അധ്യായം പതിമൂന്ന്
‘ഞാൻ പിതാവിനെ സ്നേഹിക്കുന്നു’
1, 2. അപ്പോസ്തലന്മാർ യേശുവിനോടൊപ്പം ചെലവിട്ട അവസാന സായാഹ്നത്തെക്കുറിച്ച് യോഹന്നാൻ എന്ത് വെളിപ്പെടുത്തുന്നു?
വയോധികനായ ഒരു മനുഷ്യൻ തൂലിക കൈയിലെടുത്ത് എഴുതാൻ തുടങ്ങുകയാണ്. യോഹന്നാനാണ് അത്. ഇപ്പോൾ യോഹന്നാന് 100-നോടടുത്ത് പ്രായമുണ്ട്. യേശുവിന്റെ അപ്പോസ്തലന്മാരിൽ ഇദ്ദേഹം മാത്രമേ ജീവിച്ചിരിപ്പുള്ളൂ. യേശുവിന്റെ മരണത്തിനു മുമ്പുള്ള ഒരു അവിസ്മരണീയ സായാഹ്നത്തെക്കുറിച്ച് ഓർക്കുകയാണ് അദ്ദേഹം. താനും മറ്റ് അപ്പോസ്തലന്മാരും യേശുവിനോടൊപ്പം ചെലവിട്ട അവസാന സായാഹ്നം! പരിശുദ്ധാത്മാവിന്റെ സഹായത്താൽ, 70 വർഷത്തിനു ശേഷവും ആ സംഭവങ്ങളെല്ലാം വ്യക്തമായി ഓർക്കാനും രേഖപ്പെടുത്താനും അദ്ദേഹത്തിന് കഴിയുന്നു.
2 ഉടൻതന്നെ താൻ വധിക്കപ്പെടുമെന്ന് അന്ന് യേശു അവരോടു പറഞ്ഞു. ഇത്ര ക്രൂരമായ ഒരു മരണം വരിക്കാൻ താൻ തയ്യാറാകുന്നത് എന്തുകൊണ്ടാണെന്നും യേശു പറയുകയുണ്ടായി. “ഞാൻ പിതാവിനെ സ്നേഹിക്കുന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ് എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്. എഴുന്നേൽക്ക്, നമുക്ക് ഇവിടെനിന്ന് പോകാം.” യോഹന്നാൻ മാത്രമേ യേശുവിന്റെ ഈ വാക്കുകൾ രേഖപ്പെടുത്തുന്നുള്ളൂ.—യോഹന്നാൻ 14:31.
3. പിതാവിനോട് സ്നേഹമുണ്ടെന്ന് യേശു എങ്ങനെയാണ് കാണിച്ചത്?
3 ‘ഞാൻ പിതാവിനെ സ്നേഹിക്കുന്നു!’ ആ വാക്കുകളെക്കുറിച്ച് ഒന്നു ചിന്തിക്കുക. പിതാവിനോടുള്ള സ്നേഹം കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ യേശുവിന് മറ്റെന്തും. പിതാവിനെ സ്നേഹിക്കുന്നു എന്ന് യേശു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു എന്ന് ഇതിനർഥമില്ല. വാസ്തവത്തിൽ യോഹന്നാൻ 14:31-ൽ മാത്രമാണ് അങ്ങനെയൊരു പ്രസ്താവന നാം കാണുന്നത്. പിതാവിനോടുള്ള സ്നേഹം യേശു ജീവിതംകൊണ്ട് തെളിയിച്ചു. യേശുവിന്റെ ധൈര്യം, അനുസരണം, സഹിഷ്ണുത—എല്ലാറ്റിലും ദൈവത്തോടുള്ള ആ സ്നേഹം കാണാം. ആ സ്നേഹമാണ് ശുശ്രൂഷയിലുടനീളം യേശുവിനെ നയിച്ചത്.
4, 5. (എ) ഏതു തരത്തിലുള്ള സ്നേഹത്തെക്കുറിച്ചാണ് ബൈബിൾ കൂടെക്കൂടെ പരാമർശിക്കുന്നത്? (ബി) യഹോവയോടുള്ള യേശുവിന്റെ സ്നേഹത്തെക്കുറിച്ച് എന്തു പറയാനാകും?
