-
ക്രിസ്തീയ മൂപ്പന്മാർ സഭയെ സേവിക്കുന്നത് എങ്ങനെ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 15
ക്രിസ്തീയ മൂപ്പന്മാർ സഭയെ സേവിക്കുന്നത് എങ്ങനെ?
ഫിൻലൻഡ്
പഠിപ്പിക്കുന്നു
ഇടയവേല
സാക്ഷീകരിക്കുന്നു
ഞങ്ങളുടെ സംഘടനയിൽ ശമ്പളം പറ്റുന്ന ഒരു പുരോഹിതഗണമില്ല. പകരം, ക്രിസ്തീയ സഭ സ്ഥാപിതമായ കാലത്തെന്നപോലെ, യോഗ്യതയുള്ള മേൽവിചാരകന്മാരാണ് ‘ദൈവത്തിന്റെ സഭയെ മേയ്ക്കുന്നത്.’ (പ്രവൃത്തികൾ 20:28) ഇവരെ മൂപ്പന്മാർ എന്നു വിളിക്കുന്നു. സഭയിൽ നേതൃത്വമെടുക്കുകയും സഭയെ മേയ്ക്കുകയും ചെയ്യുന്ന ആത്മീയ പക്വതയുള്ള പുരുഷന്മാരാണ് ഇവർ. ഈ ക്രിസ്തീയ മൂപ്പന്മാർ “നിർബന്ധത്താലല്ല ദൈവമുമ്പാകെ മനസ്സോടെയും, അന്യായമായി നേട്ടമുണ്ടാക്കാനുള്ള മോഹത്തോടെയല്ല, അതീവതാത്പര്യത്തോടെയും” ആണ് അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നത്. (1 പത്രോസ് 5:1-3) അവർ നമുക്കുവേണ്ടി എന്തു സേവനമാണു ചെയ്യുന്നത്?
അവർ ഞങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മൂപ്പന്മാർ സഭയെ വഴിനടത്തുകയും ആത്മീയമായി സംരക്ഷിക്കുകയും ചെയ്യുന്നു. ദൈവമാണ് ഈ വലിയ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നതെന്ന് അവർക്ക് അറിയാം. അതുകൊണ്ട്, അവർ ഞങ്ങളെ ഭരിക്കാൻനോക്കുന്നില്ല; പകരം ഞങ്ങളുടെ ക്ഷേമവും സന്തോഷവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. (2 കൊരിന്ത്യർ 1:24) ഒരു ആട്ടിടയൻ തന്റെ ഓരോ ആടിനും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നതുപോലെ, മൂപ്പന്മാർ ഓരോ സഭാംഗത്തെയും അടുത്ത് അറിയാൻ ശ്രമിക്കുകയും അവർക്ക് ആവശ്യമായ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നു.—സുഭാഷിതങ്ങൾ 27:23.
ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് അവർ ഞങ്ങളെ പഠിപ്പിക്കുന്നു. ഞങ്ങളുടെ വിശ്വാസം ശക്തമാക്കുകയെന്ന ലക്ഷ്യത്തിൽ മൂപ്പന്മാർ സഭായോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നു. (പ്രവൃത്തികൾ 15:32) അർപ്പിതരായ ഈ പുരുഷന്മാർ സുവിശേഷപ്രവർത്തനത്തിലും നേതൃത്വമെടുക്കുന്നു. അവർ ഞങ്ങളുടെകൂടെ പ്രവർത്തിച്ച് ശുശ്രൂഷയുടെ എല്ലാ മേഖലകളിലും ആവശ്യമായ പരിശീലനം തരുന്നു.
അവർ ഞങ്ങളെ വ്യക്തിപരമായി പ്രോത്സാഹിപ്പിക്കുന്നു. ആത്മീയസഹായവും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസവും നൽകിക്കൊണ്ട് അവർ ഓരോ സഭാംഗത്തിന്റെയും ആത്മീയാവശ്യങ്ങൾക്കു ശ്രദ്ധ തരുന്നു. രാജ്യഹാളിൽവെച്ചോ ഞങ്ങളുടെ വീട്ടിൽ വന്നോ ആണ് അവർ ഞങ്ങൾക്ക് ഈ സഹായം തരുന്നത്.—യാക്കോബ് 5:14, 15.
സഭയിലെ ഉത്തരവാദിത്വങ്ങൾക്കു പുറമേ മിക്ക മൂപ്പന്മാർക്കും, ജോലിയും കുടുംബോത്തരവാദിത്വങ്ങളും ഉണ്ട്. ആ ചുമതലകൾ നിർവഹിക്കുന്നതിലും അവർ വീഴ്ചവരുത്താറില്ല. കഠിനാധ്വാനികളായ ഈ സഹോദരന്മാർ സഭയിലെ എല്ലാവരുടെയും ബഹുമാനം അർഹിക്കുന്നു.—1 തെസ്സലോനിക്യർ 5:12, 13.
സഭാമൂപ്പന്മാരുടെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്?
മൂപ്പന്മാർ സഭാംഗങ്ങളിൽ വ്യക്തിപരമായ താത്പര്യമെടുക്കുന്നത് എങ്ങനെ?
-
-
ശുശ്രൂഷാദാസന്മാരുടെ ചുമതല എന്താണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 16
ശുശ്രൂഷാദാസന്മാരുടെ ചുമതല എന്താണ്?
മ്യാൻമർ
യോഗത്തിൽ പരിപാടി അവതരിപ്പിക്കുന്നു
വയൽസേവനക്കൂട്ടം
രാജ്യഹാളിന്റെ ശുചീകരണം
സഭയിലെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്ന ക്രിസ്തീയപുരുഷന്മാരുടെ രണ്ടു കൂട്ടങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്—“മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും.” (ഫിലിപ്പിയർ 1:1) മിക്ക സഭകളിലും, മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആയി സേവിക്കുന്ന കുറെ പേരുണ്ടായിരിക്കും. അതിൽ ശുശ്രൂഷാദാസന്മാരുടെ ചുമതല എന്താണ്?
അവർ മൂപ്പന്മാരുടെ സംഘത്തെ സഹായിക്കുന്നു. ശുശ്രൂഷാദാസന്മാർ ആത്മീയചിന്താഗതിയുള്ളവരും ആശ്രയയോഗ്യരും ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിക്കുന്നവരും ആണ്. അവരിൽ പ്രായമായവരും ചെറുപ്പക്കാരും ഉണ്ട്. സഭയിൽ പതിവായി ചെയ്യേണ്ട പല കാര്യങ്ങളും അതുപോലെ രാജ്യഹാളിന്റെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ചെയ്യുന്നതിൽ ഇവർ മൂപ്പന്മാരെ പിന്തുണയ്ക്കുന്നു. അതുകൊണ്ടുതന്നെ, മൂപ്പന്മാർക്കു പഠിപ്പിക്കുന്നതിലും മേയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു.
അവർ പ്രായോഗികമായ പല സേവനങ്ങളും ചെയ്യുന്നു. ചില ശുശ്രൂഷാദാസന്മാർക്കു സേവകന്മാരായി നിയമനം ലഭിക്കുന്നു; സഭായോഗത്തിനു വരുന്നവരെ അവർ സ്വാഗതം ചെയ്യണം. മറ്റു ചിലർ ശബ്ദസംവിധാനം കൈകാര്യം ചെയ്യുന്നു. കൂടാതെ സഭയിൽ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുക, സഭയുടെ കണക്കുകൾ കൈകാര്യം ചെയ്യുക, പ്രസംഗപ്രവർത്തനത്തിനുള്ള പ്രദേശം സഭാംഗങ്ങൾക്കു നിയമിച്ചുകൊടുക്കുക എന്നിങ്ങനെയുള്ള ചുമതലകളും ഇവർക്കു ലഭിച്ചേക്കാം. രാജ്യഹാളിന്റെ ശുചീകരണത്തിലും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലും ഇവർ സഹായിക്കുന്നു. പ്രായംചെന്ന സഭാംഗങ്ങളെ സഹായിക്കാൻ മൂപ്പന്മാർ ഇവരോട് ആവശ്യപ്പെടാറുണ്ട്. ലഭിക്കുന്ന ഏത് ഉത്തരവാദിത്വവും നിർവഹിക്കാൻ ശുശ്രൂഷാദാസന്മാർ കാണിക്കുന്ന മനസ്സൊരുക്കം അവർക്കു മറ്റുള്ളവരുടെ ആദരവ് നേടിക്കൊടുക്കുന്നു.—1 തിമൊഥെയൊസ് 3:13.
