-
നിങ്ങൾ ആരെ വിശ്വസിക്കണം?ഉണരുക!—2006 | സെപ്റ്റംബർ
-
-
നിങ്ങൾ ആരെ വിശ്വസിക്കണം?
“ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.”—എബ്രായർ 3:4.
ഈബൈബിൾ വാക്യത്തിൽ കാണുന്ന യുക്തി നിങ്ങൾക്ക് അംഗീകരിക്കാനാകുമോ? പ്രസ്തുത വാക്യം എഴുതപ്പെട്ടതിനുശേഷം, പുരോഗതിയുടെ പടവുകൾ താണ്ടി ശാസ്ത്രം ഏതാണ്ട് 2,000 വർഷം മുന്നേറിയിരിക്കുന്നു. പ്രകൃതിയിലെ രൂപമാതൃകകൾ കാണുമ്പോൾ ഒരു രൂപസംവിധായകൻ, ഒരു സ്രഷ്ടാവ് അതായത് ഒരു ദൈവം ഉണ്ടെന്നു വിശ്വസിക്കാൻ പ്രേരിതരായിത്തീരുന്നു എന്ന അഭിപ്രായമുള്ളവർ ഇന്നുമുണ്ടോ?
വ്യവസായവത്കൃത രാജ്യങ്ങളിൽപ്പോലും അങ്ങനെ ചിന്തിക്കുന്ന അനേകരുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിലെ 80 ശതമാനം ആളുകൾ “പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്നു വിശ്വസിക്കുന്നു” എന്ന് 2005-ൽ ന്യൂസ്വീക്ക് മാസിക നടത്തിയ ഒരു സർവേ കണ്ടെത്തി. വിദ്യാഭ്യാസത്തിന്റെ പരിമിതികൊണ്ടാണോ അവർ അങ്ങനെ വിശ്വസിക്കുന്നത്? കൊള്ളാം, ദൈവത്തിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാരുണ്ടോ? ഒരു സർവേയിൽ പങ്കെടുത്ത, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നീ മേഖലകളിൽനിന്നുള്ള ശാസ്ത്രജ്ഞരിൽ 40 ശതമാനത്തോളം ഒരു ദൈവമുണ്ടെന്നു മാത്രമല്ല ആ ദൈവം പ്രാർഥന കേട്ട് ഉത്തരമരുളുന്നുവെന്നുകൂടെ വിശ്വസിക്കുന്നതായി 1997-ൽ നേച്ചർ എന്ന ശാസ്ത്ര മാസിക റിപ്പോർട്ടു ചെയ്തു.
എന്നിരുന്നാലും മറ്റു ശാസ്ത്രജ്ഞർ അതിനോടു ശക്തമായി വിയോജിക്കുന്നു. പ്രകൃത്യതീത ശക്തിയിൽ, പ്രത്യേകിച്ച് ദൈവത്തിൽ, ഉള്ള വിശ്വാസം യഥാർഥ ശാസ്ത്രവുമായി കൈകോർത്തു പോകുന്നതല്ലെന്ന് അടുത്തകാലത്തു നടന്ന ഒരു ശാസ്ത്ര സമ്മേളനത്തിൽ നോബൽസമ്മാന ജേതാവായ ഡോ. ഹെർബെർട്ട് എ. ഹൗപ്റ്റ്മാൻ പറഞ്ഞു. “ഇത്തരത്തിലുള്ള വിശ്വാസം മനുഷ്യവർഗത്തിന്റെ സുസ്ഥിതിക്കു തുരങ്കംവെക്കും,” അദ്ദേഹം പറഞ്ഞു. സസ്യമൃഗാദികളിൽ പ്രകടമായിരിക്കുന്ന രൂപകൽപ്പനയുടെ പിന്നിൽ ഒരു രൂപസംവിധായകൻ ഉണ്ടെന്നു പഠിപ്പിക്കാൻ ദൈവത്തിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞർപോലും മടിക്കുന്നു. എന്തുകൊണ്ട്? സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോസിൽ ഗവേഷകനായ ഡഗ്ലസ് എച്ച്. എർവിൻ ഒരു കാരണം ചൂണ്ടിക്കാട്ടുന്നു: “ശാസ്ത്രത്തിന്റെ വീക്ഷണത്തിൽ, യാതൊന്നും അത്ഭുതകരമായി സംഭവിക്കുന്നില്ല.”
നാം എന്തു ചിന്തിക്കണം, എന്തു വിശ്വസിക്കണം എന്നൊക്കെ തീരുമാനിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നത് തികച്ചും ബുദ്ധിശൂന്യമാണ്. അതിനു പകരം തെളിവുകൾ പരിശോധിച്ചുകൊണ്ട് സ്വന്തമായ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നതല്ലേ കൂടുതൽ അഭികാമ്യം? തുടർന്നുവരുന്ന പേജുകളിൽ, അടുത്തകാലത്തു നടന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെക്കുറിച്ചു വായിക്കുമ്പോൾ, ‘ഒരു സ്രഷ്ടാവുണ്ടെന്നു നിഗമനം ചെയ്യുന്നതു യുക്തിസഹമാണോ?’ എന്നു സ്വയം ചോദിക്കുക.
[3-ാം പേജിലെ ആകർഷക വാക്യം]
തെളിവുകൾ സ്വയം പരിശോധിക്കുക
[3-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾ സൃഷ്ടിവാദികളോ?
ഉല്പത്തി എന്ന ബൈബിൾ പുസ്തകത്തിലെ സൃഷ്ടിയെക്കുറിച്ചുള്ള വിവരണം യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. എന്നിരുന്നാലും അവരെ സൃഷ്ടിവാദികളുടെ ഗണത്തിൽ പ്പെടുത്താൻ സാധിക്കില്ല. എന്തുകൊണ്ട്? ആദ്യമായി, ഈ പ്രപഞ്ചവും ഭൂമിയും അതിലുള്ള ജീവജാലങ്ങളൊക്കെയും 10,000-ത്തോളം വർഷംമുമ്പ്, വെറും ആറു ദിവസംകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഈ ദിവസത്തിലോരോന്നിനും 24 മണിക്കൂർ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അനേകം സൃഷ്ടിവാദികൾ വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല.a തന്നെയുമല്ല, ബൈബിളിൽ അടിസ്ഥാനമില്ലാത്ത നിരവധി പഠിപ്പിക്കലുകൾ അവർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികളുടെ മതപരമായ എല്ലാ പഠിപ്പിക്കലുകളും ദൈവവചനത്തിൽ അധിഷ്ഠിതമാണ്.
കൂടാതെ, ചില ദേശങ്ങളിൽ “സൃഷ്ടിവാദി”കൾ മതമൗലികവാദ പ്രസ്ഥാനങ്ങളുമായി അഭേദ്യമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. രാഷ്ട്രീയത്തിൽ സജീവമായി ഉൾപ്പെടുന്ന ഈ പ്രസ്ഥാനങ്ങൾ സൃഷ്ടിവാദികളുടെ മതപരമായ വിശ്വാസങ്ങളുമായി ചേർന്നുപോകുന്ന നിയമങ്ങൾക്കും ഉപദേശങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കാൻ രാഷ്ട്രീയക്കാരുടെയും ന്യായാധിപന്മാരുടെയും അധ്യാപകരുടെയുംമേൽ സമ്മർദം ചെലുത്തുന്നു.
യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നു. നിയമങ്ങൾക്കു രൂപംകൊടുക്കാനും അവ നടപ്പിലാക്കാനുമുള്ള ഗവൺമെന്റിന്റെ അധികാരത്തെ അവർ മാനിക്കുന്നു. (റോമർ 13:1-7) എന്നിരുന്നാലും, തങ്ങൾ “ലൌകികന്മാരല്ല” എന്ന യേശുവിന്റെ പ്രസ്താവന അവർ ഗൗരവമായി എടുക്കുന്നു. (യോഹന്നാൻ 17:14-16) പരസ്യശുശ്രൂഷയിൽ, ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു പഠിക്കാനുള്ള അവസരം അവർ ആളുകൾക്കു വെച്ചുനീട്ടുന്നു. അതേസമയം ബൈബിൾ നിലവാരങ്ങൾ അംഗീകരിക്കാൻ, മറ്റുള്ളവരെ നിർബന്ധിക്കുന്ന തരം നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന മതമൗലികവാദ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാതിരുന്നുകൊണ്ട് അവർ ക്രിസ്തീയ നിഷ്പക്ഷത പാലിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 18:36.
[അടിക്കുറിപ്പ്]
a ഈ ലക്കത്തിന്റെ 18-ാം പേജിലുള്ള “ബൈബിളിന്റെ വീക്ഷണം: ശാസ്ത്രം ഉല്പത്തി വിവരണത്തിനു വിരുദ്ധമോ?” എന്ന ലേഖനം കാണുക.
-
-
പ്രകൃതി എന്തു പഠിപ്പിക്കുന്നു?ഉണരുക!—2006 | സെപ്റ്റംബർ
-
-
പ്രകൃതി എന്തു പഠിപ്പിക്കുന്നു?
“മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും. അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.”—ഇയ്യോബ് 12:7, 8.
അടുത്തകാലത്ത് ശാസ്ത്രജ്ഞന്മാരും എഞ്ചിനീയർമാരും അക്ഷരാർഥത്തിൽ സസ്യമൃഗാദികളിൽനിന്ന് ‘ഉപദേശം’ സ്വീകരിച്ചിരിക്കുന്നു. പുതിയ ഉത്പന്നങ്ങൾ നിർമിക്കാനും നിലവിലുള്ള യന്ത്രങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുമായി അവർ ജീവജാലങ്ങളുടെ രൂപസവിശേഷതകൾ പഠനവിധേമാക്കുകയും അതെല്ലാം പകർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ബയോമിമെറ്റിക്സ് എന്നാണ് ഈ ശാസ്ത്രശാഖയുടെ പേര്. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുമ്പോൾ ‘ഈ രൂപമാതൃകകളുടെയെല്ലാം ബഹുമതി അർഹിക്കുന്നത് ആരാണ്?’ എന്നു സ്വയം ചോദിക്കുക.
തിമിംഗലത്തിന്റെ ചിറകുകളിൽനിന്നു പഠിക്കുന്നു
വിമാനത്തിന്റെ രൂപകൽപ്പനാ വിദഗ്ധർക്ക് കൂനൻ തിമിംഗലത്തിൽനിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഉണ്ട്, വളരെയധികം. പൂർണവളർച്ചയെത്തിയ ഒരു കൂനൻ തിമിംഗലത്തിനു 30 ടണ്ണോളം ഭാരമുണ്ട്. 12 മീറ്റർ നീളവും അനായാസം വഴങ്ങാത്ത ശരീരവും വലിയ ചിറകുകളുമുള്ള ഇവ വെള്ളത്തിൽ നിഷ്പ്രയാസം തെന്നിനീങ്ങുന്നു. ഉദാഹരണത്തിന് ഇരതേടുമ്പോൾ ഇവ, തുടർച്ചയായി കുമിളകൾ വിട്ടുകൊണ്ട് കവചജീവികളുടെയും മത്സ്യങ്ങളുടെയും അടിയിൽനിന്ന് സർപ്പിളാകൃതിയിൽ മുകളിലേക്കു നീന്തിച്ചെല്ലുന്നു. 1.5 മീറ്റർ മാത്രം വ്യാസംവരുന്ന ഈ കൊച്ചു കുമിളവല, അതിൽ കുടുങ്ങുന്ന ജീവികൾ ജലോപരിതലത്തിൽ ഒരുമിച്ചുവരാൻ ഇടയാക്കുന്നു. അങ്ങനെ കുമിളവല ഒരുക്കുന്ന സ്വാദിഷ്ഠമായ സദ്യ ഇവ ആർത്തിയോടെ അകത്താക്കുന്നു.
അധികം വഴങ്ങാത്ത ശരീരമുള്ള ഈ ജീവി വളരെ ചെറിയ വട്ടത്തിനുള്ളിൽ തിരിയുന്നത് എങ്ങനെയാണ്? അതു ഗവേഷകരെ ശരിക്കും അമ്പരപ്പിച്ചു. അതിന്റെ ചിറകുകളുടെ ആകൃതിയിലാണ് രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് അവർ കണ്ടെത്തി. വിമാനത്തിന്റെ ചിറകുകളിൽനിന്നു വ്യത്യസ്തമായി അതിന്റെ ചിറകുകളുടെ മുൻഭാഗം കുതകൾ നിറഞ്ഞതാണ്. അവിടെ റ്റ്യൂബർക്കിൾസ് എന്നു വിളിക്കപ്പെടുന്ന മുഴകളുടെ ഒരു നിരതന്നെ ഉണ്ട്.
തിമിംഗലം വെള്ളത്തിലൂടെ പാഞ്ഞുനീങ്ങുമ്പോൾ ഈ മുഴകൾ ഉത്ഥാപകം (lift) വർധിപ്പിക്കുകയും വലിവ് (drag) കുറയ്ക്കുകയും ചെയ്യുന്നു. അതെങ്ങനെ? തിമിംഗലം കുത്തനെ മുകളിലേക്ക് ഉയരുമ്പോൾപ്പോലും വെള്ളം ചിറകുകൾക്കു മുകളിലൂടെ അതിവേഗം കറങ്ങിയൊഴുകാൻ റ്റ്യൂബർക്കിൾസ് ഇടയാക്കുന്നുവെന്ന് നാച്വറൽ ഹിസ്റ്ററി എന്ന മാസിക വിശദീകരിക്കുന്നു. ചിറകിന്റെ മുൻഭാഗം നിരപ്പുള്ളതായിരുന്നെങ്കിൽ അതിന്റെ പിമ്പിൽ ചുഴികൾ രൂപംകൊള്ളുകയും ആവശ്യമായ ഉത്ഥാപകം ലഭിക്കാതെ പോകുകയും ചെയ്യുമായിരുന്നു. അങ്ങനെയാകുമ്പോൾ ഇത്ര ചെറിയ വൃത്തത്തിനുള്ളിൽ മുകളിലേക്കുയരാൻ അതിനു സാധിക്കാതെ വരുമായിരുന്നു.
ഈ കണ്ടുപിടിത്തംകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്? തിമിംഗലത്തിന്റെ ചിറകുകളുടെ രൂപമാതൃകയിൽ നിർമിക്കപ്പെടുന്ന വിമാനത്തിന്റെ ചിറകുകൾക്ക് ഫ്ളാപ്പുകളും വായുപ്രവാഹത്തിന്റെ ദിശ മാറ്റാനുള്ള മറ്റ് ഉപകരണങ്ങളും വളരെ കുറച്ചു മാത്രമേ വേണ്ടിവരുകയുള്ളൂ. അത്തരം ചിറകുകൾ സുരക്ഷിതവും അവയുടെ കേടുപാടു തീർക്കുന്നത് എളുപ്പവുമായിരിക്കും. സമീപഭാവിയിൽത്തന്നെ “കൂനൻ തിമിംഗലത്തിന്റെ ചിറകുകളിലുള്ളതുപോലുള്ള മുഴകൾ എല്ലാ ജെറ്റ് വിമാനങ്ങളിലും നമുക്കു കാണാൻ കഴിഞ്ഞേക്കും” എന്നാണ് ബയോമെക്കാനിക്ക്സ് വിദഗ്ധനായ ജോൺ ലോംഗിന്റെ വിശ്വാസം.
കടൽക്കാക്കയുടെ ചിറകുകൾ അനുകരിക്കുന്നു
പക്ഷികളുടെ ചിറകുകളുടെ മാതൃകയിലാണ് വിമാനത്തിന്റെ ചിറകുകൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും അടുത്തകാലത്ത് എഞ്ചിനീയർമാർ അനുകരണത്തിന്റെ കാര്യത്തിൽ നിർണായകമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. “ആകാശത്ത് ചിറകടിച്ചു നിൽക്കാനും കൂപ്പുകുത്താനും ശരവേഗത്തിൽ ഉയർന്നു പറക്കാനുമുള്ള കടൽക്കാക്കയുടെ കഴിവുകൾ സംയോജിപ്പിച്ചുകൊണ്ട് പൈലറ്റില്ലാതെ, റിമോട്ട് കൺട്രോളിന്റെ സഹായത്താൽ പറക്കുന്ന വിമാനത്തിന്റെ ഒരു മാതൃക ഫ്ളോറിഡാ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നു” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു.
തോൾഭാഗവും ചിറകുകളുടെ മുട്ടുകളും വഴക്കമുള്ളതായതിനാൽ കടൽക്കാക്കകൾക്ക് അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയുന്നു. ചിറകുകളുടെ ഈ മാതൃക അനുകരിച്ചുകൊണ്ട് “24 ഇഞ്ച് നീളമുള്ള ഈ വിമാനം ഒരു കൊച്ചു മോട്ടോർ ഉപയോഗിച്ച്, ചിറകുകളെ ചലിപ്പിക്കുന്ന ഒരു കൂട്ടം ലോഹ കമ്പികളെ നിയന്ത്രിക്കുന്നു” എന്ന് മാസിക പറയുന്നു. വിദഗ്ധമായി രൂപകൽപ്പന ചെയ്യപ്പെട്ട ചിറകുകൾ ഉള്ളതു കാരണം ഇതിന് ആകാശത്തിൽ നിശ്ചലമായി നിൽക്കാനും കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽക്കൂടി കൂപ്പുകുത്താനും സാധിക്കുന്നു. വൻനഗരങ്ങളിൽ രാസ, ജൈവ ആയുധങ്ങളുടെ തിരച്ചിലിന് ഉപയോഗപ്പെടുത്താനായി ഇത്തരം സവിശേഷതകളുള്ള ഒരു വിമാനം വികസിപ്പിച്ചെടുക്കുന്നതിന്റെ ആവേശത്തിലാണ് യു.എസ്. എയർ ഫോഴ്സ്.
ഗെക്കോയുടെ പാദങ്ങൾ പകർത്തുന്നു
കരയിലുള്ള മൃഗങ്ങളും പഠിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല. ഉദാഹരണത്തിന്, ഗെക്കോ എന്നറിയപ്പെടുന്ന ചെറിയ പല്ലിക്ക് ചുവരിലൂടെയും മച്ചിലൂടെയും ഓടിനടക്കാനുള്ള കഴിവുണ്ട്. ബൈബിൾ കാലങ്ങളിൽപ്പോലും ഈ ജീവിയുടെ വിസ്മയാവഹമായ കഴിവ് അറിയപ്പെട്ടിരുന്നു. (സദൃശവാക്യങ്ങൾ 30:28) ഭൂഗുരുത്വാകർഷണത്തെ ഭേദിക്കാൻ ഗെക്കോയ്ക്ക് കഴിയുന്നത് എങ്ങനെയാണ്?
സ്ഫടിക സമാന പ്രതലങ്ങളിൽപ്പോലും ഗെക്കോയ്ക്ക് പറ്റിപ്പിടിച്ചിരിക്കാൻ കഴിയുന്നതിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് അതിന്റെ പാദത്തെ പൊതിയുന്ന, അതിസൂക്ഷ്മവും രോമസമാനവുമായ സീറ്റകളിലാണ്. അതിന്റെ പാദത്തിലൂടെ പശയൊന്നും പുറത്തേക്കു വരുന്നില്ല, വാൻ ഡർ വോൾസ് ബലങ്ങൾ എന്നറിയപ്പെടുന്ന താരതമ്യേന ശക്തി കുറഞ്ഞ തന്മാത്രാ ബലമാണ് പറ്റിപ്പിടിച്ചിരിക്കാൻ അവയെ സഹായിക്കുന്നത്. ഈ ആകർഷണ ബലങ്ങൾ രണ്ട് ഉപരിതലങ്ങളിലുള്ള തന്മാത്രകൾ പരസ്പരം ഒട്ടിച്ചേരാൻ ഇടയാക്കുന്നു. സാധാരണഗതിയിൽ, ഭൂഗുരുത്വബലം ഈ ബലങ്ങളെക്കാൾ ശക്തമാണ്, അതുകൊണ്ടാണ് ഒരു പല്ലി കയറിപ്പോകുന്നതുപോലെ നിങ്ങൾക്കു ചുവരിലൂടെ കയറിപ്പോകാൻ കഴിയാത്തത്. എന്നാൽ ഗെക്കോയുടെ സൂക്ഷ്മ സീറ്റകൾ, ചുവരുമായി സമ്പർക്കത്തിലാകുന്ന ഉപരിതലത്തിന്റെ വിസ്താരം വർധിപ്പിക്കുന്നു. പാദങ്ങളിലെ ആയിരക്കണക്കിനു സീറ്റകളുടെ വാൻ ഡർ വോൾസ് ബലങ്ങൾ കൂടിച്ചേരുമ്പോൾ കൊച്ചു പല്ലിയുടെ ഭാരത്തെ പിടിച്ചുനിറുത്താൻ ആവശ്യമായ ആകർഷണ ബലം ഉളവാകുന്നു.
ഈ കണ്ടുപിടിത്തംകൊണ്ട് ഉണ്ടായേക്കാവുന്ന പ്രയോജനം എന്താണ്? ഗെക്കോയുടെ പാദങ്ങളെ അനുകരിച്ചുകൊണ്ടു നിർമിക്കുന്ന കൃത്രിമ പദാർഥങ്ങൾ വെൽക്രോയ്ക്കു—പ്രകൃതിയിൽനിന്നുതന്നെ കടമെടുത്ത മറ്റൊരു ആശയംa—പകരം ഉപയോഗിക്കാൻ കഴിയും. “ചികിത്സയിൽ രാസസ്വഭാവമുള്ള ബാൻഡേജുകൾ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിൽ” “ഗെക്കോ ടേപ്പ്” വിശേഷാൽ പ്രയോജനപ്രദമായിരിക്കുമെന്ന് ഒരു ഗവേഷകൻ പറഞ്ഞതായി ദി ഇക്കോണൊമിസ്റ്റ് എന്ന മാസിക ഉദ്ധരിക്കുന്നു.
ബഹുമതി അർഹിക്കുന്നത് ആരാണ്?
തേളിനെപ്പോലെ നടക്കുന്ന, എട്ടു കാലുള്ള ഒരു റോബോട്ടിനെ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. ഒരു ഭീമൻ പ്രാണിയുടെ മാതൃകയിൽ, തടസ്സങ്ങൾ മറികടന്നുപോകാൻ കഴിവുള്ള ആറു കാലുള്ള ഒരു റോബോട്ടിനെ ഫിൻലൻഡിലെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. അന്തരീക്ഷ ഊഷ്മാവിന് അനുസൃതമായി സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന പൈൻകോണുകളുടെ സവിശേഷത അനുകരിച്ചുകൊണ്ട് ചില ഗവേഷകർ ഫ്ളാപ്പുകളോടൂകൂടിയ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നു. ബോക്സ്ഫിഷിന്റെ അസാധാരണ രൂപഘടന അനുകരിച്ചുകൊണ്ട് പ്രതിരോധം പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള കാർ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഒരു വാഹന നിർമാണ കമ്പനി. എബെലോൺ എന്ന ജീവിയുടെ പുറംതോടിന് ഷോക്ക് അബ്സോർബറായി വർത്തിക്കാനുള്ള കഴിവുണ്ട്, കനം കുറഞ്ഞതും എന്നാൽ നല്ല ഉറപ്പുള്ളതുമായ രക്ഷാകവചങ്ങൾ നിർമിക്കാനുള്ള ഉദ്ദേശ്യത്തിൽ ഗവേഷകർ എബെലോണിന്റെ ഈ സവിശേഷതയെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഫലപ്രദമായ എത്രയെത്ര ആശയങ്ങളുടെ ഭണ്ഡാരമാണ് പ്രകൃതി. ആയിരക്കണക്കിനു ജൈവവ്യവസ്ഥകൾ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു ഡേറ്റാബേസിനു ഗവേഷകർ രൂപംകൊടുത്തുകഴിഞ്ഞു. “രൂപസംവിധാനത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പ്രകൃതിയിൽനിന്നു പരിഹാരം” കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് ഈ ഡേറ്റാബേസ് പരിശോധിക്കാൻ കഴിയുമെന്ന് ദി ഇക്കോണൊമിസ്റ്റ് പറയുന്നു. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജൈവവ്യവസ്ഥകൾ “ജൈവ പേറ്റന്റുകൾ” എന്നാണ് അറിയപ്പെടുന്നത്. സാധാരണഗതിയിൽ, ഒരു പുതിയ ആശയമോ യന്ത്രമോ നിയമപരമായി രജിസ്റ്റർ ചെയ്യുന്ന വ്യക്തിയോ കമ്പനിയോ ആണ് അതിന്റെ പേറ്റന്റ് ഉടമ. ജൈവ പേറ്റന്റുകളുടെ ഡേറ്റാബേസിനെക്കുറിച്ചു ചർച്ചചെയ്യവേ, ദി ഇക്കോണൊമിസ്റ്റ് പറയുന്നു: “ബയോമിമെറ്റിക് സൂത്രങ്ങളെ ‘ജൈവ പേറ്റന്റുകൾ’ എന്നു വിളിക്കുകവഴി, ഫലത്തിൽ പ്രകൃതിയാണ് പേറ്റന്റ് ഉടമയെന്നു ഗവേഷകർ ഊന്നിപ്പറയുകയാണു ചെയ്യുന്നത്.”