4 ദൗർബല്യത്തിന്റെ ലക്ഷണമായിട്ടാണ് ചിലർ സ്നേഹത്തെ കാണുന്നത്. സ്നേഹം എന്നു കേൾക്കുമ്പോൾത്തന്നെ പ്രണയഗീതങ്ങളോ പ്രേമചാപല്യങ്ങളോ ഒക്കെയാകും അവരുടെ മനസ്സിലേക്കു വരുന്നത്. ബൈബിളും പ്രേമത്തെക്കുറിച്ച് പറയുന്നുണ്ട്; ഉദാത്തമായ പ്രേമത്തെക്കുറിച്ച്. (സുഭാഷിതങ്ങൾ 5:15-21) എന്നാൽ മറ്റൊരു തരം സ്നേഹത്തെക്കുറിച്ചാണ് ബൈബിൾ ഏറെയും സംസാരിക്കുന്നത്. നിമിഷനേരംകൊണ്ട് കെട്ടടങ്ങുന്ന ക്ഷണികമായ ഒരു വികാരമല്ല ഈ സ്നേഹം. കേവലം സൈദ്ധാന്തികമായ ഒരാശയവുമല്ല. അതിൽ മനസ്സും ഹൃദയവുമുണ്ട്. ഉള്ളിന്റെ ഉള്ളിൽനിന്ന് വരുന്ന ഈ സ്നേഹത്തെ നയിക്കുന്നത് ഉത്കൃഷ്ടമായ തത്ത്വങ്ങളാണ്. വാക്കുകളിൽ ഒതുങ്ങിനിൽക്കുന്നതല്ല ഈ സ്നേഹം. അതു വെറും കുട്ടിക്കളിയല്ല. “സ്നേഹം ഒരിക്കലും നിലച്ചുപോകില്ല” എന്ന് ദൈവവചനം പറയുന്നു.—1 കൊരിന്ത്യർ 13:8.
5 ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള ആരും യേശുവിനോളം യഹോവയെ സ്നേഹിച്ചിട്ടില്ല. ദിവ്യകല്പനകളിൽ ഏറ്റവും വലുത് ഏതാണെന്ന് യേശു ഒരിക്കൽ പറയുകയുണ്ടായി: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.” (മർക്കോസ് 12:30) യേശുവിനെപ്പോലെ ആ വാക്കുകൾ ജീവിച്ചുകാണിച്ചിട്ടുള്ള മറ്റൊരാളില്ല. എങ്ങനെയാണ് യേശു ആ സ്നേഹം വളർത്തിയെടുത്തത്? ഭൂമിയിലായിരുന്ന കാലമത്രയും ആ സ്നേഹം സജീവമായി സൂക്ഷിക്കാൻ യേശുവിന് എങ്ങനെ കഴിഞ്ഞു? നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
ഉത്കൃഷ്ടമായ ഒരു സ്നേഹബന്ധം
6, 7. സുഭാഷിതങ്ങൾ 8:22-31 ജ്ഞാനം എന്ന ഗുണത്തെക്കുറിച്ചല്ല ദൈവപുത്രനായ യേശുവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറയുന്നത് എന്തുകൊണ്ട്?
6 ഒരു സുഹൃത്തിനോടൊപ്പം ഒരുമിച്ച് ജോലി ചെയ്യാൻ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടോ? ഒരുമിച്ച് ചെലവിട്ട ആ സമയം നിങ്ങളെ പരസ്പരം കൂടുതൽ അടുപ്പിച്ചുകാണും. യഹോവയ്ക്കും യഹോവയുടെ ഏകജാതപുത്രനും ഇടയിൽ ഇത്ര ശക്തമായ ഒരു ബന്ധം വളർന്നുവന്നത് എങ്ങനെയെന്ന് ഏറെക്കുറെ മനസ്സിലാക്കാൻ ഇപ്പോൾ നിങ്ങൾക്കു കഴിയുന്നുണ്ടാകും. നാം പല പ്രാവശ്യം സുഭാഷിതങ്ങൾ 8:30 പരാമർശിക്കുകയുണ്ടായി. ഇപ്പോൾ നമുക്ക് ആ ഭാഗം ഒന്ന് അടുത്തു പരിശോധിക്കാം. ജ്ഞാനത്തിന് വ്യക്തിത്വം കല്പിച്ചുകൊണ്ടുള്ള വിവരണമാണ് 22 മുതൽ 31 വരെയുള്ള ഭാഗത്ത് നാം കാണുന്നത്. ആ സ്ഥിതിക്ക്, ഇത് ദൈവപുത്രനെക്കുറിച്ചുള്ളതാണെന്ന് നമുക്ക് എങ്ങനെ പറയാനാകും?
7 “യഹോവ തന്റെ വഴിയുടെ തുടക്കമായി എന്നെ നിർമിച്ചു; ദൈവം പണ്ടു ചെയ്ത പ്രവൃത്തികളിൽ ഒന്നാമതായി എന്നെ ഉണ്ടാക്കി” എന്ന് 22-ാം വാക്യത്തിൽ ജ്ഞാനം പറയുന്നു. കേവലം ജ്ഞാനത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്; ജ്ഞാനത്തെക്കുറിച്ചാണെങ്കിൽ “ഉണ്ടാക്കി” എന്നു പറയാനാവില്ലല്ലോ. കാരണം, ജ്ഞാനിയായ നമ്മുടെ ദൈവത്തിന് ആരംഭമില്ലാത്തതുകൊണ്ട് ജ്ഞാനത്തിനും ആരംഭമില്ല. (സങ്കീർത്തനം 90:2) പക്ഷേ, ദൈവപുത്രൻ, ‘എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനാണെന്ന്’ ബൈബിൾ പറയുന്നു. അതെ, യേശുവിന് ആരംഭമുണ്ട്. യേശുവിനെ ദൈവം സൃഷ്ടിച്ചതാണ്, മറ്റെല്ലാം സൃഷ്ടിക്കുന്നതിനുമുമ്പ്. (കൊലോസ്യർ 1:15) ആകാശവും ഭൂമിയും ഉണ്ടാകുന്നതിനുമുമ്പേ പുത്രൻ ഉണ്ടായിരുന്നു എന്ന് സുഭാഷിതങ്ങൾ പറയുന്നു. വചനം അഥവാ ദൈവത്തിന്റെ വക്താവ് എന്ന നിലയിൽ വർത്തിച്ച യേശു യഹോവയുടെ ജ്ഞാനം അതേപടി പ്രതിഫലിപ്പിച്ചു.—യോഹന്നാൻ 1:1.