അവർ സഭയിൽ നല്ല മാതൃക വെക്കുന്നു. നല്ല ക്രിസ്തീയഗുണങ്ങൾ ഉള്ളവരെയാണു ശുശ്രൂഷാദാസന്മാരായി നിയമിക്കുന്നത്. അവർ യോഗങ്ങളിൽ പരിപാടികൾ നടത്തുമ്പോൾ, സഭയിലുള്ളവരുടെ വിശ്വാസം ശക്തിപ്പെടുന്നു. പ്രസംഗപ്രവർത്തനത്തിലെ അവരുടെ തീക്ഷ്ണത സഭയിൽ എല്ലാവർക്കും ഒരു പ്രോത്സാഹനമാണ്. മൂപ്പന്മാരുമായി സഹകരിച്ചുപ്രവർത്തിച്ചുകൊണ്ട് അവർ സഭയുടെ സന്തോഷവും ഐക്യവും നിലനിറുത്തുന്നു. (എഫെസ്യർ 4:16) കുറെ കഴിയുമ്പോൾ, അവരും മൂപ്പന്മാരായി സേവിക്കാൻ യോഗ്യത നേടിയേക്കാം.
ശുശ്രൂഷാദാസന്മാർ എങ്ങനെയുള്ളവരാണ്?
സഭാപ്രവർത്തനങ്ങൾ നന്നായി നടക്കാൻ ശുശ്രൂഷാദാസന്മാർ എന്തു ചെയ്യുന്നു?
-
-
സർക്കിട്ട് മേൽവിചാരകന്മാർ നമ്മളെ സഹായിക്കുന്നത് എങ്ങനെ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 17
സർക്കിട്ട് മേൽവിചാരകന്മാർ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
മലാവി
വയൽസേവനഗ്രൂപ്പിന്റെകൂടെ
വയൽസേവനത്തിനിടെ
മൂപ്പന്മാരുടെ യോഗത്തിൽ
ബർന്നബാസിനെയും പൗലോസ് അപ്പോസ്തലനെയും കുറിച്ച് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ക്രിസ്തീയസഭകൾ സന്ദർശിച്ചുകൊണ്ട് അവർ സഞ്ചാരമേൽവിചാരകന്മാരായി സേവിച്ചിരുന്നു. എന്തിനുവേണ്ടിയാണ് അവർ സഭകൾ സന്ദർശിച്ചത്? സഭയിലെ സഹോദരങ്ങളുടെ ക്ഷേമത്തിൽ അവർക്കു വളരെയേറെ താത്പര്യമുണ്ടായിരുന്നു. സഹോദരന്മാർ എങ്ങനെയിരിക്കുന്നെന്ന് അറിയാൻവേണ്ടി അവരുടെ അടുക്കൽ ‘മടങ്ങിച്ചെല്ലാൻ’ ആഗ്രഹിക്കുന്നെന്നു പൗലോസ് ഒരിക്കൽ പറഞ്ഞു. അവരെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിന് നൂറുകണക്കിനു കിലോമീറ്റർ യാത്ര ചെയ്ത് അവരുടെ അടുത്ത് ചെല്ലാൻ അദ്ദേഹം ഒരുക്കമായിരുന്നു. (പ്രവൃത്തികൾ 15:36) അതേ മനോഭാവം ഉള്ളവരാണു ഞങ്ങളുടെ സഞ്ചാരമേൽവിചാരകന്മാരും.
അവരുടെ സന്ദർശനം ഞങ്ങൾക്കു പ്രോത്സാഹനം പകരുന്നു. ഓരോ സർക്കിട്ട് മേൽവിചാരകനും 20-ഓളം സഭകൾ സന്ദർശിക്കുന്നു, വർഷത്തിൽ രണ്ടു തവണ ഓരോ സഭയുടെയുംകൂടെ അദ്ദേഹം ഒരാഴ്ച വീതം ചെലവഴിക്കും. ഈ സർക്കിട്ട് മേൽവിചാരകന്മാരുടെ—അവർ വിവാഹിതരാണെങ്കിൽ അവരുടെ ഭാര്യമാരുടെയും—അനുഭവപരിചയത്തിൽനിന്ന് ഞങ്ങൾ വളരെയധികം പ്രയോജനം നേടുന്നു. പ്രായം ചെന്നവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും അടുത്ത് അറിയാൻ ഇവർ ശ്രമിക്കുന്നു. ഞങ്ങളുടെകൂടെ സന്തോഷവാർത്ത പ്രസംഗിക്കാനും ബൈബിൾപഠനത്തിനു വരാനും അവർക്കു വളരെ ഇഷ്ടമാണ്. ഈ സഹോദരന്മാർ മൂപ്പന്മാരുടെകൂടെ ഇടയസന്ദർശനങ്ങൾക്കും പോകാറുണ്ട്. സഭായോഗങ്ങളിലും സമ്മേളനങ്ങളിലും അവർ നടത്തുന്ന പ്രസംഗങ്ങൾ ഞങ്ങൾക്കു പ്രോത്സാഹനവും ആത്മീയശക്തിയും പകരുന്നു.—പ്രവൃത്തികൾ 15:35.
അവർ ഞങ്ങളിൽ വ്യക്തിപരമായ താത്പര്യം കാണിക്കുന്നു. സഭകളുടെ ആത്മീയക്ഷേമത്തിൽ വളരെയേറെ താത്പര്യമുണ്ട് സർക്കിട്ട് മേൽവിചാരകന്മാർക്ക്. സഭകളുടെ ആത്മീയപുരോഗതി വിലയിരുത്താൻ അവർ മൂപ്പന്മാരുമായും ശുശ്രൂഷാദാസന്മാരുമായും കൂടിക്കാഴ്ച നടത്തുന്നു; ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻവേണ്ട പ്രായോഗികമായ സഹായങ്ങളും അവർക്കു നൽകുന്നു. പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ഫലം കണ്ടെത്താൻ അവർ മുൻനിരസേവകരെ സഹായിക്കുന്നു. സഭായോഗങ്ങൾക്കു വരുന്ന പുതിയവരെ പരിചയപ്പെടുന്നതും അവരുടെ ആത്മീയപുരോഗതിയെക്കുറിച്ച് കേൾക്കുന്നതും അവർക്കു സന്തോഷമുള്ള കാര്യമാണ്. ‘ഞങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സഹപ്രവർത്തകരാണ്’ ഈ സർക്കിട്ട് മേൽവിചാരകന്മാർ. അവർ അതിനുവേണ്ടി തങ്ങളെത്തന്നെ ഉഴിഞ്ഞുവെച്ചിരിക്കുന്നു. (2 കൊരിന്ത്യർ 8:23) അവരുടെ വിശ്വാസവും ദൈവഭക്തിയും അനുകരിക്കേണ്ടതുതന്നെയാണ്.—എബ്രായർ 13:7.
എന്തിനുവേണ്ടിയാണ് സർക്കിട്ട് മേൽവിചാരകന്മാർ സഭകൾ സന്ദർശിക്കുന്നത്?
അവരുടെ സന്ദർശനങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?
-
-
ദുരന്തങ്ങളുണ്ടാകുമ്പോൾ ഞങ്ങൾ സഹവിശ്വാസികളെ സഹായിക്കുന്നത് എങ്ങനെ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 18
ദുരന്തങ്ങളുണ്ടാകുമ്പോൾ ഞങ്ങൾ സഹവിശ്വാസികളെ സഹായിക്കുന്നത് എങ്ങനെ?
ഡൊമിനിക്കൻ റിപ്പബ്ലിക്
ജപ്പാൻ
ഹെയ്റ്റി
ഒരു ദുരന്തമുണ്ടാകുമ്പോൾ അതിന് ഇരയായ സഹവിശ്വാസികളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ ഓടിയെത്തും. ഞങ്ങൾക്കിടയിലെ ആത്മാർഥമായ സ്നേഹത്തിന്റെ തെളിവാണ് അത്. (യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 3:17, 18) യഹോവയുടെ സാക്ഷികൾ ഏതെല്ലാം വിധങ്ങളിലാണു സഹായം നൽകുന്നത്?
സാമ്പത്തിക സഹായം നൽകുന്നു. ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിൽ വലിയൊരു ക്ഷാമമുണ്ടായപ്പോൾ തങ്ങളുടെ ആത്മീയസഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കാൻ അന്ത്യോക്യയിലുള്ള ക്രിസ്ത്യാനികൾ മുന്നോട്ടുവന്നു. (പ്രവൃത്തികൾ 11:27-30) അതുപോലെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കു ദുരിതങ്ങളുണ്ടാകുമ്പോൾ അവരെ സഹായിക്കാൻ സഭ വഴി ഞങ്ങളും സംഭാവനകൾ നൽകുന്നു; അവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ ആ സംഭാവനകൾ ഉപകരിക്കുന്നു.—2 കൊരിന്ത്യർ 8:13-15.
