വൃദ്ധരെ പരിപാലിക്കൽ—വെല്ലുവിളികളും പ്രതിഫലങ്ങളും
ഒരു ക്രിസ്തീയ ശുശ്രൂഷകനായ ഷീനെററ്സ് തന്റെ നിയമനം അത്യധികം ആസ്വദിക്കുകയായിരുന്നു. മൂന്നു പേരടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിൽ തന്റെ ഭാര്യാമാതാവും ഉണ്ടായിരുന്നു. ആളുകളെ ബൈബിൾ പഠിപ്പിച്ചുകൊണ്ട് അവർ യഹോവയുടെ സാക്ഷികളുടെ ഒരു ചെറിയ സഭയോടൊത്തു സന്തോഷകരമായി പ്രവർത്തിക്കുകയായിരുന്നു. എന്നാൽ ഒരു ദിവസം, തന്റെ ഭാര്യയോടൊത്തു സഞ്ചരിച്ചുകൊണ്ടു മററു സഭകൾ സന്ദർശിക്കാമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു. അത് ആഴ്ചതോറും താമസം മാറേണ്ടത് ആവശ്യമാക്കിത്തീർക്കുമായിരുന്നു. ഈ ഭാവിപ്രതീക്ഷ സംബന്ധിച്ച് അദ്ദേഹം സന്തോഷഭരിതനായിരുന്നു, എന്നാൽ അമ്മയെ ആരു നോക്കും?
അനേകം കുടുംബങ്ങൾ കാലക്രമത്തിൽ സമാനമായ ഒരു വെല്ലുവിളിയെ അഭിമുഖീകരിക്കും—പ്രായം ചെല്ലുന്ന മാതാപിതാക്കളെ ഏററവും മെച്ചമായി എങ്ങനെ പരിപാലിക്കാം? മാതാപിതാക്കൾ നല്ല ആരോഗ്യമുള്ളവരും ജോലി ചെയ്യുന്നവരുമായിരിക്കുമ്പോൾ ഇക്കാര്യം അധികം ചിന്തിക്കാറില്ല. എന്നാൽ സൂചിക്കുഴയിലൂടെ നൂലു കോർക്കുമ്പോൾ കൈകൾ വിറക്കുന്നതോ കാണാതെപോയ ഒരു സാധനം അവസാനമായി എവിടെയാണു വെച്ചത് എന്നു ഓർക്കാൻ പാടുപെടുമ്പോഴത്തെ ഓർമ്മക്കുറവോ പോലുള്ള ചെറിയ കാര്യങ്ങൾ അവർക്കു പ്രായം കൂടിവരുകയാണെന്നു വെളിപ്പെടുത്തിയേക്കാം. എന്നിരുന്നാലും, മിക്കപ്പോഴും പെട്ടെന്നുള്ള ഒരപകടമോ ഒരസുഖമോ ആണ് അവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഒരുവനെ ബോദ്ധ്യപ്പെടുത്തുന്നത്. എന്തെങ്കിലും ചെയ്തേ പററൂ.
ചില രാജ്യങ്ങളിൽ, താരതമ്യേന നല്ല ആരോഗ്യം ആസ്വദിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ സുവർണ്ണ വർഷങ്ങൾ മക്കളോടൊപ്പം ജീവിക്കുന്നതിനെക്കാൾ തങ്ങളുടെ ഇണയോടൊപ്പം ഒററക്കു ജീവിക്കാനാണു കൂടുതൽ ഇഷ്ടപ്പെടുന്നത്. പൗരസ്ത്യദേശങ്ങളും ആഫ്രിക്കാൻ രാജ്യങ്ങളും പോലുള്ള മററനേകം രാജ്യങ്ങളിൽ, പ്രായംചെന്നവർ തങ്ങളുടെ മക്കളോടൊപ്പം, പ്രത്യേകിച്ചും മൂത്ത മകനോടൊപ്പം താമസിക്കുകയാണു സാധാരണ രീതി. മാതാപിതാക്കളിൽ ഒരാൾ കിടപ്പിലാണെങ്കിൽ ഇതു വിശേഷാൽ സത്യമാണ്. ഉദാഹരണത്തിന്, ജപ്പാനിൽ 65-ഉം അതിൽ കൂടുതലും വയസ്സുള്ളവരും ഒരു പരിധിവരെ ശയ്യാവലംബികളുമായവരിൽ ഏതാണ്ടു 2,40,000 പേർ തങ്ങളുടെ കുടുംബങ്ങളാൽ ഭവനത്തിൽ സംരക്ഷിക്കപ്പെടുന്നു.
