ദൈവത്തോടുള്ള എന്റെ കുടുംബത്തിന്റെ വിശ്വസ്തതയാൽ പ്രചോദിപ്പിക്കപ്പെട്ടു
ഹോസ്റ്റ് ഹെൻഷൽ പറഞ്ഞപ്രകാരം
“ഈ കത്ത് കിട്ടുമ്പോൾ നീ സന്തോഷിക്കണം. കാരണം ഞാൻ അന്ത്യത്തോളം സഹിച്ചുനിന്നിരിക്കുന്നു. രണ്ടു മണിക്കൂറിനകം ഞാൻ വധിക്കപ്പെടും.” ഡാഡി എനിക്ക് അവസാനമായി അയച്ച കത്തിലെ പ്രാരംഭവാക്കുകളായിരുന്നു അവ. 1944, മേയ് 10-ന് അദ്ദേഹം വധിക്കപ്പെട്ടു, ഹിറ്റ്ലറുടെ സൈന്യത്തിൽ സേവിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ. ദൈവത്തോടുള്ള അദ്ദേഹത്തിന്റെയും മമ്മിയുടെയും ചേച്ചി എൽഫ്രീഡെയുടെയും വിശ്വസ്തത എന്റെ ജീവിതത്തെ ആഴമായി സ്വാധീനിച്ചിട്ടുണ്ട്.
എന്റെ ജനനത്തോടടുത്ത്, 1932-ൽ, ഡാഡി യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ തുടങ്ങി. മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ വൈദികരുടെ കാപട്യവും അദ്ദേഹം കണ്ടു. അതിന്റെ ഫലമായി അദ്ദേഹത്തിനു സഭകളിൽ താത്പര്യമില്ലാതായി.
1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങി അധികം കഴിയുന്നതിനുമുമ്പ് ഡാഡിയെ നിർബന്ധപൂർവം ജർമൻ സൈന്യത്തിലെടുത്തു. “ബൈബിൾ പറയുന്നതനുസരിച്ച് ഞാൻ പോകാൻ പാടില്ല,” മമ്മിയോട് അദ്ദേഹം പറഞ്ഞു. “ഈ കൊല്ലും കൊലയുമൊന്നും ശരിയല്ല.”
“പോകാഞ്ഞാൽ അവർ നിങ്ങളെ കൊല്ലും,” മമ്മി പ്രതിവചിച്ചു. “പിന്നെ ഈ കുടുംബത്തിന്റെ ഗതിയെന്താകും?” അങ്ങനെ ഡാഡി ഒരു പട്ടാളക്കാരനായി.
മമ്മി അതുവരെ ബൈബിൾ പഠിച്ചിരുന്നില്ല. എന്നാൽ പിന്നീട് മമ്മി യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ശ്രമിച്ചു. അക്കാലത്ത് അത് വലിയൊരു സാഹസമായിരുന്നു. ഒടുവിൽ മമ്മി ഡോറയെ കണ്ടെത്തി. തന്റെ വിശ്വാസം നിമിത്തം അവരുടെ ഭർത്താവ് തടങ്കൽപ്പാളയത്തിലായിരുന്നു. ഡോറ മമ്മിക്ക് വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി നൽകി. എങ്കിലും അവർ മമ്മിയോട് തുറന്നു പറഞ്ഞു: “ഞാൻ ഇതു നിങ്ങൾക്കു നൽകിയ വിവരം ഗസ്റ്റപ്പോ (രഹസ്യ പൊലീസ്) എങ്ങാനും അറിഞ്ഞാൽ അവർ എന്റെ കഥകഴിക്കും.”
പിന്നീട് യഹോവയുടെ സാക്ഷികളുടെ കൂടുതൽ പ്രസിദ്ധീകരണങ്ങൾ മമ്മിക്ക് ലഭിച്ചു. അവയിൽ അടങ്ങിയിരുന്ന ബൈബിൾ സത്യങ്ങൾ മമ്മി വിലമതിക്കാൻ തുടങ്ങി. താമസിയാതെ അടുത്തുള്ള ഡ്രെസ്ഡെനിലെ മാക്സ് റൂപ്സാം, മെയ്സെനിലുള്ള ഞങ്ങളുടെ വീട്ടിൽ വരാൻ തുടങ്ങി. ജീവൻ പണയപ്പെടുത്തിയാണ് അദ്ദേഹം ഞങ്ങളെ ബൈബിൾ പഠിപ്പിച്ചത്. അധികനാൾ കഴിയുന്നതിനുമുമ്പേ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
ബൈബിളധ്യയനത്തിന്റെ ഫലമായി മമ്മിക്ക് യഹോവയിൽ വിശ്വാസമായി. 1943 മേയിൽ മമ്മി യഹോവയ്ക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ഏതാനും മാസങ്ങൾക്കുശേഷം ഡാഡിയും ഞാനും സ്നാപനമേറ്റു. 20 വയസ്സുണ്ടായിരുന്ന ചേച്ചി എൽഫ്രീഡെയും ഏതാണ്ട് അതേ കാലത്തുതന്നെയാണു സ്നാപനമേറ്റത്. ചേച്ചിക്ക് അന്ന് ഡ്രെസ്ഡെനിലായിരുന്നു ജോലി. അങ്ങനെ, രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന ആ കാലത്ത് ഞങ്ങൾ നാലുപേരും ഞങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. 1943-ൽ മമ്മി ഏറ്റവും ഇളയവളായ റെനെറ്റിനെ പ്രസവിച്ചു.
