നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യാൻ നമ്മിലാരുംതന്നെ ആഗ്രഹിക്കില്ല. ആ ചിന്തതന്നെ മാതാപിതാക്കൾക്കു താങ്ങാവുന്നതിലും അപ്പുറമാണ്! പക്ഷേ അതൊരു യാഥാർഥ്യമാണ്; ഭീകരവും ദുഃഖപൂർണവുമായ യാഥാർഥ്യം. കുട്ടികളിൽ അത് ഉളവാക്കുന്ന ഫലം അങ്ങേയറ്റം വിനാശകമാണ്. പരിചിന്തിക്കാൻമാത്രം പ്രാധാന്യമുള്ള വിഷയമാണോ ഇത്? കൊള്ളാം, നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതത്വത്തിന് നിങ്ങൾ എന്തു വിലയിടും? ലൈംഗിക ചൂഷണത്തിന്റെ കരളലിയിക്കുന്ന യാഥാർഥ്യങ്ങളെക്കുറിച്ച് അറിയുന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല. എന്നാൽ ആ അറിവിന് വലിയ ഫലം ഉളവാക്കാനാകും.
ഈ വിപത്തിന്റെ വ്യാപ്തിയിൽ നിങ്ങളുടെ മനോധൈര്യം ചോർന്നുപോകരുത്. കുറഞ്ഞപക്ഷം, നിങ്ങളുടെ കുട്ടിക്ക് ഇല്ലാത്ത പലതും നിങ്ങൾക്കുണ്ട്. അതൊക്കെ ആർജിച്ചെടുക്കാൻ കുട്ടിക്ക് വർഷങ്ങൾ, ഒരുപക്ഷേ പതിറ്റാണ്ടുകൾതന്നെ, വേണ്ടിവരും. കൊഴിഞ്ഞുപോയ വർഷങ്ങൾ നിങ്ങൾക്ക് അറിവിന്റെയും അനുഭവങ്ങളുടെയും ജ്ഞാനത്തിന്റെയും ഒരു ഭണ്ഡാരംതന്നെ സമ്മാനിച്ചിട്ടുണ്ടാകാം. അതുകൊണ്ട് അവയൊക്കെ ഒന്നു മിനുസപ്പെടുത്തിയെടുത്ത് കുട്ടിയുടെ സംരക്ഷണാർഥം ഉപയോഗിച്ചാൽ മതി. അച്ഛനമ്മമാർ സ്വീകരിക്കേണ്ട മൂന്ന് അടിസ്ഥാന നടപടികളെക്കുറിച്ചാണു നാം പരിചിന്തിക്കാൻ പോകുന്നത്. (1) കുട്ടികൾക്ക് ഒരു സംരക്ഷണ കവചമായിരിക്കുക, (2) ലൈംഗികത സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ കുട്ടിക്കു നൽകുക, (3) ആത്മരക്ഷയ്ക്കായി എന്തു ചെയ്യാനാകുമെന്നു കുട്ടിയെ പഠിപ്പിക്കുക.
നിങ്ങൾ ഒരു സംരക്ഷണ കവചമോ?
ലൈംഗിക ചൂഷണത്തിൽനിന്നു കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്; കുട്ടിയുടേതല്ല. അതുകൊണ്ട് കുട്ടികളെ ബോധവത്കരിക്കുന്നതിനുമുമ്പ് മാതാപിതാക്കൾ ഇതു സംബന്ധിച്ച് ബോധവാന്മാരായിരിക്കണം. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്. കുട്ടികളെ ചൂഷണം ചെയ്യുന്ന വിരുതന്മാർ ആരാണെന്നും അവർ എങ്ങനെയാണ് അതു ചെയ്യുന്നതെന്നും നിങ്ങൾ മനസ്സിലാക്കിയിരിക്കണം. ഈ ആഭാസന്മാരെക്കുറിച്ചു ചിന്തിക്കുമ്പോൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന അപരിചിതരുടെ മുഖമാണു പലപ്പോഴും അച്ഛനമ്മമാരുടെ മനസ്സിൽ തെളിയുന്നത്. അത്തരം ദുഷ്ടന്മാരുണ്ട് എന്നതിനു സംശയമില്ല. വാർത്താമാധ്യമങ്ങൾ മിക്കപ്പോഴും അതു നമ്മുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടല്ലോ? എന്നാൽ അത്തരക്കാർ താരതമ്യേന ചുരുക്കമാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന്റെ ഏകദേശം 90 ശതമാനത്തിലും കുട്ടിക്ക് അറിയാവുന്ന, അവനു വിശ്വാസമുള്ള വ്യക്തികളാണു വില്ലന്മാർ.
