-
യഹോവ: ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ’വീക്ഷാഗോപുരം—2012 | ജൂൺ 15
-
-
യഹോവ: ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ’
“നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം.”—ദാനീ. 2:47.
ഉത്തരം പറയാമോ?
ഭാവിയെക്കുറിച്ച് എന്തെല്ലാം വിശദാംശങ്ങൾ യഹോവ നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നു?
കാട്ടുമൃഗത്തിന്റെ ആദ്യത്തെ ആറുതലകൾ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?
കാട്ടുമൃഗവും നെബൂഖദ്‌നേസർ കണ്ട ബിംബവും തമ്മിൽ എന്തു ബന്ധമുണ്ട്?
1, 2. യഹോവ നമുക്ക് എന്തു വെളിപ്പെടുത്തിയിരിക്കുന്നു, എന്തുകൊണ്ട്?
ദൈവരാജ്യം മാനുഷഭരണത്തിന് അന്ത്യംകുറിക്കുമ്പോൾ ഏതു ഗവണ്മെന്റുകളായിരിക്കും ഭൂമിയിൽ ആധിപത്യം നടത്തുന്നത്? അതിന്റെ ഉത്തരം നമുക്ക് അറിയാം; ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനായ’ യഹോവയാംദൈവം ദാനിയേൽപ്രവാചകന്റെയും യോഹന്നാൻ അപ്പൊസ്‌തലന്റെയും രേഖകളിലൂടെ നമുക്ക് അത് വെളിപ്പെടുത്തിയിരിക്കുന്നു.
2 ഒന്നിനു പുറകെ ഒന്നായി വരുന്ന മൃഗങ്ങളെക്കുറിച്ചുള്ള പല ദർശനങ്ങൾ യഹോവ ആ പുരുഷന്മാരെ കാണിക്കുകയുണ്ടായി. കൂടാതെ, ഒരു പടുകൂറ്റൻ ലോഹപ്രതിമയെക്കുറിച്ചുള്ള സ്വപ്‌നത്തിന്റെ പൊരുളും ദൈവം ദാനിയേലിനു വെളിപ്പെടുത്തിക്കൊടുത്തു. നമ്മുടെ പ്രയോജനത്തിനായി ആ വിവരണങ്ങൾ ബൈബിളിൽ രേഖപ്പെടുത്തി സൂക്ഷിക്കാൻ വേണ്ട ക്രമീകരണവും യഹോവ ചെയ്‌തു. (റോമ. 15:4) ദൈവരാജ്യം വൈകാതെ എല്ലാ മാനുഷഗവണ്മെന്റുകളെയും തകർത്തു നശിപ്പിക്കുമെന്നുള്ള നമ്മുടെ പ്രത്യാശ കരുത്തുറ്റതാക്കാനാണ് അവൻ അതു ചെയ്‌തത്.—ദാനീ. 2:44.
3. തിരുവെഴുത്തുപ്രവചനങ്ങൾ കൃത്യമായി മനസ്സിലാകണമെങ്കിൽ നാം ആദ്യം എന്ത് ഗ്രഹിക്കേണ്ടതുണ്ട്, എന്തുകൊണ്ട്?
3 ദാനിയേലിന്റെയും യോഹന്നാന്റെയും വിവരണങ്ങൾ ചേർത്തു വായിച്ചാൽ, എട്ട് രാജാക്കന്മാർ അഥവാ മാനുഷഭരണാധിപത്യങ്ങൾ ഏവയാണെന്നും അവ അധികാരം പ്രാപിക്കുന്നത് ഏതു ക്രമത്തിലാണെന്നും തിരിച്ചറിയാൻ കഴിയും. എന്നാൽ ആ പ്രവചനങ്ങളുടെ അർഥം കൃത്യമായി മനസ്സിലാകണമെങ്കിൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യപ്രവചനത്തിന്റെ അർഥം നാം ഗ്രഹിക്കേണ്ടതുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ബൈബിളിനെ ഏകീകരിക്കുന്ന അതിന്റെ കേന്ദ്രവിഷയത്തിന് ആധാരം ആ പ്രവചനമാണ്. ഒരു തരത്തിൽ പറഞ്ഞാൽ, മറ്റെല്ലാ പ്രവചനങ്ങളെയും കോർത്തിണക്കുന്ന ചരടാണ് അത്.
സർപ്പത്തിന്റെ സന്തതിയും കാട്ടുമൃഗവും
4. ആരൊക്കെ ചേർന്നതാണ് സ്‌ത്രീയുടെ സന്തതി, ആ സന്തതി എന്തു ചെയ്യും?
4 “സ്‌ത്രീ” ഒരു “സന്തതി”ക്കു ജന്മം നൽകുമെന്ന് ഏദെനിലെ മത്സരത്തിനു തൊട്ടുപിന്നാലെ യഹോവ വാഗ്‌ദാനം ചെയ്‌തു.a (ഉല്‌പത്തി 3:15 വായിക്കുക.) ആ സന്തതി കാലാന്തരത്തിൽ സാത്താൻ എന്ന സർപ്പത്തിന്റെ തല തകർക്കും. പ്രസ്‌തുത സന്തതി അബ്രാഹാമിലൂടെ വരുമെന്നും ഇസ്രായേൽജനത്തിന്റെ ഭാഗമായിരിക്കുമെന്നും യെഹൂദാഗോത്രത്തിൽനിന്ന് ഉത്ഭവിക്കുമെന്നും ദാവീദുരാജാവിന്റെ വംശപരമ്പരയിൽപ്പെട്ടവനായിരിക്കുമെന്നും യഹോവ പിന്നീട് വെളിപ്പെടുത്തി. (ഉല്‌പ. 22:15-18; 49:10; സങ്കീ. 89:3, 4; ലൂക്കോ. 1:30-33) സന്തതിയുടെ മുഖ്യഭാഗം ക്രിസ്‌തുയേശുവാണെന്ന് കാലാന്തരത്തിൽ വ്യക്തമായി. (ഗലാ. 3:16) ക്രിസ്‌തീയ സഭയിലെ ആത്മാഭിഷിക്ത അംഗങ്ങൾ അടങ്ങുന്നതാണ് സന്തതിയുടെ ഉപഭാഗം. (ഗലാ. 3:26-29) യേശുവും ഈ അഭിഷിക്ത അംഗങ്ങളും ചേർന്ന് രൂപംകൊള്ളുന്ന ദൈവരാജ്യത്തെയാണ് സാത്താനെ തകർക്കാൻ യഹോവ ഉപയോഗിക്കുന്നത്.—ലൂക്കോ. 12:32; റോമ. 16:20.
5, 6. (എ) ദാനിയേലും യോഹന്നാനും എത്ര വൻശക്തികളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്? (ബി) വെളിപാടുപുസ്‌തകത്തിലെ കാട്ടുമൃഗത്തിന്റെ തലകൾ എന്തിനെ കുറിക്കുന്നു?
5 ഏദെനിൽ ദൈവം ഉച്ചരിച്ച ആദ്യപ്രവചനത്തിൽ സാത്താന്റെ “സന്തതി”യെക്കുറിച്ചും പറയുന്നുണ്ട്. അവന്റെ സന്തതി സ്‌ത്രീയുടെ സന്തതിയോടു ശത്രുത അഥവാ വിദ്വേഷം കാണിക്കുമായിരുന്നു. ആരാണ് സാത്താന്റെ ഈ സന്തതി? സാത്താനെപ്പോലെ ദൈവത്തെ ദ്വേഷിക്കുകയും ദൈവജനത്തെ എതിർക്കുകയും ചെയ്യുന്ന എല്ലാവരും അതിന്റെ ഭാഗമാണ്. ചരിത്രത്തിലുടനീളം സാത്താൻ തന്റെ സന്തതിയെ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ആയി സംഘടിപ്പിച്ചിട്ടുണ്ട്. (ലൂക്കോ. 4:5, 6) എന്നാൽ, ചുരുക്കം ചില മാനുഷഭരണകൂടങ്ങൾ മാത്രമേ ദൈവജനത്തിന്റെമേൽ—ഇസ്രായേൽജനതയുടെയോ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയുടെയോ മേൽ—ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ളൂ. ദാനിയേലിന്റെയും യോഹന്നാന്റെയും ദർശനത്തിൽ എട്ട് വൻശക്തികളെക്കുറിച്ചു മാത്രം പരാമർശിക്കുന്നതിന്റെ കാരണം ഇതാണ്.
6 പുനരുത്ഥാനം പ്രാപിച്ച യേശു, ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിങ്കൽ യോഹന്നാൻ അപ്പൊസ്‌തലനെ അമ്പരപ്പിക്കുന്ന ഒരു ദർശനപരമ്പര കാണിച്ചു. (വെളി. 1:1) അവയിൽ ഒന്നിൽ, പിശാചിനെ പ്രതിനിധാനം ചെയ്യുന്ന ഒരു മഹാസർപ്പം ഒരു കടൽപ്പുറത്ത് നിൽക്കുന്നതായി യോഹന്നാൻ കണ്ടു. (വെളിപാട് 13:1, 2 വായിക്കുക.) വിചിത്രരൂപിയായ ഒരു കാട്ടുമൃഗം കടലിൽനിന്ന് കയറിവരുന്നത് വെളിപാട് 13:1-ൽ അവൻ ദർശിച്ചു. അത് പിശാചിൽനിന്ന് വലിയ അധികാരം കൈപ്പറ്റുന്നതായും അവൻ കണ്ടു. ഈ കാട്ടുമൃഗത്തിന്റെ പ്രതിമയായ കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്റെ ഏഴുതല എന്തിനെയാണ് അർഥമാക്കുന്നത്? അത് “ഏഴ്” ‘രാജാക്കന്മാരെ’ അഥവാ ഭരണകൂടങ്ങളെയാണ് കുറിക്കുന്നതെന്ന് ഒരു ദൂതൻ പിന്നീട് യോഹന്നാനു വെളിപ്പെടുത്തി. (വെളി. 13:14, 15; 17:3, 9, 10) യോഹന്നാൻ ഇത് എഴുതുന്ന സമയത്ത് അതിൽ അഞ്ചുപേർ വീണുപോയിരുന്നു, ഒരുവൻ അധികാരത്തിലുണ്ടായിരുന്നു, മറ്റവൻ ‘വന്നിട്ടുണ്ടായിരുന്നില്ല.’ ആ ഭരണകൂടങ്ങൾ അഥവാ ലോകശക്തികൾ ഏതൊക്കെയായിരുന്നു? വെളിപാടുപുസ്‌തകത്തിൽ വർണിച്ചിരിക്കുന്ന കാട്ടുമൃഗത്തിന്റെ ഓരോ തലയും എന്തിനെ അർഥമാക്കുന്നുവെന്ന് നമുക്കു നോക്കാം. ഈ ഭരണകൂടങ്ങളിൽ പലതിനെയുംകുറിച്ച് ദാനിയേലിന്റെ രേഖകളിൽ കാണുന്ന വിശദാംശങ്ങളും നാം പരിശോധിക്കും; അവയിൽ പലതും അധികാരത്തിൽ വരുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പു രേഖപ്പെടുത്തിയതാണ് ആ വിവരങ്ങൾ.
