കൂടാതെ, ‘ഈ ലോകത്തിന്റെ ഭരണാധികാരിയായ’ സാത്താൻ ന്യായവിധിക്ക് അർഹനായിരിക്കുന്നത് എന്തുകൊണ്ടെന്നും അതു വെളിപ്പെടുത്തും.—യോഹന്നാൻ 16:11.
“ഇനിയും ഒരുപാടു കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട് ” എന്ന് യേശു പറയുന്നു. എന്നിട്ട് ഇങ്ങനെ തുടരുന്നു: “പക്ഷേ ഇപ്പോൾ നിങ്ങൾക്ക് അതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല.” യേശു പരിശുദ്ധാത്മാവിനെ കൊടുക്കുമ്പോൾ അത് അവരെ വഴിനയിക്കും, അങ്ങനെ “സത്യം മുഴുവനായി” മനസ്സിലാക്കാൻ അവർക്കാകും. കൂടാതെ ആ സത്യത്തിനു ചേർച്ചയിൽ ജീവിക്കാനും അവർ പ്രാപ്തരാകും.—യോഹന്നാൻ 16:12, 13.
യേശുവിന്റെ തുടർന്നുള്ള പ്രസ്താവന അവരെ ആശയക്കുഴപ്പത്തിലാക്കി. “കുറച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെയും കുറച്ച് കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും.” യേശു പറഞ്ഞതിന്റെ അർഥം എന്താണെന്ന് അവർ തമ്മിൽത്തമ്മിൽ ചോദിക്കുന്നു. അവർ അതെക്കുറിച്ച് തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്നു മനസ്സിലാക്കിയ യേശു അവരോടു വിശദീകരിക്കുന്നു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞുവിലപിക്കും, പക്ഷേ ലോകം സന്തോഷിക്കും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.” (യോഹന്നാൻ 16:16, 20) പിറ്റേന്ന് ഉച്ചകഴിഞ്ഞ് യേശു കൊല്ലപ്പെടുമ്പോൾ മതനേതാക്കൾ സന്തോഷിക്കുന്നു, പക്ഷേ യേശുവിന്റെ ശിഷ്യന്മാർ കരഞ്ഞുവിലപിക്കുന്നു. എന്നാൽ യേശു ഉയിർത്തെഴുന്നേൽക്കുകയും അവരുടെ മേൽ പരിശുദ്ധാത്മാവിനെ പകരുകയും ചെയ്തതോടെ അവരുടെ ദുഃഖം ആനന്ദമായി മാറി!
അപ്പോസ്തലന്മാരുടെ സാഹചര്യത്തെ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയോട് താരതമ്യപ്പെടുത്തിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “പ്രസവസമയമാകുമ്പോൾ ഒരു സ്ത്രീ അവളുടെ വേദന ഓർത്ത് ദുഃഖിക്കുന്നു. എന്നാൽ കുഞ്ഞിനെ പ്രസവിച്ചുകഴിയുമ്പോൾ, ഒരു മനുഷ്യൻ ലോകത്തിൽ പിറന്നുവീണതുകൊണ്ടുള്ള സന്തോഷം കാരണം അവൾ അനുഭവിച്ച കഷ്ടം പിന്നെ ഓർക്കില്ല.” ഇങ്ങനെ പറഞ്ഞുകൊണ്ട് യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങൾക്കും ഇപ്പോൾ ദുഃഖമുണ്ട്. എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും കവർന്നുകളയില്ല.”—യോഹന്നാൻ 16:21, 22.
ഇതുവരെ, അപ്പോസ്തലന്മാർ യേശുവിന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല. ഇപ്പോൾ യേശു പറയുന്നു: “അന്ന് എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് അപേക്ഷിക്കും.” എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യേണ്ടിയിരുന്നത്? പിതാവ് അവരുടെ അപേക്ഷകൾ കേൾക്കാതിരുന്നതുകൊണ്ടല്ല. യേശു പറയുന്നു: “നിങ്ങൾ എന്നെ സ്നേഹിച്ചതുകൊണ്ടും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നെന്നു വിശ്വസിച്ചതുകൊണ്ടും പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.”—യോഹന്നാൻ 16:26, 27.
യേശുവിന്റെ ഈ വാക്കുകൾ അപ്പോസ്തലന്മാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകും. അവർ ഉറപ്പോടെ ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്നതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.” എന്നാൽ അവരുടെ ആ ബോധ്യം ഉടൻതന്നെ പരിശോധിക്കപ്പെടുമായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് യേശു വിശദീകരിക്കുന്നു: “എന്നാൽ ഇതാ, നിങ്ങളെല്ലാം എന്നെ തനിച്ചാക്കിയിട്ട് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്ന സമയം വരുന്നു. അത് ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞു.” എങ്കിലും യേശു അവർക്ക് ഉറപ്പു കൊടുക്കുന്നു: “ഞാൻ മുഖാന്തരം നിങ്ങൾക്കു സമാധാനമുണ്ടാകാനാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്. ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.” (യോഹന്നാൻ 16:30-33) യേശു ഇപ്പോൾ അവരുടെ അടുക്കൽനിന്ന് പോകുകയാണെങ്കിലും തുടർന്നും അവരെ പിന്തുണയ്ക്കുമായിരുന്നു. സാത്താനും അവന്റെ ലോകവും അപ്പോസ്തലന്മാരുടെ വിശ്വസ്തതയെ തകർക്കാൻ ശ്രമിക്കും. എങ്കിലും വിശ്വസ്തമായി ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ട് അവർക്കും തന്നെപ്പോലെതന്നെ ലോകത്തെ കീഴടക്കാനാകുമെന്ന് യേശുവിന് ഉറപ്പായിരുന്നു.
-
-
മുകളിലെ മുറിയിലെ യേശുവിന്റെ ഉപസംഹാരപ്രാർഥനയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 122
മുകളിലെ മുറിയിലെ യേശുവിന്റെ ഉപസംഹാരപ്രാർഥന
ദൈവത്തെയും പുത്രനെയും അറിയുമ്പോൾ ലഭിക്കുന്ന പ്രതിഫലം
യഹോവയും യേശുവും ശിഷ്യന്മാരും ഒന്നാണ്
അപ്പോസ്തലന്മാരോടുള്ള ആഴമായ സ്നേഹംകൊണ്ട്, അവരെ വിട്ടുപിരിയുന്നതിനു മുമ്പ് യേശു അവരെ ഒരുക്കുകയായിരുന്നു. ഇപ്പോൾ യേശു ആകാശത്തേക്കു നോക്കി തന്റെ പിതാവിനോടു പ്രാർഥിക്കുന്നു: “പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്താൻ അങ്ങ് പുത്രനെ മഹത്ത്വപ്പെടുത്തേണമേ. അങ്ങ് അവനു നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ കൊടുക്കേണ്ടതിന് എല്ലാ മനുഷ്യരുടെ മേലും അങ്ങ് പുത്രന് അധികാരം കൊടുത്തിരിക്കുന്നല്ലോ.”—യോഹന്നാൻ 17:1, 2.
ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതാണു പരമപ്രധാനമായ സംഗതിയെന്നു യേശു വ്യക്തമാക്കി. എന്നാൽ അതോടൊപ്പം മനുഷ്യർക്കു നിത്യജീവൻ നേടാനാകും എന്ന കാര്യത്തെക്കുറിച്ചും യേശു പറയുന്നു. ‘എല്ലാ മനുഷ്യരുടെ മേലും പുത്രന് അധികാരം’ ലഭിച്ചിരിക്കുന്നതുകൊണ്ട് എല്ലാവർക്കും മോചനവിലയുടെ പ്രയോജനം യേശു വെച്ചുനീട്ടുന്നു. എന്നാൽ ചിലർക്കു മാത്രമേ ആ വലിയ അനുഗ്രഹം ലഭിക്കുകയുള്ളൂ. എന്തുകൊണ്ട്? കാരണം, യേശു പ്രാർഥനയിൽ ഇങ്ങനെയാണ് പറഞ്ഞത്: “ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.” (യോഹന്നാൻ 17:3) ഇതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർക്കു മാത്രമാണ് മോചനവിലയുടെ പ്രയോജനങ്ങൾ യേശു കൊടുക്കുക.
ഒരു വ്യക്തി പിതാവിനെയും പുത്രനെയും അടുത്ത് അറിയണം, അവരുമായി ഒരു ഉറ്റ ബന്ധം സ്ഥാപിക്കണം. ഓരോ കാര്യത്തിലും അവരുടെ അതേ മനോഭാവം ആ വ്യക്തിക്കും ഉണ്ടാകണം. മറ്റുള്ളവരോടുള്ള ഇടപെടലിൽ ദൈവത്തിന്റെയും പുത്രന്റെയും ഗുണങ്ങൾ പകർത്താൻ ആ വ്യക്തി കഠിനശ്രമം ചെയ്യണം. ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതാണ് പരമപ്രധാനം, മനുഷ്യർക്ക് ലഭിക്കുന്ന നിത്യജീവൻ അത് കഴിഞ്ഞിട്ടേ ഉള്ളൂ എന്ന കാര്യവും അദ്ദേഹം മനസ്സിൽപ്പിടിക്കണം. യേശു വീണ്ടും വിഷയത്തിലേക്കു വരുന്നു:
“അങ്ങ് ഏൽപ്പിച്ച ജോലി ചെയ്തുതീർത്ത ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് പിതാവേ, ഇപ്പോൾ അങ്ങയുടെ അടുത്ത് എന്നെ മഹത്ത്വപ്പെടുത്തേണമേ. ലോകം ഉണ്ടാകുന്നതിനു മുമ്പ്, ഞാൻ അങ്ങയുടെ അടുത്തായിരുന്നപ്പോഴുണ്ടായിരുന്ന മഹത്ത്വം വീണ്ടും തരേണമേ.” (യോഹന്നാൻ 17:4, 5) അതെ, പുനരുത്ഥാനത്തിലൂടെ വീണ്ടും തനിക്കു സ്വർഗീയമഹത്ത്വം നൽകാൻ യേശു പിതാവിനോട് അപേക്ഷിക്കുന്നു.
എന്നാൽ ശുശ്രൂഷയിൽ യേശുവിനു ചെയ്യാനായ കാര്യങ്ങൾ യേശു മറന്നില്ല. യേശു ഇങ്ങനെ പ്രാർഥിച്ചു: “ലോകത്തിൽനിന്ന് അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കു ഞാൻ അങ്ങയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു. അവർ അങ്ങയുടേതായിരുന്നു. അങ്ങ് അവരെ എനിക്കു തന്നു. അവർ അങ്ങയുടെ വചനം അനുസരിച്ചിരിക്കുന്നു.” (യോഹന്നാൻ 17:6) ശുശ്രൂഷയിൽ, യഹോവ എന്ന പേര് ഉപയോഗിക്കുന്നതിലും അധികം കാര്യങ്ങൾ യേശു ചെയ്തു. ദൈവത്തിന്റെ ഗുണങ്ങൾ, മനുഷ്യരോടുള്ള ദൈവത്തിന്റെ ഇടപെടൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ യേശു തന്റെ ശിഷ്യന്മാരെ സഹായിച്ചു.
യഹോവയെക്കുറിച്ചും പുത്രൻ എന്ന നിലയിൽ യേശുവിനുള്ള പങ്കിനെക്കുറിച്ചും അപ്പോസ്തലന്മാർക്കു ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു. യേശു പഠിപ്പിച്ച കാര്യങ്ങളും അവർക്കു വ്യക്തമായി. യേശു താഴ്മയോടെ ഇങ്ങനെ പറഞ്ഞു: “അങ്ങ് എനിക്കു തന്ന വചനങ്ങളാണു ഞാൻ അവർക്കു കൊടുത്തത്. അതെല്ലാം സ്വീകരിച്ച അവർ, ഞാൻ അങ്ങയുടെ പ്രതിനിധിയായിട്ടാണു വന്നതെന്നു വ്യക്തമായി മനസ്സിലാക്കുകയും അങ്ങാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.”—യോഹന്നാൻ 17:8.
തന്റെ അനുഗാമികളും ലോകത്തിലെ ആളുകളും തമ്മിലുള്ള വ്യത്യാസം യേശു തിരിച്ചറിയിക്കുന്നു: “അവർക്കുവേണ്ടി ഞാൻ അപേക്ഷിക്കുന്നു. ഞാൻ അപേക്ഷിക്കുന്നതു ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കുവേണ്ടിയാണ്. കാരണം അവർ അങ്ങയുടേതാണ്. . . . പരിശുദ്ധപിതാവേ, നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന് അങ്ങ് എനിക്കു തന്നിരിക്കുന്ന അങ്ങയുടെ പേര് ഓർത്ത് അവരെ കാത്തുകൊള്ളേണമേ. . . . ഞാൻ അവരെ സംരക്ഷിച്ചു. ആ നാശപുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” ഈ നാശപുത്രൻ യേശുവിനെ വഞ്ചിച്ച യൂദാസ് ഈസ്കര്യോത്തയാണ്.—യോഹന്നാൻ 17:9-12.
യേശു പ്രാർഥന തുടരുന്നു, “ലോകം അവരെ വെറുക്കുന്നു. ‘അവരെ ഈ ലോകത്തുനിന്ന് കൊണ്ടുപോകണമെന്നല്ല, ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണമെന്നാണു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നത്. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.’” (യോഹന്നാൻ 17:14-16) സാത്താന്റെ നിയന്ത്രണത്തിലുള്ള ഒരു മനുഷ്യസമൂഹത്തിലാണ് അപ്പോസ്തലന്മാരും മറ്റു ശിഷ്യന്മാരും ജീവിക്കുന്നത്. പക്ഷേ, അവർ ആ ലോകത്തിന്റെ വഷളത്തങ്ങളിൽനിന്ന് മാറിനിൽക്കേണ്ടതുണ്ട്. അതിന് എങ്ങനെ കഴിയുമായിരുന്നു?
