-
ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 5
ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?
അർജന്റീന
സിയറ ലിയോൺ
ബെൽജിയം
മലേഷ്യ
ആശ്വാസവും ആത്മീയമായ വഴിനടത്തിപ്പും കിട്ടാത്തതുകൊണ്ട് പല ആളുകളും ഇപ്പോൾ മതപരമായ ചടങ്ങുകൾക്കു പോകാറില്ല. ആ സ്ഥിതിക്ക്, യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു വരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അവിടെ നിങ്ങൾക്ക് എന്തു പ്രതീക്ഷിക്കാനാകും?
സ്നേഹവും കരുതലും ഉള്ള ആളുകളുടെകൂടെ ആയിരിക്കുന്നതിന്റെ സന്തോഷം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഓരോരോ സഭകളായി സംഘടിപ്പിച്ചിരുന്നു. ദൈവത്തെ ആരാധിക്കാനും ദൈവവചനം പഠിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും വേണ്ടി കൂടിവരുന്ന ഒരു ക്രമീകരണം ഓരോ സഭയ്ക്കും ഉണ്ടായിരുന്നു. (എബ്രായർ 10:24, 25) സ്നേഹം നിറഞ്ഞുനിന്ന ആ ക്രിസ്തീയയോഗങ്ങളിൽ സംബന്ധിക്കുമ്പോൾ തങ്ങൾ യഥാർഥസ്നേഹിതരുടെ—ആത്മീയ സഹോദരീസഹോദരന്മാരുടെ—ഇടയിലായിരിക്കുന്നതായി അവർക്കു തോന്നി. (2 തെസ്സലോനിക്യർ 1:3; 3 യോഹന്നാൻ 14) അന്നത്തെ ക്രിസ്ത്യാനികളെപ്പോലെ ഞങ്ങളും യോഗങ്ങൾക്കു കൂടിവരുകയും അതേ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.
ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ പഠിക്കുന്നതിന്റെ പ്രയോജനം. ബൈബിൾക്കാലങ്ങളിലെപ്പോലെതന്നെ ഞങ്ങളുടെ യോഗങ്ങൾക്കും, പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൂടിവരുന്നു. ബൈബിൾതത്ത്വങ്ങൾ നിത്യജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ആത്മീയ യോഗ്യതയുള്ള, പ്രഗത്ഭരായ വ്യക്തികൾ ബൈബിൾ ഉപയോഗിച്ച് പഠിപ്പിക്കുന്നു. (ആവർത്തനം 31:12; നെഹമ്യ 8:8) അവിടെ നടക്കുന്ന ചർച്ചകളിൽ എല്ലാവർക്കും പങ്കെടുക്കാം. കൂടാതെ ഒരുമിച്ച് പാട്ടുപാടാനുള്ള അവസരവുമുണ്ട്. അങ്ങനെ ഞങ്ങളുടെ ക്രിസ്തീയപ്രത്യാശ പരസ്യമായി പ്രഖ്യാപിക്കാൻ ഞങ്ങൾക്കാകുന്നു.—എബ്രായർ 10:23.
ദൈവത്തിലുള്ള വിശ്വാസം ശക്തമാകുന്നതിലൂടെ കൈവരുന്ന അനുഗ്രഹം. പൗലോസ് അപ്പോസ്തലൻ അക്കാലത്തെ ഒരു സഭയ്ക്ക് ഇങ്ങനെ എഴുതി: “നിങ്ങളെ കാണാൻ എനിക്ക് അത്രമാത്രം ആഗ്രഹമുണ്ട്. . . . എന്റെ വിശ്വാസത്താൽ നിങ്ങൾക്കും നിങ്ങളുടെ വിശ്വാസത്താൽ എനിക്കും പരസ്പരം പ്രോത്സാഹനം ലഭിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.” (റോമർ 1:11, 12) സഹവിശ്വാസികളുമൊത്ത് ഇങ്ങനെ ക്രമമായി കൂടിവരുന്നതുകൊണ്ട്, ഞങ്ങളുടെ വിശ്വാസവും ക്രിസ്തീയതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള തീരുമാനവും ശക്തമായിത്തീരുന്നു.
അടുത്ത സഭായോഗത്തിനു ഞങ്ങളുടെകൂടെ വന്ന് മേൽപ്പറഞ്ഞ അനുഗ്രഹങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്; നിങ്ങൾ വരില്ലേ? അവിടെ നിങ്ങൾക്ക് ഹൃദ്യമായ സ്വീകരണം ലഭിക്കും. പ്രവേശനം സൗജന്യമാണ്; പണപ്പിരിവൊന്നും ഉണ്ടായിരിക്കില്ല.
യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾ ഏതു മാതൃകയിലുള്ളതാണ്?
ക്രിസ്തീയ യോഗങ്ങൾക്കു വരുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
-
-
സഹക്രിസ്ത്യാനികളുമായുള്ള സഹവാസം ഞങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 6
സഹക്രിസ്ത്യാനികളുമായുള്ള സഹവാസം ഞങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?
മഡഗാസ്കർ
നോർവേ
ലബനൻ
ഇറ്റലി
ക്രിസ്തീയയോഗങ്ങൾ ഞങ്ങൾ ഒരിക്കലും മുടക്കാറില്ല; കൊടുങ്കാട്ടിലൂടെ നടന്നിട്ടാണെങ്കിലും പ്രതികൂലകാലാവസ്ഥയെ മറികടന്നിട്ടാണെങ്കിലും ഞങ്ങൾ യോഗങ്ങൾക്ക് എത്തിച്ചേരും. ജീവിതത്തിൽ പലപല കഷ്ടപ്പാടുകളുണ്ടെങ്കിലും ജോലി ചെയ്ത് ക്ഷീണിച്ചിരിക്കുകയാണെങ്കിലും സഹവിശ്വാസികളോടു സഹവസിക്കാൻവേണ്ടി യഹോവയുടെ സാക്ഷികൾ ഇത്ര ശ്രമം ചെയ്യുന്നത് എന്തുകൊണ്ടാണ്?
അതു ഞങ്ങൾക്കു നന്മ കൈവരുത്തുന്നു. സഭയിലെ സഹവിശ്വാസികളെക്കുറിച്ച് പരാമർശിക്കവെ, “പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക” എന്ന് പൗലോസ് എഴുതി. (എബ്രായർ 10:24) സഭയിലുള്ളവരെ അടുത്ത് അറിയാൻ ശ്രമിക്കണമെന്നു പൗലോസിന്റെ ഈ വാക്കുകൾ അർഥമാക്കുന്നു. മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവരായിരിക്കാനാണ് ഇവിടെ പൗലോസ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. മറ്റു ക്രിസ്തീയകുടുംബങ്ങളെ അടുത്തറിയുമ്പോൾ, നമുക്കുള്ളതുപോലുള്ള പ്രശ്നങ്ങൾ അവർക്കുമുണ്ടെന്ന് നമ്മൾ തിരിച്ചറിയും. അവർ അവയെ തരണംചെയ്യുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതു സമാനമായ പ്രശ്നങ്ങളെ വിജയകരമായി കൈകാര്യംചെയ്യാൻ നമ്മളെയും സഹായിക്കും.