ആദ്യത്തെ തലകൾ: ഈജിപ്‌തും അസീറിയയും
7. കാട്ടുമൃഗത്തിന്റെ ഒന്നാമത്തെ തല എന്തിനെ കുറിക്കുന്നു, എന്തുകൊണ്ട്?
7 കാട്ടുമൃഗത്തിന്റെ ഒന്നാമത്തെ തല കുറിക്കുന്നത് ഈജിപ്‌തിനെയാണ്. ദൈവജനത്തോടു ശത്രുത കാണിച്ച ആദ്യത്തെ പ്രമുഖശക്തി ഈജിപ്‌തായിരുന്നു എന്നതുതന്നെ കാരണം. വാഗ്‌ദാനം ചെയ്‌തിരുന്ന സന്തതി വരാനിരുന്നത് അബ്രാഹാമിലൂടെയാണ്. ഈജിപ്‌തിൽവെച്ച്, അവന്റെ പിൻതലമുറക്കാരായ ഇസ്രായേല്യർ എണ്ണത്തിൽ പെരുകി. അതോടെ ഈജിപ്‌തുകാർ ഇസ്രായേല്യരെ അടിച്ചമർത്താൻ തുടങ്ങി. സന്തതിയുടെ ആഗമനത്തിനു മുമ്പുതന്നെ ദൈവജനത്തെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ, ഇസ്രായേല്യർക്കു ജനിക്കുന്ന സകല ആൺകുഞ്ഞുങ്ങളെയും വധിക്കാൻ സാത്താൻ ഫറവോനെ പ്രേരിപ്പിച്ചു. എന്നാൽ, യഹോവ ആ ശ്രമത്തെ വിഫലമാക്കി; തന്റെ ജനത്തെ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന് വിടുവിക്കുകയും ചെയ്‌തു. (പുറ. 1:15-20; 14:13) പിന്നീട്, അവൻ അവരെ വാഗ്‌ദത്ത ദേശത്ത് പാർപ്പിച്ചു.
8. കാട്ടുമൃഗത്തിന്റെ രണ്ടാമത്തെ തല ഏതാണ്, അത് എന്തിനു മുതിർന്നു?
8 കാട്ടുമൃഗത്തിന്റെ രണ്ടാമത്തെ തല അസീറിയയാണ്. ഈ സാമ്രാജ്യവും യഹോവയുടെ ജനത്തെ നാമാവശേഷമാക്കാൻ ഒരു ശ്രമം നടത്തി. വിഗ്രഹാരാധനയും മത്സരവും നിമിത്തം പത്തുഗോത്രരാജ്യത്തെ ശിക്ഷിക്കാൻ അസീറിയയെ യഹോവ ഉപയോഗിച്ചു എന്നതു ശരിതന്നെ. എന്നാൽ, അസീറിയ പിന്നീട് യെരുശലേം ആക്രമിച്ചു. യേശു ജനിക്കേണ്ടിയിരുന്ന രാജപരമ്പരയെ ഇല്ലാതാക്കുക എന്നതായിരുന്നിരിക്കാം അതിനു പിന്നിലെ സാത്താന്റെ ലക്ഷ്യം. ആ ആക്രമണം തന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമല്ലാഞ്ഞതിനാൽ യഹോവ ആ സൈന്യത്തെ നശിപ്പിക്കുകയും തന്റെ വിശ്വസ്‌തജനത്തെ അത്ഭുതകരമായി രക്ഷിക്കുകയും ചെയ്‌തു.—2 രാജാ. 19:32-35; യെശ. 10:5, 6, 12-15.
മൂന്നാമത്തെ തല: ബാബിലോൺ
9, 10. (എ) എന്തു ചെയ്യാൻ യഹോവ ബാബിലോണിയരെ അനുവദിച്ചു? (ബി) പ്രവചനം നിവൃത്തിയേറണമെങ്കിൽ എന്തു സംഭവിക്കേണ്ടിയിരുന്നു?
9 യോഹന്നാൻ കണ്ട കാട്ടുമൃഗത്തിന്റെ മൂന്നാമത്തെ തല ബാബിലോൺ തലസ്ഥാനമായ സാമ്രാജ്യമാണ്. യെരുശലേമിനെ പിടിച്ചടക്കി തന്റെ ജനത്തെ അടിമകളായി കൊണ്ടുപോകാൻ യഹോവ ബാബിലോണിയരെ അനുവദിച്ചു. എന്നാൽ അതിനു മുമ്പ്, മത്സരികളായ ഇസ്രായേല്യർക്ക് ആ ദുരന്തത്തെക്കുറിച്ച് യഹോവ മുന്നറിയിപ്പ് നൽകിയിരുന്നു. (2 രാജാ. 20:16-18) യെരുശലേമിൽ “യഹോവയുടെ സിംഹാസനത്തിൽ” ഇരുന്ന് ഭരണം നടത്തുന്നവരായി കണക്കാക്കപ്പെട്ട രാജപരമ്പരയുടെ അധികാരം എടുത്തുകളയുമെന്ന് അവൻ മുൻകൂട്ടിപ്പറഞ്ഞു. (1 ദിന. 29:23) എന്നാൽ, ദാവീദുരാജാവിന്റെ പിൻഗാമിയും “അവകാശമുള്ള”വനും ആയ ഒരുവൻ വന്ന് അധികാരം വീണ്ടെടുക്കുമെന്നും യഹോവ വാഗ്‌ദാനം ചെയ്‌തു.—യെഹെ. 21:25-27.
10 ഈ വാഗ്‌ദത്ത മിശിഹാ അഥവാ അഭിഷിക്തൻ വരുമ്പോൾ യഹൂദന്മാർ യെരുശലേമിലെ ആലയത്തിൽ ആരാധിക്കുന്നുണ്ടാകുമെന്ന് മറ്റൊരു പ്രവചനം സൂചിപ്പിച്ചു. (ദാനീ. 9:24-27) ഇസ്രായേല്യരെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുപോകുന്നതിനു മുമ്പു രേഖപ്പെടുത്തിയ ഒരു പ്രവചനം ഈ വ്യക്തി ബേത്ത്‌ലെഹെമിൽ ജനിക്കുമെന്ന് പറഞ്ഞിരുന്നു. (മീഖാ 5:2) ആ പ്രവചനങ്ങൾ നിവൃത്തിയേറണമെങ്കിൽ യഹൂദന്മാർ അടിമത്തത്തിൽനിന്ന് വിടുതൽ പ്രാപിച്ച് സ്വദേശത്ത് എത്തുകയും ആലയം പുനർനിർമിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ, അടിമകളെ മോചിപ്പിക്കുന്ന പതിവ് ബാബിലോണിയർക്കുണ്ടായിരുന്നില്ല. ഈ ഒരവസ്ഥയിൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടുനീങ്ങും? ഉത്തരം യഹോവ തന്റെ പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തി.—ആമോ. 3:7.
11. ബാബിലോണിയൻ സാമ്രാജ്യത്തെ ഏതെല്ലാം വിധങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു? (രണ്ടാമത്തെ അടിക്കുറിപ്പ് കാണുക.)
11 ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയ അടിമകളുടെ കൂട്ടത്തിൽ ദാനിയേൽപ്രവാചകനും ഉണ്ടായിരുന്നു. (ദാനീ. 1:1-6) ആ ലോകശക്തിക്കു ശേഷം വരുന്ന ഭരണകൂടങ്ങളെക്കുറിച്ച് യഹോവ ദാനിയേലിലൂടെ വെളിപ്പെടുത്തി. ആ രഹസ്യങ്ങൾ വെളിപ്പെടുത്താൻ യഹോവ വ്യത്യസ്‌ത സൂചകങ്ങൾ ഉപയോഗിച്ചു. അതിൽ ഒന്നാണ്, യഹോവ ബാബിലോണിയൻ രാജാവായ നെബൂഖദ്‌നേസറിന് സ്വപ്‌നത്തിൽ കാണിച്ചുകൊടുത്ത വ്യത്യസ്‌ത ലോഹങ്ങളാൽ നിർമിതമായ പടുകൂറ്റൻ ബിംബം. [ദാനീയേൽ 2:1, 19, (31-34, പി.ഒ.സി. ബൈബിൾ)b, 35-38 വായിക്കുക.] ആ ബിംബത്തിന്റെ സ്വർണംകൊണ്ടുള്ള തല ബാബിലോണിയൻ സാമ്രാജ്യത്തിന്റെ പ്രതീകമാണെന്ന് യഹോവ ദാനിയേൽ മുഖാന്തരം വെളിപ്പെടുത്തി.c അതിന്റെ വെള്ളികൊണ്ടുള്ള നെഞ്ചും കൈകളും ബാബിലോണിനു ശേഷമുള്ള ലോകശക്തിയെ സൂചിപ്പിച്ചു. ആ ലോകശക്തി ഏതായിരുന്നു, അത് ദൈവജനത്തോട് എങ്ങനെ പെരുമാറി?
നാലാമത്തെ തല: മേദോ-പേർഷ്യ
12, 13. (എ) ബാബിലോണിന്റെ പതനത്തെക്കുറിച്ച് യഹോവ എന്തു വെളിപ്പെടുത്തിയിരുന്നു? (ബി) മേദോ-പേർഷ്യയെ കാട്ടുമൃഗത്തിന്റെ നാലാമത്തെ തലയായി ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ട്?
12 ദാനിയേലിന്റെ കാലത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പുതന്നെ, ബാബിലോണിനെ കീഴടക്കുമായിരുന്ന ലോകശക്തിയെക്കുറിച്ച് യെശയ്യാപ്രവാചകനിലൂടെ യഹോവ വെളിപ്പെടുത്തിയിരുന്നു. ആ നഗരത്തെ പിടിച്ചടക്കുന്നത് എങ്ങനെയായിരിക്കുമെന്നു മാത്രമല്ല പട നയിക്കുന്നത് ആരായിരിക്കുമെന്നും യഹോവ മുൻകൂട്ടി അറിയിച്ചു. പേർഷ്യക്കാരനായ കോരെശ് ആയിരുന്നു ആ പടനായകൻ. (യെശ. 44:28–45:2) മേദോ-പേർഷ്യൻ ലോകശക്തിയെക്കുറിച്ച് ദാനിയേലിന് രണ്ടുദർശനങ്ങൾ ലഭിക്കുകയുണ്ടായി. അതിൽ ഒന്നിൽ, ഒരു പാർശ്വമുയർത്തി നിൽക്കുന്ന കരടിയോടു സാദൃശ്യമുള്ള ഒരു മൃഗമായി ഈ ഭരണകൂടത്തെ ചിത്രീകരിച്ചിരിക്കുന്നു. “മാംസം ധാരാളം തിന്നുക” എന്ന് അതിനോടു പറയുകയുണ്ടായി. (ദാനീ. 7:5) മറ്റൊരു ദർശനത്തിൽ, ഈ ദ്വിലോകശക്തിയെ പ്രതിനിധാനം ചെയ്യുന്ന രണ്ടുകൊമ്പുള്ള ഒരു ആട്ടുകൊറ്റനെ ദാനിയേൽ കണ്ടു.—ദാനീ. 8:3, 20.