നിങ്ങളോട് അടുപ്പമുള്ള ഒരു അയൽക്കാരനോ അധ്യാപകനോ ആരോഗ്യരംഗത്തെ ഒരു പ്രവർത്തകനോ കോച്ചോ ബന്ധുക്കളോ ഒന്നും നിങ്ങളുടെ കുട്ടിയെ നശിപ്പിക്കുമെന്നു വിശ്വസിക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല. സത്യത്തിൽ മിക്കവരും അത്തരക്കാരല്ല. അതുകൊണ്ടുതന്നെ ചുറ്റുമുള്ള എല്ലാവരെയും സംശയദൃഷ്ടിയോടെ കാണേണ്ടതില്ല. സാധാരണഗതിയിൽ ലൈംഗികാഭാസന്മാർ പ്രവർത്തിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതു കുട്ടിയെ സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കും.—6-ാം പേജിലെ ചതുരം കാണുക.
അവരുടെ തന്ത്രങ്ങളെക്കുറിച്ച് അറിയുകവഴി, സംരക്ഷണത്തിന്റെ പ്രാഥമിക ഉറവായി വർത്തിക്കാൻ നിങ്ങൾക്കാകും. ഉദാഹരണത്തിന് മുതിർന്നവരെക്കാൾ കുട്ടികളിൽ താത്പര്യം കാണിക്കുന്ന ഒരു വ്യക്തി നിങ്ങളുടെ കുട്ടിക്കു പ്രത്യേക ശ്രദ്ധ നൽകുകയോ അവനെ നോക്കാൻ മുന്നോട്ടു വരുകയോ പുറത്തുകൊണ്ടുപോകാൻ മനസ്സു കാണിക്കുകയോ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? ആ വ്യക്തി ലൈംഗികാഭാസനാണെന്നു നിങ്ങൾ നിഗമനം ചെയ്യണമോ? വേണ്ട. എടുത്തുചാടി നിഗമനങ്ങളിൽ എത്തരുത്. അവർ നിഷ്കളങ്കരായിരിക്കാം. എന്നിരുന്നാലും അത്തരം സാഹചര്യങ്ങൾ നിങ്ങളെ ജാഗരൂകരാക്കിയേക്കാം. “അല്പബുദ്ധി [“അനുഭവജ്ഞാനം ഇല്ലാത്ത വ്യക്തി,” NW] ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു.—സദൃശവാക്യങ്ങൾ 14:15.
വിശ്വസിക്കാൻ പറ്റാത്തത്ര നല്ലതെന്നു തോന്നുന്ന ഒരു സഹായ വാഗ്ദാനം ആത്മാർഥമല്ലായിരിക്കാം. കുട്ടിയോടൊപ്പം തനിച്ചായിരിക്കാൻ മനസ്സു കാണിച്ചു മുന്നോട്ടു വരുന്നവരുടെമേൽ ഒരു കണ്ണുവേണം. ഏതുസമയത്തും കുട്ടിയുടെ അടുത്ത് നിങ്ങൾ വരാനിടയുണ്ടെന്ന് അങ്ങനെയുള്ളവരോടു പറയുക. മെലിസയ്ക്കും ബ്രാഡിനും മൂന്ന് ആൺകുട്ടികളാണുള്ളത്. മുതിർന്ന ഒരാളോടൊപ്പം കുട്ടി തനിച്ചായിരിക്കുന്ന സന്ദർഭങ്ങളിൽ അവർ അങ്ങേയറ്റം ജാഗ്രത പുലർത്തുന്നു. കുട്ടികളിലൊരാളെ സംഗീതം പഠിപ്പിക്കാൻ വന്ന അധ്യാപകനോട് മെലിസ ഇങ്ങനെ പറഞ്ഞു: “ഞാൻ ഇവിടെത്തന്നെയുണ്ട്; താങ്കൾ ഈ മുറിയിൽ ഉള്ളിടത്തോളം ഞാൻ വന്നും പോയുമിരിക്കും.” ഇത്രയും ജാഗ്രത അതിരു കടന്നതാണെന്നു തോന്നിയേക്കാം. പക്ഷേ നാളെ അരുതാത്തത് എന്തെങ്കിലും സംഭവിച്ചിട്ട് ദുഃഖിക്കുന്നതിനെക്കാൾ ഭേദമല്ലേ അത്?
