തെക്കുകിഴക്കൻ ഏഷ്യയിലേക്ക് ആത്മീയവെളിച്ചവുമായി
1930-കളുടെ തുടക്കത്തിൽ ഇന്തൊനീഷ്യ, മലേഷ്യ, ഇന്ന് പാപ്പുവ ന്യൂഗിനി എന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിലൊന്നും യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനം എത്തിയിട്ടില്ലായിരുന്നെന്ന് പറയാം. ഇവിടങ്ങളിലൊക്കെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എങ്ങനെ എത്തുമായിരുന്നു? ഈ ആവശ്യം കണക്കിലെടുത്ത് ഓസ്ട്രേലിയ ബ്രാഞ്ച് (ഇന്ന് ഓസ്ട്രേലേഷ്യ ബ്രാഞ്ച് എന്നറിയപ്പെടുന്നു) ഒരു പായ്വഞ്ചി വാങ്ങി. 52 അടി നീളമുള്ള രണ്ടു പായ്മരം പിടിപ്പിച്ച ഒരു വഞ്ചിയായിരുന്നു അത്. പ്രകാശവാഹകൻ എന്നായിരുന്നു അതിന് ഇട്ട പേര്. അതിന്റെ കാരണമോ? വിദൂരദേശങ്ങളിൽ ആത്മീയവെളിച്ചം പരത്താൻ നിയോഗം ഏറ്റെടുത്ത മുൻനിരസേവകരായിരുന്നുa അതിലെ നാവികരെല്ലാം.—മത്തായി 5:14-16.
ന്യൂഗിനിയിലേക്ക്
1935 ഫെബ്രുവരിയിൽ ഏഴു പേരുടെ ആ സംഘം ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തുള്ള സിഡ്നിയിൽനിന്ന് വടക്കോട്ടു യാത്രതിരിച്ചു. ന്യൂഗിനിയിലെ പോർട്ട് മോഴ്സ്ബിയായിരുന്നു അവരുടെ ലക്ഷ്യം. യാത്രയ്ക്കിടെ ആഹാരത്തിനായി അവർ മീൻ പിടിച്ചു. ഇന്ധനം നിറയ്ക്കാനും ഭക്ഷണം ശേഖരിക്കാനും അറ്റകുറ്റപ്പണികൾക്കായും മറ്റും വിവിധ തുറമുഖങ്ങളിൽ നിറുത്തിനിറുത്തിയായിരുന്നു അവരുടെ യാത്ര. ഒടുവിൽ 1935 ഏപ്രിൽ 10-ന് അവർ ക്വീൻസ്ലാൻഡിലെ കുക്ക്ടൗണിൽനിന്ന് പുറങ്കടൽ ലക്ഷ്യമാക്കി നീങ്ങി. അങ്ങനെ അവർ അപകടസാധ്യത ഏറെയുള്ള ഗ്രേറ്റ് ബാരിയർ റീഫ് പ്രദേശത്ത് എത്തി. കപ്പൽപ്പായയെ ആശ്രയിക്കാതെ ബോട്ടിന്റെ എഞ്ചിൻ മാത്രം ഉപയോഗിച്ച് മുന്നോട്ടു നീങ്ങാനായിരുന്നു അവരുടെ പദ്ധതി. പക്ഷേ എഞ്ചിൻ ഒരു വല്ലാത്ത ശബ്ദം പുറപ്പെടുവിച്ചുതുടങ്ങിയതോടെ അവർക്ക് അതു നിറുത്തേണ്ടിവന്നു. ഇപ്പോൾ അവർ യാത്ര നിറുത്തുമോ അതോ ന്യൂഗിനിയിലേക്കുതന്നെ പോകുമോ? തിരിച്ചുപോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല എന്നായിരുന്നു ബോട്ടിന്റെ കപ്പിത്താനായ എറിക്ക് യുവിൻസ് പറഞ്ഞത്. അങ്ങനെ 1935 ഏപ്രിൽ 28-ന് പ്രകാശവാഹകൻ സുരക്ഷിതമായി പോർട്ട് മോഴ്സ്ബിയിൽ എത്തിച്ചേർന്നു.