ദൈവത്തെ സേവിക്കുന്നതിനായി അവരെത്തന്നെ വിശുദ്ധരായി നിലനിറുത്തണമായിരുന്നു. എബ്രായതിരുവെഴുത്തുകളിൽനിന്ന് അവർ കണ്ടെത്തിയ സത്യങ്ങളും യേശു പഠിപ്പിച്ച സത്യങ്ങളും അനുസരിച്ചുകൊണ്ട് അവർക്ക് അതു സാധിക്കുമായിരുന്നു. യേശു ഇങ്ങനെ പ്രാർഥിക്കുന്നു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ. അങ്ങയുടെ വചനം സത്യമാണ്.” (യോഹന്നാൻ 17:17) പിന്നീട്, ചില അപ്പോസ്തലന്മാർ “സത്യത്തിന്റെ” ഭാഗമായിത്തീരുന്ന ദൈവപ്രചോദിത പുസ്തകങ്ങൾ എഴുതി. അത് ഒരു വ്യക്തിയെ ശുദ്ധീകരിക്കാൻ സഹായിക്കുമായിരുന്നു.
കാലം കടന്നുപോകുമ്പോൾ മറ്റുള്ളവരും ‘സത്യം’ സ്വീകരിക്കും. അതുകൊണ്ട് യേശു “അവർക്കുവേണ്ടി (അവിടെയുണ്ടായിരുന്നവർക്ക്) മാത്രമല്ല, അവരുടെ വചനം കേട്ട് (യേശുവിൽ) വിശ്വസിക്കുന്നവർക്കുവേണ്ടിയും” കൂടി പ്രാർഥിക്കുന്നു. അവർക്കെല്ലാം വേണ്ടി യേശു എന്താണ് ആവശ്യപ്പെടുന്നത്? “പിതാവേ, അങ്ങ് എന്നോടും ഞാൻ അങ്ങയോടും യോജിപ്പിലായിരിക്കുന്നതുപോലെ അവർ എല്ലാവരും ഒന്നായിരിക്കാനും അവരും നമ്മളോടു യോജിപ്പിലായിരിക്കാനും വേണ്ടി ഞാൻ അപേക്ഷിക്കുന്നു.” (യോഹന്നാൻ 17:20, 21) യേശുവും പിതാവും ഒരു വ്യക്തിയല്ല. എന്നാൽ എല്ലാ കാര്യത്തിലും യോജിപ്പിൽ ആയിരിക്കുന്നതുകൊണ്ടാണ് അവർ ഒന്നായിരിക്കുന്നത്. തന്റെ അനുഗാമികളും അതേ യോജിപ്പ് ആസ്വദിക്കണമെന്ന് യേശു പ്രാർഥിച്ചു.
ഇതിന് തൊട്ടുമുമ്പ് യേശു പത്രോസിനോടും മറ്റുള്ളവരോടും, അവർക്കുവേണ്ടി സ്വർഗത്തിൽ സ്ഥലം ഒരുക്കാൻ പോകുകയാണെന്നു പറഞ്ഞു. (യോഹന്നാൻ 14:2, 3) ഇക്കാര്യം യേശു തന്റെ പ്രാർഥനയിൽ ഉൾപ്പെടുത്തുന്നു. “പിതാവേ, ലോകാരംഭത്തിനു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചതുകൊണ്ട് എന്നെ മഹത്ത്വം അണിയിച്ചല്ലോ. അങ്ങ് എനിക്കു തന്നവർ അതു കാണേണ്ടതിന് അവർ ഞാനുള്ളിടത്ത് എന്റെകൂടെയുണ്ടായിരിക്കണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.” (യോഹന്നാൻ 17:24) ഒരുപാട് കാലങ്ങൾക്കു മുമ്പുമുതൽ, അതായത് ആദാമിനും ഹവ്വയ്ക്കും കുട്ടികളുണ്ടാകുന്നതിനു മുമ്പുമുതൽ, ദൈവം തന്റെ ഏകജാതനായ പുത്രനെ സ്നേഹിക്കുന്നുണ്ട് എന്നു യേശു പറയുകയായിരുന്നു.
തന്റെ പ്രാർഥന ഉപസംഹരിക്കുമ്പോൾ, പിതാവിന്റെ പേരും, അപ്പോസ്തലന്മാരോടും ‘സത്യം’ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത മറ്റുള്ളവരോടും ഉള്ള ദൈവത്തിന്റെ സ്നേഹവും യേശു എടുത്തുപറയുന്നു. യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും. അങ്ങനെ, അങ്ങ് എന്നോടു കാണിച്ച സ്നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”—യോഹന്നാൻ 17:26.
-
-
അതീവദുഃഖിതനായ യേശു പ്രാർഥിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 123
അതീവദുഃഖിതനായ യേശു പ്രാർഥിക്കുന്നു
മത്തായി 26:30, 36-46; മർക്കോസ് 14:26, 32-42; ലൂക്കോസ് 22:39-46; യോഹന്നാൻ 18:1
ഗത്ത്ശെമന തോട്ടത്തിൽ യേശു
യേശുവിന്റെ വിയർപ്പ് രക്തത്തുള്ളികൾപോലെയായി
വിശ്വസ്തരായ അപ്പോസ്തലന്മാരോടൊപ്പം യേശു പ്രാർഥിച്ചുകഴിഞ്ഞു. തുടർന്ന് “സ്തുതിഗീതങ്ങൾ പാടിയിട്ട് അവർ ഒലിവുമലയിലേക്കു പോയി.” (മർക്കോസ് 14:26) കിഴക്ക് ഗത്ത്ശെമന തോട്ടം ലക്ഷ്യമാക്കിയാണ് അവർ നടന്നുനീങ്ങുന്നത്. യേശു എപ്പോഴും അവിടെ പോകാറുണ്ടായിരുന്നു.
ഒലിവ് മരങ്ങൾക്കിടയിലെ പ്രശാന്തമായ ആ സ്ഥലത്തെത്തിയപ്പോൾ എട്ട് അപ്പോസ്തലന്മാരെ അവിടെ ആക്കിയിട്ട് യേശു മുന്നോട്ടു നീങ്ങി. അതുകൊണ്ടായിരിക്കും യേശു അവരോട് ഇങ്ങനെ പറഞ്ഞത്: “ഞാൻ അവിടെ പോയി ഒന്നു പ്രാർഥിച്ചിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്.” ഈ ശിഷ്യന്മാർ അധികം ഉള്ളിലേക്കു പോയിക്കാണില്ല. എന്നാൽ യേശു അപ്പോസ്തലന്മാരായ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് തോട്ടത്തിന്റെ ഉള്ളിലേക്കു പോയി. യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ് മനസ്സു വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്. ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കൂ.”—മത്തായി 26:36-38.
അവരുടെ അടുത്തുനിന്ന് കുറച്ച് മാറി, ‘യേശു കമിഴ്ന്നുവീണ്, പ്രാർഥിച്ചു.’ ഈ നിർണായകനിമിഷത്തിൽ ദൈവത്തോട് എന്താണ് യേശു പ്രാർഥിക്കുന്നത്? “പിതാവേ, അങ്ങയ്ക്ക് എല്ലാം സാധ്യമാണ്. ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്നായിരുന്നു. (മർക്കോസ് 14:35, 36) യേശു എന്താണ് അർഥമാക്കിയത്? മോചനവില നൽകുക എന്ന ദൗത്യത്തിൽനിന്ന് യേശു പിന്മാറുകയാണോ? ഒരിക്കലുമല്ല!
