-
രണ്ടു രാജാക്കന്മാർ പോരാട്ടത്തിൽദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
-
-
അധ്യായം പതിമൂന്ന്
രണ്ടു രാജാക്കന്മാർ പോരാട്ടത്തിൽ
1, 2. ദാനീയേൽ 11-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിൽ നാം തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
പരമാധികാരത്തിനു വേണ്ടിയുള്ള അതിതീവ്രമായ ഒരു മത്സരത്തിൽ രണ്ടു ശത്രു രാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടുന്നു. വർഷങ്ങൾ കടന്നുപോകവെ, അവർ മാറിമാറി മേധാവിത്വം നേടുന്നു. ചില അവസരങ്ങളിൽ, ഒരുവൻ പരമാധികാരിയായി ഭരിക്കുമ്പോൾ മറ്റവൻ നിഷ്ക്രിയനാകുന്നു, പോരാട്ടം ഇല്ലാത്ത കാലഘട്ടങ്ങളുമുണ്ട്. എന്നാൽ, അപ്പോൾ പെട്ടെന്നു മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നു, പോരാട്ടം തുടരുകയും ചെയ്യുന്നു. ഈ നാടകത്തിൽ സിറിയൻ രാജാവായ സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ, ഈജിപ്ഷ്യൻ രാജാവായ ടോളമി ലാഗസ്, സിറിയൻ രാജകുമാരിയും ഈജിപ്ഷ്യൻ റാണിയുമായ ഒന്നാം ക്ലിയോപാട്ര, റോമൻ ചക്രവർത്തിമാരായ അഗസ്റ്റസ്, തീബെര്യൊസ്, പാൽമൈറയിലെ രാജ്ഞിയായ സെനോബിയ എന്നിവർ പങ്കെടുക്കുന്നു. പോരാട്ടം അതിന്റെ അവസാനത്തോട് അടുക്കവെ നാസി ജർമനി, കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ചേരി, ആംഗ്ലോ-അമേരിക്കൻ ലോകശക്തി, സർവരാജ്യസഖ്യം, ഐക്യരാഷ്ട്രങ്ങൾ എന്നിവയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ, ഈ നാടകത്തിന്റെ പരിസമാപ്തി പ്രസ്തുത രാഷ്ട്രീയ ഘടകങ്ങളൊന്നും മുൻകൂട്ടി കാണാത്ത ഒന്നാണ്. ഏതാണ്ട് 2,500 വർഷം മുമ്പ് യഹോവയുടെ ദൂതൻ ദാനീയേലിനോട് ഈ ആവേശജനകമായ പ്രവചനം പ്രഖ്യാപിച്ചു.—ദാനീയേൽ 11-ാം അധ്യായം.
2 വരാനിരുന്ന രണ്ടു രാജാക്കന്മാർക്കിടയിലെ മത്സരം ദൂതൻ വിശദമായി തനിക്കു വെളിപ്പെടുത്തിയപ്പോൾ ദാനീയേൽ എത്ര പുളകിതൻ ആയിരുന്നിരിക്കണം! ആ നാടകം നമുക്കും താത്പര്യജനകമാണ്. കാരണം, ആ രണ്ടു രാജാക്കന്മാർ തമ്മിലുള്ള അധികാര വടംവലി നമ്മുടെ നാളിലേക്കും നീളുന്നു. ആ പ്രവചനത്തിന്റെ ആദ്യ ഭാഗം സത്യമായിരുന്നെന്നു ചരിത്രം പ്രകടമാക്കിയിരിക്കുന്നത് എങ്ങനെയെന്നു പരിശോധിക്കുന്നത് ആ പ്രാവചനിക വിവരണത്തിന്റെ അവസാന ഭാഗത്തിന്റെ നിവൃത്തിയുടെ സുനിശ്ചിതത്വത്തിലുള്ള നമ്മുടെ വിശ്വാസവും ഉറപ്പും ബലിഷ്ഠമാക്കും. ഈ പ്രവചനത്തിനു ശ്രദ്ധ കൊടുക്കുന്നത്, കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെ ആണെന്നുള്ളതു സംബന്ധിച്ചു വ്യക്തമായ ഒരു വീക്ഷണം നൽകും. ദൈവം നമുക്കുവേണ്ടി പ്രവർത്തിക്കാൻ നാം ക്ഷമാപൂർവം കാത്തിരിക്കവെ, പ്രസ്തുത പോരാട്ടത്തിൽ നിഷ്പക്ഷരായി നിലകൊള്ളാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ അതു ബലിഷ്ഠമാക്കുകയും ചെയ്യും. (സങ്കീർത്തനം 146:3, 5) അതുകൊണ്ട് യഹോവയുടെ ദൂതൻ ദാനീയേലിനോടു സംസാരിക്കുമ്പോൾ നമുക്കു സൂക്ഷ്മ ശ്രദ്ധ കൊടുക്കാം.
ഗ്രീസിന് എതിരെ
3. “മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ” ആരെയാണു ദൂതൻ പിന്തുണച്ചത്?
3 “ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ [പൊ.യു.മു. 539/538] അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേററുനിന്നു” എന്ന് ദൂതൻ പറഞ്ഞു. (ദാനീയേൽ 11:1) ദാര്യാവേശ് അതിനോടകം മരിച്ചു പോയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാഴ്ചയെയാണ് ഈ പ്രാവചനിക സന്ദേശത്തിന്റെ ആരംഭ ഘട്ടമായി ദൂതൻ പരാമർശിക്കുന്നത്. ദാനീയേലിനെ സിംഹങ്ങളുടെ ഗുഹയിൽനിന്നു പുറത്തു കൊണ്ടുവരാൻ കൽപ്പിച്ചത് ആ രാജാവായിരുന്നു. തന്റെ പ്രജകൾ എല്ലാവരും ദാനീയേലിന്റെ ദൈവത്തെ ഭയപ്പെടണമെന്നും ദാര്യാവേശ് കൽപ്പിച്ചിരുന്നു. (ദാനീയേൽ 6:21-27) എന്നിരുന്നാലും, ദാര്യാവേശിനെ അല്ല, മറിച്ച് തന്റെ കൂട്ടാളിയും ദാനീയേലിന്റെ ജനത്തിന്റെ പ്രഭുവുമായ മീഖായേലിനെ പിന്തുണയ്ക്കാൻ വേണ്ടിയാണ് ആ ദൂതൻ എഴുന്നേറ്റുനിന്നത്. (ദാനീയേൽ 10:12-14 താരതമ്യം ചെയ്യുക.) മേദോ-പേർഷ്യയുടെ ഭൂതപ്രഭുവുമായി മീഖായേൽ ഏറ്റുമുട്ടിയപ്പോഴായിരുന്നു ദൈവ ദൂതൻ ഈ പിന്തുണ നൽകിയത്.
4, 5. പേർഷ്യയിലെ മുൻകൂട്ടി പറയപ്പെട്ട നാലു രാജാക്കന്മാർ ആരെല്ലാം ആയിരുന്നു?
4 ദൈവ ദൂതൻ തുടർന്നു: “പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.” (ദാനീയേൽ 11:2) ആരായിരുന്നു ഈ പേർഷ്യൻ ഭരണാധിപന്മാർ?
5 മഹാനായ കോരെശ്, കാംബിസസ്സ് രണ്ടാമൻ, ദാര്യാവേശ് ഒന്നാമൻ എന്നിവരായിരുന്നു ആദ്യത്തെ മൂന്നു രാജാക്കന്മാർ. ബാർഡിയ (അല്ലെങ്കിൽ ഒരുപക്ഷേ ഗുമാട്ടാ എന്ന പേരോടു കൂടിയ ഒരു നാട്യക്കാരൻ) ഭരണം നടത്തിയത് വെറും ഏഴു മാസം മാത്രം ആയിരുന്നതിനാൽ പ്രവചനം അദ്ദേഹത്തിന്റെ ഹ്രസ്വകാല ഭരണത്തെ പരിഗണനയിൽ എടുത്തില്ല. പൊ.യു.മു. 490-ൽ മൂന്നാമത്തെ രാജാവായ ദാര്യാവേശ് ഒന്നാമൻ രണ്ടാം തവണ ഗ്രീസിനെ കീഴടക്കാൻ ശ്രമിച്ചു. പക്ഷേ, മാരത്തോണിൽ വെച്ച് നിർണായക പരാജയം ഏറ്റുവാങ്ങിയ പേർഷ്യക്കാർ ഏഷ്യാമൈനറിലേക്കു പിൻവാങ്ങി. ഗ്രീസിന് എതിരെ വീണ്ടും ഒരു സൈനിക നടപടിക്കു ദാര്യാവേശ് ശ്രദ്ധാപൂർവകമായ ഒരുക്കങ്ങൾ നടത്തിയെങ്കിലും തന്റെ മരണത്തിനു മുമ്പ്—നാലു വർഷം കഴിഞ്ഞപ്പോൾ ദാര്യാവേശ് മരണമടഞ്ഞു—അതു നടപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത് ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രനും പിൻഗാമിയും ‘നാലാമത്തെ’ രാജാവുമായ സെർക്സിസിനെ ആശ്രയിച്ചിരുന്നു. എസ്ഥേറിനെ വിവാഹം കഴിച്ച അഹശ്വേരോശ് രാജാവായിരുന്നു അദ്ദേഹം.—എസ്ഥേർ 1:1; 2:15-17.
6, 7. (എ) നാലാമത്തെ രാജാവ് “എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പി”ച്ചത് എങ്ങനെ? (ബി) ഗ്രീസിന് എതിരെയുള്ള സെർക്സിസിന്റെ സൈനിക നീക്കത്തിന്റെ ഫലം എന്തായിരുന്നു?
6 സെർക്സിസ് ഒന്നാമൻ “എല്ലാവരെയും യവനരാജ്യത്തിന്നു”—സ്വതന്ത്ര ഗ്രീക്കു രാഷ്ട്രങ്ങളുടെ കൂട്ടത്തിന്—“നേരെ ഉദ്യോഗിപ്പിക്കു”കതന്നെ ചെയ്തു. “ഉത്കർഷേച്ഛുക്കളായ രാജസേവകരുടെ പ്രേരണയാൽ സെർക്സിസ് കരയിലൂടെയും കടലിലൂടെയും ഒരു കടന്നാക്രമണം നടത്തി” എന്ന് മേദ്യരും പേർഷ്യരും—ജയിച്ചടക്കലുകാരും നയതന്ത്രവിദഗ്ധരും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “മറ്റൊരു യുദ്ധ പ്രയാണത്തിനും ഇതിനെ കടത്തിവെട്ടാനാകില്ല” എന്ന് പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ചരിത്രകാരനായ ഹിറോഡോട്ടസ് എഴുതുന്നു. ആ നാവിക സേനയിൽ “മൊത്തം 5,17,610 പേർ ഉണ്ടായിരുന്നു” എന്ന് അദ്ദേഹത്തിന്റെ രേഖ പറയുന്നു. “കാലാളിന്റെ എണ്ണം 17,00,000-ഉം അശ്വഭടന്മാരുടെ എണ്ണം 80,000-ഉം ആയിരുന്നു. ഒട്ടകപ്പുറത്തു സഞ്ചരിച്ചിരുന്ന അറബികളെയും തേരിൽനിന്നു യുദ്ധം ചെയ്തിരുന്ന ലിബിയക്കാരെയും അതിൽ ഉൾപ്പെടുത്തേണ്ടതാണ്. അവർ 20,000 പേർ വരുമെന്നാണ് എന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് കര-നാവിക സേനകളിലായി മൊത്തം 23,17,610 പടയാളികൾ ഉണ്ടായിരുന്നു.”
7 പൊ.യു.മു. 480-ൽ സെർക്സിസ് ഒന്നാമൻ സമ്പൂർണമായ ജയിച്ചടക്കൽ ലക്ഷ്യം വെച്ചുകൊണ്ട് ഗ്രീസിന് എതിരെ തന്റെ വമ്പിച്ച സേനയെ അയച്ചു. തെർമൊപ്പിലെയിൽ വെച്ച് ഗ്രീക്കുകാരുടെ കാലതാമസം വരുത്തൽ തന്ത്രത്തെ അതിജീവിച്ച പേർഷ്യക്കാർ ഏഥൻസിൽ സംഹാരതാണ്ഡവമാടി. എന്നാൽ സലമീസിൽ അവർക്കു കനത്ത പരാജയം നേരിട്ടു. പൊ.യു.മു. 479-ൽ പ്ലാറ്റേയിൽവെച്ച് ഗ്രീക്കുകാർ മറ്റൊരു വിജയംകൂടെ നേടി. സെർക്സിസിനു ശേഷം പേർഷ്യൻ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ എത്തിയ ഏഴു രാജാക്കന്മാരിൽ ഒരുവൻപോലും, 143 വർഷം നീണ്ട ആ കാലയളവിൽ ഗ്രീസിനെ ആക്രമിച്ചില്ല. എന്നാൽ അപ്പോൾ ശക്തനായ ഒരു രാജാവ് ഗ്രീസിൽ അധികാരത്തിൽ വന്നു.
ഒരു വലിയ രാജ്യം നാലായി വിഭജിക്കപ്പെട്ടു
8. ‘വിക്രമനായ ഏതു രാജാവാ’ണ് എഴുന്നേറ്റത്, അദ്ദേഹം “വലിയ അധികാരത്തോടെ വാണ”തെങ്ങനെ?
8 “പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും” എന്നു ദൂതൻ പറഞ്ഞു. (ദാനീയേൽ 11:3) പൊ.യു.മു. 336-ൽ, ഇരുപതുകാരനായ അലക്സാണ്ടർ മാസിഡോണിയയിലെ രാജാവായി ‘എഴുന്നേറ്റു.’ അദ്ദേഹം ‘വിക്രമനായൊരു രാജാവ്’—മഹാനായ അലക്സാണ്ടർ—ആയിത്തീർന്നു. തന്റെ പിതാവായ ഫിലിപ്പ് രണ്ടാമന്റെ ഒരു പദ്ധതിയാൽ പ്രേരിതനായി അദ്ദേഹം മധ്യപൂർവ ദേശത്തെ പേർഷ്യൻ പ്രവിശ്യകൾ പിടിച്ചെടുത്തു. 47,000 പേർ അടങ്ങിയ അദ്ദേഹത്തിന്റെ സൈന്യം യൂഫ്രട്ടീസ്-ടൈഗ്രീസ് നദികൾ കടന്ന് ഗ്വാഗാമെലയിൽവെച്ച് ദാര്യാവേശ് മൂന്നാമന്റെ 2,50,000 പേർ അടങ്ങിയ സൈന്യത്തെ നാലുപാടും ചിതറിച്ചു. അതേത്തുടർന്ന് ദാര്യാവേശ് പലായനം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തു. അങ്ങനെ പേർഷ്യൻ രാജവംശം അവസാനിച്ചു. ഗ്രീസ് ഇപ്പോൾ ലോകശക്തി ആയിത്തീർന്നു. അലക്സാണ്ടർ ‘വലിയ അധികാരത്തോടെ വാണ് ഇഷ്ടംപോലെ പ്രവർത്തിച്ചു.’
9, 10. അലക്സാണ്ടറിന്റെ രാജ്യം ‘അവന്റെ അനന്തരഗാമികൾക്ക് ലഭിക്കയില്ല’ എന്നുള്ള പ്രവചനം സത്യമെന്നു തെളിഞ്ഞത് എങ്ങനെ?
9 അലക്സാണ്ടറിന്റെ ലോകഭരണാധിപത്യം ഹ്രസ്വകാലത്തേക്ക് ആയിരിക്കണമായിരുന്നു. കാരണം ദൈവത്തിന്റെ ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അവൻ ഉയർന്നുവന്ന ശേഷം അവന്റെ രാജ്യം ഛിന്നഭിന്നമായി ആകാശത്തിലെ നാലു കാറ്റിലേക്കും ചിതറിപ്പോകും. അവന്റെ അനന്തരഗാമികൾക്ക് അതു ലഭിക്കയില്ല. അവന്റെ അധികാരം അതിന് ഉണ്ടാവുകയുമില്ല. കാരണം, അത് ഉന്മൂലനം ചെയ്യപ്പെട്ട് അന്യാധീനമാകും.” (ദാനീയേൽ 11:4, NIBV) പൊ.യു.മു. 323-ൽ ബാബിലോണിൽ വെച്ചു പെട്ടെന്നു രോഗബാധിതൻ ആയിത്തീർന്ന അലക്സാണ്ടർ 33 വയസ്സു തികയും മുമ്പേ മരണമടഞ്ഞു.
10 അലക്സാണ്ടറിന്റെ വിശാലമായ സാമ്രാജ്യം “അവന്റെ അനന്തരഗാമികൾക്ക്” ലഭിച്ചില്ല. അദ്ദേഹത്തിന്റെ സഹോദരനായ ഫിലിപ്പ് മൂന്നാമൻ അറീഡിയസ് ഏഴു വർഷത്തിൽ കുറഞ്ഞകാലം ഭരിച്ചു. എന്നാൽ പൊ.യു.മു. 317-ൽ, അലക്സാണ്ടറിന്റെ അമ്മയായ ഒളിമ്പിയസിന്റെ അഭ്യർഥനപ്രകാരം അദ്ദേഹം വധിക്കപ്പെട്ടു. അലക്സാണ്ടറിന്റെ പുത്രനായ അലക്സാണ്ടർ നാലാമൻ പൊ.യു.മു. 311 വരെ ഭരണം നടത്തി. ആ വർഷം, തന്റെ പിതാവിന്റെ ജനറൽമാരിൽ ഒരുവനായിരുന്ന കസ്സാണ്ടറിന്റെ കൈകളാൽ അദ്ദേഹം വധിക്കപ്പെട്ടു. അലക്സാണ്ടറിന്റെ അവിഹിത പുത്രനായിരുന്ന ഹിറാക്ലിസ് തന്റെ പിതാവിന്റെ പേരിൽ ഭരണം നടത്താൻ ശ്രമിച്ചെങ്കിലും പൊ.യു.മു. 309-ൽ അവനും വധിക്കപ്പെട്ടു. അങ്ങനെ അലക്സാണ്ടറിന്റെ രാജവംശം അവസാനിച്ചു, “അവന്റെ രാജ്യം” അവന്റെ കുടുംബത്തിൽനിന്നു കൈവിട്ടു പോയി.
11. അലക്സാണ്ടറിന്റെ രാജ്യം “ആകാശത്തിലെ നാലു കാറ്റിലേക്കും ചിതറിപ്പോ”യത് എങ്ങനെ?
11 അലക്സാണ്ടറിന്റെ മരണത്തെ തുടർന്ന്, അവന്റെ രാജ്യം ‘ആകാശത്തിലെ നാലു കാറ്റിലേക്കും ചിതറിപ്പോയി.’ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന്റെ പല ജനറൽമാരും പരസ്പരം പോരാടി. ഒറ്റക്കണ്ണനായ ജനറൽ ആന്റിഗോണസ് ഒന്നാമൻ അലക്സാണ്ടറിന്റെ മുഴു സാമ്രാജ്യവും തന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. എന്നാൽ പ്രുഗ്യയിലെ ഇപ്സെസിൽവെച്ചു നടന്ന ഒരു യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. പൊ.യു.മു. 301-ഓടെ അലക്സാണ്ടറിന്റെ ജനറൽമാരിൽ നാലുപേർ, തങ്ങളുടെ കമാൻഡർ വെട്ടിപ്പിടിച്ച വിശാലമായ പ്രദേശത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ അധികാരം കൈയാളിയിരുന്നു. കസ്സാണ്ടർ മാസിഡോണിയയും ഗ്രീസും ഭരിച്ചു. ലൈസിമാക്കസ് ഏഷ്യാമൈനറിന്റെയും ത്രാസിന്റെയും നിയന്ത്രണം കയ്യടക്കി. സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ മെസൊപ്പൊത്താമ്യയും സിറിയയും കൈവശമാക്കി. ടോളമി ലാഗസ് ഈജിപ്തിലും പാലസ്തീനിലും വാഴ്ച നടത്തി. പ്രാവചനിക വചനം സത്യമെന്നു തെളിയിച്ചുകൊണ്ട്, അലക്സാണ്ടറിന്റെ വലിയ സാമ്രാജ്യം നാലു യവന രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
രണ്ട് ശത്രു രാജാക്കന്മാർ ഉയർന്നു വരുന്നു
12, 13. (എ) നാലു യവന രാജ്യങ്ങൾ രണ്ടായി ചുരുങ്ങിയത് എങ്ങനെ? (ബി) സെല്യൂക്കസ് സിറിയയിൽ സ്ഥാപിച്ച രാജവംശം ഏത്?
12 അധികാരത്തിൽ വന്ന് ഏതാനും വർഷം കഴിഞ്ഞപ്പോൾ കസ്സാണ്ടർ മരിച്ചു. പൊ.യു.മു. 285-ൽ ലൈസിമാക്കസ് ഗ്രീക്കു സാമ്രാജ്യത്തിന്റെ യൂറോപ്യൻ ഭാഗം കൈവശമാക്കി. പൊ.യു.മു. 281-ൽ സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററുമായുള്ള യുദ്ധത്തിൽ ലൈസിമാക്കസ് കൊല്ലപ്പെട്ടു. അങ്ങനെ സെല്യൂക്കസിന് ഏഷ്യാറ്റിക് പ്രദേശങ്ങളിൽ ഭൂരിഭാഗത്തിന്റെയും മേൽ നിയന്ത്രണം ലഭിച്ചു. പൊ.യു.മു. 276-ൽ, അലക്സാണ്ടറിന്റെ ജനറൽമാരിൽ ഒരുവന്റെ പൗത്രനായ ആന്റിഗോണസ് രണ്ടാമൻ ഗോണാറ്റസ് മാസിഡോണിയൻ സിംഹാസനത്തിൽ അവരോധിതനായി. കാലക്രമത്തിൽ, റോമിന്റെ ആശ്രിത രാജ്യമായിത്തീർന്ന മാസിഡോണിയ പൊ.യു.മു. 146-ൽ ഒരു റോമൻ പ്രവിശ്യയായി.