പ്രകാശവാഹകൻ ബോട്ടിലെ സംഘാംഗങ്ങൾ, ഇടത്തുനിന്ന്: വില്യം ഹണ്ടർ, ചാൾസ് ഹാരിസ്, അലൻ ബക്ക്നൽ (താഴെ) ആൽഫ്രഡ് റോ, ഫ്രാങ്ക് ഡ്യൂവർ, എറിക്ക് യുവിൻസ്, റിച്ചാർഡ് നട്ട്ലി
മെക്കാനിക്ക് എഞ്ചിൻ നന്നാക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന ഫ്രാങ്ക് ഡ്യൂവർ ഒഴിച്ചുള്ള എല്ലാവരും പോർട്ട് മോഴ്സ്ബിയിൽ സന്തോഷവാർത്ത പ്രസംഗിക്കാൻ തുടങ്ങി. ഫ്രാങ്കിന്റെ കാര്യമോ? കഠിനാധ്വാനിയായ മുൻനിരസേവകൻ എന്ന് അവരെല്ലാം വിശേഷിപ്പിച്ച ഫ്രാങ്ക് പറയുന്നു: “ഞാൻ കുറെയധികം പുസ്തകവും ചുമന്ന് ഏതാണ്ട് 32 കിലോമീറ്റർ ഉള്ളിലേക്കു നടന്നു. അവിടങ്ങളിലുള്ള കുടിയേറ്റക്കാരോടൊക്കെ സംസാരിച്ചു.” മറ്റൊരു വഴിയിലൂടെ തിരിച്ചെത്തിയ ഫ്രാങ്കിന് മുതലകളുണ്ടായിരുന്ന ഒരു നദി നടന്ന് കടക്കേണ്ടിവന്നു. എങ്കിലും ശ്രദ്ധയോടെ നീങ്ങിയതുകൊണ്ട് അദ്ദേഹത്തിന് ഒരു പോറൽപോലുമേൽക്കാതെ തിരിച്ച് എത്താനായി. ആ കൂട്ടം ശുശ്രൂഷയ്ക്കുവേണ്ടി ചെയ്ത ശ്രമങ്ങളൊന്നും വെറുതേയായില്ല. അന്ന് അവരിൽനിന്ന് ബൈബിൾപ്രസിദ്ധീകരണങ്ങൾ സ്വീകരിച്ച ചിലർ പിന്നീട് യഹോവയുടെ സാക്ഷികളായി.
ജാവയിലേക്ക്
എഞ്ചിൻ നന്നാക്കിയശേഷം പോർട്ട് മോഴ്സ്ബി വിട്ട ആ സംഘം ഡച്ച് ഈസ്റ്റ് ഇൻഡീസിലെ (പ്രധാനമായും ഇന്നത്തെ ഇന്തൊനീഷ്യ.) ജാവ ദ്വീപ് ലക്ഷ്യമാക്കി നീങ്ങി. അവശ്യസാധനങ്ങൾ സംഭരിക്കാൻ പല സ്ഥലങ്ങളിൽ നിറുത്തിനിറുത്തി മുന്നോട്ട് നീങ്ങിയ അവർ 1935 ജൂലൈ 15-ന് ബട്ടാവിയായിൽ (ഇന്നത്തെ ജക്കാർത്തയിൽ) എത്തി.
അതുവരെ സംഘത്തോടൊപ്പം യാത്ര ചെയ്ത ചാൾസ് ഹാരിസ് ജാവയിൽത്തന്നെ തങ്ങാൻ തീരുമാനിച്ചു. അദ്ദേഹം തുടർന്ന് അവിടെ തീക്ഷ്ണതയോടെ സന്തോഷവാർത്ത പ്രസംഗിച്ചു.b അദ്ദേഹം പറയുന്നു: “അന്നൊക്കെ ഞങ്ങൾ പ്രധാനമായും ബൈബിൾപ്രസിദ്ധീകരണങ്ങൾ കൊടുത്തുപോകുക മാത്രമാണു ചെയ്തിരുന്നത്. ഒരു പട്ടണം തീർന്നുകഴിയുമ്പോൾ അടുത്തതിലേക്ക്. ഞാൻ ചൈനീസ്, ഡച്ച്, ഇംഗ്ലീഷ്, ഇൻഡൊനീഷ്യൻ, അറബി ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ കൈയിൽ കൊണ്ടുപോകുമായിരുന്നു. ആളുകൾ നമ്മുടെ പ്രസിദ്ധീകരണങ്ങൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചതുകൊണ്ട് ഞാൻ ഒരു വർഷം 17,000-ത്തോളം പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചിട്ടുണ്ട്.”