ഈ ഉജ്ജ്വല ആശയങ്ങൾ പ്രകൃതി സ്വായത്തമാക്കിയത് എങ്ങനെയാണ്? കോടിക്കണക്കിനു വർഷങ്ങൾ എടുത്ത പരിണാമപരമായ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ് പ്രകൃതിയിൽ കാണുന്ന വിദഗ്ധമായ രൂപകൽപ്പനകളെന്നു പല ഗവേഷകരും അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും മറ്റു ഗവേഷകർ വ്യത്യസ്തമായ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നു. മൈക്രോബയോളജിസ്റ്റായ മൈക്കിൾ ബീഹി 2005-ൽ ദ ന്യൂയോർക്ക് ടൈംസിൽ ഇപ്രകാരം എഴുതി: “[പ്രകൃതിയിൽ] സമൃദ്ധമായി കാണുന്ന രൂപകൽപ്പനകൾ ബോധ്യംവരുത്തുന്നതും ലളിതവുമായ ഒരു ന്യായം സമർഥിക്കുന്നു: അത് താറാവിനെപ്പോലെയാണിരിക്കുന്നതും നടക്കുന്നതും കരയുന്നതുമെങ്കിൽ, അത് താറാവല്ലെന്നു തെളിയിക്കാൻ അനിഷേധ്യമായ തെളിവുകളുടെ അഭാവത്തിൽ, അതൊരു താറാവാണെന്ന് ആധികാരികമായി പറയാൻ നമുക്കു കഴിയും.” അദ്ദേഹത്തിന്റെ നിഗമനം എന്തായിരുന്നു? “രൂപരചന കണ്ടില്ലെന്നു നടിക്കരുത് കാരണം അത്രയ്ക്കും പ്രകടമാണത്.”
ഏറെ സുരക്ഷിതവും കാര്യക്ഷമവുമായ ചിറകുകൾ വിമാനത്തിനുവേണ്ടി രൂപകൽപ്പന ചെയ്യുന്ന ഒരു എഞ്ചിനീയർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. വിവിധോദ്ദേശ്യങ്ങളുള്ള ബാൻഡേജ്, ഏറെ സുഖപ്രദമായ വസ്ത്രങ്ങൾ, കൂടുതൽ കാര്യക്ഷമതയുള്ള വാഹനം—ഇവയുടെയെല്ലാം ഉപജ്ഞാതാക്കളും തങ്ങളുടെ രൂപകൽപ്പനയ്ക്കുള്ള ബഹുമതി അർഹിക്കുന്നു. വാസ്തവത്തിൽ, മറ്റുള്ളവരുടെ രൂപകൽപ്പനകൾ പകർത്തുകയും യഥാർഥ രൂപസംവിധായകനെ അംഗീകരിക്കാനോ ആദരിക്കാനോ പരാജയപ്പെടുകയും ചെയ്യുന്ന ഒരു നിർമാതാവ് ഒരു കുറ്റവാളിയായി വീക്ഷിക്കപ്പെട്ടേക്കാം.
എഞ്ചിനീയറിങ്ങിലെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രകൃതിയിലെ രൂപകൽപ്പനകളുടെ ഒരു ഏകദേശ രൂപം പകർത്തുന്ന വിദഗ്ധരായ ഗവേഷകർ ബുദ്ധിവൈഭവം തുളുമ്പുന്ന ‘ഒറിജിനൽ’ ആശയങ്ങൾക്കുള്ള ബഹുമതി ബുദ്ധിഹീനമായ പരിണാമത്തിനു നൽകുന്നത് ന്യായയുക്തമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? കേവലം രൂപമാതൃകയുണ്ടാക്കുന്നതിന് വിദഗ്ധനായ ഒരു രൂപസംവിധായകൻ ആവശ്യമാണെങ്കിൽ, ഒറിജിനലിന്റെ കാര്യത്തിലോ? യഥാർഥത്തിൽ, വിദഗ്ധനായ ഒരു അധ്യാപകനാണോ അതോ അദ്ദേഹത്തിന്റെ വിദ്യകൾ കേവലം പകർത്തുന്ന ഒരു വിദ്യാർഥിയാണോ കൂടുതൽ ബഹുമതി അർഹിക്കുന്നത്?
യുക്തിസഹമായ ഒരു നിഗമനം
പ്രകൃതിയിൽ കാണുന്ന രൂപകൽപ്പനയ്ക്കുള്ള തെളിവുകൾ ശ്രദ്ധാപൂർവം പരിശോധിച്ചിരിക്കുന്ന അനേകർ സങ്കീർത്തനക്കാരന്റെ അഭിപ്രായത്തോടു യോജിക്കുന്നു. അവൻ ഇങ്ങനെ എഴുതി: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 104:24) ബൈബിൾ എഴുത്തുകാരനായ പൗലൊസും സമാനമായ ബോധ്യം പ്രകടിപ്പിച്ചു. അവൻ എഴുതി: “അവന്റെ [ദൈവത്തിന്റെ] നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.”—റോമർ 1:19, 20.
എന്നിരുന്നാലും, പരിണാമത്തിലൂടെയായിരിക്കാം ദൈവം പ്രകൃതിയിലെ അത്ഭുതകരമായ സൃഷ്ടികൾ ഉളവാക്കിയതെന്നു ബൈബിളിനെ ആദരിക്കുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആത്മാർഥഹൃദയരായ പലരും ന്യായവാദം ചെയ്യുന്നു. ബൈബിൾ അതു സംബന്ധിച്ച് എന്താണു പഠിപ്പിക്കുന്നത്?
[അടിക്കുറിപ്പ്]
a ബർഡോക് ചെടിയുടെ കായ്കളിലുള്ള കൊളുത്തുകളുടെ രൂപമാതൃക അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ളതും വസ്തുക്കൾ പരസ്പരം ഒട്ടിച്ചേരാൻ സഹായിക്കുന്നതുമായ ഉത്പന്നമാണ് വെൽക്രോ.
[5-ാം പേജിലെ ആകർഷക വാക്യം]
ഉജ്ജ്വലമായ ഇത്രയധികം ആശയങ്ങൾ പ്രകൃതി സ്വായത്തമാക്കിയത് എങ്ങനെയാണ്?
[6-ാം പേജിലെ ആകർഷക വാക്യം]
പ്രകൃതിയുടെ പേറ്റന്റ് ഉടമ ആരാണ്?
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
രൂപമാതൃക ഉണ്ടാക്കുന്നതിന് വിദഗ്ധനായ ഒരു രൂപസംവിധായകൻ ആവശ്യമാണെങ്കിൽ ഒറിജിനലിന്റെ കാര്യത്തിലോ?
ഗെക്കോയുടെ പാദങ്ങളിൽ അഴുക്കു പിടിക്കുന്നില്ല, അവ കാൽപ്പാടുകൾ അവശേഷിപ്പിക്കുന്നുമില്ല. ടെഫ്ളോൺ ഒഴികെ ഏതു പ്രതലത്തിലും ഇവയുടെ പാദങ്ങൾക്ക് അനായാസം ഒട്ടിപ്പിടിക്കാനും വേറിട്ടുപോരാനും കഴിയും. ഗവേഷകർ ഇവയെ പകർത്താൻ ശ്രമിക്കുന്നു
അമ്പരപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഈ വിമാനത്തിന്റെ ചിറകുകൾ കടൽക്കാക്കയുടെ ചിറകുകളുടെ മാതൃക യിലാണു നിർമി ച്ചിരിക്കുന്നത്
ബോക്സ്ഫിഷിന്റെ അസാധാരണ രൂപഘടന അനുകരിച്ചുകൊണ്ട് പ്രതിരോധം പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള കാർ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഒരു വാഹന നിർമാണ കമ്പനി
[കടപ്പാട്]
വിമാനം: Kristen Bartlett/ University of Florida; ഗെക്കോയുടെ പാദം: Breck P. Kent; ബോക്സ് ഫിഷും കാറും: Mercedes-Benz USA
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സഹജജ്ഞാനമുള്ള സഞ്ചാരികൾ
സഞ്ചാരമാർഗം കണ്ടെത്തുന്നതിൽ പല ജീവികളും സഹജജ്ഞാനം പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 30:24, 25) രണ്ട് ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.
◼ ഉറുമ്പിന്റെ ട്രാഫിക് രഹസ്യം ആഹാരം തേടിപ്പോകുന്ന ഉറുമ്പുകൾ വഴിതെറ്റാതെ കൂട്ടിൽ തിരിച്ചെത്തുന്നത് എങ്ങനെയാണ്? സഞ്ചാരപഥം പ്രത്യേക ഗന്ധമുള്ള ഫിറോമോൺകൊണ്ട് അടയാളപ്പെടുത്തുന്നതിനു പുറമേ ചില ഉറുമ്പുകൾ ക്ഷേത്രഗണിത തത്ത്വങ്ങൾ ഉപയോഗിച്ചു വഴിത്താര സൃഷ്ടിക്കുന്നത് കൂട് കണ്ടുപിടി ക്കുന്നത് എളുപ്പമാക്കി ത്തീർക്കുന്നുവെന്ന് യുണൈറ്റഡ് കിങ്ഡത്തിലെ ഗവേഷകർ കണ്ടെത്തി. ഉദാഹരണത്തിന് ഫറവോൻ ഉറുമ്പുകൾ “കൂട്ടിൽനിന്ന് പുറത്തേക്കു പോകുമ്പോൾ 50 മുതൽ 60 വരെ ഡിഗ്രി കോണിൽ രണ്ടായി പിരിയുന്ന വഴിത്താരകൾ സൃഷ്ടിക്കുന്നു” എന്ന് ന്യൂ സയന്റിസ്റ്റ് പറയുന്നു. ഈ വിധത്തിൽ സഞ്ചാരപഥം സൃഷ്ടിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? കൂട്ടിലേക്കുള്ള മടക്കയാത്രയിൽ പാത രണ്ടായി പിരിയുന്നിടങ്ങളിൽ എത്തുമ്പോൾ, ചെറിയ തോതിൽ മാത്രം വ്യതിചലിക്കുന്ന പാത ഉറുമ്പുകൾ സ്വതവേ തിരഞ്ഞെടുക്കുന്നു. ഈ പാതയാകട്ടെ എല്ലായ്പോഴും കൂട്ടിലേക്കു നയിക്കുന്നതായിരിക്കും. ആ ലേഖനം പറയുന്നപ്രകാരം, “ഇടയ്ക്കിടെ രണ്ടായി പിരിയുന്ന രൂപമാതൃക യിലുള്ള ഈ സഞ്ചാരമാർഗം, അതിലൂടെയുള്ള ഉറുമ്പുകളുടെ സഞ്ചാരം സുഗമമാക്കിത്തീർക്കുന്നു, പ്രത്യേകിച്ചും രണ്ടു ദിശയിലേക്കും ഒരേസമയം സഞ്ചാരമുള്ളപ്പോൾ. തന്നെയുമല്ല തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതു മൂലമുണ്ടാകുന്ന ഊർജനഷ്ടം പരമാവധി കുറയ്ക്കുന്നതിനും അത് ഉപകരിക്കുന്നു.”
◼ പക്ഷികളുടെ ദിക്സൂചകങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്ന ദേശാടന പക്ഷികൾ ഏതു കാലാവസ്ഥയിലും അവയുടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചേരുന്നു. അത് എങ്ങനെയാണു സാധിക്കുന്നത്? പക്ഷികൾക്ക് ഭൂമിയുടെ കാന്തിക മണ്ഡലം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. എന്നിരുന്നാലും, ഭൂമിയുടെ “കാന്തിക മണ്ഡല രേഖകളുടെ ദിശ ഓരോ പ്രദേശത്തും വ്യത്യാസ പ്പെട്ടിരിക്കുമെന്നും അത് എല്ലായ്പോഴും ഉത്തരദിക്കിനു നേർക്കായിരിക്കില്ലെന്നും” സയൻസ് എന്ന മാസിക പറയുന്നു. തെറ്റായ ദിശയിൽ പറക്കുന്നതിൽനിന്നും ദേശാടന പക്ഷികളെ തടയുന്നത് എന്താണ്? ദിവസവും വൈകുന്നേരം സൂര്യാസ്തമയത്തിന്റെ ദിശ നോക്കി പക്ഷികൾ അവയുടെ ആന്തരിക ദിക്സൂചകം ട്യൂൺ ചെയ്യുന്നു. അക്ഷാംശരേഖയ്ക്കും കാലങ്ങൾക്കും അനുസൃതമായി സൂര്യാസ്തമയ ത്തിന്റെ സ്ഥാനം മാറുന്നതിനാൽ, “കാലത്തെ സംബന്ധിച്ച് സൂചന നൽകുന്ന ഒരു ജൈവ ഘടികാരത്തിന്റെ” സഹായത്താൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവയ്ക്ക് സാധിക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു എന്ന് ആ മാസിക പറയുന്നു.
ഉറുമ്പിനെ ക്ഷേത്രഗണിത തത്ത്വങ്ങൾ പഠിപ്പിച്ചത് ആരാണ്? ദിക്സൂചകവും ജൈവ ഘടികാരവും ഇവ നൽകുന്ന സൂചനകൾ വ്യാഖ്യാനിക്കാൻ പ്രാപ്തിയുള്ള തലച്ചോറും പക്ഷികൾക്ക് നൽകിയത് ആരാണ്? ബുദ്ധിഹീനമായ പരിണാമമോ ബുദ്ധിവൈഭവമുള്ള ഒരു സ്രഷ്ടാവോ?
[കടപ്പാട്]
© E.J.H. Robinson 2004
-
-
ദൈവം ജീവൻ ഉളവാക്കിയത് പരിണാമത്തിലൂടെയോ?ഉണരുക!—2006 | സെപ്റ്റംബർ
-
-
ദൈവം ജീവൻ ഉളവാക്കിയത് പരിണാമത്തിലൂടെയോ?
“കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ജനപ്രീതിയാർജിച്ചതോടെ, ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന പല സഭകളും ദൈവവിശ്വാസത്തെയും പരിണാമ സിദ്ധാന്തത്തെയും കോർത്തിണക്കാനുള്ള വഴികൾ ആലോചിച്ചു തുടങ്ങി.
പരിണാമത്തിലൂടെയായിരിക്കണം ദൈവം ജീവൻ ഉളവാക്കിയതെന്ന് പ്രമുഖ “ക്രൈസ്തവ” മതവിഭാഗങ്ങളിൽ ഭൂരിപക്ഷവും ഇന്ന് അംഗീകരിക്കുന്നതായി കാണപ്പെടുന്നു. നിർജീവ രാസവസ്തുക്കളിൽനിന്നു ജീവൻ സ്വതവേ ആവിർഭവിച്ച് ഒടുവിൽ മനുഷ്യവർഗം ഉളവാകുന്ന വിധത്തിൽ വികാസം പ്രാപിക്കാൻ തക്കവണ്ണം ദൈവം പ്രപഞ്ചത്തെ മുൻകൂട്ടി പ്രോഗ്രാം ചെയ്തുവെന്നു ചിലർ പഠിപ്പിക്കുന്നു. ആസ്തികത്വ പരിണാമം എന്നറിയപ്പെടുന്ന ഈ ആശയത്തെ പിന്താങ്ങുന്നവർ വിശ്വസിക്കുന്നത് പരിണാമ പ്രക്രിയ ആരംഭിച്ചതിൽപ്പിന്നെ ദൈവം അതിൽ ഇടപെട്ടിട്ടില്ലെന്നാണ്. സസ്യമൃഗാദികളിൽ ഭൂരിപക്ഷം വർഗങ്ങളും പരിണാമത്തിലൂടെ ഉളവാകാൻ ദൈവം അനുവദിച്ചുവെങ്കിലും ആ പ്രക്രിയ തുടർന്നുപോകാൻ സഹായിക്കുന്നതിന് ഇടയ്ക്കൊക്കെ അവൻ അതിൽ ഇടപെട്ടുവെന്നാണ് മറ്റുള്ളവർ പൊതുവേ വിശ്വസിക്കുന്നത്.
പരിണാമ സിദ്ധാന്തവും ക്രിസ്തുവിന്റെ പഠിപ്പിക്കലും കൈകോർത്തുപോകുമോ?
പരിണാമ സിദ്ധാന്തം യഥാർഥത്തിൽ ബൈബിൾ പഠിപ്പിക്കലുകളുമായി യോജിപ്പിലാണോ? പരിണാമം ശരിയാണെങ്കിൽ, ആദ്യ മനുഷ്യനായ ആദാമിന്റെ സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണം അക്ഷരാർഥത്തിൽ എടുക്കേണ്ട ഒന്നല്ലെന്നു വരും. കൂടിപ്പോയാൽ ധാർമിക പാഠം പ്രദാനം ചെയ്യുന്ന വെറുമൊരു കഥയായി വീക്ഷിക്കാനേ കഴിയൂ. (ഉല്പത്തി 1:26, 27; 2:18-24) പ്രസ്തുത ബൈബിൾ വിവരണത്തെ യേശു അങ്ങനെയാണോ വീക്ഷിച്ചത്? യേശുവിന്റെ പ്രസ്താവന ശ്രദ്ധിക്കുക, “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”—മത്തായി 19:4-6.
ഉല്പത്തി 2-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സൃഷ്ടിപ്പിൻ വിവരണത്തിൽനിന്നും ഉദ്ധരിക്കുകയായിരുന്നു യേശു. ആദ്യത്തെ വിവാഹം ഒരു സാങ്കൽപ്പിക കഥയാണെന്നു യേശു വിശ്വസിച്ചിരുന്നെങ്കിൽ, വിവാഹത്തിന്റെ പവിത്രതയെ സംബന്ധിച്ചുള്ള അവന്റെ പഠിപ്പിക്കലിനു പിൻബലമേകാൻ അവൻ അതു പരാമർശിക്കുമായിരുന്നോ? ഒരിക്കലുമില്ല. അത് ഒരു യഥാർഥ ചരിത്ര സംഭവമാണെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അവൻ ഉല്പത്തി വിവരണത്തിലേക്കു ശ്രദ്ധ ക്ഷണിച്ചത്.—യോഹന്നാൻ 17:17.
യേശുവിന്റെ ശിഷ്യന്മാരും ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണം വിശ്വസിച്ചിരുന്നു. ഉദാഹരണത്തിന്, ലൂക്കൊസിന്റെ സുവിശേഷത്തിൽ ആദാംവരെ പിമ്പോട്ടുള്ള യേശുവിന്റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു. (ലൂക്കൊസ് 3:23-38) ആദാം ഒരു സാങ്കൽപ്പിക കഥാപാത്രമായിരുന്നുവെങ്കിൽ ഈ വംശാവലി പട്ടിക ഏതു ഘട്ടത്തിൽവെച്ചാണ് കെട്ടുകഥയുടെ പരിവേഷമണിഞ്ഞത്? ഈ കുടുംബവൃക്ഷത്തിന്റെ തായ്വേര് സാങ്കൽപ്പികമായിരുന്നുവെങ്കിൽ, താൻ ദാവീദിന്റെ വംശത്തിൽ ജനിച്ച മിശിഹായാണെന്ന യേശുവിന്റെ അവകാശവാദം എത്രത്തോളം വിശ്വസനീയമായിരിക്കുമായിരുന്നു? (മത്തായി 1:1) താൻ “ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു”ണ്ടെന്നു സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് പറഞ്ഞു. വ്യക്തമായും, അവൻ ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണം വിശ്വസിച്ചിരുന്നു.—ലൂക്കൊസ് 1:4.
പൗലൊസ് അപ്പൊസ്തലന് യേശുക്രിസ്തുവിലുണ്ടായിരുന്ന വിശ്വാസം ഉല്പത്തി വിവരണത്തിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടിരുന്നു. അവൻ എഴുതി: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” (1 കൊരിന്ത്യർ 15:21, 22) “ഏകമനുഷ്യനാൽ [ആദാമിലൂടെ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു” എന്നു ബൈബിൾ പറയുന്നു. അക്ഷരാർഥത്തിൽ ആദാം മുഴു മനുഷ്യവർഗത്തിന്റെയും പൂർവപിതാവല്ലായിരുന്നെങ്കിൽ ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപത്തിന്റെ പരിണതഫലങ്ങളെ തുടച്ചുനീക്കാൻ യേശു മരിക്കേണ്ടതുണ്ടായിരുന്നോ?—റോമർ 5:12; 6:23.
ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണത്തിലുള്ള വിശ്വാസം ദുർബലപ്പെടുത്തുന്നത് ക്രിസ്തീയ വിശ്വാസത്തിന്റെതന്നെ അടിത്തറയിളക്കുന്നതിനു തുല്യമാണ്. പരിണാമ സിദ്ധാന്തവും ക്രിസ്തുവിന്റെ പഠിപ്പിക്കലുകളും കോർത്തിണക്കുക സാധ്യമല്ല. ഇവ രണ്ടും സമന്വയിപ്പിക്കാൻ നടത്തുന്ന ഏതൊരു ശ്രമവും “ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന” ദുർബലമായ ഒരു വിശ്വാസം ഉടലെടുക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ.—എഫെസ്യർ 4:14.
ഉറച്ച അടിസ്ഥാനമുള്ള വിശ്വാസം
നൂറ്റാണ്ടുകളോളം അപകീർത്തിക്കും വിമർശനത്തിനും വിധേയമായിട്ടുണ്ടെങ്കിലും ബൈബിൾ എല്ലായ്പോഴും സത്യമെന്നു തെളിഞ്ഞിരിക്കുന്നു. ചരിത്രം, ആരോഗ്യം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബൈബിൾ പ്രതിപാദിക്കുമ്പോൾ, ആ വിവരങ്ങൾ വിശ്വസനീയമാണെന്നു വീണ്ടുംവീണ്ടും തെളിഞ്ഞിട്ടുണ്ട്. മാനുഷിക ബന്ധങ്ങൾ സംബന്ധിച്ചുള്ള അതിന്റെ ബുദ്ധിയുപദേശങ്ങൾ ആശ്രയയോഗ്യവും കാലം മങ്ങലേൽപ്പിക്കാത്തതുമാണ്. മാനുഷിക തത്ത്വശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും പുല്ലുപോലെ പൊട്ടിമുളയ്ക്കുകയും കാലം കടന്നുപോകുന്നതോടെ വാടിക്കരിഞ്ഞു പോകുകയും ചെയ്യുന്നു, എന്നാൽ ദൈവത്തിന്റെ വചനമോ “എന്നേക്കും നിലനില്ക്കും.”—യെശയ്യാവു 40:8.
പരിണാമത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ കേവലം ശാസ്ത്ര സിദ്ധാന്തത്തിന്റെ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല. പൊട്ടിമുളയ്ക്കുകയും പിന്നീട് ദശാബ്ദങ്ങളോളം തഴച്ചു വളരുകയും ചെയ്ത ഒരു മാനുഷിക തത്ത്വശാസ്ത്രമാണത്. എന്നിരുന്നാലും, പ്രകൃതിയിലെ രൂപസംവിധാനത്തിന്റെ വർധിച്ചുവരുന്ന തെളിവുകൾ ഖണ്ഡിക്കാനുള്ള ശ്രമത്തിൽ, അടുത്തകാലത്ത് ഡാർവിന്റെ പരിണാമ സിദ്ധാന്തംതന്നെ ‘പരിണാമ’ത്തിനു—വാസ്തവത്തിൽ ഉത്പരിവർത്തനങ്ങൾക്ക്—വിധേയമായിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ ലക്കത്തിലെ മറ്റു ലേഖനങ്ങൾ വായിക്കുന്നതിലൂടെ നിങ്ങൾക്ക് അതിനു സാധിക്കും. കൂടാതെ, ഈ പേജിലും 32-ാം പേജിലും കാണിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളും നിങ്ങൾക്ക് വായിക്കാവുന്നതാണ്.
ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിക്കഴിയുമ്പോൾ, കഴിഞ്ഞ കാലത്തെക്കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ബലപ്പെടുന്നതായി നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. അതിലും പ്രധാനമായി, ഭാവിയെക്കുറിച്ചുള്ള ബൈബിൾ വാഗ്ദാനങ്ങളിലുള്ള വിശ്വാസവും ശക്തിപ്പെടും. (എബ്രായർ 11:1) “ആകാശവും ഭൂമിയും . . . ഉണ്ടാക്കി”യവനായ യഹോവയെ സ്തുതിക്കാൻ നിങ്ങൾ പ്രേരിതരായിത്തീരുകയും ചെയ്യും.—സങ്കീർത്തനം 146:6.
കൂടുതലായ വായനയ്ക്ക്
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം ബൈബിളിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്ന ചില ഉദാഹരണങ്ങൾ ഈ ലഘുപത്രികയിൽ ചർച്ചചെയ്തിരിക്കുന്നു
Is There a Creator Who Cares About You? കൂടുതൽ ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുക. കരുതലുള്ള ഒരു ദൈവം ഇത്രമാത്രം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണവും മനസ്സിലാക്കുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ഈ പുസ്തകത്തിന്റെ 3-ാം അധ്യായത്തിൽ “ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?” എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താം
[10-ാം പേജിലെ ആകർഷക വാക്യം]
യേശു ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണം വിശ്വസിച്ചിരുന്നു. അവന്റെ വിശ്വാസം തെറ്റായിരുന്നോ?