ധാർമ്മികവും തിരുവെഴുത്തുപരവുമായ കടപ്പാടുകൾ
അനേകരും “സ്വസ്നേഹികളും” “വാത്സല്യമില്ലാത്തവരും” ആയിരിക്കുന്ന ഒരു തലമുറയിലാണു നാം ജീവിക്കുന്നതെങ്കിലും നമുക്കു തീർച്ചയായും പ്രായമായവരോടു ധാർമ്മികവും തിരുവെഴുത്തുപരവുമായ കടപ്പാടുകളുണ്ട്. (2 തിമൊഥെയൊസ് 3:1-5) പേശിതളർച്ചയും വിറയലും (Parkinson’s disease) ബാധിച്ച തന്റെ പ്രായമായ അമ്മയെ സംരക്ഷിക്കുന്ന റെറാമിക്കൊ അവരെക്കുറിച്ച് “അമ്മ എന്നെ 20 വർഷം സംരക്ഷിച്ചു. ഇപ്പോൾ ഞാൻ അതുതന്നെ തിരിച്ചു ചെയ്യാനാഗ്രഹിക്കുന്നു” എന്നു പറഞ്ഞപ്പോൾ തനിക്കനുഭവപ്പെട്ട ധാർമ്മിക ഉത്തരവാദിത്വം വെളിപ്പെടുത്തി. ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ ഉപദേശിച്ചു: “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.”—സദൃശവാക്യങ്ങൾ 23:22.
അവിശ്വാസികളായ മാതാപിതാക്കളിലൊരാളുടെ പക്ഷത്തെ മതപരമായ മുൻവിധിയോ ശത്രുതയോ ആ തിരുവെഴുത്തുപരമായ മാർഗ്ഗനിർദ്ദേശത്തെ റദ്ദാക്കുന്നില്ല. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതാൻ പ്രേരിതനായി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) മരണത്തിനു മുമ്പത്തെ തന്റെ അവസാന പ്രവൃത്തികളിൽ ഒന്നായി യേശു തന്റെ അമ്മയുടെ സംരക്ഷണത്തിനു ക്രമീകരണം ചെയ്തപ്പോൾ അവിടുന്നു നമുക്കുവേണ്ടി മാതൃക വെച്ചു.—യോഹന്നാൻ 19:26, 27.
അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെ കൈകാര്യം ചെയ്യൽ
അനേകം വർഷങ്ങൾ വേർപെട്ടു ജീവിച്ചതിനുശേഷം കുടുംബങ്ങൾ കൂടിച്ചേരുമ്പോൾ അനേകം മാററങ്ങൾ വരുത്തേണ്ടയാവശ്യമുണ്ട്. ഈ മാററങ്ങൾ വലിയ അളവിലുള്ള സ്നേഹവും ക്ഷമയും പരസ്പരധാരണയും ആവശ്യമാക്കിത്തീർക്കുന്നു. മൂത്ത മകനോ മറെറാരു മകനോ മകളോ തന്റെ കുടുംബത്തെ മാതാപിതാക്കളുടെ ഭവനത്തിലേക്കു മാററുകയാണെങ്കിൽ തികച്ചും പുതിയ സാഹചര്യങ്ങൾ സംജാതമാകുന്നു. ഒരു പുതിയ ജോലിയും കുട്ടികൾക്കു പുതിയ സ്കൂളുകളും ഇടപഴകുന്നതിനു പുതിയ അയൽവക്കവും ഉണ്ടായിരിക്കാം. മിക്കപ്പോഴും അതു ഭാര്യക്കു വർദ്ധിച്ച ചുമതലകളെ അർത്ഥമാക്കിയേക്കും.