വിശ്വാസത്തിന്റെ പേരിൽ പീഡനം
സ്നാപനമേൽക്കുന്നതിനുമുമ്പ് ഞാൻ ഹിറ്റ്ലർ യുവജനപ്രസ്ഥാനത്തിൽനിന്നു പിൻവാങ്ങി. സ്കൂളിൽ ദിവസവും ഹിറ്റ്ലറിന് വന്ദനം അർപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിനു വിസമ്മതിച്ചപ്പോൾ അധ്യാപകർ എന്നെ അടിച്ചു. എങ്കിലും മാതാപിതാക്കളാൽ ശക്തീകരിക്കപ്പെട്ട് വിശ്വസ്തനായി നിലകൊണ്ടതിൽ ഞാൻ സന്തോഷിച്ചു.
ശാരീരികമായ ശിക്ഷ ഭയന്ന് ഞാൻ “ഹെയ്ൽ ഹിറ്റ്ലർ” എന്നു പറഞ്ഞ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ നിറകണ്ണുകളോടെയായിരിക്കും ഞാൻ വീട്ടിലേക്കു തിരിച്ചുപോകുന്നത്. അടുത്ത പ്രാവശ്യം ധൈര്യത്തോടെ ശത്രുവിന്റെ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ സാധിക്കേണ്ടതിന് മാതാപിതാക്കൾ എന്നോടൊപ്പം പ്രാർഥിക്കും. ഒന്നിലധികം തവണ, പേടി നിമിത്തം ശരിയായതു ചെയ്യുന്നതിൽനിന്നു ഞാൻ പുറകോട്ടു പോയിട്ടുണ്ട്. എങ്കിലും യഹോവ ഒരിക്കലും എന്നെ കൈവെടിഞ്ഞില്ല.
ഒരു ദിവസം ഗസ്റ്റപ്പോ ഞങ്ങളുടെ വീട് പരിശോധിച്ചു. “നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണോ?” ഒരു ഗസ്റ്റപ്പോ ഏജൻറ് മമ്മിയോടു ചോദിച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് അറിയാമായിരുന്നിട്ടും വാതിൽപ്പടിയിൽ ചാരിനിന്ന് ഉറച്ച ശബ്ദത്തിൽ മമ്മി “അതേ” എന്നു പറഞ്ഞ രംഗം ഞാനിന്നും ഓർക്കുന്നു.
രണ്ടാഴ്ചയ്ക്കുശേഷം, ഒരു ദിവസം മമ്മി റെനറ്റിനെ മുലയൂട്ടിക്കൊണ്ടിരിക്കുമ്പോൾ ഗസ്റ്റപ്പോ വീട്ടിലേക്കു കയറിവന്നു, മമ്മിയെ അറസ്റ്റ് ചെയ്യാൻ. റെനറ്റിന് അന്ന് ഒരു വയസ്സു തികഞ്ഞിട്ടില്ലായിരുന്നു. മമ്മി പ്രതിഷേധിച്ചു: “ഞാൻ എന്റെ കുഞ്ഞിനു പാലുകൊടുക്കുകയാണ്!” എന്നാൽ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ മമ്മിയുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ട് ഉത്തരവിട്ടു: “ഞങ്ങളോടൊപ്പം പോരാൻ തയ്യാറായിക്കൊള്ളൂ! നിങ്ങൾ വന്നേ പറ്റൂ.” മമ്മിയെ സംബന്ധിച്ചിടത്തോളം അതത്ര എളുപ്പമായിരുന്നില്ല.
ഡാഡിയെ അപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നതുകൊണ്ട് ഞാനും എന്റെ കുഞ്ഞുപെങ്ങളും അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു. മമ്മിയെ കൊണ്ടുപോയി രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവിലെ സ്കൂളിൽ പോകുന്നതിനുമുമ്പ് ഞാൻ ഡാഡിയെ കെട്ടിപ്പിടിച്ചു. സൈന്യത്തിലേക്കു തിരിച്ചുപോകാത്തതിന്റെ പേരിൽ ഡാഡിയെ അന്ന് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് ഞാൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവിടെയില്ലായിരുന്നു, പിന്നീടൊരിക്കലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല.
വല്യമ്മച്ചിയും വല്യപ്പച്ചനും മറ്റു ബന്ധുക്കളും എന്റെയും കുഞ്ഞുപെങ്ങളുടെയും സംരക്ഷണം ഏറ്റെടുത്തു. അവരെല്ലാവരും യഹോവയുടെ സാക്ഷികൾക്ക് എതിരായിരുന്നു, ചിലർ നാസി പാർട്ടിയിലെ അംഗങ്ങളുമായിരുന്നു. ബൈബിൾ വായിക്കാൻ അവർ എന്നെ അനുവദിച്ചില്ല. എന്നാൽ അടുത്ത വീട്ടിലെ ഒരു സ്ത്രീയിൽനിന്ന് ഞാൻ രഹസ്യമായി ഒരു ബൈബിൾ കൈക്കലാക്കി വായിക്കാനാരംഭിച്ചു. എന്റെ കുഞ്ഞുപെങ്ങളുടെ കിടക്കയ്ക്കരികിൽ മുട്ടിന്മേൽനിന്നുകൊണ്ട് ഞാൻ പ്രാർഥിക്കുകയും ചെയ്യുമായിരുന്നു.