[9-ാം പേജിലെ ചതുരം]
പരിണാമം എന്നാൽ എന്ത്?
“ക്രമാനുഗതമായി ഒരു നിശ്ചിത ദിശയിൽ പരിവർത്തനം സംഭവിക്കുന്ന പ്രക്രിയ” എന്ന് “പരിണാമം” നിർവചിക്കപ്പെടുന്നു. എന്നാൽ ഇത് പരിണാമത്തിനു കൊടുത്തിരിക്കുന്ന നിരവധി നിർവചനങ്ങളിൽ ഒന്നു മാത്രമാണ്. ഈ പദം വ്യത്യസ്ത വിധങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. അചേതന വസ്തുക്കളിലെ വലിയ മാറ്റങ്ങളെ—പ്രപഞ്ചത്തിന്റെ വികാസത്തെ—കുറിക്കാനും അതുപോലെ സചേതന വസ്തുക്കളിലെ ചെറിയ മാറ്റങ്ങളെ—സസ്യമൃഗാദികൾ പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്ന വിധത്തെ—കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും ഈ പദം സർവസാധാരണമായി ഉപയോഗിക്കുന്നത്, അചേതന രാസവസ്തുക്കളിൽനിന്നും ജീവൻ ആവിർഭവിച്ച് പ്രജനനശേഷിയുള്ള കോശങ്ങളായി രൂപംകൊള്ളുകയും ഈ കോശങ്ങൾ ക്രമേണ കൂടുതൽ സങ്കീർണമായ ജീവരൂപങ്ങളായി വികാസം പ്രാപിക്കുകയും അങ്ങനെ ഉരുത്തിരിഞ്ഞ ജീവരൂപങ്ങളിൽ ഏറ്റവും ബുദ്ധിശക്തിയുള്ളത് മനുഷ്യനാണെന്നുമുള്ള സിദ്ധാന്തത്തെ പരാമർശിക്കാനാണ്. ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന “പരിണാമം” എന്ന പദത്തിനു മൂന്നാമതു കൊടുത്തിരിക്കുന്ന അർഥമാണുള്ളത്.
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Space photo: J. Hester and P. Scowen (AZ State Univ.), NASA
-
-
ഒരു ജീവരസതന്ത്രജ്ഞനുമായുള്ള അഭിമുഖംഉണരുക!—2006 | സെപ്റ്റംബർ
-
-
ഒരു ജീവരസതന്ത്രജ്ഞനുമായുള്ള അഭിമുഖം
ഐക്യനാടുകളിലെ പെൻസിൽവേനിയയിലുള്ള ലീഹൈ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ ജൈവരസതന്ത്ര പ്രൊഫസറായ മൈക്കിൾ ബീഹി 1996-ൽ ഡാർവിൻസ് ബ്ലാക്ബോക്സ്—ദ ബയോകെമിക്കൽ ചലഞ്ച് റ്റു ഇവല്യൂഷൻ എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്തു. 1997 മേയ് 8 ലക്കം ഉണരുക!യിൽ “നാം ഇവിടെ എങ്ങനെ വന്നു? യാദൃച്ഛിക സംഭവത്താലോ രൂപകൽപ്പനയാലോ?” എന്ന ലേഖനപരമ്പരയിൽ ബീഹിയുടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ പരാമർശിക്കുകയുണ്ടായി. ഡാർവിൻസ് ബ്ലാക്ക് ബോക്സ് പ്രസിദ്ധീകരിച്ചതിനെ തുടർന്നുള്ള ഒരു ദശകത്തിൽ പരിണാമവാദികളായ ശാസ്ത്രജ്ഞന്മാർ ബീഹിയുടെ വാദമുഖങ്ങളെ ഖണ്ഡിക്കാൻ നന്നേ പാടുപെട്ടു. ഒരു റോമൻ കത്തോലിക്കനായിരുന്ന അദ്ദേഹത്തിന്റെ ശാസ്ത്രീയ നിഗമനങ്ങളെ മതവിശ്വാസങ്ങൾ സ്വാധീനിക്കുന്നതായി വിമർശകർ ആരോപിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ന്യായവാദങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് മറ്റുചിലർ കുറ്റപ്പെടുത്തുന്നു. പ്രൊഫസർ ബീഹിയുടെ ആശയങ്ങൾ ഇത്രയും കോളിളക്കം സൃഷ്ടിച്ചത് എന്തുകൊണ്ടെന്നറിയാൻ ഉണരുക! അദ്ദേഹവുമായി ഒരു അഭിമുഖസംഭാഷണം നടത്തുകയുണ്ടായി.
ഉണരുക!: ജീവൻ ബുദ്ധിപൂർവകമായ ഒരു രൂപകൽപ്പനയ്ക്കു തെളിവു നൽകുന്നുവെന്നു താങ്കൾ കരുതുന്നത് എന്തുകൊണ്ടാണ്?
പ്രൊഫസർ ബീഹി: സങ്കീർണമായ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിരിക്കുന്ന എന്തെങ്കിലും കാണുമ്പോൾ അതൊരു രൂപകൽപ്പനയുടെ ഫലമാണെന്ന അനുമാനത്തിൽ നാം എത്തുന്നു. നാം ദൈനദിനം ഉപയോഗിക്കുന്ന ഒരു പുല്ലുവെട്ടിയന്ത്രമോ ഒരു കാറോ എന്തിന്, ഒരു നിസ്സാര യന്ത്രം പോലുമോ ദൃഷ്ടാന്തമായെടുക്കാവുന്നതാണ്. ഒരു എലിക്കെണി യുടെ ദൃഷ്ടാന്തമാണ് ഞാൻ സാധാരണമായി ഉപയോഗി ക്കാറുള്ളത്. ഒരു എലിയെ പിടിക്കുക എന്ന ഉദ്ദേശ്യത്തിന് ഉതകുംവിധം ആ ഉപകരണത്തിന്റെ പല ഭാഗങ്ങൾ ക്രമീകരിച്ചിക്കുന്നതു കാണുമ്പോൾ അതു രൂപകൽപ്പന ചെയ്തതാണെന്നു നിങ്ങൾ നിഗമനം ചെയ്യും.
ഒരു ജീവിയുടെ കോശപ്രവർത്ത നങ്ങൾ അനാവരണം ചെയ്യാനാകുന്ന അളവോളം ശാസ്ത്രം ഇന്നു പുരോഗമിച്ചിട്ടുണ്ട്. നമ്മെ അതിശയിപ്പിക്കുമാറ്, ജീവന്റെ തന്മാത്രാ തലത്തിലുള്ള പ്രവർത്തനക്ഷമവും സങ്കീർണവുമായ ‘യന്ത്രസാമഗ്രികളെയും’ ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നു. ഉദാഹരണമായി, ജീവനുള്ള കോശങ്ങളിൽ ഒരു വശത്തുനിന്നും മറുവശത്തേക്ക് അവശ്യവസ്തുക്കളെ വഹിച്ചുകൊണ്ടുപോകുന്ന അതിസൂക്ഷ്മങ്ങളായ തന്മാത്രാ ‘ട്രക്കുകൾ’ ഉണ്ട്. അത്തരം ‘ട്രക്കുകൾ’ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിനുള്ള നിർദേശങ്ങൾ അടങ്ങുന്ന ചെറിയ തന്മാത്രാ ‘സൂചക ബോർഡുകളും’ അവിടെ കാണാം. ചില കോശങ്ങൾക്ക് ദ്രാവക മാധ്യമ ത്തിലൂടെ അവയെ തള്ളിനീക്കുന്ന തന്മാത്രാ ‘മോട്ടോറുകൾ’ ഉണ്ട്. ആളുകൾ അത്തരം സങ്കീർണമായ പ്രവർത്തനങ്ങൾ മറ്റെവിടെയെങ്കിലുമാണ് കാണുന്നതെങ്കിൽ അവ രൂപകൽപ്പനയുടെ തെളിവാണെന്ന നിഗമനത്തിലെത്തും. ഡാർവിന്റെ അവകാശവാദങ്ങൾ നിലവിലുണ്ടെങ്കിലും മേൽപ്പറഞ്ഞ സങ്കീർണതയ്ക്കു മറ്റൊരു വിശദീകരണം ഇല്ല. സങ്കീർണമായ പ്രവർത്തനങ്ങൾ എവിടെയുണ്ടോ അവിടെയെല്ലാം ഒരു രൂപകൽപ്പനയുണ്ട് എന്നതിനാൽ, ഈ ജൈവരാസ വ്യവസ്ഥകളും ഒരു ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ ഫലമാണെന്നു ചിന്തിക്കുന്നതു ന്യായമാണ്.
ഉണരുക!: ബുദ്ധിപൂർവകമായ രൂപകൽപ്പന എന്ന താങ്കളുടെ നിഗമനത്തോട് ബഹുഭൂരിപക്ഷം സഹപ്രവർത്തകരും വിയോജിക്കുന്നത് എന്തുകൊണ്ടാണെന്നാണ് താങ്കൾ കരുതുന്നത്?
പ്രൊഫസർ ബീഹി: പല ശാസ്ത്രജ്ഞരും എന്റെ നിഗമനങ്ങളോടു യോജിക്കാത്തതിന്റെ കാരണം, ബുദ്ധിപൂർവകമായ രൂപകൽപ്പന എന്ന ആശയത്തിന് ഒരു ശാസ്ത്രേതര വശമുണ്ടെന്ന് അവർ തിരിച്ചറിയുന്നു, അതായത് അത് പ്രകൃത്യതീതമായ ഒന്നിലേക്കു വിരൽ ചൂണ്ടുന്നതായി തോന്നുന്നു എന്നതാണ്. ഈ വസ്തുത അനേകരെയും അസ്വസ്ഥരാക്കുന്നു. എന്നാൽ തെളിവുകൾ എങ്ങോട്ടു നയിച്ചാലും അതിനെയാണു ശാസ്ത്രം പിൻപറ്റേണ്ടത് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. നമുക്ക് അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത ഒരു വശം ഉണ്ടെന്നതിന്റെ പേരിൽ മാത്രം ശക്തമായ തെളിവുകളുള്ള എന്തെങ്കിലും തള്ളിക്കളയുന്നത് തികച്ചും ലജ്ജാകരമാണെന്നാണ് എന്റെ പക്ഷം.
ഉണരുക!: ബുദ്ധിപൂർവകമായ രൂപകൽപ്പനയെന്ന ആശയത്തെ സ്വീകരിക്കുന്നത് അജ്ഞതയെ പ്രോത്സാഹിപ്പിക്കലാണ് എന്ന വിമർശകരുടെ അഭിപ്രായത്തോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?
പ്രൊഫസർ ബീഹി: ബുദ്ധിപൂർവകമായ രൂപകൽപ്പന എന്ന നിഗമനം അജ്ഞതയുടെ ഫലമല്ല. കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല, മറിച്ച് വ്യക്തമായി അറിയാവു ന്നതുകൊണ്ടാണ് അങ്ങനെയൊരു ആശയത്തെ അംഗീകരിക്കുന്നത്. 150 വർഷം മുമ്പ് ഡാർവിൻ ദി ഒറിജിൻ ഓഫ് സ്പീഷീസ് എന്ന തന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോൾ ജീവൻ തികച്ചും ലളിതമായ ഒന്നാണെന്നു തോന്നിയിരുന്നു. കടൽത്തട്ടിൽനിന്നു താനേ ഉരുത്തിരിഞ്ഞേക്കാവുന്ന അത്രയും ലളിതവും നിസ്സാരവുമാണ് കോശം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. എന്നാൽ അതിനുശേഷം, കോശങ്ങൾ അതീവ സങ്കീർണമാണെന്ന്, 21-ാം നൂറ്റാണ്ടിലെ യന്ത്രസാമഗ്രികളെക്കാളൊക്കെ അത്യന്തം സങ്കീർണമാണെന്ന്, ശാസ്ത്രം കണ്ടുപിടിച്ചു. കോശത്തിനുള്ളിലെ സങ്കീർണ പ്രവർത്തനങ്ങൾ ഉദ്ദേശ്യപൂർണമായ രൂപകൽപ്പനയുടെ തെളിവാണ്.
ഉണരുക!: താങ്കൾ പറയുന്ന തന്മാത്രാതലത്തിലുള്ള സങ്കീർണ പ്രവർത്തനങ്ങൾ പ്രകൃതിനിർധാരണത്തിലൂടെയുള്ള പരിണാമത്തിന്റെ ഫലമാകാം എന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?
പ്രൊഫസർ ബീഹി: പരിണാമ പ്രക്രിയയിലൂടെ അത്തരം സങ്കീർണ പ്രവർത്തനങ്ങൾ ഉരുത്തിരിഞ്ഞതെങ്ങനെയെന്നു വിശദീകരിക്കുന്ന പരീക്ഷണങ്ങൾ ആരെങ്കിലും നടത്തിയതിന്റെയോ വിശദമായ ശാസ്ത്രീയ മാതൃകകൾ അവതരിപ്പിച്ചതിന്റെയോ യാതൊരു രേഖയും ശാസ്ത്രഗ്രന്ഥങ്ങളിൽ നിങ്ങൾക്കു കണ്ടെത്താനാവില്ല. എന്റെ പുസ്തകം പുറത്തിറങ്ങി പത്തുവർഷത്തിനുള്ളിൽ ജീവൻ ബുദ്ധിപൂർവകമായ രൂപകൽപ്പനയ്ക്കു തെളിവു നൽകുന്നുവെന്ന ആശയത്തെ ചെറുക്കാൻ സാധിക്കുന്നതെല്ലാം ചെയ്യാൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്, അമേരിക്കൻ അസ്സോസിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് എന്നിവപോലുള്ള അനേകം ശാസ്ത്ര സംഘടനകൾ അവയുടെ അംഗങ്ങളോട് അടിയന്തിര ആഹ്വാനം ചെയ്തിട്ടുകൂടി ആണ് ഇത്തരമൊരു സ്ഥിതിവിശേഷം നിലവിലുള്ളതെന്ന് ഓർക്കണം.
ഉണരുക!: ചില സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റും രൂപഘടനയിലെ ഏതെങ്കിലും വശം ചൂണ്ടിക്കാണിച്ചിട്ട് അത് ശരിയായ വിധത്തിലുള്ളതല്ലെന്നു പറയുന്നവരോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?
പ്രൊഫസർ ബീഹി: ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ രൂപകൽപ്പനയിലുള്ള ഒരു പ്രത്യേകവശം നമുക്ക് അറിയാൻ പാടില്ല എന്നതുകൊണ്ടു മാത്രം അത് ഒരു സുപ്രധാന ധർമം നിർവഹിക്കുന്നില്ല എന്നു വരുന്നില്ല. ഉദാഹരണത്തിന്, ഉപയോഗ ശൂന്യേന്ദ്രിയങ്ങൾ (vestigial organs) എന്നു വിളിക്കപ്പെടുന്നവ മനുഷ്യന്റെയും മറ്റു ജീവികളുടെയും ശരീരത്തിന്റെ രൂപകൽപ്പനയിലുള്ള ഒരു ന്യൂനതയുടെ തെളിവാണെന്ന് ഒരിക്കൽ കരുതിയിരുന്നു. ഒരുകാലത്ത് അപ്പെൻഡിക്സും ടോൺസിൽസും ഉപയോഗശൂന്യമാണെന്നു കരുതി അവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട്, ഈ അവയവങ്ങൾ രോഗപ്രതിരോധ വ്യവസ്ഥയിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നുവെന്നും അവയെ മേലാൽ ഉപയോഗ ശൂന്യേന്ദ്രിയങ്ങളായി കണക്കാക്കാനാവില്ലെന്നും കണ്ടുപിടിക്കുകയുണ്ടായി.
ജൈവലോകത്ത് ചില മാറ്റങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നുണ്ട് എന്നതാണ് മനസ്സിൽപ്പിടിക്കേണ്ട മറ്റൊരു വസ്തുത. എന്റെ കാറിന് ഒരു ചളുക്കമുണ്ട് അല്ലെങ്കിൽ അതിന്റെ ടയർ പങ്ചറായി എന്നതുകൊണ്ടു മാത്രം കാറോ ടയറോ രൂപകൽപ്പന ചെയ്യപ്പെട്ടതല്ല എന്നു വരുന്നില്ല. സമാനമായി, ജൈവലോകത്ത് ചില കാര്യങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നുണ്ട് എന്നത് ജീവന്റെ തന്മാത്രാതലത്തിലുള്ള സങ്കീർണവും പരിഷ്കൃതവുമായ ‘യന്ത്രസംവിധാനം’ യാദൃച്ഛികമായി ഉണ്ടായതാണെന്ന് അർഥമാക്കുന്നില്ല. ആ വാദഗതി ഒരിക്കലും യുക്തിക്കു നിരക്കുന്നതല്ല.
[12-ാം പേജിലെ ആകർഷക വാക്യം]
“നമുക്ക് അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത ഒരു വശം ഉണ്ടെന്നതിന്റെ പേരിൽ മാത്രം ശക്തമായ തെളിവുകളുള്ള എന്തെങ്കിലും തള്ളിക്കളയുന്നത് തികച്ചും ലജ്ജാകരമാണെന്നാണ് എന്റെ പക്ഷം”
-
-
പരിണാമം ഒരു വസ്തുതയോ?ഉണരുക!—2006 | സെപ്റ്റംബർ
-
-
പരിണാമം ഒരു വസ്തുതയോ?
“സൂര്യന്റെ ചൂടുപോലെതന്നെ ഒരു യാഥാർഥ്യമാണ് പരിണാമം” എന്ന് ഒരു പ്രമുഖ പരിണാമ ശാസ്ത്രജ്ഞനായ പ്രൊഫസർ റിച്ചർഡ് ഡോക്കിൻസ് ഉറപ്പിച്ചുപറയുന്നു. തീർച്ചയായും, സൂര്യൻ ചൂടുള്ളതാണെന്നു പരീക്ഷണങ്ങളും നേരിട്ടുള്ള നിരീക്ഷണങ്ങളും തെളിയിക്കുന്നു. എന്നാൽ പരീക്ഷണ നിരീക്ഷണങ്ങൾ പരിണാമം ഒരു വസ്തുതയാണെന്ന് അതേപോലെതന്നെ അനിഷേധ്യമായി തെളിയിക്കുന്നുണ്ടോ?
ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുമ്പ് ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. കാലം കടന്നുപോകുമ്പോൾ ജീവജാലങ്ങളുടെ സന്തതിപരമ്പരകളിൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചാൾസ് ഡാർവിൻ ഈ പ്രക്രിയയെ “അനുക്രമമായ രൂപഭേദത്തോടുകൂടിയ തലമുറകളുടെ ആവിർഭാവം” എന്നു വിളിച്ചു. ഇത്തരം മാറ്റങ്ങൾ നേരിട്ടു നിരീക്ഷിക്കാനും പരീക്ഷണങ്ങളിലൂടെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, സസ്യങ്ങളെയും ജന്തുക്കളെയും പ്രജനനം നടത്തുന്നവർ അവ വിദഗ്ധമായി ഉപയോഗപ്പെടുത്തിവരുകയും ചെയ്യുന്നു.a ഈ മാറ്റങ്ങളെ വസ്തുതയായി പരിഗണിക്കാനാകും. എന്നിരുന്നാലും, അത്തരം നിസ്സാര മാറ്റങ്ങളെ കുറിക്കാൻ ശാസ്ത്രജ്ഞർ “സൂക്ഷ്മപരിണാമം” (microevolution) എന്ന പദം ഉപയോഗിക്കുന്നു. ഈ പേരുതന്നെ സൂചിപ്പിക്കുന്നത് അനേകം ശാസ്ത്രജ്ഞരും ഉറപ്പിച്ചു പറയാറുള്ള ഒരു സംഗതിയെയാണ്—അതായത്, ആ നിസ്സാര മാറ്റങ്ങൾ, തികച്ചും വിഭിന്നമായ ഒരു പ്രതിഭാസത്തിനു തെളിവു നൽകുന്നു എന്ന അവകാശവാദത്തെ. ആരും നിരീക്ഷിച്ചിട്ടില്ലാത്ത, ആ പ്രതിഭാസത്തെ സ്ഥൂലപരിണാമം (macroevolution) എന്നാണ് അവർ വിളിക്കുന്നത്.
ഡാർവിന്റെ കാര്യംതന്നെ എടുക്കുക. അദ്ദേഹം, നിരീക്ഷിക്കാൻ കഴിയുന്ന ആ നിസ്സാര മാറ്റങ്ങൾക്കും ബഹുദൂരം അപ്പുറത്തേക്കു പോയി. ദി ഒറിജിൻ ഓഫ് സ്പീഷീസ് എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “ജീവികളെയെല്ലാം ഞാൻ വീക്ഷിക്കുന്നത് പ്രത്യേകം പ്രത്യേകം സൃഷ്ടിക്കപ്പെട്ടവയായിട്ടല്ല, മറിച്ച് ഏതാനും ചില ജീവികളുടെ നിരയിൽ വരുന്ന പിൻഗാമികളായാണ്.” ദീർഘമായ കാലഘട്ടങ്ങൾകൊണ്ട് ആദ്യമുണ്ടായിരുന്ന ഈ ‘ഏതാനും ചില ജീവികൾ’ അഥവാ ലഘുവായ ജീവരൂപങ്ങൾ എന്നു വിളിക്കപ്പെടുന്നവ “തീരെ നിസ്സാരമായ രൂപഭേദ”ങ്ങളിലൂടെ ഭൂമിയിൽ ഇന്നു കാണുന്ന ദശലക്ഷക്കണക്കിനു വ്യത്യസ്ത ജീവരൂപങ്ങളായി പരിണമിച്ചുവെന്നു ഡാർവിൻ പറയുകയുണ്ടായി. ഇത്തരം ചെറിയ മാറ്റങ്ങൾ ഒന്നിച്ചുചേർന്ന് മത്സ്യങ്ങൾ ഉഭയജീവികളും കുരങ്ങുകൾ മനുഷ്യരും ആകുന്നതിനാവശ്യമായ വലിയ മാറ്റങ്ങൾ ഉളവാക്കിയെന്ന് പരിണാമവാദികൾ പഠിപ്പിക്കുന്നു. ഉണ്ടായതായി പറയപ്പെടുന്ന ഇത്തരം വലിയ മാറ്റങ്ങളെ സ്ഥൂലപരിണാമം എന്നു പറയുന്നു. പലർക്കും ഈ രണ്ടാമത്തെ വാദം ന്യായയുക്തമായി തോന്നുന്നു. ‘ഒരു സ്പീഷീസിനുള്ളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെങ്കിൽ ദീർഘ കാലഘട്ടങ്ങൾകൊണ്ട് പരിണാമത്തിന് എന്തുകൊണ്ട് വലിയ മാറ്റങ്ങൾ ഉളവാക്കിക്കൂടാ?’ എന്ന് അവർ ചിന്തിക്കുന്നു.b
സ്ഥൂലപരിണാമ പഠിപ്പിക്കൽ മൂന്നു മുഖ്യ അനുമാനങ്ങളിൽ അധിഷ്ഠിതമാണ:
1. ഉത്പരിവർത്തനങ്ങൾ (mutations) പുതിയ സ്പീഷീസുകളുടെ ഉത്പത്തിക്കാവശ്യമായ അസംസ്കൃത പദാർഥങ്ങൾ പ്രദാനംചെയ്യുന്നു.c
2. പ്രകൃതിനിർധാരണം പുതിയ സ്പീഷീസുകളുടെ രൂപീകരണത്തിനു വഴിതെളിക്കുന്നു.
3. സസ്യങ്ങളിലെയും ജന്തുക്കളിലെയും സ്ഥൂലപരിണാമ മാറ്റങ്ങൾക്കു ഫോസിൽ രേഖ തെളിവു നൽകുന്നു.
സ്ഥൂലപരിണാമത്തെ ഒരു വസ്തുതയായി പരിഗണിക്കാൻ തക്കവണ്ണം അതിനുള്ള തെളിവുകൾ അത്ര ഈടുറ്റതാണോ?
ഉത്പരിവർത്തനങ്ങൾക്കു പുതിയ സ്പീഷീസുകളെ ഉളവാക്കാനാകുമോ?
ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ അനേകംവരുന്ന വിശദാംശങ്ങൾ നിർണയിക്കുന്നത് ഓരോ കോശത്തിന്റെയും മർമത്തിലുള്ള ബ്ലൂപ്രിന്റുകളായ ജനിതക രേഖയിൽ അടങ്ങിയിരിക്കുന്ന നിർദേശങ്ങളാണ്.d ജനിതക രേഖയിൽ ഉണ്ടാകുന്ന ഉത്പരിവർത്തനങ്ങൾക്ക്—അഥവാ യാദൃച്ഛികവും ക്രമരഹിതവുമായ മാറ്റങ്ങൾക്ക്—സസ്യങ്ങളുടെയും ജന്തുക്കളുടെയും പിൻതലമുറയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 1946-ൽ, നോബൽ സമ്മാന ജേതാവും ഉത്പരിവർത്തന ജനിതകശാസ്ത്ര പഠനമേഖലയുടെ സ്ഥാപകനുമായ ഹെർമൻ ജെ. മളർ ഇങ്ങനെ അവകാശപ്പെട്ടു: “വിരളവും മിക്കപ്പോഴും നിസ്സാരവുമായ നിരവധി മാറ്റങ്ങളുടെ ഈ ഒത്തുചേരൽ സസ്യങ്ങളെയും ജന്തുക്കളെയും കൃത്രിമമായി മെച്ചപ്പെടുത്തിയെടുക്കുന്നതിനുള്ള മുഖ്യ മാർഗമായി വർത്തിക്കുന്നു. ഏറെ പ്രധാനമായി, പ്രകൃതിനിർധാരണത്തിന്റെ നിയന്ത്രണത്തിൽ നടന്നിരിക്കുന്ന സ്വാഭാവിക പരിണാമത്തിന് അടിസ്ഥാനമായിരിക്കുന്നതും മാറ്റങ്ങളുടെ ഈ ഒത്തുചേരലാണ്.”