കുട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്റെ സുഹൃദ്ബന്ധങ്ങളിലും പഠനകാര്യങ്ങളിലും താത്പര്യമെടുക്കുക. സ്കൂളിൽനിന്നോ കൂട്ടുകാർ കൂടിയോ വിനോദയാത്രകൾക്കു പോകാൻ കുട്ടി പരിപാടിയിട്ടാൽ അതു സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അന്വേഷിച്ചറിയുക. 33 വർഷം ലൈംഗിക ചൂഷണത്തിന്റെ കേസുകൾ കൈകാര്യം ചെയ്ത ഒരു മാനസികാരോഗ്യ വിദഗ്ധൻ പറയുന്നത് മാതാപിതാക്കൾ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ തടയാമായിരുന്ന ധാരാളം കേസുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ്. ലൈംഗിക ചൂഷണത്തിനു പിടിക്കപ്പെട്ട ഒരു വ്യക്തി പിൻവരുന്നപ്രകാരം പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: “അച്ഛനമ്മമാർതന്നെയാണ് അവരുടെ കുട്ടികളെ ഞങ്ങൾക്കു തരുന്നത് . . . അവർ എനിക്ക് കാര്യം എളുപ്പമാക്കിത്തന്നു.” മിക്ക പീഡകരും എളുപ്പത്തിൽ ഇരയാക്കാനാകുന്ന കുട്ടികളെയാണു താത്പര്യപ്പെടുന്നത്. എന്നാൽ മാതാപിതാക്കളുടെ നല്ല ശ്രദ്ധ ലഭിക്കുന്ന കുട്ടികളെ വലയിലാക്കാൻ ബുദ്ധിമുട്ടാണ്.
കുട്ടികളുടെ സംരക്ഷണത്തിന്റെ പ്രാഥമിക ഉറവായി വർത്തിക്കാനാകുന്ന ഒരു വിധം നല്ലൊരു ശ്രോതാവായിരിക്കുക എന്നതാണ്. മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന നാണക്കേടും പേടിയും ഓർത്ത് കുട്ടികൾ പലപ്പോഴും പീഡിപ്പിക്കപ്പെടുന്ന കാര്യം പുറത്തു പറയാറില്ല. അതുകൊണ്ട് ചെറിയൊരു സൂചനയെങ്കിലും ഉണ്ടോയെന്നറിയാനായി നന്നായി ശ്രദ്ധിക്കുക.a നിങ്ങളെ ഉത്കണ്ഠാകുലരാക്കുന്ന എന്തെങ്കിലും കുട്ടി പറയുന്നപക്ഷം ചോദ്യങ്ങളിലൂടെ അവന്റെ ഉള്ളറിയാൻ ശ്രമിക്കുക.b ശാന്തത കൈവിടാതിരിക്കാൻ ശ്രദ്ധിക്കണം. ഏതെങ്കിലും ഒരു വ്യക്തിയുടെ പരിപാലനയിലായിരിക്കാൻ ഇഷ്ടമില്ലെന്നു കുട്ടി പറഞ്ഞാൽ കാരണം ചോദിക്കുക. മുതിർന്ന ഒരാൾ അവനോടൊപ്പം ചില പ്രത്യേക കളികളിൽ ഏർപ്പെടാറുണ്ടെന്ന് അവൻ പറയുന്നു എന്നിരിക്കട്ടെ. “ഏതുതരം കളി? എന്താണ് അയാൾ ചെയ്യുന്നത്?” എന്നു കുട്ടിയോടു ചോദിക്കാവുന്നതാണ്. ആരെങ്കിലും ഇക്കിളിപ്പെടുത്തിയെന്ന് അവൻ പരാതിപ്പെട്ടാൽ, “എവിടെയാണ് ഇക്കിളിയാക്കിയത്?” എന്നു ചോദിക്കുക. കുട്ടിയുടെ മറുപടി നിസ്സാരമായി തള്ളിക്കളയാൻ വരട്ടെ. കുട്ടി പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് ആഭാസന്മാർ അവരോടു പറയും. ദുഃഖകരമെന്നു പറയട്ടെ, പലപ്പോഴും അതാണു സംഭവിക്കുന്നതും. ഇനിയും, ലൈംഗികോപദ്രവത്തിനു വിധേയമായ ഒരു കുട്ടിയെ മാതാപിതാക്കൾ വിശ്വസിക്കുകയും പിന്താങ്ങുകയും ചെയ്യുന്നത് ചൂഷണത്തിന്റെ വൈകാരിക ഫലങ്ങളിൽനിന്നു പുറത്തുവരാൻ വലിയ സഹായമാകും.