8. (എ) ഭൂമിയിൽ വരുന്നതിനുമുമ്പ് പുത്രൻ എന്തു ചെയ്യുകയായിരുന്നു? (ബി) ഒരു സൃഷ്ടിക്രിയയിൽ അത്ഭുതംകൂറുമ്പോൾ നാം എന്തു ചിന്തിച്ചേക്കാം?
8 ഭൂമിയിൽ വരുന്നതിനുമുമ്പുള്ള കാലമത്രയും യേശു എന്തു ചെയ്യുകയായിരുന്നു? ഒരു “വിദഗ്ധജോലിക്കാരനായി” യേശു ദൈവത്തോടുകൂടെ ഉണ്ടായിരുന്നു എന്ന് 30-ാം വാക്യം സൂചിപ്പിക്കുന്നു. എന്താണ് അതിന്റെ അർഥം? കൊലോസ്യർ 1:16 നൽകുന്ന വിശദീകരണം ഇതാണ്: “സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം പുത്രനിലൂടെയാണു സൃഷ്ടിച്ചത്. . . . എല്ലാം, പുത്രനിലൂടെയും പുത്രനുവേണ്ടിയും സൃഷ്ടിച്ചു.” അതെ, യഹോവ പുത്രനിലൂടെയാണ് എല്ലാം സൃഷ്ടിച്ചത്. സ്വർഗത്തിലെ ദൂതന്മാർ, ബൃഹത്തായ ഈ പ്രപഞ്ചം, സസ്യലതാദികളും ജന്തുജാലങ്ങളും നിറഞ്ഞ നമ്മുടെ ഭൂമി, ഭൗമിക സൃഷ്ടിക്കു മകുടംചാർത്തുന്ന മനുഷ്യൻ, അങ്ങനെ എല്ലാം! സഹകരണത്തോടെ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ആർക്കിടെക്റ്റും അദ്ദേഹത്തിന്റെ മനസ്സിലുള്ള ഡിസൈൻ യാഥാർഥ്യമാക്കുന്ന ഒരു കോൺട്രാക്ടറും ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വന്നേക്കാം. പിതാവിനും പുത്രനും ഇടയിലുള്ള സഹകരണം ഏതാണ്ട് അങ്ങനെയായിരുന്നു എന്നു പറയാം. സൃഷ്ടിയിലെ ഒരു വിസ്മയം കണ്ട് അത്ഭുതംകൂറുമ്പോൾ മഹാശില്പിയായ നമ്മുടെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണ് നാം. (സങ്കീർത്തനം 19:1) സ്രഷ്ടാവായ യഹോവയും വിദഗ്ധജോലിക്കാരനായ യേശുവും ഒരുമിച്ച് പ്രവർത്തിച്ച ആ നല്ല നാളുകളും അപ്പോൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം.
9, 10. (എ) യഹോവയ്ക്കും പുത്രനും ഇടയിലുള്ള ബന്ധം ദൃഢമാക്കിയത് എന്ത്? (ബി) സ്വർഗീയ പിതാവുമായുള്ള ബന്ധം നിങ്ങൾക്ക് എങ്ങനെ ശക്തമാക്കാം?
9 അപൂർണരായ രണ്ടു മനുഷ്യർ ഒരുമിച്ച് ജോലി ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ പൊരുത്തപ്പെട്ടുപോകാൻ ബുദ്ധിമുട്ടു തോന്നും. എന്നാൽ യഹോവയുടെയും യേശുവിന്റെയും കാര്യത്തിൽ അങ്ങനെയല്ലായിരുന്നു. പുത്രൻ യുഗങ്ങളോളം പിതാവിനോടൊപ്പം പ്രവർത്തിച്ചു. എന്നിട്ടും “ഞാൻ എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു” എന്ന് യേശു പറയുന്നതായി തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നു. (സുഭാഷിതങ്ങൾ 8:30) അതെ, യഹോവയുമായുള്ള സഖിത്വം യേശു നന്നായി ആസ്വദിച്ചു. യഹോവയും അത് ആസ്വദിച്ചു. യേശു പിതാവിനെപ്പോലെ ആയിത്തീർന്നതിൽ, പിതാവിന്റെ ഗുണങ്ങൾ അതേപടി അനുകരിച്ചതിൽ അത്ഭുതപ്പെടാനില്ല. അത് അവരുടെ ബന്ധം കൂടുതൽ ദൃഢമാക്കി! ഇത്രത്തോളം നീണ്ടുനിന്ന, ഇത്രയേറെ ശക്തമായ മറ്റൊരു ബന്ധം വേറെയില്ല!