പ്രായോഗിക സഹായം നൽകുന്നു. ദുരന്തമുണ്ടായ പ്രദേശത്തുള്ള സഭകളിലെ മൂപ്പന്മാർ, സഭാംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ഓരോരുത്തരെയും നേരിൽ ചെന്നുകാണും. ഭക്ഷണം, ശുദ്ധജലം, വസ്ത്രം, പാർപ്പിടം, വൈദ്യസഹായം എന്നിവ ലഭ്യമാക്കാൻ ഒരു ദുരിതാശ്വാസക്കമ്മിറ്റി ഉണ്ടായിരിക്കും. പ്രത്യേകവൈദഗ്ധ്യങ്ങളുള്ള നിരവധി സാക്ഷികൾ സ്വന്തം ചെലവിൽ ദുരന്തസ്ഥലത്തെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. വീടുകളുടെയും രാജ്യഹാളുകളുടെയും അറ്റകുറ്റം തീർക്കുന്നതിലും അവർ സഹായിക്കുന്നു. ഞങ്ങളുടെ സംഘടനയ്ക്കുള്ളിൽ ഐക്യമുണ്ട്. കൂടാതെ ഒറ്റക്കെട്ടായി കാര്യങ്ങൾ ചെയ്യുന്നതിന്റെ അനുഭവപരിചയവും ഞങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്നു സഹായം എത്തിക്കാൻ ഞങ്ങൾക്കു കഴിയുന്നു. “വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവർക്ക്” മാത്രമല്ല, സാധ്യമാകുമ്പോഴെല്ലാം മറ്റു മതസ്ഥർക്കും സഹായം നൽകാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.—ഗലാത്യർ 6:10.
ആത്മീയവും വൈകാരികവും ആയ പിന്തുണ നൽകുന്നു. ദുരന്തത്തിന് ഇരയായവർക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് ആശ്വാസമാണ്. അത്തരം സാഹചര്യങ്ങളിൽ, ആശ്വാസത്തിനായി ഞങ്ങൾ നോക്കുന്നത് “ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവ”മായ യഹോവയിലേക്കാണ്. (2 കൊരിന്ത്യർ 1:3, 4) പെട്ടെന്നുതന്നെ ദൈവരാജ്യം എല്ലാ വേദനകളും ദുരിതങ്ങളും ഇല്ലാതാക്കുമെന്ന ബൈബിളിലെ വാഗ്ദാനം ദുരിതം അനുഭവിക്കുന്നവരുമായി ഞങ്ങൾ പങ്കുവെക്കുന്നു.—വെളിപാട് 21:4.
ദുരന്തങ്ങളുണ്ടാകുമ്പോൾ പെട്ടെന്നു സഹായമെത്തിക്കാൻ സാക്ഷികൾക്കു കഴിയുന്നത് എന്തുകൊണ്ട്?
ബൈബിളിലെ ഏതു വാഗ്ദാനം ദുരന്തബാധിതർക്ക് ആശ്വാസം പകരും?
-
-
വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 19
വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?
ആത്മീയാഹാരത്തിൽനിന്ന് ഞങ്ങൾക്കെല്ലാം പ്രയോജനങ്ങൾ കിട്ടുന്നു
തന്റെ മരണത്തിനു ദിവസങ്ങൾക്കു മുമ്പ്, ശിഷ്യന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയോസ് എന്നിവരോടു സംസാരിക്കുകയായിരുന്നു യേശു. അന്ത്യകാലത്തെ തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ച് പറയുമ്പോൾ, യേശു വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഉന്നയിച്ചു: “വീട്ടുജോലിക്കാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?” (മത്തായി 24:3, 45; മർക്കോസ് 13:3, 4) അന്ത്യകാലത്ത് തന്റെ ശിഷ്യന്മാർക്കു മുടങ്ങാതെ ആത്മീയാഹാരം കൊടുക്കാൻ ചിലരെ നിയമിക്കുമെന്ന് ഉറപ്പുനൽകുകയായിരുന്നു ‘യജമാനനായ’ യേശു. ആരാണ് ഈ അടിമ?
യേശുവിന്റെ അഭിഷിക്താനുഗാമികളുടെ ഒരു ചെറിയ കൂട്ടമാണ് അത്. യഹോവയുടെ സാക്ഷികളുടെ ഭരണസംഘമാണ് “അടിമ”യായി വർത്തിക്കുന്നത്. യഹോവയുടെ ആരാധകരായ സഹവിശ്വാസികൾക്ക് കാലോചിതമായ ആത്മീയാഹാരം വിതരണം ചെയ്യുന്നത് ഈ അടിമയാണ്. അതുകൊണ്ട് ‘തക്കസമയത്തെ ആഹാരവിഹിതത്തിനായി’ വിശ്വസ്തനായ ഈ അടിമയെയാണു ഞങ്ങൾ ആശ്രയിക്കുന്നത്.—ലൂക്കോസ് 12:42.
അടിമ ദൈവഭവനം നോക്കിനടത്തുന്നു. (1 തിമൊഥെയൊസ് 3:15) ഭൂമിയിൽ, യഹോവയുടെ സംഘടനയുടെ പ്രവർത്തനങ്ങൾ നോക്കിനടത്താനുള്ള ഭാരിച്ച ഉത്തരവാദിത്വം യേശു ഏൽപ്പിച്ചിരിക്കുന്നത് അടിമയെയാണ്. സംഘടനയുടെ ഭൗതിക സ്വത്തുക്കൾ നോക്കിനടത്തുന്നതും പ്രസംഗപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നതും സഭകളിലൂടെ ഞങ്ങളെ പഠിപ്പിക്കുന്നതും എല്ലാം ആ ഉത്തരവാദിത്വത്തിൽപ്പെടുന്നു. സഭായോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും ശുശ്രൂഷയിൽ ഞങ്ങൾ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെയും ആണ് “വിശ്വസ്തനും വിവേകിയുമായ അടിമ” ആത്മീയാഹാരം വിതരണം ചെയ്യുന്നത്. അങ്ങനെ ഞങ്ങൾക്ക് ആവശ്യമായ ആത്മീയാഹാരം ഏറ്റവും ആവശ്യമായ സമയത്തുതന്നെ കിട്ടുന്നു.
ബൈബിൾസത്യങ്ങളോടും പ്രസംഗിക്കാനുള്ള നിയമനത്തോടും അടിമ വിശ്വസ്തത പുലർത്തുന്നു. അതുപോലെതന്നെ, ക്രിസ്തു ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ അടിമ വിവേകത്തോടെ കൈകാര്യം ചെയ്യുന്നു. (പ്രവൃത്തികൾ 10:42) കൂടുതൽക്കൂടുതൽ ആളുകളെ സംഘടനയിലേക്കു കൂട്ടിച്ചേർത്തുകൊണ്ടും ആത്മീയാഹാരം സമൃദ്ധമായി നൽകിക്കൊണ്ടും യഹോവ അടിമയുടെ പ്രവർത്തനത്തെ അനുഗ്രഹിച്ചിരിക്കുന്നു.—യശയ്യ 60:22; 65:13.
തന്റെ അനുഗാമികളെ ആത്മീയമായി പോഷിപ്പിക്കാൻ യേശു ആരെയാണു നിയോഗിച്ചത്?
അടിമ വിശ്വസ്തനും വിവേകിയും ആയിരിക്കുന്നത് ഏതു വിധത്തിലാണ്?
-
-
ഇന്നു ഭരണസംഘം പ്രവർത്തിക്കുന്നത് എങ്ങനെയാണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 20
ഇന്നു ഭരണസംഘം പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം
ഭരണസംഘത്തിന്റെ കത്ത് വായിക്കുന്നു
ഒന്നാം നൂറ്റാണ്ടിൽ, യരുശലേമിലുള്ള “അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും” ഒരു ചെറിയ കൂട്ടമാണു ഭരണസംഘമായി സേവിച്ചിരുന്നത്; അഭിഷിക്തക്രിസ്ത്യാനികളുടെ മുഴുവൻ സഭയ്ക്കുംവേണ്ടി പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നത് ഈ സംഘമാണ്. (പ്രവൃത്തികൾ 15:2) തിരുവെഴുത്തുകൾ എന്തു പറയുന്നെന്നു പരിശോധിക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്പെടുകയും ചെയ്തുകൊണ്ടാണ് അവർ തീരുമാനങ്ങളെടുത്തിരുന്നത്. (പ്രവൃത്തികൾ 15:25, 26) ക്രിസ്തീയസഭയിൽ ഇന്നും അതേ മാതൃകയാണു പിന്തുടർന്നുപോരുന്നത്.