13 ബാബിലോണിനെ മറിച്ചിടുകയും ഇസ്രായേല്യരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രവചനം നിവർത്തിക്കാൻ യഹോവ മേദോ-പേർഷ്യൻ സാമ്രാജ്യത്തെ ഉപയോഗിച്ചു. (2 ദിന. 36:22, 23) എന്നാൽ, പിൽക്കാലത്ത് ഈ ലോകശക്തിതന്നെ ദൈവജനത്തെ തുടച്ചുനീക്കുമെന്ന അവസ്ഥയിലെത്തി. പേർഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന ഹാമാൻ നടത്തിയ ഒരു ഗൂഢാലോചനയെക്കുറിച്ച് ബൈബിൾപുസ്‌തകമായ എസ്ഥേർ വിവരിക്കുന്നുണ്ട്. വിശാലമായ പേർഷ്യൻ സാമ്രാജ്യത്തിലെമ്പാടും വസിച്ചിരുന്ന യഹൂദന്മാരെ വധിക്കാൻ ഏർപ്പാടാക്കിയ അവൻ ആ കൂട്ടക്കുരുതിക്ക് ഒരു തീയതിയും കുറിച്ചു. യഹോവ ഇടപെട്ടതുകൊണ്ടു മാത്രമാണ് ദൈവജനം സാത്താന്റെ സന്തതിയുടെ ഉഗ്രവിദ്വേഷത്തിൽനിന്ന് ഇപ്രാവശ്യവും രക്ഷപ്പെട്ടത്. (എസ്ഥേ. 1:1-3; 3:8, 9; 8:3, 9-14) വെളിപാടുപുസ്‌തകത്തിലെ കാട്ടുമൃഗത്തിന്റെ നാലാമത്തെ തലയായി മേദോ-പേർഷ്യയെ ചിത്രീകരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.
അഞ്ചാമത്തെ തല: ഗ്രീസ്
14, 15. പുരാതന ഗ്രീക്ക് സാമ്രാജ്യത്തെക്കുറിച്ചുള്ള എന്തെല്ലാം വിശദാംശങ്ങൾ യഹോവ വെളിപ്പെടുത്തി?
14 വെളിപാടുപുസ്‌തകത്തിലെ കാട്ടുമൃഗത്തിന്റെ അഞ്ചാമത്തെ തല ചിത്രീകരിക്കുന്നത് ഗ്രീസിനെയാണ്. നെബൂഖദ്‌നേസറിന്റെ സ്വപ്‌നം വ്യാഖ്യാനിച്ചപ്പോൾ, അദ്ദേഹം കണ്ട ബിംബത്തിന്റെ താമ്രംകൊണ്ടുള്ള അഥവാ ഓടുകൊണ്ടുള്ള “വയറും തുടകളും” ഇതേ ലോകശക്തിയെ കുറിക്കുന്നതായി ദാനിയേൽ വെളിപ്പെടുത്തിയിരുന്നു. ഈ സാമ്രാജ്യത്തിന്റെ സ്വഭാവത്തെയും അതിന്റെ പ്രമുഖഭരണാധികാരിയെയും കുറിച്ചുള്ള ശ്രദ്ധേയമായ വിവരങ്ങൾ നൽകുന്ന രണ്ടുദർശനങ്ങൾ ദാനിയേലും കാണുകയുണ്ടായി.
15 ഒരു ദർശനത്തിൽ, ഗ്രീസിനെ ചിത്രീകരിക്കുന്ന നാലുചിറകുള്ള പുള്ളിപ്പുലിയെ ദാനിയേൽ കണ്ടു. ആ സാമ്രാജ്യം അതിവേഗം രാജ്യങ്ങളെ വെട്ടിപ്പിടിക്കുമെന്നതിന്റെ സൂചനയായിരുന്നു അത്. (ദാനീ. 7:6) മറ്റൊരു ദർശനത്തിൽ, ഒരു വലിയ കൊമ്പുള്ള കോലാട്ടുകൊറ്റൻ രണ്ടുകൊമ്പുള്ള ആട്ടുകൊറ്റനെ, മേദോ-പേർഷ്യയെ, ക്ഷണനേരത്തിൽ കൊന്നുകളയുന്നതായി ദാനിയേൽ വർണിക്കുന്നു. ആ കോലാട്ടുകൊറ്റൻ ഗ്രീസാണെന്നും അതിന്റെ വലിയ കൊമ്പ് ആ സാമ്രാജ്യത്തിലെ ഒരു രാജാവാണെന്നും യഹോവ ദാനിയേലിനോടു പറഞ്ഞു. ആ വലിയ കൊമ്പ് തകരുമെന്നും തൽസ്ഥാനത്ത് നാല് ചെറിയ കൊമ്പുകൾ മുളച്ചുവരുമെന്നും ദാനിയേൽ പ്രവചിച്ചു. ഗ്രീസ് മേൽക്കോയ്‌മ നേടുന്നതിന് ഏതാണ്ട് രണ്ടുനൂറ്റാണ്ടു മുമ്പാണ് ഈ പ്രവചനം രേഖപ്പെടുത്തിയതെങ്കിലും അതിലെ സകല വിശദാംശങ്ങളും അതേപടി നിവൃത്തിയേറി. പുരാതന ഗ്രീസിലെ പ്രമുഖരാജാവായിരുന്ന മഹാനായ അലക്‌സാണ്ടർ മേദോ-പേർഷ്യക്കെതിരെ പട നയിച്ചു. എന്നാൽ ആ കൊമ്പ് വൈകാതെ തകർന്നു; കീർത്തിയുടെ കൊടുമുടിയിലായിരുന്ന പ്രതാപശാലിയായ ആ രാജാവ് മരണമടഞ്ഞപ്പോൾ വെറും 32 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കാലാന്തരത്തിൽ ആ രാജ്യം അദ്ദേഹത്തിന്റെ നാലുജനറൽമാർ പങ്കിട്ടെടുത്തു.—ദാനീയേൽ 8:20-22 വായിക്കുക.
16. ആന്റിയോക്കസ് നാലാമൻ എന്തു ചെയ്‌തു?
16 ഗ്രീസ് പേർഷ്യയെ കീഴടക്കിയതോടെ ദൈവജനം വസിച്ചിരുന്ന പ്രദേശവും ഗ്രീസിന്റെ അധികാരപരിധിയിലായി. അതിനകം യഹൂദന്മാർ വാഗ്‌ദത്ത ദേശത്ത് മടങ്ങിവരുകയും യെരുശലേമിൽ ആലയം പുനർനിർമിക്കുകയും ചെയ്‌തിരുന്നു. അവർ അപ്പോഴും ദൈവം തിരഞ്ഞെടുത്ത ജനമായിരുന്നു; പുനർനിർമിക്കപ്പെട്ട ആലയം സത്യാരാധനയുടെ കേന്ദ്രവും. ബി.സി. രണ്ടാം നൂറ്റാണ്ടിൽ, കാട്ടുമൃഗത്തിന്റെ അഞ്ചാമത്തെ തലയായ ഗ്രീസ് ദൈവജനത്തെ ആക്രമിച്ചു. അലക്‌സാണ്ടറിന്റെ വിഭജിച്ചുപോയ സാമ്രാജ്യത്തിന്റെ അനന്തരാവകാശികളിൽ ഒരാളായ ആന്റിയോക്കസ് നാലാമൻ യെരുശലേമിലെ ആലയത്തിൽ പുറജാതീയ യാഗപീഠം സ്ഥാപിക്കുകയും യഹൂദമതം ആചരിക്കുന്നത് മരണയോഗ്യമായ ഒരു കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്‌തു. സാത്താന്റെ സന്തതിയുടെ ഒരു ഭാഗം ദൈവജനത്തോടുള്ള തങ്ങളുടെ കടുത്ത വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു! എന്നാൽ, വൈകാതെ ഗ്രീസിന്റെ സ്ഥാനത്ത് മറ്റൊരു ലോകശക്തി രംഗത്തുവന്നു. കാട്ടുമൃഗത്തിന്റെ ഈ ആറാമത്തെ തല ഏതായിരുന്നു?
“ഘോരവും ഭയങ്കരവും” ആയ ആറാമത്തെ തല: റോം
17. ഉല്‌പത്തി 3:15-ന്റെ നിവൃത്തിയിൽ ആറാമത്തെ തല എന്തു നിർണായക പങ്കു വഹിച്ചു?
17 യോഹന്നാന് കാട്ടുമൃഗത്തെക്കുറിച്ചുള്ള ദർശനം ലഭിക്കുമ്പോൾ റോം ആയിരുന്നു ലോകശക്തി. (വെളി. 17:10) ഉല്‌പത്തി 3:15-ലെ പ്രവചനനിവൃത്തിയിൽ ഈ ആറാമത്തെ തല നിർണായക പങ്കു വഹിച്ചു. “കുതികാൽ” തകർത്തുകൊണ്ട് സന്തതിക്ക് താത്‌കാലിക ക്ഷതമേൽപ്പിക്കാൻ സാത്താൻ ഉപയോഗിച്ചത് റോമൻ അധികാരികളെയാണ്. അത് എങ്ങനെയാണ് സംഭവിച്ചത്? രാജ്യദ്രോഹക്കുറ്റം ആരോപിച്ച് യേശുവിനെ അവർ വിചാരണ ചെയ്യുകയും വധിക്കുകയും ചെയ്‌തു. (മത്താ. 27:26) എന്നാൽ, യഹോവ യേശുവിനെ ഉയിർപ്പിച്ചതിനാൽ ആ ക്ഷതം വേഗം ഭേദമായി.
18. (എ) യഹോവ ഏതു പുതിയ ജനതയെ തിരഞ്ഞെടുത്തു, എന്തുകൊണ്ട്? (ബി) സർപ്പത്തിന്റെ സന്തതി സ്‌ത്രീയുടെ സന്തതിയോടു ശത്രുത കാണിക്കുന്നതിൽ തുടർന്നത് എങ്ങനെ?