വാസ്തവത്തിൽ, ഉത്പരിവർത്തനങ്ങൾക്ക് പുതിയ സ്പീഷീസുകളെ മാത്രമല്ല തികച്ചും പുതിയ സസ്യ-ജന്തു കുലങ്ങളെയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നുള്ള വാദത്തിലാണ് സ്ഥൂലപരിണാമ പഠിപ്പിക്കൽ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ശക്തമായ ഈ അവകാശവാദത്തിന്റെ മാറ്റുരച്ചുനോക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ജനിതക ഗവേഷണ മേഖലയിലെ ഏതാണ്ട് 100 വർഷത്തെ പഠനം എന്താണു വെളിപ്പെടുത്തിയിരിക്കുന്നത് എന്നു പരിചിന്തിക്കുക.
പ്രകൃതിനിർധാരണത്തിന് യാദൃച്ഛിക ഉത്പരിവർത്തനങ്ങൾ ഉപയോഗപ്പെടുത്തി പുതിയ സ്പീഷീസിലുള്ള സസ്യങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ, കൃത്രിമമായ അഥവാ മനുഷ്യൻ തിരഞ്ഞെടുക്കുന്ന ഉത്പരിവർത്തനങ്ങൾക്ക് അതിലും കാര്യക്ഷമമായി അതു ചെയ്യാൻ കഴിയേണ്ടതാണ് എന്ന ആശയം 1930-കളുടെ ഒടുവിൽ ശാസ്ത്രജ്ഞർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. “ജനിതക ശാസ്ത്രജ്ഞർക്കിടയിലും, പൊതുവേ ജീവശാസ്ത്രജ്ഞർക്കിടയിലും, പ്രജനകർക്കിടയിൽ പ്രത്യേകിച്ചും ആഹ്ലാദം അലതല്ലി” എന്ന് ജർമനിയിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിങ് റിസർച്ചിലെ ശാസ്ത്രജ്ഞനായ വോൾഫ്-എക്കഹാർട്ട് ലോണിഗ് ഉണരുക!യ്ക്കു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്തായിരുന്നു ഈ ആഹ്ലാദത്തിനു കാരണം? 28 വർഷമായി സസ്യങ്ങളിലെ ഉത്പരിവർത്തന ജനിതകത്തെക്കുറിച്ചു പഠിക്കുന്ന ലോണിഗ് ഇങ്ങനെ പറഞ്ഞു: “സസ്യങ്ങളെയും ജന്തുക്കളെയും പ്രജനനം നടത്തുന്ന പരമ്പരാഗതരീതിക്ക് സമൂലമാറ്റം വരുത്തേണ്ട സമയമായെന്ന് ഈ ഗവേഷകർ ചിന്തിച്ചു. അനുകൂലമായ ഉത്പരിവർത്തനങ്ങൾക്ക് ഇടയാക്കുകയും അവ തിരഞ്ഞെടുക്കുകയും ചെയ്തുകൊണ്ട് പുതിയതും മെച്ചപ്പെട്ടതുമായ സസ്യങ്ങളെയും ജന്തുക്കളെയും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അവർ കരുതി.”e
അമേരിക്കൻ ഐക്യനാടുകൾ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ പരിണാമത്തെ ത്വരിതപ്പെടുത്തുമെന്നു കരുതിയ രീതികൾ ഉപയോഗിച്ചുകൊണ്ട് വൻ സാമ്പത്തിക പിന്തുണയോടെയുള്ള ഗവേഷണ പരിപാടികൾക്കു തുടക്കമിട്ടു. 40-ലധികം വർഷങ്ങൾ നീണ്ട ഊർജിതമായ ഗവേഷണങ്ങളുടെ ഫലമെന്തായിരുന്നു? ഗവേഷകനായ പേറ്റർ ഫോൺ സെങ്ബൂഷ് ഇങ്ങനെ പറയുന്നു: “വളരെയധികം പണംമുടക്കിയെങ്കിലും റേഡിയേഷനിലൂടെ കൂടുതൽ ഉത്പാദനക്ഷമതയുള്ള ഇനങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു.” ലോണിഗ് ഇങ്ങനെ പറഞ്ഞു: “1980-കൾ ആയപ്പോഴേക്കും, ശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ടായിരുന്ന പ്രതീക്ഷകളും ആഹ്ലാദവും ലോകവ്യാപകമായി പരാജയത്തിൽ കലാശിച്ചിരുന്നു. ഉത്പരിവർത്തന പ്രജനനത്തിന് പാശ്ചാത്യ രാജ്യങ്ങളിൽ ഒരു പ്രത്യേക ഗവേഷണ ശാഖയെന്നനിലയിൽ നിലനിൽപ്പില്ലാതെയായി. ഏതാണ്ട് എല്ലാ ഉത്പരിവർത്തിതങ്ങളും (mutants) ‘പ്രതികൂലമായ നിർധാരണ മൂല്യങ്ങൾ’ ആണു കാണിച്ചത്. അതായത്, അവ നശിച്ചുപോകുകയോ വന്യ ഇനങ്ങളെ അപേക്ഷിച്ച് ദുർബലമായിപ്പോകുകയോ ചെയ്തു.”f
എങ്കിലും ഏകദേശം 100 വർഷം ഉത്പരിവർത്തനങ്ങളെക്കുറിച്ചു പൊതുവായും 70 വർഷം ഉത്പരിവർത്തന പ്രജനനത്തെക്കുറിച്ചു മാത്രവും നടന്ന ഗവേഷണങ്ങളിൽനിന്നു ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ പുതിയ സ്പീഷീസുകളെ ഉത്പാദിപ്പിക്കാനുള്ള ഉത്പരിവർത്തനങ്ങളുടെ കഴിവിനെക്കുറിച്ചു നിഗമനങ്ങളിൽ എത്തിച്ചേരാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. തെളിവുകൾ പരിശോധിച്ചശേഷം ലോണിഗ് ഈ നിഗമനത്തിൽ എത്തിച്ചേർന്നു: “[സസ്യത്തിന്റെയോ ജന്തുവിന്റെയോ] ഒരു സ്പീഷീസിനെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്പരിവർത്തനങ്ങൾക്കു കഴിയില്ല. ഈ നിഗമനം, 20-ാം നൂറ്റാണ്ടിൽ ഉത്പരിവർത്തന ഗവേഷണരംഗത്തു നടന്ന എല്ലാ പരീക്ഷണ നിരീക്ഷണങ്ങളുമായും അവയുടെ ഫലങ്ങളുമായും അതുപോലെ സംഭവ്യതാ നിയമങ്ങളുമായും യോജിപ്പിലാണ്. അതുകൊണ്ട് ജനിതകപരമായി വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്ന സ്പീഷീസുകൾക്ക് സ്പഷ്ടമായ അതിർവരമ്പുകൾ ഉണ്ടെന്നും ആകസ്മികമായുണ്ടാകുന്ന ഉത്പരിവർത്തനങ്ങൾക്ക് അവയെ ഇല്ലാതാക്കാനോ ലംഘിക്കാനോ കഴിയില്ലെന്നും ആവർത്തക വ്യതിയാന നിയമം അർഥമാക്കുന്നു.”
മേൽവിവരിച്ചിരിക്കുന്ന വസ്തുതകൾ എന്താണു സൂചിപ്പിക്കുന്നതെന്നു പരിചിന്തിക്കുക. കൃത്രിമ മാർഗത്തിലൂടെ അനുകൂല ഉത്പരിവർത്തനങ്ങൾക്ക് ഇടയാക്കുകയും അവ തിരഞ്ഞെടുക്കുകയും ചെയ്തുകൊണ്ട് പുതിയ സ്പീഷീസുകളെ ഉത്പാദിപ്പിക്കാൻ വിദഗ്ധ പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞർക്കു കഴിയുന്നില്ലെങ്കിൽ, ബുദ്ധിരഹിതമായ ഒരു പ്രക്രിയ അതിലും കാര്യക്ഷമമായി അതു ചെയ്യാൻ സാധ്യതയുണ്ടോ? ഉത്പരിവർത്തനങ്ങൾക്ക് ഒരു സ്പീഷീസിനെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ കഴിയില്ലെന്നു ഗവേഷണങ്ങൾ കാണിക്കുന്ന സ്ഥിതിക്ക്, സ്ഥൂലപരിണാമം എങ്ങനെ നടന്നിരിക്കാമെന്നാണു കരുതുന്നത്?
പ്രകൃതിനിർധാരണം പുതിയ സ്പീഷീസുകളുടെ സൃഷ്ടിക്കു വഴിതെളിക്കുന്നുണ്ടോ?
ഡാർവിൻ, പ്രകൃതിനിർധാരണം എന്നു താൻ വിളിച്ച പ്രക്രിയ പരിസ്ഥിതിയുമായി ഏറ്റവും നന്നായി ഇണങ്ങിപ്പോകുന്ന ജീവരൂപങ്ങൾക്കു ഗുണംചെയ്യുമെന്നും എന്നാൽ അത്ര നന്നായി ഇണങ്ങാത്തവ ക്രമേണ ചത്തൊടുങ്ങുമെന്നും വിശ്വസിച്ചു. ആധുനിക പരിണാമവാദികൾ പഠിപ്പിക്കുന്നത് അനുസരിച്ച്, സ്പീഷീസുകൾ മറ്റിടങ്ങളിലേക്കു വ്യാപിക്കുകയും ഒറ്റപ്പെടുകയും ചെയ്തപ്പോൾ പുതിയ പരിസ്ഥിതിയുമായി ഏറ്റവും നന്നായി യോജിച്ചുപോകാൻ ജീൻ ഉത്പരിവർത്തനങ്ങൾ സഹായിച്ച ജീവികളെ പ്രകൃതിനിർധാരണം തിരഞ്ഞെടുത്തു. അതിന്റെ ഫലമായി, ഈ ഒറ്റപ്പെട്ട കൂട്ടങ്ങൾ ക്രമേണ തികച്ചും പുതിയ സ്പീഷീസുകളായി പരിണമിച്ചു എന്ന് പരിണാമവാദികൾ അനുമാനിക്കുന്നു.
നാം കണ്ടുകഴിഞ്ഞതുപോലെ, ഉത്പരിവർത്തനങ്ങൾക്ക് തികച്ചും പുതിയ ഇനം സസ്യങ്ങളെയോ ജന്തുക്കളെയോ ഉത്പാദിപ്പിക്കാൻ കഴിയില്ലെന്ന് ഗവേഷണഫലമായുള്ള തെളിവുകൾ ശക്തമായി സൂചിപ്പിക്കുന്നു. എന്നിരുന്നാലും പുതിയ സ്പീഷീസുകളെ ഉത്പാദിപ്പിക്കാനായി പ്രകൃതിനിർധാരണം പ്രയോജനകരങ്ങളായ ഉത്പരിവർത്തനങ്ങളെ തിരഞ്ഞെടുക്കുന്നു എന്ന അവകാശവാദത്തെ പിന്താങ്ങാൻ പരിണാമവാദികൾ എന്തു തെളിവാണു നൽകുന്നത്? അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ അക്കാഡമി ഓഫ് സയൻസസ് (എൻഎഎസ്) 1999-ൽ പ്രസിദ്ധീകരിച്ച ഒരു ലഘുപത്രിക ഇങ്ങനെ പറയുന്നു: “സ്പീഷീസീകരണത്തിന്റെ [പുതിയ സ്പീഷീസുകളുടെ പരിണാമം] വിശേഷാൽ ശ്രദ്ധയർഹിക്കുന്ന ഒരു ഉദാഹരണം, ഡാർവിൻ ഗാലപ്പാഗോസ് ദ്വീപുകളിൽ പഠനവിധേയമാക്കിയ, ഇന്ന് ഡാർവിന്റെ കുരുവികൾ എന്ന് അറിയപ്പെടുന്ന 13 സ്പീഷീസുകളിലുള്ള കുരുവികളുമായി ബന്ധപ്പെട്ടതാണ്.”
1970-കളിൽ പീറ്റർ ഗ്രാന്റിന്റെയും റോസ്മെരി ഗ്രാന്റിന്റെയും നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘം ഈ കുരുവികളെപ്പറ്റി പഠനം ആരംഭിച്ചു. ഒരു വർഷം നീണ്ടുനിന്ന വരൾച്ചയ്ക്കൊടുവിൽ, താരതമ്യേന വലിയ കൊക്കുള്ള കുരുവികൾക്ക് ചെറിയ കൊക്കുള്ളവയെക്കാൾ അതിജീവനക്ഷമതയുണ്ടായിരുന്നതായി അവർ കണ്ടെത്തി. 13 സ്പീഷീസുകളിൽപ്പെട്ട ഈ കുരുവികളെ തിരിച്ചറിയാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കൊക്കുകളുടെ വലുപ്പവും ആകൃതിയും ആയതിനാൽ ഈ കണ്ടുപിടിത്തം പ്രാധാന്യമർഹിക്കുന്നതായി കരുതപ്പെട്ടു. ലഘുപത്രിക ഇങ്ങനെ തുടരുന്നു: “ഈ ദ്വീപുകളിൽ ഏകദേശം 10 വർഷത്തിലൊന്ന് എന്ന തോതിൽ വരൾച്ച ഉണ്ടാകുകയാണെങ്കിൽ ഏകദേശം 200 വർഷം കൂടുമ്പോൾ കുരുവിയുടെ ഒരു പുതിയ സ്പീഷീസ് ഉണ്ടായേക്കാം എന്ന് പീറ്ററും റോസ്മെരിയും കണക്കാക്കി.”
എന്നിരുന്നാലും, പ്രധാനപ്പെട്ടതും അതേസമയം ലജ്ജാകരവുമായ ചില വസ്തുതകൾ എൻഎഎസ് ലഘുപത്രിക പരാമർശിക്കാതെ വിട്ടുകളയുന്നു. വരൾച്ചയെത്തുടർന്നുവന്ന വർഷങ്ങളിൽ ചെറിയ കൊക്കുള്ള കുരുവികളുടെ എണ്ണം വലിയ കൊക്കുള്ളവയെ അപേക്ഷിച്ച് കൂടുതലായിത്തീർന്നു. അതുകൊണ്ട്, പീറ്റർ ഗ്രാന്റും ബിരുദ വിദ്യാർഥിയായ ലൈൽ ഗിബ്സും “നിർധാരണത്തിന്റെ ദിശ നേർവിപരീത”മായതായി തങ്ങൾക്കു കാണാൻ കഴിഞ്ഞുവെന്ന് 1987-ൽ ശാസ്ത്ര മാസികയായ നേച്ചറിൽ എഴുതി. ഓരോ തവണ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമ്പോഴും “പ്രകൃതിനിർധാരണത്തിനു വിധേയമാകുന്ന ജീവിഗണം അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു”വെന്ന് 1991-ൽ ഗ്രാന്റ് എഴുതി. കുരുവികളുടെ ചില വ്യത്യസ്ത ‘സ്പീഷീസുകൾ’ അഥവാ വ്യത്യസ്ത സ്പീഷീസുകളെന്നു കരുതപ്പെട്ടവ പരസ്പരം ഇണചേർന്ന് ജനക സ്പീഷീസിനെക്കാൾ അതിജീവനക്ഷമതയുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തി. ഈ സങ്കരണം (interbreeding) തുടരുകയാണെങ്കിൽ 200 വർഷത്തിനുള്ളിൽ രണ്ടു ‘സ്പീഷീസു’കൾ കൂടിച്ചേർന്ന് കേവലം ഒരെണ്ണമാകാനിടയുണ്ട് എന്ന് പീറ്ററും റോസ്മെരിയും നിഗമനം ചെയ്തു.
1966-ൽ പരിണാമ ജീവശാസ്ത്രജ്ഞനായ ജോർജ് ക്രിസ്റ്റഫർ വില്യംസ് ഇങ്ങനെ എഴുതി: “പ്രകൃതിനിർധാരണ സിദ്ധാന്തം ആദ്യം വികസിപ്പിച്ചെടുത്തത് പരിണാമ മാറ്റത്തിന്റെ ഒരു വിശദീകരണമെന്ന നിലയിലാണ് എന്നത് ദൗർഭാഗ്യമായിപ്പോയെന്നു ഞാൻ കരുതുന്നു. പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാൻ ഒരു ജീവിയെ പ്രാപ്തമാക്കുന്ന മാറ്റങ്ങൾ നിലനിറുത്തപ്പെടുന്നതിനുള്ള വിശദീകരണമെന്ന നിലയിലാണ് ഇത് ഏറെ പ്രാധാന്യമർഹിക്കുന്നത്.” വില്യമിന്റെ നിഗമനങ്ങൾ ശരിയാണെങ്കിൽ പ്രകൃതിനിർധാരണം, മാറിവരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ സ്പീഷീസുകളെ സഹായിക്കുകയായിരിക്കാം ചെയ്യുന്നതെന്നും “അത് പുതുതായി യാതൊന്നും സൃഷ്ടിക്കുന്നില്ല” എന്നും 1999-ൽ പരിണാമ സൈദ്ധാന്തികനായ ജെഫ്രി ഷ്വോർട്സ് എഴുതി.
തീർച്ചയായും ഡാർവിന്റെ കുരുവികൾ “പുതുതായി യാതൊന്നും” ആയിത്തീരുന്നില്ല. അവ ഇപ്പോഴും കുരുവികൾ തന്നെയാണ്. മാത്രമല്ല, ഇവയുടെ ഇടയിൽ സങ്കരണം നടക്കുന്നുവെന്ന വസ്തുത സ്പീഷീസുകളെ നിർവചിക്കാൻ ചില പരിണാമവാദികൾ ഉപയോഗിക്കുന്ന മാർഗങ്ങളിൽ സംശയം ജനിപ്പിക്കുന്നു. കൂടാതെ പ്രശസ്തമായ ശാസ്ത്ര അക്കാഡമികൾപോലും തെളിവുകൾ പക്ഷപാതപരമായാണ് റിപ്പോർട്ടുചെയ്യുന്നതെന്ന വസ്തുത അവ തുറന്നുകാട്ടുന്നു.
ഫോസിൽ രേഖ സ്ഥൂലപരിണാമ മാറ്റങ്ങൾക്കു തെളിവു നൽകുന്നുണ്ടോ?
ശാസ്ത്രജ്ഞർ കണ്ടെത്തിയ ഫോസിലുകൾ സ്ഥൂലപരിണാമത്തിന് മതിയായ തെളിവു നൽകുന്നു എന്ന ധാരണയാണ് മുമ്പു പരാമർശിച്ച എൻഎഎസ് ലഘുപത്രിക വായനക്കാർക്കു നൽകുന്നത്. അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “മത്സ്യത്തിനും ഉഭയജീവികൾക്കും ഇടയിലും, ഉഭയജീവികൾക്കും ഉരഗങ്ങൾക്കും ഇടയിലും, ഉരഗങ്ങൾക്കും സസ്തനികൾക്കും ഇടയിലും, പ്രൈമേറ്റുകളുടെ വംശപരമ്പരയിലെ അംഗങ്ങൾക്കിടയിലും ഒട്ടനവധി ജീവരൂപങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്പീഷീസ് മറ്റൊന്നായി മാറുന്നത് എപ്പോഴാണെന്നു വ്യക്തമായി തിരിച്ചറിയാൻ പലപ്പോഴും ബുദ്ധിമുട്ടായിരിക്കുംവിധം അത്രയധികമാണ് ഇടയ്ക്കുള്ള ഈ [കണ്ണികളുടെ] എണ്ണം.”
ഇത്ര ഉറപ്പോടെയുള്ള ഈ പ്രസ്താവന തികച്ചും അതിശയിപ്പിക്കുന്നതാണ്. എന്തുകൊണ്ട്? “ഓരോ 1,000 ഫ്രെയിമുകളിലും അഥവാ ചിത്രങ്ങളിലും 999 എണ്ണം കട്ടിങ് റൂമിൽവെച്ച് നഷ്ടപ്പെട്ട പരിണാമത്തിന്റെ ഒരു ഫിലിം” പോലെയാണ് ഫോസിൽ രേഖ എന്നു 2004-ൽ നാഷണൽ ജിയോഗ്രഫിക് പറയുകയുണ്ടായി. കേവലം ആയിരത്തിലൊന്ന് എന്ന നിരക്കിൽ അവശേഷിക്കുന്ന ‘ചിത്രങ്ങൾ’ സ്ഥൂലപരിണാമ പ്രക്രിയയെ യഥാർഥത്തിൽ തെളിയിക്കുന്നുണ്ടോ? ഫോസിൽ രേഖ വാസ്തവത്തിൽ എന്താണു പ്രകടമാക്കുന്നത്? ദീർഘ കാലങ്ങളോളം “മിക്ക സ്പീഷീസുകളിലും കാര്യമായ, അല്ലെങ്കിൽ ഒട്ടുംതന്നെ പരിണാമ മാറ്റം നടക്കുന്നില്ല” എന്ന് ഫോസിൽ രേഖ കാണിക്കുന്നതായി ഒരു കടുത്ത പരിണാമവാദിയായ നൈൽസ് എൽഡ്രെജ് സമ്മതിക്കുന്നു.
ലോകവ്യാപകമായുള്ള ശാസ്ത്രജ്ഞർ ഇന്നോളം ഏകദേശം 20 കോടി വലിയ ഫോസിലുകളും ശതകോടിക്കണക്കിനു സൂക്ഷ്മ ഫോസിലുകളും കുഴിച്ചെടുക്കുകയും പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജന്തുക്കളുടെ പ്രമുഖ ഗണങ്ങളെല്ലാം പെട്ടെന്നു പ്രത്യക്ഷമാകുകയും കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുകയും പല സ്പീഷീസുകളും വന്ന അതേ വേഗത്തിൽ അപ്രത്യക്ഷമാകുകയും ചെയ്തുവെന്ന് വിപുലവും വിശദവുമായ ഈ രേഖ വെളിപ്പെടുത്തുന്നതായി പല ഗവേഷകരും സമ്മതിക്കുന്നു. ഫോസിൽ രേഖ നൽകുന്ന തെളിവുകൾ പരിശോധിച്ചതിനുശേഷം ജീവശാസ്ത്രജ്ഞനായ ജോനഥൻ വെൽസ് ഇങ്ങനെ എഴുതുന്നു: “പൊതു പൂർവികരിൽനിന്ന് രൂപഭേദം വഴിയുള്ള വംശോത്പത്തി നടന്നുവെന്നത് കിങ്ഡം, ഫൈലം, ക്ലാസ്സ് എന്നീ തലങ്ങളിൽ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു വസ്തുതയേ അല്ല. ഫോസിൽ രേഖ നൽകുന്ന തെളിവുകളുടെയോ തന്മാത്രാ തെളിവുകളുടെയോ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ നല്ല പിൻബലമുള്ള ഒരു സിദ്ധാന്തം പോലുമല്ല അത്.”
പരിണാമം—സത്യമോ മിഥ്യയോ?
എന്തുകൊണ്ടാണ് പ്രമുഖരായ പല പരിണാമവാദികളും സ്ഥൂലപരിണാമം ഒരു വസ്തുതയാണെന്നു ശഠിക്കുന്നത്? സാമാന്യബുദ്ധിക്കു നിരക്കാത്ത ശാസ്ത്രീയ അവകാശവാദങ്ങൾ സ്വീകരിക്കാൻ പല ശാസ്ത്രജ്ഞരും തയ്യാറാണെന്ന്, റിച്ചർഡ് ഡോക്കിൻസിന്റെ ചില ന്യായവാദങ്ങളെ വിമർശിച്ച ശേഷം പ്രമുഖ പരിണാമവാദിയായ റിച്ചർഡ് ലെവൊന്റിൻ എഴുതി. പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് അദ്ദേഹം അതിന്റെ കാരണം ചൂണ്ടിക്കാണിച്ചു: “[ശാസ്ത്രജ്ഞർക്ക്] പ്രാഥമികമായി ഒരു കടപ്പാടുണ്ട്, ഭൗതികവാദത്തോട്.”g പല ശാസ്ത്രജ്ഞരും ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകൻ ഉണ്ടായിരിക്കാനുള്ള സാധ്യത പരിഗണിക്കാൻപോലും തയ്യാറാകുന്നില്ല. എന്താണിതിന്റെ കാരണം? “സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിച്ചുകൊടുക്കാൻ നമുക്കു കഴിയില്ല,” ലെവൊന്റിൻ എഴുതുന്നു.