10 ഇതിൽനിന്ന് നാം എന്തു പഠിക്കുന്നു? ‘യഹോവയുമായി അങ്ങനെയൊരു ബന്ധം സ്ഥാപിക്കാൻ എനിക്ക് ഒരിക്കലുമാവില്ല’ എന്നായിരിക്കാം നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. പുത്രനോളം ഉയർന്ന സ്ഥാനം നമുക്കാർക്കുമില്ല എന്നതു ശരിതന്നെ. പക്ഷേ മഹത്തായ ഒരു അവസരം നമ്മുടെ മുമ്പിലുണ്ട്. പിതാവിനോടൊപ്പം പ്രവർത്തിച്ചതാണ് പിതാവിനോട് ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ യേശുവിനെ സഹായിച്ചതെന്ന് ഓർക്കുക. തന്റെ ‘സഹപ്രവർത്തകർ’ ആയിരിക്കാനുള്ള അവസരം യഹോവ നമുക്കും നൽകുന്നുണ്ട്. (1 കൊരിന്ത്യർ 3:9) ശുശ്രൂഷയിൽ യേശുവിന്റെ മാതൃക പിൻപറ്റുമ്പോൾ നാം മനസ്സിൽപ്പിടിക്കേണ്ട ഒന്നുണ്ട്: നാം യഹോവയുടെ സഹപ്രവർത്തകരാണ്! അങ്ങനെ നമ്മളും യഹോവയും തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ ശക്തമാകും. ഇതിൽപ്പരം മറ്റെന്താണ് നമുക്കു വേണ്ടത്?
യഹോവയോടുള്ള സ്നേഹം ജ്വലിപ്പിച്ചുനിറുത്താൻ യേശു ചെയ്തത്
11-13. (എ) സ്നേഹത്തെ ജീവനുള്ള ഒന്നായി കണക്കാക്കുന്നതിന്റെ പ്രയോജനം എന്ത്? (ബി) യഹോവയോടുള്ള സ്നേഹം ശക്തമായി നിലനിറുത്താൻ കുട്ടിക്കാലത്ത് യേശു എന്തു ചെയ്തു? (സി) ഭൂമിയിൽ വരുന്നതിനു മുമ്പും വന്നശേഷവും യഹോവയിൽനിന്ന് പഠിക്കാനുള്ള താത്പര്യം യേശു കാണിച്ചത് എങ്ങനെ?
11 സ്നേഹത്തെ ജീവനുള്ള ഒന്നായി കരുതുന്നത് പലപ്പോഴും സഹായകമാണ്. പരിചരണവും പരിലാളനയും ആവശ്യമായിരിക്കുന്ന ഭംഗിയുള്ള ഒരു പൂച്ചെടിപോലെയാണ് സ്നേഹം. ആവശ്യത്തിന് പരിചരണവും പോഷണവും ലഭിച്ചില്ലെങ്കിൽ അത് വാടിക്കരിഞ്ഞുപോകും. യേശുവും യഹോവയോടുള്ള സ്നേഹത്തെ നിസ്സാരമായി കണ്ടില്ല. ഭൗമിക ജീവിതകാലത്തുടനീളം അതു ശക്തമായി നിറുത്താൻ യേശു നല്ല ശ്രമം ചെയ്തു. അതെങ്ങനെ? നമുക്കു നോക്കാം.
12 യരുശലേമിലെ ആലയത്തിൽവെച്ച്, യഹോവയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് യേശു പരാമർശിച്ച ആ സംഭവംതന്നെ ഓർക്കുക. ഉത്കണ്ഠാകുലരായ മാതാപിതാക്കളോട് യേശു എന്താണ് പറഞ്ഞത്? “നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചുനടന്നത്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലുണ്ടായിരിക്കുമെന്നു നിങ്ങൾക്ക് അറിയില്ലായിരുന്നോ?” (ലൂക്കോസ് 2:49) അന്ന് കുട്ടിയായിരുന്ന യേശുവിന് സ്വർഗത്തിലെ തന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് ഒന്നുംതന്നെ ഓർമയുണ്ടായിരിക്കാൻ വഴിയില്ല. അപ്പോഴും, പിതാവായ യഹോവയോട് യേശുവിനു തീവ്രമായ സ്നേഹമുണ്ടായിരുന്നു. ആരാധനയിലൂടെയാണ് ആ സ്നേഹം കാണിക്കേണ്ടതെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് എവിടെയായിരിക്കുന്നതിനെക്കാളും തന്റെ പിതാവിന്റെ ആലയത്തിലായിരിക്കാനായിരുന്നു യേശുവിന് ഇഷ്ടം. സത്യാരാധനയുടെ കേന്ദ്രമായ ആ ആലയത്തിൽ പോകുന്നത് യേശുവിന് എന്തിഷ്ടമായിരുന്നെന്നോ! അവിടംവിട്ടുപോരാൻ യേശുവിനു മനസ്സില്ലായിരുന്നു. വെറുമൊരു കാഴ്ചക്കാരനായിട്ടല്ല യേശു അവിടെ പോയത്. യഹോവയെക്കുറിച്ച് പഠിക്കാനും തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാനും യേശുവിന് ഇഷ്ടമായിരുന്നു. 12 വയസ്സിൽ തുടങ്ങി, 12 വയസ്സിൽ അവസാനിച്ച ഒരു ഇഷ്ടമല്ല അത്.