തന്റെ ഇഷ്ടം ചെയ്യാൻ ദൈവം അവരെ ഉപയോഗിക്കുന്നു. ഇന്നു ഭരണസംഘമായി വർത്തിക്കുന്ന അഭിഷിക്തസഹോദരന്മാർ ദൈവവചനത്തെ ആഴമായി സ്നേഹിക്കുന്നവരാണ്. പ്രസംഗപ്രവർത്തനത്തോടു ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിലും ആത്മീയവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും നല്ല അനുഭവപരിചയമുള്ളവരാണ് അവർ. ലോകമെങ്ങുമുള്ള സാക്ഷികളുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ എല്ലാ ആഴ്ചയും കൂടിവരുന്നു. ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ, കത്തുകളിലൂടെയും സഞ്ചാരമേൽവിചാരകന്മാരിലൂടെയും മറ്റും ആണ് അവർ ഞങ്ങൾക്കു ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഓരോരോ നിർദേശങ്ങൾ തരുന്നത്; ഇതു ചിന്തയിലും പ്രവൃത്തിയിലും ഐക്യമുള്ളവരായിരിക്കാൻ ദൈവജനത്തെ സഹായിക്കുന്നു. (പ്രവൃത്തികൾ 16:4, 5) പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നതിനു പുറമേ, ആത്മീയാഹാരം തയ്യാറാക്കുന്നതിനും ഉത്തരവാദിത്വസ്ഥാനങ്ങളിൽ സഹോദരന്മാരെ നിയമിക്കുന്നതിനും ഇവർ മേൽനോട്ടം വഹിക്കുന്നു.
ദൈവാത്മാവ് വഴിനയിക്കുമ്പോൾ അവർ കീഴ്പെടുന്നു. മാർഗദർശനത്തിനായി ഭരണസംഘം ആശ്രയിക്കുന്നത് എല്ലാത്തിന്റെയും പരമാധികാരിയായ യഹോവയെയും സഭയുടെ തലയായ യേശുവിനെയും ആണ്. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:23) ഭരണസംഘത്തിലെ അംഗങ്ങൾ ദൈവജനത്തിന്റെ നേതാക്കന്മാരായി തങ്ങളെത്തന്നെ വീക്ഷിക്കുന്നില്ല. മറ്റ് അഭിഷിക്തക്രിസ്ത്യാനികളോടൊപ്പം അവരും “കുഞ്ഞാട് (യേശു) എവിടെ പോയാലും . . . അനുഗമിക്കുന്നു.” (വെളിപാട് 14:4) ഭരണസംഘത്തിനുവേണ്ടി നമ്മൾ പ്രാർഥിക്കുന്നത് അവർ വളരെ വിലമതിക്കുന്നു.
ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിൽ ഉണ്ടായിരുന്നത് ആരാണ്?
ഭരണസംഘം ഇന്നു ദൈവത്തിന്റെ നിർദേശം തേടുന്നത് എങ്ങനെ?
-
-
എന്താണു ബഥേൽ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 21
എന്താണു ബഥേൽ?
ആർട്ട് ഡിപ്പാർട്ടുമെന്റ്, യു.എസ്.എ.
ജർമനി
കെനിയ
കൊളംബിയ
എബ്രായ ഭാഷയിൽ ബഥേൽ എന്ന പദത്തിന്റെ അർഥം “ദൈവത്തിന്റെ ഭവനം” എന്നാണ്. (ഉല്പത്തി 28:17, 19, അടിക്കുറിപ്പ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഹോവയുടെ സാക്ഷികൾ പണിതീർത്തിരിക്കുന്ന കെട്ടിടസമുച്ചയങ്ങൾക്ക് ഈ പേര് നന്നായി യോജിക്കുന്നു. കാരണം പ്രസംഗപ്രവർത്തനത്തിനു നേതൃത്വം നൽകുന്നതും അതിനെ പിന്തുണയ്ക്കുന്നതും ഇവിടെനിന്നാണ്. ഐക്യനാടുകളിലെ ന്യൂയോർക്കിലാണ് യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം. അവിടെനിന്നാണു ഭരണസംഘം ലോകത്തെങ്ങുമുള്ള ബ്രാഞ്ചോഫീസുകളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നത്. ബ്രാഞ്ചോഫീസുകളിൽ സേവിക്കുന്നവരെ ബഥേൽ കുടുംബാംഗങ്ങൾ എന്നാണു വിളിക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ അവർ ഒരേ സ്ഥലത്ത് താമസിക്കുന്നു, ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു; ഒരുമയോടെ ജോലി ചെയ്യുകയും ബൈബിൾ പഠിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 133:1.
ത്യാഗം ചെയ്യാൻ മനസ്സുള്ള ഒരു കൂട്ടം ആളുകൾ ഒരുമയോടെ സേവിക്കുന്ന ഇടം. ദൈവത്തിന്റെ ഇഷ്ടം ചെയ്യാനും ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങളെ പിന്തുണയ്ക്കാനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ഒരു കൂട്ടം ക്രിസ്തീയസ്ത്രീപുരുഷന്മാരാണ് ഓരോ ബഥേലിലുമുള്ളത്. (മത്തായി 6:33) അവർക്ക് അവിടെ താമസസൗകര്യവും ആഹാരവും കിട്ടുന്നു. അവിടെ ചെയ്യുന്ന സേവനത്തിന് അവർ ശമ്പളം വാങ്ങുന്നില്ല; എന്നാൽ, വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി ഒരു ചെറിയ തുക അലവൻസായി അവർക്കു കിട്ടുന്നുണ്ട്. ബഥേലിലെ ഓരോ അംഗത്തിനും ഓരോ നിയമനമുണ്ട്; ചിലർ ഓഫീസിലോ അടുക്കളയിലോ ഭക്ഷണമുറിയിലോ സേവിക്കുന്നു. മറ്റു ചിലർ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിലും ബയന്റ് ചെയ്യുന്നതിലും സഹായിക്കുന്നു. മുറികൾ വൃത്തിയാക്കുക, തുണി അലക്കുക, അറ്റകുറ്റപ്പണികൾ തീർക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നവരുമുണ്ട്.
പ്രസംഗപ്രവർത്തനത്തെ പിന്തുണയ്ക്കാൻ സേവകർ തിരക്കിട്ട് പ്രവർത്തിക്കുന്ന ഇടം. ബൈബിളിലെ സത്യങ്ങൾ പരമാവധി ആളുകളുടെ അടുത്ത് എത്തിക്കുക എന്നതാണു ബഥേലുകളുടെ പ്രധാനലക്ഷ്യം. ഈ പത്രിക തയ്യാറാക്കിയിരിക്കുന്നതും ആ ലക്ഷ്യത്തിൽത്തന്നെയാണ്. ഇതു ഭരണസംഘത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കി, ലോകത്തെങ്ങുമുള്ള പരിഭാഷാവിഭാഗങ്ങൾക്കു കമ്പ്യൂട്ടർ വഴി അയച്ചുകൊടുക്കുകയായിരുന്നു. പരിഭാഷയ്ക്കു ശേഷം അതു വിവിധ ബഥേലുകളിലെ ഹൈ-സ്പീഡ് പ്രസ്സുകളിൽ അച്ചടിച്ച് 1,18,000-ത്തിലേറെ സഭകൾക്ക് അയച്ചുകൊടുത്തു. ഈ ഓരോ ഘട്ടത്തിലും, ബഥേൽ കുടുംബാംഗങ്ങൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഇങ്ങനെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയെന്ന, വളരെ അടിയന്തിരമായി ചെയ്യേണ്ട പ്രവർത്തനത്തെ അവർ പിന്തുണയ്ക്കുന്നു.—മർക്കോസ് 13:10.
എങ്ങനെയുള്ളവരാണു ബഥേലിൽ സേവിക്കുന്നത്, അവരുടെ ആവശ്യങ്ങൾ നടക്കുന്നത് എങ്ങനെ?
അടിയന്തിരമായി ചെയ്യേണ്ട ഏതു പ്രവർത്തനത്തെയാണ് ഓരോ ബഥേലും പിന്തുണയ്ക്കുന്നത്?
-
-
ബ്രാഞ്ചോഫീസിന്റെ ചുമതലകൾ എന്തെല്ലാം?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 22
ബ്രാഞ്ചോഫീസിന്റെ ചുമതലകൾ എന്തെല്ലാം?