13 ആ നാലു യവന രാജ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രബല രാജ്യങ്ങളായി അവശേഷിച്ചത്—സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററിന്റെയും ടോളമി ലാഗസിന്റെയും കീഴിലുള്ള രാജ്യങ്ങൾ. സെല്യൂക്കസ് സിറിയയിൽ സെല്യൂസിഡ് രാജവംശം സ്ഥാപിച്ചു. അദ്ദേഹം സ്ഥാപിച്ച നഗരങ്ങളിൽ പെടുന്നവയാണ് അന്ത്യോക്യയും സെല്യൂക്യാ തുറമുഖ നഗരവും. അന്ത്യോക്യ ആയിരുന്നു സിറിയയുടെ പുതിയ തലസ്ഥാനം. പിൽക്കാലത്ത് പൗലൊസ് അപ്പൊസ്തലൻ അന്ത്യോക്യയിൽ പഠിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് യേശുവിന്റെ അനുഗാമികൾ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടാൻ ഇടയായത്. (പ്രവൃത്തികൾ 11:25, 26; 13:1-4) പൊ.യു.മു. 281-ൽ സെല്യൂക്കസ് വധിക്കപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ രാജവംശം പൊ.യു.മു. 64 വരെ ഭരണം നടത്തി. അന്ന് റോമൻ ജനറൽ ഗ്നിയസ് പോംപി സിറിയയെ റോമൻ പ്രവിശ്യയാക്കി.
14. ടോളമി രാജവംശം ഈജിപ്തിൽ സ്ഥാപിതമായത് എന്ന്?
14 പൊ.യു.മു. 305-ൽ രാജപദവി നേടിയ ടോളമി ലാഗസിന്റെ അഥവാ ടോളമി ഒന്നാമന്റെ രാജ്യമായിരുന്നു ആ നാലു യവന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം നിലനിന്നത്. അദ്ദേഹം സ്ഥാപിച്ച ടോളമി രാജവംശം, പൊ.യു.മു. 30-ൽ ഈജിപ്ത് റോമിന് അടിയറവു പറയുന്നതുവരെ അവിടെ ഭരണം നടത്തി.
15. നാലു യവന രാജ്യങ്ങളിൽനിന്ന് ഉദയം ചെയ്ത രണ്ടു രാജാക്കന്മാർ ആരായിരുന്നു, അവർ ഏതു പോരാട്ടം ആരംഭിച്ചു?
15 അങ്ങനെ, ആ നാലു യവന രാജ്യങ്ങളിൽ നിന്ന് ശക്തരായ രണ്ടു രാജാക്കന്മാർ ഉയർന്നു വന്നു—സിറിയയിൽ സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററും ഈജിപ്തിൽ ടോളമി ഒന്നാമനും. ദാനീയേൽ പുസ്തകം 11-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന, “വടക്കേദേശത്തെ രാജാ”വും “തെക്കേദേശത്തെ രാജാ”വും [NW] തമ്മിലുള്ള സുദീർഘമായ പോരാട്ടം ആരംഭിക്കുന്നത് ഈ രണ്ടു രാജാക്കന്മാരോടെയാണ്. യഹോവയുടെ ദൂതൻ ഈ രാജാക്കന്മാരുടെ പേരു പറയുന്നില്ല. കാരണം നൂറ്റാണ്ടുകൾ കടന്നു പോകുന്നതോടെ അവരുടെ തനിമയ്ക്കും ദേശീയതയ്ക്കും മാറ്റം ഭവിക്കുമായിരുന്നു. അനാവശ്യമായ വിശദീകരണങ്ങൾ ഒഴിവാക്കിക്കൊണ്ട് പോരാട്ടത്തിൽ പങ്കുള്ള ഭരണാധിപരെയും സംഭവങ്ങളെയും മാത്രം ദൂതൻ പരാമർശിച്ചു.
പോരാട്ടം ആരംഭിക്കുന്നു
16. (എ) രണ്ടു രാജാക്കന്മാർ ആരുടെ വടക്കും തെക്കും ആയിരുന്നു? (ബി) “വടക്കേദേശത്തെ രാജാ”വിന്റെയും “തെക്കേദേശത്തെ രാജാ”വിന്റെയും റോൾ ആദ്യം ലഭിച്ചത് ഏതു രാജാക്കന്മാർക്കാണ്?
16 ശ്രദ്ധിക്കൂ! ഈ നാടകീയ പോരാട്ടത്തിന്റെ ആരംഭം വർണിച്ചുകൊണ്ട് യഹോവയുടെ ദൂതൻ പറയുന്നു: “അവന്റെ [അലക്സാണ്ടറിന്റെ] പ്രഭുക്കന്മാരിൽ ഒരുവനായ തെക്കേദേശത്തെ രാജാവു ശക്തനായിത്തീരും; അവൻ [വടക്കേദേശത്തെ രാജാവ്] അവന്റെമേൽ ആധിപത്യം നേടുകയും തീർച്ചയായും അവന്റെ ഭരണാധികാരത്തെക്കാൾ വ്യാപകമായ അധികാരത്തോടെ ഭരിക്കുകയും ചെയ്യും.” (ദാനീയേൽ 11:5, NW) “വടക്കേദേശത്തെ രാജാവ്,” “തെക്കേദേശത്തെ രാജാവ്” എന്നീ സംജ്ഞകൾ, ആ സമയം ആയപ്പോഴേക്കും ബാബിലോണിയൻ പ്രവാസത്തിൽ നിന്നു സ്വതന്ത്രരായി യഹൂദാദേശത്തു പുനഃസ്ഥിതീകരിക്കപ്പെട്ടിരുന്ന, ദാനീയേലിന്റെ ജനത്തിന്റെ വടക്കും തെക്കുമുള്ള രാജാക്കന്മാരെ പരാമർശിക്കുന്നു. ഈജിപ്തിലെ ടോളമി ഒന്നാമൻ ആയിരുന്നു ആദ്യത്തെ “തെക്കേദേശത്തെ രാജാവ്”. അലക്സാണ്ടറിന്റെ ജനറൽമാരിൽ, ടോളമി ഒന്നാമന്റെ മേൽ ആധിപത്യം നേടുകയും “വ്യാപകമായ അധികാരത്തോടെ” ഭരിക്കുകയും ചെയ്തത് സിറിയൻ രാജാവായ സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ ആയിരുന്നു. അദ്ദേഹം “വടക്കേദേശത്തെ രാജാ”വിന്റെ റോൾ ഏറ്റെടുത്തു.
17. വടക്കേദേശത്തെ രാജാവും തെക്കേദേശത്തെ രാജാവും തമ്മിലുള്ള പോരാട്ടം ആരംഭിച്ചപ്പോൾ യഹൂദാ ദേശം ഏതു രാജാവിന്റെ ആധിപത്യത്തിൽ ആയിരുന്നു?
17 പോരാട്ടത്തിന്റെ തുടക്കത്തിൽ യഹൂദാ ദേശം തെക്കേദേശത്തെ രാജാവിന്റെ ആധിപത്യത്തിൽ ആയിരുന്നു. ഏകദേശം പൊ.യു.മു. 320 മുതൽ, ഈജിപ്തിലേക്കു കോളനി വാസക്കാരായി വരാൻ ടോളമി ഒന്നാമൻ യഹൂദന്മാരെ പ്രേരിപ്പിച്ചു. അങ്ങനെ അലക്സാൻഡ്രിയയിൽ ഒരു യഹൂദ കോളനി തഴച്ചു വളർന്നു. ടോളമി ഒന്നാമൻ അവിടെ വിഖ്യാതമായ ഒരു ഗ്രന്ഥശാല സ്ഥാപിക്കുകയും ചെയ്തു. യഹൂദയിലെ യഹൂദന്മാർ പൊ.യു.മു. 198 വരെ ടോളമിയുടെ ഈജിപ്തിന്റെ അഥവാ തെക്കേദേശത്തെ രാജാവിന്റെ നിയന്ത്രണത്തിൽ തുടർന്നു.
18, 19. കാലക്രമത്തിൽ ഈ ശത്രു രാജാക്കന്മാർ പരസ്പരം “ന്യായയുക്തമായ ഒരു ക്രമീകരണം” ഉണ്ടാക്കിയത് എങ്ങനെ?
18 ഈ രണ്ടു രാജാക്കന്മാരെ കുറിച്ച് ദൂതൻ ഇങ്ങനെ പ്രവചിച്ചു: “കുറെ വർഷം കഴിയുമ്പോൾ അവർ പരസ്പരം സഖ്യത്തിലാകും, ന്യായയുക്തമായ ഒരു ക്രമീകരണം ഉണ്ടാക്കാനായി തെക്കേദേശത്തെ രാജാവിന്റെ പുത്രിതന്നെ വടക്കേദേശത്തെ രാജാവിന്റെ അടുക്കൽ വരും. എന്നാൽ അവൾ തന്റെ കൈയുടെ ശക്തി നിലനിർത്തില്ല; അവനോ അവന്റെ കൈയോ നിലനിൽക്കില്ല; അവൾ, അവൾതന്നെയും അവളെ കൊണ്ടുവന്നവരും അവളുടെ ജനയിതാവും ആ കാലത്ത് അവളെ ശക്തയാക്കുന്നവനും ഉപേക്ഷിക്കപ്പെടും.” (ദാനീയേൽ 11:6, NW) എന്നാൽ അത് സംഭവിച്ചത് എങ്ങനെയായിരുന്നു?
19 സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററിന്റെ പുത്രനും പിൻഗാമിയുമായ ആന്റിയോക്കസ് ഒന്നാമനെ പ്രവചനം കണക്കിലെടുത്തില്ല. തെക്കേദേശത്തെ രാജാവിന് എതിരെ അദ്ദേഹം നിർണായകമായ ഒരു യുദ്ധവും നടത്തിയില്ല എന്നതാണ് അതിന്റെ കാരണം. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ആന്റിയോക്കസ് രണ്ടാമൻ, ടോളമി ഒന്നാമന്റെ പുത്രനായ ടോളമി രണ്ടാമനുമായി ദീർഘമായ ഒരു യുദ്ധം നടത്തി. അങ്ങനെ ആന്റിയോക്കസ് രണ്ടാമനും ടോളമി രണ്ടാമനും യഥാക്രമം വടക്കേദേശത്തെ രാജാവും തെക്കേദേശത്തെ രാജാവും ആയിത്തീർന്നു. ആന്റിയോക്കസ് രണ്ടാമൻ ലവോദിസിനെ വിവാഹം കഴിച്ചു. അവരുടെ പുത്രന് സെല്യൂക്കസ് രണ്ടാമൻ എന്നു പേരിട്ടു. അതേസമയം ടോളമി രണ്ടാമന് ബെറനൈസി എന്ന ഒരു പുത്രി ഉണ്ടായിരുന്നു. പൊ.യു.മു. 250-ൽ ഈ രാജാക്കന്മാർ ഇരുവരും തമ്മിൽ “ന്യായയുക്തമായ ഒരു ക്രമീകരണം” ഉണ്ടാക്കി. ആ സഖ്യത്തിന്റെ വിലയായി, ആന്റിയോക്കസ് രണ്ടാമൻ ഭാര്യയായ ലവോദിസിനെ ഉപേക്ഷിച്ച് “തെക്കേദേശത്തെ രാജാവിന്റെ പുത്രി”യായ ബെറനൈസിയെ വിവാഹം കഴിച്ചു. ബെറനൈസിയിൽ അദ്ദേഹത്തിന് ഉണ്ടായ പുത്രൻ ലവോദിസിന്റെ പുത്രന്മാർക്കു പകരം സിറിയൻ സിംഹാസനത്തിന്റെ അവകാശിയായി.
20. (എ) ബെറനൈസിയുടെ “കൈ” നിലനിൽക്കാതിരുന്നത് എങ്ങനെ? (ബി) ബെറനൈസിയും “അവളെ കൊണ്ടുവന്നവരും” “അവളെ ശക്തയാക്കുന്നവനും” ഉപേക്ഷിക്കപ്പെട്ടത് എങ്ങനെ? (സി) ആന്റിയോക്കസ് രണ്ടാമന് ‘തന്റെ കൈ’ അഥവാ ശക്തി നഷ്ടപ്പെട്ട ശേഷം ആരാണു സിറിയയുടെ രാജാവ് ആയത്?
20 ബെറനൈസിയുടെ “കൈ,” അഥവാ പിൻബലം പിതാവായ ടോളമി രണ്ടാമൻ ആയിരുന്നു. പൊ.യു.മു. 246-ൽ അദ്ദേഹം മരിച്ചപ്പോൾ തന്റെ ഭർത്താവുമായുള്ള ബന്ധത്തിൽ അവൾ “തന്റെ കൈയുടെ ശക്തി നിലനിർത്തി”യില്ല. ആന്റിയോക്കസ് രണ്ടാമൻ അവളെ ഉപേക്ഷിച്ച് ലവോദിസിനെ പുനർവിവാഹം ചെയ്യുകയും അവരുടെ പുത്രനെ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തു. ലവോദിസിന്റെ പദ്ധതിപ്രകാരം ബെറനൈസിയും പുത്രനും കൊലചെയ്യപ്പെട്ടു. തെളിവ് അനുസരിച്ച്, “അവളെ കൊണ്ടുവന്നവരു”ടെയും, അതായത് അവളെ ഈജിപ്തിൽനിന്ന് സിറിയയിലേക്കു കൊണ്ടുവന്ന സേവകരുടെയും ഗതി അതുതന്നെ ആയിരുന്നു. ലവോദിസ് ആന്റിയോക്കസ് രണ്ടാമന് വിഷം കൊടുക്കുകപോലും ചെയ്തു. തത്ഫലമായി “അവന്റെ കൈ”യും അഥവാ ശക്തിയും ‘നിലനിന്നില്ല.’ അങ്ങനെ, “അവളുടെ ജനയിതാവും,” അതായത് ബെറനൈസിയുടെ പിതാവും അവളെ താത്കാലികമായി “ശക്ത”യാക്കിയ സിറിയക്കാരനായ ഭർത്താവും മരണമടഞ്ഞു. ലവോദിസിന്റെ പുത്രനായ സെല്യൂക്കസ് രണ്ടാമൻ സിറിയയുടെ രാജാവ് ആകുകയും ചെയ്തു. എന്നാൽ ടോളമി വംശത്തിലെ അടുത്ത രാജാവ് ഇതിനോടെല്ലാം എങ്ങനെ പ്രതികരിക്കുമായിരുന്നു?
ഒരു രാജാവ് തന്റെ സഹോദരിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യുന്നു
21. (എ) ബെറനൈസിയുടെ “വേരിൽ”നിന്നു “മുളെച്ച തൈ” ആരായിരുന്നു, അദ്ദേഹം ‘എഴുന്നേറ്റത്’ എങ്ങനെ? (ബി) ടോളമി മൂന്നാമൻ “വടക്കെദേശത്തിലെ രാജാവിന്റെ കോട്ട”യ്ക്കു നേരെ വന്നത് എങ്ങനെ, അദ്ദേഹത്തെ ‘ജയിച്ചത്’ എങ്ങനെ?
21 ദൂതൻ പറഞ്ഞു: “അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും.” (ദാനീയേൽ 11:7) ബെറനൈസിയുടെ “വേരിൽ”നിന്ന്, അഥവാ മാതാപിതാക്കളിൽ നിന്ന് “മുളെച്ച തൈയായ ഒരുവൻ” അവളുടെ സഹോദരൻ ആയിരുന്നു. പിതാവു മരിച്ചപ്പോൾ, അദ്ദേഹം തെക്കേദേശത്തെ രാജാവ്, ഈജിപ്തിലെ ഫറവോനായ ടോളമി മൂന്നാമൻ, എന്ന നിലയിൽ ‘എഴുന്നേറ്റു.’ ഉടൻതന്നെ അദ്ദേഹം തന്റെ സഹോദരിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാൻ പുറപ്പെട്ടു. ബെറനൈസിയെയും പുത്രനെയും കൊല്ലാൻ ലവോദിസ് ഉപയോഗിച്ച സിറിയൻ രാജാവായ സെല്യൂക്കസ് രണ്ടാമന് എതിരെ പടനയിച്ചുകൊണ്ട് അദ്ദേഹം “വടക്കെദേശത്തിലെ രാജാവിന്റെ കോട്ട”യ്ക്കു നേരെ വന്നു. ടോളമി മൂന്നാമൻ അന്ത്യോക്യയുടെ കോട്ടകെട്ടിയുറപ്പിച്ച ഭാഗം പിടിച്ചെടുക്കുകയും ലവോദിസിനെ വധിക്കുകയും ചെയ്തു. വടക്കേദേശത്തെ രാജാവിന്റെ പ്രദേശത്തുകൂടെ കിഴക്കോട്ടു നീങ്ങിയ അദ്ദേഹം ബാബിലോൺ കൊള്ളയടിക്കുകയും ഇന്ത്യയിലേക്കു മുന്നേറുകയും ചെയ്തു.
22. ടോളമി മൂന്നാമൻ ഈജിപ്തിലേക്കു മടക്കിക്കൊണ്ടുവന്നത് എന്ത്, അദ്ദേഹം “കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതി”രുന്നത് എന്തുകൊണ്ട്?
22 തുടർന്ന് എന്തു സംഭവിച്ചു? ദൈവദൂതൻ നമ്മോടു പറയുന്നു: “അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.” (ദാനീയേൽ 11:8) 200-ലധികം വർഷം മുമ്പ് പേർഷ്യൻ രാജാവായ കാംബിസസ്സ് രണ്ടാമൻ ഈജിപ്തിനെ കീഴടക്കി ഈജിപ്ഷ്യൻ ദേവന്മാരെയും ഉരുക്കിയുണ്ടാക്കിയ “ബിംബങ്ങളെയും” സ്വദേശത്തേക്കു കൊണ്ടുവന്നിരുന്നു. എന്നാൽ പേർഷ്യയുടെ പഴയ രാജതലസ്ഥാനം ആയിരുന്ന സുസ കൊള്ളയടിച്ച ടോളമി മൂന്നാമൻ ആ ദേവന്മാരെ വീണ്ടെടുത്ത് ഈജിപ്തിലേക്കു ‘കൊണ്ടുപോയി.’ യുദ്ധത്തിൽ പിടിച്ചെടുത്ത, “വെള്ളിയും പൊന്നുംകൊണ്ടുള്ള” അനേകം “മനോഹരവസ്തുക്ക”ളും അദ്ദേഹം കൊണ്ടുപോയി. ആഭ്യന്തര കലാപം അടിച്ചമർത്താനായി സ്വദേശത്തേക്കു മടങ്ങേണ്ടി വന്നതിനാൽ ടോളമി മൂന്നാമൻ “വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതി”രുന്നു, അദ്ദേഹത്തിന്റെ മേൽ കൂടുതലായ ക്ഷതം ഏൽപ്പിച്ചില്ല.
സിറിയൻ രാജാവ് പകരം വീട്ടുന്നു
23. വടക്കേദേശത്തെ രാജാവ് തെക്കേദേശത്തെ രാജാവിന്റെ രാജ്യത്തു വന്നശേഷം “സ്വദേശത്തേക്കു മടങ്ങിപ്പോ”യത് എന്തുകൊണ്ട്?
23 വടക്കേദേശത്തെ രാജാവ് എങ്ങനെ പ്രതികരിച്ചു? ദാനീയേലിനോട് ഇങ്ങനെ പറയപ്പെട്ടു: “അവൻ തെക്കെദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.” (ദാനീയേൽ 11:9) വടക്കേദേശത്തെ രാജാവായിരുന്ന സിറിയയിലെ സെല്യൂക്കസ് രണ്ടാമൻ രാജാവ് തിരിച്ചടിച്ചു. അദ്ദേഹം തെക്കേദേശത്തെ രാജാവിന്റെ ‘രാജ്യത്ത്,’ അഥവാ മണ്ഡലത്തിൽ പ്രവേശിച്ചെങ്കിലും പരാജയമടഞ്ഞു. ശേഷിച്ച ചെറിയൊരു കൂട്ടം സൈന്യവുമായി സെല്യൂക്കസ് രണ്ടാമൻ പൊ.യു.മു. ഏകദേശം 242-ൽ സിറിയയുടെ തലസ്ഥാനമായ അന്ത്യോക്യയിലേക്കു പിൻവാങ്ങിക്കൊണ്ട് ‘സ്വദേശത്തേക്കു മടങ്ങിപ്പോന്നു.’ അദ്ദേഹം മരിച്ചപ്പോൾ പുത്രനായ സെല്യൂക്കസ് മൂന്നാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി.
24. (എ) സെല്യൂക്കസ് മൂന്നാമന് എന്തു സംഭവിച്ചു? (ബി) സിറിയൻ രാജാവായ ആന്റിയോക്കസ് മൂന്നാമൻ തെക്കേദേശത്തെ രാജാവിന്റെ രാജ്യത്ത് “വന്നു കവിഞ്ഞു കടന്നുപോ”യത് എങ്ങനെ?