അതു നിലനിൽക്കുന്ന സ്നേഹബന്ധങ്ങൾ സ്ഥാപിക്കാൻ ഞങ്ങളെ സഹായിക്കുന്നു. യോഗങ്ങളിൽ ഞങ്ങളോടൊപ്പം കൂടിവരുന്നവരെ വെറും പരിചയക്കാരായല്ല ഞങ്ങൾ കാണുന്നത്; അടുത്ത കൂട്ടുകാരായാണ്. ഇതിനു പുറമേ, സഹവിശ്വാസികളുടെകൂടെ ഞങ്ങൾ ഉല്ലാസവേളകളും പങ്കിടാറുണ്ട്. ഇത്തരം സഹവാസംകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? അതു ഞങ്ങളെ അന്യോന്യം പ്രിയങ്കരരാക്കുന്നു; ഞങ്ങളുടെ ഇടയിലെ സ്നേഹത്തിന്റെ ആഴം കൂട്ടുന്നു. ഞങ്ങൾ ഉറ്റ സ്നേഹിതരായതുകൊണ്ടുതന്നെ, ആർക്കെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഞങ്ങൾ അവരുടെ സഹായത്തിന് ഓടിയെത്തും. (സുഭാഷിതങ്ങൾ 17:17) സഭയിലെ എല്ലാവരുമായും സഹവസിച്ചുകൊണ്ട് ഞങ്ങൾ “അന്യോന്യം പരിഗണന” കാണിക്കുന്നു.—1 കൊരിന്ത്യർ 12:25, 26.
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരെ കൂട്ടുകാരാക്കാൻ ഞങ്ങൾ നിങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെയുള്ള കൂട്ടുകാരെ നിങ്ങൾക്ക് യഹോവയുടെ സാക്ഷികളുടെ ഇടയിൽ കണ്ടെത്താനാകും. ഞങ്ങളുമായി സഹവസിക്കുന്നതിൽനിന്ന് ഒന്നും നിങ്ങളെ തടയാതിരിക്കട്ടെ!
യോഗങ്ങളിൽ സഹവിശ്വാസികളുമായി സഹവസിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
ഞങ്ങളുടെ സഭയിലുള്ളവരെ അടുത്ത് അറിയാൻ നിങ്ങൾ എന്നാണു യോഗങ്ങൾക്കു വരുന്നത്?
-
-
ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 7
ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?
ന്യൂസിലൻഡ്
ജപ്പാൻ
യുഗാണ്ട
ലിത്വാനിയ
ആദ്യകാലത്തെ ക്രിസ്തീയ യോഗങ്ങളിൽ പാട്ട്, പ്രാർഥന, ബൈബിൾവായന, ബൈബിൾവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയാണു പ്രധാനമായും ഉണ്ടായിരുന്നത്; മതാചാരങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടായിരുന്നില്ല. (1 കൊരിന്ത്യർ 14:26) ഞങ്ങളുടെ യോഗങ്ങളും ഏറെക്കുറെ അതേ വിധത്തിലാണു ക്രമീകരിച്ചിരിക്കുന്നത്.
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള, പ്രായോഗികമായ ഉപദേശം. വാരാന്തത്തിൽ ഓരോ സഭയിലും 30 മിനിട്ട് ദൈർഘ്യമുള്ള, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസംഗം ഉണ്ട്. തിരുവെഴുത്തുകൾ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം, നമ്മുടെ കാലത്തിന്റെ പ്രാധാന്യം എന്താണ് എന്നൊക്കെ വ്യക്തമാക്കിത്തരുന്നതാണ് ഈ പ്രസംഗം. പ്രസംഗകൻ ബൈബിൾവാക്യങ്ങൾ പരാമർശിക്കുമ്പോൾ സദസ്സിലുള്ള എല്ലാവരും സ്വന്തം ബൈബിൾ എടുത്തുനോക്കും. പ്രസംഗത്തിനു ശേഷം ഒരു മണിക്കൂർ നേരം “വീക്ഷാഗോപുര”പഠനം ഉണ്ടായിരിക്കും. വീക്ഷാഗോപുരം എന്ന മാസികയുടെ അധ്യയനപതിപ്പിലെ ഒരു ലേഖനത്തിന്റെ ചർച്ചയാണ് ഇത്. അതിൽ പങ്കെടുക്കാൻ സഭയിലുള്ള എല്ലാവർക്കും അവസരമുണ്ട്. ബൈബിൾ നൽകുന്ന ഉപദേശം അനുസരിച്ച് ജീവിക്കാൻ ആഴ്ചതോറുമുള്ള ഈ ചർച്ച ഞങ്ങളെ സഹായിക്കുന്നു. ലോകമെങ്ങുമുള്ള 1,10,000-ത്തിലധികം വരുന്ന ഞങ്ങളുടെ എല്ലാ സഭകളിലും പഠിക്കുന്നത് ഒരേ ലേഖനംതന്നെയാണ്.
പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്താൻ സഹായം. മറ്റൊരു സഭായോഗത്തിനുവേണ്ടി മധ്യവാരത്തിലെ ഒരു വൈകുന്നേരം ഞങ്ങൾ കൂടിവരാറുണ്ട്. മൂന്നു ഭാഗമുള്ള ഈ യോഗത്തിന്റെ പേര് നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും എന്നാണ്. മാസംതോറും പ്രസിദ്ധീകരിക്കുന്ന ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലാണ് അതിനുള്ള വിവരങ്ങളുള്ളത്. ഇതിലെ ആദ്യത്തെ പരിപാടി ‘ദൈവവചനത്തിൽനിന്നുള്ള നിധികൾ’ എന്നതാണ്. നമ്മൾ നേരത്തേ വായിച്ച ബൈബിൾഭാഗവുമായി കൂടുതൽ അടുത്ത് പരിചിതരാകാൻ ഇതു സഹായിക്കുന്നു. അടുത്തത് ‘വയൽസേവനത്തിനു സജ്ജരാകാം’ എന്ന പരിപാടിയാണ്. മറ്റുള്ളവരുമായി ബൈബിൾ എങ്ങനെ ചർച്ച ചെയ്യാം എന്നു കാണിക്കുന്ന അവതരണങ്ങളാണ് ഇതിലുള്ളത്. അവതരണങ്ങൾ നടത്തുമ്പോൾ അതു നന്നായി നിരീക്ഷിച്ചിട്ട് വായിക്കാനും സംസാരിക്കാനും ഉള്ള കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില നിർദേശങ്ങൾ തരാൻ ഒരാളുണ്ട്. (1 തിമൊഥെയൊസ് 4:13) ‘ക്രിസ്ത്യാനികളായി ജീവിക്കാം’ എന്നതാണ് അവസാനത്തെ പരിപാടി. നമ്മുടെ നിത്യജീവിതത്തിൽ ബൈബിളിലെ തത്ത്വങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് അതിലൂടെ നമ്മൾ പഠിക്കും. ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ അറിവ് കുറെക്കൂടി ആഴമുള്ളതാക്കുന്ന ഒരു ചോദ്യോത്തരച്ചർച്ചയും അതിലുണ്ട്.
ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ, ബൈബിളിൽനിന്ന് നിങ്ങൾക്കു കിട്ടുന്ന അറിവ് തീർച്ചയായും നിങ്ങളിൽ മതിപ്പുളവാക്കും.—യശയ്യ 54:13.
യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?
ഞങ്ങളുടെ ഏതു യോഗത്തിൽ സംബന്ധിക്കാനാണു നിങ്ങൾക്ക് ഇഷ്ടം?
-
-
യോഗങ്ങൾക്കുവേണ്ടി ഞങ്ങൾ ഇത്ര നന്നായി വസ്ത്രധാരണം ചെയ്യുന്നത് എന്തുകൊണ്ടാണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 8
യോഗങ്ങൾക്കുവേണ്ടി ഞങ്ങൾ ഇത്ര നന്നായി വസ്ത്രധാരണം ചെയ്യുന്നത് എന്തുകൊണ്ടാണ്?
ഐസ്ലാൻഡ്
മെക്സിക്കോ
ഗിനി-ബിസോ
ഫിലിപ്പീൻസ്
സഭായോഗങ്ങൾക്കു വരുമ്പോൾ യഹോവയുടെ സാക്ഷികൾ എങ്ങനെയുള്ള വസ്ത്രമാണു ധരിക്കുന്നതെന്ന് ഈ പത്രികയിലെ ചിത്രങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചോ? ഏതു തരം വസ്ത്രം ധരിക്കുന്നു, എങ്ങനെ ഒരുങ്ങുന്നു എന്നതിനെല്ലാം ഞങ്ങൾ ഇത്ര ശ്രദ്ധ കൊടുക്കുന്നത് എന്തുകൊണ്ടാണ്?
ഞങ്ങളുടെ ദൈവത്തെ ആദരിക്കുന്നതിനായി. കാഴ്ചയ്ക്ക് എങ്ങനെയാണെന്നു നോക്കിയല്ല ദൈവം നമ്മളെ വിലയിരുത്തുന്നത് എന്നതു ശരിയാണ്. (1 ശമൂവേൽ 16:7) പക്ഷേ, ആരാധനയ്ക്കു കൂടിവരുമ്പോൾ ദൈവത്തോടും സഹാരാധകരോടും ആദരവ് കാണിക്കാൻ ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സഭായോഗങ്ങൾക്കു വരുമ്പോൾ ഞങ്ങൾ നന്നായി വസ്ത്രധാരണം ചെയ്യുന്നത്. ഒരു ഉദാഹരണം ചിന്തിക്കുക. കോടതിയിൽ ഒരു ന്യായാധിപന്റെ മുമ്പാകെ ഹാജരാകേണ്ട സാഹചര്യം നമുക്കു വരുന്നെന്നിരിക്കട്ടെ. അദ്ദേഹത്തിന്റെ സ്ഥാനത്തെ ആദരിക്കുന്നതുകൊണ്ടുതന്നെ, അലസമോ മാന്യമല്ലാത്തതോ ആയ വസ്ത്രം ധരിച്ചുകൊണ്ട് ഒരിക്കലും നമ്മൾ അവിടെ ചെല്ലില്ല. അതുപോലെ ‘സർവഭൂമിയുടെയും ന്യായാധിപനായ’ യഹോവയോടും ദൈവത്തെ ആരാധിക്കാൻ കൂടിവരുന്ന സ്ഥലത്തോടും ഉള്ള ആദരവ്, വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നല്ല ശ്രദ്ധയുള്ളവരായിരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.—ഉൽപത്തി 18:25.
ഞങ്ങളെ നയിക്കുന്ന മൂല്യങ്ങൾക്കു തെളിവ് നൽകാനായി. “മാന്യമായി, സുബോധത്തോടെ” വസ്ത്രം ധരിക്കാൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 2:9, 10) “മാന്യമായി” വസ്ത്രം ധരിക്കുക എന്നാൽ എന്താണ് അർഥം? പകിട്ടേറിയതോ മറ്റുള്ളവരിൽ അനുചിതമായ വികാരങ്ങൾ ഉണർത്തുന്നതോ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ആയ വേഷം ധരിച്ചുകൊണ്ട് ആളുകളുടെ ശ്രദ്ധ ആകർഷിക്കാതിരിക്കുക എന്നാണ്. “സുബോധത്തോടെ” വസ്ത്രധാരണം ചെയ്യുക എന്നതിന്റെ അർഥമോ? അലസമോ അതിരുകടന്നതോ ആയ വേഷവിധാനങ്ങൾക്കു പകരം മാന്യമായി വസ്ത്രം ധരിക്കുക എന്നാണ്. മേൽപ്പറഞ്ഞ തത്ത്വങ്ങൾ അനുസരിക്കുമ്പോൾത്തന്നെ ഓരോരുത്തർക്കും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ആകർഷകവും ഇണങ്ങുന്നതും ആയ വിവിധ തരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനാകും. ഈ വിധത്തിലുള്ള മാന്യമായ വസ്ത്രധാരണം, “നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പഠിപ്പിക്കലിന് എല്ലാ വിധത്തിലും ഒരു അലങ്കാരമാ”കുകയും “ദൈവത്തെ മഹത്ത്വപ്പെടുത്തുകയും” ചെയ്യും. (തീത്തൊസ് 2:10; 1 പത്രോസ് 2:12) യോഗങ്ങൾക്കു ഞങ്ങൾ ഇങ്ങനെ നന്നായി വസ്ത്രധാരണം ചെയ്ത് വരുന്നത് യഹോവയുടെ സത്യാരാധനയെ മറ്റുള്ളവർ മതിപ്പോടെ വീക്ഷിക്കാൻ ഇടയാക്കുന്നു.
ധരിക്കാൻ നല്ല വസ്ത്രമൊന്നും ഇല്ലല്ലോ എന്നോർത്ത് യോഗങ്ങൾക്കു വരാതിരിക്കേണ്ടാ. നമ്മുടെ വസ്ത്രങ്ങൾ വിലകൂടിയതോ മോടിയേറിയതോ ആയിരിക്കണമെന്നില്ല; മാന്യവും വൃത്തിയുള്ളതും ആയിരുന്നാൽ മതി.