സോളമൻ ദ്വീപുകൾ
കാനഡ
സൗത്ത് ആഫ്രിക്ക
ഒന്നോ അതിലധികമോ രാജ്യങ്ങളിലെ പ്രസംഗപ്രവർത്തനത്തെ പിന്തുണച്ചുകൊണ്ട് ബഥേൽ കുടുംബാംഗങ്ങൾ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ സേവിക്കുന്നു. ചിലർ പരിഭാഷാവിഭാഗത്തിൽ സേവിക്കുമ്പോൾ മറ്റു ചിലർ മാസികകളുടെ അച്ചടി, പുസ്തകങ്ങളുടെ ബയന്റിങ്, ഓഡിയോ-വീഡിയോ നിർമാണം, പ്രസിദ്ധീകരണങ്ങളുടെ വിതരണം തുടങ്ങിയ നിയമനങ്ങൾ കൈകാര്യം ചെയ്യുന്നു.
പ്രവർത്തനങ്ങൾക്കു ബ്രാഞ്ച് കമ്മിറ്റി മേൽനോട്ടം വഹിക്കുന്നു. ഓരോ ബ്രാഞ്ചോഫീസിന്റെയും പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ഭരണസംഘം ചുമതലപ്പെടുത്തിയിരിക്കുന്നതു ബ്രാഞ്ച് കമ്മിറ്റിയെയാണ്. ആത്മീയയോഗ്യതയുള്ള, മൂന്നോ അതിലധികമോ മൂപ്പന്മാർ ചേർന്നതാണ് ഒരു ബ്രാഞ്ച് കമ്മിറ്റി. തങ്ങളുടെ പരിധിയിൽ വരുന്ന രാജ്യത്തെ പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ചും അതുപോലെ അവിടത്തെ പ്രശ്നങ്ങളെക്കുറിച്ചും ബ്രാഞ്ച് കമ്മിറ്റി ഭരണസംഘത്തെ അറിയിച്ചുകൊണ്ടിരിക്കുന്നു. യോഗങ്ങളിലും സമ്മേളനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഏതെല്ലാം വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാൻ അത്തരം റിപ്പോർട്ടുകൾ ഭരണസംഘത്തെ സഹായിക്കുന്നു. ഭരണസംഘത്തിന്റെ പ്രതിനിധികൾ ക്രമമായി ബ്രാഞ്ചുകൾ സന്ദർശിച്ച്, ഉത്തരവാദിത്വങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ ആവശ്യമായ മാർഗനിർദേശം ബ്രാഞ്ച് കമ്മിറ്റിക്കു കൊടുക്കുന്നു. (സുഭാഷിതങ്ങൾ 11:14) സന്ദർശനത്തിന്റെ ഭാഗമായി, ബ്രാഞ്ചിന്റെ പ്രദേശത്ത് താമസിക്കുന്ന സഹോദരീസഹോദരന്മാർക്കു പ്രോത്സാഹനം പകരുന്നതിനുവേണ്ടി ലോകാസ്ഥാനപ്രതിനിധി ഒരു പ്രസംഗം നടത്താറുണ്ട്.
പ്രാദേശിക സഭകൾക്കു പിന്തുണ കൊടുക്കുന്നു. പുതിയ സഭകൾ രൂപീകരിക്കുന്നതു ബ്രാഞ്ചോഫീസിലെ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരാണ്. ബ്രാഞ്ചിന്റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശങ്ങളിലെ മുൻനിരസേവകരുടെയും മിഷനറിമാരുടെയും സർക്കിട്ട് മേൽവിചാരകന്മാരുടെയും പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതും ഇവർതന്നെ. സമ്മേളനങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കുന്നതും പുതിയ രാജ്യഹാളുകളുടെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സഭകൾക്ക് ആവശ്യമായ സാഹിത്യങ്ങൾ എത്തിക്കുന്നതും ബ്രാഞ്ചോഫീസാണ്. ബ്രാഞ്ചോഫീസുകളിലെ പ്രവർത്തനങ്ങളാണ് അതതു ദേശങ്ങളിൽ പ്രസംഗപ്രവർത്തനം ചിട്ടയോടെ, ക്രമീകൃതമായി നടക്കാൻ സഹായിക്കുന്നത്.—1 കൊരിന്ത്യർ 14:33, 40.
ബ്രാഞ്ച് കമ്മിറ്റികൾ ഭരണസംഘത്തെ പിന്തുണയ്ക്കുന്നത് എങ്ങനെ?
ഒരു ബ്രാഞ്ചോഫീസ് എന്തെല്ലാം കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു?
-
-
ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കി പരിഭാഷ ചെയ്യുന്നത് എങ്ങനെയാണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 23
ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കി പരിഭാഷ ചെയ്യുന്നത് എങ്ങനെയാണ്?
റൈറ്റിങ് ഡിപ്പാർട്ടുമെന്റ്, യു.എസ്.എ.
ദക്ഷിണ കൊറിയ
അർമേനിയ
ബുറുണ്ടി
ശ്രീലങ്ക
“സന്തോഷവാർത്ത” “എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും” അറിയിക്കുകയെന്ന ലക്ഷ്യത്തിൽ 750-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. (വെളിപാട് 14:6) ഇതിനു നല്ല ശ്രമം ആവശ്യമാണ്. പക്ഷേ ഞങ്ങൾ ഇത് എങ്ങനെയാണു ചെയ്യുന്നത്? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒരു കൂട്ടം എഴുത്തുകാരുടെയും അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം പരിഭാഷകരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്. അവരെല്ലാം യഹോവയുടെ സാക്ഷികളാണ്.
ആദ്യം ഇംഗ്ലീഷിൽ തയ്യാറാക്കുന്നു. ഭരണസംഘത്തിന്റെ നേതൃത്വത്തിൻകീഴിൽ ലോകാസ്ഥാനത്ത് ഒരു റൈറ്റിങ് ഡിപ്പാർട്ടുമെന്റ് പ്രവർത്തിക്കുന്നുണ്ട്. ഈ റൈറ്റിങ് ഡിപ്പാർട്ടുമെന്റാണ് ലോകാസ്ഥാനത്തും മറ്റു ബ്രാഞ്ചോഫീസുകളിലും സേവിക്കുന്ന എഴുത്തുകാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എഴുത്തുകാർ പല ദേശങ്ങളിൽനിന്നുള്ളവരായതുകൊണ്ട് വിവിധ സംസ്കാരങ്ങളോടു ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കു കഴിയുന്നു; ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് ആകർഷകമാക്കുന്നത് ഇതാണ്.
പരിഭാഷകർക്ക് അയച്ചുകൊടുക്കുന്നു. തയ്യാറാക്കുന്ന പാഠത്തിൽ ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തിയിട്ട്, ഭരണസംഘത്തിന്റെ അനുമതിയോടെ അതു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിഭാഷാസംഘങ്ങൾക്ക് കമ്പ്യൂട്ടർ വഴി അയച്ചുകൊടുക്കുന്നു. അവർ അതു തർജമചെയ്ത് ഇംഗ്ലീഷുമായി ഒത്തുനോക്കിയതിനു ശേഷം പ്രൂഫ് വായന നടത്തുന്നു. ഇങ്ങനെ പരിഭാഷ ചെയ്യുമ്പോൾ ഇംഗ്ലീഷിലുള്ള പാഠത്തിന്റെ ആശയം ഒട്ടും ചോർന്നുപോകാതെ “സത്യവചനങ്ങൾ” അഥവാ കൃത്യതയുള്ള വാക്കുകൾ കണ്ടെത്താൻ അവർ ശ്രമിക്കുന്നു.—സഭാപ്രസംഗകൻ 12:10.
കമ്പ്യൂട്ടർ പരിഭാഷാപ്രവർത്തനം ത്വരിതപ്പെടുത്തുന്നു. കമ്പ്യൂട്ടറുകൾ ഒരിക്കലും എഴുത്തുകാർക്കും പരിഭാഷകർക്കും പകരമാകില്ല. പക്ഷേ, കമ്പ്യൂട്ടറിൽത്തന്നെയുള്ള നിഘണ്ടുക്കളും ഗവേഷണോപാധികളും മറ്റു പ്രോഗ്രാമുകളും അവരുടെ പ്രവർത്തനത്തിന്റെ വേഗം കൂട്ടുന്നുണ്ട്. കൂടാതെ പരിഭാഷാപ്രവർത്തനത്തിൽ സഹായിക്കുന്ന ഒരു പ്രോഗ്രാം യഹോവയുടെ സാക്ഷികൾതന്നെ രൂപകല്പന ചെയ്തിട്ടുണ്ട്. മെപ്സ് (Multilanguage Electronic Publishing System) എന്നാണ് ഇതിന്റെ പേര്. ഇത് ഉപയോഗിച്ച് വിവരങ്ങൾ നൂറുകണക്കിനു ഭാഷകളിൽ ടൈപ്പ് ചെയ്യാനും ചിത്രങ്ങളും മറ്റുമായി സംയോജിപ്പിക്കാനും അച്ചടിക്കാൻവേണ്ടി കമ്പോസ് ചെയ്യാനും സാധിക്കുന്നു.
