-
ഭാഗം 1: ക്രിസ്തീയവിശ്വാസങ്ങൾയഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
-
-
സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ
ഭാഗം 1: ക്രിസ്തീയവിശ്വാസങ്ങൾ
യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചതുകൊണ്ട് നിങ്ങൾ ഇപ്പോൾ സത്യവുമായി പരിചയത്തിലായിക്കഴിഞ്ഞു. പഠിച്ച കാര്യങ്ങൾ ദൈവവുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ നിങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഭാവിയിൽ ദൈവരാജ്യഭരണത്തിലൂടെ ഭൂമിയിലെ പറുദീസയിൽ നല്ലൊരു ജീവിതവും ധാരാളം അനുഗ്രഹങ്ങളും ആസ്വദിക്കാനാകുമെന്ന പ്രത്യാശയും നിങ്ങൾക്കു കിട്ടി. ദൈവത്തിന്റെ വചനത്തിലുള്ള നിങ്ങളുടെ വിശ്വാസം ബലപ്പെട്ടു. ക്രിസ്തീയസഭയുമായുള്ള സഹവാസത്തിലൂടെ നിങ്ങൾക്ക് ഇതിനോടകം പല അനുഗ്രഹങ്ങളും ലഭിച്ചു. യഹോവ ഇന്നു തന്റെ ജനത്തോട് ഇടപെടുന്നത് എങ്ങനെയാണെന്നു നന്നായി മനസ്സിലാക്കാനും നിങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.—സെഖ. 8:23.
ഇപ്പോൾ നിങ്ങൾ സ്നാനത്തിനായി തയ്യാറെടുക്കുകയാണല്ലോ. അതുകൊണ്ട് അടിസ്ഥാന ക്രിസ്തീയവിശ്വാസങ്ങൾ ഒന്ന് അവലോകനം ചെയ്തുനോക്കുന്നതു നന്നായിരിക്കും. സഭയിലെ മൂപ്പന്മാർ അതു നിങ്ങളോടൊത്ത് ചർച്ചചെയ്യും. (എബ്രാ. 6:1-3) യഹോവയെ കൂടുതൽ അറിയാനുള്ള നിങ്ങളുടെ എല്ലാ പരിശ്രമങ്ങളെയും യഹോവ അനുഗ്രഹിക്കട്ടെ, വാഗ്ദാനം ചെയ്ത പ്രതിഫലം നിങ്ങൾക്കു നൽകുകയും ചെയ്യട്ടെ!—യോഹ. 17:3.
1. നിങ്ങൾക്കു സ്നാനപ്പെടണമെന്നു തോന്നിയത് എന്തുകൊണ്ടാണ്?
2. ആരാണ് യഹോവ?
• “അതുകൊണ്ട് മീതെ ആകാശത്തിലും താഴെ ഭൂമിയിലും യഹോവതന്നെ സത്യദൈവം, അല്ലാതെ മറ്റാരുമില്ല.”—ആവ. 4:39.
• “യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ.”—സങ്കീ. 83:18.
3. ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നതു പ്രധാനമാണെന്നു നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്?
• “എന്നാൽ നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.’”—മത്താ. 6:9.
• “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”—റോമ. 10:13.
4. യഹോവയെ വർണിക്കാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില പദപ്രയോഗങ്ങൾ ഏതൊക്കെയാണ്?
• “ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്.”—യശ. 40:28.
• “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ.”—മത്താ. 6:9.
• “ദൈവം സ്നേഹമാണ്.”—1 യോഹ. 4:8.
5. ദൈവമായ യഹോവയ്ക്ക് എന്തെല്ലാം നൽകാൻ നിങ്ങൾക്കാകും?
• “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.”—മർക്കോ. 12:30.
• “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ എന്ന് എഴുതിയിട്ടുണ്ട്.”—ലൂക്കോ. 4:8.
6. നിങ്ങൾ യഹോവയോടു വിശ്വസ്തനായിരിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
• “എന്നെ നിന്ദിക്കുന്നവനു മറുപടി കൊടുക്കാൻ എനിക്കു കഴിയേണ്ടതിന്, മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”—സുഭാ. 27:11.
7. നിങ്ങൾ ആരോടാണു പ്രാർഥിക്കുന്നത്, ആരുടെ നാമത്തിലാണു പ്രാർഥിക്കുന്നത്?
• “സത്യംസത്യമായി ഞാൻ (യേശു) നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.”—യോഹ. 16:23.
8. നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
• “എന്നാൽ നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ. ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക് ഇന്നു തരേണമേ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ. പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.’”—മത്താ. 6:9-13.
• “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക് ഉറപ്പാണ്.”—1 യോഹ. 5:14.
9. യഹോവ ഒരാളുടെ പ്രാർഥന കേൾക്കാതിരുന്നേക്കാവുന്നത് എപ്പോൾ?
• “അവർ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കും; എന്നാൽ ദൈവം അവർക്ക് ഉത്തരം കൊടുക്കില്ല. അവരുടെ ദുഷ്ചെയ്തികൾ കാരണം . . . തന്റെ മുഖം അവരിൽനിന്ന് മറയ്ക്കും.”—മീഖ 3:4.
• “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു. അതേസമയം, യഹോവ മോശമായതു ചെയ്യുന്നവർക്കെതിരാണ്.”—1 പത്രോ. 3:12.
10. യേശുക്രിസ്തു ആരാണ്?
• “ശിമോൻ പത്രോസ് പറഞ്ഞു: ‘അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്തുവാണ്.’”—മത്താ. 16:16.
11. യേശു ഭൂമിയിൽ വന്നത് എന്തിനാണ്?
• “മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.”—മത്താ. 20:28.
• “മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്.”—ലൂക്കോ. 4:43.