ആരാധനയ്ക്കു കൂടിവരുമ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്യേണ്ടത് എന്തുകൊണ്ട്?
ഏതു തരം വസ്ത്രം ധരിക്കുന്നു, എങ്ങനെ ഒരുങ്ങുന്നു തുടങ്ങിയ കാര്യങ്ങളിൽ നമ്മളെ നയിക്കേണ്ട തത്ത്വങ്ങൾ ഏവ?
-
-
യോഗങ്ങൾക്കുവേണ്ടി എങ്ങനെ തയ്യാറാകാം?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 9
യോഗങ്ങൾക്കുവേണ്ടി എങ്ങനെ തയ്യാറാകാം?
കമ്പോഡിയ
യുക്രെയിൻ
യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ ഒരുപക്ഷേ പഠിക്കാനുള്ള ഭാഗം നിങ്ങൾ നേരത്തേതന്നെ പഠിച്ചുവെക്കും. യോഗങ്ങൾക്കു പോകുന്നതിനു മുമ്പും ഇതുപോലെ പഠിക്കുന്നതു നല്ലതാണ്. ഇങ്ങനെ ഒരു ശീലം വളർത്തിയെടുക്കുന്നതുകൊണ്ട് ഒരുപാടു പ്രയോജനങ്ങളുണ്ട്.
എപ്പോൾ, എവിടെവെച്ചു പഠിക്കണമെന്നു തീരുമാനിക്കുക. നിങ്ങളുടെ മനസ്സ് ഏകാഗ്രമായിരിക്കുന്നത് എപ്പോഴാണ്? അതിരാവിലെ ജോലിയൊക്കെ തുടങ്ങുന്നതിനു മുമ്പോ അതോ രാത്രി കുട്ടികൾ ഉറങ്ങിയതിനു ശേഷമോ? ഒരുപാടു സമയം പഠിക്കാൻവേണ്ടി മാറ്റിവെക്കാൻ നിങ്ങൾക്കു കഴിയില്ലായിരിക്കും. പക്ഷേ, അതിനുവേണ്ടി കുറച്ച് സമയമെങ്കിലും മാറ്റിവെക്കുക. ആ സമയത്ത് മറ്റൊന്നും ചെയ്യരുത്. ശാന്തമായ ഒരിടമാണു പഠനത്തിനു നല്ലത്. ശ്രദ്ധ പതറാതിരിക്കാൻ റേഡിയോയും ടിവിയും മൊബൈൽ ഫോണും എല്ലാം ഓഫ് ചെയ്യുക. പഠിക്കുന്നതിനു മുമ്പ് പ്രാർഥിക്കുക. അപ്പോൾ ഉത്കണ്ഠകളൊന്നും ഇല്ലാതെ മനസ്സ് ശാന്തമാകും; ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.—ഫിലിപ്പിയർ 4:6, 7.
മുഖ്യാശയങ്ങൾ അടയാളപ്പെടുത്തുക, ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാകുക. പഠനഭാഗം മൊത്തത്തിൽ ഏതു വിഷയത്തെക്കുറിച്ചാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ലേഖനത്തിന്റെ അല്ലെങ്കിൽ അധ്യായത്തിന്റെ തലക്കെട്ടിനെക്കുറിച്ച് ചിന്തിക്കുക; ഓരോ ഉപതലക്കെട്ടും പ്രധാനവിഷയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക; ചിത്രങ്ങളും മുഖ്യാശയങ്ങൾ എടുത്തുകാണിക്കുന്ന അവലോകനചോദ്യങ്ങളും പരിശോധിക്കുക. അതിനു ശേഷം ഓരോ ഖണ്ഡികയും വായിച്ച്, കൊടുത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. ഉദ്ധരിച്ചിട്ടില്ലാത്ത ബൈബിൾവാക്യങ്ങൾ എടുത്തുനോക്കി അവ വിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു ചിന്തിക്കുക. (പ്രവൃത്തികൾ 17:11) ഉത്തരം കണ്ടുപിടിച്ചുകഴിഞ്ഞാൽ പ്രധാന വാക്കോ വാക്കുകളോ അടയാളപ്പെടുത്തുക. പിന്നീട് ഉത്തരങ്ങൾ ഓർത്തെടുക്കാൻ ഇതു സഹായിക്കും. തുടർന്ന് സഭായോഗത്തിന്റെ സമയത്ത്, ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് കൈ പൊക്കി ഉത്തരം പറയാവുന്നതാണ്. സ്വന്തം വാചകത്തിൽ, ചെറിയ ഉത്തരങ്ങൾ പറയുന്നതായിരിക്കും നല്ലത്.
യോഗങ്ങളിൽ ചർച്ച ചെയ്യുന്ന വ്യത്യസ്തവിഷയങ്ങൾ ഓരോ ആഴ്ചയും ഇങ്ങനെ പഠിക്കുന്നെങ്കിൽ, ബൈബിളിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വർധിക്കും. അങ്ങനെ ‘അമൂല്യവസ്തുക്കളുടെ ശേഖരത്തിലേക്ക്’ പുതിയ ചില ആശയങ്ങൾകൂടി ചേർക്കാൻ നിങ്ങൾക്കു കഴിയും.—മത്തായി 13:51, 52.
യോഗങ്ങൾക്കുവേണ്ടി പഠിക്കുന്ന ശീലം വളർത്തിയെടുക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയാൻ എങ്ങനെ ഒരുങ്ങാം?
-
-
എന്താണ് കുടുംബാരാധന?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 10
എന്താണ് കുടുംബാരാധന?
ദക്ഷിണ കൊറിയ
ബ്രസീൽ
ഓസ്ട്രേലിയ
ഗിനി
കുടുംബത്തിന്റെ ആത്മീയത ശക്തമാക്കാനും കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാനും വേണ്ടി കുടുംബം ഒരുമിച്ചു സമയം ചെലവഴിക്കണമെന്നു പുരാതനകാലം മുതലേ യഹോവ ആഗ്രഹിച്ചിരുന്നു. (ആവർത്തനം 6:6, 7) അതുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ ആഴ്ചയിൽ ഒരിക്കൽ ഒരു നിശ്ചിതസമയം കുടുംബം ഒത്തൊരുമിച്ചുള്ള ആരാധനയ്ക്കുവേണ്ടി നീക്കിവെക്കുന്നത്. അങ്ങനെ ഓരോ കുടുംബാംഗത്തിന്റെയും പ്രശ്നങ്ങൾ വിലയിരുത്തി ദൈവവചനത്തിൽനിന്നുള്ള പ്രായോഗികമായ പോംവഴികൾ, പിരിമുറുക്കമില്ലാത്ത ഒരു അന്തരീക്ഷത്തിൽ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാനാകുന്നു. നിങ്ങൾ ഒറ്റയ്ക്കാണു താമസിക്കുന്നതെങ്കിൽപ്പോലും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച് ബൈബിളിനെ അടിസ്ഥാനമാക്കി പഠിച്ചുകൊണ്ട് ദൈവത്തോടൊത്ത് സമയം ചെലവഴിക്കാൻ നിങ്ങൾക്കു കഴിയും.