ആളുകളെ വധിക്കുന്നതിനു മുമ്പ് റോമാക്കാർ അവരെ ക്രൂരമായി പീഡിപ്പിക്കുന്നത് യേശു സ്വർഗത്തിൽനിന്ന് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ, സാധാരണമനുഷ്യർക്കു തോന്നുന്ന വേദനയും ഉത്കണ്ഠയും എല്ലാം യേശുവിനും തോന്നും. കാരണം യേശുവും ഒരു മനുഷ്യനാണല്ലോ. പക്ഷേ ഇപ്പോൾ യേശുവിന്റെ ചിന്ത താൻ നേരിടാൻ പോകുന്ന ആ വേദനകളെക്കുറിച്ച് മാത്രമല്ല, അതിലും പ്രധാനമായി താനൊരു നിന്ദ്യനായ കുറ്റവാളിയായി മരിക്കുന്നതു പിതാവിന്റെ പേരിനു നിന്ദ വരുത്തിയേക്കുമോ എന്നതാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ദൈവനിന്ദകനെപ്പോലെ യേശുവിനെ സ്തംഭത്തിൽ തൂക്കും.
ദീർഘനേരം പ്രാർഥിച്ചതിനു ശേഷം യേശു അപ്പോസ്തലന്മാരുടെ അടുത്തേക്ക് മടങ്ങിപ്പോകുന്നു. അപ്പോൾ യേശു കണ്ടത് മൂന്ന് അപ്പോസ്തലന്മാരും ഉറങ്ങുന്നതാണ്. യേശു പത്രോസിനോടു ചോദിച്ചു: “നിങ്ങൾക്ക് എന്റെകൂടെ ഒരു മണിക്കൂറുപോലും ഉണർന്നിരിക്കാൻ പറ്റില്ലേ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ എപ്പോഴും ഉണർന്നിരുന്ന് പ്രാർഥിക്കണം.” അപ്പോസ്തലന്മാരും വല്ലാത്ത മാനസികസമ്മർദത്തിലാണെന്ന് യേശുവിന് അറിയാം. മാത്രമല്ല, സമയം ഏറെ വൈകിയിരിക്കുന്നു. യേശു ഇങ്ങനെ പറയുന്നു: “ആത്മാവ് തയ്യാറാണെങ്കിലും ശരീരം ബലഹീനമാണ്, അല്ലേ?”—മത്തായി 26:40, 41.
യേശു രണ്ടാമതും പോയി ദൈവത്തോട്, “ഈ പാനപാത്രം” നീക്കേണമേ എന്നു പ്രാർഥിക്കുന്നു. തിരിച്ചുവരുമ്പോൾ ആ മൂന്നു പേരും വീണ്ടും ഉറങ്ങുന്നതാണ് കാണുന്നത്. പ്രലോഭനത്തിൽ അകപ്പെടാതെ ഉണർന്നിരുന്ന് പ്രാർഥിക്കേണ്ട സമയത്താണ് അവർ ഉറങ്ങിയത്. യേശു അതെക്കുറിച്ച് അവരോടു സംസാരിച്ചപ്പോൾ, “എന്തു പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു.” (മർക്കോസ് 14:40) മൂന്നാം തവണയും യേശു പോകുന്നു. മുട്ടുകുത്തിനിന്ന് പ്രാർഥിക്കുന്നു.
ഒരു കുറ്റവാളിയായി മരിക്കുന്നത് പിതാവിന്റെ പേരിനു നിന്ദ വരുത്തുമെന്ന ചിന്ത യേശുവിനെ വളരെ അസ്വസ്ഥനാക്കുന്നു. യേശുവിന്റെ പ്രാർഥന യഹോവ കേൾക്കുന്നുണ്ട്. ഒരു അവസരത്തിൽ ദൈവം ഒരു ദൂതനെ വിട്ട് യേശുവിനെ ബലപ്പെടുത്തുന്നു. എന്നിട്ടും പിതാവിനോട് അപേക്ഷിക്കുന്നത് യേശു നിറുത്തിയില്ല, “കൂടുതൽ തീവ്രതയോടെ പ്രാർഥിച്ചുകൊണ്ടിരുന്നു.” യേശുവിന്റെ വേദന അതികഠിനമായിരുന്നു. യേശുവിനു നിറവേറ്റാനുണ്ടായിരുന്ന ഉത്തരവാദിത്വം അത്ര വലുതാണ്! യേശുവിന്റെ നിത്യജീവനും യേശുവിൽ വിശ്വാസം അർപ്പിക്കുന്നവരുടെ നിത്യജീവനും ഇപ്പോൾ യേശുവിന്റെ കൈകളിലാണ്. അതുകൊണ്ടായിരിക്കാം “യേശുവിന്റെ വിയർപ്പു രക്തത്തുള്ളികൾപോലെയായി” നിലത്തു വീണത്.—ലൂക്കോസ് 22:44.
യേശു മൂന്നാം തവണ അപ്പോസ്തലന്മാരുടെ അടുത്ത് വന്നപ്പോഴും അവർ ഉറങ്ങുന്നതാണു കണ്ടത്. യേശു അവരോടു പറയുന്നു: “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്? ഇതാ, മനുഷ്യപുത്രനെ പാപികൾക്ക് ഒറ്റിക്കൊടുത്ത് അവരുടെ കൈയിൽ ഏൽപ്പിക്കാനുള്ള സമയം അടുത്തിരിക്കുന്നു. എഴുന്നേൽക്ക്, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത് എത്തിയിരിക്കുന്നു.”—മത്തായി 26:45, 46.
-
-
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത് അറസ്റ്റ് ചെയ്യുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 124
ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നു, അറസ്റ്റ് ചെയ്യുന്നു
മത്തായി 26:47-56; മർക്കോസ് 14:43-52; ലൂക്കോസ് 22:47-53; യോഹന്നാൻ 18:2-12
യൂദാസ് യേശുവിനെ തോട്ടത്തിൽവെച്ച് ഒറ്റിക്കൊടുക്കുന്നു
പത്രോസ് മഹാപുരോഹിതന്റെ അടിമയെ വെട്ടുന്നു
യേശുവിനെ അറസ്റ്റു ചെയ്യുന്നു
സമയം അർധരാത്രി കഴിഞ്ഞിരിക്കുന്നു. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനു പുരോഹിതന്മാർ 30 വെള്ളിനാണയം യൂദാസിന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോൾ യൂദാസ് മുഖ്യപുരോഹിതന്മാരും പരീശന്മാരും അടങ്ങിയ വലിയ ജനക്കൂട്ടവുമായി യേശുവിനെ തേടിപ്പിടിക്കാൻ ഇറങ്ങി. ഒരു സൈന്യാധിപനോടൊപ്പം ആയുധധാരികളായ പടയാളികളും അവരുടെകൂടെയുണ്ട്.
