യുവജനങ്ങൾ ചോദിക്കുന്നു
മനസ്സാക്ഷിയെ എനിക്ക് എങ്ങനെ പരിശീലിപ്പിക്കാം?
നിങ്ങളുടെ മനസ്സാക്ഷിയെ ഏതിനോട് ഉപമിക്കാം?
വടക്കുനോക്കിയന്ത്രം
കണ്ണാടി
സുഹൃത്ത്
ജഡ്ജി
നാലിനോടും ഉപമിക്കാം. അത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കൂ.
എന്താണു മനസ്സാക്ഷി?
ശരിയും തെറ്റും തിരിച്ചറിയാൻ നമുക്കുള്ള അവബോധമാണു മനസ്സാക്ഷി. ‘നിയമത്തിലുള്ളത് ഹൃദയങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ടെന്ന്’ ബൈബിൾ പറയുന്നു. (റോമർ 2:15) ചെയ്യാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ചോ ചെയ്തുകഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ചോ ശരിയായി വിലയിരുത്താൻ നല്ല മനസ്സാക്ഷി നമ്മളെ സഹായിക്കുന്നു.
നിങ്ങളുടെ മനസ്സാക്ഷി ഒരു വടക്കുനോക്കിയന്ത്രംപോലെയാണ്. അതു ശരിയായ ദിശ കാണിച്ചുതരും, അപ്പോൾ നിങ്ങൾക്കു പ്രശ്നങ്ങൾ ഒഴിവാക്കാനാകും.
നിങ്ങളുടെ മനസ്സാക്ഷി ഒരു കണ്ണാടിപോലെയാണ്. അതു നിങ്ങളുടെ ധാർമികനിലവാരം വെളിപ്പെടുത്തും. നിങ്ങൾ അകമേ എങ്ങനെയുള്ള ആളാണെന്നു തിരിച്ചറിയിക്കും.
നിങ്ങളുടെ മനസ്സാക്ഷി ഒരു സുഹൃത്തിനെപ്പോലെയാണ്. ശ്രദ്ധിച്ചാൽ നമുക്കു നല്ല ഉപദേശം കിട്ടും, വിജയിക്കാനും കഴിയും.
നിങ്ങളുടെ മനസ്സാക്ഷി ഒരു ജഡ്ജിയെപ്പോലെയാണ്. തെറ്റായ കാര്യങ്ങൾ ചെയ്താൽ അതു ചൂണ്ടിക്കാണിക്കും.
നല്ല തീരുമാനങ്ങളെടുക്കാൻ നല്ല മനസ്സാക്ഷി നിങ്ങളെ സഹായിക്കും
ചുരുക്കിപ്പറഞ്ഞാൽ: (1) നല്ല തീരുമാനമെടുക്കാനും (2) തെറ്റു തിരുത്താനും മനസ്സാക്ഷി കൂടിയേ തീരൂ.
മനസ്സാക്ഷിയെ പരിശീലിപ്പിക്കേണ്ടത് എന്തുകൊണ്ട്?
“എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക” എന്നാണു ബൈബിൾ പറയുന്നത്. (1 പത്രോസ് 3:16) പക്ഷേ പരിശീലിപ്പിച്ചില്ലെങ്കിൽ അതു ബുദ്ധിമുട്ടായിരിക്കും.
“ഞാൻ എവിടെപ്പോയെന്ന കാര്യം അച്ഛനോടും അമ്മയോടും പറയില്ലായിരുന്നു, അതു രഹസ്യമാക്കിവെക്കും. ആദ്യമൊക്കെ എന്റെ മനസ്സാക്ഷി കുത്തുമായിരുന്നു. പിന്നെപ്പിന്നെ എനിക്ക് അങ്ങനെ തോന്നാതായി.”—ജെനിഫർ.
പിന്നീട് ജെനിഫർ മാറ്റം വരുത്തി. മാതാപിതാക്കളെ വഞ്ചിക്കാതെ കാര്യങ്ങൾ തുറന്നുപറയാൻ ജെനിഫറിന്റെ മനസ്സാക്ഷി പ്രേരിപ്പിച്ചു.
ചിന്തിക്കാനായി: ശരിക്കും എപ്പോഴായിരുന്നു ജെനിഫർ മനസ്സാക്ഷിക്കു ചെവികൊടുക്കേണ്ടിയിരുന്നത്?