13 ഭൂമിയിൽ വരുന്നതിനു മുമ്പും യഹോവയെക്കുറിച്ച് പഠിക്കുന്നത് യേശുവിന് ഇഷ്ടമുള്ള കാര്യമായിരുന്നു. മിശിഹയുടെ റോളിനെക്കുറിച്ചുള്ള സകല വിശദാംശങ്ങളും യഹോവ യേശുവിനെ പഠിപ്പിച്ചിരുന്നു എന്ന് യശയ്യ 50:4-6-ലെ പ്രവചനം വ്യക്തമാക്കുന്നു. യഹോവയുടെ അഭിഷിക്തനു നേരിടേണ്ടിവരുന്ന ചില കഷ്ടങ്ങളെക്കുറിച്ചും അതിലൂടെ യേശു പഠിച്ചു. പക്ഷേ അതൊന്നും പഠനത്തിലുള്ള യേശുവിന്റെ താത്പര്യത്തിന് തെല്ലും മങ്ങലേൽപ്പിച്ചില്ല. പിന്നീട് ഭൂമിയിൽ വന്നപ്പോഴും ആ താത്പര്യത്തിന് ഒരു കുറവും വന്നില്ല. യേശു വലിയ ഉത്സാഹത്തോടെ തന്റെ പിതാവിന്റെ ആലയത്തിൽ പോകുകയും ആരാധനയിൽ പങ്കെടുക്കുകയും ചെയ്തു. അവിടെ, ദൈവേഷ്ടത്തിനു ചേർച്ചയിൽ മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും യേശു പങ്കുപറ്റി. ആലയത്തിലും സിനഗോഗിലും യേശു പതിവായി പോകുമായിരുന്നു എന്ന് ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. (ലൂക്കോസ് 4:16; 19:47) യഹോവയോടുള്ള സ്നേഹം മങ്ങലേൽക്കാതെ പരിരക്ഷിക്കണമെങ്കിൽ നമ്മളും ക്രിസ്തീയ യോഗങ്ങളിൽ ഉത്സാഹത്തോടെ സംബന്ധിക്കണം. അവിടെയാണല്ലോ നാം യഹോവയെ ആരാധിക്കുകയും യഹോവയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നത്. യഹോവയോടുള്ള വിലമതിപ്പു വർധിപ്പിക്കാനും യോഗങ്ങൾ നമ്മെ സഹായിക്കുന്നു.
“പ്രാർഥിക്കാൻവേണ്ടി യേശു തനിച്ചു മലയിലേക്കു പോയി”
14, 15. (എ) യേശു ഏകാന്തത ഇഷ്ടപ്പെട്ടത് എന്തുകൊണ്ട്? (ബി) യേശുവിന്റെ പ്രാർഥനയിൽ പിതാവിനോടുള്ള അടുപ്പവും ആദരവും നിഴലിക്കുന്നത് എങ്ങനെ?
14 പതിവായുള്ള പ്രാർഥനയാണ് യഹോവയോടുള്ള സ്നേഹം ശക്തമാക്കിനിറുത്താൻ യേശുവിനെ സഹായിച്ച മറ്റൊരു സംഗതി. സുഹൃദ്ബന്ധങ്ങൾക്കു വിലകല്പിച്ചിരുന്ന ഒരാളായിരുന്നെങ്കിലും യേശു ഏകാന്തത ഇഷ്ടപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. “പ്രാർഥിക്കാൻവേണ്ടി യേശു മിക്കപ്പോഴും വിജനമായ സ്ഥലങ്ങളിലേക്കു പോകുമായിരുന്നു” എന്ന് ലൂക്കോസ് 5:16-ൽ നാം വായിക്കുന്നു. “ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം പ്രാർഥിക്കാൻവേണ്ടി യേശു തനിച്ചു മലയിലേക്കു പോയി. നേരം വളരെ വൈകിയിട്ടും യേശു അവിടെത്തന്നെ ഇരുന്നു. യേശു ഒറ്റയ്ക്കായിരുന്നു” എന്ന് മത്തായി റിപ്പോർട്ടു ചെയ്യുന്നു. (മത്തായി 14:23) മറ്റുള്ളവരിൽനിന്നൊക്കെ അകന്ന് ഒറ്റപ്പെട്ടു ജീവിക്കാൻ ആഗ്രഹമുള്ളതുകൊണ്ടല്ല യേശു ഏകാന്തത ഇഷ്ടപ്പെട്ടത്. മറിച്ച്, യഹോവയോടൊപ്പം തനിച്ചായിരിക്കാൻ, ഉള്ളുതുറന്ന് പിതാവിനോട് സംസാരിക്കാൻ യേശു ആഗ്രഹിച്ചു.