പെസഹ കഴിഞ്ഞ് യേശു യൂദാസിനെ പറഞ്ഞുവിട്ടപ്പോൾ, യൂദാസ് നേരെ പോയത് മുഖ്യപുരോഹിതന്മാരുടെ അടുക്കലേക്കായിരിക്കാം. (യോഹന്നാൻ 13:27) അവർ അവരുടെ ഭടന്മാരെയും ഒരു കൂട്ടം പടയാളികളെയും കൂട്ടിവരുത്തി. യൂദാസ് അവരെയും കൂട്ടി യേശുവും അപ്പോസ്തലന്മാരും പെസഹ ആഘോഷിച്ച മുറിയിലേക്കു പോയിക്കാണും. എന്നാൽ അവരെ അവിടെ കാണാത്തതുകൊണ്ട് അവർ കിദ്രോൻ താഴ്വര താണ്ടി തോട്ടത്തിലേക്കു നീങ്ങുകയാണ്. ആയുധങ്ങളോടൊപ്പം തീപ്പന്തങ്ങളും വിളക്കുകളും അവർ കരുതിയിട്ടുണ്ട്. യേശുവിനെ കണ്ടുപിടിച്ചിട്ടുതന്നെ കാര്യം എന്ന മട്ടിലാണ് അവർ.
ഒലിവുമലയിലേക്ക് ആ വലിയ ജനക്കൂട്ടത്തെയുംകൊണ്ട് നീങ്ങുന്ന യൂദാസിനെ കണ്ടാൽ യേശു എവിടെയാണെന്ന കാര്യം യൂദാസിനു നല്ല നിശ്ചയമുള്ളതുപോലെ തോന്നും. യേശുവും അപ്പോസ്തലന്മാരും ബഥാന്യയിലാണ് താമസിച്ചിരുന്നത്. ഒട്ടുമിക്ക ദിവസവും യരുശലേമിലേക്കു പോയിരുന്ന അവർ ഗത്ത്ശെമന തോട്ടത്തിൽ വിശ്രമിക്കുമായിരുന്നു. ഇപ്പോൾ രാത്രി ഏറെ ഇരുട്ടിയിരിക്കുന്നു. ഒലിവുമരങ്ങളുടെ നിഴൽ കാരണം അവരെയൊന്നും അത്ര വ്യക്തമായി കാണാൻ കഴിയുന്നില്ല. യേശുവിനെ ഇതുവരെ കണ്ട് പരിചയമില്ലാത്ത പടയാളികൾക്കു യേശുവിനെ തിരിച്ചറിയാൻ കഴിയുമോ? അവരെ സഹായിക്കാൻ യൂദാസ് ഒരു അടയാളം പറഞ്ഞൊക്കുന്നു. യൂദാസ് പറയുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത്, അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ച് കൊണ്ടുപൊയ്ക്കൊള്ളൂ, രക്ഷപ്പെടാതെ നോക്കണം.”—മർക്കോസ് 14:44.
ജനക്കൂട്ടവുമായി തോട്ടത്തിൽ എത്തിയ യൂദാസ് യേശുവിനെയും അപ്പോസ്തലന്മാരെയും കണ്ടിട്ട് നേരെ അങ്ങോട്ടു ചെല്ലുന്നു. എന്നിട്ട് “റബ്ബീ, നമസ്കാരം” എന്നു പറഞ്ഞ് വളരെ സ്നേഹത്തോടെ യേശുവിനെ ചുംബി ക്കുന്നു. യേശു ചോദിച്ചു: “സ്നേഹിതാ, നീ എന്തിനാണു വന്നത്?” (മത്തായി 26:49, 50) ആ ചോദ്യത്തിനു മറുപടിയും യേശുതന്നെ പറയുന്നു: “യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കുകയാണോ?” (ലൂക്കോസ് 22:48) യൂദാസിനെക്കുറിച്ച് കൂടുതലൊന്നും യേശു പറയാൻ ആഗ്രഹിച്ചില്ല!
യേശു ഇപ്പോൾ വെളിച്ചത്തേക്കു മാറിനിന്നിട്ട് ചോദിക്കുന്നു: “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” “നസറെത്തുകാരനായ യേശുവിനെ” എന്നു ജനക്കൂട്ടം പറയുന്നു. യേശു ധൈര്യത്തോടെ അവരോട്, “അതു ഞാനാണ് ” എന്നു പറഞ്ഞു. (യോഹന്നാൻ 18:4, 5) അടുത്തതായി എന്താണു സംഭവിക്കുക എന്നു പേടിച്ച് ആ പുരുഷന്മാർ നിലത്തേക്കു വീഴുന്നു.
ഈ അവസരം മുതലാക്കിക്കൊണ്ട് രാത്രിയുടെ ഇരുളിലേക്ക് ഓടിമറയാൻ യേശു തുനിഞ്ഞില്ല. പകരം അവർ ആരെയാണ് അന്വേഷിക്കുന്നത് എന്നു യേശു വീണ്ടും ചോദിക്കുന്നു. “നസറെത്തുകാരനായ യേശുവിനെ” എന്ന് അവർ പറഞ്ഞപ്പോൾ ശാന്തമായി യേശു അവരോടു പറഞ്ഞു: “അതു ഞാനാണെന്നു പറഞ്ഞല്ലോ. എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവരെ വിട്ടേക്ക്.” ആരും നഷ്ടമാകാതെ നോക്കുമെന്നു താൻ മുമ്പ് പറഞ്ഞ കാര്യം ഈ നിർണായകസമയത്തുപോലും യേശു ഓർക്കുന്നു. (യോഹന്നാൻ 6:39; 17:12) യേശു തന്റെ വിശ്വസ്തരായ അപ്പോസ്തലന്മാരെ കാത്തുസംരക്ഷിച്ചു. യൂദാസ് എന്ന “നാശപുത്രനല്ലാതെ” ആരും നഷ്ടപ്പെട്ടുപോയില്ല. (യോഹന്നാൻ 18:7-9) തന്റെ വിശ്വസ്തരായ അനുഗാമികളെ പോകാൻ അനുവദിക്കണമെന്ന് യേശു ഇപ്പോൾ അവരോട് ആവശ്യപ്പെടുന്നു.
പടയാളികൾ എഴുന്നേറ്റ് യേശുവിനെ പിടിക്കുക എന്ന ലക്ഷ്യത്തിൽ യേശുവിന്റെ അടുത്തേക്കു വരുന്നത് കണ്ടപ്പോഴാണ് സംഭവിക്കുന്നത് എന്താണെന്ന് അപ്പോസ്തലന്മാർക്ക് മനസ്സിലാകുന്നത്. “കർത്താവേ, ഞങ്ങൾ വാൾ എടുത്ത് വെട്ടട്ടേ” എന്ന് അവർ ചോദിച്ചു. (ലൂക്കോസ് 22:49) യേശു മറുപടി പറയുന്നതിനു മുമ്പേ പത്രോസ് അപ്പോസ്തലന്മാരുടെ കൈയിലുണ്ടായിരുന്ന രണ്ടു വാളുകളിൽ ഒന്നെടുത്ത് മഹാപുരോഹിതന്റെ ദാസനായ മൽക്കൊസിന്റെ വലത് ചെവി വെട്ടി.