പൊരുത്തപ്പെടുന്നതു മാതാപിതാക്കൾക്കും അത്രതന്നെ പ്രയാസമായിരിക്കും. അവർ ഒരളവിലുള്ള സ്വകാര്യതയും ശാന്തതയും സ്വാതന്ത്ര്യവും ശീലിച്ചിരിക്കാം; ഇപ്പോൾ അവർക്കു ചോരത്തിളപ്പുള്ള പേരക്കിടാങ്ങളുടെയും അവരുടെ സുഹൃത്തുക്കളുടെയും ബഹളമുണ്ടായിരിക്കും. അവർ സ്വന്തം തീരുമാനങ്ങൾ എടുത്തുപോന്നിരിക്കാം, ഇപ്പോൾ ആരെങ്കിലും ഉപദേശിക്കാൻ ശ്രമിക്കുമ്പോൾ അവർക്കു നീരസം തോന്നിയേക്കാം. തങ്ങളുടെ പുത്രൻമാരുടെ കുടുംബങ്ങൾ തങ്ങളോടൊത്തു താമസിക്കാൻ വരുന്ന ദിവസം മുന്നിൽകണ്ടുകൊണ്ട് അനേകം മാതാപിതാക്കൾ, എല്ലാവർക്കും ഒരളവിലുള്ള സ്വാതന്ത്ര്യം ലഭ്യമാക്കിക്കൊണ്ടു തൊട്ടടുത്തു വേർപെട്ടുള്ള വീടുകളോ തങ്ങളുടെ ഭവനത്തോട് ഇടനാനാഴികൾകൊണ്ടു ബന്ധിച്ച കൂട്ടിച്ചേർപ്പുകളോ പണിതിട്ടുണ്ട്.
ഭവനം ചെറുതായിരിക്കുന്നിടത്ത്, പുതുതായി എത്തുന്നവർക്കുവേണ്ടി സ്ഥലം ഉണ്ടാക്കുന്നതിനു വർദ്ധിച്ച ക്രമീകരണങ്ങൾ ആവശ്യമായിവന്നേക്കാം. തന്റെ 80 വയസ്സുള്ള അമ്മായിയമ്മക്കു സ്ഥലം ഉണ്ടാക്കിക്കൊടുക്കുന്നതിനു കൂടുതൽ ഗൃഹോപകരണങ്ങളും മററു സാമഗ്രികളും തന്റെ നാലു പെൺമക്കളുടെ മുറികളിലേക്കു വന്നുകൊണ്ടിരുന്നപ്പോൾ അവർ എത്ര അസ്വസ്ഥരായി എന്നോർത്ത് ഒരമ്മ പൊട്ടിച്ചിരിച്ചുപോയി. എന്നിരുന്നാലും, ക്രമീകരണങ്ങൾ സംബന്ധിച്ച ആവശ്യം എല്ലാവരും തിരിച്ചറിയുകയും സ്നേഹം “സ്വാർത്ഥം അന്വേഷിക്കുന്നില്ല” എന്ന ബൈബിൾ ബുദ്ധ്യുപദേശം ഓർക്കുകയും ചെയ്യുമ്പോൾ ഈ പ്രശ്നങ്ങളിൽ മിക്കതും മിക്കപ്പോഴും പരിഹരിക്കപ്പെടുന്നു.—1 കൊരിന്ത്യർ 13:5.
ഒരു സ്വാതന്ത്ര്യനഷ്ടം
തന്റെ ഭർത്താവിനു തന്റെ മതവിശ്വാസം ഇല്ലാതിരിക്കയും കുടുംബത്തെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഭവനത്തിലേക്കു മാററാൻ തീരുമാനിക്കുകയുമാണെങ്കിൽ ഒരു ക്രിസ്തീയ സ്ത്രീക്കു ഗൗരവമുള്ള ഒരു പ്രശ്നം വികാസം പ്രാപിച്ചേക്കാം. കുടുംബപരിപാലനത്തിന്റെ അടിയന്തിരാവശ്യങ്ങൾ, തന്റെ മററു ചുമതലകളോടൊപ്പം ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് ഏതാണ്ട് അസാദ്ധ്യമാക്കുന്നതായി തോന്നിച്ചേക്കാം. സെററ്സുകോ ഇങ്ങനെ പറഞ്ഞു: “ഒരളവിൽ വാർദ്ധക്യത്താലുള്ള ബുദ്ധിമാന്ദ്യമുള്ള അമ്മയെ ഒററക്കു വീട്ടിലാക്കുന്നത് അപകടമാണെന്ന് എന്റെ ഭർത്താവിനു തോന്നി, അതുകൊണ്ടു ഞാൻ എല്ലായ്പോഴും വീട്ടിലുണ്ടായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഞാൻ ഒരു മീററിംഗിനു പോകാൻ ശ്രമിച്ചാൽ അദ്ദേഹം അസ്വസ്ഥനാകുകയും പരാതിപ്പെടുകയും ചെയ്യും. എന്റെ ജാപ്പനീസ് പശ്ചാത്തലം കാരണം അവരെ ഒററക്കു വീട്ടിലാക്കുന്നതു തെററാണെന്ന് ആദ്യമൊക്കെ എനിക്കും തോന്നി. എന്നാൽ പിന്നീട്, കാലക്രമത്തിൽ, പ്രശ്നങ്ങൾ പരിഹരിക്കാമെന്നു ഞാൻ മനസ്സിലാക്കി.”