ഏതാനും ആയിരങ്ങൾ മാത്രം സംസാരിക്കുന്ന ഭാഷകളിലേക്കുപോലും പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്താൻ ഞങ്ങൾ ഇത്രയധികം ശ്രമം ചെയ്യുന്നത് എന്തുകൊണ്ടാണ്? കാരണം, “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നും” ഉള്ളത് യഹോവയുടെ ഇഷ്ടമാണ്.—1 തിമൊഥെയൊസ് 2:3, 4.
ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത് എങ്ങനെ?
ഞങ്ങൾ ഇത്രയധികം ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നത് എന്തുകൊണ്ടാണ്?
-
-
ലോകമെങ്ങും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനത്തിനുള്ള സാമ്പത്തികപിന്തുണ എവിടെനിന്നാണു ലഭിക്കുന്നത്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 24
ലോകമെങ്ങും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനത്തിനുള്ള സാമ്പത്തികപിന്തുണ എവിടെനിന്നാണു ലഭിക്കുന്നത്?
നേപ്പാൾ
ടോഗോ
ബ്രിട്ടൻ
ഞങ്ങളുടെ സംഘടന വർഷംതോറും കോടിക്കണക്കിനു ബൈബിളുകളും ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസിദ്ധീകരണങ്ങളും അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്, അതും വില ഈടാക്കാതെ. ഞങ്ങൾ രാജ്യഹാളുകളും ബ്രാഞ്ചോഫീസുകളും പണിയുന്നു; അവ അറ്റകുറ്റപ്പണികൾ ചെയ്ത് സൂക്ഷിക്കുന്നു. ആയിരക്കണക്കിനുവരുന്ന ബഥേൽ കുടുംബാംഗങ്ങളെയും മിഷനറിമാരെയും ഞങ്ങൾ സാമ്പത്തികമായി പിന്തുണയ്ക്കുന്നു. ഇതിനു പുറമേ, ദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസസഹായവും എത്തിച്ചുകൊടുക്കാറുണ്ട്. ‘ഇതിനൊക്കെയുള്ള പണം എവിടെനിന്നാണു ലഭിക്കുന്നത്’ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
ഞങ്ങൾ ദശാംശം വാങ്ങുകയോ സേവനങ്ങൾക്കു പണം ഈടാക്കുകയോ പണപ്പിരിവ് നടത്തുകയോ ചെയ്യുന്നില്ല. ലോകവ്യാപകമായി പ്രസംഗപ്രവർത്തനം നടത്താൻ വലിയ പണച്ചെലവുണ്ട്. പക്ഷേ, ഞങ്ങൾ ആരോടും പണം ആവശ്യപ്പെടാറില്ല. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് വീക്ഷാഗോപുരം മാസികയുടെ രണ്ടാമത്തെ ലക്കത്തിൽ, യഹോവ ഞങ്ങളെ പിന്തുണയ്ക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നെന്നും അതുകൊണ്ടുതന്നെ, പണത്തിനുവേണ്ടി ഞങ്ങൾ ആരോടും “യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല” എന്നും ഞങ്ങൾ പ്രസ്താവിച്ചിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ഇതുവരെ ഞങ്ങൾക്ക് അങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല!—മത്തായി 10:8.
ഞങ്ങളുടെ പ്രവർത്തനം നടക്കുന്നതു മനസ്സോടെ കൊടുക്കുന്ന സംഭാവനകൊണ്ടാണ്. ഞങ്ങളുടെ ബൈബിൾ വിദ്യാഭ്യാസപ്രവർത്തനത്തെ വിലമതിക്കുന്ന പലരും അതിനുവേണ്ടി സംഭാവനകൾ തരാറുണ്ട്. ഭൂമിയിലെങ്ങും ദൈവേഷ്ടം ചെയ്യാൻ ഞങ്ങളും സന്തോഷത്തോടെ ഞങ്ങളുടെ സമയവും ഊർജവും പണവും മറ്റു വിഭവങ്ങളും ഉപയോഗിക്കുന്നു. (1 ദിനവൃത്താന്തം 29:9) സംഭാവനകൾ കൊടുക്കാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യത്തിനുവേണ്ടി രാജ്യഹാളുകളിലും സമ്മേളനഹാളുകളിലും കൺവെൻഷൻസ്ഥലങ്ങളിലും സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ട്. അതല്ലെങ്കിൽ jw.org എന്ന ഞങ്ങളുടെ വെബ്സൈറ്റ് വഴിയും നിങ്ങൾക്കു സംഭാവനകൾ അയയ്ക്കാവുന്നതാണ്. സംഭാവനകളുടെ നല്ലൊരു പങ്കും കൊടുക്കുന്നതു വെറും സാധാരണക്കാരായ ആളുകളാണ്; ആലയത്തിലെ സംഭാവനപ്പെട്ടിയിൽ രണ്ടു ചെറുതുട്ടുകൾ ഇട്ട, ദരിദ്രയായ വിധവയെപ്പോലുള്ളവർ. (ലൂക്കോസ് 21:1-4) യേശുവിന്റെ പ്രശംസ പിടിച്ചുപറ്റിയ ആ വിധവയെപ്പോലെ, “ഹൃദയത്തിൽ നിശ്ചയിച്ച” ഒരു തുക പ്രസംഗപ്രവർത്തനത്തിനുവേണ്ടി ‘നീക്കിവെക്കാൻ’ എല്ലാവർക്കും കഴിയും.—1 കൊരിന്ത്യർ 16:2; 2 കൊരിന്ത്യർ 9:7.
യഹോവയെ ‘വിലയേറിയ വസ്തുക്കൾകൊണ്ട് ബഹുമാനിക്കാൻ’ ആഗ്രഹിക്കുന്ന എല്ലാവരെയും ദൈവം തുടർന്നും പ്രചോദിപ്പിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. രാജ്യപ്രവർത്തനങ്ങൾക്കുവേണ്ടി അവർ കൊടുക്കുന്ന ആ സംഭാവനകൾ തീർച്ചയായും യഹോവയുടെ ഇഷ്ടം നിറവേറ്റാൻ ഉതകും.—സുഭാഷിതങ്ങൾ 3:9.
ഞങ്ങളുടെ സംഘടന മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
ആളുകൾ മനസ്സോടെ കൊടുക്കുന്ന സംഭാവനകൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
-
-
രാജ്യഹാളുകൾ പണിയുന്നത് എന്തിന്, എങ്ങനെ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 25
രാജ്യഹാളുകൾ പണിയുന്നത് എന്തിന്, എങ്ങനെ?
ബൊളീവിയ
നൈജീരിയയിലെ രാജ്യഹാൾ; പഴയതും പുതിയതും
തഹീതി
രാജ്യഹാൾ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ, ദൈവരാജ്യം എന്ന ബൈബിൾവിഷയമാണു മുഖ്യമായും അവിടെ ചർച്ച ചെയ്യുന്നത്. യേശുവിന്റെ ശുശ്രൂഷയുടെ മുഖ്യവിഷയവും അതുതന്നെയായിരുന്നു.—ലൂക്കോസ് 8:1.
പ്രദേശത്തെ സത്യാരാധനയുടെ കേന്ദ്രങ്ങളാണ് അവ. ഓരോ പ്രദേശത്തെയും രാജ്യപ്രസംഗപ്രവർത്തനത്തിന്റെ കേന്ദ്രം അവിടത്തെ രാജ്യഹാളാണ്. (മത്തായി 24:14) വലുപ്പത്തിലും രൂപകല്പനയിലും വ്യത്യാസങ്ങളുണ്ടെങ്കിലും ആഡംബരങ്ങളൊന്നും ഇല്ലാത്ത സാധാരണ കെട്ടിടങ്ങളാണ് അവ. പല രാജ്യഹാളുകളിലും ഒന്നിലധികം സഭകൾ കൂടിവരാറുണ്ട്. പ്രചാരകരുടെയും സഭകളുടെയും വർധനയ്ക്കനുസരിച്ച്, സമീപവർഷങ്ങളിൽ പതിനായിരക്കണക്കിനു രാജ്യഹാളുകളാണ് (ദിവസവും ഏതാണ്ട് അഞ്ചു വീതം) ഞങ്ങൾ പണിതിരിക്കുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു?—മത്തായി 19:26.