“ഇരട്ടജീവിതം നയിക്കുന്നതു ജീവിതം ബുദ്ധിമുട്ടുള്ളതാക്കും. ഒരിക്കൽ തെറ്റായ തീരുമാനമെടുക്കാൻ മനസ്സാക്ഷി നിങ്ങളെ അനുവദിച്ചാൽ പിന്നീട് അങ്ങോട്ട് തെറ്റായ തീരുമാനമെടുക്കാൻ ഒരു മടിയും തോന്നില്ല.”—മാത്യു.
ചിലയാളുകൾ മനസ്സാക്ഷിക്ക് ഒരു വിലയും കൊടുക്കാറില്ല. ‘അവർക്കു സദാചാരബോധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു’ എന്നു ബൈബിൾ പറയുന്നു. (എഫെസ്യർ 4:19) പരിശുദ്ധ ബൈബിൾ, ഈസി- റ്റു-റീഡ് വേർഷൻ അതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് “അവർക്കു ലജ്ജ നഷ്ടപ്പെട്ടിരിക്കുന്നു” എന്നാണ്.
ചിന്തിക്കാനായി: തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ യാതൊരു മനസ്സാക്ഷിക്കുത്തും തോന്നാത്ത ആളുകളുടെ ജീവിതം നല്ലതാണെന്നാണോ? അവർക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും?
ചുരുക്കിപ്പറഞ്ഞാൽ: നല്ലൊരു മനസ്സാക്ഷി നിങ്ങൾക്കു വേണമെങ്കിൽ ‘ശരിയും തെറ്റും വേർതിരിച്ചറിയാനായി വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിക്കണം.’—എബ്രായർ 5:14.
മനസ്സാക്ഷിയെ എങ്ങനെ പരിശീലിപ്പിക്കാം?
മനസ്സാക്ഷിയെ പരിശീലിപ്പിക്കണമെങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യവും നല്ല നിലവാരങ്ങളുമായി തട്ടിച്ചുനോക്കണം. പക്ഷേ നല്ല നിലവാരങ്ങൾ എവിടെ കണ്ടെത്താം? ചിലർ നോക്കുന്നത്:
കുടുംബം, സംസ്കാരം
സമപ്രായക്കാർ
പ്രശസ്തരായ താരങ്ങൾ
എന്നിവരിലേക്കാണ്. എന്നാൽ, ഇവയെക്കാളെല്ലാം മികച്ച നിലവാരം വെക്കാൻ ബൈബിളിനു നമ്മളെ സഹായിക്കാനാകും. അതിൽ ഒട്ടും അതിശയിക്കേണ്ടതില്ല. കാരണം, ബൈബിൾ “ദൈവപ്രചോദിതമായി എഴുതിയതാണ്.” നമുക്ക് ഏറ്റവും നല്ലത് എന്താണെന്നു നമ്മളെ സൃഷ്ടിച്ച ആ ദൈവത്തിനേ അറിയൂ.—2 തിമൊഥെയൊസ് 3:16.
ചില ഉദാഹരണങ്ങൾ നോക്കാം.
നിലവാരം: “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18.
പരീക്ഷയ്ക്കു കോപ്പിയടിക്കാനോ മാതാപിതാക്കളോടു നുണ പറയാനോ മോഷ്ടിക്കാനോ തോന്നുമ്പോൾ ബൈബിളിന്റെ ഈ നിലവാരം നിങ്ങളുടെ മനസ്സാക്ഷിയെ എങ്ങനെയാണു ബാധിക്കുന്നത്?
എല്ലാത്തിലും സത്യസന്ധരായിരിക്കാൻ മനസ്സാക്ഷി നിങ്ങളെ പ്രേരിപ്പിക്കുന്നെങ്കിൽ അത് ഇപ്പോഴും ഭാവിയിലും എങ്ങനെ പ്രയോജനം ചെയ്യും?
നിലവാരം: “അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!”—1 കൊരിന്ത്യർ 6:18.
അശ്ലീലം കാണാനോ വിവാഹത്തിനു മുമ്പ് ലൈംഗികതയിൽ ഏർപ്പെടാനോ തോന്നുമ്പോൾ ബൈബിളിന്റെ ഈ നിലവാരം നിങ്ങളുടെ മനസ്സാക്ഷിയെ എങ്ങനെയാണു ബാധിക്കുന്നത്?
അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലാൻ മനസ്സാക്ഷി നിങ്ങളെ പ്രേരിപ്പിക്കുന്നെങ്കിൽ അത് ഇപ്പോഴും ഭാവിയിലും എങ്ങനെ പ്രയോജനം ചെയ്യും?
നിലവാരം: ‘തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി പരസ്പരം ഉദാരമായി ക്ഷമിക്കുക.’—എഫെസ്യർ 4:32.
നിങ്ങളുടെ കൂടപ്പിറപ്പോ സുഹൃത്തോ ആയി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ബൈബിളിന്റെ ഈ നിലവാരം നിങ്ങളുടെ മനസ്സാക്ഷിയെ എങ്ങനെയാണു ബാധിക്കുന്നത്?
ക്ഷമിക്കാനും ദയ കാണിക്കാനും മനസ്സാക്ഷി നിങ്ങളെ പ്രേരിപ്പിക്കുന്നെങ്കിൽ അത് ഇപ്പോഴും ഭാവിയിലും എങ്ങനെ പ്രയോജനം ചെയ്യും?
നിലവാരം: “അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു.”—സങ്കീർത്തനം 11:5.
സിനിമകളോ ടിവി പരിപാടികളോ വീഡിയോ ഗെയിമുകളോ തിരഞ്ഞെടുക്കുമ്പോൾ ബൈബിളിന്റെ ഈ നിലവാരം നിങ്ങളുടെ മനസ്സാക്ഷിയെ എങ്ങനെയാണു ബാധിക്കുന്നത്?
അക്രമം നിറഞ്ഞ വിനോദങ്ങൾ ഒഴിവാക്കാൻ മനസ്സാക്ഷി നിങ്ങളെ പ്രേരിപ്പിക്കുന്നെങ്കിൽ അത് ഇപ്പോഴും ഭാവിയിലും എങ്ങനെ പ്രയോജനം ചെയ്യും?
ജീവിതകഥ: “എന്റെ കൂട്ടുകാർ അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകൾ കളിക്കുമായിരുന്നു. ഞാനും കളിക്കുമായിരുന്നു. ഇനിയൊരിക്കലും അങ്ങനെയുള്ള ഗെയിമുകൾ കളിക്കരുതെന്നു പപ്പ എന്നോടു പറഞ്ഞു. എന്നാൽ കൂട്ടുകാരുടെ അടുത്ത് പോകുമ്പോൾ ഞാൻ കളിക്കുമായിരുന്നു. അതു ഞാൻ വീട്ടിൽ ആരോടും പറഞ്ഞില്ല. പക്ഷേ എന്റെ പപ്പ എന്നോടു ചോദിച്ചു: ‘നിനക്ക് എന്താ പറ്റിയത്?’ അപ്പോൾ ഞാൻ പറഞ്ഞു: ‘ഹേയ്. എനിക്കു കുഴപ്പം ഒന്നുമില്ലല്ലോ.’ ഒരു ദിവസം സങ്കീർത്തനം 11:5 വായിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാൻ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഗെയിമുകൾ നിറുത്തണമെന്ന് എനിക്കു മനസ്സിലായി. ഞാൻ അതു നിറുത്തി. ഞാൻ കളിക്കുന്നതു നിറുത്തിയതു കണ്ടിട്ട് എന്റെ ഒരു കൂട്ടുകാരനും അത്തരം ഗെയിമുകൾ കളിക്കുന്നതു നിറുത്തി.”—ജെറമി.
ചിന്തിക്കാനായി: എപ്പോഴാണു ജെറമിയുടെ മനസ്സാക്ഷി പ്രവർത്തിക്കാൻ തുടങ്ങിയത്? മനസ്സാക്ഷിക്ക് എപ്പോഴാണു ജെറമി ശ്രദ്ധകൊടുക്കാൻ തുടങ്ങിയത്? ഈ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
ചുരുക്കിപ്പറഞ്ഞാൽ: നിങ്ങൾ ശരിക്കും എങ്ങനെയുള്ള ആളാണെന്നും നിങ്ങളുടെ നിലവാരങ്ങൾ എന്താണെന്നും നിങ്ങളുടെ മനസ്സാക്ഷി വെളിപ്പെടുത്തും. നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെക്കുറിച്ച് എന്താണു പറയുന്നത്?