24 സിറിയൻ രാജാവായ സെല്യൂക്കസ് രണ്ടാമന്റെ സന്തതിയെ കുറിച്ച് എന്താണ് പ്രവചിക്കപ്പെട്ടത്? ദൂതൻ ദാനീയേലിനോട് ഇങ്ങനെ പറഞ്ഞു: “അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയുംചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും” (ദാനീയേൽ 11:10) സെല്യൂക്കസ് മൂന്നാമൻ വധിക്കപ്പെട്ടതിനാൽ മൂന്നു വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ വാഴ്ച അവസാനിച്ചു. അദ്ദേഹത്തിന്റെ സഹോദരനായ ആന്റിയോക്കസ് മൂന്നാമൻ സിറിയൻ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി. സെല്യൂക്കസ് രണ്ടാമന്റെ ഈ പുത്രൻ, അന്നു തെക്കേദേശത്തെ രാജാവായിരുന്ന ടോളമി നാലാമനെ ആക്രമിക്കാനായി വലിയൊരു സൈന്യത്തെ കൂട്ടിവരുത്തി. ഈജിപ്തിന് എതിരെ വിജയകരമായി പോരാടിയ വടക്കേദേശത്തെ പുതിയ സിറിയൻ രാജാവ് സെലൂക്യാ തുറമുഖവും കോയ്ലി-സിറിയ പ്രവിശ്യയും സോർ, ടോളമിയസ് എന്നീ നഗരങ്ങളും സമീപ പട്ടണങ്ങളും തിരിച്ചു പിടിച്ചു. ടോളമി നാലാമൻ രാജാവിന്റെ ഒരു സൈന്യത്തെ തുരത്തിയ അദ്ദേഹം യഹൂദയിലെ അനേകം നഗരങ്ങൾ പിടിച്ചെടുത്തു. പൊ.യു.മു. 217-ലെ വസന്ത കാലത്ത് ആന്റിയോക്കസ് മൂന്നാമൻ ടോളമിയസ് വിട്ട് വടക്കോട്ട് സിറിയയിലെ “അവന്റെ കോട്ടവരെ” പോയി. എന്നാൽ ഒരു മാറ്റം ആസന്നമായിരുന്നു.
തിരിച്ചടിക്കുന്നു
25. എവിടെ വെച്ചായിരുന്നു ടോളമി നാലാമൻ ആന്റിയോക്കസ് മൂന്നാമനെ നേരിട്ടത്, തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിന്റെ “കയ്യിൽ ഏല്പിക്കപ്പെ”ട്ടത് എന്ത്?
25 ദാനീയേലിനെപ്പോലെ നാമും, യഹോവയുടെ ദൂതൻ അടുത്തതായി പറയുന്നതു പ്രതീക്ഷാപൂർവം കേൾക്കുന്നു: “അപ്പോൾ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ [വടക്കെദേശത്തിലെ രാജാവ്] വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മററവന്റെ കയ്യിൽ ഏല്പിക്കപ്പെടും.” (ദാനീയേൽ 11:11) 75,000 പേരുടെ ഒരു സൈന്യവുമായി തെക്കേദേശത്തെ രാജാവായ ടോളമി നാലാമൻ തന്റെ ശത്രുവിന് എതിരായി വടക്കോട്ടു നീങ്ങി. അവനോട് എതിർത്തു നിൽക്കാനായി വടക്കേദേശത്തെ സിറിയൻ രാജാവായ ആന്റിയോക്കസ് മൂന്നാമൻ 68,000 പേരുടെ “വലിയോരു സമൂഹത്തെ” അണിനിരത്തിയിരുന്നു. എന്നാൽ, ഈജിപ്തിന്റെ അതിർത്തിക്ക് അടുത്തുള്ള തീരദേശ നഗരമായ റാഫിയയിൽ വെച്ചു നടന്ന യുദ്ധത്തിൽ ആ “സമൂഹം” തെക്കേദേശത്തെ രാജാവിന്റെ ‘കയ്യിൽ ഏല്പിക്കപ്പെട്ടു.’
26. (എ) റാഫിയയിൽ വെച്ച് നടന്ന യുദ്ധത്തിൽ തെക്കേദേശത്തെ രാജാവ് കൊണ്ടുപോയ ‘സമൂഹം’ ഏത്, അവിടെവെച്ച് ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ വ്യവസ്ഥകൾ എന്തെല്ലാം? (ബി) ടോളമി നാലാമൻ “തന്റെ ശക്തമായ നില ഉപയോഗപ്പെടു”ത്താതിരുന്നത് എങ്ങനെ? (സി) തെക്കേദേശത്തെ അടുത്ത രാജാവായിത്തീർന്നത് ആര്?
26 പ്രവചനം ഇങ്ങനെ തുടരുന്നു: “ആ ജനസമൂഹം തീർച്ചയായും കൊല്ലപ്പെടും. അവന്റെ ഹൃദയം ഗർവിച്ചിട്ട് അവൻ പതിനായിരങ്ങളെ വീഴുമാറാക്കും; എങ്കിലും അവൻ തന്റെ ശക്തമായ നില ഉപയോഗപ്പെടുത്തുകയില്ല.” (ദാനീയേൽ 11:12, NW) തെക്കേദേശത്തെ രാജാവായ ടോളമി നാലാമൻ 10,000 സിറിയൻ കാലാൾഭടന്മാരെയും 300 അശ്വഭടന്മാരെയും ‘കൊന്ന്’ 4,000 പേരെ തടവുകാരായി പിടിച്ചു. തുടർന്ന് ആ രാജാക്കന്മാർ ഒരു ഉടമ്പടി ഉണ്ടാക്കി. അത് അനുസരിച്ച്, ആന്റിയോക്കസ് മൂന്നാമൻ തന്റെ സിറിയൻ തുറമുഖ നഗരമായ സെലൂക്യ കൈവശം വെച്ചു. എന്നാൽ ഫൊയ്നിക്യയും (ഫിനീഷ്യ) കോയ്ലി-സിറിയയും അദ്ദേഹത്തിനു നഷ്ടമായി. ഈ വിജയത്തിൽ തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവ് ‘ഗർവിച്ചു,’ വിശേഷിച്ചും യഹോവയ്ക്കെതിരെ. യഹൂദ ടോളമി നാലാമന്റെ നിയന്ത്രണത്തിൽ തുടർന്നു. എന്നിരുന്നാലും, വടക്കേദേശത്തെ സിറിയൻ രാജാവിന് എതിരായി തുടർന്നും വിജയം നേടാൻ അദ്ദേഹം “തന്റെ ശക്തമായ നില ഉപയോഗപ്പെടു”ത്തിയില്ല. പകരം, ടോളമി നാലാമൻ ഒരു വിഷയാസക്ത ജീവിതത്തിലേക്കു തിരിഞ്ഞു. അദ്ദേഹത്തിന്റെ അഞ്ചു വയസ്സുള്ള പുത്രനായ ടോളമി അഞ്ചാമൻ തെക്കേദേശത്തെ അടുത്ത രാജാവായി. ആന്റിയോക്കസ് മൂന്നാമന്റെ മരണത്തിനു വർഷങ്ങൾ മുമ്പായിരുന്നു അത്.
ആ വീരപരാക്രമി തിരിച്ചു വരുന്നു
27. വടക്കേദേശത്തെ രാജാവ് ഈജിപ്തിൽനിന്നു പ്രദേശം വീണ്ടെടുക്കാനായി “സമയങ്ങളുടെ അന്ത്യത്തിൽ” മടങ്ങിവന്നത് എങ്ങനെ?
27 തന്റെ വീരപരാക്രമങ്ങൾ നിമിത്തം ആന്റിയോക്കസ് മൂന്നാമൻ മഹാനായ ആന്റിയോക്കസ് എന്നു വിളിക്കപ്പെടാൻ ഇടയായി. അദ്ദേഹത്തെ കുറിച്ചു ദൂതൻ പറഞ്ഞു: “വടക്കേദേശത്തെ രാജാവു മടങ്ങിവന്ന് ആദ്യത്തേതിനെക്കാൾ വലിയോരു സമൂഹത്തെ അണിനിരത്തേണ്ടതുതന്നെ; സമയങ്ങളുടെ അന്ത്യത്തിൽ, കുറെ വർഷങ്ങൾ കഴിഞ്ഞിട്ട്, അവൻ വരും, അത് വലിയ സൈനിക ശക്തിയോടെയും വളരെയേറെ വസ്തുക്കളോടെയും ആയിരിക്കും.” (ദാനീയേൽ 11:13, NW) ഈ ‘സമയങ്ങൾ,’ ഈജിപ്തുകാർ റാഫിയയിൽ വെച്ച് സിറിയക്കാരെ പരാജയപ്പെടുത്തിയതിനു ശേഷമുള്ള 16-ഓ അതിലേറെയോ വർഷങ്ങൾ ആയിരുന്നു. ബാലനായ ടോളമി അഞ്ചാമൻ തെക്കേദേശത്തെ രാജാവായപ്പോൾ, തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിന്റെ കൈകളിലായിപ്പോയ തന്റെ പ്രദേശങ്ങൾ വീണ്ടെടുക്കാനായി ആന്റിയോക്കസ് മൂന്നാമൻ “ആദ്യത്തേതിനെക്കാൾ വലിയോരു സമൂഹത്തെ” അണിനിരത്തി. ആ ലക്ഷ്യത്തിൽ അദ്ദേഹം മാസിഡോണിയൻ രാജാവായ ഫിലിപ്പ് അഞ്ചാമനുമായി സഖ്യം ചേർന്നു.
28. തെക്കേദേശത്തെ ബാലരാജാവിന് ഏതു പ്രശ്നങ്ങൾ നേരിട്ടു?
28 തെക്കേദേശത്തെ രാജാവിന് ആഭ്യന്തര പ്രശ്നങ്ങളും ഉണ്ടായിരുന്നു. “ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും” എന്ന് ദൂതൻ പറഞ്ഞു. (ദാനീയേൽ 11:14എ) അനേകർ “തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കു”കതന്നെ ചെയ്തു. ആന്റിയോക്കസ് മൂന്നാമന്റെയും അദ്ദേഹവുമായി സഖ്യത്തിൽ ആയിരുന്ന മാസിഡോണിയൻ രാജാവിന്റെയും സൈന്യങ്ങളെ നേരിടുന്നതിനു പുറമേ സ്വദേശമായ ഈജിപ്തിലെ പ്രശ്നങ്ങളെയും തെക്കേദേശത്തെ ബാലരാജാവിന് നേരിടേണ്ടി വന്നു. അവന്റെ പേരിൽ ഭരണം നടത്തിയിരുന്ന, രക്ഷാകർത്താവായ അഗത്തോക്ലിസ് ഈജിപ്തുകാരോടു ധിക്കാരപൂർവം ഇടപെട്ടിരുന്നതു നിമിത്തം അനേകർ മത്സരിച്ചു. ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ [“സ്വപ്നം,” NW] നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.” (ദാനീയേൽ 11:14ബി) ദാനീയേലിന്റെ ജനത്തിലെ ചിലർ പോലും “അക്രമികൾ,” അഥവാ വിപ്ലവകാരികൾ ആയിത്തീർന്നു. എന്നാൽ തങ്ങളുടെ മാതൃദേശത്തിന്മേലുള്ള വിജാതീയ ആധിപത്യം അവസാനിപ്പിക്കാമെന്ന ആ യഹൂദന്മാരുടെ ‘സ്വപ്നം’ വ്യർഥമായിരുന്നു, അവർ പരാജയപ്പെടുമായിരുന്നു അഥവാ “ഇടറിവീഴു”മായിരുന്നു.
29, 30. (എ) ‘തെക്കെപടക്കൂട്ടങ്ങൾ’ വടക്കേദേശത്തുനിന്നുള്ള ആക്രമണത്തിനു മുന്നിൽ കീഴടങ്ങിയത് എങ്ങനെ? (ബി) വടക്കേദേശത്തെ രാജാവ് ‘മനോഹരദേശത്തു നിൽക്കാൻ’ വന്നത് എങ്ങനെ?
29 യഹോവയുടെ ദൂതൻ തുടർന്ന് ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “എന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി [“വേഗം ഉപരോധ മതിൽ ഉയർത്തി,” NW] ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്ക്കയില്ല; ഉറെച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല. അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും; ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും.”—ദാനീയേൽ 11:15, 16.
30 ടോളമി അഞ്ചാമന്റെ കീഴിലുള്ള സേനകൾ, അഥവാ ‘തെക്കെപടക്കൂട്ടങ്ങൾ’ വടക്കേദേശത്തുനിന്നുള്ള ആക്രമണത്തിനു മുന്നിൽ കീഴടങ്ങി. പാനിയസിൽ (ഫിലിപ്പിന്റെ കൈസര്യയിൽ) വെച്ച് ആന്റിയോക്കസ് മൂന്നാമൻ ഈജിപ്തിലെ ജനറൽ സ്കോപസിനെയും തിരഞ്ഞെടുക്കപ്പെട്ടവരായ അഥവാ “ശ്രേഷ്ഠജന”ങ്ങളായ 10,000 പേരെയും “ഉറപ്പുള്ള പട്ടണ”മായ സീദോനിലേക്ക് ഓടിച്ചു. അവിടെ “വേഗം ഉപരോധ മതിൽ ഉയർത്തി”യ ആന്റിയോക്കസ് മൂന്നാമൻ പൊ.യു.മു. 198-ൽ ഫൊയ്നിക്യൻ തുറമുഖം പിടിച്ചെടുത്തു. അദ്ദേഹം തന്റെ “ഇഷ്ടംപോലെ” പ്രവർത്തിച്ചു. കാരണം തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിന് അദ്ദേഹത്തിന്റെ മുമ്പാകെ നിൽപ്പാൻ കഴിഞ്ഞില്ല. തുടർന്ന്, ആന്റിയോക്കസ് മൂന്നാമൻ “മനോഹരദേശ”മായ യഹൂദയുടെ തലസ്ഥാനമായ യെരൂശലേമിനു നേരെ പുറപ്പെട്ടു. പൊ.യു.മു. 198-ൽ യെരൂശലേമിന്റെയും യഹൂദയുടെയും മേലുള്ള ആധിപത്യം തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിൽനിന്നു വടക്കേദേശത്തെ സിറിയൻ രാജാവിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ വടക്കേദേശത്തെ രാജാവായ ആന്റിയോക്കസ് മൂന്നാമൻ ‘മനോഹരദേശത്തു നിൽക്കാൻ’ തുടങ്ങി. എതിർത്തുനിന്ന സകല യഹൂദന്മാർക്കും ഈജിപ്തുകാർക്കും വേണ്ടി “അവന്റെ കയ്യിൽ സംഹാരം ഉണ്ടായി”രുന്നു. വടക്കേദേശത്തെ ഈ രാജാവിന് എത്രകാലം സ്വന്തം ഇഷ്ടംപോലെ പ്രവർത്തിക്കാൻ കഴിയുമായിരുന്നു?
റോം വീരപരാക്രമിയുടെമേൽ സമ്മർദം ചെലുത്തുന്നു
31, 32. വടക്കേദേശത്തെ രാജാവ് തെക്കേദേശത്തെ രാജാവുമായി ഒരു സമാധാന “ഉടമ്പടി”യിൽ ഏർപ്പെട്ടത് എന്തുകൊണ്ട്?
31 യഹോവയുടെ ദൂതൻ നമുക്ക് ഇങ്ങനെ ഉത്തരം നൽകുന്നു: “അവൻ [വടക്കേദേശത്തെ രാജാവ്] തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താല്പര്യം വെക്കും; എന്നാൽ അവൻ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായികൊടുക്കും; എങ്കിലും അവൾ നില്ക്കയില്ല; അവന്നു ഇരിക്കയുമില്ല.”—ദാനീയേൽ 11:17.
32 വടക്കേദേശത്തെ രാജാവായ ആന്റിയോക്കസ് മൂന്നാമൻ “തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ” ഈജിപ്തിന്മേൽ ആധിപത്യം പുലർത്താൻ ‘താത്പര്യം വെച്ചു.’ എന്നാൽ അത്, തെക്കേദേശത്തെ രാജാവായ ടോളമി അഞ്ചാമനുമായുള്ള ഒരു സമാധാന “ഉടമ്പടി”യിൽ അവസാനിച്ചു. റോമിന്റെ സമ്മർദം തന്റെ പദ്ധതിക്കു മാറ്റം വരുത്താൻ ആന്റിയോക്കസ് മൂന്നാമനെ പ്രേരിപ്പിച്ചിരുന്നു. അദ്ദേഹവും മാസിഡോണിയയിലെ ഫിലിപ്പ് അഞ്ചാമൻ രാജാവും ഈജിപ്തിലെ ബാലരാജാവിന്റെ പ്രദേശങ്ങൾ പിടിച്ചെടുക്കാനായി സഖ്യം ചേർന്നപ്പോൾ ടോളമി അഞ്ചാമന്റെ രക്ഷാകർത്താവ് സംരക്ഷണാർഥം റോമിന്റെ സഹായം തേടി. സ്വാധീന വലയം വികസിപ്പിക്കാനുള്ള ഈ അവസരം മുതലെടുത്തുകൊണ്ടു റോം അതിന്റെ കരുത്തു കാട്ടി.
33. (എ) ആന്റിയോക്കസ് മൂന്നാമനും ടോളമി അഞ്ചാമനും തമ്മിലുള്ള സമാധാന ഉടമ്പടിയിലെ വ്യവസ്ഥകൾ ഏവ? (ബി) ഒന്നാം ക്ലിയോപാട്രയും ടോളമി അഞ്ചാമനും തമ്മിലുള്ള വിവാഹത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു, ആ പദ്ധതി പരാജയപ്പെട്ടത് എന്തുകൊണ്ട്?
33 റോമിന്റെ നിർബന്ധത്തിനു വഴങ്ങി ആന്റിയോക്കസ് മൂന്നാമൻ തെക്കേദേശത്തെ രാജാവുമായി ഒരു സമാധാന സന്ധി ചെയ്തു. കീഴടക്കിയ പ്രദേശങ്ങൾ റോം ആവശ്യപ്പെട്ടത് അനുസരിച്ച് വിട്ടു കൊടുക്കുന്നതിനു പകരം തന്റെ “മകളെ”—ഒന്നാം ക്ലിയോപാട്രയെ—ടോളമി അഞ്ചാമനു വിവാഹം ചെയ്തു കൊടുത്തുകൊണ്ട് ആ പ്രദേശങ്ങൾ നാമമാത്രമായി കൈമാറ്റം ചെയ്യുക എന്നതായിരുന്നു ആന്റിയോക്കസ് മൂന്നാമന്റെ പദ്ധതി. അവളുടെ സ്ത്രീധനമായി, “മനോഹരദേശ”മായ യഹൂദ ഉൾപ്പെടെയുള്ള പ്രവിശ്യകൾ നൽകണമായിരുന്നു. എന്നാൽ പൊ.യു.മു. 193-ൽ വിവാഹം നടന്നപ്പോൾ, ഈ പ്രവിശ്യകൾ ടോളമി അഞ്ചാമനു നൽകാൻ സിറിയയിലെ രാജാവ് കൂട്ടാക്കിയില്ല. ഈജിപ്തിനെ സിറിയയുടെ കീഴിലാക്കാനുള്ള ഒരു രാഷ്ട്രീയ വിവാഹമായിരുന്നു ഇത്. എന്നാൽ ആ പദ്ധതി പരാജയപ്പെട്ടു. കാരണം ഒന്നാം ക്ലിയോപാട്ര ‘അവന് ഇരുന്നില്ല,’ അവൾ പിന്നീടു ഭർത്താവിന്റെ പക്ഷം ചേർന്നു. ആന്റിയോക്കസ് മൂന്നാമനും റോമാക്കാരും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈജിപ്ത് റോമിന്റെ പക്ഷത്തു നിന്നു.
34, 35. (എ) ഏതു“തീരപ്രദേശങ്ങ”ളിലേക്കാണ് വടക്കേദേശത്തെ രാജാവ് തന്റെ മുഖം തിരിച്ചത്? (ബി) വടക്കേദേശത്തെ രാജാവിൽനിന്നുള്ള “നിന്ദ” റോം അവസാനിപ്പിച്ചത് എങ്ങനെ? (സി) ആന്റിയോക്കസ് മൂന്നാമൻ മരിച്ചത് എങ്ങനെ, തുടർന്ന് വടക്കേദേശത്തു രാജാവായത് ആർ?
34 വടക്കേദേശത്തെ രാജാവിന്റെ പരാജയത്തെ പരാമർശിച്ചുകൊണ്ടു ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “പിന്നെ അവൻ [ആന്റിയോക്കസ് മൂന്നാമൻ] തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതുംപിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി [റോം] നിർത്തലാക്കും; അത്രയുമല്ല, [റോം] അവന്റെ [ആന്റിയോക്കസ് മൂന്നാമന്റെ] നിന്ദ അവന്റെമേൽ തന്നേ വരുത്തും. പിന്നെ അവൻ [ആന്റിയോക്കസ് മൂന്നാമൻ] സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണു, ഇല്ലാതെയാകും.”—ദാനീയേൽ 11:18, 19.