12. യേശു അർപ്പിച്ച ബലിയോടു നിങ്ങൾക്ക് എങ്ങനെ നന്ദി കാണിക്കാം?
• “ക്രിസ്തു എല്ലാവർക്കുംവേണ്ടി മരിച്ചതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.”—2 കൊരി. 5:15.
13. യേശുവിന് എത്രത്തോളം അധികാരമുണ്ട്?
• “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.”—മത്താ. 28:18.
• “ദൈവം ക്രിസ്തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര് കനിഞ്ഞുനൽകി.”—ഫിലി. 2:9.
14. യേശു നിയമിച്ച “വിശ്വസ്തനും വിവേകിയും ആയ അടിമ” യഹോവയുടെ സാക്ഷികളുടെ ഭരണസംഘമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
• “വീട്ടുജോലിക്കാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?”—മത്താ. 24:45.
15. പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണോ?
• “അപ്പോൾ ദൂതൻ മറിയയോടു പറഞ്ഞു: ‘പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്, ദൈവത്തിന്റെ മകനെന്ന്, വിളിക്കപ്പെടും.’”—ലൂക്കോ. 1:35.
• “മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും!”—ലൂക്കോ. 11:13.
16. യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഏതൊക്കെ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്?
• “യഹോവയുടെ വചനത്താൽ ആകാശം ഉണ്ടായി; ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെട്ട ആത്മാവിനാൽ അതിലുള്ളതെല്ലാം നിർമിതമായി.”—സങ്കീ. 33:6.
• “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ . . . ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.”—പ്രവൃ. 1:8.
• “തിരുവെഴുത്തിലെ പ്രവചനമൊന്നും ആരും സ്വന്തമായി വ്യാഖ്യാനിച്ചുണ്ടാക്കിയതല്ല . . . പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല; പകരം പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.”—2 പത്രോ. 1:20, 21.
17. എന്താണു ദൈവരാജ്യം?
• “സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല. ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് അതു മാത്രം എന്നും നിലനിൽക്കും.”—ദാനി. 2:44.
18. ദൈവരാജ്യത്തിലൂടെ നിങ്ങൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും?
• “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളി. 21:4.
19. ദൈവരാജ്യത്തിലെ അനുഗ്രഹങ്ങൾ പെട്ടെന്നുതന്നെ ലഭിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?
• “ശിഷ്യന്മാർ തനിച്ച് യേശുവിന്റെ അടുത്ത് ചെന്ന് ഇങ്ങനെ ചോദിച്ചു: ‘ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?’ അപ്പോൾ യേശു അവരോടു പറഞ്ഞു: ‘. . . ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും. ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.’”—മത്താ. 24:3, 4, 7, 14.
• “അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ദൈവനിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും സഹജസ്നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും ഭക്തിയുടെ വേഷം കെട്ടുന്നെങ്കിലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവിക്കാത്തവരും ആയിരിക്കും.”—2 തിമൊ. 3:1-5.
20. ദൈവരാജ്യത്തെ വളരെ പ്രധാനപ്പെട്ടതായി കാണുന്നെന്ന് നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?
• “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക.”—മത്താ. 6:33.
• “പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കട്ടെ.’”—മത്താ. 16:24.
21. സാത്താനും ഭൂതങ്ങളും ആരാണ്?
• “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവർ. . . . അവൻ ആദ്യംമുതലേ ഒരു കൊലപാതകിയായിരുന്നു.”—യോഹ. 8:44.
• “ഈ വലിയ ഭീകരസർപ്പത്തെ, അതായത് ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന പിശാച് എന്നും സാത്താൻ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പിനെ, താഴെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. അവനെയും അവന്റെകൂടെ അവന്റെ ദൂതന്മാരെയും താഴേക്ക് എറിഞ്ഞു.”—വെളി. 12:9.
22. സാത്താൻ യഹോവയെക്കുറിച്ചും യഹോവയെ ആരാധിക്കുന്നവരെക്കുറിച്ചും എന്ത് ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്?
• “സ്ത്രീ സർപ്പത്തോട്: ‘തോട്ടത്തിലെ മരങ്ങളുടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ടത്തിനു നടുവിലുള്ള മരത്തിലെ പഴത്തെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “നിങ്ങൾ അതിൽനിന്ന് തിന്നരുത്, അതു തൊടാൻപോലും പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും.”’ അപ്പോൾ സർപ്പം സ്ത്രീയോടു പറഞ്ഞു: ‘നിങ്ങൾ മരിക്കില്ല, ഉറപ്പ്! അതിൽനിന്ന് തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന് അറിയാം.’”—ഉൽപ. 3:2-5.
• “സാത്താൻ യഹോവയോടു മറുപടി പറഞ്ഞു: ‘തൊലിക്കു പകരം തൊലി! സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും.’”—ഇയ്യോ. 2:4.
23. സാത്താന്റെ ആരോപണങ്ങൾ നുണയാണെന്നു നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?
• ‘പൂർണഹൃദയത്തോടെ ദൈവത്തെ സേവിക്കുക.’—1 ദിന. 28:9.
• “മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല!”—ഇയ്യോ. 27:5.
24. എന്തുകൊണ്ടാണു മനുഷ്യർ മരിക്കുന്നത്?
• “ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമ. 5:12.
25. മരിച്ചവരുടെ അവസ്ഥ എന്താണ്?
• “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.”—സഭാ. 9:5.
26. മരിച്ചുപോയവർക്ക് എന്തു പ്രത്യാശയുണ്ട്?
• ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃ. 24:15.
27. യേശുവിന്റെകൂടെ ഭരിക്കാൻ എത്ര പേരാണു സ്വർഗത്തിലേക്കു പോകുന്നത്?
