-
സൻഹെദ്രിനും പീലാത്തൊസിനും മുമ്പാകെയുള്ള വിചാരണയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 127
സൻഹെദ്രിനും പീലാത്തൊസിനും മുമ്പാകെയുള്ള വിചാരണ
മത്തായി 27:1-11; മർക്കോസ് 15:1; ലൂക്കോസ് 22:66–23:3; യോഹന്നാൻ 18:28-35
രാവിലെ സൻഹെദ്രിനു മുമ്പാകെയുള്ള വിചാരണ
യൂദാസ് ഈസ്കര്യോത്ത് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നു
യേശുവിന് ശിക്ഷ വിധിക്കാനായി പീലാത്തൊസിന്റെ അടുത്തേക്ക് അയയ്ക്കുന്നു
പത്രോസ് യേശുവിനെ മൂന്നാം പ്രാവശ്യം തള്ളിപ്പറഞ്ഞപ്പോഴേക്കും നേരം വെളുക്കാറായിരുന്നു. സൻഹെദ്രിൻ അവരുടെ നാടകീയവിചാരണ അവസാനിപ്പിച്ച് പിരിയുകയാണ്. രാത്രിയിലെ ഈ വിചാരണ നിയമപരമാക്കാനായിരിക്കാം വെള്ളിയാഴ്ച രാവിലെ അവർ വീണ്ടും കൂടിവരുന്നത്. ഇപ്പോൾ യേശുവിനെ അവരുടെ മുമ്പാകെ വരുത്തുന്നു.
കോടതി വീണ്ടും യേശുവിനോടു ചോദിക്കുന്നു: “പറയൂ, നീ ക്രിസ്തുവാണോ?” അതിന് യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കില്ല. മാത്രമല്ല, ഞാൻ എന്തെങ്കിലും ചോദിച്ചാൽ നിങ്ങളും ഉത്തരം പറയില്ലല്ലോ.” എന്നാൽ ദാനിയേൽ 7:13-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത് തന്നെക്കുറിച്ചാണെന്ന കാര്യം യേശു ധൈര്യത്തോടെ അവർക്കു വെളിപ്പെടുത്തുന്നു. യേശു പറയുന്നു: “ഇനിമുതൽ മനുഷ്യപുത്രൻ ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കും.”—ലൂക്കോസ് 22:67-69; മത്തായി 26:63.
അവർ വിട്ടുകൊടുക്കാൻ തയ്യാറല്ല. ‘അപ്പോൾ നീ ദൈവപുത്രനാണോ’ എന്ന് അവർ ചോദിക്കുന്നു. യേശു അവരോട്, “ആണെന്നു നിങ്ങൾതന്നെ പറയുന്നല്ലോ” എന്നു പറഞ്ഞു. “നമുക്ക് ഇനി മറ്റാരുടെയെങ്കിലും മൊഴി എന്തിനാണ് ” എന്ന് അവർ ചോദിക്കുന്നു. യേശു ദൈവദൂഷണം പറയുകയാണെന്നു പറഞ്ഞ് യേശുവിനെ കൊല്ലുന്നതു ന്യായീകരിക്കാൻ അവർ ശ്രമിക്കുകയാണ്. (ലൂക്കോസ് 22:70, 71; മർക്കോസ് 14:64) എന്നിട്ട് അവർ യേശുവിനെ പിടിച്ചുകെട്ടി റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ അടുത്തേക്കു കൊണ്ടുപോകുന്നു.
ഇത് യൂദാസ് ഈസ്കര്യോത്ത് കണ്ടിരിക്കാം. യേശുവിനെ കുറ്റക്കാരനായി വിധിച്ചെന്നു മനസ്സിലാക്കിയപ്പോൾ യൂദാസിന് മനപ്രയാസം തോന്നി. എന്നാൽ മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുന്നതിനു പകരം, യൂദാസ് നേരെ പോയത് മുഖ്യപുരോഹിതന്മാരുടെ അടുത്തേക്കാണ്. 30 വെള്ളിക്കാശു തിരികെ കൊടുക്കാൻ ശ്രമിച്ചുകൊണ്ട് യൂദാസ് അവരോടു പറയുന്നു: “നിഷ്കളങ്കമായ രക്തം ഒറ്റിക്കൊടുത്ത ഞാൻ ചെയ്തതു പാപമാണ്.” എന്നാൽ യൂദാസിന് കിട്ടിയ മറുപടി ഇതായിരുന്നു: “അതിനു ഞങ്ങൾ എന്തു വേണം? അതു നിന്റെ കാര്യം.”—മത്തായി 27:4.
യൂദാസ് 30 വെള്ളിക്കാശു ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് ഇപ്പോൾ മറ്റൊരു തെറ്റുകൂടെ ചെയ്യാൻ പോകുകയാണ്. യൂദാസ് ആത്മഹത്യ ചെയ്യുന്നു. കെട്ടിത്തൂങ്ങിയപ്പോൾ മരത്തിന്റെ ശിഖരം ഒടിഞ്ഞിരിക്കാം. അയാൾ കീഴെയുള്ള പാറക്കെട്ടിലേക്കു വീഴുന്നു. വീഴ്ചയുടെ ശക്തി കാരണം ശരീരം പിളർന്നുപോകുന്നു.—പ്രവൃത്തികൾ 1:17, 18.
നേരം വെളുത്തുവരുന്നതേ ഉള്ളൂ. പൊന്തിയൊസ് പീലാത്തൊസിന്റെ കൊട്ടാരത്തിലേക്കു ജൂതന്മാർ യേശുവിനെ കൊണ്ടുപോകുകയാണ്. എന്നാൽ അവർ കൊട്ടാരത്തിൽ കയറാതെ നിൽക്കുന്നു. ജനതകളിൽപ്പെട്ടവരുമായി സമ്പർക്കത്തിൽ വരുന്നത് അവരെ അശുദ്ധരാക്കുമെന്ന് അവർ കരുതുന്നു. അങ്ങനെയായാൽ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിന്റെ ആദ്യദിവസമായ നീസാൻ 15-ാം തീയതി പെസഹാഭക്ഷണം കഴിക്കാൻ അവർക്കു സാധിക്കാതെ വരും. നീസാൻ 15 പെസഹയുടെതന്നെ ഭാഗമായിട്ടാണ് അവർ കണക്കാക്കിയിരുന്നത്.
പീലാത്തൊസ് പുറത്തുവന്ന് അവരോടു ചോദിക്കുന്നു: “ഈ മനുഷ്യന് എതിരെ എന്തു കുറ്റമാണു നിങ്ങൾ ആരോപിക്കുന്നത്?” അവർ പറഞ്ഞു: “കുറ്റവാളിയല്ലായിരുന്നെങ്കിൽ ഇവനെ ഞങ്ങൾ അങ്ങയെ ഏൽപ്പിക്കില്ലായിരുന്നല്ലോ.” അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിൽക്കാനുള്ള സമ്മർദം കൂടിക്കൂടി വരുന്നതായി പീലാത്തൊസിന് തോന്നിയിരിക്കാം. അതുകൊണ്ട് അദ്ദേഹം അവരോടു പറയുന്നു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ച് വിധിക്ക്.” ജൂതന്മാർ പീലാത്തൊസിനോടു പറയുന്നു: “ആരെയും കൊല്ലാൻ ഞങ്ങളുടെ നിയമം അനുവദിക്കുന്നില്ല.” ഈ വാക്കുകൾ അവരുടെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തുന്നു. യേശുവിനെ കൊല്ലുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.—യോഹന്നാൻ 18:29-31.
നിയമം അനുവദിച്ചാലും ഇല്ലെങ്കിലും അവർ പെസഹ ആഘോഷത്തിനിടയിൽ യേശുവിനെ കൊന്നാൽ ജനക്കൂട്ടം ഇളകാൻ സാധ്യതയുണ്ട്. എന്നാൽ രാജ്യദ്രോഹക്കുറ്റംപോലെയുള്ള എന്തെങ്കിലും യേശുവിന്റെ മേൽ ചുമത്താനായാൽ റോമാക്കാർതന്നെ യേശുവിനെ കൊന്നുകൊള്ളും. കാരണം ഇതുപോലുള്ള കുറ്റങ്ങൾക്കു വധശിക്ഷ നടപ്പാക്കാനുള്ള അധികാരം റോമാക്കാർക്കുണ്ടായിരുന്നു. അങ്ങനെയാകുമ്പോൾ ആളുകളുടെ മുന്നിൽ ജൂതന്മാർ നിരപരാധികളായിരിക്കുകയും ചെയ്യും.
അതുകൊണ്ട്, ദൈവദൂഷണം പറഞ്ഞു എന്ന കുറ്റം യേശുവിന് എതിരെ ചുമത്തിയിരിക്കുന്ന കാര്യമൊന്നും മതനേതാക്കന്മാർ പീലാത്തൊസിനോടു പറയുന്നില്ല. മറ്റു ചില ആരോപണങ്ങളാണ് ഇപ്പോൾ അവർ നിരത്തുന്നത്. “ഈ മനുഷ്യൻ (1) ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും (2) സീസറിനു നികുതി കൊടുക്കുന്നതു വിലക്കുകയും (3) താൻ ക്രിസ്തുവെന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു” എന്നൊക്കെയാണ് അവർ ഇപ്പോൾ പറയുന്നത്.—ലൂക്കോസ് 23:2.