ഇതേ കാലയളവിൽത്തന്നെ, എന്റെ ചേച്ചി എൽഫ്രീഡെയും വിശ്വാസത്തിന്റെ പരിശോധനകളെ സഹിച്ചുനിന്നു. ഡ്രെസ്ഡെനിലെ, ആയുധങ്ങൾ നിർമിച്ചിരുന്ന ഫാക്ടറിയിൽ തുടർന്നു ജോലി ചെയ്യാൻ ചേച്ചി വിസമ്മതിച്ചു. എങ്കിലും മെയ്സണിൽ പാർക്കുകളും പൂന്തോട്ടങ്ങളുമൊക്കെ പരിപാലിക്കുന്ന ഒരു ജോലി ചേച്ചിക്കു ലഭിച്ചു. ശമ്പളം വാങ്ങാൻ ഓഫീസിൽ ചെല്ലുമ്പോൾ “ഹെയ്ൽ ഹിറ്റ്ലർ” എന്നു വന്ദനം ചെയ്യാൻ ചേച്ചി വിസമ്മതിക്കുമായിരുന്നു. ഒടുവിൽ ചേച്ചിയെ അറസ്റ്റ് ചെയ്ത് തടവിലാക്കി.
എൽഫ്രീഡെയ്ക്ക് തൊണ്ടമുള്ളും സ്കാർലറ്റ് പനിയും പിടിപെട്ടു. തടവിലാക്കി ഏതാനും ആഴ്ചകൾക്കകം ചേച്ചി മരിച്ചു. മരിക്കുമ്പോൾ ചേച്ചിക്ക് വെറും 21 വയസ്സായിരുന്നു. അവസാനത്തെ കത്തുകളിലൊന്നിൽ ചേച്ചി ലൂക്കൊസ് 17:10-ലെ പിൻവരുന്ന വാക്യം ഉദ്ധരിച്ചു: “അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.” ദൈവത്തോടുള്ള ചേച്ചിയുടെ വിശ്വസ്തത എക്കാലവും എനിക്കു ശക്തി പകർന്നിരിക്കുന്നു.—കൊലൊസ്സ്യർ 4:11.
ഡാഡിക്കുണ്ടായ പരിശോധന
ഡാഡി തടവിലായിരുന്ന സമയത്ത് എന്റെ വല്യപ്പച്ചൻ, അതായത് എന്റെ മമ്മിയുടെ പിതാവ്, അദ്ദേഹത്തെ ചെന്നുകണ്ട് മനസ്സു മാറ്റാൻ ശ്രമിക്കുകയുണ്ടായി. കൈകാലുകളിൽ വിലങ്ങണിയിച്ച നിലയിൽ ഡാഡിയെ അദ്ദേഹത്തിന്റെ മുന്നിലേക്കു കൊണ്ടുചെന്നു. കുട്ടികളെ ഓർത്തെങ്കിലും സൈന്യത്തിലേക്കു തിരിച്ചുപോകണമെന്ന നിർദേശം അദ്ദേഹം ശക്തമായി നിരസിച്ചു. തടവുകാവൽക്കാരിലൊരാൾ വല്യപ്പച്ചനോടു പറഞ്ഞു: “പത്തു പിള്ളേരുണ്ടെങ്കിലും ഇയാൾ ഇതേ ചെയ്യൂ.”
കലിതുള്ളിക്കൊണ്ടാണ് വല്യപ്പച്ചൻ വീട്ടിൽ തിരിച്ചെത്തിയത്. “തെമ്മാടി!” അദ്ദേഹം ആക്രോശിച്ചു. “ഒന്നിനും കൊള്ളാത്തവൻ! സ്വന്തം മക്കളെ ഉപേക്ഷിക്കാൻ അവനെങ്ങനെ മനസ്സുവരുന്നു?” വല്യപ്പച്ചന് ദേഷ്യമായിരുന്നെങ്കിലും ഡാഡി ഉറച്ചനിലപാട് കൈക്കൊണ്ടതായി മനസ്സിലാക്കിയപ്പോൾ ഞാൻ സന്തോഷിച്ചു.
ഒടുവിൽ ഡാഡിയെ വധശിക്ഷയ്ക്കു വിധിച്ചു. അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു. കുറച്ചു നാളുകൾക്കുശേഷം അദ്ദേഹം അവസാനമായി എഴുതിയ ആ കത്ത് എനിക്കു ലഭിച്ചു. മമ്മിയെ എവിടെയാണ് തടവിലാക്കിയിരിക്കുന്നതെന്ന് അറിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം എനിക്ക് എഴുതിയത്. ഞാൻ മുകളിലത്തെ നിലയിലുള്ള എന്റെ കിടപ്പുമുറിയിലേക്കു പോയി, ഈ ലേഖനത്തിന്റെ തുടക്കത്തിൽ പ്രതിപാദിച്ചിരുന്ന ആ വാക്കുകൾ വായിച്ചു. സങ്കടംകൊണ്ട് ഞാൻ കരഞ്ഞു. എങ്കിലും അദ്ദേഹം യഹോവയോടു വിശ്വസ്തനായി നിലകൊണ്ടതിൽ ഞാൻ സന്തോഷിച്ചു.