യഹോവയോടു കൂടുതൽ അടുക്കാനുള്ള ഒരു സമയം. “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 4:8) യഹോവയുടെ വ്യക്തിത്വത്തെയും പ്രവൃത്തികളെയും കുറിച്ചുള്ള വിശദാംശങ്ങൾ ബൈബിളിൽനിന്ന് മനസ്സിലാക്കുമ്പോൾ ആ ദൈവത്തെ അടുത്ത് അറിയാൻ നമുക്കു കഴിയും. ഒരുമിച്ചിരുന്ന് ബൈബിൾ വായിച്ചുകൊണ്ട് കുടുംബാരാധന തുടങ്ങാവുന്നതാണ്. ജീവിത-സേവന യോഗത്തിനുവേണ്ടി ഓരോ ആഴ്ചയും വായിക്കാൻ തന്നിരിക്കുന്ന ബൈബിൾഭാഗം വായിക്കാവുന്നതാണ്. വായിക്കാനുള്ള ഭാഗം കുടുംബത്തിലെ ഓരോ അംഗത്തിനും വീതിച്ച് കൊടുക്കാം. തുടർന്ന്, ആ ഭാഗത്തുനിന്ന് പഠിച്ച കാര്യങ്ങൾ എല്ലാവർക്കുംകൂടി ചർച്ച ചെയ്യാം.
കുടുംബാംഗങ്ങൾ തമ്മിൽ കൂടുതൽ അടുക്കാനുള്ള ഒരു സമയം. കുടുംബം ഒരുമിച്ച് ബൈബിൾ പഠിക്കുമ്പോൾ ഭാര്യാഭർത്താക്കന്മാർ തമ്മിലും മാതാപിതാക്കളും കുട്ടികളും തമ്മിലും ഉള്ള ബന്ധം കൂടുതൽ ശക്തമാകും. കുടുംബാംഗങ്ങളെല്ലാം ആകാംക്ഷയോടെ നോക്കിയിരിക്കുന്ന, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വേളയായിരിക്കണം അത്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പ്രായോഗികമായ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വീക്ഷാഗോപുരത്തിലെയോ ഉണരുക!-യിലെയോ പംക്തികളോ jw.org വെബ്സൈറ്റിൽനിന്നുള്ള വിവരങ്ങളോ അതിനുവേണ്ടി ഉപയോഗിക്കാം. സ്കൂളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ JW പ്രക്ഷേപണത്തിൽ (tv.jw.org) വന്ന ഏതെങ്കിലും പരിപാടി കാണാം. യോഗങ്ങളിൽ പാടാനുള്ള പാട്ട് പാടി പരിശീലിക്കുന്നതും കുടുംബാരാധന കൂടുതൽ രസകരമാക്കും. കുടുംബാരാധനയ്ക്കു ശേഷം അൽപ്പം ലഘുഭക്ഷണവുമാകാം.
യഹോവയെ ആരാധിക്കാൻ എല്ലാ ആഴ്ചയും കുടുംബം ഒരുമിച്ച് ഇങ്ങനെ സമയം ചെലവഴിക്കുമ്പോൾ, ദൈവവചനം വായിക്കുന്നതും പഠിക്കുന്നതും ആനന്ദം പകരുന്ന ഒരു അനുഭവമായിത്തീരും. നിങ്ങളുടെ ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും.—സങ്കീർത്തനം 1:1-3.
യഹോവയുടെ സാക്ഷികൾ കുടുംബാരാധനയ്ക്കുവേണ്ടി സമയം നീക്കിവെക്കുന്നത് എന്തുകൊണ്ടാണ്?
കുടുംബാരാധന എല്ലാവരും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?
-
-
ഞങ്ങൾ സമ്മേളനങ്ങൾ നടത്തുന്നത് എന്തുകൊണ്ട്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 11
ഞങ്ങൾ സമ്മേളനങ്ങൾ നടത്തുന്നത് എന്തുകൊണ്ട്?
മെക്സിക്കോ
ജർമനി
ബോട്സ്വാന
നിക്കരാഗ്വ
ഇറ്റലി
ഈ ആളുകൾ ഇത്ര സന്തോഷമുള്ളവരായിരിക്കുന്നത് എന്തുകൊണ്ടാണ്? ഞങ്ങളുടെ ഒരു സമ്മേളനത്തിൽ പരിപാടികൾ ആസ്വദിക്കുകയാണ് ഇവർ. വർഷത്തിൽ മൂന്നു തവണ വലിയ കൂട്ടങ്ങളായി കൂടിവരാൻ പുരാതന കാലത്തെ തന്റെ ജനത്തോടു ദൈവം ആവശ്യപ്പെട്ടിരുന്നു. (ആവർത്തനം 16:16) അവരെപ്പോലെ വലിയ കൂട്ടങ്ങളായി ഒന്നിച്ചുകൂടാൻ ഞങ്ങളും താത്പര്യത്തോടെ കാത്തിരിക്കുന്നു. ഓരോ വർഷവും ഞങ്ങൾക്ക് മൂന്നു സമ്മേളനമുണ്ട്: ഓരോ ദിവസം വീതമുള്ള രണ്ടു സർക്കിട്ട് സമ്മേളനവും, മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേഖലാ കൺവെൻഷനും. ഈ സമ്മേളനങ്ങളിൽനിന്ന് ഞങ്ങൾക്കു ലഭിക്കുന്ന പ്രയോജനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?