• “അതാ, സീയോൻ പർവതത്തിൽ കുഞ്ഞാടു നിൽക്കുന്നു! നെറ്റിയിൽ കുഞ്ഞാടിന്റെ പേരും പിതാവിന്റെ പേരും എഴുതിയിരിക്കുന്ന 1,44,000 പേർ കുഞ്ഞാടിനൊപ്പം നിൽക്കുന്നുണ്ടായിരുന്നു.”—വെളി. 14:1.
-
-
ഭാഗം 2: ക്രിസ്തീയജീവിതംയഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
-
-
സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ
ഭാഗം 2: ക്രിസ്തീയജീവിതം
ബൈബിൾപഠനത്തിലൂടെ, യഹോവ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത് എന്താണെന്നും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്ക് ഒപ്പം എത്തുന്നത് എങ്ങനെയാണെന്നും നിങ്ങൾക്ക് അറിയാൻ കഴിഞ്ഞു. പഠിച്ച കാര്യങ്ങൾ നടപ്പിലാക്കാനുള്ള ആഗ്രഹം നിമിത്തം സ്വഭാവത്തിലും പെരുമാറ്റത്തിലും നിങ്ങൾ കുറെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകും. ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടുതന്നെ മാറിക്കാണില്ലേ? അങ്ങനെ, യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ തീരുമാനമെടുത്തിരിക്കുകയാണു നിങ്ങൾ ഇപ്പോൾ. സന്തോഷവാർത്തയുടെ ഒരു ശുശ്രൂഷകനായി സ്വീകാര്യമായ വിധത്തിൽ ദൈവത്തെ സേവിക്കാൻ പറ്റുന്ന ഒരു സ്ഥാനത്താണു നിങ്ങൾ.
താഴെ കൊടുക്കുന്ന ചോദ്യങ്ങൾ അവലോകനം ചെയ്യുന്നത് യഹോവയുടെ നീതിയുള്ള വ്യവസ്ഥകൾ മനസ്സിൽ വ്യക്തമായി പതിപ്പിക്കാൻ നിങ്ങളെ സഹായിക്കും. ദൈവത്തിന്റെ ഒരു അംഗീകൃതദാസനായിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാനും അവ ഉതകും. ഇനി ചർച്ച ചെയ്യാൻ പോകുന്ന വിവരങ്ങൾ, ഒരു നല്ല മനസ്സാക്ഷിയോടെയും യഹോവയെ ആദരിക്കുന്ന വിധത്തിലും കാര്യങ്ങളെല്ലാം ചെയ്യേണ്ടതിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.—2 കൊരി. 1:12; 1 തിമൊ. 1:19; 1 പത്രോ. 3:16, 21.
നിങ്ങളുടെ പഠനം ഇത്രത്തോളം പുരോഗമിച്ച സ്ഥിതിക്ക്, യഹോവയുടെ ഭരണത്തിനു കീഴ്പെടാനും യഹോവയുടെ സംഘടനയുടെ ഭാഗമായിത്തീരാനും നിങ്ങൾക്കു വളരെയേറെ ആഗ്രഹമുണ്ടായിരിക്കും. അതിനു നിങ്ങൾ സഭയിലും കുടുംബത്തിലും ഈ വ്യവസ്ഥിതിയിലെ രാഷ്ട്രീയഘടകങ്ങളോടുള്ള ബന്ധത്തിലും യഹോവ വെച്ചിരിക്കുന്ന ക്രമീകരണങ്ങൾക്കു കീഴ്പെട്ടിരിക്കേണ്ടതുണ്ട്. അതിനെക്കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യം പരിശോധിക്കാൻ സഹായിക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തുപരാമർശങ്ങളുമാണ് ഈ ഭാഗത്തുള്ളത്. തന്റെ ജനത്തെ പഠിപ്പിക്കാനും അവരുടെ വിശ്വാസം ശക്തമാക്കാനും യഹോവ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളോടുള്ള നിങ്ങളുടെ വിലമതിപ്പ് വർധിപ്പിക്കാൻ ഈ ഭാഗം സഹായിക്കും. അതിനായി യഹോവ ചെയ്തിരിക്കുന്ന ഒരു ക്രമീകരണമാണു സഭായോഗങ്ങൾ. ആ യോഗങ്ങൾക്കു ഹാജരാകാനും അതിൽ പങ്കുപറ്റാനും സാഹചര്യം അനുവദിക്കുന്നതനുസരിച്ച് നിങ്ങൾ ശ്രമിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. കൂടാതെ, രാജ്യപ്രസംഗപ്രവർത്തനത്തിൽ ക്രമമായ ഒരു പങ്കുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും ഈ ഭാഗത്ത് ചർച്ച ചെയ്യും. ആ പ്രവർത്തനത്തിലൂടെ, യഹോവയെ അറിയാനും മനുഷ്യകുലത്തിനുവേണ്ടി യഹോവ ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ആളുകളെ സഹായിക്കാനാകും. (മത്താ. 24:14; 28:19, 20) അവസാനമായി, ദൈവമായ യഹോവയ്ക്കു നിങ്ങളെത്തന്നെ സമർപ്പിച്ച്, സ്നാനമേൽക്കുന്നത് എത്ര ഗൗരവമുള്ള ഒരു കാര്യമാണെന്നു മനസ്സിലാക്കാനും ഈ ഭാഗം നിങ്ങളെ സഹായിക്കും. യഹോവ നിങ്ങളോടു കാണിച്ചിരിക്കുന്ന അനർഹദയയെ നിങ്ങൾ വിലമതിക്കുന്നതു കാണുമ്പോൾ യഹോവയുടെ ഹൃദയം ഉറപ്പായും സന്തോഷിക്കും.