15 പ്രാർഥിച്ചപ്പോൾ യേശു ചിലപ്പോഴൊക്കെ യഹോവയെ, “അബ്ബാ, പിതാവേ” എന്ന് വിളിച്ചതായി നാം വായിക്കുന്നു. (മർക്കോസ് 14:36) യേശുവിന്റെ കാലത്ത് കുട്ടികൾ പിതാവിനെ സ്നേഹപൂർവം അങ്ങനെ വിളിച്ചിരുന്നു. കുട്ടികൾ ആദ്യം പഠിക്കുന്ന വാക്കുകളിൽ ഒന്നായിരുന്നു അത്. ആദരസൂചകമായ ഒരു പദംകൂടിയായിരുന്നു അത്. സ്നേഹനിധിയായ പിതാവിനോട് മകനു തോന്നിയ അടുപ്പം മാത്രമല്ല യേശുവിന്റെ ആ സംബോധനയിൽ നാം കാണുന്നത്. പിതാവായ യഹോവയുടെ അധികാരത്തോടുള്ള യേശുവിന്റെ ആദരവും അതിൽ പ്രകടമാണ്. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർഥനകളിലെല്ലാം ആ സ്നേഹവും ആദരവും നമുക്കു കാണാം. ഉദാഹരണത്തിന്, യോഹന്നാൻ 17-ാം അധ്യായത്തിൽ, മരണത്തിനു മുമ്പുള്ള അവസാന രാത്രി യേശു ഉള്ളുതുറന്ന്, ദീർഘനേരം യഹോവയോടു നടത്തിയ പ്രാർഥന നമുക്കു കാണാം. ആ പ്രാർഥന വിശകലനം ചെയ്യുന്നത് ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. യേശുവിന്റെ ആ മാതൃക അനുകരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിലെ വാക്കുകൾ അതേപടി ആവർത്തിച്ചുകൊണ്ടല്ല, സാധിക്കുമ്പോഴെല്ലാം നമ്മുടെ സ്വർഗീയപിതാവിന്റെ മുമ്പാകെ മനസ്സുതുറന്നുകൊണ്ടാണ് നാം അതു ചെയ്യേണ്ടത്. ദൈവത്തോടുള്ള നമ്മുടെ സ്നേഹം മങ്ങലേൽക്കാതെ ശക്തമായി നിലനിറുത്താൻ അത് സഹായിക്കും.
16, 17. (എ) പിതാവിനോടുള്ള സ്നേഹം യേശു വാക്കുകളിലൂടെ പ്രകടമാക്കിയത് എങ്ങനെ? (ബി) പിതാവിന്റെ മഹാമനസ്കതയെക്കുറിച്ച് യേശു എന്തു പറഞ്ഞു?
16 നാം നേരത്തേ കണ്ടതുപോലെ, ‘ഞാൻ പിതാവിനെ സ്നേഹിക്കുന്നു’ എന്ന് യേശു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നില്ല. എങ്കിലും യേശുവിന്റെ പല പ്രസ്താവനകളിലും നമുക്ക് ആ സ്നേഹം ദർശിക്കാനാകും. “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, . . . ഞാൻ അങ്ങയെ പരസ്യമായി സ്തുതിക്കുന്നു” എന്ന് യേശു ഒരിക്കൽ പറയുകയുണ്ടായി. (മത്തായി 11:25) പിതാവിനെക്കുറിച്ച് അറിയാൻ ആളുകളെ സഹായിച്ചുകൊണ്ട് ആ പിതാവിനെ വാഴ്ത്താൻ യേശുവിന് ഇഷ്ടമായിരുന്നെന്ന് ഈ പുസ്തകത്തിന്റെ രണ്ടാമത്തെ ഭാഗത്ത് നാം പഠിച്ചു. ഉദാഹരണത്തിന്, വഴിതെറ്റിപ്പോയ പുത്രനോടു ക്ഷമിക്കാൻ മനസ്സുകാണിച്ച സ്നേഹവാനായ ഒരു പിതാവിനോട് യേശു യഹോവയെ ഉപമിക്കുകയുണ്ടായി. മകൻ മനംതിരിഞ്ഞു വരുന്ന ദിവസത്തിനായി കാത്തിരുന്ന ആ പിതാവ് അവനെ ദൂരെനിന്ന് കണ്ടപ്പോൾത്തന്നെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചെന്ന് ഉപമയിൽ യേശു പറഞ്ഞു. (ലൂക്കോസ് 15:20) യഹോവയുടെ സ്നേഹത്തെയും ക്ഷമയെയും പ്രതിഫലിപ്പിക്കുന്ന ആ വിവരണം ആരുടെയും ഹൃദയത്തെ സ്പർശിക്കാൻപോന്നതാണ്!