ഹീസാക്കോയ്ക്കും സമാനമായ പ്രശ്നമുണ്ടായിരുന്നു. “എന്റെ ഭർത്താവിന്റെ കുടുംബത്തിലേക്കു ഞങ്ങൾ മാറിയപ്പോൾ, ബന്ധുക്കൾ എന്തു വിചാരിക്കുമെന്നു കരുതി ഞാൻ എന്റെ മതം മാറണമെന്നും എന്റെ മതപരമായ പ്രവർത്തനങ്ങൾ നിർത്തണമെന്നും എന്റെ ഭർത്താവ് ആവശ്യപ്പെട്ടു. കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതിന് അടുത്തുള്ള ബന്ധുക്കൾ ഞായറാഴ്ചകളിൽ ഞങ്ങളെ സന്ദർശിക്കാൻ വരികയും മീററിംഗിനു പോകുന്നത് എനിക്കു പ്രയാസമാക്കുകയും ചെയ്തു. മാത്രവുമല്ല, കുട്ടികൾ മീററിംഗിനു പോകുന്നതിനെക്കാൾ തങ്ങളുടെ ബന്ധുമിത്രങ്ങളോടൊപ്പം കളിക്കാൻ ആഗ്രഹിച്ചു. ഞങ്ങളുടെ ആത്മീയത ബാധിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ഞാൻ ഒരു ഉറച്ച നിലപാട് എടുത്തുകൊണ്ട്, വസ്ത്രങ്ങൾ മാററുന്നതുപോലെ എനിക്ക് എന്റെ മതം മാററാൻ കഴിയില്ലെന്നും അതെനിക്കു പ്രധാനപ്പെട്ടതാണെന്നും എന്റെ ഭർത്താവിനോടു വിശദീകരിക്കേണ്ടിവന്നു. കാലക്രമത്തിൽ, കുടുംബം മാററങ്ങൾ വരുത്തി.”
ചിലർ, വാരത്തിൽ ഒന്നോ രണ്ടോ ദിവസം വന്നു സഹായിക്കുന്നതിന് ഒരു വേലക്കാരിയെ ഏർപ്പാടുചെയ്തുകൊണ്ട്, കൂടുതൽ ഒഴിവുസമയം ലഭിക്കുന്നതിനുള്ള തടസ്സം പരിഹരിച്ചിട്ടുണ്ട്. മററു ചിലർ തങ്ങളുടെ കുട്ടികളുടെയോ അടുത്ത ബന്ധുക്കളുടെയോ സഭയിലെ സുഹൃത്തുക്കളുടെയോ പോലും സഹായം തേടിക്കൊണ്ടു വ്യക്തിപരമായ ദൗത്യങ്ങളും ക്രിസ്തീയ പ്രവർത്തനങ്ങളും നിർവ്വഹിക്കുന്നതിന് ഒരളവിലുള്ള സ്വാതന്ത്ര്യം കണ്ടെത്തിയിട്ടുണ്ട്. ഭർത്താക്കൻമാർ വീട്ടിലുള്ളപ്പോൾ രാത്രികളിലും വാരാന്തങ്ങളിലും അവർക്കുപോലും സഹായിക്കാൻ സാധിച്ചിട്ടുണ്ട്.—സഭാപ്രസംഗി 4:9.
അവരെ പ്രവർത്തനനിരതരായി നിർത്തുക
പ്രായമായവരെ പ്രവർത്തനനിരതരായി നിർത്തുകയെന്നതാണ് അഭിമുഖീകരിക്കേണ്ട മറെറാരു വെല്ലുവിളി. പ്രായമുള്ള ചിലർ പാചകത്തിലും മററു ഗൃഹജോലികളിലും പങ്കെടുക്കുന്നതിനു സന്തോഷമുള്ളവരാണ്. കുട്ടികളെ നോക്കാൻ പറഞ്ഞാൽ തങ്ങൾ വേണ്ടപ്പെട്ടവരാണെന്ന് അവർക്കു തോന്നുകയും ചെറിയ പച്ചക്കറിത്തോട്ടം നോക്കുകയോ പൂക്കൾ വളർത്തുകയോ ഏതെങ്കിലും വിനോദത്തൊഴിലിൽ പങ്കെടുക്കുകയോ ചെയ്യുന്നതിൽ അവർ സംതൃപ്തരാവുകയും ചെയ്യുന്നു.