1. വിവാഹം സംബന്ധിച്ചുള്ള ക്രിസ്തീയനിലവാരം എന്താണ്? വിവാഹമോചനം നേടാനുള്ള ഒരേ ഒരു തിരുവെഴുത്തടിസ്ഥാനം എന്താണ്?
• “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും ‘അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും’ എന്നു പറഞ്ഞെന്നും നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ. . . .ലൈംഗിക അധാർമികതയാണു വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്താ. 19:4-6, 9.
2. ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് താമസിക്കുന്നവർ നിയമപരമായി വിവാഹിതരായിരിക്കേണ്ടത് എന്തുകൊണ്ട്? നിങ്ങൾ വിവാഹിതനാണെങ്കിൽ, നിങ്ങളുടെ വിവാഹം നിയമാനുസൃതവും ഗവൺമെന്റ് അംഗീകാരമുള്ളതും ആണെന്ന് ഉറപ്പുണ്ടോ?
• ‘ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്പെട്ടിരുന്നുകൊണ്ട് അനുസരണം കാണിക്കാൻ . . . അവരെ തുടർന്നും ഓർമിപ്പിക്കണം.’—തീത്തോ. 3:1, 2.
• “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം. കാരണം അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.”—എബ്രാ. 13:4.
3. കുടുംബത്തിൽ നിങ്ങളുടെ സ്ഥാനവും കർത്തവ്യവും എന്താണ്?
• “എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധിക്കുക; അമ്മയുടെ ഉപദേശം തള്ളിക്കളയരുത്.”—സുഭാ. 1:8.
• ‘ക്രിസ്തു സഭയുടെ തലയായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ തലയാണ്. സഭയെ സ്നേഹിച്ച ക്രിസ്തുവിനെപ്പോലെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ എന്നും സ്നേഹിക്കുക.’—എഫെ. 5:23, 25.
• “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തിക്കൊണ്ടുവരുക.”—എഫെ. 6:4.
• “മക്കളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. കാരണം ഇതു കർത്താവിനു വലിയ ഇഷ്ടമുള്ള കാര്യമാണ്.”—കൊലോ. 3:20.
• “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക.”—1 പത്രോ. 3:1.
4. ജീവനോടു നമ്മൾ ആദരവ് കാണിക്കേണ്ടത് എന്തുകൊണ്ട്?
• ‘ദൈവം . . . എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നു. ദൈവം കാരണമാണല്ലോ നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്.’—പ്രവൃ. 17:25, 28.
5. എന്തുകൊണ്ടാണു നമ്മൾ ആരെയും കൊല്ലരുതാത്തത്, ഒരു ഗർഭസ്ഥശിശുവിനെപ്പോലും?
• “മനുഷ്യർ തമ്മിലുണ്ടായ മല്പിടിത്തത്തിനിടെ, ഗർഭിണിയായ ഒരു സ്ത്രീക്കു ക്ഷതമേറ്റിട്ട് . . . ജീവഹാനി സംഭവിച്ചെങ്കിൽ നീ ജീവനു പകരം ജീവൻ കൊടുക്കണം.”—പുറ. 21:22, 23.
• “ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു; അതിന്റെ ഭാഗങ്ങളെല്ലാം—അവയിൽ ഒന്നുപോലും ഉണ്ടാകുന്നതിനു മുമ്പേ അവ രൂപംകൊള്ളുന്ന ദിവസങ്ങൾപോലും—അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.”—സങ്കീ. 139:16.
• ‘നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ യഹോവ വെറുക്കുന്നു.’—സുഭാ. 6:16, 17.
6. രക്തത്തെക്കുറിച്ചുള്ള ദൈവത്തിന്റെ കല്പന എന്താണ്?
• “രക്തം, ശ്വാസംമുട്ടി ചത്തത് . . . എന്നിവ ഒഴിവാക്കുക.”—പ്രവൃ. 15:29.
7. നമ്മൾ നമ്മുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരെ സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?
• “നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹ. 13:34, 35.
8. പകരുന്നതോ മാരകമായിത്തീർന്നേക്കാവുന്നതോ ആയ രോഗം മറ്റുള്ളവരിലേക്കു പടരാതിരിക്കാനായി, (എ) രോഗബാധയുള്ള വ്യക്തി ആലിംഗനമോ ചുംബനമോ പോലുള്ള സ്നേഹപ്രകടനങ്ങൾക്കു മുൻകൈ എടുക്കരുതാത്തത് എന്തുകൊണ്ട്? (ബി) സഹോദരങ്ങൾ മറ്റുള്ളവരെ വീട്ടിലേക്കു ക്ഷണിക്കുമ്പോൾ അദ്ദേഹത്തെ ഒഴിവാക്കിയതിനെപ്രതി മുഷിയരുതാത്തത് എന്തുകൊണ്ട്? (സി) പകരുന്ന ഒരു രോഗം പിടിപെട്ടിരിക്കാവുന്ന ഒരു വ്യക്തി വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ സ്വമനസ്സാലെ രക്തപരിശോധനയ്ക്കു വിധേയനാകേണ്ടത് എന്തുകൊണ്ട്? (ഡി) പകർച്ചവ്യാധിയുള്ള ഒരു വ്യക്തി ആ വിവരം സ്നാനമേൽക്കുന്നതിനു മുമ്പ് മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനെ അറിയിക്കേണ്ടത് എന്തുകൊണ്ട്?
• “അന്യോന്യമുള്ള സ്നേഹത്തിന്റെ കാര്യത്തിലല്ലാതെ നിങ്ങൾ ആരോടും ഒന്നിനും കടപ്പെട്ടിരിക്കരുത്. . . . ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’ . . . സ്നേഹം അയൽക്കാരനു ദോഷം ചെയ്യുന്നില്ല.”—റോമ. 13:8-10.