കുട്ടികൾക്ക് ഒരു സംരക്ഷണ കവചമായിരിക്കുക
ലൈംഗികത സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ കുട്ടിക്കു നൽകുക
“ലൈംഗികതയെക്കുറിച്ച് ഒന്നുമറിയാത്ത ഒരു കുട്ടിയെ തന്നാൽ എനിക്ക് ഒരു ഇരയെ തന്നുകഴിഞ്ഞു നിങ്ങൾ” എന്ന് ഒരു ലൈംഗികാഭാസൻ പറഞ്ഞതായി ഒരു പരാമർശകൃതി പ്രസ്താവിക്കുകയുണ്ടായി. ഭീകരമായ ആ വാക്കുകൾ അച്ഛനമ്മമാർക്ക് ഒരു ഓർമക്കുറിപ്പാണ്. ലൈംഗികതയെക്കുറിച്ച് അറിവില്ലാത്ത കുട്ടികളെ കബളിപ്പിക്കാൻ എളുപ്പമാണ്. ജ്ഞാനവും പരിജ്ഞാനവും “വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും [നമ്മെ] വിടുവിക്കും” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 2:10-12) നിങ്ങളുടെ കുട്ടിയുടെ കാര്യത്തിൽ അതല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? അങ്ങനെയെങ്കിൽ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള രണ്ടാമത്തെ പടി സ്വീകരിക്കുന്നതിൽനിന്ന്, അതായത് ഈ സുപ്രധാന വിഷയത്തെക്കുറിച്ച് പഠിപ്പിക്കുന്നതിൽനിന്നു പിന്മാറിനിൽക്കരുത്.
പക്ഷേ എങ്ങനെയാണ് അതു ചെയ്യേണ്ടത്? ലൈംഗികത സംബന്ധിച്ച് കുട്ടികളോടു സംസാരിക്കുന്നത് പരിഭ്രമം ഉളവാക്കുന്നതാണെന്നു മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നു. കുട്ടിക്ക് അത് അതിനെക്കാൾ പരിഭ്രമജനകമായിരിക്കും; അവൻ അതേക്കുറിച്ചു നിങ്ങളോടു സംസാരിക്കാൻ സാധ്യതയില്ല. അതുകൊണ്ട് നിങ്ങൾതന്നെ മുൻകയ്യെടുക്കുക. മെലിസ പറയുന്നു: “ശരീരഭാഗങ്ങളുടെ പേര് പഠിപ്പിച്ചുകൊണ്ട് ചെറുപ്പത്തിലേ ഞങ്ങൾ തുടങ്ങി. ശിശുഭാഷ ഉപയോഗിക്കുന്നതിനു പകരം ശരിക്കുള്ള വാക്കുകൾതന്നെയാണു ഞങ്ങൾ ഉപയോഗിച്ചത്, ഏതെങ്കിലും ശരീരഭാഗത്തെക്കുറിച്ചു വിചിത്രമായി ഒന്നുമില്ലെന്നു കാണിക്കാനായിരുന്നു അത്.” അത്തരം സംഭാഷണത്തിനുശേഷം ലൈംഗിക ചൂഷണത്തെക്കുറിച്ചു സംസാരിക്കാൻ എളുപ്പമായിരിക്കും. നീന്തൽവസ്ത്രത്തിനു മറയ്ക്കാനാകുന്ന ശരീരഭാഗങ്ങൾ സ്വകാര്യമാണെന്നു പറഞ്ഞുകൊണ്ട് വിഷയം അവസാനിപ്പിക്കും പല മാതാപിതാക്കളും.