ഞങ്ങളുടെ ക്രിസ്തീയസാഹോദര്യം ബലിഷ്ഠമാക്കുന്നു. “സമ്മേളനങ്ങളിൽ” യഹോവയെ സ്തുതിക്കുന്നത് ഇസ്രായേല്യർക്കു സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു; ഞങ്ങൾക്കും അത് അങ്ങനെതന്നെയാണ്. (സങ്കീർത്തനം 26:12, അടിക്കുറിപ്പ്; 111:1) മറ്റു സഭകളിൽനിന്നു മാത്രമല്ല, മറ്റു ദേശങ്ങളിൽനിന്നുപോലുമുള്ള യഹോവയുടെ സാക്ഷികളെ കാണാനും അവരോടു സഹവസിക്കാനും ഉള്ള നല്ല അവസരങ്ങളാണ് ഈ സമ്മേളനങ്ങൾ. ഉച്ചയ്ക്ക് സഹവിശ്വാസികളുടെകൂടെ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും ഒരു സന്തോഷമാണ്; അതു സമ്മേളനങ്ങളിലെ സന്തോഷം ഒന്നുകൂടി കൂട്ടുന്നു. (പ്രവൃത്തികൾ 2:42) ലോകമെമ്പാടുമുള്ള ഞങ്ങളുടെ “സഹോദരസമൂഹത്തെ” ഒറ്റക്കെട്ടാക്കി നിറുത്തുന്ന ക്രിസ്തീയസ്നേഹം നേരിട്ട് അനുഭവിച്ചറിയാനുള്ള ഒരു അവസരംകൂടെയാണ് ഈ സമ്മേളനങ്ങൾ.—1 പത്രോസ് 2:17.
ആത്മീയമായി പുരോഗമിക്കാൻ ഞങ്ങളെ സഹായിക്കുന്നു. വിശദീകരിച്ചുകൊടുത്ത തിരുവെഴുത്തുകൾ “ജനത്തിനു മനസ്സിലായതുകൊണ്ട്” അവർക്കു പ്രയോജനം ചെയ്തു. (നെഹമ്യ 8:8, 12) സമ്മേളനങ്ങളിലൂടെ കിട്ടുന്ന, തിരുവെഴുത്തുനിർദേശങ്ങൾ ഞങ്ങളും വിലമതിക്കുന്നു. സമ്മേളനത്തിലെ ഓരോ പരിപാടിയും ഒരു തിരുവെഴുത്തു വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ നടക്കുന്ന പ്രസംഗങ്ങളിലൂടെയും സിമ്പോസിയങ്ങളിലൂടെയും പുനരവതരണങ്ങളിലൂടെയും ദൈവത്തിന്റെ ഇഷ്ടം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് എങ്ങനെയെന്നു ഞങ്ങൾ പഠിക്കുന്നു. ഈ ദുഷ്കരനാളുകളിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ളവരുടെ അനുഭവങ്ങൾ കേൾക്കുന്നതും ഞങ്ങൾക്കു പ്രോത്സാഹനം പകരുന്നു. ബൈബിൾ വിവരണങ്ങളെ ജീവസ്സുറ്റതാക്കുന്ന നാടകങ്ങൾ ഞങ്ങളുടെ മേഖലാ കൺവെൻഷനുകളിലെ പ്രധാനസവിശേഷതയാണ്. പ്രായോഗികമായ പല പാഠങ്ങളും ഈ നാടകങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്നാനപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും എല്ലാ സമ്മേളനങ്ങളിലുമുണ്ട്.
സമ്മേളനങ്ങൾ സന്തോഷത്തിന്റെ വേളകളായിരിക്കുന്നത് എന്തുകൊണ്ട്?
സമ്മേളനത്തിൽ പങ്കെടുക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടും?
-
-
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്നത് എങ്ങനെ?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 12
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്നത് എങ്ങനെ?
സ്പെയിൻ
ബെലറൂസ്
ഹോങ്കോങ്
പെറു
തന്റെ മരണത്തിന് ഏതാനും ദിവസം മുമ്പ് യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) പക്ഷേ ഈ പ്രസംഗപ്രവർത്തനം ലോകവ്യാപകമായി എങ്ങനെ നിർവഹിക്കും? യേശു ഭൂമിയിലായിരിക്കെ കാണിച്ചുതന്ന അതേ മാതൃകയിൽ!—ലൂക്കോസ് 8:1.
ആളുകളെ അവരുടെ വീട്ടിൽ ചെന്ന് കാണുന്നു. വീടുതോറും ചെന്ന് ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാൻ യേശു ശിഷ്യന്മാരെ പരിശീലിപ്പിച്ചു. (മത്തായി 10:11-13; പ്രവൃത്തികൾ 5:42; 20:20) പ്രസംഗപ്രവർത്തനത്തിനുവേണ്ടി ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്ത്യാനികൾക്കു ചില പ്രദേശങ്ങളും നിയമിച്ചുകൊടുത്തു. (മത്തായി 10:5, 6; 2 കൊരിന്ത്യർ 10:13) ഇന്നു ഞങ്ങളുടെ പ്രസംഗപ്രവർത്തനവും വളരെ സംഘടിതമായിട്ടാണു നടത്തുന്നത്. സന്തോഷവാർത്ത പ്രസംഗിക്കാൻ ഞങ്ങളുടെ ഓരോ സഭയ്ക്കും പ്രദേശം നിയമിച്ചുതന്നിട്ടുണ്ട്. അങ്ങനെ, “സമഗ്രമായി സാക്ഷീകരിക്കാനും ജനത്തോടു പ്രസംഗിക്കാനും” ഉള്ള യേശുവിന്റെ കല്പന അനുസരിക്കാൻ ഞങ്ങൾക്കു കഴിയുന്നു.—പ്രവൃത്തികൾ 10:42.
ആളുകളെ കണ്ടെത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം സാക്ഷീകരിക്കുന്നു. പൊതുസ്ഥലങ്ങളിൽ സന്തോഷവാർത്ത പ്രസംഗിക്കുന്നതിലും യേശു നല്ലൊരു മാതൃകയായിരുന്നു. കടൽത്തീരത്തും കിണറ്റിൻകരയിലും ഒക്കെ യേശു ആളുകളോടു പ്രസംഗിച്ചു. (മർക്കോസ് 4:1; യോഹന്നാൻ 4:5-15) ഞങ്ങളും ആളുകളെ കണ്ടുമുട്ടാനിടയുള്ള എല്ലായിടത്തും—തെരുവുകളിലും കടകളിലും പാർക്കുകളിലും—ബൈബിൾവിഷയങ്ങൾ സംസാരിക്കാറുണ്ട്. ടെലിഫോണിലൂടെയും ഞങ്ങൾ സാക്ഷീകരിക്കുന്നു. അയൽക്കാർ, സഹപ്രവർത്തകർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരോടു സാക്ഷീകരിക്കാൻ ലഭിക്കുന്ന അവസരങ്ങളും ഞങ്ങൾ പാഴാക്കാറില്ല. ‘രക്ഷയുടെ സന്തോഷവാർത്ത’ ലക്ഷക്കണക്കിന് ആളുകളുടെ അടുത്ത് എത്തിക്കാൻ ഇതുവഴി ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.—സങ്കീർത്തനം 96:2.