• “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലി. 2:4.
9. നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കാൻ യഹോവ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്?
• “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക. യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.”—കൊലോ. 3:13.
10. ഒരു സഹോദരൻ നിങ്ങളെക്കുറിച്ച് ഏഷണി പറയുകയോ നിങ്ങളെ വഞ്ചിക്കുകയോ ചെയ്യുന്നെങ്കിൽ എന്തു ചെയ്യണം?
• “നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ ചെന്ന് സംസാരിച്ച് തെറ്റ് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കുക. അദ്ദേഹം നീ പറയുന്നതു കേൾക്കുന്നെങ്കിൽ നീ സഹോദരനെ നേടി. അദ്ദേഹം നീ പറയുന്നതു കേൾക്കുന്നില്ലെങ്കിൽ, ഒന്നോ രണ്ടോ പേരെക്കൂടെ കൂട്ടിക്കൊണ്ട് ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏതു കാര്യവും സ്ഥിരീകരിക്കാം. അദ്ദേഹം അവരെയും കൂട്ടാക്കുന്നില്ലെങ്കിൽ സഭയെ അറിയിക്കുക. സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ ജനതകളിൽപ്പെട്ടവനെപ്പോലെയും നികുതിപിരിവുകാരനെപ്പോലെയും കണക്കാക്കുക.”—മത്താ. 18:15-17.
11. പിൻവരുന്ന പാപങ്ങളെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്?
▪ ലൈംഗിക അധാർമികത
▪ ആരാധനയ്ക്കായി വിഗ്രഹങ്ങൾ ഉപയോഗിക്കുന്നത്
▪ സ്വവർഗസംഭോഗം
▪ മോഷണം
▪ ചൂതാട്ടം
▪ കുടിച്ച് ലക്കുകെടുക
• “വഞ്ചിക്കപ്പെടരുത്. അധാർമികപ്രവൃത്തികൾ ചെയ്യുന്നവർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗരതിക്കു വഴങ്ങിക്കൊടുക്കുന്നവർ, സ്വവർഗരതിക്കാർ, കള്ളന്മാർ, അത്യാഗ്രഹികൾ, കുടിയന്മാർ, അധിക്ഷേപിക്കുന്നവർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.”—1 കൊരി. 6:9, 10.
12. ലൈംഗിക അധാർമികത (അഥവാ, വിവാഹബന്ധത്തിനു പുറത്തുള്ള പല തരം ലൈംഗികപ്രവൃത്തികൾ) സംബന്ധിച്ച് നിങ്ങൾ എന്തു തീരുമാനമെടുത്തിരിക്കുന്നു?
• “അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!”—1 കൊരി. 6:18.
13. മാനസികാവസ്ഥയെ മാറ്റിമറിക്കുകയോ ആസക്തി ഉണ്ടാക്കുകയോ ചെയ്യുന്ന വസ്തുക്കൾ ചികിത്സയ്ക്കായിട്ടല്ലാതെ മറ്റൊരു തരത്തിലും നമ്മൾ ഉപയോഗിക്കുകയില്ലാത്തത് എന്തുകൊണ്ട്?
• “നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിച്ചുകൊണ്ട് ചിന്താപ്രാപ്തി ഉപയോഗിച്ചുള്ള വിശുദ്ധസേവനം ചെയ്യുക. ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്. പകരം, മനസ്സു പുതുക്കി രൂപാന്തരപ്പെടുക. അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമ. 12:1, 2.
14. ദൈവം വിലക്കുന്ന, ഭൂതവിദ്യയോടു ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണ്?
• “ഭാവിഫലം പറയുന്നവൻ, മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ ഭാവി പറയുന്നവന്റെയോ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്.”—ആവ. 18:10, 11.
15. ഗുരുതരമായ പാപം ചെയ്ത ഒരാൾക്കു വീണ്ടും യഹോവയുടെ പ്രീതി നേടണമെങ്കിൽ അയാൾ ഉടനടി എന്തു ചെയ്യണം?
• “ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു; ഞാൻ എന്റെ തെറ്റു മറച്ചുവെച്ചില്ല. ‘എന്റെ ലംഘനങ്ങൾ ഞാൻ യഹോവയോട് ഏറ്റുപറയും’ എന്നു ഞാൻ പറഞ്ഞു.”—സങ്കീ. 32:5.
• “നിങ്ങളിൽ രോഗിയായി ആരെങ്കിലുമുണ്ടോ? അയാൾ സഭയിലെ മൂപ്പന്മാരെ വിളിച്ചുവരുത്തട്ടെ. അവർ യഹോവയുടെ നാമത്തിൽ അയാളുടെ മേൽ എണ്ണ തേച്ച് അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സുഖപ്പെടുത്തും. യഹോവ അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ അയാളോടു ക്ഷമിക്കും.”—യാക്കോ. 5:14, 15.
16. ഒരു സഹക്രിസ്ത്യാനി ഗുരുതരമായ ഒരു പാപം ചെയ്തെന്ന് അറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യണം?
• “സാക്ഷിമൊഴി കൊടുക്കാനുള്ള പരസ്യമായ ആഹ്വാനം കേട്ടിട്ടും ഒരാൾ, താൻ സാക്ഷിയായിരിക്കുകയോ കാണുകയോ മനസ്സിലാക്കുകയോ ചെയ്ത കാര്യത്തെപ്പറ്റി വിവരം കൊടുക്കാതിരുന്നാൽ അതു പാപമാണ്. അവൻ സ്വന്തം തെറ്റിന് ഉത്തരം പറയണം.”—ലേവ്യ 5:1.