35 മാസിഡോണിയ, ഗ്രീസ്, ഏഷ്യാമൈനർ എന്നിവ ആയിരുന്നു ആ ‘തീരപ്രദേശങ്ങൾ.’ പൊ.യു.മു. 192-ൽ ഗ്രീസിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഗ്രീസിലേക്കു വരാൻ ആന്റിയോക്കസ് മൂന്നാമൻ പ്രേരിതനായി. അവിടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള സിറിയൻ രാജാവിന്റെ ശ്രമങ്ങളിൽ അതൃപ്തരായ റോമാക്കാർ അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. തെർമൊപ്പിലെയിൽ വെച്ച്, റോമാക്കാരുടെ കൈകളിൽനിന്ന് അദ്ദേഹം പരാജയം ഏറ്റുവാങ്ങി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ്, പൊ.യു.മു. 190-ൽ മഗ്നേഷ്യയിലെ യുദ്ധത്തിൽ പരാജയമടഞ്ഞ അദ്ദേഹത്തിന് ഗ്രീസിലും ഏഷ്യാമൈനറിലും തൗറസ് മലകളുടെ പശ്ചിമ പ്രദേശങ്ങളിലുമുള്ള സകലതും ഉപേക്ഷിക്കേണ്ടി വന്നു. വടക്കേദേശത്തെ സിറിയൻ രാജാവിൽനിന്നു റോം ഭീമമായ കപ്പം ഈടാക്കുകയും അദ്ദേഹത്തിന്റെമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഗ്രീസിൽനിന്നും ഏഷ്യാമൈനറിൽനിന്നും തുരത്തപ്പെടുകയും കപ്പൽവ്യൂഹങ്ങളിൽ മിക്കതും നഷ്ടപ്പെടുകയും ചെയ്ത ആന്റിയോക്കസ് മൂന്നാമൻ “സ്വദേശത്തിലെ [സിറിയയിലെ] കോട്ടകളുടെ നേരെ മുഖം തിരി”ച്ചു. റോമാക്കാർ തങ്ങൾക്ക് എതിരായ ‘അവന്റെ നിന്ദ അവന്റെമേൽ തന്നേ വരുത്തി.’ പൊ.യു.മു. 187-ൽ പേർഷ്യയിലെ എലിമസിലുള്ള ഒരു ക്ഷേത്രം കൊള്ളയടിക്കാനുള്ള ശ്രമത്തിൽ ആന്റിയോക്കസ് മൂന്നാമൻ മരിച്ചു. അങ്ങനെ അദ്ദേഹം “വീണു.” അദ്ദേഹത്തിന്റെ പുത്രനായ സെല്യൂക്കസ് നാലാമൻ വടക്കേദേശത്തെ അടുത്ത രാജാവായി.
പോരാട്ടം തുടരുന്നു
36. (എ) തെക്കേദേശത്തെ രാജാവ് പോരാട്ടം തുടരാൻ ശ്രമിച്ചത് എങ്ങനെ, എന്നാൽ അദ്ദേഹത്തിന് എന്തു സംഭവിച്ചു? (ബി) സെല്യൂക്കസ് നാലാമൻ വീണത് എങ്ങനെ, അദ്ദേഹത്തിന്റെ പിൻഗാമിയായത് ആർ?
36 ക്ലിയോപാട്രയുടെ സ്ത്രീധനം എന്ന നിലയിൽ തനിക്കു ലഭിക്കേണ്ടിയിരുന്ന പ്രവിശ്യകൾ പിടിച്ചെടുക്കാൻ തെക്കേദേശത്തെ രാജാവായ ടോളമി അഞ്ചാമൻ ശ്രമിച്ചെങ്കിലും വിഷം അദ്ദേഹത്തിന്റെ ജീവനൊടുക്കി. ടോളമി ആറാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി. എന്നാൽ സെല്യൂക്കസ് നാലാമന്റെ കാര്യമോ? റോമിനോടു കടപ്പെട്ടിരുന്ന ഭീമമായ കപ്പം കൊടുക്കാൻ നിവൃത്തിയില്ലാതായ അദ്ദേഹം യെരൂശലേം ദേവാലയത്തിൽ ശേഖരിച്ചു വെച്ചിരുന്നുവെന്നു പറയപ്പെട്ടിരുന്ന സമ്പത്തു പിടിച്ചെടുക്കാനായി തന്റെ ഖജാൻജി ആയിരുന്ന ഹെലിയോഡോറസിനെ അയച്ചു. പക്ഷേ, സിംഹാസനത്തിൽ കണ്ണുണ്ടായിരുന്ന ഹെലിയോഡോറസ് സെല്യൂക്കസ് നാലാമനെ വധിച്ചു. എന്നാൽ പെർഗ്ഗമൊസിലെ രാജാവായിരുന്ന യൂമൻസും സഹോദരനായ അറ്റാലസും ചേർന്ന്, വധിക്കപ്പെട്ട രാജാവിന്റെ സഹോദരനായ ആന്റിയോക്കസ് നാലാമനെ സിംഹാസനത്തിൽ അവരോധിച്ചു.
37. (എ) താൻ യഹോവയാം ദൈവത്തെക്കാൾ ശക്തനാണെന്നു പ്രകടമാക്കാൻ ആന്റിയോക്കസ് നാലാമൻ ശ്രമിച്ചത് എങ്ങനെ? (ബി) ആന്റിയോക്കസ് നാലാമൻ യെരൂശലേമിലെ ആലയത്തെ അപവിത്രീകരിച്ചത് എന്തിലേക്കു നയിച്ചു?
37 വടക്കേദേശത്തെ പുതിയ രാജാവായ ആന്റിയോക്കസ് നാലാമൻ യഹോവയുടെ ആരാധനാ ക്രമീകരണത്തെ തുടച്ചുനീക്കാൻ ശ്രമിച്ചുകൊണ്ട് താൻ ദൈവത്തെക്കാൾ ശക്തനാണെന്നു പ്രകടമാക്കാൻ നോക്കി. യഹോവയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം യെരൂശലേം ദേവാലയത്തെ സീയൂസിന്, അഥവാ ജൂപ്പിറ്ററിന് സമർപ്പിച്ചു. യഹോവയ്ക്കു ദിവസേന ഹോമയാഗം അർപ്പിച്ചുകൊണ്ടിരുന്ന ആലയ പ്രാകാരത്തിലെ വലിയ യാഗപീഠത്തിനു മീതെ പൊ.യു.മു. 167 ഡിസംബറിൽ ഒരു പുറജാതീയ യാഗപീഠം നിർമിക്കപ്പെട്ടു. പത്തു ദിവസം കഴിഞ്ഞ് ഈ പുറജാതീയ യാഗപീഠത്തിൽ സീയൂസിനു ബലി അർപ്പിക്കുകയുണ്ടായി. ഈ അപവിത്രീകരണം മക്കബായരുടെ നേതൃത്വത്തിലുള്ള യഹൂദ വിപ്ലവത്തിനു കാരണമായി. ആന്റിയോക്കസ് നാലാമൻ മൂന്നു വർഷം അവരോടു പോരാടി. പൊ.യു.മു. 164-ൽ, അപവിത്രീകരണത്തിന്റെ വാർഷിക ദിനത്തിൽ, ജൂഡസ് മക്കബീസ് ആലയം യഹോവയ്ക്കു പുനഃസമർപ്പിക്കുകയും പ്രതിഷ്ഠോത്സവം—ഹനുക്കാ—ഏർപ്പെടുത്തുകയും ചെയ്തു.—യോഹന്നാൻ 10:22.
38. മക്കബായ ഭരണം അവസാനിച്ചത് എങ്ങനെ?
38 സാധ്യതയനുസരിച്ച്, പൊ.യു.മു. 161-ൽ മക്കബായർ റോമുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും പൊ.യു.മു. 104-ൽ ഒരു രാജ്യം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ അവരും വടക്കേദേശത്തെ സിറിയൻ രാജാവും തമ്മിലുള്ള ഉരസൽ തുടർന്നു. ഒടുവിൽ റോം ഇടപെടേണ്ടി വന്നു. റോമൻ ജനറലായ ഗ്നിയസ് പോംപി മൂന്നു മാസത്തെ ഉപരോധത്തിനു ശേഷം പൊ.യു.മു. 63-ൽ യെരൂശലേം പിടിച്ചെടുത്തു. പൊ.യു.മു. 39-ൽ, റോമൻ സെനറ്റ് ഏദോമ്യനായ ഹെരോദാവിനെ യഹൂദയുടെ രാജാവായി നിയമിച്ചു. പൊ.യു.മു. 37-ൽ യെരൂശലേം പിടിച്ചെടുത്തുകൊണ്ട് അദ്ദേഹം മക്കബായ ഭരണം അവസാനിപ്പിച്ചു.
39. ദാനീയേൽ 11:1-19 പരിചിന്തിച്ചതിൽ നിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം ലഭിച്ചിരിക്കുന്നു?
39 പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു രാജാക്കന്മാരെ കുറിച്ചുള്ള പ്രവചനത്തിന്റെ ആദ്യ ഭാഗം അതിന്റെ സകല വിശദാംശങ്ങളിലും നിവൃത്തിയേറിയതു കാണുന്നത് എത്ര പുളകപ്രദമാണ്! തീർച്ചയായും, ദാനീയേലിനു പ്രാവചനിക സന്ദേശം ലഭിച്ച ശേഷമുള്ള 500 വർഷത്തെ ചരിത്രത്തിലേക്കു ചുഴിഞ്ഞിറങ്ങി വടക്കേദേശത്തെ രാജാവിന്റെയും തെക്കേദേശത്തെ രാജാവിന്റെയും സ്ഥാനങ്ങൾ അലങ്കരിച്ച ഭരണാധിപന്മാരെ തിരിച്ചറിയാൻ കഴിയുന്നത് എത്ര ഉദ്വേഗജനകമാണ്! എന്നിരുന്നാലും, ഈ രണ്ടു രാജാക്കന്മാർ തമ്മിലുള്ള യുദ്ധം യേശു ഭൂമിയിലായിരുന്ന കാലത്തും നമ്മുടെ ഈ നാൾവരെയും തുടരവെ, ഇരുവരുടെയും രാഷ്ട്രീയ തനിമയ്ക്കു മാറ്റം ഭവിക്കുന്നു. പ്രവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന തികച്ചും ചേതോഹരമായ വിശദാംശങ്ങളുമായി ചരിത്ര സംഭവങ്ങളെ ചേരുംപടി ചേർത്തുകൊണ്ട്, പരസ്പരം പോരടിക്കുന്ന ഈ രണ്ടു രാജാക്കന്മാരെ നമുക്കു തിരിച്ചറിയാൻ കഴിയും.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• യവന രാജ്യങ്ങളിൽനിന്ന് പ്രബലരായ രാജാക്കന്മാരുടെ ഏതു രണ്ടു വംശങ്ങളാണ് ഉദയം ചെയ്തത്, ആ രാജാക്കന്മാർ ഏതു പോരാട്ടം ആരംഭിച്ചു?
• ദാനീയേൽ 11:6-ൽ പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ, രണ്ടു രാജാക്കന്മാർ “ഒരു ന്യായയുക്തമായ ക്രമീകരണത്തിൽ” ഏർപ്പെട്ടത് എങ്ങനെ?
• പിൻവരുന്നവർ തമ്മിലുള്ള പോരാട്ടം തുടർന്നത് എങ്ങനെ,
സെല്യൂക്കസ് രണ്ടാമനും ടോളമി മൂന്നാമനും (ദാനീയേൽ 11:7-9)?
ആന്റിയോക്കസ് മൂന്നാമനും ടോളമി നാലാമനും (ദാനീയേൽ 11:10-12)?
ആന്റിയോക്കസ് മൂന്നാമനും ടോളമി അഞ്ചാമനും (ദാനീയേൽ 11:13-16)?
• ഒന്നാം ക്ലിയോപാട്രയും ടോളമി അഞ്ചാമനും തമ്മിലുള്ള വിവാഹത്തിന്റെ ലക്ഷ്യം എന്തായിരുന്നു, ആ പദ്ധതി പരാജയപ്പെട്ടത് എന്തുകൊണ്ട് (ദാനീയേൽ 11:17-19)?
• ദാനീയേൽ 11:1-19-ന് ശ്രദ്ധ കൊടുത്തതു നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നു?
[228-ാം പേജിലെ ചാർട്ട്/ചിത്രങ്ങൾ]
ദാനീയേൽ 11:5-19-ലെ രാജാക്കന്മാർ
വടക്കേദേശത്തെ രാജാവ് തെക്കേദേശത്തെ രാജാവ്
ദാനീയേൽ 11:5 സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ ടോളമി ഒന്നാമൻ
ദാനീയേൽ 11:6 ആന്റിയോക്കസ് രണ്ടാമൻ ടോളമി രണ്ടാമൻ (ഭാര്യ ലവോദിസ്) (പുത്രി ബെറനൈസി)
ദാനീയേൽ 11:7-9 സെല്യൂക്കസ് രണ്ടാമൻ ടോളമി മൂന്നാമൻ
ദാനീയേൽ 11:10-12 ആന്റിയോക്കസ് മൂന്നാമൻ ടോളമി നാലാമൻ
ദാനീയേൽ 11:13-19 ആന്റിയോക്കസ് മൂന്നാമൻ ടോളമി അഞ്ചാമൻ (പുത്രിയായ ഒന്നാം ക്ലിയോപാട്ര) പിൻഗാമി: പിൻഗാമികൾ: ടോളമി ആറാമൻ സെല്യൂക്കസ് നാലാമനും ആന്റിയോക്കസ് നാലാമനും
[ചിത്രം]
ടോളമി രണ്ടാമനെയും ഭാര്യയെയും ചിത്രീകരിക്കുന്ന നാണയം
[ചിത്രം]
സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ
[ചിത്രം]
ആന്റിയോക്കസ് മൂന്നാമൻ
[ചിത്രം]
ടോളമി ആറാമൻ
[ചിത്രം]
ടോളമി മൂന്നാമനും പിൻഗാമികളും ഉത്തര ഈജിപ്തിലെ ഇഡ്ഫൂവിൽ പണികഴിപ്പിച്ച ഹോറസ് ക്ഷേത്രം
[216, 217 പേജുകളിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
“വടക്കേദേശത്തെ രാജാവ്,” “തെക്കേദേശത്തെ രാജാവ്” എന്നീ സംജ്ഞകൾ ദാനീയേലിന്റെ ജനത്തിന്റെ വടക്കും തെക്കുമുള്ള രാജാക്കന്മാരെ പരാമർശിക്കുന്നു
മാസിഡോണിയ
ഗ്രീസ്
ഏഷ്യാമൈനർ
ഇസ്രായേൽ
ലിബിയ
ഈജിപ്ത്
എത്യോപ്യ
സിറിയ
ബാബിലോൺ
അറേബ്യ
[ചിത്രം]
ടോളമി രണ്ടാമൻ
[ചിത്രം]
മഹാനായ ആന്റിയോക്കസ്
[ചിത്രം]
മഹാനായ ആന്റിയോക്കസിന്റെ ഔദ്യോഗിക കൽപ്പന ആലേഖനം ചെയ്ത ഒരു കൽഫലകം
[ചിത്രം]
ടോളമി അഞ്ചാമനെ ചിത്രീകരിക്കുന്ന നാണയം
[ചിത്രം]
ഈജിപ്തിലെ കാർനക്കിലുള്ള ഗേറ്റ് ഓഫ് ടോളമി തേർഡ്
[210-ാം പേജ് നിറയെയുള്ള ചിത്രം]
[215-ാം പേജിലെ ചിത്രം]
സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ
[218-ാം പേജിലെ ചിത്രം]
ടോളമി ഒന്നാമൻ
-
-
രണ്ടു രാജാക്കന്മാരുടെ സ്ഥാനം മറ്റു ഭരണാധിപത്യങ്ങൾ ഏറ്റെടുക്കുന്നുദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
-
-
അധ്യായം പതിന്നാല്
രണ്ടു രാജാക്കന്മാരുടെ സ്ഥാനം മറ്റു ഭരണാധിപത്യങ്ങൾ ഏറ്റെടുക്കുന്നു
1, 2. (എ) റോമിന്റെ ആവശ്യങ്ങൾക്കു വഴങ്ങാൻ ആന്റിയോക്കസ് നാലാമനെ പ്രേരിപ്പിച്ചത് എന്ത്? (ബി) സിറിയ ഒരു റോമൻ പ്രവിശ്യ ആയത് എന്ന്?
സിറിയൻ രാജാവായ ആന്റിയോക്കസ് നാലാമൻ ഈജിപ്ത് കീഴടക്കി അതിന്റെ രാജാവായി സ്വയം അവരോധിക്കുന്നു. ഈജിപ്ഷ്യൻ രാജാവായ ടോളമി ആറാമന്റെ അഭ്യർഥന അനുസരിച്ച് ക്വയസ് പോപ്പിലിയസ് ലീനസിനെ റോം ഈജിപ്തിലേക്ക് രാജപ്രതിനിധിയായി അയയ്ക്കുന്നു. അദ്ദേഹത്തോടൊപ്പം ശക്തമായൊരു കപ്പൽപ്പടയും ആന്റിയോക്കസ് നാലാമൻ ഈജിപ്തിലെ രാജത്വം ഉപേക്ഷിച്ച് അവിടെനിന്നു പിൻവാങ്ങണമെന്ന റോമൻ സെനറ്റിന്റെ ഉത്തരവുമുണ്ട്. അലക്സാൻഡ്രിയയുടെ പ്രാന്തപ്രദേശമായ ഇലൂസിസിൽവെച്ച് സിറിയൻ രാജാവും റോമൻ രാജപ്രതിനിധിയും കണ്ടുമുട്ടുന്നു. തന്റെ ഉപദേഷ്ടാക്കളുമായി കൂടിയാലോചിക്കാൻ ആന്റിയോക്കസ് സമയം ചോദിക്കുന്നു. എന്നാൽ, രാജാവിനു ചുറ്റും ഒരു വൃത്തം വരച്ചിട്ട് അതിനു വെളിയിൽ കടക്കുന്നതിനു മുമ്പ് ഉത്തരം നൽകാൻ ലീനസ് ആവശ്യപ്പെടുന്നു. അവമാനിതനായ ആന്റിയോക്കസ് നാലാമൻ റോമിന്റെ ആവശ്യങ്ങൾക്കു വഴങ്ങി പൊ.യു.മു. 168-ൽ സിറിയയിലേക്കു മടങ്ങുന്നു. അങ്ങനെ വടക്കേദേശമായ സിറിയയിലെ രാജാവും തെക്കേദേശമായ ഈജിപ്തിലെ രാജാവും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിക്കുന്നു.
2 മധ്യപൂർവദേശത്തെ കാര്യാദികളിൽ ഒരു പ്രമുഖ പങ്കുവഹിച്ചുകൊണ്ട് സിറിയയുടെ മേൽ റോം തുടർന്നും അധികാരം നടത്തുന്നു. അതുകൊണ്ട്, പൊ.യു.മു. 163-ൽ ആന്റിയോക്കസ് നാലാമൻ മരിച്ചശേഷം സെല്യൂസിഡ് രാജവംശത്തിലെ മറ്റു രാജാക്കന്മാർ സിറിയ ഭരിച്ചെങ്കിലും അവർ ‘വടക്കെദേശത്തെ രാജാവ്’ എന്ന സ്ഥാനം കൈവരിക്കുന്നില്ല. (ദാനീയേൽ 11:15) ഒടുവിൽ പൊ.യു.മു. 64-ൽ, സിറിയ ഒരു റോമൻ പ്രവിശ്യ ആയിത്തീരുന്നു.
3. റോമിന് ഈജിപ്തിന്റെമേൽ പരമാധികാരം ലഭിച്ചത് എന്ന്, എങ്ങനെ?
3 ആന്റിയോക്കസ് നാലാമന്റെ മരണ ശേഷം 130-തിൽപ്പരം വർഷം ഈജിപ്തിലെ ടോളമി രാജവംശം ‘തെക്കെദേശത്തിലെ രാജാവ്’ എന്ന സ്ഥാനത്തു തുടരുന്നു. (ദാനീയേൽ 11:14) പൊ.യു.മു. 31-ലെ ആക്ടിയം യുദ്ധത്തിൽ റോമൻ ഭരണാധിപനായ ഒക്ടേവിയൻ അവസാനത്തെ ടോളമിക് രാജ്ഞിയായ ഏഴാം ക്ലിയോപാട്രയുടെയും അവരുടെ കാമുകനായ മാർക്ക് ആന്റണിയുടെയും സംയുക്ത സൈന്യത്തെ പരാജയപ്പെടുത്തുന്നു. അടുത്ത വർഷം ക്ലിയോപാട്ര ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഈജിപ്തും ഒരു റോമൻ പ്രവിശ്യ ആയിത്തീരുകയും അങ്ങനെ തെക്കേദേശത്തെ രാജാവ് എന്ന സ്ഥാനം അതിനു നഷ്ടമാകുകയും ചെയ്യുന്നു. പൊ.യു.മു. 30-ഓടെ റോം സിറിയയുടെയും ഈജിപ്തിന്റെയും മേൽ ആധിപത്യം കൈവരിക്കുന്നു. മറ്റു ഭരണാധിപത്യങ്ങൾ വടക്കേദേശത്തെ രാജാവിന്റെയും തെക്കേദേശത്തെ രാജാവിന്റെയും സ്ഥാനങ്ങൾ ഏറ്റെടുക്കുമെന്നു നാം ഇപ്പോൾ പ്രതീക്ഷിക്കണമോ?