മമ്മിയുടെ ദുഃഖം
വിചാരണയും കാത്ത് മമ്മി ദക്ഷിണ ജർമനിയിലെ ഒരു ജയിലിൽ കഴിയുകയായിരുന്നു. ഒരു ദിവസം ഒരു കാവൽഭടൻ മമ്മിയുടെ സെല്ലിലേക്കു കടന്നുചെന്നു. എഴുന്നേൽക്കേണ്ടതില്ലെന്ന് മമ്മിയോടയാൾ സൗഹൃദ ഭാവത്തിൽ പറഞ്ഞു. എന്നാൽ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് മമ്മി പറഞ്ഞു: “എന്റെ ഭർത്താവ് കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് എനിക്കറിയാം.” അദ്ദേഹത്തിന്റെ രക്തംപുരണ്ട വസ്ത്രങ്ങൾ പിന്നീടവർ മമ്മിക്ക് അയച്ചുകൊടുത്തു. മരണത്തിനു മുമ്പ് അദ്ദേഹം അനുഭവിച്ച പീഡനത്തിന്റെ ഒരു മൂകസാക്ഷ്യമായിരുന്നു അത്.
മറ്റൊരു സന്ദർഭത്തിൽ, മമ്മിയെ ജയിലിലെ ഓഫീസിലേക്കു വിളിപ്പിച്ച് അവർ വെട്ടിത്തുറന്നു പറഞ്ഞു: “നിങ്ങളുടെ മകൾ തടവറയിൽവെച്ച് മരിച്ചു. അവളുടെ ശവസംസ്കാരം ഏതു രീതിയിൽ നടത്തണമെന്നാണ് നിങ്ങളുടെ ആഗ്രഹം?” ഓർക്കാപ്പുറത്ത് അത്തരമൊരു വാർത്ത കേട്ടപ്പോൾ മമ്മിക്ക് ആദ്യം എന്തു പറയണമെന്ന് അറിയില്ലായിരുന്നു. എന്നാൽ യഹോവയിലുള്ള ദൃഢവിശ്വാസം, പിടിച്ചുനിൽക്കാൻ മമ്മിയെ സഹായിച്ചു.
ബന്ധുക്കൾ എന്നെയും പെങ്ങളെയും ഒരുവിധം നന്നായിതന്നെ പരിപാലിച്ചു. അവർ വളരെ ദയയോടെ ഞങ്ങളോടു പെരുമാറി. ഒരാൾ എന്റെ അധ്യാപകരുടെ അടുക്കൽച്ചെന്ന് എന്നോട് ക്ഷമയോടെ പെരുമാറണമെന്നുപോലും പറഞ്ഞു. അതുകൊണ്ട് അധ്യാപകർക്കും എന്നോട് വലിയ സ്നേഹമായി. “ഹെയ്ൽ ഹിറ്റ്ലർ!” എന്നു പറഞ്ഞുകൊണ്ട് അവരെ അഭിവാദ്യം ചെയ്തില്ലെങ്കിലും എന്നെ ശിക്ഷിക്കാതായി. എങ്കിലും എന്റെ ബൈബിളധിഷ്ഠിത ദൃഢവിശ്വാസത്തിൽനിന്ന് എന്നെ അകറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അവർ ഈ ദയയെല്ലാം കാട്ടിയത്. സങ്കടകരമെന്നു പറയട്ടെ, അവർ അതിൽ അൽപ്പം വിജയിക്കുകയും ചെയ്തു.
1945 മേയിൽ യുദ്ധം അവസാനിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് നാസി യുവസംഘടനയുടെ ചില ചടങ്ങുകളിൽ ഞാൻ സ്വമനസ്സാലേ പങ്കെടുത്തു. ഞാൻ ഇതേക്കുറിച്ച് മമ്മിക്ക് എഴുതി. എന്റെ കത്തുകൾ വായിച്ചപ്പോൾ, യഹോവയെ സേവിക്കുകയെന്ന ലക്ഷ്യം ഞാൻ ഉപേക്ഷിച്ചുവെന്നാണ് മമ്മിക്കു തോന്നിയത്. ഡാഡിയുടെയും എൽഫ്രീഡെയുടെയും മരണവാർത്തയെക്കാൾ തന്റെ മനസ്സിനെ തകർത്തത് ആ കത്തുകളായിരുന്നെന്ന് മമ്മി പിന്നീടു പറയുകയുണ്ടായി.
താമസിയാതെ യുദ്ധം അവസാനിച്ചു. മമ്മി തടവിൽനിന്നു പുറത്തുവന്നു. മമ്മിയുടെ സഹായത്തോടെ ഞാൻ എന്റെ ആത്മീയ സമനില വീണ്ടെടുത്തു.