17. ഒരു വ്യക്തി മേലാൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരിക്കില്ല എന്നൊരു അറിയിപ്പുണ്ടാകുന്നെങ്കിൽ അയാളോട് നമ്മൾ എങ്ങനെ ഇടപെടണം?
• “സഹോദരൻ എന്നു നമ്മൾ വിളിക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാളോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ അധിക്ഷേപിക്കുന്നയാളോ കുടിയനോ പിടിച്ചുപറിക്കാരനോ ആണെങ്കിൽ അയാളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നാണു ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നത്. അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല.”—1 കൊരി. 5:11.
• “ഈ ഉപദേശവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്നാൽ അയാളെ വീട്ടിൽ സ്വീകരിക്കാനോ അഭിവാദനം ചെയ്യാനോ പാടില്ല.”—2 യോഹ. 10.
18. നിങ്ങളുടെ അടുത്ത കൂട്ടുകാർ യഹോവയെ സ്നേഹിക്കുന്നവരായിരിക്കേണ്ടത് എന്തുകൊണ്ട്?
• “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.”—സുഭാ. 13:20.
• “വഴിതെറ്റിക്കപ്പെടരുത്. ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.”—1 കൊരി. 15:33.
19. യഹോവയുടെ സാക്ഷികൾ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായിരിക്കുന്നത് എന്തുകൊണ്ട്?
• “ഞാൻ (യേശു) ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.”—യോഹ. 17:16.
20. നിങ്ങൾ ഗവൺമെന്റിനെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
• “എല്ലാവരും ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കട്ടെ. കാരണം ദൈവത്തിൽനിന്നല്ലാതെ ഒരു അധികാരവുമില്ല. നിലവിലുള്ള അധികാരികളെ അതാതു സ്ഥാനങ്ങളിൽ നിറുത്തിയിരിക്കുന്നതു ദൈവമാണ്.”—റോമ. 13:1.
21. ദൈവനിയമത്തിന് എതിരായൊരു കാര്യം ചെയ്യാൻ മനുഷ്യനിയമം ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യും?
• “മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.”—പ്രവൃ. 5:29.
22. ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ ലോകത്തിൽനിന്ന് വേർപെട്ടുനിൽക്കാൻ ഏതു തിരുവെഴുത്തുകൾ നിങ്ങളെ സഹായിക്കും?
• “ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.”—മീഖ 4:3.
• “എന്റെ ജനമേ, അവളുടെ (ബാബിലോൺ എന്ന മഹതിയുടെ) പാപങ്ങളിൽ പങ്കാളികളാകാനും അവൾക്കു വരുന്ന ബാധകളുടെ ഓഹരി കിട്ടാനും ആഗ്രഹിക്കുന്നില്ലെങ്കിൽ അവളിൽനിന്ന് പുറത്ത് കടക്ക്.”—വെളി. 18:4.
23. നിങ്ങൾ ഏതുതരം വിനോദവും കളികളും തിരഞ്ഞെടുക്കും, ഏതുതരത്തിലുള്ളവ ഒഴിവാക്കും?
• “അക്രമം ഇഷ്ടപ്പെടുന്നവനെ (യഹോവ) വെറുക്കുന്നു.”—സങ്കീ. 11:5.
• “തിന്മയെ വെറുക്കുക. നല്ലതിനോടു പറ്റിനിൽക്കുക.”—റോമ. 12:9.
• “സത്യമായതും ഗൗരവം അർഹിക്കുന്നതും നീതിനിഷ്ഠമായതും നിർമലമായതും സ്നേഹം ജനിപ്പിക്കുന്നതും സത്കീർത്തിയുള്ളതും അത്യുത്തമമായതും പ്രശംസനീയമായതും ആയ കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക.”—ഫിലി. 4:8.
24. യഹോവയുടെ സാക്ഷികൾ മറ്റു മതവിഭാഗങ്ങളുടെ ആരാധനാപരിപാടികളിൽ പങ്കെടുക്കാത്തത് എന്തുകൊണ്ട്?
• ‘നിങ്ങൾക്ക് ഒരേ സമയം “യഹോവയുടെ മേശ”യിൽനിന്നും ഭൂതങ്ങളുടെ മേശയിൽനിന്നും കഴിക്കാൻ കഴിയില്ല.’—1 കൊരി. 10:21.
• “‘അവരുടെ ഇടയിൽനിന്ന് പുറത്ത് കടന്ന് അവരിൽനിന്ന് അകന്നുമാറൂ, അശുദ്ധമായതു തൊടരുത്; എങ്കിൽ ഞാൻ നിങ്ങളെ സ്വീകരിക്കും’ എന്ന് യഹോവ പറയുന്നു.”—2 കൊരി. 6:17.
25. ഒരു ആഘോഷത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഏതു തത്ത്വങ്ങൾ നിങ്ങളെ സഹായിക്കും?
• “(അവർ) ജനതകളുമായി ഇടകലർന്ന് അവരുടെ വഴികൾ സ്വീകരിച്ചു. അവർ അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്ക് ഒരു കുടുക്കായിത്തീർന്നു.”—സങ്കീ. 106:35, 36.
• “മരിച്ചവർ ഒന്നും അറിയുന്നില്ല.”—സഭാ. 9:5.
• “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.”—യോഹ. 17:16.
• “കഴിഞ്ഞ കാലത്ത് നിങ്ങൾ, ജനതകളിൽപ്പെട്ടവർ ചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെ ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും അനിയന്ത്രിതമായ മോഹങ്ങളിലും അമിതമായ മദ്യപാനത്തിലും വന്യമായ ആഘോഷങ്ങളിലും മത്സരിച്ചുള്ള കുടിയിലും മ്ലേച്ഛമായ വിഗ്രഹാരാധനയിലും മുഴുകി വേണ്ടുവോളം ജീവിച്ചു.”—1 പത്രോ. 4:3.