ഒരു പുതിയ രാജാവ് “ഒരു അപഹാരിയെ” അയയ്ക്കുന്നു
4. മറ്റൊരു രാജാവ് വടക്കേദേശത്തെ രാജാവിന്റെ തനിമ കൈവരിക്കണമെന്നു നാം പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
4 പൊ.യു. 33-ലെ വസന്തത്തിൽ യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “എന്നാൽ ദാനീയേൽപ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ . . . അന്നു യെഹൂദ്യയിലുളളവർ മലകളിലേക്കു ഓടിപ്പോകട്ടെ.” (മത്തായി 24:15, 16) യേശു ദാനീയേൽ 11:31-ൽനിന്ന് ഉദ്ധരിച്ചുകൊണ്ട്, ഭാവിയിൽ വരാനിരുന്ന ഒരു “ശൂന്യമാക്കുന്ന മ്ലേച്ഛത”യെക്കുറിച്ച് തന്റെ അനുഗാമികൾക്കു മുന്നറിയിപ്പു നൽകി. വടക്കേദേശത്തെ രാജാവ് ഉൾപ്പെടുന്ന ഈ പ്രവചനം നൽകപ്പെട്ടത് ആ സ്ഥാനം അലങ്കരിച്ചിരുന്ന അവസാനത്തെ സിറിയൻ രാജാവായ ആന്റിയോക്കസ് നാലാമന്റെ മരണ ശേഷം ഏതാണ്ടു 195 വർഷം കഴിഞ്ഞാണ്. തീർച്ചയായും മറ്റൊരു രാജാവ് വടക്കേദേശത്തെ രാജാവിന്റെ സ്ഥാനം ഏറ്റെടുക്കണമായിരുന്നു. അത് ആരായിരിക്കുമായിരുന്നു?
5. ഒരിക്കൽ ആന്റിയോക്കസ് നാലാമന്റേതായിരുന്ന സ്ഥാനം കൈയടക്കിക്കൊണ്ടു വടക്കേദേശത്തെ രാജാവായി എഴുന്നേറ്റത് ആർ?
5 യഹോവയാം ദൈവത്തിന്റെ ദൂതൻ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “അവന്നു [ആന്റിയോക്കസ് നാലാമനു] പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി [“ഗംഭീര രാജ്യത്തുകൂടി,” NW] ഒരു അപഹാരിയെ അയക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.” (ദാനീയേൽ 11:20) ഇപ്രകാരം ‘എഴുന്നേറ്റത്’ അഗസ്റ്റസ് സീസർ എന്നും അറിയപ്പെടുന്ന ആദ്യത്തെ റോമൻ ചക്രവർത്തിയായ ഒക്ടേവിയൻ ആണെന്നു തെളിഞ്ഞു.—248-ാം പേജിലെ “ഒരുവൻ ബഹുമാനിതനും മറ്റവൻ നിന്ദിതനുമായി” എന്ന ഭാഗം കാണുക.
6. (എ) “ഗംഭീര രാജ്യ”ത്തിലൂടെ ഒരു “അപഹാരി” കടന്നു പോകാൻ ഇടയാക്കിയത് എപ്പോൾ, അതിന്റെ പ്രാധാന്യം എന്തായിരുന്നു? (ബി) അഗസ്റ്റസ് മരിച്ചത് ‘കോപത്താലോ’ ‘യുദ്ധത്താലോ’ അല്ലെന്നു പറയാവുന്നത് എന്തുകൊണ്ട്? (സി) വടക്കേദേശത്തെ രാജാവിന്റെ തനിമയ്ക്ക് എന്തു മാറ്റം സംഭവിച്ചു?
6 അഗസ്റ്റസിന്റെ “ഗംഭീര രാജ്യ”ത്തിൽ ‘മനോഹര ദേശം’—റോമൻ പ്രവിശ്യയായ യഹൂദ്യ—ഉൾപ്പെട്ടിരുന്നു. (ദാനീയേൽ 11:16) പൊ.യു.മു. 2-ൽ, ഒരു രജിസ്ട്രേഷന് അല്ലെങ്കിൽ കാനേഷുമാരിക്കുള്ള ഉത്തരവു പുറപ്പെടുവിച്ചുകൊണ്ട് അഗസ്റ്റസ് ഒരു “അപഹാരിയെ” അയച്ചു. നികുതി പിരിക്കാനും ആളുകളെ നിർബന്ധമായി സൈന്യത്തിൽ ചേർക്കാനുമുള്ള ഉദ്ദേശ്യത്തിൽ ജനങ്ങളുടെ എണ്ണം അറിയാൻ ആയിരുന്നിരിക്കാം അദ്ദേഹം അപ്രകാരം ചെയ്തത്. ആ ഉത്തരവു ഹേതുവായി, രജിസ്ട്രേഷനുവേണ്ടി യോസേഫും മറിയയും ബേത്ത്ലേഹെമിലേക്കു യാത്ര തിരിച്ചു. തത്ഫലമായി, മുൻകൂട്ടി പറയപ്പെട്ട പ്രകാരം ബേത്ത്ലേഹെമിൽ യേശു ജനിക്കാനിടയായി. (മീഖാ 5:2; മത്തായി 2:1-12) പൊ.യു. 14 ആഗസ്റ്റിൽ—“കുറെ ദിവസത്തിന്നകം,” അതായത് രജിസ്ട്രേഷനുള്ള ഉത്തരവു പുറപ്പെടുവിച്ചു ദീർഘകാലം കഴിയുന്നതിനു മുമ്പ്—അഗസ്റ്റസ് 76-ാമത്തെ വയസ്സിൽ മരിച്ചു. അതു സംഭവിച്ചത് ‘കോപത്താലോ’—ഒരു കൊലയാളിയുടെ കരങ്ങളാലോ—‘യുദ്ധത്താലോ’ അല്ലായിരുന്നു, പിന്നെയോ രോഗത്താൽ ആയിരുന്നു. തീർച്ചയായും വടക്കേദേശത്തെ രാജാവിന്റെ സ്ഥാനം ഇപ്പോൾ മറ്റൊരുവൻ ഏറ്റെടുത്തിരുന്നു! ചക്രവർത്തിമാരാൽ പ്രതിനിധാനം ചെയ്യപ്പെട്ട റോമാ സാമ്രാജ്യം തന്നെ.
‘നിന്ദ്യനായ ഒരുത്തൻ എഴുന്നേൽക്കുന്നു’
7, 8. (എ) വടക്കേദേശത്തെ രാജാവ് എന്ന നിലയിൽ അഗസ്റ്റസിന്റെ സ്ഥാനത്ത് എഴുന്നേറ്റത് ആർ? (ബി) അഗസ്റ്റസ് സീസറിന്റെ “രാജത്വത്തിന്റെ പദവി” അദ്ദേഹത്തിന്റെ പിൻഗാമിക്കു മനസ്സില്ലാമനസ്സോടെ നൽകപ്പെട്ടത് എന്തുകൊണ്ട്?
7 പ്രവചനം തുടർന്നുകൊണ്ടു ദൂതൻ ഇങ്ങനെ പറഞ്ഞു: “അവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും. പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവുംകൂടെ [“ഉടമ്പടിയുടെ നായകനും,” NW] അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.”—ദാനീയേൽ 11:21, 22.
8 ആ “നിന്ദ്യനായ ഒരുത്തൻ,” അഗസ്റ്റസിന്റെ മൂന്നാം ഭാര്യയായ ലിവ്യയുടെ പുത്രനായിരുന്ന തീബെര്യൊസ് കൈസർ ആയിരുന്നു. (248-ാം പേജിലെ “ഒരുവൻ ബഹുമാനിതനും മറ്റവൻ നിന്ദിതനുമായി” എന്ന ഭാഗം കാണുക.) ഭാര്യയുടെ മുൻവിവാഹത്തിലെ പുത്രനായ തീബെര്യൊസിന്റെ ചീത്ത സ്വഭാവം നിമിത്തം അഗസ്റ്റസ് അദ്ദേഹത്തെ വെറുത്തിരുന്നു, അദ്ദേഹം അടുത്ത കൈസർ ആകുന്നത് അഗസ്റ്റസിന് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് പിൻഗാമികൾ ആകാൻ സാധ്യതയുണ്ടായിരുന്നവർ എല്ലാവരും മരിച്ച ശേഷം മാത്രമാണ് “രാജത്വത്തിന്റെ പദവി” അദ്ദേഹത്തിനു മനസ്സില്ലാമനസ്സോടെ നൽകപ്പെട്ടത്. പൊ.യു. 4-ൽ അഗസ്റ്റസ് തീബെര്യൊസിനെ ദത്തെടുത്തു സിംഹാസന അവകാശിയാക്കി. അഗസ്റ്റസിന്റെ മരണശേഷം 54-കാരനായ തീബെര്യൊസ്—നിന്ദ്യനായ ഒരുത്തൻ—‘എഴുന്നേറ്റു,’ അതായത് റോമൻ ചക്രവർത്തിയും വടക്കേദേശത്തെ രാജാവുമായി അധികാരമേറ്റു.
9. തീബെര്യൊസ് “ഉപായത്തോടെ രാജത്വം കൈവശമാ”ക്കിയത് എങ്ങനെ?
9 ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: “തീബെര്യൊസ് സെനറ്റിനോട് ഉപായരൂപേണ ഇടപെട്ടു. [അഗസ്റ്റസിന്റെ മരണശേഷം] ഏതാണ്ട് ഒരു മാസത്തോളം, തന്നെ ചക്രവർത്തിയായി നാമനിർദേശം ചെയ്യാൻ അദ്ദേഹം സെനറ്റിനെ അനുവദിച്ചില്ല.” റോമാ സാമ്രാജ്യത്തിന്റെ ഭരണ ഭാരം വഹിക്കാൻ അഗസ്റ്റസിനല്ലാതെ മറ്റാർക്കും കഴിയില്ലാത്തതിനാൽ ആ അധികാരം ഒരു വ്യക്തിയെ ഏൽപ്പിക്കുന്നതിനു പകരം ഒരു കൂട്ടം ആളുകളെ ഏൽപ്പിച്ചുകൊണ്ട് റിപ്പബ്ലിക്ക് പുനഃസ്ഥാപിക്കാൻ അദ്ദേഹം സെനറ്റർമാരോട് ആവശ്യപ്പെട്ടു. “അദ്ദേഹത്തിന്റെ വാക്കു സ്വീകരിക്കാൻ ധൈര്യപ്പെടാഞ്ഞ സെനറ്റ്, ഒടുവിൽ അദ്ദേഹം അധികാരം കയ്യേൽക്കുംവരെ അദ്ദേഹത്തെ വണങ്ങിപ്പോന്നു” എന്ന് ചരിത്രകാരനായ വിൽ ഡ്യൂറന്റ് എഴുതി. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇരുപക്ഷവും വളരെ തന്ത്രപൂർവം കരുക്കൾ നീക്കി. തീബെര്യൊസ് പ്രിൻസിപ്പേറ്റ് ഭരണസംവിധാനം ആഗ്രഹിച്ചു, അല്ലെങ്കിൽ അത് ഒഴിവാക്കാൻ അദ്ദേഹം എന്തെങ്കിലും മാർഗം കണ്ടെത്തുമായിരുന്നു; സെനറ്റ് അദ്ദേഹത്തെ ഭയപ്പെടുകയും വെറുക്കുകയും ചെയ്തു, എന്നാൽ മുമ്പ് ഉണ്ടായിരുന്നതു പോലെയുള്ള, സങ്കേതികമായി പരമാധികാരമുള്ള അസംബ്ലികളിൽ അധിഷ്ഠിതമായ ഒരു റിപ്പബ്ലിക്ക് പുനഃസ്ഥാപിക്കാൻ അവർ ധൈര്യപ്പെട്ടില്ല.” അങ്ങനെ തീബെര്യൊസ് “ഉപായത്തോടെ രാജത്വം കൈവശമാ”ക്കി.
10. “പ്രളയതുല്യമായ സൈന്യങ്ങ”ൾ ‘തകർക്ക’പ്പെട്ടത് എങ്ങനെ?
10 “പ്രളയതുല്യമായ സൈന്യങ്ങ”ളെ—ചുറ്റുമുള്ള രാജ്യങ്ങളുടെ സായുധ സേനകളെ—കുറിച്ചു ദൂതൻ ഇങ്ങനെ പറഞ്ഞു: ‘അവർ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.’ തീബെര്യൊസ് വടക്കേദേശത്തെ രാജാവായപ്പോൾ അദ്ദേഹത്തിന്റെ മച്ചുനനായ ജർമാനിക്കസ് സീസർ ആയിരുന്നു റൈൻ നദിയിങ്കലെ റോമൻ സൈന്യാധിപൻ. പൊ.യു. 15-ൽ, ജർമാനിക്കസ് തന്റെ സൈന്യത്തെ ജർമൻ വീരാളിയായ ആർമീനിയസിന് എതിരെ നയിച്ചു, കുറെയൊക്കെ വിജയം കൈവരിക്കുകയും ചെയ്തു. എന്നാൽ ആ പരിമിത വിജയം നേടാൻ വലിയ വില ഒടുക്കേണ്ടിവന്നു. അതേത്തുടർന്നു തീബെര്യൊസ് ജർമനിയിലെ സൈനിക പ്രവർത്തനങ്ങൾ നിർത്തിവെച്ചു. പകരം, അവിടെ ആഭ്യന്തര യുദ്ധം ഇളക്കിവിട്ടുകൊണ്ട് ജർമൻ ഗോത്രങ്ങൾ ഒന്നിക്കുന്നതു തടയാൻ അദ്ദേഹം ശ്രമിച്ചു. ചെറുത്തുനിൽപ്പിൽ ഊന്നിയ വിദേശ നയത്തെയാണ് തീബെര്യൊസ് പൊതുവെ അനുകൂലിച്ചിരുന്നത്. അദ്ദേഹം അതിർത്തി ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ നയം പൊതുവെ വിജയപ്രദമായിരുന്നു. അങ്ങനെ, “പ്രളയതുല്യമായ സൈന്യങ്ങ”ൾ നിയന്ത്രിക്കപ്പെടുകയും ‘തകർക്ക’പ്പെടുകയും ചെയ്തു.
11. “ഉടമ്പടിയുടെ നായക”ൻ ‘തകർക്ക’പ്പെട്ടത് എങ്ങനെ?
11 ഭൂമിയിലെ സകല കുടുംബങ്ങളെയും അനുഗ്രഹിക്കാനായി യഹോവയാം ദൈവം അബ്രാഹാമിനോടു ചെയ്ത “ഉടമ്പടിയുടെ നായക”നും ‘തകർക്ക’പ്പെട്ടു. ആ ഉടമ്പടിപ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട അബ്രാഹാമിന്റെ സന്തതി യേശുക്രിസ്തു ആയിരുന്നു. (ഉല്പത്തി 22:18; ഗലാത്യർ 3:16) പൊ.യു. 33 നീസാൻ 14-ന് യേശു റോമൻ ഗവർണറുടെ യെരൂശലേമിലെ കൊട്ടാരത്തിൽ പൊന്തിയൊസ് പീലാത്തൊസിനു മുമ്പാകെ നിന്നു. യഹൂദ പുരോഹിതന്മാർ യേശുവിന്റെ മേൽ രാജദ്രോഹ കുറ്റം ചുമത്തിയിരുന്നു. എന്നാൽ യേശു പീലാത്തൊസിനോട് ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല . . . എന്റെ രാജ്യം ഈ ഉറവിൽനിന്നുള്ളതല്ല.” കുറ്റ രഹിതനായ യേശുവിനെ റോമൻ ഗവർണർ വിട്ടയയ്ക്കാതിരിക്കേണ്ടതിനു യഹൂദന്മാർ ഇങ്ങനെ ആക്രോശിച്ചു: “നീ ഈ മനുഷ്യനെ വിട്ടയച്ചാൽ നീ കൈസരുടെ സ്നേഹിതൻ അല്ല. തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ.” യേശുവിന്റെ വധനിർവഹണത്തിനായി മുറവിളികൂട്ടിയ ശേഷം, “ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല” എന്ന് അവർ പറഞ്ഞു. കൈസരിന് എതിരെയുള്ള ഏതാണ്ട് എല്ലാ അധിക്ഷേപങ്ങളും ഉൾപ്പെടും വിധം തീബെര്യൊസ് വിപുലപ്പെടുത്തിയ “രാജദ്രോഹ” നിയമം അനുസരിച്ച് പീലാത്തൊസ് യേശുവിനെ ‘തകർക്കാൻ’ അഥവാ ഒരു ദണ്ഡന സ്തംഭത്തിൽ തറയ്ക്കാൻ വിട്ടുകൊടുത്തു.—യോഹന്നാൻ 18:36, NW; 19:12-16; മർക്കൊസ് 15:14-20.
ഒരു സ്വേച്ഛാധിപതി ‘ഉപായം പ്രയോഗിക്കുന്നു’
12. (എ) തീബെര്യൊസുമായി സഖ്യത സ്ഥാപിച്ചത് ആർ? (ബി) തീബെര്യൊസ് ‘അൽപ്പം പടജ്ജനവുമായി വന്നു ശക്തി പ്രാപിച്ചത്’ എങ്ങനെ?
12 തീബെര്യൊസിനെ കുറിച്ചു തുടർന്നും പ്രവചിച്ചുകൊണ്ടു ദൂതൻ പറഞ്ഞു: “ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം [“ശക്തി,” NW] പ്രാപിക്കും.” (ദാനീയേൽ 11:23) റോമൻ സെനറ്റിലെ അംഗങ്ങൾ തീബെര്യൊസുമായി ഭരണഘടനാപരമായി “സഖ്യത”യിൽ ആയിരുന്നു, അദ്ദേഹം അവരെ ഔപചാരികമായി ആശ്രയിച്ചിരുന്നു. എന്നാൽ ‘അൽപ്പം പടജ്ജനവുമായി വന്നു ശക്തി പ്രാപിച്ച’ അദ്ദേഹം വഞ്ചനാപരമായി പ്രവർത്തിച്ചു. റോമിന്റെ മതിലുകൾക്കു സമീപം പാളയം അടിച്ചിരുന്ന അകമ്പടി പട്ടാളം (പ്രേയ്റ്റോറിയൻ ഗാർഡ്) ആയിരുന്നു ആ അൽപ്പം പടജ്ജനം. അതിന്റെ സാമീപ്യം സെനറ്റിനെ ഭീതിപ്പെടുത്തുകയും ജനം തന്റെ അധികാരത്തിന് എതിരെ കലാപം ഉണ്ടാക്കുന്നതു തടയാൻ തീബെര്യൊസിനെ സഹായിക്കുകയും ചെയ്തു. അങ്ങനെ, തീബെര്യൊസ് 10,000 അംഗരക്ഷകരുടെ സഹായത്താൽ ശക്തനായി നിലകൊണ്ടു.
13. ഏതു വിധത്തിലാണു തീബെര്യൊസ് തന്റെ പൂർവപിതാക്കന്മാരെ കടത്തിവെട്ടിയത്?
13 ദൂതൻ തുടർന്നു പ്രാവചനികമായി ഇങ്ങനെ കൂട്ടിച്ചേർത്തു: “അവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളൂ.” (ദാനീയേൽ 11:24) തീബെര്യൊസ് അങ്ങേയറ്റം സംശയാലു ആയിരുന്നു. രാജകൽപ്പന പ്രകാരമുള്ള കൊലപാതകങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. അദ്ദേഹത്തിന്റെ വാഴ്ചയുടെ അവസാന ഘട്ടം തികച്ചും ഭീതിദം ആയിരുന്നു. എന്നാൽ അതിന്റെ മുഖ്യ കാരണം അകമ്പടി പട്ടാളത്തിന്റെ കമാൻഡറായ സെജാനുസിന്റെ പ്രേരണ ആയിരുന്നു. ഒടുവിൽ സെജാനുസ്തന്നെ സംശയപാത്രം ആകുകയും വധിക്കപ്പെടുകയും ചെയ്തു. ജനങ്ങളുടെ മേൽ സ്വേച്ഛാധിപത്യം പ്രയോഗിക്കുന്ന കാര്യത്തിൽ തീബെര്യൊസ് തന്റെ പൂർവപിതാക്കന്മാരെ കടത്തിവെട്ടി.
14. (എ) തീബെര്യൊസ് റോമൻ പ്രവിശ്യകളിൽ ഉടനീളം “കവർച്ചയും കൊള്ളയും സമ്പത്തും” വിതറിക്കൊടുത്തത് എങ്ങനെ? (ബി) മരണസമയം ആയപ്പോഴേക്കും തീബെര്യൊസ് എങ്ങനെയാണു പരിഗണിക്കപ്പെട്ടിരുന്നത്?