18 ഇസ്രായേലിലെ മതനേതാക്കന്മാർ റോമിനോടൊപ്പം ചേർന്ന് യേശുവിന് എതിരെ ഗൂഢാലോചന നടത്തി. ഭൂരിപക്ഷം ജനതയും അവനെ തിരസ്‌കരിച്ചു. അതുകൊണ്ട് യഹോവ സ്വാഭാവിക ഇസ്രായേലിനെ തന്റെ ജനമായി പിന്നീട് അംഗീകരിച്ചില്ല. (മത്താ. 23:38; പ്രവൃ. 2:22, 23) പകരം അവൻ പുതിയൊരു ജനതയെ, ‘ദൈവത്തിന്റെ ഇസ്രായേലിനെ’ തിരഞ്ഞെടുത്തു. (ഗലാ. 3:26-29; 6:16) യഹൂദന്മാരും വിജാതീയരും അടങ്ങിയ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയായിരുന്നു ആ ജനത. (എഫെ. 2:11-18) യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം സർപ്പത്തിന്റെ സന്തതി സ്‌ത്രീയുടെ സന്തതിയോടു ശത്രുത കാണിക്കുന്നത് നിറുത്തിയില്ല. സന്തതിയുടെ ഉപഭാഗമായ ക്രിസ്‌തീയ സഭയെ ഉന്മൂലനം ചെയ്യാൻ ഒന്നിലധികം തവണ റോം ശ്രമിച്ചു.d
19. (എ) ആറാമത്തെ ലോകശക്തിയെ ദാനിയേൽ വർണിക്കുന്നത് എങ്ങനെ? (ബി) അടുത്ത അധ്യയന ലേഖനം ഏതു ചോദ്യങ്ങൾക്ക് ഉത്തരം നൽകും?
19 ദാനിയേൽ വ്യാഖ്യാനിച്ച സ്വപ്‌നത്തിലെ ബിംബത്തിന്റെ “കാലുകൾ” ചിത്രീകരിക്കുന്നത് റോമിനെയാണ്. (ദാനീ. 2:33, പി.ഒ.സി.) റോമാസാമ്രാജ്യത്തെ മാത്രമല്ല, റോമിൽനിന്ന് ഉത്ഭവിക്കാനിരുന്ന അടുത്ത ലോകശക്തിയെയും കുറിച്ചുള്ള വിശദമായ ഒരു ദർശനം ദാനിയേലും കാണുകയുണ്ടായി. (ദാനീയേൽ 7:7, 8 വായിക്കുക.) നൂറ്റാണ്ടുകളോളം റോം അതിന്റെ ശത്രുക്കളുടെ ദൃഷ്ടിയിൽ “ഘോരവും ഭയങ്കരവും അതിബലവും” ഉള്ളതായിരുന്നു. എന്നാൽ ഈ സാമ്രാജ്യത്തിൽനിന്ന് “പത്തു കൊമ്പു”കൾ മുളച്ചുവരുമെന്നും അവയുടെ ഇടയിൽ മുളച്ചുവരുന്ന ഒരു ചെറിയ കൊമ്പ് മറ്റുള്ളവയെക്കാൾ പ്രബലമായിത്തീരുമെന്നും ആ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. ഈ പത്തുകൊമ്പുകൾ ഏതായിരിക്കും, മുളച്ചുവന്ന ചെറിയ കൊമ്പ് ഏതാണ്? ആ ചെറിയ കൊമ്പിന് നെബൂഖദ്‌നേസർ കണ്ട പടുകൂറ്റൻ ബിംബവുമായുള്ള ബന്ധം എന്താണ്? 14-ാം പേജിലെ ലേഖനത്തിൽ ഇവയ്‌ക്കുള്ള ഉത്തരം ലഭിക്കും.
[അടിക്കുറിപ്പ്],[അടിക്കുറിപ്പുകൾ]
a സ്വർഗത്തിലെ ആത്മജീവികൾ അടങ്ങിയ യഹോവയുടെ ഭാര്യാസമാന സംഘടനയെയാണ് ഈ സ്‌ത്രീ പ്രതിനിധാനം ചെയ്യുന്നത്.—യെശ. 54:1; ഗലാ. 4:26; വെളി. 12:1, 2.
b പി.ഒ.സി. ബൈബിൾ, ദാനീയേൽ 2:31-34 കൂടുതൽ കൃത്യതയോടെ പിൻവരുന്നപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുന്നു: “രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിന്റെ മുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരം ആയിരുന്നു. ആ പ്രതിമയുടെ ശിരസ്സ് തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും, കാലുകൾ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങൾ ഇരുമ്പും കളിമണ്ണും ചേർന്നതും. നീ നോക്കിക്കൊണ്ടിരിക്കെ, ഒരു കല്ല് ആരും തൊടാതെ അടർന്നു വന്നു ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേർന്ന പാദങ്ങളിൽ പതിച്ച്, അതിനെ ഛിന്നഭിന്നമാക്കി.”
c ദാനീയേൽപ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ബിംബത്തിന്റെ തലയും വെളിപാടുപുസ്‌തകത്തിൽ വർണിച്ചിരിക്കുന്ന കാട്ടുമൃഗത്തിന്റെ മൂന്നാമത്തെ തലയും ബാബിലോണിനെ ചിത്രീകരിക്കുന്നു. 12, 13 പേജുകൾ കാണുക.
d എ.ഡി. 70-ൽ റോം യെരുശലേമിനെ നശിപ്പിച്ചെങ്കിലും ആ ആക്രമണത്തിന് ഉല്‌പത്തി 3:15-ന്റെ നിവൃത്തിയുമായി ബന്ധമില്ലായിരുന്നു. ആ സമയത്ത് ജഡിക ഇസ്രായേൽ മേലാൽ ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനത ആയിരുന്നില്ല.
-
-
‘വേഗത്തിൽ സംഭവിപ്പാനുള്ളത്’ യഹോവ വെളിപ്പെടുത്തുന്നുവീക്ഷാഗോപുരം—2012 | ജൂൺ 15
-
-
‘വേഗത്തിൽ സംഭവിപ്പാനുള്ളത്’ യഹോവ വെളിപ്പെടുത്തുന്നു
“യേശുക്രിസ്‌തുവിന്റെ വെളിപാട്: വേഗത്തിൽ സംഭവിക്കാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവനു കൊടുത്തു.”—വെളി. 1:1.
ഉത്തരം കണ്ടെത്താമോ?
പടുകൂറ്റൻ ബിംബത്തിന്റെ ഏതു ഭാഗമാണ് ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെ പ്രതീകപ്പെടുത്തുന്നത്?
ആംഗ്ലോ-അമേരിക്കൻ ലോകശക്തിയും ഐക്യരാഷ്‌ട്ര സംഘടനയും തമ്മിലുള്ള ബന്ധത്തെ യോഹന്നാൻ വിശദീകരിക്കുന്നത് എങ്ങനെ?
മാനുഷഭരണത്തിന്റെ അന്ത്യത്തെ ദാനിയേലും യോഹന്നാനും വർണിക്കുന്നത് എങ്ങനെ?
1, 2. (എ) ദാനിയേലിന്റെയും യോഹന്നാന്റെയും പ്രവചനങ്ങൾ നമ്മെ എന്തിനു സഹായിക്കുന്നു? (ബി) കാട്ടുമൃഗത്തിന്റെ ആദ്യത്തെ ആറുതലകൾ എന്തിനെ പ്രതീകപ്പെടുത്തുന്നു?
ദാനിയേലിന്റെയും യോഹന്നാന്റെയും പ്രവചനങ്ങളിലെ സമാനതകൾ ഇക്കാലത്തെയും ഭാവിയിലെയും ലോകസംഭവങ്ങളുടെ അർഥം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. കാട്ടുമൃഗത്തെക്കുറിച്ച് യോഹന്നാന് ലഭിച്ച ദർശനവും പത്തുകൊമ്പുള്ള ഘോരമൃഗത്തെക്കുറിച്ചുള്ള ദാനിയേലിന്റെ വിവരണവും പടുകൂറ്റൻ ബിംബത്തെക്കുറിച്ചുള്ള അവന്റെ വ്യാഖ്യാനവും താരതമ്യപ്പെടുത്തുന്നതിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? ഈ പ്രവചനങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഗ്രാഹ്യം എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?
2 കാട്ടുമൃഗത്തെക്കുറിച്ചുള്ള യോഹന്നാന്റെ ദർശനം നമുക്ക് ആദ്യം പരിശോധിക്കാം. (വെളി. അധ്യാ. 13) കാട്ടുമൃഗത്തിന്റെ ആദ്യത്തെ ആറുതലകൾ ഈജിപ്‌ത്, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്, റോം എന്നിവയെ കുറിക്കുന്നതായി മുൻലേഖനത്തിൽ നാം കണ്ടു. ഇവയെല്ലാം സ്‌ത്രീയുടെ സന്തതിയോട് വിദ്വേഷം കാണിക്കുകയും ചെയ്‌തു. (ഉല്‌പ. 3:15) യോഹന്നാൻ തന്റെ ദർശനം രേഖപ്പെടുത്തി നൂറ്റാണ്ടുകൾ കഴിഞ്ഞും ആറാമത്തെ തലയായ റോം ഒരു പ്രമുഖരാഷ്‌ട്രീയശക്തിയായി തുടർന്നു. കാലാന്തരത്തിൽ, കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല റോമിന്റെ സ്ഥാനം ഏറ്റെടുക്കുമായിരുന്നു. ഏതായിരുന്നു ആ ലോകശക്തി, അത് സ്‌ത്രീയുടെ സന്തതിയോട് എങ്ങനെ ഇടപെടുമായിരുന്നു?
ബ്രിട്ടനും ഐക്യനാടുകളും അധികാരത്തിലേക്ക്
3. പത്തുകൊമ്പുള്ള ഘോരമൃഗം എന്തിനെ ചിത്രീകരിക്കുന്നു, പത്തുകൊമ്പുകൾ എന്തിനെ കുറിക്കുന്നു?
3 വെളിപാട് 13-ാം അധ്യായത്തിലെ കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ഏതാണ്? യോഹന്നാൻ കണ്ട ഈ ദർശനത്തെ ദാനിയേൽ കണ്ട പത്തുകൊമ്പുള്ള ഘോരമൃഗത്തിന്റെ ദർശനവുമായി താരതമ്യപ്പെടുത്തിയാൽ അതു മനസ്സിലാക്കാനാകും.a (ദാനീയേൽ 7:7, 8, 23, 24 വായിക്കുക.) ദാനിയേൽ കണ്ട ആ മൃഗം റോമൻ ലോകശക്തിയെയാണ് പ്രതീകപ്പെടുത്തിയത്. (12, 13 പേജുകൾ കാണുക.) എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഛിന്നഭിന്നമാകാൻ തുടങ്ങി. ഘോരമൃഗത്തിന്റെ തലയിലെ പത്തുകൊമ്പുകൾ റോമാസാമ്രാജ്യത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഭരണകൂടങ്ങളെ ചിത്രീകരിക്കുന്നു.