17 പിതാവിന്റെ മഹാമനസ്കതയെപ്രതി യേശു പലപ്പോഴും തന്റെ പിതാവിനെ സ്തുതിച്ചിട്ടുണ്ട്. പിതാവ് നമുക്കെല്ലാം പരിശുദ്ധാത്മാവിനെ നൽകും എന്നു നമ്മെ ബോധ്യപ്പെടുത്താൻ യേശു അപൂർണ മാതാപിതാക്കളുടെ ദൃഷ്ടാന്തം ഉപയോഗിക്കുകയുണ്ടായി. (ലൂക്കോസ് 11:13) പിതാവ് വെച്ചുനീട്ടുന്ന പ്രത്യാശയെക്കുറിച്ചും യേശു പറഞ്ഞു. സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കാനുള്ള തന്റെതന്നെ പ്രത്യാശയെക്കുറിച്ച് യേശു സംസാരിച്ചു. (യോഹന്നാൻ 14:28; 17:5) ‘ചെറിയ ആട്ടിൻകൂട്ടത്തിനായി’ യഹോവ കരുതിവെച്ചിരിക്കുന്ന പ്രത്യാശയെക്കുറിച്ചും യേശു അനുഗാമികളോട് പറയുകയുണ്ടായി. സ്വർഗത്തിൽ മിശിഹൈക രാജാവിനോടൊപ്പം ഭരിക്കാനുള്ള പ്രത്യാശയാണ് അവർക്കുള്ളത്. (ലൂക്കോസ് 12:32; യോഹന്നാൻ 14:2) പറുദീസയിൽ ജീവിക്കാനുള്ള പ്രത്യാശയെക്കുറിച്ച് പറഞ്ഞുകൊണ്ട്, തന്നോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു കുറ്റവാളിയെ യേശു ആശ്വസിപ്പിച്ചു. (ലൂക്കോസ് 23:43) ഇങ്ങനെ യഹോവയുടെ മഹാമനസ്കതയെക്കുറിച്ച് സംസാരിച്ചത് യഹോവയോടുള്ള സ്നേഹം ശക്തമാക്കിനിറുത്താൻ യേശുവിനെ സഹായിച്ചിരിക്കും എന്നതിനു സംശയമില്ല. ദൈവത്തെക്കുറിച്ചും തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം നൽകുന്ന പ്രത്യാശയെക്കുറിച്ചും സംസാരിക്കുന്നതാണ് യഹോവയോടുള്ള സ്നേഹവും വിശ്വാസവും ശക്തമാക്കിനിറുത്താൻ തങ്ങളെ സഹായിക്കുന്ന പ്രധാന ഘടകമെന്ന് ക്രിസ്തുവിന്റെ അനുഗാമികളും തിരിച്ചറിഞ്ഞിരിക്കുന്നു.
നിങ്ങൾ യേശുവിനെ അനുകരിക്കുമോ?
18. മുഖ്യമായും നാം യേശുവിനെ എങ്ങനെയാണ് അനുകരിക്കേണ്ടത്? എന്തുകൊണ്ട്?
18 നാം യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുശക്തിയോടും മുഴുമനസ്സോടും കൂടെ സ്നേഹിക്കണം. (ലൂക്കോസ് 10:27) മുഖ്യമായും നാം യേശുവിനെ അനുകരിക്കേണ്ടത് അങ്ങനെയാണ്. ദൈവത്തോട് നമുക്ക് എത്രമാത്രം സ്നേഹമുണ്ടെന്നു നിർണയിക്കുന്നത് എന്താണ്? ദൈവത്തോട് തീവ്രമായ സ്നേഹം തോന്നുന്നു എന്നതുകൊണ്ട് ദൈവത്തോട് യഥാർഥത്തിൽ സ്നേഹമുണ്ടെന്നു വരുന്നില്ല; അത് നമ്മുടെ പ്രവൃത്തികളിൽ പ്രതിഫലിക്കണം. പിതാവിനോടുള്ള യേശുവിന്റെ സ്നേഹം വെറുമൊരു തോന്നലല്ലായിരുന്നു. ‘ഞാൻ പിതാവിനെ സ്നേഹിക്കുന്നു’ എന്നു കേവലം പറഞ്ഞുകൊണ്ടല്ല യേശു ആ സ്നേഹം കാണിച്ചത്. യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ പിതാവിനെ സ്നേഹിക്കുന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ് എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്.” (യോഹന്നാൻ 14:31) നിസ്സ്വാർഥസ്നേഹം നിമിത്തമല്ല ആരും ദൈവത്തെ സേവിക്കുന്നതെന്ന സാത്താന്റെ ആരോപണത്തെക്കുറിച്ച് ഓർക്കുക. (ഇയ്യോബ് 2:4, 5) സാത്താന് ചുട്ടമറുപടി കൊടുത്തുകൊണ്ട് അവന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാൻ യേശു ധൈര്യസമേതം മുന്നോട്ടുവന്നു. അങ്ങനെ, താൻ പിതാവിനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് യേശു ലോകത്തിനു കാണിച്ചുകൊടുത്തു. മരണം മുന്നിൽക്കണ്ട സാഹചര്യത്തിലും യേശു ദൈവത്തെ അനുസരിച്ചു. നിങ്ങൾ യേശുവിനെപ്പോലെ ആയിരിക്കുമോ? നിങ്ങൾക്ക് യഹോവയോട് യഥാർഥ സ്നേഹമുണ്ടെന്ന് മറ്റുള്ളവർക്ക് കാണാനാകുന്നുണ്ടോ?