എന്നിരുന്നാലും, മററു ചിലർ പകൽ അധികസമയവും ഉറങ്ങാനും മററുള്ളവർ തങ്ങളെ ശുശ്രൂഷിക്കാനും ഇഷ്ടപ്പെടുന്നു. എന്നാൽ അവരെ കഴിയുന്നിടത്തോളം പ്രവർത്തനനിരതരായി നിർത്തുന്നത് അവരുടെ ക്ഷേമത്തിനും ദീർഘായുസ്സിനും മാനസിക ജാഗ്രതക്കും പ്രധാനമാണെന്നു തോന്നുന്നു. തന്റെ അമ്മ ഒരു വീൽചെയറിലാണെങ്കിലും മീററിംഗുകൾക്കു കൊണ്ടുപോകുന്നതു മാത്രമായിരുന്നു അമ്മക്ക് ആകെ വേണ്ടിയിരുന്ന പ്രോത്സാഹനം എന്നു ഹിഡെക്കൊ മനസ്സിലാക്കി. അവരെ എല്ലാവരും ഊഷ്മളമായി സ്വീകരിക്കുകയും സംഭാഷണങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. അവർക്കു കൊടുത്ത ശ്രദ്ധ കാലക്രമത്തിൽ ഒരു പ്രായമുള്ള സ്ത്രീയുമായി ബൈബിൾ പഠിക്കുന്നതിനു സമ്മതിക്കുന്നതിലേക്ക് അവരെ നയിച്ചു. കേന്ദ്രനാഡീവ്യൂഹ രോഗമുള്ള (Alzheimer’s disease) തങ്ങളുടെ അമ്മയെ ഒരു ദമ്പതികൾ തങ്ങളുടെ മീററിംഗുകൾക്കു കൂട്ടിക്കൊണ്ടുപോകുന്നു. അവർ നിരീക്ഷിച്ചിട്ടു പറഞ്ഞത് ഇങ്ങനെയാണ്: “അമ്മക്കു യാതൊന്നും ചെയ്യാൻ പൊതുവെ ഇഷ്ടമില്ല, എന്നാൽ മീററിംഗുകളിൽ അമ്മ സന്തുഷ്ടയാണ്. അമ്മയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു, അതുകൊണ്ടു മനസ്സോടെ അമ്മ വരുന്നു. അത് അമ്മക്കു വളരെ പ്രയോജനകരമാണെന്നു ഞങ്ങൾ കരുതുന്നു.”
ഈ ലേഖനത്തിന്റെ ആരംഭത്തിങ്കൽ സൂചിപ്പിച്ച ഷീനെററ്സ് താൻ സഞ്ചാരശുശ്രൂഷകനായി സേവിച്ച പ്രദേശത്തിന്റെ മദ്ധ്യത്തിലായി തന്റെ ഭാര്യാമാതാവിനുവേണ്ടി ഒരു വീടു കണ്ടുപിടിച്ചുകൊണ്ടു തന്റെ പ്രശ്നം പരിഹരിച്ചു. ഓരോ വാരത്തിലും വ്യത്യസ്ത സഭകൾ സന്ദർശിക്കുന്നതിനിടയിൽ അദ്ദേഹവും ഭാര്യയും അവരോടൊപ്പം താമസിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ക്യോകൊ പറഞ്ഞു: “ഞങ്ങളുടെ വേലയുടെ ഒരു പ്രധാന ഭാഗമാണു താനെന്നും താൻ വേണ്ടപ്പെട്ടവളാണെന്നും അമ്മ വിചാരിക്കുന്നു. എന്റെ ഭർത്താവു ഏതെങ്കിലും പ്രത്യേക ഭക്ഷണം പാചകം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അമ്മ സന്തോഷഭരിതയാകുന്നു.”