4, 5. (എ) ചെറിയ കൊമ്പ് എന്തു ചെയ്‌തു? (ബി) കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ഏതാണ്?
4 ഘോരമൃഗത്തിന്റെ തലയിൽനിന്ന് മുളച്ചുവന്ന കൊമ്പുകളിൽ നാലെണ്ണം, അതായത് നാലുഭരണകൂടങ്ങൾ, പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അവയിൽ മൂന്നെണ്ണത്തെ, നാലാമത്തെ “ചെറിയ കൊമ്പ്” പറിച്ചുകളയുന്നതായാണ് ദർശനം. റോമാസാമ്രാജ്യത്തിലെ ഒരു ചെറിയ പ്രവിശ്യയായിരുന്ന ബ്രിട്ടൻ പിന്നീട് ഒരു പ്രമുഖഭരണകൂടമായി മാറിയപ്പോൾ ഈ പ്രവചനം നിവൃത്തിയേറി. 17-ാം നൂറ്റാണ്ടുവരെ താരതമ്യേന അപ്രധാനമായ ഒരു ശക്തിയായിരുന്നു ബ്രിട്ടൻ. എന്നാൽ അക്കാലത്ത്, റോമാസാമ്രാജ്യത്തിലെ പ്രവിശ്യകളായിരുന്ന സ്‌പെയ്‌നും നെതർലൻഡ്‌സും ഫ്രാൻസും പ്രബലശക്തികളായിരുന്നു. ഈ മൂന്നുകൊമ്പുകളെ അവയുടെ സമുന്നതപദവിയിൽനിന്ന് ബ്രിട്ടൻ ഒന്നൊന്നായി പറിച്ചുമാറ്റി. അങ്ങനെ, 18-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടൻ ലോകരംഗത്തെ പ്രമുഖശക്തിയായിത്തീരാനുള്ള ചുവടുവെപ്പുകൾ തുടങ്ങി. എന്നാൽ അപ്പോഴും ബ്രിട്ടൻ കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയായിത്തീർന്നിരുന്നില്ല.
5 ബ്രിട്ടൻ കരുത്താർജിച്ചെങ്കിലും അതിന്റെ കീഴിലുണ്ടായിരുന്ന വടക്കെ അമേരിക്കൻ കോളനികൾ സ്വാതന്ത്ര്യം നേടി. അതിനുശേഷം ആ അമേരിക്കൻ ഐക്യനാടുകൾ ശക്തിയാർജിക്കാൻ ബ്രിട്ടൻ അനുവദിച്ചു; അതിനുവേണ്ടി ബ്രിട്ടീഷ് നാവികപ്പടയുടെ സംരക്ഷണവും നൽകി. 1914-ൽ കർത്തൃദിവസം ആരംഭിച്ചപ്പോഴേക്കും ചരിത്രം കണ്ട ഏറ്റവും വലിയ സാമ്രാജ്യം പടുത്തുയർത്താൻ ബ്രിട്ടന് കഴിഞ്ഞിരുന്നു; ഭൂമുഖത്തെ ഏറ്റവും വലിയ വ്യാവസായിക ശക്തിയായി മാറാൻ ഐക്യനാടുകൾക്കും കഴിഞ്ഞു.b ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഐക്യനാടുകളും ബ്രിട്ടനും ഒരു സവിശേഷസഖ്യത്തിലേക്കു വന്നു. അങ്ങനെ രൂപംകൊണ്ട ആംഗ്ലോ-അമേരിക്കൻ ലോകശക്തി കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയായി രംഗത്തെത്തി. കാട്ടുമൃഗത്തിന്റെ ഈ തല സ്‌ത്രീയുടെ സന്തതിയോട് ഇടപെട്ടത് എങ്ങനെയാണ്?
6. കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ദൈവജനത്തോട് എങ്ങനെ പെരുമാറിയിരിക്കുന്നു?
6 കർത്തൃദിവസം തുടങ്ങിയതും ഏഴാമത്തെ തല ദൈവജനത്തിന് എതിരെ, അതായത് ക്രിസ്‌തുവിന്റെ സഹോദരന്മാരിൽ ഭൂമിയിൽ ശേഷിക്കുന്നവർക്ക് എതിരെ ആക്രമണം അഴിച്ചുവിട്ടു. (മത്താ. 25:40) തന്റെ സാന്നിധ്യകാലത്ത് സന്തതിയുടെ ഒരു ശേഷിപ്പ് ഭൂമിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടാകുമെന്ന് യേശു സൂചിപ്പിച്ചിരുന്നു. (മത്താ. 24:45-47; ഗലാ. 3:26-29) ആ വിശുദ്ധന്മാർക്ക് എതിരെയാണ് ആംഗ്ലോ-അമേരിക്കൻ ലോകശക്തി പടപൊരുതിയത്. (വെളി. 13:3, 7) ഒന്നാം ലോകമഹായുദ്ധകാലത്ത് ആ ലോകശക്തി ദൈവജനത്തെ അടിച്ചമർത്തുകയും അവരുടെ പ്രസിദ്ധീകരണങ്ങളിൽ ചിലത് നിരോധിക്കുകയും വിശ്വസ്‌ത അടിമവർഗത്തിന്റെ പ്രതിനിധികളെ തടവിലാക്കുകയും ചെയ്‌തു. ഒരു സമയത്തേക്ക് പ്രസംഗവേല ഏതാണ്ട് നിറുത്തലാക്കിക്കൊണ്ട് അതിനെ കൊന്നുകളയുന്ന അളവോളം പോകാൻ ഏഴാമത്തെ തലയ്‌ക്ക് സാധിച്ചു. ഈ നാടകീയ സംഭവം മുൻകൂട്ടിക്കണ്ട യഹോവ അത് യോഹന്നാന് വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു. സന്തതിയുടെ ഉപഭാഗം പുനർജീവിച്ച് ആത്മീയ പ്രവർത്തനങ്ങളിൽ പൂർവാധികം ശുഷ്‌കാന്തിയോടെ ഏർപ്പെടുമെന്നും ദൈവം യോഹന്നാനോടു പറഞ്ഞു. (വെളി. 11:3, 7-11) ഈ സംഭവങ്ങൾ നിവൃത്തിയേറി എന്നതിന് തെളിവാണ് യഹോവയുടെ ആധുനികകാല ദാസരുടെ ചരിത്രം.
ഇരുമ്പും കളിമണ്ണും ഇടകലർന്ന പാദങ്ങളും ആംഗ്ലോ-അമേരിക്കൻ ലോകശക്തിയും
7. കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയും പടുകൂറ്റൻ ബിംബവും തമ്മിലുള്ള ബന്ധം എന്താണ്?
7 കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയും പടുകൂറ്റൻ ബിംബവും തമ്മിലുള്ള ബന്ധം എന്താണ്? റോമാസാമ്രാജ്യത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ബ്രിട്ടൻ; ഐക്യനാടുകൾ ബ്രിട്ടനിൽനിന്ന് ഉത്ഭവിച്ചതുകൊണ്ട് അതും റോമാസാമ്രാജ്യത്തിൽനിന്ന് വന്നതാണെന്ന് പറയാം. ആകട്ടെ, ബിംബത്തിന്റെ പാദങ്ങൾ എന്തിനെയാണ് അർഥമാക്കുന്നത്? അത് ഇരുമ്പിന്റെയും കളിമണ്ണിന്റെയും ഒരു മിശ്രിതമാണ്. ദാനിയേൽ വിവരിക്കുന്നു: “നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പുംകൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്തരാജ്യമായിരിക്കും; എന്നാൽ, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട് ഇരുമ്പ് ചേർക്കപ്പെട്ടിരുന്നതായി നീ ദർശിച്ചതുപോലെ, ഇരുമ്പിന്റെ ഉറപ്പ് അതിനും ഭാഗികമായി ഉണ്ടായിരിക്കും.” (ദാനീയേൽ 2:41, പി.ഒ.സി. ബൈബിൾ; ദാനീയേൽ 2:42, 43 വായിക്കുക.) ഏഴാമത്തെ തലയായ ആംഗ്ലോ-അമേരിക്കൻ ലോകശക്തി പ്രാമുഖ്യതയിലേക്ക് എത്തുന്ന അതേ സമയത്തെക്കുറിച്ചാണ് ഈ വിവരണം പറയുന്നത്. ഇരുമ്പും കളിമണ്ണും ചേർന്ന മിശ്രിതത്തിന് ഇരുമ്പിന്റെ ശക്തിയില്ലാത്തതുപോലെ ആംഗ്ലോ-അമേരിക്കൻ ലോകശക്തിക്ക് അത് ഉത്ഭവിച്ചുവന്ന ലോകശക്തിയെക്കാളും ശക്തി കുറവായിരിക്കുമെന്നാണ് ഈ പ്രവചനം പറയുന്നത്. ഈ പ്രവചനം എങ്ങനെ നിവൃത്തിയേറുമായിരുന്നു?
8, 9. (എ) ഏഴാമത്തെ ലോകശക്തി ഇരുമ്പുപോലെ പ്രവർത്തിച്ചത് എങ്ങനെ? (ബി) ബിംബത്തിന്റെ പാദങ്ങളിലെ കളിമണ്ണ് എന്തിനെ പ്രതീകപ്പെടുത്തുന്നു?
8 കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ചിലപ്പോഴൊക്കെ ഇരുമ്പിന്റെ ശക്തി കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒന്നാം ലോകമഹായുദ്ധത്തിൽ വിജയം നേടിക്കൊണ്ട് അത് ശക്തി തെളിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തും ഏഴാമത്തെ തല ഇരുമ്പിന്റേതുപോലുള്ള ശക്തി കാണിക്കുകയുണ്ടായി.c അതിനുശേഷം പലപ്പോഴും ഏഴാമത്തെ തല ഇരുമ്പിന്റെ സ്വഭാവം കാണിച്ചിട്ടുണ്ട്. എങ്കിലും തുടക്കം മുതൽ ഇരുമ്പിനോടൊപ്പം കളിമണ്ണും ഇടകലർന്നിരിക്കുന്നു.