പ്രകാശവാഹകൻ അതിന്റെ സഞ്ചാരപാതയിൽ
ചാൾസിന്റെ തീക്ഷ്ണതയോടെയുള്ള പ്രവർത്തനം ഡച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരിക്കൽ ജാവയിൽ പ്രസംഗിച്ചിരുന്ന മറ്റൊരു സാക്ഷിയുടെ അടുക്കൽ ഒരു ഓഫീസർ എത്തി. കിഴക്കൻ ജാവയിൽ എത്ര സാക്ഷികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആ ഓഫീസർ അദ്ദേഹത്തോടു ചോദിച്ചു. കിഴക്കൻ ജാവയിലാണു ചാൾസ് പ്രവർത്തിച്ചിരുന്നത്. അപ്പോൾ നമ്മുടെ സഹോദരൻ പറഞ്ഞു, “അവിടെ ഒരാളേ ഉള്ളൂ.” “ഞാൻ അതു വിശ്വസിക്കുമെന്നു തോന്നുന്നുണ്ടോ” എന്ന് ആ ഓഫീസർ അലറി. “അവിടെ വിതരണം ചെയ്ത പ്രസിദ്ധീകരണങ്ങളുടെ കണക്കുവെച്ച് നോക്കുമ്പോൾ നിങ്ങളുടെ ഒരു വലിയ പടതന്നെ അവിടെ കാണണം” എന്ന് അയാൾ പറഞ്ഞു.
സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും
ഇന്തൊനീഷ്യയിൽനിന്ന് യാത്ര പുറപ്പെട്ട പ്രകാശവാഹകൻ ആഗസ്റ്റ് 7-ാം തീയതി സിംഗപ്പൂരിൽ എത്തിച്ചേർന്നു. ഓരോ സ്ഥലത്ത് നിറുത്തിയപ്പോഴും സഹോദരങ്ങൾ ബോട്ടിലെ ശക്തിയേറിയ ശബ്ദസംവിധാനവും ഉച്ചഭാഷിണികളും ഉപയോഗിച്ച്, റെക്കോർഡ് ചെയ്ത പ്രസംഗങ്ങൾ കേൾപ്പിച്ചു. സന്തോഷവാർത്ത അറിയിക്കുന്ന ഈ രീതി ധാരാളം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. സിംഗപ്പൂർ ഫ്രീ പ്രസ്സ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: “ബുധനാഴ്ച രാത്രി ഒരു ഗംഭീരശബ്ദം ജലരേഖകളെ കീറിമുറിച്ച് ആളുകളുടെ കാതിലെത്തി. പ്രകാശവാഹകനിൽനിന്ന് കേട്ട പ്രസംഗം ഏറെ പ്രത്യേകതയുള്ളതായിരുന്നു. ഓസ്ട്രേലിയയിൽനിന്ന് സിംഗപ്പൂരെത്തിയ പ്രകാശവാഹകൻ വാച്ച് ടവറിന്റെ റെക്കോർഡ് ചെയ്ത പ്രസംഗങ്ങൾ കേൾപ്പിച്ചുവരുകയാണ്.” ആ റിപ്പോർട്ട് ഇങ്ങനെയും പറഞ്ഞു: “അനുകൂലമായ കാലാവസ്ഥയിൽ ഈ പ്രസംഗങ്ങൾ മൂന്നോ നാലോ കിലോമീറ്റർ ദൂരത്തോളം വ്യക്തമായി കേൾക്കാമായിരുന്നു.”