19, 20. (എ) ക്രിസ്തീയയോഗങ്ങൾക്ക് പതിവായി ഹാജരാകുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) വ്യക്തിപരമായ പഠനം, ധ്യാനം, പ്രാർഥന എന്നിവയെ നാം എങ്ങനെ കാണണം?
19 അത്തരം സ്നേഹം നമ്മുടെ ആത്മീയ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് യഹോവ ആരാധനയ്ക്കുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്. അതെ, നാം യഹോവയെ ആരാധിക്കുമ്പോൾ ആ സ്നേഹം ശക്തമാകും. ക്രിസ്തീയയോഗങ്ങളിൽ സംബന്ധിക്കുമ്പോൾ ദൈവത്തെ ആരാധിക്കാനാണ് നാം അവിടെ ആയിരിക്കുന്നതെന്ന് ഓർക്കണം. പ്രാർഥനയിലും ഗീതത്തിലും പങ്കുപറ്റുന്നതും ശ്രദ്ധിച്ച് കേൾക്കുന്നതും ഉത്തരങ്ങൾ പറയുന്നതും എല്ലാം ആരാധനയുടെ ഭാഗമാണ്. സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരവും അവിടെ നമുക്കു ലഭിക്കുന്നു. (എബ്രായർ 10:24, 25) ക്രിസ്തീയയോഗങ്ങളിൽ സംബന്ധിച്ചുകൊണ്ട് പതിവായി യഹോവയെ ആരാധിക്കുന്നത് യഹോവയോടുള്ള സ്നേഹം കരുത്തുറ്റതാക്കാൻ നമ്മെ സഹായിക്കും.
20 ദൈവത്തോടുള്ള നമ്മുടെ സ്നേഹം കരുത്തുറ്റതാക്കുന്ന മറ്റു സംഗതികളാണ് വ്യക്തിപരമായ പഠനം, ധ്യാനം, പ്രാർഥന എന്നിവ. യഹോവയോടൊപ്പം തനിച്ചായിരിക്കാനുള്ള അവസരങ്ങളായി ഇവയെ കാണുക. ദൈവവചനം പഠിക്കുകയും അതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോൾ അത് യഹോവ നിങ്ങളോടു സംസാരിക്കുന്നതുപോലെയാണ്. പ്രാർഥിക്കുമ്പോൾ നിങ്ങൾ ദൈവമുമ്പാകെ മനസ്സുതുറക്കുകയാണ്. നമ്മുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കാനുള്ള ഒരു മാർഗം മാത്രമല്ല പ്രാർഥന; ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങളെയും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെയുംപ്രതി നന്ദികൊടുക്കാനുള്ള ഒരു അവസരംകൂടിയാണ്. (സങ്കീർത്തനം 146:1) സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ യഹോവയെ പരസ്യമായി സ്തുതിക്കുന്നതാണ് യഹോവയോടു നന്ദിയും സ്നേഹവുമുണ്ടെന്നു കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം.
21. (എ) യഹോവയോടുള്ള സ്നേഹം എത്ര പ്രധാനമാണ്? (ബി) തുടർന്നുവരുന്ന അധ്യായങ്ങളിൽ നാം എന്തു പഠിക്കും?
21 ശാശ്വതമായ സന്തോഷം ലഭിക്കണമെങ്കിൽ ദൈവത്തോടുള്ള സ്നേഹം കൂടിയേ തീരൂ. ആ സ്നേഹമുണ്ടായിരുന്നെങ്കിൽ ആദാമും ഹവ്വയും ദൈവത്തെ അനുസരിക്കുമായിരുന്നു. പക്ഷേ അവർക്ക് ഇല്ലാതെപോയതും അതാണ്. വിശ്വാസത്തിന്റെ പരിശോധനകൾ അതിജീവിക്കാനും പ്രലോഭനങ്ങൾ ചെറുത്തുനിൽക്കാനും കഷ്ടങ്ങൾ സഹിക്കാനും നിങ്ങൾക്കു വേണ്ടത് ആ സ്നേഹമാണ്. യേശുവിന്റെ അനുഗാമിയായിരിക്കാൻ അവശ്യംവേണ്ട ഒന്നാണത്. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ അവിഭാജ്യഘടകമാണ് സഹമനുഷ്യനോടുള്ള സ്നേഹം. (1 യോഹന്നാൻ 4:20) യേശു എങ്ങനെയാണ് ഈ സ്നേഹം കാണിച്ചതെന്ന് തുടർന്നുള്ള അധ്യായങ്ങളിൽ നാം പഠിക്കും. യേശുവിനെ മറ്റുള്ളവർക്കു പ്രിയങ്കരനാക്കിയത് എന്താണെന്ന് വിശദീകരിക്കുന്നതാണ് അടുത്ത അധ്യായം.