താൻ രാജാവാണെന്ന് യേശു അവകാശപ്പെട്ടു എന്ന കാര്യം കേട്ടപ്പോൾ റോമിന്റെ പ്രതിനിധിയായ പീലാത്തൊസിന് അൽപ്പം ഉത്കണ്ഠ തോന്നിക്കാണും. അതുകൊണ്ട് പീലാത്തൊസ് കൊട്ടാരത്തിലേക്കു തിരികെ ചെന്ന് യേശുവിനെ വിളിപ്പിക്കുന്നു. എന്നിട്ട് ചോദിക്കുന്നു: “നീ ജൂതന്മാരുടെ രാജാവാണോ?” മറ്റു വാക്കുകളിൽ പറഞ്ഞാൽ പീലാത്തൊസ് ചോദിച്ചത്, ‘റോമൻ സാമ്രാജ്യത്തിന്റെ നിയമത്തിനു വിരുദ്ധമായി നീ നിന്നെത്തന്നെ സീസറിനു പകരം രാജാവായി പ്രഖ്യാപിച്ചിരിക്കുകയാണോ’ എന്നായിരുന്നു. “ഇത് അങ്ങ് സ്വയം തോന്നി ചോദിക്കുന്നതാണോ അതോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതിന്റെ പേരിൽ ചോദിക്കുന്നതാണോ” എന്നു യേശു ചോദിക്കുന്നു. (യോഹന്നാൻ 18:33, 34) ഇതിനോടകം പീലാത്തൊസ് തന്നെക്കുറിച്ച് എത്രത്തോളം കേട്ടിരിക്കുമെന്ന് അറിയാനായിരിക്കാം യേശു ഇങ്ങനെ ചോദിച്ചത്.
യേശുവിനെക്കുറിച്ചുള്ള വസ്തുതകളൊന്നും അറിയില്ലെന്നു നടിച്ചുകൊണ്ട്, കാര്യങ്ങൾ അറിയാനെന്ന മട്ടിൽ പീലാത്തൊസ് ചോദിക്കുന്നു: “അതിനു ഞാൻ ഒരു ജൂതനല്ലല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യപുരോഹിതന്മാരും ആണ് നിന്നെ എനിക്ക് ഏൽപ്പിച്ചുതന്നത്. നീ എന്താണു ചെയ്തത്?”—യോഹന്നാൻ 18:35.
രാജാധികാരം എന്ന മുഖ്യവിഷയം മൂടിവെക്കാൻ യേശു ശ്രമിക്കുന്നില്ല. ഗവർണറായ പീലാത്തൊസിനെ അതിശയിപ്പിക്കുന്ന ഒരു മറുപടിയാണ് യേശു കൊടുക്കുന്നത്.
-
-
യേശു നിരപരാധിയാണെന്നു പീലാത്തൊസും ഹെരോദും മനസ്സിലാക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 128
യേശു നിരപരാധിയാണെന്നു പീലാത്തൊസും ഹെരോദും മനസ്സിലാക്കുന്നു
മത്തായി 27:12-14, 18, 19; മർക്കോസ് 15:2-5; ലൂക്കോസ് 23:4-16; യോഹന്നാൻ 18:36-38
യേശു പീലാത്തൊസിന്റെയും ഹെരോദിന്റെയും മുന്നിൽ
താൻ ഒരു രാജാവാണെന്ന കാര്യം യേശു പീലാത്തൊസിൽനിന്ന് മറച്ചുപിടിക്കാൻ ശ്രമിക്കുന്നില്ല. വാസ്തവത്തിൽ യേശുവിന്റെ രാജ്യം റോമിന് ഒരു ഭീഷണിയല്ല. കാരണം യേശു പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ. എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.” (യോഹന്നാൻ 18:36) യേശുവിന് ഒരു രാജ്യമുണ്ട്, എന്നാൽ അത് ഈ ലോകത്തിന്റേതല്ല.
പീലാത്തൊസിന് വിടാൻ ഭാവമില്ല. പീലാത്തൊസ് ചോദിച്ചു: “അപ്പോൾ, നീ ഒരു രാജാവാണോ?” പീലാത്തൊസ് മനസ്സിലാക്കിയത് ശരിയാണെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു ഇങ്ങനെ പറയുന്നു: “ഞാൻ ഒരു രാജാവാണെന്ന് അങ്ങുതന്നെ പറയുന്നല്ലോ. സത്യത്തിനു സാക്ഷിയായി നിൽക്കാൻവേണ്ടിയാണു ഞാൻ ജനിച്ചത്. ഞാൻ ലോകത്തേക്കു വന്നിരിക്കുന്നതും അതിനായിട്ടാണ്. സത്യത്തിന്റെ പക്ഷത്തുള്ളവരെല്ലാം എന്റെ സ്വരം കേട്ടനുസരിക്കുന്നു.”—യോഹന്നാൻ 18:37.
യേശു മുമ്പ് തോമസിനോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും.” ‘സത്യത്തിനു’ സാക്ഷിയായി നിൽക്കാനാണ് യേശുവിനെ ഭൂമിയിലേക്ക് അയച്ചതെന്ന കാര്യം ഇപ്പോൾ പീലാത്തൊസും കേൾക്കുന്നു, പ്രത്യേകിച്ച് യേശുവിന്റെ രാജ്യത്തെക്കുറിച്ചുള്ള സത്യത്തിന്. സ്വന്തം ജീവൻ ബലികഴിച്ചിട്ടാണെങ്കിൽക്കൂടി സത്യത്തിനുവേണ്ടി വിശ്വസ്തനായി നിൽക്കാൻ യേശു ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. പീലാത്തൊസ് യേശുവിനോട് ചോദിക്കുന്നു: “എന്താണു സത്യം?” എന്നാൽ അതെക്കുറിച്ചുള്ള കൂടുതൽ വിശദീകരണം കേൾക്കാൻ പീലാത്തൊസ് നിൽക്കുന്നില്ല. യേശുവിന്റെ കേസ് വിധിക്കാൻ ആവശ്യമായ വിവരങ്ങൾ കിട്ടിയെന്ന് അദ്ദേഹത്തിന് തോന്നി.—യോഹന്നാൻ 14:6; 18:38.
പീലാത്തൊസ് വീണ്ടും കൊട്ടാരത്തിനു പുറത്ത് ചെന്ന്, “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല” എന്ന് മുഖ്യപുരോഹിതന്മാരോടും അവരുടെ കൂടെയുള്ളവരോടും പറയുന്നു. ഇതു പറയുമ്പോൾ ഒരുപക്ഷേ യേശു പീലാത്തൊസിന്റെ അടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. ആ തീരുമാനത്തിൽ കുപിതരായ ജനം ഉറച്ച സ്വരത്തിൽ, “ഇവൻ അങ്ങു ഗലീല മുതൽ ഇവിടം വരെ യഹൂദ്യയിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു” എന്നു പറഞ്ഞു.—ലൂക്കോസ് 23:4, 5.
ജൂതന്മാരുടെ കടുത്ത മതഭ്രാന്ത് പീലാത്തൊസിനെ അതിശയിപ്പിച്ചിട്ടുണ്ടാകും. മുഖ്യപുരോഹിതന്മാരും ജനത്തിലെ മുതിർന്നവരും വളരെ കുപിതരായി ബഹളം വെക്കുകയാണ്. അപ്പോൾ പീലാത്തൊസ് യേശുവിനോടു ചോദിക്കുന്നു: “താങ്കൾക്കെതിരെ ഇവർ സാക്ഷി പറയുന്നതു കേട്ടില്ലേ? എത്രയെത്ര കാര്യങ്ങളാണ് ഇവർ പറയുന്നത്?” (മത്തായി 27:13) യേശു ഇതിനൊന്നും ഉത്തരം പറയുന്നില്ല. ജനം അങ്ങേയറ്റം കുറ്റപ്പെടുത്തിയിട്ടും യേശുവിന്റെ മുഖത്ത് കാണുന്ന ശാന്തത പീലാത്തൊസിനെ അതിശയിപ്പിക്കുന്നു.
യേശു ‘ഗലീല മുതൽ പഠിപ്പിച്ചു’ എന്നു ജൂതന്മാർ പറഞ്ഞത് കേട്ടപ്പോഴാണ്, യേശു ഒരു ഗലീലക്കാരനാണെന്ന കാര്യം പീലാത്തൊസ് മനസ്സിലാക്കുന്നത്. ഇത് യേശുവിനെ ന്യായം വിധിക്കുന്നതിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു വഴിയായി പീലാത്തൊസ് കാണുന്നു. മഹാനായ ഹെരോദിന്റെ മകനായ ഹെരോദ് അന്തിപ്പാസ് ആണ് ഗലീല ഭരിക്കുന്നത്. ഇപ്പോൾ പെസഹയുടെ സമയത്ത് അദ്ദേഹം യരുശലേമിലുണ്ട്. അതുകൊണ്ട് പീലാത്തൊസ് യേശുവിനെ ഹെരോദിന്റെ അടുക്കലേക്ക് അയയ്ക്കുന്നു. ഈ ഹെരോദ് അന്തിപ്പാസാണ് സ്നാപകയോഹന്നാന്റെ തല വെട്ടിയത്. യേശു ചെയ്ത അത്ഭുതപ്രവൃത്തികളെക്കുറിച്ച് ഹെരോദ് കേട്ടപ്പോൾ, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ യോഹന്നാനാണ് യേശുവെന്നു ഹെരോദ് കരുതുന്നു.—ലൂക്കോസ് 9:7-9.