ഒരു പൊതുഫണ്ടിൽനിന്നുള്ള പണമാണു പണിക്ക് ഉപയോഗിക്കുന്നത്. സംഭാവനകൾ ബ്രാഞ്ചോഫീസിന് അയച്ചുകൊടുക്കുന്നു. രാജ്യഹാളുകൾ പുതുതായി പണിയാനോ പുതുക്കിപ്പണിയാനോ സഹായം ആവശ്യമുള്ള സഭകൾക്ക് ഈ ഫണ്ടിൽനിന്ന് പണം നൽകാറുണ്ട്.
പല പശ്ചാത്തലങ്ങളിൽനിന്നുള്ള സന്നദ്ധസേവകരാണ് അവ പണിയുന്നത്. പല ദേശങ്ങളിലും രാജ്യഹാൾ നിർമാണസംഘങ്ങൾ ഉണ്ട്. നിർമാണദാസരുടെയും നിർമാണ സന്നദ്ധസേവകരുടെയും സംഘങ്ങൾ, അതതു രാജ്യത്ത് ഓരോ സ്ഥലത്തും, ഉൾപ്രദേശങ്ങളിൽപ്പോലും, ചെന്ന് രാജ്യഹാളുകൾ പണിയാൻ അവിടെയുള്ള സഭകളെ സഹായിക്കുന്നു. മറ്റു ചില ദേശങ്ങളിൽ, യോഗ്യതയുള്ള സാക്ഷികളെ ഒരു നിശ്ചിതപ്രദേശത്തെ രാജ്യഹാളുകൾ പണിയാനും പുതുക്കിപ്പണിയാനും മേൽനോട്ടം വഹിക്കുന്നതിനു നിയമിക്കുന്നു. ഓരോ നിർമാണസ്ഥലത്തും തൊഴിൽവൈദഗ്ധ്യമുള്ള സന്നദ്ധസേവകർ നിർമാണത്തിൽ സഹായിക്കുമെങ്കിലും ജോലിയുടെ ഏറിയ പങ്കും ചെയ്തുതീർക്കുന്നത് അതതു സഭകളിൽനിന്നുള്ളവർ ആയിരിക്കും. യഹോവയുടെ ആത്മാവും ദൈവജനത്തിന്റെ മുഴുദേഹിയോടെയുള്ള പ്രവർത്തനങ്ങളും ആണ് ഇതു വിജയിപ്പിക്കുന്നത്.—സങ്കീർത്തനം 127:1; കൊലോസ്യർ 3:23.
ഞങ്ങളുടെ ആരാധനാസ്ഥലങ്ങളെ രാജ്യഹാളുകൾ എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
ലോകമെങ്ങും രാജ്യഹാളുകൾ പണിയാൻ ഞങ്ങൾക്കു കഴിയുന്നത് എങ്ങനെ?
-
-
രാജ്യഹാൾ നല്ല നിലയിൽ സൂക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാം?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 26
രാജ്യഹാൾ നല്ല നിലയിൽ സൂക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാം?
എസ്റ്റോണിയ
സിംബാബ്വെ
മംഗോളിയ
പോർട്ടോ റീക്കോ
ദൈവത്തിന്റെ വിശുദ്ധനാമം വഹിക്കുന്നവയാണ് യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകൾ. അതുകൊണ്ടുതന്നെ, ആ കെട്ടിടം വൃത്തിയുള്ളതും ആകർഷകവും ആയി സൂക്ഷിക്കുന്നതിലും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിലും സഹായിക്കുന്നതു വലിയ പദവിയായി ഞങ്ങൾ കാണുന്നു; അതു ഞങ്ങളുടെ വിശുദ്ധാരാധനയുടെ ഒരു പ്രധാനഭാഗമാണ്. എല്ലാവർക്കും അതിൽ പങ്കെടുക്കാം.
യോഗത്തിനു ശേഷം നടക്കുന്ന ശുചീകരണത്തിൽ മനസ്സോടെ പങ്കെടുക്കുക. ഓരോ യോഗവും കഴിഞ്ഞ് സഹോദരീസഹോദരന്മാർ രാജ്യഹാൾ ചെറിയ തോതിൽ വൃത്തിയാക്കും. ആഴ്ചയിൽ ഒരിക്കൽ, കുറെക്കൂടി വലിയ തോതിലുള്ള ശുചീകരണവുമുണ്ട്. ഈ ശുചീകരണപരിപാടികൾ ഏകോപിപ്പിക്കാൻ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഉണ്ടായിരിക്കും. എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നു കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. അതു നോക്കി എല്ലാം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തും. തറ അടിച്ചുവാരുക, തുടയ്ക്കുക, വാക്വം ക്ലീനർ ഉപയോഗിച്ച് പൊടി നീക്കംചെയ്യുക എന്നീ ജോലികൾ ചെയ്യാൻ കുറെ പേരുണ്ടായിരിക്കും. മറ്റു ചിലർ കസേരകൾ നേരെയിടുകയോ കക്കൂസുകൾ വൃത്തിയാക്കുകയോ ചെയ്യും. ജനാലകളും കണ്ണാടികളും വൃത്തിയാക്കുക, ചപ്പുചവറുകൾ നീക്കം ചെയ്യുക, രാജ്യഹാളിന്റെ പരിസരവും പൂന്തോട്ടവും വൃത്തിയാക്കുക എന്നീ ജോലികളും ശുചീകരണത്തിന്റെ ഭാഗമാണ്. വർഷത്തിൽ ഒരിക്കലെങ്കിലും വിപുലമായ ഒരു ശുചീകരണം ക്രമീകരിക്കാറുണ്ട്. ശുചീകരണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമേയുള്ളൂ. ശുചീകരണത്തിനു ഞങ്ങൾ കുട്ടികളെയും കൂടെക്കൂട്ടും. ആരാധനാസ്ഥലത്തോട് ആദരവ് കാണിക്കാൻ അങ്ങനെ അവർ പഠിക്കുന്നു.—സഭാപ്രസംഗകൻ 5:1.
ആവശ്യമായ അറ്റകുറ്റപ്പണികളിൽ സഹായിക്കാൻ മുന്നോട്ടുവരുക. രാജ്യഹാളിന്റെ അകത്തോ പുറത്തോ ഏതെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതുണ്ടോ എന്ന് അറിയാൻ ഓരോ വർഷവും വിശദമായ ഒരു പരിശോധന നടത്താറുണ്ട്. ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നു. അങ്ങനെ, രാജ്യഹാൾ നന്നായി സൂക്ഷിക്കാനും അനാവശ്യച്ചെലവുകൾ ഒഴിവാക്കാനും ഞങ്ങൾക്കു കഴിയുന്നു. (2 ദിനവൃത്താന്തം 24:13; 34:10) നല്ല നിലയിൽ സൂക്ഷിക്കുന്ന വൃത്തിയുള്ള ഒരു രാജ്യഹാൾ സത്യാരാധനയ്ക്കു യോഗ്യമായ ഒരിടമാണ്. ശുചീകരണത്തിൽ പങ്കെടുക്കുന്നത്, യഹോവയോടുള്ള സ്നേഹവും ആരാധനാസ്ഥലത്തോടുള്ള ആദരവും പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്. (സങ്കീർത്തനം 122:1) അതു പ്രദേശത്തെ ആളുകളിൽ മതിപ്പുളവാക്കുകയും ചെയ്യുന്നു.—2 കൊരിന്ത്യർ 6:3.
രാജ്യഹാളുകൾ നല്ല നിലയിൽ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്ത്?
രാജ്യഹാൾ ശുചീകരണത്തിനുള്ള ക്രമീകരണങ്ങൾ എന്തെല്ലാം?
-
-
രാജ്യഹാളിലെ ലൈബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോജനം ചെയ്യുന്നു?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 27
രാജ്യഹാളിലെ ലൈബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോജനം ചെയ്യുന്നു?
ഇസ്രായേൽ
ചെക് റിപ്പബ്ലിക്
ബെനിൻ
കേയ്മൻ ദ്വീപുകൾ
ബൈബിളിനെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാനായി അൽപ്പം ഗവേഷണം ചെയ്യാൻ ആഗ്രഹമുണ്ടോ? ഒരു ബൈബിൾവാക്യത്തെക്കുറിച്ച് അല്ലെങ്കിൽ ബൈബിളിൽ പറഞ്ഞിരിക്കുന്ന ഒരു വ്യക്തിയെയോ സ്ഥലത്തെയോ വസ്തുവിനെയോ കുറിച്ച് അറിയാൻ താത്പര്യമുണ്ടോ? ഇനി, നിങ്ങളെ അലട്ടുന്ന ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരം ദൈവവചനത്തിൽ കണ്ടെത്താനാകുമോ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? എങ്കിൽ, രാജ്യഹാളിലുള്ള ലൈബ്രറി ഉപയോഗപ്പെടുത്തുക.