മുൻലേഖനത്തിൽ പരാമർശിച്ച ഹെതർ പറയുന്നു: “സ്കോട്ടും ഞാനും ഞങ്ങളുടെ കുട്ടിയോട്, ലിംഗം സ്വകാര്യവും അവന്റേതുമാത്രവും ആണെന്നും, അതൊരു കളിപ്പാട്ടമല്ലെന്നും മമ്മിക്കോ ഡാഡിക്കോ ഡോക്ടർക്കുപോലുമോ കളിക്കാനുള്ള ഒരു വസ്തുവല്ലെന്നും പറഞ്ഞിട്ടുണ്ട്. അവനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുമ്പോൾ, അദ്ദേഹം ചിലപ്പോൾ അവിടെ തൊടുമെന്നും അതിനു കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ മാത്രമാണെന്നും ഞാൻ അവനു പറഞ്ഞുകൊടുക്കാറുണ്ട്.” ഇടയ്ക്കിടെ കുട്ടിക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത് മാതാവും പിതാവും ചേർന്നാണ്. അരുതാത്ത വിധത്തിൽ ആരെങ്കിലും സ്പർശിക്കുകയോ തന്നെ ശല്യപ്പെടുത്തുകയോ ചെയ്താൽ അക്കാര്യം തങ്ങളോടു പറയുന്നതിൽ ഒരു മടിയും വിചാരിക്കരുതെന്ന് അവർ കുട്ടിയോടു പറയാറുമുണ്ട്. എല്ലാ മാതാപിതാക്കളും കുട്ടികളുമായി ഇതുപോലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനാണ് ശിശുപരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധർ പ്രോത്സാഹിപ്പിക്കുന്നത്.
മഹാനായ അധ്യാപകനിൽനിന്നു പഠിക്കുകc (ഇംഗ്ലീഷ്) എന്ന പുസ്തകം ഈ വിഷയത്തെക്കുറിച്ചു പഠിപ്പിക്കുന്നതിൽ വലിയ സഹായമാണെന്ന് അനേകർ തിരിച്ചറിഞ്ഞിരിക്കുന്നു. “യേശു സംരക്ഷിക്കപ്പെട്ട വിധം” എന്ന 32-ാം അധ്യായം ലൈംഗിക ദുരുപയോഗത്തിന്റെ അപകടങ്ങളെയും സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് കുട്ടികൾക്ക് തുറന്ന, സാന്ത്വനദായകമായ ഒരു സന്ദേശം നൽകുന്നു. “ഞങ്ങൾ കുട്ടികളോടു നേരിട്ടു പറഞ്ഞ കാര്യങ്ങൾ അടിവരയിട്ടു പറയാനുള്ള നല്ലൊരു അടിസ്ഥാനം ഈ പുസ്തകം ഞങ്ങൾക്കു നൽകി,” മെലിസ പറയുന്നു.
ഇന്നത്തെ ലോകത്ത്, അരുതാത്ത വിധത്തിൽ കുട്ടികളെ സ്പർശിക്കാനും കുട്ടികൾ തിരിച്ചു സ്പർശിക്കാനും ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടെന്ന് കുട്ടികൾ അറിയണം. ഈ മുന്നറിയിപ്പുകൾ കുട്ടികളെ ഭയപ്പെടുത്തുകയോ മുതിർന്ന എല്ലാവരെയും അവിശ്വസിക്കാൻ ഇടയാക്കുകയോ ചെയ്യേണ്ടതില്ല. “സ്വയരക്ഷയ്ക്കുള്ള ഒരു സന്ദേശംമാത്രമാണത്. ലൈംഗിക ചൂഷണവുമായി ബന്ധമില്ലാത്ത മറ്റനേകം സന്ദേശങ്ങളോടൊപ്പം ഒരു സന്ദേശം കൂടി. അതുകേട്ടിട്ട് എന്റെ മകന് ഒട്ടും പേടിതോന്നിയില്ല,” ഹെതർ പറയുന്നു.