യേശു മൽക്കൊസിന്റെ ചെവി സുഖപ്പെടുത്തുന്നു. എന്നിട്ട് വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിക്കുന്നു. പത്രോസിനോട് യേശു ഇങ്ങനെ പറയുന്നു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.” യേശു അറസ്റ്റു ചെയ്യപ്പെടാൻ തയ്യാറാണ്. കാരണം അങ്ങനെ സംഭവിച്ചില്ലെങ്കിൽ “ഇതുപോലെ സംഭവിക്കണമെന്നുള്ള തിരുവെഴുത്തുകൾ എങ്ങനെ നിറവേറും” എന്ന് യേശു ചോദിക്കുന്നു. (മത്തായി 26:52, 54) യേശു ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പിതാവ് എനിക്കു തന്നിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?” (യോഹന്നാൻ 18:11) തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നടന്നുകാണാൻ യേശു ആഗ്രഹിക്കുന്നു. മരിക്കാൻപോലും യേശു തയ്യാറാണ്.
യേശു ജനക്കൂട്ടത്തോടു ചോദിക്കുന്നു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്? ഞാൻ ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ പ്രവാചകന്മാർ എഴുതിയതു നിറവേറേണ്ടതിനാണ് ഇതൊക്കെ ഇങ്ങനെ സംഭവിച്ചത്.”—മത്തായി 26:55, 56.
പടയാളികളുടെ സംഘവും സൈന്യാധിപനും ജൂതന്മാരുടെ ഉദ്യോഗസ്ഥരും യേശുവിനെ പിടിച്ചുകെട്ടുന്നു. ഇതു കണ്ട് അപ്പോസ്തലന്മാരെല്ലാം ഓടിപ്പോകുന്നു. എന്നാൽ “ഒരു യുവാവ്,” ഒരുപക്ഷേ അത് ശിഷ്യനായ മർക്കോസ് ആയിരുന്നിരിക്കണം, യേശുവിന്റെ പിന്നാലെ പോകാനായി ജനക്കൂട്ടത്തോടൊപ്പം നിൽക്കുന്നു. (മർക്കോസ് 14:51) പക്ഷേ ആ യുവാവിനെ ജനക്കൂട്ടം തിരിച്ചറിഞ്ഞു. അവർ അയാളെ പിടിക്കാൻ ശ്രമിച്ചപ്പോൾ ധരിച്ചിരുന്ന ലിനൻ വസ്ത്രം വിട്ടിട്ട് അയാൾ ഓടിപ്പോകുന്നു.
-
-
യേശുവിനെ അന്നാസിന്റെ അടുത്തും പിന്നെ കയ്യഫയുടെ അടുത്തും കൊണ്ടുപോകുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 125
യേശുവിനെ അന്നാസിന്റെ അടുത്തും പിന്നെ കയ്യഫയുടെ അടുത്തും കൊണ്ടുപോകുന്നു
മത്തായി 26:57-68; മർക്കോസ് 14:53-65; ലൂക്കോസ് 22:54, 63-65; യോഹന്നാൻ 18:13, 14, 19-24
മുൻ മഹാപുരോഹിതനായ അന്നാസിന്റെ അടുത്തേക്ക് യേശുവിനെ കൊണ്ടുപോകുന്നു
സൻഹെദ്രിന്റെ നിയമവിരുദ്ധമായ വിചാരണ
ഒരു കുറ്റവാളിയെപ്പോലെ യേശുവിനെ പിടിച്ച് അന്നാസിന്റെ അടുത്തേക്കു കൊണ്ടുപോകുന്നു. ചെറുപ്പത്തിൽ ദേവാലയത്തിൽവെച്ച് ഉപദേഷ്ടാക്കന്മാരെ യേശു വിസ്മയിപ്പിച്ചപ്പോൾ ഈ അന്നാസായിരുന്നു മഹാപുരോഹിതൻ. (ലൂക്കോസ് 2:42, 47) അന്നാസിന്റെ മക്കളിൽ ചിലർ പിന്നീട് മഹാപുരോഹിതന്മാരായി. ഇപ്പോൾ മരുമകനായ കയ്യഫയാണ് ആ സ്ഥാനത്ത്.
അന്നാസ് യേശുവിനെ ചോദ്യംചെയ്യുന്ന സമയത്ത് കയ്യഫ സൻഹെദ്രിൻ വിളിച്ചുകൂട്ടുന്നു. 71 അംഗങ്ങളുള്ള ഈ കോടതിയിൽ മഹാപുരോഹിതനും മുമ്പ് ഈ സ്ഥാനം വഹിച്ചവരും ഉണ്ടായിരുന്നു.
അന്നാസ് “യേശുവിന്റെ ശിഷ്യന്മാരെപ്പറ്റിയും യേശു പഠിപ്പിച്ച കാര്യങ്ങളെപ്പറ്റിയും” യേശുവിനോടു ചോദിക്കുന്നു. യേശു അതിന് ഇങ്ങനെ മറുപടി പറയുന്നു: “ഞാൻ ലോകത്തോടു പരസ്യമായിട്ടാണു സംസാരിച്ചത്. ജൂതന്മാരെല്ലാം ഒരുമിച്ചുകൂടാറുള്ള സിനഗോഗിലും ദേവാലയത്തിലും ആണ് ഞാൻ പഠിപ്പിച്ചുപോന്നത്. ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. പിന്നെ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നത്? ഞാൻ സംസാരിച്ചതൊക്കെ കേട്ടിട്ടുള്ളവരോടു ചോദിച്ചുനോക്കൂ.”—യോഹന്നാൻ 18:19-21.
ഇതു കേട്ട് അരികെ നിന്നിരുന്ന ഭടന്മാരിൽ ഒരാൾ യേശുവിന്റെ മുഖത്ത് അടിച്ചിട്ട്, “ഇങ്ങനെയാണോ മുഖ്യപുരോഹിതനോട് ഉത്തരം പറയുന്നത് ” എന്നു ചോദിച്ചു. എന്നാൽ താൻ ചെയ്തതിൽ ഒരു തെറ്റും ഇല്ലെന്ന് ഉറപ്പുണ്ടായിരുന്ന യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കിൽ എന്നെ അടിക്കുന്നത് എന്തിനാണ്?” (യോഹന്നാൻ 18:22, 23) തുടർന്ന് അന്നാസ് യേശുവിനെ മരുമകനായ കയ്യഫയുടെ അടുത്തേക്ക് വിടുന്നു.
സൻഹെദ്രിൻ അംഗങ്ങളായ ഇപ്പോഴത്തെ മഹാപുരോഹിതൻ, മൂപ്പന്മാർ, ശാസ്ത്രിമാർ ഇവരെല്ലാം ഇപ്പോൾ കയ്യഫയുടെ വീട്ടിൽ കൂടിവന്നിരിക്കുന്നു. പെസഹാരാത്രി ഇതുപോലൊരു വിചാരണ ശരിക്കും നിയമവിരുദ്ധമാണ്. എങ്കിലും അതൊന്നും അവരുടെ ദുഷ്ടപദ്ധതി നടപ്പിലാക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല.
അവിടെ കൂടിവന്നവർ ഒരു കാര്യം തീരുമാനിച്ച് ഉറച്ചുതന്നെയാണു വന്നിരിക്കുന്നത്, യേശുവിനെ കൊല്ലാൻ. യേശു ലാസറിനെ ഉയിർപ്പിച്ചപ്പോൾ സൻഹെദ്രിൻ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. (യോഹന്നാൻ 11:47-53) കൂടാതെ ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു മതാധികാരികൾ യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയത്. (മത്തായി 26:3, 4) വിചാരണ തുടങ്ങുന്നതിനു മുമ്പേതന്നെ യേശുവിനെ വധിക്കാൻ അവർ തീരുമാനിച്ചിരുന്നു!