ഇതിനോടുള്ള ബന്ധത്തിൽ, സാമൂഹിക ശാസ്ത്രജ്ഞനായ റോഡ്നി സ്റ്റാർക്ക് പിൻവരുന്ന പ്രകാരം പറഞ്ഞതായി സയന്റിഫിക് അമേരിക്കൻ പ്രസ്താവിക്കുന്നു: “നിങ്ങൾ ഒരു ശാസ്ത്രകാരനായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മതത്തിന്റെ കൂച്ചുവിലങ്ങിൽനിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കി നിറുത്തണം എന്നത് 200 വർഷങ്ങളായി പ്രചരിപ്പിച്ചുവരുന്ന ഒരു ആശയമാണ്.” ഗവേഷണ സർവകലാശാലകളിൽ “മതവിശ്വാസികളായ ആളുകൾ [ദൈവത്തെക്കുറിച്ച്] മൗനംപാലിക്കുന്ന”തായും “മതഭക്തരല്ലാത്തവർ [മതവിശ്വാസികളോടു] വിവേചനം കാട്ടുന്ന”തായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർക്കിന്റെ അഭിപ്രായത്തിൽ “[ശാസ്ത്ര സമൂഹത്തിന്റെ] മേലേത്തട്ടിലുള്ള മതഭക്തിയില്ലാത്തവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്.”
നിങ്ങൾക്കു സ്ഥൂലപരിണാമ പഠിപ്പിക്കലിനെ ഒരു വസ്തുതയായി അംഗീകരിക്കാൻ കഴിയണമെങ്കിൽ, അജ്ഞേയവാദികളോ നിരീശ്വരവാദികളോ ആയ ശാസ്ത്രജ്ഞർ ശാസ്ത്ര കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വ്യാഖ്യാനങ്ങളെ സ്വാധീനിക്കാൻ വ്യക്തിപരമായ വിശ്വാസങ്ങളെ അനുവദിക്കില്ല എന്നു നിങ്ങൾ വിശ്വസിക്കണം. വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ള ഒരു സ്പീഷീസിനെപ്പോലും തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്പരിവർത്തനങ്ങൾക്കു കഴിഞ്ഞിട്ടില്ല എന്നാണ് ഒരു നൂറ്റാണ്ടു നീണ്ടുനിന്ന ഗവേഷണം—ശതകോടിക്കണക്കിനു ഉത്പരിവർത്തനങ്ങളെക്കുറിച്ചുള്ള പഠനം—തെളിയിക്കുന്നതെങ്കിലും ഉത്പരിവർത്തനങ്ങളും പ്രകൃതിനിർധാരണവും സങ്കീർണമായ എല്ലാ ജീവരൂപങ്ങളെയും ഉത്പാദിപ്പിച്ചുവെന്ന് നിങ്ങൾ വിശ്വസിക്കണം. മാത്രമല്ല, സസ്യങ്ങളുടെയും ജന്തുക്കളുടെയും പ്രമുഖ ഇനങ്ങൾ പെട്ടെന്ന് പ്രത്യക്ഷമായതാണെന്നും സുദീർഘമായ കാലഘട്ടങ്ങൾകൊണ്ടുപോലും മറ്റിനങ്ങളായി പരിണമിച്ചില്ലെന്നും ഉള്ള ഫോസിൽ രേഖയുടെ വ്യക്തമായ സൂചന അവഗണിച്ചുകൊണ്ട്, എല്ലാ ജീവികളും ഒരു പൊതു പൂർവികനിൽനിന്നു ക്രമേണ പരിണമിച്ചതാണെന്നും നിങ്ങൾ വിശ്വസിക്കണം. അത്തരത്തിലുള്ള വിശ്വാസം വസ്തുതകളിൽ അടിസ്ഥാനപ്പെട്ടതാണെന്നു തോന്നുന്നുണ്ടോ? അതോ മിഥ്യയിൽ അടിസ്ഥാനപ്പെട്ടതായാണോ തോന്നുന്നത്?
[അടിക്കുറിപ്പുകൾ]
a നായ്ക്കളെ പ്രജനനം നടത്തുന്നവർക്ക് അവയെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് ഇണചേർക്കാൻ കഴിയും, അങ്ങനെ അവർക്ക് ആ നായ്ക്കളെ അപേക്ഷിച്ച് കുറിയ കാലുകളോ നീണ്ട രോമങ്ങളോ ഉള്ള കുഞ്ഞുങ്ങളെ ക്രമേണ ഉത്പാദിപ്പിച്ചെടുക്കാനാകും. എന്നിരുന്നാലും ഇത്തരം മാറ്റങ്ങൾക്കു കാരണം പലപ്പോഴും ജീനുകളുടെ ധർമങ്ങളിൽ ചിലത് നടക്കാതെ വരുന്നതാണ്. ഉദാഹരണത്തിന് ഡാക്സ്ഹണ്ടിന്റെ വലുപ്പക്കുറവിനു കാരണം തരുണാസ്ഥിയുടെ സാധാരണഗതിയിലുള്ള വികാസത്തിന്റെ അഭാവമാണ്, ഇത് വാമനത്തത്തിനു കാരണമാകുന്നു.
b “സ്പീഷീസ്” എന്ന പദം ഈ ലേഖനത്തിൽ കൂടെക്കൂടെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഉല്പത്തി എന്ന ബൈബിൾ പുസ്തകത്തിൽ ഈ പദം കാണുന്നില്ല. ആ പുസ്തകം സ്പീഷീസിനെക്കാൾ വളരെയേറെ അർഥവ്യാപ്തിയുള്ള “തരം” അഥവാ ഇനം എന്ന പദമാണ് ഉപയോഗിക്കുന്നത്. മിക്കപ്പോഴും, പുതിയ സ്പീഷീസുകളുടെ പരിണാമം എന്നു ശാസ്ത്രജ്ഞർ വിളിക്കുന്ന സംഗതി കേവലം, ഉല്പത്തി വിവരണത്തിൽ പറഞ്ഞിരിക്കുന്ന, ഒരു “തര”ത്തിനുള്ളിൽത്തന്നെയുള്ള വൈജാത്യമാണ്.
c “ജീവികളെ വർഗീകരിക്കുന്ന വിധം” എന്ന ചതുരം കാണുക.
d കോശദ്രവ്യം, കോശസ്തരങ്ങൾ, മറ്റു ഘടനകൾ എന്നിവയും ഒരു ജീവിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ പങ്കുവഹിക്കുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു.
e ഈ ലേഖനത്തിലെ ലോണിഗിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ സ്വന്തമാണ്. അത് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിങ് റിസർച്ചിന്റെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല.
f ഒരേതരം ഉത്പരിവർത്തിതങ്ങൾ കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ പുതിയ ഉത്പരിവർത്തിതങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നതായി ഉത്പരിവർത്തന പരീക്ഷണങ്ങൾ തുടർച്ചയായി വെളിപ്പെടുത്തുകയുണ്ടായി. ഈ പ്രതിഭാസത്തിൽനിന്ന് ലോണിഗ് രൂപപ്പെടുത്തിയെടുത്തതാണ് “ആവർത്തക വ്യതിയാന നിയമം” (“law of recurrent variation”). കൂടാതെ, സസ്യങ്ങളിൽ നടന്ന ഉത്പരിവർത്തനങ്ങളിൽ ഒരു ശതമാനത്തിൽ കുറവു മാത്രമേ തുടർന്നുള്ള ഗവേഷണങ്ങൾക്കായി തിരഞ്ഞെടുത്തുള്ളൂ. ഇതിൽത്തന്നെ വാണിജ്യ ഉപയോഗത്തിന് അനുയോജ്യമാണെന്നു കണ്ടെത്തിയത് ഒരു ശതമാനത്തിൽ കുറവായിരുന്നു. ജന്തുക്കളിൽ നടത്തിയ ഉത്പരിവർത്തന പ്രജനനം സസ്യങ്ങളിൽ നടത്തിയതിന്റെ അത്രപോലും വിജയിച്ചില്ല. അതുകൊണ്ട് ആ രീതി പൂർണമായി ഉപേക്ഷിക്കപ്പെട്ടു.
g ഭൗതികവാദം എന്നതുകൊണ്ട് ഇവിടെ അർഥമാക്കുന്നത്, ദ്രവ്യമാണ് ഏക അല്ലെങ്കിൽ അടിസ്ഥാനപരമായ യാഥാർഥ്യമെന്നും മുഴു ജീവജാലങ്ങളും ഉൾപ്പെടെ പ്രപഞ്ചത്തിലുള്ള സകലതും യാതൊരു പ്രകൃത്യതീത ശക്തിയുടെയും ഇടപെടൽ കൂടാതെയാണ് അസ്തിത്വത്തിൽ വന്നതെന്നുമുള്ള സിദ്ധാന്തത്തെയാണ്.
[15-ാം പേജിലെ ആകർഷക വാക്യം]
“[സസ്യത്തിന്റെയോ ജന്തുവിന്റെയോ] ഒരു സ്പീഷീസിനെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്പരിവർത്തനങ്ങൾക്കു കഴിയില്ല”
[16-ാം പേജിലെ ആകർഷക വാക്യം]
ഡാർവിന്റെ കുരുവികൾ എന്തെങ്കിലും തെളിയിക്കുന്നുണ്ടെങ്കിൽ അത് ഒരു സ്പീഷീസിന് കാലാവസ്ഥാമാറ്റങ്ങളോട് ഇണങ്ങിച്ചേരാൻ കഴിയുമെന്നതാണ്
[17-ാം പേജിലെ ആകർഷക വാക്യം]
ജന്തുക്കളുടെ പ്രമുഖ ഗണങ്ങളെല്ലാം പെട്ടെന്നു പ്രത്യക്ഷമാകുകയും കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുകയും ചെയ്തുവെന്ന് ഫോസിൽ രേഖ പ്രകടമാക്കുന്നു
[14-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ജീവികളെ വർഗീകരിക്കുന്ന വിധം
ജീവികളെ സ്പീഷീസ് മുതൽ കിങ്ഡം വരെയുള്ള ഗണങ്ങളായി വർഗീകരിച്ചിരിക്കുന്നു.h ഉദാഹരണത്തിന് ചുവടെ കൊടുത്തിരിക്കുന്ന, മനുഷ്യരുടെയും പഴ ഈച്ചകളുടെയും വർഗീകരണം താരതമ്യം ചെയ്യുക.
മനുഷ്യർ പഴ ഈച്ചകൾ
സ്പീഷീസ് സാപിയൻസ് മെലനോഗാസ്റ്റർ
ജീനസ് ഹോമോ ഡ്രോസോഫില
ഫാമിലി ഹോമിനിഡ്സ് ഡ്രോസോ ഫിലിഡ്സ്
ഓർഡർ പ്രൈമേറ്റുകൾ ഡിപ്ടെറ
ക്ലാസ്സ് സസ്തനികൾ ഷഡ്പദങ്ങൾ
ഫൈലം കോർഡേറ്റുകൾ ആർത്രോപോഡുകൾ
കിങ്ഡം ജന്തുക്കൾ ജന്തുക്കൾ
[അടിക്കുറിപ്പ്]
h കുറിപ്പ്: ഉല്പത്തി ഒന്നാം അധ്യായം പറയുന്നതനുസരിച്ച് സസ്യങ്ങളും ജന്തുക്കളും “അതതു തര”മനുസരിച്ച് അഥവാ ഇനമനുസരിച്ച് പുനരുത്പാദനം നടത്തുമായിരുന്നു. (ഉല്പത്തി 1:12, 21, 24, 25) എന്നിരുന്നാലും “തരം” എന്ന ബൈബിൾ പദം ഒരു ശാസ്ത്രീയ പദമല്ല. “സ്പീഷീസ്” എന്ന ശാസ്ത്രീയ പദവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുത്.
[കടപ്പാട്]
ജോനഥാൻ വെൽസിന്റെ, ഐക്കോൺസ് ഓഫ് ഇവലൂഷൻ—സയൻസ് ഓർ മിത്ത്? വൈ മച്ച് ഓഫ് വാട്ട് വി റ്റീച്ച് എബൗട്ട് ഇവലൂഷൻ ഈസ് റോങ് എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള ചാർട്ടാണിത്.
[15-ാം പേജിലെ ചിത്രങ്ങൾ]
ഉത്പരിവർത്തനം സംഭവിച്ച പഴ ഈച്ച (മുകളിൽ) വിരൂപമാക്കപ്പെട്ടെങ്കിലും, ഇപ്പോഴും പഴ ഈച്ചതന്നെയാണ്
[കടപ്പാട്]
© Dr. Jeremy Burgess/Photo Researchers, Inc.
[15-ാം പേജിലെ ചിത്രങ്ങൾ]
ഒരേതരം ഉത്പരിവർത്തിതങ്ങൾ കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ പുതിയ ഉത്പരിവർത്തിതങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നതായി സസ്യങ്ങളിലെ ഉത്പരിവർത്തന പരീക്ഷണങ്ങൾ തുടർച്ചയായി വെളിപ്പെടുത്തുകയുണ്ടായി (ഇവിടെ കാണിച്ചിരിക്കുന്ന ഉത്പരിവർത്തിതത്തിന് വലിയ പൂവാണുള്ളത്)
[13-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
From a Photograph by Mrs. J. M. Cameron/ U.S. National Archives photo
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കുരുവികളുടെ തലകൾ: © Dr. Jeremy Burgess/ Photo Researchers, Inc.
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഡൈനസോർ: © Pat Canova/Index Stock Imagery; ഫോസിലുകൾ: GOH CHAI HIN/AFP/Getty Images
-
-
ഞങ്ങൾ സ്രഷ്ടാവിൽ വിശ്വസിക്കുന്നതിന്റെ കാരണംഉണരുക!—2006 | സെപ്റ്റംബർ
-
-
ഞങ്ങൾ സ്രഷ്ടാവിൽ വിശ്വസിക്കുന്നതിന്റെ കാരണം
വിവിധ ശാസ്ത്രമേഖലകളിലെ അനേകം വിദഗ്ധർ പ്രകൃതിയിൽ ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ തെളിവുകൾ കാണുന്നു. ഭൗമജീവന്റെ വിസ്മയാവഹമായ സങ്കീർണത യാദൃച്ഛികതയുടെ ഫലമാണെന്നു വിശ്വസിക്കുന്നത് യുക്തിക്കു നിരക്കാത്തതാണെന്ന് അവർ കരുതുന്നു. അതുകൊണ്ടുതന്നെ, അനേകം ശാസ്ത്രജ്ഞരും ഗവേഷകരും ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നു.
ഇവരിൽ ചിലർ യഹോവയുടെ സാക്ഷികളായിത്തീർന്നിരിക്കുന്നു. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ദൈവമാണ് ഈ ഭൗതിക പ്രപഞ്ചത്തിന്റെ രൂപസംവിധായകനും നിർമാതാവും എന്നതു സംബന്ധിച്ച് അവർക്ക് ഉറച്ച ബോധ്യമുണ്ട്. അവർ എന്തുകൊണ്ടാണ് ആ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്? ഉണരുക! അവരിൽ ചിലരോട് അതിനെക്കുറിച്ചു ചോദിക്കുകയുണ്ടായി. അവരുടെ അഭിപ്രായങ്ങൾ നിങ്ങൾക്കു താത്പര്യജനകമായി തോന്നിയേക്കാം.a
‘ജീവന്റെ ദുർഗ്രഹമായ സങ്കീർണതകൾ’
◼ വോൾഫ്-എക്കഹാർട്ട് ലോണിഗ്
പശ്ചാത്തല വിവരം: കഴിഞ്ഞ 28 വർഷമായി സസ്യങ്ങളിലെ ജനിതക ഉത്പരിവർത്തനത്തോടു ബന്ധപ്പെട്ട ശാസ്ത്ര മേഖലയിൽ പ്രവർത്തിച്ചുവരുകയാണു ഞാൻ. 21 വർഷമായി ജർമനിയിലെ കൊളോണിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിങ് റിസർച്ചിൽ ജോലി നോക്കുന്നു. കൂടാതെ, ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു ക്രിസ്തീയ സഭയിൽ ഒരു മൂപ്പനായും സേവിക്കുന്നു.
ജനിതക ശാസ്ത്രമേഖലയിലെ പരീക്ഷണ-നിരീക്ഷണങ്ങളെ ആസ്പദമാക്കിയുള്ള എന്റെ ഗവേഷണത്തിനും ശരീരധർമശാസ്ത്രം, മോർഫോളജി തുടങ്ങിയ ജീവശാസ്ത്ര വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിനുമിടെ ജീവന്റെ ബൃഹത്തും പലപ്പോഴും ദുർഗ്രഹവുമായ സങ്കീർണതകളെ ഞാൻ മുഖാമുഖം കാണാറുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള പഠനം, ജീവൻ—അതിന്റെ ഏറ്റവും അടിസ്ഥാനപരമായ രൂപങ്ങൾപോലും—ബുദ്ധിശക്തിയുള്ള ഒരു ഉറവിൽനിന്നുള്ളതാണെന്ന എന്റെ ബോധ്യത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു.
ജീവന്റെ സങ്കീർണതകളെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനു നന്നായറിയാം. വിസ്മയാവഹമായ ഈ വസ്തുതകൾ പക്ഷേ, പരിണാമത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുവേ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ എന്റെ അഭിപ്രായത്തിൽ, സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന് എതിരെയുള്ള വാദങ്ങൾ ശാസ്ത്രീയമായ സൂക്ഷ്മ പരിശോധനയിൽ പൊളിഞ്ഞുപോകുന്നു. പതിറ്റാണ്ടുകളോളം ഞാൻ അത്തരം വാദഗതികൾ വിശകലനം ചെയ്തിട്ടുണ്ട്. ജീവരൂപങ്ങളെക്കുറിച്ചു ശ്രദ്ധാപൂർവം പഠിക്കുകയും ഭൂമിയിൽ ജീവന്റെ നിലനിൽപ്പു സാധ്യമാകത്തക്കവണ്ണം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ അതീവ കൃത്യതയോടെ ക്രമീകരിക്കപ്പെട്ടിരിക്കുന്ന വിധം പരിചിന്തിക്കുകയും ചെയ്ത എനിക്ക് ഒരു സ്രഷ്ടാവിൽ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല.
“ഞാൻ നിരീക്ഷിക്കുന്ന എല്ലാറ്റിനും ഒരു കാരണമുണ്ട്”
◼ ബൈറൺ ലിയോൺ മെഡോസ്
പശ്ചാത്തല വിവരം: ഐക്യനാടുകളിൽ താമസിക്കുന്ന ഞാൻ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിൽ ലേസർ ഫിസിക്സ് രംഗത്തു പ്രവർത്തിച്ചുവരികയാണ്. ഇപ്പോൾ ഞാൻ ആഗോള കാലാവസ്ഥ, ദിനാന്തരീക്ഷസ്ഥിതി, ഗ്രഹവുമായി ബന്ധപ്പെട്ട മറ്റു പ്രതിഭാസങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുകയാണ്. വിർജിനിയയിലെ കിൽമാർനക് പട്ടണത്തിലുള്ള യഹോവയുടെ സാക്ഷികളുടെ ഒരു സഭയിലെ മൂപ്പനാണു ഞാൻ.
ഞാൻ പലപ്പോഴും ഭൗതികശാസ്ത്ര തത്ത്വങ്ങൾ ഉൾപ്പെടുന്ന ഗവേഷണങ്ങളിൽ ഏർപ്പെടാറുണ്ട്. ചില സംഗതികൾ എങ്ങനെ, എന്തുകൊണ്ട് സംഭവിക്കുന്നുവെന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ നിരീക്ഷിക്കുന്ന എല്ലാറ്റിനും ഒരു കാരണമുണ്ട് എന്നതിന് വ്യക്തമായ തെളിവുകൾ എന്റെ പഠനമേഖലയിൽ ഞാൻ കാണുന്നു. പ്രകൃതിയിലുള്ള എല്ലാറ്റിന്റെയും മൂലകാരണം ദൈവമാണെന്ന് അംഗീകരിക്കുന്നത് ശാസ്ത്രീയമായി ന്യായയുക്തമാണെന്നു വിശ്വസിക്കുന്ന വ്യക്തിയാണു ഞാൻ. പ്രകൃതി നിയമങ്ങൾക്കു പിന്നിൽ ഒരു സംഘാടകൻ, അതായത് ഒരു സ്രഷ്ടാവ്, ഉണ്ടെന്ന് ഞാൻ വിശ്വസിക്കാൻ പ്രേരിതനാകുംവിധം അത്ര സുസ്ഥിരമാണവ.
തെളിവുകൾ വ്യക്തമായി വിരൽ ചൂണ്ടുന്നത് ഈ നിഗമനത്തിലേക്കാണെങ്കിൽപ്പിന്നെ, അനേകം ശാസ്ത്രജ്ഞരും പരിണാമത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്? പരിണാമവാദികൾ, മുൻകൂട്ടി രൂപീകരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തെളിവുകളെ നോക്കിക്കാണുന്നതായിരിക്കുമോ കാരണം? ശാസ്ത്രജ്ഞർക്കിടയിൽ ഇതൊരു പുതിയ കാര്യമല്ല. എന്നാൽ നിരീക്ഷണങ്ങൾ, അവ എത്രതന്നെ ബോധ്യം വരുത്തുന്നതാണെങ്കിലും, ശരിയായ നിഗമനത്തിലെത്താൻ സഹായിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഉദാഹരണത്തിന് ലേസർ ഫിസിക്സിൽ ഗവേഷണം നടത്തുന്ന ഒരു വ്യക്തിക്ക്, പ്രകാശം പലപ്പോഴും തരംഗസ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ അത് ശബ്ദതരംഗംപോലെ ഒരു തരംഗമാണെന്ന് ശഠിക്കാനാകും. എന്നാൽ, അദ്ദേഹത്തിന്റെ നിഗമനം പൂർണമായിരിക്കില്ല, കാരണം പ്രകാശം ഫോട്ടോണുകൾ എന്നറിയപ്പെടുന്ന കണികകളുടെ സ്വഭാവവും പ്രകടിപ്പിക്കുന്നു എന്നു തെളിവുകൾ കാണിക്കുന്നു. സമാനമായി, പരിണാമം ഒരു വസ്തുതയാണെന്നു ശഠിക്കുന്നവർ ഭാഗികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അത്തരം നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. മാത്രമല്ല, അവരുടെ മുൻധാരണകൾ അവർ തെളിവുകളെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.
പരിണാമം സംഭവിച്ചിരിക്കാനിടയുള്ളത് എങ്ങനെ എന്നതിനെക്കുറിച്ച് പരിണാമ ‘വിദഗ്ധർ’ക്കിടയിൽത്തന്നെ തർക്കങ്ങൾ ഉണ്ടെന്നിരിക്കെ ആരെങ്കിലും പരിണാമസിദ്ധാന്തത്തെ ഒരു വസ്തുതയായി അംഗീകരിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. ഉദാഹരണത്തിന്, രണ്ടും രണ്ടും കൂട്ടിയാൽ നാലാണെന്ന് ചില വിദഗ്ധർ പറയുമ്പോൾ, അതു മൂന്നോ ഒരുപക്ഷേ ആറോ ആണെന്നു മറ്റു വിദഗ്ധർ പറയുന്നെങ്കിൽ നിങ്ങൾ അങ്കഗണിതത്തെ (arithmetic) തെളിയിക്കപ്പെട്ട ഒരു വസ്തുതയായി അംഗീകരിക്കുമോ? തെളിയിക്കാനും പരിശോധിച്ച് ഉറപ്പുവരുത്താനും പുനരാവിഷ്കരിക്കാനും കഴിയുന്നതുമാത്രം സ്വീകരിക്കുക എന്നതാണു ശാസ്ത്ര ധർമമെങ്കിൽ ഒരു പൊതു പൂർവികനിൽനിന്നു സകല ജീവരൂപങ്ങളും പരിണമിച്ചെന്ന സിദ്ധാന്തം ഒരു ശാസ്ത്രീയ വസ്തുതയല്ല.
“ഇല്ലായ്മയിൽനിന്ന് ഒന്നും ഉണ്ടാകുകയില്ല”
◼ കെന്നെത്ത് ലോയ്ഡ് തനാകാ
പശ്ചാത്തല വിവരം: ഒരു ഭൂവിജ്ഞാനിയായ ഞാൻ ഇപ്പോൾ അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിലുള്ള യു.എസ്. ജിയോളജിക്കൽ സർവേയിൽ ജോലി ചെയ്തുവരികയാണ്. ഏകദേശം മൂന്നു പതിറ്റാണ്ടുകളായി, ഗ്രഹങ്ങളുടെ ഘടനയും സവിശേഷതകളും ഉൾപ്പെടെ, ഈ ശാസ്ത്രമേഖലയുടെ വ്യത്യസ്ത തലങ്ങളിൽ ഞാൻ ഗവേഷണങ്ങൾ നടത്തുന്നു. ഞാൻ തയ്യാറാക്കിയ പല ഗവേഷണ ലേഖനങ്ങളും ചൊവ്വാഗ്രഹത്തിന്റെ മാപ്പുകളും അംഗീകൃത ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ ബൈബിൾ വായിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഓരോ മാസവും ഞാൻ ഏകദേശം 70 മണിക്കൂർ ചെലവഴിക്കുന്നു.