അനുസരണത്തെക്കുറിച്ച് ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കാനും കുട്ടിയെ പഠിപ്പിക്കണം. കുട്ടിയെ പഠിപ്പിക്കേണ്ട പ്രധാനപ്പെട്ടതും പ്രയാസമേറിയതുമായ ഒരു പാഠമാണ് അനുസരണം. (കൊലൊസ്സ്യർ 3:20) എന്നിരുന്നാലും അത്തരം പാഠങ്ങൾ അതിരുകടന്നുപോയേക്കാം. മുതിർന്ന ഏതൊരാളും എന്തു പറഞ്ഞാലും എപ്പോഴും അനുസരിക്കണമെന്നാണു കുട്ടിയെ പഠിപ്പിച്ചിരിക്കുന്നതെങ്കിൽ അത്തരം കുട്ടികൾ ആഭാസന്മാരുടെ വലയിലാകാൻ സാധ്യതയുണ്ട്. പറയുന്നതെന്തും അനുസരിക്കുന്ന കുട്ടികളെ ആഭാസന്മാർ പെട്ടെന്നു ശ്രദ്ധിക്കും. അനുസരണം ആപേക്ഷികമാണെന്ന് ബുദ്ധിയുള്ള മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കും. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇതു കരുതുന്നത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. കുട്ടികളോട് ഇങ്ങനെ പറഞ്ഞാൽ മതിയാകും: “തെറ്റാണെന്നു യഹോവയാം ദൈവം പറയുന്ന എന്തെങ്കിലും ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ നിങ്ങളതു ചെയ്യേണ്ടതില്ല. അത്തരം കാര്യങ്ങൾ ചെയ്യാൻ ഡാഡിയോ മമ്മിയോ പോലും നിങ്ങളോട് ആവശ്യപ്പെടരുത്. അരുതാത്തത് എന്തെങ്കിലും ചെയ്യാൻ ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ ഡാഡിയോടോ മമ്മിയോടോ പറയണം.”
മാത്രമല്ല, നിങ്ങളോടു പറയരുതാത്ത ഒരു രഹസ്യവും കുട്ടിക്ക് ഉണ്ടാകരുതെന്ന് അവനോടു പറയുക. എന്തെങ്കിലും കാര്യം നിങ്ങളിൽനിന്നു മറച്ചുവെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അക്കാര്യം നിങ്ങളെ അറിയിക്കണമെന്നു കുട്ടിയോടു പറയണം. അവരെന്തു പറഞ്ഞിട്ടുണ്ടെങ്കിലും—ഭീഷണിപ്പെടുത്തുകയോ അവൻതന്നെ തെറ്റായ എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിലും—എല്ലായ്പോഴും മമ്മിയോടോ ഡാഡിയോടോ പറയണം എന്നു കുട്ടിയോടു പറയുക. ഇത്തരം നിർദേശങ്ങൾ കുട്ടിയെ ഭയപ്പെടുത്തേണ്ടതില്ല. അരുതാത്ത ഒരിടത്തു തൊടുകയോ ദൈവത്തോട് അനുസരണക്കേടു കാണിക്കാനോ എന്തെങ്കിലും കാര്യം രഹസ്യമായി വെക്കാനോ ആവശ്യപ്പെടുകയോ ചെയ്യുന്നവരല്ല മിക്കവരും എന്നു പറഞ്ഞുകൊണ്ട് നിങ്ങൾക്ക് അവനെ ധൈര്യപ്പെടുത്താനാകും. തീപിടിത്തമുണ്ടായാൽ എങ്ങനെ രക്ഷപ്പെടുമെന്നു നേരത്തേ ആസൂത്രണം ചെയ്യുന്നതുപോലെ ഈ മുന്നറിയിപ്പുകളൊക്കെ, അത്തരമൊരു സാഹചര്യമുണ്ടായാൽ മാത്രം പിൻപറ്റേണ്ടതാണ്; ഒരുപക്ഷേ അത് ഒരിക്കലും ആവശ്യമായി വരാൻ ഇടയില്ല.