സിംഗപ്പൂരിൽവെച്ച് പ്രകാശവാഹകനിലെ ഫ്രാങ്ക് ഡ്യൂവർ പുതിയൊരു നിയമനത്തിലേക്കു കാലെടുത്തുവെച്ചു. ആ സമയത്തെക്കുറിച്ച് അദ്ദേഹം ഓർക്കുന്നു: “ബോട്ടിൽ താമസിച്ചുകൊണ്ടുതന്നെ ഞങ്ങൾ സിംഗപ്പൂരിൽ മുൻനിരസേവനം നടത്തി. പ്രകാശവാഹകൻ സിംഗപ്പൂർ വിടേണ്ട സമയമായപ്പോൾ എറിക്ക് യുവിൻസ് ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തി. അദ്ദേഹം പറഞ്ഞു: ‘ഫ്രാങ്ക്, താങ്കൾക്ക് സിയാമിൽ (ഇന്നത്തെ തായ്ലൻഡ്.) പ്രവർത്തിക്കണമെന്നാണല്ലോ പറഞ്ഞത്. ഞങ്ങൾക്കു താങ്കളെ ഇവിടംവരെയേ എത്തിക്കാനാകൂ. ഇനി താങ്കൾക്കു ലക്ഷ്യസ്ഥാനത്തേക്കു പോകാം.’ പകച്ചുപോയ എന്റെ തൊണ്ടയിടറി. ‘പക്ഷേ ഇവിടുന്നു ഞാൻ എങ്ങനെ സിയാമിലേക്കു പോകും’ എന്നു ഞാൻ പറഞ്ഞു.” ക്വാലലംപൂരിൽനിന്ന് ട്രെയിൻ പിടിച്ച് അങ്ങോട്ടു പോയാൽ മതിയെന്ന് അപ്പോൾ എറിക്ക് പറഞ്ഞു. ഇന്നു മലേഷ്യയുടെ ഭാഗമാണു ക്വാലലംപൂർ. അനുസരണത്തോടെ ക്വാലലംപൂരിലേക്കു പോയ ഫ്രാങ്ക് കുറച്ച് മാസങ്ങൾക്കു ശേഷം തായ്ലൻഡിൽ എത്തിച്ചേർന്നു.c
മലേഷ്യയുടെ പടിഞ്ഞാറൻ തീരത്തോടു ചേർന്ന് നീങ്ങിയ പ്രകാശവാഹകൻ ജൊഹോർ ബഹ്റു, മ്വാർ, മലാക്ക, ക്ലാങ്, പോർട്ട് സ്വെറ്റൻഹാം (ഇന്നു പോർട്ട് ക്ലാങ് എന്ന് അറിയപ്പെടുന്നു.), പെനാങ് എന്നിവിടങ്ങളിൽ നിറുത്തി. ഓരോ തുറമുഖത്തും ബോട്ടിൽനിന്ന് ഉച്ചഭാഷിണിയിലൂടെ റെക്കോർഡ് ചെയ്ത ബൈബിൾപ്രഭാഷണങ്ങൾ കേൾപ്പിച്ചു. “ഒരു പറക്കുംതളിക വന്നാൽപ്പോലും ആളുകൾ ഇത്രയും താത്പര്യം കാണിക്കുമായിരുന്നില്ല” എന്നാണ് അന്ന് ഇന്തൊനീഷ്യയിൽ സേവിച്ചിരുന്ന ജിൻ ഡെഷാംപ് എന്നൊരു സാക്ഷി പറഞ്ഞത്. റെക്കോർഡിങ്ങുകൾ കേൾപ്പിച്ചുകഴിഞ്ഞ് ബോട്ടിലുള്ളവർ കരയിൽ നിൽക്കുന്ന താത്പര്യക്കാരുടെ അടുത്ത് ചെന്ന് പ്രസിദ്ധീകരണങ്ങൾ കൊടുക്കുമായിരുന്നു.
സുമാത്രയിലേക്ക്
തുടർന്ന് ആ സംഘം പെനാങിൽനിന്ന് മലാക്ക കടലിടുക്കിലൂടെ ഇന്നത്തെ ഇന്തൊനീഷ്യയുടെ ഭാഗമായ സുമാത്രയിലെ മേദാനിലേക്കു നീങ്ങി. എറിക്ക് യുവിൻസ് ഓർമിക്കുന്നു: “മേദാനിലെ പ്രവർത്തനം വളരെ രസകരമായിരുന്നു. ധാരാളം ആളുകൾ സന്തോഷവാർത്ത കേട്ടു. ഏതാണ്ട് 3,000-ത്തോളം പ്രസിദ്ധീകരണങ്ങൾ ആ പ്രദേശത്ത് സഹോദരങ്ങൾ വിതരണം ചെയ്തു.”