വാർദ്ധക്യത്താലുള്ള ബുദ്ധിമാന്ദ്യത്തെ കൈകാര്യം ചെയ്യൽ
മാതാപിതാക്കൾക്കു പ്രായമേറുമ്പോൾ വിവിധ അളവുകളിൽ വാർദ്ധക്യത്തിന്റേതായ ബുദ്ധിമാന്ദ്യം വികാസം പ്രാപിച്ചേക്കാം, അതിനാൽ അവർക്കു കൂടുതൽ കൂടുതൽ ശ്രദ്ധയാവശ്യമാണ്. അവർ ദിവസങ്ങളും സമയങ്ങളും കാലങ്ങളും വാഗ്ദാനങ്ങളും മറക്കുന്നു. അവർ തങ്ങളുടെ മുടി വെട്ടാനും തുണി കഴുകാനും മറക്കുന്നു. സ്വന്തമായി എങ്ങനെ വസ്ത്രം ധരിക്കണമെന്നും കുളിക്കണമെന്നുംപോലും അവർ മറന്നേക്കാം. ചിലർ സ്ഥിരതയില്ലാത്തവരായിത്തീരുന്നു, അതേസമയം മററു ചിലർക്കു രാത്രിയിൽ ഉറങ്ങാൻ പ്രയാസമുണ്ട്. ചിലർക്ക് എടുത്തെടുത്തു പറയുന്നതിനുള്ള ഒരു പ്രവണതയുണ്ടായിരുന്നേക്കാം, എന്നാൽ അതു ശ്രദ്ധയിൽപെടുത്തിയാൽ അവർ മുഷിഞ്ഞേക്കാം. അവരുടെ മനസ്സ് അവരെ കബളിപ്പിക്കുന്നു. അവർക്ക് എന്തോ കളവുപോയിട്ടുണ്ടെന്നും കള്ളൻമാർ വീട്ടിൽ കടക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ തറപ്പിച്ചു പറഞ്ഞേക്കാം. നാലു പെൺമക്കളുള്ള ഒരു കുടുംബത്തിനു യാതൊരു കാരണവുമില്ലാതെ ലൈംഗിക ദുഷ്പ്രവൃത്തി സംബന്ധിച്ച ആരോപണങ്ങൾ സഹിക്കേണ്ടിവന്നു. “അത് അഹിതകരമായിരുന്നു. എന്നാൽ ആരോപണങ്ങൾ സഹിക്കുന്നതിനും വിഷയം മാററാൻ ശ്രമിക്കുന്നതിനും ഞങ്ങളങ്ങു പഠിച്ചു. വല്യമ്മയോട് എതിർക്കുന്നതു വെറുതെയായിരുന്നു.”—സദൃശവാക്യങ്ങൾ 17:27.
നിവർത്തിക്കേണ്ട വൈകാരിക ആവശ്യങ്ങൾ
പ്രായം വൃദ്ധർക്കു പീഡാനുഭവങ്ങൾ കൈവരുത്തുന്നു. അവർ വേദനാജനകമായ അസുഖങ്ങളും നടക്കുന്നതിനുള്ള സ്വാധീനക്കുറവും മനോവേദനയും സഹിക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിതത്തിനു യാതൊരു ലക്ഷ്യമോ ഉദ്ദേശ്യമോ ഇല്ലെന്നു ചിലർ വിചാരിക്കുന്നു. തങ്ങൾ ഒരു ഭാരമാണെന്ന് അവർക്കു തോന്നുകയും മരിക്കാനുള്ള ആഗ്രഹം പ്രകടമാക്കുകയും ചെയ്തേക്കാം. തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും ബഹുമാനിക്കുന്നുണ്ടെന്നും ഉൾപ്പെടുത്തുന്നുണ്ടെന്നും അവർക്കു തോന്നേണ്ട ആവശ്യമുണ്ട്. (ലേവ്യപുസ്തകം 19:32) ഹിസാക്കൊ ഇങ്ങനെ പറഞ്ഞു: “അമ്മയുള്ളപ്പോൾ, സാധിക്കുമ്പോൾ അമ്മയുടെ കാര്യം പറഞ്ഞുകൊണ്ടു ഞങ്ങൾ അമ്മയെയും സംഭാഷണത്തിൽ ഉൾപ്പെടുത്താൻ എല്ലായ്പോഴും ശ്രമിക്കുന്നു.” മറെറാരു കുടുംബം ബൈബിൾവാക്യത്തിന്റെ ദൈനംദിന ചർച്ച നടത്താൻ ആവശ്യപ്പെട്ടുകൊണ്ടു തങ്ങളുടെ വല്യപ്പന്റെ ആത്മാഭിമാനത്തെ താങ്ങിനിർത്താൻ ശ്രമിച്ചു.