9 ദീർഘകാലമായി യഹോവയുടെ ദാസർ ബിംബത്തിന്റെ പാദങ്ങളുടെ അർഥം മനസ്സിലാക്കാൻ താത്‌പര്യം കാണിച്ചിട്ടുണ്ട്. ദാനീയേൽ 2:41 ഇരുമ്പിന്റെയും കളിമണ്ണിന്റെയും മിശ്രിതത്തെ പല രാജ്യങ്ങൾ എന്നല്ല മറിച്ച് ‘ഒരു വിഭക്തരാജ്യം’ എന്നാണ് പറയുന്നത്. ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ ഉള്ളിലുള്ളതും എന്നാൽ ഇരുമ്പുപോലുള്ള റോമാസാമ്രാജ്യത്തെ അപേക്ഷിച്ച് അതിനെ ബലഹീനമാക്കുന്നതും ആയ ഘടകങ്ങളെയാണ് കളിമണ്ണ് കുറിക്കുന്നത്. ഈ കളിമണ്ണ് ‘മനുഷ്യബീജം’ അഥവാ മനുഷ്യവർഗസന്തതികൾ ആകുന്ന സാധാരണജനമാണ്. (ദാനീ. 2:43) ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ കീഴിലുള്ള ജനങ്ങൾ പൗരാവകാശ പ്രക്ഷോഭങ്ങളും തൊഴിലാളിയൂണിയനുകളും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും ഉപയോഗിച്ച് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചിരിക്കുന്നു. ഇരുമ്പുപോലെ പ്രവർത്തിക്കാനുള്ള ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ കഴിവിന് സാധാരണജനം തുരങ്കം വെച്ചിരിക്കുകയാണ്. ആശയപരമായ വിയോജിപ്പും തെരഞ്ഞെടുപ്പിലെ വ്യക്തമായ ഭൂരിപക്ഷമില്ലായ്‌മയും നിമിത്തം ജനസമ്മതരായ നേതാക്കൾക്കുപോലും തങ്ങളുടെ നയങ്ങൾ നടപ്പാക്കുന്നതിന് വേണ്ട അധികാരമില്ലാതെവരുന്നു. “രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും” എന്ന് ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു.—ദാനീ. 2:42; 2 തിമൊ. 3:1-3.
10, 11. (എ) ‘പാദങ്ങൾക്ക്’ എന്തു സംഭവിക്കും? (ബി) ബിംബത്തിന്റെ കാൽവിരലുകളുടെ എണ്ണം സംബന്ധിച്ച് നമുക്ക് എന്തു നിഗമനത്തിലെത്താം?
10 ബ്രിട്ടന്റെയും ഐക്യനാടുകളുടെയും സവിശേഷസഖ്യം 21-ാം നൂറ്റാണ്ടിലും തുടരുന്നു; അവർ ലോകകാര്യാദികളിൽ മിക്കപ്പോഴും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ സ്ഥാനത്ത് ഇനി മറ്റൊരു ലോകശക്തി വരാനില്ലെന്നാണ് പടുകൂറ്റൻ ബിംബത്തെയും കാട്ടുമൃഗത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ തെളിയിക്കുന്നത്. ഈ അവസാന ലോകശക്തി, ഇരുമ്പുകാലുകൾ ചിത്രീകരിച്ച ലോകശക്തിയെക്കാൾ ദുർബലമായിരിക്കും; എന്നുവരികിലും അതു താനേ ഇല്ലാതാവില്ല.
11 ബിംബത്തിന്റെ കാൽവിരലുകളുടെ എണ്ണത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? മറ്റു ദർശനങ്ങളിൽ ദാനിയേൽ സംഖ്യകൾ എടുത്തുപറഞ്ഞു എന്ന കാര്യം ഓർക്കണം. മൃഗങ്ങളുടെ തലയിലെ കൊമ്പുകളുടെ എണ്ണംതന്നെ ഒരു ഉദാഹരണം. ആ സംഖ്യകൾക്കു പ്രാധാന്യമുണ്ട്. പക്ഷേ, ബിംബത്തെ വർണിച്ചപ്പോൾ ദാനിയേൽ കാൽവിരലുകളുടെ എണ്ണം എടുത്തുപറഞ്ഞില്ല. ബിംബത്തിന്റെ കൈകളുടെയും കൈവിരലുകളുടെയും കാലുകളുടെയും പാദങ്ങളുടെയും എണ്ണത്തിനു പ്രസക്തിയില്ലാത്തതുപോലെ കാൽവിരലുകളുടെ എണ്ണത്തിനും പ്രത്യേക പ്രാധാന്യമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, കാൽവിരലുകൾ ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതാണെന്ന് ദാനിയേൽ എടുത്തുപറയുന്നുണ്ട്. ഇതിൽനിന്ന് നമുക്കു ഈ നിഗമനത്തിലെത്താം: ദൈവരാജ്യത്തെ ചിത്രീകരിക്കുന്ന “കല്ല്” പ്രതിമയുടെ പാദങ്ങളിൽ ഇടിക്കുമ്പോൾ ആംഗ്ലോ-അമേരിക്കതന്നെയായിരിക്കും ലോകശക്തി.—ദാനീ. 2:45.
രണ്ടുകൊമ്പുള്ള കാട്ടുമൃഗവും ആംഗ്ലോ-അമേരിക്കയും
12, 13. രണ്ടുകൊമ്പുള്ള കാട്ടുമൃഗം ഏതാണ്, അത് എന്തു ചെയ്‌തു?
12 ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഇരുമ്പിന്റെയും കളിമണ്ണിന്റെയും മിശ്രിതമാണെങ്കിലും അന്ത്യകാലത്തുടനീളം ഈ ലോകശക്തി ഒരു സുപ്രധാന പങ്കു വഹിക്കുമെന്ന് യേശു യോഹന്നാനു നൽകിയ ദർശനങ്ങൾ കാണിക്കുന്നു. ഒരു മഹാസർപ്പത്തെപ്പോലെ സംസാരിക്കുന്ന രണ്ടുകൊമ്പുള്ള കാട്ടുമൃഗത്തെ യോഹന്നാൻ ദർശനത്തിൽ കാണുകയുണ്ടായി. ഈ വിചിത്രമൃഗം എന്തിനെയാണ് പ്രതീകപ്പെടുത്തുന്നത്? അതിനു രണ്ടുകൊമ്പുള്ളതുകൊണ്ട് അത് രണ്ടു ഭരണകൂടങ്ങളുടെ ഒരു കൂട്ടുകെട്ടാണ്. അതെ, ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെത്തന്നെ വീണ്ടും യോഹന്നാൻ കാണുന്നു; എന്നാൽ, ഇപ്രാവശ്യം ഒരു പ്രത്യേക ദൗത്യത്തിന് ഒരുങ്ങിയാണ് അതു നിൽക്കുന്നത്.—വെളിപാട് 13:11-15 വായിക്കുക.
13 രണ്ടുകൊമ്പുള്ള ഈ കാട്ടുമൃഗം ഏഴുതലയുള്ള കാട്ടുമൃഗത്തിന്റെ പ്രതിമയുണ്ടാക്കാൻ ആളുകളോടു പറയുന്നു. മൃഗത്തിന്റെ പ്രതിമ പ്രത്യക്ഷപ്പെടുമെന്നും പിന്നീട് അപ്രത്യക്ഷമാകുമെന്നും വീണ്ടും പ്രത്യക്ഷപ്പെടുമെന്നും യോഹന്നാൻ രേഖപ്പെടുത്തിയിരുന്നു. ലോകത്തിലെ ഭരണകൂടങ്ങളെ ഒറ്റക്കെട്ടായി നിറുത്താനും അവയെ പ്രതിനിധീകരിക്കാനും വേണ്ടി ബ്രിട്ടനും ഐക്യനാടുകളും മുൻകൈയെടുത്ത് രൂപീകരിച്ച സംഘടനയ്‌ക്ക് അതാണ് സംഭവിച്ചത്.d ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം സർവരാജ്യ സഖ്യം എന്ന പേരിൽ ഈ സംഘടന പ്രത്യക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇത് അപ്രത്യക്ഷമായി. എന്നാൽ കാട്ടുമൃഗത്തിന്റെ ഈ പ്രതിമ വീണ്ടും പ്രത്യക്ഷപ്പെടുമെന്നു രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ദൈവജനം പ്രഖ്യാപിച്ചു; വെളിപാടുപുസ്‌തകത്തിലെ പ്രവചനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ പ്രഖ്യാപനം. അങ്ങനെതന്നെ സംഭവിച്ചു. ഐക്യരാഷ്‌ട്ര സംഘടന എന്ന പേരിൽ അത് വീണ്ടും രംഗത്തെത്തി.—വെളി. 17:8.
14. കാട്ടുമൃഗത്തിന്റെ പ്രതിമ ‘എട്ടാമത്തെ രാജാവായിരിക്കുന്നത്’ ഏത് അർഥത്തിൽ?
14 കാട്ടുമൃഗത്തിന്റെ പ്രതിമയെ യോഹന്നാൻ ‘എട്ടാമത്തെ രാജാവ്’ എന്ന് വിളിക്കുന്നു. ഏത് അർഥത്തിൽ? അതിനെ, മുമ്പത്തെ കാട്ടുമൃഗത്തിന്റെ എട്ടാമത്തെ തലയായി ചിത്രീകരിച്ചിട്ടില്ല. അത് ആ കാട്ടുമൃഗത്തിന്റെ ഒരു പ്രതിമ മാത്രമാണ്. അംഗരാഷ്‌ട്രങ്ങൾ നൽകുന്ന, വിശേഷിച്ച് അതിനെ മുഖ്യമായി പിന്താങ്ങുന്ന ആംഗ്ലോ-അമേരിക്കൻ ലോകശക്തി നൽകുന്ന അധികാരമേ അതിനുള്ളൂ. (വെളി. 17:10, 11) എന്നാൽ ഒരു പ്രത്യേക ദൗത്യം നിർവഹിക്കാൻ ഒരു രാജാവിന്റെ അധികാരം അതിനു ലഭിക്കുന്നു. ഈ ദൗത്യം ചരിത്രത്തെത്തന്നെ മാറ്റിമറിക്കാനിരിക്കുന്ന സംഭവപരമ്പരയ്‌ക്ക് തിരികൊളുത്തും.
കാട്ടുമൃഗത്തിന്റെ പ്രതിമ വേശ്യയെ ഇല്ലാതാക്കുന്നു
15, 16. വേശ്യ എന്തിനെ ചിത്രീകരിക്കുന്നു, അവൾക്കുണ്ടായിരുന്ന പിന്തുണയ്‌ക്ക് എന്തു സംഭവിച്ചിരിക്കുന്നു?
15 കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്മേൽ—കാട്ടുമൃഗത്തിന്റെ പ്രതിമയുടെമേൽ—അധികാരത്തോടെ ഒരു വേശ്യ സഞ്ചരിക്കുന്നതായി യോഹന്നാൻ കാണുന്നു. “മഹതിയാം ബാബിലോൺ” എന്നാണ് അവളുടെ പേര്. (വെളി. 17:1-6) ഈ വേശ്യ എല്ലാ വ്യാജമതങ്ങളെയും കുറിക്കുന്നു; ക്രൈസ്‌തവ സഭകളാണ് ഇവയുടെ മുൻപന്തിയിൽ. മതസംഘടനകൾ മൃഗത്തിന്റെ പ്രതിമയെ പരസ്യമായി പിന്തുണയ്‌ക്കുകയും അതിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്‌തിരിക്കുന്നു.