14 എന്നിരുന്നാലും, തീബെര്യൊസ് റോമൻ പ്രവിശ്യകളിൽ ഉടനീളം “കവർച്ചയും കൊള്ളയും സമ്പത്തും” വിതറിക്കൊടുത്തു. അദ്ദേഹത്തിന്റെ മരണസമയം ആയപ്പോഴേക്കും, എല്ലാ പ്രജകളും സമ്പദ്സമൃദ്ധി ആസ്വദിച്ചിരുന്നു. നികുതികൾ ഭാരമുള്ളവ അല്ലായിരുന്നു. കെടുതികൾ നേരിട്ടിരുന്ന സ്ഥലങ്ങളിലെ ആളുകളെ ഉദാരമായി സഹായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പട്ടാളക്കാരോ ഉദ്യോഗസ്ഥരോ ആരെയെങ്കിലും അടിച്ചമർത്തുകയോ കാര്യങ്ങൾ ക്രമവിരുദ്ധമായി കൈകാര്യം ചെയ്യുന്നതിനു വളംവെക്കുകയോ ചെയ്താൽ അവർക്കു രാജശിക്ഷ ഉറപ്പായിരുന്നു. അധികാരത്തിന്മേലുള്ള ശക്തമായ പിടി പൊതു സുരക്ഷ നിലനിർത്തി. മെച്ചപ്പെട്ട വാർത്താവിനിമയ സംവിധാനങ്ങൾ വാണിജ്യത്തെ സഹായിച്ചു. റോമിന് ഉള്ളിലും വെളിയിലും കാര്യങ്ങൾ നിഷ്പക്ഷമായും ക്രമമായും നടത്തപ്പെടുന്നുവെന്നു തീബെര്യൊസ് ഉറപ്പുവരുത്തി. അദ്ദേഹം നിയമങ്ങൾ പരിഷ്കരിച്ചു, അഗസ്റ്റസ് സീസർ തുടങ്ങിവെച്ച പരിഷ്കാരങ്ങൾക്ക് ആക്കംകൂട്ടിക്കൊണ്ട് സാമൂഹിക-ധാർമിക പ്രമാണങ്ങളുടെ മാറ്റു വർധിപ്പിച്ചു. എന്നാൽ, തീബെര്യൊസ് ‘ഉപായങ്ങൾ പ്രയോഗിച്ചു.’ ആയതിനാൽ, റോമൻ ചരിത്രകാരനായ റ്റാസിറ്റസ് അദ്ദേഹത്തെ വ്യാജഭാവം നടിക്കുന്നതിൽ വിദഗ്ധനായ ഒരു കാപട്യക്കാരനായി വർണിച്ചു. പൊ.യു. 37 മാർച്ചിൽ മരിക്കുമ്പോൾ തീബെര്യൊസ് ഒരു സ്വേച്ഛാധിപതി ആയിട്ടാണു പരിഗണിക്കപ്പെട്ടിരുന്നത്.
15. പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലും റോമിന്റെ സ്ഥിതി എന്തായിരുന്നു?
15 തീബെര്യൊസിന്റെ പിൻഗാമികളായി വടക്കേദേശത്തെ രാജാവിന്റെ സ്ഥാനം അലങ്കരിച്ചിരുന്നവരിൽ ഗായൊസ് സീസർ (കാലിഗുളാ), ക്ലൌദ്യൊസ് ഒന്നാമൻ, നീറോ, വെസ്പാസിയൻ, ടൈറ്റസ്, ഡൊമിഷ്യൻ, നേർവ, ട്രാജൻ, ഹാഡ്രിയൻ എന്നിവർ ഉൾപ്പെടുന്നു. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: “അഗസ്റ്റസിന്റെ അതേ ഭരണ നയങ്ങളും നിർമാണ പരിപാടികളുമാണ് അദ്ദേഹത്തിന്റെ പിൻഗാമികൾ കാര്യമായ പുതുമയൊന്നും ഇല്ലാതെ, എന്നാൽ വർധിതമായ പ്രദർശന പ്രകടനത്തോടെ പിന്തുടർന്നത്.” അതേ പരാമർശ ഗ്രന്ഥം തുടർന്ന് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: “ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിലും രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലും റോമിന്റെ മാഹാത്മ്യവും ജനസംഖ്യയും അതിന്റെ ഉച്ചകോടിയിൽ ആയിരുന്നു.” ഇക്കാലത്തു റോമാ സാമ്രാജ്യത്തിന്റെ അതിർത്തികളിൽ ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും തെക്കേദേശത്തെ രാജാവുമായുള്ള മുൻകൂട്ടി പറയപ്പെട്ട അതിന്റെ ആദ്യ ഏറ്റുമുട്ടൽ പൊ.യു. മൂന്നാം നൂറ്റാണ്ടുവരെ സംഭവിച്ചില്ല.
തെക്കേദേശത്തെ രാജാവിന് എതിരായി ഉണർത്തപ്പെടുന്നു
16, 17. (എ) ദാനീയേൽ 11:25-ൽ പരാമർശിച്ചിരിക്കുന്ന വടക്കേദേശത്തെ രാജാവിന്റെ സ്ഥാനം ഏറ്റെടുത്തത് ആർ? (ബി) തെക്കേദേശത്തെ രാജാവിന്റെ സ്ഥാനം കൈയടക്കിയത് ആർ, അതു സംഭവിച്ചതെങ്ങനെ?
16 പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ദൈവദൂതൻ പ്രവചനം തുടർന്നു: “അവൻ [വടക്കെദേശത്തിലെ രാജാവ്] ഒരു മഹാസൈന്യത്തോടുകൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും [“ശക്തിയും ഹൃദയവും ഉണർത്തും,” NW]; തെക്കെദേശത്തിലെ രാജാവും ഏററവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവൻ [വടക്കെദേശത്തിലെ രാജാവ്] ഉറെച്ചു നില്ക്കയില്ല. അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; പലരും നിഹതന്മാരായി വീഴും.”—ദാനീയേൽ 11:25, 26.
17 ഒക്ടേവിയൻ ഈജിപ്തിനെ ഒരു റോമൻ പ്രവിശ്യയാക്കി ഏതാണ്ട് 300 വർഷം കഴിഞ്ഞപ്പോൾ, റോമൻ ചക്രവർത്തിയായ ഔറേലിയൻ വടക്കേദേശത്തെ രാജാവിന്റെ സ്ഥാനം ഏറ്റെടുത്തു. അതിനിടെ, റോമൻ കോളനിയായ പാൽമൈറയിലെ രാജ്ഞിയായിരുന്ന സെപ്റ്റിമിയാ സെനോബിയ തെക്കേദേശത്തെ രാജാവിന്റെ സ്ഥാനം കൈയടക്കി.a (252-ാം പേജിലെ, “സെനോബിയ—പാൽമൈറയിലെ വില്ലാളിവീരയായ രാജ്ഞി” എന്ന ഭാഗം കാണുക.) ഈജിപ്തിനെ റോമിനുവേണ്ടി സുരക്ഷിതമാക്കുന്നു എന്ന വ്യാജേന പൊ.യു. 269-ൽ പാൽമൈറൻ സൈന്യം ഈജിപ്ത് അധീനമാക്കി. പാൽമൈറയെ പൂർവദേശത്തെ പ്രബല നഗരമാക്കാനും റോമിന്റെ പൂർവപ്രവിശ്യകളുടെ മേൽ ഭരണം നടത്താനും സെനോബിയ ആഗ്രഹിച്ചു. അതിൽ ചകിതനായ ഔറേലിയൻ സെനോബിയയ്ക്ക് എതിരെ പുറപ്പെടാൻ “തന്റെ ശക്തിയും ഹൃദയവും” ഉണർത്തി.
18. വടക്കേദേശത്തെ രാജാവായ ഔറേലിയൻ ചക്രവർത്തിയും തെക്കേദേശത്തെ രാജാവായ സെനോബിയ രാജ്ഞിയും തമ്മിലുള്ള പോരാട്ടത്തിന്റെ പരിണത ഫലം എന്തായിരുന്നു?
18 സെനോബിയയുടെ നേതൃത്വത്തിലുള്ള ഭരണകൂടമായ തെക്കേദേശത്തെ രാജാവ് സാബ്ദാസ്, സബ്ബായി എന്നീ രണ്ടു പടത്തലവന്മാരുടെ കീഴിൽ “ഏററവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ,” വടക്കേദേശത്തെ രാജാവിനെതിരെ ‘യുദ്ധത്തിനു പുറപ്പെട്ടു.’ എന്നാൽ ഈജിപ്ത് പിടിച്ചടക്കിയ ഔറേലിയൻ ഏഷ്യാമൈനറിലേക്കും സിറിയയിലേക്കും മുന്നേറാൻ തുടങ്ങി. എമസായിൽ (ഇപ്പോഴത്തെ ഹോംസ്) വെച്ച് സെനോബിയ തോൽപ്പിക്കപ്പെട്ടു. തത്ഫലമായി അവർ പാൽമൈറയിലേക്കു പിൻവാങ്ങി. ഔറേലിയൻ ആ നഗരത്തെ ഉപരോധിച്ചപ്പോൾ അതിന്റെ സംരക്ഷണാർഥം സെനോബിയ ധീരമായി അടരാടിയെങ്കിലും വിജയിക്കാനായില്ല. അവർ തന്റെ പുത്രനോടൊപ്പം പേർഷ്യയെ ലക്ഷ്യമാക്കി പലായനം ചെയ്തു. എന്നാൽ യൂഫ്രട്ടീസ് നദിയിങ്കൽ വെച്ച് സെനോബിയ റോമാക്കാരുടെ പിടിയിലായി. പൊ.യു. 272-ൽ പാൽമൈറ കീഴടങ്ങി. ഔറേലിയൻ സെനോബിയയെ വധിച്ചില്ല. പൊ.യു. 274-ൽ റോമിലൂടെ നടത്തിയ വിജയാഘോഷ യാത്രയിൽ അദ്ദേഹം അവരെ മുഖ്യ ആകർഷണമാക്കി. ശിഷ്ടകാലം അവർ റോമിൽ ഒരു കുലീന വനിതയായി ജീവിച്ചു.
19. തനിക്കു ‘നേരേയുള്ള ഉപായത്താൽ’ ഔറേലിയൻ വീണത് എങ്ങനെ?
19 ഔറേലിയനു ‘നേരേ ഉപായം പ്രയോഗിക്കപ്പെട്ടതിനാൽ അവൻ ഉറച്ചു നിന്നില്ല.’ പൊ.യു. 275-ൽ അദ്ദേഹം പേർഷ്യക്കാർക്ക് എതിരെ ഒരു സൈനിക നീക്കം ആരംഭിച്ചു. ഏഷ്യാമൈനറിലേക്കുള്ള കടലിടുക്കു കടക്കാനായി ത്രാസിൽ കാത്തിരിക്കെ, ‘അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിച്ചവർ’ അദ്ദേഹത്തിന് എതിരെ ഉപായം പ്രയോഗിച്ച് അദ്ദേഹത്തെ ‘നശിപ്പിച്ചു.’ അദ്ദേഹം തന്റെ സെക്രട്ടറിയായ ഈറോസിനെ ക്രമക്കേടുകൾക്കു ശിക്ഷിക്കാൻ പോകുകയായിരുന്നു. എന്നാൽ ഈറോസ്, ചില ഉദ്യോഗസ്ഥന്മാർ മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നതായി കാണിക്കുന്ന ഒരു വ്യാജരേഖ ഉണ്ടാക്കി. ഔറേലിയനെ വധിക്കുന്നതിന് ഒരു ഗൂഢപദ്ധതി ആസൂത്രണം ചെയ്യാൻ ഈ രേഖ ആ ഉദ്യോഗസ്ഥന്മാരെ പ്രേരിപ്പിക്കുകയും അവർ അദ്ദേഹത്തെ വധിക്കുകയും ചെയ്തു.
20. വടക്കേദേശത്തെ രാജാവിന്റെ “സൈന്യം ഒഴുകിപ്പോയ”തെങ്ങനെ?
20 ഔറേലിയൻ ചക്രവർത്തിയുടെ മരണത്തോടെ വടക്കേദേശത്തെ രാജാവിന്റെ പ്രവർത്തനഗതി അവസാനിച്ചില്ല. അദ്ദേഹത്തിനു ശേഷം മറ്റു റോമൻ ഭരണാധികാരികൾ രംഗത്തുവന്നു. ഒരു കാലത്തു കിഴക്കും പടിഞ്ഞാറും ഓരോ ചക്രവർത്തിമാർ ഉണ്ടായിരുന്നു. അവരുടെ കാലത്തു വടക്കേദേശത്തെ രാജാവിന്റെ ‘സൈന്യം ഒഴുകിപ്പോയി,’ അഥവാ “ചിതറിപ്പോയി.”b വടക്കുനിന്നുള്ള ജർമാനിക് ഗോത്രങ്ങളുടെ ആക്രമണ ഫലമായി അനേകർ ‘നിഹതന്മാരായി വീണു.’ പൊ.യു. നാലാം നൂറ്റാണ്ടിൽ ഗോത്തുകൾ റോമൻ അതിർത്തി ഭേദിച്ചു കടന്നു. ഒന്നിനുപിറകെ ഒന്നായി ആക്രമണങ്ങൾ തുടർന്നു. പൊ.യു. 476-ൽ ജർമൻ നേതാവായ ഓഡോസർ റോമിൽനിന്നു ഭരണം നടത്തിയ അവസാന ചക്രവർത്തിയെ നീക്കം ചെയ്തു. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പടിഞ്ഞാറുള്ള റോമൻ സാമ്രാജ്യം ഛിന്നഭിന്നമാകുകയും ബ്രിട്ടാനിയ, ഗൗൾ, ഇറ്റലി, ഉത്തര ആഫ്രിക്ക, സ്പെയിൻ എന്നീ സ്ഥലങ്ങൾ ജർമൻ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലാകുകയും ചെയ്തു. സാമ്രാജ്യത്തിന്റെ കിഴക്കു ഭാഗം 15-ാം നൂറ്റാണ്ടുവരെ നിലനിന്നു.
ഒരു വലിയ സാമ്രാജ്യം വിഭജിക്കപ്പെടുന്നു
21, 22. പൊ.യു. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റയ്ൻ കൊണ്ടുവന്ന മാറ്റങ്ങൾ ഏവ?
21 നൂറ്റാണ്ടുകൾ നീണ്ടുനിന്ന റോമാ സാമ്രാജ്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള അനാവശ്യ വിശദാംശങ്ങൾ നൽകാതെ, യഹോവയുടെ ദൂതൻ വടക്കേദേശത്തെ രാജാവിന്റെയും തെക്കേദേശത്തെ രാജാവിന്റെയും തുടർന്നുള്ള വീരകൃത്യങ്ങൾ മുൻകൂട്ടി പറഞ്ഞു. എന്നിരുന്നാലും, റോമാ സാമ്രാജ്യത്തിലെ ചില സംഭവവികാസങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ പുനരവലോകനം, പിൽക്കാലത്തെ ആ രണ്ടു ശത്രു രാജാക്കന്മാരെ തിരിച്ചറിയാൻ നമ്മെ സഹായിക്കും.
22 നാലാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്ൻ വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തിനു രാഷ്ട്രത്തിന്റെ അംഗീകാരം നൽകി. പൊ.യു. 325-ൽ അദ്ദേഹം ഏഷ്യാമൈനറിലെ നിഖ്യായിൽ ഒരു സഭാ കൗൺസിൽ വിളിച്ചുകൂട്ടുകയും സ്വയം അതിൽ അധ്യക്ഷത വഹിക്കുകയും പോലും ചെയ്തു. പിന്നീട്, കോൺസ്റ്റന്റയ്ൻ തന്റെ രാജവസതി റോമിൽനിന്നു ബൈസന്റിയത്തിലേക്ക് അഥവാ കോൺസ്റ്റാന്റിനോപ്പിളിലേക്കു മാറ്റിക്കൊണ്ട് ആ നഗരത്തെ തന്റെ പുതിയ തലസ്ഥാനമാക്കി. പൊ.യു. 395 ജനുവരി 17-ന് തിയോഡോഷ്യസ് ഒന്നാമൻ ചക്രവർത്തി മരിക്കുന്നതുവരെ റോമാ സാമ്രാജ്യം ഏകചക്രവർത്തി ഭരണത്തിൻ കീഴിലായിരുന്നു.
23. (എ) തിയോഡോഷ്യസിന്റെ മരണത്തെ തുടർന്നു റോമാ സാമ്രാജ്യത്തിൽ എന്തു വിഭജനമുണ്ടായി? (ബി) പൂർവ സാമ്രാജ്യത്തിന് അന്ത്യം കുറിക്കപ്പെട്ടത് എന്ന്? (സി) 1517-ഓടെ ഈജിപ്ത് ഭരിച്ചിരുന്നത് ആർ?
23 തിയോഡോഷ്യസിന്റെ മരണത്തെ തുടർന്നു റോമാ സാമ്രാജ്യം അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാർക്കായി വിഭജിക്കപ്പെട്ടു. ഹൊണോറിയസിനു പശ്ചിമ ഭാഗവും അർക്കാഡിയസിന് കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമായുള്ള പൂർവഭാഗവും ലഭിച്ചു. ബ്രിട്ടാനിയ, ഗൗൾ, ഇറ്റലി, സ്പെയിൽ, ഉത്തര ആഫ്രിക്ക എന്നിവ പശ്ചിമഭാഗത്തിന്റെ പ്രവിശ്യകളിൽ ഉൾപ്പെട്ടിരുന്നു. മാസിഡോണിയ, ത്രാസ്, ഏഷ്യാമൈനർ, സിറിയ, ഈജിപ്ത് എന്നിവ പൂർവഭാഗത്തിലെ പ്രവിശ്യകൾ ആയിരുന്നു. പൊ.യു. 642-ൽ സറാസിനുകൾ (അറബികൾ) ഈജിപ്തിന്റെ തലസ്ഥാനമായ അലക്സാൻഡ്രിയ പിടിച്ചടക്കി. അങ്ങനെ ഈജിപ്ത് ഖലീഫകളുടെ ഒരു പ്രവിശ്യയായി. 1449 ജനുവരിയിൽ കോൺസ്റ്റന്റയ്ൻ പതിനൊന്നാമൻ പൂർവദേശത്തെ അവസാന ചക്രവർത്തിയായി. സുൽത്താൻ മെമെറ്റ് രണ്ടാമന്റെ കീഴിൽ ഓട്ടോമാൻ തുർക്കികൾ 1453 മേയ് 29-ന് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിക്കൊണ്ട് പൂർവ റോമാ സാമ്രാജ്യത്തിന് അന്ത്യം കുറിച്ചു. 1517-ൽ ഈജിപ്ത് തുർക്കിയുടെ ഒരു പ്രവിശ്യയായി. എന്നാൽ, പുരാതന തെക്കേദേശത്തെ രാജാവിന്റേതായിരുന്ന ഈ രാജ്യം കാലക്രമത്തിൽ പടിഞ്ഞാറുനിന്നുള്ള മറ്റൊരു സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആകുമായിരുന്നു.
24, 25. (എ) ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, വിശുദ്ധ റോമാ സാമ്രാജ്യത്തിനു തുടക്കം കുറിച്ചത് എന്ത്? (ബി) വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ “ചക്രവർത്തി” എന്ന സ്ഥാനപ്പേരിന് ഒടുവിൽ എന്തു സംഭവിച്ചു?
24 റോമാ സാമ്രാജ്യത്തിന്റെ പശ്ചിമ ഭാഗത്ത്, റോമിലെ കത്തോലിക്കാ ബിഷപ്പ് രംഗപ്രവേശം ചെയ്തു. വിശേഷിച്ചും, പൊ.യു. അഞ്ചാം നൂറ്റാണ്ടിൽ പാപ്പായുടെ അധികാരം സ്ഥാപിച്ചെടുക്കുക വഴി പ്രസിദ്ധൻ ആയിത്തീർന്ന ലിയോ ഒന്നാമൻ പാപ്പാ. പശ്ചിമഭാഗത്തെ ചക്രവർത്തിയെ വാഴിക്കാനുള്ള അധികാരം കാലക്രമത്തിൽ പാപ്പാ ഏറ്റെടുത്തു. പൊ.യു. 800-ലെ ക്രിസ്തുമസ്സ് ദിനത്തിൽ ലിയോ മൂന്നാമൻ പാപ്പാ ഫ്രാങ്കിഷ് രാജാവായ ചാൾസിനെ (ചാൾമെയ്നെ) പുതിയ പശ്ചിമ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി വാഴിച്ചപ്പോഴാണ് ഇതു സംഭവിച്ചത്. ഈ കിരീട ധാരണത്തോടെ റോമിൽ ചക്രവർത്തി ഭരണം പുനഃസ്ഥാപിതമായി. ചില ചരിത്രകാരന്മാർ പറയുന്നത് അനുസരിച്ച് ഇതു വിശുദ്ധ റോമാ സാമ്രാജ്യത്തിനു തുടക്കം കുറിച്ചു. ക്രിസ്തീയമെന്ന് അവകാശപ്പെട്ടിരുന്ന രണ്ടു സാമ്രാജ്യങ്ങൾ—പൂർവ സാമ്രാജ്യവും പശ്ചിമഭാഗത്തുള്ള വിശുദ്ധ റോമാ സാമ്രാജ്യവും—അന്നുമുതൽ നിലനിന്നുപോന്നു.