ദൈവരാജ്യത്തെപ്പറ്റിയുള്ള സന്തോഷവാർത്ത ആരുമായി പങ്കുവെക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്? അത് ആ വ്യക്തിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്നാണു നിങ്ങൾ കരുതുന്നത്? പ്രത്യാശ പകരുന്ന ഈ സന്ദേശം നിങ്ങളിൽ മാത്രമായി ഒതുക്കിവെക്കരുത്. എത്രയും പെട്ടെന്ന് മറ്റുള്ളവരോട് അതെക്കുറിച്ച് പറയുക!
എന്തിനെപ്പറ്റിയുള്ള “സന്തോഷവാർത്ത”യാണു നമ്മൾ അറിയിക്കേണ്ടത്?
യഹോവയുടെ സാക്ഷികൾ യേശുവിന്റെ പ്രസംഗരീതി അനുകരിക്കുന്നത് എങ്ങനെ?
-
-
മുൻനിരസേവകർ ആരാണ്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 13
മുൻനിരസേവകർ ആരാണ്?
കാനഡ
വീടുതോറും പ്രസംഗിക്കുന്നു
ബൈബിൾപഠനം
വ്യക്തിപരമായ പഠനം
“മുൻനിരസേവകർ” എന്ന പദം സൂചിപ്പിക്കുന്നതുപോലെതന്നെ ഇവർ മുൻനിരയിൽ നിന്ന് സേവിക്കുന്നവരാണ്. മറ്റുള്ളവർക്കു വഴി തെളിച്ചുകൊണ്ട് ഇവർ മുന്നിൽ പോകുന്നു. ഒരർഥത്തിൽ, യേശുവും ഒരു മുൻനിരസേവകനായിരുന്നു. യേശു ഭൂമിയിൽ വന്ന് രക്ഷയിലേക്കുള്ള വഴി ആളുകൾക്കു കാണിച്ചുകൊടുത്തു. ജീവൻ നേടാൻ ആളുകളെ സഹായിക്കുന്ന ഒരു ശുശ്രൂഷയായിരുന്നു അത്. (മത്തായി 20:28) ഇന്ന്, ആളുകളെ ‘ശിഷ്യരാക്കാൻ’ കഴിയുന്നത്ര സമയം ചെലവഴിച്ചുകൊണ്ട് യേശുവിന്റെ അനുഗാമികളും ആ മാതൃക പിൻപറ്റുന്നു. (മത്തായി 28:19, 20) അവരിൽ ചിലർക്കു മുൻനിരസേവനത്തിലേക്കു വരാൻപോലും കഴിഞ്ഞിരിക്കുന്നു.
മുൻനിരസേവകർ മുഴുസമയ സുവിശേഷകരാണ്. യഹോവയുടെ സാക്ഷികളെല്ലാം സന്തോഷവാർത്ത ഘോഷിക്കുന്നു. എന്നാൽ അവരിൽ ചിലർ സാധാരണ മുൻനിരസേവകർ ആയി സേവിക്കുകയെന്ന ലക്ഷ്യത്തിൽ തങ്ങളുടെ ജീവിതം ക്രമപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ, മാസം 70 മണിക്കൂർ പ്രസംഗപ്രവർത്തനത്തിനുവേണ്ടി ചെലവിടാൻ അവർക്കു കഴിയുന്നു. മുഴുസമയ ജോലിക്കു പകരം പാർട്ട്-ടൈം ജോലി തിരഞ്ഞെടുത്തുകൊണ്ടാണു പലരും ഇതിനു സമയം കണ്ടെത്തുന്നത്. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ കൂടുതൽ ആളുകളെ ആവശ്യമുള്ള ഇടങ്ങളിൽ സേവിക്കാൻ ചിലരെ പ്രത്യേക മുൻനിരസേവകർ ആയി നിയമിച്ചിരിക്കുന്നു. മാസം 130-ഓ അതിൽ കൂടുതലോ മണിക്കൂർ പ്രസംഗപ്രവർത്തനത്തിനുവേണ്ടി നീക്കിവെക്കുന്നവരാണ് ഇവർ. ലളിതമായ ജീവിതം നയിക്കുന്ന ഈ മുൻനിരസേവകർക്ക് യഹോവ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്ന ഉറച്ച ബോധ്യമുണ്ട്. (മത്തായി 6:31-33; 1 തിമൊഥെയൊസ് 6:6-8) മുഴുസമയ മുൻനിരസേവകരാകാൻ കഴിയാത്തവർ, സാധിക്കുന്ന മാസങ്ങളിൽ 30-ഓ 50-ഓ മണിക്കൂർ പ്രസംഗപ്രവർത്തനത്തിനുവേണ്ടി ചെലവഴിച്ചുകൊണ്ട് സഹായ മുൻനിരസേവകർ ആയി സേവിക്കുന്നു.
മുൻനിരസേവകരുടെ പ്രചോദകശക്തി ദൈവത്തോടും സഹമനുഷ്യരോടും ഉള്ള സ്നേഹമാണ്. ആത്മീയമായി വഴികാട്ടാൻ ആരുമില്ലാതെ ആളുകൾ വളരെ ദയനീയമായ അവസ്ഥയിലാണെന്ന് യേശുവിനെപ്പോലെ ഞങ്ങളും മനസ്സിലാക്കുന്നു. (മർക്കോസ് 6:34) അവർക്കു പ്രയോജനം ചെയ്യുന്ന അറിവ് ഞങ്ങളുടെ പക്കലുണ്ട്. ഭാവി സംബന്ധിച്ച് ഉറപ്പുള്ള ഒരു പ്രത്യാശ നൽകിക്കൊണ്ട് അത് അവരുടെ ജീവിതത്തിന് അർഥം പകരുന്നു. മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിനു സമയവും ഊർജവും ചെലവഴിക്കാൻ മുൻനിരസേവനത്തിലുള്ള ഒരാളെ പ്രേരിപ്പിക്കുന്നത് അവരോടുള്ള സ്നേഹമാണ്. (മത്തായി 22:39; 1 തെസ്സലോനിക്യർ 2:8) അങ്ങനെ അദ്ദേഹത്തിന്റെ വിശ്വാസം ശക്തിപ്പെടുന്നു, അദ്ദേഹം ദൈവത്തോടു കൂടുതൽ അടുക്കുന്നു, അദ്ദേഹത്തിനു കൂടുതൽ സന്തോഷവും അനുഭവിക്കാനാകുന്നു.—പ്രവൃത്തികൾ 20:35.
മുൻനിരസേവകർ ആരാണ്?
മുൻനിരസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത് എന്താണ്?
-
-
മുൻനിരസേവകർക്ക് എന്തു വിദ്യാഭ്യാസവും പരിശീലനവും ആണു കൊടുക്കുന്നത്?ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
-
-
പാഠം 14
മുൻനിരസേവകർക്ക് എന്തു വിദ്യാഭ്യാസവും പരിശീലനവും ആണ് കൊടുക്കുന്നത്?
