-
കോപം കൊലപാതകത്തിലേക്കു നയിക്കുന്നുബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
-
-
പാഠം 4
കോപം കൊലപാതകത്തിലേക്കു നയിക്കുന്നു
ആദാമും ഹവ്വയും ഏദെൻ തോട്ടത്തിൽനിന്ന് പുറത്തായതിനു ശേഷം അവർക്കു കുറെ മക്കളുണ്ടായി. അവരുടെ മൂത്ത മകനായ കയീൻ ഒരു കൃഷിക്കാരനായി. രണ്ടാമത്തെ മകൻ ഹാബേൽ ഒരു ആട്ടിടയനും.
ഒരു ദിവസം കയീനും ഹാബേലും യഹോവയ്‌ക്കു യാഗങ്ങൾ അർപ്പിച്ചു. യാഗം എന്നു പറഞ്ഞാൽ എന്താണെന്നു നിങ്ങൾക്ക് അറിയാമോ? ദൈവത്തിന് അർപ്പിക്കുന്ന കാഴ്‌ച അഥവാ സമ്മാനം ആണ് അത്. ഹാബേലിന്റെ യാഗം യഹോവയ്ക്ക് ഇഷ്ടമായി. പക്ഷേ കയീന്റെ യാഗം ദൈവത്തിന് ഇഷ്ടപ്പെട്ടില്ല. ഇതു കണ്ടപ്പോൾ കയീനു ഭയങ്കരദേഷ്യം വന്നു. ഇങ്ങനെ കോപം വെച്ചുകൊണ്ടിരുന്നാൽ അവസാനം തെറ്റു ചെയ്യുമെന്ന് യഹോവ കയീനു മുന്നറിയിപ്പു കൊടുത്തു. പക്ഷേ കയീൻ അതു കേൾക്കാൻ കൂട്ടാക്കിയില്ല.
കയീൻ എന്തു ചെയ്തെന്നോ? ‘എന്റെകൂടെ വയലിലേക്കു വാ’ എന്നു ഹാബേലിനോടു പറഞ്ഞു. എന്നിട്ട് അവർ വയലിൽ തനിച്ചായിരിക്കുമ്പോൾ കയീൻ അനിയനെ ആക്രമിച്ച് കൊലപ്പെടുത്തി. യഹോവ ഇപ്പോൾ എന്തു ചെയ്യും? യഹോവ കയീനെ വീട്ടുകാരിൽനിന്നെല്ലാം അകലെ, ഒരുപാടു ദൂരേക്ക് പറഞ്ഞുവിട്ടുകൊണ്ട് ശിക്ഷിച്ചു. പിന്നീട് ഒരിക്കലും തിരിച്ചുവരാൻ ദൈവം കയീനെ അനുവദിക്കില്ലായിരുന്നു.
ഇതിൽനിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാനാകുമോ? നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നമുക്കു ദേഷ്യം വന്നേക്കാം. നമ്മുടെ ഉള്ളിൽ ദേഷ്യം കൂടിക്കൂടി വരുന്നതായി തോന്നുന്നെങ്കിൽ എന്തു ചെയ്യണം? അല്ലെങ്കിൽ നമ്മുടെ ദേഷ്യത്തെക്കുറിച്ച് മറ്റുള്ളവർ നമ്മളോടു പറയുന്നെങ്കിൽ എന്തു ചെയ്യണം? വേഗംതന്നെ ദേഷ്യം കളഞ്ഞ് ആവശ്യമായ മാറ്റങ്ങൾ വരുത്തുക. അല്ലെങ്കിൽ ദേഷ്യം കൂടിയിട്ട് നമ്മൾ തെറ്റായ കാര്യങ്ങൾ ചെയ്തുപോയേക്കാം.
ഹാബേൽ യഹോവയെ സ്നേഹിച്ചു; ശരിയായ കാര്യങ്ങൾ ചെയ്‌തു. അതുകൊണ്ട് യഹോവ ഹാബേലിനെ എന്നും ഓർക്കും. ഭൂമി ഒരു പറുദീസയാക്കുമ്പോൾ ദൈവം ഹാബേലിനെ തിരികെ ജീവനിലേക്കു കൊണ്ടുവരും.
“ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന് നിന്റെ കാഴ്‌ച അർപ്പിക്കുക.”—മത്തായി 5:24
-
-
നോഹയുടെ പെട്ടകംബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
-
-
പാഠം 5
നോഹയുടെ പെട്ടകം
കുറെ കഴിഞ്ഞപ്പോൾ ഭൂമിയിൽ ആളുകളുടെ എണ്ണം കൂടി. അവരിൽ മിക്കവരും ചീത്ത ആളുകളായിരുന്നു. സ്വർഗത്തിലുള്ള ചില ദൂതന്മാരുടെ സ്വഭാവംപോലും മോശമായി. അവർ സ്വർഗത്തിലെ ജീവിതം ഉപേക്ഷിച്ച് ഭൂമിയിലേക്കു വന്നു. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന് അറിയാമോ? മനുഷ്യരുടേതുപോലുള്ള ശരീരത്തോടെ വന്ന് സ്ത്രീകളെ കല്യാണം കഴിക്കാൻവേണ്ടി.
മനുഷ്യസ്ത്രീകളെ കല്യാണം കഴിച്ച ഈ ദൈവദൂതന്മാർക്ക് മക്കളുണ്ടായി. അവർ അതിശക്തരായി വളർന്ന് തെമ്മാടികളായി. അവർ ആളുകളെ ഉപദ്രവിച്ചു. പക്ഷേ ഇത് എന്നും ഇങ്ങനെ തുടരാൻ യഹോവ സമ്മതിക്കുമായിരുന്നില്ല. അതുകൊണ്ട് ഒരു ജലപ്രളയം അഥവാ ഒരു വലിയ വെള്ളപ്പൊക്കം വരുത്തി ഈ ചീത്ത ആളുകളെ മുഴുവൻ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു.
എന്നാൽ നോഹ എന്നൊരു മനുഷ്യനുണ്ടായിരുന്നു. നോഹ മറ്റ് ആളുകളെപ്പോലെ ആയിരുന്നില്ല. നോഹ യഹോവയെ സ്നേഹിച്ചിരുന്നു. നോഹയ്ക്കു ഭാര്യയും മൂന്ന് ആൺമക്കളുമുണ്ടായിരുന്നു—ശേം, ഹാം, യാഫെത്ത്. അവരും കല്യാണം കഴിച്ചിരുന്നു. നോഹയ്ക്കും കുടുംബത്തിനും പ്രളയത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി ഒരു വലിയ പെട്ടകം ഉണ്ടാക്കാൻ യഹോവ നോഹയോടു പറഞ്ഞു. പെട്ടകം എന്നത് തടികൊണ്ടുള്ള, വളരെവളരെ വലുപ്പമുള്ള ഒരു പെട്ടിയാണ്. അതു വെള്ളത്തിൽ പൊങ്ങിക്കിടക്കും. പ്രളയത്തിൽ നശിച്ചുപോകാതിരിക്കാൻ കുറെ മൃഗങ്ങളെയും പെട്ടകത്തിൽ കയറ്റണമെന്ന് യഹോവ ആവശ്യപ്പെട്ടു.
പെട്ടെന്നുതന്നെ നോഹ പെട്ടകത്തിന്റെ പണി തുടങ്ങി. പെട്ടകം പണിതു തീർക്കാൻ നോഹയ്ക്കും കുടുംബത്തിനും ഏതാണ്ട് 50 വർഷം വേണ്ടിവന്നു. യഹോവ പറഞ്ഞ രീതിയിൽത്തന്നെ അവർ ആ പെട്ടകം ഉണ്ടാക്കി. പ്രളയം വരുമെന്ന കാര്യം ആ സമയത്തെല്ലാം നോഹ ആളുകളോടു പറയുന്നുണ്ടായിരുന്നു. പക്ഷേ ആരും നോഹ പറഞ്ഞതു ശ്രദ്ധിച്ചില്ല.
അവസാനം പെട്ടകത്തിൽ കയറാനുള്ള സമയമായി. അടുത്തതായി എന്തു സംഭവിച്ചു? നമുക്കു നോക്കാം.
“നോഹയുടെ നാളുകൾപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും.”—മത്തായി 24:37
-