മുഴുസമയ ശുശ്രൂഷ ആരംഭിക്കുന്നു
രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് നാലു വർഷത്തിനുശേഷം, 1949-ന്റെ അവസാനത്തിൽ, ഒരു സഞ്ചാരമേൽവിചാരകൻ മലാഖി 3:10-ലെ ഈ ബൈബിൾ വാക്യം ചർച്ചചെയ്തു: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” മുഴുസമയ പ്രസംഗവേലയ്ക്കുള്ള അപേക്ഷ പൂരിപ്പിക്കാൻ ഞാൻ പ്രചോദിതനായി. അങ്ങനെ, 1950 ജനുവരി 1-ന് ഞാനൊരു പയനിയർ—മുഴുസമയ ശുശ്രൂഷകരെ വിളിക്കുന്നത് അങ്ങനെയാണ്—ആയി. പിന്നീട്, പയനിയർമാരുടെ കൂടുതലായ ആവശ്യമുള്ള സ്പ്രെംബെർഗിലേക്കു ഞാൻ താമസം മാറി.
ആ വർഷം ആഗസ്റ്റിൽ, കിഴക്കൻ ജർമനിയിലുള്ള മാഗ്ഡെബർഗിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവനമനുഷ്ഠിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ആഗസ്റ്റ് 31-ന് ഞാൻ അവിടെ എത്തിച്ചേർന്നു. എന്നാൽ വെറും രണ്ടു ദിവസം കഴിഞ്ഞപ്പോൾ പൊലീസുകാർ ഞങ്ങളുടെ വളപ്പിലേക്കു പാഞ്ഞുവന്നു. കുറ്റവാളികൾ അവിടെ ഒളിച്ചുതാമസിക്കുന്നുണ്ടെന്നായിരുന്നു അവരുടെ പക്ഷം. മിക്ക സാക്ഷികളെയും അറസ്റ്റ് ചെയ്ത് ജയിലിലേക്കു കൊണ്ടുപോയി. എങ്കിലും ഞാൻ ഒരുവിധത്തിൽ രക്ഷപ്പെട്ട് പശ്ചിമ ബെർളിനിലേക്കു യാത്രചെയ്തു. വാച്ച് ടവർ സൊസൈറ്റിക്ക് അവിടെ ഒരു ഓഫീസ് ഉണ്ടായിരുന്നു. മാഗ്ഡെബർഗിൽ നടന്ന കാര്യങ്ങൾ ഞാൻ വിവരിച്ചു. പൂർവ ജർമനിയിലുടനീളം ഒട്ടേറെ സാക്ഷികൾ അറസ്റ്റ് ചെയ്യപ്പെടുന്നതായി എന്നോടു പറയപ്പെട്ടു. വാസ്തവത്തിൽ, സ്പ്രെംബർഗിൽ പൊലീസുകാർ എന്നെ തിരയുകയായിരുന്നെന്ന് ഞാൻ മനസ്സിലാക്കി!
അറസ്റ്റും തടവും
പൂർവ ബെർളിനിൽ പയനിയറായി എന്നെ നിയമിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, പശ്ചിമ ബെർളിനിൽനിന്ന് ബൈബിൾ സാഹിത്യങ്ങൾ പൂർവ ജർമനിയിലേക്കു കൊണ്ടുപോകുന്ന വേലയിലേർപ്പെട്ടിരിക്കേ എന്നെ അറസ്റ്റ് ചെയ്ത് കോട്ട്ബസ് പട്ടണത്തിലേക്കു കൊണ്ടുപോയി. അവിടെ, വിചാരണയ്ക്കുശേഷം എന്നെ 12 വർഷത്തെ തടവിനു വിധിച്ചു.
മറ്റു കാര്യങ്ങളോടൊപ്പം, ഞാൻ ഒരു യുദ്ധക്കൊതിയനാണെന്നും ആരോപിക്കപ്പെട്ടു. വിചാരണവേളയിൽ ഞാൻ അവസാനമായി പറഞ്ഞത് ഇതാണ്: “ഒരു യഹോവയുടെ സാക്ഷിയായിരുന്നതുകൊണ്ട് യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും അക്കാരണത്താൽ ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്ത ഒരാളുടെ മകനും ഒരു യഹോവയുടെ സാക്ഷിയുമായ ഞാൻ ഒരു യുദ്ധക്കൊതിയനാകുന്നതെങ്ങനെ?” എന്നാൽ സത്യമറിയാൻ അവർക്കു യാതൊരു താത്പര്യവുമില്ലായിരുന്നു.
പത്തൊമ്പതു വയസ്സുകാരനെന്നനിലയിൽ 12 വർഷത്തെ തടവ് എന്നെ സംബന്ധിച്ചിടത്തോളം അചിന്തനീയമായിരുന്നു. എങ്കിലും പലർക്കും അത്തരത്തിലുള്ള ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. ചിലപ്പോഴെല്ലാം ജയിലധികൃതർ സാക്ഷികളെ പരസ്പരം അകറ്റി പാർപ്പിച്ചു. പക്ഷേ അപ്പോൾ ഞങ്ങൾ മറ്റു തടവുകാരുമായി ബൈബിൾ സത്യങ്ങൾ ചർച്ച ചെയ്യും. അവരിൽ ചിലർ സാക്ഷികളായിത്തീർന്നു.