അന്യായമായി കൂടിവന്നതു കൂടാതെ മുഖ്യപുരോഹിതന്മാരും സൻഹെദ്രിനിലെ മറ്റ് അംഗങ്ങളും യേശുവിന് എതിരെ കള്ളസാക്ഷി പറയാൻ ആളെ അന്വേഷിച്ചുകൊണ്ടിരുന്നു. അവർ പലരെയും കണ്ടെത്തി, പക്ഷേ അവരുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഒടുവിൽ രണ്ടു പേർ മുന്നോട്ടു വന്ന് ഇങ്ങനെ പറഞ്ഞു: “‘കൈകൊണ്ട് പണിത ഈ ദേവാലയം ഇടിച്ചുകളഞ്ഞ് കൈകൊണ്ടല്ലാതെ മറ്റൊന്നു മൂന്നു ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു.” (മർക്കോസ് 14:58) എന്നാൽ ഇവരുടെ മൊഴികളിലും ചേർച്ചക്കുറവുണ്ടായിരുന്നു.
കയ്യഫ യേശുവിനോട് ഇങ്ങനെ ചോദിക്കുന്നു: “നിനക്കു മറുപടി ഒന്നും പറയാനില്ലേ? നിനക്ക് എതിരെയുള്ള ഇവരുടെ മൊഴി നീ കേൾക്കുന്നില്ലേ?” (മർക്കോസ് 14:60) സാക്ഷികളുടെ പരസ്പരവിരുദ്ധമായ കഥകളും വ്യാജാരോപണങ്ങളും കേട്ട് യേശു നിശ്ശബ്ദനായി നിന്നു. അതുകൊണ്ട് മഹാപുരോഹിതൻ കയ്യഫ ഇപ്പോൾ മറ്റൊരു തന്ത്രം പ്രയോഗിക്കുന്നു.
ആരെങ്കിലും താൻ ദൈവപുത്രനാണെന്ന് അവകാശപ്പെട്ടാൽ ജൂതന്മാർ പ്രകോപിതരാകുമെന്നു കയ്യഫയ്ക്ക് അറിയാം. മുമ്പൊരിക്കൽ യേശു ദൈവത്തെ തന്റെ പിതാവെന്ന് വിളിച്ചപ്പോൾ ജൂതന്മാർ യേശുവിനെ കൊല്ലാൻ ഒരുങ്ങിയതാണ്. കാരണം യേശു ‘തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്ന് ’ അവർ വിചാരിച്ചു. (യോഹന്നാൻ 5:17, 18; 10:31-39) ഇത് അറിയാവുന്ന കയ്യഫ വളരെ വിദഗ്ധമായി യേശുവിനോട് ഇങ്ങനെ ചോദിക്കുന്നു: “നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ജീവനുള്ള ദൈവത്തെച്ചൊല്ലി ഞങ്ങളോട് ആണയിട്ട് പറയാൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്.” (മത്തായി 26:63) താൻ ദൈവപുത്രനാണെന്ന കാര്യം യേശു ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 3:18; 5:25; 11:4) പക്ഷേ ഇപ്പോൾ യേശു അങ്ങനെ പറയാൻ വിസമ്മതിച്ചാൽ താൻ ദൈവപുത്രനും ക്രിസ്തുവും ആണെന്ന കാര്യം യേശുതന്നെ നിഷേധിക്കുകയായിരിക്കും. അതുകൊണ്ട് യേശു പറയുന്നു: “അതെ. മനുഷ്യപുത്രൻ ശക്തനായവന്റെ വലതുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”—മർക്കോസ് 14:62.
ഇതു കേട്ടപ്പോൾ കയ്യഫ തന്റെ പുറങ്കുപ്പായം കീറിക്കൊണ്ട് പറഞ്ഞു: “ഇവൻ ഈ പറഞ്ഞതു ദൈവനിന്ദയാണ്! ഇനി എന്തിനാണു വേറെ സാക്ഷികൾ? നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട് കേട്ടല്ലോ. നിങ്ങൾക്ക് എന്തു തോന്നുന്നു?” സൻഹെദ്രിൻ ഇപ്പോൾ അന്യായമായി ഇങ്ങനെ വിധിക്കുന്നു: “ഇവൻ മരിക്കണം.”—മത്തായി 26:65, 66.
തുടർന്ന് അവർ യേശുവിനെ കളിയാക്കാനും കൈ ചുരുട്ടി ഇടിക്കാനും തുടങ്ങി. മറ്റുള്ളവർ യേശുവിന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു. പിന്നെ അവർ യേശുവിന്റെ മുഖം മൂടിയിട്ട്, പരിഹാസത്തോടെ ഇങ്ങനെ പറയുന്നു: “നിന്നെ അടിച്ചത് ആരാണെന്നു പ്രവചിക്ക്.” (ലൂക്കോസ് 22:64) അങ്ങനെ അന്നു രാത്രി നടന്ന ആ അന്യായമായ വിചാരണയിൽ ദൈവത്തിന്റെ പുത്രൻ മോശമായ പെരുമാറ്റത്തിന് ഇരയാകുന്നു!
-
-
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 126
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
മത്തായി 26:69-75; മർക്കോസ് 14:66-72; ലൂക്കോസ് 22:54-62; യോഹന്നാൻ 18:15-18, 25-27
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
ഗത്ത്ശെമന തോട്ടത്തിൽവെച്ച് യേശു അറസ്റ്റിലായപ്പോൾ അപ്പോസ്തലന്മാർ യേശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയി. അവർ വല്ലാതെ ഭയന്നാണ് അവിടം വിട്ട് പോകുന്നത്. എന്നാൽ അവരിൽ രണ്ടു പേർ വീണ്ടും യേശുവിന്റെ പിന്നാലെ ചെല്ലുന്നു. അത് പത്രോസും സാധ്യതയനുസരിച്ച് ‘മറ്റൊരു ശിഷ്യനായ’ യോഹന്നാൻ അപ്പോസ്തലനും ആണ്. (യോഹന്നാൻ 18:15; 19:35; 21:24) അന്നാസിന്റെ അടുത്തേക്ക് യേശുവിനെ കൊണ്ടുവന്നപ്പോഴേക്കും അവരും അവിടെ എത്തിക്കാണും. അന്നാസ് യേശുവിനെ മഹാപുരോഹിതനായ കയ്യഫയുടെ അടുത്തേക്ക് അയയ്ക്കുമ്പോൾ പത്രോസും യോഹന്നാനും കുറച്ച് അകലം പാലിച്ച് യേശുവിന്റെ പിന്നാലെ പോകുന്നു. കാരണം തങ്ങളുടെ ജീവൻ അപകടത്തിലാകുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ യേശുവിന് എന്തു സംഭവിക്കുമെന്ന് അറിയണമെന്നും അവർക്കുണ്ട്.