യേശുവിനെ കാണാൻ പറ്റുമെന്നോർത്ത് ഹെരോദ് സന്തോഷിക്കുന്നു. ഇത് യേശുവിനെ സഹായിക്കാനോ യേശുവിന് എതിരെ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കാനോ ഉള്ള ആഗ്രഹം കൊണ്ടൊന്നുമല്ല. ‘യേശു എന്തെങ്കിലും അടയാളം ചെയ്യുന്നതു കാണാമെന്ന പ്രതീക്ഷയിലായിരുന്നു.’ (ലൂക്കോസ് 23:8) എന്നാൽ യേശു അടയാളമൊന്നും കാണിക്കുന്നില്ല. ഹെരോദ് യേശുവിനെ ചോദ്യം ചെയ്യുമ്പോൾ യേശു ഒന്നും മിണ്ടുന്നില്ല. നിരാശരായ ഹെരോദും കാവൽഭടന്മാരും യേശുവിനോട് “ആദരവില്ലാതെ പെരുമാറി.” (ലൂക്കോസ് 23:11) എന്നിട്ട് യേശുവിനെ നിറപ്പകിട്ടുള്ള ഒരു വസ്ത്രം ധരിപ്പിച്ച് കളിയാക്കുന്നു. അതിനു ശേഷം പീലാത്തൊസിന്റെ അടുത്തേക്കുതന്നെ യേശുവിനെ തിരിച്ചയയ്ക്കുന്നു. പീലാത്തൊസും ഹെരോദും ശത്രുക്കളായിരുന്നു. എന്നാൽ ഇപ്പോൾ അവർ നല്ല സുഹൃത്തുക്കളായി മാറി.
പീലാത്തൊസിന്റെ അടുത്ത് യേശു തിരിച്ചെത്തുമ്പോൾ, അദ്ദേഹം മുഖ്യപുരോഹിതന്മാരെയും ജൂതനേതാക്കന്മാരെയും മറ്റാളുകളെയും വിളിച്ചിട്ട് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ മുന്നിൽവെച്ച് ഞാൻ ഇയാളെ വിസ്തരിച്ചിട്ടും നിങ്ങൾ ഇയാൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവും കണ്ടില്ല. ഹെരോദും കണ്ടില്ല. ഹെരോദ് ഇയാളെ നമ്മുടെ അടുത്തേക്കുതന്നെ തിരിച്ചയച്ചല്ലോ. മരണശിക്ഷ അർഹിക്കുന്ന ഒന്നും ഇയാൾ ചെയ്തിട്ടില്ല. അതുകൊണ്ട് വേണ്ട ശിക്ഷ കൊടുത്തിട്ട് ഞാൻ ഇയാളെ വിട്ടയയ്ക്കാൻപോകുകയാണ്.”—ലൂക്കോസ് 23:14-16.
യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തൊസിനു താത്പര്യമായിരുന്നു. കാരണം, പുരോഹിതന്മാർക്കു യേശുവിനോടുള്ള അസൂയ കാരണമാണ് തന്റെ അടുക്കൽ യേശുവിനെ കൊണ്ടുവന്നിരിക്കുന്നതെന്ന് പീലാത്തൊസ് മനസ്സിലാക്കുന്നു. യേശുവിനെ വെറുതെ വിടാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു ചിന്തിക്കുന്ന സമയത്ത്, അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യംകൂടി സംഭവിക്കുന്നു. പീലാത്തൊസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആളയച്ച് ഇങ്ങനെ അറിയിക്കുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്നത്തിൽ (ദൈവത്തിൽനിന്നുള്ള ഒന്നാകാം.) ഒരുപാടു കഷ്ടപ്പെട്ടു.”—മത്തായി 27:19.
നിരപരാധിയായ യേശുവിനെ വിട്ടയയ്ക്കേണ്ടതാണെന്നു പീലാത്തൊസിന് അറിയാം. പക്ഷേ, എങ്ങനെ വിട്ടയയ്ക്കും?
-
-
“ഇതാ, ആ മനുഷ്യൻ!”യേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 129
“ഇതാ, ആ മനുഷ്യൻ!”
മത്തായി 27:15-17, 20-30; മർക്കോസ് 15:6-19; ലൂക്കോസ് 23:18-25; യോഹന്നാൻ 18:39–19:5
യേശുവിനെ വെറുതെ വിടാൻ പീലാത്തൊസ് ശ്രമിക്കുന്നു
ജൂതന്മാർ ബറബ്ബാസിനെ ചോദിക്കുന്നു
യേശുവിനെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു
യേശുവിന്റെ മരണത്തിനായി മുറവിളി കൂട്ടുന്ന ജനത്തോടു പീലാത്തൊസ് പറയുന്നു: “നിങ്ങൾ ഇയാൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവും കണ്ടില്ല. ഹെരോദും കണ്ടില്ല.” (ലൂക്കോസ് 23:14, 15) യേശുവിനെ രക്ഷിക്കാൻ മറ്റൊരു ശ്രമം നടത്തിക്കൊണ്ട് പീലാത്തൊസ് ഇങ്ങനെ പറയുന്നു: “പെസഹയ്ക്ക് ഞാൻ നിങ്ങൾക്കൊരു തടവുകാരനെ വിട്ടുതരുന്ന പതിവുണ്ടല്ലോ. ജൂതന്മാരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരട്ടേ?”—യോഹന്നാൻ 18:39.
പീലാത്തൊസിന് ജയിൽപ്പുള്ളിയായ ബറബ്ബാസിനെ അറിയാം. ബറബ്ബാസ് ഒരു കള്ളനും കൊലപാതകിയും കലാപകാരിയും ആണ്. അതുകൊണ്ട് പീലാത്തൊസ് ചോദിക്കുന്നു: “ഞാൻ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്, ബറബ്ബാസിനെയോ അതോ ആളുകൾ ക്രിസ്തുവെന്നു വിളിക്കുന്ന യേശുവിനെയോ.” മുഖ്യപുരോഹിതന്മാരുടെ വാക്കു കേട്ട് യേശുവിന് പകരം ബറബ്ബാസിനെ വിട്ടുതരാൻ ജനം ആവശ്യപ്പെടുന്നു. പീലാത്തൊസ് വീണ്ടും അവരോട്, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത് ” എന്നു ചോദിച്ചപ്പോൾ, “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു.—മത്തായി 27:17, 21.
നിരാശയോടെ പീലാത്തൊസ്, “ക്രിസ്തു എന്നു വിളിക്കുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. “അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു. (മത്തായി 27:22) ആ ജനം നിഷ്കളങ്കനായ ഒരു മനുഷ്യന്റെ മരണത്തിനുവേണ്ടി മുറവിളി കൂട്ടുകയാണ്. എത്ര ലജ്ജാകരം! പീലാത്തൊസ് അവരോട് അപേക്ഷിക്കുന്നു: “എന്തിന്? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്തു? മരണം അർഹിക്കുന്നതൊന്നും ഞാൻ ഇയാളിൽ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ ശിക്ഷിച്ചിട്ട് വിട്ടയയ്ക്കുകയാണ്.”—ലൂക്കോസ് 23:22.
പീലാത്തൊസ് പല തവണ ശ്രമിച്ചിട്ടും, കുപിതരായ ജനം ഏകസ്വരത്തിൽ “അവനെ സ്തംഭത്തിലേറ്റ്!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. (മത്തായി 27:23) യേശുവിന്റെ രക്തത്തിനുവേണ്ടി ഇങ്ങനെ അലമുറയിടാൻ ജനക്കൂട്ടത്തെ ഇളക്കിവിട്ടത് മതനേതാക്കന്മാരാണ്! അവർ ചോദിക്കുന്നത് ഏതെങ്കിലും ഒരു കുറ്റവാളിയുടെയോ കൊലപാതകിയുടെയോ രക്തമല്ല, പകരം നിഷ്കളങ്കനായ ഒരു മനുഷ്യന്റെ രക്തമാണ്, അഞ്ചു ദിവസം മുമ്പ് യരുശലേമിലേക്ക് ഒരു രാജാവായി ജനം സ്വീകരിച്ച മനുഷ്യന്റെ! ഇപ്പോൾ അലമുറയിടുന്ന ഈ ജനക്കൂട്ടത്തിൽ യേശുവിന്റെ ശിഷ്യന്മാർ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽത്തന്നെ അവർ ആരുടെയും ശ്രദ്ധയിൽപ്പെടാതെ നിൽക്കുകയായിരിക്കും.
താൻ പറയുന്നതൊന്നും ജനം അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലെന്നു പീലാത്തൊസ് മനസ്സിലാക്കുന്നു. മുറവിളി കൂടിക്കൂടി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പീലാത്തൊസ് കുറച്ച് വെള്ളം എടുത്ത് ജനത്തിന്റെ മുമ്പാകെ കൈകൾ കഴുകുന്നു. എന്നിട്ട് അവരോടു പറയുന്നു: “ഈ മനുഷ്യന്റെ രക്തത്തിൽ എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റുകൊള്ളണം!” ഇതൊന്നും ജനത്തിന്റെ മനോഭാവത്തിന് ഒരു മാറ്റവും വരുത്തുന്നില്ല. “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്നാണ് അവർ പറയുന്നത്.—മത്തായി 27:24, 25.
താൻ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും ജനത്തെ തൃപ്തിപ്പെടുത്താൻ ഗവർണർ ആഗ്രഹിക്കുന്നു. അതുകൊണ്ട്, ജനത്തിന്റെ ആവശ്യമനുസരിച്ച് പീലാത്തൊസ് ബറബ്ബാസിനെ ജനത്തിനു വിട്ടുകൊടുക്കുന്നു. എന്നിട്ട് യേശുവിന്റെ വസ്ത്രം ഉരിഞ്ഞിട്ട് ചാട്ടയ്ക്ക് അടിപ്പിക്കുന്നു.