തെക്കുഭാഗത്തേക്കു യാത്ര തുടർന്ന പ്രകാശവാഹകൻ സുമാത്രയുടെ കിഴക്കൻ ഭാഗങ്ങളിലുള്ള പ്രധാന തുറമുഖങ്ങളിലെല്ലാം സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി നിറുത്തി. 1936 നവംബറിൽ ബോട്ട് സിംഗപ്പൂരിലേക്കു മടങ്ങി. എറിക്ക് യുവിൻസ് അവിടെ ഇറങ്ങി. ഏതാനും ആഴ്ചകൾക്കു ശേഷം സിംഗപ്പൂരിൽത്തന്നെയുള്ള ഐറിൻ സ്ട്രോസ് എന്ന ഒരു സഹോദരിയെ അദ്ദേഹം വിവാഹം ചെയ്തു. പിന്നെ അവർ ഇരുവരും സുമാത്രയിൽ മുൻനിരസേവനം തുടർന്നു. പ്രകാശവാഹകന് പുതിയൊരു കപ്പിത്താനെ ഇപ്പോൾ ആവശ്യമാണ്!
ബോർണിയോയിലേക്ക്
ആ പുതിയ കപ്പിത്താനായിരുന്നു നോർമൻ സീന്യെർ. പരിശീലനം കിട്ടിയ ഒരു നാവികനായിരുന്നു അദ്ദേഹം. 1937 ജനുവരിയിൽ അദ്ദേഹം സിഡ്നിയിൽനിന്ന് എത്തി. ആ സംഘം തുടർന്ന് സിംഗപ്പൂരിൽനിന്ന് ബോർണിയോയിലേക്കും അവിടെനിന്ന് ഇന്നു സുലാവെസി എന്ന് അറിയപ്പെടുന്ന സെലിബസിലേക്കും പോയി. അവിടെ വ്യാപകമായ പ്രസംഗപ്രവർത്തനം നടത്തിയ അവർ തീരത്തുനിന്ന് 480 കിലോമീറ്റർ ഉള്ളിലേക്കുപോലും പോയി പ്രസംഗിച്ചു.
പ്രകാശവാഹകൻ ബോർണിയോയിലെ സമരിൻഡയിലെത്തിയപ്പോൾ അവിടത്തെ തുറമുഖത്തിന്റെ അധികാരി പ്രദേശവാസികളോടു സംസാരിക്കുന്നതിൽനിന്ന് ആ സംഘത്തെ വിലക്കി. എന്നാൽ നോർമൻ നമ്മുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ ആ വ്യക്തി അതിനോടു സഹകരിക്കാൻ തയ്യാറായി. അദ്ദേഹം നമ്മുടെ കുറച്ച് പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുകപോലും ചെയ്തു.
മറ്റൊരു അവസരത്തിൽ അവിടെയുള്ള ഒരു പള്ളിയിൽ പ്രസംഗിക്കുന്നതിനുവേണ്ടി നോർമനെ ഒരു വൈദികൻ ക്ഷണിച്ചു. സ്വന്തമായി ഒരു പ്രസംഗം നടത്തുന്നതിനു പകരം കൈവശമുണ്ടായിരുന്ന ഗ്രാമഫോണിൽനിന്ന് അഞ്ചു ബൈബിൾപ്രസംഗങ്ങൾ അദ്ദേഹം കേൾപ്പിച്ചു. ആ വൈദികൻ വളരെ നന്നായി പ്രതികരിച്ചു. കൂട്ടുകാർക്കു കൊടുക്കാൻവേണ്ടി പ്രസിദ്ധീകരണങ്ങൾപോലും അദ്ദേഹം വാങ്ങി. എന്നാൽ എല്ലാ വൈദികരും ഇദ്ദേഹത്തെപ്പോലെയായിരുന്നില്ല. പുരോഹിതന്മാർക്കു മൊത്തത്തിൽ യഹോവയുടെ സാക്ഷികളുടെ ഈ പ്രവർത്തനത്തോടു വിയോജിപ്പായിരുന്നു. ധൈര്യത്തോടെ പ്രസംഗിക്കുന്ന ഈ സംഘത്തോട് അവർക്കു വല്ലാത്ത ദേഷ്യം തോന്നി. മറ്റു തുറമുഖങ്ങളിൽ പ്രകാശവാഹകനെ കയറ്റാതിരിക്കാൻ അധികാരികളുടെ മേൽ സമ്മർദംപോലും അവർ ചെലുത്തി.