26. ജന്മദിനം ആഘോഷിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ബൈബിൾ ദൃഷ്ടാന്തങ്ങൾ നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
• “മൂന്നാം ദിവസം ഫറവോന്റെ ജന്മദിനമായിരുന്നു. അന്നു ഫറവോൻ തന്റെ എല്ലാ ദാസർക്കുംവേണ്ടി ഒരു വിരുന്നു നടത്തി. ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും പുറത്ത് കൊണ്ടുവന്ന് തന്റെ ദാസരുടെ മുമ്പാകെ നിറുത്തി. ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെ തത്സ്ഥാനത്ത് തിരികെ നിയമിച്ചു; . . . എന്നാൽ അപ്പക്കാരുടെ പ്രമാണിയെ ഫറവോൻ സ്തംഭത്തിൽ തൂക്കി.”—ഉൽപ. 40:20-22.
• “ഹെരോദിന്റെ ജന്മദിനാഘോഷസമയത്ത് ഹെരോദ്യയുടെ മകൾ നൃത്തം ചെയ്ത് ഹെരോദിനെ വളരെ സന്തോഷിപ്പിച്ചു. അതുകൊണ്ട് അവൾ ചോദിക്കുന്നത് എന്തും കൊടുക്കാമെന്നു ഹെരോദ് ആണയിട്ട് പറഞ്ഞു. അപ്പോൾ അവൾ അമ്മ പറഞ്ഞതനുസരിച്ച്, ‘സ്നാപകയോഹന്നാന്റെ തല ഒരു തളികയിൽ എനിക്കു തരണം’ എന്നു പറഞ്ഞു. രാജാവ് ജയിലിലേക്ക് ആളയച്ച് യോഹന്നാന്റെ തല വെട്ടി.”—മത്താ. 14:6-8, 10.
27. മൂപ്പന്മാരുടെ നിർദേശങ്ങൾ അനുസരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
• “നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവർ നിങ്ങളെക്കുറിച്ച് കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ എപ്പോഴും നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുന്നതുകൊണ്ട് അവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരിക്കുക. അപ്പോൾ അവർ അതു ഞരങ്ങിക്കൊണ്ടല്ല, സന്തോഷത്തോടെ ചെയ്യാനിടയാകും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.”—എബ്രാ. 13:17.
28. ക്രമമായി ബൈബിൾ വായിക്കാനും പഠിക്കാനും ആയി നിങ്ങളും കുടുംബവും സമയം മാറ്റിവെക്കേണ്ടത് എന്തുകൊണ്ട്?
• “യഹോവയുടെ നിയമമാണ് അവന് ആനന്ദം പകരുന്നത്. അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു. നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന, കൃത്യസമയത്തുതന്നെ കായ്ക്കുന്ന, ഇലകൾ വാടാത്ത ഒരു മരംപോലെയാണ് അവൻ. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.”—സങ്കീ. 1:2, 3.
29. മീറ്റിങ്ങുകൾക്ക് ഹാജരാകുന്നതും അതിൽ അഭിപ്രായങ്ങളും മറ്റും പറഞ്ഞുകൊണ്ട് പങ്കുപറ്റുന്നതും നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത് എന്തുകൊണ്ട്?
• “എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര് പ്രസിദ്ധമാക്കും; സഭാമധ്യേ ഞാൻ അങ്ങയെ സ്തുതിക്കും.”—സങ്കീ. 22:22.
• “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്; പകരം നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം. ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.”—എബ്രാ. 10:24, 25.
30. യേശു നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്താണ്?
• “അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും . . . അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.”—മത്താ. 28:19, 20.
31. ദൈവരാജ്യപ്രവർത്തനങ്ങൾക്കായി സംഭാവനകൾ നൽകുമ്പോഴും സഹോദരങ്ങളെ സഹായിക്കുമ്പോഴും നമുക്ക് ഏതു മനോഭാവമുണ്ടായിരിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്?
• ‘നിന്റെ വിലയേറിയ വസ്തുക്കൾ കൊടുത്ത് യഹോവയെ ബഹുമാനിക്കുക.’—സുഭാ. 3:9.
• “ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ നിർബന്ധത്താലോ അരുത്. സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.”—2 കൊരി. 9:7.
32. ക്രിസ്ത്യാനികൾ എന്തെല്ലാം പ്രശ്നങ്ങൾ പ്രതീക്ഷിക്കണം?
• “നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്. എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കുറിച്ച് പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായതുകൊണ്ട് ആനന്ദിച്ച് ആഹ്ലാദിക്കുക. നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.”—മത്താ. 5:10-12.
33. യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്നാനമേൽക്കുന്നത് ഒരു പ്രത്യേക പദവിയായിരിക്കുന്നത് എന്തുകൊണ്ട്?
• “അങ്ങയുടെ വാക്കുകൾ . . . എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.”—യിരെ. 15:16.
-
-
സ്നാനമേൽക്കാൻ തയ്യാറെടുത്തിരിക്കുന്നവരുമായുള്ള ഉപസംഹാരചർച്ചയഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
-
-
സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ
സ്നാനമേൽക്കാൻ തയ്യാറെടുത്തിരിക്കുന്നവരുമായുള്ള ഉപസംഹാരചർച്ച
യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ആണ് സാധാരണയായി സ്നാനം നടത്താറുള്ളത്. സ്നാനപ്രസംഗത്തിന്റെ ഒടുവിലായി പ്രസംഗകൻ സ്നാനമേൽക്കാൻ വന്നിരിക്കുന്നവരോട് എഴുന്നേറ്റുനിൽക്കാനും പിൻവരുന്ന രണ്ടു ചോദ്യങ്ങൾക്ക് ഉച്ചത്തിൽ മറുപടി പറയാനും ആവശ്യപ്പെടും:
1. നിങ്ങൾ സ്വന്തപാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും യഹോവയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുകയും യേശുക്രിസ്തുവിലൂടെ യഹോവ തുറന്നുതന്ന രക്ഷാമാർഗം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടോ?