ക്രൂരമായി തല്ലിയതിനു ശേഷം, പടയാളികൾ യേശുവിനെ ഗവർണറിന്റെ കൊട്ടാരത്തിലേക്കു കൊണ്ടുപോകുന്നു. പടയാളികളുടെ കൂട്ടം യേശുവിനെ വീണ്ടും പരിഹസിക്കുന്നു. ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി യേശുവിന്റെ തലയിൽ വെക്കുന്നു. എന്നിട്ട് രാജാക്കന്മാർ ധരിക്കുന്നതുപോലുള്ള പർപ്പിൾ നിറത്തിലുള്ള ഒരു വസ്ത്രവും ധരിപ്പിക്കുന്നു. യേശുവിന്റെ വലതുകൈയിൽ ഒരു ഈറ്റത്തണ്ടും വെച്ചുകൊടുത്തു. എന്നിട്ട് “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്നു പരിഹാസത്തോടെ പറയുന്നു. (മത്തായി 27:28, 29) കൂടാതെ യേശുവിന്റെ മേൽ തുപ്പുകയും മാറിമാറി മുഖത്ത് അടിക്കുകയും ചെയ്യുന്നു. യേശുവിന്റെ കൈയിൽ കൊടുത്ത ബലമുള്ള ഈറ്റത്തണ്ടുകൊണ്ടുതന്നെ അവർ യേശുവിന്റെ തലയ്ക്ക് അടിക്കുന്നു. അപ്പോൾ, കളിയാക്കാനായി യേശുവിന്റെ തലയിൽ വെച്ചിരുന്ന ‘കിരീടത്തിന്റെ’ മുള്ളുകൾ തലയോട്ടിയിലേക്ക് ആഴ്ന്നിറങ്ങുന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും പതറാതെ നിൽക്കുന്ന യേശുവിന്റെ മനക്കരുത്ത് കണ്ടപ്പോൾ പീലാത്തൊസിനു വലിയ മതിപ്പു തോന്നുന്നു. യേശുവിനെ വധിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പീലാത്തൊസ് ഒരു ശ്രമംകൂടി നടത്തിക്കൊണ്ട് ഇങ്ങനെ പറയുന്നു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ മനസ്സിലാക്കാൻ ഇതാ, ഞാൻ അയാളെ നിങ്ങളുടെ അടുത്ത് കൊണ്ടുവരുന്നു.” അടികൊണ്ട് ചോര ഒലിച്ച് നിൽക്കുന്ന യേശുവിനെ കാണുമ്പോൾ ജനത്തിന്റെ മനസ്സ് അലിയുമെന്ന് പീലാത്തൊസ് ചിന്തിച്ചുകാണുമോ? ഹൃദയശൂന്യരായ ആ ജനത്തിനു മുമ്പാകെ യേശു നിൽക്കുമ്പോൾ പീലാത്തൊസ് പറയുന്നു: “ഇതാ, ആ മനുഷ്യൻ!”—യോഹന്നാൻ 19:4, 5.
അടികൊണ്ട് വല്ലാതെ മുറിവേറ്റിട്ടും ശാന്തത കൈവിടാതെ തല ഉയർത്തി നിൽക്കുന്ന യേശുവിനോടു പീലാത്തൊസിന് സഹതാപവും ബഹുമാനവും തോന്നിക്കാണുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
-
-
യേശുവിനെ ജൂതന്മാർക്ക് വിട്ടുകൊടുക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 130
യേശുവിനെ ജൂതന്മാർക്ക് വിട്ടുകൊടുക്കുന്നു
മത്തായി 27:31, 32; മർക്കോസ് 15:20, 21; ലൂക്കോസ് 23:24-31; യോഹന്നാൻ 19:6-17
പീലാത്തൊസ് യേശുവിനെ വിട്ടയയ്ക്കാൻ ശ്രമിക്കുന്നു
യേശുവിനെ ഒരു കുറ്റവാളിയാക്കി മരണശിക്ഷയ്ക്കു വിധിക്കുന്നു
യേശുവിനെ പരിഹസിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തെങ്കിലും അതുകൊണ്ടൊന്നും മുഖ്യപുരോഹിതന്മാർക്കും കൂട്ടാളികൾക്കും മതിയാകുന്നില്ല. യേശുവിനെ കൊല്ലുക എന്നതാണ് അവരുടെ ഒരേ ഒരു ലക്ഷ്യം. അതുകൊണ്ട് യേശുവിനെ വിട്ടയയ്ക്കാനുള്ള പീലാത്തൊസിന്റെ ശ്രമം വിജയിക്കുന്നില്ല. “അവനെ സ്തംഭത്തിലേറ്റ്! അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ അലറിവിളിക്കുന്നു. എന്നാൽ പീലാത്തൊസ് അവരോടു പറയുന്നു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി സ്തംഭത്തിലേറ്റിക്കൊള്ളൂ. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല.”—യോഹന്നാൻ 19:6.
യേശു രാജ്യദ്രോഹംപോലുള്ള ഗുരുതരമായ കുറ്റം ചെയ്തെന്നും അതിനാൽ മരണശിക്ഷ അർഹിക്കുന്നെന്നും പീലാത്തൊസിനെ ബോധ്യപ്പെടുത്താൻ ജൂതന്മാർക്കു കഴിയുന്നില്ല. അതുകൊണ്ട് ഇപ്പോൾ അവർ മതപരമായ ഒരു കുറ്റം ആരോപിക്കുന്നു. യേശു ദൈവദൂഷകനാണെന്നു സൻഹെദ്രിനു മുമ്പാകെ അവർ പറഞ്ഞ അതേ കുറ്റം ഇപ്പോൾ അവർ പീലാത്തൊസിനു മുമ്പാകെയും ഉന്നയിക്കുന്നു. “ഞങ്ങൾക്ക് ഒരു നിയമമുണ്ട്. അതനുസരിച്ച് ഇവൻ മരിക്കണം. കാരണം ഇവൻ ദൈവപുത്രനെന്ന് അവകാശപ്പെടുന്നു” എന്ന് അവർ പീലാത്തൊസിനോട് പറയുന്നു. (യോഹന്നാൻ 19:7) ഇപ്പോൾ പീലാത്തൊസ് യേശുവിന് എതിരെ പുതിയൊരു ആരോപണമാണ് കേൾക്കുന്നത്.
ഈ ഉപദ്രവങ്ങളെല്ലാം നേരിട്ടിട്ടും യേശു പതറാതെ നിൽക്കുന്നതും തന്റെ ഭാര്യ യേശുവിനെക്കുറിച്ച് സ്വപ്നം കണ്ട കാര്യവും പീലാത്തൊസിന്റെ മനസ്സിലുണ്ട്. യേശുവിനെ വിട്ടയയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിച്ചുകൊണ്ട് ഇപ്പോൾ പീലാത്തൊസ് തന്റെ വസതിക്കുള്ളിലേക്കു പോകുന്നു. (മത്തായി 27:19) ‘എന്താണാവോ ഈ പുതിയ ആരോപണം? യേശു ദൈവപുത്രനാണെന്നോ?’ യേശു ഗലീലയിൽനിന്നാണെന്ന് പീലാത്തൊസിന് അറിയാം. (ലൂക്കോസ് 23:5-7) എങ്കിലും യേശുവിനോട്, “താൻ എവിടെനിന്നാണ് ” എന്നു ചോദിക്കുന്നു. (യോഹന്നാൻ 19:9) യേശു ഇതിനു മുമ്പു സ്വർഗത്തിൽ ജീവിച്ചിരുന്നോ എന്നും ദൈവത്തിന്റെ അടുത്തുനിന്ന് വന്നയാളാണോ എന്നും പീലാത്തൊസ് ചിന്തിച്ചുകാണുമോ?
യേശു ഒരു രാജാവാണെന്നും യേശുവിന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ലെന്നും യേശു പറയുന്നത് പീലാത്തൊസ് നേരിട്ട് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതെക്കുറിച്ച് കൂടുതൽ വിശദീകരണത്തിനൊന്നും പോകാതെ യേശു മൗനം പാലിക്കുന്നു. യേശു നിശ്ശബ്ദനായി നിന്നത് പീലാത്തൊസിന്റെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കുന്നു. ദേഷ്യത്തോടെ പീലാത്തൊസ് യേശുവിനോട് ചോദിച്ചു: “എന്താ, എന്നോട് ഒന്നും പറയില്ലെന്നാണോ? തന്നെ വിട്ടയയ്ക്കാനും വധിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിയില്ലേ?”—യോഹന്നാൻ 19:10.
യേശു ഇങ്ങനെ മാത്രം പറയുന്നു: “മുകളിൽനിന്ന് തന്നില്ലെങ്കിൽ അങ്ങയ്ക്ക് എന്റെ മേൽ ഒരു അധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ എന്നെ അങ്ങയുടെ കൈയിൽ ഏൽപ്പിച്ചുതന്ന മനുഷ്യന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.” (യോഹന്നാൻ 19:11) അതു പറഞ്ഞപ്പോൾ യേശു ഒരു വ്യക്തിയെ മാത്രമായിരിക്കില്ല ഉദ്ദേശിച്ചത്. പകരം ആ പാപത്തിൽ പങ്കുണ്ടായിരുന്ന കയ്യഫയെയും അയാളുടെ സഹചാരികളെയും യൂദാസ് ഈസ്കര്യോത്തയെയും ഒക്കെയായിരിക്കാം യേശു ഉദ്ദേശിച്ചത്.
യേശുവിന്റെ വാക്കുകളും പക്വതയോടെയുള്ള സമീപനവും പീലാത്തൊസിൽ വലിയ മതിപ്പുളവാക്കുന്നു. യേശു ദൈവത്തിന്റെ അടുക്കൽനിന്ന് വന്നയാളാണോ എന്ന ഭയവും പീലാത്തൊസിനുണ്ട്. അതുകൊണ്ട് വീണ്ടും യേശുവിനെ വെറുതെ വിടാൻ പീലാത്തൊസ് ശ്രമിക്കുന്നു. എന്നാൽ ഇപ്പോൾ പീലാത്തൊസ് ഒരുപക്ഷേ ഭയപ്പെട്ടിരുന്ന കാര്യംതന്നെ ജൂതന്മാർ അദ്ദേഹത്തോടു പറയുന്നു. അവർ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നു: “ഇവനെ വിട്ടയച്ചാൽ അങ്ങ് സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഒരാൾ സീസറിനെ എതിർക്കുന്നു.”—യോഹന്നാൻ 19:12.