ലൈംഗികത സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ കുട്ടിക്കു നൽകുക
ചില അടിസ്ഥാന സംരക്ഷണ ഉപാധികൾകൊണ്ട് കുട്ടിയെ സജ്ജനാക്കുക
നിങ്ങൾ അടുത്തില്ലാത്തപ്പോൾ ആരെങ്കിലും അതു മുതലെടുക്കാൻ ശ്രമിച്ചാൽ സ്വീകരിക്കാനാകുന്ന ചില ലളിതമായ നടപടികളെക്കുറിച്ച് കുട്ടിയെ പഠിപ്പിക്കുന്ന മൂന്നാമത്തെ വിധത്തെക്കുറിച്ചാണ് നാം ഇനി ചർച്ചചെയ്യാൻ പോകുന്നത്. അതിനു സാധാരണ നിർദേശിക്കാറുള്ള ഒരു മാർഗം ഒരു കളിയാണ്. “ഇങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യും?” എന്നതുപോലുള്ള ചോദ്യങ്ങൾ കുട്ടികളോടു ചോദിക്കാനാകും. അവർ ഉത്തരം പറയട്ടെ. “മാർക്കറ്റിൽവെച്ച് നമ്മൾ കൂട്ടംവിട്ടുപോയെന്നു കരുതുക. നീ എങ്ങനെ എന്നെ കണ്ടുപിടിക്കും?” നിങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരം കുട്ടി പറയണമെന്നില്ല; എന്നാൽ “ചെയ്യാനാകുന്ന ഇതിനെക്കാൾ സുരക്ഷിതമായ മറ്റെന്തെങ്കിലുമുണ്ടെന്നു നിനക്കു തോന്നുന്നുണ്ടോ?” എന്നതുപോലെ കൂടുതലായ ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ആരെങ്കിലും അരുതാത്ത ഒരു വിധത്തിൽ തൊടാൻ ശ്രമിച്ചാൽ എന്താണു ചെയ്യേണ്ടത് എന്നു കുട്ടിയോടു ചോദിക്കുന്നതിനും സമാനമായ ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. അത്തരം ചോദ്യങ്ങൾ കുട്ടിയെ പരിഭ്രമിപ്പിക്കുമെങ്കിൽ മറ്റൊരു കുട്ടിയുടെ കഥയാക്കി പറയാൻ സാധിക്കും. ഉദാഹരണത്തിന്: “ഒരു കൊച്ചു പെൺകുട്ടി അവൾക്ക് ഇഷ്ടപ്പെട്ട ഒരു ബന്ധുവിനോടൊപ്പമാണ് എന്നു കരുതുക. പെട്ടെന്ന് അയാൾ അവളുടെ ശരീരത്തിൽ അരുതാത്ത ഒരിടത്ത് തൊടുന്നു. സംരക്ഷണത്തിനായി അവൾ എന്തു ചെയ്യണമെന്നാണു നീ കരുതുന്നത്?”
ആത്മരക്ഷയ്ക്കായി എന്തു ചെയ്യാനാകുമെന്നു കുട്ടിയെ പഠിപ്പിക്കുക
മേൽപ്പറഞ്ഞതുപോലുള്ള ഒരു സാഹചര്യത്തിൽ എന്തു ചെയ്യാനാണു നിങ്ങൾ കുട്ടിയെ പഠിപ്പിക്കേണ്ടത്? ഒരു എഴുത്തുകാരൻ പറയുന്നതു കേൾക്കുക: “ഉറച്ച ശബ്ദത്തിൽ ‘വേണ്ട!’ ‘അങ്ങനെ ചെയ്യരുത്!’ ‘എന്നെ വിടൂ!’ എന്നൊക്കെ പറയുന്നതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. പീഡകൻ പിന്മാറുന്നതിനോ തിരഞ്ഞെടുത്തിരിക്കുന്ന ഇരയെക്കുറിച്ച് രണ്ടാമതൊന്നു ചിന്തിക്കുന്നതിനോ അത് ഇടയാക്കിയേക്കാം.” ചില സാഹചര്യങ്ങൾ അഭിനയിച്ചു കാണിക്കാൻ കുട്ടിയെ സഹായിക്കാനാകും. അങ്ങനെയാകുമ്പോൾ ഉറച്ച ശബ്ദത്തിൽ എതിർപ്പു പ്രകടിപ്പിക്കാനോ പെട്ടെന്നു സ്ഥലംവിടാനോ എന്താണു സംഭവിച്ചതെന്നു നിങ്ങളോടു പറയാനോ ഉള്ള ആത്മവിശ്വാസം കുട്ടിക്കു ലഭിക്കും. പരിശീലനം നന്നായി മനസ്സിലാക്കിയെന്നു തോന്നുന്ന കുട്ടികളുടെ കാര്യത്തിൽപ്പോലും ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ അവരതു മറന്നുപോയേക്കാം. അതുകൊണ്ട് പരിശീലനം ആവർത്തിച്ചുകൊണ്ടിരിക്കുക.