പ്രകാശവാഹകൻ സഞ്ചരിച്ച പാത; അക്കാലത്തെ സ്ഥലപ്പേരുകളാണു കൊടുത്തിരിക്കുന്നത്
ഓസ്ട്രേലിയയിലേക്കു മടങ്ങുന്നു
അധികാരികളുടെ മേൽ പുരോഹിതന്മാർ ചെലുത്തിയ സമ്മർദം കാരണം പ്രകാശവാഹകന് 1937 ഡിസംബറിൽ ഓസ്ട്രേലിയയിലേക്കു മടങ്ങിപ്പോകേണ്ടിവന്നു. ഒടുവിൽ 1938 ഏപ്രിലിൽ അവർ സിഡ്നി ഹാർബറിൽ നങ്കൂരമിട്ടു. കൃത്യം അപ്പോൾ തുടങ്ങാനിരുന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ അവർക്കു പങ്കെടുക്കാനുമായി. പ്രകാശവാഹകൻ സിഡ്നി വിട്ടിട്ട് അതിനോടകം മൂന്നു വർഷം പിന്നിട്ടിരുന്നു. ഓസ്ട്രേലിയയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിരോധനം വന്നപ്പോൾ, അതായത് 1940-കളുടെ തുടക്കത്തിൽത്തന്നെ ആ ബോട്ട് വിറ്റു. “പ്രകാശവാഹകൻ അതിന്റെ ദൗത്യം നന്നായി പൂർത്തിയാക്കി” എന്നാണു യുവിൻസ് സഹോദരൻ പറഞ്ഞത്. പ്രകാശവാഹകനിലെ അദ്ദേഹത്തിന്റെ സേവനത്തെക്കുറിച്ച് അദ്ദേഹംതന്നെ പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ വർഷങ്ങൾ!”
പ്രകാശവാഹകന്റെ മായാത്ത കയ്യൊപ്പ്
ഒരു വിസ്തൃതമായ പ്രദേശത്തെ ഒരുപാട് ആളുകളുടെ ഹൃദയങ്ങളിൽ ദൈവരാജ്യത്തിന്റെ വിത്തു പാകാൻ പ്രകാശവാഹകനിലെ സംഘാംഗങ്ങൾക്കായി. എതിർപ്പുകളുണ്ടായിട്ടും അവരുടെ പ്രവർത്തനങ്ങൾക്കു ക്രമേണ നല്ല ഫലമുണ്ടായി. (ലൂക്കോസ് 8:11, 15) അന്ന് ആ മുൻനിരസേവകർ ആ പ്രദേശങ്ങളിൽ പ്രവർത്തിച്ചതിന്റെ ഫലമായി ഇന്ന് അവിടെ 40,000-ത്തിലധികം ദൈവരാജ്യപ്രഘോഷകരുണ്ട്. പ്രകാശവാഹകൻ എന്ന ബോട്ടും അതിലെ സംഘാംഗങ്ങളും ബൈബിളിലുള്ള സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ എത്ര ധൈര്യമാണു കാണിച്ചത്! അവരുടെ ആ നല്ല പ്രവർത്തനം ഇന്നു നമുക്കും ഒരു നല്ല മാതൃകയാണ്.
a യഹോവയുടെ സാക്ഷികൾക്കിടയിലെ മുഴുസമയ ശുശ്രൂഷകരെയാണ് മുൻനിരസേവകർ എന്നു വിളിക്കുന്നത്.
b ചാൾസ് ഹാരിസിന്റെ ജീവിതകഥ 1994 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
c യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1991 (ഇംഗ്ലീഷ്), പേജ് 187 കാണുക.