ഗവർണർ ഒരിക്കൽക്കൂടി യേശുവിനെ പുറത്തേക്കു കൊണ്ടുവന്നിട്ട്, ന്യായാസനത്തിലിരുന്നുകൊണ്ട് ഇങ്ങനെ പറയുന്നു: “ഇതാ, നിങ്ങളുടെ രാജാവ്.” ഇപ്പോഴും ജൂതന്മാരുടെ മനസ്സിന് ഒരു മാറ്റവും ഇല്ല. “അവന്റെ കഥ കഴിക്ക്! അവനെ കൊന്നുകളയണം! അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ അലറിവിളിക്കുന്നു. എന്നാൽ പീലാത്തൊസ് ഇങ്ങനെ ചോദിക്കുന്നു: “നിങ്ങളുടെ രാജാവിനെ ഞാൻ വധിക്കണമെന്നോ?” റോമൻ ഭരണത്തിൻ കീഴിൽ ജൂതന്മാർ വളരെയധികം കഷ്ടത അനുഭവിച്ചിട്ടുണ്ടെങ്കിലും, “ഞങ്ങൾക്കു സീസറല്ലാതെ മറ്റൊരു രാജാവില്ല” എന്ന് മുഖ്യപുരോഹിതന്മാർ തറപ്പിച്ച് പറയുന്നു.—യോഹന്നാൻ 19:14, 15.
ഒടുവിൽ പീലാത്തൊസ് ജൂതന്മാരുടെ സമ്മർദത്തിനു വഴങ്ങി യേശുവിനെ വധിക്കുന്നതിനായി അവർക്ക് വിട്ടുകൊടുക്കുന്നു. അവർ യേശുവിന്റെ പർപ്പിൾ നിറത്തിലുള്ള മേലങ്കി അഴിച്ചുമാറ്റി യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിക്കുന്നു. കൊല്ലാൻ കൊണ്ടുപോകുമ്പോൾ തന്റെ ദണ്ഡനസ്തംഭം ചുമക്കുന്നത് യേശു തന്നെയാണ്.
നീസാൻ 14 വെള്ളിയാഴ്ച. സമയം ഇപ്പോൾ ഉച്ചയോടടുത്തു. വ്യാഴാഴ്ച അതിരാവിലെ എഴുന്നേറ്റ യേശു ഇതുവരെ ഉറങ്ങിയിട്ടില്ല. ഒന്നിനു പുറകേ ഒന്നായി കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോയ യേശുവിന് ഇപ്പോൾ ദണ്ഡനസ്തംഭത്തിന്റെ ഭാരം താങ്ങാൻ കഴിയുന്നില്ല. യേശുവിന്റെ ബലമെല്ലാം ചോർന്നുപോയി. പടയാളികൾ അതു കണ്ട് അതുവഴി കടന്നുപോയ ആഫ്രിക്കയിലെ കുറേനയിൽനിന്നുള്ള ശിമോനെ ദണ്ഡനസ്തംഭം ചുമക്കാൻ നിർബന്ധിക്കുന്നു. സംഭവിക്കുന്ന കാര്യങ്ങൾ കണ്ടുകൊണ്ട് പല ആളുകളും കരഞ്ഞും വിലപിച്ചും കൊണ്ട് യേശുവിന്റെ പിന്നാലെ പോകുന്നു.
വിലപിക്കുന്ന സ്ത്രീകളോട് യേശു ഇങ്ങനെ പറയുന്നു: “യരുശലേംപുത്രിമാരേ, എന്നെ ഓർത്ത് കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയൂ. കാരണം, ‘പ്രസവിക്കുകയോ മുലയൂട്ടുകയോ ചെയ്യാത്ത വന്ധ്യമാരായ സ്ത്രീകൾ സന്തുഷ്ടർ’ എന്ന് ആളുകൾ പറയുന്ന കാലം ഇതാ വരുന്നു. അന്ന് അവർ മലകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും. മരം പച്ചയായിരിക്കുമ്പോൾ സ്ഥിതി ഇതാണെങ്കിൽ അത് ഉണങ്ങിക്കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ?”—ലൂക്കോസ് 23:28-31.
യേശു അതു പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് ജൂതജനതയെയാണ്. അവർ ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു മരംപോലെയാണ്. എന്നാൽ ആ ജനതയിൽ ഇപ്പോഴും അൽപ്പം പച്ചപ്പ് അവശേഷിക്കുന്നുണ്ട്. കാരണം യേശുവും യേശുവിൽ വിശ്വസിക്കുന്ന കുറച്ച് ജൂതന്മാരും അവിടെയുണ്ട്. എന്നാൽ യേശു മരിക്കുകയും ശിഷ്യന്മാർ ജൂതമതം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ ആ ജനത ആത്മീയമായി കരിഞ്ഞുണങ്ങും. ഒരു ഉണങ്ങിയ മരംപോലെയായിത്തീരും അവർ, ആത്മീയത ഒട്ടുമില്ലാത്ത വെറും ഒരു ജനത! റോമൻ സൈന്യം ദൈവത്തിന്റെ വധനിർവാഹകരായി ഈ ജനത്തെ ആക്രമിക്കുമ്പോൾ അവിടെ വലിയ നിലവിളികൾ ഉയരും.
-
-
നിരപരാധിയായ രാജാവ് ദണ്ഡനസ്തംഭത്തിൽയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 131
നിരപരാധിയായ രാജാവ് ദണ്ഡനസ്തംഭത്തിൽ
മത്തായി 27:33-44; മർക്കോസ് 15:22-32; ലൂക്കോസ് 23:32-43; യോഹന്നാൻ 19:17-24
യേശുവിനെ ദണ്ഡനസ്തംഭത്തിൽ തറയ്ക്കുന്നു
ദണ്ഡനസ്തംഭത്തിൽ എഴുതിയിരിക്കുന്ന കുറിപ്പ് പരിഹാസത്തിന് ഇടയാക്കുന്നു
ഭൂമിയിലെ പറുദീസയെക്കുറിച്ചുള്ള പ്രത്യാശ യേശു നൽകുന്നു
നഗരത്തിൽനിന്ന് അധികം അകലെയല്ലാതെ ഗൊൽഗോഥ അഥവാ തലയോടിടം എന്നിടത്തേക്ക് യേശുവിനെയും രണ്ടു കവർച്ചക്കാരെയും വധിക്കാനായി കൊണ്ടുപോകുന്നു. ആ സ്ഥലം “അകലെ” നിന്നുപോലും കാണാൻ കഴിയുമായിരുന്നു.—മർക്കോസ് 15:40.
മൂന്നു കുറ്റവാളികളുടെയും വസ്ത്രം ഊരുന്നു. എന്നിട്ട് മീറയും കയ്പുരസമുള്ള ഒരു സാധനവും കലക്കിയ വീഞ്ഞ് അവർക്കു കൊടുക്കുന്നു. യരുശലേമിലെ സ്ത്രീകളായിരിക്കാം ഈ വീഞ്ഞ് ഉണ്ടാക്കിയത്. മരണവേദന അനുഭവിക്കുന്നവരുടെ വേദന കുറയ്ക്കാൻ ഈ വീഞ്ഞ് കൊടുക്കുന്നത് റോമാക്കാർ തടഞ്ഞിരുന്നില്ല. യേശു അതു രുചിച്ചുനോക്കി, പക്ഷേ കുടിച്ചില്ല. എന്തുകൊണ്ട്? താൻ നേരിടാൻപോകുന്ന വലിയ പരിശോധനയെ അതിന്റെ പൂർണതികവിൽ സ്വീകരിക്കാൻ യേശു ആഗ്രഹിച്ചു. സുബോധത്തോടുകൂടി, വിശ്വസ്തനായി മരിക്കാൻ യേശു ആഗ്രഹിക്കുന്നു.
യേശുവിനെ സ്തംഭത്തിൽ കിടത്തി പടയാളികൾ യേശുവിന്റെ കൈയിലും കാലിലും ആണികൾ അടിച്ചു കയറ്റുന്നു. (മർക്കോസ് 15:25) ആ ആണികൾ യേശുവിന്റെ മാംസവും പേശീതന്തുക്കളും തുളച്ച് ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു. യേശു കഠോരവേദനയിലാണ്. അവർ സ്തംഭം ഉയർത്തുമ്പോൾ യേശുവിന്റെ ശരീരത്തിന്റെ ഭാരംകൊണ്ട് ആണിപ്പഴുതുകൾ വലിഞ്ഞുകീറുന്നു. വേദന ഇപ്പോൾ അസഹ്യമായിത്തീരുന്നു. ഇത്രയൊക്കെയായിട്ടും യേശുവിനു പടയാളികളോടു വെറുപ്പു തോന്നുന്നില്ല. മറിച്ച് ഇങ്ങനെ പ്രാർഥിക്കുന്നു: “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ലാത്തതുകൊണ്ട് ഇവരോടു ക്ഷമിക്കേണമേ.”—ലൂക്കോസ് 23:34.