16 എന്നാൽ വെള്ളം വറ്റിപ്പോകുന്നതായി, അതായത് തനിക്കുള്ള ജനപിന്തുണ കുറഞ്ഞുവരുന്നതായി കർത്തൃദിവസത്തിൽ മഹതിയാം ബാബിലോൺ കാണുന്നു. (വെളി. 16:12; 17:15) ഉദാഹരണത്തിന്, കാട്ടുമൃഗത്തിന്റെ പ്രതിമ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോൾ മഹതിയാം ബാബിലോണിന്റെ പ്രമുഖഭാഗമായ ക്രൈസ്‌തവ സഭകൾക്ക് പാശ്ചാത്യലോകത്ത് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ, സഭകൾക്കും സഭാശുശ്രൂഷകന്മാർക്കും ജനങ്ങൾ നൽകിപ്പോന്ന ആദരവും പിന്തുണയും ഇന്ന് ഇല്ലാതായിരിക്കുന്നു. ലോകത്തുള്ള പല പ്രശ്‌നങ്ങൾക്കും കാരണം മതമാണെന്ന് കരുതുന്നവരും ഇന്ന് അനേകമുണ്ട്. ലോകത്തുള്ള മതങ്ങളെയെല്ലാം ഇല്ലാതാക്കണമെന്നുള്ള വാദവും ശക്തിയാർജിക്കുകയാണ്.
17. ഉടൻതന്നെ വ്യാജമതങ്ങൾക്ക് എന്തു സംഭവിക്കും, എന്തുകൊണ്ട്?
17 പതിയെപ്പതിയെ സ്വാധീനം നഷ്ടപ്പെട്ട് ഇല്ലാതെയാകുന്ന ഒന്നല്ല വ്യാജമതം. ഈ വേശ്യ രാജാക്കന്മാരെ തന്റെ ചൊൽപ്പടിയിൽ നിറുത്തുന്ന ഒരു പ്രമുഖശക്തിയായിത്തന്നെ തുടരും, അധികാരത്തിൽ ഇരിക്കുന്നവരുടെ ഹൃദയങ്ങളിൽ യഹോവ ഒരു പദ്ധതി ഉദിപ്പിക്കുന്നതുവരെ. (വെളിപാട് 17:16, 17 വായിക്കുക.) ഐക്യരാഷ്‌ട്ര സംഘടന പ്രതിനിധാനം ചെയ്യുന്ന സാത്താന്റെ രാഷ്‌ട്രീയ വ്യവസ്ഥിതി, വൈകാതെ വ്യാജമതത്തെ ആക്രമിക്കാൻ യഹോവ ഇടയാക്കും. അവർ അവളുടെ സ്വാധീനശക്തി ഇല്ലാതാക്കുകയും അവളുടെ സമ്പത്ത് നശിപ്പിക്കുകയും ചെയ്യും. ഏതാനും ദശകങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു സംഗതി അസംഭവ്യമായി തോന്നിയിരിക്കാം. ഇന്ന്, കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്റെ പുറത്ത് ഇരുന്നുള്ള അവളുടെ യാത്ര അത്ര സുഖകരമല്ലാതായിരിക്കുന്നു. എങ്കിലും അവൾക്ക് തന്റെ അധികാരം നഷ്ടമാകുന്നത് പതിയെ ആയിരിക്കില്ല. അവളുടെ നാശം പൊടുന്നനെയുള്ളതും ഭയങ്കരവും ആയിരിക്കും.—വെളി. 18:7, 8, 15-19.
കാട്ടുമൃഗങ്ങൾ നശിപ്പിക്കപ്പെടുന്നു
18. (എ) കാട്ടുമൃഗം എന്തു ചെയ്യും, എന്തായിരിക്കും ഫലം? (ബി) ദാനീയേൽ 2:44 അനുസരിച്ച് ദൈവരാജ്യം ഏതൊക്കെ ഭരണകൂടങ്ങളെ നശിപ്പിക്കും? (17-ാം പേജിലെ ചതുരം കാണുക.)
18 വ്യാജമതങ്ങളുടെ നാശത്തിനു ശേഷം കാട്ടുമൃഗം, അതായത് ഭൂമിയിൽ സാത്താന്റെ നിയന്ത്രണത്തിലുള്ള രാഷ്‌ട്രീയ വ്യവസ്ഥിതി, ദൈവരാജ്യത്തിനു നേരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കപ്പെടും. സ്വർഗത്തിൽ ആക്രമണം നടത്താൻ സാധിക്കാത്തതിനാൽ ഭൂരാജാക്കന്മാർ, ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്നവരായി ഭൂമിയിലുള്ളവർക്കു നേരെ തിരിയും. അത് അന്തിമയുദ്ധത്തിലേക്കു നയിക്കും. (വെളി. 16:13-16; 17:12-14) ആ യുദ്ധത്തിൽ സംഭവിക്കുന്ന ഒരു കാര്യം ദാനിയേൽ വിശദീകരിക്കുന്നു. (ദാനീയേൽ 2:44 വായിക്കുക.) വെളിപാട് 13:1-ൽ പറഞ്ഞിരിക്കുന്ന കാട്ടുമൃഗവും അതിന്റെ പ്രതിമയും രണ്ടുകൊമ്പുള്ള കാട്ടുമൃഗവും നശിപ്പിക്കപ്പെടും.
19. നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും, ഇപ്പോൾ എന്തു ചെയ്യാനുള്ള സമയമാണ്?
19 ഏഴാമത്തെ തലയുടെ കാലത്താണ് നാം ജീവിക്കുന്നത്. മൃഗത്തിന്റെ നാശത്തിനു മുമ്പ് പുതിയ ഒരു തല പ്രത്യക്ഷപ്പെടാനില്ല. വ്യാജമതത്തെ ഇല്ലാതാക്കുന്ന സമയത്ത് ആംഗ്ലോ-അമേരിക്കതന്നെയായിരിക്കും പ്രമുഖലോകശക്തി. ദാനിയേലിന്റെയും യോഹന്നാന്റെയും പ്രവചനങ്ങളിലെ അതിസൂക്ഷ്‌മ വിശദാംശങ്ങൾപോലും നിറവേറിയിരിക്കുന്നു. വ്യാജമതങ്ങളുടെ നാശവും അർമ്മഗെദ്ദോൻ യുദ്ധവും ഉടൻ സംഭവിക്കും എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം. ദൈവം മുന്നമേതന്നെ ഈ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഈ പ്രാവചനിക മുന്നറിയിപ്പുകൾക്ക് നാം ചെവികൊടുക്കുമോ? (2 പത്രോ. 1:19) അതെ, യഹോവയുടെ പക്ഷം ചേരാനും അവന്റെ രാജ്യത്തെ പിന്തുണയ്‌ക്കാനും ഉള്ള സമയം ഇപ്പോഴാണ്.—വെളി. 14:6, 7.
[അടിക്കുറിപ്പുകൾ]
a ബൈബിളിൽ പത്ത് എന്ന സംഖ്യ പലപ്പോഴും സമ്പൂർണതയെ കുറിക്കുന്നതിനാൽ റോമാസാമ്രാജ്യത്തിൽനിന്നും ഉരുത്തിരിഞ്ഞ സകല ഭരണകൂടങ്ങളെയുമാണ് ഈ പത്തുകൊമ്പ് ചിത്രീകരിക്കുന്നത്.
b ബ്രിട്ടീഷ് സാമ്രാജ്യവും ഐക്യനാടുകളും 18-ാം നൂറ്റാണ്ടുമുതൽ അസ്‌തിത്വത്തിലുണ്ടായിരുന്നെങ്കിലും യോഹന്നാൻ തന്റെ ദർശനത്തിൽ കാണുന്നത് കർത്തൃദിവസത്തിന്റെ തുടക്കത്തിലുള്ള അവയുടെ അവസ്ഥയാണ്. വെളിപാടുപുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനങ്ങൾ “കർത്തൃദിവസ”ത്തിലാണല്ലോ നിവൃത്തിയേറുന്നത്! (വെളി. 1:10) ഒറ്റ ലോകശക്തിയായി കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല പ്രവർത്തിച്ചു തുടങ്ങിയത് ഒന്നാം ലോകമഹായുദ്ധം മുതലാണ്.
c ഈ യുദ്ധത്തിന്റെ സമയത്ത് ആ രാജാവ് വരുത്താനിരുന്ന വിനാശം ദാനിയേൽ മുൻകൂട്ടിക്കണ്ടു. ‘അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കും’ എന്ന് അവൻ എഴുതി. (ദാനീ. 8:24) ഉദാഹരണത്തിന്, ദ്വിലോകശക്തിയുടെ ഒരു ശത്രുവിന് എതിരെ ഐക്യനാടുകൾ പ്രയോഗിച്ച രണ്ട് അണുബോംബുകൾ ലോകം മുമ്പു കണ്ടിട്ടില്ലാത്ത തോതിലുള്ള വൻനാശം വരുത്തിവെച്ചു.
d വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പുസ്‌തകത്തിന്റെ 240, 241, 253 പേജുകൾ കാണുക.
[17-ാം പേജിലെ ചതുരം]
ദാനീയേൽ 2:44-ലെ ‘ഈ രാജത്വങ്ങൾ’ ആരാണ്?
ദൈവരാജ്യം ‘ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കും’ എന്ന് ദാനീയേൽ 2:44 പറയുന്നു. ബിംബത്തിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുന്ന ഭരണകൂടങ്ങളെക്കുറിച്ചു മാത്രമാണ് ഈ പ്രവചനം പറയുന്നത്.
എന്നാൽ മറ്റ് മാനുഷഗവണ്മെന്റുകളുടെ കാര്യമോ? ഈ വിഷയത്തെക്കുറിച്ച് വെളിപാടുപുസ്‌തകത്തിൽ കാണുന്ന പ്രവചനം വിപുലമായ ഒരു ചിത്രം നൽകുന്നു. ആ പ്രവചനത്തിൽ, “സർവഭൂതലത്തിലുമുള്ള രാജാക്കന്മാരെ” യഹോവയ്‌ക്ക് എതിരായി “സർവശക്തനായ ദൈവത്തിന്റെ മഹാദിവസ”ത്തിൽ കൂട്ടിവരുത്തുന്നതായി പറഞ്ഞിട്ടുണ്ട്. (വെളി. 16:14; 19:19-21) അതെ, ബിംബത്തിലെ ഭരണകൂടങ്ങൾ മാത്രമല്ല എല്ലാ മാനുഷഗവണ്മെന്റുകളും അർമ്മഗെദ്ദോൻ യുദ്ധത്തിൽ നശിപ്പിക്കപ്പെടും.