മറ്റു ചിലപ്പോൾ സാക്ഷികളായ ഞങ്ങളെ ഒരേ സെൽബ്ലോക്കിൽത്തന്നെ ആക്കിയിരുന്നു. അപ്പോൾ ഞങ്ങൾ ബൈബിൾ നന്നായി പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബൈബിളിലെ അധ്യായങ്ങൾ അപ്പാടെ ഞങ്ങൾ ഹൃദിസ്ഥമാക്കി, മുഴു ബൈബിൾപുസ്തകങ്ങൾപോലും ഓർത്തിരിക്കാൻ ഞങ്ങൾ ശ്രമിച്ചു. ഓരോ ദിവസവും എന്തു ചെയ്യണം, പഠിക്കണം എന്നതിൽ ഞങ്ങൾ പ്രത്യേക ലക്ഷ്യങ്ങൾ വെച്ചു. ചിലപ്പോൾ ഞങ്ങൾ വളരെ തിരക്കിലായിരിക്കും. “തീരെ സമയമില്ല” എന്നു ഞങ്ങൾ പരസ്പരം പറയും, ഒരു ജോലിയും ചെയ്യാതെ ദിവസം മുഴുവൻ സെല്ലിനകത്ത് കഴിച്ചുകൂട്ടുകയായിരുന്നെങ്കിലും!
രഹസ്യപൊലീസിന്റെ ചോദ്യംചെയ്യൽ ചിലപ്പോൾ ഞങ്ങളെ തളർത്തിക്കളയുന്ന തരത്തിലുള്ളതായിരുന്നു. അത് ചിലപ്പോൾ പകലും രാത്രിയുംകൂടി നീണ്ടുനിൽക്കും, ഒപ്പം എല്ലാവിധ ഭീഷണികളുമുണ്ടാകും. ഒരിക്കൽ ഞാൻ വല്ലാതെ ക്ഷീണിതനും നിരുത്സാഹിതനും ആയി. പ്രാർഥിക്കാൻപോലും എനിക്കു ബുദ്ധിമുട്ടനുഭവപ്പെട്ടു. രണ്ടുമൂന്നു ദിവസത്തിനുശേഷം പ്രത്യേകിച്ച് കാരണമൊന്നുംകൂടാതെ സെല്ലിന്റെ ചുമരിൽനിന്ന് ജയിൽനിയമങ്ങൾ എഴുതിയ ഒരു കാർഡ്ബോർഡ് കഷണം ഞാൻ അടർത്തിയെടുത്തു. അതിന്റെ മറുപുറത്തും എന്തോ എഴുതിയിരുന്നു. സെല്ലിലെ അരണ്ട വെളിച്ചത്തിൽ ഞാൻ ഈ വാക്കുകൾ കണ്ടു: “ദേഹിയെക്കൊല്ലാനാകാതെ ദേഹത്തെ കൊല്ലുന്നോരെ പേടിക്കാതെ” “ഞാനെൻ സ്വന്ത കൺമണിപോൽ കാത്തിടും വിശ്വസ്തരെ.” ഇപ്പോൾ ഇത് യഹോവയുടെ സാക്ഷികളുടെ പാട്ടുപുസ്തകത്തിലെ 27-ാമത്തെ പാട്ടിന്റെ വരികളാണ്!
ഇതേ സാഹചര്യത്തിലുള്ള മറ്റൊരു സഹോദരൻ ഈ സെല്ലിലുണ്ടായിരുന്നു. യഹോവയാം ദൈവം അദ്ദേഹത്തെ ശക്തീകരിച്ചിരുന്നുവെന്നു വ്യക്തം. താമസിയാതെ ഞാൻ ആത്മീയ കരുത്ത് വീണ്ടെടുത്തു, പ്രോത്സാഹനത്തിനായി യഹോവയ്ക്കു നന്ദി പറയുകയും ചെയ്തു. ഈ പാഠം ഒരിക്കലും മറക്കരുതെന്നാണ് എന്റെ ആഗ്രഹം. കാരണം സ്വന്ത ശക്തിയാൽ എനിക്കു വിജയം കൈവരിക്കാൻ സാധിക്കില്ലെങ്കിലും യഹോവയാം ദൈവത്തിന്റെ സഹായമുണ്ടെങ്കിൽ യാതൊന്നും അസാധ്യമല്ലെന്ന് അതെന്നെ പഠിപ്പിച്ചു.
മമ്മി അപ്പോഴേക്കും പശ്ചിമ ജർമനിയിലേക്കു താമസം മാറിയിരുന്നതിനാൽ ആ സമയത്ത് മമ്മിക്ക് ഞാനുമായി ബന്ധം പുലർത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഹാന വലിയൊരു സഹായമായിരുന്നു. ചെറുപ്പംമുതൽ ഞങ്ങൾ ഒരേ സഭയിൽത്തന്നെയായിരുന്നു. ഞങ്ങളുടെ കുടുംബവുമായി അവൾക്ക് വളരെ അടുപ്പവുമുണ്ടായിരുന്നു. ഞാൻ തടവിൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം അവൾ എന്നെ വന്നു കാണുമായിരുന്നു. കൂടാതെ അവൾ എനിക്ക് പ്രോത്സാഹജനകമായ കത്തുകളെഴുതുകയും വിലയേറിയ ഭക്ഷണപ്പൊതികൾ അയച്ചു തരികയും ചെയ്തിരുന്നു. 12 വർഷത്തെ തടവുശിക്ഷയുടെ 6 വർഷം പൂർത്തിയാക്കി 1957-ൽ ജയിലിൽനിന്നു താത്കാലികമായി പുറത്തുവന്നപ്പോൾ ഞാൻ അവളെ വിവാഹം കഴിച്ചു.