കുറ്റകൃത്യത്തെക്കുറിച്ചുള്ള ഒരു മേലെഴുത്ത് എഴുതി വെക്കുന്നത് റോമാക്കാരുടെ പതിവായിരുന്നു. പീലാത്തൊസും അതുപോലൊരു മേലെഴുത്ത് എഴുതി. അത് ഇങ്ങനെയായിരുന്നു: “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്.” അത് എബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതിയിരുന്നു. അതുകൊണ്ട് മിക്കവർക്കുംതന്നെ അതു വായിക്കാൻ കഴിഞ്ഞു. യേശുവിനെ കൊല്ലണമെന്നു നിർബന്ധം പിടിച്ച ജൂതന്മാരോടുള്ള വെറുപ്പു കാരണമാണ് പീലാത്തൊസ് അങ്ങനെ എഴുതിയത്. എന്നാൽ അത് ഇഷ്ടപ്പെടാത്ത മുഖ്യപുരോഹിതന്മാർ പീലാത്തൊസിനോടു പറഞ്ഞു: “‘ജൂതന്മാരുടെ രാജാവ് ’ എന്നല്ല, ‘ഞാൻ ജൂതന്മാരുടെ രാജാവാണ് ’ എന്ന് ഇവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്.” എന്നാൽ ഇപ്രാവശ്യം അവരുടെ ചൊൽപ്പടിക്കു നിൽക്കാതെ പീലാത്തൊസ് ശക്തമായി ഇങ്ങനെ പറഞ്ഞു: “ഞാൻ എഴുതിയത് എഴുതി.”—യോഹന്നാൻ 19:19-22.
ഇത് കേട്ടപ്പോൾ പുരോഹിതന്മാർക്കു വല്ലാത്ത ദേഷ്യം വന്നു. അതുകൊണ്ട് സൻഹെദ്രിന്റെ മുമ്പാകെ വിചാരണ ചെയ്തപ്പോൾ കള്ളസാക്ഷികൾ പറഞ്ഞ നുണകൾ അവർ പറഞ്ഞുപരത്തുന്നു. അതിലേ കടന്നുപോകുന്നവർ തല കുലുക്കിക്കൊണ്ട് യേശുവിനെ ഇങ്ങനെ നിന്ദിച്ചുപറഞ്ഞു: “ഹേ! ദേവാലയം ഇടിച്ചുകളഞ്ഞ് മൂന്നു ദിവസത്തിനകം പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്ക്. ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവാ.” അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കളിയാക്കിക്കൊണ്ട് തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവരട്ടെ. അതു കണ്ടാൽ ഇവനിൽ വിശ്വസിക്കാം.” (മർക്കോസ് 15:29-32) യേശുവിന്റെ വലത്തും ഇടത്തും ആയി തൂക്കപ്പെട്ടിരുന്ന കവർച്ചക്കാരും യേശുവിനെ നിന്ദിക്കുന്നു. വാസ്തവത്തിൽ യേശു മാത്രമായിരുന്നു അവർക്കിടയിൽ നിരപരാധി.
നാലു റോമൻ പടയാളികളും യേശുവിനെ കളിയാക്കുന്നു. ഒരുപക്ഷേ അവർ അവിടെയിരുന്ന് പുളിച്ച വീഞ്ഞ് കുടിച്ചു കാണും. എന്നിട്ട് യേശുവിനെ കൊതിപ്പിക്കാൻ എന്ന മട്ടിൽ യേശുവിന്റെ നേരെ വീഞ്ഞു നീട്ടുന്നു. കൂടാതെ പീലാത്തൊസ് എഴുതിയ മേലെഴുത്ത് കണ്ടിട്ടായിരിക്കാം കളിയാക്കിക്കൊണ്ട് റോമാക്കാർ പറയുന്നു: “നീ ജൂതന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക.” (ലൂക്കോസ് 23:36, 37) അതെക്കുറിച്ചൊന്നു ചിന്തിക്കുക! വഴിയും സത്യവും ജീവനും താനാണെന്ന് തെളിയിച്ച ആ മനുഷ്യൻ ഇപ്പോൾ അന്യായമായ പരിഹാസത്തിനും നിന്ദയ്ക്കും ഇരയാകുന്നു. എന്നിട്ടും അടിപതറാതെ യേശു അതൊക്കെ സഹിക്കുന്നു. തന്നോടു ക്രൂരമായി പെരുമാറിയ ജൂതന്മാരെയും തന്നെ കളിയാക്കുന്ന റോമൻ പടയാളികളെയും ഇരുവശങ്ങളിലും കിടക്കുന്ന കുറ്റവാളികളെയും യേശു അധിക്ഷേപിക്കുന്നില്ല.
നാലു പടയാളികൾ യേശുവിന്റെ പുറങ്കുപ്പായം നാലായി വീതിച്ച് എടുക്കുന്നു. ആർക്ക്, ഏതു ഭാഗം കിട്ടുമെന്ന് അറിയാൻ അവർ നറുക്കിടുന്നു. യേശു ധരിച്ചിരുന്ന ഉള്ളങ്കി വളരെ മേന്മയേറിയതായിരുന്നു. അത് “മുകൾമുതൽ അടിവരെ തുന്നലില്ലാതെ നെയ്തെടുത്തതായിരുന്നു.” അതുകൊണ്ട് അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത് ആർക്കു കിട്ടുമെന്നു നമുക്കു നറുക്കിട്ട് തീരുമാനിക്കാം.” “എന്റെ വസ്ത്രം അവർ വീതിച്ചെടുത്തു. എന്റെ ഉടുപ്പിനായി അവർ നറുക്കിട്ടു” എന്ന തിരുവെഴുത്ത് അങ്ങനെ നിറവേറി.—യോഹന്നാൻ 19:23, 24; സങ്കീർത്തനം 22:18.
എന്നാൽ പിന്നീട് കുറ്റവാളികളിൽ ഒരാൾ, യേശു ശരിക്കും ഒരു രാജാവാണെന്ന് തിരിച്ചറിഞ്ഞുകാണും. അതുകൊണ്ട് അയാൾ മറ്റേ ആളെ ശകാരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “ഈ മനുഷ്യന്റെ അതേ ശിക്ഷാവിധി കിട്ടിയിട്ടും നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലേ? നമുക്ക് ഈ ശിക്ഷ ലഭിച്ചതു ന്യായമാണ്. നമ്മൾ ചെയ്തുകൂട്ടിയതിനു കിട്ടേണ്ടതു കിട്ടി. എന്നാൽ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്തിട്ടില്ല.” പിന്നെ അയാൾ, “യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ” എന്നു പറഞ്ഞു.—ലൂക്കോസ് 23:40-42.
അപ്പോൾ യേശു അയാളോടു പറഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” ‘നീ എന്റെകൂടെ രാജ്യത്തിലുണ്ടായിരിക്കും’ എന്നല്ല യേശു പറയുന്നത് പകരം “പറുദീസയിലുണ്ടായിരിക്കും” എന്നാണ്. (ലൂക്കോസ് 23:43) എന്നാൽ അപ്പോസ്തലന്മാരോട്, അവർ തന്റെ രാജ്യത്തിൽ സിംഹാസനങ്ങളിൽ ഇരുന്ന് തന്നോടൊപ്പം ഭരിക്കുമെന്ന് യേശു പറഞ്ഞിരുന്നു. അതിൽനിന്ന് വ്യത്യസ്തമാണ് ഇത്. (മത്തായി 19:28; ലൂക്കോസ് 22:29, 30) ആദാമിനും ഹവ്വയ്ക്കും അവരുടെ മക്കൾക്കും യഹോവ നൽകിയ ഭൂമിയിലെ പറുദീസയെക്കുറിച്ച് ഈ ജൂതകുറ്റവാളി കേട്ടിട്ടുണ്ടായിരിക്കും. ഇപ്പോൾ ഈ കുറ്റവാളിക്ക് ആ പ്രത്യാശയോടെ മരിക്കാൻ കഴിയും.
-
-
“ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”യേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 132
“ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”
മത്തായി 27:45-56; മർക്കോസ് 15:33-41; ലൂക്കോസ് 23:44-49; യോഹന്നാൻ 19:25-30
യേശു ദണ്ഡനസ്തംഭത്തിൽ മരിക്കുന്നു
യേശുവിന്റെ മരണസമയത്ത് അസാധാരണമായ സംഭവങ്ങൾ നടക്കുന്നു
ഇപ്പോൾ സമയം “ആറാം മണി” നേരം, അതായത് ഏകദേശം 12 മണി. ഒരുതരം അസാധാരണമായ ഇരുട്ട് ‘ഒൻപതാം മണിവരെ ആ നാട്ടിലെങ്ങും പരക്കുന്നു.’ അതായത് ഉച്ച കഴിഞ്ഞ് ഏകദേശം 3 മണിവരെ. (മർക്കോസ് 15:33) ആ ഇരുട്ട് സൂര്യഗ്രഹണം നിമിത്തമല്ല. കാരണം സൂര്യഗ്രഹണം സംഭവിക്കുന്നത് കറുത്തവാവിന്റെ ദിവസമാണ്. എന്നാൽ പെസഹ ആചരണത്തിന്റെ ദിവസമായ ഇന്ന് വെളുത്തവാവാണ്. സൂര്യഗ്രഹണം സംഭവിക്കുമ്പോൾ സാധാരണഗതിയിൽ ഇരുട്ട് ഏതാനും മിനിട്ടു നേരത്തേക്കേ ഉണ്ടാകൂ. എന്നാൽ ഈ ഇരുട്ട് കൂടുതൽ സമയം നിൽക്കുന്നു. അതുകൊണ്ട് ഇതിനു പിന്നിൽ ദൈവമാണെന്നു വ്യക്തം. ഇതൊക്കെ കണ്ടപ്പോൾ യേശുവിനെ കളിയാക്കിയവർ ഞെട്ടിപ്പോയ്ക്കാണും.