അച്ഛൻ, വളർത്തച്ഛൻ, പുരുഷന്മാരായ ബന്ധുക്കൾ എന്നിവർ ഉൾപ്പെടെ കുട്ടിയെ പരിപാലിക്കുന്ന എല്ലാവരും ഈ ചർച്ചകളിൽ പങ്കെടുക്കണം. കാരണം? അത്തരം പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാവരും ഒരർഥത്തിൽ പറഞ്ഞാൽ, തങ്ങളുടെ ഭാഗത്തുനിന്ന് ഒരിക്കലും അതുണ്ടാവില്ലെന്നു കുട്ടിക്കു വാക്കുകൊടുക്കുകയാണ്. ദുഃഖകരമെന്നു പറയട്ടെ, ലൈംഗിക പീഡനങ്ങളിൽ അധികവും നടക്കുന്നത് കുടുംബബന്ധങ്ങളുടെ പരിധികൾക്കുള്ളിൽ തന്നെയാണ്. ദുഷിച്ച ഈ ലോകത്തിൽ നിങ്ങളുടെ ഭവനം ഒരു സുരക്ഷിതസ്ഥാനമാക്കാൻ എന്തു ചെയ്യാനാകുമെന്ന് തുടർന്നു വരുന്ന ലേഖനം നിങ്ങളോടു പറയും.
a ലൈംഗിക ചൂഷണത്തിനു വിധേയരായ പല കുട്ടികളും—വാക്കുകളിലൂടെ അല്ലെങ്കിൽപ്പോലും—എന്തോ കുഴപ്പമുണ്ടെന്ന സൂചന നൽകാറുണ്ട് എന്നു വിദഗ്ധർ പറയുന്നു. ഉദാഹരണത്തിന്, കിടക്കയിൽ മൂത്രമൊഴിക്കൽ, അച്ഛനമ്മമാരുടെ അടുത്തുനിന്നു മാറാതെ നടക്കൽ, തനിച്ചായിരിക്കാനുള്ള പേടി എന്നിങ്ങനെ പണ്ട് ഉണ്ടായിരുന്ന ശീലങ്ങളിലേക്ക് ഒരു കുട്ടി തിരികെ പോകുന്നത് എവിടെയോ കുഴപ്പം പറ്റിയിട്ടുണ്ട് എന്നതിന്റെ സൂചനയായിരിക്കാം. ഇത്തരം ലക്ഷണങ്ങൾ പക്ഷേ അവശ്യം ലൈംഗിക ചൂഷണത്തിന്റെ തെളിവായിരിക്കണം എന്നില്ല. ഉള്ളുതുറക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പ്രശ്നം എവിടെയാണെന്ന് അറിയാനും ആവശ്യമായ സാന്ത്വനവും സംരക്ഷണവും നൽകാനും അതു നിങ്ങളെ സഹായിക്കും.
b പീഡിപ്പിക്കുന്ന വ്യക്തിയെയും ഇരയെയും പുല്ലിംഗത്തിലാണു ഞങ്ങൾ പരാമർശിച്ചിരിക്കുന്നത്. തത്ത്വങ്ങൾ പക്ഷേ രണ്ടു ലിംഗവർഗത്തിൽപ്പെട്ടവർക്കും ഒരുപോലെ ബാധകമാണ്.
c യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.