മഹാപുരോഹിതന് അറിയാവുന്ന ആളായിരുന്നു യോഹന്നാൻ. അതുകൊണ്ട് യോഹന്നാന് കയ്യഫയുടെ വീടിന്റെ നടുമുറ്റത്ത് പ്രവേശിക്കാൻ കഴിഞ്ഞു. പക്ഷേ പത്രോസിന് അകത്തേക്കു കടക്കാൻ കഴിഞ്ഞില്ല. യോഹന്നാൻ മടങ്ങിവന്ന് വാതിൽക്കാവൽക്കാരിയായി നിൽക്കുന്ന ദാസിപ്പെൺകുട്ടിയോട് സംസാരിച്ച് പത്രോസിനെയും അകത്തു കയറ്റുന്നു.
രാത്രി നല്ല തണുപ്പായിരുന്നതുകൊണ്ട് നടുമുറ്റത്ത് ആളുകൾ തീ കായുന്നുണ്ടായിരുന്നു. യേശുവിന്റെ വിചാരണയിൽ “എന്തു സംഭവിക്കുമെന്ന് അറിയാൻ” പത്രോസും അവിടെയിരുന്നു. (മത്തായി 26:58) അകത്തേക്കു പ്രവേശിക്കാൻ പത്രോസിനെ അനുവദിച്ച വാതിൽക്കാവൽക്കാരി ഇപ്പോഴാണ് തീയുടെ വെളിച്ചത്തിൽ പത്രോസിനെ ശരിക്കും കാണുന്നത്. “താങ്കളും ഈ മനുഷ്യന്റെ ഒരു ശിഷ്യനല്ലേ” എന്ന് അവൾ ചോദിക്കുന്നു. (യോഹന്നാൻ 18:17) അവൾ മാത്രമല്ല മറ്റുള്ളവരും പത്രോസിനെ തിരിച്ചറിയുന്നു. യേശുവിനോടൊപ്പം പത്രോസും ഉണ്ടായിരുന്നെന്ന് പറഞ്ഞ് അവരും പത്രോസിനെ കുറ്റപ്പെടുത്തുന്നു.—മത്തായി 26:69, 71-73; മർക്കോസ് 14:70.
ഇത് പത്രോസിനെ വല്ലാതെ അസ്വസ്ഥനാക്കി. അതുകൊണ്ട് താൻ യേശുവിനോടൊപ്പം ആയിരുന്നെന്ന കാര്യം പത്രോസ് നിഷേധിക്കുന്നു. ഒരു അവസരത്തിൽ “എനിക്ക് അയാളെ അറിയില്ല. നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല” എന്നുവരെ പത്രോസ് ആണയിട്ട് പറഞ്ഞു. (മർക്കോസ് 14:67, 68) താൻ പറഞ്ഞ കാര്യം സത്യമല്ലെങ്കിൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻ തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ട് പത്രോസ് ‘സ്വയം പ്രാകുകയും’ ചെയ്തു.—മത്തായി 26:74.
ഇതിനിടയിൽ യേശുവിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സാധ്യതയനുസരിച്ച് കയ്യഫയുടെ വീടിന്റെ മുകളിലത്തെ നിലയിലെ ഒരു മുറിയിൽവെച്ചാണ് വിചാരണ നടക്കുന്നത്. സാക്ഷി പറയാനായി വന്നുപോകുന്നവരെ നടുമുറ്റത്തുള്ള പത്രോസും കൂടെയുള്ളവരും കാണുന്നുണ്ടായിരിക്കാം.
പത്രോസ് ഗലീലക്കാരനാണെന്നു സംസാരരീതിയിൽനിന്ന് അവർക്ക് വ്യക്തമായിരുന്നു. കൂടാതെ അവിടെ കൂടിയിരുന്നവരിൽ ഒരാൾ പത്രോസ് ചെവി മുറിച്ച മൽക്കൊസിന്റെ ബന്ധുവായിരുന്നു. അയാളും പത്രോസിന് എതിരെ തിരിയുന്നു. അയാൾ പറയുന്നു: “ഞാൻ നിന്നെ അയാളുടെകൂടെ തോട്ടത്തിൽവെച്ച് കണ്ടല്ലോ.” എന്നാൽ പത്രോസ് അത് നിഷേധിക്കുന്നു, ഇത് മൂന്നാം പ്രാവശ്യമാണ്. മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ മൂന്നാം പ്രാവശ്യം പത്രോസ് ഇക്കാര്യം നിഷേധിക്കുമ്പോൾ, കോഴി കൂകുന്നു.—യോഹന്നാൻ 13:38; 18:26, 27.
ആ സമയത്ത് യേശു, നടുമുറ്റം കാണാൻ കഴിയുന്ന ഒരു ഭാഗത്തായിരിക്കാം നിന്നിരുന്നത്. കർത്താവ് ഇപ്പോൾ പത്രോസിനെ നോക്കുന്നു. ആ നോട്ടം പത്രോസിന്റെ ഹൃദയം തകർത്തിട്ടുണ്ടാകും. ഏതാനും മണിക്കൂറുകൾക്കു മുമ്പ് യേശു പറഞ്ഞ കാര്യം ഇപ്പോൾ പത്രോസ് ഓർക്കുന്നു. താൻ ചെയ്തതിനെക്കുറിച്ച് ഓർത്തപ്പോൾ പത്രോസ് ആകെ തകർന്നുപോയി! പത്രോസ് പുറത്തുപോയി പൊട്ടിക്കരയുന്നു.—ലൂക്കോസ് 22:61, 62.
അങ്ങനെ സംഭവിക്കാൻ എന്തായിരിക്കും കാരണം? തന്റെ ആത്മീയബലത്തെയും വിശ്വസ്തതയെയും കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്ന പത്രോസിന് എങ്ങനെ തന്റെ യജമാനനെ തള്ളിപ്പറയാൻ കഴിഞ്ഞു? നിഷ്കളങ്കനായ യേശുവിനോടൊപ്പം പത്രോസിന് നിൽക്കാമായിരുന്നു. എന്നാൽ പത്രോസ് “നിത്യജീവന്റെ വചനങ്ങൾ” ഉള്ള യേശുവിന് പുറംതിരിഞ്ഞു. കാരണം യേശു ഇപ്പോൾ ഒരു നിന്ദ്യനായ കുറ്റവാളിയാണ്. സത്യം വളച്ചൊടിക്കപ്പെട്ടിരിക്കുന്നു.—യോഹന്നാൻ 6:68.
അപ്രതീക്ഷിതമായി വരുന്ന പരിശോധനകളും പ്രലോഭനങ്ങളും നേരിടാൻ വേണ്ടവിധത്തിൽ ഒരു വ്യക്തി തയ്യാറായിരിക്കണം. ഇല്ലെങ്കിൽ എത്ര നല്ല വിശ്വാസവും ഭക്തിയും ഉണ്ടെങ്കിലും അയാളുടെ സമനില തെറ്റിപ്പോയേക്കാം എന്നാണു പത്രോസിന്റെ അനുഭവം കാണിക്കുന്നത്. പത്രോസിന്റെ ഈ അനുഭവം എല്ലാ ദൈവദാസന്മാർക്കും ഒരു മുന്നറിയിപ്പാണ്.
-