ഒരുവൻ പ്രായമായവരെക്കുറിച്ച് ഉചിതമായ ഒരു വീക്ഷണം പുലർത്താൻ എല്ലായ്പോഴും ശ്രമിക്കണം. തങ്ങളെ ക്ഷതപ്പെടുത്തുമാറു തങ്ങളോടു നിർദ്ദാക്ഷിണ്യം സംസാരിക്കുന്നതായോ ആദരവില്ലാതെ പെരുമാറുന്നതായോ ശയ്യാവലംബികളായ രോഗികൾക്കു തോന്നുമ്പോൾ അവർ നീരസപ്പെടുന്നു. അശക്തയായ തന്റെ അമ്മായിയമ്മയോടൊപ്പം ജീവിച്ച കിമിക്കൊ ഇങ്ങനെ പറഞ്ഞു: “അമ്മക്കു ജാഗ്രതയുണ്ടായിരുന്നു, ഞാൻ ഹൃദയപൂർവ്വമല്ലാതെ പെരുമാറുകയോ ഉന്നതഭാവം കാട്ടുകയോ ചെയ്തപ്പോൾ അമ്മക്ക് അതു മനസ്സിലായി.” ഹിഡെക്കോയ്ക്കും തന്റെ മനോഭാവത്തിൽ അഭിവൃദ്ധി പ്രാപിക്കേണ്ടിയിരുന്നു. “എന്റെ അമ്മായിയമ്മയെ പരിരക്ഷിക്കേണ്ടിവന്നപ്പോൾ ഞാൻ ആദ്യം നിരാശിതയായി. ഞാൻ ഒരു പയനിയറായിരുന്നു [യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷക], എനിക്കു ശുശ്രൂഷ നഷ്ടമായി. പിന്നീട് എനിക്കു മനസ്സിലായി, എന്റെ ചിന്തക്കു മാററം വരുത്തണമെന്ന്. വീടുതോറുമുള്ള ശുശ്രൂഷ പ്രധാനമായിരുന്നെങ്കിലും ഇതും ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. (1 തിമൊഥെയൊസ് 5:8) എനിക്കു സന്തോഷമുണ്ടാകണമെങ്കിൽ ഞാൻ കൂടുതൽ സ്നേഹവും സമാനുഭാവവും വികസിപ്പിക്കേണ്ടിയിരിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. ഉത്തരവാദിത്വത്തിന്റെ പേരിൽ കാര്യങ്ങൾ വെറും യാന്ത്രികമായി ചെയ്തപ്പോൾ എന്റെ മനസ്സാക്ഷി എന്നെ അലട്ടുമായിരുന്നു. എനിക്കൊരപകടം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്തപ്പോൾ ഞാൻ എന്റെ അമ്മായിയമ്മയെക്കുറിച്ചും അവർ അനുഭവിച്ച വേദനയെക്കുറിച്ചും ഓർത്തു. അതിനുശേഷം കൂടുതൽ ഊഷ്മളതയും സമാനുഭാവവും കാട്ടാൻ എനിക്ക് എളുപ്പമായിരുന്നു.”
പരിചരിക്കുന്നവർക്കും പരിചരണം ആവശ്യം
പ്രായമായവരെ പരിചരിക്കുന്നതിനുള്ള ഭാരം പ്രത്യേകിച്ചും വന്നുകൂടുന്ന വ്യക്തിയോടു വിലമതിപ്പു പ്രകടമാക്കേണ്ട ആവശ്യം ഒട്ടും അവഗണിക്കാവുന്നതല്ല. (സദൃശവാക്യങ്ങൾ 31:28 താരതമ്യം ചെയ്യുക.) വിലമതിപ്പിന്റെ വാക്കുകൾ കേട്ടോ കേൾക്കാതെയോ ആണു മിക്ക സ്ത്രീകളും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിൽ തുടരുന്നത്. എന്നിരുന്നാലും അവരുടെ വേലയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നു പരിഗണിക്കുമ്പോൾ തീർച്ചയായും ഇത്തരം വാക്കുകൾ ഉചിതമാണ്. അവർക്കു മിക്കവാറും കൂടുതലായ വൃത്തിയാക്കലും കഴുകലും പാചകം ചെയ്യലുമൊക്കെ ഉണ്ടായിരിക്കും. ആശുപത്രിയിലേക്കോ ഡോക്ടറെ കാണുന്നതിനോ ഉള്ള യാത്രയും പ്രായമായ ഒരു രോഗിയെ തീററുകയും കഴുകുകയും ചെയ്യുന്നതും സംബന്ധിച്ചു പരിചിന്തിക്കുക. വളരെക്കാലം തന്റെ അമ്മായിയമ്മയെ പരിരക്ഷിച്ച ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “എന്റെ ഭർത്താവിന് അതു വാക്കുകളിലാക്കാൻ പ്രയാസമാണെന്ന് എനിക്കറിയാം, എന്നാൽ ഞാൻ ചെയ്യുന്നതിനെ താൻ വിലമതിക്കുന്നുണ്ടെന്നു മററു വിധങ്ങളിൽ അദ്ദേഹം എന്നോടു പ്രകടമാക്കുകതന്നെ ചെയ്യുന്നുണ്ട്.” ലളിതമായ നന്ദിവാക്കുകൾക്ക് ഇതെല്ലാം വിലയുള്ളതാണെന്നു തോന്നിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 25:11.