പരിണാമത്തിൽ വിശ്വസിക്കാനാണ് എന്നെ പഠിപ്പിച്ചത്; എന്നാൽ പ്രപഞ്ചത്തിന്റെ രൂപകൽപ്പനയ്ക്ക് ആവശ്യമായ ബൃഹത്തായ അളവിലുള്ള ഊർജം ശക്തനായ ഒരു സ്രഷ്ടാവില്ലാതെ ഉത്ഭവിച്ചിരിക്കാമെന്ന ആശയം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇല്ലായ്മയിൽനിന്ന് ഒന്നും ഉണ്ടാകുകയില്ല. കൂടാതെ, ഒരു സ്രഷ്ടാവുണ്ട് എന്നതിനുള്ള ശക്തമായ ഒരു വാദഗതി ഞാൻ ബൈബിളിൽത്തന്നെ കണ്ടെത്തി. ഭൂമിക്ക് ഗോളാകൃതിയാണുള്ളത്, “ഭൂമി ശൂന്യതയിൽ തൂങ്ങിനില്ക്കുന്നു” തുടങ്ങി എന്റെ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട അനേകം ശാസ്ത്ര വസ്തുതകൾ ബൈബിളിൽ അടങ്ങിയിട്ടുണ്ട്. (ഇയ്യോബ് 26:7, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; യെശയ്യാവു 40:22) മനുഷ്യ കണ്ടുപിടിത്തങ്ങൾ ഇവ തെളിയിക്കുന്നതിന് വളരെക്കാലം മുമ്പേ ഈ യാഥാർഥ്യങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിവെച്ചിരുന്നു.
നമ്മെ ഉണ്ടാക്കിയിരിക്കുന്ന വിധത്തെക്കുറിച്ചു ചിന്തിക്കുക. ഇന്ദ്രിയപ്രാപ്തികൾ, ആത്മാവബോധം, ബുദ്ധിപൂർവം ചിന്തിക്കാനുള്ള കഴിവ്, ആശയവിനിമയപ്രാപ്തികൾ, വികാരങ്ങൾ എന്നിവയൊക്കെ നമുക്കുണ്ട്. വിശേഷിച്ച്, സ്നേഹം അനുഭവിച്ചറിയാനും വിലമതിക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ് നമുക്കുണ്ട്. മനുഷ്യർക്കുള്ള അത്ഭുതകരമായ ഈ ഗുണവിശേഷങ്ങൾ എങ്ങനെയുണ്ടായി എന്നതിന് പരിണാമത്തിന്റെ പക്കൽ വിശദീകരണമില്ല.
നിങ്ങളോടുതന്നെ ചോദിക്കുക, ‘പരിണാമത്തെ പിന്താങ്ങാൻ ഉപയോഗിക്കുന്ന വിവരങ്ങളുടെ ഉറവിടങ്ങൾ എത്രത്തോളം വിശ്വസനീയവും ആശ്രയയോഗ്യവും ആണ്?’ ഭൂവിജ്ഞാനീയ രേഖ അപൂർണവും സങ്കീർണവും കുഴപ്പിക്കുന്നതുമാണ്. പരിണാമ പ്രക്രിയകളോടു ബന്ധപ്പെട്ട തങ്ങളുടെ സിദ്ധാന്തങ്ങൾ പരീക്ഷണശാലകളിൽ ശാസ്ത്രീയ രീതികൾ ഉപയോഗിച്ചു തെളിയിക്കാൻ പരിണാമവാദികൾ പരാജയപ്പെട്ടിരിക്കുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിന് സാധാരണഗതിയിൽ ശാസ്ത്രജ്ഞർ ഫലപ്രദമായ ഗവേഷണ മാർഗങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും തങ്ങളുടെ കണ്ടുപിടിത്തങ്ങൾ വ്യാഖ്യാനിക്കുന്ന കാര്യം വരുമ്പോൾ പലപ്പോഴും അവരുടെ സ്വാർഥ ലക്ഷ്യങ്ങൾ അവരെ സ്വാധീനിക്കാറുണ്ട്. ലഭ്യമായ വിവരങ്ങൾ പരസ്പര വിരുദ്ധമായിരിക്കുകയോ അതിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിലെത്താൻ സാധിക്കാതെ വരുകയോ ചെയ്യുമ്പോൾ ശാസ്ത്രജ്ഞർ സ്വന്തം ആശയങ്ങൾ ഉന്നമിപ്പിക്കുന്നതായി അറിയപ്പെടുന്നു. അവരുടെ ജോലി, ആത്മാഭിമാനം എന്നിവയൊക്കെ വലിയ പങ്കു വഹിക്കുന്നു.
ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും ബൈബിൾ വിദ്യാർഥി എന്നനിലയ്ക്കും ഏറ്റവും കൃത്യമായ ഗ്രാഹ്യം നേടുന്നതിനുവേണ്ടി ലഭ്യമായ എല്ലാ വസ്തുതകളുമായും നിരീക്ഷണങ്ങളുമായും യോജിപ്പിലായിരിക്കുന്ന സമ്പൂർണ സത്യമാണു ഞാൻ അന്വേഷിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും യുക്തിസഹമായിരിക്കുന്നത് സ്രഷ്ടാവിൽ വിശ്വസിക്കുന്നതാണ്.
“കോശങ്ങളിൽ കാണുന്ന വ്യക്തമായ രൂപകൽപ്പന”
◼ പോല കിൻചെലോ
പശ്ചാത്തല വിവരം: കോശങ്ങളെക്കുറിച്ചുള്ള ഗവേഷണ മേഖലയിലും തന്മാത്രാ ജീവശാസ്ത്രം, സൂക്ഷ്മ-ജീവിശാസ്ത്രം തുടങ്ങിയവയിലും പല വർഷങ്ങളായി ഗവേഷണങ്ങൾ നടത്തിവരുന്ന വ്യക്തിയാണു ഞാൻ. ജോർജിയയിലെ അറ്റ്ലാന്റയിലുള്ള എമറി യൂണിവേഴ്സിറ്റിയിൽ ജോലിനോക്കുകയാണ് ഞാനിപ്പോൾ. റഷ്യൻ ഭാഷക്കാർക്കിടയിൽ ഒരു ബൈബിൾ അധ്യാപിക എന്നനിലയിൽ സ്വമേധയാ സേവിക്കുകയും ചെയ്യുന്നുണ്ട്.
ജീവശാസ്ത്ര വിദ്യാർഥിനിയായിരുന്ന കാലത്ത് കോശങ്ങളെയും അതിന്റെ ഘടകങ്ങളെയും കുറിച്ചു പഠിക്കുന്നതിനു മാത്രമായി ഞാൻ നാലു വർഷം ചെലവഴിച്ചു. ഡിഎൻഎ, ആർഎൻഎ, പ്രോട്ടീനുകൾ, ഉപാപചയ പ്രവർത്തനശ്രേണികൾ (metabolic pathways) എന്നിവയെക്കുറിച്ച് ഞാൻ എത്രയധികം പഠിച്ചോ അത്രയധികം അവയുടെ സങ്കീർണതയും സംഘാടനവും കൃത്യതയും എന്നെ അമ്പരപ്പിച്ചു. കോശത്തെക്കുറിച്ച് മനുഷ്യൻ എത്രയധികം കാര്യങ്ങൾ പഠിച്ചുകഴിഞ്ഞു എന്നത് എന്നെ വിസ്മയിപ്പിച്ചെങ്കിലും അതിനെക്കുറിച്ച് ഇനിയും എത്ര പഠിക്കാനിരിക്കുന്നു എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. കോശങ്ങളിൽ കാണുന്ന വ്യക്തമായ രൂപകൽപ്പനയാണ് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ ഒരു കാരണം.
സ്രഷ്ടാവ് ആരാണെന്ന് ബൈബിൾപഠനത്തിലൂടെ എനിക്കു മനസ്സിലായി—അത് യഹോവയായ ദൈവമാണ്. അവൻ ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകൻ മാത്രമല്ല, എനിക്കായി കരുതുന്ന കരുണാമയനും സ്നേഹവാനുമായ ഒരു പിതാവുമാണെന്ന് എനിക്കു ബോധ്യമായിരിക്കുന്നു. ബൈബിൾ, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു വിശദീകരിക്കുകയും ഒരു സന്തുഷ്ടഭാവി സംബന്ധിച്ച പ്രത്യാശ നൽകുകയും ചെയ്യുന്നു.
സ്കൂളിൽ പരിണാമം പഠിക്കേണ്ടിവരുന്ന കുട്ടികൾ എന്തു വിശ്വസിക്കണം എന്നതിനെക്കുറിച്ച് അനിശ്ചിതത്വത്തിലായിരിക്കാം. അവരെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു സമയമായിരുന്നേക്കാം ഇത്. അവർ ദൈവത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ ഇത് വിശ്വാസത്തിന്റെ ഒരു പരിശോധനയായിത്തീരുന്നു. നമുക്കു ചുറ്റും കാണുന്ന പ്രകൃതിയിലെ അത്ഭുതങ്ങൾ വിശകലനം ചെയ്യുകയും സ്രഷ്ടാവിനെയും അവന്റെ ഗുണങ്ങളെയും കുറിച്ചുള്ള അറിവു വർധിപ്പിക്കുന്നതിൽ തുടരുകയും ചെയ്തുകൊണ്ട് അവർക്ക് ആ പരിശോധനയെ വിജയകരമായി കൈകാര്യം ചെയ്യാനാകും. ഞാൻ അങ്ങനെയാണു ചെയ്തത്; തത്ഫലമായി, സൃഷ്ടിയെപ്പറ്റിയുള്ള ബൈബിളിന്റെ വിവരണം കൃത്യതയുള്ളതും യഥാർഥ ശാസ്ത്രവുമായി യോജിക്കുന്നതും ആണെന്നുള്ള നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.
“നിയമങ്ങളുടെ ഉത്കൃഷ്ടമായ ലാളിത്യം”
◼ എൻറികെ എർനാൻഡെസ് ലേമൂസ്
പശ്ചാത്തല വിവരം: യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്നു. ഒരു സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ കൂടിയായ ഞാൻ മെക്സിക്കോയിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു. നക്ഷത്രവളർച്ചയോടു ബന്ധപ്പെട്ട ‘ഗ്രാവോതെർമൽ കറ്റാസ്ട്രഫി’ എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് താപഗതികത്തിലെ (thermodynamics) തത്ത്വങ്ങൾക്കു ചേർച്ചയിലുള്ള ഒരു വിശദീകരണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഞാനിപ്പോൾ. ഡിഎൻഎ അനുക്രമങ്ങളിലെ സങ്കീർണതകളെക്കുറിച്ചും ഞാൻ പഠനം നടത്തിയിട്ടുണ്ട്.
യാദൃച്ഛികമായി ഉളവാകാനാകാത്തവിധം അത്ര സങ്കീർണമാണ് ജീവൻ. ഉദാഹരണത്തിന്, ഡിഎൻഎ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഒരൊറ്റ ക്രോമസോം യാദൃച്ഛികമായി ഉണ്ടാകാനുള്ള സാധ്യത, 9 ലക്ഷം കോടിയിൽ ഒന്ന് എന്നതിനെക്കാളും കുറവാണ്, അതായത് അസാധ്യമെന്നു കണക്കാക്കാനാകുംവിധം അസംഭവ്യം. ബുദ്ധിയില്ലാത്ത ശക്തികൾ ഒരു ക്രോമസോമിന്റെ മാത്രമല്ല, ജീവജാലങ്ങളിൽ കാണുന്ന അമ്പരിപ്പിക്കുന്ന സകല സങ്കീർണതകളുടെയും ഉത്പത്തിക്കു കാരണമായെന്നു വിശ്വസിക്കുന്നത് ശുദ്ധമണ്ടത്തരമാണെന്നു ഞാൻ കരുതുന്നു.
കൂടാതെ, ദ്രവ്യത്തിന്റെ അതിസങ്കീർണമായ സ്വഭാവത്തെക്കുറിച്ചു പഠിക്കുമ്പോൾ, അതായത് സൂക്ഷ്മരൂപത്തിലുള്ള ദ്രവ്യം മുതൽ ശൂന്യാകാശത്തിലെ ഭീമൻ നക്ഷത്രാന്തര മേഘങ്ങളുടെ ചലനംവരെയുള്ള സംഗതികളെക്കുറിച്ചു പഠിക്കുമ്പോൾ, അവയുടെയെല്ലാം ചലനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഉത്കൃഷ്ടമായ ലാളിത്യം എന്നെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങൾ മഹാനായ ഒരു ഗണിതശാസ്ത്ര പ്രതിഭയുടെ കരവേല എന്നതിലുപരി, അതുല്യനായ ഒരു കലാകാരന്റെ കയ്യൊപ്പുപോലെയാണ്.
ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു പറയുമ്പോൾ പലപ്പോഴും ആളുകൾക്ക് അത്ഭുതമാണ്. എനിക്ക് എങ്ങനെ ഒരു ദൈവത്തിൽ വിശ്വസിക്കാൻ കഴിയുന്നുവെന്ന് അവർ ചിലപ്പോൾ എന്നോടു ചോദിക്കും. അവർ ആ വിധത്തിൽ പ്രതികരിക്കുന്നതിൽ അതിശയിക്കാനില്ല. കാരണം, തങ്ങൾ പഠിക്കുന്ന കാര്യങ്ങൾക്കു തെളിവു ചോദിക്കാനോ തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു ഗവേഷണം നടത്താനോ മിക്ക മതങ്ങളും മതാംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ‘ചിന്തിക്കാനുള്ള കഴിവ്’ ഉപയോഗിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 3:21, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) പ്രകൃതിയിൽ കാണുന്ന ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ തെളിവുകളും ബൈബിളിൽനിന്നുള്ള തെളിവുകളും, ദൈവം സ്ഥിതിചെയ്യുന്നു എന്നുമാത്രമല്ല അവൻ നമ്മുടെ പ്രാർഥനകളിൽ തത്പരനാണെന്നും എന്നെ ബോധ്യപ്പെടുത്തുന്നു.
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ ആയിരിക്കണമെന്നു നിർബന്ധമില്ല.
[22-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പശ്ചാത്തലത്തിലെ ചൊവ്വാഗ്രഹം: Courtesy USGS Astrogeology Research Program, http://astrogeology.usgs.gov
-
-
സസ്യങ്ങളിലെ വിസ്മയിപ്പിക്കുന്ന രൂപസംവിധാനംഉണരുക!—2006 | സെപ്റ്റംബർ
-
-
സസ്യങ്ങളിലെ വിസ്മയിപ്പിക്കുന്ന രൂപസംവിധാനം
പല ചെടികൾക്കും സർപ്പിളാകൃതിയിലുള്ള (spiral) ഘടനകളുണ്ട് എന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഉദാഹരണത്തിന് കൈതച്ചക്കയുടെ തൊലിയിലുള്ള ശൽക്കങ്ങൾ സർപ്പിളാകൃതിയിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നതായി കാണാം; 8 സർപ്പിളങ്ങൾ ഒരു ദിശയിലേക്കും 5 അല്ലെങ്കിൽ 13 എണ്ണം എതിർദിശയിലേക്കും പോകുന്നുണ്ടാകാം. (ചിത്രം 1 കാണുക.) ഒരു സൂര്യകാന്തിയുടെ വിത്തുകൾ പരിശോധിക്കുകയാണെങ്കിൽ 55-ഉം 89-ഉം സർപ്പിളങ്ങൾ, ഒരുപക്ഷേ അതിലും കൂടുതൽ, വിപരീത ദിശകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നതു കാണാനായേക്കും. ഒരു കോളിഫ്ളവറിൽ പോലും സർപ്പിളങ്ങൾ കാണാൻ കഴിഞ്ഞേക്കും. വിസ്മയിപ്പിക്കുന്ന ഈ രൂപസംവിധാനം ശ്രദ്ധിച്ചു തുടങ്ങിയാൽപ്പിന്നെ പഴങ്ങളും പച്ചക്കറികളും വാങ്ങാൻ പോകുന്നത് നിങ്ങൾക്കു കൂടുതൽ രസകരമായ അനുഭവമാകും. എന്തുകൊണ്ടാണ് ചെടികൾ ഈ രീതിയിൽ വളരുന്നത്? സർപ്പിളങ്ങളുടെ എണ്ണത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ?
ചെടികൾ വളരുന്നതെങ്ങനെ?
മിക്കവാറും ചെടികളിൽ തണ്ടുകളും പൂക്കളും ഇലകളും പോലെയുള്ള ഭാഗങ്ങൾ പുതുതായി കിളിർക്കുന്നത് വളർച്ചയ്ക്കു നിദാനമായ ഒരു കേന്ദ്രസ്ഥാനത്തുനിന്നാണ്. സർഗകല (meristem) എന്നറിയപ്പെടുന്ന ഈ സ്ഥാനത്തുനിന്ന് പുതുതായി ഉണ്ടാകുന്ന ഓരോ ഭാഗത്തെയും അല്ലെങ്കിൽ മുളയെയും പ്രൈമോർഡിയം എന്നു വിളിക്കുന്നു. തൊട്ടുമുമ്പ് ഉണ്ടായ മുളയിൽനിന്നു വിഭിന്നമായ ഒരു ദിശയിലായിരിക്കും കേന്ദ്രത്തിൽനിന്ന് ഓരോ പുതിയ മുളയും പൊട്ടിവളരുന്നത്; അങ്ങനെ, ഈ രണ്ടു മുളകൾക്കും ഇടയിൽ ഒരു കോൺ രൂപംകൊള്ളുന്നു.a (ചിത്രം 2 കാണുക.) മിക്ക ചെടികളും, സർപ്പിളാകൃതിക്ക് ഇടയാക്കുംവിധം ഒരു പ്രത്യേക കോണിലാണു പുതിയ ഭാഗങ്ങളുടെ വളർച്ച ക്രമീകരിക്കുന്നത്. ഏതാണ് ഈ പ്രത്യേക കോൺ?
ഈ വെല്ലുവിളിയെക്കുറിച്ചൊന്നു ചിന്തിക്കുക: സർഗകലയ്ക്കു ചുറ്റും ഒട്ടുംതന്നെ സ്ഥലം പാഴാക്കാതെ പുതു മുളകളെ വിന്യസിച്ചുകൊണ്ട് ഒരു ചെടി രൂപകൽപ്പന ചെയ്യുകയാണെന്നു സങ്കൽപ്പിക്കുക. ഓരോ പുതിയ മുളയും തൊട്ടുമുമ്പ് ഉണ്ടായതിൽനിന്ന് ഒരു പരിവൃത്തിയുടെ (360 ഡിഗ്രിയുടെ) അഞ്ചിൽ രണ്ട് കോൺ വ്യത്യാസത്തിൽ ക്രമീകരിക്കാൻ നിങ്ങൾ തീരുമാനിച്ചെന്നു കരുതുക. ഇവിടെ നിങ്ങൾ ഒരു പ്രശ്നം അഭിമുഖീകരിക്കും. ഓരോ അഞ്ചാമത്തെയും മുളകൾ ഒരേ സ്ഥാനത്തുനിന്ന് ഒരേ ദിശയിലായിരിക്കും വളരുക. ഇതിനർഥം അവ അടുക്കുകളായി വളരുകയും അങ്ങനെ ആ നിരകൾക്കിടയിൽ സ്ഥലം പാഴാകുകയും ചെയ്യും എന്നാണ്. (ചിത്രം 3 കാണുക.) സത്യത്തിൽ, മുളകൾക്കിടയിലുള്ള കോണകലം ഒരു പരിവൃത്തിയുടെ ഏതു ലഘു ഭിന്നകം (simple fraction) ആയാലും ഇതുതന്നെയായിരിക്കും ഫലം. കോൺ വ്യതിയാനം, “സുവർണ കോൺ” എന്നറിയപ്പെടുന്ന, ഉദ്ദേശം 137.5 ഡിഗ്രി ആണെങ്കിൽ മാത്രമേ, സ്ഥലം ഒട്ടും പാഴാക്കാതെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ മുളകളുടെ വളർച്ച ക്രമീകരിക്കാൻ സാധിക്കൂ. (ചിത്രം 5 കാണുക.) ഈ കോൺ ഇത്ര സവിശേഷമായിരിക്കുന്നത് എന്തുകൊണ്ടാണ്?
സുവർണ കോൺ ഏറ്റവും മെച്ചമായിരിക്കുന്നതിന്റെ കാരണം ഒരു പരിവൃത്തിയുടെ ഒരു ലഘു ഭിന്നകമായി അതിനെ നിർവചിക്കാൻ സാധിക്കില്ല എന്നതാണ്. 5/8 എന്ന ഭിന്നകം സുവർണ കോണിനോട് അടുത്തുവരും, 8/13 കൂടുതൽ അടുത്തും 13/21 അതിലും കുറെക്കൂടെ അടുത്തും വരും. എന്നാൽ ഒരു ലഘു ഭിന്നകവും ഒരു പരിവൃത്തിയുടെ സുവർണ അനുപാതത്തെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നില്ല. അതുകൊണ്ട് സർഗകലയിൽനിന്ന് ഒരു പുതിയ മുള പൊട്ടുന്നത് എപ്പോഴും, തൊട്ടുമുമ്പുണ്ടായ മുളയിൽനിന്ന് ഏകദേശം 137.5 ഡിഗ്രി കോണകലത്തിൽ ആയിരിക്കുമ്പോൾ ഒരിക്കലും രണ്ടു മുളകൾ ഒരേ ദിശയിൽ കിളിർക്കില്ല. (ചിത്രം 4 കാണുക.) അതിന്റെ ഫലമായി ഒരു കേന്ദ്രഭാഗത്തുനിന്നു പ്രസരിക്കുന്ന കിരണങ്ങളുടെ മാതൃകയിൽ വളരുന്നതിനുപകരം സർപ്പിളാകൃതിയിലായിരിക്കും മുളകൾ ക്രമീകരിക്കപ്പെടുക.
ശ്രദ്ധേയമായി, ഒരു കേന്ദ്രസ്ഥാനത്തുനിന്നുള്ള മുളകളുടെ വളർച്ചയെ കംപ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് അനുകരിക്കുമ്പോൾ, കോണകലം സുവർണ കോൺ ആയിരിക്കുകയോ അതിനോട് ഏറ്റവും അടുത്തു വരികയോ ചെയ്യുമ്പോൾ മാത്രമേ വ്യക്തമായ സർപ്പിളങ്ങൾ രൂപംകൊള്ളുന്നുള്ളൂ. സുവർണ കോണിൽനിന്ന് ഒരു ഡിഗ്രിയുടെ പത്തിലൊരംശം മാത്രം മാറുമ്പോൾപ്പോലും, സർപ്പിളാകൃതി നഷ്ടമാകാൻ തുടങ്ങുന്നു.—ചിത്രം 5 കാണുക.
ഒരു പൂവിൽ എത്ര ഇതളുകൾ ഉണ്ട്?
ശ്രദ്ധേയമായി, സുവർണ കോണിനെ അടിസ്ഥാനപ്പെടുത്തിയുള്ള വളർച്ചയിൽനിന്ന് ഉരുത്തിരിയുന്ന സർപ്പിളങ്ങളുടെ എണ്ണം സാധാരണഗതിയിൽ, ഫിബൊനാച്ചി അനുക്രമം (Fibonacci sequence) എന്നു വിളിക്കപ്പെടുന്ന ഒരു ശ്രേണിയിലെ ഒരു സംഖ്യ ആയിരിക്കും. ഈ അനുക്രമം ആവിഷ്കരിച്ചത് 13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലേയോനാർഡോ ഫിബൊനാച്ചി എന്ന ഇറ്റലിക്കാരനായ ഗണിതശാസ്ത്രജ്ഞനായിരുന്നു. ഈ അനുക്രമത്തിൽ 1-നു ശേഷം വരുന്ന ഓരോ സംഖ്യയും അതിനു തൊട്ടുമുമ്പിൽ വന്ന രണ്ടു സംഖ്യകളുടെ തുക ആയിരിക്കും, അതായത് 1, 1, 2, 3, 5, 8, 13, 21, 34, 55 എന്നിങ്ങനെ.
സർപ്പിളാകൃതിയിലുള്ള വളർച്ച പ്രകടമാക്കുന്ന പല ചെടികളുടെയും പുഷ്പങ്ങളിലെ ഇതളുകളുടെ എണ്ണം മിക്കപ്പോഴും ഫിബൊനാച്ചി അനുക്രമത്തിലെ ഒരു സംഖ്യ ആയിരിക്കും. ബട്ടർകപ്പിന് 5 ഇതളുകളും, ബ്ലഡ്റൂട്ടിന് 8-ഉം ഫയർവീഡിനു 13-ഉം ആസ്റ്ററിനു 21-ഉം സാധാരണ ഡെയ്സിക്ക് 34-ഉം മൈക്കൽമസ് ഡെയ്സിക്ക് 55 അല്ലെങ്കിൽ 89-ഉം ഇതളുകൾ ഉണ്ടാകാനുള്ള പ്രവണതയുള്ളതായി ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു. (ചിത്രം 6 കാണുക.) പഴങ്ങൾക്കും പച്ചക്കറികൾക്കും മിക്കപ്പോഴും ഫിബൊനാച്ചി സംഖ്യകളുമായി യോജിപ്പിലായിരിക്കുന്ന സവിശേഷതകൾ ഉണ്ടായിരിക്കും. ഉദാഹരണത്തിന് വാഴപ്പഴത്തെ കുറുകെ ഛേദിച്ചാൽ 5 വശങ്ങളുള്ള ഒരു ഘടന കാണാം.