എന്റെ പ്രിയപ്പെട്ട ഭാര്യയായി, ഞങ്ങൾക്കു ലഭിച്ച വിവിധ നിയമനങ്ങളിൽ എന്നോടൊപ്പം വിശ്വസ്തയായി സേവിച്ചുകൊണ്ട്, ഹാന എന്നെ എപ്പോഴും പിന്തുണച്ചിരിക്കുന്നു. ഒന്നിച്ചുള്ള ഞങ്ങളുടെ മുഴുസമയ സേവനത്തിലുടനീളം അവൾ എനിക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് പ്രതിഫലം നൽകാൻ യഹോവയാം ദൈവത്തിനു മാത്രമേ കഴിയൂ.
തടവിൽനിന്നു പുറത്തുവന്നശേഷമുള്ള ശുശ്രൂഷ
അക്കാലത്ത് പശ്ചിമ ബെർളിനിലെ വാച്ച് ടവർ സൊസൈറ്റിയുടെ മേൽനോട്ടത്തിലുണ്ടായിരുന്ന ഓഫീസിലാണ് ഞാനും ഹാനയും ഞങ്ങളുടെ മുഴുസമയ ശുശ്രൂഷ ആരംഭിച്ചത്. അവിടെ നിർമാണപ്രവർത്തനങ്ങളിൽ ഒരു ആശാരിയായി സഹായിക്കാൻ എനിക്കു നിയമനം ലഭിച്ചു. പിന്നീട് ഞങ്ങൾ ഒരുമിച്ച് പശ്ചിമ ബെർളിനിൽ പയനിയറിങ് ആരംഭിച്ചു.
പശ്ചിമ ബെർളിനിലെ ഞങ്ങളുടെ വേലയുടെ മേൽനോട്ടം വഹിച്ചിരുന്ന വില്ലി പോൾ, ഇംഗ്ലീഷ് പഠനം തുടരാൻ എന്നെ പ്രോത്സാഹിപ്പിച്ചു. “എനിക്കതിനൊന്നും നേരമില്ല,” ഞാൻ പ്രതിവചിച്ചു. എങ്കിലും, അദ്ദേഹം പറഞ്ഞതനുസരിച്ച് എന്റെ ഇംഗ്ലീഷ് പഠനം തുടർന്നതിൽ ഞാൻ എത്ര സന്തോഷവാനാണെന്നോ! തത്ഫലമായി, 1962-ൽ, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഗിലെയാദ് സ്കൂളിന്റെ 37-ാമത്തെ ക്ലാസ്സിന്റെ പത്തു മാസത്തെ കോഴ്സിന് എന്നെ ക്ഷണിച്ചു. 1962 ഡിസംബർ 2-ന് ജർമനിയിലേക്കു തിരിച്ചുപോയശേഷം ജർമനിയിലൊട്ടാകെയുള്ള സഭകൾ സന്ദർശിച്ചുകൊണ്ട് ഞാനും ഹാനയും 16 വർഷം സഞ്ചാരശുശ്രൂഷയിൽ ചെലവഴിച്ചു. പിന്നീട് 1978-ൽ വീസ്ബേഡനിലെ ബ്രാഞ്ച് ഓഫീസിൽ സേവിക്കാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. 1980-കളുടെ മധ്യത്തിൽ ബ്രാഞ്ച് പ്രവർത്തനങ്ങൾ സെൽട്ടഴ്സിലെ പുതിയ, വലിയ കെട്ടിടങ്ങളിലേക്കു മാറ്റിയപ്പോൾ മനോഹരമായ ആ ബ്രാഞ്ചിൽ ഞങ്ങൾ ഒട്ടേറെ വർഷം സേവിച്ചു.
വിലതീരാത്ത സേവനപദവി
1989-ൽ തികച്ചും അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചു—ബെർളിൻ മതിൽ നിലംപൊത്തി. പൂർവ യൂറോപ്യൻ രാജ്യങ്ങളിലെ സാക്ഷികൾ ആരാധനാ സ്വാതന്ത്ര്യം ആസ്വദിക്കാൻ തുടങ്ങി. 1992-ൽ, യൂക്രെയിനിലെ ലെവീഫിൽ ശീഘ്രഗതിയിൽ വർധിച്ചുകൊണ്ടിരുന്ന രാജ്യഘോഷകർക്ക് ആവശ്യമായ സഹായം നൽകാൻ എന്നെയും ഹാനയെയും അങ്ങോട്ടു ക്ഷണിച്ചു.