അവിടെ അനേകം ഗവേഷണോപാധികളുണ്ട്. യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രസിദ്ധീകരണങ്ങളും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കാൻ സാധ്യതയില്ല. എന്നാൽ അടുത്തയിടെ പുറത്തിറങ്ങിയ ഞങ്ങളുടെ മിക്ക പ്രസിദ്ധീകരണങ്ങളും രാജ്യഹാളിലെ ലൈബ്രറിയിലുണ്ടായിരിക്കും. കൂടാതെ, പല ബൈബിൾ ഭാഷാന്തരങ്ങളും ഒരു നിഘണ്ടുവും മറ്റു ഗവേഷണോപാധികളും അവിടെ കണ്ടേക്കാം. യോഗങ്ങൾക്കു മുമ്പോ ശേഷമോ നിങ്ങൾക്ക് അവ പരിശോധിക്കാം. രാജ്യഹാളിൽ ഒരു കമ്പ്യൂട്ടറുണ്ടെങ്കിൽ അതിൽ മിക്കവാറും വാച്ച്ടവർ ലൈബ്രറി ലഭ്യമായിരിക്കും. നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഒരു വലിയ ശേഖരമാണ് ഈ കമ്പ്യൂട്ടർ പ്രോഗ്രാം. ഇഷ്ടമുള്ള വിഷയത്തെയോ വാക്കിനെയോ ബൈബിൾവാക്യത്തെയോ കുറിച്ചുള്ള വിവരങ്ങൾ പെട്ടെന്നു കണ്ടെത്താൻ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് ഇത്.
ജീവിത-സേവന യോഗത്തിലെ വിദ്യാർഥികൾക്ക് അതു പ്രയോജനം ചെയ്യും. നിയമനങ്ങൾ തയ്യാറാകാൻ നിങ്ങൾക്കു രാജ്യഹാളിലെ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. ജീവിത-സേവന യോഗമേൽവിചാരകനാണ് ഈ ലൈബ്രറിയുടെ ചുമതല. അടുത്തയിടെ പുറത്തിറങ്ങിയ നമ്മുടെ പ്രസിദ്ധീകരണങ്ങളെല്ലാം ലൈബ്രറിയിലുണ്ടെന്നും അവ വൃത്തിയായി അടുക്കി സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തുന്നു. ആവശ്യമായ വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് അദ്ദേഹമോ നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോ കാണിച്ചുതരും. എന്നാൽ പുസ്തകങ്ങൾ രാജ്യഹാളിൽനിന്ന് എടുത്തുകൊണ്ടുപോകാൻ അനുവാദമില്ല. ശ്രദ്ധയോടെവേണം അവ കൈകാര്യം ചെയ്യാൻ. അതുപോലെ പുസ്തകങ്ങളിൽ വരയ്ക്കുകയോ അടയാളമിടുകയോ ചെയ്യരുത്.
“മറഞ്ഞിരിക്കുന്ന നിധി എന്നപോലെ” തിരഞ്ഞാൽ മാത്രമേ ‘ദൈവത്തെക്കുറിച്ചുള്ള അറിവ് നേടാൻ’ കഴിയൂ എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 2:1-5) രാജ്യഹാളിലെ ലൈബ്രറി അതിനു നിങ്ങളെ സഹായിക്കും.
രാജ്യഹാളിലെ ലൈബ്രറിയിൽ ഗവേഷണത്തിന് എന്തെല്ലാം മാർഗങ്ങൾ ലഭ്യമാണ്?
ലൈബ്രറി നന്നായി ഉപയോഗപ്പെടുത്താൻ ആർക്കു നിങ്ങളെ സഹായിക്കാനാകും?
-
-
ഞങ്ങളുടെ വെബ്സൈറ്റിൽ എന്താണുള്ളത്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 28
ഞങ്ങളുടെ വെബ്സൈറ്റിൽ എന്താണുള്ളത്?
ഫ്രാൻസ്
പോളണ്ട്
റഷ്യ
യേശുക്രിസ്തു തന്റെ അനുഗാമികളോടു പറഞ്ഞു: “നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ. അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.” (മത്തായി 5:16) അതിനുവേണ്ടി ഞങ്ങൾ ഇന്റർനെറ്റുപോലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. jw.org എന്നാണു ഞങ്ങളുടെ വെബ്സൈറ്റിന്റെ പേര്. അതിലൂടെ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ കിട്ടും. ഏതെല്ലാം വിധങ്ങളിൽ?
ആളുകൾ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾക്ക് ബൈബിൾ തരുന്ന ഉത്തരങ്ങൾ. ആളുകൾ ചോദിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതിൽ കാണാം. ഉദാഹരണത്തിന് ദുരിതങ്ങൾ അവസാനിക്കുമോ?, മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്നീ ലഘുലേഖകൾ 600-ലധികം ഭാഷകളിൽ സൈറ്റിൽ ലഭ്യമാണ്. 130-ലേറെ ഭാഷകളിലുള്ള പുതിയ ലോക ഭാഷാന്തരം ബൈബിളും കൂടാതെ ചില ബൈബിൾപഠനസഹായികളും ഇതിൽ കാണാം. ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകവും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ പുതിയ ലക്കങ്ങളും അവയിൽ ചിലതാണ്. ഇവയിൽ പലതും സൈറ്റിൽനിന്ന് നേരിട്ട് വായിക്കാം; അല്ലെങ്കിൽ അവയുടെ റെക്കോർഡിങ്ങ് കേൾക്കാം. അതല്ലെങ്കിൽ അവ ഡൗൺലോഡ് ചെയ്യാം. അവ പല ഫോർമറ്റുകളിൽ (MP3, PDF, EPUB) ലഭ്യമാണ്. അവയുടെ പേജുകൾ താത്പര്യക്കാരുടെ മാതൃഭാഷയിൽപ്പോലും നിങ്ങൾക്ക് പ്രിന്റ് ചെയ്ത് എടുക്കാം! നിരവധി ആംഗ്യഭാഷകളിൽ വീഡിയോ പ്രസിദ്ധീകരണങ്ങളും ഉണ്ട്. ബൈബിൾ നാടകവായനകൾ, ബൈബിൾ നാടകങ്ങൾ, മനോഹരമായ സംഗീതം എന്നിവയും ഡൗൺലോഡ് ചെയ്ത് വിശ്രമവേളകളിൽ ആസ്വദിക്കാം.
യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള വസ്തുതകൾ. ലോകവ്യാപകമായി നടക്കുന്ന ഞങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ, വീഡിയോകൾ, അതുപോലെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട സംഭവങ്ങൾ, ഞങ്ങൾ ചെയ്യുന്ന ദുരിതാശ്വാസപ്രവർത്തനങ്ങൾ എന്നിവ അതിൽ കാണാം. അടുത്തുതന്നെ നടക്കാൻപോകുന്ന കൺവെൻഷനുകളുടെ ക്ഷണക്കത്തുകൾ, ഞങ്ങളുടെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടാൻ ആവശ്യമായ വിവരങ്ങൾ എന്നിവയും നിങ്ങൾക്ക് അവിടെ കിട്ടും.
ഇങ്ങനെ വളരെ ദൂരെയുള്ള സ്ഥലങ്ങളിൽപ്പോലും സത്യത്തിന്റെ വെളിച്ചം പ്രകാശിക്കാൻ ഇടയാകുന്നു. അന്റാർട്ടിക്ക ഉൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള ആളുകൾ ഇതിൽനിന്ന് പ്രയോജനം നേടുന്നുണ്ട്. ദൈവത്തിന്റെ മഹത്ത്വത്തിനായി “യഹോവയുടെ വചനം” ഭൂമിയിലെങ്ങും ‘അതിവേഗം പ്രചരിക്കട്ടെ’ എന്നാണു ഞങ്ങളുടെ പ്രാർഥന.—2 തെസ്സലോനിക്യർ 3:1.
ബൈബിൾസത്യം പഠിക്കാൻ കൂടുതൽ ആളുകളെ jw.org സഹായിക്കുന്നത് എങ്ങനെ?
ഞങ്ങളുടെ വെബ്സൈറ്റിൽനിന്ന് ഏതു വിവരം കണ്ടുപിടിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
-