2. നിങ്ങളുടെ സ്നാനം നിങ്ങളെ യഹോവയുടെ സംഘടനയുടെ ഭാഗമാക്കിത്തീർക്കുമെന്നും നിങ്ങൾ ഇനിമുതൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി അറിയപ്പെടുമെന്നും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
ഈ ചോദ്യങ്ങൾക്ക് ‘ഉവ്വ്’ എന്ന, ബോധ്യത്തോടെയുള്ള മറുപടി സ്നാനമേൽക്കാൻ എത്തിയിരിക്കുന്നവർ നടത്തുന്ന ഒരു ‘പരസ്യമായ പ്രഖ്യാപനം’ ആണ്. അവർ മോചനവിലയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നെന്നും തങ്ങളെത്തന്നെ യഹോവയ്ക്കു നിരുപാധികം സമർപ്പിച്ചിരിക്കുന്നെന്നും ഇതു തെളിയിക്കുന്നു. (റോമ. 10:9, 10) അതുകൊണ്ടുതന്നെ സ്നാനമേൽക്കാൻ തയ്യാറെടുക്കുന്നവർ, തങ്ങളുടെ വ്യക്തിപരമായ ബോധ്യത്തിനു ചേർച്ചയിൽ ഉത്തരങ്ങൾ പറയാൻ കഴിയേണ്ടതിന് ഈ ചോദ്യങ്ങളെക്കുറിച്ച് മുന്നമേതന്നെ പ്രാർഥനാപൂർവം ചിന്തിക്കേണ്ടതാണ്.
ഇനി യഹോവയെ മാത്രമേ ആരാധിക്കുകയുള്ളൂ എന്നും യഹോവയുടെ ഇഷ്ടം ചെയ്യുന്നതായിരിക്കും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വാക്കുകൊടുത്തുകൊണ്ട് നിങ്ങൾ പ്രാർഥനയിൽ നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചിട്ടുണ്ടോ?
‘ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ എനിക്കു സ്നാനമേൽക്കാം’ എന്നു നിങ്ങൾക്ക് ഇപ്പോൾ ശരിക്കും തോന്നുന്നുണ്ടോ?
സ്നാനസമയത്തെ വസ്ത്രധാരണം എങ്ങനെയുള്ളതായിരിക്കണം? (1 തിമൊ. 2:9, 10; യോഹ. 15:19; ഫിലി. 1:10)
“സുബോധത്തോടെ, അന്തസ്സുള്ള വസ്ത്രം” ധരിക്കുന്നതു നമ്മുടെ ‘ദൈവഭക്തിയുടെ’ തെളിവാണ്. അതുകൊണ്ട് സ്നാനമേൽക്കുന്നവർ, ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള നീന്തൽവസ്ത്രങ്ങളും മുദ്രാവാക്യങ്ങളോ എഴുത്തുകളോ ഉള്ള വസ്ത്രങ്ങളും ഒഴിവാക്കണം. അവർ വൃത്തിയുള്ളതും മറ്റുള്ളവരെ അസ്വസ്ഥരാക്കാത്തതും സന്ദർഭത്തിനു യോജിച്ചതും ആയ വസ്ത്രങ്ങൾ വേണം ധരിക്കാൻ.
സ്നാനമേൽക്കുന്ന സമയത്ത് ഒരാളുടെ പെരുമാറ്റം എങ്ങനെയുള്ളതായിരിക്കണം? (ലൂക്കോ. 3:21, 22)
യേശുവിന്റെ സ്നാനമാണ് ഇന്നത്തെ ക്രിസ്തീയസ്നാനത്തിനു മാതൃക. സ്നാനം ഒരു ഗൗരവമുള്ള പടിയാണെന്നു യേശു മനസ്സിലാക്കി. അതു യേശുവിന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും കാണാനുണ്ടായിരുന്നു. അതുകൊണ്ട്, സ്നാനസ്ഥലം കളിതമാശകൾക്കോ, നീന്തലിനോ ആ അവസരത്തിന്റെ പവിത്രത കുറച്ചുകളയുന്ന മറ്റ് എന്തെങ്കിലും പെരുമാറ്റത്തിനോ ഉള്ള വേദിയല്ല. താൻ ഒരു വലിയ നേട്ടം കൈവരിച്ചു എന്നതുപോലുള്ള ഭാവപ്രകടനങ്ങളൊന്നും സ്നാനമേറ്റുവരുന്ന ആളിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. സ്നാനം സന്തോഷകരമായൊരു വേളയാണ്. ആ സന്തോഷം അന്തസ്സും മാന്യതയും ചോർന്നുപോകാതെ പ്രകടിപ്പിക്കുകയുമാവാം.
പതിവായി മീറ്റിങ്ങുകൾക്കു വരുന്നതും സഭയോടൊത്ത് സഹവസിക്കുന്നതും യഹോവയോടുള്ള നിങ്ങളുടെ സമർപ്പണത്തിനനുസരിച്ച് ജീവിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
സ്നാനമേറ്റശേഷം വ്യക്തിപരമായ പഠനത്തിനും ക്രമമായി ശുശ്രൂഷയ്ക്കു പോകുന്നതിനും ഒരു നല്ല പട്ടിക ഉണ്ടായിരിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
-