പ്രതിഫലങ്ങളും ഉണ്ട്
വാർദ്ധക്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ വർഷങ്ങളായി, സംരക്ഷിച്ചിട്ടുള്ള അനേകം കുടുംബങ്ങൾ, സഹിഷ്ണുത, ആത്മത്യാഗം, നിസ്വാർത്ഥ സ്നേഹം, ഉത്സാഹം, താഴ്മ, മൃദുലവികാരം എന്നിങ്ങനെയുള്ള പ്രധാന ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്താൻ ഇതു തങ്ങളെ സഹായിച്ചിട്ടുണ്ടെന്നു പറയുന്നു. അനേകം കുടുംബങ്ങൾ വൈകാരികമായി ഏറെ അടുത്തിട്ടുണ്ട്. കൂടുതലായ ഒരു പ്രതിഫലം മാതാപിതാക്കളുമായി കൂടുതൽ സംഭാഷണം നടത്തുന്നതിനും അവരെ മെച്ചമായി മനസ്സിലാക്കുന്നതിനും ഉള്ള അവസരമാണ്. ഹിസാക്കൊ തന്റെ അമ്മായിയമ്മയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അമ്മയുടെ ജീവിതം രസകരമായിരുന്നു. അമ്മ വളരെയധികം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഞാൻ അമ്മയെ വളരെയധികം മനസ്സിലാക്കാൻ ഇടയാകുകയും ഞാൻ മുമ്പു തിരിച്ചറിഞ്ഞിട്ടില്ലാത്ത അമ്മയുടെ പല ഗുണങ്ങളെയും വിലമതിക്കാൻ പഠിക്കുകയും ചെയ്തിരിക്കുന്നു.”
“ഞാൻ ബൈബിൾ പഠിക്കുന്നതിനു മുമ്പു വിവാഹമോചനം നേടി ആ അവസ്ഥയിൽനിന്ന് ഓടി രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു” എന്നു തന്റെ ഭർത്താവിന്റെ മാതാപിതാക്കളെയും ശയ്യാവലംബിയായ വല്യമ്മയെയും പരിരക്ഷിച്ച കിമികൊ വിശദീകരിച്ചു. “പിന്നിട് ‘അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ’ പരിരക്ഷിക്കണമെന്നു ഞാൻ വായിച്ചു. (യാക്കോബ് 1:27) എന്റെ പരമാവധി ചെയ്തതിൽ ഞാൻ സന്തുഷ്ടയാണ്, കാരണം ഇപ്പോൾ എന്റെ വിശ്വാസത്തെക്കുറിച്ചു കുടുംബത്തിലെ ആർക്കും ന്യായമായി പരാതിപറയാൻ കഴിയില്ല. എന്റെ മനസ്സാക്ഷി ശുദ്ധമാണ്.” മറെറാരാൾ പറഞ്ഞു: “എന്റെതന്നെ കണ്ണുകൾകൊണ്ട് ആദാമിന്റെ പാപത്തിന്റെ ഭയങ്കരമായ ഫലങ്ങൾ കണ്ടതിനാൽ മറുവിലയുടെ ആവശ്യത്തെ ഇപ്പോൾ ഞാൻ കൂടുതലായി പോലും വിലമതിക്കുന്നു.”
താമസിയാതെതന്നെ നിങ്ങളുടെ കുടുംബത്തിലെ മറെറാരംഗത്തെ നിങ്ങളുടെ ഭവനത്തിലേക്കു നിങ്ങൾ സ്വാഗതം ചെയ്യുമോ? അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ പ്രായം ചെന്ന മാതാപിതാക്കളുടെ കൂടെ നിങ്ങൾ താമസമാക്കുമോ? നിങ്ങൾക്കു കുറെ ഭയം തോന്നുന്നുണ്ടോ? അതു മനസ്സിലാക്കാവുന്നതേയുള്ളൂ. മാററങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കും. എന്നാൽ ആ വെല്ലുവിളിയെ വിജയകരമായി നേരിടുന്നതിൽ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും.
[24-ാം പേജിലെ ചിത്രം]
പ്രായമായവർക്കു തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും ആദരിക്കുന്നുണ്ടെന്നും തോന്നണം