-
-
എട്ട് രാജാക്കന്മാരെ വെളിപ്പെടുത്തുന്നുവീക്ഷാഗോപുരം—2012 | ജൂൺ 15
-
-
എട്ട് രാജാക്കന്മാരെ വെളിപ്പെടുത്തുന്നു
ദാനിയേൽപ്രവചനവും വെളിപാടുപുസ്‌തകവും ചേർത്തു വായിച്ചാൽ എട്ട് രാജാക്കന്മാരെ അഥവാ എട്ട് മാനുഷഭരണാധിപത്യങ്ങളെ തിരിച്ചറിയാനാകുമെന്നു മാത്രമല്ല, ആ ആധിപത്യങ്ങൾ പ്രത്യക്ഷപ്പെടുന്ന ക്രമവും മനസ്സിലാക്കാനാകും. ബൈബിളിലെ ആദ്യപ്രവചനത്തിന്റെ അർഥം ഗ്രഹിക്കുന്നത് ആ പ്രവചനങ്ങളുടെ കുരുക്കഴിച്ചെടുക്കാൻ നമ്മെ സഹായിക്കും.
ചരിത്രത്തിലുടനീളം സാത്താൻ തന്റെ സന്തതിയെ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ആയി സംഘടിപ്പിച്ചിട്ടുണ്ട്. (ലൂക്കോ. 4:5, 6) എന്നാൽ, ചുരുക്കം ചില മാനുഷഭരണകൂടങ്ങൾ മാത്രമേ ദൈവജനത്തിന്റെമേൽ—ഇസ്രായേൽജനതയുടെയോ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയുടെയോ മേൽ—ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ളൂ. ദാനിയേലിന്റെയും യോഹന്നാന്റെയും ദർശനങ്ങൾ അത്തരം എട്ട് വൻശക്തികളെക്കുറിച്ചു മാത്രമേ പരാമർശിക്കുന്നുള്ളൂ.
[12, 13 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ദാനിയേൽപുസ്‌തകത്തിലെ വെളിപാടുപുസ്‌തകത്തിലെ
പ്രവചനങ്ങൾ പ്രവചനങ്ങൾ
1. ഈജിപ്‌ത്
2. അസീറിയ
3. ബാബിലോൺ
4. മേദോ- പേർഷ്യ
5. ഗ്രീസ്
6. റോം
7. ബ്രിട്ടനും അമേരിക്കയും
8. സർവരാജ്യ സഖ്യവും
ഐക്യരാഷ്‌ട്ര സംഘടനയും
ദൈവജനം
ബി.സി. 2000
അബ്രാഹാം
1500
ഇസ്രായേൽജനത
1000
ദാനിയേൽ 500
ബി.സി./എ.ഡി.
യോഹന്നാൻ
ദൈവത്തിന്റെ ഇസ്രായേൽ 500
1000
1500
എ.ഡി. 2000
[അടിക്കുറിപ്പ്]
അന്ത്യകാലത്ത് രണ്ട് രാജാക്കന്മാരും സ്ഥിതിചെയ്യും. 19-ാം പേജ് കാണുക.
അന്ത്യകാലത്ത് രണ്ട് രാജാക്കന്മാരും സ്ഥിതിചെയ്യും. 19-ാം പേജ് കാണുക.
[ചിത്രങ്ങൾ]
പടുകൂറ്റൻ ബിംബം (ദാനീ. 2:31-45)
കടലിൽനിന്നു കയറിവരുന്ന നാലുമൃഗങ്ങൾ (ദാനീ. 7:3-8, 17, 25)
ആട്ടുകൊറ്റനും കോലാട്ടുകൊറ്റനും (ദാനീ. അധ്യാ. 8)
ഏഴുതലയുള്ള കാട്ടുമൃഗം (വെളി. 13:1-10, 16-18)
രണ്ടുകൊമ്പുള്ള മൃഗം ഏഴുതലയുള്ള കാട്ടുമൃഗത്തിന്റെ പ്രതിമയുണ്ടാക്കാൻ ആവശ്യപ്പെടുന്നു (വെളി. 13:11-15)
[അടിക്കുറിപ്പ്]
ദാനീയേൽ 2:32, 33, 41 വാക്യങ്ങളുടെ കൂടുതൽ കൃത്യമായ പരിഭാഷയ്‌ക്ക് (പി.ഒ.സി. ബൈബിൾ) പേജ് 10 ഖണ്ഡിക 11-ന്റെ ആദ്യത്തെ അടിക്കുറിപ്പും പേജ് 15 ഖണ്ഡിക 7-ഉം കാണുക.
[കടപ്പാട്]
ചിത്രങ്ങൾക്ക് കടപ്പാട്: ഈജിപ്‌തും റോമും: ബ്രിട്ടീഷ് മ്യൂസിയത്തിന്റെ അനുമതിയോടെ എടുത്തത്; മേദോ-പേർഷ്യ: Musée du Louvre, പാരീസ്
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2012 | ജൂൺ 15
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആംഗ്ലോ-അമേരിക്കൻ ലോകശക്തി ബൈബിൾപ്രവചനത്തിലെ ഏഴാമത്തെ ലോകശക്തിയായത് എപ്പോഴാണ്?
▪ നെബൂഖദ്‌നേസർരാജാവ് കണ്ട പടുകൂറ്റൻ ലോഹബിംബം എല്ലാ ലോകശക്തികളെയും പ്രതിനിധാനം ചെയ്യുന്നില്ല. (ദാനീ. 2:31-45) ദാനിയേലിന്റെ കാലം മുതൽ ഇങ്ങോട്ട് ദൈവജനത്തെ എതിർത്ത അഞ്ചുലോകശക്തികളെ മാത്രമാണ് അത് കുറിക്കുന്നത്.
ആംഗ്ലോ-അമേരിക്കൻ ലോകശക്തി റോമിനെ കീഴടക്കുമെന്നല്ല, മറിച്ച് അതിൽനിന്ന് ഉത്ഭവിക്കുമെന്നാണ് ലോഹബിംബത്തെക്കുറിച്ചുള്ള ദാനിയേലിന്റെ വിശദീകരണം സൂചിപ്പിച്ചത്. ബിംബത്തിന്റെ കാലുകളിൽ മാത്രമല്ല പാദങ്ങളിലും കാൽവിരലുകളിലും ഇരുമ്പുള്ളതായി ദാനിയേൽ കാണുന്നു. (പാദങ്ങളിലും കാൽവിരലുകളിലും ഇരുമ്പ് കളിമണ്ണുമായി ഇടകലർന്നിരിക്കുന്നു.)a ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഇരുമ്പുകൊണ്ടുള്ള കാലുകളിൽനിന്ന് ഉത്ഭവിക്കേണ്ടിയിരുന്നുവെന്നാണ് ഈ വിശദീകരണം സൂചിപ്പിക്കുന്നത്. അതിന്റെ കൃത്യതയ്‌ക്ക് ചരിത്രം അടിവരയിടുന്നു. റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബ്രിട്ടൻ 1700-കളുടെ അവസാനത്തോടെ പ്രാമുഖ്യതയിലേക്ക് ഉയരാൻ തുടങ്ങി. പിന്നീട്, അമേരിക്കൻ ഐക്യനാടുകൾ ഒരു പ്രബലരാഷ്‌ട്രമായിത്തീർന്നു. എന്നാൽ, ബൈബിൾപ്രവചനത്തിലെ ഏഴാമത്തെ ലോകശക്തി അപ്പോഴും രൂപംകൊണ്ടിരുന്നില്ല. കാരണം, ബ്രിട്ടനും ഐക്യനാടുകളും അന്നേവരെ ഒറ്റക്കെട്ടായി സവിശേഷമായ ഒരു വിധത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നില്ല. എന്നാൽ, ഒന്നാം ലോകമഹായുദ്ധകാലത്ത് അതു സംഭവിച്ചു.
ആ സമയമായപ്പോഴേക്കും “രാജ്യത്തിന്റെ പുത്രന്മാർ” സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു; വിശേഷിച്ചും ഐക്യനാടുകളിൽ. ന്യൂയോർക്കിലെ ബ്രുക്ലിനിൽ ആയിരുന്നു അവരുടെ ലോക ആസ്ഥാനം. (മത്താ. 13:36-43) അഭിഷിക്തവർഗത്തിലെ അംഗങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന രാജ്യങ്ങളിലും തീക്ഷ്‌ണതയോടെ പ്രസംഗിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ബ്രിട്ടനും അമേരിക്കയും തങ്ങളുടെ പൊതുശത്രുക്കൾക്ക് എതിരെ പോരാടാനായി ഒരു സവിശേഷസഖ്യം വാർത്തെടുത്തു. യുദ്ധച്ചൂടിൽ ഉണർന്ന ദേശീയവികാരങ്ങൾ ദൈവത്തിന്റെ “സ്‌ത്രീ”യുടെ സന്തതിയുടെ ഭാഗമായിരിക്കുന്നവരോടു ശത്രുത കാണിക്കുന്നതിലേക്ക് അവരെ നയിച്ചു. അവർ പ്രസിദ്ധീകരണങ്ങൾ നിരോധിക്കുകയും പ്രസംഗവേലയ്‌ക്ക് നേതൃത്വം വഹിച്ചിരുന്നവരെ തടവിലാക്കുകയും ചെയ്‌തു.—വെളി. 12:17.
ബ്രിട്ടൻ പ്രാമുഖ്യതയിലേക്ക് ഉയരാൻ ആരംഭിച്ച 1700-കളുടെ അന്ത്യപാദത്തിൽ ഏഴാമത്തെ ലോകശക്തി നിലവിൽവന്നില്ല എന്നാണ് ബൈബിൾപ്രവചനങ്ങൾ കാണിക്കുന്നത്. പകരം, കർത്തൃദിവസത്തിന്റെ തുടക്കത്തിലാണ് അത് ആ സ്ഥാനത്തേക്കു വന്നത്.b
[അടിക്കുറിപ്പുകൾ]
a ഇരുമ്പുമായി ഇടകലർന്ന കളിമണ്ണ് കുറിക്കുന്നത് ഇരുമ്പുപോലുള്ള ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ ഉള്ളിലുള്ള ഘടകങ്ങളെയാണ്. കളിമണ്ണിന്റെ സാന്നിധ്യംനിമിത്തം, ആഗ്രഹിക്കുന്ന തരത്തിൽ ബലം പ്രയോഗിക്കാൻ ഈ ലോകശക്തിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കുന്നു.
b ഇതൊരു പുതുക്കിയ വിശദീകരണമാണ്. ദാനീയേൽ പ്രവചനം പുസ്‌തകത്തിന്റെ പേജ് 57 ഖണ്ഡിക 24-ലെ വിവരങ്ങൾക്കും പേജ് 56, 139-ലെ ചാർട്ടുകളിലെ വിശദാംശങ്ങൾക്കും പകരമാണിത്.
[19-ാം പേജിലെ ചിത്രം]
വാച്ച്‌ടവറിന്റെ ലോക ആസ്ഥാനത്തുള്ള എട്ടുസഹോദരങ്ങളെ 1918 ജൂണിൽ ജയിലിലടച്ചു
-