25 കാലം കടന്നുപോയതോടെ, ചാൾമെയ്ന്റെ പിൻഗാമികൾ അപ്രാപ്തരായ ഭരണാധികാരികൾ ആണെന്നു തെളിഞ്ഞു. കുറെ കാലത്തേക്കു ചക്രവർത്തിയുടെ സിംഹാസനം ആളില്ലാതെ ഒഴിഞ്ഞു കിടക്കുക പോലും ചെയ്തു. അതിനിടെ, ജർമനിയിലെ രാജാവായ ഓട്ടോ ഒന്നാമൻ ഉത്തര-മധ്യ ഇറ്റലിയുടെ ഭൂരിഭാഗവും കൈവശമാക്കിയിരുന്നു. അദ്ദേഹം തന്നെത്തന്നെ ഇറ്റലിയുടെ രാജാവായി പ്രഖ്യാപിച്ചു. പൊ.യു. 962 ഫെബ്രുവരി 2-ന് ജോൺ പന്ത്രണ്ടാമൻ പാപ്പാ ഓട്ടോ ഒന്നാമനെ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി വാഴിച്ചു. അതിന്റെ തലസ്ഥാനം ജർമനിയിൽ ആയിരുന്നു. ചക്രവർത്തിമാരും അതുപോലെതന്നെ പ്രജകളിൽ മിക്കവരും ജർമൻകാരായിരുന്നു. അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഓസ്ട്രിയൻ ഹാപ്സ്ബർഗ് ഗൃഹത്തിന് “ചക്രവർത്തി” എന്ന പദവിനാമം ലഭിച്ചു. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ശേഷിച്ച വർഷങ്ങളിൽ ഏറിയകാലവും അത് ആ പദവി നിലനിർത്തുകയും ചെയ്തു.
രണ്ടു രാജാക്കന്മാർ വീണ്ടും വ്യക്തമായി തിരിച്ചറിയപ്പെടുന്നു
26. (എ) വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അന്ത്യത്തെക്കുറിച്ച് എന്തു പറയാവുന്നതാണ്? (ബി) വടക്കേദേശത്തെ രാജാവായി ഉദയം ചെയ്തത് ആർ?
26 1805-ൽ, ജർമനിയിൽ വിജയങ്ങൾ കൈവരിച്ചതിനെ തുടർന്നു നെപ്പോളിയൻ ഒന്നാമൻ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ അദ്ദേഹം അതിന്മേൽ മാരകമായ ഒരു പ്രഹരം ഏൽപ്പിച്ചു. കിരീടം സംരക്ഷിക്കാൻ കഴിയാതെപോയ ഫ്രാൻസിസ് രണ്ടാമൻ ചക്രവർത്തി 1806 ആഗസ്റ്റ് 6-ന് റോമൻ ചക്രവർത്തിപദത്തിൽ നിന്നു രാജിവെച്ചു. ഓസ്ട്രിയയുടെ ചക്രവർത്തി എന്ന നിലയിൽ അദ്ദേഹം തന്റെ ദേശീയ ഭരണകൂടത്തിൽ മാത്രമായി ഒതുങ്ങി. അങ്ങനെ റോമൻ കത്തോലിക്കാ പാപ്പാ ആയ ലിയോ മൂന്നാമനും ഒരു ഫ്രാങ്കിഷ് രാജാവായിരുന്ന ചാൾമെയ്നും ചേർന്നു സ്ഥാപിച്ച വിശുദ്ധ റോമാ സാമ്രാജ്യം 1,006 വർഷങ്ങൾക്കു ശേഷം അസ്തമിച്ചു. 1870-ൽ റോം ഇറ്റലിയുടെ തലസ്ഥാനം ആയിത്തീരുകയും അങ്ങനെ വത്തിക്കാനിൽനിന്നു സ്വതന്ത്രമാകുകയും ചെയ്തു. പിറ്റേ വർഷം, സീസർ അഥവാ കൈസർ എന്നു വിളിക്കപ്പെട്ട വിൽഹെം ഒന്നാമനോടെ ഒരു ജർമാനിക് സാമ്രാജ്യം ഉദയം ചെയ്തു. അങ്ങനെ ആധുനിക കാലത്തെ വടക്കേദേശത്തെ രാജാവ്—ജർമനി—ലോക രംഗത്തു പ്രത്യക്ഷപ്പെട്ടു.
27. (എ) ഈജിപ്ത് ഒരു ബ്രിട്ടീഷ് സംരക്ഷിത രാജ്യം ആയിത്തീർന്നത് എങ്ങനെ? (ബി) തെക്കേദേശത്തെ രാജാവിന്റെ സ്ഥാനത്തേക്കു കടന്നുവന്നത് ആർ?
27 എന്നാൽ ആധുനിക കാലത്തെ തെക്കേദേശത്തെ രാജാവ് ആരായിരുന്നു? 17-ാം നൂറ്റാണ്ടിൽ ഗ്രേറ്റ് ബ്രിട്ടൻ സാമ്രാജ്യശക്തി കൈവരിച്ചെന്നു ചരിത്രം പ്രകടമാക്കുന്നു. ബ്രിട്ടീഷ് വാണിജ്യ പാതകൾക്കു തടസ്സം സൃഷ്ടിക്കാനായി നെപ്പോളിയൻ ഒന്നാമൻ 1798-ൽ ഈജിപ്ത് കീഴടക്കി. തുടർന്നു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. തെക്കേദേശത്തെ രാജാവും വടക്കേദേശത്തെ രാജാവും തമ്മിലുള്ള പോരാട്ടം ആരംഭിച്ച സമയത്തു തെക്കേദേശത്തെ രാജാവായി തിരിച്ചറിയപ്പെട്ടിരുന്ന ഈജിപ്തിൽനിന്നു പിൻവാങ്ങാൻ ബ്രിട്ടീഷ്-ഓട്ടോമൻ സഖ്യം ഫ്രഞ്ചുകാരെ നിർബന്ധിതരാക്കി. തുടർന്നുവന്ന നൂറ്റാണ്ടിൽ ഈജിപ്തിന്മേലുള്ള ബ്രിട്ടീഷ് സ്വാധീനം വർധിച്ചു. വാസ്തവത്തിൽ 1882-നു ശേഷം ഈജിപ്ത് ബ്രിട്ടന്റെ ഒരു ആശ്രിത രാജ്യമായിരുന്നു. 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈജിപ്ത് തുർക്കിയുടേതായിരുന്നു. കെഡിവ് അഥവാ വൈസ്രോയി ആയിരുന്നു അവിടെ ഭരണം നടത്തിയിരുന്നത്. എന്നാൽ ആ യുദ്ധത്തിൽ തുർക്കി ജർമനിയുടെ പക്ഷം ചേർന്നപ്പോൾ ബ്രിട്ടൻ കെഡിവിനെ സ്ഥാനഭ്രഷ്ടനാക്കിയിട്ട് ഈജിപ്തിനെ ബ്രിട്ടന്റെ ഒരു സംരക്ഷിത രാജ്യമായി പ്രഖ്യാപിച്ചു. ക്രമേണ അടുത്ത ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട് ബ്രിട്ടനും അമേരിക്കൻ ഐക്യനാടുകളും ചേർന്ന് ആംഗ്ലോ-അമേരിക്കൻ ലോകശക്തി ആയിത്തീർന്നു. അങ്ങനെ അവർ ഇരുവരുംകൂടി തെക്കേദേശത്തെ രാജാവിന്റെ സ്ഥാനത്തേക്കു കടന്നുവന്നു.
[അടിക്കുറിപ്പുകൾ]
a “വടക്കെദേശത്തെ രാജാവ്,” “തെക്കെദേശത്തെ രാജാവ്” എന്നിവ സ്ഥാനപ്പേരുകൾ ആയതിനാൽ ഒരു രാജാവോ രാജ്ഞിയോ രാഷ്ട്രങ്ങളുടെ ഒരു ചേരിയോ ഉൾപ്പെടെ ഏതൊരു ഭരണകർത്താവിനെയോ ഭരണകൂടത്തെയോ പരാമർശിക്കാൻ അവയ്ക്കു കഴിയും.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിൽ ദാനീയേൽ 11:26-ന്റെ അടിക്കുറിപ്പു കാണുക.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• വടക്കേദേശത്തെ രാജാവായി എഴുന്നേറ്റ പ്രഥമ റോമാ ചക്രവർത്തി ആർ, അദ്ദേഹം “ഒരു അപഹാരിയെ” അയച്ചത് എന്ന്?
• അഗസ്റ്റസിനു ശേഷം വടക്കേദേശത്തെ രാജാവിന്റെ സ്ഥാനം കൈവരിച്ചത് ആർ, ‘ഉടമ്പടിയുടെ നായകൻ തകർക്കപ്പെട്ടത്’ എങ്ങനെ?
• വടക്കേദേശത്തെ രാജാവ് എന്ന നിലയിൽ ഔറേലിയനും തെക്കേദേശത്തെ രാജാവ് എന്ന നിലയിൽ സെനോബിയയും തമ്മിലുണ്ടായ പോരാട്ടത്തിന്റെ പരിണതഫലം എന്തായിരുന്നു?
• റോമാ സാമ്രാജ്യത്തിന് എന്തു സംഭവിച്ചു, രണ്ടു രാജാക്കന്മാരുടെ സ്ഥാനങ്ങൾ 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഏതു ശക്തികളാണ് കയ്യടക്കിയത്?
[248-251 പേജുകളിലെ ചതുരം/ചിത്രം]
ഒരുവൻ ബഹുമാനിതനും മറ്റവൻ നിന്ദിതനുമായി
ഒരുവൻ കലാപകലുഷിതമായ ഒരു റിപ്പബ്ലിക്കിനെ ലോക സാമ്രാജ്യമാക്കി മാറ്റി. മറ്റവൻ 23 വർഷംകൊണ്ട് അതിന്റെ സമ്പത്ത് 20 ഇരട്ടിയാക്കി. എന്നാൽ മരണമടയുമ്പോൾ ഒരുവൻ ബഹുമാനിതനും മറ്റവൻ നിന്ദിതനുമായി. യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും കാലത്തായിരുന്നു ഈ രണ്ടു റോമൻ ചക്രവർത്തിമാരും ഭരണം നടത്തിയിരുന്നത്. അവർ ആരായിരുന്നു? ഒരുവൻ ബഹുമാനിതൻ ആകുകയും എന്നാൽ മറ്റവൻ നിന്ദിതൻ ആകുകയും ചെയ്തത് എന്തുകൊണ്ടായിരുന്നു?
അവൻ “ഇഷ്ടിക നിർമിത റോമിനെ മാർബിൾ നിർമിതമാക്കി”
പൊ.യു.മു. 44-ൽ ജൂലിയസ് സീസർ വധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സഹോദരിയുടെ പൗത്രനായ ഗ്വയസ് ഒക്ടേവിയനു 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ജൂലിയസ് സീസറിന്റെ ദത്തുപുത്രനും മുഖ്യ വ്യക്തിഗത അവകാശിയും ആയിരുന്ന, ചെറുപ്പക്കാരനായ ഒക്ടേവിയൻ തന്റെ അവകാശം ഉന്നയിക്കാനായി ഉടൻതന്നെ റോമിലേക്കു പുറപ്പെട്ടു. അവിടെ അവൻ ശക്തനായ ഒരു എതിരാളിയെ നേരിട്ടു, സീസറിന്റെ മുഖ്യ ലഫ്റ്റനന്റും പ്രധാന അവകാശിയാകാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നവനുമായ മാർക്ക് ആന്റണിയെ. തുടർന്ന് ഉളവായ രാഷ്ട്രീയ ഉപജാപവും അധികാര വടംവലിയും 13 വർഷം നീണ്ടുനിന്നു.
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെയും കാമുകനായിരുന്ന മാർക്ക് ആന്റണിയുടെയും സംയുക്ത സേനയെ (പൊ.യു.മു. 31-ൽ) തോൽപ്പിച്ച ശേഷം മാത്രമാണ് ഒക്ടേവിയൻ റോമാ സാമ്രാജ്യത്തിന്റെ അവിതർക്കിത ഭരണാധികാരിയായി ഉയർന്നു വന്നത്. അടുത്ത വർഷം ആന്റണിയും ക്ലിയോപാട്രയും ആത്മഹത്യ ചെയ്യുകയും ഒക്ടേവിയൻ ഈജിപ്തിനെ തന്റെ സാമ്രാജ്യത്തോടു കൂട്ടിച്ചേർക്കുകയും ചെയ്തു. അങ്ങനെ ഗ്രീക്കു സാമ്രാജ്യത്തിന്റെ അവസാന കണികയും തുടച്ചുനീക്കപ്പെടുകയും റോം ലോകശക്തി ആയിത്തീരുകയും ചെയ്തു.
ജൂലിയസ് സീസർ വധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ ഭരണം നിമിത്തം ആയിരുന്നെന്ന് ഓർമിച്ച ഒക്ടേവിയൻ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. റിപ്പബ്ലിക്കിന് അനുകൂലമായ റോമൻ വികാരങ്ങൾ വ്രണപ്പെടുത്താതിരിക്കാനായി അദ്ദേഹം തന്റെ ഏകാധിപത്യത്തെ റിപ്പബ്ലിക്കൻ മുഖംമൂടിക്കുള്ളിൽ ഒളിപ്പിച്ചു. “രാജാവ്” എന്നും “സർവാധിപതി” എന്നും ഉള്ള സ്ഥാനപ്പേരുകൾ അദ്ദേഹം നിരസിച്ചു. എല്ലാ പ്രവിശ്യകളുടെയും നിയന്ത്രണം റോമൻ സെനറ്റിനു നൽകാനുള്ള തന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചുകൊണ്ടും തന്റെ അധികാര സ്ഥാനങ്ങളിൽനിന്നു രാജിവെക്കാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടും അദ്ദേഹം ഒരു പടികൂടെ മുന്നോട്ടു പോയി. ആ തന്ത്രം ഫലിച്ചു. വിലമതിപ്പു തോന്നിയ സെനറ്റ്, തന്റെ അധികാര സ്ഥാനങ്ങൾ കൈവശം വെക്കാനും പ്രവിശ്യകളിൽ ചിലതിന്റെ നിയന്ത്രണം നിലനിർത്താനും ഒക്ടേവിയനെ പ്രോത്സാഹിപ്പിച്ചു.
അതിനു പുറമേ, പൊ.യു.മു. 27 ജനുവരി 16-ന് സെനറ്റ് ഒക്ടേവിയന് “ഉന്നതമായ, പവിത്രമായ” എന്നീ അർഥങ്ങളുള്ള “അഗസ്റ്റസ്” എന്ന പദവിനാമം നൽകി. ഒക്ടേവിയൻ ആ പദവിനാമം സ്വീകരിക്കുക മാത്രമല്ല, ഒരു കലണ്ടർ മാസത്തെ തന്റെ പേരിൽ പുനർനാമകരണം ചെയ്യുകയും ചെയ്തു. ജൂലിയസ് സീസറിന്റെ പേരിലുള്ള ജൂലൈയുടെ അത്രയും ദിവസങ്ങൾ ആഗസ്റ്റിലും ഉണ്ടായിരിക്കാൻ വേണ്ടി അദ്ദേഹം ഫെബ്രുവരിയിൽനിന്ന് ഒരു ദിവസം കടം എടുത്തു. അങ്ങനെ ഒക്ടേവിയൻ ആദ്യത്തെ റോമൻ ചക്രവർത്തിയാകുകയും അതേത്തുടർന്ന് അഗസ്റ്റസ് സീസർ അഥവാ “മഹിമാശാലി” എന്ന് അറിയപ്പെടുകയും ചെയ്തു. പിന്നീട്, “പൊന്റിഫെക്സ് മാക്സിമസ്” (മഹാപുരോഹിതൻ) എന്ന പദവിനാമവും അദ്ദേഹം സ്വീകരിച്ചു. യേശു ജനിച്ച വർഷമായ പൊ.യു.മു. 2-ൽ സെനറ്റ് അഗസ്റ്റസിന് പാറ്റർ പാട്രിയി, “തന്റെ രാജ്യത്തിന്റെ പിതാവ്,” എന്ന പദവിനാമം നൽകി.
അതേ വർഷംതന്നെ, “ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്തൊസ്കൈസരുടെ [“അഗസ്റ്റസ് സീസറുടെ,” NW] ഒരു ആജ്ഞ പുറപ്പെട്ടു. . . . എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.” (ലൂക്കൊസ് 2:1-3) ഈ ആജ്ഞയുടെ ഫലമായി, ബൈബിൾ പ്രവചനം നിവർത്തിച്ചുകൊണ്ട് യേശു ബേത്ത്ലേഹെമിൽ ജനിച്ചു.—ദാനീയേൽ 11:20; മീഖാ 5:2.
ഒരളവിലുള്ള സത്യസന്ധതയും സുസ്ഥിരമായൊരു നാണയവും അഗസ്റ്റസിന്റെ കീഴിലെ ഭരണകൂടത്തിന്റെ പ്രത്യേകത ആയിരുന്നു. അദ്ദേഹം ഫലപ്രദമായൊരു തപാൽ സംവിധാനം ഏർപ്പെടുത്തുകയും റോഡുകളും പാലങ്ങളും നിർമിക്കുകയും ചെയ്തു. അദ്ദേഹം സൈന്യത്തെ പുനഃസംഘടിപ്പിച്ചു, സ്ഥിരമായ ഒരു നാവിക സേന ഉണ്ടാക്കി, ചക്രവർത്തിക്കു വേണ്ടി അകമ്പടി പട്ടാളം എന്ന് അറിയപ്പെടുന്ന ഒരു വിശിഷ്ട അംഗരക്ഷക സേന രൂപീകരിച്ചു. (ഫിലിപ്പിയർ 1:13) അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിൻ കീഴിൽ വിർജിലിനെയും ഹൊറാസിനെയും പോലുള്ള എഴുത്തുകാർ അഭിവൃദ്ധി പ്രാപിച്ചു, ഇന്ന് ക്ലാസിക്കൽ സ്റ്റൈൽ എന്നു വിളിക്കപ്പെടുന്ന രീതിയിൽ ശിൽപ്പ നിർമാതാക്കൾ മനോഹരമായ ശിൽപ്പങ്ങൾ നിർമിച്ചു. ജൂലിയസ് സീസർ തുടങ്ങിവെച്ചതും പണിതീരാഞ്ഞതുമായ കെട്ടിടങ്ങളുടെ നിർമാണം അഗസ്റ്റസ് പൂർത്തീകരിക്കുകയും അനേകം ക്ഷേത്രങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. അദ്ദേഹം കൊണ്ടുവന്ന പാക്സ് റൊമാന (“റോമൻ സമാധാനം”) 200-ലേറെ വർഷം നീണ്ടുനിന്നു. പൊ.യു. 14 ആഗസ്റ്റ് 19-ന്, 76-ാം വയസ്സിൽ അഗസ്റ്റസ് മരിച്ചു. തുടർന്ന് അദ്ദേഹത്തിനു ദിവ്യത്വം കൽപ്പിക്കപ്പെട്ടു.
താൻ, “ഇഷ്ടിക നിർമിത റോമിനെ മാർബിൾ നിർമിതമാക്കി” എന്ന് അഗസ്റ്റസ് വീമ്പിളക്കി. റോം വീണ്ടും മുൻ റിപ്പബ്ലിക്കിന്റെ കലാപകലുഷിത നാളുകളിലേക്കു മടങ്ങിപ്പോകരുതെന്ന് ആഗ്രഹിച്ച അഗസ്റ്റസ് അടുത്ത ചക്രവർത്തിയെ ഒരുക്കാൻ ലക്ഷ്യമിട്ടു. എന്നാൽ അദ്ദേഹത്തിന് തന്റെ പിൻഗാമിയായി തിരഞ്ഞെടുക്കാൻ അനേകർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അനന്തരവനും രണ്ടു പൗത്രന്മാരും ഒരു മരുമകനും ഭാര്യയുടെ മുൻവിവാഹത്തിലെ ഒരു മകനും മരിച്ചുപോയിരുന്നു. ഭാര്യയുടെ മുൻവിവാഹത്തിലെ ഒരു പുത്രനായ തീബെര്യൊസ് മാത്രമേ പിൻഗാമിയായി ശേഷിച്ചിരുന്നുള്ളൂ.
“നിന്ദ്യനായ ഒരുത്തൻ”
അഗസ്റ്റസിന്റെ മരണ ശേഷം ഒരു മാസത്തോളം കഴിഞ്ഞപ്പോൾ റോമൻ സെനറ്റ് 54-കാരനായ തീബെര്യൊസിനെ ചക്രവർത്തിയായി നാമനിർദേശം ചെയ്തു. പൊ.യു. 37 മാർച്ച് വരെ അദ്ദേഹം ജീവിച്ചിരിക്കുകയും ഭരണം നടത്തുകയും ചെയ്തു. ആയതിനാൽ, യേശുവിന്റെ പരസ്യ ശുശ്രൂഷയുടെ കാലത്ത് അദ്ദേഹമായിരുന്നു റോമൻ ചക്രവർത്തി.
ഒരു ചക്രവർത്തി എന്ന നിലയിൽ തീബെര്യൊസിനു സദ്ഗുണങ്ങളും ദുർഗുണങ്ങളും ഉണ്ടായിരുന്നു. ആഡംബരത്തിനായി പണം ചെലവഴിക്കാനുള്ള മടി അദ്ദേഹത്തിന്റെ സദ്ഗുണങ്ങളിൽ പെടുന്നു. തത്ഫലമായി, സാമ്രാജ്യം അഭിവൃദ്ധി പ്രാപിച്ചു. മാത്രവുമല്ല, വിപത്തുകളിൽ നിന്നും പ്രതികൂല സാഹചര്യങ്ങളിൽ നിന്നും കരകയറാൻ പ്രജകളെ സഹായിക്കുന്നതിന് ആവശ്യമായ ഫണ്ടുകളും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. ശ്ലാഘനീയം എന്നു പറയട്ടെ, തന്നെ വെറുമൊരു മനുഷ്യനായി വീക്ഷിച്ച തീബെര്യൊസ് അനേകം ബഹുമതി നാമങ്ങൾ നിരസിച്ചു. പൊതുവെ, ചക്രവർത്തി ആരാധന തന്നിലേക്കല്ല, മറിച്ച് അഗസ്റ്റസിലേക്കാണ് അദ്ദേഹം തിരിച്ചു വിട്ടത്. അഗസ്റ്റസ് സീസറും ജൂലിയസ് സീസറും ചെയ്തതുപോലെ, അദ്ദേഹം ഏതെങ്കിലും ഒരു മാസത്തിനു തന്റെ പേരിടുകയോ ആ വിധത്തിൽ മറ്റുള്ളവർ തന്നെ ബഹുമാനിക്കാൻ അനുവദിക്കുകയോ ചെയ്തില്ല.