ഈ ഇരുട്ടുള്ള സമയത്ത്, നാലു സ്ത്രീകൾ ദണ്ഡനസ്തംഭത്തിന് അടുത്ത് വരുന്നു. യേശുവിന്റെ അമ്മയും ശലോമയും മഗ്ദലക്കാരി മറിയയും അപ്പോസ്തലനായ ചെറിയ യാക്കോബിന്റെ അമ്മയായ മറിയയും ആയിരുന്നു അവർ.
“ദണ്ഡനസ്തംഭത്തിന് അരികെ” യേശുവിന്റെ അമ്മ കരഞ്ഞുകൊണ്ടിരിക്കുന്നു. അടുത്ത് യോഹന്നാൻ അപ്പോസ്തലനുമുണ്ട്. താൻ സ്നേഹിച്ചും ലാളിച്ചും വളർത്തിയ തന്റെ മകൻ ഇപ്പോൾ കഠിനവേദന അനുഭവിച്ച് സ്തംഭത്തിൽ തൂങ്ങിക്കിടക്കുന്നു. ‘ഒരു നീണ്ട വാൾ തുളച്ചുകയറിയതുപോലെ’ ആയിരുന്നു മറിയയ്ക്ക് ആ കാഴ്ച. (യോഹന്നാൻ 19:25; ലൂക്കോസ് 2:35) കഠിനവേദനയിൽപ്പോലും യേശു തന്റെ അമ്മയെപ്പറ്റി ചിന്തിക്കുന്നു. ബുദ്ധിമുട്ടിയാണെങ്കിലും യോഹന്നാനെ ഒന്നു നോക്കിയിട്ട് യേശു അമ്മയോടായി പറയുന്നു: “സ്ത്രീയേ, ഇതാ നിങ്ങളുടെ മകൻ.” പിന്നെ യോഹന്നാനോട്, “ഇതാ, നിന്റെ അമ്മ” എന്നും പറഞ്ഞു.—യോഹന്നാൻ 19:26, 27.
സാധ്യതയനുസരിച്ച് വിധവയായിരുന്ന അമ്മയെ യേശു ഇപ്പോൾ, താൻ വളരെയധികം സ്നേഹിച്ചിരുന്ന യോഹന്നാനെ ഏൽപ്പിക്കുന്നു. യേശുവിന്റെ അർധസഹോദരന്മാർ, അതായത് മറിയയുടെ മറ്റ് ആൺമക്കൾ അപ്പോഴും യേശുവിൽ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട്, തന്റെ അമ്മയുടെ ശാരീരികവും ആത്മീയവും ആയ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ വേണ്ട ഏർപ്പാടുകൾ യേശു ചെയ്തു. എത്ര നല്ല മാതൃക!
ഉച്ച കഴിഞ്ഞ് ഏകദേശം മൂന്നു മണിയായപ്പോൾ, യേശു “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. അതിലൂടെ യേശു ഒരു തിരുവെഴുത്തു നിവർത്തിക്കുകയായിരുന്നു. (യോഹന്നാൻ 19:28; സങ്കീർത്തനം 22:15) യേശുവിന്റെ വിശ്വസ്തത അങ്ങേയറ്റം പരിശോധിക്കപ്പെടാൻ പോകുകയാണ്. പിതാവായ ദൈവം യേശുവിന്റെ മേലുള്ള എല്ലാ സംരക്ഷണവും നീക്കിയിരിക്കുന്നു. ഇക്കാര്യം യേശു തിരിച്ചറിയുന്നു. യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത് ” എന്നാണ് അതിന്റെ അർഥം. അരികെ നിന്നിരുന്ന ചിലർ തെറ്റിദ്ധരിച്ച് ഇങ്ങനെ പറയുന്നു: “കണ്ടോ! അവൻ ഏലിയയെ വിളിക്കുകയാണ്.” ഒരാൾ ഓടിച്ചെന്ന് പുളിച്ച വീഞ്ഞിൽ സ്പോഞ്ച് മുക്കി ഒരു ഈറ്റത്തണ്ടിന്മേൽ വെച്ച് യേശുവിനു കുടിക്കാൻ കൊടുക്കുന്നു. അപ്പോൾ മറ്റുള്ളവർ “അവൻ അവിടെ കിടക്കട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയ വരുമോ എന്നു നോക്കാം” എന്നു പറയുന്നു.—മർക്കോസ് 15:34-36.
യേശു ഉറക്കെ കരഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നു: “എല്ലാം പൂർത്തിയായി.” (യോഹന്നാൻ 19:30) പിതാവ് ഭൂമിയിലേക്കു തന്നെ എന്തിനുവേണ്ടി അയച്ചോ അതെല്ലാം യേശു പൂർണമായി ചെയ്തുകഴിഞ്ഞിരിക്കുന്നു. ഒടുവിൽ ഇതാ യേശു പറയുന്നു: “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു.” (ലൂക്കോസ് 23:46) അങ്ങനെ തന്റെ ജീവൻ യഹോവ വീണ്ടും മടക്കിത്തരുമെന്ന വിശ്വാസത്തോടെ യേശു അത് യഹോവയെ ഭരമേൽപ്പിക്കുന്നു. എന്നിട്ട് തല കുനിച്ച് ജീവൻ വെടിയുന്നു. യേശുവിന് യഹോവയിലുള്ള ആശ്രയത്വത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു.
യേശു മരിച്ച ആ നിമിഷം ശക്തമായ ഒരു ഭൂചലനമുണ്ടായി. അത് പാറക്കൂട്ടങ്ങളെ പിളർത്തി. അത് വളരെ ശക്തമായിരുന്നതുകൊണ്ട് യരുശലേമിന് പുറത്തുണ്ടായിരുന്ന സ്മാരകക്കല്ലറകൾ പിളർന്ന് ശവശരീരങ്ങൾ തെറിച്ച് പുറത്തുവീഴുന്നു. ഇതു കണ്ട വഴിപോക്കർ ആ വിവരം “വിശുദ്ധനഗരത്തിൽ” ചെന്ന് അറിയിക്കുന്നു.—മത്തായി 12:11; 27:51-53.
കൂടാതെ, യേശു മരിക്കുന്ന ആ സമയത്ത് ദേവാലയത്തിലുള്ള വിശുദ്ധസ്ഥലത്തെ അതിവിശുദ്ധത്തിൽനിന്ന് വേർതിരിച്ചിരുന്ന വലിയ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി കീറിപ്പോയി. ഞെട്ടിക്കുന്ന ഈ സംഭവം തന്റെ പുത്രന്റെ കൊലയാളികൾക്കെതിരെയുള്ള ദൈവത്തിന്റെ കോപം വെളിവാക്കുന്നതായിരുന്നു. കൂടാതെ, അതിവിശുദ്ധസ്ഥലമായ സ്വർഗത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നെന്നും ഇത് സൂചിപ്പിച്ചു.—എബ്രായർ 9:2, 3; 10:19, 20.
ഇതൊക്കെ കണ്ട് അവിടെ നിന്നിരുന്ന ജനം വല്ലാതെ ഭയപ്പെട്ടുപോയി. വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെടുത്തിയിരുന്ന സൈനികോദ്യോഗസ്ഥൻ ഇങ്ങനെ പറയുന്നു: “ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു.” (മർക്കോസ് 15:39) പീലാത്തൊസിന്റെ മുമ്പാകെ യേശു ദൈവപുത്രനാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള വിചാരണ നടക്കുന്ന സമയത്ത് ഇദ്ദേഹം അവിടെയുണ്ടായിരുന്നിരിക്കാം. ഇപ്പോൾ യേശു നീതിമാനാണെന്നും ദൈവപുത്രനാണെന്നും അദ്ദേഹത്തിന് ബോധ്യം വന്നിരിക്കുന്നു.
ഈ അസാധാരണസംഭവങ്ങൾ കണ്ട മറ്റുള്ളവർ ദുഃഖവും ലജ്ജയും കാരണം, “നെഞ്ചത്തടിച്ചുകൊണ്ട് ” വീട്ടിലേക്കു തിരിച്ചുപോയി. (ലൂക്കോസ് 23:48) കുറച്ച് ദൂരെമാറിനിന്ന് സംഭവങ്ങൾ കണ്ടുകൊണ്ടിരുന്നവരിൽ യേശുവിന്റെ ശിഷ്യരായിരുന്ന ചില സ്ത്രീകളുമുണ്ടായിരുന്നു. അവർ ചിലപ്പോഴൊക്കെ യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്നു. അന്നു നടന്ന സംഭവബഹുലമായ കാര്യങ്ങൾ അവരെയും വല്ലാതെ ഉലയ്ക്കുന്നു.
-
-
യേശുവിന്റെ ശവസംസ്കാരംയേശു—വഴിയും സത്യവും ജീവനും
-
-
അധ്യായം 133
യേശുവിന്റെ ശവസംസ്കാരം
മത്തായി 27:57–28:2; മർക്കോസ് 15:42–16:4; ലൂക്കോസ് 23:50–24:3; യോഹന്നാൻ 19:31–20:1
യേശുവിന്റെ ശരീരം സ്തംഭത്തിൽനിന്ന് ഇറക്കുന്നു
ശവസംസ്കാരത്തിനായി യേശുവിന്റെ ശരീരം ഒരുക്കുന്നു
സ്ത്രീകൾ ഒരു ഒഴിഞ്ഞ കല്ലറ കാണുന്നു
ഇപ്പോൾ നീസാൻ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞിരിക്കുന്നു. സൂര്യാസ്തമയം കഴിഞ്ഞാൽ നീസാൻ 15-ലെ ശബത്ത് തുടങ്ങും. യേശു ഇപ്പോൾ സ്തംഭത്തിൽ മരിച്ച് കിടക്കുകയാണ്. എന്നാൽ യേശുവിന്റെ അടുത്തു കിടന്നിരുന്ന രണ്ടു കവർച്ചക്കാർ അപ്പോഴും മരിച്ചിരുന്നില്ല. മോശയുടെ നിയമമനുസരിച്ച്, ശവശരീരം “രാത്രി മുഴുവൻ സ്തംഭത്തിൽ കിടക്കരുത്.” അത് “അന്നേ ദിവസംതന്നെ” അടക്കം ചെയ്യണം.—ആവർത്തനം 21:22, 23.
