അവർക്ക് എവിടെനിന്നാണു ശക്തി ലഭിക്കുന്നത്?
ഈ ചിത്രത്തിൽ കാണുന്ന ചിത്രശലഭത്തെ അടുത്തു നിരീക്ഷിക്കുന്നപക്ഷം, അതിന്റെ നാലു ചിറകുകളിൽ ഒന്ന് തീർത്തും ഉപയോഗശൂന്യമാണെന്നു നിങ്ങൾ കണ്ടെത്തും. എന്നിട്ടും, ഈ ചിത്രശലഭം തീറ്റിതേടി പറക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ചിറകുകളുടെ മേൽഭാഗത്തിൽ 70 ശതമാനവും നഷ്ടപ്പെട്ട ചിത്രശലഭങ്ങൾ ദൈനംദിന പ്രവർത്തനത്തിൽ ഏർപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
സമാനമായി, അനേകർ നിശ്ചയദാർഢ്യ മനോഭാവം പ്രദർശിപ്പിക്കുന്നു. ശാരീരികമോ വൈകാരികമോ ആയ കഠിന പ്രശ്നങ്ങളാൽ യാതനയനുഭവിക്കുമ്പോഴും അവർ തളർന്നു പിന്മാറുന്നില്ല.—2 കൊരിന്ത്യർ 4:16 താരതമ്യം ചെയ്യുക.
പൗലോസ് അപ്പോസ്തലൻ തന്റെ മിഷനറി യാത്രകൾക്കിടയിൽ വ്യക്തിപരമായി വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കുകയുണ്ടായി. അവനെ ചമ്മട്ടികൊണ്ട് അടിക്കുകയും മർദിക്കുകയും കല്ലെറിയുകയും തടവിലിടുകയും ചെയ്തു. അതിനുപുറമേ, അവൻ ഒരുതരം വൈകല്യം നിമിത്തവും കഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ നിരന്തരം “ജഡത്തിൽ ഒരു ശൂലം” ആയിരുന്ന, ഒരു നേത്ര വൈകല്യം ആയിരുന്നിരിക്കാം അത്.—2 കൊരിന്ത്യർ 12:7-9; ഗലാത്യർ 4:15.
അതികലശലായ വിഷാദരോഗവുമായി വർഷങ്ങളോളം മല്ലടിച്ച ഒരു ക്രിസ്തീയ മൂപ്പനാണു ഡേവിഡ്. തന്റെ രോഗം ഭേദമാകുന്നതിനു യഹോവയുടെ ശക്തി അതിപ്രധാനമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “കഷ്ടപ്പെട്ടു നേടിയെടുത്ത പുരോഗതി പലകുറി വഴുതിപ്പോകുന്നതുപോലെ തോന്നിച്ചു,” അദ്ദേഹം വിശദീകരിക്കുന്നു. “അത്തരം നിരുത്സാഹത്തെ നേരിടവേ ഞാൻ യഹോവയിൽ സമ്പൂർണമായി ആശ്രയിച്ചു, അവൻ വാസ്തവത്തിൽ എന്നെ താങ്ങുകതന്നെ ചെയ്തു. ഒരേ സമയം മണിക്കൂറുകളോളം ഞാൻ പ്രാർഥിച്ച സന്ദർഭങ്ങളുണ്ട്. യഹോവയോടു സംസാരിച്ചപ്പോൾ എന്റെ ഏകാന്തതയും എന്നെ ഒന്നിനും കൊള്ളുകയില്ലെന്ന മനോഭാവവും അപ്രത്യക്ഷമായി. കടുത്ത ബലഹീനത പലവട്ടം എന്നെ വേട്ടയാടി. എന്നാൽ യഹോവയുടെ കൃപയാൽ ആ ബലഹീനതയിൽനിന്നു ഞാൻ ശക്തിപ്രാപിച്ചു—മറ്റുള്ളവരെ സഹായിക്കാനുള്ള ശക്തിപോലും.”
യഹോവയാം ദൈവം പൗലോസിനെ ശക്തനാക്കി. അതുകൊണ്ട്, “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു” എന്ന് അവനു പറയാൻ കഴിഞ്ഞു. (2 കൊരിന്ത്യർ 12:10) അതേ, പൗലോസിന്റെ ബലഹീനതകൾ, ദൈവദത്തമായ ശക്തിയിൽ ആശ്രയിക്കാൻ അവനെ പഠിപ്പിച്ചു. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്ന് അപ്പോസ്തലൻ പറഞ്ഞു. (ഫിലിപ്പിയർ 4:13) തീർച്ചയായും യഹോവ തന്റെ ദാസരെ ശക്തരാക്കുന്നു.