എന്നാൽ തീബെര്യൊസിന്റെ ദുർഗുണങ്ങൾ സദ്ഗുണങ്ങളെ കവച്ചുവെച്ചു. മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ അദ്ദേഹം അങ്ങേയറ്റം സംശയാലുവും കാപട്യക്കാരനും ആയിരുന്നു. രാജകൽപ്പന പ്രകാരമുള്ള കൊലപാതകങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. അദ്ദേഹത്തിന്റെ മുൻ സുഹൃത്തുക്കളിൽ മിക്കവരും അതിന് ഇരകളായി. രാജ്യത്തിന് എതിരായ പ്രവൃത്തികൾക്കു പുറമേ, തനിക്ക് എതിരെയുള്ള അപവാദ വാക്കുകൾ പോലും ഉൾപ്പെടത്തക്ക വിധം അദ്ദേഹം ലെസെ-മജെസ്റ്റി (രാജദ്രോഹം) നിയമം വിപുലപ്പെടുത്തി. സർവസാധ്യതയും അനുസരിച്ച്, ഈ നിയമത്തിന്റെ ബലത്തിലാണു യഹൂദന്മാർ യേശുവിനെ വധിക്കാൻ റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിനെ പ്രേരിപ്പിച്ചത്.—യോഹന്നാൻ 19:12-16.
നഗര മതിലുകളുടെ വടക്കു ഭാഗത്തു ബലവത്തായ ബാരക്കുകൾ നിർമിച്ചുകൊണ്ടു തീബെര്യൊസ് അകമ്പടി പട്ടാളത്തെ റോമാ നഗരത്തിനു സമീപം കേന്ദ്രീകരിച്ചു. അകമ്പടി പട്ടാളത്തിന്റെ സാന്നിധ്യം, സീസറിന്റെ അധികാരത്തിന് ഒരു ഭീഷണി ആയിരുന്ന റോമൻ സെനറ്റിനെ ഭയപ്പെടുത്തുകയും ജനങ്ങളുടെ അച്ചടക്കമില്ലായ്മയെ നിയന്ത്രിച്ചു നിർത്തുകയും ചെയ്തു. ഒറ്റിക്കൊടുക്കലിനെയും തീബെര്യൊസ് പ്രോത്സാഹിപ്പിച്ചു. ഭീതി ആയിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ രണ്ടാം പകുതിയുടെ പ്രത്യേകത.
മരണസമയം ആയപ്പോഴേക്കും തീബെര്യൊസ് ഒരു സ്വേച്ഛാധിപതിയായി പരിഗണിക്കപ്പെട്ടിരുന്നു. അദ്ദേഹം മരിച്ചപ്പോൾ റോമാക്കാർ സന്തോഷിച്ചു, അദ്ദേഹത്തിനു ദിവ്യത്വം കൽപ്പിക്കാൻ സെനറ്റ് വിസമ്മതിച്ചു. ഈ കാരണങ്ങളാലും മറ്റു കാരണങ്ങളാലും, “വടക്കെദേശത്തിലെ രാജാ”വായി “നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കു”മെന്ന പ്രവചനത്തിന്റെ ഒരു നിവൃത്തി നാം തീബെര്യൊസിൽ കാണുന്നു.—ദാനീയേൽ 11:15, 21.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• ഒക്ടേവിയൻ റോമിലെ ആദ്യത്തെ ചക്രവർത്തിയാകാൻ ഇടയായത് എങ്ങനെ?
• അഗസ്റ്റസ് ഭരണകൂടത്തിന്റെ നേട്ടങ്ങളെ കുറിച്ച് എന്തു പറയാവുന്നതാണ്?
• തീബെര്യൊസിന്റെ സദ്ഗുണങ്ങളും ദുർഗുണങ്ങളും എന്തെല്ലാമായിരുന്നു?
• ‘നിന്ദ്യനായ ഒരുത്തനെ’ കുറിച്ചുള്ള പ്രവചനം തീബെര്യൊസിൽ നിവൃത്തിയായത് എങ്ങനെ?
[ചിത്രം]
തീബെര്യൊസ്
[252-255 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
സെനോബിയ—പാൽമൈറയിലെ വില്ലാളിവീരയായ രാജ്ഞി
“ഇരുണ്ട നിറം. . . . വെൺമുത്തുപോലുള്ള പല്ലുകൾ. അസാധാരണ തിളക്കമുള്ള കറുത്ത, ആകർഷകമായ വലിയ മിഴികൾ. ശക്തമെങ്കിലും ശ്രുതിമധുരമായ ശബ്ദം. പഠനത്താൽ വർധിതവും അലങ്കൃതവുമായിത്തീർന്ന പുരുഷോചിത ഗ്രാഹ്യം. ലത്തീൻ ഭാഷ പരിചിതം. ഗ്രീക്ക്, സുറിയാനി, ഈജിപ്ഷ്യൻ ഭാഷകളിൽ തുല്യ പാണ്ഡിത്യം.” ഇവയായിരുന്നു സെനോബിയയിൽ—സിറിയൻ നഗരമായ പാൽമൈറയിലെ വില്ലാളിവീരയായ രാജ്ഞിയിൽ—ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബൺ ചൊരിഞ്ഞ പ്രശംസാ വചസ്സുകൾ.
പാൽമൈറയിലെ പ്രഭുവായ ഓഡിനേത്തസ് ആയിരുന്നു സെനോബിയയുടെ ഭർത്താവ്. റോമാ സാമ്രാജ്യത്തിനു വേണ്ടി പേർഷ്യക്ക് എതിരെ വിജയകരമായി യുദ്ധം നയിച്ചതിന് പൊ.യു. 258-ൽ അദ്ദേഹത്തിനു റോമൻ പ്രവിശ്യാ ഭരണാധികാരി എന്ന സ്ഥാനം നൽകപ്പെട്ടു. രണ്ടു വർഷം കഴിഞ്ഞ്, ഓഡിനേത്തസിന് റോമൻ ചക്രവർത്തിയായ ഗാലിയിനസിൽനിന്ന് കൊറെക്റ്റോർ റ്റോറ്റിയസ് ഒറിയെന്റിസ് (മുഴു പൂർവദേശത്തിന്റെയും ഗവർണർ) എന്ന പദവി ലഭിച്ചു. പേർഷ്യൻ രാജാവായ ഷപൂർ ഒന്നാമന്റെ മേലുള്ള വിജയത്തിന്റെ അംഗീകാരമായിട്ടായിരുന്നു അത്. കാലക്രമത്തിൽ ഓഡിനേത്തസ് “രാജാക്കന്മാരുടെ രാജാവ്” എന്ന പദവിനാമം സ്വയം സ്വീകരിച്ചു. സെനോബിയയുടെ ധൈര്യവും വിവേകവും ഓഡിനേത്തസിന്റെ വിജയങ്ങളിൽ ഒരു സുപ്രധാന പങ്കു വഹിച്ചെന്നു പറയാവുന്നതാണ്.
സെനോബിയ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ വാഞ്ഛിക്കുന്നു
വിജയത്തിന്റെ ഉന്നതിയിൽ എത്തിനിൽക്കെ, പൊ.യു. 267-ൽ ഓഡിനേത്തസും അദ്ദേഹത്തിന്റെ അനന്തരാവകാശിയും വധിക്കപ്പെട്ടു. തന്റെ മകൻ വളരെ ചെറുപ്പം ആയിരുന്നതിനാൽ സെനോബിയ ഭർത്താവിന്റെ സ്ഥാനം ഏറ്റെടുത്തു. സുന്ദരിയും ഉത്കർഷേച്ഛുവും പ്രാപ്തിയുള്ള ഭരണാധിപയും ഭർത്താവിനോടൊപ്പം യുദ്ധത്തിൽ ഏർപ്പെട്ട പരിചയസമ്പത്ത് ഉള്ളവളും പല ഭാഷകൾ ഒഴുക്കോടെ സംസാരിക്കുന്നവളും ആയിരുന്ന സെനോബിയയ്ക്ക് തന്റെ പ്രജകളുടെ ആദരവും പിന്തുണയും നേടിയെടുക്കാൻ കഴിഞ്ഞു. വിദ്യാസ്നേഹി ആയിരുന്ന സെനോബിയ ബുദ്ധിജീവികളെ തനിക്കു ചുറ്റും നിർത്തി. തത്ത്വചിന്തകനും വാഗ്മിയും ആയിരുന്ന കാസ്സിയസ് ലോങ്ങിനസ് ആയിരുന്നു അവരുടെ ഉപദേശകരിൽ ഒരാൾ. അദ്ദേഹം “ജീവിക്കുന്ന ഗ്രന്ഥശാലയും നടക്കുന്ന മ്യൂസിയവും” ആണെന്നു പറയപ്പെട്ടിരുന്നു. പാൽമൈറയും അതിന്റെ സാമ്രാജ്യവും—റോമിന് എതിരെയുള്ള സെനോബിയയുടെ വിപ്ലവം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഗ്രന്ഥകാരനായ റിച്ചാർഡ് സ്റ്റോൺമാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഓഡിനേത്തസിന്റെ മരണ ശേഷമുള്ള അഞ്ചു വർഷംകൊണ്ട് . . . സെനോബിയ ജനങ്ങളുടെ മനസ്സിൽ കിഴക്കിന്റെ രാജ്ഞി എന്ന സ്ഥാനം കയ്യടക്കിയിരുന്നു.”
സെനോബിയയുടെ സാമ്രാജ്യത്തിന്റെ ഒരു വശത്ത്, അവരും ഭർത്താവും കൂടി ദുർബലീകരിച്ച പേർഷ്യയും മറുവശത്ത് തകർന്നുകൊണ്ടിരുന്ന റോമും ആണ് ഉണ്ടായിരുന്നത്. ആ കാലത്തെ റോമാ സാമ്രാജ്യത്തിലെ അവസ്ഥകളെ കുറിച്ച് ചരിത്രകാരനായ ജെ. എം. റോബെർട്ട്സ് പറയുന്നു: “റോമാ സാമ്രാജ്യത്തിന്റെ പൂർവ-പശ്ചിമ അതിർത്തികളിൽ, മൂന്നാം നൂറ്റാണ്ട് . . . പ്രശ്നപൂരിതമായ ഒരു കാലഘട്ടം ആയിരുന്നു. അതേസമയം റോമിലാകട്ടെ, ആഭ്യന്തര യുദ്ധത്തിന്റെയും പിന്തുടർച്ചാ തർക്കത്തിന്റെയും ഒരു പുതിയ കാലഘട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരുപത്തിരണ്ട് ചക്രവർത്തിമാർ (ചക്രവർത്തിമാരായി സ്വയം അവകാശപ്പെട്ടിരുന്നവരെ കൂടാതെ) വരികയും പോകുകയും ചെയ്തു.” അതേസമയം സിറിയൻ രാജ്ഞി തന്റെ രാജ്യത്ത് സമ്പൂർണ അധികാരമുള്ള ചക്രവർത്തിനിയായി ചിരപ്രതിഷ്ഠ നേടിയിരുന്നു. “രണ്ടു സാമ്രാജ്യങ്ങളെ [പേർഷ്യയെയും റോമിനെയും] സമനിലയിൽ നിർത്തിക്കൊണ്ട് അവ രണ്ടിന്റെയുംമേൽ ആധിപത്യം പുലർത്തുന്ന ഒരു മൂന്നാം സാമ്രാജ്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ [സെനോബിയയ്ക്കു] കഴിയുമായിരുന്നു” എന്ന് സ്റ്റോൺമാൻ അഭിപ്രായപ്പെടുന്നു.
പൊ.യു. 269-ൽ, റോമൻ ഭരണാധിപത്യത്തിന് എതിരെ മത്സരിച്ചുകൊണ്ട് ഈജിപ്തിൽ ഒരുവൻ രംഗപ്രവേശം ചെയ്തപ്പോൾ തന്റെ രാജകീയ അധികാരങ്ങൾ വർധിപ്പിക്കാനുള്ള ഒരു അവസരം സെനോബിയയ്ക്കു വീണുകിട്ടി. സത്വരം ഈജിപ്തിലേക്കു നീങ്ങിയ സെനോബിയയുടെ സൈന്യം മത്സരിയെ തകർത്തു രാജ്യം കൈവശപ്പെടുത്തി. ഈജിപ്തിന്റെ രാജ്ഞിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് അവർ തന്റെ പേരിൽ നാണയങ്ങൾ ഉണ്ടാക്കി. അന്ന് അവരുടെ രാജ്യം നൈൽ നദിമുതൽ യൂഫ്രട്ടീസ് നദിവരെ നീണ്ടുകിടന്നിരുന്നു. തന്റെ ജീവിതത്തിലെ ഈ ഘട്ടത്തിലായിരുന്നു സെനോബിയ ‘തെക്കേദേശത്തെ രാജാവ്’ എന്ന സ്ഥാനം കൈവരിച്ചത്.—ദാനീയേൽ 11:25, 26.
സെനോബിയയുടെ തലസ്ഥാന നഗരം
റോമൻ ലോകത്തെ വൻ നഗരങ്ങളോടു കിടപിടിക്കത്തക്കവണ്ണം സെനോബിയ തന്റെ തലസ്ഥാനമായ പാൽമൈറയെ ശക്തിപ്പെടുത്തുകയും അലങ്കരിക്കുകയും ചെയ്തു. കണക്കനുസരിച്ച്, അതിലെ ജനസംഖ്യ 1,50,000-ത്തിൽ അധികം ആയിരുന്നു. പ്രൗഢമായ പൊതു മന്ദിരങ്ങൾ, ക്ഷേത്രങ്ങൾ, ഉദ്യാനങ്ങൾ, സ്തംഭങ്ങൾ, സ്മാരകങ്ങൾ എന്നിവയാൽ നിറഞ്ഞതായിരുന്നു ആ നഗരം. നഗരത്തിന്റെ ചുറ്റുമതിലിന് 21 കിലോമീറ്റർ നീളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രധാനവീഥിയിൽ 15 മീറ്ററിലധികം ഉയരമുള്ള 1,500-ഓളം കൊരിന്ത്യൻ സ്തംഭങ്ങളുടെ ഒരു കൊളോണേഡ്—സമദൂരത്തിൽ സ്ഥാപിച്ചിരുന്ന സ്തംഭങ്ങൾ—ഉണ്ടായിരുന്നു. വീരന്മാരുടെയും സമ്പന്നരായ ഗുണകർത്താക്കളുടെയും പൂർണ-അർധകായ പ്രതിമകളും നഗരത്തിൽ നിറഞ്ഞിരുന്നു. പൊ.യു. 271-ൽ സെനോബിയ തന്റെയും മരിച്ചുപോയ ഭർത്താവിന്റെയും പ്രതിമകൾ ഉണ്ടാക്കി.
പാൽമൈറയിലെ ഏറ്റവും നല്ല കെട്ടിടങ്ങളിൽ ഒന്നായിരുന്നു സൂര്യക്ഷേത്രം. നഗരത്തിലെ മത മണ്ഡലത്തിൽ അത് ആധിപത്യം പുലർത്തിയിരുന്നു എന്നതിനു സംശയമില്ല. സാധ്യതയനുസരിച്ച്, സെനോബിയ സൂര്യദേവനോടു ബന്ധപ്പെട്ട ഒരു ദേവനെയോ ദേവിയെയോ ആരാധിച്ചിരുന്നു. എന്നാൽ മൂന്നാം നൂറ്റാണ്ടിലെ സിറിയ അനേകം മതങ്ങളുള്ള ഒരു രാജ്യമായിരുന്നു. സെനോബിയയുടെ രാജ്യത്ത് ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ടിരുന്നവരും യഹൂദന്മാരും സൂര്യ-ചന്ദ്ര ആരാധകരും ഉണ്ടായിരുന്നു. ഈ നാനാവിധ ആരാധനാ രീതികളോടുള്ള സെനോബിയയുടെ മനോഭാവം എന്തായിരുന്നു? ഗ്രന്ഥകർത്താവായ സ്റ്റോൺമാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ജ്ഞാനിയായ ഒരു ഭരണാധികാരി തന്റെ ജനതയ്ക്ക് അഭികാമ്യമായി തോന്നുന്ന യാതൊരു ആചാരാനുഷ്ഠാനങ്ങളെയും അവഗണിക്കില്ല. . . . ദേവന്മാർ . . . പാൽമൈറയുടെ പക്ഷത്ത് അണിനിരന്നിരുന്നതായി കരുതപ്പെട്ടിരുന്നു.” സെനോബിയയ്ക്കു മതസഹിഷ്ണുത ഉണ്ടായിരുന്നെന്നു വ്യക്തമാണ്.
തന്റെ വശ്യമായ വ്യക്തിത്വത്താൽ സെനോബിയ അനേകരുടെ പ്രശംസ പിടിച്ചുപറ്റി. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി, ദാനീയേൽ പ്രവചനത്തിൽ മുൻകൂട്ടി പറയപ്പെട്ട ഒരു രാഷ്ട്രീയ ഘടകത്തെ അവർ പ്രതിനിധാനം ചെയ്തു എന്നതാണ്. എന്നിരുന്നാലും, അവരുടെ ഭരണം അഞ്ചു വർഷത്തിലേറെ നീണ്ടുനിന്നില്ല. പൊ.യു. 272-ൽ റോമൻ ചക്രവർത്തിയായ ഔറേലിയൻ സെനോബിയയെ പരാജയപ്പെടുത്തുകയും തുടർന്നു പാൽമൈറയെ പുനരുദ്ധരിക്കാനാകാത്ത വിധം കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു. എന്നാൽ സെനോബിയയ്ക്കു കരുണ ലഭിച്ചു. അവർ ഒരു റോമൻ സെനറ്ററെ വിവാഹം കഴിച്ച്, തുടർന്നുള്ള കാലം റോമിൽ ഒരു സ്വസ്ഥ ജീവിതം നയിച്ചെന്നു കരുതപ്പെടുന്നു.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• സെനോബിയയുടെ വ്യക്തിത്വം എങ്ങനെ വർണിക്കപ്പെട്ടിരിക്കുന്നു?
• സെനോബിയയുടെ ചില വീരകൃത്യങ്ങൾ ഏവ?
• മതത്തോടുള്ള സെനോബിയയുടെ മനോഭാവം എന്തായിരുന്നു?
[ചിത്രം]
സെനോബിയ രാജ്ഞി തന്റെ സൈനികരെ അഭിസംബോധന ചെയ്യുന്നു
[246-ാം പേജിലെ ചാർട്ട്/ചിത്രങ്ങൾ]
ദാനീയേൽ 11:20-26-ലെ രാജാക്കന്മാർ
വടക്കേദേശത്തെ തെക്കേദേശത്തെ
രാജാവ് രാജാവ്
ദാനീയേൽ 11:20 അഗസ്റ്റസ്
ദാനീയേൽ 11:21-24 തീബെര്യൊസ്
ദാനീയേൽ 11:25, 26 ഔറേലിയൻ സെനോബിയ രാജ്ഞി
റോമാ സാമ്രാജ്യത്തിന്റെ ജർമാനിക് സാമ്രാജ്യം ബ്രിട്ടൻ, തുടർന്ന് മുൻകൂട്ടി
പറയപ്പെട്ട ആംഗ്ലോ-അമേരിക്കൻ
തകർച്ചയുടെ ഫലമായി ലോകശക്തി രൂപംകൊള്ളുന്ന സാമ്രാജ്യങ്ങൾ
[ചിത്രം]
തീബെര്യൊസ്
[ചിത്രം]
ഔറേലിയൻ
[ചിത്രം]
ചാൾമെയ്ന്റെ ഒരു ചെറിയ പ്രതിമ
[ചിത്രം]
അഗസ്റ്റസ്
[ചിത്രം]
17-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് യുദ്ധക്കപ്പൽ
[230-ാം പേജ് നിറയെയുള്ള ചിത്രം]
[233-ാം പേജിലെ ചിത്രം]
അഗസ്റ്റസ്
[234-ാം പേജിലെ ചിത്രം]
തീബെര്യൊസ്
[235-ാം പേജിലെ ചിത്രം]
അഗസ്റ്റസിന്റെ കൽപ്പന നിമിത്തം യോസേഫും മറിയയും ബേത്ത്ലേഹെമിലേക്കു യാത്രചെയ്തു
[237-ാം പേജിലെ ചിത്രം]
മുൻകൂട്ടി പറയപ്പെട്ടതു പോലെ യേശു മരണത്താൽ ‘തകർക്കപ്പെട്ടു’
[245-ാം പേജിലെ ചിത്രങ്ങൾ]
1. ചാൾമെയ്ൻ 2. നെപ്പോളിയൻ ഒന്നാമൻ 3. വിൽഹെം ഒന്നാമൻ 4. ജർമൻ സൈനികർ, ഒന്നാം ലോകമഹായുദ്ധം
-