പിറ്റേ വർഷം, റഷ്യയിലെ രാജ്യവേലയുടെ സംഘാടനത്തിൽ സഹായിക്കാൻ ഞങ്ങളോട് അവിടേക്കു പോകാൻ ആവശ്യപ്പെട്ടു. റഷ്യയിലെയും മുൻസോവിയറ്റ് യൂണിയന്റെ മറ്റു റിപ്പബ്ലിക്കുകളിലെയും പ്രസംഗവേലയ്ക്ക് ശ്രദ്ധ നൽകാൻ, സെൻറ് പീറ്റേഴ്സ്ബർഗിൽനിന്ന് ഏതാണ്ട് 40 കിലോമീറ്റർ അകലെയുള്ള സോൾനെച്ച്നോയി എന്ന ഗ്രാമത്തിൽ ഒരു ഓഫീസ് സ്ഥാപിച്ചു. ഞങ്ങൾ എത്തിച്ചേർന്നപ്പോഴേക്കും, താമസിക്കാനുള്ള കെട്ടിടങ്ങളുടെയും ഒരു വലിയ ഓഫീസിന്റെയും സംഭരണശാലയുടെയും പണി തുടങ്ങിക്കഴിഞ്ഞിരുന്നു.
1997 ജൂൺ 21-ന് പുതിയ ബ്രാഞ്ച് സമർപ്പിക്കപ്പെട്ടപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. 42 രാജ്യങ്ങളിൽനിന്ന് 1,492 ആളുകൾ ഈ പ്രത്യേക പരിപാടിക്കായി സോൾനെച്ച്നോയിയിൽ കൂടിവന്നു. പിറ്റേ ദിവസം 8,400-ലധികം ആളുകൾ സെൻറ് പീറ്റേഴ്സ്ബർഗിലെ പ്യിട്രൊവ്സ് സ്റ്റേഡിയത്തിൽ സമർപ്പണ പരിപാടിയുടെ പുനരവലോകനവും മറ്റ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ പ്രോത്സാഹജനകമായ റിപ്പോർട്ടുകളും കേൾക്കാൻ കൂടിവന്നു.
മുൻ സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകളിൽ എത്ര വിസ്മയാവഹമായ വർധനവാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്! 1946-ൽ ഏതാണ്ട് 4,800 രാജ്യഘോഷകർ ഈ പ്രദേശത്ത് പ്രസംഗിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് 40 വർഷത്തിനുശേഷം 1985-ൽ അവരുടെ എണ്ണം 26,905 ആയി വർധിച്ചു. ഇന്ന് സോൾനെച്ച്നോയിലെ ഞങ്ങളുടെ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൻ കീഴിലുള്ള, മുൻ സോവിയറ്റ് യൂണിയന്റെ പത്തു റിപ്പബ്ലിക്കുകളിൽ 1,25,000-ത്തിലധികം രാജ്യഘോഷകരുണ്ട്. 1,00,000-ത്തിലധികം പേർ മറ്റ് അഞ്ച് മുൻ സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്കുകളിൽ പ്രസംഗിക്കുന്നു! കഴിഞ്ഞ മാർച്ചിൽ, 15 മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ 6,00,000-ത്തിലധികം പേർ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ പങ്കെടുത്തെന്നറിഞ്ഞത് ഞങ്ങളെ എത്ര പുളകംകൊള്ളിച്ചെന്നോ!
ഈ “അന്ത്യകാലത്തു” തന്റെ ജനത്തെ കൂട്ടിവരുത്തുന്നതിലും സംഘടിപ്പിക്കുന്നതിലും യഹോവയാം ദൈവം എത്ര അത്ഭുതകരമായി കാര്യങ്ങൾ നീക്കിയിരിക്കുന്നുവെന്നു കാണുമ്പോൾ ഞാൻ അതിശയിച്ചുപോകുന്നു. (2 തിമൊഥെയൊസ് 3:1) ബൈബിൾ സങ്കീർത്തനക്കാരൻ പറയുന്നതുപോലെ, യഹോവ തന്റെ ദാസന്മാർക്ക് ഉൾക്കാഴ്ച നൽകുന്നു, അവർ പോകേണ്ടുന്ന വഴിയിൽ അവരെ നയിക്കുന്നു, അവരുടെമേൽ ദൃഷ്ടിവെച്ച് അവർക്ക് ഉപദേശങ്ങൾ നൽകുന്നു. (സങ്കീർത്തനം 32:8) യഹോവയുടെ ജനത്തിന്റെ സാർവദേശീയ സ്ഥാപനത്തിലെ ഒരംഗമായി കണക്കാക്കപ്പെടുന്നത് ഒരു വലിയ പദവിയായി ഞാൻ കരുതുന്നു!
[13-ാം പേജിലെ ചിത്രം]
1943-ൽ എന്റെ രണ്ട് സഹോദരിമാരോടൊപ്പം
[14-ാം പേജിലെ ചിത്രം]
ഡാഡിയെ ശിരച്ഛേദം ചെയ്തു
[14-ാം പേജിലെ ചിത്രം]
ആത്മീയ സമനില വീണ്ടെടുക്കാൻ മമ്മി എന്നെ സഹായിച്ചു
[15-ാം പേജിലെ ചിത്രം]
ഭാര്യ ഹാനയോടൊപ്പം
[16-ാം പേജിലെ ചിത്രം]
റഷ്യൻ ബ്രാഞ്ചിലെ രാജ്യഹാളിൽ നടത്തപ്പെട്ട സമർപ്പണ പ്രസംഗസമയത്ത്
[17-ാം പേജിലെ ചിത്രം]
റഷ്യയിലെ ഞങ്ങളുടെ പുതിയ ബ്രാഞ്ചിന്റെ മുറ്റവും ഭോജനശാലയുടെ ജനാലകളും