“അവൻ സകലവും . . . ഭംഗിയായി ചെയ്തു”
സുവർണ അനുപാതം കണ്ണുകൾക്ക് ഏറ്റവും രമ്യമായതാണെന്ന് കലാകാരന്മാർ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. ചെടികൾ ഓരോ പുതിയ മുളയും കൃത്യമായി സുവർണ കോൺ വ്യത്യാസത്തിൽ ക്രമീകരിക്കുന്നതിനുള്ള കാരണമെന്താണ്? ജീവജാലങ്ങളിലുള്ള ബുദ്ധിപൂർവകമായ രൂപരചനയുടെ മറ്റൊരു ഉദാഹരണമാണിത് എന്ന നിഗമനത്തിൽ അനേകരും എത്തിച്ചേരുന്നു.
ജീവജാലങ്ങളിലെ വിസ്മയിപ്പിക്കുന്ന രൂപസംവിധാനത്തെക്കുറിച്ചും അവ ആസ്വദിക്കുന്നതിനുള്ള നമ്മുടെ പ്രാപ്തിയെക്കുറിച്ചും ചിന്തിക്കുമ്പോൾ, നാം ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്രഷ്ടാവിന്റെ കൈവേല പലർക്കും തിരിച്ചറിയാനാകുന്നുണ്ട്. നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് ബൈബിൾ പറയുന്നു: “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു.”—സഭാപ്രസംഗി 3:11.
[അടിക്കുറിപ്പ്]
a കൗതുകകരമെന്നു പറയട്ടെ, സൂര്യകാന്തിയുടെ കാര്യത്തിൽ വിത്തുകളായി മാറുന്ന ചെറുപുഷ്പങ്ങൾ പുഷ്പതടത്തിന്റെ കേന്ദ്രത്തിൽനിന്നല്ല, പിന്നെയോ വക്കിൽനിന്നാണ് സർപ്പിളങ്ങൾ രൂപീകരിച്ചു തുടങ്ങുന്നത്.
[24, 25 പേജുകളിലെ രേഖാചിത്രങ്ങൾ]
ചിത്രം 1
(പ്രസിദ്ധീകരണം കാണുക)
ചിത്രം 2
(പ്രസിദ്ധീകരണം കാണുക)
ചിത്രം 3
(പ്രസിദ്ധീകരണം കാണുക)
ചിത്രം 4
(പ്രസിദ്ധീകരണം കാണുക)
ചിത്രം 5
(പ്രസിദ്ധീകരണം കാണുക)
ചിത്രം 6
(പ്രസിദ്ധീകരണം കാണുക)
[24-ാം പേജിലെ ചിത്രം]
സർഗകലയുടെ ക്ലോസ്-അപ്പ്
[കടപ്പാട്]
R. Rutishauser, University of Zurich, Switzerland
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
വെളുത്ത പുഷ്പം: Thomas G. Barnes @ USDA-NRCS PLANTS Database
-
-
നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു പ്രധാനമാണോ?ഉണരുക!—2006 | സെപ്റ്റംബർ
-
-
നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു പ്രധാനമാണോ?
ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടന്ന് നിങ്ങൾ കരുതുന്നുവോ? പരിണാമപ്രക്രിയ സത്യമാണെങ്കിൽ സയന്റിഫിക് അമേരിക്കൻ എന്ന പത്രികയിൽ വന്ന പ്രസ്താവനയും ശരിയാണെന്നുവരും. ‘ജീവിതത്തിന് ആത്യന്തികമായ ഒരർഥം ഉണ്ടെന്ന ധാരണ മിഥ്യയാണെന്ന് പരിണാമപ്രക്രിയയെക്കുറിച്ചുള്ള നമ്മുടെ പുതിയ ഗ്രാഹ്യം സൂചിപ്പിക്കുന്നു’ എന്ന് അതു പറയുകയുണ്ടായി.
ആ വാക്കുകളുടെ അർഥമൊന്നു പരിചിന്തിക്കുക. ജീവിതത്തിന് ആത്യന്തികമായ ഒരർഥം ഉണ്ടെന്ന ധാരണ മിഥ്യയാണെങ്കിൽ, എന്തെങ്കിലും ചില നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ഒരുപക്ഷേ നിങ്ങളുടെ ജനിതക സവിശേഷതകൾ അടുത്ത തലമുറയ്ക്കു കൈമാറുകയും ചെയ്യുക എന്നതൊഴിച്ച് ജീവിതത്തിന് മറ്റൊരു ഉദ്ദേശ്യവും ഇല്ലെന്നു വരും. മരണത്തോടെ നിങ്ങൾ എന്നേക്കുമായി ഇല്ലാതാകും. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചു ചിന്തിക്കാനും ന്യായവാദം ചെയ്യാനും ധ്യാനിക്കാനും പ്രാപ്തിയുള്ള നിങ്ങളുടെ തലച്ചോർ പ്രകൃതിയിലെ ഒരു ആകസ്മികതയുടെ ഫലം മാത്രമാണെന്നും വരും.
ഇതുമാത്രമല്ല അതിന്റെ വിവക്ഷ. പരിണാമത്തിൽ വിശ്വസിക്കുന്ന അനേകരും ദൈവം സ്ഥിതിചെയ്യുന്നില്ലെന്നോ മനുഷ്യന്റെ കാര്യങ്ങളിൽ ഇടപെടില്ലെന്നോ അവകാശപ്പെടുന്നു. രണ്ടായാലും നമ്മുടെ ഭാവി, രാഷ്ട്രീയ നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും മതനേതാക്കന്മാരുടെയും കൈകളിലായിരിക്കും. അവരുടെ മുൻകാലപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ മനുഷ്യ സമൂഹത്തെ കാർന്നുതിന്നുന്ന അഴിമതിയും സംഘർഷവും ക്രമസമാധാന തകർച്ചയും തുടരുകതന്നെ ചെയ്യും. തീർച്ചയായും, പരിണാമം വാസ്തവമാണങ്കിൽ “നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ” എന്ന വിപത്കരമായ ആദർശത്തിനൊത്തു ജീവിക്കാൻ ധാരാളം കാരണങ്ങൾ ഉള്ളതുപോലെ തോന്നും.—1 കൊരിന്ത്യർ 15:32.
തെറ്റിദ്ധരിക്കരുത്. മേൽപ്പറഞ്ഞ ആശയങ്ങളോട് യഹോവയുടെ സാക്ഷികൾ ഒരുപ്രകാരത്തിലും യോജിക്കുന്നില്ല. മാത്രമല്ല ഈ ആശയങ്ങൾക്ക് അടിസ്ഥാനമായ പരിണാമ സിദ്ധാന്തവും അവർ അംഗീകരിക്കുന്നില്ല. നേരെമറിച്ച്, ബൈബിൾ സത്യമാണെന്നാണു സാക്ഷികൾ വിശ്വസിക്കുന്നത്. (യോഹന്നാൻ 17:17) അതുകൊണ്ട് നമ്മുടെ ഉത്ഭവത്തെക്കുറിച്ച് അത് പറയുന്നതും അവർ സ്വീകരിക്കുന്നു: “നിന്റെ [ദൈവത്തിന്റെ] പക്കൽ ജീവന്റെ ഉറവുണ്ടല്ലോ.” (സങ്കീർത്തനം 36:9) ഈ വാക്കുകൾക്ക് വളരെ വലിയ അർഥവ്യാപ്തിയുണ്ട്.
ജീവിതത്തിനു തീർച്ചയായും ഒരർഥമുണ്ട്. നമ്മുടെ സ്രഷ്ടാവിന് അവന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ തീരുമാനിക്കുന്ന ഓരോരുത്തരെയും സംബന്ധിച്ച് സ്നേഹപൂർവകമായ ഒരു ഉദ്ദേശ്യമുണ്ട്. (സഭാപ്രസംഗി 12:13) ആ ഉദ്ദേശ്യത്തിന്റെ ഭാഗമാണ് അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന ജീവിതം—അഴിമതിയും സംഘർഷവും ക്രമസമാധാന തകർച്ചയുമൊന്നും ഇല്ലാത്ത, എന്തിന് മരണം പോലുമില്ലാത്ത ഒന്ന്. (യെശയ്യാവു 2:4; 25:6-8) ദൈവത്തെക്കുറിച്ചു പഠിക്കുന്നതും അവന്റെ ഇഷ്ടം ചെയ്യുന്നതും മറ്റെന്തിനെക്കാൾ ഉപരിയായി ജീവിതത്തിന് അർഥം പകരും എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ.—യോഹന്നാൻ 17:3.
നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതിന് തീർച്ചയായും പ്രാധാന്യമുണ്ട്. കാരണം അതിന് നിങ്ങളുടെ ഇപ്പോഴത്തെ സന്തോഷത്തെ മാത്രമല്ല ഭാവി ജീവിതത്തെയും സ്വാധീനിക്കാനാകും. തീരുമാനം നിങ്ങളുടേതാണ്. ഈ ഭൗതിക ലോകത്തിൽ കൂടുതൽ പ്രകടമായി വരുന്ന രൂപകൽപ്പനയുടെ തെളിവിനെ വിശദീകരിക്കാൻ പരാജയപ്പെട്ട ഒരു സിദ്ധാന്തത്തെ നിങ്ങൾ ഇനിയും മുറുകെപ്പിടിക്കുമോ? അതോ, ഭൂമിയും അതിലുള്ള ജീവനും ബുദ്ധിവൈഭവമുള്ള ഒരു രൂപസംവിധായകന്റെ—‘സർവ്വവും സൃഷ്ടിച്ചവനായ’ യഹോവയാം ദൈവത്തിന്റെ—സൃഷ്ടിയാണന്നു ബൈബിൾ പറയുന്നത് നിങ്ങൾ അംഗീകരിക്കുമോ?—വെളിപ്പാടു 4:11.
-
-
ശാസ്ത്രം ഉല്പത്തി വിവരണത്തിനു വിരുദ്ധമോ?ഉണരുക!—2006 | സെപ്റ്റംബർ
-
-
ബൈബിളിന്റെ വീക്ഷണം
ശാസ്ത്രം ഉല്പത്തി വിവരണത്തിനു വിരുദ്ധമോ?
സൃഷ്ടിക്രിയകളെക്കുറിച്ചുള്ള ബൈബിൾ വിവരണം ശാസ്ത്രം അംഗീകരിക്കുന്നില്ലെന്നു പലരും അവകാശപ്പെടുന്നു. എന്നാൽ ശാസ്ത്രത്തിന് യഥാർഥത്തിൽ വൈരുധ്യമുള്ളത് ക്രിസ്ത്യൻ മൗലികവാദികൾ എന്നു വിളിക്കപ്പെടുന്നവരുടെ കാഴ്ചപ്പാടുകളുമായിട്ടാണ്, അല്ലാതെ ബൈബിളുമായിട്ടല്ല. ഏതാണ്ട് 10,000 വർഷങ്ങൾക്കുമുമ്പ് 24 മണിക്കുർ വീതമുള്ള 6 ദിവസങ്ങൾകൊണ്ട് ഭൗതിക പ്രപഞ്ചം ഉളവാക്കപ്പെട്ടു എന്നു ബൈബിൾ പഠിപ്പിക്കുന്നതായി ഇങ്ങനെയുള്ള ചില സംഘടനകൾ തെറ്റായി നിഗമനം ചെയ്തിരിക്കുന്നു.
എന്നാൽ ബൈബിൾ അങ്ങനെയൊരു നിഗമനത്തെ പിന്തുണയ്ക്കുന്നില്ല. അങ്ങനെ ചെയ്താൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നടന്ന അനേക ശാസ്ത്രീയ കണ്ടെത്തലുകൾ ബൈബിളിന്റെ കൃത്യതയിൽ സംശയം ജനിപ്പിക്കും. ബൈബിളിന്റെ ഒരു സൂക്ഷ്മ പഠനം, സുസ്ഥാപിതമായ ശാസ്ത്രീയ വസ്തുതകൾക്ക് എതിരായതൊന്നും അതിലില്ലെന്നു തെളിയിക്കും. അതുകൊണ്ടുതന്നെ, യഹോവയുടെ സാക്ഷികൾ “ക്രിസ്ത്യൻ” മൗലികവാദികളുമായും പല സൃഷ്ടിവാദിസംഘടനകളുമായും വിയോജിക്കുന്നു. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്ന് തുടർന്നുവരുന്ന ഭാഗങ്ങളിൽ കാണാം.
എന്നായിരുന്നു ദൈവം ‘ആകാശവും ഭൂമിയും സൃഷ്ടിച്ചത്’?
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന ലളിതവും ശക്തവുമായ പ്രസ്താവനയോടെയാണ് ഉല്പത്തി വിവരണം ആരംഭിക്കുന്നത്. (ഉല്പത്തി 1:1) 3-ാം വാക്യംമുതൽ പ്രതിപാദിക്കുന്ന സൃഷ്ടിദിവസങ്ങളിലെ ക്രിയകളിൽനിന്നു വ്യത്യസ്തമായ ഒരു പ്രവർത്തനത്തെയാണ് ഇവിടെ പരാമർശിക്കുന്നത് എന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്ക് ഒരേ സ്വരമാണ്. ഈ വ്യത്യാസം തിരിച്ചറിയുന്നതു വളരെ പ്രധാനമാണ്. ബൈബിളിന്റെ ആമുഖ പ്രസ്താവനയനുസരിച്ച് സൃഷ്ടിപ്പിൻ ദിവസങ്ങൾ തുടങ്ങുന്നതിനു മുമ്പുതന്നെ നമ്മുടെ ഭൂമി ഉൾപ്പെടുന്ന ഈ പ്രപഞ്ചം അനിശ്ചിത കാലത്തോളം സ്ഥിതിചെയ്തിരുന്നു.
ഭൂമിക്ക് ഏതാണ്ട് 400 കോടി വർഷം പഴക്കമുണ്ടെന്ന് ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അതുപോലെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ അനുമാനത്തിൽ പ്രപഞ്ചത്തിന് ഏതാണ്ട് 1500 കോടി വർഷം പഴക്കമുണ്ട്. ഈ കണക്കുകളോ അതിൽ ഉണ്ടായേക്കാവുന്ന പൊരുത്തപ്പെടുത്തലുകളോ ഉല്പത്തി 1:1-ലെ പ്രസ്താവന സത്യമല്ലെന്നു തെളിയിക്കുമോ? ഇല്ല. “ആകാശവും ഭൂമിയും” യഥാർഥത്തിൽ എത്ര പഴക്കമുള്ളതാണന്ന് ബൈബിൾ വ്യക്തമാക്കുന്നില്ല. അതുകൊണ്ട് ബൈബിളിന്റെ പ്രസ്താവന തെറ്റാണെന്നു ശാസ്ത്രം തെളിയിക്കുന്നില്ല.
സൃഷ്ടിദിവസങ്ങൾ എത്ര ദൈർഘ്യമുള്ളവ ആയിരുന്നു?
സൃഷ്ടിദിവസങ്ങൾക്ക് യഥാർഥത്തിൽ 24 മണിക്കൂർ ദൈർഘ്യമാണോ ഉണ്ടായിരുന്നത്? ഉല്പത്തിയുടെ എഴുത്തുകാരനായ മോശെ ആറു സൃഷ്ടിദിവസങ്ങളെ തുടർന്നുവന്ന ദിവസത്തെ വാരംതോറുമുള്ള ശബത്തിനു മാതൃകയാക്കി പരാമർശിക്കുന്നതുകൊണ്ട് ചിലർ അവകാശപ്പെടുന്നത് ഓരോ സൃഷ്ടിദിവസവും അക്ഷരാർഥത്തിൽ 24 മണിക്കൂർ ദൈർഘ്യമുള്ളവയാണെന്നാണ്. (പുറപ്പാടു 20:11) ഉല്പത്തി പുസ്തകത്തിന്റെ ആഖ്യാനശൈലി ഈ നിഗമനത്തെ പിന്തുണയ്ക്കുന്നുണ്ടോ?
തീർച്ചയായും ഇല്ല. വാസ്തവത്തിൽ “ദിവസം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന് 24 മണിക്കൂർ കാലയളവിനെ മാത്രമല്ല വ്യത്യസ്ത സമയദൈർഘ്യങ്ങളെ കൂടി അർഥമാക്കാൻ കഴിയും. ഉദാഹരണത്തിന് ദൈവത്തിന്റെ സൃഷ്ടിക്രിയകളെക്കുറിച്ചു സംസാരിക്കവേ മോശെ ആറു സൃഷ്ടി ദിവസങ്ങളെയും ഒരുമിച്ച് ഒരു “നാൾ” (“ദിവസം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ എബ്രായ പദം തന്നെ ഇവിടെ ഉപയോഗിച്ചിരിക്കുന്നു) എന്നു പരാമർശിക്കുന്നുണ്ട്. (ഉല്പത്തി 2:4) കൂടാതെ ഒന്നാമത്തെ സൃഷ്ടിദിവസം “ദൈവം വെളിച്ചത്തിന്നു പകൽ [എബ്രായയിൽ, “ദിവസം”] എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു.” (ഉല്പത്തി 1:5) ഇവിടെ 24 മണിക്കൂർ കാലയളവിന്റെ ഒരു ഭാഗത്തെയാണ് എബ്രായയിൽ “ദിവസം” എന്നു വിളിച്ചിരിക്കുന്നത്. തീർച്ചയായും, ഓരോ സൃഷ്ടിദിവസവും 24 മണിക്കുർ ദൈർഘ്യമുള്ളവയാണെന്നു കണ്ണുമടച്ചു വിശ്വസിക്കുന്നതിനു തിരുവെഴുത്തുകളിൽ യാതൊരു അടിസ്ഥാനവുമില്ല.
അങ്ങനെയെങ്കിൽ സൃഷ്ടിദിവസങ്ങൾ എത്ര ദൈർഘ്യമുള്ളവ ആയിരുന്നു? ഉല്പത്തി പുസ്തകം ഒന്നും രണ്ടും അധ്യായങ്ങളിലെ ആഖ്യാനശൈലി സൂചിപ്പിക്കുന്നത് വളരെ ദീർഘമായ കാലഘട്ടം ഉൾപ്പെട്ടിട്ടുണ്ടെന്നാണ്.
സൃഷ്ടികൾ ക്രമേണ പ്രത്യക്ഷമാകുന്നു
എബ്രായ ഭാഷയിലാണ് മോശെ വിവരണം എഴുതിയത്. കൂടാതെ ഭൂമിയിൽ നിൽക്കുന്ന ഒരാളുടെ വീക്ഷണത്തിലൂടെയാണ് അദ്ദേഹം വിവരങ്ങൾ രേഖപ്പെടുത്തിയത്. ഈ രണ്ടു വസ്തുതകളും, സൃഷ്ടിപ്പിൻ ‘ദിവസങ്ങൾക്ക്’ അഥവാ കാലഘട്ടങ്ങൾക്കു മുമ്പുതന്നെ പ്രപഞ്ചം നിലനിന്നിരുന്നു എന്ന അറിവും, ഉല്പത്തി വിവരണത്തെക്കുറിച്ചുള്ള മിക്കവാറും വിവാദങ്ങളെ നിരർഥകമാക്കും. അത് എങ്ങനെ?
ഒരു ‘ദിവസത്തിലെ’ സൃഷ്ടിക്രിയകൾ ഒന്നോ അതിലധികമോ ദിവസങ്ങളിലേക്കു തുടർന്നതായി ഉല്പത്തി പുസ്തകത്തിന്റെ ഒരു സൂക്ഷ്മ പരിശോധന വെളിവാക്കുന്നു. ഉദാഹരണത്തിന്, സൃഷ്ടിപ്പിന്റെ ഒന്നാം “ദിവസം” ആരംഭിക്കുന്നതുവരെ സൂര്യന്റെ വെളിച്ചം ഏതോ കാരണത്താൽ—കനത്ത മേഘപാളികൾ മൂലമായിരിക്കാം—ഭൂമിയിൽ എത്തിയിരുന്നില്ല. (ഇയ്യോബ് 38:9) ഒന്നാം “ദിവസം” ഈ തടസ്സം ക്രമേണ മാറി നേരിയ വെളിച്ചം അന്തരീക്ഷത്തിലൂടെ കടന്നുവരാൻ തുടങ്ങി.a
തെളിവനുസരിച്ച് രണ്ടാം ‘ദിവസവും’ അന്തരീക്ഷം ക്രമേണ തെളിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ കനത്ത മേഘപാളികൾക്കും താഴെയുള്ള സമുദ്രത്തിനും മധ്യേ ഒരു വിതാനം ഉണ്ടായി. നാലാം “ദിവസം” “ആകാശവിതാനത്തിൽ” സൂര്യനെയും ചന്ദ്രനെയും കാണാൻ കഴിയുന്ന അളവോളം അന്തരീക്ഷം പിന്നെയും തെളിഞ്ഞു. (ഉല്പത്തി 1:14-16) മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഭൂമിയിൽനിന്നു നോക്കുന്ന ഒരു മനുഷ്യന് സൂര്യചന്ദ്രന്മാരെ വ്യതിരിക്തമായി കാണാൻ കഴിയുമായിരുന്നു. ഇതെല്ലാം ക്രമേണയാണു സംഭവിച്ചത്.
അഞ്ചാം “ദിവസം” അന്തരീക്ഷം കൂടുതൽ തെളിഞ്ഞതോടുകൂടി ചെറു കീടങ്ങളും സുതാര്യമായ ചിറകുള്ള ജീവികളും ഉൾപ്പെടെയുള്ള പറവജാതികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും ഉല്പത്തി വിവരണം പറയുന്നു. എന്നിരുന്നാലും ആറാം ‘ദിവസവും’ “യഹോവയായ ദൈവം ഭൂമിയിലെ സകലമൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മി”ച്ചുകൊണ്ടിരുന്നു എന്ന് ബൈബിൾ സൂചിപ്പിക്കുന്നു.—ഉല്പത്തി 2:19.
വ്യക്തമായും ഓരോ സൃഷ്ടിദിവസത്തിലെയും അല്ലെങ്കിൽ കാലഘട്ടത്തിലെയും പ്രധാനപ്പെട്ട ചില സൃഷ്ടിക്രിയകൾ ക്ഷണത്തിൽ പ്രത്യക്ഷപ്പെടുന്നതിനു പകരം ക്രമേണ—ഒരുപക്ഷേ മറ്റു സൃഷ്ടിദിവസങ്ങളിലേക്കുപോലും ദീർഘിച്ചുകൊണ്ട്—പ്രത്യക്ഷപ്പെട്ടിരിക്കാമെന്നു വിശ്വസിക്കാൻ ബൈബിളിന്റെ ആഖ്യാനശൈലി അനുവദിക്കുന്നു.
അതതു തരമനുസരിച്ച്
സസ്യങ്ങളും മൃഗങ്ങളും ക്രമാനുഗതമായി പ്രത്യക്ഷപ്പെട്ടുവെന്നു പറയുമ്പോൾ, പരിണാമപ്രക്രിയയിലൂടെയാണ് ദൈവം നാനാതരം ജീവജാലങ്ങളെ ഉളവാക്കിയത് എന്ന ധ്വനി നൽകുന്നുണ്ടോ? ഇല്ല. ദൈവം “അതതു തരം” അടിസ്ഥാന സസ്യ-ജന്തുജാലങ്ങളെ സൃഷ്ടിച്ചു എന്ന് ഉല്പത്തി പുസ്തകം വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. (ഉല്പത്തി 1:11, 12, 20-25) മാറ്റംവരുന്ന പരിസ്ഥിതിക്കനുസരിച്ച് അനുരൂപപ്പെടാനുള്ള പ്രാപ്തി സസ്യ-ജന്തുജാലങ്ങളിലെ ഈ അടിസ്ഥാന “തര”ങ്ങളിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടായിരുന്നോ? ഒരു “തര”ത്തിന് എത്രത്തോളം മാറ്റംവരാൻ സാധിക്കും? ബൈബിൾ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. എന്നിരുന്നാലും “അതതുതരം” ജീവജാലങ്ങൾ “കൂട്ടമായി” സൃഷ്ടിക്കപ്പെട്ടുവെന്ന് അതു വ്യക്തമാക്കുന്നു. (ഉല്പത്തി 1:21) ജീവജാലങ്ങളുടെ ഒരു “തര”ത്തിനു സംഭവിക്കാവുന്ന മാറ്റത്തിനു പരിധിയുണ്ട് എന്ന് ഈ പ്രസ്താവന സൂചിപ്പിക്കുന്നു. യുഗങ്ങൾ കഴിഞ്ഞിട്ടും സസ്യ-ജന്തുജാലങ്ങളുടെ അടിസ്ഥാന വർഗങ്ങൾക്കു മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന ആശയത്തിന് ഫോസിൽ രേഖയും ആധുനിക ഗവേഷണവും പിന്തുണ നൽകുന്നു.
ഭൂമിയും അതിലെ ജീവജാലങ്ങളും ഉൾപ്പെടെയുള്ള പ്രപഞ്ചത്തിന് കാര്യമായ പഴക്കമില്ലെന്നും അവയെല്ലാം ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടുവെന്നും ചില മൗലികവാദികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഉല്പത്തി പുസ്തകം അങ്ങനെ പഠിപ്പിക്കുന്നില്ല. മറിച്ച് പ്രപഞ്ച സൃഷ്ടിയെക്കുറിച്ചും ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള ഉല്പത്തി വിവരണം അടുത്ത കാലത്തെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുമായി യോജിപ്പിലാണ്.
