ഭാഗം 11
ആശ്വസിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്ന ഗീതങ്ങൾ
ദാവീദും മറ്റുചിലരും നിരവധി ആരാധനാഗീതങ്ങൾ രചിച്ചു. ഇങ്ങനെയുള്ള 150 ഗീതങ്ങളുടെ ഒരു സമാഹാരമാണ് സങ്കീർത്തനപുസ്തകം
ബൈബിളിലെ ഏറ്റവും വലിയ പുസ്തകമായ സങ്കീർത്തനപുസ്തകം ആരാധനാഗീതങ്ങളുടെ ഒരു സമാഹാരമാണ്. ഏതാണ്ട് 1,000 വർഷത്തെ കാലയളവിൽ രചിക്കപ്പെട്ടതാണ് സങ്കീർത്തനപുസ്തകത്തിലെ ഗീതങ്ങൾ. വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന ഈ കീർത്തനങ്ങൾ അത്യന്തം ഹൃദ്യവും ഭക്തിസാന്ദ്രവുമാണ്. സന്തോഷം, വിലമതിപ്പ്, കൃതജ്ഞത, ദുഃഖം, സങ്കടം, അനുതാപം എന്നിങ്ങനെ വിവിധങ്ങളായ വികാരങ്ങൾ അവയിൽ പ്രതിഫലിക്കുന്നു. സങ്കീർത്തനങ്ങളുടെ രചയിതാക്കൾക്ക് ദൈവവുമായി ഗാഢമായ ബന്ധമുണ്ടായിരുന്നു എന്നു വ്യക്തമാണ്. അവർ അവനിൽ ആശ്രയിച്ചിരുന്നു. ഈ കീർത്തനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചില വിഷയങ്ങൾ പിൻവരുന്നവയാണ്.
യഹോവയാണ് സർവാധിപതി. സ്തുതിക്കും ആരാധനയ്ക്കും യോഗ്യൻ അവൻ മാത്രമാണ്. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” സങ്കീർത്തനം 83:18-ലേതാണ് ഈ വാക്കുകൾ. നക്ഷത്രനിബിഡമായ ആകാശം, ഭൂമിയിലെ ജീവലോകത്ത് ദൃശ്യമായ അത്ഭുതങ്ങൾ, അതിശയകരമായി മെനഞ്ഞിരിക്കുന്ന മനുഷ്യശരീരം എന്നിങ്ങനെ യഹോവയുടെ സൃഷ്ടിക്രിയകളെപ്രതി അവനെ സ്തുതിക്കുന്നതാണ് പല സങ്കീർത്തനങ്ങളും. (സങ്കീർത്തനം 8, 19, 139, 148) തന്റെ വിശ്വസ്തരെ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവമായ യഹോവയെ സ്തുതിക്കുന്നതാണ് മറ്റുചിലത്. (സങ്കീർത്തനം 18, 97, 138) ഇനിയും ചില കീർത്തനങ്ങളാകട്ടെ നീതിയുടെയും ന്യായത്തിന്റെയും ദൈവമായി, മർദിതരെ വിടുവിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യുന്നവനായി, യഹോവയെ വാഴ്ത്തുന്നു.—സങ്കീർത്തനം 11, 68, 146.
യഹോവ തന്നെ സ്നേഹിക്കുന്നവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ സങ്കീർത്തനങ്ങളിൽ ഏറ്റവും പ്രശസ്തം 23-ാമത്തേതായിരിക്കും. തന്റെ ആടുകളെ മേയ്ക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്നേഹവാനായ ഇടയനായി യഹോവയെ ദാവീദ് ഈ സങ്കീർത്തനത്തിൽ വർണിക്കുന്നു. “പ്രാർത്ഥന കേൾക്കുന്നവ”നാണ് യഹോവയെന്ന് സങ്കീർത്തനം 65:2 ദൈവഭക്തരെ ഓർമിപ്പിക്കുന്നു. ഗുരുതരമായ തെറ്റു ചെയ്തിട്ടുള്ള പലർക്കും 39-ാം സങ്കീർത്തനവും 51-ാം സങ്കീർത്തനവും ആശ്വാസം പകർന്നിട്ടുണ്ട്. കടുത്ത തെറ്റുകൾ ചെയ്തതിലുള്ള മനസ്താപവും തന്റെ പാപങ്ങൾ യഹോവ ക്ഷമിക്കുമെന്ന വിശ്വാസവുമാണ് പശ്ചാത്താപവിവശനായ ദാവീദിന്റെ ഈ വാക്കുകളിൽ തെളിഞ്ഞുകാണുന്നത്. യഹോവയിൽ ആശ്രയിക്കാനും എല്ലാ ഭാരങ്ങളും അവനെ ഏൽപ്പിക്കാനുമുള്ള ആഹ്വാനമാണ് സങ്കീർത്തനം 55:22 നൽകുന്നത്.
മിശിഹൈക രാജ്യം മുഖാന്തരം യഹോവ ലോകാവസ്ഥകൾക്കു മാറ്റംവരുത്തും. സങ്കീർത്തനപുസ്തകത്തിലെ പല ഭാഗങ്ങളും മുൻകൂട്ടി പറയപ്പെട്ട രാജാവായ മിശിഹായെക്കുറിച്ചുള്ളതാണ്. തനിക്കു വിരോധമായി നിൽക്കുന്ന സകല രാഷ്ട്രങ്ങളെയും ഈ ഭരണാധികാരി തകർത്തുകളയുമെന്ന് 2-ാം സങ്കീർത്തനത്തിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. ഈ രാജാവ് ദാരിദ്ര്യവും അനീതിയും അടിച്ചമർത്തലും ഇല്ലായ്മ ചെയ്യുമെന്ന് 72-ാം സങ്കീർത്തനം വെളിപ്പെടുത്തുന്നു. മിശിഹൈക രാജ്യം മുഖാന്തരം ദൈവം യുദ്ധങ്ങൾക്ക് അറുതിവരുത്തുമെന്നും യുദ്ധായുധങ്ങളെല്ലാം നശിപ്പിച്ചുകളയുമെന്നും സങ്കീർത്തനം 46:9 ഉറപ്പുതരുന്നു. ദുഷ്ടന്മാർ നിർമൂലമാക്കപ്പെടുമെന്നും എന്നാൽ നീതിമാന്മാർ തികഞ്ഞ സമാധാനത്തിലും ഐക്യത്തിലും ഈ ഭൂമിയിൽ എന്നേക്കും ജീവിക്കുമെന്നും 37-ാം സങ്കീർത്തനം പറയുന്നു.
—സങ്കീർത്തനങ്ങളെ ആധാരമാക്കിയുള്ളത്.