ഐക്യനാടുകൾ
ന്യൂയോർക്കിലെ പാറ്റേർസണിലുള്ള ഗിലെയാദ് സ്കൂൾ
പാനമ
അനേകവർഷങ്ങളായി യഹോവയുടെ സാക്ഷികളുടെ മുഖമുദ്രയാണു ദിവ്യാധിപത്യവിദ്യാഭ്യാസം. രാജ്യപ്രസംഗപ്രവർത്തനത്തിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവർക്കു പരിശീലനം നൽകാൻ പ്രത്യേകം സ്കൂളുകളുണ്ട്. ‘ശുശ്രൂഷ നന്നായി ചെയ്തുതീർക്കാൻ’ ഇത് അവരെ പ്രാപ്തരാക്കുന്നു.—2 തിമൊഥെയൊസ് 4:5.
മുൻനിരസേവനസ്കൂൾ. സാധാരണ മുൻനിരസേവനം തുടങ്ങിയിട്ട് ഒരു വർഷമായിട്ടുണ്ടെങ്കിൽ ഒരു സഹോദരനോ സഹോദരിക്കോ ആറു ദിവസം നീളുന്ന ഈ സ്കൂളിൽ പങ്കെടുക്കാം. സാധാരണഗതിയിൽ, അടുത്തുള്ള ഏതെങ്കിലും രാജ്യഹാളിലായിരിക്കും സ്കൂൾ നടക്കുക. യഹോവയോടു കൂടുതൽ അടുക്കാനും ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും കൂടുതൽ നന്നായി പ്രവർത്തിക്കാനും സേവനത്തിൽ വിശ്വസ്തരായി തുടരാനും മുൻനിരസേവകരെ സഹായിക്കുകയാണ് ഈ സ്കൂളിന്റെ ഉദ്ദേശ്യം.
രാജ്യസുവിശേഷകർക്കുള്ള സ്കൂൾ. രണ്ടു മാസം ദൈർഘ്യമുള്ളതാണ് ഈ സ്കൂൾ. ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതിനു സ്വന്തം നാടും വീടും വിട്ട് അകലേക്കു പോകാൻ മനസ്സുള്ള പരിചയസമ്പന്നരായ മുൻനിരസേവകർക്കു പരിശീലനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. ഭൂമിയിൽ സേവിച്ചിട്ടുള്ളതിലേക്കും ഏറ്റവും വലിയ സുവിശേഷകനായ യേശുക്രിസ്തുവിനെ ഈ മുഴുസമയശുശ്രൂഷകർ അനുകരിക്കുന്നു. (യോഹന്നാൻ 7:29) ഫലത്തിൽ അവർ ഇങ്ങനെ പറയുകയാണ്: “ഇതാ ഞാൻ, എന്നെ അയച്ചാലും!” (യശയ്യ 6:8) വീട്ടിൽനിന്ന് മാറി ദൂരെ താമസിക്കേണ്ടിവരുമ്പോൾ ജീവിതം ലളിതമാക്കേണ്ടിവന്നേക്കാം. വളരെ വ്യത്യാസമുള്ളതായിരിക്കാം പുതിയ സ്ഥലത്തെ സംസ്കാരവും കാലാവസ്ഥയും ആഹാരരീതിയും എല്ലാം. ഒരുപക്ഷേ, പുതിയ ഒരു ഭാഷപോലും പഠിക്കേണ്ടിവന്നേക്കാം. 23-നും 65-നും ഇടയ്ക്കു പ്രായമുള്ള, ദമ്പതിമാർക്കും ഏകാകികളായ സഹോദരന്മാർക്കും സഹോദരിമാർക്കും ഈ സ്കൂളിൽ പങ്കെടുക്കാം. തങ്ങളുടെ നിയമനങ്ങൾ നിറവേറ്റാനുള്ള ആത്മീയഗുണങ്ങൾ വളർത്തിയെടുക്കാനും യഹോവയ്ക്കും സംഘടനയ്ക്കും ഏറെ ഉപയോഗമുള്ളവരാക്കുന്ന വൈദഗ്ധ്യങ്ങൾ നേടിയെടുക്കാനും ഈ സ്കൂൾ മുൻനിരസേവകരെ സഹായിക്കുന്നു.
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ. എബ്രായഭാഷയിൽ “ഗിലെയാദ്” എന്ന പദത്തിന്റെ അർഥം “സാക്ഷ്യത്തിന്റെ കൂമ്പാരം” എന്നാണ്. 1943-ൽ ഗിലെയാദ് സ്കൂൾ ആരംഭിച്ചതുമുതൽ 8,000-ത്തിലധികം പേരാണ് അവിടെനിന്ന് പരിശീലനം നേടി മിഷനറിമാരായി പോയിട്ടുള്ളത്. “ഭൂമിയുടെ അറ്റംവരെ” അവർ സാക്ഷ്യം നൽകിയിരിക്കുന്നു; അതു വലിയ വിജയം കാണുകയും ചെയ്തിരിക്കുന്നു! (പ്രവൃത്തികൾ 13:47) ഉദാഹരണത്തിന്, ഞങ്ങളുടെ മിഷനറിമാരിൽ ചിലർ പെറുവിൽ എത്തിയപ്പോൾ അവിടെ ഒരൊറ്റ സഭപോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അവിടെ സഭകളുടെ എണ്ണം 1,000 കവിഞ്ഞിരിക്കുന്നു. അതുപോലെ, മിഷനറിമാർ ജപ്പാനിൽ സേവനം ആരംഭിക്കുമ്പോൾ രാജ്യത്ത് ആകെ പത്തിൽ താഴെ സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ഇന്നാകട്ടെ, 2,00,000-ത്തിലേറെയും! അഞ്ചുമാസത്തെ ഗിലെയാദ് പരിശീലനപരിപാടിയിൽ ദൈവവചനത്തിന്റെ വിശദമായ പഠനം ഉൾപ്പെടുന്നു. പ്രത്യേക മുൻനിരസേവകരോ വയൽമിഷനറിമാരോ ആയി സേവിക്കുന്നവർ, ബ്രാഞ്ചോഫീസുകളിൽ സേവിക്കുന്നവർ, സർക്കിട്ട് വേലയിലുള്ളവർ എന്നിവരെ ഈ സ്കൂളിലേക്കു ക്ഷണിക്കുന്നു. അവിടെനിന്ന് ലഭിക്കുന്ന തീവ്രമായ പരിശീലനം ലോകവ്യാപകവേല സുസ്ഥിരമാക്കാനും ശക്തിപ്പെടുത്താനും ഉപകരിക്കുന്നു.
മുൻനിരസേവനസ്കൂളിന്റെ ഉദ്ദേശ്യം എന്താണ്?
രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ ആർക്കെല്ലാം പങ്കെടുക്കാം?
-