തത്ത്വശാസ്ത്രപരമായ വിശ്വാസങ്ങൾ കാരണം, സകലവും ദൈവം സൃഷ്ടിച്ചു എന്ന ബൈബിളിന്റെ പ്രസ്താവനയെ അനേകം ശാസ്ത്രജ്ഞന്മാർ തള്ളിക്കളയുന്നു. എന്നിരുന്നാലും, പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നും ജീവജാലങ്ങൾ ഘട്ടംഘട്ടമായും ക്രമാനുഗതമായും ഒരു ദീർഘകാലംകൊണ്ട് ഭൂമിയിൽ പ്രത്യക്ഷപ്പെട്ടുവെന്നും മോശെ പ്രാചീന ബൈബിൾ പുസ്തകമായ ഉല്പത്തിയിൽ എഴുതിയെന്നതു ശ്രദ്ധേയമാണ്. ഇത്ര കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ ഏതാണ്ട് 3500 വർഷങ്ങൾക്കുമുമ്പ് മോശെക്ക് എങ്ങനെ ലഭിച്ചു? യുക്തിപൂർവകമായ ഒരു വിശദീകരണമേ അതിനുള്ളൂ. ആകാശവും ഭൂമിയും സൃഷ്ടിക്കാൻ പ്രാപ്തിയും ജ്ഞാനവുമുള്ള ഒരുവൻ കൃത്യമായ ഈ ശാസ്ത്രീയ അറിവു മോശെക്കു പകർന്നു കൊടുത്തു. ഇത് ബൈബിൾ “ദൈവശ്വാസീയ”മാണെന്ന അവകാശവാദത്തിനു മാറ്റുകൂട്ടുകയും ചെയ്യുന്നു.—2 തിമൊഥെയൊസ് 3:16.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ എത്ര നാളുകൾക്കുമുമ്പാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചത്?—ഉല്പത്തി 1:1.
◼ 24 മണിക്കൂർ വീതമുള്ള 6 ദിവസങ്ങൾകൊണ്ടാണോ ഭൂമി സൃഷ്ടിക്കപ്പെട്ടത്?—ഉല്പത്തി 2:4.
◼ ഭൂമിയിലെ സൃഷ്ടിക്രിയകളുടെ ആരംഭത്തെക്കുറിച്ച് മോശെക്ക് എങ്ങനെ ശാസ്ത്രീയ കൃത്യതയോടെ എഴുതാൻ കഴിഞ്ഞു?—2 തിമൊഥെയൊസ് 3:16.
[അടിക്കുറിപ്പ്]
a ഒന്നാം ‘ദിവസത്തെ’ സൃഷ്ടിക്രിയ വിവരിക്കുമ്പോൾ വെളിച്ചത്തെ പരാമർശിക്കാൻ ഉപയോഗിച്ച എബ്രായപദം, പൊതുവായ അർഥത്തിൽ വെളിച്ചത്തെക്കുറിക്കുന്ന ഓർ എന്ന വാക്കാണ്. എന്നാൽ നാലാം ‘ദിവസത്തെ’ വിവരണത്തിൽ ഉപയോഗിച്ചത് പ്രകാശസ്രോതസ്സിനെ അർഥമാക്കുന്ന മാ’ഓർ എന്ന വാക്കാണ്.
[19-ാം പേജിലെ ആകർഷക വാക്യം]
പ്രപഞ്ചത്തിന് കാര്യമായ പഴക്കമില്ലെന്നും അത് ചുരുങ്ങിയ ഒരു കാലത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടുവെന്നും ഉല്പത്തിപ്പുസ്തകം പഠിപ്പിക്കുന്നില്ല
[20-ാം പേജിലെ ആകർഷക വാക്യം]
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉല്പത്തി 1:1
[18-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പ്രപഞ്ചം: IAC/RGO/David Malin Images
[20-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
NASA photo
-
-
സൃഷ്ടിയിലുള്ള എന്റെ വിശ്വാസത്തെ എനിക്കെങ്ങനെ സമർഥിക്കാനാകും?ഉണരുക!—2006 | സെപ്റ്റംബർ
-
-
യുവജനങ്ങൾ ചോദിക്കുന്നു . . .
സൃഷ്ടിയിലുള്ള എന്റെ വിശ്വാസത്തെ എനിക്കെങ്ങനെ സമർഥിക്കാനാകും?
“ക്ലാസ്സിൽ പരിണാമത്തെ ക്കുറിച്ചുള്ള ചർച്ച വന്നപ്പോൾ ഞാൻ അതുവരെ പഠിച്ചിരുന്ന എല്ലാറ്റിനെയും അതു വെല്ലുവിളിക്കുന്നതായി തോന്നി. ഒരു വസ്തുതയെന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടത്, എന്റെ ധൈര്യമൊക്കെ ചോർന്നുപോയി.”— റയൻ, 18.
“അന്നെനിക്ക് ഏതാണ്ട് 12 വയസ്സ്. പരിണാമത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു എന്റെ അധ്യാപിക. അവരുടെ കാറിന്മേൽ ഡാർവിന്റെ ഒരു ചിഹ്നംപോലും ഉണ്ടായിരുന്നു! അതുകൊണ്ടുതന്നെ സൃഷ്ടിയിലുള്ള എന്റെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാൻ എനിക്കു മടിയായിരുന്നു.”— ടൈലർ, 19.
“അടുത്ത പാഠം പരിണാമത്തെ കുറിച്ചുള്ളതാണെന്ന് സാമൂഹ്യപാഠം എടുക്കുന്ന അധ്യാപിക പറഞ്ഞപ്പോൾ എനിക്കു വല്ലാത്ത പേടി തോന്നി. വിവാദപരമായ ഈ വിഷയത്തിൽ എന്റെ നിലപാടെന്താണെന്ന് ക്ലാസ്സിൽ വിശദീകരിക്കേണ്ടി വരുമെന്ന് എനിക്ക റിയാമായിരുന്നു.”— റാക്കെൽ, 14.
പരിണാമത്തെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്യുമ്പോൾ റയനെയും ടൈലറിനെയും റാക്കെലിനെയുംപോലെ ഒരുപക്ഷേ നിങ്ങൾക്കും പരിഭ്രമം തോന്നിയേക്കാം. “സർവ്വവും” ദൈവം “സൃഷ്ടിച്ച”താണെന്നു നിങ്ങൾ വിശ്വസിക്കുന്നു. (വെളിപ്പാടു 4:11) നിങ്ങൾക്കു ചുറ്റും എവിടെ കണ്ണോടിച്ചാലും, ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ തെളിവ് നിങ്ങൾ കാണുന്നു. എന്നാൽ നാം പരിണമിച്ചുണ്ടായതാണെന്നു പാഠപുസ്തകങ്ങൾ പറയുന്നു; നിങ്ങളുടെ അധ്യാപകനും അതുതന്നെ പറയുന്നു. ‘വിദഗ്ധരോടു’ തർക്കിക്കാൻ നിങ്ങളാരാണ്? നിങ്ങൾ ദൈവത്തെക്കുറിച്ചു സംസാരിച്ചാൽ നിങ്ങളുടെ സഹപാഠികൾ എങ്ങനെ പ്രതികരിക്കും?
ഇത്തരം ചോദ്യങ്ങൾ നിങ്ങളെ ആകുലപ്പെടുത്തുന്നെങ്കിൽ, വിഷമിക്കേണ്ട! സൃഷ്ടിയിൽ വിശ്വസിക്കുന്ന ഒരേയൊരു വ്യക്തിയല്ല നിങ്ങൾ. ചില ശാസ്ത്രജ്ഞർ പോലും പരിണാമ സിദ്ധാന്തം അംഗീകരിക്കുന്നില്ല എന്നതാണു യാഥാർഥ്യം. അധ്യാപകരുടെ കൂട്ടത്തിലും പരിണാമത്തിൽ വിശ്വസിക്കാത്ത അനേകരുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ വിദ്യാർഥികളിൽ 5-ൽ 4 പേരും ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കുന്നവരാണ്—പാഠപുസ്തകങ്ങൾ എന്തുതന്നെ പറഞ്ഞാലും!
എന്നിരുന്നാലും നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം, ‘സൃഷ്ടിയിലുള്ള എന്റെ വിശ്വാസം മറ്റുള്ളവർക്കു തെളിയിച്ചുകൊടുക്കേണ്ടിവരുന്നെങ്കിൽ ഞാനെന്തു പറയും?’ നിങ്ങൾ അത്ര ധൈര്യമില്ലാത്ത കൂട്ടത്തിലാണെങ്കിൽപ്പോലും നിങ്ങളുടെ നിലപാടു വിശദമാക്കാൻ നിങ്ങൾക്കു സാധിക്കും എന്നതു സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കുക. എന്നാൽ അതിനുവേണ്ടി അൽപ്പം തയ്യാറാകേണ്ടതുണ്ട്.
നിങ്ങളുടെ വിശ്വാസങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തുക!
ക്രിസ്തീയ കുടുംബത്തിൽ വളർന്നുവരുന്ന വ്യക്തിയാണു നിങ്ങളെങ്കിൽ, സൃഷ്ടിയിൽ വിശ്വസിക്കാൻ മാതാപിതാക്കൾ നിങ്ങളെ പഠിപ്പിച്ചു എന്നതിന്റെ പേരിൽ മാത്രം നിങ്ങൾ അതു വിശ്വസിച്ചേക്കാം. എന്നാൽ ഇപ്പോൾ മുതിർന്നു വരുന്ന ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ വിശ്വാസങ്ങൾക്ക് ഒരു ഉറച്ച അടിസ്ഥാനം ഉണ്ടായിരിക്കാനും നിങ്ങളുടെ “ബുദ്ധി” അഥവാ യുക്തിബോധം ഉപയോഗിച്ച് ദൈവത്തെ ആരാധിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു. (റോമർ 12:1) “സകലവും ശോധന” ചെയ്യാൻ അതായത് പരിശോധിച്ച് ഉറപ്പുവരുത്താൻ, പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 തെസ്സലൊനീക്യർ 5:21) സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ അതെങ്ങനെ ചെയ്യാൻ സാധിക്കും?
ആദ്യംതന്നെ, ദൈവത്തെക്കുറിച്ച് പൗലൊസ് എഴുതിയതു ശ്രദ്ധിക്കുക: “അവന്റെ അദൃശ്യലക്ഷണങ്ങൾ” അഥവാ ഗുണങ്ങൾ “ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.” (റോമർ 1:20) ആ വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ട് മനുഷ്യശരീരം, ഭൂമി, ബൃഹത്തായ പ്രപഞ്ചം, സമുദ്രത്തിന്റെ ആഴങ്ങൾ എന്നിവയെ കുറിച്ചു പരിചിന്തിക്കുക. സസ്യങ്ങളുടെയും ജന്തുക്കളുടെയും അത്ഭുതലോകം, പ്രാണിലോകത്തെ വിസ്മയങ്ങൾ എന്നിങ്ങനെ നിങ്ങൾക്ക് താത്പര്യമുള്ള ഏതു മേഖലയെക്കുറിച്ചും വിശകലനം ചെയ്യുക. എന്നിട്ട്, നിങ്ങളുടെ യുക്തിബോധം ഉപയോഗിച്ച് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ഒരു സ്രഷ്ടാവുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത് എന്താണ്?’
മനുഷ്യശരീരത്തെ ഉദാഹരണമായി എടുത്തുകൊണ്ടാണ് 14 വയസ്സുകാരനായ സാം ആ ചോദ്യത്തിന് ഉത്തരം നൽകുന്നത്. “അത് നിരവധി വിശദാംശങ്ങൾ നിറഞ്ഞതും സങ്കീർണവുമാണ്,” അവൻ പറയുന്നു. “അതിന്റെ ഭാഗങ്ങൾ എല്ലാം വളരെ യോജിപ്പിൽ പ്രവർത്തിക്കുന്നു. മനുഷ്യശരീരം പരിണമിച്ചുണ്ടായതായിരിക്കുക സാധ്യമല്ല!” 16 വയസ്സുകാരിയായ ഹോളിക്കും സമാനമായ അഭിപ്രായമാണ്. അവൾ പറയുന്നു: “എനിക്കു പ്രമേഹമുണ്ടെന്നു കണ്ടുപിടിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി. ഉദാഹരണത്തിന്, ആമാശയത്തിനു പിന്നിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ അവയവമായ ആഗ്നേയഗ്രന്ഥി രക്തത്തിന്റെയും മറ്റു ശരീര അവയവങ്ങളുടെയും പ്രവർത്തനത്തിൽ എത്ര വലിയ പങ്കാണു വഹിക്കുന്നത്. അത് വിസ്മയാവഹമാണ്.”
മറ്റു യുവാക്കൾ വ്യത്യസ്തമായ ഒരു തലത്തിൽനിന്നുകൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്. 19 വയസ്സുകാരനായ ജാരെദ് പറയുന്നു: “നമുക്ക് ആത്മീയ കാര്യങ്ങളെ വിലമതിക്കാനാകും എന്നതും സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള കഴിവും പഠിക്കാനുള്ള ആഗ്രഹവും ഉണ്ട് എന്നതും എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തെളിവാണ്. അതിജീവനത്തിന് ഈ സവിശേഷതകൾ ആവശ്യമില്ല. അതുകൊണ്ടുതന്നെ പരിണാമത്തിന്റെ കാഴ്ചപ്പാടിൽനിന്നു നോക്കുമ്പോൾ ഇതിനു വിശദീകരണമില്ല. എനിക്ക് യുക്തിസഹമായിത്തോന്നുന്ന ഏക വിശദീകരണം നാം ജീവിതം ആസ്വദിക്കാൻ ആഗ്രഹിച്ച ഒരുവൻ നമ്മെ ഇവിടെ ആക്കിവെച്ചു എന്നതാണ്.” തുടക്കത്തിൽ പരാമർശിച്ച ടൈലർ സമാനമായ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. അവൻ പറയുന്നു: “ജീവന്റെ നിലനിൽപ്പിൽ സസ്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവയുടെ ഘടനയിലെ അമ്പരപ്പിക്കുന്ന സങ്കീർണതയെക്കുറിച്ചും പരിചിന്തിക്കുമ്പോൾ ഒരു സ്രഷ്ടാവുണ്ടെന്ന് എനിക്കു ബോധ്യമുണ്ട്.”
സൃഷ്ടിയെക്കുറിച്ച് ശ്രദ്ധാപൂർവം പരിചിന്തിക്കുകയും അതു സംബന്ധിച്ച് ശരിക്കും ബോധ്യം വരുകയും ചെയ്തിരിക്കുന്നെങ്കിൽ അതേപ്പറ്റി ധൈര്യപൂർവം സംസാരിക്കുക നിങ്ങൾക്ക് കൂടുതൽ എളുപ്പമായിരിക്കും. അതുകൊണ്ട് സാമിനെയും ഹോളിയെയും ജാരെദിനെയും ടൈലറിനെയും പോലെ ദൈവത്തിന്റെ കരവേലയിലെ അത്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കാൻ അൽപ്പം സമയം എടുക്കുക. ഇവ നിങ്ങളോട് ‘പറയുന്ന’ കാര്യങ്ങൾക്കു ‘കാതോർക്കുക.’ അപ്പോൾ, അപ്പൊസ്തലനായ പൗലൊസിന്റെ അതേ നിഗമനത്തിൽ നിങ്ങൾ എത്തിച്ചേരും എന്നതിനു സംശയമില്ല—അതായത്, ദൈവത്തിന്റെ അസ്തിത്വം മാത്രമല്ല അവന്റെ ഗുണങ്ങളും “അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു” എന്ന നിഗമനത്തിൽ.a
ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്ന് അറിയുക
സൃഷ്ടിയെക്കുറിച്ച് മറ്റുള്ളവർക്കു തെളിയിച്ചുകൊടുക്കുന്നതിന് ദൈവത്തിന്റെ കൈവേലയെ അടുത്തു പരിശോധിക്കുന്നതു കൂടാതെ ബൈബിൾ ഈ വിഷയം സംബന്ധിച്ച് യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നുവെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. ബൈബിൾ നേരിട്ടു പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി വാദപ്രതിവാദത്തിൽ ഏർപ്പെടേണ്ട ആവശ്യമില്ല. ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.
◼ ഭൂമിയും സൗരയൂഥവും ശതകോടിക്കണക്കിനു വർഷങ്ങളായി നിലവിലുണ്ടെന്ന് എന്റെ ശാസ്ത്ര പാഠപുസ്തകം പറയുന്നു. ഭൂമിക്കോ സൗരയൂഥത്തിനോ എത്ര പഴക്കമുണ്ടെന്ന് ബൈബിൾ പറയുന്നില്ല. ആദ്യത്തെ സൃഷ്ടി‘ദിവസം’ ആരംഭിക്കുന്നതിനുമുമ്പ് പ്രപഞ്ചം ശതകോടിക്കണക്കിനു വർഷങ്ങളായി നിലവിൽ ഉണ്ടായിരുന്നിരിക്കാമെന്ന ആശയവുമായി ബൈബിൾ യോജിക്കുന്നു.—ഉല്പത്തി 1:1, 2.
◼ ഭൂമി വെറും ആറു ദിവസംകൊണ്ട് സൃഷ്ടിക്കപ്പെടുക സാധ്യമല്ലെന്ന് എന്റെ അധ്യാപകൻ പറയുന്നു. ആറു സൃഷ്ടി ‘ദിവസ’ങ്ങളിൽ ഓരോന്നും 24 മണിക്കൂറുള്ള അക്ഷരീയ ദിവസങ്ങളായിരുന്നെന്ന് ബൈബിൾ പ്രസ്താവിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി ഈ മാസികയുടെ 18-20 പേജുകൾ കാണുക.
◼ ജന്തുക്കൾക്കും മനുഷ്യർക്കും കാലക്രമേണ മാറ്റം വന്നിരിക്കുന്നത് എങ്ങനെ എന്നതിന്റെ പല ഉദാഹരണങ്ങളും ക്ലാസ്സിൽ ചർച്ചചെയ്തു. “അതതുതരം” ജീവജാലങ്ങളെ ദൈവം സൃഷ്ടിച്ചുവെന്ന് ബൈബിൾ പറയുന്നു. (ഉല്പത്തി 1:20, 21) ജീവനില്ലാത്ത വസ്തുവിൽനിന്ന് ജീവൻ ആവിർഭവിച്ചു എന്ന ആശയത്തെയോ ഒരു ഏകകോശം ഉപയോഗിച്ച് ദൈവം പരിണാമ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു എന്നതിനെയോ അതു പിന്താങ്ങുന്നില്ല. എങ്കിലും, ഓരോ “തര”ത്തിനും അതിൽത്തന്നെ വൻവൈവിധ്യത്തിനുള്ള ശേഷിയുണ്ട്. അതുകൊണ്ട് ബൈബിൾ, ഓരോ “തര”ത്തിനും ഉള്ളിൽ മാറ്റം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ഉറപ്പുള്ളവരായിരിക്കുക!
നിങ്ങൾ സൃഷ്ടിയിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ ഒരിക്കലും സങ്കോചമോ ലജ്ജയോ തോന്നേണ്ടതില്ല. തെളിവുകൾ കണക്കിലെടുക്കുമ്പോൾ ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ ഉത്പന്നമാണു നാമെന്നു വിശ്വസിക്കുന്നത് തികച്ചും ന്യായയുക്തമാണ്—തീർച്ചയായും ശാസ്ത്രീയവുമാണ്. ഇതിന്റെയെല്ലാം വെളിച്ചത്തിൽ നോക്കുമ്പോൾ വാസ്തവത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കേണ്ടിവരുന്നത് പരിണാമമാണ്, കാരണം അതിനു തെളിവില്ല. അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനില്ലാതെ അത്ഭുതങ്ങൾ നടന്നു എന്നു വിശ്വസിക്കേണ്ടിവരുന്നതും പരിണാമത്തിന്റെ കാര്യത്തിൽത്തന്നെ. വാസ്തവത്തിൽ, ഉണരുക!യുടെ ഈ ലക്കത്തിലെ മറ്റു ലേഖനങ്ങൾ പരിചിന്തിച്ചു കഴിയുമ്പോൾ തെളിവുകൾ പിന്താങ്ങുന്നത് സൃഷ്ടിയെയാണെന്ന് നിങ്ങൾക്ക് തീർച്ചയായും ബോധ്യം വരും. യുക്തിബോധം ഉപയോഗിച്ച് നിങ്ങൾ ഇതിനെക്കുറിച്ച് ശ്രദ്ധാപൂർവം വിലയിരുത്തിക്കഴിയുമ്പോൾ ക്ലാസ്സിൽ നിങ്ങളുടെ വിശ്വാസം സമർഥിക്കാൻ നിങ്ങൾക്കു കൂടുതൽ ആത്മവിശ്വാസം തോന്നും.
മുമ്പു പരാമർശിച്ച റാക്കെൽ അതുതന്നെയാണു കണ്ടെത്തിയത്. “എന്റെ വിശ്വാസങ്ങൾ എന്നിൽത്തന്നെ ഒതുക്കിവെക്കരുതെന്ന് തിരിച്ചറിയാൻ എനിക്ക് ഏതാനും ദിവസങ്ങൾ വേണ്ടിവന്നു” എന്ന് അവൾ പറയുന്നു. “ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം ഞാൻ എന്റെ അധ്യാപികയ്ക്കു നൽകി. അവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിച്ച ചില ഭാഗങ്ങൾ ഞാൻ അടയാളപ്പെടുത്തിയിരുന്നു. പരിണാമത്തെ സംബന്ധിച്ച് തികച്ചും പുതിയൊരു വീക്ഷണം ഉണ്ടായിരിക്കാൻ ഈ പുസ്തകം തന്നെ സഹായിച്ചെന്നും ഭാവിയിൽ ഈ വിഷയം പഠിപ്പിക്കുമ്പോൾ ഈ വിവരങ്ങൾകൂടെ കണക്കിലെടുക്കുമെന്നും പിന്നീട് അവർ എന്നോടു പറഞ്ഞു!”
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പംക്തിയിലെ മറ്റു ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാനാകും
ചിന്തിക്കാൻ
◼ സ്കൂളിൽ സൃഷ്ടിയിലുള്ള വിശ്വാസത്തെക്കുറിച്ച് നിസ്സങ്കോചം വിശദീകരിക്കാൻ നിങ്ങൾക്കു സാധിക്കുന്ന ചില മാർഗങ്ങളേവ?
◼ സർവവും സൃഷ്ടിച്ച ആ ഒരുവനോടുള്ള വിലമതിപ്പ് നിങ്ങൾക്ക് എങ്ങനെ പ്രകടിപ്പിക്കാം?—പ്രവൃത്തികൾ 17:26, 27.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് അനേകം യുവജനങ്ങൾ പ്രയോജനം നേടിയിരിക്കുന്നു.
[27-ാം പേജിലെ ചതുരം]
‘തെളിവുകൾ വേണ്ടതിലധികം’
“സ്രഷ്ടാവിൽ വിശ്വസിക്കുന്ന ഒരു കുടുംബത്തിൽ വളർന്നുവരുകയും സ്കൂളിൽ പരിണാമം പഠിക്കേണ്ടിവരുകയും ചെയ്യുന്ന ഒരു കുട്ടിയോട് നിങ്ങൾ എന്തു പറയും?” യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മൈക്രോബയോളജിസ്റ്റിനോട് ഈ ചോദ്യം ചോദിക്കുകയുണ്ടായി. അവരുടെ മറുപടി എന്തായിരുന്നു? “ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ഒരു അവസരമായി നിങ്ങൾ അതിനെ കാണണം—കേവലം, മാതാപിതാക്കൾ അതാണു നിങ്ങളെ പഠിപ്പിച്ചത് എന്നതുകൊണ്ടല്ല, പകരം നിങ്ങൾ തെളിവുകൾ പരിശോധിക്കുകയും അത്തരമൊരു നിഗമനത്തിൽ എത്തുകയും ചെയ്തതിനാൽ. ചിലപ്പോൾ അധ്യാപകരോട് പരിണാമം ‘തെളിയിക്കാൻ’ ആവശ്യപ്പെടുമ്പോൾ അവർക്ക് അതിനു കഴിയുന്നില്ല. കൂടാതെ, അവർ ഈ സിദ്ധാന്തം സ്വീകരിക്കുന്നത് അവരെ അതു പഠിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടു മാത്രമാണെന്നും അവർ തിരിച്ചറിയുന്നു. ഒരു സ്രഷ്ടാവിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ നിങ്ങളും അതേ കെണിയിൽ വീണേക്കാം. അതുകൊണ്ടാണ് ദൈവം യഥാർഥത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തുന്നത് തക്ക മൂല്യമുള്ളത് ആയിരിക്കുന്നത്. തെളിവുകൾ വേണ്ടതിലധികമുണ്ട്. അവ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല.”
[28-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളെ ബോധ്യപ്പെടുത്തുന്നത് എന്താണ്?
ഒരു സ്രഷ്ടാവുണ്ടെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്ന മൂന്നു കാര്യങ്ങൾ താഴെ എഴുതുക:
1. .....................................
2. .....................................
3. .....................................
-