ഇതിനു പുറമെ വെള്ളിയാഴ്ച ഒരുക്കനാളായിരുന്നു. ശബത്ത് തീരുന്നതിനു മുമ്പേ ചെയ്തുതീർക്കേണ്ട പ്രധാനപ്പെട്ട ജോലികൾ ആളുകൾ ചെയ്തുതീർക്കുന്നു. ഭക്ഷണവും മറ്റു കാര്യങ്ങളും അവർ നേരത്തേ ഒരുക്കുന്നു. സൂര്യാസ്തമയത്തോടെ “വലിയ” ശബത്ത് ആരംഭിക്കും. (യോഹന്നാൻ 19:31) കാരണം, നീസാൻ 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ ഏഴു ദിവസം നീളുന്ന ഉത്സവത്തിന്റെ ആദ്യദിവസമായിരുന്നു. ഈ ആദ്യദിവസം എപ്പോഴും ശബത്തായിരുന്നു. (ലേവ്യ 23:5, 6) ഇപ്രാവശ്യം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിന്റെ ആദ്യദിവസവും ആഴ്ചയിലെ ശബത്തുദിവസമായ ഏഴാം ദിവസവും ഒരുമിച്ചായിരുന്നു.
യേശുവിന്റെയും അടുത്ത് കിടക്കുന്ന രണ്ടു കവർച്ചക്കാരുടെയും മരണം പെട്ടെന്ന് ഉറപ്പാക്കാൻ ജൂതന്മാർ പീലാത്തൊസിനോട് ആവശ്യപ്പെടുന്നു. എന്നാൽ എങ്ങനെ? അവരുടെ കാലുകൾ ഒടിച്ചുകൊണ്ട്. അങ്ങനെയാകുമ്പോൾ ശ്വാസം വലിക്കുന്നതിനുവേണ്ടി കാലൂന്നാൻ കഴിയാതെ അവർ പെട്ടെന്നു മരിക്കും. പടയാളികൾ രണ്ടു കവർച്ചക്കാരുടെയും കാലുകൾ ഒടിക്കുന്നു. എന്നാൽ യേശുവിന്റെ കാല് അവർ ഒടിക്കുന്നില്ല. കാരണം അതിനു മുമ്പേ യേശു മരിച്ചിരുന്നു. ഇത് സങ്കീർത്തനം 34:20-ലെ വാക്കുകളുടെ നിവൃത്തിയായിരുന്നു: “ദൈവം അവന്റെ അസ്ഥികളെല്ലാം കാക്കുന്നു; അവയിൽ ഒന്നുപോലും ഒടിഞ്ഞുപോയിട്ടില്ല.”
യേശു മരിച്ചെന്ന് ഉറപ്പാക്കാനായി ഒരു പടയാളി കുന്തംകൊണ്ട് യേശുവിന്റെ ഒരു വശത്ത് കുത്തുന്നു. ഹൃദയത്തിന് അടുത്താണ് അയാൾ കുത്തിയത്. “ഉടനെ രക്തവും വെള്ളവും പുറത്ത് വന്നു.” (യോഹന്നാൻ 19:34) ഇത് മറ്റൊരു തിരുവെഴുത്ത് നിവർത്തിക്കുന്നു. “അവർ കുത്തിത്തുളച്ചവനെ അവർ നോക്കും.”—സെഖര്യ 12:10.
അരിമഥ്യ നഗരത്തിലെ യോസേഫ് എന്നു പേരുള്ള “ഒരു ധനികൻ” വധശിക്ഷ നടക്കുന്നിടത്ത് ഉണ്ടായിരുന്നു. അദ്ദേഹം സൻഹെദ്രിനിലെ ആദരണീയനായ ഒരു അംഗമായിരുന്നു. (മത്തായി 27:57) “നല്ലവനും നീതിമാനും” “ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളും” ആയിരുന്നു അദ്ദേഹം. “ജൂതന്മാരെ പേടിച്ച് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന” യോസേഫ് യേശുവിനെക്കുറിച്ചുള്ള കോടതിവിധി അനുകൂലിച്ചിരുന്നില്ല. (ലൂക്കോസ് 23:50; മർക്കോസ് 15:43; യോഹന്നാൻ 19:38) യോസേഫ് ഇപ്പോൾ ധൈര്യപൂർവം യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകാൻ പീലാത്തൊസിനോട് അനുവാദം ചോദിക്കുന്നു. പീലാത്തൊസ് ഒരു സൈനികോദ്യോഗസ്ഥനെ വിളിച്ച് യേശു മരിച്ചെന്ന കാര്യം ഉറപ്പാക്കിയിട്ട് യേശുവിന്റെ ശരീരം വിട്ടുകൊടുക്കുന്നു.
യോസേഫ് മേന്മയേറിയ ഒരു ലിനൻതുണി വാങ്ങുന്നു. എന്നിട്ട് യേശുവിന്റെ ശരീരം സ്തംഭത്തിൽനിന്ന് ഇറക്കി ലിനൻതുണിയിൽ പൊതിഞ്ഞ് സംസ്കരിക്കുന്നതിനായി ഒരുക്കുന്നു. “മുമ്പൊരിക്കൽ യേശുവിനെ കാണാൻ ഒരു രാത്രിസമയത്ത് ചെന്ന” നിക്കോദേമൊസും യോസേഫിനെ സഹായിക്കാൻ അവിടെയുണ്ട്. (യോഹന്നാൻ 19:39) മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ (ഏകദേശം 30 കിലോഗ്രാം) സുഗന്ധക്കൂട്ടും നിക്കോദേമൊസ് കൊണ്ടുവന്നിരുന്നു. അവർ യേശുവിന്റെ ശരീരം എടുത്ത് ജൂതന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ ഇട്ട് ലിനൻതുണികൊണ്ട് ചുറ്റുന്നു.
പാറയിൽ വെട്ടിയുണ്ടാക്കിയ, ആരും ഇതുവരെ ഉപയോഗിക്കാത്ത ഒരു കല്ലറ യോസേഫിന് അവിടെ അടുത്തുതന്നെയുണ്ടായിരുന്നു. അവർ യേശുവിന്റെ ശരീരം അവിടെ വെച്ചിട്ട് കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെക്കുന്നു. ശബത്ത് തുടങ്ങുന്നതിനു മുമ്പ് അവർ ഇതെല്ലാം വേഗത്തിൽ ചെയ്തുതീർക്കുകയാണ്. യേശുവിന്റെ ശരീരം സംസ്കാരത്തിനായി ഒരുക്കുന്നതിന് മഗ്ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെ അമ്മയായ മറിയയും കൂടിയിരിക്കാം. എന്നാൽ ശബത്തിനു ശേഷം യേശുവിന്റെ ശരീരത്തിൽ പൂശുന്നതിനായി “സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധതൈലങ്ങളും ഒരുക്കാൻ” ധൃതിയിൽ അവർ ഇപ്പോൾ വീടുകളിലേക്കു മടങ്ങുന്നു.—ലൂക്കോസ് 23:56.
അടുത്ത ദിവസം, അതായത് ശബത്തുദിവസം, മുഖ്യപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുത്തുപോയി ഇങ്ങനെ പറയുന്നു: “‘മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ഉയിർപ്പിക്കപ്പെടും’ എന്ന് ആ വഞ്ചകൻ ജീവനോടിരുന്നപ്പോൾ പറഞ്ഞതായി ഞങ്ങൾ ഓർക്കുന്നു. അതുകൊണ്ട് മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കല്പിക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചിട്ട്, ‘അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു’ എന്ന് ആളുകളോടു പറയും. അങ്ങനെ സംഭവിച്ചാൽ ഇത് ആദ്യത്തേതിനെക്കാൾ വലിയ ചതിയാകും.” പീലാത്തൊസ് അവരോട്, “കാവൽഭടന്മാരുടെ ഒരു ഗണത്തെ വിട്ടുതരാം. പോയി നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതുപോലെ അതു ഭദ്രമാക്കി സൂക്ഷിച്ചോ” എന്നു പറഞ്ഞു.—മത്തായി 27:63-65.
ഞായറാഴ്ച അതിരാവിലെ മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മയായ മറിയയും മറ്റു സ്ത്രീകളും യേശുവിന്റെ ശരീരം ഒരുക്കാനുള്ള സുഗന്ധവ്യഞ്ജനങ്ങൾകൊണ്ട് കല്ലറയ്ക്കൽ വരുന്നു. അതിനിടെ അവർ തമ്മിൽ ഇങ്ങനെ ചോദിക്കുന്നു: “കല്ലറയുടെ വാതിൽക്കൽനിന്ന് ആരു കല്ല് ഉരുട്ടിമാറ്റിത്തരും?” (മർക്കോസ് 16:3) എന്നാൽ അവിടെ എത്തിയപ്പോൾ ഒരു ഭൂമികുലുക്കം നടന്നതായി അവർ മനസ്സിലാക്കുന്നു. കൂടാതെ ദൈവത്തിന്റെ ഒരു ദൂതൻ ആ കല്ല് ഉരുട്ടിമാറ്റിയിരുന്നു. കാവൽക്കാർ അവിടെ ഉണ്ടായിരുന്നില്ല. കല്ലറ ഒഴിഞ്ഞുകിടന്നിരുന്നു!
-